പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 31 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 4

നിമിഷാംബ ക്ഷേത്രം.

അധികം വൈകാതെ ഞങ്ങള്‍ പാലസിനു വെളിയില്‍ വന്നു. അടുത്തതായി “നിമിഷാംബ” ക്ഷേത്രം കാണാന്‍ പോകാം എന്നു സുജാത ചേച്ചി പറഞ്ഞു. ഞാനിതേവരെ അങ്ങനെയൊരു അമ്പലത്തെ പറ്റി കേട്ടിട്ടേ ഇല്ല. എന്തായാലും കണ്ടിട്ടു തന്നെ കാര്യം. ക്വാളിസ്, അങ്ങോട്ടേയ്ക്ക് പോയി. നഗരത്തിരക്കെല്ലാം ഒഴിഞ്ഞ ഒരു ഗ്രാമീണ അന്തരീക്ഷത്തിലേയ്ക്കാണ് ഞങ്ങള്‍ പ്രവേശിച്ചത്. അല്പദൂരം പിന്നിട്ടപ്പോള്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരിയ്ക്കുന്നതു കണ്ടു. അവിടം തന്നെ ഞങ്ങള്‍ ലക്ഷ്യമാക്കിയ പ്രദേശം, “നിമിഷാംബ ടെമ്പിള്‍” എന്ന ബോര്‍ഡുണ്ട്. വാഹനം നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി നടന്നു.
‘നിമിഷാംബാ ക്ഷേത്രം”: ചിത്രത്തിനു കടപ്പാട്.

അല്പം മുന്നോട്ട് ചെന്നപ്പോള്‍ ധാരാളം കടകള്‍. ക്ഷേത്രത്തിലേയ്ക്കുള്ള പൂജാവസ്തുക്കള്‍ വില്പനയ്ക്കായി ധാരാളം  നിരത്തി വച്ചിരിയ്ക്കുന്നു. പൂക്കളോടൊപ്പം പൊതിച്ച നാളികേരവും ധാരാളമായി കണ്ടു. നല്ല ആള്‍തിരക്കുണ്ട്. എല്ലാവരും തന്നെ ഭക്തരായ ഗ്രാമീണ കന്നഡിഗര്‍ ആണെന്നു തോന്നുന്നു. നൂറുമീറ്റര്‍ നടന്നപ്പോള്‍ നിമിഷാംബാ ക്ഷേത്രം കണ്ടു. ചെറിയ ഒരമ്പലം. മൊത്തം കരിങ്കല്‍ പണിയാണ്. ചിലരൊക്കെ പ്രാര്‍ത്ഥിയ്ക്കുന്നുണ്ട്. സുജാതചേച്ചിയോടൊപ്പം ഞങ്ങളുടെ സ്ത്രീജനങ്ങളും അവിടെ പോയി നിമിഷാംബയോട് അനുഗ്രഹം തേടി.

ഈ അമ്പലത്തിനെന്താണ് പ്രത്യേകത എന്ന് നിങ്ങളാലോചിച്ചേക്കും. ഞാന്‍ കണ്ട പ്രത്യേകത ഒന്നുമാത്രം. അമ്പലത്തോട് ചേര്‍ന്ന് ഒഴുകുന്ന ഒരു പുഴ. ഇടയ്ക്കിടെ വലിയ കല്ലുകള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്  പുഴയില്‍. ആ കല്ലുകള്‍ക്കിടയില്‍ തല്ലിയലച്ച് തെളിനീര്‍ പതഞ്ഞൊഴുകുന്നു ആരവത്തോടെ.  ആ ഒഴുക്കില്‍ ധാരാളം പേര്‍ ഉല്ലസിയ്ക്കുന്നുണ്ട്. ആണും പെണ്ണും കുട്ടികളും എല്ലാം.
പുഴക്കരയിലെ കൊച്ചു ക്ഷേത്രം: ചിത്രത്തിനു കടപ്പാട്.
നദിക്കരയിലെ വലിയ പടിക്കെട്ടിന്മേല്‍ ഞങ്ങള്‍ ഇരുന്നു. താഴേയ്ക്ക് ഇരുപത് പടികള്‍ എങ്കിലും ഉണ്ട്. അവിടെയിരുന്നാല്‍ ഇടതുസൈഡില്‍ ചെറിയൊരു അമ്പലവും കാണാം. അപ്പോള്‍ സുജാത ചേച്ചി വീട്ടില്‍ നിന്നു തയ്യാറാക്കിയ ഭക്ഷണ പൊതികള്‍ തുറന്നു. കൈകള്‍ കഴുകി എല്ലാവരും അത് കഴിക്കാനാരംഭിച്ചു. അപ്പോഴാണ് ഒരു സംഘം കുട്ടികള്‍ ഞങ്ങളുടെ അരികത്തെത്തിയത്, കീറിയ വസ്ത്രങ്ങളും ചെളിപുരണ്ട ശരീരവുമായി. ആണ്‍കുഞ്ഞുങ്ങളും പെണ്‍കുഞ്ഞുങ്ങളുമുണ്ട്. എന്റെ മക്കളുടെ പ്രായമേ ഉള്ളു അവര്‍ക്കും. അവര്‍ ഞങ്ങളുടെ മുന്‍പില്‍ കൈനീട്ടി, ആഹാരത്തിനായി. വല്ലാത്ത കഷ്ടം തോന്നി. ഞങ്ങള്‍ കുറച്ച് ഭക്ഷണം അവര്‍ക്കു നല്‍കി. അപ്പോള്‍ മുകളില്‍ നിന്നൊരു അലര്‍ച്ച. മുണ്ടു തറ്റുടുത്ത ഒരാള്‍ ഒരു വടിയുമായി ആ കുട്ടികളുടെ നേരെ ചീറിവന്നു. അവരാകട്ടെ കിട്ടിയത് കുറേ വായിലും ബാക്കി കൈയിലും കുത്തിനിറച്ച് പുഴക്കരയിലൂടെ ഓടി. എന്തൊക്കെയോ ശാപവാക്കുകളുമായി അയാള്‍ അവരെ പിന്നെയും കുറേ ദൂരം ഓടിച്ചു. പില്‍ക്കാലത്ത് “സ്ലംഡോഗ് മില്യണര്‍” സിനിമ കണ്ടപ്പോള്‍ എനിയ്ക്കീ രംഗം ഓര്‍മ്മവന്നു.

ഞാനും മക്കളും പുഴയിലിറങ്ങി. ആഴം വളരെ കുറവ്. മുട്ടൊപ്പം വെള്ളമേ മിക്കയിടത്തും ഉള്ളു. നല്ല കുളിര്‍മ്മ. കോരിക്കുടിയ്ക്കാന്‍ തോന്നും. അടിയിലെ ഉരുളന്‍ കല്ലുകളില്‍  ചെറിയ മീനുകള്‍ പതുങ്ങിയിരിയ്ക്കുന്നതു കാണാം. തെളിനീരിന്റെ കളകളാരവം.  ഒപ്പം പുഴയില്‍ അവിടവിടെ കുളിയ്ക്കുന്നവരുടെ ഉത്സാഹം. കുളിയ്ക്കാന്‍ ആഗ്രഹം തോന്നിയെങ്കിലും തല്‍ക്കാലം ഉപേക്ഷിയ്ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു. പിന്നെയും ആ പടിക്കെട്ടില്‍ കുറേ സമയം ഇരുന്നു. അക്കരെ പച്ചനിറമുള്ള പുല്‍മേടും മുളങ്കൂട്ടവും കാട്ടുവള്ളിക്കൂട്ടവുമൊക്കെയുണ്ട്. അവയെ തഴുകി വരുന്ന കാറ്റിനുമുണ്ട് ഒരു ഹരിതസൌരഭ്യം.

നേരം വൈകി തുടങ്ങി. അമ്പലത്തിലേയ്ക്ക് ഭക്തരുടെ ഒഴുക്കു തുടര്‍ന്നു. ഞങ്ങള്‍ പോകാനായി എഴുനേറ്റു. മൈസൂറില്‍ ഇനിയും കാഴ്ചകള്‍ ധാരാളം ബാക്കി കിടക്കുന്നു. വൃന്ദാവന്‍ കാണേണ്ട കാഴ്ചയാണെങ്കിലും, വേനല്‍ക്കാലമായതിനാല്‍ പ്രധാന ആകര്‍ഷണമായ “ഡാന്‍സിങ്ങ് ഫൌണ്ടന്‍” അടച്ചിരിയ്ക്കുകയാണ്. അതുകൊണ്ട് അങ്ങോട്ട് പോയിട്ടു കാര്യമില്ലന്ന് സുജാത ചേച്ചി പറഞ്ഞു. നേരം ഇരുട്ടി തുടങ്ങിയിരുന്നു. വളരെ പ്രശസ്തമായ ഒരു ക്ഷേത്രം ഉണ്ടെന്നും ടിപ്പുവിന്റെ അമ്പലം എന്നാണ് അതറിയപ്പെടുന്നതെന്നും  ചേച്ചി പറഞ്ഞു. അതു കൂടി കണ്ട് തിരികെ പോകാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.  ഉടന്‍ അങ്ങോട്ടേയ്ക്ക് പുറപ്പെട്ടു.

അരമണിക്കൂറിനുള്ളില്‍ വലിയൊരു അമ്പലത്തിലെത്തി. ഭക്തര്‍ ധാരാളമുണ്ടെങ്കിലും വലിയ തിരക്കൊന്നുമില്ല അവിടെ. ഞങ്ങള്‍ ഉള്ളില്‍ കയറി. മൊത്തം കരിങ്കല്‍ നിര്‍മ്മിതിയാണ്. പലയിടത്തും ധാരാളം ദീപങ്ങള്‍ കത്തിച്ചിട്ടുണ്ട്. നല്ല കുളിര്‍മ്മയും നിശബ്ദതയുമാണ് ഉള്ളിലെങ്ങും. വളരെ വലുപ്പമുണ്ട് ഉള്‍ഭാഗങ്ങള്‍ക്ക്. സമയക്കുറവുകൊണ്ട് പെട്ടെന്ന് കണ്ടു തീര്‍ത്തിറങ്ങി. സമയം എട്ടുമണി കഴിഞ്ഞു. പകല്‍ മുഴുവന്‍ നീണ്ട യാത്രകൊണ്ട് എല്ലാവരും ക്ഷീണിച്ചിരുന്നു. ഒരു ലഘുഭക്ഷണ ശേഷം ഞങ്ങള്‍ വീട്ടിലേയ്ക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ തിരികെ പോകാനുള്ള ഒരുക്കമായി. സുജാതചേച്ചിയും, സൌദിയില്‍ നിന്ന് മുത്തുവേട്ടനും വളരെ നിര്‍ബന്ധിച്ചു, ഒരുദിവസം കൂടിയെങ്കിലും തങ്ങുവാന്‍. എന്നാല്‍ ഞങ്ങള്‍ക്കായി ഓടി നടന്ന് കഷ്ടപ്പെടുന്ന ചേച്ചിയെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ എനിയ്ക്ക് തീരെ താല്പര്യമില്ലാത്തതിനാല്‍ പോകുന്ന കാര്യത്തില്‍ മാറ്റമില്ലായിരുന്നു.

രാവിലെ ഭക്ഷണശേഷം ഞങ്ങള്‍ സുജാതചേച്ചിയോട് യാത്രപറഞ്ഞു. കുട്ടികളും  കുട്ടികളും തമ്മിലുള്ള യാത്ര പറച്ചിലായിരുന്നു ഏറ്റവും വിഷമകരം. ചുരുങ്ങിയ ദിവസം കൊണ്ട് അവര്‍ വല്ലാതെ അടുത്തു പോയിരുന്നു.
പോകുന്ന വഴി ലളിതാമ്മയുടെ വീട്ടിലും കയറി.  അവരുടെ മക്കളെല്ലാം  പലയിടത്തായി ജോലിചെയ്യുന്നു. വീട്ടില്‍ പുള്ളിക്കാരിയും ഭര്‍ത്താവും മാത്രം. ഇവിടെ അടുത്തായിട്ട് ഉള്ള ഏക മലയാളി കുടുംബമാണ് സുജാതചേച്ചിയുടേത്. അതു കൊണ്ട് തന്നെ അവര്‍ ഒരു കുടുംബം പോലാണ്.

സിറ്റിബസിലാണ് ഞങ്ങള്‍ ടൌണ്‍ സ്റ്റാന്‍ഡിലേയ്ക്ക് പോയത്.  ഞാന്‍ കുട്ടികള്‍ക്കടക്കം ടിക്കറ്റ് ആവശ്യപ്പെട്ടങ്കിലും ഉദാരമതിയായ കണ്ടക്ടര്‍ മുതിര്‍ന്നവര്‍ക്കു മാത്രം മതിയാകുമെന്ന് പറഞ്ഞു. കൊച്ചുപിള്ളേര്‍ക്കു വരെ നിര്‍ബന്ധിച്ച് ടിക്കറ്റെടുപ്പിയ്ക്കുന്ന നമ്മുടെ KSRTC കണ്ടക്ടര്‍മാരെ ഞാനോര്‍ത്തു പോയി. സിറ്റിയെത്താനായപ്പോള്‍ ഒരു ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍ കയറി, എല്ലാവരോടും ടിക്കറ്റ്  കാണിയ്ക്കാന്‍ പറഞ്ഞു. ഞാന്‍ ടിക്കറ്റുകള്‍ കാണിച്ചു.

“കുട്ടികളുടെ ടിക്കറ്റെവിടെ..?” അയാള്‍ ചോദിച്ചു.

“കുട്ടികള്‍ക്കു വേണ്ടായെന്ന് കണ്ടക്ടര്‍ പറഞ്ഞു..”

“നോ..സര്‍, ടിക്കറ്റില്ലെങ്കില്‍. അറുപത് രൂപ നിങ്ങള്‍ പിഴടയ്ക്കണം..!”

“ഇതെന്തു മര്യാദയാണ്..? കണ്ടക്ടര്‍ വേണ്ടായെന്നു പറഞ്ഞതിനു ഞാന്‍ പിഴയടയ്ക്കണമെന്നോ..?”

“നോ ആര്‍ഗ്യൂമെന്റ്സ് സര്‍. ടിക്കറ്റെടുക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. പിഴയടയ്ക്കുക. അല്ലെങ്കില്‍ പോലീസ് സ്റ്റേഷനിലെയ്ക്കു പോകാം..”

ഇത്രയുമായപ്പോള്‍ ബസിലെ ചില യാത്രക്കാര്‍ ഇടപെട്ടു. അവര്‍ കന്നഡയിലും ഇംഗ്ലീഷിലുമൊക്കെയായി ഞങ്ങള്‍ക്കു വേണ്ടി വാദിച്ചു..“അവര്‍ അന്യ നാട്ടില്‍ നിന്നു വന്നവരാണ്. ടിക്കറ്റ് കൊടുക്കാത്തത് കണ്ടക്ടറുടെ കുറ്റമാണ്..” എന്നൊക്കെ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ പാവം കണ്ടക്ടര്‍ വിളറി വെളുത്തു നില്‍ക്കുകയാണ്. അധികം വാദിയ്ക്കേണ്ട എന്നു കരുതി ഞാന്‍ അറുപതു രൂപ പിഴയടച്ചു. വെറും ആറു രൂപയുടെ ടിക്കറ്റിനാണ് പത്തിരട്ടി പിഴയായി പോയത്. ചെക്കിങ്ങ് ഇന്‍സ്പെക്ടര്‍ കണ്ടക്ടറെ അടുത്തു വിളിച്ചു. ഒരു നീണ്ട ചാര്‍ജ് ഷീറ്റ് ആ പാവത്തിന്റെ കൈയില്‍ വച്ചു കൊടുത്തു. എന്റെ അടുത്തു നിന്ന് എഴുതിയതിനാല്‍ ഞാന്‍ വായിച്ചിരുന്നു; നാനൂറു രൂപ പിഴയും ഒരു ദിവസത്തെ സസ്പെന്‍ഷനും. എന്റെ അറുപതു രൂപയെക്കാളും ആ പാവത്തിന്റെ നഷ്ടമോര്‍ത്തപ്പോഴാണ് സങ്കടം തോന്നിയത്.

തുടര്‍ന്ന് ഞങ്ങള്‍ വിരാജ് പേട്ടയ്ക്കുള്ള ബസില്‍ കയറി. നിറയെ കന്നഡ ഗ്രാമീണര്‍. കണ്ടക്ടര്‍ ഒരു കൊച്ചുയുവതിയാണ്. തിരക്കിനിടയിലൂടെ നല്ല ഉഷാറായി അവള്‍ ജോലിചെയ്തു കൊണ്ടിരുന്നു. കുടക് പ്രദേശമാണിത്. കാപ്പികൃഷിയ്ക്ക് പേരുകേട്ടയിടം.  ധാരാളം കാപ്പിത്തോട്ടങ്ങള്‍ ഇടയ്ക്കിടെ കാണാം. കൂടാതെ പ്രമാണിമാരായ കുടകരുടെ വലിയ വീടുകളും. യാത്ര വളരെ രസകരമാണ്. വീരാജ് പേട്ടയില്‍ എത്തിയപ്പോള്‍ പട്ടണം സജീവമാണ്. ഞങ്ങള്‍ വന്നപ്പോഴുണ്ടായിരുന്ന ഹര്‍ത്താലിന്റെ കാരണം ആരോ പറഞ്ഞു കേട്ടു. കേവലം ഒരു ഒറ്റ രൂപയുടെ പ്രശ്നം രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായി മാറിയതാണത്രേ. കോയിന്‍ ബൂത്തില്‍ വിളിയ്ക്കാന്‍ ചില്ലറ ചോദിച്ചപ്പോള്‍ ഒരു കടക്കാരന്‍ കൊടുത്തില്ലത്രേ. ചോദിച്ചയാളും കടക്കാരനും രണ്ടു സമുദായക്കാരായിരുന്നു..!

വിരാജ് പെട്ടയില്‍ നിന്നും ചുരം റോഡ് വഴിയുള്ള യാത്ര പഴതുപോലെ തന്നെ ആസ്വാദ്യം. തിരക്കില്ലാത്തതിനാല്‍ ബസിന്റെ മുന്‍പില്‍ വന്നിരുന്ന് ഞാനും കുട്ടികളും ചിരിച്ചും കളിച്ചും കാഴ്ചകള്‍ ആസ്വദിച്ചു. വളരെ പെട്ടെന്ന് മാക്കൂട്ടം കടന്ന് ഇരിട്ടിയെത്തി. തുടര്‍ന്ന് സുരേഷും പ്രിയയും, തൊട്ടടുത്തുള്ള പ്രിയയുടെ വീട്ടിലേയ്ക്കും ഞങ്ങള്‍ ഇരിട്ടിയില്‍ ഉള്ള സഹോദരിയുടെ വീട്ടിലേയ്ക്കും പോയി.

വളരെ ചുരുങ്ങിയ ചിലവില്‍ രസകരമായ ഒരു യാത്ര. അതായിരുന്നു ഈ മൈസൂര്‍ യാത്ര. വാസ്തവത്തില്‍ മൈസൂര്‍ കാഴ്ചകളുടെ ചെറിയ ഒരു ഭാഗമേ ഞങ്ങള്‍ കണ്ടുള്ളു. എങ്കില്‍ പോലും അത് വളരെ ആസ്വാദ്യകരമായിരുന്നു. ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും മൈസൂര്‍ സന്ദര്‍ശിയ്ക്കണം. സ്വകാര്യ വാഹനങ്ങളിലോ  ടാക്സിയിലോ പോകാം. അല്ലെങ്കില്‍ പൊതു യാത്രാ സൌകര്യം ഉപയോഗിയ്ക്കാം. ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും താമസിച്ചാല്‍ മാത്രമേ എല്ലാം വിശദമായി കണ്ട് ആസ്വദിയ്ക്കാനാവൂ.

(അവസാനിച്ചു)

അടിക്കുറിപ്പ്:  നാട്ടില്‍ വരുമ്പോള്‍ ഇതു പോലെ എന്നെ ക്ഷണിയ്ക്കാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ക്ക് സ്വാഗതം. സകുടുംബം വന്ന് മൂന്നുദിവസമെങ്കിലും നിങ്ങളെ ബുദ്ധിമുട്ടിയ്ക്കാന്‍ എനിയ്ക്ക് സന്തോഷമേ ഉള്ളു.

Tuesday 29 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 3

മൃഗശാലയും മൈസൂര്‍ പാലസും.

ചാമുണ്ഡിക്കുന്നില്‍ നിന്നുള്ള ഇറക്കവും രസകരമായിരുന്നു. വളരെ പെട്ടെന്ന്‍ താഴെയെത്തി. കുട്ടികള്‍ നല്ല ഉഷാറിലാണ്, ഒപ്പം എന്റെയും സുരേഷിന്റെയും വാമഭാഗങ്ങളും. നഗരത്തിലെ ഏതോ പാതയിലൂടെ ഞങ്ങളുടെ ക്വാളിസ് മൈസൂര്‍ മൃഗശാലയ്ക്കു മുന്‍പിലെത്തി.  ഉച്ചനേരമാകുന്നതേയുള്ളു. നല്ല ജനത്തിരക്ക്. ആ തിരക്കിന് ഒരു പ്രത്യേകതയുണ്ട്. ചിലപ്പോള്‍ ഒരേ വസ്ത്രം ധരിച്ച ഒരു കൂട്ടം. അല്ലെങ്കില്‍ ഒരേ പ്രായക്കാരായ ഒരു കൂട്ടം, അല്ലെങ്കില്‍ സ്ത്രീകളുടെ മാത്രം ഒരു കൂട്ടം അങ്ങനെയൊക്കെയാണ്. എല്ലാം പലദേശങ്ങളില്‍ നിന്നു വരുന്ന സഞ്ചാരികള്‍. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ അങ്ങനെ അനവധി കൂട്ടങ്ങള്‍.

ടിക്കറ്റെടുത്ത് ഞങ്ങള്‍ ഉള്ളില്‍ കയറി. ഹൌ..എന്തൊരു കുളിര്‍മ്മ..! നഗരത്തിനു നടുവിലെ ഒരു കാട്ടിലെത്തപ്പെട്ട മാതിരി. ചുറ്റും ഹരിതാഭം..! പൂത്തുലഞ്ഞ മരങ്ങള്‍ക്കു താഴെ, കൊഴിഞ്ഞുവീണ  പുഷ്പങ്ങള്‍. മരങ്ങളില്‍ കിളികളുടെ ഒച്ചകള്‍.  കമിതാക്കള്‍ ആണെങ്കില്‍ റൊമാന്‍സ് പൊട്ടിവിരിയാന്‍ ഇവിടെ ഒരു നിമിഷം മതി. കൈകള്‍ കോര്‍ത്തു പിടിച്ച് പ്രണയപരവശരായി അതിലെയൊക്കെ നടക്കാന്‍ തോന്നിപ്പോകും. കുട്ടികള്‍ ഞങ്ങളെ പിന്നിട്ട് മുന്നോട്ടോടി. അവര്‍ തകര്‍ക്കട്ടെ..! ആ സമയം ഞാന്‍ മിനിയുടെ കൈകള്‍ എന്റേതുമായി ചേര്‍ത്തു പിടിച്ചു. അല്പം റൊമാന്‍സായേക്കാം. കല്യാണം കഴിഞ്ഞാലും കമിതാക്കളാകാമല്ലോ..! സുരേഷും പ്രിയയും അതായിക്കഴിഞ്ഞു. സുജാതച്ചേച്ചിയും ലളിതാമ്മയും ഒന്നും കാണാത്തമാതിരി എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.

അല്പം മുന്നോട്ട് ചെന്നപ്പോള്‍ വിശാലമായ ഒരു തകിടിയില്‍ വമ്പന്മാരായ നാലു പൊക്കക്കാര്‍.  ജിറാഫുകള്‍. അവര്‍ക്ക് തീറ്റകൊടുക്കുകയാണ് ജോലിക്കാര്‍. ഇലകള്‍ വലിയ കമ്പിന്മേല്‍ വച്ചുകെട്ടി ഉയര്‍ത്തിക്കൊടുക്കുന്നു. രസകരമായ കാഴ്ച..! അല്പനേരം അതു കണ്ട ശേഷം മുന്നോട്ട് നീങ്ങി. നല്ലൊരു ഉദ്യാനത്തിലെത്തപ്പെട്ട പ്രതീതിയാണ്. അതി വിശാലമായി പരന്നു കിടക്കുന്നു ഈ മൃഗശാല. ഇടയ്ക്ക് ലഘുഭക്ഷണ ശാലകളുണ്ട്. അവിടെ നിന്ന് കുടിയ്ക്കാനും തിന്നാനുമൊക്കെ ചില്ലറ സാധനങ്ങള്‍ മേടിച്ചു.


പലവിധ കാഴ്ചകള്‍ കണ്ട് കുറേയെത്തിയപ്പോള്‍ ഒരു കടുവയുടെ അലര്‍ച്ച കേട്ടു. ഞങ്ങള്‍ അങ്ങോട്ട് ചെന്നു. ഒരു കടുവയെ  കൂട്ടിലാക്കാന്‍ കുറേ ജോലിക്കാര്‍ ശ്രമിയ്ക്കുന്നതിന്റെ പുകിലാണത്. അവന്‍ വെറും കടുവയല്ല, വെള്ള ക്കടുവയാണ്..! അതിശൂരനായ ആ വെളുമ്പന്‍ ജോലിക്കാരോട് പ്രതിഷേധിച്ചു കൊണ്ടിരുന്നു. അവിടെ തന്നെ മറ്റു രണ്ടെണ്ണം കൂടിയുണ്ട്. അതിനടുത്ത് വിശാലമായ ഒരു കുറ്റിക്കാട്ടിലേയ്ക്ക് നോക്കി കുറേ പേര്‍ നില്‍ക്കുന്നതു കണ്ട് അങ്ങോട്ട് ചെന്ന് ഞങ്ങളും നോക്കി. അതാ അല്പം അകലെ ഒരു കടുവ നില്‍ക്കുന്നു. അവന്‍ ഞങ്ങളെ  അല്പ നേരം നോക്കിയിട്ട് എവിടെയോ മറഞ്ഞു.

വേറൊരു ഭാഗത്ത് എത്തിയപ്പോള്‍ വലിയ കൂവലും ബഹളവും. ഗോറില്ലകള്‍..! അതും വിശാലമായ ഒരു പ്രദേശം. കുറെ ആഴത്തിലാണത് നിര്‍മ്മിച്ചിരിയ്ക്കുന്നത്.  അവിടെ കറമ്പന്മാരായ മൂന്നു ഗോറില്ലകള്‍ എന്തൊക്കെയോ കലപിലകൂട്ടുന്നു. അത് കഴിഞ്ഞ് കൊടുംകൈ കുത്തി നടന്നു മറഞ്ഞു. മറ്റൊരിടത്ത് കാണ്ടാമൃഗത്തെ കണ്ടു. പിന്നത്തെ കാഴ്ചകളില്‍ ഒട്ടകപക്ഷി, പലയിനം വര്‍ണ്ണപക്ഷികള്‍, മാനുകള്‍, കുറുക്കന്‍. ചെന്നായ, കുരങ്ങുകള്‍, കരടി, ഹിപ്പോ അങ്ങനെ അനവധി ജന്തുക്കള്‍. (എല്ലാമൊന്നും ഓര്‍ക്കുന്നില്ല.)  ഇവിടെ എല്ലാ ജന്തുക്കള്‍ക്കും തികച്ചും സ്വഭാവികമായ ആവാസവ്യവസ്ഥയാണ് ഒരുക്കിക്കൊടുത്തിരിയ്ക്കുന്നത്. അതുകൊണ്ടു തന്നെയാവാം ജീവഛവമായ ഒരു മൃഗത്തെയും കണ്ടില്ല.

