പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 31 January 2011

പറശ്ശിനിക്കടവ് മടപ്പുര - (ഫോട്ടോ ഫീച്ചര്‍)

വടക്കേമലബാറിലെ ഏറ്റവും പ്രധാന ആരാധനാമൂര്‍ത്തിയും ക്ഷേത്രവും പറശ്ശിനിക്കടവിലാണ്. NH-17-ല്‍ കണ്ണൂര്‍-തളിപ്പറമ്പ് റൂട്ടില്‍ ധര്‍മ്മശാല സ്റ്റോപ്പില്‍ നിന്നും അഞ്ചുകിലോമീറ്ററോളം അകലെയാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുര. വളപട്ടണം പുഴയുടെ തീരത്ത് നയനമനോഹരമായ പശ്ചാത്തലത്തില്‍ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ ജാതി-മത ഭേദമെന്യേ ആര്‍ക്കും പ്രവേശിയ്ക്കാം. എത്തുന്നവര്‍ക്കെല്ലാം ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, രാത്രി കിടക്കാനുള്ള സൌകര്യവും ഇവിടെ തികച്ചും സൌജന്യമായി നല്‍കുന്നു. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിധം ഇവിടെ നിവേദ്യം കള്ളും ചുട്ട മീനുമാണ്. നായ്ക്കള്‍ തികച്ചും സ്വതന്ത്രമായി ഇവിടെ വിഹരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ബ്ലോഗര്‍ ശ്രീ. നിരക്ഷരന്റെ ഈ പോസ്റ്റില്‍ നിന്നും വായിയ്ക്കാം. ഞാന്‍ കഴിഞ്ഞ നവംബറില്‍ ഇവിടെ ഒരോട്ടപ്രദക്ഷിണം നടത്തിയിരുന്നു. അപ്പോഴെടുത്ത ചില ചിത്രങ്ങളിലൂടെ:

ഇത് പറശ്ശിനിക്കടവ് ബസ് സ്റ്റാന്‍ഡ്

ഇത് മടപ്പുരയിലേയ്ക്കുള്ള വഴി
മടപ്പുരയിലേയ്ക്കുള്ള വഴി
വളപട്ടണം പുഴയില്‍ നിന്നുള്ള മടപ്പുര ദൃശ്യം. [കടപ്പാട്:ഗൂഗിള്‍]
മടപ്പുരയ്ക്കു മുന്നിലെ ഭക്തജന തിരക്ക്.
ഈ കടവില്‍ കൈകാല്‍ ശുദ്ധീകരിച്ച് വേണം മടപ്പുരയില്‍ കയറാന്‍..
ഇവിടെ നിന്നു നോക്കിയാല്‍ കാണുന്ന “മയ്യില്‍” പാലം. ഇവിടെ DTPCയുടെ ബോട്ട് യാത്രയുമുണ്ട്.

മടപ്പുരയ്ക്കുള്ളിലേയ്ക്കുള്ള കവാടം
പറശ്ശിനിമുത്തപ്പനും വെള്ളാട്ടവും. [കടപ്പാട്: ഗൂഗിള്‍]

മടപ്പുര വഴിപാട് കൌണ്ടര്‍
നോക്കൂ, ഇത്ര തുച്ഛമായ വഴിപാടുകള്‍ ഇന്നൊരിടത്തും ഉണ്ടാകാന്‍ വഴിയില്ല.

ഇവിടെയാണ് ചായയും പയര്‍പുഴുങ്ങിയതും പ്രസാദമായി നല്‍കുന്നത്.

താഴെ തിരക്കേറിയതിനാല്‍ പ്രസാദത്തിന്  മുകളിലാണു പോയത്.
പ്രസാദം: പയര്‍ പുഴുങ്ങിയതും തേങ്ങാപ്പൂളും.
ചായ നല്‍കുന്ന സ്ഥലം.
താഴെ തിരക്കേറുന്നു.
താഴേയ്ക്ക്..
കുട്ടികള്‍ക്ക് ചോറൂണു നടത്തുന്ന സ്ഥലം.
ഉച്ചയ്ക്കുള്ള ചോറൂണ്‍ കഴിയ്ക്കാനായി ക്യൂ നില്‍ക്കുന്നവര്‍. സമയക്കുറവിനാല്‍ ഞാന്‍ നിന്നില്ല.
സന്ദര്‍ശനം കഴിഞ്ഞ് തിരികെ പോകുന്നവര്‍. നൂറിലധികം പടികള്‍ കയറിയാണ് മുകളിലെത്തുന്നത്.
മുകളിലെത്തി. ഇവിടെയും പിരിവുകാര്‍ക്കും യാചകര്‍ക്കും കുറവില്ല.
മുകളില്‍ നിന്നു നോക്കിയാല്‍ താഴെ പുഴയും മടപ്പുരയും കാണാം.
ഇനി ബസ് സ്റ്റാന്‍ഡിലെത്തി തിരികെ പോകാവുന്നതാണ്. താഴത്തെ മുഴുവന്‍ കാഴ്ചകള്‍ എനിയ്ക്കു പകര്‍ത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതു പിന്നെയാവാം. കഴിയുമെങ്കില്‍ പ്രകൃതി സുന്ദരമായ ഈ സ്ഥലം ഒന്നു സന്ദര്‍ശിയ്ക്കുക. ഇതിനു തൊട്ടടുത്തു തന്നെയാണ് “വിസ്മയ വാട്ടര്‍തീം പാര്‍ക്ക്”., പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് എന്നിവ.

