പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 21 March 2011

വേര്‍പാടിന്റെ നിമിഷങ്ങള്‍.

നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നിമിഷങ്ങള്‍ ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?സംശയമൊന്നുമില്ല, വേര്‍പാ‍ടിന്റെ നിമിഷങ്ങള്‍ ആണത്. പലതരത്തിലാണ് വേര്‍പാടുകള്‍ . ചിലത് താല്‍ക്കാലികമാകാം, മറ്റു ചിലത് സ്ഥിരമാകാം, ചിലപ്പോള്‍ അനിവാര്യമാകാം, മറ്റു ചിലപ്പോള്‍ അപ്രതീക്ഷിതമാകാം. ഒരു ഗണിത സമവാക്യം പോലെ ഇവയെ പല രീതിയില്‍ കൂട്ടിക്കിഴിയ്ക്കാമെങ്കിലും അപ്രതീക്ഷിതവും സ്ഥിരവുമായ വേര്‍പാടാണ് ഏറ്റവും കഠിനം. അനിവാര്യവും താല്‍ക്കാലികവുമായ വേര്‍പാടുകളും കഠിനമായി മാറാറുണ്ട്. ഒരിയ്ക്കലും ആരും ഇഷ്ടപെടുന്നില്ല, പ്രിയപ്പെട്ടവരുടെ വേര്‍പാട്. എങ്കിലും സാഹചര്യങ്ങള്‍ ചിലപ്പോള്‍ നമ്മെ അത്തരം അവസ്ഥകളിലേയ്ക്ക് വലിച്ചെറിയാറുണ്ട്. ഉമിത്തീ പോലെ അത് നീറി നീറി പൊള്ളിച്ചു കൊണ്ടിരിയ്ക്കും മനസ്സിനെ.

2001, ഒക്ടോബര്‍ 6.

താഴെയേതോ വീട്ടിലെ പൂവന്‍കോഴി ഒന്നു കൂവി, ദൂരെയെങ്ങോ ചക്രവാകപ്പക്ഷിയും. ഏതാണ്ട്  കാല്‍മണിക്കൂര്‍ മുന്‍പേ ഞാനുണര്‍ന്നതാണ്. ചുമ്മാ ഇരുട്ടുനോക്കി കിടക്കുകയായിരുന്നു. തുറന്നു കിടന്ന ജനല്‍ പാളിയിലൂടെ തണുത്ത കാറ്റ് ഉഴറി വരുന്നുണ്ട്. അകത്തെ മുറിയില്‍ അമ്മ എഴുനേറ്റു എന്നു തോന്നുന്നു. പുലര്‍ച്ചയുടെ ഒച്ചയനക്കങ്ങള്‍....

സ്വന്തം മുറിയിലെ കിടക്കയിലാണ്  ജീവിതത്തിലെ ഏറ്റവും വലിയ സ്വാതന്ത്ര്യവും സൌഖ്യവും . എല്ലാ കഷ്ടതയില്‍ നിന്നും വിടുതല്‍ നേടി, ആശ്വാസത്തിന്റെ നേരിയ കുറുകലോടെ പുഞ്ചിരിയ്ക്കാന്‍ കഴിയുന്നത് നീണ്ടു നിവര്‍ന്ന് കിടക്കുമ്പോഴാണല്ലോ . ഇഷ്ടമുള്ളപ്പോള്‍ ഉണരാനും എണീറ്റുപോകാനുമുള്ള സ്വാതന്ത്ര്യമാണ് ജീവിതത്തിലെ ഏറ്റവും വലിയ സുഖമെന്നോര്‍ത്തു പോയി.

