പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 26 May 2011

മനസാക്ഷിയുടെ നിലവിളി..

"“അവിടെയെന്തോ ഉണ്ട്..!” ഒരു ഗാര്‍ഡ് ടോര്‍ച്ച് കുറേ മുന്‍പോട്ട് അടിച്ചു കാണിച്ചു. ഉത്കണ്ഠയോടെ ഞങ്ങള്‍ അങ്ങോട്ട് നടന്നു. ശരിയാണ്  പാളത്തിനരുകില്‍ എന്തോ ഉണ്ട്.
ദീര്‍ഘവൃത്തമിട്ട ടോര്‍ച്ചുവെളിച്ചത്തിനു നടുവില്‍ ഒരു ശരീരം കിടന്നിരുന്നു. ചിതറിക്കിടക്കുന്ന നീളന്‍ മുടി. മുഖത്തിന്റെ ഒരു ഭാഗം ചതഞ്ഞ് ചോരയില്‍ മുങ്ങിപ്പോയി. നാവ് വെളിയിലേയ്ക്കും കണ്ണുകള്‍ തുറിച്ചും നിന്നിരുന്നു.
നഗ്നമായ മാറില്‍ നീളത്തില്‍ ചോര പൊടിഞ്ഞു നില്‍ക്കുന്നു. വെളുത്ത വയറിലെ പൊക്കിള്‍ കുഴി. അകന്ന തുടയിടുക്കില്‍ ചെത്തിപ്പൂക്കള്‍ തിരുകിവച്ച പോലെ. കീറിപ്പറിഞ്ഞ  ഏതാനും തുണിക്കഷണങ്ങള്‍ അവിടവിടെയുണ്ട്.
“ഹോ...!”
ഗാര്‍ഡ് ടോര്‍ച്ച് കെടുത്തി. കനത്ത ഇരുട്ട്. ചെറിയ പെണ്ണാണെന്നു തോന്നുന്നു. ഏറിയാല്‍ പതിനെട്ടോ ഇരുപതോ... കൂമ്പിയ മാറിടവും നനുത്ത അടിവയറും മിനുത്ത തുടകളും... പെട്ടെന്ന്, ആര്‍ത്തലച്ച് വന്നൊരു നിലവിളി എന്നെ പൊതിഞ്ഞു. കനത്ത അടിയേറ്റ് പൊട്ടുന്ന തലയോട്ടി... ശ്വാസം കിട്ടാതെ കാലിട്ടടിച്ചൊരു പിടച്ചില്‍.. തൊണ്ടക്കുഴിയില്‍ അമര്‍ന്നു പോയ കരച്ചില്‍... "
:  - "കറുത്ത ശരികള്‍” എന്ന കഥയില്‍ നിന്നും.
ഈ പിടച്ചിലും കരച്ചിലും ഏതാനും മാസം മുമ്പ് ഓരോ മലയാളിയുടെയും ഹൃദയത്തെ,  കൊടുങ്കാറ്റു വീശിയടിച്ചപോലെ പിടിച്ചുലച്ചിരുന്നു. പൊതു ഇടങ്ങളില്‍ പെണ്ണിന്റെ  രക്ഷയില്ലായ്മയെ പറ്റി ഓരോ ആളും വേവലാതിപൂണ്ടു. സൌമ്യ എന്ന പെണ്‍കുട്ടി മലയാളിയുടെ വരണ്ടുപോയ കണ്ണിലെ ഇറ്റു കണ്ണീരായി തീര്‍ന്നു. ആ തേങ്ങല്‍ അലറികരച്ചിലായി മാറുമോ എന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍ നമ്മെ പേടിപ്പിയ്ക്കുന്നത്.

സൌമ്യയുടെ കൊലപാതകിയായി നമ്മുടെ മുന്നില്‍ അവതരിപ്പിയ്ക്കപെട്ടത് “ഗോവിന്ദച്ചാമി“യെന്നും “ചാര്‍ലി തോമസെ“ന്നും പേരുള്ള ഒരു “ഒറ്റക്കൈയന്‍ യാചക”നാണ്. കേസ് കോടതിയിലെത്തിയപ്പോള്‍ കഥമാറുകയാണ്. “യാചക“നു വേണ്ടി വാദിയ്ക്കാന്‍ ലക്ഷങ്ങള്‍ ഫീസുമേടിയ്ക്കുന്ന വക്കീലുള്‍പ്പെടെ അഞ്ചു വക്കീലന്മാര്‍..! സിനിമക്കഥയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങള്‍..

“ഗോവിന്ദച്ചാമി അറസ്റ്റിലായതിന്റെ രണ്ടാം ദിവസമാണ് തമിഴ്നാട്ടില്‍ നിന്ന് എനിയ്ക്ക് ഒരാളുടെ ഫോണ്‍ വന്നത്. പേര് വെളിപ്പെടുത്താനാവില്ല. ഗോവിന്ദച്ചാമി ദക്ഷിണറെയില്‍‌വേയില്‍ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ്. ഫോണില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടാണ് കേസ് ഏറ്റെടുത്തത്. മുംബൈ ഹൈക്കോടതിയില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ആളെന്ന പ്രശസ്തി മൂലമാകും എന്നെ തേടി തമിഴ്നാട്ടില്‍ നിന്നും ആളെത്തിയത്. ഗോവിന്ദച്ചാമിയ്ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിയ്ക്കുന്നതാണ്.  സൌമ്യ വധക്കേസില്‍ ഒന്നരമണിക്കൂര്‍ നേരം ഞാന്‍ നടത്തിയ വാദം കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമി നിരപരാധിയാണെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് കേസ് ഏറ്റെടുത്തത്.” ഗോവിന്ദച്ചാമിയുടെ വക്കീല്‍ തൃശൂര്‍ എരുമപ്പെട്ടിക്കാരന്‍ ബിജു ആന്റണി എന്ന ബി.എ.ആളൂരുമായി കേരളകൌമുദി ലേഖകന്‍ സംസാരിച്ചപ്പോഴുള്ള മറുപടികള്‍ ആണ് മേല്‍ക്കൊടുത്തത്.

പൂന കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിഭാഗത്തിനായി വാദിച്ച് മിടുക്കുതെളിയിച്ച ആളൂരിന് വിമാനയാത്രക്കൂലിയടക്കം 2 മുതല്‍ 5 ലക്ഷം വരെയാണ് ഫീസ് എന്നറിയുക..!!! ഈയിടെ മുംബൈ പനവേലിനടുത്ത് അലിബാഗില്‍ ഒരു ദക്ഷിണേന്ത്യന്‍ കൊള്ളസംഘത്തിനുവേണ്ടി ഹാജരായതോടെയാണ് ബി.എ.ആളൂര്‍ സൌമ്യ വധക്കേസിലേയ്ക്ക് വരാന്‍ സാഹചര്യമൊരുങ്ങിയത്. ഒരു മലയാളിയും തമിഴരും ഉള്‍പ്പെട്ട ഈ സംഘം സര്‍ക്കാരോഫീസുകളും ഷോപ്പിങ് കോമ്പ്ലക്സുകളുമാണത്രേ കൊള്ളയടിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ വന്നതോടെയാണ് ഗോവിന്ദച്ചാമിയുടെ രക്ഷകരായ മാഫിയ ആളൂരിനെ സമീപിയ്ക്കുന്നത്. (കടപ്പാട്: മംഗളം ദിനപത്രം).

കോടതിയ്ക്ക് പുറത്ത്, പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ശക്തമായ പ്രചരണമാണ് പ്രതിഭാഗം നടത്തുന്നത്. ഗോവിന്ദചാമിയുടെ യഥാര്‍ത്ഥപേര് ചാര്‍ലി എന്നാണെന്നതാണ് അതിലൊന്ന്. സൌമ്യ യാത്ര ചെയ്തിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ മൊഴികളെ പറ്റി കാര്യമായി അന്വേഷണം നടത്തിയില്ല എന്നതാണ് മറ്റൊന്ന്. സൌമ്യയ്ക്ക് നിരന്തരം ആരുടെയോ ഭീഷണി ഫോണ്‍കോള്‍ ഉണ്ടായിരുന്നുവെന്നും അവള്‍ അസ്വസ്ഥയായിരുന്നു എന്നുമാണ് സ്ത്രീയുടെ മൊഴി. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രതിയ്ക്ക് അനുകൂലമായി തിരിഞ്ഞേക്കാവുന്ന മൊഴിയാണിതെന്നാണ് പ്രചരണം.

സൌമ്യയുടെ കേസില്‍ പോലീസിനുവേണ്ടി വാദിയ്ക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രൊസിക്ക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. ജൂണ്‍-6 ന് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ ആരംഭിയ്ക്കും. സൌമ്യയ്ക്ക് നീതി ലഭിയ്ക്കും എന്ന് നമുക്ക് പ്രത്യാശിയ്ക്കാം.

ഈ കേസിലെ ഇതുവരെയുള്ള സംഭവങ്ങള്‍ നമ്മുടെ നേരെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നമ്മുടെ നാട്ടില്‍ നിശബ്ദം പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന മാഫിയകള്‍ എത്ര ശക്തരാണ്..! കേവലം ഒരു തെരുവുതെണ്ടിയ്ക്ക് ഒരു പക്ഷെ ആ പെണ്‍കുട്ടിയെ അങ്ങനെ പീഡിപ്പിച്ചു കൊല്ലാനുള്ള ധൈര്യമുണ്ടാകാന്‍ വഴിയില്ല. തീര്‍ച്ചയായും തന്റെ പിന്നിലുള്ള മാഫിയാ ബലം തന്നെയാണ് അവന് ആ ധൈര്യം കൊടുത്തത്. ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് തങ്ങളുടെ ഒരു കണ്ണിയെ രക്ഷപെടുത്താന്‍ ശ്രമിയ്ക്കണമെങ്കില്‍ അവരുടെ യഥാര്‍ത്ഥ സാമ്പത്തികശേഷി എന്തായിരിയ്ക്കും..!

തന്റെ പ്രൊഫഷണല്‍ മികവ് നന്മയ്ക്കായി ഉപകാരപ്പെടുത്തുന്നതിനു പകരം, അധോലോകത്തിന്റെ ലക്ഷങ്ങള്‍ക്കായി അടിയറ വെയ്ക്കുന്നവരെ നാം എങ്ങനെയാണ് നോക്കിക്കാണേണ്ടത്? തന്റെ തൊഴിലിന്റെ ഭാഗമായി പ്രതിഭാഗത്തിന്റെ വക്കാലത്ത് എടുക്കുന്നതിനെ തെറ്റുപറയാന്‍ ആവില്ല. എന്നാല്‍  മനസാക്ഷി മരവിച്ചിട്ടില്ലാത്ത പല അഭിഭാഷകരും ഇത്തരം കേസുകള്‍ ഏറ്റെടുക്കാറില്ല. പണത്തിനേക്കാള്‍ ചില മൂല്യങ്ങള്‍ക്കു വിലകല്‍പ്പിയ്ക്കുന്നതിനാല്‍ ആണത്. ആ മൂല്യബോധമാണ് ഇന്ന് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്.
ഒരു നിലവിളി അകന്നുപോകുന്നതു പോലെ, മനസാക്ഷിയുടേതാവാം.

Sunday 22 May 2011

എന്തെല്ലാം വേഷങ്ങള്‍...!

എട്ടാംക്ലാസില്‍ പഠിയ്ക്കാന്‍ കോട്ടയം ആര്‍പ്പൂക്കര ഹൈസ്ക്കൂളില്‍ പ്രവേശനം കിട്ടിയ കാലത്താണ് ഞാനെന്റെ വേഷവിധാനങ്ങളെ പറ്റി ബോധവാനാ‍യത്. അതുവരെ “നിക്കര്‍“ എന്നു പൊതുവിലും “കാച്ചട്ട” (കാല്‍ചട്ട) എന്നു കോട്ടയംകാരും പറയുന്ന മുറിട്രൌസറും ഷര്‍ട്ടും ആയിരുന്നു  വേഷം. ഈര്‍ക്കില്‍ പോലെ ശോഷിച്ച എന്റെ കാലുകള്‍ ഇപ്പറയുന്ന നിക്കറിനകത്ത് കാണാന്‍ തീരെ ഭംഗിയില്ല എന്ന്  എപ്പോഴോ ഞാന്‍ തിരിച്ചറിഞ്ഞു.  പരിഷ്കാരികളെപോലെ ഒരു പാന്റ്സിടണം എന്നത് വലിയൊരാഗ്രഹമായിരുന്നു. എന്നാല്‍  മറ്റുള്ള കുട്ടികളെപ്പോലെ ആഗ്രഹങ്ങള്‍ അങ്ങനെ പെട്ടെന്ന് നിവര്‍ത്തിയ്ക്കാവുന്ന ഒരു സാഹചര്യമായിരുന്നില്ല എന്റേത്. എങ്കിലും ആ സ്വപ്നം അമ്മാവന്റെ കാരുണ്യത്താല്‍ സാധിച്ചു കിട്ടി. മീറ്ററിന് 15 രൂപ വിലയുള്ള പച്ച കോട്ടണ്‍ തുണി അദ്ദേഹം മേടിച്ചു തന്നു. അത് തയ്ച് കിട്ടിയ അന്ന് ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു. അതിന്റെ പുത്തന്‍ മണം ഹരം പിടിപ്പിച്ചു. മൂന്ന് ദിവസം ഇട്ടുകൊണ്ട് നടന്നു. നാലാം ദിവസം തോട്ടിലെ വെള്ളത്തില്‍ തല്ലിയലക്കിയപ്പോഴാണ് അവന്റെ തനിനിറം വെളിയിലായത്. വെള്ളത്തില്‍ മുക്കിയെടുത്തപ്പോള്‍, ഒരു ടിന്‍ പെയിന്റ് കലക്കിയൊഴിച്ചപോലെ തോടാകെ ഹരിതവര്‍ണം. ഉണങ്ങിക്കഴിഞ്ഞപ്പോള്‍ ചുരുട്ടികൂട്ടിയ പഴഞ്ചാക്ക് പോലെയായി പാന്റിന്റെ അവസ്ഥ. എത്ര തേച്ചിട്ടും ചുളുക്ക് നിവര്‍ന്നില്ല. പിന്നെ അധികനാള്‍ അതിട്ടുനടക്കാന്‍ യോഗമുണ്ടായില്ല.

കാലമെത്ര മാറി. എന്തെല്ലാം വേഷങ്ങള്‍..! വസ്ത്രങ്ങള്‍..! എന്റെ ചെറിയ ജീവിതത്തിനിടയില്‍  മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചില വേഷവിശേഷങ്ങള്‍ പറയാം.

പണ്ട് എന്റെ അപ്പൂപ്പന്‍‍, വല്യച്ഛന്‍ ആ റേഞ്ചിലുള്ള ആള്‍ക്കാരുടെ പ്രധാന വേഷം കൈലി മുണ്ടും വെള്ളത്തോര്‍ത്തുമായിരുന്നു. കൈലിമുണ്ട് മടക്കികുത്തി, തോര്‍ത്ത് തോളത്ത് മടക്കിയിടും. കൈലിത്തുമ്പ് പോക്കറ്റിനു പകരം ഉപയോഗിയ്ക്കാം. അതിനുള്ളില്‍  ബീഡി, മുറുക്കാന്‍ പൊതി, കുറച്ച് കാശ് ഇത്രയും സാമഗ്രികള്‍ വച്ച് ഒന്നാക്കി എളിയിലേയ്ക്കു തിരുകി വയ്ക്കും. പ്രമാണിമാര്‍ കാതു കുത്തി കടുക്കന്‍ ഇട്ടിരിയ്ക്കും. ചില “ശൂര”ന്മാര്‍ ഉറയിലിട്ട ഒരു കഠാരി എളിയിലും തിരുകാറുണ്ട്.

