പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 28 June 2011

കൂരാച്ചുണ്ട് കഥകള്‍ - 8 : “ലോക്കപ്പില്‍“

സന്ധ്യയാകുന്നു. ഞാനും അച്ചായനും രയറോത്ത് വര്‍ത്തമാനം പറഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പുറം പുഴക്കരയില്‍ ചെറിയ അനക്കങ്ങള്‍ കേള്‍ക്കുന്നുണ്ട്. പള്ളിയില്‍ നിന്നു ബാങ്കുവിളിയ്ക്കുന്നു. അപ്പോഴാണ് പാലം കടന്ന് നീലജീപ്പ് പാഞ്ഞുവന്നു ബ്രേക്കിട്ടതും ചടപടാന്ന് നാലഞ്ചു പോലീസുകാര്‍ ചാടിയിറങ്ങിയതും. ഇറങ്ങിയ പാടെ അവര്‍ പുഴക്കരയിലേയ്ക്ക് ഓടി. ഞങ്ങളെല്ലാം അന്തം വിട്ടുനില്‍ക്കെ പുഴക്കരയിലെ കാട്ടുവള്ളിക്കൂട്ടത്തില്‍ കൂടി ആരൊക്കെയോ ഓടുന്നതും ചാടുന്നതും കേട്ടു. അല്പസമയത്തിനകം വാറ്റുകാരന്‍ കുഞ്ഞാപ്പനെയും കുഞ്ഞൌതയേയും കൈക്കു കൂട്ടിപ്പിടിച്ച് പോലീസുകാര്‍ കൊണ്ടുവരുന്നതു കണ്ടു. കൈയില്‍ ഒരു കന്നാസും. പുതിയ എസ്സൈ ആളൊരു മുറ്റനാണ്. പിടിയ്ക്കും എന്നു വെച്ചാല്‍ പിടിച്ചിരിയ്ക്കും. കുഞ്ഞാപ്പനെയും കുഞ്ഞൌതയേയും വണ്ടിയിലേയ്ക്ക് തള്ളിക്കയറ്റിയിട്ട് പോലീസ് ആലക്കോടിനു പോയി.

“ഇന്നവന്മാരുടെ കാര്യം പോക്കാ..” ഞാന്‍ അച്ചായനോട് പറഞ്ഞു.

“നല്ല ധൈര്യത്തില്‍ നിന്നാ കുഴപ്പമൊന്നുമില്ല..” അച്ചായന്‍ ഈസിയാക്കി എന്നോട് പറഞ്ഞു.

“എന്തു ധൈര്യം..? മാക്രി പാണ്ടിലോറിയ്ക്ക് മസിലുപിടിച്ചമാതിരിയുണ്ടാകും. പോലീസുകാര് ഇടിച്ച് ഇഞ്ചപ്പരുവമാക്കും..”

“പണ്ടു കൂരാച്ചുണ്ടില്‍ വെച്ച് എന്നേം വേറെ മൂന്നുപേരേം പോലീസൊന്നു പൊക്കിയതാ...ചീട്ടുകളിച്ചേന്..”

“എന്നിട്ടോ..?”

“എന്നിട്ടെന്താ.. ഒരു ദിവസം അകത്തു കിടന്നു. എന്നോട് മാത്രം പോലീസ് നല്ല ഡീസന്റായിരുന്നു..”

“എന്തു ഡീസന്റ് ?”

“എടാ കൊച്ചേ സ്റ്റേഷനില്‍ കൊണ്ടു പോയാ ആദ്യത്തെ പരിപാടിയെന്താ..? മുണ്ടഴിപ്പിയ്ക്കും. മറ്റേ മൂന്നവന്മാരുടേം മുണ്ടഴിപ്പിച്ചാ അകത്തിട്ടത്. എന്നോട് മാത്രം ഉടുത്തോളാന്‍ പറഞ്ഞു..”

“ആഹാ അച്ചായനെ എസ്സൈയ്ക്കു പരിചയം കാണും അല്ലേ..?”

“ഏയ് പരിചയമൊന്നുമില്ല. ചെന്നപാടെ എല്ലാവനോടും മുണ്ടഴിയ്ക്കാന്‍ പറഞ്ഞു. മറ്റവന്മാര്‍ അഴിച്ചു. എന്നാല്‍ ഞാന്‍ നല്ല ധൈര്യത്തിലങ്ങു നിന്നു. അന്നേരം എസ്സൈ “അഴിയ്ക്കെടാ റാസ്കല്‍” എന്നും പറഞ്ഞ് എന്നെ തല്ലാനൊരു ചാട്ടം. ഞാനഴിച്ചതും “ഫാ ഉടുക്കെടാ റാസ്കല്‍” എന്നും പറഞ്ഞ് പുറകോട്ടു ചാടിയതും ഒരേസമയത്ത്. ഞാനന്ന് മുണ്ടുടുത്തിട്ടു തന്നെയാ അകത്തു കിടന്നത്..”

“ഒരു സാധനം വാങ്ങീട്ടു വരാം.” ഞാന്‍ രവിച്ചേട്ടന്റെ കടയിലേയ്ക്കു നടന്നു.

Thursday, 23 June 2011

Wednesday, 22 June 2011

സദാചാരഗുണ്ടായിസം...

"സാധാരണ നൈറ്റ് ഡ്യൂട്ടി ഉണ്ടാവുന്ന സമയത്ത് ഓഫീസില്‍ നിന്നും വണ്ടി അയക്കുകയാണ് പതിവ്. എന്നാല്‍ അന്ന് മീറ്റിംങ് ഉണ്ടായിരുന്നതിനാല്‍ വണ്ടി അയച്ചിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്തിനൊപ്പം ബൈക്കിലാണ് അന്ന് കാക്കനാട്ടേക്ക് പോയത്. മറൈന്‍ ഡ്രൈവിന് സമീപത്തുള്ള ഒരുകടയുടെ സമീപം ചായ കുടിക്കാനായി ഇറങ്ങിയതായിരുന്നു ഞങ്ങള്‍. അവിടെ നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഓട്ടോയുടെ ഡ്രൈവര്‍ എന്റെ നേര്‍ക്ക് വന്ന് “നിന്റെ പേരെന്താ, വീടെവിടെയാ“ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ചു. “നിങ്ങളോട് പേരും അഡ്രസും പറയാന്‍ എനിക്ക് താല്‍പര്യമില്ലെ“ന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അയാള്‍ വളരെ മോശമായ ഭാഷയില്‍ എന്നെ ചീത്തവിളിച്ചു.   “നിങ്ങളെന്താ വിളിച്ചത്“ എന്ന് ഞാന്‍  ചോദിച്ചു. ഓട്ടോക്കാരന്‍ എന്റെ നേര്‍ക്ക് വന്ന് കരണത്തടിച്ചു. അടികൊണ്ട് ഞാന്‍ തെറിച്ചുവീണു. അപ്പോള്‍ ഒരാള്‍ കൈ വളച്ച്തിരിച്ചു. എട്ടിനും പതിനഞ്ചിനും ഇടയ്ക്ക് ആളുകളുണ്ടായിരുന്നു അവിടെ. അവരെല്ലാവരും മദ്യപിച്ചിട്ടുണ്ടായിരുന്നു. എനിക്ക് നേരെയുള്ള ആക്രമണം കര്‍ണാടയില്‍ ശ്രീരാമസേന നടത്തിയതുപോലുള്ള ഒന്നാണെന്ന് ഞാന്‍  കരുതുന്നില്ല. കാരണം ജാതീയപരമായോ മതപരമായോ ഉള്ള വാക്കുകളോ കുറ്റപ്പെടുത്തലുകളോ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല..”

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കൊച്ചിയില്‍ “സദാചാരഗുണ്ടകളു”ടെ കൈയേറ്റത്തിനിരയായ “തസ്നി ബാനു“ എന്ന യുവതിയുടെ വാക്കുകളാണ് മേല്‍ക്കൊടുത്തത്. കുറേകാലം മുന്‍പു നടന്ന ചില വിവാദങ്ങളിലെ ഒരു കക്ഷിയായതിനാല്‍, മതശക്തികളാണോ ഇതിനു പിന്നിലെന്ന് സംശയിച്ചു. എന്നാല്‍ അവരാരുമല്ല യുവതിയെ കൈയേറ്റം ചെയ്തത്. മദ്യപിച്ച ഒരു കൂട്ടം തെരുവുഗുണ്ടകളും ഓട്ടോ ഡ്രൈവര്‍മാരുമാണത്രേ സദാചാരം പാലിയ്ക്കാന്‍ ഇറങ്ങിത്തിരിച്ചത്. സമൂഹത്തെ നന്നാക്കിക്കളയാം എന്ന സല്‍ച്ചിന്തയൊന്നുമല്ല ഇതിനു പിന്നിലെന്ന്  ആര്‍ക്കും മനസ്സിലാകും. മത-സാമുദായിക അനുയായികള്‍ക്ക് അവരുടേതായ എന്തെങ്കിലും “ആദര്‍ശം” പറയാനുണ്ടാകും. ഇവര്‍ക്കു അതൊന്നും ബാധകമല്ലാത്തതിനാല്‍ ഈ സാമൂഹ്യ സേവനത്തിനു പിന്നില്‍ കാരണം വേറെയാണെന്നുറപ്പ്.

