പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 2 February 2011

മത്സ്യകന്യകയെ സ്നേഹിച്ച രാജകുമാരന്റെ കഥ.

ആ തീരത്തെ പഞ്ചാര മണല്‍ത്തരികളില്‍ ഞാനിരിയ്ക്കുകയായിരുന്നു. എന്റെ മുന്നിലെ ചെറു കുഴികളില്‍ നിന്നും ഞണ്ടുകള്‍ എത്തിനോക്കി, അതിവേഗം മണലില്‍ കൂടി പാഞ്ഞു. അപ്പോള്‍ തിര തന്റെ കുഞ്ഞിക്കൈകള്‍ നീട്ടി എന്റെ പാദത്തെ തൊട്ടു. അതിന്റെ നുരകള്‍ മെല്ലെ മെല്ലെ അലിഞ്ഞുപോകുന്നത് ഞാന്‍ നോക്കിയിരുന്നു. കടല്‍കാറ്റിന്റെ നേര്‍ത്ത ഉപ്പുരസം  ചുണ്ടില്‍ അലിഞ്ഞപ്പോള്‍ ഞാന്‍ നാവു നീട്ടി  നുണഞ്ഞു.. അവിടെ ആരുമുണ്ടായിരുന്നില്ല, ഞാനും എന്റെ സ്വപ്നങ്ങളും നിശ്വാസവുമല്ലാതെ.

അങ്ങ് ചക്രവാളത്തില്‍ സൂര്യന്‍ താഴ്ന്നിറങ്ങവെ, എന്റെ മുന്നിലെ തിരയില്‍ നിന്നൊരു മത്സ്യകന്യക ഉയര്‍ന്നു വന്നു. സ്വര്‍ണനിറവും കറുത്ത മുടിയിഴകളുമുള്ള അവളുടെ കവിള്‍തടങ്ങളുടെ തുടിപ്പ്, അസ്തമയ സന്ധ്യയെക്കാളും അധികമായിരുന്നു. ഈറനിറ്റു വീഴുന്ന നേര്‍ത്ത വര്‍ണാഞ്ചലമൊതുക്കി അവള്‍ എന്റെ അരികത്തു വന്നിരുന്നു. പ്രേമാര്‍ദ്രമായ കണ്ണുകളോടവള്‍  ഉറ്റു നോക്കി. പിന്നെ, ആ കൈകള്‍  കൊണ്ടെന്റെ ഹൃദയത്തില്‍ തൊട്ടു, ഒരു പനിനീര്‍ പൂവിന്റെ മാര്‍ദവമോടെ.  അപ്പോഴൊരു  വിറയല്‍  എന്നിലൂടെ കടന്നു പോയി. അറിയാതെന്റെ കണ്ണുകള്‍ അടഞ്ഞ നേരം, ആ നനുത്ത ചുണ്ടുകള്‍ എന്റെ ചുണ്ടില്‍ മെല്ലെ അമര്‍ന്നു.

പിന്നെ, അവളെന്റെ കൈകള്‍ പിടിച്ച് കടലിലേയ്ക്കിറങ്ങി. അപ്പോഴൊരു വന്‍‌തിര ഞങ്ങളെ കടലിലേയ്ക്കെടുത്തു. അതിന്റെ ചുഴികള്‍ക്കുള്ളില്‍ ഞങ്ങള്‍ ഊളിയിട്ടു. ആഴങ്ങളിലേയ്ക്ക്.. താഴെ പവിഴപുറ്റുകള്‍ക്കിടയില്‍  സ്വര്‍ണമത്സ്യങ്ങളും മുത്തുച്ചിപ്പികളും ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. വര്‍ണ അലുക്കിട്ട കടല്‍ചെടികള്‍ക്കിടയിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു പാറി നടന്നു. അങ്ങനെ പോയി പോയി  അവളുടെ കൊട്ടാരത്തിലെത്തി. അവിടെ നൂറായിരം പരിചാരകര്‍ ഞങ്ങളെ വരവേറ്റു. പവിഴവും മുത്തും കൊണ്ടലങ്കരിച്ച അന്തപ്പുരത്തിലേയ്ക്ക് അവളെന്നെ ആനയിച്ചു. അന്തപ്പുരത്തിലെ തൂവല്‍ കിടക്കയില്‍   മെല്ലെ കൈപിടിച്ചിരുത്തി. പിന്നെ, എന്റെ മടിയില്‍ തലതായ്ച്, കണ്ണുകളടച്ച് അവള്‍ കിടന്നു. എന്നിട്ട്, ഈ ജന്മമാകെ അവള്‍ തേടിക്കൊണ്ടിരുന്ന രാജകുമാരനെ പറ്റി എന്നോട് ആര്‍ദ്രമായി പാടി. പ്രേമത്തോടെന്നെ കെട്ടിപ്പിടിച്ച് അവള്‍  പറഞ്ഞു, ഞാനായിരുന്നു ആ രാജകുമാരനെന്ന്..!  ഹൃദയം നിറഞ്ഞ സ്നേഹം കൊണ്ട് ഞാനവളെ പുണര്‍ന്നു. ആ കവിളില്‍ എന്റെ കവിളുരച്ചു. മൃദുലാധരങ്ങളില്‍ പതിയെ ചുംബിച്ചു. അങ്ങനെ എത്ര ഋതുക്കള്‍ കഴിഞ്ഞുപോയെന്നെനിയ്ക്കറിയില്ല..  ഞങ്ങളെപ്പൊഴും വസന്ത കാലത്തായിരുന്നല്ലോ. 

