പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 30 December 2012

ഡിസംബര്‍ 30 - കാവുമ്പായി പോരാട്ട ദിനം

സമയം രാവിലെ. എള്ളെരിഞ്ഞിയിലെ കര്‍ഷകസംഘം സെക്രട്ടറിചേനന്‍ കുഞ്ഞപ്പയുടെ കടയോട് ചേര്‍ന്നാണ് പാര്‍ടി ഓഫീസ്. വിവിധപരിപാടികള്‍ക്കു ശേഷം രാത്രിയില്‍ എത്തിയ സഖാക്കളില്‍ ചിലര്‍ തറയിലും ബഞ്ചിലുമായി കിടന്നുറങ്ങുന്നു. മറ്റു ചിലര്‍ ബീഡിയും പുകച്ച് എന്തോ ചര്‍ച്ചയില്‍. ഇരിക്കൂര്‍ ഫര്‍ക്കയിലാകെ മുറ്റിനില്‍ക്കുന്ന സംഘര്‍ഷം സഖാക്കളുടെ മുഖത്തുമുണ്ട്. കുഞ്ഞപ്പ കട തുറക്കാനായിട്ടില്ല. അപ്പോഴാണ് പി.കോരന്‍ ഓഫീസിലേയ്ക്ക് ഓടിവന്നത്.
“എം.എസ്.പി. വരുന്നുണ്ട്. ഓടത്തുപാലം കടന്നു. വേഗം രക്ഷപ്പെടണം..”
ഉറങ്ങിക്കിടന്നവരെയെല്ലാം തട്ടിയെഴുനേല്‍പ്പിച്ചു. ഓഫീസു പൂട്ടിയ ശേഷം അവര്‍ അടുത്തുള്ള വയലുവഴി ഓടി. അല്പം അകലെയുള്ള കാടാണു ലക്ഷ്യം. കഷ്ടിച്ച് അവര്‍ മറഞ്ഞതേയുള്ളു എം.എസ്.പി.യുടെ വാന്‍ അവിടെ വന്നു നിന്നു.
ഇരുമ്പുതൊപ്പിയും തോക്കും ധരിച്ച പോലീസുകാര്‍ ചാടിയിറങ്ങി.
“ദാ ഇതാണ് അവന്മാരുടെ ഓഫീസ്..” അവരോടൊപ്പം ഉണ്ടായിരുന്ന ഒറ്റുകാരന്‍ ചൂണ്ടിക്കാണിച്ചു. ഓഫീസും കടയും പൂട്ടിക്കിടക്കുന്നതു കണ്ട അവര്‍ക്കു കലിമൂത്തു. ഓലമേഞ്ഞ ആ കെട്ടിടം തകര്‍ത്തു തരിപ്പണമാക്കി തീയിട്ടു. കടയുടെ തൊട്ടപ്പുറത്താണ് കുഞ്ഞപ്പയുടെ വീട്. ഒറ്റുകാരന്‍ അതും കാട്ടിക്കൊടുത്തു.
ചെന്നായ്ക്കളെപ്പോലെ പോലീസ് അങ്ങോട്ടു പാഞ്ഞു. വീട്ടിനകത്തു കയറി അവര്‍ സകലയിടവും പരതി. പാത്രങ്ങളും തുണികളും വലിച്ചറിഞ്ഞു. കുഞ്ഞപ്പയെ കാണാത്തതിനാല്‍ സഖാവിന്റെ ഭാര്യ മാധവിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് ഹവില്‍ദാര്‍ അലറി :“എവിടെടീ നിന്റെ കെട്ട്യോന്‍..?”
ഒട്ടും ശൌര്യം ചോരാതെ മാധവി തിരികെ ചോദിച്ചു:“ നിങ്ങള്‍ വീട്ടിലെ പെണ്ണുങ്ങളോടു പറഞ്ഞിട്ടാണോ ഇങ്ങോട്ട് വന്നത്?”
ഇതു കേട്ട ഹവില്‍ദാര്‍ക്ക് സമനില തെറ്റി. ആ സ്ത്രീയെ അയാള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. ചില പോലീസുകാര്‍ തന്നെ തടഞ്ഞതോടെയാണ് അയാള്‍ പിന്മാറിയത്. അവിടുത്തെ പരാക്രമം കഴിഞ്ഞതോടെ അവര്‍ തങ്ങള്‍ക്കായി ഒരുക്കിയ ക്യാമ്പുകളിലേയ്ക്കു നീങ്ങി. കാരക്കാട്ടിടം നായനാരുടെ എള്ളെരിഞ്ഞിയിലെ വീട്ടിലാണ് ക്യാമ്പ്. നായനാരും കുടുംബവും മറ്റൊരിടത്തേയ്ക്കു താമസം മാറിക്കൊടുത്തിരുന്നു. അങ്ങോട്ടേയ്ക്കുള്ള പോക്കിനിടയില്‍ വഴിയില്‍ കാണുന്നതോക്കെ തകര്‍ക്കാന്‍ പോലീസുകാര്‍ മറന്നില്ല.