ആണ്‍കുട്ടികള്‍ പൊതുവെ നിക്കറും ഷര്‍ട്ടും, മുതിര്‍ന്നാല്‍ മുണ്ടും ഷര്‍ട്ടും. പരിഷ്കാരികള്‍ മാത്രമേ പാന്റ്സിടാറുള്ളു. അക്കാലത്തുള്ളത് “ആനക്കാലന്‍” ബെല്‍ബോട്ടം പാന്റ്സാണ്. പെണ്‍കുട്ടികള്‍ വയര്‍ മൂടുന്ന ബ്ലൌസും പാവാടയും. കൌമാരക്കാരികളുടെ വേഷം ഹാഫ് സാരി അഥവാ ദാവണിയാണ്. പാവാടയും ബ്ലൌസും അതിനുമേലെ ഷാള്‍ പോലെയുള്ള ഹാഫ് സാരി ചുറ്റി ഉടുത്തതാണ് ഈ ദാവണി. അല്പംകൂടി മുതിര്‍ന്നാല്‍ സാരിയും ബ്ലൌസുമായി. അത് അന്നുമിന്നും ഒരുപോലെ. ബ്ലൌസിന്റെ കൈകള്‍ക്കു  അല്പം “കയറ്റിയിറക്ക“ങ്ങള്‍ സംഭവിയ്ക്കാറുണ്ടെന്നു മാത്രം. പ്രായമായ സ്ത്രീകളുടെ വേഷം മുണ്ടും നേര്യതുമാണ്. ദാവണിയുടെ മറ്റൊരു പതിപ്പ്. അവരുടെയും മുണ്ടിന്‍‌തുമ്പ് പോക്കറ്റിന്റെ ധര്‍മ്മം കൂടി നിര്‍വഹിയ്ക്കുന്നു. അക്കാലത്തെ പരിഷ്കാരി പെണ്‍കിടാങ്ങളുടെ വേഷമാണ് “മിഡിയും ടോപ്പും”. ഇതിനിടയിലേയ്ക്കാണ് ഒരു കൊടുങ്കാറ്റു പോലെ സല്‍‌വാറും കമ്മീസും എത്തിയത്. അതുവരെയുണ്ടായിരുന്ന സകല സൌന്ദര്യസങ്കല്പങ്ങളേയും അതു മാറ്റിയെഴുതി. അതണിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഒരു പ്രത്യേക സൌന്ദര്യമായിരുന്നു. സല്‍‌വാറും കമ്മീസും പിന്നീട്“ചുരിദാറാ”യി മാറി. പിന്നെ അതിന്മേല്‍ പലവിധ തൊങ്ങലുകള്‍. അക്കാലത്ത് പക്ഷെ, വിവാഹപ്രായം വരെയേ ഈ വേഷം ധരിയ്ക്കുമായിരുന്നുള്ളു. അതുകഴിഞ്ഞാല്‍ സാരി മാത്രം. പക്വതയുടെ ലക്ഷണമായാണ് സാരി കരുതി പോന്നത്. ക്രമേണ വിവാഹം കഴിഞ്ഞവരും, ഇപ്പോള്‍ മധ്യവയസു കഴിഞ്ഞവരും ചുരിദാറിലായിക്കഴിഞ്ഞു.

എന്റെ ബാല്യകാലസഖി ഒരു ക്രിസ്ത്യാനികുട്ടിയായിരുന്നു. എന്റെ അയല്‍ക്കാരിയായ അവളുടെ വീട്ടുകാര്‍ വലിയ സമ്പന്നരാണ്. അവളുടെ അമ്മയും അമ്മയുടെ അമ്മയും അണിഞ്ഞിരുന്ന വേഷമാണ് “ചട്ടയും മുണ്ടും”. ഇന്ന് അത് കലോത്സവങ്ങളിലെ “മാര്‍ഗം കളി”യില്‍ മാത്രമേ കാണാനുള്ളു. വെള്ളമുണ്ട് ഒരു തുമ്പ് നന്നായി ഞൊറിഞ്ഞ് പുറകില്‍ വിശറിപോലെയിടും. ഇന്നത്തെ ടോപ്പിന്റെ മറ്റൊരു രൂപമാണ് “ചട്ട”. അതു കൂടാതെ കാതുകളില്‍ വലിയ കനത്തിലുള്ള ഒരു റിംഗും ഉണ്ടാകും. “കുണുക്ക്” “തോട” എന്നൊക്കെയാണ് അതിനെ പറയുക. കഴുത്തില്‍ വെന്തിങ്ങയും ധരിയ്ക്കും.  അക്കാലത്തെ ക്രൈസ്തവ സ്ത്രീകളുടെ പരമ്പരാഗത വേഷമാണിത്. ഇന്നത് അന്യം നിന്നുപോയെന്നു തോന്നുന്നു. ക്രൈസ്തവ പുരുഷന്മാര്‍ കൈലിമുണ്ടും തോര്‍ത്തും തന്നെയാണ് ധരിയ്ക്കുക. കഴുത്തില്‍ വെന്തിങ്ങയോ സ്റ്റീല്‍  മാലയോ ഉണ്ടാകും.

കണ്ണൂരില്‍ ഞങ്ങളുടെ നാട്ടിലെ മുസ്ലീം സ്ത്രീകളുടെ വേഷം പച്ചനിറമുള്ള മുണ്ട് അഥവാ “കാച്ചി“യും മുട്ടു കവിയുന്ന കൈയോടെയുള്ള ഫുള്‍ബ്ലൌസ് അഥവാ “കുപ്പായ”വും “തട്ട“വും ആയിരുന്നു. ബ്ലൌസില്‍ കുറുകെയും വിലങ്ങനെയുമായി രണ്ടോ മൂന്നോ തൊങ്ങല്‍ ഉണ്ടാകും. തട്ടം തലമറയ്ക്കാനുള്ളതാണ്.
ഇതിനേക്കാളൊക്കെ ആകര്‍ഷകം അവരുടെ ആഭരണങ്ങളാണ്. കൈനിറയെ വളകള്‍, ചെവിക്കുടയുടെ മുകള്‍മുതല്‍ താഴെ വരെ ചെറിയ “അലുക്കു“കള്‍, കഴുത്തില്‍ മാലകള്‍. ഈ വേഷം അണിഞ്ഞുനടന്ന,എന്റെ വീട്ടിനടുത്തുള്ള “സൈബുത്താത്ത”യെ ഇപ്പോഴും ഓര്‍മ്മ വരുന്നു. പ്രായമായ മുസ്ലീം പുരുഷന്മാരുടെ വേഷം കൈലിമുണ്ടും നീളന്‍ കുപ്പായവും തലയിലൊരു കെട്ടുമാണ്. കഴുത്തിനു പിന്നിലോ കുപ്പായക്കൈയ്ക്കുള്ളിലോ ഒരു തൂവാല ഉണ്ടാകും. സമൃദ്ധമായി അത്തര്‍ പൂശിയിരിയ്ക്കും. യുവാക്കള്‍ക്ക് തലയില്‍ കെട്ട് ഉണ്ടാകാറില്ല. ചിലര്‍ തൂവാല തലയില്‍ കെട്ടും അത്രമാത്രം.

തിരുവിതാംകൂറില്‍ നിന്നും മലബാറിലേയ്ക്ക് കുടിയേറിയ കര്‍ഷകരുടെ “ഔദ്യോഗിക” വേഷമാണ് “കുറിയതും പാളത്തൊപ്പി”യും. “കുറിയത്“ എന്നു പറഞ്ഞാല്‍ മുട്ടോളമെത്തുന്ന കട്ടിത്തോര്‍ത്താണ്. മണ്ണിന്റെ നിറമാണ് അതിനെപ്പോഴും. കമുകിന്‍ പാള, തലയില്‍ വയ്ക്കാന്‍ പാകത്തില്‍ വളച്ചുകൂട്ടി, മുന്‍പില്‍ ചെറിയ കയറിനു കെട്ടിയുറപ്പിച്ച് ഉണ്ടാക്കുന്നതാണ് “പാളത്തൊപ്പി“.  തലയില്‍ മഴകൊള്ളിയ്ക്കാതിരിയ്ക്കലാണ്  മുഖ്യ ഉപയോഗമെങ്കിലും, ബീഡി, മുറുക്കാന്‍, കാശ് എന്നിവയുടെ സൂക്ഷിപ്പുസ്ഥലം കൂടിയാണ് മിക്ക പാളത്തൊപ്പികളും. രാവിലെ അരയില്‍ കെട്ടിമുറുക്കപ്പെടുന്ന കുറിയതും തലയില്‍ കയറുന്ന തൊപ്പിപ്പാളയും വൈകീട്ട് സൂര്യാസ്തമയത്തിനു ശേഷമേ സ്വതന്ത്രമാകാറുള്ളു.

അക്കാലത്ത് “കൊള്ളാവുന്ന” ആള്‍ക്കാരുടെ വേഷം പോളിസ്റ്റര്‍ ഡബിള്‍ മുണ്ടും ഫുള്‍ക്കൈ ടെറിലിന്‍ ഷര്‍ട്ടുമാണ്. ചിലരുടെ തെറുത്തുവച്ച കുപ്പായക്കൈക്കുള്ളില്‍ ഒരു ടൌവല്‍ ഉണ്ടാകും. ചിലര്‍ മടക്കി അരയില്‍ തിരുകിയിരിയ്ക്കും. ഇങ്ങനെ ഒരു വേഷത്തില്‍ ഒരാളെ കണ്ടാല്‍ ഊഹിയ്ക്കാം ആളൊരു മാന്യനാണെന്ന്. അല്പം ഗാംഭീര്യമുള്ളവരുടെ മറ്റൊരു വേഷമാണ് മുണ്ടും ജൂബയും. വി.എസ്, കെ. കരുണാകരന്‍, കെ.എം.മാണി ഇവരെയൊക്കെ ജുബായിലല്ലാതെ നമ്മള്‍ കണ്ടിട്ടുണ്ടോ? ഇപ്പോള്‍ പുതുതലമുറ ആഘോഷാവസരങ്ങളിലാണ്  ജുബാ ഉപയോഗിച്ചു കാണുന്നത്.

അടുത്തകാലം വരെ ഹിന്ദു-മുസ്ലീം പുരുഷന്മാരുടെ വിവാഹ വേഷം വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു. ഇപ്പോള്‍ അതെല്ലാം മാറി ഉത്തരേന്ത്യന്‍ വേഷമായ ഷെര്‍വാണി ആയിരിയ്ക്കുന്നു. പുതുതലമുറയില്‍ നിന്ന് നമ്മുടെ പരമ്പരാഗത വേഷമായ മുണ്ട് അതിവേഗം ഒഴിഞ്ഞു പോകുകയാണ്. വീടുകളില്‍ പോലും മുണ്ടിന്റെ സ്ഥാനത്ത് ബര്‍മുഡകള്‍ എത്തിക്കഴിഞ്ഞു. അടുത്ത തലമുറയോടെ മുണ്ട് നാമാവശേഷം ആയേക്കും.

വേഷവിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.

Tuesday 17 May 2011

ആശ്രമവിശുദ്ധിയില്‍....

ബെന്നട്ടയില്‍ ഞങ്ങള്‍ ബസിറങ്ങി. വേറാരും ഇറങ്ങാനുണ്ടായിരുന്നില്ല. ഇറങ്ങും മുന്‍പ് കൈയിലെ ടിക്കറ്റ്  ജയരാജേട്ടന്‍ കണ്ടക്ടര്‍ക്ക് തിരികെ കൊടുത്തു‍. കണ്ടക്ടര്‍ കുറച്ച് രൂപ ജയരാജേട്ടനും കൊടുത്തു. പിന്നെ ഞങ്ങളെ അവിടെ ഉപേക്ഷിച്ച് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ മുതുക്കന്‍ ബസ് തുമ്മിയും കുരച്ചും വിജനമായ കാനനപാതയിലൂടെ മുന്നോട്ട് പോയി.

“ഇതെന്താ ഏര്‍പ്പാട് ജയേട്ടാ?” പുള്ളിയുടെ കൈയിലേയ്ക്ക് നോക്കി ഞാന്‍ ചോദിച്ചു.

“ഹ ഹ ഇതാണെടാ ഇവിടുത്തെ പരിപാടി. ആ പോയ പാട്ടവണ്ടി “എക്സ്പ്രസാ”ത്രേ !. ഡബിള്‍ ചാര്‍ജ്. നമ്മടെ ടിക്കറ്റ് കൊടുത്താല്‍ പകുതി കാശ് തിരിച്ചു തരും. അവര് ആ ടിക്കറ്റ് ആര്‍ക്കെങ്കിലും കൊടുത്തോളും. രണ്ടുകൂട്ടര്‍ക്കും ലാഭം..”

ബെന്നട്ടയില്‍ ഒരു ചെറിയ പെട്ടിക്കടയും ഒരു വീടിനോട് ചേര്‍ന്ന പലചരക്കു കടയും മാത്രമേ കണ്ടുള്ളു. വഴിയരുകിലെ നാലഞ്ച് വീടുകളൊഴിച്ചാല്‍ പിന്നെ വിജനം. റോഡിനിരുവശവും നിബിഡവനമാണ്. വന്മരങ്ങളുടെ ധാരാളിത്തം. ബെന്നട്ടയെ സ്പര്‍ശിച്ചു പോകുന്ന ഈ റോഡ് ഷിമോഗയിലേയ്ക്കാണ്.

സമയം അഞ്ചുമണി കഴിഞ്ഞു. സൂര്യന്‍ ആകാശത്തെവിടെയോ ഉണ്ടെന്നല്ലാതെ അവിടെ നിന്നാല്‍ കാണാനാവില്ല. വനത്തിന്റെ നേര്‍ത്ത ഇരുളിമയില്‍  മൃദുവായ കുളിര് പൊഴിയുന്നു. കാട്ടുപക്ഷികള്‍ ചേക്കാറാനുള്ള വട്ടത്തിലാണെന്നു തോന്നുന്നു. അപ്പോള്‍, അടുത്തുള്ള മരത്തിന്റെ ഇലക്കൂട്ടത്തില്‍ വലിയൊരു ഇളക്കം. ഒരു വാനരകുടുംബം കടന്നു പോകുന്നു.