കുറേ കാഴ്ചകള്‍ക്കു ശേഷം ഞങ്ങള്‍ ഒരു മരത്തണലിലെ ബഞ്ചിലിരുന്നു. അവിടെ കുട്ടികള്‍ക്കു കളിയ്ക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ അതിന്മേലൊക്കെ കയറി മറിഞ്ഞു. വിശാലമായ വളപ്പില്‍ എമ്പാടും കൂറ്റന്‍ വൃക്ഷങ്ങളും അവയുടെ തണലില്‍ ഇരിപ്പിടങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ധാരാളം പേര്‍  അവിടവിടെ ഇരുന്നു കിന്നാരം പറയുന്നു. ഇതു തന്നെയാണ് ഇവിടുത്തെ  പ്രത്യേകത. വെറും മൃഗങ്ങളെ കാണല്‍ മാത്രമല്ല, നല്ല മാനസികോല്ലാസവും ശുദ്ധവായുവും സ്വച്ഛന്ദതയും ആവോളം ലഭ്യമാണ് ഇതിനുള്ളില്‍. ശരിയ്ക്കും ഒരു ദിവസം മുഴുവന്‍ ഇവിടെ ചിലവിടാം, താല്പര്യമുണ്ടെങ്കില്‍. മൈസൂര്‍ സന്ദര്‍ശിയ്ക്കുന്നുവെങ്കില്‍ ഒരിയ്ക്കലും ഒഴിവാക്കരുതാത്ത ഒരു ആകര്‍ഷണമാണ് ഈ മൃഗശാല. ഞങ്ങള്‍ക്ക് ഇനിയും സഞ്ചരിയ്ക്കാനുള്ളതിനാല്‍  മൃഗശാലയില്‍ നിന്നിറങ്ങാന്‍ നിര്‍ബന്ധിതരായി.

പുറത്തുവന്നപ്പോള്‍ പ്രത്യേക നിറമുള്ള ഒരു ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടു. അതില്‍ നിന്നും ധാരാളം പേര്‍ ഇറങ്ങുന്നു. അന്വേഷണത്തില്‍ ഒരു കാര്യം മനസ്സിലായി. മൈസൂര്‍ നഗരത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പ്രത്യേക സര്‍വീസ് ആണിത്. ഇരുപത്തഞ്ചു രൂപ മുടക്കിയാല്‍ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. അരമണിക്കൂര്‍ ഇടവിട്ട് ഈ ബസുകള്‍ വന്നു കൊണ്ടേയിരിയ്ക്കും. ചുരുങ്ങിയ ചിലവില്‍ കാഴ്ചകള്‍ ആസ്വദിയ്ക്കേണ്ടവര്‍ക്ക് അനുഗ്രമാണ് ഈ ബസുകള്‍. കേരളത്തില്‍ നിന്നും മറ്റും യുവാക്കള്‍ക്ക് ബസ് സര്‍വീസു വഴി മാത്രം മൈസൂരെത്തി എല്ലാ കാഴ്ചകളും കാണാവുന്നതാണ്.

അടുത്തതായി പോയത് സുപ്രസിദ്ധമായ മൈസൂര്‍ പാലസിലേയ്ക്ക്.  അല്പ നേരത്തെ യാത്രയ്ക്കൊടുവില്‍ അവിടെ എത്തിച്ചേര്‍ന്നു. ഒരുത്സവത്തിന്റെ തിരക്കാണ് കൊട്ടാരവളപ്പിനു വെളിയില്‍. കാഴ്ചകള്‍ കണ്ടു മടങ്ങുന്നവരും കാണാന്‍ വരുന്നവരും ഇടകലര്‍ന്നൊഴുകുന്നു. അതിനിടയില്‍ ടൂറിസ്റ്റ് ഗൈഡുകളുടെ ബഹളം. വിദേശികളെയും സ്വദേശികളെയും അവര്‍ സമീപിയ്ക്കുന്നുണ്ട്. എന്നെ സമീപിച്ചവരെയൊക്കെ നിരാശരാക്കി വിട്ടു.

വലിയ ക്യൂവാണ് ടിക്കറ്റിന്. നിരക്ക് ഇന്ത്യാക്കാര്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 200 രൂപയും !! ടിക്കറ്റെടുത്തു. കൊട്ടാരത്തില്‍ പ്രവേശിയ്ക്കുന്നതിനു മുന്‍പേ എല്ലാവരുടെയും പാദരക്ഷകള്‍ പുറത്തു വയ്ക്കണം. നഗ്നപാദരായി മാത്രമേ ഉള്ളില്‍ കയറാവൂ. ഫോട്ടോഗ്രഫി കര്‍ശനമായി നിരോധിച്ചിരിയ്ക്കുകയാണ്. ഇന്ത്യയിലെ തന്നെ പ്രമുഖ രാജകൊട്ടാര- ങ്ങളിലൊന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമാണ് മൈസൂര്‍ കൊട്ടാരം. ചരിത്രം, ശില്പഭംഗി, രാജകീയത ഇവ ഒന്നായി ലയിച്ചിരിയ്ക്കുന്നു ഇവിടെ. ഈ കൊട്ടാരത്തെ പറ്റി  അല്പം വിവരങ്ങള്‍ പറഞ്ഞുതരാം.

മൈസൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും കേവലം ഒരു കിലോമീറ്ററും റെയില്‍‌വേ സ്റ്റേഷനില്‍ നിന്ന് മൂന്നു കിലോമീറ്ററും മാത്രം അകലമേ പാലസിലേയ്ക്കുള്ളു. രാവിലെ 10 മണിമുതല്‍ 5.30 വരെയാണ് പ്രവേശനസമയം.

ചരിത്രത്തിലേയ്ക്കു സഞ്ചരിച്ചാല്‍, മൈസൂര്‍ ഭരണാധികാരികളായിരുന്ന വൊഡയാര്‍ രാജവംശം 14-ആം നൂറ്റാണ്ടിലാണ് ആദ്യമായി ഇവിടെ കൊട്ടാരം പണിതതെന്നു കാണാം. പിന്നീട് പല പ്രാവശ്യം അത് നശിപ്പിയ്ക്കപ്പെടുകയും പുനര്‍നിര്‍മ്മിയ്ക്കപ്പെടുകയും ചെയ്തു, ഇപ്പൊഴത്തെ കൊട്ടാരം 1897-ല്‍ നിര്‍മാണം ആരംഭിച്ച് 1912-ല്‍ പൂര്‍ത്തീകരിയ്ക്കുകയും 1940-ല്‍ വിപുലീകരിയ്ക്കുകയും ചെയ്തതാണ്.

1399 മുതല്‍ 1947 വരെയാണ് വൊഡയാര്‍ രാജവംശം മൈസൂര്‍ ഭരിച്ചത്. ആദ്യകാലം മുതല്‍ മൈസൂര്‍ ആയിരുന്നു വൊഡയാര്‍ രാജാക്കന്മാരുടെ തലസ്ഥാനമെങ്കിലും, 1610-ല്‍ “രാജ വൊഡയാര്‍“ തലസ്ഥാനം ശ്രീരംഗപട്ടണത്തേയ്ക്കു മാറ്റുകയുണ്ടായി. 1638-ല്‍ ഇടിമിന്നലേറ്റ് മൈസൂര്‍ കൊട്ടാരത്തിന് ഭാഗികമായ നാശം സംഭവിച്ചതായും ചരിത്രം പറയുന്നു. രണധീര കണ്ഠീവര നരസ രാജ വൊഡയാര്‍ പിന്നീടത് നവീകരിയ്ക്കുകയും വിപുലീകരിയ്ക്കുകയും ചെയ്തു.

1762-ല്‍ മൈസൂര്‍ അധിപനായ ഹൈദരാലിയുടെ കീഴിലായി പിന്നീട് പാലസ്. എന്നാല്‍ ഹൈദരാലിയുടെ മകനായ ടിപ്പു, 1787-ല്‍ പാലസുള്‍പ്പെടെ നഗരം പൂര്‍ണമായി നശിപ്പിയ്ക്കുകയും അവശിഷ്ടങ്ങള്‍ ഉപയോഗിച്ച്  “നാസറാബാദ്“എന്നൊരു പുതിയ നഗരം മാറ്റി പണികഴിപ്പിയ്ക്കുകയും ചെയ്തു. 1799-ലെ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ബ്രിട്ടീഷ് - ഇന്ത്യ ഗവര്‍ണര്‍ ജനറല്‍ ആയിരുന്ന “ലോര്‍ഡ് മോര്‍ണിഗ്ടന്‍“ വൊഡയാര്‍ രാജവംശത്തെ മൈസൂര്‍ ഭരണമേല്‍പ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1799-ല്‍, കേവലം അഞ്ചു വയസ്സുമാത്രമുള്ള “കൃഷ്ണരാജ വൊഡയാര്‍“ രാജാവായി അധികാരമേറ്റു.

1803-ല്‍ “നാസറാബാദ്“ കൊട്ടാരം തകര്‍ത്ത് അവശിഷ്ടങ്ങള്‍ തിരികെ ഇവിടെയെത്തിച്ച് പുതിയ കൊട്ടാരം പണികഴിപ്പിച്ചു. . 1897-ല്‍ ഒരു വിവാഹാഘോഷത്തോടനുബന്ധിച്ച് കൊട്ടാരം തീപിടിച്ച് നശിച്ചു. തുടര്‍ന്ന് മൈസൂര്‍ മഹാറാണി “വാണി വിലാസ് സന്നിധ്‌നാ“, “ഹെന്‍‌ട്രി ഇര്‍വിന്‍“ എന്നു പേരായ ഒരു ബ്രിട്ടീഷ് ആര്‍ക്കിടെക്ടിനെ പുതിയ കൊട്ടാരം രൂപകല്‍പന ചെയ്യാന്‍ ചുമതലപ്പെടുത്തി. 1912-ല്‍ ഇന്നത്തെ മൈസൂര്‍ പാലസ് പൂര്‍ത്തിയായി. പിന്നീടും പലവിധ വിപുലീകരണങ്ങളും മോടിപിടിപ്പിയ്ക്കലും നടന്നു. ഇപ്പോളുള്ള ദര്‍ബാര്‍ ഹാള്‍ 1940-ലാണ് പണികഴിപ്പിച്ചത്. ഇതാണ് സംക്ഷിപ്ത ചരിത്രം. പാലസ് ഓഫീസില്‍ നിന്നും 20 രൂപയ്ക്ക് ഒരു ചെറിയ പുസ്തകം വാങ്ങാന്‍ കിട്ടും.  കൊട്ടാരത്തെപറ്റിയുള്ള പൂര്‍ണ വിവരങ്ങളും ചിത്രങ്ങളും അതില്‍ ലഭ്യമാണ്.

ഞങ്ങള്‍ പാലസ് കാഴ്ചകളിലേയ്ക്ക് നടന്നു.  പണ്ട് അമര്‍ചിത്രകഥകളില്‍ മാത്രം കണ്ടുപരിചയിച്ച കൊട്ടാര അലങ്കാരങ്ങള്‍. അപൂര്‍വ വസ്തുക്കള്‍, വാളുകള്‍, ഇരിപ്പിടങ്ങള്‍. ദര്‍ബാര്‍ ഹാള്‍, കല്യാണ മണ്ഡപം, നൃത്തമണ്ഡപം ഇവയെ ഒക്കെ വാക്കുകളില്‍ ചിത്രീകരിയ്ക്കാന്‍ ഞാന്‍ ആളല്ല. കണ്ടു തന്നെ അറിയുക. ചിത്രങ്ങളൊന്നും നേര്‍ക്കാഴ്ചയ്ക്ക് പകരമാവില്ല. കാരണം അവിടെ തങ്ങിനില്‍ക്കുന്ന പൌരാണികത നിറഞ്ഞ നിശബ്ദത, രാജകീയ ഗാംഭീര്യം, ശില്പ ചാതുരി, ഇതൊന്നും ഒരു ചിത്രത്തിനും പകര്‍ന്നു തരാനാവില്ല. പലയിടത്തും വലിയ പെയിന്റിങ്ങുകളും ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്. അവയൊക്കെ അന്നത്തെ ആളുകളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും മനസ്സിലാക്കാന്‍ നമ്മെ സഹായിയ്ക്കും.

പണ്ട് രാജകുടുംബാംഗങ്ങള്‍ക്കു മാത്രം പ്രവേശനമുണ്ടായിരുന്ന ഇടങ്ങളിലൂടെയാണ് ഞാന്‍ നടക്കുന്നതെന്നോര്‍ത്ത- പ്പോള്‍ ഒരു രോമാഞ്ചമുണ്ടായി. പാലസിന്റെ മുന്‍‌മട്ടുപ്പാവില്‍ നിന്നു നോക്കിയാല്‍ അതി വിശാലമായ കൊട്ടാരമുറ്റം കാണാം. പണ്ട് രാജഭടന്മാര്‍ കവാത്ത് നടത്തിയത് ആ മുറ്റത്ത് ആയിരിയ്ക്കാം. അന്ന് രാജാവും അനുയായികളും അതൊക്കെ തൃക്കണ്‍ പാര്‍ത്ത സ്ഥലത്താണ് ഞാന്‍ നില്‍ക്കുന്നത് ! സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ വരാറുള്ള ദസറ ആഘോഷം പാലസിനെ ദീപാലങ്കാരങ്ങളാള്‍ സൌന്ദര്യമണിയിയ്ക്കും. മൈസൂര്‍ രാജാക്കന്മാരുടെ പ്രധാന ഉത്സവമായിരുന്നു ദസറ.

പരിമിതമായ സമയം കൊണ്ട് എല്ലാം കാണാനാവില്ലെന്ന ബോധ്യത്താല്‍ ഞങ്ങള്‍ പ്രധാന ഇടങ്ങള്‍ മാത്രം വേഗം കണ്ടു തീര്‍ത്തു. കൊട്ടാരത്തോട് ചേര്‍ന്ന് തന്നെ ഒരു ക്ഷേത്രമുണ്ട്. അവിടെയും പോയി. അതിലെ ഒരു ആനയെ കൊണ്ടു നടക്കുന്നുണ്ട്. ഇതിനിടെ കുട്ടികള്‍ എതിലേയൊക്കെയോ പോയിരുന്നു. അവര്‍ ഒരു ഗ്രൂപ്പായിട്ടാണല്ലൊ നടപ്പ്. അവരുടെ ലോകത്ത് അതിക്രമിച്ചു കയറേണ്ട എന്നതിനാല്‍ ഞാന്‍ കുറച്ച് സ്വാതന്ത്ര്യം കൊടുത്തതാണ്. ഏതായാലും അല്പസമയം കൊണ്ട് എല്ലാത്തിനെയും തപ്പിപ്പെറുക്കിയെടുത്തു.

ഏതാണ്ട് നാലുമണിയോടെ കൊട്ടാരത്തിനു വെളിയിലിറങ്ങി. വിശാലമായ ആ മുറ്റത്തെ തകിടിയില്‍ അല്പനേരം ഇരുന്നു. ചരിത്രത്തെ തഴുകിവന്ന ഇളം കാറ്റ് മുഖത്തു തട്ടി. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ അന്തപ്പുരവാസികളുടെ ശബ്ദം അതില്‍ അലയടിച്ചിരുന്നു. കുറേ പേര്‍ മുറ്റത്ത് നിന്ന് പാലസിന്റെ ഫോട്ടോ എടുക്കുന്നുണ്ട്. ഒരു ദിവസം മുഴുവന്‍ കണ്ടാല്‍ തീരാത്തത്ര കാഴ്ചകള്‍ ഇവിടുണ്ട്. എങ്കിലും ഇനിയും സഞ്ചാരം ബാക്കിയുള്ളതിനാല്‍  മടങ്ങിയേ മതിയാകൂ. അങ്ങനെ അതിസുന്ദരമായ ആ കൊട്ടാരത്തോട് ഞങ്ങള്‍ യാത്ര പറഞ്ഞു. അടുത്ത ലക്ഷ്യമായ “നിമിഷാംബ“ ക്ഷേത്രത്തിലേയ്ക്ക്.

(തുടരും)

Monday 28 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത്.-2

ചാമുണ്ഡേശ്വരി ക്ഷേത്രം

ചെറുതെങ്കിലും മനോഹരമായ ഒരു വീട്ടിലേയ്ക്കാണ് ഞങ്ങള്‍ കയറിച്ചെന്നത്. അവിടെ സുജാതചേച്ചിയുടെ രണ്ടു കുട്ടികള്‍ -മൂത്തത് പെണ്‍കുട്ടി അടുത്തത് ആണ്‍കുട്ടി- ഉണ്ടായിരുന്നു. അവര്‍ ഞങ്ങളെ കാത്തിരിയ്ക്കുകയാണ്. ഹാളിലിരുന്ന് ഞങ്ങള്‍ വിശ്രമിച്ചപ്പോള്‍ ചേച്ചി ശീതളപാനീയം തയ്യാറാകുകയായിരുന്നു. ഏപ്രില്‍ മാസമായതിനാല്‍ നല്ല ഉഷ്ണമുണ്ടല്ലൊ.
കൂടെ വന്ന പ്രായമുള്ള ചേച്ചി ലളിതാമ്മ, അടുത്തുള്ള ഒരു മലയാളി കുടുംബത്തിലേതാണ്. സുജാതചേച്ചിയ്ക്ക് കൂട്ടു വന്നതായിരുന്നു. ഞങ്ങള്‍ കുളിച്ച് ക്ഷീണമെല്ലാം മാറ്റി വന്നപ്പോഴേയ്ക്കും ലളിതാമ്മയും സുജാതചേച്ചിയും കൂടി ഭക്ഷണം തയ്യാറാക്കി. ഭക്ഷണം കഴിഞ്ഞ് അല്പനേരം കുശലം പറഞ്ഞിരുന്നു. എല്ലാവരും യാത്രാക്ഷീണത്തിലായതിനാല്‍ വൈകാതെ ഉറങ്ങാന്‍ കിടന്നു. സ്ത്രീകളും കുട്ടികളും വീട്ടിനകത്ത്. ഞാനും സുരേഷും ടെറസില്‍. ചൂടുതന്നെ മുഖ്യ കാരണം. ടെറസില്‍ നല്ല ഇളം കാറ്റും മേലെ ആകാശത്ത് പൂനിലാവും. മങ്ങിയ വെളിച്ചത്തില്‍ നിരയൊപ്പിച്ച് വീടുകള്‍ കാണാം. സുന്ദരമായ ആ കാഴ്ചകളും വിശേഷങ്ങളും പങ്കിട്ട് ഞങ്ങള്‍ ഉറങ്ങി. 

രാവിലെ, ഉണര്‍ന്നപ്പോള്‍ നല്ല കുളിര്‍മ്മയുള്ള പ്രഭാതം. അല്പസമയം കൊണ്ടു തന്നെ കുട്ടികള്‍ കൂട്ടുകാരായി കഴിഞ്ഞിരുന്നു. അവര്‍ പുറത്തിറങ്ങി കളികള്‍ ആരംഭിച്ചു കഴിഞ്ഞു. ഞാന്‍ എല്ലായിടവും ഒന്നു ചുറ്റിനടന്നു കണ്ടു. “C” ടൈപ്പ് കോളനി ആണിത്. രണ്ട് സെന്റിലൊതുങ്ങുന്ന വീടുകള്‍. കാര്യമായ മുറ്റം ഒരു വീടിനുമില്ല. എന്നാല്‍ എല്ലാം തന്നെ മനോഹരമായ വീടുകളാണു താനും. ഒട്ടു മിക്കവാറും  ഇടത്തരം കന്നഡ കുടുംബങ്ങളാണ്.

പ്രഭാതഭക്ഷണശേഷം അന്നത്തെ പ്രോഗാം ആസൂത്രണം ചെയ്തു. ഒരു വാഹനം വാടകയ്ക്കെടുത്ത് മൈസൂര്‍ ചുറ്റിക്കറങ്ങുക എന്നതാണ് പദ്ധതി. അതിന്‍ പ്രകാരം സുജാത ചേച്ചി അപ്പോള്‍ തന്നെ  വിളിച്ച് വാഹനം എത്താന്‍ ഏര്‍പ്പാട് ചെയ്തു.
ഉടനെ തന്നെ യാത്രയ്ക്കിടയില്‍ കഴിയ്ക്കാന്‍ വേണ്ട ഭക്ഷണം തയ്യാറാക്കാനും ആരംഭിച്ചു. പോകുമ്പോള്‍ പൊതിഞ്ഞുകെട്ടി എടുക്കാനാണ്. വഴിയില്‍ ഹോട്ടലില്‍ നിന്നു കഴിയ്ക്കുക, ചെലവേറിയതും ആരോഗ്യത്തിന് ഉചിതവുമല്ല.
ഇതിനിടെ പലവട്ടം മുത്തുവേട്ടന്‍ സുജാത ചേച്ചിയെ വിളിയ്ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിക്കൊടുക്കുന്നുണ്ടോ എന്ന അന്വേഷണമാണ്. ഒപ്പം എന്നോട് ഒരാഴ്ച താമസിയ്ക്കണമെന്നും ആവശ്യപ്പെട്ടു..!
ഞങ്ങളെ സല്‍ക്കരിയ്ക്കാന്‍ ആ ചേച്ചി കഷ്ടപെടുന്നതു കണ്ടപ്പോള്‍ തന്നെ ടൂര്‍ രണ്ടു ദിവസത്തേയ്ക്ക് ഞാന്‍ ചുരുക്കിയിരുന്നു.

ഒരു മണിക്കൂറിനകം ഒരു ടൊയോട്ട ക്വാളിസ് വാന്‍ എത്തി. ഞങ്ങള്‍ എല്ലാവരും, ലളിതാമ്മ ഉള്‍പ്പെടെ, യാത്ര ആരംഭിച്ചു. സുജാത ചേച്ചി ആണ് “ടൂര്‍ മാനേജര്‍”. ആയതിനാല്‍ എല്ലാം കാര്യവും പുള്ളിക്കാരിയ്ക്ക് വിട്ടു കൊടുത്തിരിയ്ക്കുകയാണ്. ആദ്യ യാത്ര ചാമുണ്ഡി ഹില്‍‌സിലേയ്ക്കാകട്ടെ എന്ന് “മാനേജര്‍“  നിദേശിച്ചു.  ക്വാളിസ് അങ്ങോട്ടേയ്ക്ക് പ്രയാണം ആരംഭിച്ചു.

നഗരം പിന്നിട്ട് ചാമുണ്ഡിക്കുന്നിലേയ്ക്ക് വാഹനം കയറാന്‍ ആരംഭിച്ചു. അതിസുന്ദരമായ കാഴ്ചകള്‍. ഒരു വശം അഗാധമായ കൊക്കയാണ്. ദൂരെ നെല്‍‌വയലുകള്‍, തടാകം,  കരിനീലനിറമുള്ള പര്‍വതങ്ങള്‍ ഇവയൊക്കെ മാറി മാറി വന്നു. ഇടയ്ക്കൊരിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി ഇറങ്ങി കാഴ്ചകള്‍ കണ്ടു. അങ്ങകലെ ഏതോ ഗ്രാമവും അവിടുത്തെ സോപ്പുപെട്ടികള്‍ പോലുള്ള വീടുകളും അതിനപ്പുറം അതിര്‍ത്തിയിട്ടുനില്‍ക്കുന്ന മലകളും എല്ലാം കൂടി മോഹിപ്പിയ്ക്കുന്ന കാഴ്ച..! വീണ്ടും കയറ്റം തുടങ്ങി. വഴിയില്‍ ധാരാളം പേര്‍ നടന്നു മലകയറുന്നുണ്ട്. അതൊക്കെ നേര്‍ച്ചയാണെന്ന് സുജാത ചേച്ചി പറഞ്ഞു. കുറേ കൂടി ചെന്നപ്പോള്‍ ഒരു കൊച്ചു ശിവ ക്ഷേത്രം കണ്ടു. കൂറ്റനൊരു കാളയുടെ പ്രതിമ ക്ഷേത്രത്തിനു മുന്‍പില്‍ സ്ഥാപിച്ചിരിയ്ക്കുന്നു . ശിവന്റെ വാഹനമായ നന്ദികേശ്വരന്‍. ഞങ്ങള്‍ വാഹനം നിര്‍ത്തി അവിടെയിറങ്ങി.  24 അടി നീളവും 15 അടി ഉയരവുമുള്ള ആ പ്രതിമ ഗ്രാനൈറ്റില്‍ തീര്‍ത്തതാണ്. ദൊഡ്ഡ ദേവരാജ എന്ന രാജാവാണ് ഇത് സ്ഥാപിച്ചത്. ഞാനും മക്കളും അടുത്തു പോയി നന്ദികേശ്വരനെ തൊട്ടു.

‘നന്ദി” പ്രതിമ: ചിത്രത്തിനു കടപ്പാട് ഗൂഗിള്‍

പിന്നെയും കയറ്റം. അതാ വഴിയോരമാകെ ധാരാളം തണല്‍ മരങ്ങള്‍. ചിലതെല്ലാം പൂത്ത് പൂക്കള്‍ വഴിയാകെ ചിതറിക്കിടക്കുന്നു.  ആള്‍ക്കാരെ ധാരാളം കണ്ടു തുടങ്ങി. ധാരാളം വാഹനങ്ങളും. കുറച്ചു കൂടി ചെന്നപ്പോള്‍  വലിയൊരു പ്രതിമ കണ്ടു. ഒരു കൈയില്‍ വാളും മറുകൈയില്‍ നാഗവും. മഹിഷാസുരന്റെ പ്രതിമയാണിത്. അതിനപ്പുറം പാര്‍ക്ക് ചെയ്തിരിയ്ക്കുന്ന അനവധി വാഹനങ്ങള്‍, സഞ്ചാരികളുടെയും ഭക്തന്മാരുടെയും തിരക്ക്, അനവധി കച്ചവടക്കാര്‍. ചാമുണ്ഡേശ്വരി ക്ഷേത്രപരിസരമെത്തി.

മഹിഷാസുര പ്രതിമ: ചിത്രത്തിനു കടപ്പാട്- ഗൂഗിള്‍
ഞങ്ങളെ ഇറക്കിയിട്ട് ഡ്രൈവര്‍ വാഹനം പാര്‍ക്കു ചെയ്യാന്‍ പോയി. വിശാലമായ വീഥിയ്ക്കപ്പുറം തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം. ഈ അമ്പലത്തെ പറ്റി അല്പം പറയാം. കുന്നിന്റെ താഴെ നിരപ്പില്‍ നിന്നും ഏകദേശം 1000 മീറ്റര്‍ ഉയരമാണ് ക്ഷേത്രത്തിലേയ്ക്ക്. ഇവിടുത്തെ പ്രതിഷ്ഠയാണ് ചാമുണ്ഡേശ്വരി അഥവാ ദുര്‍ഗ. “ഹോയ്സാല” രാജവംശം 12-ആം നൂറ്റാണ്ടില്‍ ആണ് ഈ പ്രതിഷ്ഠ സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ക്ഷേത്ര ഗോപുരം നിര്‍മ്മിച്ചത് 17-ആം നൂറ്റാണ്ടിലെ വിജയനഗര രാജാക്കന്മാരാണ്.  ഏഴുനില കെട്ടിടത്തിന്റെ ഉയരമുണ്ട് ഗോപുരത്തിന്. പിന്നീട് 1827-ല്‍ കൃഷ്ണരാജ വൊഡയാര്‍ മൂന്നാമന്‍ ക്ഷേത്രം നവീകരിയ്ക്കുകയുണ്ടായി. വൊഡയാര്‍ രാജവംശത്തിന്റെ കുലദേവതയത്രെ ചാമുണ്ഡേശ്വരി. ധാരാളം സുവര്‍ണ അലങ്കാരങ്ങള്‍ അവര്‍ ദേവിയ്ക്ക് സമര്‍പ്പിച്ചു. മൈസൂര്‍ സുല്‍ത്താന്മാരായിരുന്ന ഹൈദരാലിയും ടിപ്പുവും ചാമുണ്ഡേശ്വരിയുടെ ആരാധകരായിരുന്നത്രേ..!
ചാമുണ്ഡേശ്വരി ക്ഷേത്രം: ചിത്രത്തിനു കടപ്പാട്- ഗൂഗിള്‍
ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് നടന്നു. അടുക്കുംതോറും അതിന്റെ വലുപ്പം ബോധ്യപ്പെടുന്നു. കണ്ടിട്ട് കരിങ്കല്‍ മാത്രം ഉപയോഗിച്ചു നിര്‍മ്മിച്ചതാണെന്നു തോന്നുന്നു. വലിയ മുറ്റത്തു കൂടി ഞങ്ങള്‍ ക്ഷേത്ര നടയിലെത്തി. നെടുനീളത്തില്‍ മേലേയ്ക്ക് കയറുന്ന പത്തോ പതിനഞ്ചോ പടികള്‍. ചെരിപ്പുകള്‍ ഊരി അകത്തേയ്ക്കു പ്രവേശിച്ചു. അവാച്യമായ കുളിര്‍മ്മ. കാലടികള്‍ നനയാന്‍ പാകത്തില്‍ പരന്നൊഴുകുന്ന ജലധാര. കാലുകള്‍ ശുദ്ധീകരിയ്ക്കാനാണത്. ചുറ്റിലും കരിങ്കല്‍ കെട്ടുകള്‍ മാത്രം . ഉള്ളിലേയ്ക്കു പോയി. ചാമുണ്ഡേശ്വരിയെ  ദര്‍ശിച്ചു. പുറത്തെ തിരക്കുകളൊന്നും അകത്തെ പ്രശാന്തതയ്ക്ക് ഭംഗം വരുത്തുന്നില്ല.

