രയറോം കഥകള്‍-5
ഞങ്ങടെ രയറോത്തിന്റെ സമീപത്താണ് തേര്‍ത്തല്ലി എന്ന സാമന്ത രാജ്യം. ഏതെങ്കിലും കാലത്ത് ആരെങ്കിലും തേരില്‍ വന്നു തല്ലിയിട്ടാണോ അതോ ആരെങ്കിലും തേരെടുത്തു തല്ലിയിട്ടാണോ എങ്ങനെയാണ് ആ പേരു വന്നതെന്നറിഞ്ഞൂടാ. ഒരു ടിപ്പിക്കല്‍ മലയോര സിറ്റി, അതായത് അഞ്ചാറ് കടകള്‍ മൂന്നോ നാലോ ചായക്കടകള്‍ ,ഒരു ചെറിയ ക്ലിനിക്ക് അതൊക്കെ തന്നെ (അന്തക്കാലത്ത്). എന്നാല്‍ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. സന്ധ്യാ ടാക്കീസ്! നല്ല ഓലയൊക്കെ മെടഞ്ഞുകെട്ടിയ, കരി ഓയിലടിച്ച് കറുപ്പിച്ച പനമ്പ് കൊണ്ട് ഭിത്തികള്‍ “കെട്ടിയ“, തനി നാടന്‍ നൊസ്റ്റാള്‍ജിക് സിനിമാ കൊട്ടക.
തേര്‍ത്തല്ലി, രയറോം, തിമിരി, മേരിഗിരി എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളിലെ പ്രജകളുടെ ഏക എന്റര്‍ടൈന്‍മെന്റ് സങ്കേതമായിരുന്നു സന്ധ്യാ ടാക്കീസ് അക്കാലത്ത്. അന്നൊക്കെ പുതിയ പടം വരുമ്പോള്‍ മൈക്കുകെട്ടി പ്രചരണമുണ്ട്. ജഗതി ഒരു സിനിമയില്‍ അനൌണ്‍സ് ചെയ്യുന്ന പോലെ, “തേര്‍ത്തല്ലി സന്ധ്യാ ടാക്കീസിന്റെ നയനമനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ , ഇതാ ഇന്നുമുതല്‍ “ എന്ന മാതിരി. റോഡില്‍ നിന്നും ഒരല്പം ഉയര്‍ന്നിട്ടാണ് ടാക്കീസിന്റെ ഇരിപ്പ്. സൈഡിലൊക്കെ കുരുമുളക്, ചേന, കപ്പ ഇവയൊക്കെ നട്ട പറമ്പാണ്.
അന്ന് മലയോര മേഖലയില്‍ തീയേറ്ററുകള്‍ മൂന്ന്. കരുവഞ്ചാല്‍ ജനതാ, ആലക്കോട് മെട്രോ പിന്നെ തേര്‍ത്തല്ലി സന്ധ്യ. ഇതില്‍ ഏറ്റവും അശു നമ്മുടെ സന്ധ്യയാണ്. ജനതയിലും മെട്രോയിലുമൊക്കെ ഓടിക്കഴിഞ്ഞ ശേഷമേ സന്ധ്യയില്‍ പടമെത്തൂ. അന്ന് കണ്ണൂരോ തളിപ്പറമ്പോ പോയി പടം കാണുക എന്നാല്‍ ഇന്ന് വീഗാലാന്‍ഡിലോ വിസ്മയയിലോ പോകുന്ന പോലാണ്.