“വാ..” ജയരാജേട്ടന്‍ മുന്നോട്ട് നടന്നു. വലിയ ബാഗ് തോളില്‍ തൂക്കി ഞാന്‍ അദ്ദേഹത്തിന്റെ പിന്നാലെ. കാഴ്ചയില്‍ ഭീമാകാരനാണ് ജയരാജേട്ടന്‍. മുഖത്ത് കട്ടി ഗ്ലാസ്. അവിടവിടെ നരച്ച മുടിയും താടിയും. നീണ്ട യാത്രയ്ക്കൊടുവില്‍ മുഷിഞ്ഞ തൂവെള്ള മുണ്ടും ഷര്‍ട്ടും. അങ്ങേരുടെ തോളത്തുമുണ്ടല്ലോ വലിയൊരു ബാഗ്. അതിന്റെ ആയാസം കൊണ്ടാവം അല്പാല്പം കിതയ്ക്കുന്നുണ്ട്. പുള്ളിയ്ക്ക് ദേഹമനങ്ങിയുള്ള പണിയൊന്നും ശീലമുണ്ടാവില്ല. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചീഫ് അക്കൌണ്ടന്റ് ആണദ്ദേഹം. ആകെ രണ്ടു ദിവസത്തെ പരിചയമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഇന്നലെ രാവിലെ, രയറോത്ത് എന്റെ വീട്ടില്‍ ആയാസപ്പെട്ട് കയറിവരുമ്പോഴാണ് ആദ്യമായി കാണുന്നത്. കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ ഫോറസ്റ്റ് ഏരിയയോട് ചേര്‍ന്ന് പത്തേക്കര്‍ വനഭൂമി അദ്ദേഹവും അളിയനും ചേര്‍ന്ന് മേടിച്ചിരുന്നു. അത് സര്‍വേ ചെയ്ത് തിട്ടപ്പെടുത്തികൊടുക്കുക എന്നതായിരുന്നു ആവശ്യം. സര്‍വേയിങ്ങ് എന്റെ തൊഴിലല്ല എങ്കിലും, കോഴ്സിന്റെ ഭാഗമായി അതു പഠിച്ചിരുന്നതു കൊണ്ടും, നാട്ടില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതിരുന്നതുകൊണ്ടും, അത്യാവശ്യം ചില്ലറ തരപ്പെടുമെന്നതു കൊണ്ടും, കര്‍ണാടകം ഒന്നു കാണാമെന്നതുകൊണ്ടും ജയരാജേട്ടന്റെ ആവശ്യം നിര്‍വഹിച്ചു കൊടുക്കുന്ന കാര്യത്തില്‍ അല്പം പോലും ആലോചിച്ചില്ല. അങ്ങനെ, ഇന്ന് വെളുപ്പിനെ ഞങ്ങള്‍ രയറോത്തു നിന്നു പുറപ്പെടുകയും, ദീര്‍ഘയാത്രയ്ക്കൊടുവില്‍, മംഗലാപുരം, കുന്താപുര, കൊല്ലൂര്‍, കുടജാദ്രി എല്ലാം പിന്നിട്ട് ഇവിടെ ബന്നട്ടയില്‍ എത്തിച്ചേരുകയും ചെയ്തു.

വിജനമായ വനപാതയിലൂടെ ഞങ്ങള്‍ നിശബ്ദം നടന്നു. ഈ കാട്ടില്‍ എവിടേയ്ക്കാണ് പോകുന്നതെന്ന് എനിയ്ക്കു  സംശയം തോന്നാതിരുന്നില്ല. അല്പം മനുഷ്യവാസമുള്ളത് ബന്നട്ടയിലാണ്. കാട്ടില്‍ നിന്നും ചീവീടുകളുടെ നിലയ്ക്കാത്ത സംഗീതം കേള്‍ക്കാം. പിന്നെ ഏതെല്ലാമോ പക്ഷികളുടെ ചിലയ്ക്കലും. അഞ്ചുമിനിട്ടുകൊണ്ട് ഞങ്ങള്‍ ഒരു കൊച്ചു തോട്ടിനരുകിലെത്തി. ചെറിയ ഉരുളന്‍ പാറകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന തെളിനീര്‍. മുട്ടിനു താഴെ വെള്ളം മാത്രം. കാല്‍ അതില്‍ സ്പര്‍ശിച്ചപ്പോള്‍ ഐസിന്റെ തണുപ്പ്. ഞങ്ങള്‍ അവിടെ മുഖം കഴുകി. വേണമെങ്കില്‍ കുടിയ്ക്കാം. അത്ര ശുദ്ധജലം. തോട്ടിനു മറുകരയെത്തി അല്പം കൂടി നടന്നു. അപ്പോഴതാ വിസ്തൃതമായ തെളിഞ്ഞ ഒരു സ്ഥലം. ചുറ്റുംഅതിരു തീര്‍ത്ത് നില്‍ക്കുന്ന കൂറ്റന്‍ കാട്ടുവൃക്ഷങ്ങള്‍. ആ തെളിഞ്ഞ സ്ഥലത്തിന്റെ മധ്യത്തിലായി പുല്ലുമേഞ്ഞ സാമാന്യം വലിയ ഒരു വീടുണ്ട്. വീടിനു വിശാലമായ മുറ്റവും മുറ്റത്ത് ഒരു കാലിത്തൊഴുത്തും. പണ്ട് കഥകളില്‍ വായിച്ചിട്ടുള്ള, ഏതോ താപസന്റെ പര്‍ണശാലയിലെത്തിയ പ്രതീതി.

“ഇതു കണ്ടിട്ടെന്തു തോന്നുന്നു ?” ജയരാജേട്ടന്‍ ചെറിയ ചിരിയോടെ എന്നോടു ചോദിച്ചു.

“ഇതേതോ സ്വാമിമാരുടെ ആശ്രമം പോലുണ്ടല്ലോ...? ഇവിടെ ആണോ സ്ഥലം മേടിച്ചത്?”

“ഹേയ്..അത് എട്ടു പത്തുകിലോമീറ്റര്‍ അകലെ ആണ്. ഇത് നീ പറഞ്ഞപോലെ തന്നെ ഒരു സ്വാമിയുടെ ആശ്രമം തന്നെ..!”

എന്തായാലും ആ സന്ധ്യാ നേരത്ത് ഞാനും ജയരാജേട്ടനും ആ ആശ്രമത്തിലേയ്ക്ക് കാലെടുത്തുകുത്തി. ആ വീട് ശൂന്യമായിരുന്നു. ആരെയും കാണാനുണ്ടായിരുന്നില്ല . സിമിന്റിട്ട് മിനുക്കിയ ചെറിയ വരാന്തയില്‍ രണ്ടു മരക്കസേരകള്‍. ഞാന്‍ ഒരെണ്ണത്തില്‍ ഇരുന്നു. നേരം ഇരുട്ടിയിരിയ്ക്കുന്നു. ജയരാജേട്ടന്‍ തന്നെ വരാന്തയിലെ ഒരു സ്വിച്ച് അമര്‍ത്തി. മങ്ങിയ വെളിച്ചത്തോടെ ഒരു ബള്‍ബ് കത്തി.

അപ്പോള്‍ തൊഴുത്തില്‍ നിന്നും  മണികിലുങ്ങുന്ന ശബ്ദം താളാത്മകമായി കേട്ടു. ഒപ്പം ഒരു സ്ത്രീയുടെ പതിഞ്ഞ ഒച്ചയും. കന്നഡയില്‍ എന്തോ പറയുന്നു. തൊഴുത്തിലെ പശുവിനോടാണെന്ന് തോന്നുന്നു.

“വള്ളീ..” ജയരാജേട്ടന്‍ വിളിച്ചു.

ഒരു സ്ത്രീ വന്ന് വിനയപൂര്‍വം സൈഡിലൊതുങ്ങി നിന്നു. വളരെ മെല്ലിച്ച ഒരു രൂപം. നിറം മങ്ങി മുഷിഞ്ഞ സാരി ചുറ്റിയുടുത്തിരിയ്ക്കുന്നു. പാറിപ്പറന്ന മുടി. അവര്‍ ചിരിച്ചു കൊണ്ട് ജയരാജേട്ടനോട് കന്നടയില്‍ എന്തോ പറഞ്ഞു. പുള്ളിയും എന്തോ പറഞ്ഞു.

എന്തായാലും ഉടന്‍ തന്നെ “ആശ്രമത്തി“ലെ അടുക്കളയില്‍ തീ പുകഞ്ഞു. പത്തുമിനിട്ടിനകം, പാലൊഴിച്ച ചൂടു ചായ എത്തി. കൂടാതെ ഞങ്ങള്‍ക്കുള്ള രാത്രി ഭക്ഷണത്തിനുള്ള ഒരുക്കവും തുടങ്ങി. അപ്പോള്‍ പുറത്ത് തണുപ്പ് കനത്തു തുടങ്ങി. പരിസരത്തുള്ള വനത്തില്‍ നിന്നും പലവിധ ഒച്ചകള്‍. എനിയ്ക്ക് അല്പം പേടി തോന്നാതിരുന്നില്ല. വനത്തിന്റെ ഉള്‍പ്രദേശത്തുള്ള ഈ “ആശ്രമ”ത്തില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. അതിലൊന്ന് ഈ സ്ത്രീ. ഇവര്‍ ആരാണോ ആവോ..!

ഞങ്ങള്‍ ഉള്ളിലെ മുറിയിലേയ്ക്കു പോയി. ചുവരെല്ലാം തേച്ച് വെള്ളയടിച്ചതാണ്. നിലം സിമന്റിട്ടതും. പഴക്കമുള്ള ഒരു മരക്കട്ടിലുണ്ട് മുറിയില്‍. അകത്ത് അധികം തണുപ്പില്ല. അടുക്കളയില്‍ തീ ഊതുന്നതിന്റെയും പാത്രങ്ങള്‍ മുട്ടുന്നതിനെയും ശബ്ദം.

ഒരു മണിക്കൂറിനകം അത്താഴം റെഡി ആയി. ആ സ്ത്രീ ചുമരിനു മറഞ്ഞു നിന്ന് ഭക്ഷണത്തിനു വിളിച്ചു. ഞങ്ങള്‍ മുറ്റത്ത്, കോരിവെച്ചിരുന്ന വെള്ളത്തില്‍ കൈകാലുകളും മുഖവും കഴുകി നിലത്ത് ഭക്ഷണത്തിനിരുന്നു. വെളുത്ത ഒരിനം അരിയുടെ ചോറും മഞ്ഞ നിറമുള്ള ഒരു ചാറ് കറിയും. നല്ല രുചിയുള്ള ഭക്ഷണം. ഞങ്ങളുടെ ഊണ് കഴിഞ്ഞതോടെ പാത്രമെല്ലാം എടുത്ത് കഴുകി വച്ചിട്ട് ആ സ്ത്രീ ഇരുട്ടിലേയ്ക്ക് പോയി. കൈയില്‍ ചെറിയൊരു ടോര്‍ച്ചുണ്ട്.

“ആരാ രാജേട്ടാ അവര്..?”

“അത് ഇവിടുത്തെ പണിക്കാരിയാ. ബെന്നട്ടയ്ക്കടുത്താണ് വീട്...”

“ഇവിടെ ശരിയ്ക്കും ആരാ താമസം?”

“ഇത് മംഗലാപുരത്തുള്ള ഒരു സ്വാമിയുടെ ആശ്രമമാണ്. വല്ലപ്പോഴും ഇവിടെ വന്നു താമസിയ്ക്കും. ആള് എന്റെ ഒരു പരിചയക്കാരനാണ്. ഞാന്‍ പലപ്പോഴും ഇവിടെ വന്നിട്ടുണ്ട്. അയാള് പറഞ്ഞാണ് ഞാന്‍ ഇവിടെ സ്ഥലമെടുത്തത്..”

മുറ്റത്ത് നല്ല തണുപ്പ്. നേര്‍ത്ത നിലാവെട്ടം അവിടെയെങ്ങും ചിതറിക്കിടക്കുന്നു. വനജീവികളുടെ ആക്രോശവും കുറുക്കന്റെ കൂവലും ഇടയ്ക്കിടെ കേട്ടു. യാത്രാക്ഷീണം കൊണ്ട് കിടന്ന പാടെ ഞങ്ങള്‍ ഉറങ്ങിപ്പോയി. പുലര്‍ച്ചെ, വൃത്തികെട്ട സ്വരത്തില്‍ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്. അത് ഇടവിട്ട് മുഴങ്ങിക്കൊണ്ടിരുന്നു. വല്ല നരിയോ ചെന്നായോ ആണോ ആവോ..?

“നീ പേടിയ്ക്കേണ്ട.. അതു മയിലിന്റെ ശബ്ദമാണ്. അവ ഇതിലെയെല്ലാം പറന്നും ചാടീം നടക്കും..”

ജയരാജേട്ടന്‍ പുതപ്പില്‍ നിന്ന് തലപൊന്തിച്ച് പറഞ്ഞു. കുളിരുകൊണ്ട് വിറയ്ക്കുന്നുണ്ടെങ്കിലും ഞാന്‍ എഴുനേറ്റ് പുറത്ത് വന്നു നോക്കി. നേരിയ മഞ്ഞ്. മുറ്റത്തെ ചെടികളുടെ ഇലത്തുമ്പിലൊക്കെ സ്ഫടികബിന്ദുക്കളായി അതു പറ്റിയിരിയ്ക്കുന്നു. ചെടികള്‍ക്കപ്പുറം പറമ്പില്‍ നാലഞ്ച് മയിലുകള്‍. ഒരു പൂവനും ബാക്കി പിടകളും. എന്നെക്കണ്ടതു കൊണ്ടാവാം അവ മെല്ലെ അകലത്തേയ്ക്കു പോയി.

തൊഴുത്തില്‍ നിന്നു നിലയ്ക്കാത്ത മണിനാദം. ഞാന്‍ അങ്ങോട്ട് പോയി നോക്കി. ഓലമേഞ്ഞ തൊഴുത്തിലെ അഴിയിട്ട പുല്‍ക്കൂടിനപ്പുറം ചാരനിറമുള്ള ഒരു ചെറിയ നാടന്‍ പശു. പുല്‍ക്കൂട്ടില്‍ ബാക്കികിടക്കുന്ന പുല്ല് തിന്നുമ്പോള്‍ കഴുത്തിലെ കുടമണി കിലുങ്ങിക്കൊണ്ടേയിരുന്നു. അടുത്തു തന്നെ ഒരു കിടാവും. അതിന്റെ കഴുത്തിലുമുണ്ട് ഒരു കൊച്ചു മണി.
വള്ളി രാവിലെ തന്നെയെത്തി പശുവിനെ കറന്ന് ഞങ്ങള്‍ക്ക് ചായ വച്ചു തന്നു. ചായകുടിച്ചിട്ട് ഞങ്ങള്‍ തോട്ടിലേയ്ക്കു പോയി. തോട്ടിലെ വെള്ളത്തില്‍ നീരാവി പൊന്തുന്നു. കൈക്കുമ്പിളില്‍ കോരുമ്പോള്‍ സുഖകരമായ ഊഷ്മളത. രാവിലത്തെ കുളിയെല്ലാം കഴിഞ്ഞ് ഞങ്ങള്‍ വസ്ത്രം മാറി, ജയരാജേട്ടന്റെ സ്ഥലത്തെയ്ക്കു പുറപ്പെട്ടു.