Saturday, 29 January 2011

പെണ്ണുകാണല്‍.

ഭൂമിയിലെ  ഭൂഖണ്ഡങ്ങളെ മൊത്തം കണക്കിലെടുത്താല്‍, ആള്‍ താമസമില്ലാത്ത അന്റാര്‍ട്ടിക്കയും, താരതമ്യേന ചെറുതായ ഓസ്ട്രേലിയയും ഒഴിച്ച് ഏഷ്യാ-യൂറോപ്പ്, ആഫ്രിക്ക, തെക്കും വടക്കും അമേരിയ്ക്കകള്‍ എന്നിവയാണ് പ്രധാനം. ഇവയ്ക്കു തമ്മിലുള്ള ഒരു സാമ്യമെന്താണെന്നു വച്ചാല്‍, ഏഷ്യാ-യൂറോപ്പും ആഫ്രിക്കയും തമ്മിലും‍, തെക്ക് വടക്ക് അമേരിയ്ക്കകള്‍ തമ്മിലും പരസ്പരം കൈകോര്‍ത്താണ് കിടക്കുന്നത്. ഭൂമിദേവിയുടെ ഒരു സൌഹൃദകൂട്ടായ്മ. എന്നാല്‍ മനുഷ്യന് ഇത് അസൌകര്യമായാണ് തോന്നിയത്. അവന്റെ കപ്പലുകള്‍ക്ക് ചെങ്കടലില്‍ നിന്നു മെഡിറ്ററേനിയനിലേക്കു കടക്കാന്‍ പറ്റുന്നില്ലത്രേ. പസഫിക്കില്‍ നിന്നും അറ്റ്ലാന്റിക്കിലേയ്ക്കു കടക്കാന്‍ പറ്റുന്നില്ലത്രേ. അതിനു പരിഹാരമായി അവന്‍ കനാലുകള്‍ നിര്‍മ്മിച്ചു. സൂയസ് കനാലും പനാമ കനാലും. ഇവ രണ്ടു  സമുദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിയ്ക്കുന്നു. ഇതു പോലെയാണ് മനുഷ്യന്റെ വിവാഹക്കാര്യവും. അവിടെയും രണ്ടു സമുദ്രങ്ങളെ ബന്ധിപ്പിയ്ക്കലാണല്ലോ. അതിനുള്ള കനാലാണ് വിവാഹം. ഏതു കനാലും പണിയുന്നതിനു മുന്‍പ് വിപുലമായ സര്‍വേയും മറ്റും നടത്താറുണ്ട്. വിവാഹക്കാര്യത്തില്‍ ആ സര്‍വേയുടെ പേരാണ് പെണ്ണുകാണല്‍. വിവാഹിതരായ ആരോടു ചോദിച്ചാലും പെണ്ണുകാണലിന്റെ നൊസ്റ്റാല്‍ജിക്ക് അയവിറക്കലുകള്‍ കിട്ടാതിരിയ്ക്കലില്ല.

നാട്ടില്‍ എനിയ്ക്കു അടുപ്പമുള്ള ഒരു ചേട്ടനുണ്ട്. ഗോപ്യേട്ടന്‍. നല്ല സുമുഖന്‍. മുതിര്‍ന്ന രണ്ടു മക്കളുണ്ടെങ്കിലും ചേട്ടനെക്കണ്ടാല്‍ ഇപ്പോഴും യുവത്വം തുടിയ്ക്കും. എന്നാല്‍ ചേട്ടന്റെ ഭാര്യയെ കണ്ടാല്‍ അങ്ങേരുടെ അമ്മയോ അമ്മായിഅമ്മയോ ആണെന്നേ പറയൂ. ഞങ്ങളെല്ലാം അതിശയിച്ചിട്ടുണ്ട്; ഇങ്ങേരെന്തിനാ ഈ ചേച്ചിയെ കെട്ടിയതെന്ന്. പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണല്ലോ നമുക്കെന്തു ചേതം, എന്നു ആശ്വസിയ്ക്കും.

ഒരിക്കല്‍ ഞാനും ഗോപ്യേട്ടനും കൂടി ഒരു സന്ധ്യയ്ക്ക് തേര്‍ത്തല്ലിയില്‍ നിന്നും രയറോത്തേയ്ക്ക് വെടിപറഞ്ഞു നടന്നു വരുകയാണ്.  അതു നല്ല രസമുള്ള കാര്യമാണ്. മൂന്നു കിലോമീറ്ററോളമുണ്ട് ദൂരം. ചേട്ടന് എന്നെ വലിയ ഇഷ്ടമായതുകൊണ്ട് എല്ലാ കാര്യങ്ങളും എന്നോട് പറയും. അങ്ങനെ നടന്നു വരുമ്പോള്‍  വഴിയരുകിലുള്ള ഒരു വലിയ വീട്ടിലെ ചേച്ചി, ഗോപ്യേട്ടനെ കണ്ടപാടെ വേഗം മുറ്റത്തു നിന്നും മുഖം തിരിച്ചു അകത്തേയ്ക്കു കയറിപ്പോയി.  അതി സുന്ദരിയായ ആ ചേച്ചിയെ പലപ്പോഴും കണ്ടു പരിചയമുണ്ട്. ചേച്ചിയുടെ ആ പോക്കില്‍ എന്തോ ഒരു പ്രത്യേകതയുള്ളതായി എനിയ്ക്കു തോന്നി.

