പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 26 March 2011

തെണ്ടിപുരാണം.

ആദിയില്‍ ഈ ഭൂമിയും ഇവിടുത്തെ വിഭവങ്ങളും എല്ലാവര്‍ക്കും ഒരേ പോലെ അവകാശമുള്ളതായിരുന്നു. ഓരോരുത്തര്‍ക്കും വേണ്ടതെല്ലാം  എടുക്കാം, ഉപയോഗിയ്ക്കാം, അധ്വാനിച്ചാല്‍ മാത്രം മതി. ബുദ്ധിയും കഴിവും ഓരോരുത്തര്‍ക്കും വ്യത്യസ്ഥ അളവിലായതിനാല്‍ മിടുക്കന്മാര്‍ കാലക്രമേണ  മുന്നിലെത്തുകയും മറ്റുള്ളവരെ തനിയ്ക്കു വേണ്ടി പണിയെടുപ്പിക്കാന്‍ തക്കവണ്ണം സമൂഹത്തെ ആക്കി തീര്‍ക്കുകയും ചെയ്തു. അങ്ങനെ ലോകത്ത് വിഭവ വിതരണം അസന്തുലിതമായി. ഉള്ളവനും ഇല്ലാത്തവനും ഉണ്ടായി. ഉള്ളവന്‍ മുതലാളിയും ഇല്ലാത്തവന്‍ ദരിദ്രനും ആയി. അവര്‍ തമ്മിലുള്ള സംഘര്‍ഷം തുടര്‍ന്നു കൊണ്ടേയിരിയ്ക്കുന്നു. ശുദ്ധ കമ്യൂണിസമാണീപ്പറഞ്ഞു വച്ചത്. ഈ രണ്ടുകൂട്ടരെയും എവിടെ നോക്കിയാലും കാണാം. ദരിദ്രന്മാരില്‍  കിടപ്പാടമില്ലാത്തവര്‍ ജീവിയ്ക്കാന്‍ തെരുവിലിറങ്ങേണ്ടി വരുന്നു. മറ്റു തൊഴിലൊന്നും ചെയ്യാന്‍ ആവതില്ലാതാകുമ്പോള്‍ അവര്‍ നമ്മുടെ മുന്‍പില്‍ കൈനീട്ടും, അപ്പോള്‍ അവരെ നാം ഭിക്ഷക്കാരെന്നോ പിച്ചക്കാരെന്നോ പച്ചമലയാളത്തില്‍ തെണ്ടികളെന്നോ വിളിയ്ക്കുന്നു.

ആധുനിക കാലത്ത് തെണ്ടികളുടെ നിര്‍വചനം വല്ലാതെ മാറിയിട്ടുണ്ട്. തെണ്ടല്‍ ഒരു തൊഴിലായി സ്വീകരിച്ചവരെയെല്ലാം തെണ്ടികളെന്നു വിളിയ്ക്കാവുന്നതാണ്. നമ്മുടെ ജീവിതത്തില്‍ എന്നും പല ഇനം തെണ്ടികളെ കണ്ടുകൊണ്ടിരിയ്ക്കുന്നു.

നിവൃത്തികേടു കൊണ്ടു തെണ്ടികളാകുന്നവരാണ് ആദ്യ ഇനം. അംഗവൈകല്യം, രോഗങ്ങള്‍, വാര്‍ധക്യം, അനാഥത്വം ഇങ്ങനെ വിവിധ അവസ്ഥകളില്‍ മനുഷ്യന്‍ ഇമ്മാതിരി ആയിപ്പോകും. തീര്‍ച്ചയായും നമ്മുടെ കാരുണ്യവും ശ്രദ്ധയും അര്‍ഹിയ്ക്കുന്നു ഇവര്‍. സഹതാപം എന്നതിനപ്പുറം സഹജീവിസ്നേഹമാണ് നാം ഇവരോട് പുലര്‍ത്തേണ്ടത്. ജീവിത സൌഭാഗ്യങ്ങളാല്‍ അനുഗ്രഹിയ്ക്കപ്പെട്ടവരെന്ന നിലയില്‍ അത് നമ്മുടെയെല്ലാം കടമയുമാണ്. ഇവരെ ധര്‍മ്മക്കാര്‍ എന്നോ ധര്‍മ്മാര്‍ത്ഥികള്‍ എന്നോ വിളിയ്ക്കാം.