തിരികെ ഇറങ്ങി ആ പടിക്കെട്ടില്‍ അല്പ നേരം ഇരുന്നു. വല്ലാത്ത ഒരനുഭൂതി തോന്നി അപ്പോള്‍. മുറ്റത്തുകൂടി വിദേശ സഞ്ചാരികളടക്കം ധാരാളം പേര്‍ നടക്കുന്നു. കേരളത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ “ഹിന്ദുക്കളെ പ്രവേശിയ്ക്കാവൂ” എന്ന യാതൊരു വിധ വിലക്കുകളും എഴുതിവെച്ചിട്ടില്ല.

അമ്പലത്തിലെ ഭക്ഷണം കഴിച്ചിട്ടേ പോകാവു എന്ന് സുജാത ചേച്ചി പറഞ്ഞു. സമയം പത്തര കഴിഞ്ഞിരിയ്ക്കുന്നു. ഞങ്ങള്‍ ഭക്ഷണശാലയിലേയ്ക്ക് നടന്നു. ക്ഷേത്രമുറ്റത്തു നിന്നും കുറെ ഇപ്പുറത്താണ് അതുള്ളത്. അവിടെയെത്തി. വലിയൊരു കെട്ടിടം‍.  ഒരു മുറിയില്‍ വൃത്തിയാക്കിയ സ്റ്റീല്‍ പ്ലേറ്റുകള്‍ അടുക്കിവെച്ചിരിയ്ക്കുന്നു. ഓരൊ പ്ലേറ്റെടുത്ത് ഭക്ഷണഹാളിലേയ്ക്ക് പോയി. നിലത്ത് വിരിപ്പിന്മേല്‍ ധാരാളം പേര്‍ ഇരിപ്പുണ്ട്. ഞങ്ങളും അതില്‍ സ്ഥാനം പിടിച്ചു. അല്പസമയത്തിനകം വിളമ്പുകാര്‍ എത്തി. ആദ്യം തന്നത് ഓരോ ലഡു. തുടര്‍ന്ന് ഒന്നാന്തരം പായസം. മധുരം ആദ്യം കഴിയ്ക്കണമെന്നാണെന്നു തോന്നുന്നു. അതിനു പിന്നാലെ ചോറ്, ഒഴിച്ചു കറി എന്നിവ എത്തി. എന്തൊരു രുചിയാണ് ആ  ഭക്ഷണത്തിന്..!

ഭക്ഷണശേഷം പ്ലേറ്റ് കഴുകി പഴയസ്ഥാനത്തു തന്നെ തിരികെ വച്ചു. വെള്ളം കുടിയ്ക്കാനുള്ള ഗ്ലാസും വെള്ളവും അടുത്ത മുറിയിലുണ്ട്. അവിടുത്തെ ശുചിത്വമാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. നമ്മുടെ പറശ്ശിനി കടവിലെ ഭക്ഷണശാലയൊക്കെ വൃത്തികേടായി കിടക്കുന്നതു ഞാനോര്‍ത്തു പോയി. ഭക്ഷണശേഷം ഞങ്ങള്‍ തിരികെ ഇറക്കമാരംഭിച്ചു. അടുത്തതായി മൈസൂര്‍ വന്യമൃഗശാലയാണ് ലക്ഷ്യം.

(തുടരും)

Sunday 27 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 1

2008 മാര്‍ച്ച് മാസം. സൌദിയിലെ എന്റെ താമസ സ്ഥലത്തെ ഒരു സായാഹ്നം. അവിടെ അടുത്ത് വെല്‍ഡറായി ജോലി ചെയ്യുന്ന മുത്തുവേട്ടന്‍ എന്നെ കാണാന്‍ വന്നു. ഇടയ്ക്കിടെ ഈ സന്ദര്‍ശനം ഉള്ളതാണ്. വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍, അടുത്തമാസം ഞാന്‍ അവധിയ്ക്കു പോകുന്ന കാര്യവും സൂചിപ്പിച്ചു.

"എന്നാല്‍ പിന്നെ മൈസൂറൊക്കെ ഒരു ടൂറ് പോകൂ..” മുത്തുവേട്ടന്‍ പറഞ്ഞു.

“ഓ..അവിടൊക്കെ പോകാന്‍ വലിയ ചിലവല്ലേ മുത്തുവേട്ടാ..?”

“വിഷമിയ്ക്കേണ്ടന്നെ.. എന്റെ വീട് മൈസൂറിലാണ്. അവിടെ താമസിയ്ക്കാം..! ” പിന്നെ കണ്ണൂരുകാരനായ മുത്തുവേട്ടന്‍ മൈസൂര്‍ താമസമായ കഥ പറഞ്ഞു.

എന്തായാലും മുത്തുവേട്ടന്റെ ആ ഓഫര്‍ കേട്ടപ്പോള്‍ എനിയ്ക്ക് ഒരാവേശം തോന്നാതിരുന്നില്ല. ഇത്രയും കാലമായിട്ടും മിനിയെയും കുട്ടികളെയും കൂട്ടി കേരളത്തിനു വെളിയിലൊന്നും പോയിട്ടില്ല. ഇതിപ്പോള്‍ നല്ലൊരു ചാന്‍സാണല്ലോ.
ഇങ്ങനെ വിചാരിച്ചിരിയ്ക്കുമ്പോഴാണ്, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകനായ സുരേഷ് അങ്ങോട്ട് കയറി വന്നത്. പുതുമണവാളനായ സുരേഷും എന്നോടൊപ്പം അടുത്തമാസം നാട്ടില്‍ പോകാനിരിയ്ക്കുകയാണ്. കണ്ണൂരു തന്നെയുള്ള ശ്രീകണ്ഠാപുരം നിവാസി. കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ സുരേഷിനും ആഗ്രഹം, പുതുപ്പെണ്ണിനെയും കൂട്ടി ഒരു ടൂര്‍. അങ്ങനെ അപ്പോള്‍ അവിടെ വച്ച് കാര്യങ്ങള്‍ തീരുമാനമായി. നാട്ടിലെത്തി, ഒരാഴ്ചക്കകം മൈസൂര്‍ യാത്ര.

ഏപ്രില്‍ 20, മുന്‍‌കൂട്ടി തീരുമാനിച്ച പ്രകാരം ഞാന്‍, മിനി, ഉണ്ണി, ശ്രീക്കുട്ടി, സഹോദരിയുടെ മകന്‍ അഖില്‍ എന്നിവരടങ്ങുന്ന വമ്പന്‍ സംഘം രാവിലെ ഏഴുമണിയ്ക്ക് തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. ആലക്കോട് നിന്നും കണ്ണൂരേയ്ക്കുള്ള യാത്രയില്‍ അഖിലും ഉണ്ണിയും മോശമല്ലാത്ത രീതിയില്‍ ച്ഛര്‍ദ്ദി നടത്തിയിരുന്നു. അതിന്റെ ക്ഷീണം കണ്ണൂരിലെ ഹോട്ടലില്‍ തീര്‍ത്തിട്ടാണ് വരവ്. സുരേഷും ഭാര്യ പ്രിയയും തലശ്ശേരിയില്‍ കാത്തു നില്‍പ്പുണ്ട്.
ഏഴരയ്ക്കാണ് തലശ്ശേരിയില്‍ നിന്നും നേരിട്ട് മൈസൂര്‍ക്കുള്ള KSRTC ബസ്. രാത്രി എട്ടുമണിയോടെ അത് മൈസൂര്‍ സ്റ്റാന്‍ഡിലെത്തും. അവിടെ മുത്തുവേട്ടന്റെ ഭാര്യ സുജാത ചേച്ചി കാത്തു നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മൊബൈല്‍ വഴി അപ്പോഴപ്പോള്‍ കാര്യങ്ങള്‍ അന്വേഷിയ്ക്കാമല്ലോ..

ഏഴരയായി, ബസ് വന്നു നിന്നു. ഒരു പൂരത്തിനുള്ള ആളുണ്ട് ഇടിച്ചുകയറാന്‍. എന്തായാലും എന്റെയും സുരേഷിന്റെയും സമയോചിതമായ അഭ്യാസഫലമായി എല്ലാവര്‍ക്കും സീറ്റു കിട്ടി. തലശ്ശേരിയില്‍ നിന്നും ഇരിട്ടി, മാക്കൂട്ടം വഴിയാണ്  മൈസൂര്‍ക്ക് പോകുന്നത്. മാക്കൂട്ടം  ഒരു ചെറിയ  മലയോര ടൌണാണ്; എന്നും വാര്‍ത്താപ്രാധാന്യം ഉള്ള സ്ഥലവുമാണ്, പ്രത്യേകിച്ച് കശുവണ്ടി സീസണില്‍. മാക്കൂട്ടം ടൌണിനോട് ചേര്‍ന്ന് ഒരു കൊച്ചു പുഴയും പാലവുമുണ്ട്. പാലത്തിനപ്പുറം കര്‍ണാടക സംസ്ഥാനം. കശുവണ്ടി സീസണായാല്‍ കര്‍ണാടകത്തില്‍ കേരളത്തിലേതിനേക്കാള്‍ വില കിട്ടും. അതു കൊണ്ട് പലരും കശുവണ്ടി സംഭരിച്ച് മാക്കൂട്ടത്തെത്തി വില്‍ക്കാറുണ്ട്. സംഗതി നിയമവിരുദ്ധമായതിനാല്‍ കള്ളക്കടത്തായിട്ടാണ് ഈ ബിസിനസ്. പോലീസും കേസുമൊക്കെയായി അങ്ങനെ മാക്കൂട്ടം വാര്‍ത്തകളില്‍ നിറയും.

ബസ് പാലം കടന്ന് കര്‍ണാടകത്തിലേയ്ക്ക് പ്രവേശിച്ചു. നല്ല റോഡ്. അവിടവിടെ ചെറിയ ചില വീടുകളും കെട്ടിടങ്ങളുമൊഴിച്ചാല്‍ വിജനം. ഇനിയുള്ള ലക്ഷ്യം മൈസൂരിലെ ഒരു പ്രധാന നഗരമായ വീരാജ്പേട്ടയാണ്. മാക്കൂട്ടത്തു നിന്നും കുറച്ചു ദൂരം പിന്നിട്ടതോടെ ഒരു വനത്തിന്റെ ലക്ഷണം കണ്ടു തുടങ്ങി. തന്നെയുമല്ല വലിയ കയറ്റവും. ഇടവിട്ടിടവിട്ട് ഹെയര്‍പിന്‍ വളവുകളാണ്. അല്പം കൂടി കഴിഞ്ഞതോടെ കുളിര്‍മ്മയാര്‍ന്ന വനം എത്തി. ഇരുവശവും വമ്പന്‍ മരങ്ങള്‍. ഹരിതാഭമായ ഇരുട്ട് അവിടവിടെ തങ്ങി നില്‍ക്കുന്നു.

എന്നാല്‍ ആ ചുരം റോഡിന്റെ കാര്യമാണ് കഷ്ടം. പൊട്ടിപ്പൊളിഞ്ഞ്  തെറിച്ച് നില്‍ക്കുന്ന കുറേ കല്ലുകള്‍ മാത്രം. ഓരോ കല്ലും എണ്ണിയെണ്ണിയാണ് ബസ് കയറുന്നത്. എതിരെ ചില വാഹനങ്ങള്‍ വരുന്നതും അതേമാതിരി തന്നെ. മടുക്കാതിരിയ്ക്കാന്‍ കാട്  നോക്കിക്കൊണ്ടിരിയ്ക്കുക തന്നെ ശരണം. ചിലരൊക്കെ ബസിലിരുന്നു സര്‍ക്കാരിനെ ശപിയ്ക്കുന്നുണ്ടായിരുന്നു. ഈ റോഡ് നന്നാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് തീരെ താല്പര്യമില്ലത്രെ. ആടിക്കുലുങ്ങിയും എടുത്തടിച്ചും നിരങ്ങിനീങ്ങിയുമുള്ള ഈ യാത്ര മണിക്കൂറുകള്‍ നീണ്ടു. മിനിയും പിള്ളേരും രാവിലത്തെകുടിശ്ശിഖ ഉറക്കം എന്റെ തോളിലും മടിയിലുമൊക്കെയായി തീര്‍ത്തുകൊണ്ടിരുന്നു. ബസില്‍ ഇപ്പോള്‍ വലിയ തിരക്കൊന്നുമില്ല. കുറേ കന്നഡക്കാര്‍ കുട്ടയും വട്ടിയുമൊക്കെയായി ഇരിട്ടിയില്‍ നിന്നു കയറിയിട്ടുണ്ട്. അവര്‍ കലപില എന്തൊക്കെയോ ചിലച്ചു കൊണ്ടിരുന്നു.

ചുരം കഴിഞ്ഞതോടെ റോഡ് മെച്ചമായി. ബസ് അതിവേഗം ഓടി. നല്ല രസകരമായ കാഴ്ചകള്‍. ചുറ്റും കാടും കൃഷിസ്ഥലങ്ങളും. കുളിര്‍മ്മയുള്ള അന്തരീക്ഷം. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീരാജ്പേട്ട ബസ് എത്തി. എല്ലാവരും ക്ഷീണിച്ച് തളര്‍ന്നിരുന്നു. നല്ല വിശപ്പും ദാഹവും. ടൌണില്‍ പക്ഷെ യാതൊരു തിരക്കുമില്ല. വാഹനങ്ങള്‍ അപൂര്‍വം. കടകള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. അവിടവിടെ പോലീസും. എന്തൊ കുഴപ്പമുണ്ടെന്ന് മനസ്സിലായി. ഉള്ളൊന്നു കാളി. ഒരു ഹര്‍ത്താല്‍ പോലെയെന്തോ മണക്കുന്നു. പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് വിജനം. ബസ് അവിടെ അധികം നില്‍ക്കാതെ കര്‍ണാടക KSRTC സ്റ്റാന്‍ഡിലേയ്ക്കു പോയി. ഭാഗ്യം അവിടെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല എന്നു തോന്നി. അരമണിക്കൂര്‍ താമസമുണ്ടെന്ന് അറിയിച്ചിട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി.

ഞാനും സുരേഷും സ്റ്റാന്‍ഡില്‍ ഒന്നു കറങ്ങി. അതാ ഒരു കാന്റീന്‍ തുറന്നിട്ടുണ്ട്.  പഴങ്ങള്‍, കുറച്ച് ലഘുഭക്ഷണം, വെള്ളം ഇതൊക്കെ മേടിച്ച് ബസിലിരുന്ന് എല്ലാവരും കഴിച്ചു. പിന്നെയും ബസ് ഓട്ടം ആരംഭിച്ചു. വീരാജ്പേട്ട വരെ കാഴ്ചകള്‍ക്ക് ഒരു കേരളീയ ഛായയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് മെല്ലെമെല്ലെ മാഞ്ഞിരിയ്ക്കുന്നു. എങ്കിലും ഒരു സവിശേഷഭംഗി ഇല്ലാതില്ല. ചിലപ്പോള്‍ വലിയ കാപ്പിത്തോട്ടങ്ങള്‍ കാണാം. മറ്റു ചിലപ്പോള്‍ വിജനമായ തരിശുഭൂമിയായിരിയ്ക്കും. പിന്നെ കാണുന്നതോ വിശാലമായ വയലുകള്‍. വഴിയില്‍ കാണുന്ന മനുഷ്യരൊക്കെ തനി കന്നഡ ഗ്രാമീണര്‍.

വൈകുന്നേരത്തോടെ ബസ് ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തിലെത്തി. ചെറിയ കെട്ടിടങ്ങളും ധാരാളം മനുഷ്യരും അവയ്ക്കിടയില്‍ ഒത്തിരി കന്നുകാലികളും. എല്ലാം കൂടി ഇടകലര്‍ന്നൊരു കൊളാഷ്. ഹുന്‍സൂറില്‍ ബസ് നിര്‍ത്തിയപ്പോള്‍ ധാരാളം കന്നഡിഗര്‍ തിക്കിത്തള്ളി കയറിവന്നു. എല്ലാം ഗ്രാമീണരാണെന്ന് വേഷത്തിലും രൂപത്തിലും മനസ്സിലാകും.

ഹുന്‍സൂര്‍ കഴിഞ്ഞപ്പോള്‍ ധാരാളം വയലുകള്‍ കണ്ടു. അകലെ,  അസ്തമയസൂര്യന്‍ പടിഞ്ഞാറേ മാനത്ത് ചെഞ്ചായം വാരിയെറിഞ്ഞിരിയ്ക്കുന്നു. വയല്പണികഴിഞ്ഞ്  ഗ്രാമീണര്‍ പോകുന്നത് നിഴല്‍ പോലെ കാണാം. ഒരു കൂട്ടം പക്ഷികള്‍ ചേക്കേറാന്‍ പറന്നകലുന്ന ചക്രവാളകാഴ്ച. മോഹിപ്പിയ്ക്കുന്ന ദൃശ്യം. അവിടെയിറങ്ങി, വിശാലമായ ആ വയല്‍ പരപ്പിലൂടെ കൈവീശി അനന്തതയിലേയ്ക്ക് ചുമ്മാ നടന്നു പോയാലോ എന്ന് വല്ലാതെ ആശിച്ചു പോയി.

മെല്ലെ മെല്ലെ ഇരുട്ടു വന്നു. പുറം കാഴ്ചകള്‍ മങ്ങി. മൊബൈലില്‍ സുജാത ചേച്ചിയെ വിളിച്ച് ഞങ്ങള്‍ ഹുന്‍സൂര്‍ കഴിഞ്ഞതായി അറിയിച്ചു. വാച്ചില്‍ നോക്കി. മണി ഏഴ്. കുട്ടികള്‍ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. സുരേഷിന്റെ തോളില്‍ പ്രിയ ചാരികിടക്കുന്നു, എന്റെ തോളില്‍ മിനിയും.

എട്ടുമണിയോടടുത്തപ്പോള്‍ നഗരകാഴ്ചകള്‍ കണ്ടു തുടങ്ങി. വഴിവിളക്കുകളും ദീപാലങ്കാരങ്ങളും വാഹനങ്ങളും കടകളും തിരക്കുകളും.. അതേ മൈസൂറെത്തിയിരിയ്ക്കുന്നു. ട്രഫിക്കിലൂടെ പിന്നെയും ഇഴഞ്ഞ് ബസ്, സ്റ്റാന്‍ഡിലെത്തുമ്പോള്‍ എട്ടേകാല്‍ ആയി. ബസില്‍ നിന്നിറങ്ങുന്ന ഞങ്ങളെ കാത്ത് സുജാതചേച്ചിയും പ്രായമുള്ള മറ്റൊരു ചേച്ചിയും ആകാംക്ഷയോടെ നിന്നിരുന്നു. മുന്‍‌പരിചയമില്ലെങ്കിലും ഒറ്റനോട്ടത്തില്‍ പരസ്പരം മനസ്സിലായി. പത്തുമിനിട്ടായതേ ഉള്ളു അവര്‍ വന്നിട്ട്. നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങള്‍.

അപ്പോള്‍ കുറേ പേര്‍ ഞങ്ങളെ വട്ടമിട്ടു. താമസ സൌകര്യം ആവശ്യമുണ്ടോ എന്നാണവരുടെ ചോദ്യം. ചെറിയ തുകയില്‍  ഹോംസ്റ്റേ ലഭ്യമാക്കാമെന്ന് അവര്‍ ഓഫര്‍ ചെയ്യുന്നുണ്ടായിരുന്നു. പുഞ്ചിരിയോടെ അതു നിരസിച്ച് ഞങ്ങള്‍ സുജാത ചേച്ചിയോടൊപ്പം നടന്നു.

അവര്‍ താമസിയ്ക്കുന്ന ഹൌസിങ്ങ് കോളനിയിലെയ്ക്ക് പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. ധാരാളം സിറ്റി ബസുകള്‍ ധാരാളമുണ്ട് അങ്ങോട്ടേയ്ക്ക്. അതിലൊന്നില്‍ ഞങ്ങള്‍ കയറി. നഗരത്തിലൂടെ ബസ് നീങ്ങി.  മനുഷ്യര്‍ ഒഴുകുന്നു. ഒരു പ്രത്യേകത കണ്ടത് ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു വഴിയാത്രക്കാരായിട്ട് എന്നതാണ്. ഒറ്റയ്ക്കും കൂട്ടായുമൊക്കെ അവര്‍ നിര്‍ഭയം സഞ്ചരിയ്ക്കുന്നു.  ഇരുപതു മിനുട്ടു യാത്ര. ഞങ്ങള്‍ സുജാതചേച്ചിയുടെ താമസ സ്ഥലത്ത് എത്തി ചേര്‍ന്നു.

(തുടരും)

Saturday 26 March 2011

തെണ്ടിപുരാണം.

ആദിയില്‍ ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും എല്ലാവര്‍ക്കും ഒരേ പോലെ അവകാശമുള്ളതായിരുന്നു. ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം  എടുക്കാം, ഉപയോഗിയ്ക്കാം, അധ്വാനിച്ചാല്‍ മാത്രം മതി. ബുദ്ധിയും കഴിവും ഓരോരുത്തര്‍ക്കും വ്യത്യസ്ഥ അളവിലായതിനാല്‍ മിടുക്കന്മാര്‍ കാലക്രമേണ  മുന്നിലെത്തുകയും മറ്റുള്ളവരെ തനിയ്ക്കു വേണ്ടി പണിയെടുപ്പിക്കാന്‍ തക്കവണ്ണം സമൂഹത്തെ ആക്കി തീര്‍ക്കുകയും ചെയ്തു. അങ്ങനെ ലോകത്ത് വിഭവ വിതരണം അസന്തുലിതമായി. ഉള്ളവനും ഇല്ലാത്തവനും ഉണ്ടായി. ഉള്ളവന്‍ മുതലാളിയും ഇല്ലാത്തവന്‍ ദരിദ്രനും ആയി. അവര്‍ തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. ശുദ്ധ കമ്യൂണിസമാണീപ്പറഞ്ഞു വച്ചത്. ഈ രണ്ടുകൂട്ടരെയും എവിടെ നോക്കിയാലും കാണാം. ദരിദ്രന്മാരില്‍  കിടപ്പാടമില്ലാത്തവര്‍ ജീവിയ്ക്കാന്‍ തെരുവിലിറങ്ങേണ്ടി വരുന്നു. മറ്റു തൊഴിലൊന്നും ചെയ്യാന്‍ ആവതില്ലാതാകുമ്പോള്‍ അവര്‍ നമ്മുടെ മുന്‍പില്‍ കൈനീട്ടും, അപ്പോള്‍ അവരെ നാം ഭിക്ഷക്കാരെന്നോ പിച്ചക്കാരെന്നോ പച്ചമലയാളത്തില്‍ തെണ്ടികളെന്നോ വിളിയ്ക്കുന്നു.

ആധുനിക കാലത്ത് തെണ്ടികളുടെ നിര്‍വചനം വല്ലാതെ മാറിയിട്ടുണ്ട്. തെണ്ടല്‍ ഒരു തൊഴിലായി സ്വീകരിച്ചവരെയെല്ലാം തെണ്ടികളെന്നു വിളിയ്ക്കാവുന്നതാണ്. നമ്മുടെ ജീവിതത്തില്‍ എന്നും പല ഇനം തെണ്ടികളെ കണ്ടുകൊണ്ടിരിയ്ക്കുന്നു.

നിവൃത്തികേടു കൊണ്ടു തെണ്ടികളാകുന്നവരാണ് ആദ്യ ഇനം. അംഗവൈകല്യം, രോഗങ്ങള്‍, വാര്‍ധക്യം, അനാഥത്വം ഇങ്ങനെ വിവിധ അവസ്ഥകളില്‍ മനുഷ്യന്‍ ഇമ്മാതിരി ആയിപ്പോകും. തീര്‍ച്ചയായും നമ്മുടെ കാരുണ്യവും ശ്രദ്ധയും അര്‍ഹിയ്ക്കുന്നു ഇവര്‍. സഹതാപം എന്നതിനപ്പുറം സഹജീവിസ്നേഹമാണ് നാം ഇവരോട് പുലര്‍ത്തേണ്ടത്. ജീവിത സൌഭാഗ്യങ്ങളാല്‍ അനുഗ്രഹിയ്ക്കപ്പെട്ടവരെന്ന നിലയില്‍ അത് നമ്മുടെയെല്ലാം കടമയുമാണ്. ഇവരെ ധര്‍മ്മക്കാര്‍ എന്നോ ധര്‍മ്മാര്‍ത്ഥികള്‍ എന്നോ വിളിയ്ക്കാം.

എന്നാല്‍ ധര്‍മ്മക്കാരോടുള്ള സമൂഹത്തിന്റെ സഹാനുഭൂതി ചൂഷണം ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ഇല്ലാത്ത അവശത അഭിനയിച്ച്, മറ്റുള്ളവരെ പറ്റിച്ച് ജീവിയ്ക്കുന്നവര്‍. നല്ല വരുമാനമുള്ളതു കൊണ്ട് ഇപ്പരിപാടി തൊഴിലാക്കിയവരാണ് ഇക്കൂട്ടര്‍. ഇവരെ തെണ്ടികള്‍ എന്നു വിളിയ്ക്കുന്നതില്‍ തെറ്റില്ല.

ഞാന്‍ കണ്ണൂരു പഠിയ്ക്കുന്ന കാലത്ത് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ ഒരു സ്ഥിരം “തെണ്ടല്‍ തൊഴിലാളി” ഉണ്ടായിരുന്നു. തന്റെ കണ്ണ് കാണുന്നില്ല എന്നാണ് അയാള്‍ പറയുക. കൂടെ ഒരു കൊച്ച് പെണ്‍കുട്ടിയും ഉണ്ടാകും. മിക്കവരും അയാള്‍ക്ക് കാശ് കൊടുക്കും. ഒരു ദിവസം ഞാന്‍ ടൌണിലെ ഒരു ഹോട്ടലില്‍ ചായകുടിയ്ക്കാന്‍ കയറിയപ്പോള്‍ ഇയാളുണ്ടവിടെ. ബ്രൂ കോഫിയും പൊറോട്ടയും ബീഫുമാണ് മുന്നില്‍. നമ്മള്‍ വെറും ചായയും കടിയും. “പിച്ചക്കാരനായതു കൊണ്ട് അയാള്‍ക്ക്  ബ്രൂ കാപ്പിയും പൊറോട്ടയും ബീഫുമടിച്ചു കൂടെന്നുണ്ടോ” എന്നു ചോദിച്ചാല്‍ ഞാന്‍ തെണ്ടിപ്പോകുകയേ ഉള്ളു. പക്ഷേ അന്ന് ചായയ്ക്ക് രണ്ടു രൂപയും ബ്രൂ കോഫിയ്ക്ക് നാലു രൂപയുമാണ് വിലയെന്നോര്‍ക്കണം. സാമാന്യം കാശുകാരു മാത്രമേ മേല്‍ ഡിഷസ് കഴിയ്ക്കാറുള്ളൂ.