ക്യാമ്പിലെത്തി ഭക്ഷണശേഷം അവര്‍ വേഷം മാറി മഫ്തിയില്‍ നാട്ടിലേയ്ക്കിറങ്ങി. പുതിയൊരു തന്ത്രമായിരുന്നു അത്. പോലീസു വേഷത്തിലല്ലാതെ വീടുകളില്‍ ചെന്ന് കമ്യൂണിസ്റ്റുകാരെ പറ്റി അന്വേഷിയ്ക്കുക. ചിലയിടത്തുനിന്നും അവരാഗ്രഹിച്ച വിവരങ്ങള്‍ കിട്ടി. മറ്റു ചിലയിടത്തു നിന്ന് ഒന്നും കിട്ടിയില്ല. അങ്ങനെയുള്ള വീടുകള്‍ അവര്‍ കരുതി വെച്ചു. രാത്രിയായപ്പോള്‍ ആയുധങ്ങള്‍ ധരിച്ച്, മുന്‍പേ കണ്ടുവെച്ച വീടുകളിലേയ്ക്കവര്‍ ചെന്നു. ഉറങ്ങിക്കിടക്കുന്നവരെ പൊതിരെ തല്ലി. സ്ത്രീകളെ അപമാനിയ്ക്കാനും കുട്ടികളെ വലിച്ചെറിയാനും അവര്‍ മറന്നില്ല. കാവുമ്പായിലെങ്ങും അട്ടഹാസവും കരച്ചിലും മുഴങ്ങി. പോലീസുകാരെ കൂടാതെ ജന്മിഗുണ്ടകളും രംഗത്തിറങ്ങി. ആണുങ്ങളില്ല്ലാത്ത വീടുകളില്‍ അവര്‍ വൈരാഗ്യം തീര്‍ത്തു. ദൂരെ കാടുകളിലും കല്ക്കൂട്ടങ്ങളിലും ഒളിഞ്ഞിരുന്ന സഖാക്കള്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. പ്രതികാരത്തിനായി അവരുടെ മനസ്സു തുടിച്ചു.
ഈ പൊറുതിമുട്ടിയ ദിനങ്ങളിലൊന്നില്‍ സഖാവ് കൃഷ്ണപ്പിള്ള, കര്‍ഷകസംഘം നേതാക്കളുമായി രഹസ്യമായി സന്ധിച്ചു. ഈ അക്രമ തേര്‍വാഴ്ച അടക്കിയേ മതിയാകൂ, സഖാക്കള്‍ കൃഷ്ണപിള്ളയോടു പറഞ്ഞു. അല്പനേരം മൌനമായിരുന്നശേഷം സഖാവ് പറഞ്ഞു, “നല്ല തയ്യാറെടുപ്പോടെ ജന്മിത്വത്തെ ഞെട്ടിയ്ക്കുന്ന ഒരാക്ഷന്‍ പ്ലാന്‍ ചെയ്യണം, ഉടന്‍ തന്നെ..”
ചരിത്രപ്രസിദ്ധമായ കാവുമ്പായി കലാപത്തിന്റെ തീപ്പൊരിയായിരുന്നു ആ വാക്കുകള്‍.

ഇരിക്കൂര്‍ ഫര്‍ക്കയിലെ ഓരോ കര്‍ഷകസംഘം കമ്മിറ്റിയ്ക്കും നിര്‍ദേശമെത്തി, എള്ളെരിഞ്ഞിയിലെ പോലീസ് ക്യാമ്പ് തകര്‍ക്കണം. വളണ്ടിയര്‍ സഖാക്കള്‍ സര്‍വ സജ്ജരായി കാവുമ്പായിലെത്തുക. അതു കിട്ടാന്‍ കാത്തിരുന്ന പോലെ വളണ്ടിയര്‍ സേന ഞെട്ടിയുണര്‍ന്നു. വാരിക്കുന്തം, നാടന്‍ തോക്ക്, തെറ്റാലി, വെട്ടുകത്തി അങ്ങനെ കിട്ടാവുന്ന ആയുധങ്ങള്‍ അവര്‍ സംഭരിച്ചു.

ഡിസംബര്‍ 29ന് ബ്ലാത്തൂര്‍, ഊരത്തൂര്‍, പടിയൂര്‍, കല്യാട്, കുയിലൂര്‍ പ്രദേശങ്ങളില്‍ നിന്ന് അറുപത് വളന്റിയര്‍മാര്‍ പി.കുമാരന്‍, കെ. നാരായണന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാവുമ്പായിലേയ്ക്കു പുറപ്പെട്ടു. കെ. രാഘവന്‍ മാസ്റ്റര്‍, കണ്ണന്‍ നമ്പ്യാര്‍, ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പയ്യാവൂരില്‍ നിന്നും എഴുപത്തിയഞ്ചു പേര്‍ പുറപ്പെട്ടു. എരുവേശിയില്‍ നിന്ന് മുപ്പതു പേരാണ് വന്നത്. കൂടാതെ, കാഞ്ഞിലേരി, എള്ളെരിഞ്ഞി, കാവുമ്പായി പ്രദേശങ്ങളില്‍ നിന്നു മുന്നൂറിലധികം പേരുമുണ്ടായിരുന്നു. എള്ളെരിഞ്ഞി പോലീസ് ക്യാമ്പില്‍ നിന്നും അല്പം അകലെ, കാവുമ്പായിക്കുന്നിലാണ് വളണ്ടിയര്‍മാര്‍ കൂടിച്ചേരുന്ന ക്യാമ്പ്. സന്ധ്യ ആയതോടെ ആകെ അഞ്ഞൂറോളം പോരാളികള്‍ കുന്നിന്മുകളില്‍ ഒത്തു ചേര്‍ന്നു. കുന്നിന്മുകളിലെ വിശാലമായ പരപ്പില്‍ അവര്‍ക്കു വിശ്രമിയ്ക്കാനും കിടക്കാനും സൌകര്യമൊരുക്കിയിട്ടുണ്ട്. ഏകദേശം അറുപതിലധികം നാടന്‍ തോക്കുകള്‍ അവരുടെ കൈവശമുണ്ട്.
