പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 30 July 2011

കൂരാച്ചുണ്ട് കഥകള്‍ (9):- “വയറിളക്കം.“

ഞാനും അച്ചായനും രയറോത്തു നില്‍ക്കുമ്പോഴാണ് നല്ല തിളങ്ങുന്ന പുത്തന്‍ മാരുതിക്കാര്‍ ഒരെണ്ണം തൊട്ടടുത്തകടയുടെ മുന്നില്‍ ചവിട്ടിയത്. കാറിന്റെ ഡോര്‍ തുറന്ന് ഇറങ്ങിയ ആളെക്കണ്ട് ഞങ്ങള്‍ വണ്ടറടിച്ചു നിന്നു പോയി.  ജീന്‍സും ടോപ്പുമിട്ട് കൂളിങ്ങ് ഗ്ലാസും വെച്ച് ചുണ്ടില്‍ കളറെഴുതി ചുവപ്പിച്ച, ഒന്നാന്തരം ഒരു പച്ചപ്പരിഷ്ക്കാരി സ്ത്രീ ‍.   കടയില്‍ നിന്ന് എന്തോ സാധനം മേടിച്ച് അവര്‍ കാറില്‍ കയറിപ്പോകുകയും ചെയ്തു. ഞങ്ങളെന്നല്ല, രയറോത്ത് അപ്പോള്‍ ഹാജരുണ്ടായിരുന്ന എല്ലാവരും വണ്ടറടിച്ചു നോക്കിനിന്നു. രയറോത്ത് ഇത്തരം പരിഷ്കാരികളൊന്നുമില്ലല്ലോ.

“ഇവളുമാരുടെയൊക്കെ വീട്ടില്‍ നല്ലൊന്നാന്തരം കക്കൂസുണ്ടാകും..” അച്ചായന്‍ എന്നോട് പറഞ്ഞു.

എനിയ്ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അതിയാന്റെ പരിപാടി ഇതാണല്ലോ, മനുഷ്യനു തിരിയുന്ന ഭാഷയില്‍ ഒന്നും പറയില്ല.

"അവരൊക്കെ നല്ല കാശുള്ളിടത്തെയല്ലേ അച്ചായാ... അപ്പോ നല്ല വീടും കാണും, നല്ല കക്കൂസും കാണും. ഇതിലെന്താ ഇത്ര പറയാനുള്ളത്..?”

“എടാ കൊച്ചേ, നീയവളുടെ ചുണ്ടേല്‍ തേച്ച ചായം കണ്ടോ..?”

“അതൊക്കെ ഇപ്പോഴത്തെ ഫാഷനാ അച്ചായാ..”

“ഇപ്പോഴല്ല പണ്ടും ഇതൊക്കെ ഉണ്ടാരുന്നടാ..”

“അച്ചായനെന്തോന്നാ പറഞ്ഞു വരുന്നത്...? എന്താന്നു വെച്ചാ തെളിച്ചു പറ..”

“ഞങ്ങള്‍ കൂരാച്ചുണ്ടിലായിരുന്നപ്പോള്‍ ഏലിയാമ്മേടെ വകേലൊരു പെങ്കൊച്ച് അമേരിയ്ക്കേന്നു വന്നു. അവളും ഇതേപോലെ ഭയങ്കര പരിഷ്കാരിയായിരുന്നു. പോകാന്നേരം അവള്‍ ഏലിയാമ്മയ്ക്ക് ഈ ചുണ്ടേല്‍ തേക്കുന്ന കളറ് പെന്‍സിലു മൂന്നാലെണ്ണം കൊടുത്തായിരുന്നു. അപ്പോ ഏലിയാമ്മയ്ക്ക് വലിയ പൂതി, അത് ചുണ്ടേല്‍ തേക്കണോന്ന്. ഞാന്‍ തേച്ചോളാനും പറഞ്ഞു. പിറ്റേന്ന് രാവിലെ മുതല്‍ ഭയങ്കര വയറെളക്കം. എന്നാല്‍ ഈ സാധനം വയറ്റില്‍ ചെല്ലാമ്പാടില്ലാന്ന് ആ പെങ്കൊച്ച് പറയേണ്ടേ...?”

“ഹ ഹ ഏലിയാമ്മച്ചേടത്തി എന്തിനാ ഇതൊക്കെ തേക്കാന്‍ പോയത്..? പാവം വയറെളകി അവശയായിക്കാണും..”

“അവള്‍ക്കല്ലെടാ വയറെളകിയത്. എനിയ്ക്കാ....”

“പശൂനു പിണ്ണാക്ക് മേടിയ്ക്കാന്‍ വീട്ടീന്ന് പറഞ്ഞാരുന്നു...“ ഞാന്‍ വേഗം മൊയ്തുക്കായുടെ കടയിലേയ്ക്കു നടന്നു.

Tuesday, 26 July 2011

“ചാറ്റലും ചീറ്റലും‍“ - ഫേസ്ബുക്ക് തിരക്കഥ.

ചാറ്റ് വിന്‍ഡോ - നമ്പര്‍ 1- (Paachu is available for Chat) - ( Time 05.30 )

"ഹായ് സരസൂ”

“ഹായ് പാച്ചൂ...”

“ഇന്നലെ നല്ല പണിയാ കാണിച്ചത്. ഞാന്‍ എത്ര നേരം നോക്കിയിരുന്നു..? എന്താ വരാതിരുന്നത്?”

“അയ്യോ.. ഇന്നലെ ഇവിടെ കറന്റില്ലായിരുന്നു. അതുകൊണ്ടാണേ..”

“ഉം ശരി.. പിന്നേ ആ കോവാലനോടിപ്പോ വലിയ കമ്പനിയാണെന്നു തോന്നുന്നല്ലോ..?  അവനെന്തെഴുതിയാലും ഉടന്‍ ലൈക്കും കമന്റും. അവനാളത്ര ശരിയല്ലാ ട്ടോ..”

“ഏയ് എന്തു കമ്പനി..? എനിയ്ക്കയാളോട് കമ്പനിയൊന്നുമില്ല. അയാളെപ്പോഴും കമന്റാന്‍ പറയും. ശല്യം കൊണ്ട് ഇടയ്ക്കിടെ കമന്റുന്നതല്ലേ. പാച്ചു ആ കമലുവിന്റെ അടുത്ത ആളാ അല്ലേ..? അവളെന്നെ കളിയാക്കി ഇട്ട സ്റ്റാറ്റസില്‍ ലൈക്കടിച്ചിട്ടുണ്ടല്ലോ.?”

“ആര്, കമലുവിന്റെ അടുത്ത ആള്, ഞാനോ..! ഒന്നു പോയെന്റെ മോളെ, അവളു വെറും തറയല്ലേ.. നമ്മളു ചുമ്മാ അവളെ ഒന്നു പൊക്കുന്നതല്ലേ..”

“ചേട്ടാ, കൊച്ചു കരയുന്നു. കുറച്ചു കഴിഞ്ഞിട്ടു വരാം..”
( Time 05.45)


ചാറ്റ് വിന്‍ഡോ - നമ്പര്‍ 2 - (Kovaalan is available to Chat)- ( Time 05.45 )

“ഹായ് സരസൂ.."

"ഹായ് കോവാലാ..”

“കുറേ നേരമായി ഹായ് വെക്കുന്നു. ആരുമായിട്ടായിരുന്നു കത്തി?”

“ശ്ശോ ആരോടും കത്തിയൊന്നുമല്ലായിരുന്നു. കൊച്ചിന്റെ അടുത്തായിരുന്നു. ഞാന്‍ വിചാരിച്ചതേയുള്ളു ഇന്നെന്താ ഇത്രേം താമസിയ്ക്കുന്നേന്ന്.“

“ഉം.. ആ പാച്ചുവുമായിട്ടെങ്ങനെയാ നല്ല ലോഹ്യമാണെന്നു തോന്നുന്നല്ലോ..”

“ച്ഛേ.. അയാളോട് കമ്പനിയോ..! ഞാനോ? എന്താ അങ്ങനെ ചോദിച്ചെ..?”

“അല്ല പറഞ്ഞൂന്നെയുള്ളു. അവന്‍ വലിയ നോട്ടെഴുത്തിന്റെ ആശാനാണല്ലോ. ഒരു ഗുണവുമില്ലെങ്കിലും ചാടിക്കേറി കമന്റുന്നതു കാണാം. അതുകൊണ്ടു ചോദിച്ചതാ..”

“ഹ ഹ.. അതുചുമ്മാ അയാളെ ഒന്നു സുഖിപ്പിയ്ക്കാനല്ലേ..? അയാള്‍ ആളു കൂതറയാണെന്നാ എല്ലാവരും പറയുന്നത്.”

