പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 27 March 2011

മൈസൂരില്‍ ‍ഒരവധിക്കാലത്ത് - 1

2008 മാര്‍ച്ച് മാസം. സൌദിയിലെ എന്റെ താമസ സ്ഥലത്തെ ഒരു സായാഹ്നം. അവിടെ അടുത്ത് വെല്‍ഡറായി ജോലി ചെയ്യുന്ന മുത്തുവേട്ടന്‍ എന്നെ കാണാന്‍ വന്നു. ഇടയ്ക്കിടെ ഈ സന്ദര്‍ശനം ഉള്ളതാണ്. വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍, അടുത്തമാസം ഞാന്‍ അവധിയ്ക്കു പോകുന്ന കാര്യവും സൂചിപ്പിച്ചു.

"എന്നാല്‍ പിന്നെ മൈസൂറൊക്കെ ഒരു ടൂറ് പോകൂ..” മുത്തുവേട്ടന്‍ പറഞ്ഞു.

“ഓ..അവിടൊക്കെ പോകാന്‍ വലിയ ചിലവല്ലേ മുത്തുവേട്ടാ..?”

“വിഷമിയ്ക്കേണ്ടന്നെ.. എന്റെ വീട് മൈസൂറിലാണ്. അവിടെ താമസിയ്ക്കാം..! ” പിന്നെ കണ്ണൂരുകാരനായ മുത്തുവേട്ടന്‍ മൈസൂര്‍ താമസമായ കഥ പറഞ്ഞു.

എന്തായാലും മുത്തുവേട്ടന്റെ ആ ഓഫര്‍ കേട്ടപ്പോള്‍ എനിയ്ക്ക് ഒരാവേശം തോന്നാതിരുന്നില്ല. ഇത്രയും കാലമായിട്ടും മിനിയെയും കുട്ടികളെയും കൂട്ടി കേരളത്തിനു വെളിയിലൊന്നും പോയിട്ടില്ല. ഇതിപ്പോള്‍ നല്ലൊരു ചാന്‍സാണല്ലോ.
ഇങ്ങനെ വിചാരിച്ചിരിയ്ക്കുമ്പോഴാണ്, ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകനായ സുരേഷ് അങ്ങോട്ട് കയറി വന്നത്. പുതുമണവാളനായ സുരേഷും എന്നോടൊപ്പം അടുത്തമാസം നാട്ടില്‍ പോകാനിരിയ്ക്കുകയാണ്. കണ്ണൂരു തന്നെയുള്ള ശ്രീകണ്ഠാപുരം നിവാസി. കാര്യങ്ങളൊക്കെ കേട്ടപ്പോള്‍ സുരേഷിനും ആഗ്രഹം, പുതുപ്പെണ്ണിനെയും കൂട്ടി ഒരു ടൂര്‍. അങ്ങനെ അപ്പോള്‍ അവിടെ വച്ച് കാര്യങ്ങള്‍ തീരുമാനമായി. നാട്ടിലെത്തി, ഒരാഴ്ചക്കകം മൈസൂര്‍ യാത്ര.

ഏപ്രില്‍ 20, മുന്‍‌കൂട്ടി തീരുമാനിച്ച പ്രകാരം ഞാന്‍, മിനി, ഉണ്ണി, ശ്രീക്കുട്ടി, സഹോദരിയുടെ മകന്‍ അഖില്‍ എന്നിവരടങ്ങുന്ന വമ്പന്‍ സംഘം രാവിലെ ഏഴുമണിയ്ക്ക് തലശ്ശേരി ബസ് സ്റ്റാന്‍ഡില്‍ എത്തി. ആലക്കോട് നിന്നും കണ്ണൂരേയ്ക്കുള്ള യാത്രയില്‍ അഖിലും ഉണ്ണിയും മോശമല്ലാത്ത രീതിയില്‍ ച്ഛര്‍ദ്ദി നടത്തിയിരുന്നു. അതിന്റെ ക്ഷീണം കണ്ണൂരിലെ ഹോട്ടലില്‍ തീര്‍ത്തിട്ടാണ് വരവ്. സുരേഷും ഭാര്യ പ്രിയയും തലശ്ശേരിയില്‍ കാത്തു നില്‍പ്പുണ്ട്.
ഏഴരയ്ക്കാണ് തലശ്ശേരിയില്‍ നിന്നും നേരിട്ട് മൈസൂര്‍ക്കുള്ള KSRTC ബസ്. രാത്രി എട്ടുമണിയോടെ അത് മൈസൂര്‍ സ്റ്റാന്‍ഡിലെത്തും. അവിടെ മുത്തുവേട്ടന്റെ ഭാര്യ സുജാത ചേച്ചി കാത്തു നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്. മൊബൈല്‍ വഴി അപ്പോഴപ്പോള്‍ കാര്യങ്ങള്‍ അന്വേഷിയ്ക്കാമല്ലോ..