അപ്പോള്‍ ചുമരിലെ വയസ്സന്‍ ക്ലോക്കില്‍ മണി നാലടിച്ചു. മരണത്തിലേയ്ക്ക് കൂട്ടികൊണ്ടു പോകാനുള്ള ജയില്‍ മണിയാണ്  മുഴങ്ങിയതെന്ന് എനിയ്ക്ക് തോന്നി. ഈ കിടക്കയിലെ എന്റെ സ്വാതന്ത്ര്യം ഇതാ അവസാനിച്ചിരിയ്ക്കുന്നു. പെട്ടെന്ന് എന്റെ ഹൃദയം അതിശക്തിയായി മിടിയ്ക്കാനും ശരീരം വിയര്‍ക്കാനും തുടങ്ങി. ഏതോ അപരിചിത ദേശത്താണ് ഞാന്‍ കിടക്കുന്നത്. പുറത്തെ ചൂളന്‍ കാറ്റിനൊപ്പം അന്യതാബോധവും എന്നെ വന്നു പൊതിഞ്ഞു. തൊണ്ടയില്‍ ഒരു ഗദ്ഗദം നോവായി അമര്‍ന്ന പോലെ...

നെഞ്ചിനെ ചുറ്റിയിരുന്ന കൈകള്‍ മെല്ലെ എടുത്തുമാ‍റ്റാന്‍ ശ്രമിച്ചപ്പോള്‍ ശക്തിയോടെ മുറുകി. അപ്പോള്‍ ആ മുഖം എന്റെ മേല്‍ ചേര്‍ന്നമര്‍ന്നു. നെഞ്ചില്‍ പടരുന്ന ചൂടുള്ള നനവ്..

“ഏയ്.. നാലുമണിയായി..” ഞാന്‍ വരണ്ട ശബ്ദത്തില്‍ പറഞ്ഞു.

“ഇല്ല..ഞാന്‍ വിടില്ല..” തേങ്ങലിനിടയില്‍ ചിതറി വീണ വാക്കുകള്‍. ഞാന്‍ നിസ്സഹായതയോടെ കണ്ണടച്ചു. ഇതു വിധിയാണ്. ജീവിതം എനിയ്ക്കായി കാത്തുവച്ചിരുന്ന വേര്‍പാടിന്റെ വിധി. ബന്ധങ്ങളും കടപ്പാടുകളും ചേര്‍ന്ന് സമ്മാനിച്ച വിധി.  കണ്ണിലൊരു കരച്ചില്‍ ഒളിപ്പിച്ച് ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു, പിന്നെ ആ കൈകളെ ശക്തിയോടെ പറിച്ചു മാറ്റി എഴുനേറ്റു. മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കിടക്കയില്‍ നോക്കി. കണ്ണീരില്‍ കുതിര്‍ന്ന മുഖവുമായി പ്രിയപ്പെട്ടവള്‍. അരികില്‍ ഒന്നുമറിയാതെ, കൊച്ചു പുതപ്പിന്റെ ഊഷ്മളതയില്‍ ചരിഞ്ഞു കിടന്നുറങ്ങുന്ന മോള്‍. ഞങ്ങള്‍ക്കിടയിലെ നക്ഷത്രമായി അവള്‍ എത്തിയിട്ട് അറുപത് ദിവസങ്ങള്‍ മാത്രം.. ശ്രദ്ധിച്ചു നോക്കിയപ്പോള്‍ എന്റെ ആത്മാവും മനസ്സും ആ കിടക്കയില്‍ തന്നെ ഉണ്ട്. ശരീരം മാത്രമേ എഴുനേറ്റുള്ളു. കനത്ത ഭാരം മൂലം കൈകാലുകള്‍ അനക്കാന്‍ പറ്റുന്നില്ല എനിയ്ക്ക്. എങ്കിലും ഒരു വിധം ഞാന്‍ അവളുടെ തലയില്‍ മെല്ലെ തലോടി..

“കരയാതെ...”

അപ്പോള്‍ അവള്‍  ഇരുകൈകളും കൂട്ടി എന്റെ കൈയെ പൊത്തിപ്പിടിച്ചു. പിന്നെ അതിലേയ്ക്ക് മുഖം ചേര്‍ത്ത് ഏങ്ങലടിച്ചു.