ബെന്നട്ടയില്‍ നിന്നു ബസ് കയറി ജഡ്ക്കല്‍ എന്നൊരു സ്ഥലത്തെത്തി. അവിടെ ഒരു ഹോട്ടലില്‍ നിന്നു പ്രഭാതഭക്ഷണം കഴിച്ചു. തുടര്‍ന്ന് വനമേഖലയിലെ റോഡ് വഴി അരമണിക്കൂര്‍ നടപ്പ്. നല്ല കുളിരാണ് പ്രകൃതിയ്ക്ക്. ചുറ്റും വന്മരങ്ങള്‍. അവയുടെ പരിസരത്തായി ചില ചെറുവൃക്ഷങ്ങള്‍ അടയാളമിട്ടു വച്ചിരിയ്ക്കുന്നു.
“ഇതേതാ മരമെന്ന് നിനക്കറിയാമോ? തന്റെ ഭീമന്‍ ശരീരം ആയാസത്തോടെ  മുന്നോട്ട് നീക്കുന്നതിന്റെ ‍, കിതപ്പോടെ  ജയരാജേട്ടന്‍ ചോദിച്ചു.
“ഇല്ല”.
“ഇതാണ് ചന്ദനമരം. മറ്റുമരങ്ങളുടെ അടുത്താ ഇവന്‍ വളരുക. കാരണം അവയുടെ വേരില്‍ നിന്നാണ് ഇവന്‍ വെള്ളവും വളവുമൊക്കെ വലിച്ചെടുക്കുക..” അതെനിയ്ക്കൊരു പുതിയ അറിവായിരുന്നു.
വന്മരങ്ങളുടെ ഇലക്കൂട്ടത്തിനിടയില്‍ ഇടയ്ക്കിടെ കുരങ്ങന്മാരുടെ കടിപിടിയും ചാട്ടവും കേള്‍ക്കാം. അവസാനം ഞങ്ങള്‍  തെളിഞ്ഞ ഒരു സ്ഥലത്ത് ചെന്നെത്തി. അവിടെ ഒരു മല മുഴുവന്‍ മരങ്ങള്‍ വെട്ടി തെളിച്ചിട്ടിരിയ്ക്കുന്നു. നിസഹായ ആയ വനദേവത നിലവിളിയ്ക്കുന്നതു പോലെ തോന്നി. താഴെ മലയുടെ അടിവാരം വലിയൊരു ജലാശയമാണ്. നീണ്ടുപരന്ന ആ ജലാശയത്തില്‍ അവിടവിടെ ഓരോ വന്‍മലകള്‍ പൊന്തിനില്‍ക്കുന്നു..! അത്ഭുതകരമായ കാഴ്ച..!

“ഇതെന്താ സംഗതി രാജേട്ടാ...?” ഞാന്‍ അമ്പരപ്പോടെ ചോദിച്ചു. “കടലില്‍ മലകള്‍ മുളച്ചു പൊന്തിയതുപോലെ..!”

“ഇത് കൃഷ്ണരാജസാഗര്‍ ഡാമിന്റെ റിസര്‍വോയറാണ്. ഡാം കെട്ടിയതോടെ ധാരാളം ഭൂമി മുങ്ങിപ്പോയി. ആ മുങ്ങിക്കിടക്കുന്ന മലകളുടെ താഴ്വാരത്ത്  കൃഷിഭൂമികള്‍ ഉണ്ടായിരുന്നു. അതൊക്കെ മുങ്ങിയപ്പോള്‍ പകരം ഭൂമികൊടുത്തതാണ് ഈ മലകളില്‍. ഭൂമികിട്ടിയ പലരും അതു മറിച്ചു വിറ്റു. ധാരാളം മലയാളികള്‍ ഇവിടെ സ്ഥലം മേടിച്ചിട്ടുണ്ട്. നീ വാ..ഒരാളെ പരിചയപ്പെടാം...”

അല്പം നടന്നപ്പോള്‍ വിശാലമായ  കൃഷിയിടങ്ങള്‍ കണ്ടു. എല്ലായിടത്തും കുലച്ചു നില്‍ക്കുന്ന കവുങ്ങുകളുടെ സമൃദ്ധി. കുറച്ചു പറമ്പുകള്‍ പിന്നിട്ടപ്പോള്‍ അനേകം റബര്‍ തൈകള്‍ വച്ചു പിടിപ്പിച്ച ഒരു പറമ്പിലെത്തി. റബര്‍ തൈകള്‍ക്കിടയില്‍  കുലച്ച വാഴകള്‍. ശരിയ്ക്കും വാഴത്തോട്ടം തന്നെ. ആ പറമ്പിന്റെ മധ്യത്തിലായി ഓലമേഞ്ഞ വലിയൊരു വീട്. ഞങ്ങളെ കണ്ടപാടെ ഗൃഹനാഥന്‍ ചിരിയോടെ ഇറങ്ങിവന്നു. ജയരാജേട്ടന്റെ പരിചയക്കാരന്‍. എന്നെയും പരിചയപ്പെടുത്തി.  ആള് കോതമംഗലംകാരന്‍ അച്ചായന്‍. ഇവിടെ നൂറോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥന്‍. കൃഷികാര്യങ്ങള്‍ക്കായി ഇവിടെ കൂടിയിരിയ്ക്കുകയാണ്. വീട്ടില്‍ അച്ചായന്റെ കുടുംബവും ഉണ്ടായിരുന്നു.

ആ പറമ്പിന്റെ താഴെ വരെ, റിസര്‍വോയറിലെ വെള്ളം ഉണ്ട്. വലിയ തടാകം പോലെ പരന്നു വിശാലമായി കിടക്കുന്ന അതില്‍ വട്ടത്തോണിയില്‍ ആരൊക്കെയോ മീന്‍ പിടിയ്ക്കുന്നുണ്ട്. അച്ചായന്റെ സല്‍ക്കാരങ്ങള്‍ക്കിടയില്‍ എനിയ്ക്കു കാര്യം മനസ്സിലായി, അച്ചായനോടാണ് ജയരാജേട്ടന്‍ സ്ഥലം മേടിച്ചത്. ഉച്ചയ്ക്ക്, ഡാമില്‍ നിന്നു പിടിച്ച  മീന്‍ പൊരിച്ചതും കറിവെച്ചതുമൊക്കെയായി ഒന്നാന്തരം ഊണ്. തുടര്‍ന്ന് ഞങ്ങള്‍ സ്ഥലം കാണാന്‍ പോയി. മരങ്ങള്‍ വെട്ടിയൊഴിച്ച ഒരു മലഞ്ചെരിവ്. മുള്ളും വള്ളികളും മൂടിക്കിടക്കുന്നു. അതിനുള്ളില്‍ കൂടി വേണം സര്‍വേ നടത്താന്‍..! 

തുടര്‍ന്നുള്ള ദിവസങ്ങള്‍ ജോലിത്തിരക്കിന്റേതായിരുന്നു. വനംവകുപ്പിന്റെ ഒരു മാപ്പ് ഉണ്ടായിരുന്നതിനാല്‍ ആറു ദിവസം കൊണ്ട് ഒരു വിധം ആ ജോലി ചെയ്തു തീര്‍ത്തു, . സഹായത്തിനായി, ജയരാജേട്ടന്റെ അളിയനും എത്തിയിരുന്നു. കൈയും കാലുമൊക്കെ മുള്ളുകൊണ്ടു വരഞ്ഞുകീറി. ഇടയ്ക്ക് തൊട്ടുമുന്നില്‍ ഒരു കാട്ടുപന്നി ചാടിവന്നു. എന്തായാലും ബുദ്ധിമുട്ടിയ്ക്കാതെ അതു പാഞ്ഞുപോയി. ജയരാജേട്ടന്റെ പറമ്പിന് അതിരിട്ട് വലിയൊരു കുളമുണ്ട്. അതില്‍ ആമ്പലുകള്‍ തിങ്ങി നിറഞ്ഞിരുന്നു. കരയില്‍ മുറ്റിത്തഴച്ച കൈതക്കൂട്ടം.

പകല്‍ പണി കഷ്ടമായിരുന്നെങ്കിലും വൈകുന്നേരങ്ങളിലെ “ആശ്രമവാസം” അപൂര്‍വ അനുഭവം തന്നെ. അവിടുത്തെ സ്വച്ഛതയും വനത്തിലെ കാട്ടുതേന്‍ സുഗന്ധവും മയിലിന്റെയും കാട്ടുപക്ഷികളുടെയും ഒച്ചപ്പാടും മഞ്ഞിന്റെ നനുത്ത കുളിരും തോട്ടിലെ അമൃതജലവും മനസ്സിനെ മറ്റേതോ ലോകത്തെത്തിച്ചു. മറക്കാനാവാത്ത ആറു പ്രഭാതങ്ങളും സന്ധ്യകളും. മനുഷ്യശബ്ദം വികൃതമാക്കാത്ത, വന്യഭൂവിന്റെ ശുദ്ധസംഗീതം മാത്രമുള്ള സ്വര്‍ഗീയ നിമിഷങ്ങള്‍. ഇനിയും എത്ര ജന്മങ്ങള്‍ വേണമെങ്കിലും ഇവിടെ ജീവിയ്ക്കാന്‍ ആഗ്രഹിച്ചു പോയി.

ഒരു പ്രഭാതത്തില്‍ ഞാനും ജയരാജേട്ടനും കൂടി ബെന്നട്ടയില്‍ നിന്നും അല്പം അകലെ ഒരാളെ കാണാന്‍ പോയി. അതിവിശാലമായ ഒരു വയല്പരപ്പായിരുന്നു അവിടെ. വയലില്‍ കൃഷി ചെയ്തിരുന്നത് തെരുവപ്പുല്‍ത്തൈകള്‍..! അതില്‍ നിന്നുമാണ് പുല്‍ത്തൈലം ഉണ്ടാക്കുന്നത്. പ്രഭാതക്കുളിരില്‍ ആ അനന്തവിശാലതയിലൂടെ, നേര്‍ത്ത മഞ്ഞിനെ തൊട്ടുരുമ്മി നടക്കുമ്പോള്‍ മനസ്സില്‍ സംഗീതം കിനിഞ്ഞുവന്നു. അകലെ പ്രഭാതസൂര്യന്‍ തലയുയര്‍ത്തിയിരുന്നു. കാട്ടുപക്ഷിക്കൂട്ടം ദൂരെയേതോ ദിക്കുതേടി പറക്കുന്നു..വയല്‍ക്കരയില്‍ ചെറിയൊരു പുല്‍‌വീട്ടില്‍ ആ കന്നഡിഗനെ കണ്ട് ഞങ്ങള്‍ അധികം താമസിയാതെ തിരികെ പോന്നു. എന്നിട്ടും എനിയ്ക്കവിടെ നിന്ന് മനസ്സിനെ പറിച്ചെടുക്കാന്‍ പറ്റിയില്ല.

ഏഴാം ദിവസം രാവിലെ പോകാനിറങ്ങുമ്പോള്‍, ഇത്രയും ദിവസം വെച്ചുവിളമ്പിയ വള്ളിയ്ക്ക് നൂറിന്റെ ഒരു നോട്ട് ജയരാജേട്ടന്‍ നീട്ടി. കൈ തന്റെ മുഷിഞ്ഞ ചേലയില്‍ തുടച്ചിട്ട് നിഷ്കളങ്കമായ ചിരിയോടെ അവര്‍ അതു മേടിച്ചു.
വേലിയ്ക്കപ്പുറത്തെ വനത്തില്‍ നിന്നും കാട്ടുതേന്‍ മണം പുരണ്ട നേര്‍ത്ത കാറ്റു വീശി. എവിടെ നിന്നോ മയിലുകളുടെ ഒച്ച മുഴങ്ങുന്നുണ്ട്. കാക്കത്തമ്പുരാട്ടിയും കാവിപ്പക്ഷിയും മരച്ചില്ലകളില്‍ കണ്ണാം‌പൊത്തിക്കളി കളിച്ചു. തൊഴുത്തില്‍ മണിനാദം ഉള്ളിലും എവിടെയോ മുഴങ്ങി. മനസ്സില്‍ അവ്യക്തമായ ഒരു നൊമ്പരത്തോടെ ആ ആശ്രമവീടിനെ ഒന്നുകൂടി നോക്കി ഞങ്ങള്‍ തോടു കടന്നു.  ബെന്നട്ടയില്‍ നിന്ന് ആദ്യ ബസ് പിടിയ്ക്കണം.

Saturday 14 May 2011

മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും...

ഈ സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ മിക്കവാറും പേര്‍ മൊബൈല്‍ ഇന്റെര്‍നെറ്റ് ഉപയോഗിയ്ക്കുന്നവരാണ്. യൂണികോഡ് വ്യാപകമായതോടെ മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകള്‍ക്ക് ഇന്ന് ഇന്റെര്‍നെറ്റില്‍ മുഖ്യസ്ഥാനമാണുള്ളത്. ഫേസ്‌ബുക്ക്, ബ്ലോഗുകള്‍, ഓര്‍ക്കുട്ട്, മലയാളം മെയില്‍, ട്വിറ്റര്‍, ദേശാഭിമാനി, മാതൃഭൂമി, മാധ്യമം മുതലായ പത്രങ്ങള്‍, വിക്കിപീഡിയ ഇവയൊക്കെ മലയാളം യൂണിക്കോഡ് ഉപയോഗിയ്ക്കുന്നു. പുതിയ കമ്പ്യൂട്ടറുകള്‍ എല്ലാം തന്നെ മലയാളം വായിയ്ക്കാനും എഴുതാനും പര്യാപ്തമായവയാണ്. എന്നാല്‍ മൊബൈലില്‍ മലയാളം വായിയ്ക്കാനും എഴുതാനും കഴിയുക വിദൂരസ്വപ്നമായിരുന്നു, ഈയടുത്തുവരെ. ഏറെക്കാലത്തെ അലച്ചിലിനു ശേഷം ഓണ്‍‌ലൈനില്‍ മലയാളം എഴുതാനും വായിയ്ക്കാനും കഴിയുന്ന ചില ടെക്നിക്കുകള്‍ പലയിടത്തു നിന്നുമായി ലഭിയ്ക്കുകയുണ്ടായി. അവ ഇവിടെ പങ്കുവെയ്ക്കുന്നു.

ശ്രദ്ധിയ്ക്കുക, ഈ അഭ്യാസങ്ങള്‍ മുഴുവന്‍ “Opera Mini" എന്ന മൊബൈല്‍ ബ്രൌസറിന്റെ സഹായത്തോടെ ആണ് ചെയ്യുന്നത്. മറ്റു ബ്രൌസറുകള്‍ ഇതിനു പര്യാപ്തമാണെന്ന് തോന്നുന്നില്ല (കൃത്യമായി അറിയില്ല. എന്നാല്‍ ആപ്പിളിന്റെ Safari ബ്രൌസറില്‍ മൊബൈല്‍ മലയാളം വായിയ്ക്കാന്‍ കഴിയുന്നുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞു). ആയതിനാല്‍ നിലവില്‍ Opera Mini നിങ്ങളുടെ മൊബൈലില്‍ ഇല്ലായെങ്കില്‍ ഡൌണ്‍‌ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം.

ആന്‍ഡ്രോയിഡ് മൊബൈലുകള്‍ക്ക്, “മാര്‍ക്കറ്റി“ല്‍ സെര്‍ച്ച് ചെയ്താല്‍ Opera Mini അനായാസം ലഭിയ്ക്കും. അല്ലാത്തവ www.m.opera.com സൈറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്യുക. ഇനി:

1. OPERA MINI  ഇന്‍സ്റ്റാള്‍ ചെയ്യുക.

2. OPERA MINI ഓപണ്‍ ചെയ്യുക. അഡ്രസ് ബാറില്‍  config: എന്നു ടൈപ്പ് ചെയ്യുക. ( “ : “ കോളണ്‍ ചിഹ്നം ഇടാന്‍ മറക്കരുത്. )

3. ഇപ്പോള്‍ POWER USER SETTINGS എന്നൊരു പേജ് കിട്ടും. അത് താഴേയ്ക്ക് സ്ക്രോള്‍ ചെയ്യുക.
Use bitmap fonts for complex scripts എന്ന സെറ്റിങ്ങില്‍ എത്തുക. അവിടെ No എന്നു കാണുന്നത് Yes ആക്കുക.  Save ചെയ്യുക.