നമ്മുടെ നഗരങ്ങളില്‍ രാത്രി ഒന്‍പതുമണിയ്ക്കു ശേഷം സഞ്ചരിച്ചു നോക്കിയാല്‍ അറിയാം,  നാട്ടിലെ നിയമ സംവിധാനങ്ങള്‍ക്കു പകരം തെരുവിന്റെ നിയമങ്ങളാണ് അവിടെ നടപ്പുള്ളതെന്ന്. ചിലയിടത്ത്പകലും ഇതു തന്നെ സ്ഥിതി. നഗരത്തിലെ രാത്രിയാത്രക്കാര്‍ക്ക് ഏറെ അനുഗ്രഹമാണ് ഓട്ടോകള്‍. മിക്കവാറും ഡ്രൈവര്‍മാര്‍ കുടുംബം പുലര്‍ത്താനായി രാത്രി സവാരികള്‍ നടത്തുമ്പോള്‍, കുറേപ്പേര്‍ മറ്റുലക്ഷ്യങ്ങളോടെ ഈ പണിചെയ്യുന്നവരാണ്. അവര്‍ സാധാരണ യാത്രക്കാര്‍ വിളിച്ചാല്‍ ഓട്ടം പോകില്ല. എവിടെയെങ്കിലും തമ്പടിച്ച് കിടക്കും. മദ്യം, മയക്കുമരുന്ന്, ലൈംഗിക തൊഴിലാളികള്‍ ഇവരെയൊക്കെ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഇവരുടെ തൊഴില്‍.  ഇത്തരം ആള്‍ക്കാര്‍ മിക്ക നഗരങ്ങളിലും രാത്രിനേരങ്ങളില്‍ തെരുവുഭരണം നടത്താറുണ്ട്. അസമയത്ത് ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ച് തെരുവില്‍ കണ്ടാല്‍, അവരെ ചോദ്യം ചെയ്യല്‍ ഇത്തരക്കാര്‍ക്ക് ഹരമാണ്. അവര്‍ മുന്‍‌കൂട്ടിതീരുമാനിച്ചു കഴിഞ്ഞു, “അവള്‍ പോക്കാണ്..”.

നമ്മുടെ സമൂഹത്തില്‍ ഒരു ചിന്തയുണ്ട്, ഒരു സ്ത്രീ മോശക്കാരിയാണ് അല്ലെങ്കില്‍ വ്യഭിചാരിണിയാണ് എന്ന് “ഉറപ്പിച്ചു”കഴിഞ്ഞാല്‍ ആര്‍ക്കും അവളെ ചോദ്യം ചെയ്യാം, ആക്ഷേപിയ്ക്കാം, വേണമെങ്കില്‍ കൈയേറ്റം തന്നെ ചെയ്യാമെന്ന്. എന്താണ് ഇതിന്റെ മനശ്ശാസ്ത്രം? 

രണ്ടു തലമുണ്ട് ഇതിന്.

ഒന്ന്, കാലാകാലങ്ങളായുള്ള പുരുഷമേധാവിത്വചിന്ത തന്നെ. സ്ത്രീ പുരുഷന്റെ അടിമയാണെന്നും സ്വകാര്യ സ്വത്താണെന്നും അതില്‍ നിന്നുള്ള ഏതു വ്യതിചലനവും അവളെ “മോശക്കാരി”യാക്കുമെന്നും, അങ്ങനെ സംഭവിച്ചാല്‍ അവള്‍ സമൂഹത്തിന്റെ അവഹേളനപാത്രമാണെന്നുമുള്ള ചിന്ത.

രണ്ട്, സ്ത്രീ പുരുഷന്റെ ഉപഭോഗവസ്തുവാണ്. സുന്ദരിയായ ഒരുവളെ സ്വന്തമായുള്ളവനോട് സ്വഭാവികമായും മറ്റുള്ളവര്‍ക്ക് (മിക്കവാറും പേര്‍ക്ക്) അസൂയ ഉണ്ടാകും. “പതിവ്രത”യോ “ചാരിത്രവതി”യോ ആണെങ്കില്‍ അവളെ തൊടാന്‍ പറ്റില്ല. എന്നാല്‍ അവള്‍ “ശരിയല്ലാത്തവളാണ്” എന്നു തെളിഞ്ഞാല്‍ അവളില്‍ മറ്റുള്ളവര്‍ക്കും “അവകാശം” സിദ്ധിയ്ക്കുന്നു. “ഞങ്ങള്‍ക്കു കൂടി വഴങ്ങാമെങ്കില്‍ പ്രശ്നമില്ല. അല്ലെങ്കില്‍ നീ അനുഭവിയ്ക്കും”, ഈയൊരു ബോധം നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം പുരുഷന്മാരുടേയും ബോധതലത്തില്‍ പതിഞ്ഞു കിടക്കുന്നു. ചെറുപ്പത്തില്‍ വിധവകളാകേണ്ടി വരുന്നവര്‍, അവിവാഹിതകള്‍ എന്നിവരും പലപ്പോഴും ഈ കാഴ്ചപ്പാടിന്റെ ഇരകളായി തീരുന്നു.

കൊച്ചിയില്‍ തസ്നി ബാനുവിനെ കൈയേറ്റം ചെയ്തവരെയും ഭരിച്ച സൈക്കോളജി ഇതു തന്നെയാണ്. . എന്നെ ഏറ്റവും ഞെട്ടിച്ചത്, വാക്കുകള്‍പ്പുറം ആ യുവതിയെ മര്‍ദ്ദിയ്ക്കാനുള്ള തന്റേടം എങ്ങനെ ഇവര്‍ക്കുണ്ടായി എന്നതാണ്..! സാധാരണ എത്ര ശൂരന്മാരായ പുരുഷന്മാരും സ്ത്രീകളെ മര്‍ദ്ദിയ്ക്കാന്‍ മടിയ്ക്കും. ഇവിടെ തികച്ചും അന്യയായ, ശാരീരികമായി ദുര്‍ബലയായ ഒരു സ്ത്രീയെ മര്‍ദ്ദിച്ചവര്‍ എത്ര മ്ലേച്ഛന്മാരും സാമൂഹ്യവിരുദ്ധരുമാണ്..!
നമ്മുടെ പോലീസും മോശമല്ല. സ്ത്രീകള്‍ക്ക് രാത്രി ഭയമില്ലാതെ വഴിനടക്കാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ അവരെക്കൊണ്ടാവില്ലെന്നതോ പോട്ടെ, ഒരു അതിക്രമം സംഭവിച്ചാല്‍ ഉടന്‍ യുക്തമായ നടപടിയെടുക്കുകയെങ്കിലും വേണ്ടേ? ഹെല്‍മറ്റു വേട്ട നടത്താനും ചീട്ടുകളികാരെ ഓടിച്ചിട്ടു പിടിയ്ക്കാനും കാണിയ്ക്കുന്ന ശൌര്യത്തിന്റെ പകുതിയെങ്കിലും ഇക്കാര്യത്തിലും കാണിയ്ക്കേണ്ടതല്ലേ..? ഇതൊരു തസ്നിബാനുവിന്റെ പ്രശ്നമല്ല. നാളെ ഞാനോ നിങ്ങളോ സഹോദരിയോടൊപ്പമോ ഭാര്യയോടൊപ്പമോ അല്ലെങ്കില്‍ കാമുകിയോടൊപ്പമോ രാത്രി ഒരു നഗരത്തിലെത്തിപ്പെട്ടാല്‍, വഴിയില്‍ കാണുന്നവന്റെയൊക്കെ ചോദ്യത്തിനു മറുപടി പറഞ്ഞേ ഒക്കുകയുള്ളു എന്നും, അല്ലെങ്കില്‍ തല്ലുകൊള്ളുമെന്നുമുള്ള അവസ്ഥ എത്ര ഭീകരമാണ്..! നിയമപാലകര്‍ ക്വൊട്ടേഷന്‍ കൊടുക്കുകയും മണിച്ചെയിന്‍ നടത്തുകയും  മേലധികാരിയോടൊപ്പം മദ്യപിച്ച് തമ്മിലടിച്ച് കൊലപാതകം നടത്തുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഇത്തരം സദാചാരപോലീസുകാര്‍ തലപൊക്കും.

ഇത് സാമൂഹ്യ-നിയമപ്രശ്നങ്ങള്‍ മാത്രമല്ല, സാംസ്കാരിക പ്രശ്നം കൂടിയാണ്. സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും സ്വകാര്യതയും വ്യക്തിസ്വാതന്ത്ര്യവും മാനിയ്ക്കാനോ അംഗീകരിയ്ക്കാനോ ഇപ്പോഴും നമുക്കാവുന്നില്ല. രണ്ടുപേര്‍ ഉഭയസമ്മതത്തോടെ സ്വകാര്യമായി ഒന്നിച്ചിരുന്നാല്‍   ഒളിഞ്ഞുനോക്കുകയും വളഞ്ഞുപിടിയ്ക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്കാരം. അതിന്റെ മനശാസ്ത്രം ഞാന്‍ മേല്‍  പറഞ്ഞതു തന്നെയാണ്. വാഹനത്തിലെ തിരക്കില്‍  നിസ്സഹായയായ സ്ത്രീയുടെ ശരീരത്തില്‍ തടവി നിര്‍വൃതികൊള്ളുന്നത്, രോഗാതുരമായ മനസ്സിന്റെ ലക്ഷണമാണ്. അതിലും എത്രയോ അന്തസ്സാണ് പണം കൊടുത്തോ കൊടുക്കാതെയോ താല്പര്യമുള്ള ഒരു സ്ത്രീയോടൊപ്പം സഹശയനം നടത്തുന്നത്..

പലരും അടക്കിവെച്ച ലൈംഗീകതയുമായാണ്  ജീവിയ്ക്കുന്നത്. മനുഷ്യരുടെ ഏറ്റവും ഉദാത്തമായ വികാരങ്ങളിലൊന്നാണ് ലൈംഗീക വികാരം. ഇണയോടുള്ള തീവ്രസ്നേഹത്തിന്റെ പാരമ്യത്തിലാണ് യഥാര്‍ത്ഥ ലൈംഗീക അനുഭൂതി. പല ഭാര്യാ- ഭര്‍തൃബന്ധങ്ങളിലും ഔപചാരികതയില്‍ കവിഞ്ഞ സ്ഥാനമൊന്നും ലൈംഗീക ജീവിതത്തിനില്ല. പരസ്പരവിരക്തിയിലേയ്ക്കാണിത് നയിയ്ക്കുന്നത്. മറ്റൊരു ഭാഗത്ത് പ്രണയവും സ്നേഹവും ആസ്വദിയ്ക്കേണ്ട യുവതലമുറ അതിനൊന്നും കഴിയാതെ തുറിച്ചു നോട്ടത്തിലും തോണ്ടലിലും സംതൃപ്തി അടയുന്നു. നീലച്ചിത്രങ്ങളിലും ഇന്റെര്‍നെറ്റിലുമാണ് പലരുടെയും ലൈംഗീകവിദ്യാഭ്യാസം നടക്കുന്നത്. സ്നേഹം എന്ന വികാരം വിട്ടൊഴിഞ്ഞ് വെറും മൃഗീയപ്രക്രിയ മാത്രമായി ലൈംഗീകതയെ അവര്‍ അറിയുന്നു. തീര്‍ച്ചയായും ലൈംഗിക അരാജകത്വത്തെ പ്രോത്സാഹിപ്പിയ്ക്കുകയല്ല ഞാന്‍. ജീവിതത്തില്‍  അച്ചടക്കം സ്വയം ബോധ്യപ്പെട്ട് പാലിയ്ക്കേണ്ടതാണ്.

