പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 18 November 2013

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ : യാഥാര്‍ത്ഥ്യങ്ങളെന്ത്?

സാമ്പത്തിക വികസത്തിന്റെ പേരിലാണു പ്രകൃതിവിഭവ ചൂഷണം ന്യായീകരിയ്ക്കപ്പെടുന്നത്. ഇന്നു സമ്പന്നരാണു വികസനത്തിന്റെ ഗുണഭോക്താക്കള്‍. അതെ സമയം കെടുതികളൊക്കെ ദരിദ്രര്‍ക്കും ഭാവിതലമുറയ്ക്കും.”

[അല്പം നീണ്ടുപോയ താഴത്തെ കുറിപ്പ് മൊത്തം വായിച്ച ശേഷം ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകരെയും സാധാരണക്കാരെയും എങ്ങനെയാണു ബാധിയ്ക്കുക എന്നു ഓരോ ആളും വിലയിരുത്തുക. ആരുടെയെങ്കിലും കുപ്രചരണങ്ങളെയല്ല, സ്വന്തം ബോധ്യങ്ങളെ മാത്രം വിശ്വസിയ്ക്കുക.]

“ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണു നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരും തലമുറകള്‍ക്കു അതു കൈമാറാന്‍ ബാധ്യതപ്പെട്ടവരാണു നമ്മള്‍, ഒരു നല്ല തറവാട്ടുകാരണവരെപ്പോലെ” : കാള്‍ മാര്‍ക്സ്.

ഇക്കഴിഞ്ഞ ദിവസം ഇരിട്ടിയിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ കൊട്ടിയൂരിനു സമീപമുള്ള പ്രദേശമാണു ഇരിട്ടി. ബന്ധുവീട്ടിലെ അമ്മ സംസാരത്തിനിടയില്‍ ആശങ്കയോടെ ചോദിച്ചു: “മോനെ ഇവിടെമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് കാട്ടുമൃഗങ്ങളെ കൊണ്ടുവിടാന്‍ പോകുകയാണെന്നാണല്ലോ പലരും പറയുന്നത്. നേരാണോ?”

എന്താണു ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി സാമാന്യജനങ്ങള്‍ക്കുള്ള അറിവ് എന്നു വെളിപ്പെടുത്തുന്നതായിരുന്നു ആ അമ്മയുടെ ആശങ്ക. തെറ്റുപറയാന്‍ പറ്റില്ല. കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണാര്‍ത്ഥം തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടുകളെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിയ്ക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. വിവാദങ്ങള്‍ മാത്രം ആഹരിയ്ക്കുന്ന മാധ്യമങ്ങള്‍ക്കും അതിനു സമയമുണ്ടായില്ല. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണു നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചിലതു നടപ്പാക്കുന്ന കരടു വിജ്ഞാപനം പുറപ്പെടുവിച്ചത് (അന്തിമ വിജ്ഞാപനം വരാനിരിയ്ക്കുന്നതേയുള്ളു). കടന്നല്‍ കൂട്ടില്‍ കല്ലിട്ട അനുഭവമാണു ഇതു മലയോരമേഖലകളില്‍ സൃഷ്ടിച്ചത്. വന്‍‌കിട കൈയേറ്റക്കാരെയും ഖനിമാഫിയയെയും സംരക്ഷിയ്ക്കാന്‍ താല്പര്യമുള്ള ചില മതമേധാവികളും അവരുടെ വോട്ടു ബാങ്ക് ഉന്നം വെയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്താണു ഈ  റിപ്പോര്‍ട്ടെന്നോ വിജ്ഞാപനമെന്നോ ചുക്കും ചുണ്ണാമ്പും അറിയാത്തവരാണു പ്രതിഷേധക്കാരെ നയിയ്ക്കുന്നവരില്‍ ചിലരെങ്കിലും.

എന്താണു തെറ്റിദ്ധരിപ്പിയ്ക്കലും മുതലെടുപ്പും എന്നറിയാന്‍ മുല്ലപ്പെരിയാര്‍  പ്രക്ഷോഭത്തെ പറ്റി മനസ്സിലാക്കിയാല്‍ മാത്രം മതി. “ഡാം ഇപ്പോള്‍ തകരും, കേരളം ഒലിച്ചുപോകും” എന്നൊക്കെ പ്രചരണം നടത്തി, ജനങ്ങളെ ഭയചകിതരാക്കി തെരുവിലിറക്കിയവരില്‍ ഇന്നത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധര്‍ തന്നെയായിരുന്നു മുന്നില്‍. ഡാമിനു തല്‍ക്കാലം കാര്യമായ ഭീഷണിയില്ലെന്നു പറഞ്ഞ സാങ്കേതിക വിദഗ്ദ്ധരെ ആക്ഷേപിയ്ക്കാന്‍ ഇപ്പറഞ്ഞവര്‍ അന്നും മറന്നില്ല.