അത്യാവശ്യം ജീവിയ്ക്കാന്‍ ചുറ്റുപാടുള്ള ഒരച്ചായനാണ് സന്ധ്യയുടെ ഓണര്‍ . പണ്ട് തറവാട്ടുകാര് ആനയെ വളര്‍ത്തുന്നു എന്നു പറഞ്ഞപോലൊരു ഏര്‍പ്പാടാണ് പുള്ളിയ്ക്കിത്. മാറ്റിനി, ഫസ്റ്റ് ഷോ അങ്ങനെ രണ്ടു ഷോയുണ്ടാകും. അന്ന് ടി.വി. യൊന്നുമില്ലാത്തതുകൊണ്ട് തേര്‍ത്തല്ലിക്കാരൊക്കെ സകുടുംബം പടം കാണാന്‍ വരും. പിന്നെ സന്ധ്യയ്ക്കൊരു കുറവുള്ളത് ജനറേറ്ററില്ല എന്നതാണ്. ഒരു ജനറേറ്റര്‍ മേടിച്ച് വച്ച് കളിയ്ക്കാന്‍ മാത്രം പിരിവ് അവിടെയില്ലാത്തതു കൊണ്ടാവാം.
ഞങ്ങളൊക്കെ മാറ്റിനിയ്ക്കാണ് വല്ലപ്പോഴും പോകാറ്. മിക്കവാറും കറന്റു പോകും. പിന്നെ മൂന്ന് മിനിട്ടു നേരത്തേയ്ക്ക് മാലപ്പടക്കത്തിനു തീപിടിച്ചമാതിരി കൂവലാണ്. അടുത്ത പതിനഞ്ചു മിനിട്ടു നേരം കറന്റു വരുമോ ഇല്ലയോ എന്നു നോക്കും. ആളു കുറവാണെങ്കില്‍ അരമണിക്കൂര്‍ വരെ. തീരെ കുറവാണെങ്കില്‍ ഷോ കഴിഞ്ഞു. തേര്‍ത്തല്ലിക്കാര്‍ക്ക് ഈ വിവരം അറിയുന്നതു കൊണ്ട്, മൂത്രമൊഴിക്കല്‍ , ബീഡി വലി, സിഗററ്റ് വലി, നാരങ്ങാവെള്ളം കുടിക്കല്‍ , പിള്ളെര്‍ക്ക് മിഠായി വാങ്ങല്‍ , കരയുന്ന പീക്കിരി പിള്ളേര്‍ക്ക് മുലകൊടുക്കല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങള്‍ക്ക് ഈ സമയം വിനിയോഗിയ്ക്കും. കറന്റുപോകുന്നതോടെ ടാക്കീസിനോടു ചേര്‍ന്നുള്ള കടക്കാരന്‍ കര്‍ത്തവ്യനിരതനാകുന്നു. അനുവദനീയമായ സമയം കഴിഞ്ഞാല്‍ അടുത്ത റൌണ്ട് കൂവല്‍ ആരംഭിയ്ക്കുകയായി. ഇതു വരെയും കറന്റ് വന്നില്ലെങ്കില്‍ പിന്നെ ജനറേറ്റര്‍ എടുക്കുകയേ മാര്‍ഗമുള്ളൂ. അച്ചായന്റെ സ്വന്തം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന സൌണ്ട് കേട്ടാല്‍ കൂവല്‍ വീണ്ടും നിലയ്ക്കും. ആലക്കോട് പോയി വേണം ജനറേറ്റര്‍ എടുക്കാന്‍ !ഒരര മണിക്കൂര്‍ വീണ്ടും കഴിയും. അതു വരെ അത്യാവശ്യക്കാര്‍ക്ക് വീടു വരെ പോയിവരണമെങ്കില്‍ അതിനും സൌകര്യമുണ്ട്.
ഇതൊക്കെ പതിവായ സംഭവങ്ങള്‍ ആയതിനാല്‍ ഇതിലൊന്നും ഒരു പുതുമയും ആര്‍ക്കും തോന്നിയിരുന്നില്ല.