പരസ്യങ്ങളിലെ “എക്സ്ട്രാ പവറു“കളുടെയും “വാജീകരണതൈല“ങ്ങളുടേയും “ലിംഗവര്‍ധക യന്ത്ര”ങ്ങളുടെയും ആധിക്യം നോക്കിയാല്‍ മാത്രം മതി എത്രമാത്രം ലൈംഗീകദാരിദ്ര്യം അനുഭവിയ്ക്കുന്ന സമൂഹമാണ് നമ്മുടേതെന്ന്. “രതിനിര്‍വേദം” എന്ന സിനിമയുണ്ടാക്കിയ ആകാംക്ഷ ഇതിനുദാഹരണമാണ്. ഈ ദാരിദ്ര്യത്തിന്റെ അത്യാര്‍ത്തി ആണ് നമ്മുടെ സമൂഹത്തിലെ ഇമ്മാതിരി കുഴപ്പങ്ങള്‍ക്കെല്ലാം കാരണം. യുവതലമുറയെങ്കിലും ഇത് തിരിച്ചറിഞ്ഞ്  പ്രണയത്തെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കണം. മൃഗീയതയല്ല, സ്നേഹം തുളുമ്പുന്ന സുന്ദരവികാരമാണ് ലൈംഗികത എന്നു തിരിച്ചറിയുക. സംഗീതവും സുഗന്ധവും വഴിയുന്ന ഒരു ഉദ്യാനത്തിലൂടെ ഇണയുമായി കൈകോര്‍ത്തു നടക്കുന്നതു പോലെയാവണം അത്.

അടിക്കഥ: 
എന്റെ നാട്ടില്‍ മഹാമാന്യനായ ഒരു പഞ്ചാരക്കുട്ടപ്പനുണ്ടായിരുന്നു. ബസ്സില്‍ മുന്‍‌ഭാഗത്ത് സ്ത്രീകളുടെ ഇടയിലേ ഇഷ്ടന്‍ യാത്ര ചെയ്യൂ. അതില്‍ പ്രത്യേകമായ ഒരു സുഖമാണങ്ങേര്‍ക്ക്. ഒരിയ്ക്കല്‍ കുറച്ചുപേര്‍ ഇഷ്ടനെ ഒന്നു പറ്റിച്ചു. നല്ല തിരക്കുള്ള ബസില്‍ ,സ്ത്രീകള്‍ക്കിടയില്‍ ഇഷ്ടനിങ്ങനെ നിര്‍വൃതികൊണ്ടു പോകുമ്പോള്‍ പുറകില്‍ നിന്ന ഒരു ചങ്ങാതി പതിയെ അയാളുടെ തുടയില്‍ തഴുകി. കക്ഷി കരുതി അടുത്തു നില്‍ക്കുന്ന സ്തീയായിരിയ്ക്കും തഴുകിയതെന്ന്. അര്‍ത്ഥം വെച്ചൊരു ചിരിയോടെ അല്പം കൂടി അവരോടു ചേര്‍ന്നു നിന്നു. അപ്പോള്‍ വീണ്ടും തഴുകല്‍ മുകളിലേയ്ക്ക്. ഉന്മാദം കയറിയ ഇഷ്ടന്‍ ആ സ്ത്രീയെ അറിയാതെ വട്ടം പിടിച്ചു പോയി. പിന്നെ നടന്ന പൂരം പറയേണ്ടല്ലൊ.

Saturday, 18 June 2011

ആസുരതയുടെ 20 വര്‍ഷങ്ങള്‍..

"വാപ്പച്ചി സുധീറാണ് എന്നെ മൂവര്‍ സംഘത്തിന് കൈമാറിയത്. താങ്കള്‍ ആരാണെന്ന ചോദ്യത്തിന് ബന്ധുവെന്നായിരുന്നു വാപ്പച്ചിയുടെ മറുപടി. എന്റെ അടുത്തു വന്നയാള്‍ കൂടെ വന്നത് ആരാണെന്ന് ചോദിച്ചു. വാപ്പച്ചിയാണെന്ന് പറഞ്ഞു. ഇതോടെ പുറത്തിറങ്ങിയ ആ ചെറുപ്പക്കാരന്‍ വാപ്പച്ചിയുടെ ചെകിടത്ത് നാലടി കൊടുത്ത് മടങ്ങിപ്പോയി. മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ പലരും എന്റെ രൂപവും ദയനീയമായ അവസ്ഥയും കണ്ട്  മടങ്ങിപ്പോയിട്ടുണ്ട്. ഇതിന് വാപ്പച്ചി ദേഷ്യപ്പെടുമായിരുന്നു. പണം മുഴുവന്‍ വാപ്പച്ചി നേരിട്ടാണ് വാങ്ങിയിരുന്നത്. എന്നാല്‍ ചിലര്‍ ടിപ്പായി പണം നല്‍കിയിരുന്നു. ഈ തുക ഞാന്‍ ഒളിപ്പിച്ചു വെയ്ക്കും. ഇക്കാര്യം മനസ്സിലായ വാപ്പച്ചി ദേഹപരിശോധന നടത്തി തുക തട്ടിയെടുത്ത നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.... ആദ്യം പീഡിപ്പിച്ചത് വാപ്പച്ചി തന്നെയായിരുന്നു, വീട്ടില്‍ വെച്ച്. പിന്നീട് സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് പ്രലോഭിപ്പിച്ച് വന്‍‌തുകയ്ക്ക് പലര്‍ക്കും കാഴ്ചവെച്ചു...” സ്വന്തം പിതാവിനാല്‍ പെണ്‍‌‌വാണിഭത്തിന് ഇരയായ പറവൂരിലെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുപെണ്‍‌കുട്ടിയുടെ മൊഴിയില്‍ നിന്നും.

കഴിഞ്ഞദിവസം തമിഴ്‌നാട്ടിലെ വലിയ ഒരു കോണ്‍‌ട്രാക്ടര്‍, മണികണ്ഠന്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. കരാര്‍ ഇടപാടുകള്‍ അനുകൂലമാക്കാന്‍ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരെയും സല്‍ക്കരിയ്ക്കാന്‍ അയാള്‍ കുട്ടിയെ കാരക്കോണത്തുള്ള സ്വന്തം ഗസ്റ്റ് ഹൌസില്‍ എത്തിച്ചിരുന്നു. സ്വന്തം മകളെ വ്യഭിചാരത്തിന് എത്തിച്ചുകൊടുത്തതിന് സുധീറിന് ലഭിച്ചത് 40,000 രൂപ. (കടപ്പാട്: കേരള കൌമുദി).

കേരളം എങ്ങോട്ടാണ് പോകുന്നത് ? സ്ത്രീ-ബാലിക പീഡനത്തിനു കാരണമായി നമ്മള്‍ സാധാരണ പറയുന്ന ലോജിക്കൊന്നും ഇവിടെ പ്രസക്തമാകുന്നില്ല. സ്വന്തം കുഞ്ഞിനെ പിതാവു തന്നെ പീഡിപ്പിയ്ക്കുക, പിന്നെ കാശിനായി വില്‍ക്കുക..! പണത്തിനോടുള്ള ആര്‍ത്തിമാത്രമല്ല മൃഗീയതയും തുല്യ അളവില്‍ സമ്മേളിച്ച ദുഷ്ടമനസ്സിനു മാത്രമേ ഇങ്ങനെ ചെയ്യാനാവൂ. പുറത്തറിയാത്ത എത്രയോ സംഭവങ്ങള്‍ വേറെയുണ്ടാകും?

ഈ രീതിയില്‍ പോയാല്‍, പെണ്‍കുഞ്ഞുള്ള  അച്ഛന്മാരുടെ അടുത്ത് മകളെ തനിയെ വിടാന്‍ അമ്മമാര്‍ ഭയക്കില്ലേ..? സ്വന്തം കുഞ്ഞിനെ വാത്സല്യത്തോടെ ഒന്നു സ്പര്‍ശിയ്ക്കാന്‍  അച്ഛന്മാര്‍ മടിയ്ക്കില്ലേ..?

എന്താണ് നമുക്ക് സംഭവിയ്ക്കുന്നത്? സാമ്പത്തിക സ്ഥിതിയിലുണ്ടായ ഉയര്‍ച്ച, മലയാളിയുടെ അടിച്ചമര്‍ത്തിയ ലൈംഗീക തൃഷ്ണകളെ കെട്ടഴിച്ചുവിടുകയാണോ? പണം നല്‍കിയാല്‍ എന്തും നേടാം എന്ന അവസ്ഥ, പെണ്‍കുട്ടികളെ വില്‍ക്കാനും മേടിയ്ക്കാനും മലയാളിയെ പ്രലോഭിപ്പിക്കുന്നുണ്ടോ? കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കെടുത്താല്‍, ഇക്കാലയളവില്‍ ഏറ്റവും തഴച്ചു വളര്‍ന്നത് മദ്യ ഉപഭോഗവും ലൈംഗീകവ്യാപാരവുമാണെന്നു കാണാം. കേരളത്തിന്റെ ജീവിതനിലവാരം കുതിച്ചുയര്‍ന്ന കാലം കൂടിയാണ് ഇതെന്നോര്‍ക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കനത്ത ശമ്പളവും കിമ്പളവും ഇക്കാലയളവില്‍ ലഭ്യമായി.  സാമ്പത്തിക കുതിപ്പിന് കാരണക്കാരായ, വിദേശതൊഴില്‍, റീയല്‍ എസ്റ്റേറ്റ് ബിസിനസ്, വ്യാപാരമേഖല, നാണ്യവിള മുതലായവയില്‍ വിജയം കണ്ട 30 - 50 പ്രായപരിധിയിലുള്ള ആള്‍ക്കാരാണ് ഈ രണ്ടു ഉപഭോഗത്തിലും മുന്നില്‍ നില്‍ക്കുന്നത്. (ഈ പ്രായപരിധിയിലുള്ള മറ്റുള്ളവര്‍ അവരെ അനുകരിയ്ക്കുന്നുമുണ്ട്.) ആഗോളവല്‍ക്കരണത്തിന്റെയും ഇലക്ട്രോണിക് മാധ്യമരംഗത്തെ വിപ്ലവത്തിന്റെയും കാലഘട്ടം കൂടിയാണിത്. വേഷ, ഭാഷാ, സംസ്കാരങ്ങളിലെല്ലാം കഴിഞ്ഞ ഏതുകാലത്തേതിലും വമ്പിച്ച മാറ്റമാണ് ഈ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. പട്ടിണി എന്നത് നാമാവശേഷമായി. ദേഹമനങ്ങിയുള്ള ജോലിയ്ക്ക് ആളില്ലാതായി. ക്യാന്‍സര്‍, പ്രമേഹം, പ്രഷര്‍, കൊളസ്ട്രോള്‍, കരള്‍ രോഗങ്ങള്‍, സിസേറിയന്‍ എന്നിവ ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളായി.
പണം ആവശ്യത്തിലധികമായതോടെ  ഉണ്ടായിരുന്ന നന്മകള്‍ കൂടി ഒഴിഞ്ഞുകൊണ്ടിരിയ്ക്കുന്നു.
നാം ആസുരകാലത്താണ് ജീവിയ്ക്കുന്നത്.