തളിപ്പറമ്പില്‍ തന്നെ, ഇഴഞ്ഞു നടന്നു ഭിക്ഷയെടുക്കുന്ന ഒരു സ്ത്രീയുണ്ട് അന്ന്. മിക്കവാറും എല്ലാവരും അവരെ സഹായിയ്ക്കും. പിന്നീട് അവര്‍ മരണപെട്ടപ്പോള്‍ കൈയിലെ പൊതിക്കെട്ടില്‍ നിന്ന് പതിമൂവായിരം രൂപയാണ് കിട്ടിയത്!! നാട്ടില്‍ പത്തോ പതിനഞ്ചോ സെന്റ് സ്ഥലവും മേടിച്ചിരുന്നു. അന്ന് അരി  കിലോയ്ക്ക് ആറ് രൂപ.
എന്തായാലും അവരെ ഞാന്‍ ധര്‍മ്മക്കാരിയായിട്ടേ കൂട്ടുന്നുള്ളു.

ഇനിയൊരു കൂട്ടര്‍ അച്ചടിവിദ്യ ഉപയോഗിച്ചാണ് പിച്ചയെടുക്കല്‍. ബസില്‍ മാത്രമേ ഈ പരിപാടിയുള്ളു. സീറ്റിലിരിയ്ക്കുന്നവരുടെ മടിയിലേയ്ക്ക് ഇവര്‍ ഒരു കാര്‍ഡ് എറിഞ്ഞിട്ട് പോകും. വീട്ടില്‍ അച്ഛന്‍ കിടപ്പിലാണ്, അമ്മയ്ക്ക് വലിവാണ്, പെങ്ങളെ കെട്ടിയ്ക്കാനുണ്ട് ഇങ്ങനെ പല ആവലാതികളും അതിലുണ്ടാകും. വിതരണം കഴിഞ്ഞ് അല്പസമയത്തിനകം വന്ന്‍ കാര്‍ഡ് തിരികെയെടുക്കും. ചിലര്‍ എന്തെങ്കിലും ഒപ്പം കൊടുക്കും. കിട്ടിയാലുമില്ലെങ്കിലും അവര്‍ നിശബ്ദരായി ഇറങ്ങി പൊയ്ക്കോളും. വാക്കുകളുടെ ഉപയോഗം ഈ പരിപാടിയില്‍ ഒട്ടും തന്നെയില്ല. “അമ്മാ, വല്ലതും തരണേ” രീതിയേക്കാള്‍ കുറച്ചു കൂടി “മാന്യ“വുമാണ്.

ഒരിയ്ക്കല്‍ കണ്ണൂര്‍ സ്റ്റാന്‍ഡില്‍ ബസിലിരിയ്ക്കുമ്പോള്‍  ഒരു യുവതി ഇതു പോലെ വന്ന് കാര്‍ഡ് മടിയിലിട്ടു. വീട്ടില്‍ മൂത്ത രണ്ടു സഹോദരിമാര്‍ ഉണ്ടെന്നും അവരുടെ വിവാഹത്തിനായി സഹായിയ്ക്കണമെന്നുമാണ് കാര്‍ഡിലുള്ളത്. പെണ്ണ് കാര്‍ഡ് തിരികെയെടുക്കാന്‍ വന്നു.  കൈനീട്ടിയപ്പോള്‍ എന്റെ അടുത്തിരുന്ന യുവാവ് പറഞ്ഞു:

“ഞാന്‍ കുറച്ച് ചില്ലറ തന്നിട്ട് എന്താകാനാ.. ഒരു ചേച്ചിയെ ഞാന്‍ കെട്ടിക്കോളാം..”. അവള്‍ ഒന്നു രൂക്ഷമായി നോക്കിയിട്ട് കാര്‍ഡുകളും പെറുക്കി സ്ഥലം വിട്ടു.

ഇനി മറ്റൊരു കൂട്ടര്‍. അവര്‍ ബസില്‍ വന്നിട്ട് ആദ്യം ഷര്‍ട്ടൂരും. പിന്നെ ശരീരത്തിലെ വടുക്കളോ, “ക്ണേ”ന്നിരിയ്ക്കുന്ന കൈയോ കാണിച്ചിട്ട്, വലിയ ഒരു ഓപ്പറേഷന്‍ ചെയ്യാനുണ്ടെന്നും അതിനു സഹായിയ്ക്കണമെന്നും പറയും. ചിലരൊക്കെ ഇതില്‍ വീഴും, എന്തെങ്കിലുമൊക്കെ കൊടുക്കും. എന്നാല്‍ പുറത്തേയ്ക്ക്  മാറിക്കഴിയുമ്പോള്‍ രോഗിയ്ക്ക് അസുഖമെല്ലാം ഭേദമാകും.

ഇതൊക്കെ നാടന്‍ ഇനങ്ങളാണ്. ഇതല്ലാതെ തമിഴ്നാട്ടില്‍ നിന്നും മറ്റും വലിയ ഭിക്ഷാടന മാഫിയ ഇറക്കുമതി ചെയ്യുന്ന കൂട്ടരുണ്ട്. വലിയ സംഘമാണിവര്‍. അത്യാവശ്യം മേക്കപ്പൊക്കെ ഇട്ട് പരമാവധി, ദൈന്യത തോന്നിയ്ക്കാന്‍ പാകത്തിലാക്കിയാണ് ഇവറ്റകളെ ഫീല്‍ഡിലിറക്കുന്നത്. പ്രൊഫഷണല്‍ തെണ്ടികളായ ഇവര്‍ ഒന്നും കൊടുക്കാത്തവരെ ചീത്തവിളിയ്ക്കാന്‍ ഒട്ടും മടിയ്ക്കില്ല. വീടുകളില്‍ വരുമ്പോള്‍ കണ്ണു തെറ്റിയാല്‍ കിട്ടുന്നത് കൊണ്ടുപോകും.  പല ടൌണുകളിലും ഇവര്‍ക്ക് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന്  ഒരു പാത്രത്തില്‍ കുറേ ചില്ലറ പുറത്തു വച്ചിരിയ്ക്കും. ഓരോരുത്തര്‍ വന്ന് അതില്‍ നിന്ന് ഓരോ ചില്ലറ  എടുത്തുകൊള്ളൂം. എന്നാല്‍ കടയുടമയുടെ കണ്ണുതെറ്റിയാല്‍ പാത്രമടക്കം അടിച്ചുമാറ്റുമെന്നു മാത്രം.

ആലക്കോട്ട് സ്ഥിരം തമിഴ് പിച്ചക്കാര്‍ താമസമുണ്ടായിരുന്നു. ടൌണിലെ ഒരു റസ്റ്റോറന്റിലാണ് അവരുടെ അക്കൌണ്ട്. എന്നും തെണ്ടിക്കിട്ടുന്ന കാശ് അവിടെ ഏല്‍പ്പിയ്ക്കും. പിന്നെ പൊങ്കല്‍ ആകുമ്പോള്‍ കണക്ക് തീര്‍ത്ത് ഒന്നാകെ മേടിച്ച് നാട്ടിലേയ്ക്ക് ആഘോഷമായി പോകും. പ്രവാസികള്‍ നാട്ടില്‍ പോകുമ്പോലെ.

ഇവരെല്ലാം തന്നെ  “ഭിക്ഷക്കാരായി“ തന്നെയാണ് നമ്മെ സമീപിയ്ക്കുന്നത്. നമ്മുടെ സഹാനുഭൂതിയെയാണിവര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ വേറൊരു വിഭാഗം ഭക്തിയെയാണ് ചൂഷണം ചെയ്യുക. പല സിനിമകളിലും കണ്ടിട്ടുള്ളതു പോലെ, ഹിന്ദുവിന്റെ വീട്ടില്‍ പളനിയ്ക്കു പോകാനും കൃസ്ത്യാനിയുടെ വീട്ടില്‍ വേളാങ്കണ്ണിയ്ക്കു പോകാനും മുസ്ലീമിന്റെ വീട്ടില്‍ അജ്മീറിനു പോകാനും സഹായം ചോദിച്ച് ഒരേ ആള്‍ തന്നെ വരും.

പറശ്ശിനിക്കടവ് അമ്പലത്തില്‍ പോയാല്‍ രണ്ടു തരം തെണ്ടല്‍ക്കാരെ കാണാം. ഒരു കൂട്ടര്‍ മുകളില്‍ പറഞ്ഞ ഭിക്ഷക്കാര്‍ തന്നെ. മറ്റേക്കൂട്ടര്‍ ഭിക്ഷക്കാരാണെന്ന് സമ്മതിയ്ക്കില്ല. അവര്‍ ഏതൊക്കെയോ അമ്പലക്കമ്മിറ്റി ക്കാരാണു പോലും. കൈയില്‍ ഒരു കെട്ട് കൂപ്പണ്‍ കാണും. പത്ത് രൂപയുടെ. നമ്മളെ കണ്ടാല്‍ ഒന്നും പറയാതെ കൂപ്പണ്‍ കൈയിലേയ്ക്ക് തരും. അമ്പലം പുതുക്കിപ്പണിയാനുള്ള പിരിവത്രെ..!  ഇക്കൂട്ടരില്‍ യുവതികളും യുവാക്കളുമൊക്കെ -യുണ്ട്. ചുരുങ്ങിയത് നാലഞ്ച് അമ്പലങ്ങളുടെ പുതുക്കിപണിയല്‍ ഏതു സമയവും ഉണ്ടാകും. ആയിരക്കണക്കിന് ഭക്തര്‍ ദിനം തോറും വരുന്ന അമ്പലനടയില്‍ നിന്ന് നൂറോ ഇരുനോറോ  പേരെ വലയില്‍ വീഴിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. ഇതേ പോലെ പള്ളി നിര്‍മാണം, അനാഥാലയ നിര്‍മ്മാണം എന്നിങ്ങനെ പലപേരില്‍ കുറിപ്പടിക്കാരുണ്ട് മിക്കയിടത്തും. ഇവരാരും സ്വന്തം നാട്ടില്‍ പിരിവ് നടത്താറില്ല.

ഇനിയുള്ളത്, നിങ്ങള്‍ വിചാരിച്ച കൂട്ടര്‍ തന്നെ. രാഷ്ട്രീയ പിരിവുകാര്‍. ചെലവുകാശ് പോക്കറ്റില്‍ നിന്നെടുത്ത്, സത്യസന്ധമായി പിരിവെടുക്കുന്ന അനേകം രാഷ്ട്രീയക്കാരെ എനിയ്ക്കറിയാം. അവരെക്കുറിച്ചല്ല ഈ പറയുന്നത്. എന്തിന്റെയെങ്കിലും പേരില്‍ കുറെ രസീത് കുറ്റിയുമടിച്ച് പിരിവിനിറങ്ങുന്ന ഒരു കൂട്ടം രാഷ്ട്രീയക്കാരുണ്ട്, ഒന്നാന്തരം തെണ്ടികള്‍. അവരെപറ്റി മാത്രം.

ഇനി ഈ ഷോര്‍ട്ട് ഫിലിം കാണൂ. നായകന്‍ സാര്‍ - ബിജുകുമാര്‍

സീന്‍-1

“എന്തെങ്കിലും കഴിച്ചിട്ട് മൂന്നു ദിവസമായി സാറെ, വല്ലതും തരണേ...”

“എന്റെ കൈയില്‍ ചില്ലറയൊന്നുമില്ല. .”

“എന്തെങ്കിലും കൊട് സാറെ..”

“പോ അവിടുന്ന് ! മനുഷ്യനെ മെനക്കെടുത്താനായിട്ട്...“

“നീ മുടിഞ്ഞു പോകുമെടാ പാപീ..”

“ആ.. പൊക്കോട്ടെ, ഞാന്‍ സഹിച്ചു.

സീന്‍-2

“സാറെ.. പ്ലീസ് , കോത്താഴം കോവില്‍ പുനരുദ്ധാരണ ഫണ്ടിലേയ്ക്ക് സംഭാവന കൊടുക്ക് സാറെ.. അഞ്ച് കൂപ്പണ്‍ എടുക്കട്ടെ..”

“വേണ്ട.. “

“എന്നാല്‍ മൂന്ന് കൂപ്പണ്‍. മുപ്പതു രൂപയേ ഉള്ളു സാര്‍..”

“വേണ്ടാന്നു പറഞ്ഞില്ലേ..”

“ഒരു കൂപ്പണെങ്കിലും... പത്തു രൂപാ മാത്രം...”

“ഒന്നു പോയാടേ.. കൂപ്പണും കൊണ്ടെറങ്ങീരിയ്ക്കുന്നു..!”

“ഓ.. അയാടെ വേഷം കണ്ടാ വല്യ മറ്റടത്തെ സാറ്. തന്നെയൊന്നും ഭഗവതി വെറുതെ വിടില്ലടോ..”

“വേണ്ട.. നീയൊന്നു പോടാ ചെക്കാ..”

സീന്‍-3

“ആ സാറെ, അടുത്തയാഴ്ച സെക്രട്ടറിയറ്റിനു മുന്നില്‍ ധര്‍ണയുണ്ട്. അതിന്റെയൊരു പിരിവാണ്. ആയിരം രൂപ എഴുതട്ടെ..?”

“ആയിരം രൂപയോ..! ധര്‍ണ നടത്തുന്നതിനെന്തിനാ ഇത്രേം വലിയ പിരിവ്..?”

“പ്രവര്‍ത്തകന്മാര്‍ക്ക് തിരുവനന്തപുരത്തെണ്ടയോ.. പിന്നെ കൊടി, വടി..എല്ലാത്തിനും കാശു വേണ്ടേ സാറെ “

“എന്തായാലും ആയിരമൊന്നും എന്നെക്കൊണ്ടു പറ്റത്തില്ല. അന്‍പതു രൂപാ എഴുതിയ്ക്കോ..”

“അമ്പതു കൂവായോ..! അഞ്ഞൂറെങ്കിലും വേണം..”

“പറ്റത്തില്ലാന്നേ.. കാശ് തെകയാഞ്ഞിട്ട് പ്രഷറിന്റെ മരുന്നുപോലും മേടിയ്ക്കാന്‍ പറ്റിയില്ല അന്നേരമാ.. “

“അങ്ങനെ പറയാതെ.. ഇതാ, ഇരുനൂറ്റമ്പതേ എഴുതീട്ടുള്ളു.. കാശ് കൊടുക്ക്..”

“എന്നെക്കൊണ്ടാവില്ല മക്കളെ.. നിങ്ങളെല്ലാം കൂടി വന്ന സ്ഥിതിയ്ക്കാ അന്‍പതു തരാന്നു പറഞ്ഞെ, നിവൃത്തി ഉണ്ടായിട്ടല്ല..”

”താനെന്നാ കോപ്പു വര്‍ത്താനാ ഈ പറയുന്നെ.. ഇരുനൂറ്റമ്പത് എടുക്കടോ. താനിയ്ക്കീ നാട്ടില്‍ തന്നെയല്ലേ ജീവിയ്ക്കണ്ടെ..!”

“എന്താ പിള്ളേരെ നിങ്ങളിങ്ങനെയൊക്കെ സംസാരിയ്ക്കുന്നെ. കൈയിലൊള്ളതല്ലേ തരാന്‍ പറ്റൂ?  ശരി. ഇന്നാ നൂറു രൂപയുണ്ട്. ഇതു കൊണ്ട് തൃപ്തിപ്പെടണം.”

“നൂറു ഉലുവാ..!  എന്തായാലും   കൊട്.. നൂറിനൊന്നും രസീതെഴുതാറില്ല. തന്നെ ഞങ്ങള് പിന്നെ കണ്ടോളാം..“

(ശുഭം)

Monday 21 March 2011

വേര്‍പാടിന്റെ നിമിഷങ്ങള്‍.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സംശയമൊന്നുമില്ല, വേര്‍പാ‍ടിന്റെ നിമിഷങ്ങള്‍ ആണത്. പലതരത്തിലാണ് വേര്‍പാടുകള്‍ . ചിലത് താല്‍ക്കാലികമാകാം, മറ്റു ചിലത് സ്ഥിരമാകാം, ചിലപ്പോള്‍ അനിവാര്യമാകാം, മറ്റു ചിലപ്പോള്‍ അപ്രതീക്ഷിതമാകാം. ഒരു ഗണിത സമവാക്യം പോലെ ഇവയെ പല രീതിയില്‍ കൂട്ടിക്കിഴിയ്ക്കാമെങ്കിലും അപ്രതീക്ഷിതവും സ്ഥിരവുമായ വേര്‍പാടാണ് ഏറ്റവും കഠിനം. അനിവാര്യവും താല്‍ക്കാലികവുമായ വേര്‍പാടുകളും കഠിനമായി മാറാറുണ്ട്. ഒരിയ്ക്കലും ആരും ഇഷ്ടപെടുന്നില്ല, പ്രിയപ്പെട്ടവരുടെ വേര്‍പാട്. എങ്കിലും സാഹചര്യങ്ങള്‍ ചിലപ്പോള്‍ നമ്മെ അത്തരം അവസ്ഥകളിലേയ്ക്ക് വലിച്ചെറിയാറുണ്ട്. ഉമിത്തീ പോലെ അത് നീറി നീറി പൊള്ളിച്ചു കൊണ്ടിരിയ്ക്കും മനസ്സിനെ.

2001, ഒക്ടോബര്‍ 6.

താഴെയേതോ വീട്ടിലെ പൂവന്‍കോഴി ഒന്നു കൂവി, ദൂരെയെങ്ങോ ചക്രവാകപ്പക്ഷിയും. ഏതാണ്ട്  കാല്‍മണിക്കൂര്‍ മുന്‍പേ ഞാനുണര്‍ന്നതാണ്. ചുമ്മാ ഇരുട്ടുനോക്കി കിടക്കുകയായിരുന്നു. തുറന്നു കിടന്ന ജനല്‍ പാളിയിലൂടെ തണുത്ത കാറ്റ് ഉഴറി വരുന്നുണ്ട്. അകത്തെ മുറിയില്‍ അമ്മ എഴുനേറ്റു എന്നു തോന്നുന്നു. പുലര്‍ച്ചയുടെ ഒച്ചയനക്കങ്ങള്‍....

സ്വന്തം മുറിയിലെ കിടക്കയിലാണ്  ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യവും സൌഖ്യവും . എല്ലാ കഷ്ടതയില്‍ നിന്നും വിടുതല്‍ നേടി, ആശ്വാസത്തിന്റെ നേരിയ കുറുകലോടെ പുഞ്ചിരിയ്ക്കാന്‍ കഴിയുന്നത് നീണ്ടു നിവര്‍ന്ന് കിടക്കുമ്പോഴാണല്ലോ . ഇഷ്ടമുള്ളപ്പോള്‍ ഉണരാനും എണീറ്റുപോകാനുമുള്ള സ്വാതന്ത്ര്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖമെന്നോര്‍ത്തു പോയി.

അപ്പോള്‍ ചുമരിലെ വയസ്സന്‍ ക്ലോക്കില്‍ മണി നാലടിച്ചു. മരണത്തിലേയ്ക്ക് കൂട്ടികൊണ്ടു പോകാനുള്ള ജയില്‍ മണിയാണ്  മുഴങ്ങിയതെന്ന് എനിയ്ക്ക് തോന്നി. ഈ കിടക്കയിലെ എന്റെ സ്വാതന്ത്ര്യം ഇതാ അവസാനിച്ചിരിയ്ക്കുന്നു. പെട്ടെന്ന് എന്റെ ഹൃദയം അതിശക്തിയായി മിടിയ്ക്കാനും ശരീരം വിയര്‍ക്കാനും തുടങ്ങി. ഏതോ അപരിചിത ദേശത്താണ് ഞാന്‍ കിടക്കുന്നത്. പുറത്തെ ചൂളന്‍ കാറ്റിനൊപ്പം അന്യതാബോധവും എന്നെ വന്നു പൊതിഞ്ഞു. തൊണ്ടയില്‍ ഒരു ഗദ്ഗദം നോവായി അമര്‍ന്ന പോലെ...

നെഞ്ചിനെ ചുറ്റിയിരുന്ന കൈകള്‍ മെല്ലെ എടുത്തുമാ‍റ്റാന്‍ ശ്രമിച്ചപ്പോള്‍ ശക്തിയോടെ മുറുകി. അപ്പോള്‍ ആ മുഖം എന്റെ മേല്‍ ചേര്‍ന്നമര്‍ന്നു. നെഞ്ചില്‍ പടരുന്ന ചൂടുള്ള നനവ്..

“ഏയ്.. നാലുമണിയായി..” ഞാന്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു.

“ഇല്ല..ഞാന്‍ വിടില്ല..” തേങ്ങലിനിടയില്‍ ചിതറി വീണ വാക്കുകള്‍. ഞാന്‍ നിസ്സഹായതയോടെ കണ്ണടച്ചു. ഇതു വിധിയാണ്. ജീവിതം എനിയ്ക്കായി കാത്തുവച്ചിരുന്ന വേര്‍പാടിന്റെ വിധി. ബന്ധങ്ങളും കടപ്പാടുകളും ചേര്‍ന്ന് സമ്മാനിച്ച വിധി.  കണ്ണിലൊരു കരച്ചില്‍ ഒളിപ്പിച്ച് ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു, പിന്നെ ആ കൈകളെ ശക്തിയോടെ പറിച്ചു മാറ്റി എഴുനേറ്റു. മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കിടക്കയില്‍ നോക്കി. കണ്ണീരില്‍ കുതിര്‍ന്ന മുഖവുമായി പ്രിയപ്പെട്ടവള്‍. അരികില്‍ ഒന്നുമറിയാതെ, കൊച്ചു പുതപ്പിന്റെ ഊഷ്മളതയില്‍ ചരിഞ്ഞു കിടന്നുറങ്ങുന്ന മോള്‍. ഞങ്ങള്‍ക്കിടയിലെ നക്ഷത്രമായി അവള്‍ എത്തിയിട്ട് അറുപത് ദിവസങ്ങള്‍ മാത്രം.. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ എന്റെ ആത്മാവും മനസ്സും ആ കിടക്കയില്‍ തന്നെ ഉണ്ട്. ശരീരം മാത്രമേ എഴുനേറ്റുള്ളു. കനത്ത ഭാരം മൂലം കൈകാലുകള്‍ അനക്കാന്‍ പറ്റുന്നില്ല എനിയ്ക്ക്. എങ്കിലും ഒരു വിധം ഞാന്‍ അവളുടെ തലയില്‍ മെല്ലെ തലോടി..

“കരയാതെ...”

അപ്പോള്‍ അവള്‍  ഇരുകൈകളും കൂട്ടി എന്റെ കൈയെ പൊത്തിപ്പിടിച്ചു. പിന്നെ അതിലേയ്ക്ക് മുഖം ചേര്‍ത്ത് ഏങ്ങലടിച്ചു.

“എന്തിനാണ് ഏട്ടാ..ഈ പോക്ക്..?”

ഞാനൊന്നും മിണ്ടിയില്ല. പതിയെ കൈ വലിച്ചെടുത്ത് മോളെ ഒന്നു തൊട്ടു. അപ്പോളൊന്ന് ഞെട്ടിയിട്ട്  അവള്‍ ഉറക്കം തുടര്‍ന്നു. പിന്നെ ഞാന്‍ ചെവികള്‍ വലിച്ചടച്ചു. കണ്ണുകളെ പിന്‍വലിച്ചു. മനസ്സിനെ ചുരുട്ടിക്കൂട്ടി നിസംഗതയിലേയ്ക്ക് ഒളിപ്പിച്ചു . നേരത്തെ പ്രോഗ്രാം ചെയ്ത ഒരു യന്ത്രമനുഷ്യനെ പോലെ എഴുനേറ്റ് മുറ്റത്തിറങ്ങി.
കന്നിമാസത്തിലെ പുലര്‍ കാറ്റ്. കിഴക്ക് കറുത്ത തുണ്ടു മേഘങ്ങള്‍...

ദിനകൃത്യങ്ങള്‍ക്കപ്പുറം കിണര്‍ വെള്ളം തലയില്‍ കമഴ്ത്തിയൊരു കുളി. നേരിയ ഉന്മേഷ കണങ്ങള്‍ ഉച്ചിവഴി പാദം കവിഞ്ഞൊഴുകി. വീടുണര്‍ന്നു, വെളിച്ചമായി. എല്ലാ മുഖത്തും മ്ലാനത. കനത്ത നിശബ്ദതയ്ക്കിടെ അകലെ അമ്പലത്തില്‍ നിന്നും ശിവാഷ്ഠകം അല്പാല്പം ഒഴുകി വന്നു. താഴെ പള്ളിയില്‍ സുബഹി ബാങ്കും മുഴങ്ങി.

നാലു വയസ്സുള്ള ഉണ്ണിക്കുട്ടന്‍ ഇന്നലെ അമ്മൂമ്മയോടൊപ്പമായിരുന്നു കിടന്നത്. വീട്ടിലെ ഒച്ചയനക്കം കേട്ട് പതിവില്ലാതെ അവനും നേരത്തെ ഉണര്‍ന്നു. കുളികഴിഞ്ഞ് ഡ്രസ് മാറുന്ന എന്റെ കാലില്‍ കെട്ടിപ്പിടിച്ച് അവന്‍ ചിണുങ്ങി:

“അച്ഛയെവിടെ പോകുവാ..?”

ഞാന്‍ കുനിഞ്ഞ് ആ കവിളില്‍ അമര്‍ത്തി ചുംബിച്ചു.

“അച്ഛ വരുമ്പോള്‍ മോന് ചോക്കളേറ്റ് കൊണ്ടുവരാം കേട്ടോ..”

മരണം വിധിയ്ക്കപ്പെട്ടവന്റെ യാന്ത്രികതയോടെ ഞാന്‍ ഓരോന്നും ചെയ്തു കൊണ്ടിരുന്നു. തുണികള്‍, സര്‍ട്ടിഫിക്കറ്റ്, ടിക്കറ്റ്, പാസ്പോര്‍ട്ട്, പണം... അങ്ങനെ എല്ലാം യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തി. മരവിച്ച ശരീരത്തിനു കുളിരേകാന്‍ അല്പം ചൂടു കാപ്പി കുടിച്ചു.

അപ്പോള്‍ താഴെ നിന്നും ഒരു ഹോണ്‍ കേട്ടു. പോകാനുള്ള കാര്‍ എത്തിക്കഴിഞ്ഞു. ഇനി എനിയ്ക്കവശേഷിച്ചിരിയ്ക്കുന്നത് ഏതാനും നിമിഷങ്ങള്‍ മാത്രം. ഞാന്‍ മുറിയിലേയ്ക്ക് ചെന്നു. അവള്‍ കലങ്ങിയ മുഖവുമായി ഭിത്തിയില്‍ ചാരി നില്‍ക്കുന്നു. ചുണ്ടുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ട്. എനിയ്ക്കാ മുഖത്തേയ്ക്ക് നോക്കാനായില്ല. പരസ്പരം കൊരുത്തിരുന്ന ഹൃദയങ്ങള്‍ പറിച്ചുമാറ്റുമ്പോള്‍ പൊടിയുന്ന ചോരയുടെ നീറ്റല്‍. ജനലിനപ്പുറമുള്ള വിജനതയിലേയ്ക്കു കണ്ണുപായിച്ചു കൊണ്ട് ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു. ആ നെറുകിലും കവിളിലും  ചുണ്ടിലും ചുംബിച്ചു. പിന്നെ അപ്പോഴുമുറങ്ങുന്ന മോളെ മൃദുവായി ചുംബിച്ചു, ഉണര്‍ത്താതെ, ആ കവിള്‍ ഒട്ടും നോവാതെ. പുറത്തിറങ്ങിയ എന്റെ തോളില്‍ ഉണ്ണിക്കുട്ടന്‍ ചാടിക്കയറി.

“ഞാനും വരുന്നു അച്ചേടെ കൂടെ...”