എന്തായാലും ഈ ആനയെ ഇങ്ങനെ അധികനാള്‍ പോറ്റാന്‍ പറ്റില്ല എന്നു അച്ചായനു തോന്നിക്കാണും. അല്ലെങ്കില്‍ പുള്ളി അവിടെ സെക്കന്‍ഡ് ഷോ കളിയ്ക്കാന്‍ തീരുമാനിയ്ക്കില്ലല്ലോ? സെക്കന്‍ഡ് ഷോയ്ക്ക് ആളു കയറണമെങ്കില്‍ സാധാ പടങ്ങളൊന്നും ഇട്ടിട്ടു കാര്യമില്ല. അതിന് ഇച്ചിരി എരിവും പുളിയുമുള്ളതു തന്നെ വേണം. അങ്ങനെ അനുരാധ, അഭിലാഷ, സില്‍ക്ക് തുടങ്ങിയ സ്വപ്നറാണിമാരുടെ “നല്ല നല്ല” ചിത്രങ്ങള്‍ സെക്കന്‍ഡ് ഷോയായി ഓടാന്‍ തുടങ്ങി.
അന്ന് റയറോം വഴി തേര്‍ത്തല്ലിയ്ക്ക് ബസ് നാലെണ്ണമേ ഒള്ളു. ലാസ്റ്റ് ബസ് എട്ടരയ്ക്കു പോകും. സെക്കന്‍ഡ് ഷോ ഒന്‍പതരയ്ക്കാണ്. അതു കൊണ്ട് ഞങ്ങള്‍ക്കൊന്നും സെക്കന്‍ഡ് ഷോയ്ക്കു പോകാനുള്ള യോഗമുണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ഇച്ചിരെ സാഹസമാണ്, കിലോമീറ്റര്‍ മൂന്നും മൂന്നും ആറുണ്ട്.
അങ്ങനെയിരിയ്ക്കെ പുതിയൊരു ബസ് കൂടി റയറോം വഴി തേര്‍ത്തല്ലിയ്ക്ക് വന്നു! ഹാ.. എന്തൊരു ഭാഗ്യം ലാസ്റ്റ് ട്രിപ്പ് രാത്രി ഒന്‍പതു മണിയ്ക്ക്! സെക്കന്‍ഡ് ഷൊയ്ക്ക് നല്ല സൌകര്യം. തിരിച്ച് നടക്കണമെന്നേയുള്ളു. ഞാനും ഭാസിയുമാണല്ലോ എല്ലാത്തിനും ഒന്നിച്ചുള്ളുത്. ഞങ്ങളിങ്ങനെ ഒരു സെക്കന്‍ഡ് ഷൊ കാണണമെന്നുള്ള മോഹവുമായി ഉഴറി നടപ്പാണ് അക്കാലത്ത്. അങ്ങനെയിരിക്കെയാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്, ശനിയാഴ്ച ലാസ്റ്റ് ട്രിപ്പിന് പുതിയ ബസില്‍ മരണ തിരക്കാണ്! ഇതെന്തു കഥ? അന്വേഷിച്ചപ്പൊഴല്ലേ മനസ്സിലായത്, ശനിയാഴ്ച സ്പെഷലുണ്ടത്രേ! അതായത് അഞ്ചു മിനിട്ടു നേരം അസ്സല്‍ മറ്റവന്‍ - നീല! അന്ന് നമ്മുടെയൊക്കെ റേഞ്ച് മാക്സിമം സില്‍ക്കിന്റെ ഒരു ഡാന്‍സ് അല്ലെങ്കില്‍ അനുരാധയുടെ ഒരു ബാത്ത്. അതിനപ്പുറം പോയിട്ടില്ല.
ശനിയാഴ്ചത്തെ സ്പെഷല്‍ ഷോ കണ്ടിട്ട് ഞങ്ങളുടെ ചില സുഹൃത്തുക്കള് പുല്ലന്മാരുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ത്തമാനം കൂടി കേട്ടതോടെ ഞങ്ങളുടെ നെല്ലിപ്പലകയുടെ അവസാന ആണിയും പറിഞ്ഞു.
വലിയൊരു പ്രശ്നം ഞങ്ങളിങ്ങനെ ചില്ലറ നേതാക്കന്മാരായി നടന്നുകൊണ്ട് ഇമ്മാതിരി പടത്തിനെങ്ങാനും പോയന്നറിഞ്ഞാലുള്ള ഗുലുമാലാണ്. മൂത്ത സഖാക്കന്മാരറിഞ്ഞാല്‍ ഓടിച്ച് വയറിളക്കും.
