പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 7 March 2011

എന്റെ സ്ത്രീധനം

എല്ലാ ജീവികളും തങ്ങളുടെ ജീവിതത്തില്‍ ഒരു ഇണയുടെ സാമിപ്യം  കാംക്ഷിയ്ക്കുന്നുണ്ട്. സത്യത്തില്‍ ഇണയില്ലാത്ത ജീവിതം അപൂര്‍ണമത്രേ. നമ്മുടെ പുരാണ സങ്കല്‍പ്പമനുസരിച്ച് അര്‍ധനാരീശ്വര സങ്കല്പമാണ് പൂര്‍ണതയുടെ അടയാളം. പാതി “പുരുഷനും“ പാതി “പ്രകൃതി“ അഥവാ “സ്ത്രീ“യും ചേര്‍ന്നതാണ് അര്‍ധനാരീശ്വരം. ആധുനിക ശാസ്ത്രം മറ്റൊരു തരത്തില്‍ ഇതിനെ അംഗീകരിയ്ക്കുന്നു. മനുഷ്യജാതിയുടെ നൈരന്തര്യത്തിന്റെ അടിസ്ഥാനമായ ജീനുകളിലെ ക്രോമോസോം വിന്യാസത്തില്‍ ലിംഗനിര്‍ണയ ജോഡി  “XX“ ആണെങ്കില്‍ സ്ത്രീയും, “ XY“ ആണെങ്കില്‍  പുരുഷനും ആകുമെന്ന് ശാസ്ത്രം പഠിപ്പിയ്ക്കുന്നു. അതായത് “X“ സ്ത്രൈണതയെയും “Y“ പൌരുഷ്യത്തെയും സൂചിപ്പിയ്ക്കുന്നു. എല്ലാ പുരുഷന്മാരും പാതി സ്ത്രീയാണെന്നര്‍ത്ഥം. അതുകൊണ്ടാവാം പുരുഷന് അവന്റെ ജീവിതം പൂര്‍ണമാകാന്‍ ഒരു സ്ത്രീ കൂടിയേ കഴിയൂ.

സമൂഹം അംഗീകരിച്ച് ഒരു സ്ത്രീയെ സ്വന്തമാക്കുന്ന ഏര്‍പ്പാടാണല്ലോ വിവാഹം. വിവാഹത്തോടെ ഒരു പുതു കുടുംബം ജനിയ്ക്കുന്നു എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് സ്ത്രീധന ഏര്‍പ്പാട് തുടങ്ങിയതെന്നു തോന്നുന്നു. സ്ത്രീയ്ക്ക് അവളുടെ കുടുംബത്തില്‍ നിന്നുള്ള ന്യായമായ വിഹിതം എന്ന അര്‍ത്ഥത്തില്‍ സ്ത്രീധനം അംഗീകരിയ്കാവുന്നതാണെങ്കിലും, അത് വിലപേശിയും നിര്‍ബന്ധിച്ചും വാങ്ങുന്ന പരിപാടി തുടങ്ങിയതോടെ പാവം പെണ്ണിന്റെ കഴുത്തിലെ കുരുക്കായി മാറുന്ന അവസ്ഥയുമായി. ചോദിയ്ക്കുന്ന കാശ് കൊടുക്കാന്‍ കഴിയാത്ത എത്രയോ അപ്പനമ്മമാരുടെ പെണ്‍കുട്ടികള്‍ മംഗല്യ ഭാഗ്യമില്ലാതെ വീട്ടുകാര്‍ക്ക് “ഭാര“മായി യൌവനം ഹോമിയ്ക്കുന്നു...!

പൊടി വിപ്ലവകാരിയായിരുന്ന എന്റെ മനസ്സില്‍ ഈ ഏര്‍പ്പാടിനോട് പണ്ടേ വലിയ വിരോധമായിരുന്നു. കേവലം രണ്ടായിരം രൂപയ്ക്ക് സുന്ദരിയായ ഒരു പെണ്ണിനെ വേണ്ടെന്നു വയ്ക്കേണ്ടി വന്ന ഗോപ്യേട്ടനെ പറ്റി ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. ഇതു കൊണ്ടൊക്കെ തന്നെ, ഞാന്‍ കെട്ടുമ്പോള്‍ സ്ത്രീധം ചോദിയ്ക്കില്ല എന്ന് നേരത്തെ തീരുമാനിച്ചു. എന്നു വച്ച് അവളുടെ വീട്ടുകാര്‍ ഇഷ്ടപെട്ടു കൊടുക്കുന്നത് വേണ്ടാ എന്നു പറയില്ല, മറിച്ച് ഒന്നും ആവശ്യപ്പെടില്ല. അത്ര തന്നെ.