Wednesday, 15 June 2011

ഫേസ്ബുക്കില്‍ സ്റ്റാറാകാന്‍ സൌജന്യഗൈഡ്.

ഫേസ്‌ബുക്കില്‍ പുതുതായി എത്തുന്ന എല്ലാവരുടെയും ആഗ്രഹം, നാലാള്‍ അറിയുന്ന ബുക്കനോ ബുക്കിയോ ആവുക എന്നാണല്ലോ. ഇഷ്ടം പോലെ ഫ്രണ്ട്സും കമന്റുമായി ചിലര്‍ വിലസുന്നതു കാണുമ്പോള്‍, അതുപോലെയൊക്കെ ആകണമെന്ന് ആരാ ആശിയ്ക്കാത്തത്?  എന്നാല്‍ കളത്തിലിറങ്ങുമ്പോഴാണ് കാര്യങ്ങള്‍ ഉദ്ദേശിച്ചത്ര എളുപ്പമല്ലെന്നു മനസ്സിലാകുന്നത്. എത്രയൊക്കെ ചിന്തിച്ചുമിനുക്കി നല്ല നല്ല സ്റ്റാറ്റസ് ഇട്ടാലും ആരും തിരിഞ്ഞു നോക്കില്ല. ആരുടെയെങ്കിലുമൊക്കെ സ്റ്റാറ്റസുകളില്‍ കമന്റിട്ടാലോ ഒരു ലൈക്കു പോലും കിട്ടുകയുമില്ല. ഇങ്ങനെ നിരാശപ്പെട്ടിരിയ്ക്കുന്ന പുതു ബുക്കന്‍/ബുക്കിമാര്‍ക്കായി ഇതാ ഒരു സൌജന്യ ഗൈഡ്.

1. “ഫസ്റ്റ് ഇമ്പ്രെഷന്‍ ഈസ് ബെസ്റ്റ് ഇമ്പ്രഷന്‍“ എന്നാണല്ലോ. നിങ്ങള്‍ ഒരു “ഫീമെയില്‍“ ആണെങ്കില്‍ ഭാഗ്യവതി, പകുതി അധ്വാ‍നം കുറഞ്ഞു. കാണാന്‍ മോശമല്ലാത്ത ഒരു ഫോട്ടോ, “ഫോട്ടോഷോപ്പി“ലെ “Hue/Saturation“ സെറ്റിംഗ് അഡ്ജസ്റ്റ് ചെയ്തു വെളുപ്പിച്ച് പ്രൊഫൈല്‍ ചിത്രമായി ഇടുക. ഇനി സ്വന്തം ചിത്രം ഇടാന്‍ മടി ആണെങ്കില്‍ ഏതെങ്കിലും നടിയുടെ പടം‍, പുഷ്പങ്ങള്‍, മെഴുകുതിരി, മത്തങ്ങ ഇതൊക്കെ ഇട്ടാലും മതി. അതുപോലെ സ്വന്തം പേരിനൊപ്പം നായര്‍, മേനോന്‍, നമ്പ്യാര്‍, നമ്പൂതിരി, പിഷാരടി, വാര്യര്‍ അങ്ങനെയുള്ള ഏതെങ്കിലും ഒരു വാല്‍ കൂടി ചേര്‍ക്കുന്നത് മൈലേജ് കൂട്ടും. എന്തായാലും പേരിന് ഒരു ഗ്ലാമറും തറവാടിത്തവും ഉണ്ടായിരിയ്ക്കണം.

2. നിങ്ങള്‍ പുരുഷനാണെങ്കില്‍ കുറെ കഷ്ടപ്പെടേണ്ടി വരും. സ്വന്തം ഫോട്ടോ വെച്ചുള്ള കളിയ്ക്ക് വലിയ ഗ്യാരണ്ടിയൊന്നുമില്ല. അത്ര തന്റേടം ഉണ്ടെങ്കില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രം. പിന്നെ മേല്പറഞ്ഞ  ഒരു വാല്‍ കൂടി ഫിറ്റു ചെയ്താല്‍ നന്ന്.  ഒരു വെറൈറ്റിയ്ക്ക് വേണമെങ്കില്‍ ജാതിവാല്‍ ആദ്യം ചേര്‍ക്കാവുന്നതാണ്. ഉദാഹരണം നായര്‍ ബിജു, നമ്പൂതിരി ബിജു, നമ്പ്യാര്‍ ബിജു എന്ന പോലെ. ഫീമെയിലുകള്‍ക്കും ഈ വിദ്യ പയറ്റാം. പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടും. (നമ്മള്‍ അല്പം “കൂടിയ“ ഇനമാണെന്ന് മറ്റുള്ളവരെ അറിയിയ്ക്കാനുള്ള എളുപ്പവിദ്യയാണിത്. )

3. ഇനി വേണ്ടത് കൂലങ്കഷമായ പരിസരനിരീക്ഷണമാണ്. നിലവില്‍ ആരൊക്കെയാണ് തിളങ്ങി നില്‍ക്കുന്നതെന്ന് കണ്ടുപിടിയ്ക്കുക.  അടുത്തപടി അവരുടെ സ്റ്റാറ്റസുകളില്‍ കമന്റെഴുതല്‍. ഇവിടെയും ഫിമെയിലുകള്‍ പെട്ടെന്ന് ശ്രദ്ധിയ്ക്കപെടുമെന്ന് മനസ്സിലാക്കുക. അല്പം പഞ്ചാരയും പൈങ്കിളിയും കലര്‍ത്തി വേണം കമന്റെഴുത്ത്.  

എന്നാല്‍ പുരുഷഗണത്തിന് അത്ര ഈസിയല്ല  കാര്യങ്ങള്‍. സ്റ്റാറ്റസ് ഉടമസ്ഥനെ പരമാവധി പുകഴ്ത്താന്‍ മറക്കാതിരിയ്ക്കുക. ആള്‍ എന്തു പറഞ്ഞാലും അതു ശരിയാണെന്ന് ഉടന്‍ കമന്റെഴുതണം. അങ്ങനെ പലതവണ ആകുമ്പോള്‍ അയാള്‍ നിങ്ങളെ ശ്രദ്ധിച്ചു തുടങ്ങും. ഒപ്പം അവിടെ കമന്റുന്ന മറ്റുള്ളവരും നിങ്ങളെ ശ്രദ്ധിയ്ക്കും.

4. ഫീമെയിലുകള്‍ ഇടയ്ക്കിടെ സ്വന്തം ഫോട്ടോകള്‍ (മുഖശ്രീ ഉണ്ടെങ്കില്‍ മാത്രം) -- പാറപ്പുറത്ത് നില്‍ക്കുന്നത്, മരക്കൊമ്പില്‍ ഇരിയ്ക്കുന്നത്, സോഫയില്‍ കിടക്കുന്നത്, പല്ലുകാട്ടിച്ചിരിയ്ക്കുന്നത് ക്ലോസപ്പില്‍,  അങ്ങനെ പല പോസിലുള്ളത് പോസ്റ്റണം. ആണുങ്ങള്‍ക്കും ആകാം, പക്ഷെ  റിസള്‍ട്ടിനു ഗ്യാരണ്ടിയൊന്നുമില്ല.

5. ഇങ്ങനെ ഒരു മാസമെങ്കിലും മുന്നോട്ടുപോയാല്‍ നിങ്ങള്‍ അല്പസ്വല്പം ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ടാകും. ഇനി സ്വന്തം സ്റ്റാറ്റസെഴുത്തിലേയ്ക്ക് കടക്കാം. ഇംഗ്ലീഷിലാണെങ്കില്‍  നെറ്റില്‍ തപ്പിയാല്‍ നല്ല വാചകങ്ങള്‍ കിട്ടും. ശ്രദ്ധിയ്ക്കേണ്ടകാര്യം, നമുക്കോ വായിയ്ക്കുന്നവര്‍ക്കോ തീരെ മനസ്സിലാകാത്തത് വേണം തിരഞ്ഞെടുക്കാന്‍ എന്നതാണ്. ധൈര്യമായി പോസ്റ്റുക. അധികം കമന്റൊന്നും വന്നില്ലെങ്കിലും നമ്മളെ പറ്റി ഒരു മതിപ്പുണ്ടാകും. മലയാളമാണെങ്കില്‍ വാരികകളില്‍ നോക്കി നല്ല വാചകങ്ങള്‍ എടുക്കുക. ഇവിടെയും പുരുഷന്മാര്‍ അല്പം ഉഷ്ണിച്ചാലെ ആരെങ്കിലും തിരിഞ്ഞു നോക്കൂ.