എന്നാല്‍ ധര്‍മ്മക്കാരോടുള്ള സമൂഹത്തിന്റെ സഹാനുഭൂതി ചൂഷണം ചെയ്യുന്ന മറ്റൊരു കൂട്ടരുണ്ട്. ഇല്ലാത്ത അവശത അഭിനയിച്ച്, മറ്റുള്ളവരെ പറ്റിച്ച് ജീവിയ്ക്കുന്നവര്‍. നല്ല വരുമാനമുള്ളതു കൊണ്ട് ഇപ്പരിപാടി തൊഴിലാക്കിയവരാണ് ഇക്കൂട്ടര്‍. ഇവരെ തെണ്ടികള്‍ എന്നു വിളിയ്ക്കുന്നതില്‍ തെറ്റില്ല.

ഞാന്‍ കണ്ണൂരു പഠിയ്ക്കുന്ന കാലത്ത് തളിപ്പറമ്പ് സ്റ്റാന്‍ഡില്‍ ഒരു സ്ഥിരം “തെണ്ടല്‍ തൊഴിലാളി” ഉണ്ടായിരുന്നു. തന്റെ കണ്ണ് കാണുന്നില്ല എന്നാണ് അയാള്‍ പറയുക. കൂടെ ഒരു കൊച്ച് പെണ്‍കുട്ടിയും ഉണ്ടാകും. മിക്കവരും അയാള്‍ക്ക് കാശ് കൊടുക്കും. ഒരു ദിവസം ഞാന്‍ ടൌണിലെ ഒരു ഹോട്ടലില്‍ ചായകുടിയ്ക്കാന്‍ കയറിയപ്പോള്‍ ഇയാളുണ്ടവിടെ. ബ്രൂ കോഫിയും പൊറോട്ടയും ബീഫുമാണ് മുന്നില്‍. നമ്മള്‍ വെറും ചായയും കടിയും. “പിച്ചക്കാരനായതു കൊണ്ട് അയാള്‍ക്ക്  ബ്രൂ കാപ്പിയും പൊറോട്ടയും ബീഫുമടിച്ചു കൂടെന്നുണ്ടോ” എന്നു ചോദിച്ചാല്‍ ഞാന്‍ തെണ്ടിപ്പോകുകയേ ഉള്ളു. പക്ഷേ അന്ന് ചായയ്ക്ക് രണ്ടു രൂപയും ബ്രൂ കോഫിയ്ക്ക് നാലു രൂപയുമാണ് വിലയെന്നോര്‍ക്കണം. സാമാന്യം കാശുകാരു മാത്രമേ മേല്‍ ഡിഷസ് കഴിയ്ക്കാറുള്ളൂ.

തളിപ്പറമ്പില്‍ തന്നെ, ഇഴഞ്ഞു നടന്നു ഭിക്ഷയെടുക്കുന്ന ഒരു സ്ത്രീയുണ്ട് അന്ന്. മിക്കവാറും എല്ലാവരും അവരെ സഹായിയ്ക്കും. പിന്നീട് അവര്‍ മരണപെട്ടപ്പോള്‍ കൈയിലെ പൊതിക്കെട്ടില്‍ നിന്ന് പതിമൂവായിരം രൂപയാണ് കിട്ടിയത്!! നാട്ടില്‍ പത്തോ പതിനഞ്ചോ സെന്റ് സ്ഥലവും മേടിച്ചിരുന്നു. അന്ന് അരി  കിലോയ്ക്ക് ആറ് രൂപ.
എന്തായാലും അവരെ ഞാന്‍ ധര്‍മ്മക്കാരിയായിട്ടേ കൂട്ടുന്നുള്ളു.