അങ്ങനെ ഞാന്‍ പെണ്ണു കണ്ടു; ഇഷ്ടമായി. എന്നു പറഞ്ഞാല്‍ പെരുത്തിഷ്ടായി. അടുത്ത സ്റ്റെപ്പ്, അവളുടെ വീട്ടില്‍ നിന്ന് എന്റെ വീട്ടില്‍ വരുക എന്നതാണ്. അവര്‍ക്കും ഇഷ്ടമായാല്‍ സംഗതി നടന്നു കിട്ടും.  അങ്ങനെ നിശ്ചിതദിവസം ഭാവി അമ്മായി അപ്പനും കുറച്ചുപേരും കൂടി എന്റെ വീട്ടിലെത്തി.

ഞാന്‍ അമ്മയോട് അടുക്കളയുടെ മൂലയിലേയ്ക്ക് മാറ്റിനിര്‍ത്തിയിട്ട് കടുപ്പിച്ച് പറഞ്ഞു: -

“അമ്മേ ദേ അച്ഛനോട് പറഞ്ഞേക്കണം, സ്ത്രീധനമൊന്നും ചോദിച്ചേക്കരുതെന്ന്. അവരെന്തെങ്കിലും തരുന്നത് സമ്മതിച്ചേക്കുക..” അമ്മ എന്നെ ശരിയ്ക്കൊന്നു നോക്കിയിട്ട് തലയാട്ടി.

വന്നവര്‍ക്ക് വീടും പരിസരവുമൊക്കെ പിടിച്ചൂന്നു തോന്നുന്നു. ഇനിയാണ് ബാക്കി കാര്യങ്ങള്‍ തീരുമാനിയ്ക്കല്‍‍. അച്ഛനും അതിഥികളും തിണ്ണയിലിരിയ്ക്കുന്നു. മേശമേല്‍ ചായ, കടികള്‍. ഞാന്‍ അകത്തെ മുറിയില്‍ നിന്ന് തിണ്ണയിലേയ്ക്ക് ചെവി കൂര്‍പ്പിച്ചു പിടിച്ചു..

“അപ്പോ കാര്യങ്ങളെങ്ങനെയാ..?” ആരോ ചോദിച്ചു.

“ഒന്നേകാല്‍ ലക്ഷം രൂപയ്ക്കുള്ള സ്വത്ത് തരാം. അതിനപ്പുറം എനിയ്ക്ക് ശേഷിയില്ല..” അത് അവളുടപ്പനാണെന്നു തോന്നുന്നു. “സമ്മതമാന്ന്‍ പറയച്ഛാ”.. ഞാന്‍ മനസ്സില്‍ പറഞ്ഞു.

“ഹ ഹ ഹ... മൂന്നു ലക്ഷത്തില്‍ കുറഞ്ഞ് ആലോചിയ്ക്കുകയേ വേണ്ട. എനിയ്ക്കൊറ്റ മോനേയുള്ളു..!”.

മനസ്സില്‍ എന്തോ പൊട്ടിത്തെറിച്ചതു പോലെ തോന്നി. അമ്മയെക്കൊണ്ട് പറയിച്ചിട്ടും സമയമായപ്പോള്‍ അപ്പന്‍ തനി മൂരാച്ചി സ്വഭാവം കാണിച്ചല്ലോ..! ഞാന്‍ വേഗം അമ്മയെ തോണ്ടി:

“ഇതെന്നാ കോപ്പിലെ പരിപാടിയാ അമ്മേ, ഞാന്‍ പറഞ്ഞതല്ലേ..? ഇങ്ങോട്ട് വിളിച്ചേ, അച്ഛനെ..”

അമ്മ പോയി അച്ഛനെ കണ്ണും കൈയും കാണിച്ചു. അച്ഛനാകട്ടെ, “നീ പോടീ”യെന്ന മട്ടില്‍ മുഖം തിരിച്ചു കളഞ്ഞു. അവസാനം, എന്റെയും അമ്മയുടെയും തുടര്‍ച്ചയായ നവരസാഭിനയത്തിന്റെ ഫലമായി അച്ഛന്‍ അടുക്കളയിലേയ്ക്കു വന്നു.