ഇരു കവിളിലും ഓരോ മുത്തമിട്ട് ആ കുഞ്ഞിക്കൈകള്‍ വേര്‍പെടുത്തി അവനെ താഴെ നിര്‍ത്തി. കണ്‍പീലികളോളം വന്ന കരച്ചില്‍ ഏതാനും നീര്‍മണികളായി തിങ്ങി നിന്നു. ചുണ്ടിന്റെ വിറയല്‍ അറിയാതിരിയ്ക്കാന്‍ കടിച്ചുപിടിച്ചു.
അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കരയുന്ന മുഖങ്ങളില്‍ ഒന്നു പാളിനോക്കി, സ്യൂട്ട് കേസെടുത്ത്, ഒരു നിമിഷനേരത്തെ ശങ്കയ്ക്കു ശേഷം ഞാന്‍ പറഞ്ഞു:
”പോയ് വരാം..”
പിന്നെ മുന്നിലേയ്ക്ക് മാത്രം കണ്ണ് പതിപ്പിച്ച് അതിവേഗം പടിയിറങ്ങി. പിന്നിലെ സങ്കടവും തേങ്ങലും കേള്‍ക്കുകയില്ല, എന്തുവന്നാലും പിന്തിരിഞ്ഞു നോക്കുകയില്ല. ഹൃദയത്തെ വലിച്ചുപറിച്ച്, ഊരിയെടുക്കുന്ന നിമിഷങ്ങള്‍. അറവുശാലയിലേയ്ക്ക് ആനയിയ്ക്കപ്പെടുന്ന ബലിമൃഗത്തിന്റെ നിസഹായത...

റോഡില്‍ കിടന്ന കാറിന്റെ ഡോര്‍ വലിച്ചടച്ച്, തലകുനിച്ചിരുന്നു. ഞാന്‍ നടന്ന നാട്ടുവഴികള്‍, എന്റെ വീട്, തൊടി, അവിടുത്തെ കാറ്റും മണവും, പിന്നെ എന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന  സ്നേഹങ്ങളും, മെല്ലെ എല്ലാം അകലുകയാണ്. അല്പം മുന്‍പു വരെ ഭര്‍ത്താവും അച്ഛനും മകനുമായിരുന്ന എന്റെ മേലെ ഒരു കരിമ്പടം വന്നു വീണു, പ്രവാസിയുടെ. വേര്‍പാടിന്റെ മുറിവില്‍ നിന്നുതിര്‍ന്ന രക്തകണങ്ങള്‍ ആ കരിമ്പടത്തിനുള്ളില്‍ കിടന്ന്  എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരുന്നു.

പിന്മൊഴി: എല്ലാ പ്രവാസിയും ജീവിതത്തിലൊരിയ്ക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുണ്ടാകും, തീര്‍ച്ച.

Thursday 17 March 2011

“മറുപടി പറയൂ ഫെമിനിസ്റ്റുകളേ ”

ഏയ് ഫെമിനിസ്റ്റുകളെ, നിങ്ങളോടെനിയ്ക്ക് പുച്ഛമാണ്. എന്തറിഞ്ഞിട്ടാ നിങ്ങള്‍ സ്ത്രീകളെ ആരും മതിയ്ക്കുന്നില്ല, ഗൌനിയ്ക്കുന്നില്ല എന്നൊക്കെ പറയുന്നത് ? ശുദ്ധ വിവരമില്ലായ്ക ആണിത്. നിങ്ങളെന്റെ അനുഭവം കേട്ടുനോക്കൂ.

ഞാന്‍ ഒരു ചെറുപ്പക്കാരനാണ്. കാണാന്‍ അത്ര പോര; ഇന്ദ്രന്‍സ് ലുക്കാണ്, കാര്‍മുകില്‍ വര്‍ണ്ണം. പ്രൈവറ്റായി ബി.എ. ഫസ്റ്റ് ക്ലാസില്‍ പാസായി. ഇപ്പോള്‍  ഒരോഫീസില്‍ സെക്രട്ടറിപ്പണിയെടുക്കുന്നു. കൊള്ളാവുന്ന ഓഫീസായതു കൊണ്ട് ഫുള്‍ടൈം നെറ്റുണ്ട്. ആദ്യമൊക്കെ ഒഴിവുനേരങ്ങളില്‍ പത്രം വായന, യൂട്യൂബ് പരതല്‍ ഒക്കെയായിരുന്നു പണി. ചൂടന്‍ പടങ്ങളു വല്ലതും കിട്ടുമോന്നു ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല, എല്ലാം ബ്ലോക്കിയിരിയ്ക്കുകയാണ്. അങ്ങനെ ഏതോ നേരത്താണ് “ഫേസ്‌ബുക്ക്”എന്നു പറഞ്ഞ ഒരു സംഭവമുണ്ടെന്നറിഞ്ഞത്. ഒരു ഐ.ഡിയൊക്കെ ഉണ്ടാക്കി അതില്‍ കയറിപറ്റി. ഉള്ളതില്‍ നല്ലൊരു ഫോട്ടോ, കമ്പ്യൂട്ടറിലിട്ട് പരമാവധി തല്ലിയലക്കി വെളുപ്പിച്ച് പ്രൊഫൈലിലിട്ടു.  വിവരങ്ങളൊക്കെ സത്യമായി തന്നെയാണ് പൂരിപ്പിച്ചത്. ഭാഗ്യത്തിന് കൊള്ളാവുന്ന വല്ല കൊച്ചുങ്ങളും കയറിക്കൊത്തി കല്യാണത്തിലെത്തിയാല്‍, പറ്റിച്ചൂന്നു പറയരുതല്ലോ..!

ഇനി കുറച്ച്  ചങ്ങായിമാരെ കിട്ടണം. നോക്കുമ്പോള്‍ നല്ല മണിമണിപോലത്തെ പെണ്‍കുട്ട്യോള്സ്‍, കിടിലന്‍ ചേച്ചിമാര്, വലിയ വലിയ എമണ്ടന്‍ ചേട്ടന്മാര്, സിം‌പ്ലന്‍ ചെറുപ്പക്കാര്, ഒക്കെ ഇഷ്ടം പോലെ. നൂറോളം പേര്‍ക്ക് റിക്വസ്റ്റ്  വിട്ടെന്നാണ് ഓര്‍മ്മ. എന്നെ ആഡ് ചെയ്തത് വെറും പതിനെട്ട് പേര്..! പത്ത് ചേട്ടന്മാരും, ആറ് ചെറുപ്പക്കാരും രണ്ട് ചേച്ചിമാരും. ഒരൊറ്റ പെങ്കൊഞ്ച് പോലും മൈന്‍ഡാക്കിയില്ല.

എല്ലാവരും സ്റ്റാറ്റസ് ഇടുന്നതു കണ്ട് എനിയ്ക്കും മോഹമായി. നല്ല കനമുള്ളത് ഇരിയ്ക്കട്ടെ എന്നു കരുതി ചില മാസികളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നുമൊക്കെയായി  ഒന്നാന്തരം വാചകങ്ങള്‍ പൊക്കിയിട്ടു കൊടുത്തു. അബദ്ധത്തില്‍ ഒന്നോ രണ്ടോ പേര് ലൈക്കടിച്ചതല്ലാതെ ഒരുത്തനും ഗൌനിച്ചില്ല.

ഹോ..! ചിലവന്മാരുടെയൊക്കെ യോഗം! “ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു” എന്നൊരെണ്ണം കാച്ചിയാല്‍ അമ്പത്തേഴ് ലൈക്കും എഴുപത്തിമൂന്ന് കമന്റും. എന്നാപ്പിന്നെ ആ ലൈനില്‍  നോക്കാം എന്നു കരുതി ഞാനും ഇട്ടു .

“ഞാനിന്ന് ഉച്ചയ്ക്ക് ബിരിയാണി തിന്നു.”

ഒരു ദിവസം മുഴുവന്‍ കാത്തിരിരുന്നിട്ടും ഒരു ലൈക്ക് പോലും കിട്ടിയില്ല..! ശെടാ, കപ്പയ്ക്ക് ബിരിയാണിയേക്കാള്‍ വിലയോ !
പിറ്റേദിവസം മാറ്റി ഇട്ടു.

“ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു.”

“നീയെന്നാ കോപ്പെങ്കിലും തിന്നടേ“, എന്ന മട്ടില്‍ ഒരീച്ച പോലും ആവഴി വന്നില്ല.

ചാറ്റ് വിന്‍ഡോയില്‍ കണ്ടവരോടൊക്കെ “ഹായ്” പറഞ്ഞു. ഒന്നോ രണ്ടോ പേര്‍ മാത്രം തിരിച്ചും “ഹായ്“ പറഞ്ഞു. പിന്നെ വന്ന മെസേജ് “ബിറ്റ് ബിസി”. അപ്പോഴെനിയ്ക്ക് മനസ്സിലായി, എന്റെ ഈ ചളുങ്ങിയ മുഖവും കറമ്പന്‍ നിറവും വച്ചോണ്ടിരുന്നാല്‍ ആരും മൈന്‍ഡാക്കില്ല. അങ്ങനെ എന്റെ പടം മാറ്റിയിട്ട് സല്‍മാന്‍ ഖാന്റെ പടം കയറ്റി. വിദ്യാഭ്യാസം, ഗ്രാജ്വേഷന്‍ എന്നാക്കി.  ആശാവഹമായിരുന്നു മാറ്റം. ഇടയ്ക്കിടെ ചില ഫ്രെണ്ട് റിക്വസ്റ്റ് വരാന്‍ തുടങ്ങി. കുറച്ചു നാളുകൊണ്ട് നൂറോളം പേര്‍ ലിസ്റ്റിലെത്തി.  ഞാനിടുന്ന സ്റ്റാറ്റസിന് വല്ലപ്പോഴും ഓരോ കമന്റൊക്കെ കിട്ടി.

“ഞാനിന്ന്  ഉച്ചയ്ക്ക് കപ്പ തിന്നു” എന്നിട്ടപ്പോള്‍ “അതെന്താ ചോറില്ലായിരുന്നോ” , “കപ്പ അധികം തിന്നരുത്” എന്നിങ്ങനെ രണ്ട് കമന്റുകളും മൂന്ന് ലൈക്കും കിട്ടി. കുറച്ചു പുരോഗതി ആയെന്നര്‍ത്ഥം.

എന്നിട്ടും ചില തൈക്കിളവന്മാര്‍ക്ക് കിട്ടുന്ന കമന്റോ ലൈക്കോ എനിയ്ക്കു കിട്ടിയില്ല. എന്തുമാത്രം പെണ്ണുങ്ങളാ അവന്റെയൊക്കെ കൂടെ കെട്ടിമറിയുന്നത്..! അവളുമാരുടെ പുറകെ കുറെ ആണുങ്ങളും. എങ്ങനെ കളിച്ചാലും അറുപതും എഴുപതും കമന്റ് കിട്ടും ഓരോ പോസ്റ്റിനും..

ചില പെണ്ണുങ്ങളുടെ പോസ്റ്റിലാണെങ്കില്‍ നൂറില്‍ കുറഞ്ഞ കമന്റേയില്ല. ചില കെളവന്മാര് സ്ഥിരം കുറ്റികളായി അവളുമാരുടെ ഒപ്പം കൂടിയിരിയ്ക്കുകയല്ലേ. ഞാനും അവിടെയൊക്കെ പോയി ഓരൊ കമന്റിട്ടു. ഒരുത്തിയും ലൈക് തന്നില്ല. മറ്റവന്മാര്‍, ഞാനിങ്ങനെയൊരുത്തന്‍ അതിന്റെടേല്‍ ഉണ്ടെന്നു പോലും ഗൌനിച്ചില്ല.

ഇതുകൊണ്ടൊന്നും ഒരു രക്ഷയുമില്ലെന്നു മനസ്സിലായി. ഒരു ട്രാന്‍സ്ജെന്‍ഡര്‍ ഓപ്പറേഷനുള്ള സമയമായിരിയ്ക്കുന്നു. പുതിയ ഐ.ഡി ഒരെണ്ണം ഉണ്ടാക്കി. “ശ്രീദേവി”. നല്ലൊരു സുന്ദരിപ്പെണ്ണിന്റെ പടവും ഇട്ടു. വയസ്സ് ഇരുപത്തൊന്ന്.  വിദ്യാഭ്യാസം എഞ്ചിനീയറിംഗ്.

റിച്ചര്‍ സ്കെയിലില്‍ 9- രേഖപ്പെടുത്തിയ ചലനം ആയിരുന്നു ആദ്യദിവസം തന്നെ. നൂറ്റിയാറ് ഫ്രെണ്ട് റിക്വസ്റ്റ്...! പതിനാല് മെസേജ്. ചാറ്റ് വിന്‍ഡോ പൂട്ടിവച്ചു, ശല്യം കാരണം.

പിറ്റേന്ന് ആദ്യ സ്റ്റാറ്റസിട്ടു. ”ഞാനിന്ന് ഉച്ചയ്ക്ക് കപ്പ തിന്നു..” ഒരു മണിയ്ക്കൂറിനുള്ളില്‍ നാല്പത്തെട്ട് കമന്റും ഇരുപത്തിനാല് ലൈക്കും. ചില കമന്റുകള്‍ :
“കപ്പയാണോ “ശ്രീ”യുടെ സൌന്ദര്യരഹസ്യം..?”
“ബിരിയാണിയെക്കാളും എത്രയോ നല്ലതാണ് കപ്പ..”
“കപ്പ നമ്മുടെ ദേശീയ ഭക്ഷണം ആക്കണം..”
“ഞാനിനി മുതല്‍ കപ്പയേ തിന്നൂ ശ്രീദേവിക്കുട്ടീ...”

ഇവന്മാരുടെ ആക്രാന്തം കണ്ടപ്പോള്‍, “ഞാനൊരു പുരുഷനാടാ പുല്ലന്മാരെ” എന്നു പറഞ്ഞാലോയെന്നു പലവട്ടം തോന്നി. പിന്നെ വേണ്ടാന്നു വച്ചു, ഞരമ്പന്മാര് രസിച്ചോട്ടെ..!

ഒരാഴ്ചകൊണ്ട് ആയിരത്തഞ്ഞൂറ് ഫ്രെണ്ട്സ്. വലിയ വലിയ എമണ്ടന്‍ ചേട്ടന്മാരൊക്കെ എനിയ്ക്ക് റിക്വസ്റ്റ് അയച്ച കൂട്ടത്തിലുണ്ട്. പിന്നെ സിം‌പ്ലന്മാര് ചെറുപ്പക്കാരും.  ചെറുപ്പക്കാരെ സഹിയ്ക്കാം, അവന്മാര് കമന്റിട്ട് കളിയ്ക്കുകയേ ഉള്ളൂ. ചില തൈക്കിളവന്മാരുടെ മെസേജാണ് സഹിയ്ക്കാന്‍ വയ്യാത്തത്.  മോള് കല്യാണം കഴിച്ചതാണോ ? എന്താ ചാറ്റില്‍ വരാത്തത്..? ഞാനിത്ര മെസേജയച്ചിട്ടും എന്താ മറുപടി തരാത്തത്..?

അപ്പോഴാണ് എനിയ്ക്കൊരു രസം തോന്നിയത്. ഫേസ്‌ബുക്കില്‍ സ്ഥിരം നോട്ടെഴുതുന്ന  വിദ്വാന്  ഒരു മെസേജ് വിട്ടു:

“എന്റെ ചേട്ടാ..ഞാന്‍ ചേട്ടന്റെ ആരാധികയാണ് ! എന്തൊരു ഗ്ലാമറാണ് ചേട്ടന്റെ കണ്ണടയ്ക്കും ഊശാന്‍ താടിയ്ക്കും!! ചേട്ടനെ കണ്ടാലേ അറിയാം ഒരു ബുദ്ധിജീവിയാണെന്ന് !!! ചേട്ടന്റെ നോട്ട് ഞാന്‍ ദിവസവും മൂന്നുവട്ടം വായിയ്ക്കും..!!! ചേട്ടാ................!”

ഹോ..! പിന്നെ സുനാമിയടിച്ച മാതിരി ഒരു പ്രളയമായിരുന്നു. ദിവസം മൂന്നുനേരം ആ ചങ്ങാതിയുടെ മെസേജ് വരും “ചക്കരേ..തേനേ“ എന്നും പറഞ്ഞ്. മസിലു പിടിച്ചു നടന്ന ചില വലിയ ചേട്ടന്മാരൊക്കെ ഐസു പോലെ ഉരുകുന്നതു ഞാന്‍ കണ്ടു. കഴിഞ്ഞ ദിവസം  ചുമ്മാ ഒരു പോസ്റ്റിട്ടു:

“@!#@#“.

നൂറ്റി ഇരുപത്തെട്ട് കമന്റാണ് വീണത്..! നാല്പത് ലൈക്കും..!! വീട്ടിലെ പട്ടിയ്ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിന്റെ ഫോട്ടോ ഇട്ടു കൊടുത്തപ്പോള്‍, എല്ലാവന്മാരും കൂടി അത് നക്കി തോര്‍ത്തി വൃത്തിയാക്കി തന്നു. നൂറ്റി അറുപത് കമന്റ്, അന്‍പത്താറ് ലൈക്ക്. പണ്ട് സില്‍ക്കു സ്മിത കടിച്ച ആപ്പിളിന് ജനം അടികൂടിയത് ഞാനോര്‍ത്തുപോയി.

ഇനി പറ ഫെമിനിസ്റ്റുകളേ, എന്തടിസ്ഥാനത്തിലാണ് നിങ്ങള്‍ പറയുന്നത്, പെണ്ണുങ്ങള്‍ക്ക് വിലയില്ല്ലാന്ന്?

Tuesday 15 March 2011

സഹയാത്രികന്‍

ജീവിതത്തെ നാം സാധാരണ ഒരു യാത്രയോട് ഉപമിയ്ക്കാറുണ്ട്. യാത്രയ്ക്കിടയില്‍ പലരെ കാണുന്നു, പരിചയപ്പെടുന്നു, ചിലരെ സുഹൃത്താക്കുന്നു, ചിലര്‍ നമ്മെ സ്വാധീനിയ്ക്കുന്നു, അങ്ങനെയങ്ങനെ. ആലങ്കാരികമായി വളരെ ശരിയാണത്. ചിലപ്പോള്‍ യഥാര്‍ത്ഥ യാത്രയിലും അങ്ങനെയൊക്കെ സംഭവിയ്ക്കാറുണ്ട്.  കുറച്ചുനാള്‍ മുന്‍പ്  “ARROW" എന്ന ഹോളിവുഡ് സിനിമ കാണുകയുണ്ടായി. നായകന്‍ ലോസാഞ്ചലസിലുള്ള “പ്രസവാസന്നയായ” ഭാര്യയുടെ അടുത്തേയ്ക്കു പോകാന്‍ എയര്‍പോര്‍ട്ടിലെത്തുന്നു. അവിടെവച്ച് യാദൃശ്ചികമായി ഒരു വ്യക്തി നായകന്റെ ലഗേജ് തട്ടി മറിച്ചിട്ടു. പിന്നെ  മന:പൂര്‍വമല്ല്ലാത്ത ചില സംഭവങ്ങളാല്‍, ആ വ്യക്തിയും അയാളുടെ പട്ടിയും നായകന്റെ യാത്രമുടങ്ങാന്‍ കാരണക്കാരായി. തുടര്‍ന്ന് അയാളുടെ കാറില്‍ ലോസഞ്ചലസിലേയ്ക്ക്  പോകാന്‍ നായകന്‍ നിര്‍ബന്ധിതനായി. ഈ യാത്രയില്‍ കൂടെയുള്ളയാളിന്റെ അബദ്ധങ്ങളാല്‍ നായകന്‍ അനുഭവിയ്ക്കാത്ത ദുരിതങ്ങളൊന്നുമില്ല.  പണവും രേഖകളും നഷ്ടപെട്ടു, മറ്റുള്ളവരുടെ തല്ലുകൊണ്ടു‍, പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും പെട്ടു ‍, ആക്സിഡന്റ് പറ്റി കൈയും തലയും പൊട്ടി,  ഉറ്റസുഹൃത്തുമായി തെറ്റേണ്ടി വന്നു, അങ്ങനെയങ്ങനെ. ഇതൊക്കെ ആയിട്ടും നായകന് അയാളെ കുറ്റപ്പെടുത്താനോ ഒഴിവാക്കാനോ സാധിയ്ക്കുന്നില്ല, കാരണം അയാള്‍ മന:പൂര്‍വം ചെയ്യുന്നതല്ല ഇതൊന്നും. അങ്ങനെയങ്ങു സംഭവിച്ചു പോകുകയാണ്. അവസാ‍നം നായകന്‍ ഒരു പ്രാകൃതന്റെ അവസ്ഥയില്‍ ഒടിഞ്ഞ കൈയുമായി ഭാര്യയുടെ അടുത്തെത്തുമ്പോള്‍ പ്രസവമൊക്കെ കഴിഞ്ഞിരുന്നു.

 നമ്മുടെ യാത്രകളിലും ഇങ്ങനെ അപൂര്‍വം ചിലരെ പരിചയപെട്ടിട്ടുണ്ടാവാം. അവര്‍ നമ്മുടെ നല്ലതോ മോശമോ  ചില അനുഭവങ്ങള്‍ക്കു കാരണഭൂതരായേക്കാം. ഇങ്ങനെയൊന്നുമല്ലെങ്കിലും ഇക്കഴിഞ്ഞ നവംബറില്‍ ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട  ഒരു വ്യക്തിയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല.

കണ്ണൂര്‍കാരനായ ഞാന്‍ തൃശൂരില്‍ ഒരു പരിപാടിയ്ക്കു ശേഷം, ഉച്ചയ്ക്ക് മൂന്നുമണിയോടെ ശക്തന്‍ തമ്പുരാന്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള ബസില്‍ കയറി. അപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ശുഭ്രവസ്ത്രധാരിയായ, അന്‍പതു വയസ്സോളം പ്രായമുള്ള ഒരു മാന്യവ്യക്തി വന്നിരുന്നു.

ബസ് സ്റ്റാന്‍ഡ് വിട്ടു, കണ്ടക്ട്രര്‍ ബാഗുമായി വന്നു:

“ഗുരുവായൂര്‍..” ഞാന്‍ കാശ് കൊടുത്തു. ബാക്കി തന്ന ശേഷം അയാള്‍ അടുത്തയാളോടായി ചോദ്യം. ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഞാന്‍ കണ്ടക്ടറെ നോക്കി. അയാള്‍ എന്നെ ഗൌനിയ്ക്കുന്നില്ല.

“ടിക്കറ്റ് കിട്ടിയില്ല..” ഞാന്‍ അയാളോട് പറഞ്ഞു.

“നിര്‍ബന്ധമാണെങ്കില്‍ തരാം..” കണ്ടക്ടര്‍ എവിടെ നിന്നോ ഒരു ചുളുങ്ങിയ ടിക്കറ്റ് എനിയ്ക്കു തന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞാന്‍ കൊടുത്തതിലും വലിയ തുകയാണ് അതിലെ ചാര്‍ജ്. ഞാനിങ്ങനെ അത്ഭുതപ്പെട്ടിരിയ്ക്കുമ്പോള്‍ അടുത്തിരുന്നയാള്‍:

“തൃശൂരുകാരനല്ല അല്ലേ..?”

“അല്ല, കണ്ണൂരുകാരനാണ്. ഇവിടെയെന്താ ബസില്‍ ടിക്കറ്റ് കൊടുക്കുകയില്ലേ? കണ്ണൂരൊക്കെ ആണെങ്കില്‍ കൃത്യം ടിക്കറ്റ് തരും, അതും നല്ല കമ്പ്യൂട്ടറിലടിച്ച ടിക്കറ്റ്..”

“ഇവിടെ അങ്ങനെയൊന്നുമില്ല. കാശ് മേടിയ്ക്കും, അത്രതന്നെ..”

“അപ്പോള്‍ ചെക്കിങ്ങിനു വന്നാലോ..?”

“ആരു ചെക്കിങ്ങിനു വരാന്‍..?”

ഞാനാലോചിച്ചു ഇതെന്തു ഏര്‍പ്പാട്? ബസ് മുതലാളി എങ്ങനെ അറിയും തന്റെ ബസിലെ കളക്ഷന്‍ ? എല്ലാ യാത്രക്കാരും ടിക്കറ്റെടുത്തോ എന്ന് കണ്ടക്ടറെങ്ങനെ അറിയും? നല്ല പുതുമ തന്നെ ! അപ്പോഴതാ ശുഭ്രവസ്ത്രധാരിയുടെ ചോദ്യം:

“കണ്ണൂരൊക്കെ എങ്ങനെ ജീവിയ്ക്കുന്നു ? എപ്പോഴും തലവെട്ടും ബോംബേറുമല്ലേ..! ”

“ഹ ഹ ഇതൊക്കെ ആരുപറഞ്ഞു സാര്‍? കണ്ണൂര്‍ ജില്ലയുടെ ചിലപ്രദേശത്തുമാത്രമുള്ള പ്രശ്നങ്ങള്‍ക്ക് ജില്ലയ്ക്കു മൊത്തം ചീത്തപ്പേരാണെന്നു മാത്രം. മറ്റു പലയിടത്തെയും കാര്യങ്ങള്‍ നോക്കിയാല്‍ കണ്ണൂര് പ്രശ്നങ്ങള്‍ കുറവാണെന്നതാണ് സത്യം..”

“എന്നാലും രാഷ്ട്രീയത്തിന്റെ പേരില്‍ ഇങ്ങനെ തല്ലിച്ചാകണോ..!”

“ശരിയാണ്. എങ്കിലും രാഷ്ട്രീയത്തോടൊപ്പം തീവ്രമായ സ്നേഹബന്ധങ്ങളുടെ ഒരു തലം കൂടിയുണ്ട് ഈ അക്രമത്തിനൊക്കെ..”

“എങ്ങനെയാണ് നിങ്ങളുടെ നാട്ടിലൊക്കെ സ്ഥലത്തിനു വില ?”

“എന്റേത് കുറച്ച് ഉള്‍പ്രദേശമാണ് സാര്‍. സെന്റിന് അമ്പതിനായിരമൊക്കെ മതിയാകും..”

“ഹോ..ഇവിടെയൊക്കെ തീപിടിച്ച വിലയാണ്. ഞാനീയിടെ ആറ് സെന്റ് സ്ഥലത്തിന് വില ചോദിച്ചു. പതിനെട്ട് ലക്ഷം..! “

“ഇതൊക്കെ ടൌണ്‍ പ്രദേശമല്ലേ സര്‍, അത്രയൊക്കെ ഉണ്ടാകും..”

“ഞാന്‍ താമസിച്ചുകൊണ്ടിരുന്ന  സ്ഥലം ഈയിടെ വിറ്റു, മൂത്ത മോള്‍ക്ക് കുറച്ച് കാശ് കൊടുക്കണം. ബാക്കിയ്ക്ക് ഒരു വീട് വെയ്ക്കാനാണ് സ്ഥലം അന്വേഷിച്ചത്. അന്യായ വിലതന്നെ..”

“എന്തു ചെയ്യാനാ സാര്‍, സ്ഥലത്തിനൊക്കെ റോക്കറ്റ് വേഗത്തിലല്ലേ വിലകയറുന്നത്. എല്ലായിടത്തും  ഇതൊക്കെ തന്നെ സ്ഥിതി..”

“കണ്ണൂര് എന്താണ് ജോലി ?”

“ഞാനൊരു പ്രവാസിയാണ് ‍.  ലീവിനു വന്നതാണ്..”

“ഓ..ഗള്‍ഫിലൊക്കെ നല്ല സുഖമാണല്ലോ ജീവിതം..!”

“എന്തു സുഖം..? സ്വന്തം വീടും നാടും വിട്ടു അന്യനാട്ടില്‍ പോയി ജീവിതം പാഴാക്കാമെന്നു മാത്രം.  ജീവിതകാലം മുഴുവന്‍ പ്രവാസി ആയിട്ട് നാട്ടില്‍ തിരിച്ചുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതാകുന്ന എത്രയോ പേരുടെ അനുഭവങ്ങള്‍..“

അയാള്‍ അല്പനേരം മൌനമായിരുന്നു. പിന്നെ പറഞ്ഞു:

“ഇതൊന്നും ഗള്‍ഫുകാര്‍ക്കു മാത്രമുള്ള അനുഭവമല്ല സുഹൃത്തേ. ഇപ്പോള്‍ ഇവിടെയും വലിയ വ്യത്യാസമില്ല. ഞാന്‍ ഒരു റെയില്‍‌വേ കാന്റീന്‍ കോണ്ട്രാക്ടറാണ്. ഒരു വിധം കുഴപ്പമില്ലാതെ പോകുന്നുവെന്നു മാത്രം. രണ്ടു പെണ്മക്കളുണ്ട്. മൂത്തവളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. മരുമോന്‍ ബാംഗ്ലൂരില്‍ എഞ്ചിനീയര്‍. അവര്‍ക്കവിടെ ഒരു വീടുമേടിയ്ക്കണം. അതിന് ഞാന്‍ പത്തുലക്ഷം രൂപ കൊടുക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിയ്ക്കുകയാണ്. അവളല്ല, അവനാണ്. നേരിട്ടു പറയാതെ അവളെക്കൊണ്ട് പറയിയ്ക്കുന്നതാണ്..!”