ഇനിയൊരു കൂട്ടര്‍ അച്ചടിവിദ്യ ഉപയോഗിച്ചാണ് പിച്ചയെടുക്കല്‍. ബസില്‍ മാത്രമേ ഈ പരിപാടിയുള്ളു. സീറ്റിലിരിയ്ക്കുന്നവരുടെ മടിയിലേയ്ക്ക് ഇവര്‍ ഒരു കാര്‍ഡ് എറിഞ്ഞിട്ട് പോകും. വീട്ടില്‍ അച്ഛന്‍ കിടപ്പിലാണ്, അമ്മയ്ക്ക് വലിവാണ്, പെങ്ങളെ കെട്ടിയ്ക്കാനുണ്ട് ഇങ്ങനെ പല ആവലാതികളും അതിലുണ്ടാകും. വിതരണം കഴിഞ്ഞ് അല്പസമയത്തിനകം വന്ന്‍ കാര്‍ഡ് തിരികെയെടുക്കും. ചിലര്‍ എന്തെങ്കിലും ഒപ്പം കൊടുക്കും. കിട്ടിയാലുമില്ലെങ്കിലും അവര്‍ നിശബ്ദരായി ഇറങ്ങി പൊയ്ക്കോളും. വാക്കുകളുടെ ഉപയോഗം ഈ പരിപാടിയില്‍ ഒട്ടും തന്നെയില്ല. “അമ്മാ, വല്ലതും തരണേ” രീതിയേക്കാള്‍ കുറച്ചു കൂടി “മാന്യ“വുമാണ്.

ഒരിയ്ക്കല്‍ കണ്ണൂര്‍ സ്റ്റാന്‍ഡില്‍ ബസിലിരിയ്ക്കുമ്പോള്‍  ഒരു യുവതി ഇതു പോലെ വന്ന് കാര്‍ഡ് മടിയിലിട്ടു. വീട്ടില്‍ മൂത്ത രണ്ടു സഹോദരിമാര്‍ ഉണ്ടെന്നും അവരുടെ വിവാഹത്തിനായി സഹായിയ്ക്കണമെന്നുമാണ് കാര്‍ഡിലുള്ളത്. പെണ്ണ് കാര്‍ഡ് തിരികെയെടുക്കാന്‍ വന്നു.  കൈനീട്ടിയപ്പോള്‍ എന്റെ അടുത്തിരുന്ന യുവാവ് പറഞ്ഞു:

“ഞാന്‍ കുറച്ച് ചില്ലറ തന്നിട്ട് എന്താകാനാ.. ഒരു ചേച്ചിയെ ഞാന്‍ കെട്ടിക്കോളാം..”. അവള്‍ ഒന്നു രൂക്ഷമായി നോക്കിയിട്ട് കാര്‍ഡുകളും പെറുക്കി സ്ഥലം വിട്ടു.

ഇനി മറ്റൊരു കൂട്ടര്‍. അവര്‍ ബസില്‍ വന്നിട്ട് ആദ്യം ഷര്‍ട്ടൂരും. പിന്നെ ശരീരത്തിലെ വടുക്കളോ, “ക്ണേ”ന്നിരിയ്ക്കുന്ന കൈയോ കാണിച്ചിട്ട്, വലിയ ഒരു ഓപ്പറേഷന്‍ ചെയ്യാനുണ്ടെന്നും അതിനു സഹായിയ്ക്കണമെന്നും പറയും. ചിലരൊക്കെ ഇതില്‍ വീഴും, എന്തെങ്കിലുമൊക്കെ കൊടുക്കും. എന്നാല്‍ പുറത്തേയ്ക്ക്  മാറിക്കഴിയുമ്പോള്‍ രോഗിയ്ക്ക് അസുഖമെല്ലാം ഭേദമാകും.

ഇതൊക്കെ നാടന്‍ ഇനങ്ങളാണ്. ഇതല്ലാതെ തമിഴ്നാട്ടില്‍ നിന്നും മറ്റും വലിയ ഭിക്ഷാടന മാഫിയ ഇറക്കുമതി ചെയ്യുന്ന കൂട്ടരുണ്ട്. വലിയ സംഘമാണിവര്‍. അത്യാവശ്യം മേക്കപ്പൊക്കെ ഇട്ട് പരമാവധി, ദൈന്യത തോന്നിയ്ക്കാന്‍ പാകത്തിലാക്കിയാണ് ഇവറ്റകളെ ഫീല്‍ഡിലിറക്കുന്നത്. പ്രൊഫഷണല്‍ തെണ്ടികളായ ഇവര്‍ ഒന്നും കൊടുക്കാത്തവരെ ചീത്തവിളിയ്ക്കാന്‍ ഒട്ടും മടിയ്ക്കില്ല. വീടുകളില്‍ വരുമ്പോള്‍ കണ്ണു തെറ്റിയാല്‍ കിട്ടുന്നത് കൊണ്ടുപോകും.  പല ടൌണുകളിലും ഇവര്‍ക്ക് ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. അന്ന്  ഒരു പാത്രത്തില്‍ കുറേ ചില്ലറ പുറത്തു വച്ചിരിയ്ക്കും. ഓരോരുത്തര്‍ വന്ന് അതില്‍ നിന്ന് ഓരോ ചില്ലറ  എടുത്തുകൊള്ളൂം. എന്നാല്‍ കടയുടമയുടെ കണ്ണുതെറ്റിയാല്‍ പാത്രമടക്കം അടിച്ചുമാറ്റുമെന്നു മാത്രം.