“എന്തിനാണ് ഏട്ടാ..ഈ പോക്ക്..?”

ഞാനൊന്നും മിണ്ടിയില്ല. പതിയെ കൈ വലിച്ചെടുത്ത് മോളെ ഒന്നു തൊട്ടു. അപ്പോളൊന്ന് ഞെട്ടിയിട്ട്  അവള്‍ ഉറക്കം തുടര്‍ന്നു. പിന്നെ ഞാന്‍ ചെവികള്‍ വലിച്ചടച്ചു. കണ്ണുകളെ പിന്‍വലിച്ചു. മനസ്സിനെ ചുരുട്ടിക്കൂട്ടി നിസംഗതയിലേയ്ക്ക് ഒളിപ്പിച്ചു . നേരത്തെ പ്രോഗ്രാം ചെയ്ത ഒരു യന്ത്രമനുഷ്യനെ പോലെ എഴുനേറ്റ് മുറ്റത്തിറങ്ങി.
കന്നിമാസത്തിലെ പുലര്‍ കാറ്റ്. കിഴക്ക് കറുത്ത തുണ്ടു മേഘങ്ങള്‍...

ദിനകൃത്യങ്ങള്‍ക്കപ്പുറം കിണര്‍ വെള്ളം തലയില്‍ കമഴ്ത്തിയൊരു കുളി. നേരിയ ഉന്മേഷ കണങ്ങള്‍ ഉച്ചിവഴി പാദം കവിഞ്ഞൊഴുകി. വീടുണര്‍ന്നു, വെളിച്ചമായി. എല്ലാ മുഖത്തും മ്ലാനത. കനത്ത നിശബ്ദതയ്ക്കിടെ അകലെ അമ്പലത്തില്‍ നിന്നും ശിവാഷ്ഠകം അല്പാല്പം ഒഴുകി വന്നു. താഴെ പള്ളിയില്‍ സുബഹി ബാങ്കും മുഴങ്ങി.

നാലു വയസ്സുള്ള ഉണ്ണിക്കുട്ടന്‍ ഇന്നലെ അമ്മൂമ്മയോടൊപ്പമായിരുന്നു കിടന്നത്. വീട്ടിലെ ഒച്ചയനക്കം കേട്ട് പതിവില്ലാതെ അവനും നേരത്തെ ഉണര്‍ന്നു. കുളികഴിഞ്ഞ് ഡ്രസ് മാറുന്ന എന്റെ കാലില്‍ കെട്ടിപ്പിടിച്ച് അവന്‍ ചിണുങ്ങി:

“അച്ഛയെവിടെ പോകുവാ..?”

ഞാന്‍ കുനിഞ്ഞ് ആ കവിളില്‍ അമര്‍ത്തി ചുംബിച്ചു.

“അച്ഛ വരുമ്പോള്‍ മോന് ചോക്കളേറ്റ് കൊണ്ടുവരാം കേട്ടോ..”

മരണം വിധിയ്ക്കപ്പെട്ടവന്റെ യാന്ത്രികതയോടെ ഞാന്‍ ഓരോന്നും ചെയ്തു കൊണ്ടിരുന്നു. തുണികള്‍, സര്‍ട്ടിഫിക്കറ്റ്, ടിക്കറ്റ്, പാസ്പോര്‍ട്ട്, പണം... അങ്ങനെ എല്ലാം യഥാസ്ഥാനത്തുണ്ടെന്ന് ഉറപ്പ് വരുത്തി. മരവിച്ച ശരീരത്തിനു കുളിരേകാന്‍ അല്പം ചൂടു കാപ്പി കുടിച്ചു.