ഏഴരയായി, ബസ് വന്നു നിന്നു. ഒരു പൂരത്തിനുള്ള ആളുണ്ട് ഇടിച്ചുകയറാന്‍. എന്തായാലും എന്റെയും സുരേഷിന്റെയും സമയോചിതമായ അഭ്യാസഫലമായി എല്ലാവര്‍ക്കും സീറ്റു കിട്ടി. തലശ്ശേരിയില്‍ നിന്നും ഇരിട്ടി, മാക്കൂട്ടം വഴിയാണ്  മൈസൂര്‍ക്ക് പോകുന്നത്. മാക്കൂട്ടം  ഒരു ചെറിയ  മലയോര ടൌണാണ്; എന്നും വാര്‍ത്താപ്രാധാന്യം ഉള്ള സ്ഥലവുമാണ്, പ്രത്യേകിച്ച് കശുവണ്ടി സീസണില്‍. മാക്കൂട്ടം ടൌണിനോട് ചേര്‍ന്ന് ഒരു കൊച്ചു പുഴയും പാലവുമുണ്ട്. പാലത്തിനപ്പുറം കര്‍ണാടക സംസ്ഥാനം. കശുവണ്ടി സീസണായാല്‍ കര്‍ണാടകത്തില്‍ കേരളത്തിലേതിനേക്കാള്‍ വില കിട്ടും. അതു കൊണ്ട് പലരും കശുവണ്ടി സംഭരിച്ച് മാക്കൂട്ടത്തെത്തി വില്‍ക്കാറുണ്ട്. സംഗതി നിയമവിരുദ്ധമായതിനാല്‍ കള്ളക്കടത്തായിട്ടാണ് ഈ ബിസിനസ്. പോലീസും കേസുമൊക്കെയായി അങ്ങനെ മാക്കൂട്ടം വാര്‍ത്തകളില്‍ നിറയും.

ബസ് പാലം കടന്ന് കര്‍ണാടകത്തിലേയ്ക്ക് പ്രവേശിച്ചു. നല്ല റോഡ്. അവിടവിടെ ചെറിയ ചില വീടുകളും കെട്ടിടങ്ങളുമൊഴിച്ചാല്‍ വിജനം. ഇനിയുള്ള ലക്ഷ്യം മൈസൂരിലെ ഒരു പ്രധാന നഗരമായ വീരാജ്പേട്ടയാണ്. മാക്കൂട്ടത്തു നിന്നും കുറച്ചു ദൂരം പിന്നിട്ടതോടെ ഒരു വനത്തിന്റെ ലക്ഷണം കണ്ടു തുടങ്ങി. തന്നെയുമല്ല വലിയ കയറ്റവും. ഇടവിട്ടിടവിട്ട് ഹെയര്‍പിന്‍ വളവുകളാണ്. അല്പം കൂടി കഴിഞ്ഞതോടെ കുളിര്‍മ്മയാര്‍ന്ന വനം എത്തി. ഇരുവശവും വമ്പന്‍ മരങ്ങള്‍. ഹരിതാഭമായ ഇരുട്ട് അവിടവിടെ തങ്ങി നില്‍ക്കുന്നു.