“നിങ്ങളെന്തിനാ അങ്ങനെ പറഞ്ഞേ..അവനു വേണ്ടെങ്കില്‍ നിര്‍ബന്ധിയ്ക്കാന്‍ പോണതെന്തിനാ..?”

“അവനതൊക്കെ പറയും. നാട്ടുകാരറിഞ്ഞാ എനിയ്ക്കാ നാണക്കേട്..!”

“ഓ..പിന്നേ, വല്യ നാടുവാഴിയല്ലേ”..ഞാന്‍ മനസ്സില്‍ പറഞ്ഞു. എന്തായാലും കുറേ നേരത്തെ കുശുകുശുക്കലിനുശേഷം അച്ഛന്‍ സമ്മതിച്ചു.

“ശരി..നിങ്ങടെ കാശു കിട്ടിയിട്ടുവേണ്ട ഇവിടെ ചെലവിനു കഴിയാന്‍. നിങ്ങള്‍ക്കിഷ്ടമുള്ളതു കൊടുക്ക്”. അച്ഛന്‍ പോയി അവരോട് പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ ഒരു വിധം കരയ്ക്കടുത്തു.

അവളുടെ ഒരു ഫോട്ടോ കിട്ടി. സാരിയുടുത്ത് നില്‍ക്കുന്ന ചിത്രം. മനസ്സിലെ സുന്ദരചിത്രം തന്നെ. ഞാന്‍ കൂട്ടുകാരെയൊക്കെ അത് കാണിച്ചു കൊടുത്തു. എന്നിട്ട്, “നോക്കെടാ നല്ല  സുന്ദരിയല്ലേന്ന്..അസൂയപ്പെട്ടോ..” എന്നു മനസ്സില്‍ പറഞ്ഞു.

ഇനി ഒരു ചടങ്ങുകൂടി ബാക്കിയുണ്ട്. ഞങ്ങളുടെ കുറെ ബന്ധുക്കള്‍ കൂടി അവളുടെ വീട്ടില്‍ പോയി കല്യാണം ഉറപ്പിയ്ക്കണം. ഓരോരോ ഏര്‍പ്പാടുകളേ.. രണ്ട് ജീപ്പിനാണ് ആളു പോയത്. അച്ഛനും അമ്മാവനുമൊക്കെ.  ബന്ധുക്കള്‍ പലരും വഴിയ്ക്കുന്നും മറ്റും കയറുകയായിരുന്നു.  പെണ്ണിന്റെ വീട്ടിലെത്തി, ചടങ്ങുകള്‍ ആരംഭിച്ചു. അപ്പോഴാണ് എന്റെ പ്രമാണി ബന്ധു ചോദിച്ചത്:

“അല്ലാ തുകയുടെ ഏര്‍പ്പാടൊക്കെ എങ്ങനെയാ..?”

“അതൊക്കെ പറഞ്ഞിട്ടുണ്ട് ചേട്ടാ..” അച്ഛന്‍ അങ്ങേരോട് പറഞ്ഞു.

“എന്നാലും അങ്ങനെയല്ലല്ലോ, ഞങ്ങളും അറിയട്ടെ..” പ്രമാണി വിടുന്നില്ല

“ഒന്നേകാല്‍ ലക്ഷമാണ് ഞങ്ങള്‍ക്കു കൊടുക്കാനാവുന്നത്. അതു കൊടുക്കും...” അവളുടച്ഛന്‍ പറഞ്ഞു.

“ഛായ്, ഒന്നേകാല്‍ ലച്ചം ഉലുവയോ..!” പ്രമാണി ചാടിയെഴുനേറ്റു...”കുടുംബത്തിന്റെ വെല കളയാനായിട്ട്..”

കൂടുതല്‍ പറയണ്ടല്ലോ, സംഗതി കൊളമായി. കല്യാണം ഉറപ്പിക്കല്‍ അലസിപ്പിരിഞ്ഞു. കലികയറിയാണ് അച്ഛന്‍ വീട്ടിലെത്തിയത്.