(ഒരു പക്ഷെ config: എന്നു ടൈപ്പു ചെയ്താല്‍ ചിലപ്പോള്‍ error കാണിച്ചേക്കാം. അപ്പോള്‍ opera:config എന്നു ടൈപ്പ് ചെയ്ത് ശ്രമിയ്ക്കുക. എന്നിട്ടും നടന്നില്ലെങ്കില്‍ ഓപറാ ക്ലോസ് ചെയ്ത്  വീണ്ടും ശ്രമിയ്ക്കുക. അല്ലെങ്കില്‍ Uninstall ചെയ്ത് വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക. ഞാന്‍ കുറേ പ്രാവശ്യം ശ്രമിച്ചിട്ടാണ് ശരിയായത്)

ഇനി നിങ്ങളുടെ ബ്ലോഗ്, ഫേസ്ബുക്ക്, വിക്കി,  മലയാളം യൂണിക്കോഡ് സൈറ്റുകള്‍ തുറന്നു നോക്കൂ..
ചില മൊബൈലുകളില്‍ ഫേസ്ബുക്ക്, ഓര്‍ക്കുട്ട്, ജിമെയില്‍ ഇവയൊക്കെ നേരത്തെ തന്നെ ഇന്‍സ്റ്റാള്‍ ചെയ്തിരിയ്ക്കും. അവയിലൊന്നും മലയാളം കിട്ടില്ല. അവ സൈന്‍ ഔട്ട് ചെയ്തിട്ട്, ഓപ്പറയില്‍ ലോഗിന്‍ ചെയ്യുക.

മലയാളം എഴുതാന്‍:

കമ്പ്യൂട്ടറില്‍ “കീമാന്‍“ ഉപയോഗിച്ച് മലയാളം എഴുതും‌പോലെ അനായാസമാണ് ഇതെന്ന് വിചാരിയ്ക്കരുത്. അത്ര അത്യാവശ്യമാണെങ്കിലോ അല്ലെങ്കില്‍  മിനക്കെടാന്‍ സമയമുണ്ടെങ്കിലോ മാത്രം ശ്രമിയ്ക്കുക. ഇത് ഓണ്‍‌ലൈനില്‍ മാത്രമേ സാധ്യമാകൂ.

സമ്മതമെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ ടെക്സ്റ്റുകളുടെ CUT / COPY / PASTE ഓപഷ്നുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് കണ്ടുപിടിയ്ക്കുക. എന്റെ സാംസങ്ങ് ടച്ച്സ്ക്രീന്‍ മൊബൈലില്‍ വലിയ വിഷമമില്ലാതെ അതു ചെയ്യാം. നിങ്ങളുടെ മൊബൈലിന്റേത് കണ്ടെത്തിയാല്‍ ഇനി “എഴുത്തി“ലേയ്ക്ക് കടക്കാം.

1. നിങ്ങളുടെ OPERA MINI യില്‍ ശ്രദ്ധാപൂര്‍വം  http://malayalam.keralamla.com/mobile/index.php  ഈ അഡ്രസ് തെറ്റാതെ ടൈപ്പ് ചെയ്ത് സൈറ്റിലേയ്ക്ക് പോകുക. (ഈ പേജ് ബുക്ക്മാര്‍ക്ക് ചെയ്തു വച്ചോളു.)

2. ഇപ്പോള്‍ ലഭിയ്ക്കുന്ന പേജില്‍ “Enter Text to be transliterated“ എന്നതിനു താഴെയുള്ള ടെക്‍സ്റ്റ് ബോക്സില്‍ മംഗ്ലീഷ് വാക്ക് ടൈപ്പ് ചെയ്യുക. ലിപി വിന്യാസം “കീമാന്‍“ പോലെ തന്നെ. ഇനി “Submit“ ബട്ടണ്‍ അമര്‍ത്തുക.

3. അല്പസമയത്തിനകം ടെക്സ്റ്റ് ബോക്സിനു മുകളിലായി നിങ്ങള്‍ ടൈപ്പ് ചെയ്ത ടെക്സ്റ്റ് മലയാളത്തില്‍ കാണപ്പെടും.

4. ടെക്സ്റ്റ് ബോക്സിനു താഴെയായി “Get Text“ എന്നു കാണുന്ന ബട്ടണ്‍ അമര്‍ത്തുക. അല്പസമയത്തിനം ആ ബോക്സില്‍ മലയാളം ടെക്സ്റ്റ് കാണപ്പെടും, എന്നാല്‍ ഏതാനും ചതുരകട്ടകളായിട്ടാണെന്നു മാത്രം. സാരമില്ല.

5. ഇനി സെലെക്ട് ചെയ്ത് നിങ്ങളുടെ മൊബൈലിന്റെ CUT / COPY ഓപ്ഷന്‍ ഉപയോഗിച്ച് കട്ടോ കോപ്പിയോ ചെയ്യുക.

6. ഓപറയിലെ മറ്റൊരു വിന്‍ഡോയില്‍ മലയാളം എഴുതേണ്ട സൈറ്റ് തുറക്കുക. അവിടെ   ആവശ്യമായിടത്ത് പേസ്റ്റ് ചെയ്യുക.

ശ്രദ്ധിയ്ക്കുക, ഓരോ വാക്കായിട്ടുമാത്രമേ ട്രാന്‍സ്‌ലിറ്റെറേഷന്‍ സാധിയ്ക്കൂ. ആയതിനാല്‍ മലയാളം എഴുതേണ്ട സൈറ്റും ട്രാന്‍സ്‌ലിറ്റെറേഷന്‍ സൈറ്റും  തുറന്നു വയ്ക്കുക. ഓരോ പ്രാവശ്യവും മാറി മാറി ടോഗിള്‍ ചെയ്യുക.  QWERTY കീപാഡോ ടച്ച് സ്ക്രീനോ ഉള്ള മൊബൈലുകളില്‍ ടൈപ്പിങ്ങ് അത്ര വിഷമകരമായിരിയ്ക്കില്ല. അല്ലാത്തവയില്‍ ഈ പരിപാടി അത്ര സുഖകരമാണെന്ന് തോന്നുന്നില്ല. എന്തായാലും ശ്രമിച്ചു നോക്കൂ.

Wednesday 11 May 2011

ദയാവധം.

"നമസ്കാരം, ന്യൂസ് അവറിലേയ്ക്ക് സ്വാഗതം.. മുപ്പതുവര്‍ഷമായി ജീവച്ഛവാവസ്ഥയില്‍ കഴിയുന്ന പ്രഭാദേവിയെ ദയാവധത്തിനു അനുവദിയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഇന്ത്യയില്‍ ദയാവധം അനുവദിയ്ക്കാനാവില്ലയെന്നും സുപ്രീം കോടതി. ഈ വിഷയത്തില്‍ നമ്മോട് പ്രതികരിയ്ക്കാനായി നിയമവിദഗ്ധന്‍ അഡ്വക്കറ്റ് കോയ‍, സാമൂഹ്യപ്രവര്‍ത്തകന്‍ രാമന്‍, ഫാദര്‍: തറപ്പേല്‍ എന്നിവര്‍ സ്റ്റുഡിയോയിലുണ്ട്. ആദ്യം അഡ്വക്കറ്റ് കോയ, എന്തുകൊണ്ടാണ് സുപ്രീംകോടതി ഇങ്ങനെയൊരു വിധി പുറപ്പെടുവിച്ചത്..?

“ഇന്ത്യയില്‍ ഇന്നു നിലവിലുള്ള നിയമപ്രകാരം, മസ്തിഷ്ക മരണം സംഭവിയ്ക്കാത്ത ഒരാളെ ദയാവധത്തിനു വിധേയമാക്കാന്‍ പറ്റില്ല. പ്രഭാദേവിയ്ക്ക് മസ്തിഷ്കമരണം സംഭവിയ്ക്കാത്തതിനാല്‍ കോടതിയ്ക്ക് അതനുവദിയ്ക്കാനാവില്ലല്ലോ. ”

“പക്ഷേ അഡ്വക്കേറ്റ് കോയ, പ്രഭാദേവി മുപ്പതുവര്‍ഷമായി ജീവഛവമായി കിടക്കുകയാണ്. പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചു വരില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സ്ഥിതിയ്ക്ക് അവരെ മരിയ്ക്കാന്‍ അനുവദിയ്ക്കുകയല്ലേ വേണ്ടത് ?“

“ദയാവധം ഇന്ത്യയില്‍ നിയമവിധേയമല്ലാത്ത സ്ഥിതിയില്‍ അത് അനുവദിയ്ക്കാനാവില്ല..”

“തിരിച്ചുവരാം അഡ്വക്കേറ്റ് കോയ, മി.രാമന്‍ എന്താണ് താങ്കളുടെ അഭിപ്രായം?”

“തീര്‍ച്ചയായും പ്രഭാദേവിയ്ക്ക്  ദയാവധം അനുവദിയ്ക്കുകയാണ് വേണ്ടത്. മുപ്പതുവര്‍ഷം മുന്‍പ് നടന്ന ഒരു ബലാത്സംഗശ്രമത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് നിശ്ചേഷ്ടാവസ്ഥയില്‍ കിടക്കുകയാണവര്‍. ആ ദുരിതത്തില്‍ നിന്നും എത്രയും വേഗം മോചനം നല്‍കുകയാണ് അവരോട് ചെയ്യാവുന്ന ഏറ്റവും വലിയ കാരുണ്യം.”

“ഫാദര്‍ തറപ്പേല്‍, താങ്കള്‍ ഇതിനോട് എങ്ങനെ പ്രതികരിയ്ക്കുന്നു..?”

“ദൈവം നല്‍കിയ ജീവന്‍ ദൈവത്തിനു മാത്രമേ തിരിച്ചെടുക്കാനവകാശമുള്ളു. പ്രഭാദേവി കിടക്കുന്ന ആശുപത്രിയിലെ നേഴ്സുമാരും ഡോക്ടര്‍മാരും വളരെ സന്തോഷത്തോടെയാണ് അവരെ പരിചരിയ്ക്കുന്നത്. അവര്‍ക്ക് സ്വഭാവിക മരണം സംഭവിയ്ക്കും വരെ ദയാവധത്തെ പറ്റി ചിന്തിയ്ക്കുക പോലും അരുത്. ഇത് കോടതി അനുവദിച്ചാല്‍ നമ്മുടെ നാട്ടില്‍ ധാരാളം അകാലമരണങ്ങള്‍ ഉണ്ടാകും. ഇക്കാര്യത്തില്‍ കോടതിയുടെ നിലപാട് വളരെ ശരിയാണ്..”

“പക്ഷേ ഫാദര്‍ തറപ്പേല്‍....................”

മതി. ടി.വിയ്ക്കു മുന്‍പില്‍ നിന്നും സ്വാമി എഴുനേറ്റു പോന്നു. ലോകം ഇങ്ങനെയൊക്കെയാണ്. ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരെ കൊന്നുകളയും, മരണം ആഗ്രഹിയ്ക്കുന്നവരെ ജീവിയ്ക്കാനും വിടും. എന്തൊരു തമാശ..! മനസ്സുകൊണ്ടും പ്രവര്‍ത്തികൊണ്ടും പരസ്പരം ഹിംസിയ്ക്കാന്‍ നടക്കുന്ന മനുഷ്യരുടെ ഈ രാജ്യത്ത് ദുരിതക്കുഴിയില്‍ നിന്നു കയറിപ്പോരാനും സമ്മതിയ്ക്കുകയില്ലെന്നു വച്ചാല്‍..

സര്‍പ്പം ഉറയുരിയ്ക്കുമ്പോലെ പൂര്‍വാശ്രമകെട്ടുകള്‍  പിന്നിലുപേക്ഷിച്ച് ജീവിതം നടന്നു തീര്‍ക്കുകയാണ് സ്വാമികള്‍. നരച്ച മുടിയിലും താടിയിലും കാലം കെട്ടുപിണഞ്ഞു കിടന്നു. കറുത്ത ഓര്‍മ്മകളെ പോലെ വലിയ പേനുകള്‍ അവയ്ക്കിടയില്‍ അരിച്ചരിച്ചു നടന്നു.

“ബ്രഹ്മണ്യാധ്യായ കര്‍മാണി സംഗം ത്യാക്ത്വാ കരോതി യ:
ലിപ്യതേ ന സ പാപേന പദ്മപത്രമിവംഭസാ..”

അതാണു സ്വാമി. ആസക്തി കൈവിട്ട്, വെള്ളത്താല്‍ നനയ്ക്കാന്‍ പറ്റാത്ത താമരയിലയെ പോലെ, മോഹവും പാപവും സ്പര്‍ശിയ്ക്കാത്ത മനസ്സോടെ...

സ്വാമി തിരിഞ്ഞുനോക്കി. ടി.വിയില്‍  പ്രഭാദേവിയുടെ ദൃശ്യങ്ങള്‍ കാണിയ്ക്കുന്നു. ഹോ.. എന്തൊരു ദുരിതജന്മം !
മൂക്കില്‍ നെടുനീളന്‍ കുഴല്‍. കുഴിയിലാണ്ട, ചത്ത കണ്ണുകളുടെ ക്ലോസപ്പ് ഷോട്ടുകള്‍. തൊലിമൂടിയ അസ്ഥിപജ്ഞരം. തുറന്ന വായിലൂടെ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന പൂപ്പല്‍ പിടിച്ച പല്ലുകള്‍. ഹോ.. അറപ്പു തോന്നും..! ഭഗവാനേ, താനെന്താണ് ചിന്തിച്ചത്? അറപ്പു വരുമെന്നോ..! സ്വാമി നെറ്റിയില്‍ ശക്തിയായി മൂന്നടി അടിച്ചു. ബ്രഹ്മജ്ഞാനിയായ താനങ്ങനെ ചിന്തിച്ചതിനുള്ള ശിക്ഷ..

ഓര്‍മ്മകള്‍ കുത്തിനിറച്ച  ഭാണ്ഡക്കെട്ടുമായി  സ്വാമി പാതയിലൂടെ നടന്നുപോയി. സത്യത്തില്‍ സന്യാസം സുഖകരമായ ഒരു അവസ്ഥ തന്നെയാണ്. ഒന്നിനെക്കുറിച്ചും വിചാരിയ്ക്കാതെ എങ്ങനെയെങ്കിലുമൊക്കെ ജീവിയ്ക്കാന്‍ കഴിയുക. ചുറ്റുപാടുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുക,നനയാത്ത താമരയില പോലെ. എന്തിനാണ് മനുഷ്യനിത്ര സുഖാസക്തനാകുന്നത്? എത്ര വിലകൂടിയ ഭക്ഷണമായാലും തൊണ്ടയില്‍ നിന്ന് താഴേയ്ക്കിറങ്ങിയാല്‍ പഴങ്കഞ്ഞിയുമായി എന്തു വ്യത്യാസം? തൂവല്‍ കിടക്കയില്‍ കിടന്നിട്ടും ഉറക്കമില്ലെങ്കില്‍, മണ്ണിലുറങ്ങുന്നവനെക്കാള്‍ എന്തു മെച്ചം..?