ഞങ്ങളുടെ സ്നേഹം പെരുകി പെരുകി ഞങ്ങളെ മൂടി. അതിന്റെ ഊഷ്മളതയില്‍  അവള്‍ മെല്ലെ അലിയാന്‍ തുടങ്ങി.  അമ്പരപ്പോടെ ഞാന്‍ നോക്കുമ്പോള്‍‍, എന്റെ മാറില്‍  നിന്ന് ആ കൈകള്‍ മെല്ലെ അയഞ്ഞു. പിരിയാന്‍ മടിച്ച് ദയനീയമായി  എന്റെ കണ്ണിലേയ്കു നോക്കി കണ്ണീര്‍ തൂകവെ, അവളലിഞ്ഞു കൊണ്ടേയിരുന്നു..
പിന്നെ, കാണെ കാണെ അവളില്ലാതെയായി. എന്റെ ചുറ്റും ശൂന്യത മൂടി. പെട്ടെന്ന് ശക്തിയായ കാറ്റടിച്ചു, തിരകള്‍  ഇളകി മറിഞ്ഞു, അന്തപ്പുരവും കൊട്ടാരവുമെല്ലാം ആടിയുലഞ്ഞു.

ഞെട്ടിയുണര്‍ന്നു പോയ് ഞാന്‍.   നോക്കുമ്പോള്‍  തീരത്തു  അലറിവന്ന തിരമാലകള്‍ തലതല്ലി കരഞ്ഞു തിരിച്ചു പോകുന്നു. എല്ലാം ഒരു മായയായിരുന്നോ..? ഞാന്‍ എന്റെ നെഞ്ചില്‍ തപ്പിനോക്കി..  ഇല്ല, എന്റെ ഹൃദയമിരുന്ന ഭാഗം ശൂന്യമായിരുന്നു.. അത് അവളോടൊപ്പം അലിഞ്ഞു  പോയല്ലോ..!

ശൂന്യമായ നെഞ്ചകമോടെ രാജകുമാരനിന്നും  കടല്‍ തീരത്തു വന്നിരിയ്ക്കാറുണ്ട്, സായന്തനങ്ങളില്‍. തന്റെ ഹൃദയവുമായി ആ മത്സ്യകന്യക വീണ്ടും വരുമെന്ന പ്രതീക്ഷയില്‍.- ഒരു നാടോടിക്കഥ.

10 comments:

  1. പാവം പാവം രാജകുമാരന്‍

    ReplyDelete
  2. "എന്റെ ഹൃദയമിരുന്ന ഭാഗം ശൂന്യമായിരുന്നു.. അത് അവളോടൊപ്പം അലിഞ്ഞു പോയല്ലോ..!......... "

    ReplyDelete
  3. ഓർമ്മകളിലൂടെ ഒരു തിരിച്ചുപോക്ക് നടത്തി ഞാൻ ഏറെ നേരം ബ്ലോഗ് നോക്കിയിരുന്നു. ഓർമ്മ്കൾ എത്ര സുന്ദരം. എന്റെ ജീവിതത്തിൽ ഇതുപോലുള്ള ഓർമ്മകളുടെ ഒരു തീരം ഉണ്ട്.
    കഥയല്ല, ജീവിതം.
    ബ്ലോഗ് എഴുതാൻ ആരംഭിച്ച കാലത്തെ ഒരു പൊൻ തളിക,

    ഇവിടെ
    വായിക്കാം

    ReplyDelete
  4. നന്നായിരിക്കുന്നു...

    ReplyDelete
  5. നന്നായിട്ടുണ്ട്

    ReplyDelete
  6. നല്ലത്‌.
    പക്ഷേ വായന സുഖം കിട്ടിയില്ലാ

    ReplyDelete
  7. എന്തോ.... അയാം നോട്ട് ഹാപ്പി.

    ReplyDelete
  8. രാജകുമാരന്റെ പ്രതീക്ഷകള്‍ പൂവണിയട്ടെ....

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.