6. അല്പം “ലോ ഫ്ലോറാ“കാന്‍ തയ്യാറുണ്ടെങ്കില്‍ വളരെ പെട്ടെന്ന് ശ്രദ്ധിയ്ക്കപ്പെടാം. ഫീമെയിത്സ് അവരുടെ കുടുംബ-സ്വകാര്യ വിഷയങ്ങള്‍ ഒന്നു സ്റ്റാറ്റസിട്ടു നോക്കൂ.. ബന്ദിനു കല്ലേറു വരുന്നപോലെ കമന്റുകള്‍ പറന്നു വരുന്നതു കാണാം. ഓരോ കമന്റിനും റിപ്ലൈ ഇടണം. ഒന്നും കിട്ടിയില്ലെങ്കില്‍ “ഹി ഹി ഹി.., :-)))“ എന്നിവ ആവശ്യം പോലെ ഉപയോഗിയ്ക്കുക. കമന്റെഴുതുന്നവന് അല്പം ഇക്കിളിയുണ്ടാക്കുന്ന റിപ്ലൈ ഇട്ടുകൊണ്ടിരുന്നാല്‍ അവന്‍ ഒറ്റയ്ക്ക് സെഞ്ച്വറി കടത്തിത്തരും. എന്തായാലും ശരാശരി നൂറു കമന്റ് കിട്ടിയാല്‍ നിങ്ങള്‍ സ്റ്റാറായി എന്നര്‍ത്ഥം.

പുരുഷന്മാര്‍ ഈ വിദ്യ പ്രയോഗിച്ചാല്‍ അത്ര ഫലിയ്ക്കില്ല. അവര്‍ ചെയ്യേണ്ടത്, രാഷ്ട്രീയം, മതം, സഹ ബുക്കന്‍/ബുക്കികളെ പറ്റി എന്തെങ്കിലും ഗോസിപ്പ് ഈ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നു തിരഞ്ഞെടുക്കുക എന്നതാണ്. എതിര്‍ കക്ഷിക്കാര്‍ ആരെങ്കിലും ചൂണ്ടയില്‍ കൊത്തിയാല്‍ പിന്നെ അവനെ ആവോളം പ്രകോപിപ്പിയ്ക്കുക. ഒപ്പം ഫേസ്ബുക്കിന്റെ പുതിയ ഫീച്ചറായ “Mentioning" ഉപയോഗിച്ച് കുറേപ്പേരെ ഇതിലേയ്ക്ക് വലിച്ചിടുകയും വേണം. സംഗതി എല്ലാം ഒത്തുവന്നാല്‍ നൂറു കമന്റ് ഉറപ്പ്.

7. അല്പം സാഹിത്യ “വാസന” ഉള്ള കൂട്ടത്തിലാണെങ്കില്‍ നോട്ടെഴുത്ത് ആരംഭിയ്ക്കാനുള്ള സമയമാണിത്. ഫീമെയില്‍ ആണെങ്കില്‍ വായില്‍ തോന്നുന്നത് എന്തെങ്കിലുമൊക്കെ എഴുതിവിടുക. “നീ, ഞാന്‍, പ്രണയം,  മഴ ‍” എന്നീ വാക്കുകള്‍ ആവശ്യം പോലെ വാരിയിട്ടേക്കണം. നോട്ടില്‍ ആരെയും ടാഗ് ചെയ്യേണ്ട കാര്യമൊന്നുമില്ല. കൂഴച്ചക്കയില്‍ ഈച്ചയാര്‍ക്കുന്നതു പോലെ ആളുകൂടും.

പുരുഷന്മാര്‍ക്ക് ഇവിടെയും കാര്യങ്ങള്‍ അല്പം വിഷമമാണ്. എങ്കിലും പറ്റുന്നതു പോലെ ശ്രമിയ്ക്കുക. പ്രണയം, അല്പം സെക്സ്, ദ്വയാര്‍ത്ഥപ്രയോഗങ്ങള്‍ ഇവയൊക്കെ പരീക്ഷിയ്ക്കാവുന്നതാണ്. ഒരു അന്‍പത് പേരെയെങ്കിലും ടാഗ് ചെയ്യുക. കുറച്ച് പേര്‍ക്ക് മെസേജയയ്ക്കുക, വേണ്ടി വന്നാല്‍ അല്പം ഭീഷണിയുമാകാം “ഞാന്‍ തന്റെ എല്ലാ പോസ്റ്റിലും കമന്റുന്നതല്ലേ, പിന്നെന്താ എന്റെ പോസ്റ്റില്‍ കമന്റാത്തത്” എന്ന മോഡലില്‍. ഒരു വിധപ്പെട്ടവനൊക്കെ വന്നിട്ട്  “ഉഗ്രന്‍, സൂപ്പര്‍, കിടിലന്‍” എന്നൊക്കെ പറഞ്ഞിട്ടു പോകും.

8. ഇത്രയൊക്കെ ചെയ്തിട്ടും കാര്യമായ നേട്ടമില്ലാത്ത പുരുഷപ്രജകള്‍ക്ക്  (സ്ത്രീകള്‍  ആള്‍റെഡി സ്റ്റാറായിക്കഴിഞ്ഞിരിയ്ക്കും)  അവസാനത്തെ ഒരടവുണ്ട്. ഒന്നോ രണ്ടോ ഫേയ്ക്ക് ഫീമെയില്‍ ഐഡികള്‍ ഉണ്ടാക്കുക. മാറി മാറി ലോഗിന്‍ ചെയ്തോ ഒന്നിലധികം കമ്പ്യൂട്ടര്‍ ഉപയോഗിച്ചോ “അവരെ“ക്കൊണ്ട് സ്വന്തം സ്റ്റാറ്റസില്‍ കമന്റിപ്പിയ്ക്കുക. ഫീമെയില്‍ ഐഡിയും നമ്മളുമായി ഒരു പഞ്ചാര-സല്ലാപ രീതിയില്‍ വേണം സംഗതി പുരോഗമിയ്ക്കേണ്ടത്.  അപ്പോള്‍ പെണ്ണിന്റെ കമന്റ് കണ്ട് കുറേപ്പേര്‍ എത്തും. അവര്‍ക്കും അല്പം പഞ്ചാര വിതറുക. അന്‍പത് കമന്റെങ്കിലും ഷുവര്‍.

ഇനിയും രക്ഷയില്ലെങ്കില്‍ അക്കൌണ്ട് ഡീആക്ടിവേറ്റ് ചെയ്ത്  തൂമ്പയെടുത്ത് പറമ്പില്‍ കിളയ്ക്കുക. ഫേസ്ബുക്ക് കുടുംബംകലക്കിയാണെന്ന് നാലുപേരോട് പറയുക.

നിങ്ങള്‍ സ്റ്റാറായി എന്നു തോന്നിയാല്‍ പിന്നെ ചെയ്യേണ്ട ചിലകാര്യങ്ങള്‍ കൂടി പറയട്ടെ:

സ്വന്തം പോസ്റ്റില്‍ പോലും കാര്യമായി കമന്റെഴുതരുത്.  പെണ്‍‌മണികള്‍ക്കുമാത്രം റിപ്ലൈ കമന്റാം. മറ്റുള്ളവരുടെ പോസ്റ്റില്‍ പോകുകയേ ചെയ്യരുത്, ഫീമെയിത്സിന്റേതൊഴിച്ച്.
ആരോടെങ്കിലും “ഹായ്” പറഞ്ഞിട്ട് തിരിച്ചു പറഞ്ഞില്ലെങ്കില്‍ ഭൂകമ്പം ഉണ്ടാക്കുക. അവരറിയട്ടെ നമ്മുടെ വെയിറ്റ്. പെണ്ണാണെന്ന് ഉറപ്പുണ്ടെങ്കിലേ ചാറ്റാന്‍ നില്‍ക്കാവൂ. പലരോടു ചാറ്റുമ്പോള്‍ വിന്‍ഡോ മാറിപ്പോകാതെ സൂക്ഷിയ്ക്കണം

Monday, 13 June 2011

കൂരാച്ചുണ്ട് കഥകള്‍ (7) : പല്ലെടുക്കല്‍.

“എന്താടാ കൊച്ചെ.. രാവിലെ കരണക്കുറ്റീം പൊത്തിപ്പിടിച്ചോണ്ട്..?“ രയറോത്തേയ്ക്കുള്ള വഴിയ്ക്കുവെച്ചു കണ്ടപ്പോള്‍ അച്ചായന്‍ ചോദിച്ചു.

“ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല അച്ചായാ.. അണപ്പല്ലിന് മുടിഞ്ഞ വേദന. ആലക്കോട്ടെ ദന്തനെ കാണിച്ച് പറിച്ചു കളയാന്‍ പോകുവാ...”

“ഒരു പല്ലുപറിയ്ക്കാനാണോ ദന്തനെ കാണുന്നത്..? ചുമ്മാ എന്തിനാടാ  കൊച്ചെ കാശുകളയുന്നത്? ഞങ്ങളു കൂരാച്ചുണ്ടിലായിരുന്നകാലം ഏലിയാമ്മയ്ക്കു പല്ലുവേദന വന്നപ്പോ ഞാനല്ലേ പറിച്ചത്. എനിയ്ക്ക് പല്ലുവേദന വന്നപ്പം അവളും പറിച്ചു തന്നു..”

“ഓ.. നിങ്ങള് അങ്ങോട്ടുമിങ്ങോട്ടും കരണക്കുറ്റിയ്ക്ക് അടിച്ച് പറിച്ചാ‍യിരിയ്ക്കും..”

“അതൊന്നുമല്ലെടാ.. ഇത് ശരീരത്ത് തൊടുകപോലും വേണ്ട..വേദനയറിയാതെ ഓട്ടോമാറ്റിക്കായി സംഗതി നടക്കും..”

“ഓഹോ..ആ ടെക്നിക്കൊന്നു പറഞ്ഞു താ അച്ചായാ..  ദന്തനു ചുമ്മാ കാശുകൊടുക്കണ്ടല്ലോ..”