അപ്പോള്‍ താഴെ നിന്നും ഒരു ഹോണ്‍ കേട്ടു. പോകാനുള്ള കാര്‍ എത്തിക്കഴിഞ്ഞു. ഇനി എനിയ്ക്കവശേഷിച്ചിരിയ്ക്കുന്നത് ഏതാനും നിമിഷങ്ങള്‍ മാത്രം. ഞാന്‍ മുറിയിലേയ്ക്ക് ചെന്നു. അവള്‍ കലങ്ങിയ മുഖവുമായി ഭിത്തിയില്‍ ചാരി നില്‍ക്കുന്നു. ചുണ്ടുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ട്. എനിയ്ക്കാ മുഖത്തേയ്ക്ക് നോക്കാനായില്ല. പരസ്പരം കൊരുത്തിരുന്ന ഹൃദയങ്ങള്‍ പറിച്ചുമാറ്റുമ്പോള്‍ പൊടിയുന്ന ചോരയുടെ നീറ്റല്‍. ജനലിനപ്പുറമുള്ള വിജനതയിലേയ്ക്കു കണ്ണുപായിച്ചു കൊണ്ട് ഞാന്‍ അവളെ ഇറുകെ പുണര്‍ന്നു. ആ നെറുകിലും കവിളിലും  ചുണ്ടിലും ചുംബിച്ചു. പിന്നെ അപ്പോഴുമുറങ്ങുന്ന മോളെ മൃദുവായി ചുംബിച്ചു, ഉണര്‍ത്താതെ, ആ കവിള്‍ ഒട്ടും നോവാതെ. പുറത്തിറങ്ങിയ എന്റെ തോളില്‍ ഉണ്ണിക്കുട്ടന്‍ ചാടിക്കയറി.

“ഞാനും വരുന്നു അച്ചേടെ കൂടെ...”

ഇരു കവിളിലും ഓരോ മുത്തമിട്ട് ആ കുഞ്ഞിക്കൈകള്‍ വേര്‍പെടുത്തി അവനെ താഴെ നിര്‍ത്തി. കണ്‍പീലികളോളം വന്ന കരച്ചില്‍ ഏതാനും നീര്‍മണികളായി തിങ്ങി നിന്നു. ചുണ്ടിന്റെ വിറയല്‍ അറിയാതിരിയ്ക്കാന്‍ കടിച്ചുപിടിച്ചു.
അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കരയുന്ന മുഖങ്ങളില്‍ ഒന്നു പാളിനോക്കി, സ്യൂട്ട് കേസെടുത്ത്, ഒരു നിമിഷനേരത്തെ ശങ്കയ്ക്കു ശേഷം ഞാന്‍ പറഞ്ഞു:
”പോയ് വരാം..”
പിന്നെ മുന്നിലേയ്ക്ക് മാത്രം കണ്ണ് പതിപ്പിച്ച് അതിവേഗം പടിയിറങ്ങി. പിന്നിലെ സങ്കടവും തേങ്ങലും കേള്‍ക്കുകയില്ല, എന്തുവന്നാലും പിന്തിരിഞ്ഞു നോക്കുകയില്ല. ഹൃദയത്തെ വലിച്ചുപറിച്ച്, ഊരിയെടുക്കുന്ന നിമിഷങ്ങള്‍. അറവുശാലയിലേയ്ക്ക് ആനയിയ്ക്കപ്പെടുന്ന ബലിമൃഗത്തിന്റെ നിസഹായത...

റോഡില്‍ കിടന്ന കാറിന്റെ ഡോര്‍ വലിച്ചടച്ച്, തലകുനിച്ചിരുന്നു. ഞാന്‍ നടന്ന നാട്ടുവഴികള്‍, എന്റെ വീട്, തൊടി, അവിടുത്തെ കാറ്റും മണവും, പിന്നെ എന്റെ ഹൃദയത്തോട് ചേര്‍ന്നു നിന്ന  സ്നേഹങ്ങളും, മെല്ലെ എല്ലാം അകലുകയാണ്. അല്പം മുന്‍പു വരെ ഭര്‍ത്താവും അച്ഛനും മകനുമായിരുന്ന എന്റെ മേലെ ഒരു കരിമ്പടം വന്നു വീണു, പ്രവാസിയുടെ. വേര്‍പാടിന്റെ മുറിവില്‍ നിന്നുതിര്‍ന്ന രക്തകണങ്ങള്‍ ആ കരിമ്പടത്തിനുള്ളില്‍ കിടന്ന്  എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടേയിരുന്നു.

