പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 22 February 2011

അമ്മാവചരിതം. 3

അങ്ങനെയിരിയ്ക്കെ ഒരു ദിവസം അമ്മാവന്‍ എന്നോട് പറഞ്ഞു:

“എടാ.. നാളെ നമുക്കു മലബാറിനു പോകാം. സ്കൂളില്‍ പറഞ്ഞ് രണ്ടു ദിവസം അവധി മേടിച്ചേക്ക്..”

മലബാറിനു പോകാം എന്നതുകൊണ്ട് ഉദ്ദേശിച്ചത് എന്റെ വീട്ടില്‍ പോകാം എന്നാണ്. ഞാന്‍ കണ്ണൂരുകാരന്‍ ആണല്ലോ. വലിയ അവധിയ്ക്ക് സ്കൂള്‍ അടയ്ക്കുമ്പോള്‍ മാത്രമേ സാധാരണ ഞാനെന്റെ വീട്ടില്‍ പോകാറുള്ളു. ഇതിപ്പോള്‍ ഓണം കഴിഞ്ഞതല്ലേയുള്ളു. എങ്കിലും എനിയ്ക്ക് വലിയ സന്തോഷമായി. അമ്മയെയും അനിയത്തിയെയും കാണാമല്ലോ. പിന്നെ, യാത്ര പണ്ടുമുതലേ വലിയ ഇഷ്ടവുമാണ്.

ഞാന്‍ അന്ന് സ്കൂളില്‍ ചെന്നപ്പോള്‍ ക്ലാസ് ടീച്ചര്‍ കോര സാറിനോട് പറഞ്ഞു:

“മലബാറില്‍, എന്റെ അമ്മയ്ക്ക് സുഖമില്ലാതിരിയ്ക്കുകയാണ്. പോകണം. അതുകൊണ്ട് രണ്ടു ദിവസം അവധി വേണം സാര്‍.”

ക്ലാസില്‍ “ഭേദപ്പെട്ട” കാറ്റഗറിയില്‍ പെട്ടതായതുകൊണ്ട് അധികം ചോദ്യമൊന്നുമില്ലാതെ സാര്‍ തലയാട്ടി.
പിറ്റേന്ന്, ശനിയാഴ്ച വൈകിട്ട് ഞാനും അമ്മാവനും, അമ്മാവന്റെ മോള്‍ നാലുവയസ്സുകാരി അമ്മുവും കൂടി മലബാറിനു പോകാനായി, കോട്ടയത്തേയ്ക്കു തിരിച്ചു. അമ്മാവന്‍ അവളെ തോളിലെടുത്തിരിയ്ക്കുകയാണ്. ഇടത്തരം ഒരു സ്യൂട്ട്കേസുള്ളത് എന്റെ കൈയിലും.

കോട്ടയത്തു നിന്നും എന്നും രാത്രി പത്തുമണിയ്ക്ക് മലബാര്‍ എക്സ്പ്രസുണ്ട്. അതിനു കയറിയാല്‍ രാവിലെ അഞ്ചര മണിയ്ക്ക് കണ്ണൂരെത്തും. ഞങ്ങള്‍ കോട്ടയത്തെത്തിയപ്പോള്‍ ഏഴുമണി ആയതേയുള്ളു. ചെന്നപാടെ ടിക്കറ്റെടുത്ത്  പ്ലാറ്റ്ഫോമിലേയ്ക്കു പോയി. അധികം താമസിയാതെ ഒരു ട്രെയിന്‍ വന്നു, അതില്‍ അമ്മാവന്‍ ഓടിച്ചെന്നു കയറി. പുറകേ ഞാനും.

തിരക്കു കുറവായതിനാല്‍ സീറ്റു കിട്ടി. സാധാരണ ഞാന്‍ കണ്ണൂര്‍ക്കു പോകുമ്പോഴൊക്കെ, കാലു നിലത്തു കുത്താന്‍ സാധിയ്ക്കാറില്ല. പിന്നെ, ഉറക്കം തൂങ്ങുമ്പോള്‍ നിലത്ത് ഏതെങ്കിലും സീറ്റിന്റെ അടിയില്‍ കിടന്നുറക്കമാണ് പതിവ്. ഇങ്ങനെ സീറ്റിലിരുന്ന് പോകുന്നത് ആദ്യം. പക്ഷേ, ഈ ട്രെയിന്‍ കണ്ണൂര്‍ക്കാണോ എന്നെനിയ്ക്ക് സംശയമുണ്ടായിരുന്നു. എങ്കിലും അമ്മാവനല്ലെ കൂടെയുള്ളത്, എന്തു പേടിയ്ക്കാന്‍..?