“അതെന്താ ഗോപ്യേട്ടാ, നിങ്ങളെ കണ്ടപാടെ അവര്‍ അങ്ങനെ മുഖം തിരിച്ചു പോയത്? നിങ്ങള്‍ തമ്മില്‍ എന്തെങ്കിലും പരിചയമുണ്ടോ? “

“ചെറിയൊരു മുന്‍‌പരിചയമുണ്ടെടാ..”

“ഉം..എനിയ്ക്കറിയാം. നിങ്ങളു പണ്ടു ലൈനായിരുന്നിരിയ്ക്കും..”

“പോടാ..അതൊന്നുമല്ല. ഇതു വേറെയാ..”

“ഒന്നു പറ  ഗോപ്യേട്ടാ..”

“ഞാന്‍ പണ്ടവളെ പെണ്ണുകാണാന്‍ പോയിട്ടുണ്ട്..”

“ഓഹോ..പിന്നെന്താ കല്യാണം കഴിയ്ക്കാതിരുന്നത് ?”

“എന്റെ അപ്പന്‍ കാലന്‍ പറ്റിച്ച പണിയാ. സ്ത്രീധനം പോരാന്ന്. എഴുപത്തയ്യായിരം രൂപയില്‍ കുറച്ച് പറ്റില്ലാന്ന് അപ്പനു വാശി‍. നുള്ളിപ്പെറുക്കിയാല്‍ എഴുപത്തിമൂന്നിനപ്പുറം  ഒരു രക്ഷയുമില്ലെന്ന് അവളുടച്ഛന്‍. അവസാനം കല്യാണം ഉഴപ്പിപ്പോയി. അവളെ വേറൊരു കാശുകാരന്‍ കെട്ടി.”

“എന്റെ ഗോപ്യേട്ടാ വെറും രണ്ടായിരം രൂപയ്ക്കാണോ ഇത്രയും നല്ലൊരു ചേച്ചിയെ വേണ്ടെന്ന് വച്ചത്..! “

രയറോം എത്തുന്നവരെ ഗോപ്യേട്ടന്‍ ഒരക്ഷരം എന്നോട് മിണ്ടിയില്ല.

പിന്നെ ഞാന്‍ കെട്ടാറായി എന്നു എന്റെ വീട്ടുകാര്‍ തീരുമാനിച്ച അവസരം. ഇക്കാര്യമൊന്നും നമ്മളോടു നേരിട്ടു പറയില്ലല്ലോ. പകരം ഒരു ദല്ലാളെ ഏര്‍പ്പെടുത്തി, എന്നെ എവിടെയെങ്കിലും കൊണ്ടുപോയി കൊളുത്താന്‍. അങ്ങനെ നാട്ടിലുള്ള ഒരു ദല്ലാള്‍ അമ്മാവന്‍ ഒരു വൈകുന്നേരം രയറോത്തുവച്ച് എന്നെ തടഞ്ഞു നിര്‍ത്തി.

“എടാ ഉവ്വേ..നാളെ ഒരിടത്ത് ഒരു പെണ്ണിനെ കാണാന്‍ പോകണം! ”

ഹോ.. എത്രയോ വര്‍ഷങ്ങളായി കേള്‍ക്കാന്‍ കൊതിച്ചിരിയ്ക്കുന്ന വാചകം. എന്നുവച്ച് നമ്മളങ്ങനെ ചീപ്പാകരുതല്ലോ.

“പെണ്ണെങ്ങനെ ? കാണാന്‍ കൊള്ളാവുന്നതാണെങ്കിലേ ഞാന്‍ വരുന്നുള്ളു..” ഞാന്‍ അലക്ഷ്യമായി പറഞ്ഞു.

ഐശ്വര്യ റോയി, ശോഭന, പാര്‍വതി, ഉര്‍വശി ഏറെക്കുറെ ഈ നിലവാരമാണ് എന്റെ മനസ്സിലുള്ളത്.

“നീ വന്നു കണ്ടിട്ട് പറ..നല്ല ഒന്നാന്തരം പെണ്ണ്..” അതോടെ എനിയ്ക്കു സന്തോഷമായി. അന്നു രാത്രിയിലെ സ്വപ്നങ്ങള്‍ക്ക് ഹൈ ഡെഫിനിഷന്‍ വര്‍ണ്ണങ്ങളായിരുന്നു.

പിറ്റേന്ന് ഞാന്‍, ഉറ്റ സുഹൃത്ത് ഭാസി, എന്റെ ആയോധന ഗുരു മാത്യൂ എന്നിവര്‍ ദല്ലാള്‍ അമ്മാവനോപ്പം  പെണ്ണു കാണാന്‍ പോയി. വറ്റിക്കിടക്കുന്ന ഒരു തോട്ടിലെ വലിയ കല്ലുകളുടെ മുകളില്‍ കൂടി, ബാലന്‍സ് പിടിച്ച് ചാടിച്ചാടിയാണ് ആ വീട്ടിലേയ്ക്കെത്തിയത്.  ഒരു ചെറിയ വീട്. സാരമില്ല. പെണ്ണിനെയല്ലേ കെട്ടുന്നത്, വീടിനെയല്ലല്ലോ. പെണ്ണിന്റെ അച്ഛനായിരിയ്ക്കും, ഒരു മൂപ്പീന്ന് ഞങ്ങളെ സ്വീകരിച്ചിരുത്തി. പിന്നെ ദല്ലാള്‍ അമ്മാവനും അങ്ങേരും തമ്മില്‍ കുറേ കുശലം, നാട്ടു വര്‍ത്താനം, അത് ഇത്..അങ്ങനെ സമയം നീണ്ടു. ഞാന്‍ അക്ഷമനായി ഇരിയ്ക്കുകയാണ്. അപ്പോള്‍ ദല്ലാള്‍ അമ്മാവന്‍ എനിയ്ക്ക് ആശ്വാസം പകര്‍ന്നു കൊണ്ട് പറഞ്ഞു:

“എന്നാ ചേട്ടാ മോളെ വിളിയ്ക്ക്..”