എന്തുകൊണ്ടു പശ്ചിമ ഘട്ടം സംരക്ഷിയ്ക്കപ്പെടണം?

ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ 1500 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പര്‍വത നിരകളാണു പശ്ചിമഘട്ടം. ഹിമാലയം കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണിതിന്. കേരളത്തെ സംബന്ധിച്ച് വടക്കുമുതല്‍ തെക്കുവരെ ഒരു സംരക്ഷണഭിത്തിയായി ഈ മലനിരകള്‍ നിലകൊള്ളുന്നു. നമ്മുടെ കൃഷിയും സംസ്കാരവും ജീവിതമൊന്നാകെയും ഇതിനോടു ബന്ധപ്പെട്ടാണു കിടക്കുന്നത്. കേരളത്തിന്റെ പച്ചപ്പിനും ആര്‍ദ്രതയ്ക്കുമെല്ലാം കാരണം പശ്ചിമഘട്ടമാണു. പാലക്കാട് ഭാഗത്ത് 40-45 കിലോമീറ്റര്‍ നീളത്തില്‍ ഈ മലനിരയില്‍ ഒരു വിടവുണ്ട്. ആയതിനാല്‍ കേരളത്തില്‍ എറ്റവും ചൂടുള്ളതും പാലക്കാടാണ്. മറ്റൊരു വിടവായ ആര്യങ്കാവ് മൂലം പുനലൂരിലും ചൂടുകൂടുതല്‍.

ലോകമാകെയെടുത്താല്‍ പ്രധാനപ്പെട്ട 35 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണു പശ്ചിമഘട്ടം.
ഇന്നും തിരിച്ചറിയപ്പെടാത്ത അനേകം ഔഷധസസ്യങ്ങളുടെ കലവറയാണിവിടം. വൈദ്യശാസ്ത്രം ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നു തേടുന്നത് ഇവിടെയാണ്. കാരണം രാസ ഔഷധങ്ങളില്‍ നിന്നും സസ്യ ഔഷധങ്ങളിലേയ്ക്ക് ലോകം മാറുകയാണ്. ഇതുകൂടാതെ കേരളത്തിന്റെ ജലസമൃദ്ധിയ്ക്കും അടിസ്ഥാനം പശ്ചിമഘട്ടമാണ്. ഭാവിയിലെ അമൂല്യസ്വത്താണു ശുദ്ധജലം. പശ്ചിമഘട്ടത്തില്‍ മഴപെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അതൊഴുകി കടലിലെത്തും. ഇതു സംഭരിച്ചു ഭലപ്രദമായി വിതരണം ചെയ്താല്‍, പെട്രോ ഡോളറിനെക്കാള്‍ വരുമാനമുണ്ടാകും. ഇനിയുമിനിയുമേറെ കാരണങ്ങള്‍ പറയാനുണ്ട് ഈ മലനിരകളുടെ പ്രാധാന്യത്തെപറ്റി.

മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റം മൂലം ഗോവയിലും മഹാരാഷ്ട്രയിലുമടക്കം പശ്ചിമഘട്ടത്തിനു വലിയ നാശമാണു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതു തടയാനാണു പശ്ചിമഘട്ട സംരക്ഷണം അടിയന്തിരപ്രാധാന്യത്തോടെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി 2010 മാര്‍ച്ചില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി എന്ന പേരില്‍ പ്രൊ. മാധവ ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ 14 അംഗസമിതിയെ നിയോഗിച്ചു. 2011 സെപ്തംബറില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ പറ്റി “ആശങ്ക” ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിയ്ക്കാന്‍ ഡോ:കസ്തൂരി രംഗന്‍ അധ്യക്ഷനായി 7 അംഗങ്ങളുടെ ഹൈലെവല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വനം മന്ത്രാലയം അംഗീകരിയ്ക്കുകയും ചെയ്തു.

ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍:

പരിസ്തിതി ലോലത അനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്നായി തിരിച്ചു. അതീവലോലം - സോണ്‍-1,  ലോലം - സോണ്‍-2, സാമാന്യേന ലോലത കുറഞ്ഞ - സോണ്‍-3.
പശ്ചിമഘട്ടത്തിന്റെ 90% വും പരിസ്ഥിതി ലോലമെന്നാണു ഗാഡ്ഗില്‍ കണ്ടെത്തിയത്.