ആലക്കോട്ട് സ്ഥിരം തമിഴ് പിച്ചക്കാര്‍ താമസമുണ്ടായിരുന്നു. ടൌണിലെ ഒരു റസ്റ്റോറന്റിലാണ് അവരുടെ അക്കൌണ്ട്. എന്നും തെണ്ടിക്കിട്ടുന്ന കാശ് അവിടെ ഏല്‍പ്പിയ്ക്കും. പിന്നെ പൊങ്കല്‍ ആകുമ്പോള്‍ കണക്ക് തീര്‍ത്ത് ഒന്നാകെ മേടിച്ച് നാട്ടിലേയ്ക്ക് ആഘോഷമായി പോകും. പ്രവാസികള്‍ നാട്ടില്‍ പോകുമ്പോലെ.

ഇവരെല്ലാം തന്നെ  “ഭിക്ഷക്കാരായി“ തന്നെയാണ് നമ്മെ സമീപിയ്ക്കുന്നത്. നമ്മുടെ സഹാനുഭൂതിയെയാണിവര്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ വേറൊരു വിഭാഗം ഭക്തിയെയാണ് ചൂഷണം ചെയ്യുക. പല സിനിമകളിലും കണ്ടിട്ടുള്ളതു പോലെ, ഹിന്ദുവിന്റെ വീട്ടില്‍ പളനിയ്ക്കു പോകാനും കൃസ്ത്യാനിയുടെ വീട്ടില്‍ വേളാങ്കണ്ണിയ്ക്കു പോകാനും മുസ്ലീമിന്റെ വീട്ടില്‍ അജ്മീറിനു പോകാനും സഹായം ചോദിച്ച് ഒരേ ആള്‍ തന്നെ വരും.

പറശ്ശിനിക്കടവ് അമ്പലത്തില്‍ പോയാല്‍ രണ്ടു തരം തെണ്ടല്‍ക്കാരെ കാണാം. ഒരു കൂട്ടര്‍ മുകളില്‍ പറഞ്ഞ ഭിക്ഷക്കാര്‍ തന്നെ. മറ്റേക്കൂട്ടര്‍ ഭിക്ഷക്കാരാണെന്ന് സമ്മതിയ്ക്കില്ല. അവര്‍ ഏതൊക്കെയോ അമ്പലക്കമ്മിറ്റി ക്കാരാണു പോലും. കൈയില്‍ ഒരു കെട്ട് കൂപ്പണ്‍ കാണും. പത്ത് രൂപയുടെ. നമ്മളെ കണ്ടാല്‍ ഒന്നും പറയാതെ കൂപ്പണ്‍ കൈയിലേയ്ക്ക് തരും. അമ്പലം പുതുക്കിപ്പണിയാനുള്ള പിരിവത്രെ..!  ഇക്കൂട്ടരില്‍ യുവതികളും യുവാക്കളുമൊക്കെ -യുണ്ട്. ചുരുങ്ങിയത് നാലഞ്ച് അമ്പലങ്ങളുടെ പുതുക്കിപണിയല്‍ ഏതു സമയവും ഉണ്ടാകും. ആയിരക്കണക്കിന് ഭക്തര്‍ ദിനം തോറും വരുന്ന അമ്പലനടയില്‍ നിന്ന് നൂറോ ഇരുനോറോ  പേരെ വലയില്‍ വീഴിയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. ഇതേ പോലെ പള്ളി നിര്‍മാണം, അനാഥാലയ നിര്‍മ്മാണം എന്നിങ്ങനെ പലപേരില്‍ കുറിപ്പടിക്കാരുണ്ട് മിക്കയിടത്തും. ഇവരാരും സ്വന്തം നാട്ടില്‍ പിരിവ് നടത്താറില്ല.