എന്നാല്‍ ആ ചുരം റോഡിന്റെ കാര്യമാണ് കഷ്ടം. പൊട്ടിപ്പൊളിഞ്ഞ്  തെറിച്ച് നില്‍ക്കുന്ന കുറേ കല്ലുകള്‍ മാത്രം. ഓരോ കല്ലും എണ്ണിയെണ്ണിയാണ് ബസ് കയറുന്നത്. എതിരെ ചില വാഹനങ്ങള്‍ വരുന്നതും അതേമാതിരി തന്നെ. മടുക്കാതിരിയ്ക്കാന്‍ കാട്  നോക്കിക്കൊണ്ടിരിയ്ക്കുക തന്നെ ശരണം. ചിലരൊക്കെ ബസിലിരുന്നു സര്‍ക്കാരിനെ ശപിയ്ക്കുന്നുണ്ടായിരുന്നു. ഈ റോഡ് നന്നാക്കാന്‍ കര്‍ണാടക സര്‍ക്കാരിന് തീരെ താല്പര്യമില്ലത്രെ. ആടിക്കുലുങ്ങിയും എടുത്തടിച്ചും നിരങ്ങിനീങ്ങിയുമുള്ള ഈ യാത്ര മണിക്കൂറുകള്‍ നീണ്ടു. മിനിയും പിള്ളേരും രാവിലത്തെകുടിശ്ശിഖ ഉറക്കം എന്റെ തോളിലും മടിയിലുമൊക്കെയായി തീര്‍ത്തുകൊണ്ടിരുന്നു. ബസില്‍ ഇപ്പോള്‍ വലിയ തിരക്കൊന്നുമില്ല. കുറേ കന്നഡക്കാര്‍ കുട്ടയും വട്ടിയുമൊക്കെയായി ഇരിട്ടിയില്‍ നിന്നു കയറിയിട്ടുണ്ട്. അവര്‍ കലപില എന്തൊക്കെയോ ചിലച്ചു കൊണ്ടിരുന്നു.

ചുരം കഴിഞ്ഞതോടെ റോഡ് മെച്ചമായി. ബസ് അതിവേഗം ഓടി. നല്ല രസകരമായ കാഴ്ചകള്‍. ചുറ്റും കാടും കൃഷിസ്ഥലങ്ങളും. കുളിര്‍മ്മയുള്ള അന്തരീക്ഷം. ഉച്ചയ്ക്ക് രണ്ടുമണിയോടെ വീരാജ്പേട്ട ബസ് എത്തി. എല്ലാവരും ക്ഷീണിച്ച് തളര്‍ന്നിരുന്നു. നല്ല വിശപ്പും ദാഹവും. ടൌണില്‍ പക്ഷെ യാതൊരു തിരക്കുമില്ല. വാഹനങ്ങള്‍ അപൂര്‍വം. കടകള്‍ മിക്കതും അടഞ്ഞു കിടക്കുന്നു. അവിടവിടെ പോലീസും. എന്തൊ കുഴപ്പമുണ്ടെന്ന് മനസ്സിലായി. ഉള്ളൊന്നു കാളി. ഒരു ഹര്‍ത്താല്‍ പോലെയെന്തോ മണക്കുന്നു. പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് വിജനം. ബസ് അവിടെ അധികം നില്‍ക്കാതെ കര്‍ണാടക KSRTC സ്റ്റാന്‍ഡിലേയ്ക്കു പോയി. ഭാഗ്യം അവിടെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല എന്നു തോന്നി. അരമണിക്കൂര്‍ താമസമുണ്ടെന്ന് അറിയിച്ചിട്ട് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിപ്പോയി.

ഞാനും സുരേഷും സ്റ്റാന്‍ഡില്‍ ഒന്നു കറങ്ങി. അതാ ഒരു കാന്റീന്‍ തുറന്നിട്ടുണ്ട്.  പഴങ്ങള്‍, കുറച്ച് ലഘുഭക്ഷണം, വെള്ളം ഇതൊക്കെ മേടിച്ച് ബസിലിരുന്ന് എല്ലാവരും കഴിച്ചു. പിന്നെയും ബസ് ഓട്ടം ആരംഭിച്ചു. വീരാജ്പേട്ട വരെ കാഴ്ചകള്‍ക്ക് ഒരു കേരളീയ ഛായയൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് മെല്ലെമെല്ലെ മാഞ്ഞിരിയ്ക്കുന്നു. എങ്കിലും ഒരു സവിശേഷഭംഗി ഇല്ലാതില്ല. ചിലപ്പോള്‍ വലിയ കാപ്പിത്തോട്ടങ്ങള്‍ കാണാം. മറ്റു ചിലപ്പോള്‍ വിജനമായ തരിശുഭൂമിയായിരിയ്ക്കും. പിന്നെ കാണുന്നതോ വിശാലമായ വയലുകള്‍. വഴിയില്‍ കാണുന്ന മനുഷ്യരൊക്കെ തനി കന്നഡ ഗ്രാമീണര്‍.