ഞാന്‍ കുറെ ഉറങ്ങിയെന്നു തോന്നുന്നു. രാത്രി ഏതോ നേരത്ത് അമ്മാവന്‍ എന്നെ തട്ടി വിളിച്ചു.

“എടാ..എഴുനേല്‍ക്ക്.. ഇവിടെ ഇറങ്ങാം..”

നോക്കുമ്പോള്‍ ട്രെയിന്‍ ഏറേക്കുറെ കാലിയാണ്. അതിലുണ്ടായിരുന്നവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. ഞാന്‍ കണ്ണും തിരുമ്മി, സ്യൂട്ട്കേസ് വലിച്ചുപൊക്കി അമ്മാവനോടൊപ്പം ഇറങ്ങി. നല്ല രാത്രിയാണ്. വിശാലമായ പ്ലാറ്റ്ഫോമില്‍ ലൈറ്റുകള്‍ മുനിഞ്ഞു കത്തുന്നു. ഇപ്പോള്‍ ഇറങ്ങിയവരല്ലാതെ ആരുംതന്നെ അവിടെയെങ്ങുമില്ല. അമ്മു, അമ്മാവന്റെ തോളില്‍ ഒരേ ഉറക്കം. ഇതെവിടെയാ, എന്താ എന്നൊരു പിടിപാടും ഇല്ല. സത്യത്തില്‍ അമ്മാവനോട് ദേഷ്യം തോന്നിയ ഒരു സന്ദര്‍ഭം ഇതായിരുന്നു. അമ്മാവനു പിന്നാലെ പെട്ടീം തൂക്കി ഞാനും നടന്നു. അല്പം നടന്നപ്പോള്‍ വലിയൊരു ബോര്‍ഡ്, മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും: “ഷൊര്‍ണൂര്‍”.

ഓഫീസിന്റെ ഭാഗത്തെത്തിയപ്പോള്‍ നിരത്തിയിട്ട കസേരകളില്‍ അഞ്ചാറ് പേര്‍ ഇരിപ്പുണ്ട്. ഞങ്ങളും അവിടെ പോയി ഇരുന്നു. തണുത്ത കാറ്റാണ് സഹിയ്ക്കാന്‍ വയ്യാത്തത്..  ഇടയ്ക്കിടെ ഒരു പെണ്ണിന്റെ  അനൌണ്‍സ്മെന്റ് മുഴങ്ങും- ഈ പാതിരയ്ക്ക് കുത്തിയിരുന്ന് അനൌണ്‍സ് ചെയ്യുന്ന അവളെ സമ്മതിയ്ക്കണം- അപ്പോള്‍ തെക്കുനിന്നോ വടക്കുനിന്നോ  ഒരു ട്രെയിന്‍ വരും.  കുറച്ച് പേര്‍ ഇറങ്ങാനും കയറാനും ഉണ്ടാകും.

ആ ഇരിപ്പ് മണിക്കൂറുകള്‍ നീണ്ടു. പിന്നെ വന്ന ട്രെയിനില്‍ എഴുതിയിരിയ്ക്കുന്നത് ഞാന്‍ വായിച്ചു: “മലബാര്‍ എക്സ്പ്രസ്”. ഞങ്ങള്‍ വരേണ്ടിയിരുന്ന ട്രെയിന്‍. ഞാന്‍ അമ്മാവനെ നോക്കി. പുള്ളി ട്രെയിന്റെ അടുത്തൊന്നു ചെന്നിട്ട് തിരിച്ചു പോന്നു.  ഇപ്പോഴും നല്ല തിരക്കാണ് അതില്‍. ഞങ്ങളെ കൂടാതെ മലബാര്‍ എക്സ്പ്രസ് ചൂളം വിളിച്ച് മുന്നോട്ട് നീങ്ങി. എനിയ്ക്കാണെങ്കില്‍ നല്ല കലിവരുന്നുണ്ട്. എന്തു ചെയ്യാന്‍, സഹിയ്ക്കുകയല്ലാതെ..?

ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ട്രെയിന്‍ തെക്കുനിന്നും വന്നു. അതില്‍ തിരക്കൊന്നുമില്ല. ഞങ്ങള്‍ ഓടിപ്പോയി അതില്‍ കയറി. ഭാഗ്യം സീറ്റുണ്ട്. തട്ടിയും മുട്ടിയും കണ്ണൂരെത്തിയപ്പോള്‍ രാവിലെ മണി എട്ട്. അവിടെ നിന്നും ബസ് കയറി ഞങ്ങള്‍ രയറോത്തെത്തിയപ്പോള്‍ ഉച്ചകഴിഞ്ഞു. സാധാരണ, പത്തുമണിയ്ക്കു മുന്‍പ് വീട്ടിലെത്തേണ്ടതാണ്.

ഞങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ അച്ഛനും അമ്മയും ഒന്നു പകച്ചു. എങ്കിലും പെട്ടെന്ന് സല്‍ക്കാരങ്ങള്‍ ഒരുങ്ങി.

അന്ന്, രയറോത്തെ എന്റെ വീട് പുല്ല് മേഞ്ഞതാണ്. ഞങ്ങള്‍ അവിടെ താമസമാക്കിയിട്ട് രണ്ടു വര്‍ഷം ആകുന്നു. ഒരു മുസ്ലീം കുടുംബമായിരുന്നു നേരത്തെ അവിടെ താമസം. അവരുടെ രീതിയിലുള്ള ഒരു വീട്. പറമ്പില്‍ ധാരാളം കുരുമുളകു ചെടിയും കശുമാവും. പിന്നെ കുറേഭാഗത്ത് കപ്പ. രണ്ടര ഏക്കര്‍ സ്ഥലമുണ്ടവിടെ.  പറമ്പാകെ നല്ല പച്ചപ്പും കുളിര്‍മയും. എപ്പോഴും ഇളം കാറ്റ് വീശിക്കൊണ്ടിരിയ്ക്കും. സാധാരണ ഞാന്‍ വരുന്ന സമയം ചൂടുകാലമാണല്ലോ.. ഞാന്‍ എല്ലായിടവും ചുറ്റിനടന്നു. എന്തുമാത്രം പക്ഷികളാണ് പറമ്പാകെ, അതുപോലെ പൂമ്പാറ്റകളും. രണ്ടുദിവസം കഴിഞ്ഞത് അറിഞ്ഞില്ല. അമ്മാവന്‍ വന്നതിന്റെ ഉദ്ദേശം ഇതിനിടെ എനിയ്ക്കു മനസ്സിലായി. അച്ഛനോട് കുറച്ച് കാശ് കടം ചോദിയ്ക്കുക.  അതു കിട്ടിയോ ഇല്ലയോ എന്ന് കൃത്യമായി അറിയില്ല. എങ്കിലും അച്ഛന്റെ രീതി വച്ച്,   സാധ്യത കുറവാണ്.

ഞങ്ങളുടെ തിരിച്ചുള്ള യാത്രയും വന്നപോലെ തന്നെ. ആദ്യം കണ്ണൂരില്‍ നിന്നു കോഴിക്കോട്. അവിടെനിന്ന് ബസില്‍ എറണാകുളം. അപ്പോള്‍ രാത്രി ഒരുമണിയോളം ആയി. അവിടെ നിന്ന് റെയില്‍‌വേ സ്റ്റേഷനിലേയ്ക്ക് നടന്നു.  അമ്മാവന്റെ തോളില്‍ അമ്മു, എന്റെ കൈയില്‍ സ്യൂട്ട്കേസ്. കുറേ നടന്ന് വഴിതെറ്റിയപ്പോള്‍, അവിടെ സംസാരിച്ചു നിന്ന രണ്ടുപേരോട് അമ്മാവന്‍ വഴി ചോദിച്ചു. അവര്‍ വഴിപറഞ്ഞു തന്നിട്ട്, ഇത്രകൂടി പറഞ്ഞു:

“സുഹൃത്തേ, ഈ പാതിരയ്ക്ക് ഈ കുട്ടികളേം കൊണ്ട് ഇതിലെയിങ്ങനെ നടക്കുന്നത് അപകടമാണ്..” അമ്മാവനത്ര ഗൌനിച്ചില്ല.