“ഒരാളുടെ സഹായം ഉണ്ടങ്കിലേ ഓട്ടോമാറ്റിക്കായിട്ട് പരിപാടി നടക്കത്തൊള്ളു. ഞാന്‍ ഏലിയാമ്മേടെ പല്ലെടുത്ത വിധം പറഞ്ഞു തരാം. നല്ല നൈലോണ്‍ നൂല് ഒരു മൂന്നടി  നീളത്തില്‍ എടുത്തു. എന്നിട്ട് ഏലിയാമ്മോട് നിലത്ത് കുത്തിയിരിയ്ക്കാന്‍ പറഞ്ഞു.. വേദനയുള്ള പല്ലേല്‍ നൂലിന്റെ ഒരറ്റം നല്ല ബലത്തില്‍ കെട്ടി. മറ്റേ അറ്റം കാലിന്റെ പെരുവിരലിലും കെട്ടി. ഇത്രയും ചെയ്തിട്ട് ഒരു അഞ്ചടി ദൂരെയോട്ട് ഞാന്‍ മാറി നിന്നു. പിന്നെ  മുഖത്തു നോക്കി അവള്‍ടെ അപ്പനേം അമ്മയേം നല്ല പുളിച്ച തെറി ആത്മാര്‍ത്ഥമായിട്ടങ്ങോട്ട് പറഞ്ഞു.  കാണിച്ചു കൊടുത്തപ്പോഴാ പല്ലു പറിഞ്ഞകാര്യം അവളറിഞ്ഞത്.. പക്ഷെ അന്നെനിയ്ക്കൊരബദ്ധം പറ്റി. അവളുടെ കൈയകലത്തില്‍ ചെരവ ഇരുന്നതു ഞാന്‍ ശ്രദ്ധിച്ചില്ലായിരുന്നു..” നെറ്റിയിലെ പാട് തടവിയ്ക്കൊണ്ട് അച്ചായന്‍ പറഞ്ഞു.

“എട്ടരേടെ ബസ് പോയോ ആവോ..?” ഞാന്‍ വേഗം രയറോത്തേയ്ക്ക് നടന്നു.

Saturday, 11 June 2011

കൂരാച്ചുണ്ട് കഥകള്‍ (6) - ശോധനാസനം.

രാവിലെ ഞാനും അച്ചായനും കൂടി രയറോത്തിനു പോകുകയായിരുന്നു. അപ്പോഴാണ് പത്തായക്കുണ്ടിലെ ചോമന്‍ നമ്പ്യാര്‍ വൈക്ലബ്യത്തോടെ നടന്നു വരുന്നതു കണ്ടത്. ഇടയ്ക്കിടെ വയറില്‍ തിരുമ്മുന്നുണ്ടായിരുന്നു അങ്ങേര്. അച്ചായന്റെ ഒരു പരിചയക്കാരനാണ് ഈ നമ്പ്യാര്‍.

“എന്തുവാ നമ്പ്യാരെ വയറും തിരുമ്മി നടക്കുന്നേ...?”

“ഒന്നും പറയണ്ട അച്ചായാ വയറുവേദനകൊണ്ടു കെടക്കപ്പൊറുതിയില്ല.. വല്ല വൈദ്യനേം കാണിയ്ക്കാന്‍ പോകുവാ..”

“ശോധനയുണ്ടോ?”

“അതാ പ്രശ്നം. മര്യാദയ്ക്ക് പോയിട്ട് മൂന്നു ദിവസായി...”

“അതിനു വൈദ്യനെ കാണുകയൊന്നും വേണ്ട നമ്പ്യാരെ.. “ശോധനാസനം“ ചെയ്താല്‍ മതി..”

“അതെന്താസനമാ അച്ചായാ ഈ ശോധനാസനം? ഇങ്ങനെയൊരു ആസനത്തെപ്പറ്റി ഇന്നേവരെ കേട്ടിട്ടില്ലല്ലോ?” ഞാന്‍ ഇടയ്ക്കു കയറി അച്ചായനോടു ചോദിച്ചു.

“നീയൊക്കെ ഇവിടെ കുക്കുടാസനം കുടുകുടാസനം എന്നൊക്കെ പറഞ്ഞു നടക്കുന്ന ആചാര്യന്മാരെയല്ലേ കണ്ടിട്ടുള്ളു. ഞാന്‍ കൂരാച്ചുണ്ടില്‍ ഉള്ള കാലത്ത് ഹിമാലയത്തില്‍ നിന്നും വന്ന ഒരു സന്യാസി പഠിപ്പിച്ച ആസനമാണിത്..”

“ആസനങ്ങളൊക്കെ കൊറേക്കാലം കൊണ്ടല്ലേ പഠിച്ചെടുക്കാന്‍ പറ്റൂ. നമ്പ്യാരുടെ ഇപ്പോഴത്തെ പ്രശ്നത്തിന് അതുകൊണ്ടെന്തു പ്രയോജനം ?”

“ഇതാര്‍ക്കും എപ്പോ വേണമെങ്കിലും ചെയ്യാവുന്ന ആസനമാടാ കൊച്ചേ.. കേട്ടോളൂ..”

ഞാനും ചോമന്‍ നമ്പ്യാരും ശോധനാസനം പഠിയ്ക്കാന്‍ ചെവികൂര്‍പ്പിച്ചു നിന്നു.

“ആദ്യം കക്കൂസില്‍ വലിയൊരു ചെരുവം നിറയെ വെള്ളം പിടിച്ചുവെയ്ക്കണം. പിന്നെ കക്കൂസ് അടച്ചു ഭദ്രമാക്കിയശേഷം ചരുവത്തിന്റെ മുന്നില്‍ കാലുകള്‍ മൂന്നടി അകത്തി നേരെ നില്‍ക്കുക. ശ്വാസം ഉള്ളിലേയ്ക്കു വലിച്ചിട്ട്, കുനിഞ്ഞ് രണ്ടുകൈകളും കൊണ്ട് ചെരുവം വെള്ളത്തോടെ ഒറ്റപ്പൊക്കല്‍.. ഒന്നോ രണ്ടോ മിനിട്ട്  ശ്വാസം വിടാതെ അങ്ങനെ നില്‍ക്കുക. കൂരാചുണ്ടിലായിരുന്നപ്പോള്‍  പറമ്പില്‍ വലിയ കല്ലുപൊക്കിയിട്ടാണ് ഞാന്‍ ഈ ആസനം ചെയ്തിരുന്നത്..”

“രാവിലെ പച്ചമീന്‍ വന്നുകാണുമോ എന്തോ..?” ഞാന്‍ വേഗം രയറോത്തേയ്ക്കു നടന്നു.

Thursday, 9 June 2011

കൂരാച്ചുണ്ട് കഥകള്‍ (5) - പാമ്പുപിടുത്തം.

“അച്ചായാ പുളിയിലംകുണ്ടിലെ ചീരനെ പാമ്പുകടിച്ചു. മെഡിക്കല്‍ കോളേജിലാ”

രയറോത്തുനിന്നും രാവിലെ കിട്ടിയ ന്യൂസ്, പറമ്പില്‍ കിളയ്ക്കുകയായിരുന്ന അച്ചായനു ഞാന്‍ കൈമാറി. കിള നിര്‍ത്തിയിട്ട് അച്ചായന്‍ എന്റെ നേരെ നോക്കി.

“എന്തു പാമ്പാടാ കൊച്ചെ കടിച്ചത്..?”

“കരിമൂര്‍ഖന്‍. എല്ലാരും കൂടെ അതിനെ തല്ലിക്കൊന്നു...”

“ഹും.. ആള്‍ക്കാര്‍ക്ക് വല്ല വിവരോമൊണ്ടോ..? പാമ്പു കര്‍ഷകന്റെ മിത്രമല്ലേ.. ഇക്കണ്ട എലികളെയൊക്കെ പാമ്പല്ലേ തിന്നു തീര്‍ക്കുന്നത്..?” അച്ചായന്‍ തൂമ്പാ ചാരി വെച്ചിട്ട് എന്റെ അടുത്തേയ്ക്ക് വന്നു.

“അതൊക്കെ പറഞ്ഞിട്ടു കാര്യമൊണ്ടോ അച്ചായാ.. ജീവനെ പേടിച്ചിട്ടല്ലേ ആള്‍ക്കാര് ഇതുങ്ങളെ തല്ലിക്കൊല്ലുന്നത്..?”

“എടാ ഞാന്‍ കൂരാച്ചുണ്ടില്‍ ഉള്ളപ്പോള്‍ ഒറ്റപ്പാമ്പിനെപ്പോലും കൊല്ലുകേലായിരുന്നു. പിടിച്ച് പല്ലു പറിച്ചു കളഞ്ഞിട്ടു ഓടിച്ചു വിടും. അതുങ്ങളു പിന്നെ കടിച്ചാലും കടിയേക്കുകേല...”

“പല്ലുപറിയ്ക്കുകയോ..? അച്ചായന് അപ്പോ പാമ്പുപിടുത്തം അറിയാമോ..!”

“ഓ അതിനു പാമ്പുപിടുത്തം അറിയുകോന്നും വേണ്ടെടാ കൊച്ചേ. ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്നതേ ഉള്ളു. ചെറിയൊരു ടെക്നിക്കൊണ്ട്..”

“എന്തു ടെക്നിയ്ക്ക്...?“

“നമ്മളു നടക്കുന്നവഴി ഒരു പാമ്പിനെ കണ്ടെന്നിരിയ്ക്കട്ടെ. ഉടനെ ഉടുത്തിരിയ്ക്കുന്ന മുണ്ട് പറിച്ച് പാമ്പിന്റെ നേരെ  വിരിച്ചു പിടിയ്ക്കുക. ഈ കഥകളിയ്ക്കൊക്കെ തുണി വിരിച്ചു പിടിയ്ക്കുന്നതു കണ്ടിട്ടില്ലേ അതുപോലെ. എന്നിട്ട് പതുക്കെ തുണി എളക്കിക്കാണിക്കണം. ഇതു കാണുമ്പോള്‍ ദേഷ്യം പിടിച്ചിട്ട് പാമ്പ് ആഞ്ഞൊരു കൊത്തുകൊത്തും മുണ്ടിനിട്ട്. കടിയുടെ ശക്തിയില്‍ രണ്ടു പല്ലും തുണിയേലൊടക്കും. പിന്നെ നമ്മളെ ഒന്നും ചെയ്യാന്‍പറ്റത്തില്ല.  ഉടനെ തന്നെ മുണ്ടുകൊണ്ട് പാമ്പിനെ  മൊത്തം മൂടീട്ട് തലയ്ക്കങ്ങോട്ട് പിടിയ്ക്കുണം. പല്ല് രണ്ടും നുള്ളിക്കളഞ്ഞിട്ട് വിട്ടേയ്ക്കുക. വല്ല കമ്യൂണിസ്റ്റുപച്ചേടെ തളിരോ മറ്റോ ഞരടി പല്ലുപറിച്ചെടത്തു വെച്ചുകൊടുക്കാമെങ്കില്‍  പഴുക്കുകേല. കൂരാച്ചുണ്ടില്‍ വെച്ച് നാലഞ്ച് രാജവെമ്പാലേടെ പല്ലു പറിച്ചിട്ടൊണ്ടു ഞാന്‍..”