കുറെ നടന്നപ്പോള്‍ വഴിയരുകില്‍ വലിയൊരാള്‍ക്കൂട്ടം. സ്വാമി അങ്ങോട്ട് ചെന്നു. നിലമാകെ വിരിച്ചിട്ട ചോരപ്പൂക്കള്‍. അവയുടെ പതുപതുപ്പിനു നടുവില്‍ ഒടിഞ്ഞുമടങ്ങിയ ഒരു ചെറുപ്പക്കാരന്‍. പച്ചച്ചോരയുടെ ഗന്ധമാര്‍ന്ന  വെയില്‍ അയാളുടെ തൊലിയ്ക്ക് കരുവാളിപ്പ് പൂശിക്കൊണ്ടിരുന്നു. ചുറ്റും കൂടിനിന്നവരുടെ മൊബൈല്‍ ക്യാമറയുടെ ലെന്‍സിലേയ്ക്ക് അയാളുടെ തുറിച്ച കണ്ണുകളില്‍ നിന്ന് ഫ്ലാഷ് പ്രതിഫലിച്ചു. സ്വാമി എത്തിവലിഞ്ഞു നോക്കി. ജീവന്റെ അവസാന നിമിഷങ്ങള്‍‍, തകര്‍ന്ന മുഖത്തിന്റെ വെട്ടിവിറയ്ക്കലില്‍ നിന്ന് സ്വാമിയ്ക്ക് മനസ്സിലായി. ജനം അയാളെ ദയാവധത്തിന് അനുവദിച്ചിരിയ്ക്കുന്നു.

നിശബ്ദനായി അദ്ദേഹം നടപ്പ് തുടര്‍ന്നു.

സ്പെഷ്യല്‍ റൂം അഞ്ച്, ആ ആശുപത്രിയില്‍ എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ മുപ്പതുവര്‍ഷമായി അവിടെ ഒരൊറ്റ രോഗിയേ ഉള്ളൂ. തങ്ങളുടെ ജീവിതപാപങ്ങള്‍ക്കു പരിഹാരമായി ആ റൂമിലെ രോഗിയെ, ആശുപത്രി ജീവനക്കാര്‍ ആഴ്ചയിലൊരിയ്ക്കല്‍ ഊഴമിട്ട് പരിചരിയ്ക്കുന്നു. ആ നിമിഷങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥം അവര്‍ അറിയുന്നു.

സ്വാമി, ആ റൂമിലേയ്ക്ക് എത്തിനോക്കി. മുപ്പതു വര്‍ഷങ്ങള്‍, മരവിച്ച് ചലനമറ്റ്  കനത്ത ഇരുട്ടു പോലെ ആ മുറിയില്‍ വിങ്ങി നില്‍ക്കുകയാണ്. അവയ്ക്കിടയില്‍ ശൂന്യതയിലെ വിളക്കുതിരി പോലെ പ്രഭാദേവി. മരണം അവരെ തൊടാന്‍ മടിച്ച് കുഴങ്ങി നില്‍ക്കുന്നത് സ്വാമി കണ്ടു. നിമിഷങ്ങള്‍ക്ക്  നിലവിളിയുടെ ശബ്ദം.

സ്വാമി മെല്ലെ പ്രഭാദേവിയുടെ അടുത്തേയ്ക്കു ചെന്നു. അവരുടെ അടുത്തിരുന്ന നേഴ്സ്  ഒതുങ്ങിയിരുന്നു. പ്രഭാദേവിയുടെ തുറന്ന കണ്ണുകളിലേയ്ക്ക് സ്വാമി അല്പം വെളിച്ചം ഇറ്റിച്ചു കൊടുത്തു. അപ്പോള്‍ ആ ഇമകള്‍ മെല്ലെ വെട്ടിത്തുടങ്ങി. അവയുടെ തിളക്കം സ്വാമി തിരിച്ചറിഞ്ഞു. മന്ത്രജപത്തോടെ അദ്ദേഹം അവരുടെ നെറ്റിയില്‍ തൊട്ടു. പിന്നെ ആ കൈകള്‍ മെല്ലെ താഴേയ്ക്ക് . കഴുത്തിലെത്തിയപ്പോള്‍ മന്ത്രജപം ഉച്ചത്തിലായി. പിന്നെ അദ്ദേഹം രണ്ടുകൈകളും കൊണ്ട്  ആ കഴുത്ത് ഞെരിച്ചു. ഒരു പിടച്ചില്‍ പോലുമില്ലാതെ പ്രഭാദേവി യാത്രയായി.

നേഴ്സിന്റെ കരച്ചില്‍ കേട്ട് ഓടിവന്നവര്‍ക്കു മുന്നില്‍ സ്വാമി തൊഴുകൈകളോടെ നിന്നു.

"അല്ല ഇതു ദയാവധമല്ല, പ്രായശ്ചിത്തമാണ്..”

സ്വാമി പറഞ്ഞുകൊണ്ടിരുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, പൂര്‍വാശ്രമത്തില്‍ ഇതുപോലൊരുനാള്‍ ജനം ഓടിക്കൂടിയതും തലയടിച്ചുവീണു നിശ്ചേഷ്ടയായ പ്രഭാവതിയുടെ അരികില്‍ നിന്നും  കൊണ്ടുപോയതും ഏഴുവര്‍ഷത്തിനുശേഷം സെന്‍‌ട്രല്‍ ജയിലിന്റെ പടിയിറങ്ങിയതും പശ്ചാത്താപകടലിനിപ്പുറം ഒരു താമരയിലപോല്‍ നടന്നു പോന്നതുമെല്ലാം ഒളിച്ചുവച്ച ഭാണ്ഡക്കെട്ട് സ്വാമി നെഞ്ചോടിറുക്കിപ്പിടിച്ചു, ആര്‍ക്കും വിട്ടുകൊടുക്കാതെ.

Tuesday 10 May 2011

ചിന്നന്‍.

“ഏടാ..നീയാ കുഞ്ഞമ്പൂനെ കണ്ടാല്‍ നാളെ ഈലെ വരാമ്പറയണം..”

വൈകുന്നേരത്തെ രയറോം യാത്രയ്ക്കായി കണ്ണാ‍ടീടെ മുന്നില്‍ നിന്നു തലമുടി വാരുകയായിരുന്ന എന്നോട് അടുക്കളയില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.

"ആ കണ്ടാ പറഞ്ഞേക്കാം..”

ഞാന്‍ പോണ്‍‌ഡ്സിന്റെ പൌഡറ്, ടിന്നോടെ കക്ഷത്തിലേയ്ക്ക് കുടഞ്ഞോണ്ട് പറഞ്ഞു. ഇപ്പോ രയറോത്ത് അസ്സുവാജീടെ പീടികകെട്ടിടത്തിന്റെ മേലേതട്ടില്‍ എല്ലാവന്മാരും എത്തിക്കാണും, വൈകിട്ടത്തെ ഗുലാന്‍ പരിശിന്. ആറുമുറി പീടികയാണ് അസുവാജീടെ ഓടിട്ട കെട്ടിടം. സൈഡിലെ  പലകക്കോണീന്മേക്കൂടി, തൂക്കിയിട്ട കയറ് ബാലന്‍സ് പിടിച്ച് മേളില്‍ കയറിയാല്‍ മണ്ണിട്ട് അടിച്ചുറപ്പിച്ച തട്ടിന്മേല്‍ എത്തും. മേളിലെ മുറികളില്‍ തിരുവനന്തപുരംകാര് ആശാരിമാരും രണ്ടു ലോഡിങ്ങുകാരും താമസമുണ്ട്. മുറിയ്ക്ക് മുന്നിലെ അഞ്ചടി വീതി വരാന്തയില്‍, കടലാസ് വിരിച്ച് ചുറ്റും കുന്തിച്ചിരുന്നാണ് ഞങ്ങള് ഗുലാന്‍പരിശ് കളിയ്ക്കുക. അറിയില്ലേ ഗുലാന്‍ പരിശ്? ലേലം കളി, ഇരുപത്തെട്ട് കളി എന്നൊക്കെ പറയുന്ന ചീട്ടുകളി. മേലെതട്ടിന് നാലടിപൊക്കത്തില്‍ അരഭിത്തിയുള്ളതു കൊണ്ട് ഞങ്ങള് കളികാരെ രയറോം അങ്ങാടിക്കൂടെ നടക്കുന്നോരാരും കാണില്ലല്ലോ..

പെട്ടെന്നാണ് ഞാന്‍ ചിന്തിച്ചത്, അല്ലാ കുഞ്ഞമ്പുവേട്ടനോട് വരാമ്പറഞ്ഞത്..? രയറോത്തെ കശാപ്പു കാരനാണല്ലോ കുഞ്ഞമ്പുവേട്ടന്‍. ഒറ്റക്കാരണമേ ഉണ്ടാകൂ, ചിന്നനെ കൊടുക്കാനായിരിയ്ക്കും. എന്റെ ഉള്ളൊന്നു പിടഞ്ഞു. പാവം ചിന്നന്റെ ആയുസെത്തിയോ..?

അവനെ കുഞ്ഞായിരിയ്ക്കുമ്പോള്‍ ഒരു ചാക്കിലാക്കിയാണ് കൊണ്ടുവന്നത്. നല്ല തൂവെള്ള നിറം. നീണ്ടമൂക്കും അറ്റം മടങ്ങിയ ചെവിയും. ഒന്നാന്തരം ശീമപന്നിക്കുഞ്ഞ്. അവന് ചിന്നന്‍‌ന്ന് പേരിട്ടതു ഞാനാണ്. പടിഞ്ഞാറെപുറത്തെ കയ്യാലയോട് ചേര്‍ന്ന് കല്ല് അടുക്കിവെച്ച് ചെറിയൊരു കൂടുണ്ടാക്കിയാണ് അവനെ ഇട്ടിരുന്നത്. എന്നും രണ്ടുതൊട്ടി വെള്ളം ദേഹത്ത് പാറ്റിക്കൊടുക്കും. പഴങ്കഞ്ഞി, ബാക്കി വന്ന കപ്പപ്പുഴുക്ക്, ചക്കച്ചകിണിയും കുരുവും, അങ്ങനെ നല്ല വെജിറ്റേറിയനായിട്ടാണ് ഞങ്ങളവനെ വളര്‍ത്തിയത്. നല്ല ബുദ്ധിയും ഇണക്കവും ആണ് ചിന്നന്. തീറ്റയ്ക്കു നേരമാകുമ്പോള്‍ മാത്രം ബഹളം വെയ്ക്കും. വീട്ടിലുള്ളവരെ കാണുമ്പോള്‍ ഒരു പ്രത്യേക ഒച്ചയോടെ ഒതുങ്ങി നില്‍ക്കും. അഞ്ചെട്ട് മാസംകൊണ്ട് അവനങ്ങു തടിമാടനായി. തീറ്റ, കിടപ്പ് ഇതേയുള്ളല്ലോ പണി. എന്തുചെയ്യാം, തടിയെത്തിയാ പിന്നെ കൊടുത്തല്ലേ പറ്റൂ..

രയറോത്ത് ചെന്നാല്‍ ആദ്യപണി മമ്മാലിക്കാന്റെ ചായപ്പീടികേന്ന് ഒരു സൂപ്പര്‍ ചായയും കടിയും കഴിയ്ക്കലാണ്. ഈ സൂപ്പര്‍ചായെന്നു പറഞ്ഞാ, സാദാചായ തന്നെ, അടിച്ച് പതപ്പിയ്ക്കുന്നില്ലാന്നേയുള്ളു. ഒരു വെയിറ്റിനങ്ങു പറേന്നതല്ലേ സൂപ്പര്‍ ചായേന്ന്. ചായേം കടീം കഴിഞ്ഞ്, കയറില്‍ തൂങ്ങി പലകേണിന്മേക്കൂടെ,  പീടികത്തട്ടിമ്മേ കയറിപറ്റി. ഹാ..! എല്ലാവന്മാരും നെരന്നിരിപ്പുണ്ട്. സാമ്പിള്‍ കളിയാന്നു തോന്നുന്നു.

അവിടെ മൊത്തം ബീഡിപ്പൊകയാണ്. എല്ലാവന്റേം ചുണ്ടിമ്മേ ദിനേശ് ബീഡി. അതിന്റെ മൂട്ടിമ്മേന്ന് പഞ്ഞിനൂലുപോലെ പിരിപിരിഞ്ഞ് വെള്ളപ്പുക മേലോട്ട്. ഇടയ്ക്കിടെ ഒന്നാഞ്ഞു വലിച്ചിട്ട് ഇടത്തേ വായ്ക്കോണ് തുറന്ന് പുക പുറത്തേയ്ക്ക് ചീറ്റിച്ചു വിടും, ആവിവണ്ടി പുകതള്ളുന്ന മാതിരി. ഞാന്‍ ഇവന്മാരോട് കൂട്ടുണ്ടെങ്കിലും ബീഡിവലിയ്ക്കു കൂട്ടില്ല. എനിയ്ക്ക് പൊടിവലിയാണ് ഇഷ്ടം. നല്ല ടെന്‍ഷന്‍ കേറുമ്പം ഒരു നുള്ളു പൊടിയെടുത്ത് മൂക്കിലേക്കു തള്ളി ഒരു വലിയുണ്ട്. ഹായ്! തലച്ചോറിന്റെ ഒബ്ലാംകട്ടേടെ ഉള്ളില്‍ വരെ അതങ്ങുകേറും. അപ്പോഴത്തെ ആ നീറ്റലും പുകച്ചിലും ഒക്കെ കൂടി ഒരിതൊണ്ട്. ബീഡി വലിച്ചാലൊന്നും ആ സുഖമില്ല.

നാലുകോട്ട് കളി കഴിഞ്ഞപ്പോള്‍ രാത്രി എട്ടരയായി. അപ്പോഴാണ് ഓര്‍ത്തത്, കുഞ്ഞമ്പുവേട്ടനെ കാണേണ്ട കാര്യം. കയറിമ്മേ തൂങ്ങിയിറങ്ങി, രയരോത്തൊന്നു കണ്ണു ചുറ്റിച്ചു. ഊഹം തെറ്റിയില്ല, രവിയേട്ടന്റെ മുറുക്കാന്‍ പീടികേടെ സൈഡില്‍ നിന്ന് വല്യ ഒച്ചത്തില്‍ ആരോടോ സംസാരിയ്ക്കുന്നുണ്ട് ആള്‍. മെല്ലെ അങ്ങോട്ട് ചെന്നു.

“കുഞ്ഞമ്പുവേട്ടാ, നാളെ പൊരയ്ക്കൂടെ ഒന്നെറങ്ങാന്‍ പറഞ്ഞിന്..”

“എന്തേയിനി..?”

“അറീല്ല.. പന്നീനെ നോക്കാനാന്നു തോന്നുണു..” ഇത്രേം പറഞ്ഞ് ഞാന്‍ പോന്നു. ഹോ.. എന്തൊരു  നാറ്റമാണ് അയാളെ. പകലുമുഴുവന്‍ എറച്ചീടേം ചോരേടേം നാറ്റം. സന്ധ്യയായാല്‍ റാക്ക് നാറ്റം.

പിറ്റേന്ന് കുഞ്ഞമ്പുവേട്ടന്‍ വീട്ടില്‍ വന്ന് പന്നിയെകണ്ട് വിലയുറപ്പിച്ച് അഡ്വാന്‍സും കൊടുത്തു പോയി. അടുത്താഴ്ച വന്ന് കൊണ്ടുപൊയ്ക്കൊള്ളും.