ഇനിയുള്ളത്, നിങ്ങള്‍ വിചാരിച്ച കൂട്ടര്‍ തന്നെ. രാഷ്ട്രീയ പിരിവുകാര്‍. ചെലവുകാശ് പോക്കറ്റില്‍ നിന്നെടുത്ത്, സത്യസന്ധമായി പിരിവെടുക്കുന്ന അനേകം രാഷ്ട്രീയക്കാരെ എനിയ്ക്കറിയാം. അവരെക്കുറിച്ചല്ല ഈ പറയുന്നത്. എന്തിന്റെയെങ്കിലും പേരില്‍ കുറെ രസീത് കുറ്റിയുമടിച്ച് പിരിവിനിറങ്ങുന്ന ഒരു കൂട്ടം രാഷ്ട്രീയക്കാരുണ്ട്, ഒന്നാന്തരം തെണ്ടികള്‍. അവരെപറ്റി മാത്രം.

ഇനി ഈ ഷോര്‍ട്ട് ഫിലിം കാണൂ. നായകന്‍ സാര്‍ - ബിജുകുമാര്‍

സീന്‍-1

“എന്തെങ്കിലും കഴിച്ചിട്ട് മൂന്നു ദിവസമായി സാറെ, വല്ലതും തരണേ...”

“എന്റെ കൈയില്‍ ചില്ലറയൊന്നുമില്ല. .”

“എന്തെങ്കിലും കൊട് സാറെ..”

“പോ അവിടുന്ന് ! മനുഷ്യനെ മെനക്കെടുത്താനായിട്ട്...“

“നീ മുടിഞ്ഞു പോകുമെടാ പാപീ..”

“ആ.. പൊക്കോട്ടെ, ഞാന്‍ സഹിച്ചു.

സീന്‍-2

“സാറെ.. പ്ലീസ് , കോത്താഴം കോവില്‍ പുനരുദ്ധാരണ ഫണ്ടിലേയ്ക്ക് സംഭാവന കൊടുക്ക് സാറെ.. അഞ്ച് കൂപ്പണ്‍ എടുക്കട്ടെ..”

“വേണ്ട.. “

“എന്നാല്‍ മൂന്ന് കൂപ്പണ്‍. മുപ്പതു രൂപയേ ഉള്ളു സാര്‍..”

“വേണ്ടാന്നു പറഞ്ഞില്ലേ..”

“ഒരു കൂപ്പണെങ്കിലും... പത്തു രൂപാ മാത്രം...”

“ഒന്നു പോയാടേ.. കൂപ്പണും കൊണ്ടെറങ്ങീരിയ്ക്കുന്നു..!”

“ഓ.. അയാടെ വേഷം കണ്ടാ വല്യ മറ്റടത്തെ സാറ്. തന്നെയൊന്നും ഭഗവതി വെറുതെ വിടില്ലടോ..”

“വേണ്ട.. നീയൊന്നു പോടാ ചെക്കാ..”

സീന്‍-3

“ആ സാറെ, അടുത്തയാഴ്ച സെക്രട്ടറിയറ്റിനു മുന്നില്‍ ധര്‍ണയുണ്ട്. അതിന്റെയൊരു പിരിവാണ്. ആയിരം രൂപ എഴുതട്ടെ..?”

“ആയിരം രൂപയോ..! ധര്‍ണ നടത്തുന്നതിനെന്തിനാ ഇത്രേം വലിയ പിരിവ്..?”

“പ്രവര്‍ത്തകന്മാര്‍ക്ക് തിരുവനന്തപുരത്തെണ്ടയോ.. പിന്നെ കൊടി, വടി..എല്ലാത്തിനും കാശു വേണ്ടേ സാറെ “

“എന്തായാലും ആയിരമൊന്നും എന്നെക്കൊണ്ടു പറ്റത്തില്ല. അന്‍പതു രൂപാ എഴുതിയ്ക്കോ..”

“അമ്പതു കൂവായോ..! അഞ്ഞൂറെങ്കിലും വേണം..”

“പറ്റത്തില്ലാന്നേ.. കാശ് തെകയാഞ്ഞിട്ട് പ്രഷറിന്റെ മരുന്നുപോലും മേടിയ്ക്കാന്‍ പറ്റിയില്ല അന്നേരമാ.. “

“അങ്ങനെ പറയാതെ.. ഇതാ, ഇരുനൂറ്റമ്പതേ എഴുതീട്ടുള്ളു.. കാശ് കൊടുക്ക്..”