“തള്ളേം മകനും പറഞ്ഞത് കേട്ടു പോയിട്ട് ഞാന്‍ നാണം കെട്ടു. കുടുംബക്കാര്‍ ഒറ്റയാളും സമ്മതിച്ചില്ല..”

എന്റെ വിപ്ലവബോധം തിളച്ചുയര്‍ന്നു. “ഞാന്‍ കെട്ടുന്ന പെണ്ണിനെ ഞാനാണ് പോറ്റുന്നത്. ഒരൊറ്റ കുടുംബക്കാരുടെ അടുത്തേയ്ക്കും വിടുന്നില്ല. എനിയ്ക്കിഷ്ടപെട്ട ഈ കല്യാണം നടത്താന്‍ പറ്റില്ലെങ്കില്‍ എനിയ്ക്കിനി കല്യാണമേ വേണ്ട..”

സ്ത്രീധനത്തിന്റെ പേരില്‍  ഈ കല്യാണം മുടങ്ങിയാല്‍,  വിപ്ലവ യുവജന നേതാവായ എനിയ്ക്ക് പിന്നെ നാട്ടില്‍ ഇറങ്ങാനാവില്ല. തന്നെയുമല്ല അവള്‍ എന്റെ മനസ്സില്‍ വല്ലാതെ കയറിക്കൂടുകയും ചെയ്തിരുന്നു. “ഞങ്ങടെ ചെറുക്കന് കാശൊള്ള പെണ്ണ് കിട്ടുമോന്ന് നോക്കട്ടെ” എന്ന് എന്റെ ബന്ധുക്കളും, “നിങ്ങളുടെ ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട” എന്ന് അവള്‍ടച്ഛനും, തമ്മില്‍ പറഞ്ഞാണ് അവിടെ നിന്ന് പിരിഞ്ഞതെന്ന അറിവ് വല്ലാത്ത ഷോക്കായിപ്പോയി. ഈ വിവാഹം ഉഴപ്പി എന്നത് എനിയ്ക്ക് വിശ്വസിയ്ക്കാവുമായിരുന്നില്ല.

എന്തു പറയാനാണ്,  ഞാന്‍ നിസഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഷേവിങ്ങ് വേണ്ടാ എന്നും തീരുമാനമായി. ഇടയ്ക്ക് അവളുടെ ഫോട്ടോയെടുത്ത്  നോക്കും,  അപ്പോള്‍ ആ പ്രമാണിബന്ധുവിനെ ഒറ്റച്ചവിട്ടിന് മലത്താന്‍ തോന്നും. മറ്റുള്ളവരുടെ ജീവിതം കൊളമാക്കാന്‍ ഓരോന്നൊക്കെ എഴുന്നെള്ളും..

ഒറ്റപ്പുത്രന്റെ വിഷമം കണ്ടാവാം അച്ഛന്റെയും അമ്മയുടെയും മനസ്സ് ആര്‍ദ്രമായി, അവര്‍ക്കും അവളെ ഇഷ്ടമായിരുന്നു. ഒടുവില്‍ ഞങ്ങളുടെ ബന്ധുവായ ഒരധ്യാപകനോട് അവര്‍ കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം വന്ന് എന്നോട് ചോദിച്ചു.

“നിനക്ക് ഈ കല്യാണം  തന്നെ ചെയ്യാനാണോ താല്പര്യം?”

“അതേ”

“ശരി.. ഞാന്‍ അവരോട് സംസാരിയ്ക്കട്ടെ..”

അദ്ദേഹം അവരുടെ വീട്ടില്‍ പോയി. എന്റെ കാര്യം കേട്ടപ്പോഴേ അവര്‍ ചീറി.

“ഇത്രേം വെലയൊള്ള ചെറുക്കനെ എന്റെ മോള്‍ക്ക് വേണ്ട.”

നയതന്ത്രജ്ഞനായ അദ്ദേഹം കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി. അവസാനം അവര്‍ സമ്മതിച്ചു. കല്യാണം നിശ്ചയമായി. ഞാന്‍ നിസഹകരണം അവസാനിപ്പിച്ചു. വീണ്ടും ബ്ലേഡ് വാങ്ങി. ഒടക്ക് ബന്ധുക്കള്‍ ഈ വിവരങ്ങള്‍ അറിഞ്ഞതോടെ അവരുടെ തീരുമാനം വന്നു.:

“ഞങ്ങള്‍ ഒരൊറ്റയാളും അവന്റെ കല്യാണത്തിനു പങ്കെടുക്കില്ല..”