എറണാകുളത്തു നിന്നും കോട്ടയത്തെത്തുമ്പോള്‍ മണി വെളുപ്പിനെ അഞ്ച്. വല്യാട്ടിലേയ്ക്ക് ബസ് ആറരയാകണം. അമ്മാവന്‍ ഒട്ടും മടിച്ചില്ല, അപ്പോള്‍ പോകാന്‍ കിടന്ന അയ്മനം-പരിപ്പ് ബസിനു കയറി. ഞങ്ങള്‍ അയ്മനത്തിറങ്ങി. ഇനി വല്യാട്ടിലേയ്ക്ക് നാലു കിലോമീറ്റര്‍ ദൂരമെയുള്ളു. സമയം പാഴാക്കിയില്ല, നടന്നു. ആറരയായപ്പോള്‍ വീട്ടിലെത്തി. സ്യൂട്ട്കേസ് തൂക്കി എന്റെ ഇരുകൈവെള്ളകളും തോളും നീരു വച്ചു. ഇത്ര ദൂരം നടന്നതായി എന്റെ ഓര്‍മ്മയിലുമില്ല. ഏതായാലും ഈ യാത്ര അമ്മാവനെപറ്റി നന്നായി മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. അപ്പോള്‍ തോന്നുന്നതെന്തോ അതു ചെയ്യുക എന്നതിനപ്പുറം, വരും വരായ്കകളെ പറ്റി യാതൊരു ചിന്തയുമില്ല കക്ഷിയ്ക്ക്. അതിന്റെ ഫലം ഏറെ കഴിയും മുന്‍പ് കണ്ടു.

ഒരു ദിവസം കേട്ടു, അമ്മാവന്‍ കട വിറ്റു..!

വീട്ടിലെല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു ആ വാര്‍ത്ത. അല്പം ഞെരുങ്ങിയായിരുന്നെങ്കിലും ഒരു വിധം മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു കട. പരിശ്രമിച്ചാല്‍ ഇനിയും നന്നാക്കി എടുക്കാവുന്നതേയുള്ളു. അതിനു പകരം അതു വിറ്റുകളഞ്ഞത് അപ്രതീക്ഷിതമായിരുന്നു. പക്ഷെ ഒരാളും ഒന്നും മിണ്ടിയില്ല. അമ്മായി എന്തോ ചോദിച്ചതിന് കണക്കിനു കിട്ടി. വല്യച്ഛനാകട്ടെ പതിവുപോലെ നിസംഗത തുടര്‍ന്നു.

അമ്മാവന്റെ കട മേടിച്ചത്, വല്യാട്ടിലെ മറ്റൊരു കച്ചവടക്കാരനാണ് . മാടം ഒഴികെ, സാധനങ്ങള്‍ മാത്രം.   അവയെല്ലാം അയാള്‍ സ്വന്തം കടയിലേയ്ക്കു മാറ്റി. ആളൊഴിഞ്ഞ മാടം മാത്രം അനാഥപ്രേതം പോലെ കിടന്നു.
അമ്മാവന്‍ പിന്നെ കുറെ ദിവസത്തെയ്ക്ക് വീട്ടില്‍ വന്നില്ല. എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി ഒരറ്റത്തിരുന്ന് കണ്ണീര്‍ ഒഴുക്കി. മണിക്കുട്ടനും അമ്മുവും ഒന്നുമറിയാതെ കളിച്ചു നടന്നു.

ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം, ഞങ്ങളുടെ വീടിന്റെ തെക്കുവശത്തെ കൈത്തോടു വഴി വലിയൊരു കെട്ടുവള്ളം കയറി വന്നു. അതു വീടിന്റെ കടവില്‍ അടുത്തു. നീലപെയിന്റടിച്ച, ഇരുമ്പു കൊണ്ടുള്ള വലിയ ഒരു യന്ത്രസാമഗ്രി ആ വള്ളത്തിലുണ്ടായിരുന്നു. ഒപ്പം അമ്മാവനും വേറെ രണ്ടു മൂന്നു പേരും. അമ്മാവന്‍ വലിയ ഒച്ചയില്‍ അവര്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കി. എല്ലാവരും ചേര്‍ന്ന് അതു താങ്ങിപ്പിടിച്ച് വീടിന്റെ തെക്കേ മുറ്റത്തിറക്കി വച്ചു. വീട്ടിലെ കാലിത്തൊഴുത്തും വൈക്കോല്‍ തുറുവും അവിടെ തന്നെയാണുള്ളത്. 