“അതു സത്യം തന്നെയാ.. എനിയ്ക്ക് നേരത്തെ അറിയാം. അവനോടൊന്നും വലിയ ലോഹ്യത്തിനു പോകണ്ട..”

“ആരു പോകുന്നു..? അയാള്‍ എനിയ്ക്ക് ഓരോരോ മെസേജിടും. പഞ്ചാര ഒലിപ്പിച്ച്. ഞാന്‍ മൈന്‍ഡാക്കാറില്ല..”

“ഉം അതൊക്കെ അവന്റെ ഓരോ നമ്പരാ. അതിലൊന്നും വീണേക്കരുത്..”

“ഏയ്.. ഞാനോ..? കോവാലേട്ടാ കൊച്ച് കരയുന്നു. കുറച്ചു കഴിഞ്ഞു വരാം..”
( Time 06.00)


ചാറ്റ് വിന്‍ഡോ നമ്പര്‍ 1A - (Kamalu is available to Chat) - (Time 05.45)

"ഹായ് കമലൂ .”

“ഹായ് പാച്ചൂ..”

“എന്താ താമസിച്ചെ..?”

“ഓ കെട്ട്യോന്‍ ഇപ്പോഴാ ഒന്നു പുറത്തേയ്ക്കു പോയത്.. ചുമ്മാ കുത്തിയിരുന്ന് ഓരോന്നും ചോദിച്ചോണ്ടിരിയ്ക്കും..”

“ആ ശല്യത്തിനോടു പോകാന്‍ പറ.. വേറെന്തൊക്കെയുണ്ട് വിശേഷം..?”

“സുഖം. ആ സരസുവിന്റെ അടുത്ത ആളാണല്ലേ.. അവളുടെ വാളില്‍ എപ്പോഴും ഒരു ലോഹ്യാന്വേഷണം..?”

“അയ്യേ അവളെ എനിയ്ക്കു കണ്ണെടുത്തു കണ്ടുകൂടാ.. അല്ലേലും ആ മന്ദബുദ്ധീനെ ആര്‍ക്കാ വേണ്ടത്..?”

“എന്തൊരു ജാഡയാ അവള്‍ക്ക്.. വല്യ ഐശ്വര്യാറോയി ആണെന്നാ വിചാരം..”

“കമലൂന്റെ പുതിയ ഫോട്ടോ അടിപൊളി. ഇപ്പോഴും എന്തൊരു ഗ്ലാമറാ..”

“ഓ ചുമ്മായിരി പാച്ചൂ.. ആ ഫോട്ടോയ്ക്കത്ര ക്ലാരിറ്റിയില്ല..”

“വെറുതെ പറഞ്ഞതല്ല. ആ ആകാശത്തോട്ടു നോക്കിയിരിയ്ക്കുന്ന ഫോട്ടോ സൂപ്പര്‍..”

“ഓ ശരി ശരി.. ദാ മോള് വിളിയ്ക്കുന്നു.. പിന്നെ കാണാം.. ബൈ..”
( Time 06.00)


ചാറ്റ് വിന്‍ഡോ നമ്പര്‍ 1B - (Kovaalan is available to Chat) - (Time 06.00)

"കോവാലാ നിന്റെ വേല സരസൂന്റെ അടുത്തു വേണ്ട കേട്ടോ..”

“നീ പോടാ പാച്ചൂ.. അവളെന്താ നിന്റെ സ്വന്തമാണോ..? കമലുവുമായിട്ടുള്ള നിന്റെ ചുറ്റിക്കളി എല്ലാര്‍ക്കും അറിയാം..”

“അതെന്റെ കഴിവ്.. നീ എന്നെ പറ്റി അവള്‍ക്കു മെസേജയച്ചില്ലേ..? ഞാനറിയില്ലാന്നു കരുതിയോ.?”

“ നീ എന്നെപ്പറ്റി സരസൂനയച്ച മെസേജ് ഞാനും കണ്ടു. അവളെ വളയ്ക്കാമെന്നുള്ള നിന്റെ മോഹം മനസ്സില്‍ വെച്ചാല്‍ മതി..”

“ആഹാ നമുക്കു കാണാം..”

“ങാ കാണാം..”
(Kovanan is Offline.) (Time 06.10)


വിന്‍ഡോ - നമ്പര്‍ 2A - (Sarasu is available to Chat)- ( Time 06.00 )

"ഹായ് സരസൂ.. ചക്കരെ സുഖമല്ലേ..”

“അതേ കമലൂ.. ഹായ് ഫോട്ടോ ഞാന്‍ കണ്ടു. എന്തൊരു സുന്ദരിയാ കമലൂ നീ..”

“പോടീ ചുമ്മാ പറയാതെ. നിന്റെ അത്രേം ഭംഗിയൊന്നും എനിയ്ക്കില്ല. ദേ ഇന്നൊരു രസമുണ്ടായി. കുറച്ചു മുന്‍പേ ആ കൊരങ്ങന്‍ പാച്ചു എന്നോട് ശൃംഗരിയ്ക്കാന്‍ വന്നു. ഞാന്‍ ശരിയ്ക്കും കൊടുത്തു..”

“അതേയോ.. അല്പം മുന്‍പ് ആ പൊട്ടന്‍ കോവാലന്‍ എന്റടുത്തും വന്നെടീ.. ഞാനും കൊടുത്തു നന്നായിട്ട്. ഇവനൊന്നും എത്ര കേട്ടാലും നാണമില്ലല്ലോ..”

“അതേന്നേ.. ഞരമ്പുരോഗികള്.. പെണ്ണെന്നു കണ്ടാ അപ്പോ വന്നോളും..”

“സമയമില്ല.. എന്നാല്‍ ഞാന്‍ പോട്ടെ കമലൂ..പിന്നെക്കാണാം.. ഉമ്മ..”

“ശരി സരസൂ.. ഉമ്മ..”

(Time 06.10)

Saturday, 16 July 2011

കര്‍ക്കിടകത്തോട്...

എന്റെ കര്‍ക്കിടമേ, നീ വീണ്ടും വന്നു. അന്ന്  അസംഖ്യം ശ്വാസത്തുളകളിലൂടെ നീ എന്റെ ഓലപ്പുരയിലെ നിത്യസന്ദര്‍ശകനായിരുന്നല്ലോ. അമ്മയെപ്പോഴും ശപിയ്ക്കും നിന്നെ.  എങ്കിലും എനിയ്ക്കിഷ്ടമായിരുന്നു നിന്നെ.

അങ്ങു തെക്ക്, പുഴയ്ക്കക്കരെ കറുത്തമലകള്‍ക്കുമേലെ, ഇരുണ്ട പുകയായിട്ടാണ് നീ വരവറിയിയ്ക്കുന്നത്. അമ്മൂമ്മ ക്കഥയിലെ രാക്ഷസനെപ്പോലെ തടിച്ചിരുണ്ട നീ, കൈകള്‍ വിരിച്ചു പറന്ന് പുഴകടക്കും. നിന്റെ തലയിലെ ആ രണ്ടു കൊമ്പുകള്‍ ഞാനെത്രവട്ടം കണ്ടിരിയ്ക്കുന്നു.  പുഴകടന്നാല്‍ ആദ്യം നൂല്‍ വണ്ണത്തില്‍  പെയ്തു തുടങ്ങും, പിന്നെ വിരല്‍ വണ്ണത്തില്‍. തെക്കന്‍ കാറ്റില്‍ നീ ചരിഞ്ഞു പെയ്യുമ്പോള്‍, വീടിന്റെ തിണ്ണയാകെ നിന്റെ എറിച്ചില്‍ പാറി വീഴുമ്പോള്‍, അമ്മ പറയും:
“കള്ളക്കര്‍ക്കിടകം വരവായി..”
കള്ളനെന്നു നിന്നെ വിളിച്ചുവെങ്കിലും നീയൊന്നും കട്ടതു  ഞാന്‍ കണ്ടിട്ടിട്ടില്ല.

എനിയ്ക്കറിയാം അമ്മയുടെ വേവലാതി. അകത്തെമുറിയിലെ  മണ്‍കലത്തില്‍, മിഥുനത്തിന്റെ ബാക്കിയായ കാല്‍ഭാഗം അരിയും, ചാണകത്തറ തൊടാതെ കട്ടമേല്‍ ഉയര്‍ത്തിവെച്ച മുക്കാല്‍ ചാക്ക് ഉണക്കക്കപ്പയും, പിന്നെ അല്ലറചില്ലറ പലവ്യഞ്ജനങ്ങളും കൊണ്ടുവേണം നിന്നെ താണ്ടാന്‍. പറമ്പിലെ ചേമ്പിന്‍ താളും, മുരിങ്ങയിലയും, മുള്ളന്‍‌ചീരയും കറിയുടെ കാര്യം ഭദ്രമാക്കും. ഈര്‍പ്പം മാറാത്ത പച്ചവിറക് ഊതിയൂതി അമ്മയുടെ കണ്ണും മുഖവും പുകയുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പുകകയറിയ ശ്വാസക്കുഴലിനെ ചുമച്ച് ശുദ്ധപ്പെടുത്തി അമ്മ പിന്നേം അടുപ്പിലേയ്ക്ക് മുഖം പൂഴ്ത്തും.