വളണ്ടിയര്‍മാര്‍ക്ക്, കുന്നിനു സമീപത്തുള്ള തെക്കന്‍ നാരായണന്‍ നായരുടെ വീട്ടിലാണ് ഭക്ഷണമൊരുക്കിയിരുന്നത്. ഭക്ഷണശേഷം ക്യാമ്പിലെത്തിയ അവര്‍ക്ക് പോരാട്ടത്തിന്റെ തന്ത്രങ്ങള്‍ വിശദീകരിയ്ക്കാനായി “സഖാവ് തമ്പാന്‍“ എത്തി.
നിലമ്പൂര്‍ കോവിലകത്തെ ഒരംഗമായിരുന്ന ഇദ്ദേഹത്തിന്റെ അപരനാമമാണ് തമ്പാന്‍. ഇരിക്കൂര്‍ ഫര്‍ക്കയിലെ വളണ്ടിയര്‍ സേനയുടെ ഓരോ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് സഖാവ് തമ്പാനായിരുന്നു.
രാത്രി നേരത്ത് തങ്ങളുടെ പതിവുപരിപാടിയ്ക്കായി പോലീസ് ക്യാമ്പ് വിട്ടു പലയിടത്തേയ്ക്കു പിരിയും. ആ സമയം പതിയിരുന്ന് ആക്രമിയ്ക്കുക. ആക്രമണശേഷം ക്യാമ്പും തകര്‍ക്കുക. അതാണ് യുദ്ധ തന്ത്രം.
കാവുമ്പായി കുന്നിനു മൂന്നുവശവും വിശാലമായ വയലുകളാണ്. ദൂരെ നിന്ന് ആരു വന്നാലും അറിയാനാവും എന്നതിനാലാണ് ഈ ചെറുകുന്നിന്‍ മുകളില്‍ അവര്‍ ക്യാമ്പടിച്ചത്. ക്യാമ്പിന്റെ സുരക്ഷയ്ക്കായി ചുറ്റും സെന്‍‌ട്രികളെ നിര്‍ത്തി. ഐച്ചേരിയില്‍ നിന്നു കാവുമ്പായിക്കുന്നിലേയ്ക്കുള്ള വഴിയില്‍ ഒരു ഗ്രൂപ്പ്. തെക്കുവശത്തെ കാര്‍ക്കാട്ടേരി ഭാഗത്ത് ഒരു ഗ്രൂപ്പ്. പടിഞ്ഞാറു വശത്തെ വയല്‍ക്കരയില്‍ ഒരു ഗ്രൂപ്പ്. ക്യാമ്പിനു നേതൃത്വം നല്‍കുന്നത് തളിയനും തെക്കന്‍ നാരായണന്‍ നായരും. ഇരുട്ടു വീണതോടെ ഡിസംബറിന്റെ തണുപ്പ് അരിച്ചരിച്ചു കയറി. കുന്നിന്‍ മുകളില്‍ ചൂളന്‍ കാറ്റ്.
ആ തണുപ്പിനെയും വെല്ലുന്നതായിരുന്നു അവരുടെ ഉള്ളിലെ ചൂട്.
“സഖാക്കളെ.. ജന്മിമാരുടെയും പോലീസിന്റെയും മുഷ്കിനു കനത്ത മറുപടി കൊടുക്കാന്‍ പോകുകയാണ് നമ്മള്‍. ഈ ശ്രമത്തില്‍ ചിലപ്പോള്‍ രക്തസാക്ഷികളായേക്കാം. എങ്കിലും ആരും പിന്നോട്ടു പോകരുത്. നാടിനും പ്രസ്ഥാനത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ജീവനര്‍പ്പിയ്ക്കുന്നത് അഭിമാനകരമെന്നു കരുതണം നമ്മള്‍.” തളിയന്‍ അവരെ അഭിസംബോധന ചെയ്തു.
സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. നേര്‍ത്തമൂടല്‍ മഞ്ഞ് വലയം ചെയ്തു. ചെറിയ കമ്പുകളും കരിയിലയും കത്തിച്ച് ചിലര്‍ തണുപ്പാറ്റി. തോക്കു കൈവശമുള്ളവര്‍ അത് വെടിയുണ്ടയും മരുന്നും നിറച്ച് സജ്ജമാക്കി. തെറ്റാലിക്കാര്‍ അതിലെ വലിവ് പരിശോധിച്ചു, ഒപ്പം ആവശ്യത്തിന് ഉരുളന്‍ കല്ലുകളും സഞ്ചിയിലാക്കി കരുതിവെച്ചു. മറ്റുചില വാരിക്കുന്തത്തിന്റെയും വെട്ടുകത്തിയുടെയും മൂര്‍ച്ച ഉറപ്പു വരുത്തി. എല്ലാം കൊണ്ടും സജ്ജരായി അവര്‍ കാത്തിരുന്നു.
പത്തുമണിയായിട്ടും പോലീസ് പാര്‍ടി പുറത്തേയ്ക്കു പോകുന്നതിന്റെ യാതൊരു സൂചനയും കിട്ടില്ല.
“ഇന്നിനി ഒരു പക്ഷെ അവര്‍ പരിപാടി വേണ്ടെന്നു വെച്ചുകാണും. സെന്‍‌ട്രികളായ സഖാക്കള്‍ ജാഗ്രതയില്‍ നില്‍ക്കട്ടെ. ബാക്കിയുള്ളവര്‍ വേണമെങ്കില്‍ വിശ്രമിച്ചോളു..” സഖാവ് തമ്പാന്‍ ഓര്‍ഡര്‍ നല്‍കി.
കുറച്ചു പേര്‍ കുന്നിനു താഴ്വാരത്തെയ്ക്കും പരിസരത്തുമായി കിടക്കാനുള്ള സൌകര്യത്തിന് ഇറങ്ങി. സഖാവ് തമ്പാന്‍ കുന്നിന്റെ സമീപത്തു തന്നെയുള്ള തോട്ടം രാമന്റെ വീട്ടിലേയ്ക്കു പോയി. മുതിര്‍ന്നവരായ തളിയനും നാരായണന്‍ നായരും കാവുമ്പായിലെ വീട്ടിലേയ്ക്കും തിരിച്ചു. പുലര്‍ച്ചെ ക്യാമ്പിലെത്തുവാനുറപ്പിച്ചാണ് അവര്‍ പോയത്. നിമിഷങ്ങളുടെ കനം കുറഞ്ഞു. ഉത്കണ്ഠ മെല്ലെ വിട്ടകന്നു. വിറയ്ക്കുന്ന തണുപ്പില്‍ കിട്ടുന്നതെല്ലാം വാരിച്ചുറ്റി വാളണ്ടിയര്‍മാര്‍ അവിടവിടെ ചുരുണ്ടു കൂടി.
രാത്രി മെല്ലെമെല്ലെ കനക്കുകയും പിന്നെ പുലര്‍ച്ചയിലേയ്ക്കു പിച്ചവെക്കുകയും ചെയ്തു.

എള്ളെരിഞ്ഞിയിലെ എം.എസ്.പി.ക്യാമ്പില്‍ സന്ധ്യയ്ക്കു തന്നെ വിവരം എത്തിയിരുന്നു. സര്‍വസജ്ജരായി കമ്യൂണിസ്റ്റുകാര്‍ കാവുമ്പായിക്കുന്നില്‍ സംഘടിച്ചിട്ടുണ്ടെന്നും രാവിലെ തന്നെ പോലീസ് ക്യാമ്പ് ആക്രമിയ്ക്കുമെന്നുമാണ് വിവരം. അവരുടെ ആക്രമണം ഉണ്ടാകും മുന്‍പേ തിരിച്ചടി നല്‍കണമെന്ന് എം.എസ്.പി. മേധാവി തീരുമാനിച്ചു. കുട്ടോത്ത് രാമന്‍, കുറ്റ്യാട്ട് കണ്ണന്‍ എന്നീ ഒറ്റുകാരോടു ചോദിച്ച് കുന്നിന്റെ ഭൂമിശാസ്ത്രം വിശദമായി മനസ്സിലാക്കി.

മൊത്തം പോലീസിനെ മൂന്നു പ്ലാറ്റൂണ്‍ ആയി തിരിച്ചു. ജമേദാര്‍ രാമകൃഷ്ണന്‍, ജമേദാര്‍ ഉസ്സന്‍, സബ് ഇന്‍സ്പെക്ടര്‍ രാമന്‍ മേനോന്‍ എന്നിവര്‍ക്ക് ഓരോന്നിന്റെയും ചുമതല. പോലീസുകാര്‍ക്കെല്ലാം റൈഫിളിനു പുറമേ ഓരോ പ്ലറ്റൂണിനും രണ്ടു വീതം ഹെവി മെഷീന്‍ ഗണ്ണുകളും നല്‍കി.
ഏതൊരു കടന്നാക്രമണത്തിനും ഉചിതസമയം പുലര്‍ച്ചെയാണ്. ശത്രുപക്ഷം ഉറക്കത്തിന്റെ ആലസ്യത്തിലായിരിയ്ക്കുമല്ലോ.
1946 ഡിസംബര്‍ 30
പുലര്‍ച്ചെ മൂന്നുമണി.