“മോളെ സുഭാഷിണീ..” അച്ഛന്‍ അകത്തേയ്ക്കു നോക്കി വിളിച്ചു.

എന്റെ ഹൃദയം പെരുമ്പറ അടിയ്ക്കാന്‍ തുടങ്ങി. കൊടുങ്കാറ്റിനു മുന്‍പുള്ള നിശബ്ദത  അവിടെ പരന്നു. എനിയ്ക്കിതൊക്കെ പുല്ലാണെന്ന മട്ടില്‍ ഞാന്‍ ഭാസിയെയും മാത്യൂ ഗുരുക്കളെയും നോക്കി ചിരിച്ചതുപോലെ വരുത്തി.

അതാ വാതിലില്‍ ആ മുഖം. കൈയില്‍ ഒരു ട്രേയില്‍ ചായയും ബേക്കറിയും. വീര്‍പ്പിച്ച ബലൂണില്‍ സൂചിയ്ക്കു കുത്തിയാലെന്ന പോലൊരു ഫീലിങ്ങ് ഉള്ളില്‍ കൂടി പാഞ്ഞു. ഞാന്‍ ദല്ലാളെ നോക്കി.

“അങ്ങോട്ട് കൊടുക്കു മോളെ..” അച്ഛന്‍ മോളെ ഉപദേശിച്ചു.

അവള്‍ ഒരു ഗ്ലാസെടുത്ത് എനിയ്ക്കു നീട്ടി. ചായ ഗ്ലാസിലേക്കു മാത്രം നോക്കി ഞാനതു മേടിച്ചു. എല്ലാവര്‍ക്കും ചായ കിട്ടി. ട്രേ ഞങ്ങളുടെ മുന്നില്‍ വച്ച് അവള്‍ മാറി നിന്നു. എന്റെ കൈകളില്‍ വല്ലാത്ത ഒരു തരിപ്പ്. ഒരു വിധത്തില്‍ ഞാനതു അടക്കി പിടിച്ചു.

“എടാ..വല്ലതും ചോദിയ്ക്കെടാ..” ഭാസി എന്നെ തോണ്ടിക്കൊണ്ട് ചെവിയില്‍ പിറുപിറുത്തു.  കൊല്ലാനുള്ള ദേഷ്യത്തോടെ അവനെ ഞാന്‍ നോക്കി. അതു കണ്ട് ഗുരുക്കള്‍ എന്റെ കാലിനു ചവിട്ടി, എന്നിട്ട് ഒച്ചതാഴ്ത്തി പറഞ്ഞു..

“എടാ @$#^..തരം കാണിയ്ക്കരുത്..”

“അവര്‍ക്കു വല്ലതു  ചോദിയ്ക്കാനും പറയാനും കാണും. വാ നമുക്കങ്ങോട്ട് മാറി നില്‍ക്കാം..” ദല്ലാള്‍ അമ്മാവന്‍ എഴുനേറ്റു.

“വേണ്ട..വേണ്ട..” ഞാന്‍ തടഞ്ഞു. എന്നിട്ട് പെണ്ണിനെ നോക്കി ഒരു വിധം ഞാന്‍ ചോദിച്ചു:

“ എന്താ പേര്? എത്രവരെ പഠിച്ചു?“

അവള്‍ എന്തൊക്കെയോ പറഞ്ഞു.  ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

രയറോത്തെത്തിയ പാടെ ഞാന്‍ ദല്ലാള്‍ അമ്മാവനെ ഒരു മൂലയിലേയ്ക്കു  കൂട്ടിക്കൊണ്ടു പോയി. “ മേലാല്‍ ഇമ്മാതിരി പരിപാടീം കൊണ്ടെന്റെ അടുത്തേയ്ക്കു വന്നേക്കരുത്. ഞാന്‍ കെട്ടാഞ്ഞിട്ടു  മുട്ടി നില്‍ക്കുകാന്നു തന്നോട് പറഞ്ഞാരുന്നോ..?“ . എന്റെ ഭാവം കണ്ട് അമ്മാവന്‍ ഒരക്ഷരം മിണ്ടാതെ വേഗം സ്ഥലം വിട്ടു.

പിന്നെ കുറേക്കാലത്തേയ്ക്ക് എങ്ങും പെണ്ണുകാണാന്‍ പോയില്ല. ആറു മാസങ്ങള്‍ക്കു ശേഷം ഒരു മെല്ലിച്ച ആള്‍ എന്നെ   പഴയതുപോലെ രയറോത്തു നിന്നു പിടിച്ചു നിര്‍ത്തി.

 “നാളെ ഒരിടത്തു പോകാനുണ്ട്.“

“എങ്ങോട്ട് ?”

“നല്ലൊരു പെണ്ണുണ്ട്..ചുണ്ണാമുക്കില്‍. ഒരു ജീപ്പു വിളിച്ചു പോകാം..”

“ഒരിയ്ക്കല്‍ പോയ അനുഭവമുണ്ട്. നല്ല പെണ്ണാണെങ്കിലേ ഞാന്‍ വരുന്നുള്ളു..”

“നല്ല കടഞ്ഞെടുത്ത പോലത്തെ പെണ്ണ്. നീ ജീപ്പ് വിളിച്ച് രാവിലെ റെഡിയായി നില്ല്..”