ഇറയോരത്ത് ഊര്‍ന്നുവീഴുന്ന പെരുംതുള്ളികള്‍, താഴെ പെയ്ത്തുവെള്ളത്തില്‍ തീര്‍ക്കുന്ന വൃത്തങ്ങള്‍. 
മുറ്റത്തെ വലിയ ചെമ്പരത്തിയുടെ ഓരോ ഇലത്തുമ്പിലും നിന്റെ താളം കേള്‍ക്കാം. അപ്പോള്‍ മഴനനഞ്ഞും കുതിര്‍ന്നും ഒരു മഞ്ഞശലഭം പൂ അന്വേഷിച്ചു നടക്കുന്നുണ്ടാവും, പൂമ്പൊടിയുണ്ണാന്‍. അതോ നിന്റെ മധുരം നുകരാനോ..?

എന്തു തന്നെയായാലും എന്റെ കര്‍ക്കിടമേ, നീയെനിയ്ക്കെന്നും പ്രിയപ്പെട്ടതാണ്.

കര്‍ക്കിടകമേ, നിന്റെ മാത്രം അനുഗ്രഹമാണല്ലോ പറമ്പിലെ പെരും‌കൂണ്‍ കൂട്ടം. നേരത്തോടു നേരം ഇടമുറിയാതെ പെയ്താല്‍ പിന്നെ ഒരിടവേളയുണ്ട് നിനക്ക്. അന്നേരം ഞങ്ങള്‍ മേലേപ്പറമ്പിലെ ഞാങ്ങണകള്‍ക്കപ്പുറം കാട്ടുവള്ളിക്കൂട്ടത്തില്‍ കൂണ്‍ പരതാന്‍ പോകും. വലിയ മണ്‍‌പുറ്റിനു ചുറ്റുമായി, തൂവെള്ളക്കുട നിവര്‍ത്തി, സൌരഭ്യം പൊഴിച്ച്, പെരും‌കൂണുകള്‍ ആകാശം നോക്കി ചിരിയ്ക്കുന്നുണ്ടാവും അപ്പോള്‍. ഞങ്ങള്‍ മത്സരിച്ച് പറിച്ചുകൂട്ടും, വലിയ കൊട്ട നിറയുവോളം പറിയ്ക്കും. ഞങ്ങള്‍ക്കുള്ളതു കഴിഞ്ഞാല്‍ അയലത്തും കൊടുക്കും.

ഒരിയ്ക്കല്‍ രണ്ടുരാവും രണ്ടുപകലും നിര്‍ത്താതെ നീ പെയ്തു. മുറ്റമൊക്കെ കാലുമൂടാന്‍ വെള്ളം. മുകളിലെ ചരിവോരങ്ങളില്‍കൂടി  കടുംചായനിറമുള്ള നിന്റെ പെയ്തുവെള്ളം ഒഴുകിക്കൊണ്ടേയിരുന്നു. ഇലകൂമ്പിയ മുരുക്കിന്മേല്‍ നനഞ്ഞുകുതിര്‍ന്ന ഒരു കാക്ക വന്നിരുന്നു ക്ഷീണത്തോടെ കരഞ്ഞു. അപ്പോള്‍ അമ്മ പുറകിലെ ഉരല്‍ത്തറയുടെ മൂലയില്‍ കൂട്ടിവെച്ചിരുന്ന “മൂട” പൊട്ടിച്ചു. മെടഞ്ഞ തെങ്ങോല വളച്ചുക്കൂട്ടി, മണ്ണുവിരിച്ച് അതില്‍ ചക്കക്കുരുനിറച്ച്, പിന്നേം മണ്ണിട്ടു മൂടി സൂക്ഷിച്ച മൂട. കര്‍ക്കിടകത്തിലേയ്ക്കുള്ള കരുതല്‍. മൂടപൊട്ടിച്ചെടുത്ത ചക്കക്കുരു വറുത്ത്, തേങ്ങയിട്ടിടിച്ചെടുത്ത് കട്ടന്‍‌കാപ്പിയും കൂട്ടി കഴിയ്ക്കാന്‍ തന്നു. ഒരു നേരത്തെ വിശപ്പിന് അതു ധാരാളം. ആ പെയ്ത്തിനാണ് അപ്പുറത്തെ മലയില്‍ ഉരുളുപൊട്ടിയത്. കലികയറിയ നിന്റെ പെരുമ്പെയ്ത് താങ്ങാതെ, മലയുടെ മാറുപിളര്‍ന്നു പോയിരുന്നു. കൂലംകുത്തിപ്പാഞ്ഞ മലവെള്ളം പുഴയുടെ മടിയോളമെത്തി കിതപ്പാറ്റി.

എന്നിട്ടും  കര്‍ക്കിടകമേ നിന്നെയെനിയ്ക്കിഷ്ടമായിരുന്നു. ചിരിച്ചും ചിണുങ്ങിയും കരഞ്ഞും പിന്നെ കലിതുള്ളിയും എങ്ങനെയാണ് പ്രണയിയ്ക്കേണ്ടതെന്ന് എന്നെ പഠിപ്പിച്ചത് നീയാണല്ലോ. ഒരു നനവായി, കുളിരായി എപ്പോഴും നീ കൂടെയുണ്ടായിരുന്നു. പുറത്തെ രൌദ്രതാളം കേട്ട്, തലയോളം മൂടിപ്പുതച്ച്, കൈകള്‍ രണ്ടും തുടയിടുക്കില്‍ തിരുകി, വളഞ്ഞുകൂടി, നനവാര്‍ന്ന സ്വപ്നങ്ങള്‍ കാണുന്നതെങ്ങനെയെന്നു പഠിപ്പിച്ചതും നീ തന്നെ. പുതപ്പിന്റെ കീറലിനിടയിലൂടെ കൈനീട്ടി എന്നെ ഇക്കിളിയിട്ടതു ഓര്‍മ്മിയ്ക്കുന്നുവോ നീ.. എന്റെ ചിരിയെ, നിന്റെ പൊട്ടിച്ചിരിയില്‍ മുക്കിക്കളഞ്ഞു നീ..

എന്റെ കര്‍ക്കിടകമേ, നീ വീണ്ടും വന്നുവല്ലോ.. ഇനിയും എത്രയോ പുനര്‍ജനികളില്‍ ഞാന്‍ കാതോര്‍ക്കും നിനക്കായി.

Monday, 11 July 2011

തീയറീസ് ഓഫ് ലൈഫ് ഫിസിക്സ്.

ശാസ്ത്രീയ കണ്ടുപിടുത്തങ്ങളെ രണ്ടായി തിരിയ്ക്കാം. നിലവിലുള്ള ഒരു സംഗതി ആദ്യമായി കണ്ടെത്തുന്നതിനെ “Discovery“ എന്നും പുതുതായി എന്തെങ്കിലും സൃഷ്ടിയ്ക്കുന്നതിനെ "Invention" എന്നും പറയും.  അതായത് “കൂട്ടുകാരന്‍ കൂതറയാണ്“ എന്ന കണ്ടുപിടുത്തം ഒരു “Discovery“ ആണ്. എന്നാല്‍ ആരെയെങ്കിലും വളയ്ക്കാനുള്ള പുതിയ നമ്പരുകള്‍  “Invention“ ആണ്. എന്തു തന്നെയായാലും എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും ചില അടിസ്ഥാന ശാസ്ത്രീയതത്വങ്ങള്‍ (Theorems) ഉണ്ട്. ഈ തത്വങ്ങളൊക്കെ ചില സാങ്കേതികപദങ്ങള്‍ (Technical Terms) ഉപയോഗിച്ചാണ് പറയുക. ഓരോ സാങ്കേതിക പദത്തിനും ചില നിര്‍വചനങ്ങള്‍ (Definitions) ഉണ്ട്. പണ്ട് ഐസക്ക് ന്യൂട്ടണ്‍ജിയുടെ തലയില്‍ ആപ്പിള്‍ വീണപ്പോളാണ് ഗുരുത്വബലത്തെ പറ്റി (Gravitational Force) അങ്ങേര് ചിന്തിച്ചത്. ഈയുള്ളവന്റെ തലയില്‍ “മുഖപ്പുസ്തകം” കൊണ്ടുള്ള ഏറുകിട്ടിയപ്പോള്‍ ഞാന്‍  ജീവിതത്തിന്റെ ചില ശാസ്ത്രീയ തത്വങ്ങളെ പറ്റി ആലോചിയ്ക്കുകയുണ്ടായി. അങ്ങനെ Discovery ചെയ്ത “ജീവിത ഭൌതികശാസ്ത്ര സിദ്ധാന്തങ്ങള്‍“ (Theories of Life Physics) നിങ്ങള്‍ക്കായി അവതരിപ്പിയ്ക്കുന്നു. എല്ലാവരുടെയും അഭിപ്രായം അറിഞ്ഞശേഷം ഇത് കേംബ്രിഡ്ജിലേയ്ക്ക് അയയ്ക്കുന്നതാണ്.