വഴികാട്ടികളോടൊപ്പം എം.എസ്.പി. കാവുമ്പായിക്കുന്നിലേയ്ക്കു നീങ്ങി. മൂന്നുസംഘവും കുന്നിനെ വലയം ചെയ്യത്തക്കരീതിയിലാണ് വിന്യസിയ്ക്കപ്പെട്ടത്. കാവല്‍ നിന്ന സെന്‍‌ട്രി സഖാക്കള്‍ പുലര്‍ച്ചെയായപ്പോള്‍ മയക്കത്തിലായിരുന്നു. അവരുടെ കണ്ണുവെട്ടിച്ച് പോലീസ് സംഘം വയലിലേയ്ക്കു മെല്ലെ നീങ്ങി, യാതൊരു ശബ്ദവും കേള്‍പ്പിയ്ക്കാതെ.
പ്രകാശം എത്തിനോക്കിയിട്ടില്ല. കുളിരില്‍ മുങ്ങിയ പുലര്‍കാലത്തെ മഞ്ഞുതുള്ളികള്‍ നനയ്ക്കുന്നുണ്ടായിരുന്നു. വയലിനു അതിരിട്ടൊഴുകുന്ന കൊച്ചു തോട്ടിലെ വെള്ളത്തിന്റെ കളകളശബ്ദം മാത്രം. ദൂരെയെങ്ങോ പട്ടികള്‍ കുരച്ചു. കാവുമ്പായിക്കുന്നില്‍ നിശബ്ദത തളംകെട്ടിനിന്നു.
ജമേദാര്‍ രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്ലാറ്റൂണ്‍ കുന്നിന്റെ ഏറ്റവും സമീപത്ത് വയലില്‍ എത്തി. അവിടെ മെഷീന്‍ ഗണ്ണുകള്‍ ഉറപ്പിച്ചു. അവയുടെ ബാരലുകള്‍ കുന്നിന്‍ മുകളിലേയ്ക്കു ചൂണ്ടി നിന്നു. പോലീസ് റൈഫിളുകളുമായി വയലില്‍ പതിഞ്ഞു കിടന്നു.
അപ്പോള്‍ മറ്റൊരു സംഘം വടക്കേക്കരയിലൂടെ നീങ്ങി വന്നു. അവിടെ ഒരു കടത്തിണ്ണയില്‍ കുറച്ചു പേര്‍ കിടന്നുറങ്ങുന്നുണ്ട്. അവരെ കണ്ടപാടെ ചാടിവീണു. തോക്കിന്റെ പാത്തിയ്ക്ക തലങ്ങും അടി. നിലവിളിച്ചുകൊണ്ട് ഞെട്ടിയെഴുനേറ്റ അവരുടെ കൈയും കാലും കെട്ടി. പിന്നെ അടുത്തുള്ള തെങ്ങിനോട് ചേര്‍ത്ത് വരിഞ്ഞു കെട്ടിയിട്ടു. കടയ്ക്കു സമീപമുള്ള വീടുകളിലേയ്ക്കും പോലീസ് പാഞ്ഞുകയറി. പുരുഷന്മാരെ പിടിച്ചുകൊണ്ടു വന്നു തെങ്ങില്‍ കെട്ടിയിട്ടു. വീണ്ടും ക്രൂരമര്‍ദ്ദനം തുടങ്ങി. അവര്‍ ഉച്ചത്തില്‍ നിലവിളിച്ചു...
കനത്ത നിശബ്ദതയെ കീറിത്തുളച്ച ആ നിലവിളികള്‍ കുന്നിന്‍ മുകളില്‍ എത്തി. ഉറക്കമില്ലാതെ കിടന്ന ചിലര്‍ അതു കേട്ടു. താഴെ നിന്നു കേട്ട നിലവിളികള്‍ എന്തിന്റെ സൂചനയാണെന്നവര്‍ക്കു മനസ്സിലായി. പോലീസ് എത്തിയിരിയ്ക്കുന്നു..
“ഇങ്ക്വിലാബ് സിന്ദാബാദ്. സാമ്രാജ്യത്തം തുലയട്ടെ..”
ഒരു സൈറണ്‍ പോലെ മുദ്രാവാക്യം വിളിയുയര്‍ന്നു. പെട്ടെന്ന് എല്ലാവരും ഞെട്ടിയെഴുനേറ്റു..
“സഖാക്കളെ, എം.എസ്.പി. എത്തിയിരിയ്ക്കുന്നു.. തയ്യാറെടുക്കൂ..”
ആ ആഹ്വാ‍നം കേട്ടതോടെ ഒരു യന്ത്രം പോലെ അവര്‍ ചലിച്ചു. തോക്കുകളും തെറ്റാലികളും വാരിക്കുന്തങ്ങളുമെടുത്ത് പോരാട്ടസജ്ജരായി.
കനത്ത നിശബ്ദത വ്യാപിച്ചു. ശ്വാസഗതി ഉയര്‍ന്നു. കൊടും തണുപ്പിലും നെറ്റിയില്‍ വിയര്‍പ്പു പൊന്തി. ഞരമ്പുകള്‍ വലിഞ്ഞുമുറുകി..
നേരിയ പ്രകാശത്തില്‍, വയലില്‍ പതുങ്ങിയിരിയ്ക്കുന്ന പോലീസിനെ നിഴല്‍ പോലെ കാണാം..