വൈകുന്നേരത്തോടെ ബസ് ഹുന്‍സൂര്‍ എന്ന ചെറുപട്ടണത്തിലെത്തി. ചെറിയ കെട്ടിടങ്ങളും ധാരാളം മനുഷ്യരും അവയ്ക്കിടയില്‍ ഒത്തിരി കന്നുകാലികളും. എല്ലാം കൂടി ഇടകലര്‍ന്നൊരു കൊളാഷ്. ഹുന്‍സൂറില്‍ ബസ് നിര്‍ത്തിയപ്പോള്‍ ധാരാളം കന്നഡിഗര്‍ തിക്കിത്തള്ളി കയറിവന്നു. എല്ലാം ഗ്രാമീണരാണെന്ന് വേഷത്തിലും രൂപത്തിലും മനസ്സിലാകും.

ഹുന്‍സൂര്‍ കഴിഞ്ഞപ്പോള്‍ ധാരാളം വയലുകള്‍ കണ്ടു. അകലെ,  അസ്തമയസൂര്യന്‍ പടിഞ്ഞാറേ മാനത്ത് ചെഞ്ചായം വാരിയെറിഞ്ഞിരിയ്ക്കുന്നു. വയല്പണികഴിഞ്ഞ്  ഗ്രാമീണര്‍ പോകുന്നത് നിഴല്‍ പോലെ കാണാം. ഒരു കൂട്ടം പക്ഷികള്‍ ചേക്കേറാന്‍ പറന്നകലുന്ന ചക്രവാളകാഴ്ച. മോഹിപ്പിയ്ക്കുന്ന ദൃശ്യം. അവിടെയിറങ്ങി, വിശാലമായ ആ വയല്‍ പരപ്പിലൂടെ കൈവീശി അനന്തതയിലേയ്ക്ക് ചുമ്മാ നടന്നു പോയാലോ എന്ന് വല്ലാതെ ആശിച്ചു പോയി.

മെല്ലെ മെല്ലെ ഇരുട്ടു വന്നു. പുറം കാഴ്ചകള്‍ മങ്ങി. മൊബൈലില്‍ സുജാത ചേച്ചിയെ വിളിച്ച് ഞങ്ങള്‍ ഹുന്‍സൂര്‍ കഴിഞ്ഞതായി അറിയിച്ചു. വാച്ചില്‍ നോക്കി. മണി ഏഴ്. കുട്ടികള്‍ വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. സുരേഷിന്റെ തോളില്‍ പ്രിയ ചാരികിടക്കുന്നു, എന്റെ തോളില്‍ മിനിയും.

എട്ടുമണിയോടടുത്തപ്പോള്‍ നഗരകാഴ്ചകള്‍ കണ്ടു തുടങ്ങി. വഴിവിളക്കുകളും ദീപാലങ്കാരങ്ങളും വാഹനങ്ങളും കടകളും തിരക്കുകളും.. അതേ മൈസൂറെത്തിയിരിയ്ക്കുന്നു. ട്രഫിക്കിലൂടെ പിന്നെയും ഇഴഞ്ഞ് ബസ്, സ്റ്റാന്‍ഡിലെത്തുമ്പോള്‍ എട്ടേകാല്‍ ആയി. ബസില്‍ നിന്നിറങ്ങുന്ന ഞങ്ങളെ കാത്ത് സുജാതചേച്ചിയും പ്രായമുള്ള മറ്റൊരു ചേച്ചിയും ആകാംക്ഷയോടെ നിന്നിരുന്നു. മുന്‍‌പരിചയമില്ലെങ്കിലും ഒറ്റനോട്ടത്തില്‍ പരസ്പരം മനസ്സിലായി. പത്തുമിനിട്ടായതേ ഉള്ളു അവര്‍ വന്നിട്ട്. നിറഞ്ഞ ചിരിയോടെ കുശലാന്വേഷണങ്ങള്‍.