എന്തുമാവട്ടെ, ഞങ്ങള്‍ റിസ്കെടുക്കാന്‍ തീരുമാനിച്ചു. രാത്രി ഒരു പത്തുമണിയ്ക്കുള്ളിലെങ്കിലും വീട്ടിലെത്തിയില്ലെങ്കില്‍ അമ്മ കണ്ണു ഉരുട്ടും. (ഏതു പാതിരാ ആയാലും ഞാനെത്തി എനിയ്ക്ക് ചോറു വിളമ്പി തന്നിട്ടേ ആ പാവം ഉറങ്ങൂ.) അതു കൊണ്ട് മുന്നേ കൂട്ടി പറഞ്ഞു: “ഇന്ന് ഒരര്‍ജന്റു മീറ്റിങ്ങുണ്ട്, താമസിയ്ക്കും!“
“അവന്റെയൊരു മീറ്റിങ്ങ. വല്ല ജോലിയ്ക്കും നോക്കാതെ രാട്രീയം കളിച്ചു നടന്നോ!” ഇതു പതിവുള്ളതായതു കൊണ്ട് നമ്മളത്ര മൈന്‍ഡാക്കില്ല.
ഞാനും ഭാസിയും, ലാസ്റ്റു ബസിന് ഏതായാലും രയറോത്തു നിന്ന് കയറണ്ട എന്നു തീരുമാനിച്ചു. കാരണം ഇപ്പോള്‍ ലാസ്റ്റ് ബസിനു കയറുക എന്നു വച്ചാല്‍ കള്ളു ഷാപ്പില്‍ നിന്നിറങ്ങി വരുന്ന പോലാണ്. പേരുദോഷം കിട്ടും. അതു കൊണ്ട് ഞങ്ങള്‍ ഒരു സ്റ്റോപ്പ് മുന്നേ പോയി കാത്തു നിന്നു. അവിടാകുമ്പം ചെറിയൊരു കടയേ ഒള്ളൂ. ആരെങ്കിലും കണ്ടാലും കുഴപ്പമില്ല. നമ്മളു സെക്കന്‍ഡ് ഷോയ്ക്കാണെന്ന് അവരു സംശയിയ്ക്കില്ലല്ലോ! ചൊദിച്ചാല്‍ രയറോത്തിന്...!
അങ്ങനെ ബസിലെ തിരക്കിനിടയില്‍ നൂണ്ടുകയറിപറ്റി. പരിചയക്കാരാരും അറിയാതിരിയ്ക്കാന്‍ പരമാവധി തല ഒളിപ്പിച്ചു നിന്നു. പിന്നെ എല്ലാവരും ഒരേ കാറ്റഗറിയായതു കൊണ്ട് ആരും ചൊദ്യോം പറച്ചിലുമൊന്നുമില്ല.