ഞായറാഴ്ച രാവിലെ ഏഴുമണിയോടെ കുഞ്ഞമ്പുവേട്ടനും ഒരു സഹായിചെക്കനും കൂടി തോളത്തൊരു കോടാലിയുമായി വീട്ടില്‍ കയറി വന്നു. ചിന്നനെ കൊണ്ടുപോകാനായിരിയ്ക്കുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അവരുടെ മട്ടും ഭാവവും കണ്ടിട്ട് എന്തോ ഒരു പന്തികേട് പോലെ..

രണ്ടുപേരുംകൂടി പടിഞ്ഞാറെപ്പുറത്തെ വലിയ കശുമാവിന്റെ താഴെ കരിയിലമാറ്റി കുറെ വാഴയില വെട്ടി നിരത്തിയിട്ടു. കൊമ്പിന്മേന്ന് കൊമ്പിലെയ്ക്ക് വിലങ്ങനെ വല്യൊരു കഴയും കെട്ടി. ദൈവമേ, ചിന്നനെ ഇവിടെയിട്ട് കശാപ്പ് ചെയ്യാനാണോ പരിപാടി?

“ദെന്താ അമ്മേ, ഓറ് ഈടെയിട്ട് പന്നീനെ വെട്ടാന്‍പോവാണോ..?” ഞാന്‍ ദേഷ്യത്തോടെ അമ്മയോട് ചോദിച്ചു.

“ആ..എനിയ്ക്കറീല്ല. വെട്ടുന്നെങ്കില്‍ വെട്ടട്ടെ..!”

ഹോ..! ഈ അമ്മയ്ക്ക്  തീരെ കണ്ണിച്ചോരയില്ലാതായല്ലോ. ഇത്രേം നാളും പോറ്റിവളര്‍ത്തിയ ജന്തുവിനെ കണ്മുന്നിലിട്ട് കൊല്ലുകാന്നു വെച്ചാല്‍..? കുഞ്ഞമ്പുവേട്ടനോട് പോയി പറഞ്ഞാലോ എന്നും കരുതി ഞാന്‍ ചെന്നു. അവിടെയപ്പോള്‍ ഒരുക്കമൊക്കെ പൂര്‍ത്തിയായി. സഹായിച്ചെക്കന്‍ എവിടുന്നോ കുറെ തേക്കില കൊണ്ടുവെച്ചിരിയ്ക്കുന്നു, ഇറച്ചി പൊതിയാന്‍. ഞാന്‍ കണ്ണുപാളി ചിന്നനെ നോക്കി. എന്തോ മനസിലായപോലെ അവന്‍ അസ്വസ്ഥതയോടെ മുറുമ്മിക്കൊണ്ട് ചുറ്റി എളകുന്നു. പാവം...!
വലിയ കശാപ്പ് കത്തിയെടുത്ത് കുഞ്ഞപ്പേട്ടന്‍ രാകിമിനുക്കി.

കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലായ ഞാന്‍ വേഗം വീട്ടിലേയ്ക്ക് പോന്നു. എനിയ്ക്ക് വയ്യ ഇതൊന്നും കാണാന്‍. രയറോത്തിനു പോയേക്കാമെന്നു കരുതി ഞാന്‍ തുണിമാറാന്‍ നോക്കി. അപ്പോള്‍ ചിന്നന്റെ ഉച്ചത്തിലുള്ള പ്രതിഷേധവും കരച്ചിലും കേട്ടു. ജനലിലൂടെ പടിഞ്ഞാറെപ്പുറത്തേയ്ക്ക് പാളി നോക്കി. കുഞ്ഞമ്പുവേട്ടനും ചെക്കനും കൂടി കയറിട്ട് ചിന്നനെ വലിയ്ക്കുകയാണ്, വാഴയില വിരിച്ച സ്ഥലത്തേയ്ക്ക്. അവിടെയാണല്ലോ അവന്റെ കൊലക്കളം.

“ഇതിനെയൊന്നും വളത്തണ്ടായിരുന്നു, ചുമ്മാ ശാപം മേടിയ്ക്കാന്..”

അമ്മ കേള്‍ക്കാനായിട്ട് ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു. അമ്മയ്ക്കൊരു കൂസലുമില്ല. ഒരു ചിരിപോലെ. പെട്ടെന്ന്, പടിഞ്ഞാറെപ്പുറത്തു നിന്ന് “ഠക്ക്” എന്നൊരു ശബ്ദവും ചിന്നന്റെ ദീനമായ കരച്ചിലും കേട്ടു. ഞാന്‍ ചെവി പൊത്തി. പുറത്തേയ്ക്ക് പോകാനായി ഞാന്‍ അടുക്കളവാതിലില്‍ നിന്നിറങ്ങുകയും ചോരയൊലിയ്ക്കുന്ന നെറ്റിയോടെ ദീനമായി കരഞ്ഞുകൊണ്ട് ചിന്നന്‍ ഓടിവന്നതും ഒപ്പമായിരുന്നു. കഴുത്തില്‍ പൊട്ടിയ കയറിന്റെ ബാക്കി..  അവന്‍ എന്റെ കാല്‍ചുവട്ടില്‍ പതുങ്ങി നിന്നു. ചോര അവിടെയൊക്കെ ഇറ്റിറ്റു വീണു. അപ്പോഴേയ്ക്കും  കുഞ്ഞമ്പുവേട്ടനും ചെക്കനും പുറകേ ഓടിവന്നു. അയാളുടെ കൈയില്‍  കോടാലി, അതിന്റെ അറ്റത്ത് ചോര പറ്റിയിരിയ്ക്കുന്നു.

“ആഹാ..പന്നി ഇവിടെ വന്നു നിക്കുവാണോ..പിടിയ്ക്കെടാ അതിനെ..”

കുഞ്ഞമ്പുവേട്ടന്‍ ചെക്കനോട് പറഞ്ഞു. അവന്‍ കുനിഞ്ഞ് ചിന്നന്റെ കഴുത്തില്‍ കിടന്ന മുറിക്കയറില്‍ പിടിച്ചു. ചിന്നന്‍ പ്രാണവേദനയോടെ എന്റെ കാല്‍ചുവട്ടിലേക്ക് വലിഞ്ഞു നിന്നെങ്കിലും രക്ഷയുണ്ടായിരുന്നില്ല. സങ്കടവും കരച്ചിലും എന്റെ നെഞ്ചില്‍ തള്ളിവന്നു. ചിന്നന്റെ നെറ്റിയില്‍ നിന്നൊഴുകിയ ചൂടുചോര എന്നെ പൊള്ളിച്ചു. വിങ്ങലൊതുക്കി ഞാന്‍ വേഗം രയറോത്തേയ്ക്ക് ഇറങ്ങിപ്പോയി.

ഉച്ചകഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയപ്പോള്‍ പടിഞ്ഞാറെപുറത്തെ കശുമാവിന്‍ ചുവട്ടിലേയ്ക്ക് പോയി നോക്കി. വാടിയ വാഴയിലകളില്‍ ചോര ഉണങ്ങിപ്പറ്റിയിരിയ്ക്കുന്നു. അവിടെ മൊത്തം ചോണനുറുമ്പുകള്‍. ചിന്നന്റെ ദീനവിലാപം കാതില്‍ പിന്നെയും പിന്നെയും. എന്റെ കാലിലെന്തോ മുട്ടിയുരുമ്മിയതു പോലെ തോന്നി. താഴെക്കു നോക്കുമ്പോള്‍ ഒന്നുമുണ്ടായിരുന്നില്ല, ചോരത്തുള്ളികള്‍ തെറിച്ചുവീണ കുറെ കരിയിലകളല്ലാതെ.

Saturday 7 May 2011

“കണ്ണൂര്‍ സൈബര്‍ സംഗമം - 2011“- സെപ്തംബറില്‍.

സുഹൃത്തുക്കളെ,
ബ്ലോഗെഴുത്തായും ഫേസ്ബുക്ക്, ഗൂഗിള്‍ ബസ് പോലുള്ള സോഷ്യല്‍ നെറ്റുവര്‍ക്കുകളിലെ മൈക്രോബ്ലോഗിങ്ങായും മലയാളത്തിന്റെ സൈബര്‍പരിധി അനുനിമിഷം വികസിയ്ക്കുകയാണല്ലോ. മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളെക്കാളും പത്രങ്ങളെക്കാളും ചടുലവും ജനാധിപത്യപരവുമായ ചര്‍ച്ചകള്‍ ഇന്ന് സൈബര്‍ ലോകത്താണ് നടക്കുന്നത്. സൌഹൃദങ്ങളായും സംവാദങ്ങളായും  നാം അനേകം പേരെ ഇവിടെ കണ്ടുമുട്ടുന്നു. ഏതാനും അക്ഷരങ്ങളിലും പ്രൊഫൈല്‍ ചിത്രത്തിലുമൊതുങ്ങുന്നു പരസ്പരം നമുക്കുള്ള പരിചയം. പലപ്പോഴും നാമാഗ്രഹിച്ചിട്ടില്ലേ ചിലരെയെങ്കിലും നേരില്‍ കാണണമെന്നും  മുഖാമുഖം സൌഹൃദം പങ്കിടണമെന്നും? അതിന്റെ പൂര്‍ത്തീകരണമെന്നോണം കേരളത്തിലും വെളിയിലുമായി പല സ്ഥലങ്ങളിലും സൈബര്‍ കൂട്ടായ്മകള്‍ സംഘടിപ്പിയ്ക്കപ്പെട്ടു കഴിഞ്ഞിരിയ്ക്കുന്നു. ഇക്കഴിഞ്ഞ “തിരൂര്‍ തുഞ്ചന്‍ പറമ്പ് മീറ്റ്“ വളരെ വിപുലമായ ഒരു സംഗമമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഉത്തര കേരളത്തിലെ ആദ്യത്തെ “സൈബര്‍ സംഗമം“ 2011 സെപ്തംബര്‍ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയില്‍ കണ്ണൂരില്‍ സംഘടിപ്പിയ്ക്കുന്നതിനെപറ്റി ആലോചനയുണ്ടായത്.  ഈ ആലോചനകളും ചര്‍ച്ചകളും സമന്വയിപ്പിച്ച്, ഒരു സംഘാടക സമിതി രൂപീകരിക്കാനും പരമാവധി പങ്കാളിത്തം ഉറപ്പാക്കാനും വേണ്ട നടപടികള്‍ക്ക് ആരംഭം കുറിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ബ്ലോഗെഴുത്തുകാര്‍, ഫേസ്ബുക്ക് - കൂട്ടം - ഗൂഗിള്‍ ബസ് - ഓര്‍ക്കുട്ട് - മറ്റു കമ്യൂണിറ്റി നെറ്റ്‌വര്‍ക്കുകള്‍  തുടങ്ങിയവയിലെ എഴുത്തുകാര്‍, ബ്ലോഗ് വായനക്കാര്‍ ഇവര്‍ക്കെല്ലാം ഒത്തുചേരാനുള്ള ഒരു അവസരമാണ് ഉദ്ദേശിയ്ക്കുന്നത്. ചൂടുപിടിച്ച ചര്‍ച്ചകളൊ പ്രഖ്യാപനങ്ങളോ ഒന്നും ഇതിന്റെ ലക്ഷ്യമല്ല. സൌഹൃദം പങ്കുവെയ്ക്കല്‍ മാത്രം. മുഖ്യമായും കണ്ണൂര്‍ ജില്ലക്കാരുടെ പങ്കാളിത്തമാണ് ലക്ഷ്യമെങ്കിലും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള എല്ലാവരും - പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലക്കാര്‍ - തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവെയ്ക്കണമെന്ന് അപേക്ഷിയ്ക്കുന്നു.
ഈ പോസ്റ്റിന്റെ ഫേസ്ബുക്ക് ത്രെഡ്: ഇവിടെ ക്ലിക്കുക

Thursday 5 May 2011

സമദൂരം.....

“നമസ്കാരം സാര്‍..”

"അല്ലാ ഇതാരൊക്കെയാ വന്നിരിക്കണേ, പത്രക്കാരാ..?വര്വാ..ഇരിക്ക്യാ..“

"സാറാണല്ലോ ഇപ്പോ നായര്‍ സംഹാര സൊസൈറ്റിയുടെ താല്‍ക്കാലിക കാര്യക്കാരന്‍. എന്തുപറയുന്നു പുതിയ കാര്യസ്ഥപണിയെ പറ്റി..?”

“ഹൈ..അതിനു ഇവിടെ കയറിയേപ്പിന്നെ എന്തെങ്കിലുമൊരു കോളൊത്തിട്ടു വേണ്ടെ നാട്ടാര് നമ്മളെപറ്റി അറിയാന്‍..!”

“എന്നാല്‍ ഇന്നു തന്നെ ആയിക്കളയാം സാര്‍. ഇക്കഴിഞ്ഞ ഇലക്ഷനില്‍ നായര്‍ സംഹാര സൊസൈറ്റീടെ നിലപാടെന്തായിരുന്നു..?”

“ഹതോ..പറയാം. ഇതാരെങ്കിലുമൊന്നു ചോദിയ്ക്കാന്‍ ഞാന്‍ നോക്കിയിരിക്ക്യാരുന്നു. അയാളൊണ്ടല്ലോ ആ കോപ്പന്‍, വൃത്തികെട്ടവന്‍, കൊള്ളരുതാത്ത ആ പിന്നോക്കക്കാരന്‍‍, മുഖ്യമന്ത്രീന്നും പറഞ്ഞ് ഞെളിഞ്ഞിരിയ്ക്കുന്നവന്‍, അയാളെ തോല്‍പ്പിയ്ക്കാന്‍ വേണ്ടിയാ ഇത്തവണ ഞങ്ങള് പണിയെടുത്തത്..”

“ഒരു മുഖ്യമന്ത്രിയെ, അതും വയോധികനായ ഒരാളെക്കുറിച്ച് ഇങ്ങനെ പറയാമോ സര്‍..”

“ഫൂ..! ഒരു മുക്കിയമന്ത്രി..അയാളെ എന്തിനു കൊള്ളാടോ..അയാള്‍ക്കു സംസ്കാരമുണ്ടോ,, ജനാധിപത്യ ബോധമുണ്ടോ..കൊജ്ഞാണന്‍...ഏഭ്യന്‍.”

“സര്‍ ഇങ്ങനെയൊക്കെ പറയുന്നത് സംസ്കാരമാണോ..?”

“പിന്നെങ്ങനെ പറയണോടോ.. പണ്ട്  ഞങ്ങള് ജന്മിമാര് ഇവന്റെയൊക്കെ തന്തമാരോട് ഇങ്ങനെയൊന്നുമല്ല പറഞ്ഞിരുന്നത്.. വല്ല തെങ്ങിലും പിടിച്ചുകെട്ടി നല്ല പൂശു പൂശീട്ടേ പറച്ചിലുണ്ടായിരുന്നുള്ളു..”

“ആ കാലമൊക്കെ പോയില്ലേ സാര്‍. ഇപ്പോ ജനാധിപത്യമല്ലേ..?”

“അതല്ലേ എവനൊക്കെ കെടന്നു നെറിയ്ക്കുന്നേ..!”

“സാര്‍ ഇലക്ഷനില്‍ നിങ്ങള്‍ സമദൂരം പാലിയ്ക്കും എന്നല്ലേ പറഞ്ഞത്..?”

“അതേല്ലോ സമദൂരമാണല്ലോ..”