“പിന്നെക്കാണാം അച്ചായാ, തിരക്കുണ്ട്..” ഞാന്‍ വീട്ടിലേയ്ക്കു നടന്നു.

Wednesday, 8 June 2011

കൂരാച്ചുണ്ട് കഥകള്‍ (4) - ആനക്കൊമ്പുവേട്ട.

“കഷ്ടം തന്നെ..!”

കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍, രയരോത്തെ മമ്മാലിക്കായുടെ ചായപ്പീടികയിലെ പഴയ ഡസ്കിലേയ്ക്ക്, കാലിയായ ചായഗ്ലാസ് ആഞ്ഞുവെച്ചുകൊണ്ട് പറഞ്ഞു.

“എന്താ അച്ചായാ...?”

പരിപ്പുവടയുടെ മൊരിഞ്ഞഭാഗം നോക്കിക്കടിക്കുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ ചോദിച്ചു.

“നോക്കെടാ കൊച്ചേ പത്രത്തിലെ വാര്‍ത്ത... കൊമ്പെടുക്കാന്‍വേണ്ടി കൊറേ ആനകളെ കാട്ടുകള്ളന്മാര്‍ വെടിവെച്ചു കൊന്നൂന്ന്...”

“ഇതിലിപ്പോ എന്താത്ര പുതുമ..? പണ്ടേ ഇതൊക്കെ ഉള്ളതാണല്ലൊ..”

“എടാ ഞാന്‍ കൂരാച്ചുണ്ട് ഫോറസ്റ്റീന്ന് എന്തുമാത്രം ആനക്കൊമ്പ് കടത്തീട്ടൊണ്ടെന്ന് അറിയാമോ, ഒറ്റയാനയെപ്പോലും കൊല്ലാതെ..? “

“പുളുവടിയ്ക്കാതെ അച്ചായാ.. കൊല്ലാതെ പിന്നെയെങ്ങനെയാ കൈകൊണ്ട് ഊരിയെടുക്ക്വൊ കൊമ്പ്..?“

“നിനക്ക് വിശ്വാസം വരുകേലാ.. നീ കൂരാച്ചുണ്ടില്‍ ഒന്നന്വേഷിയ്ക്ക് ശരിയാണോന്ന്. ഒരുത്തന്റേം സഹായമില്ലാതെ ഞാനൊറ്റയ്ക്കാ കൊമ്പെടുക്കാന്‍ പോണത്. ഒരു അറക്കവാളും ഒരു ഉറുമ്പുംകൂടും മാത്രമേ കൈയിലെടുക്കൂ..”

“അതെങ്ങിനെയാ ആ ടെക്നിക്ക്..?“

“ഫോറസ്റ്റില്‍ ആനത്താരയുണ്ട്. അവിടെ ഏതെങ്കിലും നല്ല വണ്ണമുള്ള മരം കണ്ടുവെയ്ക്കണം. എന്നിട്ട് ആനവരുന്ന നേരം നോക്കിയിരിയ്ക്കും. ആനയെ കണ്ടുകഴിഞ്ഞാല്‍ ഈ ഉറുമ്പുംകൂട് അവന്റെ മേത്തേയ്ക്ക് ഒറ്റ ഏറാണ്. ഒറ്റയാനാണെങ്കില്‍ സംഗതി എളുപ്പമാണ്, ആംഗ്യം കാണിച്ചാലും മതി. എന്തായാലും ആനയ്ക്ക് ദേഷ്യം കയറി നമ്മുടെ നേരെ പാഞ്ഞുവരും. അപ്പോള്‍ ഓടിപ്പോയി ആ മരത്തോട് ചേര്‍ന്ന് നില്‍ക്കുക.  ഓടിവന്ന് ആന നമ്മുക്കിട്ട് ഒറ്റകുത്തുകുത്തും. പെട്ടെന്ന് തെന്നിമാറിക്കോണം അല്ലെങ്കില്‍ കഴിഞ്ഞു... ആ ശക്തിയില്‍ രണ്ടുകൊമ്പും തടിയ്ക്കകത്തോട്ടു കയറിപ്പോകും. പഠിച്ചപണി പതിനെട്ടും നോക്കിയാലും ഊരിക്കിട്ടുകില്ല. അപ്പോള്‍ പതുക്കെ അറക്കവാളെടുത്ത് രണ്ടുകൊമ്പും മുറിച്ചു വിടണം..  ആന രക്ഷപെട്ടു സ്ഥലംവിട്ടുകഴിയുമ്പോള്‍ സാവകാശം  കൊമ്പും ഊരിയെടുത്ത് നമ്മളിങ്ങുപോരും...”

“മമ്മാലിക്കാ ഒരു പരിപ്പുവടകൂടി..” ഞാന്‍ വിളിച്ചു പറഞ്ഞു.

Tuesday, 7 June 2011

കൂരാച്ചുണ്ട് കഥകള്‍ (3) - പന്നിവേട്ട.

“അച്ചായാ നല്ല പന്നിയെറച്ചിയൊണ്ട് രയറോത്ത്. വരുന്നോ..?”

പന്നിയിറച്ചിയും കപ്പയും നാടന്‍ റാക്കുമാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന് ഏറ്റവും പ്രിയം. രയറോത്ത് വല്ലപ്പോഴും പന്നിവെട്ടുണ്ട്. ആ വിവരം ആരെങ്കിലും പറഞ്ഞുകേട്ടാല്‍ ഞാന്‍ അച്ചായനെ  അറിയിയ്ക്കും. എന്തായാലും കേട്ടപാടെ ഒരു തോര്‍ത്തും തോളിലിട്ട് അച്ചായന്‍ എന്നോടൊപ്പം വന്നു.

“ വളര്‍ത്തുപന്നിക്കൊന്നും ഒരു ടേസ്റ്റില്ലെടാ.. തിന്നുകയാണെങ്കില്‍ കാട്ടുപന്നീടെ എറച്ചി തിന്നണം..”

“അതിനു തോക്കും ലൈസന്‍സുമൊക്കെ വേണ്ടേ അച്ചായാ....”

“ഇവിടെ അതൊക്കെ വേണം. എന്നാല്‍ കൂരാച്ചുണ്ടില്‍ ഞാന്‍ വെറുംകൈ കൊണ്ട് കാട്ടുപന്നിയെ പിടിയ്ക്കുമായിരുന്നു..”

“വെറുംകൈ കൊണ്ടോ..! ഞാന്‍ വിശ്വസിക്കില്ല...”

“ഇവിടെ ആരും വിശ്വസിക്കുകേലാ..  കൂരാച്ചുണ്ടില്‍ അന്വേഷിച്ചാലറിയാം നേരാണോന്ന്..”

“അതെങ്ങനെയാ അച്ചായാ ആ ടെക്നിക്ക്...?”

“കൂരാച്ചുണ്ട് ഫോറസ്റ്റിനടുത്താണല്ലോ എന്റെ വീട്. പന്നിവേട്ടയ്ക്കു മുന്പ് വീട്ടുമുറ്റത്ത് വലിയൊരു കുഴി കുഴിയ്ക്കും. പിന്നെ കുറച്ച് ചക്കമടലുമായി (ചക്കയുടെ പുറന്തോട് ) ഫോറസ്റ്റിലേയ്ക്കു കയറും. കാട്ടുപന്നിയ്ക്ക് വലിയ ഇഷ്ടമാണ് ചക്കമടല്.  ഏതെങ്കിലും മരത്തിന്റെ ചുവട്ടില്‍ ചക്കമടല്‍ വിതറിയിട്ട് മരത്തിന്മേല്‍ഒന്നരയാള്‍ പൊക്കത്തില്‍ കയറിയിരിയ്ക്കും. ചക്കമടലിന്റെ മണമടിച്ചാല്‍ എവിടേന്നെങ്കിലും കാട്ടുപന്നി വരാതിരിയ്ക്കില്ല.  മരചുവട്ടില്‍ വന്നു മടല് തിന്നുന്ന നേരം നോക്കി ഒരൊറ്റചാട്ടമാണ് പന്നിയുടെ പുറത്തേയ്ക്ക്. ആ ചാട്ടത്തിനൊപ്പം പന്നീടെ രണ്ടു ചെവിയിലും പിടിയ്ക്കണം. അതൊരു കഴിവാ കേട്ടോ.. പിടുത്തം തെറ്റിയാല്‍ പോയി... പന്നി പേടിച്ച് ഓട്ടം തുടങ്ങും. അപ്പോള്‍ നമ്മള്‍ ചെവി പിടിച്ച് തിരിച്ചുകൊടുക്കണം മുറ്റത്തെ കുഴിയുടെ നേര്‍ക്ക്. ഈ  മോട്ടോര്‍സൈക്കിളൊക്കെ  ഓടിയ്ക്കുകേലേ.. അതു പോലെ. ഓടിയോടി വന്നു കൃത്യം കുഴിയില്‍ വീണാല്‍ പിന്നെ ഒരു കല്ലെടുത്ത് തലയ്ക്കിട്ടൊരു അടി. സംഗതി  കഴിഞ്ഞു.  അന്നൊക്കെ വീട്ടില്‍ മൂന്നുനേരോം കാട്ടുപന്നീടെ എറച്ചിയായിരുന്നു.”

അപ്പോഴേയ്ക്കും രയറോത്തെത്തിയതു കൊണ്ട് ഞാന്‍ ബാക്കിയൊന്നും ചോദിച്ചില്ല.

Monday, 6 June 2011

കൂരാച്ചുണ്ട് കഥകള്‍ (2) - ബിരിയാണി അരി.