കുന്നിന്മുകളില്‍ നിന്നു മുദ്രാവാക്യവും അനക്കങ്ങളും കേട്ട ജമേദാര്‍ രാമകൃഷ്ണന്റെ പ്ലാറ്റൂണ്‍ ഉടന്‍ ആക്രമണസന്നദ്ധരായി. റൈഫിള്‍ നീട്ടി അവര്‍ ഓര്‍ഡറിനു കാതോര്‍ത്തു...
“മൂവ്...” ജമേദാര്‍ അലറി. ഉടന്‍ അവര്‍ കുന്നിന്‍ മുകള്‍ ലക്ഷ്യമാക്കി മുന്നോട്ടേയ്ക്ക് ഓടി.
“ഠേ......” കുന്നിന്മുകളില്‍ നിന്ന് ഒരു വെടി പൊട്ടി.
ഉന്നം തെറ്റിയില്ല, ജമേദാറിന്റെ വലതു ചുമലിനാണു വെടിയേറ്റത്. പോലീസ് തിരിഞ്ഞോടി. വയര്‍ലെസില്‍ നിന്നു മറ്റു പ്ലറ്റൂണുകള്‍ക്കു മെസേജെത്തി. “കൂടുതല്‍ ഫോഴ്സെത്തുക..”
മെസേജ് കിട്ടിയ ജമേദാര്‍ ഉസ്സന്‍, തെങ്ങില്‍ കെട്ടിയിട്ടവര്‍ക്കു കാവലേര്‍പ്പെടുത്തിയിട്ട് വയലിലേയ്ക്കു നീങ്ങി. രാമന്‍ മേനോന്റെ പ്ലറ്റൂണും വയലിലെത്തി. കൂടുതല്‍ പേരെത്തിയതോടെ അവര്‍ വീണ്ടും ആക്രമണത്തിനു തയ്യാറെടുത്തു. മെഷീന്‍ ഗണ്ണുകളെല്ലാം കുന്നിന്മുകളിലേയ്ക്ക് ലക്ഷ്യം വെച്ചു.
ആദ്യവെടിയ്ക്കു പ്രതികരണമുണ്ടാകാത്തതിനാല്‍ അടുത്ത നീക്കത്തിനു കാത്തിരിയ്ക്കുകയായിരുന്നു കുന്നിന്മുകളില്‍ സഖാക്കള്‍.
പെട്ടെന്ന് പടക്കം പൊട്ടുന്നതുപോലെ തുരുതുരെ മെഷീന്‍ ഗണ്ണുകള്‍ ശബ്ദിച്ചു. തേനീച്ചകളെ പോലെ ബുള്ളറ്റുകള്‍ മൂളിപ്പറന്നു. അടുത്തുള്ള മരക്കൊമ്പുകളെല്ലാം ചിന്നിച്ചിതറി. സഖാക്കള്‍ നിലം പതിഞ്ഞു കിടന്നു. നാടന്‍ തോക്കുകള്‍ ഇടവിട്ടു പൊട്ടിക്കൊണ്ടിരുന്നു, തെറ്റാലിയില്‍ നിന്നു കല്ലുകളും. എന്നാല്‍ അവയ്ക്കെത്താന്‍ പറ്റുന്ന പരിധിയ്ക്കപ്പുറമായിരുന്നു പോലീസിന്റെ പൊസിഷന്‍.
അല്പം കൂടി പ്രകാശമായിരിയ്ക്കുന്നു. താഴെ നില്‍ക്കുന്ന പോലീസിനെ കാണാനാവുന്നുണ്ട്. മെഷീന്‍ ഗണ്ണറെ ഉന്നം പിടിച്ച് തന്റെ നാടന്‍ തോക്കുമായി പുളുക്കൂല്‍ കുഞ്ഞിരാമന്‍ അല്പം മുന്നോട്ടു നീങ്ങി.
ഒരു മൂളല്‍. പാഞ്ഞുവന്ന ബുള്ളറ്റ് കുഞ്ഞിരാമന്റെ കഴുത്തിലൂടെ കടന്നുപോയി..
അതു കണ്ട പി. കുമാരന്‍ താഴേക്കു ചൂണ്ടി അലറി. “വെക്കെടാ വെടി അവനെ..”
നാടന്‍ തോക്കുകള്‍ ശബ്ദിച്ചെങ്കിലും കാര്യമൊന്നുമില്ലായിരുന്നു. മെഷീന്‍ ഗണ്ണില്‍ നിന്നു വന്ന അടുത്ത വെടി കുമാരന്റെ നെഞ്ചിലേയ്ക്ക്. ഒരു ഞരക്കത്തോടെ ആ സഖാവും വീണു.
അതോടെ കാര്യങ്ങള്‍ പിടിവിട്ടു. പല സഖാക്കളും ഭയചകിതരായി. യാതൊരു തയ്യാറെടുപ്പുമില്ലാതെ വെളുപ്പാന്‍ കാലത്ത് നേരിടേണ്ടി വന്ന ആക്രമണത്തില്‍ പലരും പതറിപ്പോയി. പിന്നില്‍ നിന്നവര്‍ ആയുധങ്ങളുപേക്ഷിച്ച് മറു വശത്തുകൂടെ ഓടാന്‍ തുടങ്ങി. സഖാക്കളുടെ പ്രതിരോധം ചിതറി. കുന്നിന്മുകളില്‍ നിന്നു വെടിശബ്ദം നിലച്ചതോടെ മെഷീന്‍ ഗണ്ണൂകളും തീതുപ്പല്‍ നിര്‍ത്തി.