അയാളുടെ പറച്ചിലും ഭാവവും കണ്ടപ്പോള്‍ അത്ര മോശമാകില്ല എന്നെനിയ്ക്കു തോന്നി. അങ്ങനെ പിറ്റേ ദിവസം ദല്ലാളും ഞാനും ഭാസിയും മറ്റൊരു ചങ്ങാതിയും കൂടി ചുണ്ണാമുക്കിനു ജീപ്പില്‍ പോയി. ആദ്യ ഉപചാരങ്ങള്‍ക്കു ശേഷം പെണ്ണു വരുന്ന മുഹൂര്‍ത്തമായി. ഞാന്‍ ശ്വാസം അടക്കി ഇരിയ്ക്കുന്നു. ഒന്ന്..രണ്ട്..മൂന്ന്...അതാ അവള്‍ വന്നു....

 ബലൂണ്‍ വീണ്ടും പൊട്ടി. ഞാന്‍ നിരാശനായി ഒന്നും മിണ്ടാതെ ഇരിയ്ക്കുമ്പോള്‍ ഭാസി എന്നെ തട്ടി..

“എടാ മിണ്ടാതിരുന്നാല്‍ മോശമാണ്..” അവന്‍ ചെവിയില്‍ പറഞ്ഞു. ഞാന്‍ ദല്ലാളനെ നോക്കി പല്ലിറുമ്മിയതല്ലാതെ ചുണ്ടനക്കിയില്ല. അപ്പോള്‍ ഒരു ചോദ്യം:

“എന്താ പേര് ?” ഞാന്‍ ഒന്നു ഞെട്ടി. ചോദ്യം പെണ്ണിന്റെയാണ്.

“ബിജു..” എന്റെ ഒച്ച പതറിയിരുന്നു.

“വീട്ടിലാരൊക്കെയുണ്ട് ?”

“അച്ഛനും അമ്മയും പെങ്ങളും..” ഞാനാകെ ഫ്ലാറ്റായി. എന്റെ ഭാഗ്യത്തിന് കൂടുതലൊന്നും അവള്‍ ചോദിച്ചില്ല.

“ഇങ്ങു വന്നേ..” ദല്ലാള്‍ എന്റെ കൈപിടിച്ച് ഒരു മൂലയിലേയ്ക്ക് മാറി നിന്നു. “ഇവരോട് എന്നാണ് വീട്ടിലേയ്ക്ക് വരാന്‍ പറയേണ്ടത്..?”

“അതു ഞാന്‍ വഴിയ്ക്ക്ന്നു പറയാം..”

എല്ലാം കഴിഞ്ഞു ഞങ്ങള്‍ ജീപ്പില്‍ കയറി.

“നീ മുന്‍പില്‍ കയറുന്നില്ലേ?” ഭാസി എന്നോട് ചോദിച്ചു.

“ഇല്ല. ഞാന്‍ പുറകില്‍ ദല്ലാളു ചേട്ടന്റെ കൂടെ ഇരുന്നുകൊള്ളാം. നിങ്ങളു മുന്‍പില്‍ ഇരുന്നോളു..”

ഭാസിയ്ക്ക് എന്തോ പന്തികേടു തോന്നിയോ ആവോ. ഏതായാലും ജീപ്പു കുറച്ചങ്ങ് നീങ്ങിയപ്പോള്‍ ഞാന്‍ ദല്ലാളിന്റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു.

“എടോ ഇതാണോടോ കടഞ്ഞെടുത്ത പെണ്ണ് ?”

“പെണ്ണിനെന്താ കുഴപ്പം?”

“കുഴപ്പമോ..ഇങ്ങു വാ...ചെവിയില്‍ പറയാം. മര്യാദയ്ക്കു ജീപ്പിന്റെ വാടക കൊടുത്തോണം..”

“ജീപ്പൊന്നു നിര്‍ത്തുമോ..ഞാനിവിടെ ഇറങ്ങിക്കോളാം..” അയാള്‍ ദയനീയമായി പറഞ്ഞു. ജീപ്പുകാരന്‍ നിര്‍ത്തി ക്കൊടുത്തു. ദല്ലാള്‍ അവിടെ ഇറങ്ങി മൂന്നു കിലോമീറ്ററോളം നടന്നു ബസ്റ്റോപ്പിലെത്തിയാണ് നാടു പിടിച്ചത്.

പിന്നീട് എനിയ്ക്കു പെണ്ണുകാണലേ താല്പര്യമില്ലാതായി. അവസാനം വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു പരിചയക്കാരനോടൊപ്പം പിന്നേം ഒരിയ്ക്കല്‍  പോയി. നിര്‍ബന്ധിച്ചിട്ടും, എന്തോ അത്യാവശ്യമുണ്ടെന്നു പറഞ്ഞ് ഭാസി ഒഴിഞ്ഞു. ഇത്തവണ ഞാനൊന്നും സങ്കല്‍പ്പിച്ചില്ല. പെണ്ണെങ്ങനെ ഉള്ളതായാലും മാന്യമായി പെരുമാറണമെന്ന് ഉറച്ചു. നമ്മുടെ പെരുമാറ്റം അവര്‍ക്കെത്ര മാനസിക വിഷമം വരുത്തുന്നുണ്ടാവും..? പാവം.  വെറുതെ പോയികണ്ടു ചായകുടിച്ചു വരുക എന്നതില്‍ കവിഞ്ഞ ഒരു ഉദ്ദേശവും എനിയ്ക്കുണ്ടായിരുന്നില്ല. ഞങ്ങള്‍ പോയി. കുശലമെല്ലാം കഴിഞ്ഞ് പെണ്ണിനെ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നു. ഇപ്രാവശ്യം ചങ്കിടിപ്പൊന്നുമില്ല. സംഭവിയ്ക്കാന്‍ പോകുന്നതെന്താണെന്ന് നന്നായി അറിയാം.