ഒരു ദിവസം എന്റെ വീട്ടില്‍ കുറെ വിരുന്നുകാര്‍ വന്നപ്പോള്‍ ബിരിയാണി വെയ്ക്കാമെന്നു അമ്മ പറഞ്ഞു. രയറോത്തു നിന്ന് ബസു മതി അരി(വെളുത്ത് നേരിയ ബിരിയാണി അരി)യും മേടിച്ച് നടക്കുന്ന വഴിയാണ് കൂരാച്ചുണ്ടുകാരന്‍ അച്ചായന്‍ എന്റെയൊപ്പം വന്നത്. ഞങ്ങളു വലിയ ലോഹ്യമാണല്ലോ..

“എന്താടാ കൊച്ചേ കൈയിലൊരു പൊതി..?”

“ഇതു ബിരിയാണി അരിയാ അച്ചായാ..”

“ഇവിടെ എത്രയാ ഇതിന്റെ വെല?”

“കിലോയ്ക്ക് മുപ്പതു രൂപാ..”

“അല്ലേലും ഈ രയറോത്ത് എല്ലാത്തിനും മുടിഞ്ഞ വെലയാ..”

“ബിരിയാണി അരിയ്ക്ക് വെലക്കൂടുതലല്ലേ അച്ചായാ..?”

“എന്തോന്ന് വെലക്കൂടുതല്‍? ഇതൊക്കെ ഇവന്മാരുടെ തട്ടിപ്പല്ലേ..?”

“അതെന്താ അങ്ങനെ പറഞ്ഞത്..?”

“പച്ചരിയ്ക്കെത്രയാടാ വെല..?“

“കിലോയ്ക്ക് പത്ത് രൂപാ..”

“അതു തന്നെയാ പറഞ്ഞത് തട്ടിപ്പാന്ന്. ശരിയ്ക്കും പച്ചരീടെ വെലപോലും ആകത്തില്ല ബിരിയാണി അരിയ്ക്ക്. ഞാന്‍ കൂരാച്ചുണ്ടില്‍ ഈ അരി എന്തുമാത്രം കൃഷി ചെയ്തതാ....!”

“സത്യമാണോ അച്ചായാ..? അതിന് ബസുമതി വിത്തൊക്കെ എവിടുന്നു കിട്ടി..?”

“എന്തോന്ന് ബസുമതി വിത്ത്..? പച്ചരീടെ വിത്തു തന്നെയാടാ ഇതിനും വിതയ്ക്കുന്നെ.. കിളിര്‍ത്തു ഞാറായാല്‍ ഒരു ടെക്നിയ്ക്കൊണ്ട്.  നെല്ലിന് നേരാം വണ്ണം വെള്ളമോ വളമോ കൊടുക്കരുത്.. ”

“അതെന്താ...?”

“എടാ കൊച്ചേ..വാഴയ്ക്കും തെങ്ങിനുമൊക്കെ വെള്ളോം വളോം കിട്ടാതെ വരുമ്പം കണ്ടിട്ടില്ലേ ഇത്തിരിപ്പോന്ന കൊലേം തേങ്ങായുമൊക്കെ.  അതുപോലെ വെള്ളോം വളോം കിട്ടാതെ പച്ചരിനെല്ല് മൊത്തം മൊരടിക്കും. ആ കോലം കണ്ടാല്‍ ഒറ്റ ചാഴിയോ മുഞ്ഞയോ ആ ഭാഗത്തെയ്ക്കു വരില്ല. കീടനാശിനിയും വേണ്ടാന്നു ചുരുക്കം. പിന്നെ,  ഇടയ്ക്കിടെ അല്പം അത്തറ് വെള്ളത്തില്‍ കലക്കി സ്പ്രേ അടിച്ചുകൊടുക്കണം, നല്ല മണം കിട്ടാന്‍. വിളവെടുത്തപ്പോള്‍  മെലിഞ്ഞ് ചെറുതായ നല്ല ഒന്നാന്തരം ബിരിയാണി അരി. അതിനാണ് ഇവന്മാര്  ഈ അന്യായവെല മേടിയ്ക്കുന്നത്..”

എന്റെ വീടെത്തിയതുകൊണ്ട്, അച്ചായനോട് ഒന്നും മിണ്ടാതെ കയറിപ്പോന്നു.

Sunday, 5 June 2011

കൂരാച്ചുണ്ട് കഥകള്‍ (1) - മീന്‍പിടുത്തം.

രയറോത്ത് എന്റെ വീടിനു സമീപത്തായി ഒരു അച്ചായന്‍ താമസമുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം നാട്  കോഴിക്കോട്, കൂരാച്ചുണ്ട് ഡാമിനടുത്താണ്. ഇപ്പോള്‍ രയറോത്ത് സ്ഥലം മേടിച്ച് സകുടുംബം താമസം. മെലിഞ്ഞുണങ്ങിയ ശരീരം. മുടിയും മീശയും നരച്ചെങ്കിലും മുറ്റിത്തഴച്ചതാണ്. അച്ചായന്റെ അഭിപ്രായത്തില്‍ കൂരാച്ചുണ്ടുകാരോളം വരില്ല രയറോംകാര്‍. എന്റെ വലിയ സുഹൃത്തായതിനാല്‍ കൂരാച്ചുണ്ടിലെ വീരകഥകള്‍ അച്ചായന്‍ പറയാറുണ്ട്. ഇതാ ചിലതൊക്കെ :-

ഒരു ദിവസം ഞാനും അച്ചായനും രയറോത്ത് പച്ചമീന്‍ മേടിയ്ക്കാന്‍ പോയി. കഷ്ടകാലത്തിന് അന്ന് മീന്‍‌കാരന്‍ പരീതിക്കാ അവധിയിലായിരുന്നു. മീനില്ലാതെ ചോറുണ്ണന്ന കാര്യം ഓര്‍ത്തപ്പോഴേ എനിയ്ക്കും അച്ചായനും വിഷമമായി. ആ വിഷമത്തില്‍ ഞങ്ങള്‍ നടക്കുമ്പോഴാണ് അച്ചായന്‍ പറഞ്ഞത്:

“ഇവിടെ പൊഴേം വെള്ളോമൊക്കെ ഉണ്ടായിട്ടെന്താ കാര്യം.. മീനില്ലല്ലോ.. ഉണ്ടെങ്കില്‍ നല്ല ഫ്രെഷ് മീന്‍ പിടിയ്ക്കാമായിരുന്നു..”

“അതിനു ചൂണ്ടക്കോലും പിടിച്ച് ആരാ അച്ചായാ പുഴവക്കത്ത് മെനക്കെട്ടിരിയ്ക്കാന്‍ പോണത്..?”

“ഹ ഹ എന്തിനാടാ ചൂണ്ടേം കോലും...? ഞാന്‍ കൂരാച്ചുണ്ട് ഡാമില്‍ നിന്നു വെറുംകൈയ്ക്കാ മീന്‍ പിടിച്ചിരുന്നത്..!”

“വെറുംകൈയ്ക്കോ...?”

“അതേ വെറുംകൈക്ക്. വീട്ടില്‍ കറിയ്ക്ക് മീനില്ലാന്നു പറഞ്ഞാല്‍, ഞാന്‍ ഒരു പിടി ചോറും കൈയിലെടുത്ത് ഡാമിലോട്ടു പോകും. എന്നിട്ടാ കൈയങ്ങു  വെള്ളത്തില്‍ മുക്കിപിടിയ്ക്കും. മീന്‍ വന്ന് ചോറു കൊത്തും. അന്നേരം വിരലുകൊണ്ട് പതിയെ മീനിന്റെ വയറില്‍ ചൊറിഞ്ഞുകൊടുക്കണം. ഇക്കിളികൊണ്ട് സുഖം പിടിച്ച് മീന്‍ കൈയിലേയ്ക്ക് ചാഞ്ഞു കിടക്കും. അന്നേരം ഒറ്റപ്പിടുത്തം. ഒരു നേരത്തെ കറിയ്ക്കുള്ളത് ആയാല്‍ കേറിപ്പോരും..”

“ആഹാ ഇതുകൊള്ളാല്ലോ..

“വീട്ടില്‍ വല്ല വിരുന്നുകാരും വന്നാല്‍ വേറൊരു ടെക്നിയ്ക്കൊണ്ട്. ഒരു മുഴുത്ത വല്ലക്കൊട്ടയില്‍ രണ്ടു തവി ചോറെടുക്കും. വല്ലക്കൊട്ട അതേപടി തലയില്‍ വെച്ച് ഡാമിലെ വെള്ളത്തിലേയ്ക്ക് ഒറ്റമുങ്ങലാണ്. വല്ലത്തിലെ ചോറു തിന്നാന്‍ ഇഷ്ടം പോലെ മീന്‍ വരും. പത്തുപതിനഞ്ച് മിനിട്ടായാല്‍ പെട്ടെന്നൊരു പൊങ്ങല്‍. ഒറ്റ ട്രിപ്പിന് രണ്ടോ മൂന്നോ കിലോ മീന്‍ കിട്ടും...”

ഒന്നും മിണ്ടാതെ ഞാന്‍ സലാമുക്കായുടെ ഉണക്കമീന്‍ കടയിലേയ്ക്കു കയറി. പച്ചമീനില്ലെങ്കില്‍ ഉണക്കമീനെങ്കിലും മേടിയ്ക്കാം.

Saturday, 4 June 2011

“ഒട്ടകമായും ആടായും മനുഷ്യനായും” - പുസ്തകരൂപത്തില്‍..

ആടായും ഒട്ടകമായും മനുഷ്യനായും” എന്ന പേരില്‍ ഈ ബ്ലോഗില്‍ എഴുതിയ അനുഭവപരമ്പര പുസ്തകമായി ഇറങ്ങിയിരിയ്ക്കുന്നു. “സൈകതം ബുക്സ്” ആണ് പ്രസാധകര്‍. ബ്ലോഗില്‍ ലഭിച്ച പ്രതികരണം പുസ്തകത്തിനും ലഭിയ്ക്കുമെന്നു പ്രത്യാശിയ്ക്കുന്നു. ഓണ്‍ലൈന്‍ ആയി പുസ്തകം മേടിയ്ക്കുവാന്‍ ഈ ലിങ്ക് സന്ദര്‍ശിയ്ക്കുമല്ലോ.