സോണ്‍ -1 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 5 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. കര്‍ശന നിബന്ധനകളോടെ ഔഷധസസ്യ ശേഖരണം ആവാം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ കര്‍ശന നിയന്ത്രണത്തോടെ അനുവദിയ്ക്കാം. 10 മെഗാവാട്ട് വരെയുള്ള ചെറുകിട പവര്‍ പ്രോജക്ടുകള്‍ ആവാം. പുതിയ ഹൈവേകള്‍, റെയില്‍ ലൈനുകള്‍ എന്നിവ ഒഴിവാക്കണം. പരമാവധി പരിസ്ഥിതി ആഘാതം കുറച്ചുള്ള ടൂറിസം ആകാം.

സോണ്‍ - 2 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 8 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. ചുവപ്പ്/ഓറഞ്ച് വിഭാഗത്തില്‍ പെട്ട വ്യവസായങ്ങള്‍ നിയന്ത്രണങ്ങളോടെ ആകാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. 15 മെഗാവാട്ടിനു മേലുള്ള പവര്‍ പ്രോജക്ടുകള്‍ പാടില്ല. താപോര്‍ജനിലയങ്ങളും അനുവദിയ്ക്കില്ല. റോഡുകള്‍ അപ്ഗ്രേഡ് ചെയ്യാം. പുതിയ റെയില്‍ ലൈനുകള്‍ പരിസ്ഥിതി ആഘാത പഠനത്തിനു വിധേയമായി അനുവദിയ്ക്കാം. ടൂറിസം പദ്ധതികള്‍ നിയന്ത്രണത്തോടെ ആകാം.

സോണ്‍ - :3 :  ഭൂമിയുടെ ഉപയോഗം അനുവദീയം. 10 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ കര്‍ശനനിയന്ത്രണത്തോടെ അനുവദിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വ്യവസായങ്ങള്‍ ആവാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വന്‍‌കിട പവര്‍ പ്രോജക്ടുകള്‍ അനുവദിയ്ക്കാം. പ്രദേശത്തിനു താങ്ങാവുന്ന ടൂറിസം അനുവദിയ്ക്കാം.

പൊതുശുപാര്‍ശകള്‍: ജനറ്റിക് വിളകളും ജീവജാലങ്ങളും അനുവദനീയമല്ല. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. പരിസ്ഥിതി സൌഹൃദ കെട്ടിടനിര്‍മ്മാണം അനുവര്‍ത്തിയ്ക്കണം. നീര്‍ത്തടങ്ങള്‍ സംരക്ഷിയ്ക്കണം. മറ്റുസ്ഥലങ്ങളില്‍ നിന്നും കടന്നു കയറി പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ജീവജാലങ്ങളെ ഒഴിവാക്കുക. അപകടകരമായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിയ്ക്കുക. പ്രാദേശിക ഭരണകൂടങ്ങളുടെ തലത്തില്‍ ജലവിഭവങ്ങളുടെ പരിപാലന പദ്ധതികള്‍ ഉണ്ടാക്കുക. ജലസംരക്ഷണ നടപടികള്‍ നടപ്പാക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിയ്ക്കുക. ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള സസ്യപ്രജനനം പ്രോത്സാഹിപ്പിക്കുക. ജൈവകൃഷിയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക. നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിനു സര്‍വീസ് ചാര്‍ജ് നല്‍കുക. തോട്ടയിടീല്‍ പോലുള്ള മത്സ്യബന്ധനം നിരോധിയ്ക്കുക. യൂക്കാലിപോലുള്ള ഏകവിള കൃഷി പൂര്‍ണമായും ഒഴിവാക്കുക. അനധികൃത ഖനനം ഉടന്‍ നിരോധിയ്ക്കുക.സൌരോര്‍ജം പ്രോത്സാഹിപ്പിയ്ക്കുക. ജനകീയ ജൈവ-വൈവിധ്യ രജിസ്ടര്‍ തയ്യാറാക്കുക. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ജൈവവൈവിധ്യ അവബോധം വര്‍ധിപ്പിയ്ക്കുക. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനശേഷം മാത്രം അനുമതി നല്‍കുക. ഹരിത സാങ്കേതികവിദ്യകള്‍ അനുവര്‍ത്തിയ്ക്കുക. ജലനിരപ്പിനെ സംബന്ധിച്ച ഡാറ്റാ ബേസ് സൂക്ഷിയ്ക്കുക.

കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍:
പശ്ചിമ ഘട്ടത്തെ രണ്ടായി തിരിയ്ക്കുന്നു. പ്രകൃത്യാ ഉള്ള പ്രദേശവും (40%), കൃഷിയും തോട്ടവും മനുഷ്യവാസവുമുള്ള പ്രദേശവും (60%). പശ്ചിമഘട്ടത്തിന്റെ 37% മാണു പരിസ്ഥിതി ലോല പ്രദേശമെന്നാണു കസ്തൂരിരംഗന്റെ കണ്ടെത്തല്‍.

പശ്ചിമഘട്ട പരിസ്ഥിതിയ്ക്കുമേല്‍ പരമാവധി നശീകരണവും ആഘാതവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനു ഒരു സംവിധാനം ഉണ്ടാക്കണം. ഖനനം, പാറപൊട്ടിയ്ക്കല്‍, മണലെടുപ്പ് എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഉണ്ടാകണം. താപനിലയങ്ങള്‍ അനുവദനീയമല്ല. നിബന്ധനകള്‍ക്കു വിധേയമായി ജലവൈദ്യുത പദ്ധതികള്‍ അനുവദിയ്ക്കാം. കാറ്റില്‍ നിന്നുമുള്ള വൈദ്യുതോല്പാദനം കൂടി ഉള്‍പ്പെടുത്തണം. എല്ലാ ചുവപ്പുകാറ്റഗറി വ്യവസായങ്ങളും നിരോധിയ്ക്കണം. പരിസ്ഥിതി ആഘാതം കുറവുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കണം. 2,00,000 സ്ക്വയര്‍ഫീറ്റിനും അതിനുമെലുമുള്ള കെട്ടിടങ്ങള്‍ അനുവദിയ്ക്കരുത്. ടൌണ്‍ഷിപ്പുകള്‍ നിരോധിയ്ക്കണം. പശ്ചിമഘട്ടത്തിനു 10 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വികസന പദ്ധതികള്‍ക്കും പാരിസ്ഥിതിക ക്ലീയറന്‍സ് നേടിയിരിയ്ക്കണം. ജൈവ കൃഷിമുറകളിലൂടെ സുസ്ഥിരകൃഷിവികസനം പ്രോത്സാഹിപ്പിയ്ക്കണം. പാരിസ്ഥിതിക സേവനങ്ങള്‍ക്ക് പ്രതിഫലം നല്‍കണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചാണു കേന്ദ്രസര്‍ക്കാര്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. പലര്‍ക്കുമൊരു സംശയമുണ്ട്, പാരിസ്ഥിതിക ശാസ്ത്രജ്ഞനായ ഗാഡ്ഗിലിനു പകരം ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗനെ എന്തിനു സര്‍ക്കാര്‍ നിയോഗിച്ചു എന്ന്. അതിനുള്ള ഉത്തരം, പാരിസ്ഥിതികശാസ്ത്രം ആധുനിക ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതാണു. കാലാവസ്ഥാപ്രവചനം മുതല്‍, ജലലഭ്യത, ഭൌമശാസ്ത്രം, ഭൂമാപ്പുകള്‍ തുടങ്ങിയവയെല്ലാം ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടാണിരിയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ ലോലപ്രദേശങ്ങള്‍ നിര്‍ണയിയ്ക്കാന്‍ ഗാഡ്ഗില്‍ താലൂക്കുതല മാപ്പുകളെയാണു ആശ്രയിച്ചതെങ്കില്‍ കസ്തൂരി രംഗന്‍ ഉപഗ്രഹചിത്രങ്ങളെയാണു ആശ്രയിച്ചത്. എറ്റവും കൃത്യതയാര്‍ന്ന ഈ ചിത്രങ്ങള്‍ കാര്യക്ഷമമായി ഉപയോഗിയ്ക്കാന്‍ ബഹിരാകാശ ശാസ്ത്രജ്ഞനു മാത്രമാണു കഴിയുക. എന്നാല്‍ കസ്തൂരിരംഗനെ കൂടാതെ മറ്റ് ആറു അംഗങ്ങള്‍ കൂടി സമിതിയിലുണ്ട് എന്നും ഓര്‍ക്കുക.

വാല്‍ക്കഷണം: കേരളത്തിലെ കത്തോലിയ്ക്ക സഭ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും ഒരേപോലെ എതിര്‍ക്കുമ്പോള്‍ സി.എസ്.ഐ സഭ രണ്ടു റിപ്പൊര്‍ട്ടിനെയും സ്വാഗതം ചെയ്യുന്നു. എന്തായിരിയ്ക്കും കാരണം?