FORCE - A push or Pull which changes the shape and/or motion of an object = Kg m / s2
അടിച്ചു പൂക്കുറ്റിയായി ആരുടെയെങ്കിലും മെക്കിട്ടു കേറാന്‍ ചെല്ലുമ്പോള്‍ കവിളത്ത് “ഠേ” എന്ന ശബ്ദത്തോടെ ഉണ്ടാകുന്ന അനുഭവം. ഷേപ്പും മോഷനും തെറ്റാനുള്ള സാധ്യതയുമുണ്ട്.
ഫോഴ്സ് = നിങ്ങളുടെ ശരീരഭാരം X അടികൊണ്ടു തെറിച്ച ദൂരം / സെക്കന്‍ഡ്. (അതായത് ഒരു സെക്കന്‍ഡില്‍ എത്രമീറ്റര്‍ ദൂരത്തേയ്ക്കു തെറിച്ചു എന്നു നോക്കുക)

WEIGHT - The gravitational force of attraction between a mass, m, and the mass of the Earth, g. : F = mg
നിങ്ങള്‍ക്ക്  നാട്ടിലെ കൊള്ളാവുന്ന ഒരു പെണ്‍കൊച്ചിനോട് ആകര്‍ഷണം തോന്നുകയും  ലൈനടിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ കാശിന്റെയും സൌന്ദര്യത്തിന്റെയും ഗുരുത്വബലമുള്ള അവള്‍ നിങ്ങളെ തീരെ മൈന്‍ഡാക്കില്ല. അതിനെയാണ് “WEIGHT” എന്നു പറയുന്നത്.
വെയിറ്റ് = കാശ് X സൌന്ദര്യം.

WORK - Equel to the product of a force and the displacement of an object.  W= FS
ഇതിനു “പണി കിട്ടുക” എന്നു മലയാളത്തില്‍ പറയും. എന്തെങ്കിലും തോന്ന്യാസം കാണിച്ചുകഴിഞ്ഞാല്‍ ഉണ്ടാകാവുന്ന പരിണിത ഫലത്തെയാണ് “WORK“ (നാട്ടുകാര്‍ക്ക്) എന്നു പറയുന്നത്. എത്ര ദൂരത്തേയ്ക്ക് തെറിയ്ക്കുന്നുഎന്നു നോക്കിയാണ് WORK-ന്റെ തീവ്രത അളക്കുന്നത്.
വര്‍ക്ക് = അടിയുടെ ശക്തി X ദൂരം.

NEWTON'S SECOND LAW OF MOTION. - An unbalanced force F will cause an object of mass m to accelerate a, according to: F= ma.
നിങ്ങള്‍ അയല്‍‌വീട്ടിലെ കാമുകിയുടെ വീട്ടില്‍ ഒളിച്ചു ചെല്ലുകയും അവളുടെ  ഭര്‍ത്താവോ സഹോദരനോ അച്ഛനോ അപ്രതീക്ഷിതമായി കണ്ട്  സമനിലതെറ്റുകയും ചെയ്താലുണ്ടാകുന്ന അനുഭവത്തെ സൂചിപ്പിയ്ക്കുന്ന തീയറിയാണിത്. നിങ്ങളുടെ തടി (m)യും ഓട്ടത്തിന്റെ സ്പീഡും (a) അനുസരിച്ചിരിയ്ക്കും രക്ഷപെടാനുള്ള സാധ്യത.

NEWTON'S THIRD LAW OF MOTION. - Every action has equel and opposit reaction.
ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമായതുകൊണ്ട് കൂടുതല്‍ വിശദീകരണം ഇല്ല.

ENERGY - Energy is the ability to do work.
സിമ്പിള്‍ തീയറി ആണിത്. ഇപ്പോള്‍ "മുസലിപവര്‍ എക്സ്ട്രാ"യുടെ കാര്യക്ഷമത പരിശോധിയ്ക്കുന്നത് ഈ തീയറി അനുസരിച്ചാണ്.

EQUILIBRIUM - When a body is subjected to the action of several forces, the combination of forces can be such that the body deos not move. When such a situation exists, the body said to be in equilibrium.
ഞെട്ടണ്ട, സംഗതി സിമ്പിളാണ്. നമ്മള്‍ ഒരേ സമയം മൂന്നോ നാലോ പേരെ ലൈനാക്കുന്നു എന്നു കരുതുക. ഒരാള്‍ പോയാല്‍ ബാക്കിയുള്ളവരെ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. ഈ അഡ്ജസ്റ്റുമെന്റിന്റെ പേരാണ് EQUILIBRIUM. ഒറ്റ ലൈന്‍ മാത്രമുള്ളയാള്‍ക്ക്, അതു പോയാല്‍ സമനില തെറ്റും. EQUILIBRIUM പോകും.

BENDING MOMENT:
ഇതു കുറച്ച് വലിയ തീയറിയാണ്. ചുരുക്കി ഇങ്ങനെ പറയാം. നിങ്ങള്‍ ഒരു കൊച്ചിനെ വളയ്ക്കാന്‍ നോക്കുന്നു. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവില്‍ ഒരു ദിവസം അവള്‍ പ്രസാദിയ്ക്കുന്നു. വളയാന്‍ തുടങ്ങിയ ആ നിമിഷത്തെയാണ്  BENDING MOMENT എന്നു പറയുന്നത്.

MOMENT OF INERTIA:
വിവാഹിതരിലാണ് ഈ തീയറി കണ്ടുവരുന്നത്. നിങ്ങള്‍ രാവിലെ പത്രം വായിയ്ക്കുന്നു. ഭാര്യ അടുത്തു നിന്ന് ചീത്തപറയുന്നു എന്നുകരുതുക. രണ്ടെണ്ണം പൊട്ടിയ്ക്കാന്‍ കൈതരിയ്ക്കുന്നുവെങ്കിലും എല്ലാം സഹിച്ച് മന്ദനെപ്പോലെ ഇരിയ്ക്കുന്ന ആ നിമിഷത്തെയാണ് MOMENT OF INERTIA എന്നു പറയുന്നത്.

MODULUS OF ELASTICITY:
വലിച്ചാല്‍ വലിയുകയും വിട്ടാല്‍ പഴയപോലാകുകയും ചെയ്യുന്നതിന്റെ തീയറി. ഇപ്പോഴത്തെ പല പെണ്‍കുട്ടികളുടെയും മനസ്സിന്റെ അളവുകോലാണ്  MODULUS OF ELASTICITY.

BOILING POINT :
ഇതും വിവാഹിതരിലാണ് കണ്ടുവരുന്നത്. MOMENT OF INERTIA യുടെ വിപരീതമാണിത്. ഭാര്യയുടെ ചീത്ത കേട്ടുകേട്ട് അവസാനം രണ്ടു പൊട്ടിയ്ക്കാന്‍ തീരുമാനിയ്ക്കുന്ന ആ നിമിഷമാണ് BOILING POINT.

MELTING POINT:
നിങ്ങളുടെ ഭാര്യയുമായി അല്ലെങ്കില്‍ കാമുകിയുമായി രണ്ടുദിവസമായി പിണക്കത്തിലാണെന്നു കരുതുക. അവസാനം നിവൃത്തിയില്ലാതെ അവളോട് പോയി മിണ്ടാന്‍ തോന്നുന്ന നിമിഷത്തെയാണ് MELTING POINT എന്നു പറയുന്നത്.

ഇനിയും ധാരാളം തീയറികള്‍ ബാക്കിയുണ്ട്.  ഗവേഷണം പുരോഗമിയ്ക്കുന്നു.