“മോളെ ഇങ്ങു വാ..” അവളുടെ അച്ഛന്‍ അകത്തേക്കു വിളിച്ചു. ഞാന്‍ ശ്രദ്ധിയ്ക്കാതെ വീടിന്റെ ഭിത്തിലേയ്ക്കു നോക്കിയിരുന്നു. അപ്പോള്‍ വാതില്‍ക്കല്‍ അനക്കം. ഒന്നു പാളി നോക്കി. നെഞ്ചു പടപടാന്നിടിച്ചു പോയി..
പൂര്‍ണചന്ദ്രനുദിച്ച പോലെ ഒരു മുഖം. ഞാനറിയാതെ കൈകാലുകള്‍ക്കൊരു വിറയല്‍. ഞാന്‍ ആ മുഖത്തേയ്ക്കുറ്റു നോക്കി. എന്നെ നോക്കുന്നേയില്ല. വന്ന പോലെ വേഗം അവള്‍ അകത്തേയ്ക്കു പോയി. ചായയ്ക്കും കടികള്‍ക്കും നല്ല സ്വാദ്.

“എന്തെങ്കിലും ചോദിയ്ക്കാനുണ്ടെങ്കില്‍ അങ്ങു മാറി നിന്നു സംസാരിച്ചോളൂ..”  അച്ഛന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.

വീടിന്റെ പടിഞ്ഞാറെ മുറ്റത്ത് ഞാന്‍ നില്‍ക്കുമ്പോള്‍, പാദസ്വരങ്ങളുടെ ചില്‍ ചില്‍ അകമ്പടിയോടെ അവള്‍ വന്നു. പിന്നെ മുഖം കുനിച്ചു നിന്നു. കൂട്ടിപ്പിടിച്ച ആ വിരലുകള്‍ വിറയ്ക്കുന്നത് എനിയ്ക്ക് നന്നായി കാണാം. അല്പനേരം കൂടി ആ മുഖത്തേയ്ക്ക് നോക്കി നിന്നു:

“എന്നെ ഇഷ്ടമായോ..?” വേറൊന്നും എന്റെ നാവില്‍ വന്നില്ല.

ചുവന്ന കീഴ്ചുണ്ടു കടിച്ച് അവള്‍ കുനിഞ്ഞ മുഖത്തെ കണ്ണുകള്‍ ഉയര്‍ത്തി ഒന്നു നോക്കി. പിന്നെ ചെറുതായി ഒന്നു ചിരിച്ചു. കൂടിക്കാഴ്ച കഴിഞ്ഞു.

ഇത്ര പെട്ടെന്നു ഞാന്‍ തിരികെ ചെന്നതിനാല്‍ അവളുടെ അച്ഛന്‍ ആശങ്കയോടെ എന്നെ നോക്കി, ഇഷ്ടമായില്ലേ എന്ന അര്‍ത്ഥത്തില്‍.. ഞാന്‍ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇവളെ ഇഷ്ടമായില്ലെങ്കില്‍ പിന്നെ ആരെ ഇഷ്ടമാകാന്‍..!
ആ അവളാണ് ഇന്നും കൂടെയുള്ളവള്‍. എന്നാല്‍ അവള്‍ എന്റേതാകാന്‍ നമ്മുടെ ഗോപ്യേട്ടന്‍ നേരിട്ടതുപോലുള്ള കുറേ കടമ്പകള്‍ കടക്കേണ്ടി വന്നു എനിയ്ക്ക്. അക്കഥകള്‍ പിന്നീട് പറയാം.

Monday, 24 January 2011

ആടായും ഒട്ടകമായും മനുഷ്യനായും - (നോവല്‍)


ഏഴുവര്‍ഷത്തിലധികം നീണ്ട സൌദി ജീവിതത്തിലെ അനുഭവങ്ങള്‍ ആറ്റിക്കുറുക്കിയതാണ് 23 നീണ്ട ഈ നോവല്‍‍.  എല്ലാം തങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ തന്നെയെന്ന് ഇതു വായിച്ച ഓരോ സാധാരണ പ്രവാസിയും സമ്മതിയ്ക്കെമെന്നെനിയ്ക്ക്  ഉറപ്പുണ്ട്. 

ഇതെഴുതി തുടങ്ങുമ്പോള്‍ എത്രവരെ എഴുതാനാവുമെന്നെനിയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല.  വായനക്കാരുടെ പ്രോത്സാഹനം തന്നെയാണ് ഇത്രയും എത്തിയ്ക്കാന്‍ എന്നെ സഹായിച്ചത്. ഈ പരമ്പരയ്ക്ക് ആദ്യ കമന്റെഴുതിയ സുഗന്ധി, സ്ഥിരം അഭിപ്രായം പറയുന്ന മിനി ടീച്ചര്‍, ജസ്റ്റിന്‍, ആളവന്‍‌താന്‍, മിനി നമ്പൂതിരി, ലീലേച്ചി ഈടുറ്റ അഭിപ്രായങ്ങള്‍ പറയുന്ന ചിത്രകാരന്‍, ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കായി ഇതിന്റെ പ്രിന്റൌട്ട് എടുത്തു വായിയ്ക്കാന്‍ കൊടുക്കുന്ന സുനില്‍ കുമാര്‍ യാദവ്, പിന്നെ ഇടയ്ക്കിടെ വന്ന് അഭിപ്രായം അറിയിച്ചവര്‍, അഭിപ്രായങ്ങള്‍ പറഞ്ഞില്ലെങ്കിലും സ്ഥിരവായനക്കാരായ മറ്റനേകം പേര്‍, നിങ്ങള്‍ക്കോരോരുത്തര്‍ക്കും എന്റെ നന്ദി. 