അപ്പോള്‍ കുറേ പേര്‍ ഞങ്ങളെ വട്ടമിട്ടു. താമസ സൌകര്യം ആവശ്യമുണ്ടോ എന്നാണവരുടെ ചോദ്യം. ചെറിയ തുകയില്‍  ഹോംസ്റ്റേ ലഭ്യമാക്കാമെന്ന് അവര്‍ ഓഫര്‍ ചെയ്യുന്നുണ്ടായിരുന്നു. പുഞ്ചിരിയോടെ അതു നിരസിച്ച് ഞങ്ങള്‍ സുജാത ചേച്ചിയോടൊപ്പം നടന്നു.

അവര്‍ താമസിയ്ക്കുന്ന ഹൌസിങ്ങ് കോളനിയിലെയ്ക്ക് പത്തു കിലോമീറ്റര്‍ ദൂരമുണ്ട്. ധാരാളം സിറ്റി ബസുകള്‍ ധാരാളമുണ്ട് അങ്ങോട്ടേയ്ക്ക്. അതിലൊന്നില്‍ ഞങ്ങള്‍ കയറി. നഗരത്തിലൂടെ ബസ് നീങ്ങി.  മനുഷ്യര്‍ ഒഴുകുന്നു. ഒരു പ്രത്യേകത കണ്ടത് ധാരാളം സ്ത്രീകള്‍ ഉണ്ടായിരുന്നു വഴിയാത്രക്കാരായിട്ട് എന്നതാണ്. ഒറ്റയ്ക്കും കൂട്ടായുമൊക്കെ അവര്‍ നിര്‍ഭയം സഞ്ചരിയ്ക്കുന്നു.  ഇരുപതു മിനുട്ടു യാത്ര. ഞങ്ങള്‍ സുജാതചേച്ചിയുടെ താമസ സ്ഥലത്ത് എത്തി ചേര്‍ന്നു.

(തുടരും)

8 comments:

 1. യാത്ര തുടരുക, ആശംസകൾ

  ReplyDelete
 2. ആശംസകള്‍ ... യാത്ര തുടരട്ടെ

  ReplyDelete
 3. മൈസൂർ എത്തിയല്ലോ, ഇനി മൈസൂർ വിശേഷങ്ങളാവട്ടെ.

  ReplyDelete
 4. ആശംസകള്‍ ... യാത്ര തുടരുക

  ReplyDelete
 5. തുടരൂ.. ഒപ്പം ഒരു സംശയം.. ഒരു ഗദ്ദാമ്മ സീരീസ് -മരുഭൂമിയിലെ നീരാളികള്‍ - എന്തേ പകുതി വച്ച് നിർത്തിയത്..?

  ReplyDelete
 6. യാത്ര തുടരൂ.
  ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി എഴുതിയതും എഴുത്തും കളയണ്ട. ആ വക പറച്ചിലുകളിലൊന്നും ഒരു കാര്യവുമില്ല.
  ഒരേ വിഷയം പലരും അവതരിപ്പിക്കട്ടെ. ആർ അതു നന്നായി അവതരിപ്പിക്കുന്നു എന്നതാണു കാര്യം. ‘ഛായ’ ഇഷ്യൂ നോക്കിയിരുന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല. മനുഷ്യജീവിതത്തിനു പല സമാനതകളുണ്ട്. അതു എഴുത്തിൽ സ്വാഭാവികയും പ്രതിഫലിക്കും. ഒരേ വിഷയം ഓരോ എഴുത്തുകാരനും ഉള്ളിൽ ഉയർത്തുന്ന ചുഴികളുടെ ആഴമാണു വായനക്കാർ അളന്നു മാർക്കിടുന്നത്. മാർക്കിടേണ്ടത്.
  യാത്ര തുടരൂ.

  ReplyDelete
 7. good........thangal mumpu saudiyil ayirunno..........?

  ReplyDelete
 8. വളരെ നന്നായിട്ടുണ്ട് മോനെ ! മിക്കവാറും എല്ലാവരും ഞങ്ങള്‍ കാറില്‍ അങ്ങോട്ടുപോയി ഇങ്ങോട്ട് വന്നു ഹോല്ല്യ്ടയിന്നില്‍ താമസിച്ചു ,എന്നൊക്കെയാണ് എഴുതാര്‍ .ഇതു ഞാന്‍ യാത്രചെയ്തത് പോലെ തോന്നി . മോനെ എന്ന് വിളിച്ചതില്‍ പരിഭാവിക്കേണ്ട ,എനിക്ക് 60 വയസ്സായിരിക്കുന്നു koladi33@gmail.com

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.