ഈ ട്രിപ്പിന് ബസ് ടാക്കീസിന്റെ ഒരു അന്‍പതുമീറ്റര്‍ ദൂരെയാണ് നിര്‍ത്താറ്. അവിടുന്ന്‍ പിന്നെ ഇരുട്ടത്തുകൂടെ നടന്നാണ് പോകുന്നത്, ഒരു മുന്‍കരുതല്‍ അത്രമാത്രം. അങ്ങനെ ഞങ്ങളും ബസിറങ്ങി നടക്കാന്‍ തുടങ്ങി. ഡിസംബര്‍ മാസമാണ്. നല്ല തണുപ്പുണ്ട്. പക്ഷേ കാണാന്‍ പോകുന്ന പൂരമോര്‍ത്തിട്ട് തണുപ്പൊന്നും ഫീലു ചെയ്തില്ല എന്നതാണ് നേര്. മണി ഒന്‍പത് ഇരുപതായിട്ടുണ്ട്. ഞങ്ങള്‍ ടാക്കീസിന്റെ സൈഡു പറ്റി ടിക്കറ്റ് കൊടുക്കുന്നിടത്തേയ്ക്ക് നോക്കിയിട്ട് ആരെയും കണ്ടില്ല. വന്നവരൊക്കെ എവിടെ പോയി? അതോ ഷോയില്ലേ.. ? എന്തായാലും അല്പം വെയിറ്റ് ചെയ്യാം. നമുക്കൊന്നു മൂത്രമൊക്കെയൊഴിച്ച് റെഡിയായിട്ടിരിയ്ക്കാം. സൈഡിലുള്ള കുരുമുളകു തോട്ടത്തില്‍ നല്ല ഇരുട്ടുണ്ട്. അവിടെ പോയങ്ങു സാധിക്കാം. ഞങ്ങള്‍ നല്ല ഇരുട്ടു കണ്ട ഒരു ഭാഗം നോക്കി സ്റ്റാര്‍ട്ടു ചെയ്തതേ ഒള്ളൂ. “ആരെടാ മേത്തു മുള്ളുന്നേ..” എന്നും പറഞ്ഞു ആരോ ചാടിയെഴുന്നേറ്റു. ശെടാ.. കൊടിത്തോട്ടത്തില്‍ നിറച്ചും ആളുണ്ട്! എല്ലാവന്മാരും വന്നു പതുങ്ങിയിരിയ്ക്കുകയാ.
ടാക്കീസിനകത്തു നിന്നും പാട്ടുകേള്‍ക്കാന്‍ തുടങ്ങി. ഒരു പരിചയവുമില്ലാത്ത ഒരു ചേട്ടന്റെ കൈയും കാലും പിടിച്ച് രണ്ടു ടിക്കറ്റെടുപ്പിച്ചു. (ചെക്കന്മാരല്ലെ ,കണ്ടോട്ടെ എന്നു ചേട്ടന്‍ വിചാരിച്ചുകാണും) അകത്തുകയറിയിട്ടും വലിയ ആളൊന്നുമില്ല.
ഒന്‍പതര. ലൈറ്റൊക്കെ അണഞ്ഞു. സ്ലൈഡൊന്നുമിടാതെ നേരെ പടമങ്ങു തുടങ്ങി. അന്നേരമല്ലേ ടാക്കീസിലേയ്ക്കൊരു തള്ളിക്കയറ്റം! ഓരോന്നൊക്കെ തോര്‍ത്തുകൊണ്ട് തലമറച്ചിട്ടാ കയറി വരുന്നത്. ആരൊക്കെയാണെന്നു നോക്കിക്കേ.. അറുപതും എഴുപതും വയസ്സുള്ള കിളവന്മാര്‍ ഈ കൊടും തണുപ്പും പിടിച്ച് വീട്ടിക്കിടന്നു മൂടിപ്പുതച്ചു കിടന്നൊറങ്ങുന്നതിനുപകരം സെക്കന്‍ഡ് ഷോയ്ക്കു വന്നിരിയ്ക്കുന്നു!
സെക്കന്‍ഡ് ഷോയ്ക്ക് ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങുണ്ട്. അതായത് പടം എതെങ്കിലും അല്‍ഗുല്‍ത്തായിരിയ്ക്കും. തലയും വാലുമൊന്നും കണ്ടെന്നു വരില്ല. റീലൊക്കെ മാറിപ്പോയെന്നുമിരിയ്ക്കും. ആരും കൂവാനോ കസേരയ്ക്കടിയ്ക്കാനോ പാടില്ല. ഇന്റെര്‍വെല്ലിന് പത്തുമിനിട്ടു മുന്‍പ് ഒരു പീസങ്ങോട്ടിടും. അതും കണ്ടിട്ട് ഒന്നുകില്‍ പൊയ്ക്കോണം അല്ലെങ്കില്‍ മിണ്ടാതിരുന്നു ബാക്കി സിനിമ കൂടി കണ്ടോണം.