Friday, 8 July 2011

ബ്ലോഗ് വാരഫലം - (02-7-11) - (08-7-11)

ഓരോ ആഴ്ചയിലും ഞാന്‍ വായിച്ചവയില്‍ ഇഷ്ടപെട്ട ചില ബ്ലോഗ് പോസ്റ്റുകളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി. ഇതു ഒരു വിധിനിര്‍ണയം അല്ല. ഇഷ്ടമായവയുടെ തിരഞ്ഞെടുപ്പുമാത്രം.

ഇഷ്ടപെട്ട കഥകള്‍. 

തന്റെതല്ലാത്തകുറ്റത്തിന് വധശിക്ഷക്ക് വിധിക്കപെട്ട ഒരു കുഞ്ഞുമോളുടെ ദയാഹര്‍ജിയാണിത്.
ഞാന്‍ നെയ്തുകൂട്ടിയ ഒരുപാട് സ്വപ്നങ്ങള്‍ നാളെ ഹോസ്പിറ്റലിലെ ടേബിളില്‍ വെച്ചു കഴുത്തറുത്ത് കൊല്ലപ്പെടും.
എനിക്ക് നിങ്ങളുടെ ലോകത്തെക്കുറിച്ചറിയില്ല അമ്മയുടെ കുഞ്ഞു വയറ്റില്‍ സ്വപ്നങ്ങള്‍ നെയ്തു കിടക്കുമ്പോള്‍ . വയറില്‍ തലോടി തല വയറ്റില്‍ ചേര്‍ത്തുവെച്ച് അച്ഛന്‍ പറഞ്ഞകിന്നര വര്‍ത്തമാനത്തില്‍ നിന്നാണ് ഞാനി ലോകത്തെക്കുറിച്ചറിയുന്നത്................................................

ആദൃതന്‍
വളരെ തളര്‍ന്ന മനസ്സോടെ ബസ്സില്‍ കയറിയിരുന്നു. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. മൂന്നു മാസമായി ശമ്പളം കിട്ടിയിട്ട്. ഓഫീസിലെ ക്ലെര്‍കിന്റെ വീഴ്ച കാരണം നെറ്റ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ യു ജി സിക്ക് അയച്ചിട്ടില്ല. പത്തു മാസം മുന്‍പ് അപേക്ഷ കൊടുത്തതാണ്...............................


ഊടുവഴികളില്‍ ആടിയുലഞ്ഞ് ഉണര്‍ന്ന ഓര്‍മ്മകളിലാണ് ബസ്സിറക്കം. കാലോ ഞാനോ ആദ്യം എന്ന  തര്‍ക്കത്തിനൊടുവില്‍ രണ്ടും  വീണു. നടക്കാന്‍ പഠിച്ച വഴിയില്‍ കാലിടറുന്നതിന്റെ സുഖത്തില്‍  വഴികളോട് പരിചയം പുതുക്കി.....................................

രസകരമായ പോസ്റ്റ്‍:

jiya | ജിയാസു.

ചുവരെഴുത്തുകളെയും സര്‍ഗാത്മകതയുടെ ഇടങ്ങളെയും തപ്പി നടക്കുന്നതിനിടയില്‍ കാണപ്പെട്ട ഒന്നാണ് നാട്ടിന്‍ പുറങ്ങളിലെ ഓട്ടോകളില്‍ കാണുന്ന ലിഖിതങ്ങള്‍.. പ്രണയവും, പ്രതിഷേധവും കഷ്ടപ്പാടും മനസിന്റെ അല്ലറ ചില്ലറ ഇഷ്ടാനിഷ്ടങ്ങളും അവിടെ ലിഖിതങ്ങളായി മാറുന്നു...  എന്നു കരുതി പബ്ലിക് ബാത്തറും പോലെ വല്ലോര്‍ക്കും വലിഞ്ഞുകേറി എഴുതാനൊക്കില്ല എന്നുമാത്രം..........

 പ്രതികരണങ്ങള്‍

ഇരുട്ടി വെളുത്തപ്പഴേയ്ക്ക് ബില്‍ ഗേറ്റ്സായ മാതിരിയാണിപ്പം തെരന്തോരത്തെ ചെല ഊളകള്‍ക്ക്. സകലേടത്തും രാജാവിന്റെ മാഹാത്മ്യമാണു്‌. ഇരുട്ടിവെളുത്തപ്പോള്‍ എല്ലാവനും ബില്‍‌ഗേറ്റ്സായ സുഖം. രാജകുടുംബം "സൂക്ഷിച്ച് വച്ച കരുതല്‍ ധനം", "ആപത്ത് കാലത്തും ക്ഷാമകാലത്തും ഉപയോഗിക്കാന്‍ വച്ച നിക്ഷേപം" എന്നൊക്കെയുള്ള ഡയലോഗുകള്‍ കേട്ട് ചെവി മരച്ചു. ജനാധിപത്യത്തോടുള്ള പുച്ഛം കൊണ്ട് "ഭാരതാമാതാക്കീ"ടെ അണ്ണമ്മാര്‍ക്കൊക്കെ ഇരിക്കപ്പൊറുതി കിട്ടണില്ല......................

കൂതറ തിരുമേനി
പണ്ടുകാലത്ത് അമ്മാവന്മാര്‍ തലയില്‍ മുണ്ടിട്ടു പോയി കണ്ടിരുന്ന പടങ്ങള്‍ വീണ്ടും വരുന്നെന്നു വാര്‍ത്ത. ആദ്യം പപ്പുവിനെയും രതിചേച്ചിയെയും ഇറക്കി രതി നിര്‍വ്വേദം ഹിറ്റ്‌ ആക്കി. സത്യം പറയണമല്ലോ പഴയജയഭാരതിയെ കാണുമ്പോള്‍ ശര്‍ദ്ധിക്കാനായിരുന്നു തോന്നിയിരുന്നത്. എന്നാല്‍ കൃഷ്ണചന്ദ്രന്‍ തന്റെ അഭിനയം ക്ലാസ്സിക് ആക്കിയിരുന്നു. പുതുക്കിയ ചിത്രത്തില്‍ പയ്യന്‍ പോര.. മുഖത്തു ഒരിത് വരുന്നില്ല. കൌമാരം കയറുമ്പോള്‍ ചേച്ചിമാരെ ഒരിതോടെ കാണുന്ന ഒരു ഭാവം അവന്റെ മുഖത്തു ഒട്ടും വരുന്നില്ല. ......

വിജ്ഞാനപ്രദമായവ

വായനാവാരത്തോടനുബന്ധിച്ചു  സ്കൂളില്‍ നടത്തിയ സാഹിത്യ ക്വിസ് സവിശേഷ ശ്രദ്ധ നേടുകയുണ്ടായി.
സാധാരണ സാഹിത്യ ക്വിസ്സുകളില്‍ നിന്നും വ്യത്യസ്തമായി കടലാസും പെന്നുമെല്ലാം മാറ്റിവെച്ചു ആലോചനയുടെയും യുക്തിപൂര്‍വ്വമുള്ള തീരുമാനങ്ങളെയും മുന്നില്‍ നിര്‍ത്തി നടത്തിയ സാഹിത്യ ക്വിസ് മള്‍ട്ടിമീഡിയയുടെ ക്ലാസ് റൂം സാധ്യതയിലെക്കുള്ള താക്കോല് കൂടിയായി....................

ഡ്രാഗണ്‍ പുഷ്പ വസന്തം
മണ്‍സൂണ്‍ നിലാവ്

മലയാളിക്ക് സുഗന്ധം പരത്താന്‍  പൂന്തോട്ടത്തില്‍ ഒരു പുഷ്പം കൂടി പൂവിട്ടു  , നാമം സ്വല്‍പ്പം കട്ടിയാണ് പറയാന്‍ ഹൈലോസീരിയസ് ആന്‍ഡേറ്റസ് എന്ന ഡ്രാഗണ്‍ സസ്യം കള്ളിച്ചെടി വിഭാഗമാണ് . മേക്സികോ , ബ്രസില്‍ , വെസ്റ്റ്‌ ഇന്‍ഡീസ് , അര്‍ജേന്റിന എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ സസ്യം  . രാത്രിയിലാണ് പൂവിരിക്കുന്നത്. പുഷ്പത്തിനു നല്ല ഭംഗി കാണുന്നുണ്ടെങ്കിലും  പുഷ്പത്തിനു  മണമുണ്ടോ ഇല്ലയോ എന്നെനിക്ക് പറയാനാവുനില്ല ചില നിറങ്ങളില്‍ വിരിയാറുണ്ട് എന്ന് മാത്രം മനസിലായി ... ....