“മൂവ്... ഒറ്റയൊരുത്തനേം വിടരുത്...” ജമേദാര്‍ ഉസ്സന്‍ വിളിച്ചു പറഞ്ഞു.
റൈഫിളുകളുമായി വേട്ടനായ്ക്കളെ പോലെ പോലീസ് കുതിച്ചു. മുകളിലേയ്ക്കു പാഞ്ഞുവരുന്ന പോലീസിനെ കണ്ടതോടെ അവശേഷിച്ച സഖാക്കള്‍ പ്രതിരോധിയ്ക്കാന്‍ ശ്രമിച്ചു. നാടന്‍ തോക്കുകളും തെറ്റാലികളും പ്രയോഗിച്ചു. റൈഫിളില്‍ നിന്നുള്ള വെടിയായിരുന്നു മറുപടി. രക്ഷയില്ലാതെ അവര്‍ പിന്തിരിയാന്‍ നിര്‍ബന്ധിതരായി. പിന്മാറുകയായിരുന്ന മഞ്ഞേരി ഗോവിന്ദന്റെ നടുവിനു വെടിയേറ്റു. നിലത്തുവീണ സഖാവിന്റെ തല തകര്‍ത്തു കൊണ്ട് അടുത്ത വെടി.

ആര്‍ത്തലച്ചു വന്ന എം.എസ്.പി. കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവര്‍ പലവഴിയ്ക്കായി ചിതറി. വടക്കു വശത്തെ തോട് ചാടിക്കടന്ന് കാട്ടിലേയ്ക്കോടിയാല്‍ രക്ഷപ്പെടാം. പലരും ആ വഴിയ്ക്ക് ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ വള്ളിയില്‍ കാല്‍ കുരുങ്ങി ആലോറമ്പന്‍ കൃഷ്ണന്‍ വീണുപോയി. പുറകേ പാഞ്ഞുവന്ന പോലീസില്‍ നിന്നു രക്ഷപെടാനായില്ല. അവര്‍ കൃഷ്ണനെ തൂക്കിയെടുത്ത് അടുത്തു കണ്ട കവുങ്ങിലേയ്ക്ക് ചേര്‍ത്തു നിര്‍ത്തി. മൂന്നുവെടി.. നെഞ്ച് തകര്‍ന്ന് ആ സഖാവും രക്തസാക്ഷിയായി. ഇതേസമയം കുന്നിന്റെ മറ്റൊരു ഭാഗത്തു നിന്നു പിടിച്ച തെങ്ങില്‍ അപ്പയെ വലിച്ചിഴച്ച് അങ്ങോട്ടെയ്ക്കു കൊണ്ടു വന്നു. വെടിയേറ്റു കിടക്കുന്ന അലോറമ്പന്റെ നെഞ്ചില്‍ നിന്നും അപ്പോഴും ചോരയൊഴുകുന്നുണ്ടായിരുന്നു. ആ ചോരയില്‍ ചവിട്ടി അപ്പയെയും കമുകിനോടു ചേര്‍ത്തു നിര്‍ത്തി.
“കണ്ടോടാ.. നായിന്റെ മോനെ കിടക്കുന്നത്..? നിന്നെയും കാച്ചുമെടാ..” ജമേദാര്‍ ഉസ്സന്‍ വികൃതമായി ചിരിച്ചു.
“തോക്കുണ്ടേല്‍ എടുത്തു വെടിവെക്കെടാ..”
അപ്പ അതേ പോലെ തിരിച്ചു പറഞ്ഞു. ഉസ്സന്‍ അരയില്‍ നിന്നു പിസ്റ്റള്‍ വലിച്ചൂരി. അപ്പയുടെ നെറ്റിയ്ക്കു നേരെ പിടിച്ച് കാഞ്ചി വലിച്ചു. ആലോറമ്പന്റെ സമീപത്തു തന്നെ അപ്പയും മരിച്ചു വീണു.
അവിടെ നിന്നും ഉസ്സനും സംഘവും നേരത്തെ കടയില്‍ നിന്നു പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടവരുടെ അടുത്തേയ്ക്കു ചെന്നു. മര്‍ദ്ദനമേറ്റ് അവരെല്ലാം ജീവച്ഛവമായിരുന്നു. കുന്നിന്‍ മുകളില്‍ വെച്ചു പിടിച്ച ചിലരെയും അങ്ങോട്ടു കൊണ്ടുവന്നു. മൊത്തം പത്തുപേര്‍. എല്ലാവരെയും കടയുടെ മുറ്റത്ത് നിരത്തി നിര്‍ത്തി. റൈഫിളുകള്‍ അവരുടെ നെഞ്ചിനു നേരെ ഉന്നം പിടിച്ചു.