പിന്മൊഴി: എല്ലാ പ്രവാസിയും ജീവിതത്തിലൊരിയ്ക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുണ്ടാകും, തീര്‍ച്ച.

29 comments:

 1. വല്ലാതെ സ്പര്‍ശിച്ചു. കണ്ണുകള്‍ നിറഞ്ഞുപോയി... ഇത്ര കാഠിന്യത്തോടെ ഈ വേദന ഞാന്‍ അനുഭവിച്ചിട്ടില്ല. അടുത്ത് തന്നെ അനുഭവിക്കാന്‍ പോകുന്നു... ആശംസകള്‍

  ReplyDelete
 2. വേര്‍പ്പാടിന്റെ വേദന. സത്യം.

  ReplyDelete
 3. എന്താ ബുജുവേട്ടായിത്? മനസ്സ് വല്ലാതെ നൊന്തു, 2010 ഡിസംബർ 24 ന്റെ സായാഹ്നം എന്റെ ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ദിവസമാണ്‌, അന്ന് പെയ്തു തുടങ്ങിയ കണ്ണുനീരിനിയും തോർന്നിട്ടില്ല, ഇനിയെന്നു തോരുമെന്നറിയില്ല....വിരഹ ദുഖം അനുഭവിക്കാത്താരുണ്ടാവില്ല. ഓരോരുത്തരിൽ അതിന്റെ അളവ് വുഅത്യാസപ്പെട്ടുകൊണ്ടിരിക്കും. പ്രവാസമേ  ജീവിതം.... എല്ലാം കഴിഞ്ഞു..ജീവിതം ഒരു വെറുമൊരു പുക പടലം മാത്രം....എനിക്കറിയില്ല

  ReplyDelete
 4. ബിജുവേട്ടാ..നന്നായിരിക്കുന്നു. ഞാനും 2 തവണയായി ഇതനുഭവിക്കുന്നു.

  ReplyDelete
 5. നന്നായി ബിജു. വളരെ നന്നായി.

  ReplyDelete
 6. ശരിയായിരിക്കാം പക്ഷെ എന്തിനാ ഇത്ര ഫീല്‍ ചെയ്യുന്നത്.ഒരു വിളിപ്പുറത്ത് അവരില്ലേ.

  ReplyDelete
 7. [co="green"]ഞാന്‍ ഹാപ്പിയാണ് ,,ആണോ ? ആവൂ ..അറിയില്ല [/co]

  ReplyDelete
 8. സത്യം...
  ഞാനും ഇതനുഭവിച്ചതാ...ഹ്രദയം പറിച്ചെടുത്ത് പോരുമ്പോഴുള്ള ആ വേദനെയേക്കാൾ വലിയ ഒരു വേദനയുണ്ടോ...
  ചില വാക്യങ്ങൾ ശരിക്കും മനസ്സിൽ കൊണ്ടൂ.
  ശക്തമായ ഒരു രചന, ബിജൂ..അഭിനന്ദനങ്ങൾ

  ReplyDelete
 9. ഷബീര്‍, മുല്ല, കറ്റൂരി, ഫിയോനിക്സ്, മുകില്‍, ഫെനില്‍, രമേശ് എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.
  വേര്‍പാട്, അത് അനിശ്ചിതകാലത്തേയ്ക്കെങ്കില്‍ ഭീകരമായ അനുഭവമാണ്. യഥാര്‍ത്ഥ അനുഭവത്തിന്റെ നൂറിലൊന്നു പോലും വാക്കുകളിലാക്കാന്‍ ഞാനശക്തനാണ്.