നര്‍മ്മം

ഏറെ നേരത്തെ കാത്തിരിപ്പിന്റെ ഒടുവില്‍ പേര് വിളിച്ചപ്പോള്‍, ആദ്യം ഭര്‍ത്താവും പിന്നാലെ അവളും പതുക്കെ എഴുന്നേറ്റു. ആലസ്യത്താല്‍ അമര്‍ന്നിരിക്കുന്ന ഗര്‍ഭിണികളെയും, അവരുടെ വയറ്റിലുറങ്ങുന്ന കുഞ്ഞുങ്ങളെയും ശല്യപ്പെടുത്താതെ, അവളെ മുന്നില്‍ നടത്തിക്കൊണ്ട്, തൊട്ട് പിന്നിലായി ആയാളും കന്‍സള്‍ട്ടിംഗ് റൂമിലേക്ക് പ്രവേശിച്ചു. അകത്തിരുന്ന് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഗൈനക്കോളജിസ്റ്റ്, ‘ഡോ. സുമംഗലി BSc, MBBS, DGO’ തലയുയര്‍ത്താതെ പറഞ്ഞു,
“അപര്‍ണ്ണ വിശ്വനാഥന്‍ 19 വയസ്സ്,,,”

ഓര്‍മ്മ

മദ്രസ്സയുടെ അരികിലൂടെയുള്ള കൈവഴി ഇപ്പോള്‍ റോഡ്‌ ആയി. ഒട്ടുമാവില്‍ ഇത്തവണ കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു പോലും . പക്ഷെ എനിക്ക് കിട്ടിയില്ല ഒരെണ്ണം പോലും. ചില്ലകള്‍ക്കിടയില്‍ ഒരു കിളിക്കൂടും വന്നിട്ടുണ്ട് . രണ്ട് ഇണകുരുവികള്‍. ഇവരുടെ പ്രേമ സല്ലാപം നല്ല രസികന്‍ കാഴ്ച ആണ്.
തറവാട്ടിലെ കിണര്‍ നിറഞ്ഞ് വെള്ളം മുറ്റത്തൂടെ ഒഴുകുന്നു. കണ്ണാംച്ചുട്ടികളും പരലുകളും ഇപ്പോള്‍ മുറ്റത്തായി നീരാട്ട്‌.കിണറിനരികില്‍ നിറയെ പുളികളുമായി വലിയ പുളിമരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. താഴെ മധുരിക്കുന്ന ഓര്‍മ്മകളും.

യാത്രാവിവരണം.


കഴിഞ്ഞ പോസ്റ്റില്‍ Edvard Munch നെ പ്പറ്റിയാണ് പറഞ്ഞു നിര്‍ത്തിയത്. നോര്‍വേയില്‍ നിന്നാണ് കഴിഞ്ഞ ഭാഗം പോസ്റ്റ് ചെയ്തത് എന്നും സൂചിപ്പിച്ചുവല്ലോ.  നോര്‍വേയില്‍ കാര്യമായ കറക്കം ഒന്ന് സാധിച്ചില്ല. പക്ഷെ നോര്‍വേകാരുടെ പ്രീയ ചിത്രകാരനായ Edvard Munch ന്‍റെ മ്യൂസിയത്തില്‍ പോവാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ കലാജീവിതത്തെ പറ്റി കൂടുതല്‍ അറിയാന്‍ അത് സഹായിച്ചു.

കവിത


മാനാഞ്ചിറ സ്ക്വയറിലെ
ഏകാന്തതയെന്ന പെണ്‍കുട്ടീ,
പതിവായുള്ള
വിരസതയ്ക്കും വിരഹത്തിനും
വിരാ‍മമിടാം നമുക്ക്...................


നിശ്ചലമാകുന്നതെന്താണെന്നു
അനിശ്ചിതത്ത്വത്തിലായ മനസ്സ്
സൂചിതുളയിലൂടെ കുത്തിക്കയറ്റിയ
കമ്പക്കയര്‍. അതിങ്ങനെ..?
എങ്ങിനെയും, ആകാം..!........................

കുറിപ്പ്: നിങ്ങള്‍ വായിച്ച് ഇഷ്ടമായ പോസ്റ്റുകള്‍ bijukumarkt@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുമല്ലോ.

Thursday, 7 July 2011

നിധി കണ്ടപ്പോള്‍ കവാത്തുമറന്നവര്‍...

മലയാളിയെ സമ്മതിയ്ക്കണം. കാശുള്ളവനെ കാണുമ്പോള്‍ കവാത്തുമറക്കുന്ന ആ ശീലം ദൈവത്തിന്റെ കാര്യത്തിലും നാം കാണിച്ചു. ഈയടുത്തയിടെ വരെ നമ്മുടെ മുഖ്യ ഭഗവാന്‍മാര്‍ ശബരിമല അയ്യപ്പനും ഗുരുവായൂരപ്പനും ആയിരുന്നു. സമ്പത്തുകൊണ്ടു കൊണ്ടും വരുമാനം കൊണ്ടും അവരാണല്ലോ മുന്‍‌പന്തിയില്‍ നില്‍ക്കുന്നത്. പിന്നെ തൃശൂര്‍ വടക്കുന്നാഥനും കൂടല്‍ മാണിക്യസ്വാമിയും ചോറ്റാനിക്കരയമ്മയും കൊടുങ്ങല്ലൂരമ്മയും പറശ്ശിനിമുത്തപ്പനും. ശ്രീപത്മനാഭന് ഇതിനിടയില്‍ എവിടെയോ ആയിരുന്നു സ്ഥാനം. ഒറ്റദിവസംകൊണ്ട് എല്ലാം കീഴ്‌മേല്‍ മറിഞ്ഞു..! ഇന്നെല്ലാവര്‍ക്കും ശ്രീപത്മനാഭനെ മതി. ചിലര്‍ക്ക് ഇനിയുള്ള കാലം ആ പരിസരത്ത് എവിടെയെങ്കിലും താമസിച്ചാല്‍ മതിയത്രെ. മണ്ണിനടിയിലെ നിധിയുടെ “തരംഗസ്പര്‍ശ”മെങ്കിലും ഏല്‍ക്കാനുള്ള കൊതിയായിരിയ്ക്കും. ജൂവലറിക്കാരൊക്കെ തിരക്കിട്ട് “ശരപ്പൊളിമാല”കള്‍ തീര്‍ക്കുന്നു. ശ്രീപത്മനാഭന്റെ സ്വന്തം ആഭരണമാണു പോലും ശരപ്പൊളി മാല. അതു ധരിച്ചാല്‍ ഐശ്വര്യം ഉണ്ടാകുമത്രെ..! ഇപ്പോഴിറങ്ങുന്ന എല്ലാ പരസ്യങ്ങളും “നിധി”യെ അടിസ്ഥാനപ്പെടുത്തിയാണ്. സ്വര്‍ണക്കടകളോ പോകട്ടെ, പി.വി.സി.പൈപ്പിന്റെ പരസ്യം പോലും നിധിയെ സൂചിപ്പിച്ചു കൊണ്ടാണ്.

നമ്മുടെ നാട്ടിന്‍പുറങ്ങളില്‍, ഗ്രാമത്തിന്റെ ഐശ്വര്യമായി, കാലാകാലത്തോളം ഗ്രാമവാസികള്‍ക്ക് ഐശ്വര്യമേകി അനുഗ്രഹിച്ചു അവരിലൊരാളായി ജീവിച്ചു വരുന്ന നാട്ടുദേവതകളുണ്ട്. ഒറ്റയടിയ്ക്ക് അവരെയെല്ലാം മറന്ന്, ഇന്ന് എല്ലാവരും ശ്രീപത്മനാഭന്റെ പുറകെയാണ്, അദ്ദേഹം വിലമതിയ്ക്കാത്ത നിധിയ്ക്കുടയവനാണെന്ന് മനസ്സിലായപ്പോള്‍. ഈ “ഭക്തരുടെ” യഥാര്‍ത്ഥസ്നേഹം നിധിയോടല്ലേ..?

എനിയ്ക്കേതായാലും അന്നുമിന്നും ഇഷ്ടം എന്റെ നാട്ടിലെ “അരങ്ങത്തപ്പ“നോടും “പറശ്ശിനി മുത്തപ്പ“നോടുമാണ്. അവരുടെ സ്നേഹത്തിനു മുന്‍പില്‍ ഒരു നിധിയും ഒന്നുമല്ല. വിശാലവും പ്രശാന്തവുമായ ക്ഷേത്രാങ്കണത്തിലെ കൊച്ചു ശ്രീകോവിലില്‍ ഞങ്ങളെ അനുഗ്രഹിച്ചുകൊണ്ട് എത്രയോ വര്‍ഷങ്ങളായി അരങ്ങത്തപ്പന്‍.. എന്റെ പഠനകാലത്ത്, വെളുപ്പാന്‍കാലങ്ങളില്‍ അവിടെ നിന്നു കേട്ട ശിവാഷ്ഠകം ഇന്നും ചെവിയില്‍ കുളിരു പെയ്യിയ്ക്കുന്നു. പ്രഭാതങ്ങളില്‍ മഞ്ഞുതുള്ളികള്‍ പറ്റിയ  തുളസിച്ചെടികള്‍ക്കിടയിലൂടെ, കല്ലുപാകിയ നടവഴിചുറ്റി അരങ്ങത്തപ്പനെ വലം വയ്ക്കുമ്പോഴുള്ള ആ ഒരു സുഖം. ഒരു ദൈന്യതയോളം കുനിഞ്ഞുപോയ തിരുമേനി കൈയിലിട്ടുതരുന്ന പുഷ്പാഞ്ജലി.. ആ ഇലക്കീറില്‍ ഒരു നുള്ളോളം വരുന്ന മധുരം. അതൊന്നും മറക്കാന്‍ പറ്റില്ല.