“എന്നെക്കൊണ്ടാവില്ല മക്കളെ.. നിങ്ങളെല്ലാം കൂടി വന്ന സ്ഥിതിയ്ക്കാ അന്‍പതു തരാന്നു പറഞ്ഞെ, നിവൃത്തി ഉണ്ടായിട്ടല്ല..”

”താനെന്നാ കോപ്പു വര്‍ത്താനാ ഈ പറയുന്നെ.. ഇരുനൂറ്റമ്പത് എടുക്കടോ. താനിയ്ക്കീ നാട്ടില്‍ തന്നെയല്ലേ ജീവിയ്ക്കണ്ടെ..!”

“എന്താ പിള്ളേരെ നിങ്ങളിങ്ങനെയൊക്കെ സംസാരിയ്ക്കുന്നെ. കൈയിലൊള്ളതല്ലേ തരാന്‍ പറ്റൂ?  ശരി. ഇന്നാ നൂറു രൂപയുണ്ട്. ഇതു കൊണ്ട് തൃപ്തിപ്പെടണം.”

“നൂറു ഉലുവാ..!  എന്തായാലും   കൊട്.. നൂറിനൊന്നും രസീതെഴുതാറില്ല. തന്നെ ഞങ്ങള് പിന്നെ കണ്ടോളാം..“

(ശുഭം)

20 comments:

 1. തിയ്ക്ച്ചു വാസ്തവമായ കാര്യങ്ങളാണ് നിങ്ങള്‍ പറഞ്ഞത് ... അഭിനന്ദനങ്ങള്‍

  ReplyDelete
 2. കലക്കി ബിജുവേട്ടാ... പ്രത്യേകിച്ചു അവസാനത്തെ സീന്‍...അതു തകര്ത്തു!!!

  ReplyDelete
 3. പിന്നെ പൊങ്കല്‍ ആകുമ്പോള്‍ കണക്ക് തീര്‍ത്ത് ഒന്നാകെ മേടിച്ച് നാട്ടിലേയ്ക്ക് ആഘോഷമായി പോകും. പ്രവാസികള്‍ നാട്ടില്‍ പോകുമ്പോലെ.“ ഇതു ഗംഭീരം. ഷോർട്ടു ഫിലിമും കലക്കി. ഒരിക്കൽ പിച്ചതെണ്ടുന്ന ഒരു ചെറുപ്പക്കാരനോടു ഒരാൾ പറഞ്ഞു. കുറേ കാലം മുമ്പാണ്. “നീ ചെറുപ്പം. നല്ല ആരോഗ്യം. പിച്ച തെണ്ടുന്നതെന്തിന്? എന്റെ കൂടെ വരൂ. ഞാൻ നിനക്കൊരു ജോലി ശരിയാക്കിത്തരാം.” പയ്യൻസ് പറഞ്ഞു. “ചേട്ടാ, ഇപ്പോൾ സമയം എത്രയാണ്?” “പതിനൊന്നുമണി”. അവൻ അവന്റെ തൊപ്പി എടുത്തു കാണിച്ചു. പണം. എണ്ണിക്കാണിച്ചു. 70 രൂപ. “യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ, മേലനങ്ങാതെ രാവിലെ 11 മണിയായപ്പോഴേക്കും എന്റെ കയ്യിൽ 70 രൂപ വന്നു. 11 മണിവരെ പണിചെയ്താൽ 70 രൂപ കിട്ടുന്ന എന്തു ജോലി തരാൻ പറ്റും ചേട്ടന്?”. ചേട്ടനു മറുപടിയില്ലായിരുന്നു. അതാണു പിച്ച തെണ്ടലിന്റെ ടേംസ് ആന്റ് കണ്ടീഷനിൽ ഒന്ന്. പക്ഷേ ഇതു കർശനമായി നിരോധിക്കണം എന്നേ ഞാൻ പറയൂ. എങ്കിൽ ഒരുപാടു കുഞ്ഞുങ്ങൾ മോഷണം പോകുന്നതു തടയാനാവുമായിരുന്നു. അഗതികളെ ശരിയായി അധിവസിപ്പിക്കാനുള്ള സൌകര്യവും ഉണ്ടാക്കണം. പക്ഷേ ആരോടു പറയാൻ. ഉത്തരവാദപ്പെട്ടവരിൽ ആർക്കാണിതിനൊക്കെ നേരം? താല്പര്യം?

  ReplyDelete
 4. ഈ പോസ്റ്റ്,പ്രത്യേകിച്ച് ഇലക്ഷന്‍ കാലത്ത്,വളരെ ഉചിതമായി ബിജു...