“ആരും വേണ്ട.” ഞാന്‍ തന്റേടത്തോടെ അമ്മയോട് പറഞ്ഞു. ഏകപുത്രന്റെ കല്യാണം ഇങ്ങനെയായതില്‍ അപ്പനമ്മമാര്‍ക്ക് ഖേദമില്ലാതില്ല. വിവാഹിതയായിരുന്ന ഏക സഹോദരിയും വന്ന് മൂക്കു പിഴിഞ്ഞു.

കല്യാണ ദിവസമായി. പറഞ്ഞപോലെ അച്ഛന്റെ ബന്ധുക്കള്‍ ആരും പങ്കെടുത്തില്ല. എന്നാല്‍  എന്റെ നാട്ടുകാര്‍, സുഹൃത്തുക്കള്‍, ശിഷ്യര്‍ അങ്ങനെ വലിയൊരു സഞ്ചയമാണ് അന്ന് എത്തിച്ചേര്‍ന്നത്. അവരുടെ മുഖത്തെ സ്നേഹപൂര്‍ണമായ പുഞ്ചിരി എനിയ്ക്കു തന്ന ധൈര്യം അപാരമായിരുന്നു. എല്ലാവരുടെയും മുന്‍പില്‍ വച്ച് അഗ്നിസാക്ഷിയായി, സ്ത്രീധനത്തിനു വിലപേശാതെ ഞാന്‍ അവളുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി.

പിറ്റേ ദിവസം അവളെന്നോടു ചോദിച്ചു: “ഏട്ടനു നല്ല കാശുള്ള പെണ്ണിനെ കെട്ടിയാല്‍ പോരായിരുന്നോ?”

“മതിയായിരുന്നു“ അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. “പക്ഷെ നിന്നെ കിട്ടില്ലല്ലോ..”

വാല്‍ക്കഷണം: അന്ന് പിണങ്ങി മാറിയ ബന്ധുക്കള്‍ പിന്നീട് പശ്ചാത്തപിയ്ക്കുകയും ഞങ്ങളെ അവരുടെയെല്ലാം വീടുകളിലേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു. ഇന്ന് എല്ലാവരും ഹാപ്പി. സ്ത്രീ  തന്നെയാണ് ധനം എന്നത്  എത്രയോ പ്രാവശ്യം എനിയ്ക്ക്  ബോധ്യമായിരിയ്ക്കുന്നു. ഈ കുറിപ്പ് വിവാഹിതരാകാന്‍ പോകുന്ന അനുജന്മാര്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

24 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. sariyanu mashe,
    സ്ത്രീ തന്നെയാണ് ധനം

    ReplyDelete
  4. താങ്കൾ ആ മഹത്തായ കർമ്മം നിർവ്വഹിച്ചുവല്ലേ? ഏതായാലും സ്ത്രീധനം എന്നത് ഒരു നശിച്ച ഏർപ്പാട് തന്നെ...
    ദാ ഇവിടെ ക്ലിക്കൂ

    ReplyDelete
  5. സ്ത്രീ തന്നെയാണ് ധനം.

    ReplyDelete
  6. ഒലക്കേടെ മൂട്
    അയ്യോ എന്‍റെ അഭിപ്രായമാണ് കേട്ടോ...........

    ReplyDelete
  7. കണ്ണൂർക്കാർ സ്ത്രീധനം വാങ്ങാത്തവരല്ലേ..!

    ReplyDelete
  8. താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം.

    ReplyDelete
  9. മുട്ക്കന്‍ !!!
    അങ്ങനെ 'വാശി' ജയിച്ചല്ലോ..ഇത്തരം നിശ്ചയദാര്‍ഢ്യത്തിന്റെ അഭാവമാണ് ഇന്നത്തെ യുവത നേരിടുന്നത്.
    (കുറച്ചു കാലം ബ്ലേഡ്‌ വാങ്ങാത്തത് മൂലം കുറച്ചു പൈസയും ലാഭിച്ചല്ലോ)

    ReplyDelete
  10. വിപ്ലവ യുവജന നേതാവിന് അഭിവാദ്യങ്ങള്‍... ഈ തീരുമാനം ഞാന്‍ എന്നേ എടുത്തുകഴിഞ്ഞു.