തേടിവരുന്നവര്‍ക്കെല്ലാം അന്നവും തലചായ്ക്കാനിടവും  പറശ്ശിനിമുത്തപ്പനല്ലാതെ മറ്റൊരു ദേവതയും നല്‍കുന്നില്ല. ആ ഊട്ടുപുരയിലിരുന്ന് വാഴയിലയില്‍ വിളമ്പിക്കിട്ടുന്ന ചൂടുചോറും മോരുകറിയും കഴിയ്ക്കുമ്പോഴുള്ള രുചി ഒരിയ്ക്കലും നാവിന്‍ തുമ്പില്‍ നിന്നും മായില്ല. വൈകിപ്പോയ എത്രയോ രാത്രികളില്‍, മുത്തപ്പന്‍ തന്ന പുല്‍പ്പായയില്‍, വിശാലമായ ആ അകത്തളത്തില്‍ ഊരും പേരുമറിയാത്ത അപരിചതരോടൊപ്പം കിടന്നുറങ്ങിയിരിയ്ക്കുന്നു.. എന്നിട്ട് രാവിലെ പറശ്ശിനിപ്പുഴയില്‍ കുളിച്ച്, മുത്തപ്പന്റെ ചായയും കുടിച്ച് വീടണഞ്ഞിരിയ്ക്കുന്നു...

ആര്‍ക്കും ഉപകാരമില്ലാത്ത നിധിയ്ക്കുമുകളില്‍ അനന്തശയനം കൊള്ളുന്ന പത്മനാഭനേക്കാള്‍ എനിയ്ക്കെന്നും പ്രിയപ്പെട്ടത് എന്റെ മുത്തപ്പനും അരങ്ങത്തപ്പനും തന്നെ.

Sunday, 3 July 2011

ഒരു മോഷണം.

അയ്മനം കവലയില്‍ നിന്നു നോക്കിയാല്‍ നരസിംഹസ്വാമി ക്ഷേത്രം കാണാം. ക്ഷേത്രമൈതാനിയ്ക്ക് ഒരു വിളിപ്പാടകലെയാണ് കല്ലുമട പി.ജോണ്‍ മെമ്മോറിയല്‍ യു.പിസ്കൂള്‍. ഹെഡ്‌മാസ്റ്റര്‍ ഉഗ്രശാസനനായ കോര സാര്‍. തീയില്‍ വാട്ടി, തവിട്ടുനിറമാക്കിയ വള്ളിച്ചൂരല്‍ സാറിന്റെ ഇടതുകൈയുടെ ഒരു ഭാഗമായിരുന്നു. അപൂര്‍വമായി മാത്രമേ അവ തമ്മില്‍ വേര്‍പെടാറുള്ളു. ഏറ്റവും വെറുക്കപ്പെട്ട കണക്കും ഇംഗ്ലീഷുമാണ് സാറിന്റെ വിഷയങ്ങള്‍. ഞാനന്ന് ഏഴാം ക്ലാസില്‍.

ചാണകത്തില്‍ ചവിട്ടുക, കാക്ക കുളിയ്ക്കുന്നതു കാണുക ഇതൊക്കെ എന്റെ പേടിസ്വപ്നങ്ങളായിരുന്നു. കാരണം ഇവയിലേതു സംഭവിച്ചാലും അടികിട്ടും എന്നുറപ്പ്, അത്രയ്ക്കു ദുശ്ശകുനമാണ് രണ്ടും. എന്നാല്‍ ഇതിനൊരു മറുക്രിയ ഉണ്ട്, പാണലിന്റെ ഇല തമ്മില്‍ കെട്ടിയിടുക. വല്യാട്ടിലെ വീട്ടില്‍ നിന്നിറങ്ങി പൂന്ത്രക്കാവ് വരെയുള്ള നടപ്പിനിടയില്‍ ദുശ്ശകുനങ്ങള്‍ സംഭവിച്ചാലും സാരമില്ല,  ധാരാളം പാണല്‍ വഴിനീളെയുണ്ട്. പൂന്ത്രക്കാവിനപ്പുറമാണെങ്കില്‍ ഒരു രക്ഷയുമില്ല, അടി ഉറപ്പ്. 

അയ്മനം കവലയിലെ മിഠായിക്കടയില്‍ ധാരാളം “ബാലരമ“കളും “പൂമ്പാറ്റ“കളും “ലാലുലീല“കളും തൂക്കിയിട്ടിട്ടുണ്ടാകും. മിഠായിയേക്കാള്‍ കൊതിയോടെ ഞാനവയുടെ വര്‍ണതാളുകള്‍ നോക്കാറുണ്ട്. മേടിയ്ക്കുക എന്നത് നമ്മുടെ പരിധിയില്‍ ഒതുങ്ങാത്തതാണല്ലോ. എന്നാല്‍ ഒരു  ദിവസം അവിടെ തൂക്കിയിട്ട “അമര്‍ചിത്രകഥ“ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു. ഒന്നര രൂപയാണ് വില. പത്തുപൈസ പോലും പോക്കറ്റിലില്ലാത്ത ഞാന്‍ അതു മേടിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത് കടന്ന കൈയാണെങ്കിലും,  ഒരെണ്ണം മേടിയ്ക്കണമെന്ന ചിന്ത എന്നിലേയ്ക്ക് വല്ലാതെ തള്ളിക്കയറി വന്നു.

അടുത്തൊരു ദിവസം,  തേങ്ങ വിറ്റുകിട്ടിയ രൂപ വല്യച്ഛന്‍ മേശയുടെ വലിപ്പില്‍ ഇടുന്നതു  കണ്ടു. അന്നേ വരെ മോഷണമൊന്നും ചെയ്തിട്ടില്ല. നേരത്തേയൊരിയ്ക്കല്‍ മൂത്ത അമ്മാവന്റെ പോക്കറ്റില്‍ നിന്നും,  ഇരുപതു രൂപ കാണാതെപോയി. അതു വലിയ ഭൂകമ്പമുണ്ടാക്കുകയും കുഞ്ഞമ്മാവനില്‍ നിന്നും കണ്ടെടുക്കപ്പെടുകയും ചെയ്തതോടെ “ഇരുപത്” എന്നൊരു അപരനാമം കുഞ്ഞമ്മാവനു കിട്ടി. പിന്നീട് അടികൂടുമ്പോള്‍ ആന്റിമാര്‍ കുഞ്ഞാമ്മാവനെ തോല്‍പ്പിയ്ക്കാന്‍ പ്രയോഗിയ്ക്കുന്ന വാക്കായി മാറി “ഇരുപത്”. ഇക്കഥകളൊക്കെ അറിയാമെങ്കിലും അന്നേരം അമര്‍ച്ചിത്രകഥയുടെ മോഹനവര്‍ണം മാത്രമേ മനസ്സില്‍ വന്നുള്ളു.

വല്യച്ചന്‍ മുറിയില്‍ നിന്നു പോയപാടെ ഞാന്‍ മേശവലിപ്പ് തുറന്നു. അഞ്ചിന്റെയും പത്തിന്റെയും കുറെ നോട്ടുകള്‍ ചുരുട്ടി വച്ചിരിയ്കുന്നു. അതില്‍ നിന്നും അഞ്ചിന്റെ ഒരു നോട്ട് ഊരിയെടുത്തു. കുറേ നോട്ടുകള്‍ ഉള്ളതിനാല്‍ ഒരെണ്ണം എടുത്താലും പെട്ടെന്ന് അറിയാന്‍ പോകുന്നില്ല. പിന്നെയെപ്പൊഴെങ്കിലും മനസ്സിലായാല്‍ തന്നെ, എവിടെ പോയെന്നോ ആരെടുത്തെന്നോ കണ്ടുപിടിയ്ക്കാനാവില്ല. കാശെടുത്തപാടെ, നിക്കറിന്റെ പോക്കറ്റില്‍ തിരുകി. സ്കൂളില്‍ പോകാനുള്ള ഒരുക്കം തുടങ്ങി. അടുക്കളയില്‍ പോയി കഞ്ഞികുടിയ്ക്കുമ്പോഴും, മടങ്ങിവന്ന് വസ്ത്രം മാറുമ്പോഴും, പോക്കറ്റില്‍ വലിയൊരു കനം തൂങ്ങുന്നതു പോലെ തോന്നി. നെഞ്ചില്‍ എന്തോ ഭാരം എടുത്തു വെച്ചമാതിരി.. ഓരോ ശ്വാസോച്ഛ്വാസവും അതിന്റെ വേഗവും എനിയ്ക്ക് അനുഭവപ്പെട്ടു. എല്ലാവരും എന്നെയാണൊ ശ്രദ്ധിയ്ക്കുന്നത് ?