  ReplyDelete
 5. ഞാനീ തെണ്ടികളെ കൊണ്ടൊന്നുമല്ല കുടുങ്ങിയിരിക്കുന്നത്.
  പിരിവുകാരെ കൊണ്ടാ..ഒരു ദിവസം വരുന്ന പിരിവുകാരുടെ എണ്ണം ഓര്‍ത്ത്‌ വെക്കാന്‍ കൂടികഴിയില്ല

  ReplyDelete
 6. ആദ്യത്തെ രണ്ട് സീന്‍ സഹിക്കാം.പക്ഷെ അവസാനത്തെ കൂട്ടരെയാ സഹിക്കാന്‍ മേലാത്തത്

  ReplyDelete
 7. ഈ കുറിപ്പ് പത്രപ്രവര്ത്തകനും തിരക്കഥാകൃത്തുമായ ശ്രീ.കെ.എസ്.നൗഷാദ്
  എഴുതിയ 'നമ്മള്‍ തെണ്ടികളോട് ചെയ്യുന്നത്' എന്ന ലേഖനത്തിന്റെ
  അനുകരണമാണ് എന്ന് സൂചിപ്പിക്കേണ്ടി വന്നതില്‍ ഖേദിയ്ക്കുന്നു.
  (അദ്ദേഹത്തിന്റെ 'ഓര്‍മ്മക്കുറിപ്പൂക്കള്‍' എന്ന ബ്ലോഗ്‌ കാണുക.
  കഴിഞ്ഞ വര്ഷം ഇതിന്റെ കയ്യെഴുത്തുപ്രതി ആദ്യം വായിക്കാന്‍
  ഭാഗ്യമുണ്ടായ വ്യക്തിയും ഞാന്‍ തന്നെ )

  ReplyDelete
 8. ഈ കുറിപ്പ് പത്രപ്രവര്ത്തകനും തിരക്കഥാകൃത്തുമായ ശ്രീ.കെ.എസ്.നൗഷാദ്
  എഴുതിയ 'നമ്മള്‍ തെണ്ടികളോട് ചെയ്യുന്നത്' എന്ന ലേഖനത്തിന്റെ
  അനുകരണമാണ് എന്ന് സൂചിപ്പിക്കേണ്ടി വന്നതില്‍ ഖേദിയ്ക്കുന്നു.
  (അദ്ദേഹത്തിന്റെ 'ഓര്‍മ്മക്കുറിപ്പൂക്കള്‍' എന്ന ബ്ലോഗ്‌ കാണുക.
  കഴിഞ്ഞ വര്ഷം ഇതിന്റെ കയ്യെഴുത്തുപ്രതി ആദ്യം വായിക്കാന്‍
  ഭാഗ്യമുണ്ടായ വ്യക്തിയും ഞാന്‍ തന്നെ )

  ReplyDelete
 9. @ചാലി :സുഹൃത്തെ വെറുതെ എന്തെങ്കിലും പറയരുത്. നിങ്ങളീപ്പാറയുന്ന കെ.എസ്. നൌഷാദ് ആരാനെന്ണോ അയാളുടെ ഏതെങ്കിലും കൃതിയോ എനിയ്ക്കറിയില്ല. നിങ്ങളീപ്പറഞ്ഞ കൃതി എവിടെയാണ് പ്രസിദ്ധീകരിച്ചത്?? ലിങ്ക് തരൂ. ഇന്നേവരെ ഒരാലുറ്റെയും കോപ്പിയടിയ്ക്കണ്ട് ഗതികേട് എനിയ്ക്കില്ല.

  ReplyDelete
 10. ചാലീടെ ചങ്ങായീടെ പോസ്റ്റ്, ഗൂഗ്ഗിളില്‍ മൊത്തം തപ്പീട്ട് എനിയ്ക്കു കിട്ടിയില്ല. സുഹൃത്തുക്കളെ ആരെങ്കിലും ഒന്ന് സഹായിച്ച് ആ ലിങ്ക് ഇവിടെയൊന്നു പോസ്റ്റുമോ ??

  ReplyDelete
 11. The link u asked:

  http://mymaharajas.blogspot.com/2011/01/blog-post_13.html

  ReplyDelete
 12. ചാലീടെ ചങ്ങായീടെ പോസ്റ്റ് ഞാന്‍ വായിച്ചു... രണ്ടുപേരും ഒരേ വിഷയമാണ് പറഞ്ഞതെങ്കിലും ഒരു സാമ്യവും തോന്നുന്നില്ല. ഒരാള്‍ വിമര്‍ശിക്കുകയും, ഒരാള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.