മരണം ഉറപ്പായ സഖാക്കളാരും പതറിയില്ല. പോരാളികള്‍ക്കൊത്ത ധീരതയോടെ അവര്‍ നെഞ്ചു വിരിച്ചു നിന്നു. അപ്പോഴാണ്, ക്യാമ്പില്‍ നിന്നും എം.എസ്.പി. മേധാവി അവിടെയെത്തിയത്.
“നോ.. വെടിവെക്കരുത്..” അയാള്‍ വിളിച്ചു പറഞ്ഞു. ഉസ്സനും സംഘവും തോക്കു താഴ്ത്തി. പത്തുപേരെയും വിലങ്ങു വച്ച് അവിടെയിരുത്തി. അല്പം അടുത്തുള്ള ആദിവാസികളെ വരുത്തി, വെടിയേറ്റു മരിച്ച അഞ്ചുപേരുടെയും ശരീരം അങ്ങോട്ടേയ്ക്കെടുപ്പിച്ചു. അവര്‍ തന്നെ കമുകുകള്‍ മുറിച്ച് മഞ്ചം ഉണ്ടാക്കി.

സമയം പത്തുമണിയോളമായി. മഞ്ചത്തിന്മേല്‍ ജഡങ്ങള്‍ കയറ്റി ആദിവാസികളെക്കൊണ്ട് പോലീസ് ക്യാമ്പിലേയേക്ക് ചുമപ്പിച്ചു. ഒപ്പം വെടിയേറ്റ് അര്‍ധപ്രാണനായ കൊളക്കാടന്‍ കുഞ്ഞമ്പുവിനേയും വിലങ്ങു വെച്ച പത്തു പേരെയും അങ്ങോട്ടേയ്ക്ക് വലിച്ചിഴച്ചു. ഈ സങ്കടകരമായ കാഴ്ചകണ്ട് വഴിവക്കില്‍ ചിലര്‍ നില്‍പ്പുണ്ടായിരുന്നു. അവരെയെല്ലാം പോലീസ് അടിച്ചോടിച്ചു. ഓടാതെ നിന്ന കുഞ്ഞമ്പുവിനെ പിടികൂടി വിലങ്ങിട്ടു ക്യാമ്പിലേയ്ക്കു കൊണ്ടുപോയി.
നായനാരുടെ വീട്ടിലെ ഒരു മുറിയാണ് ലോക്കപ്പ്. പിടിയിലായ പതിനൊന്നുപേരെയും അതിലിട്ടു പൂട്ടി. എല്ലാവരും ദാഹിച്ചുപൊരിയുകയാണ്. നിലത്തുകൂടി വലിച്ചിഴച്ചതിനാല്‍ മേലാകെ ഉരഞ്ഞു രക്തം ചാടുന്നു. അല്പ സമയം കഴിഞ്ഞ് വാതില്‍ തുറന്ന് കുറച്ച് പോലീസുകാര്‍ അകത്തുകയറി. തളര്‍ന്നു കിടക്കുകയായിരുന്ന അവരെ ക്രൂരമായി തല്ലിച്ചതച്ചു. നിലവിളിയ്ക്കാന്‍ പോലും അശക്തരായി അവര്‍ അതേറ്റു വാങ്ങി.
ഉച്ചകഴിഞ്ഞതോടെ മരിച്ചവരുടെ ശരീരങ്ങള്‍ പായില്‍ പൊതിഞ്ഞ് വാനില്‍ കയറ്റി. പിടിയിലായവരെ മറ്റൊരു ജീപ്പില്‍ കുത്തിത്തിരുകിയിട്ടും പത്തുപേര്‍ക്കെ കയറാനായുള്ളു. ബാക്കി വന്ന സാദിരിക്കയെ വാനില്‍ ജഡങ്ങളോടൊപ്പം കയറ്റി. പച്ചച്ചോരയുടെ ഗന്ധമടിയ്ക്കുന്ന ആ വാനില്‍ വിങ്ങലോടെ അയാളിരുന്നു. തന്നോടൊപ്പം വന്ന രണ്ടുസഖാക്കള്‍ - പി.കുമാരനും ആലോറമ്പന്‍ കൃഷ്ണനുമാണ് പായില്‍ പൊതിഞ്ഞ് ഈ കിടക്കുന്നത്. എല്ലാ കാര്യങ്ങള്‍ക്കും തങ്ങള്‍ ഒന്നിച്ചായിരുന്നു. സംഘം പ്രവര്‍ത്തനങ്ങളും വാളണ്ടിയര്‍ പരിശീലനങ്ങളുമെല്ലാം ഒന്നിച്ച്. കുമാരന്റെ അമ്മയ്ക്ക്, സ്വന്തം മകനെ പോലെയായിരുന്നു താനും... ഇവരോടൊപ്പം മരിച്ചിരുന്നെങ്കില്‍‍..
സാദിരിക്ക പൊട്ടിക്കരഞ്ഞു.
ആ മരണ വണ്ടി ഇരിക്കൂര്‍ റവന്യൂ ഇന്‍സ്പെക്ടറുടെ ഓഫീസിലേയ്ക്കു പോയി...
(ഒരു സഖാവിന്റെ വിപ്ല്വാന്വേഷണങ്ങള്‍ - അധ്യായം 19)