ഒരു വിധത്തില്‍ പുസ്തകവുമെടുത്ത് പുറപ്പെട്ടു. വല്യാട്ടിലെ കടത്തുതോണിയില്‍ കയറുമ്പോള്‍ പതിവില്ലാതെ കാലു വിറച്ചു. കടത്തുകാരന്‍ രാജുച്ചേട്ടന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ വെള്ളത്തില്‍ വീണേനെ.

“എന്താടാ കൊച്ചാ, നിനക്ക് കണ്ണും മൂക്കുമില്ലേ..” രാജുച്ചേട്ടന്‍ എന്നെ ശാസിച്ചു.

ഞാനൊന്നും മിണ്ടിയില്ല. പോക്കറ്റില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കാശെങ്ങാനും  വീണുപോകുമോ എന്ന പേടി. വഴിയില്‍ ചാണകത്തില്‍ ചവിട്ടാതിരിയ്ക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതു പോലെ രാത്രിമഴയില്‍ ബാക്കിയായ വെള്ളക്കെട്ടുകളില്‍ നോക്കാതിരിയ്ക്കാനും. വല്യാട്ടിലും അയ്മനത്തുമൊക്കെ കാക്കകള്‍ ധാരാളമുണ്ട്. ഇത്തരം വെള്ളക്കെട്ട് കണ്ടാല്‍ അവറ്റകള്‍ കൂട്ടമായി വരും കുളിയ്ക്കാന്‍...

സാധാരണ ദിവസങ്ങളില്‍ വഴിയോരത്തുള്ള വീട്ടുമുറ്റങ്ങളിലെ ചെമ്പരത്തികളും റോസാപ്പൂക്കളുമൊക്കെ കണ്ടാസ്വദിച്ചാണ് ഞാന്‍ പോകാറ്. തെയ്യാമ്മ ടീച്ചറിന്റെ മുറ്റത്തെ പേര മതിലും കടന്ന് റോഡിലേയ്ക്ക് തലനീട്ടി നില്‍ക്കുന്നു. ചിലപ്പോള്‍ മൂത്ത പേരയ്ക്ക കാണും. അവസരമൊത്താല്‍ അതില്‍ നിന്ന് ഒന്നുരണ്ടെണ്ണം പറിയ്ക്കാറുള്ളതാണ്. ഇന്നതൊന്നും ശ്രദ്ധിച്ചില്ല.

ക്ലാസ്സിലെത്തിയിട്ടും ശ്രദ്ധ ഉറച്ചില്ല. ഇടതുകൈ എപ്പോഴും നിക്കറിന്റെ പോക്കറ്റിനുപുറത്ത് മെല്ലെ പരതിക്കൊണ്ടിരുന്നു. അതവിടെ ഉണ്ടോ..? ഉച്ചയ്ക്ക് സ്കൂള്‍ വിട്ടനേരം ഞാന്‍ അയ്മനം കവലയില്‍ വന്ന്, കടയില്‍ നോക്കി.

“ചേട്ടാ, അമര്‍ചിത്രകഥയില്ലേ..?”

“തീര്‍ന്നുപോയല്ലോ മോനെ..” കടക്കാരന്‍ ചെറിയ ചിരിയോടെ പറഞ്ഞു.

നിരാശകൊണ്ട് കണ്ണിരുണ്ടു പോയി. ഇത്രയും കൊതിച്ചുവന്നിട്ട് വെറുതെയായിപ്പോയല്ലോ.

“ബാലരമ എടുക്കട്ടെ..?” കടക്കാരന്‍ ചോദിച്ചു.

“വേണ്ട..” ഞാനിറങ്ങിപ്പോന്നു.

 കീശയില്‍ കിടന്ന രൂപയ്ക്ക് കനം പെരുകുകയായിരുന്നു. ഇനിയെന്തു ചെയ്യും? ഈ കാശ് തിരികെ വെച്ചാലോ..? അതോ ഇനി ചിത്രകഥ വരുമ്പോള്‍ മേടിയ്ക്കാനായി സൂക്ഷിച്ചുവെയ്ക്കണോ? എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല.
അന്ന് സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കു നടക്കുമ്പോള്‍ പൂന്ത്രക്കാവിലെ  തീപ്പെട്ടിക്കമ്പനിയുടെ വാതില്‍ക്കല്‍ കിടന്ന ചാണകം ഞാന്‍ കണ്ടില്ല. ഇടതുകാല്‍ ചവിട്ടിപ്പോയി..! വല്യാട്ടിലെത്തും മുന്‍പ് എവിടെയെങ്കിലും പാണലിന്റെ ഇല കൂട്ടികെട്ടണമെന്ന് ഞാന്‍ ഉറപ്പിച്ചു. കടവുകടക്കുമ്പോള്‍ കാല്‍ തെന്നാതെ ശ്രദ്ധിച്ചു. ഐക്കരച്ചിറ പള്ളിയ്ക്കു മുമ്പിലൂടെ കടന്നുപോരുമ്പോള്‍ പുണ്യാളന് ഒരു മെഴുകുതിരി നേരാന്‍ മറന്നില്ല, കുഴപ്പമൊന്നും ഉണ്ടാകാതിരിയ്ക്കാന്‍.

 വീട്ടിലെത്തി വസ്ത്രം മാറി . ഉച്ചയ്ക്ക് വച്ച തണുത്ത ചോറ് കഴിച്ചു. ആരും ഒന്നും എന്നോട് ചോദിച്ചില്ല. എങ്കിലും എന്തോ ഒരു പന്തികേടില്ലേ...? പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു, പാണലിന്റെ ഇല കൂട്ടിക്കെട്ടാന്‍ മറന്നു..!

ചോറുണ്ടു കൈയും കഴുകി തിണ്ണയിലേയ്ക്കു ചെല്ലുമ്പോള്‍ വല്യച്ഛന്‍..! എന്റെ നെഞ്ച് പടാപടാ അടിച്ചു. ശരീരത്തു നിന്നും വസ്ത്രമെല്ലാം ഊരിപ്പോകുന്നതു പോലെ.. അദ്ദേഹം എന്റെ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കി. പിന്നെ ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു:

“എവിടെ രൂപ..?”

മേലാകെ ഒരു വിറച്ചു. ഒരക്ഷരം വായില്‍ നിന്നും പുറത്തേയ്ക്കു വന്നില്ല. എല്ലാം അറിഞ്ഞിരിയ്ക്കുന്നു.. ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും ആ അഞ്ചു രൂപ എടുത്ത് വല്യച്ഛന്റെ കൈയിലേയ്ക്കു കൊടുത്തു. എന്നിട്ട് അടിയ്ക്കായി കാതോര്‍ത്തു. ആന്റിമാരെയൊക്കെ നന്നായി തല്ലുന്നതു ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ..

എന്റെ കൈയില്‍ നിന്നും രൂപാ മേടിച്ച് നിശബ്ദനായി വല്യച്ചന്‍ അകത്തേയ്ക്കുപോയി. ഞാന്‍ കുറെ കാത്തിരുന്നിട്ടും വേറൊന്നും സംഭവിച്ചില്ല. വല്യച്ഛന്റെ ആ നിശബ്ദത എന്നെ വല്ലാതെ നീറ്റാന്‍ തുടങ്ങി. ഒന്നു തല്ലുകയോ വഴക്കു പറയുകയോ ചെയ്തിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ലായിരുന്നു..
ഞാന്‍ തെക്കുവശത്തെ കൈത്തോടിന്റെ അടുത്തേയ്ക്കുപോയി. അവിടെ വെളിഞ്ചേമ്പുകള്‍ക്കിടയില്‍ ഇരുന്ന് അല്പനേരം കരഞ്ഞു, ആരും കാണാതെ. പിന്നെ മുഖം കഴുകി തിരിച്ചു പോന്നു.