എനിയ്ക്ക് അമ്പരക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്വകാര്യകുടുംബ വിഷയങ്ങളാണ് പറയുന്നത്. ഞാന്‍ അല്പം സങ്കോചത്തോടെ ഇരുന്നു.

“..അവളെ നന്നായി പഠിപ്പിച്ചു, പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും കഴിഞ്ഞു. നൂറ് പവനും അഞ്ച് ലക്ഷം രൂപയും കൊടുത്താണ് വിവാഹം നടത്തിയത്. അതു പോരാഞ്ഞിട്ടാണ് ഇപ്പോള്‍ പത്തുലക്ഷം ചോദിയ്ക്കുന്നത്. ഇനിയുമൊരു പെണ്‍കുട്ടിയുണ്ടെന്ന് അവള്‍ ആലോചിയ്ക്കേണ്ടെ..?”

“മക്കളുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ സ്വന്തം കാര്യം അവരാണ് നോക്കേണ്ടത്. അവരുടെ നിര്‍ബന്ധങ്ങള്‍ക്ക് അങ്ങനെ വഴങ്ങേണ്ടതുണ്ടോ..?”

“അതല്ലേ സുഹൃത്തേ രസം.., എന്റെ ഭാര്യ തന്നെയാണ് അക്കാര്യത്തില്‍ മുന്‍പന്തിയില്‍. അവളൊരു ഹാര്‍ട്ട് പേഷ്യന്റാണ്. ചികിത്സയ്ക്കായി വലിയൊരു തുക ചിലവാക്കിക്കഴിഞ്ഞു. പോട്ടെ അതു നമ്മുടെ കടമയാണ്. എന്നാല്‍ മകളുടെ കാര്യത്തില്‍ അവള്‍ക്ക് വലിയ പിടിവാശി. നമുക്കതു സാധിയ്ക്കുമോ എന്ന് അവള്‍ ചിന്തിയ്ക്കുന്നേയില്ല. അങ്ങനെയാണ് ഞാന്‍ സ്ഥലം വില്പനയാക്കിയത്..”

പെട്ടെന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു. മൂന്നാല് മിനിട്ടു നേരം ആരോടോ ഗൌരവത്തില്‍ സംസാരിച്ചശേഷം മൊബൈല്‍ പോക്കറ്റിലിട്ടു. വിക്ഷുബ്ധമായ മുഖം.

“മകളാണ്, അവര്‍ വീടിന് അഡ്വാന്‍സ് കൊടുക്കാന്‍ പോകുന്നു ..!”

എനിയ്ക്ക് നിശബ്ദതയല്ലാതെ മറ്റൊരു റോളുമില്ലല്ലോ..

“എന്റെ ജീവിതത്തില്‍ ഇന്നോളം അലച്ചിലല്ലാതെ ഒന്നുമുണ്ടായിട്ടില്ല. മൂന്നാണുങ്ങള്‍ ഉള്ള വീട്ടിലെ മൂത്ത ആളാണ് ഞാന്‍. വല്ലാതെ കഷ്ടപ്പെട്ടു,  അനുജന്മാരെ പഠിപ്പിയ്ക്കാനും അച്ഛനമ്മമാരുടെ കാര്യത്തിനുമായിട്ട് . വിവാഹശേഷം മാറിത്താമസിച്ചു. പിന്നെ മക്കള്‍ക്കും കുടുംബത്തിനുമായി ജീവിതം. ഭാര്യയോ മക്കളോ എന്റെ വിഷമവും ബുദ്ധിമുട്ടും മനസ്സിലാക്കുന്നില്ല, ചോദിയ്ക്കുന്നുമില്ല.  സത്യത്തില്‍, മക്കളില്ലാത്തവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നു പോലും തോന്നിയിട്ടുണ്ട്..”

“സാര്‍ ഇപ്പോള്‍ എങ്ങോട്ട് പോകുന്നു..?”

“ഗുരുവായൂരിലേയ്ക്ക്. ഭാര്യയും മോളും മുന്‍പിലുണ്ട്. എല്ലാ ഞായറാഴ്ചയും ദീപാരാധന തൊഴാന്‍ പോകും . ഞാന്‍ നിങ്ങളോട് ഒത്തിരി സംസാരിച്ചു അല്ലേ.. സത്യം പറഞ്ഞാല്‍ ഞാന്‍ ഇതൊന്നും ആരോടും ഇതു വരെ പറഞ്ഞിട്ടില്ല..”

“ഓ..അതൊന്നും സാരമില്ല. എനിയ്ക്കു മനസ്സിലാകും..”

ബസ് ഗുരുവായൂരിലെത്തി.

“എന്റെ പേര് വാസുദേവന്‍. എന്നെങ്കിലും കാണാം..”  നിറഞ്ഞ ചിരിയോടെ അയാള്‍ എന്റെ കൈകള്‍ പിടിച്ചു കുലുക്കിയിട്ട് എഴുനേറ്റു. ഞാന്‍  ഇറങ്ങുമ്പോള്‍ അയാളെ ശ്രദ്ധിച്ചു. ഭാര്യയും പതിനാല് വയസ്സു തോന്നിയ്ക്കുന്ന ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ട്.  അമ്പലത്തിലേയ്ക്കുള്ള ആള്‍ത്തിരക്കില്‍ അവര്‍ നടന്നു മറഞ്ഞു.

കേവലം ഒരു മണിക്കൂര്‍ പരിചയം കൊണ്ട് അയാള്‍ സ്വന്തം ജീവിതമാണ്  പറഞ്ഞത്. ഞാനാലോചിച്ചു; എന്തുകൊണ്ടാണ് അയാള്‍  എന്നോട് ഇത്രയും തുറന്നു സംസാരിച്ചത്? പ്രവാസികളുടെ ഒറ്റപ്പെടലിനെപറ്റി ഞാന്‍ സൂചിപ്പിച്ചതാകാം അതിനു കാരണം.  പലരും ഇങ്ങനെയാണ്, മനസ്സില്‍ അടക്കിപ്പിടിച്ച സങ്കടങ്ങള്‍ ഒന്നു തുറന്നു പറയാന്‍ ആരെയും കാണുന്നില്ല. മറ്റുള്ളവരെ കേള്‍ക്കാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല. ഒരു പക്ഷെ അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ നാമും നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞേക്കും അല്ലേ..

Saturday 12 March 2011

എഴുത്തുകാരന്റെ പ്രതിഫലങ്ങള്‍..

സംഗീതം, നടനം, ചിത്രണം എന്നിവ പോലെ മനുഷ്യരില്‍  ചിലര്‍ക്ക് ജന്മനാ ലഭിയ്ക്കുന്ന അനുഗ്രഹമാണ് എഴുതാനുള്ള കഴിവ്. സംഗീതകാരന്‍ രാഗ-താളങ്ങളിലൂടെയും, നടനകാരന്‍ ചലനങ്ങളിലൂടെയും ചിത്രകാരന്‍ വര്‍ണങ്ങളിലൂടെ യുമെന്നപോലെ എഴുത്തുകാരന്‍ അക്ഷരങ്ങളിലൂടെ അനുഭൂതി പകരുന്നു. വായനക്കാരന്റെ ഹൃദയത്തെ തൊടാന്‍ കഴിയുന്ന എഴുത്തുകാരന്‍ അവരുടെ മനസ്സില്‍ ജീവിയ്ക്കും. മറ്റെല്ലാ കലാകാരന്മാരെയും പോലെ എഴുത്തുകാരും പ്രതിഫലം ആഗ്രഹിയ്ക്കുന്നുണ്ട്. പേരെടുത്തവര്‍ പണമായിട്ടാണെങ്കില്‍ അല്ലാത്തവര്‍ പ്രശസ്തിയായിട്ടാണെന്നു മാത്രം. ഇതൊന്നുമല്ലാതെ വായനക്കാരില്‍ നിന്നു നേരിട്ട് ലഭിയ്ക്കുന്ന ചില പ്രതികരണങ്ങളുണ്ട്, അത് ചിലപ്പോള്‍ ഒരിയ്ക്കലും മറക്കാനാവാത്തതായിരിയ്ക്കും.

എന്നെപ്പോലൊരാള്‍ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിയ്ക്കപ്പെടാന്‍  യോഗ്യതയുള്ളയാളല്ല. എങ്കിലും നിരന്തരം കുത്തിക്കുറിച്ചുകൊണ്ടിരിയ്ക്കുന്നതിനാല്‍ ചിലരൊക്കെ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ടാവാം എനിയ്ക്കും ചില പ്രതികരണങ്ങള്‍ ലഭിയ്ക്കാറുണ്ട്.

എന്റെ ബ്ലോഗ്  നോക്കിയാല്‍ അറിയാം, മറ്റു പലരുടേതിനെയും അപേക്ഷിച്ച് വളരെ തുച്ഛമായ കമന്റുകളേ കാണാറുള്ളു. എന്നാല്‍ പേജ് വ്യൂവില്‍ വായനക്കാരുടെ എണ്ണം ധാരാളമുണ്ടു താനും. ഞാനാലോചിച്ചിട്ടുണ്ട് വായിച്ചവരെല്ലാം ഓരോ കമന്റിട്ടാല്‍ നൂറുകണക്കിന് കമന്റുകള്‍ വന്നേനെയല്ലോ എന്ന്. എന്തുമാകട്ടെ, ഉഗാണ്ടയില്‍ നിന്നും മൊസാംബിക്കില്‍ നിന്നും മാലിദ്വീപില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും കസാക്കിസ്ഥാനില്‍ നിന്നും കൊറിയയില്‍ നിന്നും ന്യൂസിലാണ്ടില്‍ നിന്നുമൊക്കെ ആരെങ്കിലും എന്നെ വായിയ്ക്കുമെന്ന് സ്വപ്നം കണ്ടിട്ടുകൂടിയില്ല ഒരു വര്‍ഷം മുന്‍പു വരെ.

ചിലര്‍ ഇ-മെയിലായി സ്നേഹവും അഭിനന്ദനവും അറിയിയ്ക്കാറുണ്ട്, എന്നാല്‍  ബ്ലോഗില്‍ ഒരിയ്ക്കലും കമന്റ് ഇടുകയില്ല. അതവരുടെ സ്വാതന്ത്ര്യം. ബ്ലോഗെഴുത്തിന്റെ തുടക്കകാലത്ത്, കമന്റാണ് എഴുത്തിന്റെ അംഗീകാരം എന്ന ചിന്തയോടെ ഞാന്‍ പലരെയും ലിങ്കയച്ച് ബുദ്ധിമുട്ടിയ്ക്കുമായിരുന്നു. ശല്യം സഹിയ്ക്കവയ്യാതെ ചിലരൊക്കെ കമന്റെഴുതുകയും ചെയ്തു. പിന്നെ പിന്നെ അതിനോടുള്ള ആര്‍ത്തി പോയി. ഇപ്പോള്‍ ഓരോ പോസ്റ്റിടുമ്പോഴും, എന്നെ ഫോളോ ചെയ്തവര്‍ക്കു മാത്രം ലിങ്കയയ്ക്കും. ഫേസ്ബുക്കിലും അഗ്രിഗേറ്ററിലും ലിസ്റ്റ് ചെയ്യും, കഴിഞ്ഞു. വായന, പ്രതികരണം ഇവയൊക്കെ മറ്റുള്ളവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിയ്ക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ വെക്കേഷന്‍ കാലത്ത്, ഒരു സന്ധ്യനേരം ഞാന്‍ ബസില്‍ യാത്ര ചെയ്യുകയാണ്. എന്റെ അടുത്തിരുന്ന ആള്‍ കുറേ നേരമായി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാനത് അറിയുന്നുണ്ടെങ്കിലും പുറത്തേയ്ക്കു നോക്കിയിരുന്നു. അവസാനം അയാള്‍ എന്നോട് ചോദിച്ചു:

“ബിജു.. ബിജുകുമാറാണോ..?”

“അതേല്ലോ...”

“നിങ്ങള്‍ ബ്ലോഗെഴുതാറുണ്ടല്ലേ..?”

“ഉണ്ട്. വായിയ്ക്കാറുണ്ടോ..?”

“കുറച്ചെണ്ണം വായിച്ചിട്ടുണ്ട്. എന്റെ അളിയന്‍ അയര്‍ലണ്ടിലാണ്. പുള്ളിക്കാരന്‍ നിങ്ങളുടെ സ്ഥിരം വായനക്കാരനാണ്. അദ്ദേഹം പറഞ്ഞിട്ടാണ് ഞാന്‍ വായിയ്ക്കാന്‍ തുടങ്ങിയത്. നന്നായിട്ടുണ്ട് കേട്ടോ”.  അങ്ങനെ അദ്ദേഹം കുറേ നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ കോയമ്പത്തൂരിലുള്ള കസിനുമായി എന്റെ പോസ്റ്റുകളെപറ്റി സംസാരിയ്ക്കാറുണ്ടത്രേ..! രയറോംകാരനായതു കൊണ്ടും, എന്റെ പ്രൊഫൈല്‍ പടം ഓര്‍മ്മയുള്ളതുകൊണ്ടുമാണ് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞത്. വിസ്മയിച്ചു പോയി, ഞാന്‍ പടച്ചുവിടുന്ന ചവറുകള്‍ ഇവരൊക്കെ വായിയ്ക്കുന്നു എന്നോ..!

കഴിഞ്ഞ ആഴ്ചയില്‍, മേല്‍പ്പറഞ്ഞ അയര്‍ലണ്ടുകാരന്‍ അളിയന്‍ നാട്ടിലെത്തിയപ്പോള്‍ എന്റെ വീട്ടില്‍  വന്നു,  അദ്ദേഹത്തിന്റെ ആശംസകള്‍ എന്നെ അറിയിയ്ക്കാന്‍ വീട്ടുകാരെ പറഞ്ഞേല്‍പ്പിച്ചു..! ബ്ലോഗില്‍ ഒരു കമന്റു പോലും ഇടാത്ത ആളാണിത്.

ഇതേ വെക്കേഷന്‍ കാലത്ത് തന്നെ, രയറോത്തിന്റെ തൊട്ടടുത്ത ഗ്രാമമായ “നെല്ലിപ്പാറ“യിലെ ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ “എബിന്‍”‍, എന്റെ ബ്ലോഗ് മിക്കവാറും വായിയ്ക്കാറുണ്ട്. നെല്ലിപ്പാറയില്‍ വച്ചാണ് ഞങ്ങള്‍ നേരില്‍ കണ്ടത്. എന്നെ കണ്ടപാടെ എബിന്റെ പ്രതികരണം:

“ഹോ, ഞാന്‍ കരുതി നിങ്ങള്‍ തീരെ ചെറുപ്പമാണെന്ന്..!”

കഷണ്ടി കയറിയ തലതടവി ഞാന്‍ പറഞ്ഞു: “വല്ലാതെ ചിന്തിയ്ക്കുന്നതു കൊണ്ട് മുടികൊഴിഞ്ഞതാ.”

പിന്നെ ഞങ്ങള്‍ അടുത്തുള്ള ചായക്കടയില്‍ പോയി ചായയും പഴം പൊരിച്ചതും കഴിച്ചുകൊണ്ട് ഒത്തിരി സംസാരിച്ചു. എന്നോടുള്ള ഇഷ്ടം അവന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ ഒരു ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബ്ലോഗെഴുതുന്ന ആരെയെങ്കിലും ജീവനോടെ കാണുന്നത് അന്നാണ്. മീറ്റ് തുടങ്ങുന്നതിനു മുന്‍പുള്ള അനൌപചാരിക പരിചയപ്പെടലില്‍ പലര്‍ക്കും എന്നെ അറിയാമെന്നു പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. എന്റെ പ്രിയപ്പെട്ട എഴുത്തുകാരി “ലിഡിയ“യുടെ ക്ലാസ്‌മേറ്റ്, “ദീപക്“ എന്നൊരു ചെറുപ്പക്കാരന്‍ എന്നെ പരിചയപ്പെട്ടു. ലിഡിയയും ദീപക്കും എന്നെ പറ്റി സംസാരിച്ചിട്ടുണ്ടത്രേ..! തുടര്‍ന്ന് ആ വേദിയില്‍ ഒരു യുവാവ് (ജിപ്പൂസ്) എന്നെ ഒന്നാലിംഗനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്കും കണ്ണു നിറഞ്ഞു. അക്ഷരങ്ങളെ, നിങ്ങളാണല്ലോ എന്നെ ഇതിനൊക്കെ അര്‍ഹനാക്കിയത്. ഇതു കൂടാതെ ഹൃദയത്തില്‍ തൊട്ട ഏതാനും സൌഹൃദങ്ങളും ബ്ലോഗെഴുത്ത് വഴി ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ എന്റെ മൊബൈലില്‍ സൌദിയില്‍ നിന്നൊരു കോള്‍ വന്നു:

“ബിജുകുമാറല്ലേ..ഞാന്‍ മക്കത്തുനിന്നും നാസറാണ്.. ഇങ്ങക്കു സുഖല്ലേ..?” ഞാനൊന്നാലോചിച്ചു, എനിയ്ക്ക് ഇങ്ങനെയൊരാളെ പരിചയമില്ലല്ലോ.. !

“അതേ, സുഖമാണ്..ക്ഷമിയ്ക്കണം, നാസറിനെ എനിയ്ക്കു മനസ്സിലായില്ല..“

“ഞാനിവിടെ ട്രെയിലര്‍ ഡ്രൈവറാണ്.  ഒരാവശ്യത്തിന് വണ്ടി നിറുത്തി പുറത്തിറങ്ങിയപ്പോള്‍ ഒരു പത്രക്കഷണം കിട്ടി, മാധ്യമത്തിന്റെ. അതില്‍ ഇങ്ങടെ ഒരു ലേഖനോം ഫോണ്‍ നമ്പരും കണ്ടു. വെറുതെ വിളിച്ചതാണ്. ലേഖനം നന്നായിട്ടുണ്ട് കേട്ടോ..”

ഞാന്‍ വീണ്ടും ആലോചിച്ചു. ശരിയാണ്, ഒരു മാസം മുന്‍പ് ഗള്‍ഫ് മാധ്യമത്തില്‍ ഞാനൊരു ലേഖനം എഴുതിയിരുന്നു. (വല്ലപ്പോഴും അങ്ങനെ എഴുതാറുണ്ട്). അതിന്റെ ഒരു കഷണമാണ് നാസറിന് കിട്ടിയത്. വഴിവക്കില്‍ കിടന്ന പത്രക്കടലാസ് വായിച്ച് എന്നെ വിളിയ്ക്കാന്‍ തോന്നിയ ആ സാധാരണക്കാരന്റെ സ്നേഹം, നമുക്കു കിട്ടാവുന്ന വലിയൊരു അംഗീകാരം തന്നെയല്ലേ..!

ഇപ്പറഞ്ഞതൊക്കെ മുതിര്‍ന്നതിനു ശേഷമുള്ള എഴുത്തു വിശേഷങ്ങളാണ്. എന്നാല്‍ എഴുത്തിന്റെ അസുഖം ചെറുപ്പത്തില്‍ തന്നെ എനിയ്ക്കുണ്ടായിരുന്നു. അന്നു കിട്ടിയ വലിയൊരു അംഗീകാരത്തിന്റെ കഥ പറയാനുള്ള ആമുഖം മാത്രമാണ് ഇപ്പറഞ്ഞതൊക്കെ.

ഞാന്‍ കോട്ടയം ബസേലിയോസ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം. അന്ന് പലതും എഴുതുകയും കീറിക്കളയുകയും പതിവ് പരിപാടികളാണ്. ചിലത് വാരികകള്‍ക്ക് അയക്കും, അവയൊക്കെ റബ്ബര്‍ പന്തുപോലെ തിരിച്ചു വരുകയും ചെയ്യും. എന്നാല്‍ പിന്നെ ഒരെണ്ണമെങ്കിലും അച്ചടിമഷി പുരട്ടിക്കണമെന്ന വാശിയായി.

കോട്ടയം അക്ഷരനഗരി ആണല്ലോ. നാഗമ്പടം പാലത്തിനപ്പുറം SH മൌണ്ട് എന്ന പ്രദേശം പൈങ്കിളി വാരികകളുടെ വിഹാരകേന്ദ്രമായിരുന്നു. “മാ”യും “പാ”യും “ജാ”യുമൊക്കെയായി അര ഡസനോളം പൈങ്കിളികളാണ് അവിടെ കൂട് കെട്ടിയിരുന്നത്. ഒരു ദിവസം ഞാന്‍ മെനക്കെട്ടിരുന്ന് ഒരു “സൃഷ്ടി” നടത്തി. “സാലഭഞ്ജിക” എന്നാണ് അതിന്റെ പേര്. ചുവന്ന തെരുവിലെ ഒരു പെണ്ണിന്റെ ഓര്‍മ്മ. അവളെ ഭര്‍ത്താവ് ചതിച്ച് ഇവിടെയെത്തിച്ചതാണ്. കസ്റ്റമറെ കാത്ത് അവള്‍ നില്‍ക്കുന്ന രംഗമൊക്കെ അല്പം മസാലപുരട്ടി മിനുക്കിയങ്ങെഴുതി.

ഈ സാധനവുമായി, അറിയപ്പെടുന്ന ഒരു പൈങ്കിളിയുടെ SH മൌണ്ടിലുള്ള കൂട്ടില്‍ ഞാന്‍ നേരിട്ട് ചെന്നു. അവിടിരുന്ന ആണ്‍‌കിളി, തുറന്നു നോക്കുകപോലും ചെയ്യാതെ “പിന്നെ വരാന്‍“ പറഞ്ഞ് സാലഭഞ്ജികയെ ഒഴിവാക്കി. തുടര്‍ന്ന് മറ്റു രണ്ടു പൈങ്കിളിക്കൂടുകളിലും  ഇതു തന്നെ അവസ്ഥ. പരിക്ഷീണനായി ഞാന്‍ നാലാമത്തെ കൂടിലേയ്ക്ക്  കയറിച്ചെന്നു. ചെറിയൊരു മുറി. രണ്ടുപേര്‍ ഇരുന്ന് ബീഡി വലിയ്ക്കുന്നുണ്ട്.

“സര്‍, എഡിറ്ററെ ഒന്നു കാണാന്‍ പറ്റുമോ..?”

ഈര്‍ക്കിലി പോലത്തെ ഒരു പയ്യന്‍ വന്നു ചോദിച്ചതു കേട്ട് അമ്പരന്ന്  അവര്‍ എന്നെ നോക്കി. പിന്നെ കൈകാട്ടി:

“കയറിവാ..എന്താ കാര്യം..?”

“സാര്‍..ഒരു കഥയുണ്ട്. ഒന്നു നോക്കണം..”

മുന്നില്‍ നില്‍ക്കുന്നത് ഭാവിയിലെ ജ്ഞാനപീഠ ജേതാവാണെന്നോ മറ്റോ തോന്നിയിട്ടാവാം, അയാള്‍ എന്റെ കൈയില്‍ നിന്ന് സാലഭഞ്ജികയെ മേടിച്ചു.  അപ്പോള്‍ തന്നെ  വായിച്ചു.
 
“ശരി, അടുത്ത മാസം ചേര്‍ക്കാം..!”. അതിന്മേല്‍ പേന കൊണ്ട് എന്തോ എഴുതിക്കൊണ്ട് അയാള്‍ പറഞ്ഞു.

എന്റെ തല മുറിയുടെ മച്ചിന്മേല്‍ ഇടിച്ചില്ല എന്നേയുള്ളു, ലോകം വെട്ടിപ്പിടിച്ച സന്തോഷമാണുണ്ടായത്.   എന്റെ കഥ അച്ചടിയ്ക്കാന്‍ പോകുന്നു..!

അടുത്തമാസം പരീക്ഷയാണ്. അതിനു ശേഷം ഞാന്‍ മലബാറിലെ എന്റെ വീട്ടിലേയ്ക്കു പോകും. അതുകൊണ്ട് രയറോത്തെ അഡ്രസ് കൂടി കൊടുത്തിട്ടാണ് പോന്നത്. പരീക്ഷ കഴിഞ്ഞു, ഞാന്‍ രയറോത്ത് വീട്ടിലെത്തി. കഥ വരുന്നതും കാത്തിരിപ്പാണ്. ഇപ്പറഞ്ഞ പൈങ്കിളി രയറോത്തൊന്നും വില്പനയ്ക്കു വരാറില്ല. അവര്‍ കോപ്പി അയച്ചു തരും എന്ന  പ്രതീക്ഷയോടെയാണ് ഇരിപ്പ്.

എന്റെ അയലത്ത് ഒരു സുന്ദരിക്കുട്ടിയുണ്ട്. വലിയ കറുത്ത കണ്ണുകളും തിളങ്ങുന്ന കവിളുകളുമുള്ള  സമപ്രായക്കാരി, “റോസ്”. എന്നെ കാണുമ്പോള്‍ അവള്‍ ചിരിയ്ക്കും, കൊല്ലുന്ന ചിരി. അപ്പോള്‍ എന്റെ ശ്വാസം വിലങ്ങി, ചിരിയെന്നു പറയാന്‍ പറ്റാത്ത ഒരു വൈകൃതം മുഖത്തു മിന്നിമറയും. പിന്നെ പലപ്പോഴും സ്വപ്നത്തില്‍ അവള്‍ കൂട്ടുവരാന്‍ തുടങ്ങി. നേരില്‍ പറയാന്‍ പറ്റാത്തതെല്ലാം അപ്പോള്‍ പറഞ്ഞു, കൈമാറി.

പുസ്തകപ്പുഴുവായ എന്റെ കൈയില്‍ ധാരാളം മാഗസിനുകള്‍ ഉണ്ടാകും. ഒരു ദിവസം റോസിന് വായിയ്ക്കാനായി എന്റെ കൈയില്‍ നിന്നും ഒരു മാസിക മേടിയ്ക്കാന്‍ അവളുടെ ചെറിയ അനുജന്‍ വീട്ടില്‍ വന്നു.  അപ്പോള്‍ എനിയ്ക്കൊരു കുസൃതി തോന്നി. ഞാന്‍ മാസികയില്‍ പേന കൊണ്ട് ഇങ്ങനെ എഴുതി: “സൌന്ദര്യം നശ്വരമാണ്, ബുദ്ധി അനശ്വരവും.” എനിയ്ക്ക് സൌന്ദര്യമില്ലാത്തതിന്റെ അപകര്‍ഷത്തില്‍ നിന്നാണ് അങ്ങനെ എഴുതാന്‍ തോന്നിയത്. ദിവസങ്ങള്‍ക്കു ശേഷം മാസിക തിരികെയെത്തിയപ്പോള്‍, ഞാനെഴുതിയതിനു തൊട്ടു താഴെ അവള്‍ എഴുതിയിരിയ്ക്കുന്നു: “സൌന്ദര്യം ദൈവത്തിന്റെ വരദാനമാണ്. ബുദ്ധി പ്രയോഗം കൊണ്ടു മാത്രമേ അനശ്വരമാകൂ.. ” ഞാന്‍ വല്യ ബുദ്ധിജീവിയാണെന്നുള്ള സകല അഹങ്കാരവും കത്തിച്ചാമ്പലായി പോയി. പിന്നെ അവളെ കാണുമ്പോള്‍ വല്ലാത്ത  ലജ്ജ കൊണ്ട് ഞാന്‍ മുഖം തിരിച്ചുകളയും.