“അപ്പോള്‍ ഇവരെ തോല്‍പ്പിയ്ക്കാന്‍ പണിയെടുത്തൂന്നു പറയുന്നതോ..?

“ഹ ഹ.. അതു തെളിയിച്ചു തരാം. ആരവിടെ, ഒരു ടേപ്പ് കൊണ്ട്വരൂ...”

“റാന്‍..ഇതാ ടേപ്പ്..”

“ദാ..എന്റെ കസേരേടെ ചുവട്ടീന്ന് ആ പുറകില്‍ ഇടതുവശത്തിരിയ്ക്കുന്ന ആളിന്റെ അങ്ങോട്ട് എത്ര അടിയുണ്ടെന്ന് അളക്കൂ..”

“റാന്‍.. ഇരുപത് അടിയുണ്ട് തമ്പ്രാ..”

“ഇനി അവിടുന്ന് കൃത്യം എന്റെ കസേരേടെ ചുവടുവരെ എത്രയാന്നു നോക്കൂ..”

“റാന്‍... അതും ഇരുപത് അടി തന്നെ തമ്പ്രാ..”

“ഇനി ഇവിടുന്ന് വലതു വശത്ത് മുന്‍പിലിരിയ്ക്കുന്ന ആളിന്റെ അടുത്തേയ്ക്ക് അളക്കൂ..”

“റാന്‍... പത്ത് അടി തമ്പ്രാ..”

“ഇനി അവിടുന്ന് തിരിച്ച് ഇങ്ങോട്ടും നോക്കൂ..”

“റാന്‍.. കൃത്യം പത്തു തന്നെ തമ്പ്രാ..”

“ഇപ്പോ സംശയം മാറീല്ലേ.. രണ്ടും സമദൂരമല്ലേ..? ഇതു തന്നെ ഞങ്ങടേം സമദൂരം..”

Monday 2 May 2011

കുമരകത്തൊരു ഒഴിവുകാലം. - (അവസാനഭാഗം)

കുമരകത്തൊരു ഒഴിവുകാലം. - (അവസാനഭാഗം)

കൌണ്ടറില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു.

“പക്ഷിസങ്കേതത്തിലേയ്ക്ക് മൂന്ന് പാസ്..” ഞാന്‍ ചേട്ടനോട് പറഞ്ഞു.

“പാസ് തരാം. പക്ഷിയൊന്നും ഇല്ല കേട്ടോ.. ഇപ്പോള്‍ സീസണല്ല. വഴക്കിനു വരരുത്..” അങ്ങേര് മുന്‍‌കൂര്‍ ജാമ്യം എടുത്തു.

“സാരമില്ല, എല്ലായിടവും നടന്നു കാണാമല്ലോ..”

ഞങ്ങള്‍ പാസ് വാങ്ങി. മുന്നോട്ട് നടക്കുമ്പോള്‍ വഴിയിലെ കനാലിന്റെ ഓരത്ത് കെട്ടിയ അസാധാരണമായ ഒരു മതില്‍ കണ്ടു. പ്രത്യേകത എന്താണെന്നു വെച്ചാല്‍, മതില്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത് ബീയര്‍ കുപ്പികള്‍ അടുക്കിവെച്ചാണ്.  ആ കൈവിരുതിനെ നമിച്ചേ പറ്റൂ. കനാലില്‍ വീണുകിടക്കുന്ന തെങ്ങിന്‍ തടിയില്‍ മൂന്നാല് ആമകളും ഒരു നീര്‍ക്കാക്കയും ഒരുമയോടെ വെയില്‍ കൊള്ളുന്നു.

അല്പം കൂടി മുന്നോട്ട് പോയി ഞങ്ങള്‍ സാംക്ച്വറിയിലേയ്ക്ക് പ്രവേശിച്ചു. ഹരിതകാഴ്ചകളുടെ ഒരു മായാലോകം. തികച്ചും വന്യഭൂമി. തൊട്ടുമുന്നില്‍ ചെറിയൊരു തടാകം പോലുള്ള വെള്ളക്കെട്ടാ‍കെ തിളങ്ങുന്ന ആഫ്രിക്കന്‍ പായല്‍ മൂടികിടക്കുന്നു, പച്ച കാര്‍പറ്റ് വിരിച്ചതു പോലെ. ചെറിയ നടപ്പാതയുണ്ട് ഈ വനത്തിലൂടെ. ചുറ്റും വിവിധ മരങ്ങളും ചെടികളും പുല്ലുകളും ചുറ്റുപിണഞ്ഞ വള്ളിച്ചെടികളും. അവയ്ക്കെല്ലാമിടയില്‍ സിരാപടലം പോലെ കൊച്ചുകൊച്ച് കൈത്തോടുകള്‍. അധികവും ആഫ്രിക്കന്‍ പായലിന്റെ പച്ചയില്‍ മൂടിയവ‍. ഞങ്ങള്‍ തോട്ടിലേയ്ക്കെത്തി നോക്കുമ്പോള്‍ കരയില്‍ നിന്നും ആമകള്‍ വെള്ളത്തിലേയ്ക്ക് ചാടി മറഞ്ഞു. 
അവിടമാകെ സെന്‍‌ട്രലൈസ്ഡ് എ.സി.യിട്ടതു പോലുള്ള തണുപ്പാണ്, ആ ഉച്ചനേരത്തും. ഒരു വള്ളിക്കൂട്ടത്തിനടുത്ത് അനക്കം കണ്ട് എത്തിനോക്കിയപ്പോള്‍ അവിടെ രണ്ട് യുവമിഥുനങ്ങള്‍ ഹൃദയം കൈമാറുന്നു. കണ്ടിട്ട് വിദ്യാര്‍ത്ഥികളെ പോലെയുണ്ട്. ഏതായാലും അവരുടെ സ്വര്‍ഗത്തില്‍ കട്ടുറുമ്പാകാതെ ഞങ്ങള്‍ വഴിമാറി പോന്നു.

പൊതുവേ തികഞ്ഞ വിജനതയും പ്രശാന്തതയും. അതിനെ ഭഞ്ജിയ്ക്കാന്‍ ഉണ്ണിയുടെയും ശ്രീക്കുട്ടിയുടെയും ഉച്ചത്തിലുള്ള ചിരിയും ബഹളവും മാത്രം. കെട്ടഴിച്ചുവിട്ട പട്ടങ്ങള്‍ പോലെ മക്കള്‍ അതിലെയും ഇതിലെയുമൊക്കെ ഓടി. വഴിയിലേയ്ക്കു ചാഞ്ഞുകിടക്കുന്ന വലിയ കാട്ടുവള്ളികള്‍ കണ്ടനേരം അവര്‍ക്കതില്‍ തൂങ്ങിയാടാതിരിയ്ക്കാനായില്ല. തോടിനു കുറുകെയുള്ള ചെറുപാലം കടന്ന്  ചെന്നപ്പോള്‍ ഗാര്‍ഡുകളുടെ ചെറിയൊരു ക്യാബിന്‍. അവരോടല്പം കുശലം പറഞ്ഞ് വീണ്ടും മുന്നോട്ട്. നദിയില്‍ നിന്നു കയറിവരുന്ന ചെറിയൊരു കൈവഴിയുണ്ട് അവിടെ. അതിനക്കരെ ചെറിയ വീടുകള്‍ . മുള്ളുവേലികൊണ്ട് കെട്ടിത്തിരിച്ചിട്ടുണ്ട് അവിടെയെല്ലാം. തോട്ടില്‍ ചെറിയ വള്ളവുമായി രണ്ടു ചേട്ടന്മാര്‍ സഞ്ചാരികളെ കാത്തിരിയ്ക്കുന്നു. ചെറിയ തുകയ്ക്ക് നദിയിലൂടെ വേണമെങ്കില്‍ ഒരു ജലസവാരി ആകാം. ബോട്ട് യാത്ര കഴിഞ്ഞതു കൊണ്ട് ആ ഓഫര്‍ ഒരു ചിരിയോടെ നിരസിച്ചു.
അല്പം കഴിഞ്ഞതോടെ നദീതീരമായി. നേരത്തെ ബോട്ടില്‍ നിന്നു കണ്ട ചരിഞ്ഞ തെങ്ങിന്റെ ചുവടു കണ്ടു. പക്ഷി സങ്കേതത്തിനകത്ത് ഒരു നിരീക്ഷണ ടവര്‍ ഉണ്ട്. അതില്‍ കയറണമെങ്കില്‍ ചെറിയൊരു ചതുപ്പിനു കുറുകെ കടന്ന് ഉള്ളിലെത്തണം. കുട്ടികളെയും സ്ത്രീകളെയും കൂട്ടി അങ്ങോട്ടുള്ള പോക്കത്ര സുരക്ഷിതമല്ലാത്തതിനാല്‍ അതു വേണ്ടാ എന്നു വെച്ചു.

നടപ്പാതയാകെ കോണ്‍‌ക്രീറ്റ് ടൈലുകള്‍ പാകിയിട്ടുണ്ട്. അവയ്ക്കുമേല്‍ കൊഴിഞ്ഞ ഇലകളുടെ സമൃദ്ധി. ഇടയ്ക്കിടെ ആര്‍ത്തു തഴച്ചു നില്‍ക്കുന്ന ഞാങ്ങണക്കൂട്ടങ്ങളും വള്ളിക്കൂട്ടങ്ങളും. ഇവയ്ക്കിടയിലാണ് ദേശാടനപക്ഷികള്‍ കൂടുകൂട്ടാറുള്ളത്. ഇവിടെ എത്തുന്ന പ്രാധാന പക്ഷി “പാതിരാകൊക്ക്“ അഥവാ “സൈബീരിയന്‍ കൊക്ക്“ ആണ്. കൂടാതെ എരണ്ടയും മറ്റും എത്താറുണ്ട്. തണുപ്പു കാലത്ത് സൈബീരിയയില്‍ നിന്നും ഇവിടെയെത്തി കൂടുകെട്ടി മുട്ടയിട്ട് കുഞ്ഞുങ്ങള്‍ പറക്കമുറ്റിയ ശേഷമാണത്രെ അവ തിരികെ പോകുന്നത്. എന്തായാലും ഇനിയൊരിക്കല്‍ സീസണ്‍ കാലത്ത് വരണമെന്ന് ഉറപ്പിച്ചു.
നടന്ന് നടന്ന് ഞങ്ങള്‍ ഒരു മുനമ്പിലെത്തി. ഇവിടെ കായലും നദിയും സംഗമിയ്ക്കുന്നു. എന്റെ കൌമാരകാലത്ത് ഞാനും ഒരു സുഹൃത്തും ഈ മുനമ്പില്‍ വന്നിട്ടുണ്ട്. അന്നിവിടെ ടൂറിസ്റ്റ് കോമ്പ്ലക്സ് ഒന്നുമില്ല. ആര്‍ക്കും സ്വതന്ത്രമായി ഇതിലെ സഞ്ചരിയ്ക്കാം. ഈ മുനമ്പില്‍ അന്ന് വേരുകള്‍ കെട്ടിപ്പിണഞ്ഞ വലിയൊരു മരമുണ്ടായിരുന്നു. ആ വേരിന്‍‌കൂട്ടത്തില്‍ ഇരുന്നാല്‍ ദൂരെ കായലില്‍  പായ കെട്ടിയ കെട്ടുവള്ളങ്ങള്‍ ചരക്കുമായി മെല്ലെ നീങ്ങിപ്പോകുന്നതു കാണാം. അപ്പോള്‍ അറിയാതൊരു വിരഹഗാനം ചുണ്ടിലെത്തി, അന്നെന്റെ ഹൃദയത്തില്‍ കൂടുകെട്ടിയിരുന്ന പ്രണയിനിയെ ഓര്‍ത്ത്. കുളിര്‍ത്ത കായല്‍കാറ്റ് ഒരു പക്ഷെ അത് അവളുടെ കാതിലെത്തിച്ചിരിയ്ക്കാം. ആരായാലും ആഗ്രഹിയ്ക്കും, പ്രിയതമയോടൊത്ത് അവിടെ, ആ കായല്‍ തീരത്ത്, ദൂരെ കണ്ണുംനട്ടിരിയ്ക്കാന്‍. അന്ന് ഞാനും സുഹൃത്തും  ഇവിടെ കായലില്‍ ഇറങ്ങി കുളിയ്ക്കുകയും ചെയ്തു. നല്ല മണല്‍പ്പരപ്പാണ് കായല്‍ തട്ടില്‍. കുറേദൂരം ഉള്ളോട്ടു പോയാലും തലമൂടുകയില്ല. എന്നാല്‍ കാലില്‍ ചുറ്റുന്ന ചില ജലസസ്യങ്ങള്‍ ഉണ്ടാകും. അതിലെങ്ങാനും കുടുങ്ങിയാല്‍ മിനക്കേടാണ്. ഞാന്‍ അതെല്ലാം ഓര്‍ത്ത് അല്പനേരം അവിടെ നിന്നു.
ബസ്സ്റ്റോപ്പില്‍ ഒരു അമ്മച്ചി നിലക്കടല വറുക്കുന്നു. എല്ലാവര്‍ക്കും ഓരോ പൊതി മേടിച്ചു. അതും കൊറിച്ച് നില്‍ക്കേ ചുറ്റുപടുമൊന്ന് കണ്ണോടിച്ചു. ആകെ വൃത്തിഹീനമായ പരിസരങ്ങള്‍. നന്നായി കെട്ടിപ്പൊക്കിയ വീടുകളുടെ ഒക്കെ മു‌വശത്ത്, മലിനജലക്കുഴികള്‍. അവ നിറയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ശുചിത്വബോധമുള്ള ആര്‍ക്കും കണ്ടാല്‍ അറപ്പുവരും ഇതൊക്കെ. നാട്ടുകാര്‍ക്ക് നിത്യപരിചിതമായതുകൊണ്ടാവാം ഇതൊന്നും ഒരു വിഷയമായിട്ടു പോലും തോന്നാത്തത്.

അടുത്ത ബസില്‍ ഞങ്ങള്‍ ചെങ്ങളത്തെത്തി. തോട്ടിറമ്പിലൂടെ വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ സാര്‍ത്ഥകമായ ഒരു ദിവസത്തിന്റെ സംതൃപ്തിയായിരുന്നു മനസാകെ. അടുത്ത രണ്ടുദിവസങ്ങളില്‍ കുമ്മനം, വല്യാട്, ആര്‍പ്പൂക്കര അങ്ങനെ സമീപ പ്രദേശങ്ങളിലുള്ള കുഞ്ഞമ്മമാരുടെയെല്ലാം വീടുകളില്‍ ഒരോട്ടപ്രദക്ഷിണം നടത്തി. പിന്നെയും പോകാന്‍ ഒട്ടേറെ സ്ഥലങ്ങള്‍ ബാക്കിയുണ്ടായിരുന്നെങ്കിലും സമയസമ്മര്‍ദം അതിനനുവദിച്ചില്ല. തിരികെ കണ്ണൂര്‍ക്കുള്ള വണ്ടിയിലിരിയ്ക്കുമ്പോള്‍ വേമ്പനാട്ടുകായലിന്റെ ശുദ്ധസൌന്ദര്യം അതിന്റെ എല്ലാ ശാലീനതയോടും കൂടി തിരികെ വിളിയ്ക്കുന്നുണ്ടായിരുന്നു.

(അവസാനിച്ചു)
കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ പോകുക