    ReplyDelete
  11. നല്ല കാര്യം....

    ReplyDelete
  12. നന്നായി ആ തീരുമാനത്തിൽ പിടിച്ചു നിന്നതു്.

    ReplyDelete
  13. ഇരുമ്പ് പഴുക്ക്മ്പോള്‍ കൊല്ലനും കൊല്ലത്തിയും മാത്രം എന്ന് പറഞ്ഞ പോലെ ഒരു കാര്യം വരുമ്പോള്‍ ഈ ബന്ധുക്കളെ ഒന്നും കാണില്ല. നമുക്ക് നമ്മുടെ കെട്ട്യോളും കുട്ട്യോളും മാത്രമേ ഉണ്ടാവൂ. നന്നായി എന്തായാലും.. ജീവിതം ഉഷാറായി തന്നെ മുന്നോട്ടു പോവട്ടെ... ആശംസകള്‍ ......

    ReplyDelete
  14. ഉം... ഈ അനിയനും അത് സമ്മതിക്കുന്നു. ചോദിക്കില്ല; തന്നാല്‍ വാങ്ങാതെയും ഇരിക്കില്ല!

    ReplyDelete
  15. ധനം മാത്രം നോക്കി ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നവർക്കിടയിൽ ഇത്തരം ചെറുത്തുനിൽ‌പ്പുകൾ ധാരാളമായുണ്ടാകട്ടെ....

    ReplyDelete
  16. സ്തീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങിയിരുന്ന ഒരു കാലമുണ്ടായിരുന്നു.ഇന്ന് അവര്‍ ഭര്‍ത്താവിന്റെ തോളുരുമി ജോലി ചെയ്യുന്നു.പലപ്പോഴും ഭര്‍ത്താവിനേക്കാള്‍ ശംബളം വാങ്ങുന്നു.എന്നിട്ടും ഈ സ്ത്രീധനക്കച്ചവടം കൂടുന്നതല്ലാതെ കുറഞ്ഞില്ല.ഇവിടെ,കെനിയായില്‍ സ്ത്രീയാണ് ധനം.ചെറുക്കന്‍,പെണ്ണിന്റെ വീട്ടുകാര്‍ക്ക് പൈസയും,സമ്മാനങ്ങളും നല്‍കിയാലെ കല്യാണം നടക്കൂ.

    ReplyDelete
  17. എല്ലാ യുവാക്കളും ഈയൊരു മനസ്സ് വെച്ചാല്‍ എത്ര നന്നായിരുന്നു.
    എത്ര പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ കണ്ണുനീരിനറുതി വരുമായിരുന്നു.
    അഭിനന്ദനങ്ങള്‍..ബിജു..

    ReplyDelete
  18. നല്ല കാര്യം

    ReplyDelete
  19. എന്റെ കല്യാണം ഉറപ്പിക്കലിനും സമാനമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്, ചങ്ങനാശ്ശേരിയിലെ പ്രമുഖ കേരള കോണ്‍ഗ്രസ് നേതാവായ എന്റെ ഒരു കാര്‍ന്നോന്‍ എന്റെ ഒത്തു കല്യാണത്തിന് സ്ത്രീധനക്കാര്യം എടുത്തിട്ടു, എന്റെ അപ്പന്റെ സമയോജിതമായ ഇടപെടല്‍ മൂലം കല്യാണം മുടങ്ങാതെയും നാണം കെടാതെയും കാര്യങ്ങള്‍ മംഗളമായി പര്യവസാനിച്ചു. ഒരു രൂപ പോലും സ്ത്രീ ധനമായോ ഓഹരി ആയോ വാങ്ങിയില്ലെങ്കിലും ഞങ്ങളുടെ ദാമ്പത്യത്തില്‍ ഒരു കുറവും ഇന്ന് വരെ ഉണ്ടായിട്ടില്ല. സ്ത്രീ ധനം വാങ്ങി കല്യാണം കഴിക്കുന്നത് സ്വയം ഇറച്ചി വിലക്ക് വില്‍ക്കുന്നതിനു തുല്യമാനെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  20. സ്ത്രീ തന്നെ ധനം...
    വിപ്ലവകാരിക്ക് ആശംസകള്‍...

    ReplyDelete
  21. താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനം.ആശംസകള്‍...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.