ഒരു ഉച്ചയ്ക്ക് രയറോത്ത് നിന്നു വന്ന അച്ഛന്റെ കൈയില്‍ ഒരു ബുക്ക്പോസ്റ്റ്. എന്റെ കഥ അച്ചടിച്ച പൈങ്കിളി..! ഉദ്വേഗത്തോടെ ഞാന്‍ തുറന്നു നോക്കി. കഥയോടൊപ്പം ഒരു സുന്ദരിയുടെ അര്‍ദ്ധനഗ്ന ചിത്രം വരച്ചിട്ടുണ്ട്. അപ്പനുമമ്മയും ഇതു വായിയ്ക്കുമോ എന്നൊരു പേടിയെന്നെ പൊതിഞ്ഞു. എന്തായാലും അതേപറ്റി സംസാരമൊന്നും കേട്ടില്ല. എന്നാല്‍ മകന്റെ വീരസ്യം അയലത്തൊക്കെ പോയി വിളമ്പാന്‍ അമ്മ മറന്നില്ല.

പിറ്റേ ദിവസം ഉച്ച കഴിഞ്ഞ നേരം. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു. അടുക്കളയിലെ കതകില്‍ ഒരു മുട്ട്.  വേഗം പോയി വാതില്‍  തുറന്നു.

റോസ്..!

അറിയാതെ ഒരു പെരുപ്പ് മേലാകെ. തൊണ്ടയിലെ വെള്ളം വറ്റി. കൈകള്‍ അറിയാതെ വിറച്ചു.

“എവിടെ.. ആ കഥയൊന്നു കാണിച്ചേ..”

പൂനിലാവുദിച്ച ചിരിയോടെയുള്ള അവളുടെ ചോദ്യം. ഞാന്‍ പൈങ്കിളിയെടുത്തു കൈയില്‍ കൊടുത്തു. അപ്പോള്‍ അറിയാതെയൊന്നു സ്പര്‍ശിച്ചു പോയി.  ഒരു വൈദ്യുതി പ്രവാഹത്തിന്റെ ഞെട്ടല്‍ ! അവള്‍ അതുമായി പോകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ വാതില്‍ക്കല്‍ നിന്നു തന്നെ അവള്‍ അതു മൊത്തം വായിച്ചു. വല്ലാത്ത ലജ്ജയോടെ, ഞാന്‍ മുഖം തിരിച്ച് അകത്തേയ്ക്ക് മാറി നിന്നു. ആ മസാലയൊക്കെ അവള്‍ വായിയ്ക്കുമല്ലോ ദൈവമേ..

ഇടയ്ക്ക് ഞാനൊന്നു കണ്ണുവെട്ടിച്ച് നോക്കി. അന്നേരം ആ വലിയ കറുത്ത കണ്ണുകള്‍ എന്റെ കണ്ണിലേയ്ക്കു പാളി വന്നു, മെല്ലെയൊരു ചിരി, വായന തുടര്‍ന്നു.  ച്ഛേ..! അവള്‍ പുച്ഛിച്ച് ചിരിച്ചതാവും. ഞാന്‍ വീണ്ടും മുഖം കുനിച്ചു നിന്നു.
അപ്പോള്‍ മാഗസിന്‍ മടക്കിയിട്ട്, റോസ് മെല്ലെ എന്റെ അടുത്തെത്തി. പിന്നെ ഒരു നിമിഷം എന്നോട് ചേര്‍ന്നു നിന്നു.  ശ്വാസം നിലച്ച് നിശ്ചലനായിപ്പോയി ഞാന്‍. അവളുടെ നേര്‍ത്ത ചൂട് എന്നില്‍ പ്രസരിച്ചു. പെണ്ണിന്റെ ഗന്ധം ശ്വാസത്തില്‍ പടര്‍ന്നു. ഓരോ രോമകൂപത്തിലും കുളിര്‍ നിറഞ്ഞു. വല്ലാത്തൊരനുഭൂതി. അവള്‍ മാഗസിന്‍ എന്റെ കൈയില്‍ തന്നു, പിന്നെ കൈയുയര്‍ത്തി എന്റെ കവിളില്‍ മൃദുവായി ഒന്നു തൊട്ടിട്ട്  പറഞ്ഞു:

“നന്നായിട്ടുണ്ട്..” എന്നിട്ട് പുറത്തേയ്ക്കു പോയി.

ഒരിയ്ക്കലും അവസാനിയ്ക്കരുതെന്നാശിച്ച ഏതാനും നിമിഷങ്ങള്‍ ബാക്കിവെച്ച്, വസന്തം അതിന്റെ പൂക്കളെയും സൌരഭ്യത്തെയും  വാരിയെടുത്ത് പടിയിറങ്ങിപ്പോയതു പോലെ തോന്നിയെനിയ്ക്ക്. ആസിഡ് കൊണ്ടു തൊട്ട പോലെ കവിളില്‍ അവള്‍ സ്പര്‍ശിച്ച ഭാഗം പൊള്ളിക്കൊണ്ടിരുന്നു, ദിവസങ്ങളോളം.

എന്റെ എഴുത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി ഞാനിന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്നു ആ നിമിഷങ്ങളെ.

Wednesday 9 March 2011

തലക്കാവേരിയിലേയ്ക്കൊരു സാഹസികയാത്ര !

നിങ്ങള്‍ക്കറിയാമോ, ജീവിതത്തിലെ നല്ലയാത്രകള്‍ ഒരിയ്ക്കലും മുന്നേക്കൂട്ടി ചിന്തിച്ചുറപ്പിയ്ക്കുന്നതല്ല, മറിച്ച് പെട്ടെന്നൊരു തോന്നലില്‍ ഇറങ്ങിപ്പുറപ്പെടുന്നവയാണ്. ഇഷ്ടപ്പെട്ട പെണ്ണിനെ കൈപിടിച്ച്, ഒരു സുപ്രഭാതത്തില്‍ എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടുപോകും പോലെയാണത്. അനിശ്ചിതത്വത്തിന്റെ ഭീതിതമായ സൌന്ദര്യം ആസ്വദിച്ചുള്ള യാത്രയുടെ സുഖം, മുളകിട്ട അയല‌കറി കഴിച്ചശേഷം വായില്‍ ബാക്കി നില്‍ക്കുന്ന എരിവുപോലെയാണ്.

കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പ്രധാനനദിയാണ് കാവേരി. അതിലെ വെള്ളത്തിന്റെ പേരിലുള്ള പുകിലുകള്‍ നമുക്കറിയാമല്ലോ. ഈ നദിയുടെ ഉല്‍ഭവം കുടകിലെ വാഗമണ്ഡലത്തിനടുത്തുള്ള തലക്കാവേരീതീര്‍ത്ഥത്തിലാണ്. പലപ്പോഴും പറഞ്ഞും വായിച്ചുമൊക്കെ തലക്കാവേരിയെപറ്റി കേട്ടിട്ടുണ്ട്. കേരള അതിര്‍ത്തിയിലുള്ള പാണത്തൂര്‍ നിന്നും ബസിനു പോയാല്‍ വാഗമണ്ഡലത്തെത്താം. അവിടെനിന്നു തലക്കാവേരിയ്ക്കും. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ പുളിങ്ങോം എന്ന സ്ഥലത്തുനിന്നും പുഴകടന്ന്, ഏകദേശം ഇരുപത്തഞ്ച് കിലോമീറ്റര്‍ കാട്ടില്‍കൂടി നടന്നാലുംതലക്കാവേരിയിലെത്താം. ചില സാഹസികര്‍ അങ്ങനെ പോകാറുണ്ട്.

അക്കാലം, ഈയുള്ളവന്‍ വിപ്ലവ പ്രവര്‍ത്തനത്തിനൊപ്പം രയറോത്തെ ഒരു സാംസ്കാരിക സംഘടനയുടെ സെക്രട്ടറി കൂടെയായിരുന്നു. എന്തും വേറിട്ടു ചിന്തിയ്ക്കുക എന്നൊരു തലതിരിഞ്ഞ സ്വഭാവം അന്നും എനിയ്ക്കുണ്ട്. അതുകൊണ്ടായിരിയ്ക്കും ഒരു കാര്യവുമില്ലാതെ അന്ന് വൈകുന്നേരം എനിയ്ക്കങ്ങനെ തോന്നിയത്.

“എടാ നമുക്ക്  തലക്കാവേരിയ്ക്കു പോയാലോ, പുളിങ്ങോത്ത് നിന്നും നടന്ന്..?”

എന്റെ വിഢിത്തങ്ങള്‍ക്ക് സമ്മതം മൂളാന്‍ ചിലരൊക്കെ അന്നും ഉണ്ട്. കേട്ടപാതി കേള്‍ക്കാത്ത പാതി ഒന്‍പതുപേര്‍ ചാടിക്കേറി സമ്മതിച്ചു. പിറ്റേന്ന് രാവിലെ തന്നെ  പുറപ്പെടുക എന്നും തീരുമാനമായി. ഈ സാഹസിക യാത്രയ്ക്ക് ഉടന്‍ ഒരു പേരുമിട്ടു, “കാടറിയാന്‍..”. ഒപ്പമുള്ള ഒരു കലാകാരന്‍ അപ്പോള്‍ തന്നെ  കടലാസില്‍ “കാടറിയാന്‍.. സാഹസികയാത്ര” എന്ന പേരില്‍ പോസ്റ്ററെഴുതി, മൈദാമാവു തേച്ച്  രയറോത്തെ പൂട്ടിക്കിടക്കുന്ന തട്ടുകടയുടെ സൈഡില്‍ ഒട്ടിച്ചു. ഞങ്ങളുടെ സാഹസികത നാലുപേരറിയട്ടെ.

പിറ്റേന്ന് രാവിലെ ഏഴുമണിയ്ക്ക് ഞങ്ങള്‍ പത്ത് സാഹസികര്‍ രയറോത്ത് നിന്ന് പുളിങ്ങോത്തിന് ബസുകയറി. പത്തുപേരില്‍ ഒന്‍പതുപേര്‍ വളരെ യുവാക്കളും, ഗോപ്യേട്ടന്‍ മാത്രം യുവത്വത്തിന്റെ മേലതിരില്‍ മുട്ടുന്ന ആളുമായിരുന്നു. പുളിങ്ങോത്ത് നിന്നും ചായയൊക്കെക്കുടിച്ച് എട്ടരയോടെ ഞങ്ങള്‍ പുഴ മുറിച്ചു കടന്നു. ഈ പുഴയ്ക്കപ്പുറം കര്‍ണാടക ഫോറസ്റ്റാണ്. പുഴകടന്നാല്‍ ആദ്യം കാണുന്നത് ഫോറസ്റ്റ് ഓഫീസ്. അവരുടെ അനുമതിയോടെ മാത്രമേ  കാട്ടില്‍ കടക്കാന്‍ പറ്റൂ. ഞങ്ങള്‍ ഒരു വെള്ളക്കടലാസില്‍ അപേക്ഷയെഴുതിക്കൊടുത്തു. ഫോറസ്റ്ററുടെ അത്ര മുഖം തെളിഞ്ഞില്ല, പിന്നാലെ നൂറിന്റെ ഒരു നോട്ട് കാണുന്നതു വരെ. രണ്ടു നിബന്ധനകള്‍ മാത്രം. തീപ്പെട്ടി, ലൈറ്റര്‍ ഇത്യാദി വസ്തുക്കള്‍ കൊണ്ടുപോകരുത്. വഴിയില്‍ നിന്ന് വിട്ട് കാട്ടിനുള്ളിലേയ്ക്ക് കയറിപ്പോകരുത്, ആനയുണ്ടാകും. നിബന്ധനകളെല്ലാം അംഗീകരിച്ച് ഞങ്ങള്‍ യാത്ര തുടങ്ങി.

കാട്ടിനുള്ളിലൂടെ നല്ലൊരു ജീപ്പ് റോഡുണ്ട്. ഇത് അങ്ങ് തലക്കവേരിവരെ ഉണ്ടത്രേ. ഞങ്ങള്‍ ഏകദേശ യാത്രാസമയം കണക്കുകൂട്ടി നോക്കി. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ പോയാല്‍ പോലും അഞ്ച് മണിക്കൂര്‍ കൊണ്ട്, അതായത് രണ്ടുമണി-മൂന്നുമണിയ്ക്ക് തലക്കാവേരി പിടിയ്ക്കാം. പിന്നെ അവിടെ തങ്ങി, രാവിലെ തിരികെ പോരാം. ഇതാണ് പദ്ധതി.

അതിമനോഹരമായ വനം. രണ്ടാള്‍ പിടിച്ചാല്‍ എത്താത്തത്ര വലിയ മരങ്ങള്‍. നല്ല കുളിരുണ്ട്. സൂര്യകിരണങ്ങള്‍ അരിച്ചരിച്ച് മാത്രമേ താഴെയെത്തുന്നുള്ളു. നേര്‍ത്ത കാറ്റിന് കാട്ടുപുഷ്പങ്ങളുടെയും മലന്തേനിന്റെയും നറുമണം.. എങ്ങും പക്ഷികളുടെ പാട്ടും, ഇടയ്ക്കിടെ ചിറകടിയും. ചിലപ്പോള്‍ നല്ല വലിപ്പമുള്ള മലയണ്ണാന്‍മാര്‍ മരത്തില്‍ നിന്നു മരത്തിലേയ്ക്കു ചാടി. ഹോ.! ആ വന സൌന്ദര്യം വിവരിയ്ക്കാന്‍ എനിയ്ക്ക് വാക്കുകളില്ല. ഞങ്ങള്‍ കൂടഴിച്ചുവിട്ട കുരങ്ങന്മാരെപ്പോലെ ചുമ്മാ തുള്ളിച്ചാടി. കണ്ട വള്ളികളിലൊക്കെ തൂങ്ങിയാടി. ചിലര്‍ താഴ്ന്നു നില്‍ക്കുന്ന മരക്കൊമ്പില്‍ പാഞ്ഞുകേറി. മറ്റു ചിലര്‍ മനസ്സില്‍ മുട്ടിനിന്ന വലിയ തെറികള്‍ അത്യുച്ചത്തില്‍ ആരോടെന്നില്ലാതെ വിളിച്ചു  കൂവി. ചപലത വിടാത്ത കൊച്ചുകുട്ടികളായി ഞങ്ങളെല്ലാം, എന്തിന് ഗോപ്യേട്ടന്‍ പോലും.

ഏകദേശം ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ അല്പം തെളിഞ്ഞ ഒരു സ്ഥലം. അവിടെ നാലഞ്ചു കുടിലുകള് കാണാം‍. കറുത്തു മെലിഞ്ഞ ഒരാള്‍  ഞങ്ങളെ കാത്തെന്ന പോലെ അവിടെ നില്‍ക്കുന്നു. കുഴപ്പമായോ..? ഞങ്ങള്‍ ബഹളം കുറച്ച്, മെല്ലെ നടന്നു.

“നല്ല കിണ്ണന്‍ സാധനം ഉണ്ട്, വേണേല്‍ കഴിച്ചിട്ടു പൊയ്ക്കോ, ക്ഷീണമറിയേലാ”. അടുത്തെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു.

“ശര്യാ..ഒന്നു പിടിപ്പിച്ചിട്ടു പോയാല്‍ നടപ്പ് നല്ല രസമായിരിയ്ക്കും..” ജോര്‍ജാണതു പറഞ്ഞത്.

കേട്ടപാടെ എല്ലാവരും ആ കറമ്പന്റെ കൂടെ കുടിലിലേയ്ക്കു നടന്നു. ഞാന്‍ പൊതുവില്‍ മദ്യവിരോധി ആണെങ്കിലും കമ്പനിയ്ക്ക് അല്പമാകാം എന്ന പക്ഷക്കാരനാണ്. മണ്‍കട്ട കെട്ടിയ ആ കുടിലില്‍ ക്ഷീണിതയായ ഒരു സ്ത്രീയും മെലിഞ്ഞുണങ്ങിയ രണ്ടു മൂന്നു കുട്ടികളും ഉണ്ടായിരുന്നു. ഞങ്ങളെ മുറ്റത്തു നിര്‍ത്തിയ ശേഷം അയാള്‍ അകത്തുപോയി ഒരു കറുത്ത കന്നാസ് കൊണ്ടു വന്നു, ഒരു ഗ്ലാസ്സും. ഓരോരുത്തരും പറ്റാവുന്നതുപോലെ മോന്തി. ഞങ്ങള്‍ മൂന്നാലുപേര്‍ ഒന്നു സിപ്പു ചെയ്ത് മതിയാക്കി, നമുക്കത്ര കപ്പാസിറ്റിയില്ല. എന്നാല്‍ ഗോപ്യേട്ടന്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലായിരുന്നു. അതിയാന്‍ രാവിലെ ചേച്ചിയുമായി ഉടക്കിയാണൊ വന്നതെന്നു പോലും സംശയിച്ചുപോയി, ആ മോന്തല്‍ കണ്ടപ്പോള്‍..

“മതി ഗോപ്യേട്ടാ, നമുക്ക് നടക്കേണ്ടതാണ്...”

“നീ പോടാ, ഞാനിനെത്ര കണ്ടതാ..” ഒരു ഗ്ലാസ് നാടന്‍ കൂടി വായിലേയ്ക്ക് കമിഴ്ത്തിക്കൊണ്ട് ഗോപ്യേട്ടന്‍ എന്നെ ആട്ടി.

കാശ് കൊടുത്ത് ഞങ്ങള്‍ നടപ്പു തുടര്‍ന്നു. ചാട്ടവും മറിച്ചിലും പഴയതിലും കൂടി. മൊത്തത്തില്‍ നല്ല രസം. അര മണിക്കൂര്‍ കഴിഞ്ഞു. ഞങ്ങള്‍ കൊടുംകാട്ടിലായി. പെട്ടെന്നാണ് അതുവരെ അലറിക്കൂവിയിരുന്ന ഗോപ്യേട്ടന്‍  നിശബ്ദനായത്. ഞങ്ങളതു ശ്രദ്ധിച്ചു.

“എനിയ്ക്കെന്തോ വയ്യായ്ക പോലെ..” അങ്ങേര് നിലത്തിരുന്നു. എല്ലാവരും ചുറ്റും കൂടി.

“ബ്രാഹ്..................”

ഗോപ്യേട്ടന്‍ തലകുത്തി നിന്ന് ഛര്‍ദ്ദി തുടങ്ങി. ഞങ്ങള്‍ മൂക്കു പൊത്തി മാറിനിന്നു. പുളിങ്ങോത്ത് ഹോട്ടലുകാരനു കൊടുത്ത ഇരുപത്തഞ്ചു രൂപയും വാറ്റുകാരനു കൊടുത്ത അന്‍പതു രൂപയും അതേപടി കാട്ടില്‍ പാഴായി. ആദ്യത്തെ കുറെ എടുത്തടിയ്ക്കു ശേഷം ഗോപ്യേട്ടന്‍ അവശനും പിന്നെ ശാന്തനുമായി. അപ്പോള്‍ ഞങ്ങള്‍ കൈക്കും കാലിനും  തൂക്കി അങ്ങേരെ വാള്‍മുനയില്‍ നിന്നു മാറ്റിക്കിടത്തി.

ഇനിയിപ്പോള്‍ എന്തു  ചെയ്യും? കൊടുംകാടാണ്. മുന്നോട്ട് പോകണോ, തിരിച്ചു പോകണോ? എല്ലാവരുടെയും ഉത്സാഹം കെട്ടു. ചിലര്‍ ഗോപ്യേട്ടനെ വിശേഷിപ്പിയ്ക്കാന്‍ ഉപയോഗിച്ച വാക്കുകള്‍ക്ക് വാളിനേക്കാള്‍ മൂര്‍ച്ച.  അപ്പോഴാണ് താഴെ വള്ളിക്കൂട്ടത്തിനിടയില്‍കൂടി ഒഴുകുന്ന ചെറിയ പുഴകണ്ടത്. ഉടനെ ഞങ്ങള്‍ അങ്ങേരെ താങ്ങിയെടുത്ത്  പുഴയിലേയ്ക്ക് കൊണ്ടു പോയി. നല്ല സുന്ദരമായ കാട്ടുപുഴ. കണ്ണാടിപോലുള്ള വെള്ളം. വലിയ കല്ലിന്‍‌കൂട്ടങ്ങള്‍ക്കിടയിലൂടെ കളകളാ ഒഴുകുന്നു. ഗോപ്യേട്ടനെ ഒരു പാറമേലെ കിടത്തി. എന്നിട്ട് ഇലക്കുമ്പിളില്‍ തണുത്ത വെള്ളം തലയില്‍ ധാരകോരി.

കുറച്ചുനേരം കഴിഞ്ഞതോടെ അങ്ങേര്‍ കണ്ണു തുറന്ന് എഴുനേറ്റിരുന്നു. ആകെ നനഞ്ഞ പൊരുന്നക്കോഴി പോലെയുണ്ട്. ഒരു മണിക്കൂറിനുശേഷം യാത്ര പുനരാരംഭിച്ചു. രണ്ടുപേരുടെ തോളില്‍ താങ്ങി ഗോപ്യേട്ടന്‍ മെല്ലെ മെല്ലെ പിച്ച വെച്ചു. യാത്രയുടെ വേഗതയും കുറഞ്ഞു. അനന്തമായ കാട്. കാഴ്ചകളുടെ സമൃദ്ധി. മനസ്സിനും ശരീരത്തിനും കുളിര്‍മ്മ. പോകുന്ന വഴിയില്‍ ആനകള്‍ തകര്‍ത്തിട്ട മുളംകൂട്ടം കണ്ടു. തൊട്ടുമുന്നില്‍ കൂടി ഒരു കാട്ടു പന്നി പാഞ്ഞുപോയി. കാടുകള്‍ക്ക് മറഞ്ഞിരുന്ന് ഏതൊക്കെയോ ജീവികള്‍ ഞങ്ങളെ നിരീക്ഷിയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക്  ഒരു അരുവിയുടെ ഓരത്ത് വട്ടമിട്ടിരുന്ന് കൈയില്‍ കരുതിയ ഭക്ഷണം കഴിച്ചു‍. വീണ്ടും യാത്ര. ആടിയാടി ഒപ്പം ഗോപ്യേട്ടനും..

മണിയ്ക്കൂറുകള്‍ എണ്ണിത്തീര്‍ന്നു. മണി നാലായിട്ടും കാട്ടില്‍ തന്നെ..! അതോടെ  ആശങ്ക തലപൊക്കി. ഇരുട്ടിനു മുന്‍പ് കാട്ടിനു വെളിയിലെത്തിയില്ലെങ്കില്‍ കളി കാര്യമാകും. ഒരു തീപ്പെട്ടി വെളിച്ചം പോലും കൈയിലില്ല.

വീണ്ടും നടപ്പ്. അഞ്ചു മണിയായി.

കാട്ടില്‍ വെളിച്ചം മങ്ങി. തണുപ്പിനു കട്ടി കൂടി. പക്ഷികള്‍ ചേക്കേറുന്നു. ഇപ്പോള്‍ ശരിയ്ക്കും ഭയം എല്ലാവരെയും കീഴ്പെടുത്തി തുടങ്ങി. പലരും തളര്‍ന്നു, ശരീരം കൊണ്ടും മനസ്സു കൊണ്ടും. ഗോപിയേട്ടനാകട്ടെ, ജീവനുള്ള ശവത്തിന്റെ അവസ്ഥയിലായി. ജോര്‍ജാണ് ഒരു തളര്‍ച്ചയുമില്ലാതെ എല്ലാവരെയും നയിയ്ക്കുന്നത്.

അല്പം കൂടി ചെന്നതോടെ കാട് അവസാനിച്ചു. പിന്നെ വലിയൊരു പുല്‍മേടാണ്. എന്തൊരു ഭംഗിയാണവിടെ..! കുറച്ചു നേരം അവിടെ ഇരുന്നു. മുന്നിലെ വലിയൊരു അഗാധതയ്ക്കു ശേഷം  അങ്ങകലെ കിഴക്ക് സഹ്യപര്‍വതനിരകള്‍ അനന്തമായി നീണ്ടു കിടക്കുന്നു, പടിഞ്ഞാറ് കൂറ്റന്‍ മലകള്‍ തലയുയര്‍ത്തിയും..! ഇനി ഈ മലകള്‍ കൂടി കയറണമല്ലോ..!

അപ്പോഴെയ്ക്കും ഇരുട്ടു വീണു. കാഴ്ചകള്‍ അവ്യക്തമായി. എങ്ങനെയും ഇതൊന്നവസാനിച്ചു കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവരും കയറ്റം തുടങ്ങി. ഇവിടെ വല്ല മരച്ചുവട്ടിലും കിടന്നിട്ട് നാളെ പോകാം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍  എല്ലാവരും ദാഹിച്ചു വശം കെട്ടിരിയ്ക്കുകയാണ്. ഒരിറ്റു വെള്ളം കുടിയ്ക്കാതെ എങ്ങനെ ഇവിടെ കിടക്കും? അപ്പോഴും ജോര്‍ജ്ജ് അപാര മനശക്തിയോടെ എല്ലാവരെയും മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. എന്റെ തുടയിടുക്കുകള്‍ വേദന കൊണ്ട് വിങ്ങി. തൊണ്ട വരണ്ടു പൊട്ടുന്നുമുണ്ട്. ഈ ഐഡിയ മുന്നോട്ട് വച്ച എന്നെ,  അറിയാവുന്ന ചീത്തയൊക്കെ  ഞാന്‍ തന്നെ മനസ്സില്‍ വിളിച്ചു. മറ്റുള്ളവരും വിളിയ്ക്കുന്നുണ്ടാവണം.

സമയം രാത്രി എട്ടായി. കനത്ത ഇരുട്ടല്ലാതെ ഒന്നുമില്ല. കാടല്ലാത്തതിനാല്‍ നക്ഷത്ര വെളിച്ചത്തില്‍ വഴി, ഏതാനും മീറ്റര്‍ ദൂരം തെളിഞ്ഞു കാണാമെന്നു മാത്രം. അനിശ്ചിതാവസ്ഥ അതിന്റെ മൂര്‍ധന്യത്തില്‍ നിന്ന് ഞങ്ങളെ തുറിച്ചു നോക്കി. ജീവനു പോലും ഉറപ്പില്ലാത്ത അവസ്ഥ. ഒന്നു കാലുതെറ്റിയാല്‍ താഴെ അഗാധതയിലേയ്ക്കു പോയേക്കാം. ആര്‍ക്കുമൊന്നും ചെയ്യാനാവില്ല. ഗോപ്യേട്ടന്‍ പുറകില്‍ ഉണ്ടോ ആവോ..ആര്‍ക്കറിയാം..!

അല്പം കൂടി നടന്നപ്പോള്‍, ദൂരെ ഒരു വെളിച്ചം കണ്ടു. ഹോ..ചെറിയൊരു ആശ്വാസം. അപ്പോള്‍ ഊര്‍ജത്തിന്റെ അവസാന തുള്ളിയും ഞങ്ങളുടെ കാലുകളിലേയ്ക്ക് ഊറിക്കൂടി. ദൂരെ നിന്നും ആരൊക്കെയോ സംസാരിയ്ക്കുന്നതു പോലെ തോന്നി. ആവേശപൂര്‍വം നടന്നു.

എട്ടരയോടെ ഒരു നാല്‍ക്കവലയിലെത്തി. അവിടം വിജനമായിരുന്നു. കുറച്ചു താഴെ നല്ല വെളിച്ചം. ഞങ്ങള്‍ അങ്ങോട്ടേയ്ക്ക് ചെന്നു. ഹോ..! അതൊരു നാടന്‍ ഹോട്ടലാണ് !  രണ്ടു പേര്‍ അവിടെയിരുന്നു ചോറുണ്ണുന്നു. ദാവണി വാരിച്ചുറ്റിയ ഒരു സ്ത്രീയാണ് ഹോട്ടലുകാരി. ആ അവശതയിലും അവരെ ശ്രദ്ധിയ്ക്കാതിരിയ്ക്കാന്‍ പറ്റിയില്ല. മുപ്പത്തഞ്ചു വയസ്സു തോന്നിയ്ക്കുന്ന അതി സുന്ദരിയായ ഒരു കൊടകത്തി.

“കുറച്ചു വെള്ളം തരുമോ..?” ഞാന്‍ അവരോട് ചോദിച്ചു.

“നീരു..?”