  ReplyDelete
 10. എന്റമ്മോ,, വയ്യ,,,,

  ReplyDelete
 11. പ്രവാസത്തിന്റെ വേദന നേരിട്ടനുഭവിക്കേണ്ടി വന്നിട്ടില്ല. പക്ഷേ, ബിജുവിന്റെ വാക്കുകളിലൂടെ അത് അനുഭവിച്ചറിഞ്ഞു.

  ReplyDelete
 12. രാവിലെ തന്നെ കണ്ണ് നനയിച്ചു.... പക്ഷെ എന്താ ചെയ്യാ? നമുക്കൊക്കെ ചോദിക്കാനും പറയാനും ഒന്നും ആരും ഇല്ലല്ലോ??? വേര്‍പാടുകള്‍ മനസ്സില്‍ കോറി ഇട്ടേ മതിയാവു... " ഇര തേടിയുള്ള പ്രയാണം അല്ലേ ഇണയുടെ നിറ കണ്ണുകളെക്കാള്‍ നമ്മളെ തള്ളി വിടുന്നത്..." ബിജു ദുഷ്ടാ ഇനി ഇങ്ങനെ നെഞ്ചില്‍ കാണാം വരുതുന്നതോന്നും വേണ്ട... പ്ലീസ് ..... പ്ലീസ് ........

  ReplyDelete
 13. ഈ രാവിലെ 8.23 am (Tuesday)തന്നെ ഇടനെഞ്ചു കലക്കിയല്ലൊ ബിജുവേട്ടാ...
  പുതിയൊരു ജീവിതത്തിലേക്കുള്ള എന്റെ ചുവടു വെയ്പ്പ് ഇത്ര തീഷ്ണമാകാന്‍ പോകുന്നുവെന്നറിയില്ലായിരുന്നു.പ്രാവാസത്തിന്റെ ഏഴു വര്‍ഷത്തിലും ഇത്രയധികം വേദന അനുഭവിച്ചിട്ടില്ല.പക്ഷെ ഇനി ഉണ്ടാകും എന്നു തോന്നുന്നു.

  ഓരോ പ്രവാസത്തിന്റെ തുടക്കത്തിലും ഞാന്‍ കരയാറില്ല.മരിച്ച്,വെള്ളക്കച്ച പുതച്ചു കിടക്കുന്ന എന്റെ ആത്മാവിനെ ഉമ്മറത്ത് ഞാന്‍ കാണാറുണ്ട് എന്റെ ഒരോ പ്രവാസജീവിതത്തിന്റെ തുടക്കത്തിലും.അപ്പോള്‍ ഒരു മരവിപ്പാണ്‌!.ശരീരത്തിന്റെ സര്‍വ്വ നാഡികളും തകര്‍ന്ന് ഒരു നടപ്പാണ്‌ ജീവച്ഛവമായി ജീവിക്കാന്‍. ഒരു മനുഷ്യന്റെ നരകമായിരിക്കാം പ്രവാസം.ഒരു വ്യത്യാസം മാത്രം.അവനു ഈ നരകത്തില്‍ നിന്നും എല്ലാം നോക്കിക്കാണാന്‍ കഴിയും.

  ReplyDelete
 14. അതേ ഈ ലോകത്തെ നരകം, ഇതനുഭവിച്ച ശേഷം ഇനി പരലോകത്തെ നരകത്തിലെത്തിപ്പെടതിരുന്നാൽ മതിയായിരുന്നു. ഇവിടെതന്നെ നരകമൊരുക്കി നമ്മെ അതിലേക്ക് തള്ളീവിടൂന്നതാരാണ്‌? ഗൾഫ് നാടുകളിൽ പ്രവാസിയായി കഴിയുന്ന ഓരോ പ്രവാസിയും തന്നിഷ്ടപ്രകാരമാണോ പ്രവാസം തിരഞ്ഞെടുത്തത്? ഇനി ആണെങ്കിൽ അവൻ ഒരു തിരിച്ചു പോക്കിന്നാഗ്രഹിക്കുന്നില്ലേ? അവനിക്കതിന്നു കഴിയുമൊ?