  ബിജു ഭായ്.. നന്നായിട്ടുണ്ട്... അവസാനത്തെ രംഗങ്ങളാണ് പോസ്റ്റ് ഉഷാറാക്കിയത്...

  ReplyDelete
 13. @ അഭി: വളരെ നന്ദി ഈ ലിങ്കിന്. ഞാന്‍ അതു വായിച്ചു. എനിയ്ക്ക് മനസ്സിലായില്ല ഈ ചാലി ഇതിലെവിടെയാണ് അനുകരണം കണ്ടെത്തിയതെന്ന്. തെണ്ടികള്‍ക്ക് എവിടെയും ഒരേ രൂപമായതിനാല്‍ അവരെ ചിത്രീകരിയ്ക്കുന്നതില്‍ സാമ്യം കണ്ടേക്കാം. ഞാന്‍ എന്റെ സ്വന്തം അനുഭവങ്ങളാണ് എഴുതിയത്.
  അഞ്ച് അധ്യാങ്ങള്‍ എഴുതിയ ഒരു നോവല്‍, ഈയിടെ ഇറങ്ങിയ ഒരു സിനിമക്കഥയുമായി സാമ്യം തോന്നിയതിനാല്‍ മാറ്റി വച്ചിരിയ്ക്കുകയാണ് ഞാന്‍. പിന്നെയാണ് ഒരു ഉണക്ക പോസ്റ്റ്. ഭിക്ഷക്കാരെ പറ്റി ഈയിടെ മനോഹരമായ ഒരു ലേഖനം ശ്രീ. മുരളി തുമ്മാരുകുടി മാതൃഭൂമിയില്‍ എഴുതിയിരുന്നു മറ്റൊരു ആംഗിളില്‍. ചാലി അതു വായിച്ചാല്‍ അതും തന്റെ ചങ്ങായീടെ കോപ്പിയെന്നു പറയുമോ ആവ്വോ? ഏതായാലും ചങ്ങായീടെ ബ്ലോഗിനൊരു പരസ്യമായതില്‍ സന്തോഷിയ്ക്കാം.

  ReplyDelete
 14. ബിജു ചേട്ടാ പോസ്റ്റ്‌ നന്നായിട്ടുണ്ട് ‌ ..അഭിനന്ദനങ്ങള്‍

  ReplyDelete
 15. നല്ല ലേഖനം..തളിപറമ്പ് ഇടയ്ക്കിടെ കടന്നു വരുന്നത് കൊണ്ടാവും ബിജു എഴുതുന്നത് വായിക്കാന്‍ എനിക്ക് നല്ല ഇഷ്ട്ടമാണ്.പിന്നെ തെണ്ടുന്നവര്‍ മെക്കിട്ടു കേറുന്നത് കേള്‍ക്കേണ്ട ഹതഭാഗ്യരായി പോയി നമ്മള്‍...തെണ്ടികലാനേലും ഹുങ്കിനൊരു കുറവുമില്ല.

  ReplyDelete
 16. ചാലിയുടെ കമെന്റിലെ പേര് കോപ്പി പേസ്റ്റ്‌ ചെയ്തു ഞാനൊന്ന് പോയി നോക്കി ചെങ്ങായിന്റെ ബ്ലോഗില്.
  ഒരു സാമ്യവും ഞാന്‍ കണ്ടില്ല.

  ReplyDelete
 17. മൂന്നാമത്തെ കമന്റ് ആയോണ്ട് ബിജുവേട്ടാ എന്ന് വിളിക്കുന്നു.... (പ്രായം വെളിപ്പെടുതിയാൽ മാറ്റം വരുത്താം..) താങ്കൾ ആരോപണങ്ങളുടെ പുറകെ പോകരുത് പ്ലീസ്... അത് ഞങ്ങൾക്ക് വിട്ടുതരൂ....

  ReplyDelete
 18. ചാലി സാറിന്റെ ചങ്ങായിക്ക് ബിജ്വേട്ടന്റെ പോസ്റ്റിലെ ഏതോ കഥാപാത്രതിനോട് സാമ്യമുണ്ട്.....ഹാഹാഹാാ....

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.