അവര്‍ സംശയത്തോടെ ചോദിച്ചു.ഓ.. കന്നഡക്കാരിയാണല്ലോ..! ഞാന്‍ കുടിയ്ക്കുന്ന ആംഗ്യം കാണിച്ചപ്പോള്‍ ചിരിയോടെ അവര്‍ ജഗ് അടുത്തേയ്ക്ക് നീക്കിവെച്ചു. എല്ലാവരും മടുമടാ കുടിച്ചു.

“ചോറ് കിട്ടുമോ?” ഞങ്ങള്‍ അന്വേഷിച്ചു.

അവരുടെ മറുപടി തിരിഞ്ഞില്ലെങ്കിലും അര്‍ത്ഥം മനസ്സിലായി. തീര്‍ന്നുപോയി എന്നും, വേണമെങ്കില്‍ വെച്ചു തരാമെന്നുമാണ് പറഞ്ഞത്. സമ്മതിയ്ക്കാതിരിയ്ക്കാന്‍ ഞങ്ങള്‍ക്ക് കാരണമൊന്നുമില്ലല്ലോ. അരമണിയ്ക്കൂറിനകം അവര്‍ ചോറ് ശരിയാക്കി തന്നു. എരിവുകുറഞ്ഞ, മഞ്ഞള്‍ സമൃദ്ധമായ നാടന്‍ കറി കൂട്ടി വയറു നിറയെ അത്താഴം.  തുടര്‍ന്ന് ഞങ്ങള്‍ക്ക് കിടക്കാന്‍ സൌകര്യം വേണമെന്നു പറഞ്ഞപ്പോള്‍, വാഗമണ്ഡലത്ത് ലോഡ്ജുണ്ടെന്നും, അങ്ങോട്ടേയ്ക്ക് ജീപ്പ് വിളിച്ചു തരാമെന്നും പറഞ്ഞു. എന്തിനധികം, അന്ന് രാത്രി പത്തര മണിയായപ്പോള്‍ വാഗമണ്ഡലത്തെ ഒരു മൂന്നാംകിട ലോഡ്ജില്‍ കൊതുകിനോടും മൂട്ടയോടും ഏറ്റുമുട്ടിക്കൊണ്ട്, ഞങ്ങള്‍ കിടന്നു കഴിഞ്ഞിരുന്നു.

രാവിലെ വാഗമണ്ഡലം നടന്നു കണ്ടു. അവിടെയാണ് പ്രശസ്തമായ ത്രിവേണിസംഗമം ഉള്ളതെന്ന് കേട്ടിരുന്നു. അതു കാണാന്‍ പോയി. അത്ഭുതകരം..! എന്റെ വീടിന്റെ തെക്കുവശത്തെ കൈത്തോട് പോലുള്ള രണ്ടു തോടുകള്‍ ഒന്നിച്ചു ചേരുന്നതാണ് ഈ ത്രിവേണി സംഗമം. മൂന്നാമത്തെ വേണിയെവിടെയെന്ന് ആര്‍ക്കും അറിയുകയുമില്ല. തോട്ടില്‍ ധാരാളം പെണ്ണുങ്ങള്‍ കുളിയ്ക്കുന്നതു കൊണ്ട് അധിക നേരം അവിടെ നിന്നില്ല. കരയില്‍, കല്ലിന്മേല്‍ കുമ്പിട്ടിരിയ്ക്കുന്ന ചില ആണുങ്ങളുടെ തല  ബാര്‍ബര്‍മാര്‍ മൊട്ടയടിച്ചു കൊടുക്കുന്നു.

കുളിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ ബസില്‍ തലക്കാവേരി കാണാന്‍ പോയി. ഞങ്ങള്‍ രാത്രി നടന്നെത്തിയത് ശരിയ്ക്കും തലക്കാവേരിയില്‍ തന്നെയായിരുന്നു. തീര്‍ത്ഥം ഇറങ്ങിക്കണ്ടു. പത്തു മീറ്ററോളം സമചതുരം വരുന്ന ഒരു കുളം. ഇതിലെ ഉറവയില്‍ നിന്നത്രേ കാവേരി നദി ഉല്‍ഭവിയ്ക്കുന്നത്. ഇവിടുത്തെ ഉത്സവനാള്‍, ഈ തീര്‍ത്ഥത്തില്‍ നിന്നും ഉറവ പൊന്തിയുയര്‍ന്നു വരുമെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. പിന്നെ, രാത്രിയില്‍ ഞങ്ങളെ സഹായിച്ച കുടകത്തി ചേച്ചിയെ പോയിക്കണ്ടു. അവിടെ വില്പനയ്ക്കു വച്ചിരുന്ന കാട്ടുതേന്‍ ഓരോ കുപ്പി മേടിക്കാനും മറന്നില്ല.

തിരികെ ലോഡ്ജിലെത്തി. അപ്പോഴാണ് അറിഞ്ഞത് ഇവിടെ പായ്കറ്റ് ചാരായം കിട്ടുമത്രേ..! ഗോപ്യേട്ടന്‍ മുഖം തിരിച്ചെങ്കിലും, കുറച്ച്  മേടിച്ചു കൊണ്ടു പോകണം എന്ന് ജോര്‍ജിനും മറ്റും നിര്‍ബന്ധം. പക്ഷെ എങ്ങനെ കൊണ്ടു പോകും? കേരളത്തില്‍ ചാരായനിരോധനമാണല്ലോ.. പോലീസ് അറിഞ്ഞാല്‍ അകത്താണ്. ബുദ്ധിമാന്മാര്‍ അതിനും വഴി കണ്ടെത്തി. ഒന്നര ലിറ്ററിന്റെ കുടിവെള്ള കുപ്പി മേടിച്ചു. വെള്ളം മുഴുവന്‍ കുടിച്ചിട്ട് അതില്‍ ചാരായം മേടിച്ചു നിറച്ചു. ആരു നോക്കിയാലും വെള്ളക്കുപ്പി തന്നെ ! അന്ന്  ബസില്‍ തിരികെ പോരുമ്പോള്‍ ഒരു കൂസലുമില്ലാതെ ആ കുപ്പി കൈയില്‍ പിടിച്ചാണ് ഞങ്ങള്‍ നാട്ടിലേയ്ക്കു പോന്നത്.

കാട്ടില്‍ അല്പം കഷ്ടപ്പെട്ടെങ്കിലും ആ യാത്രയുടെ ത്രില്‍ ഇന്നും നഷ്ടമായിട്ടില്ല. കാടറിഞ്ഞുള്ള ശരിയായ സാഹസിക യാത്ര തന്നെ ആയിരുന്നു അത്.

വാല്‍ക്കഷണം: ആരാരുമറിയാതെ, അലഞ്ഞു തിരിഞ്ഞ് ഒരു ദീര്‍ഘ യാത്ര. പുഴകളില്‍ കുളിയ്ക്കുക, കിട്ടുന്നതു കഴിയ്ക്കുക, പ്ലാറ്റ്ഫോമില്‍ കിടന്നുറങ്ങുക.  ഞാന്‍ മനസ്സില്‍ താലോലിയ്ക്കുന്ന ഒരു സ്വപ്നമാണിത്. നടക്കുമോ ആവോ !

Monday 7 March 2011

എന്റെ സ്ത്രീധനം

എല്ലാ ജീവികളും തങ്ങളുടെ ജീവിതത്തില്‍ ഒരു ഇണയുടെ സാമിപ്യം  കാംക്ഷിയ്ക്കുന്നുണ്ട്. സത്യത്തില്‍ ഇണയില്ലാത്ത ജീവിതം അപൂര്‍ണമത്രേ. നമ്മുടെ പുരാണ സങ്കല്‍പ്പമനുസരിച്ച് അര്‍ധനാരീശ്വര സങ്കല്പമാണ് പൂര്‍ണതയുടെ അടയാളം. പാതി “പുരുഷനും“ പാതി “പ്രകൃതി“ അഥവാ “സ്ത്രീ“യും ചേര്‍ന്നതാണ് അര്‍ധനാരീശ്വരം. ആധുനിക ശാസ്ത്രം മറ്റൊരു തരത്തില്‍ ഇതിനെ അംഗീകരിയ്ക്കുന്നു. മനുഷ്യജാതിയുടെ നൈരന്തര്യത്തിന്റെ അടിസ്ഥാനമായ ജീനുകളിലെ ക്രോമോസോം വിന്യാസത്തില്‍ ലിംഗനിര്‍ണയ ജോഡി  “XX“ ആണെങ്കില്‍ സ്ത്രീയും, “ XY“ ആണെങ്കില്‍  പുരുഷനും ആകുമെന്ന് ശാസ്ത്രം പഠിപ്പിയ്ക്കുന്നു. അതായത് “X“ സ്ത്രൈണതയെയും “Y“ പൌരുഷ്യത്തെയും സൂചിപ്പിയ്ക്കുന്നു. എല്ലാ പുരുഷന്മാരും പാതി സ്ത്രീയാണെന്നര്‍ത്ഥം. അതുകൊണ്ടാവാം പുരുഷന് അവന്റെ ജീവിതം പൂര്‍ണമാകാന്‍ ഒരു സ്ത്രീ കൂടിയേ കഴിയൂ.

സമൂഹം അംഗീകരിച്ച് ഒരു സ്ത്രീയെ സ്വന്തമാക്കുന്ന ഏര്‍പ്പാടാണല്ലോ വിവാഹം. വിവാഹത്തോടെ ഒരു പുതു കുടുംബം ജനിയ്ക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് സ്ത്രീധന ഏര്‍പ്പാട് തുടങ്ങിയതെന്നു തോന്നുന്നു. സ്ത്രീയ്ക്ക് അവളുടെ കുടുംബത്തില്‍ നിന്നുള്ള ന്യായമായ വിഹിതം എന്ന അര്‍ത്ഥത്തില്‍ സ്ത്രീധനം അംഗീകരിയ്കാവുന്നതാണെങ്കിലും, അത് വിലപേശിയും നിര്‍ബന്ധിച്ചും വാങ്ങുന്ന പരിപാടി തുടങ്ങിയതോടെ പാവം പെണ്ണിന്റെ കഴുത്തിലെ കുരുക്കായി മാറുന്ന അവസ്ഥയുമായി. ചോദിയ്ക്കുന്ന കാശ് കൊടുക്കാന്‍ കഴിയാത്ത എത്രയോ അപ്പനമ്മമാരുടെ പെണ്‍കുട്ടികള്‍ മംഗല്യ ഭാഗ്യമില്ലാതെ വീട്ടുകാര്‍ക്ക് “ഭാര“മായി യൌവനം ഹോമിയ്ക്കുന്നു...!

പൊടി വിപ്ലവകാരിയായിരുന്ന എന്റെ മനസ്സില്‍ ഈ ഏര്‍പ്പാടിനോട് പണ്ടേ വലിയ വിരോധമായിരുന്നു. കേവലം രണ്ടായിരം രൂപയ്ക്ക് സുന്ദരിയായ ഒരു പെണ്ണിനെ വേണ്ടെന്നു വയ്ക്കേണ്ടി വന്ന ഗോപ്യേട്ടനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഇതു കൊണ്ടൊക്കെ തന്നെ, ഞാന്‍ കെട്ടുമ്പോള്‍ സ്ത്രീധം ചോദിയ്ക്കില്ല എന്ന് നേരത്തെ തീരുമാനിച്ചു. എന്നു വച്ച് അവളുടെ വീട്ടുകാര്‍ ഇഷ്ടപെട്ടു കൊടുക്കുന്നത് വേണ്ടാ എന്നു പറയില്ല, മറിച്ച് ഒന്നും ആവശ്യപ്പെടില്ല. അത്ര തന്നെ.

അങ്ങനെ ഞാന്‍ പെണ്ണു കണ്ടു; ഇഷ്ടമായി. എന്നു പറഞ്ഞാല്‍ പെരുത്തിഷ്ടായി. അടുത്ത സ്റ്റെപ്പ്, അവളുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടില്‍ വരുക എന്നതാണ്. അവര്‍ക്കും ഇഷ്ടമായാല്‍ സംഗതി നടന്നു കിട്ടും.  അങ്ങനെ നിശ്ചിതദിവസം ഭാവി അമ്മായി അപ്പനും കുറച്ചുപേരും കൂടി എന്റെ വീട്ടിലെത്തി.

ഞാന്‍ അമ്മയോട് അടുക്കളയുടെ മൂലയിലേയ്ക്ക് മാറ്റിനിര്‍ത്തിയിട്ട് കടുപ്പിച്ച് പറഞ്ഞു: -

“അമ്മേ ദേ അച്ഛനോട് പറഞ്ഞേക്കണം, സ്ത്രീധനമൊന്നും ചോദിച്ചേക്കരുതെന്ന്. അവരെന്തെങ്കിലും തരുന്നത് സമ്മതിച്ചേക്കുക..” അമ്മ എന്നെ ശരിയ്ക്കൊന്നു നോക്കിയിട്ട് തലയാട്ടി.

വന്നവര്‍ക്ക് വീടും പരിസരവുമൊക്കെ പിടിച്ചൂന്നു തോന്നുന്നു. ഇനിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിയ്ക്കല്‍‍. അച്ഛനും അതിഥികളും തിണ്ണയിലിരിയ്ക്കുന്നു. മേശമേല്‍ ചായ, കടികള്‍. ഞാന്‍ അകത്തെ മുറിയില്‍ നിന്ന് തിണ്ണയിലേയ്ക്ക് ചെവി കൂര്‍പ്പിച്ചു പിടിച്ചു..

“അപ്പോ കാര്യങ്ങളെങ്ങനെയാ..?” ആരോ ചോദിച്ചു.

“ഒന്നേകാല്‍ ലക്ഷം രൂപയ്ക്കുള്ള സ്വത്ത് തരാം. അതിനപ്പുറം എനിയ്ക്ക് ശേഷിയില്ല..” അത് അവളുടപ്പനാണെന്നു തോന്നുന്നു. “സമ്മതമാന്ന്‍ പറയച്ഛാ”.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഹ ഹ ഹ... മൂന്നു ലക്ഷത്തില്‍ കുറഞ്ഞ് ആലോചിയ്ക്കുകയേ വേണ്ട. എനിയ്ക്കൊറ്റ മോനേയുള്ളു..!”.

മനസ്സില്‍ എന്തോ പൊട്ടിത്തെറിച്ചതു പോലെ തോന്നി. അമ്മയെക്കൊണ്ട് പറയിച്ചിട്ടും സമയമായപ്പോള്‍ അപ്പന്‍ തനി മൂരാച്ചി സ്വഭാവം കാണിച്ചല്ലോ..! ഞാന്‍ വേഗം അമ്മയെ തോണ്ടി:

“ഇതെന്നാ കോപ്പിലെ പരിപാടിയാ അമ്മേ, ഞാന്‍ പറഞ്ഞതല്ലേ..? ഇങ്ങോട്ട് വിളിച്ചേ, അച്ഛനെ..”

അമ്മ പോയി അച്ഛനെ കണ്ണും കൈയും കാണിച്ചു. അച്ഛനാകട്ടെ, “നീ പോടീ”യെന്ന മട്ടില്‍ മുഖം തിരിച്ചു കളഞ്ഞു. അവസാനം, എന്റെയും അമ്മയുടെയും തുടര്‍ച്ചയായ നവരസാഭിനയത്തിന്റെ ഫലമായി അച്ഛന്‍ അടുക്കളയിലേയ്ക്കു വന്നു.

“നിങ്ങളെന്തിനാ അങ്ങനെ പറഞ്ഞേ..അവനു വേണ്ടെങ്കില്‍ നിര്‍ബന്ധിയ്ക്കാന്‍ പോണതെന്തിനാ..?”

“അവനതൊക്കെ പറയും. നാട്ടുകാരറിഞ്ഞാ എനിയ്ക്കാ നാണക്കേട്..!”

“ഓ..പിന്നേ, വല്യ നാടുവാഴിയല്ലേ”..ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തായാലും കുറേ നേരത്തെ കുശുകുശുക്കലിനുശേഷം അച്ഛന്‍ സമ്മതിച്ചു.

“ശരി..നിങ്ങടെ കാശു കിട്ടിയിട്ടുവേണ്ട ഇവിടെ ചെലവിനു കഴിയാന്‍. നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്ക്”. അച്ഛന്‍ പോയി അവരോട് പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ ഒരു വിധം കരയ്ക്കടുത്തു.

അവളുടെ ഒരു ഫോട്ടോ കിട്ടി. സാരിയുടുത്ത് നില്‍ക്കുന്ന ചിത്രം. മനസ്സിലെ സുന്ദരചിത്രം തന്നെ. ഞാന്‍ കൂട്ടുകാരെയൊക്കെ അത് കാണിച്ചു കൊടുത്തു. എന്നിട്ട്, “നോക്കെടാ നല്ല  സുന്ദരിയല്ലേന്ന്..അസൂയപ്പെട്ടോ..” എന്നു മനസ്സില്‍ പറഞ്ഞു.

ഇനി ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. ഞങ്ങളുടെ കുറെ ബന്ധുക്കള്‍ കൂടി അവളുടെ വീട്ടില്‍ പോയി കല്യാണം ഉറപ്പിയ്ക്കണം. ഓരോരോ ഏര്‍പ്പാടുകളേ.. രണ്ട് ജീപ്പിനാണ് ആളു പോയത്. അച്ഛനും അമ്മാവനുമൊക്കെ.  ബന്ധുക്കള്‍ പലരും വഴിയ്ക്കുന്നും മറ്റും കയറുകയായിരുന്നു.  പെണ്ണിന്റെ വീട്ടിലെത്തി, ചടങ്ങുകള്‍ ആരംഭിച്ചു. അപ്പോഴാണ് എന്റെ പ്രമാണി ബന്ധു ചോദിച്ചത്:

“അല്ലാ തുകയുടെ ഏര്‍പ്പാടൊക്കെ എങ്ങനെയാ..?”

“അതൊക്കെ പറഞ്ഞിട്ടുണ്ട് ചേട്ടാ..” അച്ഛന്‍ അങ്ങേരോട് പറഞ്ഞു.

“എന്നാലും അങ്ങനെയല്ലല്ലോ, ഞങ്ങളും അറിയട്ടെ..” പ്രമാണി വിടുന്നില്ല

“ഒന്നേകാല്‍ ലക്ഷമാണ് ഞങ്ങള്‍ക്കു കൊടുക്കാനാവുന്നത്. അതു കൊടുക്കും...” അവളുടച്ഛന്‍ പറഞ്ഞു.

“ഛായ്, ഒന്നേകാല്‍ ലച്ചം ഉലുവയോ..!” പ്രമാണി ചാടിയെഴുനേറ്റു...”കുടുംബത്തിന്റെ വെല കളയാനായിട്ട്..”

കൂടുതല്‍ പറയണ്ടല്ലോ, സംഗതി കൊളമായി. കല്യാണം ഉറപ്പിക്കല്‍ അലസിപ്പിരിഞ്ഞു. കലികയറിയാണ് അച്ഛന്‍ വീട്ടിലെത്തിയത്.

“തള്ളേം മകനും പറഞ്ഞത് കേട്ടു പോയിട്ട് ഞാന്‍ നാണം കെട്ടു. കുടുംബക്കാര്‍ ഒറ്റയാളും സമ്മതിച്ചില്ല..”

എന്റെ വിപ്ലവബോധം തിളച്ചുയര്‍ന്നു. “ഞാന്‍ കെട്ടുന്ന പെണ്ണിനെ ഞാനാണ് പോറ്റുന്നത്. ഒരൊറ്റ കുടുംബക്കാരുടെ അടുത്തേയ്ക്കും വിടുന്നില്ല. എനിയ്ക്കിഷ്ടപെട്ട ഈ കല്യാണം നടത്താന്‍ പറ്റില്ലെങ്കില്‍ എനിയ്ക്കിനി കല്യാണമേ വേണ്ട..”

സ്ത്രീധനത്തിന്റെ പേരില്‍  ഈ കല്യാണം മുടങ്ങിയാല്‍,  വിപ്ലവ യുവജന നേതാവായ എനിയ്ക്ക് പിന്നെ നാട്ടില്‍ ഇറങ്ങാനാവില്ല. തന്നെയുമല്ല അവള്‍ എന്റെ മനസ്സില്‍ വല്ലാതെ കയറിക്കൂടുകയും ചെയ്തിരുന്നു. “ഞങ്ങടെ ചെറുക്കന് കാശൊള്ള പെണ്ണ് കിട്ടുമോന്ന് നോക്കട്ടെ” എന്ന് എന്റെ ബന്ധുക്കളും, “നിങ്ങളുടെ ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട” എന്ന് അവള്‍ടച്ഛനും, തമ്മില്‍ പറഞ്ഞാണ് അവിടെ നിന്ന് പിരിഞ്ഞതെന്ന അറിവ് വല്ലാത്ത ഷോക്കായിപ്പോയി. ഈ വിവാഹം ഉഴപ്പി എന്നത് എനിയ്ക്ക് വിശ്വസിയ്ക്കാവുമായിരുന്നില്ല.

എന്തു പറയാനാണ്,  ഞാന്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഷേവിങ്ങ് വേണ്ടാ എന്നും തീരുമാനമായി. ഇടയ്ക്ക് അവളുടെ ഫോട്ടോയെടുത്ത്  നോക്കും,  അപ്പോള്‍ ആ പ്രമാണിബന്ധുവിനെ ഒറ്റച്ചവിട്ടിന് മലത്താന്‍ തോന്നും. മറ്റുള്ളവരുടെ ജീവിതം കൊളമാക്കാന്‍ ഓരോന്നൊക്കെ എഴുന്നെള്ളും..

ഒറ്റപ്പുത്രന്റെ വിഷമം കണ്ടാവാം അച്ഛന്റെയും അമ്മയുടെയും മനസ്സ് ആര്‍ദ്രമായി, അവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഒടുവില്‍ ഞങ്ങളുടെ ബന്ധുവായ ഒരധ്യാപകനോട് അവര്‍ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വന്ന് എന്നോട് ചോദിച്ചു.

“നിനക്ക് ഈ കല്യാണം  തന്നെ ചെയ്യാനാണോ താല്പര്യം?”

“അതേ”

“ശരി.. ഞാന്‍ അവരോട് സംസാരിയ്ക്കട്ടെ..”

അദ്ദേഹം അവരുടെ വീട്ടില്‍ പോയി. എന്റെ കാര്യം കേട്ടപ്പോഴേ അവര്‍ ചീറി.

“ഇത്രേം വെലയൊള്ള ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട.”

നയതന്ത്രജ്ഞനായ അദ്ദേഹം കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അവസാനം അവര്‍ സമ്മതിച്ചു. കല്യാണം നിശ്ചയമായി. ഞാന്‍ നിസഹകരണം അവസാനിപ്പിച്ചു. വീണ്ടും ബ്ലേഡ് വാങ്ങി. ഒടക്ക് ബന്ധുക്കള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതോടെ അവരുടെ തീരുമാനം വന്നു.:

“ഞങ്ങള്‍ ഒരൊറ്റയാളും അവന്റെ കല്യാണത്തിനു പങ്കെടുക്കില്ല..”

“ആരും വേണ്ട.” ഞാന്‍ തന്റേടത്തോടെ അമ്മയോട് പറഞ്ഞു. ഏകപുത്രന്റെ കല്യാണം ഇങ്ങനെയായതില്‍ അപ്പനമ്മമാര്‍ക്ക് ഖേദമില്ലാതില്ല. വിവാഹിതയായിരുന്ന ഏക സഹോദരിയും വന്ന് മൂക്കു പിഴിഞ്ഞു.

കല്യാണ ദിവസമായി. പറഞ്ഞപോലെ അച്ഛന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തില്ല. എന്നാല്‍  എന്റെ നാട്ടുകാര്‍, സുഹൃത്തുക്കള്‍, ശിഷ്യര്‍ അങ്ങനെ വലിയൊരു സഞ്ചയമാണ് അന്ന് എത്തിച്ചേര്‍ന്നത്. അവരുടെ മുഖത്തെ സ്നേഹപൂര്‍ണമായ പുഞ്ചിരി എനിയ്ക്കു തന്ന ധൈര്യം അപാരമായിരുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ച് അഗ്നിസാക്ഷിയായി, സ്ത്രീധനത്തിനു വിലപേശാതെ ഞാന്‍ അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

പിറ്റേ ദിവസം അവളെന്നോടു ചോദിച്ചു: “ഏട്ടനു നല്ല കാശുള്ള പെണ്ണിനെ കെട്ടിയാല്‍ പോരായിരുന്നോ?”

“മതിയായിരുന്നു“ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. “പക്ഷെ നിന്നെ കിട്ടില്ലല്ലോ..”

വാല്‍ക്കഷണം: അന്ന് പിണങ്ങി മാറിയ ബന്ധുക്കള്‍ പിന്നീട് പശ്ചാത്തപിയ്ക്കുകയും ഞങ്ങളെ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഇന്ന് എല്ലാവരും ഹാപ്പി. സ്ത്രീ  തന്നെയാണ് ധനം എന്നത്  എത്രയോ പ്രാവശ്യം എനിയ്ക്ക്  ബോധ്യമായിരിയ്ക്കുന്നു. ഈ കുറിപ്പ് വിവാഹിതരാകാന്‍ പോകുന്ന അനുജന്മാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

Friday 4 March 2011

ദോഹയിലെ പുസ്തക കപ്പല്‍

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കഴിഞ്ഞ ദിവസം നിറയെ പുസ്തകങ്ങളുമായി ഒരു കപ്പല്‍ അടുക്കുകയുണ്ടായി. ഇതേ വരെ കപ്പലില്‍ കയറിയിട്ടില്ലാത്തതിനാല്‍ അതൊന്നു കാണാന്‍ വലിയ ആഗ്രഹം. അങ്ങനെ കഴിഞ്ഞ ദിവസം ദോഹയിലെത്തി. ഇനിയുള്ള വിശേഷങ്ങള്‍ ചിത്രങ്ങളില്‍.
ദോഹ പഴമയെ തച്ചുടച്ച് പുതുനഗരം ആകുന്നു. പഴകെട്ടിടങ്ങള്‍ എല്ലാം പൊളിച്ചു മാറ്റുകയാണ്.
മറ്റൊരിടത്ത് പഴമയെ പുനര്‍ജനിപ്പിയ്ക്കുകയാണ്.
പഴയ വില്ലേജില്‍ സഞ്ചാരികള്‍ക്കായി ഒട്ടകകൂട്ടം
തൊട്ടടുത്ത് കോര്‍ണിഷില്‍ പുഷ്പവിസ്മയങ്ങള്‍
കോര്‍ണിഷ്
കോര്‍ണിഷ്
കോര്‍ണിഷ്
ദോഹ ലഗൂണ്‍

കോര്‍ണിഷ്
കോര്‍ണിഷില്‍ നിന്നും 2 റിയാല്‍ ടിക്കറ്റെടുത്ത് ബസില്‍ കപ്പലരികിലേയ്ക്ക്..
ഇതാണ് കപ്പല്‍
ചുമ്മാ ടൈറ്റാനിക്ക് ഓര്‍ത്തുപോയികപ്പലിന്റെ മുന്‍പില്‍
തൊട്ടുതന്നെ വേറെ കപ്പലുകള്‍
കപ്പലിനുള്ളില്‍ കയറിചെന്നപ്പോള്‍ ചെറിയൊരു പ്രസന്റേഷന്‍..
പുസ്തകനിര

ചുറ്റുമുള്ള ഭിത്തികളില്‍ ഒരു കുട്ടിക്കഥ ചിത്രീകരിച്ചിരിയ്ക്കുന്നു.
ഇടയ്ക്ക് ചില രസങ്ങള്‍കപ്പലിലെ റസ്റ്റാറന്റ്
സൌമ്യതയോടെ കപ്പല്‍ ജീവനക്കാരി
പുറത്ത് വന്ന് കപ്പലിന്റെ മുന്‍പില്‍ ഒന്നു പോസു ചെയ്തു.

 അങ്ങനെ കപ്പല്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ കോര്‍ണിഷിലേയ്ക്ക് മടങ്ങി. ധാരാളം പുസ്തകങ്ങള്‍ നല്ല വിലക്കുറവില്‍ കപ്പലില്‍ ലഭ്യമാണ്. മിക്കവാറും തുറമുഖങ്ങളില്‍ ഈ കപ്പല്‍ എത്തും. കാണാന്‍ മറക്കാതിരിയ്ക്കുക.