ഈ നോവല്‍ “സൈകതം ബുക്സ്” പുസ്തകമാക്കുന്നുണ്ട്. 2011 മാര്‍ച്ചില്‍ പുസ്തകം പുറത്തിറങ്ങുന്നതാണ്. ആയതിനാല്‍ ഈ പോസ്റ്റുകള്‍ ബ്ലോഗില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുകയാണ്. ദയവായി പുസ്തകം ഇറങ്ങുന്നതു വരെ കാത്തിരിയ്ക്കുവാന്‍ അപേക്ഷിയ്ക്കുന്നു. നിങ്ങളുടെയെല്ലാവരുടെയും സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരിയ്ക്കല്‍ കൂടി നന്ദി.

Friday, 21 January 2011

“പുഴ പിന്നെയും പറയുന്നു” - ചെറുകഥാ സമാഹാരം.മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് മാഗസിനായ പുഴ.കോമിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പുസ്തക പ്രകാശനവും സമ്മാനവിതരണവും നടത്തി. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തില്‍ പുഴ.കോം ചീഫ് എഡിറ്റര്‍ കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷത വഹിച്ചു.
“പുഴ പിന്നെയും പറയുന്നു” എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കെ.എം.റോയിയ്ക്ക്  നല്‍കി നിര്‍വഹിച്ചു. പുഴ.കോം പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 25 കഥകളാണ് പുസ്തകത്തിലുള്ളത്. ബാല സാഹിത്യത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ സിപ്പി പള്ളിപ്പുറത്തിനെ മേയര്‍ ടോണി ചമ്മിണി പൊന്നാടയണിയിച്ചാദരിച്ചു.
2010-ലെ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വയനാട് സ്വദേശി ഹാരീസ് നെന്മേനിയ്ക്ക് പുഴ.കോം ഡയറക്ടര്‍ ജിയോ കുര്യന്‍ ഉപഹാരം നല്‍കി.
എം.കെ. ചന്ദ്രശേഖരന്‍, ടി.എം.എബ്രഹാം, കെ.എം.റോയ്, ജിജി റോബി എന്നിവര്‍ സംസാരിച്ചു.


പുസ്തകത്തിന്റെ പുറം ചട്ട.

  പുസ്തകം ഓണ്‍‌ലൈനില്‍ വാങ്ങാന്‍ ഇവിടെ പോകുക.

വാല്‍ക്കഷണം:  ഈ പുസ്തകത്തിലെ ഒരു കഥ ഈയുള്ളവന്‍ എഴുതിയതാണ്.

Sunday, 16 January 2011

തൃശൂര്‍ കാഴ്ചകള്‍- (ഫോട്ടോ ഫീച്ചര്‍)

 2010-നവമ്പര്‍ 14-ന്, തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലെ ഒരു ബ്ലോഗ് പുസ്തക പ്രകാശന ചടങ്ങിന് പോകുകയുണ്ടായി. സൈകതം ബുക്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിയ്ക്കപെട്ട ആ ചടങ്ങിലേയ്ക്ക് ശ്രീ.ജസ്റ്റിന്‍ ആണ് എന്നെ ക്ഷണിച്ചത്. കണ്ണൂര്‍ നിന്നും തലേദിവസമേ പുറപെട്ടാണ് ആ ചടങ്ങിനെത്തിയത്. ഈ പോക്കിനു മറ്റൊരുദ്ദേശം കൂടിയുണ്ടായിരുന്നു, തൃശൂരൊക്കെ ഒന്നു ചുറ്റി നടന്നു കാണുക. ഒപ്പം കുറച്ചു ചിത്രങ്ങളുമെടുക്കുക. അതിനായി എന്റെ സൈബര്‍ ഷോട്ട് ക്യാമറയും എടുത്തു. (പ്രൊഫഷണല്‍ അല്ലാത്ത വെറും സാദാ ക്യാമറ). ആ യാത്രയില്‍ കണ്ട ചില കാഴ്ചകളിലേയ്ക്ക്.

രാവിലെ 11.00 മണിയോടെ സാഹിത്യ അക്കാദമിയിലെത്തി
ഈ കാണുന്ന “വൈലോപ്പിള്ളി ഹാളിലാണ് പ്രകാശന പരിപാടി.

വേദിയില്‍ വിശിഷ്ടാതിഥികള്‍. പ്രൌഡമായ സദസ്.


വേദിയില്‍ ശ്രീ. ഷിഹാബുദീന്‍ പൊയ്ത്തുംകടവ് സംസാരിയ്ക്കുന്നു
സംഘാടകരായ ശ്രീ.ജസ്റ്റീനും പ്രമുഖ ബ്ലോഗര്‍മാരും
ചടങ്ങുകള്‍ കഴിഞ്ഞു വെളിയിലിറങ്ങി. അക്കാദമി ഹാളില്‍ വലിയ എന്തോ പരിപാടിനടക്കുന്നുണ്ട്. അതു കേട്ട് വെളിയില്‍ തണലില്‍
ഇരിയ്ക്കുന്ന സഹൃദയര്‍.