  ReplyDelete
 15. 30 വര്‍ഷമായി പ്രവാസത്തിന്റെ വിവിധ മേച്ചില്‍ പുറങ്ങളില്‍ അലയാന്‍ വിധിക്കപ്പെട്ട എനിക്ക് വിരഹാര്ദ്രമായ ഇത്തരം ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ട്. വേര്‍പ്പാടിന്റെ ആദ്യനാളുകളില്‍ ഗള്‍ഫില്‍ തിരിച്ചെത്തിയാല്‍ പിന്നെയും മാസങ്ങളോളം ദുഖം ഘനീഭവിച്ചതായിരുന്നു എന്റദിനരാത്രങ്ങള്‍
  പിന്നിട് എപ്പോഴോ ഈവേര്‍പാട് ഒരു അനിവാര്യമാണന്നും, ഈവിരഹത്തിന്റെ തീവ്രതയില്‍ ഞാന്‍ എന്റപ്രിയപെട്ടവരുടെ സ്നേഹത്തിന്റ ആഴവും,പരപ്പും തിരിച്ചറിയുന്നുവെന്ന് തോന്നിയതു കൊണ്ടോ,എന്തോ ഞാന്‍ വിരഹവുമായി സമരസപ്പെട്ടിരുന്നു ............... കുറിമാനം പിന്നയും നൊമ്പരത്തിന്റ മുള്‍ മുനകള്‍ കൊണ്ട് കോറിയതു പോല ............. ആത്മാവ് പറിച്ചു വച്ച് വിട പറയുന്ന എല്ലാ പ്രവാസിയും എന്നും നെഞ്ചില്‍ ഒരു വിങ്ങലോടെകൊണ്ട് നടക്കുന്ന വിരഹത്തിന്റ ഇറനണിയിക്കുന്ന വരികള്‍

  അയിരൂര്‍- അഷ്‌റഫ്‌. ഖത്തര്‍

  ReplyDelete
 16. മനസ്സിലെ തേങ്ങൽ വാക്കുകളിലുണ്ട്.

  ReplyDelete
 17. മനുഷ്യനെ കരയിക്കാനായിട്ട്ട് കച്ച കെട്ടി ഇറങ്ങിയിരിക്കുവാനല്ലേ?

  ReplyDelete
 18. ithinoru marupadi parayan njan asakthananu...karanam njanum oru pravasiyanu...virahavum vedhayum njanum anubhavichitundu... athu kondu thaneee.....

  ReplyDelete
 19. എല്ലാ മനുഷ്യരുടേയും ആത്മകഥകൾ 99% ഒരു പോലെയായിരിക്കുമെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
  എല്ലാ പ്രവാസിയുടേയും അനുഭവം 100% ഇതുപോലെ തന്നെയാണ്, സംശയമില്ല!!
  ഇതു വായിച്ചപ്പോൽ ഒരു നിമിഷം ഞാൻ ബിജുവായി മാറി.
  അഭിനന്ദനങ്ങൾ.

  ReplyDelete
 20. ഓരോരുത്തരും മനസിൽ കുഴിച്ചുമൂടിയിട്ടിരിക്കുന്നതിനെ ഇങ്ങനെ തോണ്ടി പുറത്തിടുന്നത് ശരിയല്ല...
  ആശംസകൾ.

  ReplyDelete
 21. പ്രവാസി ജീവിതവും ഒരു വേര്‍പാട് തന്നെ

  ReplyDelete
 22. വളരെ നന്നായി.