പറഞ്ഞപോലെ ഇന്റെര്‍വെല്ലിന്‍` ഒരു പീസിട്ടു. ഇന്നത്തെ പിള്ളേരുവല്ലതുമാണെങ്കില്‍ കൂവി നാണം കെടുത്തും. ഒരു പതിനാലു കാരറ്റ് പീസ്. അത്രയേ ഒള്ളു. (അന്നത്ര മതി).
ഇനിയെന്നാ കാണാനാ ഇരിയ്ക്കുന്നത്? പറ്റാവുന്നത്ര ഉള്‍പുളകമണിഞ്ഞുകൊണ്ട് ഞാനും ഭാസിയും വലിഞ്ഞു വിട്ടു. രയറോം വരെ നടക്കണം. മൊത്തത്തില്‍ നോക്കുമ്പോള്‍ ലാഭവുമില്ല നഷ്ടവുമില്ല അതാണു സ്ഥിതി.
ചന്ദ്രനുദിച്ചെന്നു തോന്നുന്നു. നിലാവെളിച്ചമുണ്ട്. ഞങ്ങളുടെ മുന്‍പില്‍ ആരോ നടപ്പുണ്ടല്ലോ? തലയില്‍ ഒരു കെട്ടുണ്ട്. നല്ല സ്പീഡിലാണു നടത്തം. ഞങ്ങള്‍ അല്പം സ്പീഡെടുത്തു. അതിനനുസരിച്ച് മുന്‍പിലും സ്പീഡു കൂടി. പൊയില്‍ കഴിഞ്ഞു, മൂലോത്തുംകുന്നും കഴിഞ്ഞു, പള്ളിപ്പടി ആയി.ഇനിയിപ്പോള്‍ രയറോം ആകുന്നു. ആളു മുന്‍പില്‍ തന്നെയുണ്ട്. രയറോത്ത് അന്ന് രണ്ട് തെരുവു വിളക്കുണ്ട്. ഞങ്ങള്‍ പരമാവധി അയാളുടെ അടുത്തെത്തി. ആ മുഖമൊന്നു കാണണമെന്ന അത്യാഗ്രഹം. ഹാവൂ.. കറക്റ്റ് തെരുവുവിളക്കിനടുത്തെത്തിയപ്പോള്‍ ആളെ തിരിഞ്ഞു. നമ്മുടെ മത്തിയാസ്! ഞങ്ങളെ ഒന്നു പാളി നോക്കിയിട്ട് മത്തിയാസ് പാഞ്ഞു പോയി. ഞാനും ഭാസിയും മുഖത്തോട് മുഖം നോക്കി. ഇവന്‍ ഞങ്ങളെ അറിഞ്ഞു എന്നും വച്ച് ഒരു ചുക്കുമില്ല. ആരോടെങ്കിലും മിണ്ടിയിട്ടു വേണ്ടേ. പക്ഷേ അതല്ല ഞങ്ങളെ അതിശയിപ്പിച്ചത്.
നല്ല ഡിസംബര്‍ മാസം. നനു നനാ പെയ്യുന്ന കുളിര്‍ മഞ്ഞ്. ഈ പഹയന്‍ കല്യാണം കഴിച്ചിട്ട് ഒരു മാസം തികയുന്നതേ ഒള്ളൂ! ഞങ്ങളും കൂടിയതാ അവന്റെ കല്യാണത്തിന്!
“ഈ വിവാഹജീവിതമെന്നു പറഞ്ഞാ ഇത്ര ബോറാണോടാ ഭാസീ? ”
“ആ എനിയ്ക്കെങ്ങനെ അറിയാം? ഞാനും നിന്നെപ്പോലെ പെണ്ണ്‍ കെട്ടീട്ടില്ലല്ലോ?...പിന്നേയ്, തോക്കൊണ്ടായിട്ടു കാര്യമൊന്നുമില്ല.......”
(ഇഷ്ടപെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)