അക്കാദമി മുറ്റത്തു വച്ചാണ് ഈ യുവാവിനെ പരിചയപെട്ടത്. കൊച്ചിയിലെ തെരുവുകുട്ടികള്‍ക്കായി പ്രവര്‍ത്തിയ്ക്കുന്ന മുരുകന്‍.
തന്റെ ഓട്ടോ റിക്ഷയെ “ഫോട്ടോ റിക്ഷ” ആക്കി മാറ്റിയിരിയ്ക്കുന്നു മുരുകന്‍.

അക്കാദമിയിലെ പരിപാടികള്‍ക്ക് ശേഷം തൃശൂരിലെ തേക്കിന്‍ കാട് മൈതാനം കാണാന്‍ പോയി. പോകുന്ന വഴിയ്ക്കാണ് ഈ കാഴ്ച
കണ്ടത്. വിറ്റു തീരാത്ത പൂക്കളുടെ അരികത്ത് ഉറങ്ങിക്കിടക്കുന്ന പൂക്കാരന്‍.


അല്പം നടന്നപ്പോള്‍ വലിയ കൊട്ടും മേളവും. പൂരനഗരിയില്‍ അസലൊരു പൂരം. ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിന് അവര്‍ സംഘടി-
-പ്പിച്ചാതാണ് ഈ മിനി പൂരം. സൂക്ഷിച്ചു നോക്കൂ ആനയും ആള്‍ക്കാരുമെല്ലാം ഡമ്മിയാണ് !


ഞാന്‍ മുന്നോട്ട് നടന്ന് ‘നെഹൃ പാര്‍ക്കി”നു മുന്‍പിലെത്തി. ശരി ഒന്നു കയറി നോക്കാം.
പാര്‍ക്കിലെ കാഴ്ചകള്‍ മോശമില്ല.
പാര്‍ക്കിലെ ദൃശ്യങ്ങള്‍
പാര്‍ക്കിലെ നൃത്താക്കാരി..!
 കുട്ടികളുടെ പാര്‍ക്കിലെ ദൃശ്യങ്ങള്‍
പാര്‍ക്കില്‍ നിന്നും തിരികെ പോരുമ്പോള്‍ നമ്മുടെ പൂക്കാരനെ ഉണര്‍ത്തി ആരോ പൂക്കള്‍ മേടിയ്ക്കുന്നു. മറ്റൊരു പൂക്കാരനാണെന്നു തോന്നുന്നു.
ചെന്നു കയറിയത് ശ്രീ വടക്കും നാഥന്റെ കിഴക്കേ നടയില്‍. പൂരത്തിന്റെ ദേവാലയം.


ക്ഷേത്രത്തിനു ചുറ്റുമുള്ള അതിവിശാലമായ മൈതാനമാണു തേക്കിന്‍‌കാട് മൈതാനം. ഞാന്‍ അതു വഴി വെറുതെ നടന്നു.
നടന്ന് നടന്ന് വടക്കുംനാഥന്റെ പടിഞ്ഞാറെ നടയിലെത്തി. വിശാലമായ ഈ വീഥി പുറത്തെ റോഡില്‍ നിന്നും ഉള്ളതാണ്.
പടിഞ്ഞാറെ നടയിലെ ആല്‍ വൃക്ഷം.
പടിഞ്ഞാ‍റെ നട
പടിഞ്ഞാറെ നടയിലെ ഗോപുരവിളക്ക്.
പടിഞ്ഞാറെ നടയിലെ ശ്രീമൂലസ്ഥാനം
പടിഞ്ഞാറെ നടയോട് ചേര്‍ന്നുള്ള പേരാല്‍
മൈതാനത്താകെ കുളിര്‍മ്മ പകര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ തണല്‍ വൃക്ഷങ്ങള്‍
മൈതാനത്തെ രാജവീഥിയിലൂടെ നടന്നു പോകുന്നവര്‍.
വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ നട.
മൈതാനത്തൊരു മൂലയില്‍ ഏതോ ജീവനക്കാരുടെ പ്രതിഷേധയോഗം.
മൈതാനത്ത് ചീട്ട് കളി തകര്‍ക്കുന്നു. അടുത്തു തന്നെ ചായയും കടിയുമായി കച്ചവടക്കാരന്‍.
ഹാ..ഇതാ “തേക്കിന്‍‌കാട്”. ഇനി തേക്കില്ലാ എന്ന പരാതി വേണ്ട.
കിഴക്കേ നടവഴി വെളിയിലേയ്ക്കിറങ്ങുമ്പോള്‍ റോഡിനപ്പുറം പാറമേക്കാവ് ദേവി ക്ഷേത്രം

സമയം വൈകി. ഇനി കണ്ണൂര്‍ക്ക് തിരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഞാന്‍ ക്യാമറ പൊതിഞ്ഞുകെട്ടി ബസ് സ്റ്റാന്‍ഡിലേയ്ക്കു നടന്നു.  സത്യത്തില്‍ എനിയ്ക്ക് തൃശൂരുകാരോട് അസൂയ തോന്നി. എന്തൊരു ഭാഗ്യവാന്മാരാണിവര്‍! സാഹിത്യ അക്കാദമി, നെഹൃപാര്‍ക്ക്, വിശാലമായ തേക്കിന്‍‌കാട് മൈതാനി. ഒരു സഹൃദയനെ സംബന്ധിച്ച് ഇതില്‍ കൂടുതലെന്തു വേണം !