  ReplyDelete
 23. ഹൃദയം പറിച്ചെടുക്കുന്ന ആ വേദന!!
  ശരിയാണ് അതനുഭവിച്ഛവര്‍ക്കെ അറിയൂ..
  ആ വേദനകള്‍ അതെ അര്‍ത്ഥത്തില്‍ കടലിനക്കരെ എത്തിക്കാന്‍ ഒരു ഫോണ്‍കാളിനും കഴിയില്ല..
  കത്തെഴുത്തിന്‍റെ മാസ്മരികതയിലൂടെ മാത്രമേ അതിനു കഴിയൂ..
  കത്തെഴുത്ത് മനസ്സിന്‍റെ ഉള്ളില്‍ നിന്നും കണ്ണീരുപ്പോടെ പെയ്തിറങ്ങുന്ന നൊമ്പരങ്ങളാണ്.
  ഫോണ്‍ വിളിയില്‍ നമ്മള്‍ പോലുമറിയാതെ നിര്‍വികാരതയുടെ ഭാവം കടന്നു വരുന്നു.

  കത്തെഴുത്തു എന്ന് നിന്നോ..അന്ന് മുതല്‍ വിരഹ വേദനയുടെ സുഖമുള്ള നോവുകളും അവസാനിച്ചു.

  ReplyDelete
 24. i dont know waht to say, my eyes are wet now!

  ReplyDelete
 25. ഇരു കവിളിലും ഓരോ മുത്തമിട്ട് ആ കുഞ്ഞിക്കൈകള്‍ വേര്‍പെടുത്തി അവനെ താഴെ നിര്‍ത്തി. കണ്‍പീലികളോളം വന്ന കരച്ചില്‍ ഏതാനും നീര്‍മണികളായി തിങ്ങി നിന്നു. ചുണ്ടിന്റെ വിറയല്‍ അറിയാതിരിയ്ക്കാന്‍ കടിച്ചുപിടിച്ചു.
  അച്ഛന്റെയും അമ്മയുടെയും സഹോദരിയുടെയും കരയുന്ന മുഖങ്ങളില്‍ ഒന്നു പാളിനോക്കി, സ്യൂട്ട് കേസെടുത്ത്, ഒരു നിമിഷനേരത്തെ ശങ്കയ്ക്കു ശേഷം ഞാന്‍ പറഞ്ഞു:
  ”പോയ് വരാം..”
  പിന്നെ മുന്നിലേയ്ക്ക് മാത്രം കണ്ണ് പതിപ്പിച്ച് അതിവേഗം പടിയിറങ്ങി. പിന്നിലെ സങ്കടവും തേങ്ങലും കേള്‍ക്കുകയില്ല, എന്തുവന്നാലും പിന്തിരിഞ്ഞു നോക്കുകയില്ല. ഹൃദയത്തെ വലിച്ചുപറിച്ച്, ഊരിയെടുക്കുന്ന നിമിഷങ്ങള്‍. അറവുശാലയിലേയ്ക്ക് ആനയിയ്ക്കപ്പെടുന്ന ബലിമൃഗത്തിന്റെ നിസഹായത...

  ഹൂ....ആ വേർപ്പാടിന്റെ വേദന ശരിക്കും വായിക്കുന്നവരെ അറിയിക്കുന്ന രീതിയിലുള്ള എഴുത്ത്, ഞാനത് അനുഭവിച്ചിട്ടില്ല,പ്രവാസിയുടെ വേർപാടിന്റെ വേദന.! ആശംസകൾ.

  ReplyDelete
 26. 2011 ലെ പോസ്റ്റിന് 5 വർഷം കഴിഞ്ഞ് comment ഇടുന്നത് ശരിയോ എന്നറിയില്ല. പക്ഷേ ഈ രചനയുടെ കാലികപ്രസക്തി അന്നും ഇന്നും ഒന്നു തന്നെ.. ഞാനൊരു പ്രവാസിഭാര്യ ആണ്. ഗർഭിണിയായിരിക്കുന്ന സമയത്താണ് ഭർത്താവ് കടൽ കടന്നത്. ഇപ്പോൾ രണ്ട് വർഷം. രണ്ട് മാസത്തെ ദാമ്പത്യം. ഇനിയദ്ദേഹം എന്നു വരുമെന്നറിയില്ല. ഈ പോസ്റ്റ് മനസിൽ തറച്ചു..

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.