ആദ്യം ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. എല്ലാവരും അമ്പരപ്പോടെ നോക്കി നിന്നു. ആ സാമഗ്രികളെല്ലാം മുറ്റത്തു വച്ചു കൂട്ടിയോജിപ്പിച്ചപ്പോഴാണ് എന്താണ് സാധനമെന്നു തിരിഞ്ഞത്. അതൊരു “നെല്ലു പാറ്റുയന്ത്ര“മായിരുന്നു. അതായത്, കൊയ്തുമെതിച്ച നെല്ല്, പതിരു കളഞ്ഞു പാറ്റിയെടുക്കാന്‍ ഉപയോഗിയ്ക്കുന്ന യന്ത്രം.  ഒരു വലിയ വീപ്പയില്‍ സജീകരിച്ച യന്ത്രമാണ് പൊതുവില്‍ എല്ലായിടത്തും ഉപയോഗിയ്ക്കുന്നത്. ചെറിയൊരു മോട്ടോറും ഉണ്ടാകും അതിന്. എന്നാല്‍ അമ്മാവന്‍ കൊണ്ടുവന്നിരിയ്ക്കുന്നത് വളരെ വലിപ്പമേറിയ ഇനമാണ്. നല്ല ശക്തമായ മോട്ടോറും.

വല്യാടിനു പടിഞ്ഞാറ് ഭാഗം വലിയ പാടശേഖരങ്ങളാണ്. മേനോങ്കരി, മിത്രക്കരി അങ്ങനെ പലപേരുകളില്‍ കരിപ്പാടങ്ങള്‍. ഓരോന്നും നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയില്‍ അനന്തമായി പരന്നു കിടക്കുന്നു.  വല്യാട്ടുകാര്‍  മിക്കവര്‍ക്കും ഒന്നും രണ്ടും ഏക്കറുകള്‍  വീതം ഇവിടെ കൃഷിയുണ്ട്.  വര്‍ഷത്തില്‍ രണ്ടു കൃഷിയുണ്ടാകും. അതുകൊണ്ട് തന്നെ നെല്ല് പാറ്റ് യന്ത്രത്തിന് നല്ല സാധ്യതയുണ്ട്.

“മറ്റുള്ളവന്മാരുടേതിനെക്കാള്‍ ഇരട്ടിയുണ്ട് ഇത്... നല്ല സ്പീഡില്‍ കാര്യം നടക്കും..” അമ്മാവന്‍ യന്ത്രം ചൂണ്ടി പറഞ്ഞു. അതു ശരിയാണെന്ന് കാണുന്ന ആര്‍ക്കും ബോധ്യമാകും.

താമസിയാതെ കൊയ്തുകാലമായി. വയലുകളില്‍ കൊയ്തുകൂട്ടുന്ന നെല്‍ക്കറ്റകള്‍ വലിയ കെട്ടുവള്ളങ്ങളില്‍ വീടുകളിലെത്തിയ്ക്കും. എന്നിട്ട്, മെതിക്കളമുണ്ടാക്കി അവിടെയിട്ട് മെതിച്ച് നെല്ല് വേര്‍തിരിയ്ക്കും. അപ്പോഴാണ് പാറ്റ് യന്ത്രങ്ങള്‍ക്ക് പണി. ഞങ്ങള്‍ക്കുമുണ്ട് രണ്ട് ഏക്കര്‍ വയല്‍, മേനോങ്കരി പാടത്ത്.

വീട്ടിലെ വയലിലെ നെല്ലെല്ലാം കൊയ്ത് മെതിച്ച് കൂട്ടിയിരിയ്ക്കുകയാണ്, തെക്കേ മുറ്റത്തെ മെതിക്കളത്തില്‍. അമ്മാവന്റെ വലിയ പാറ്റുയന്ത്രത്തിന്റെ ഉദ്ഘാടനം അവിടെ തന്നെയാകട്ടെ എന്നു തീരുമാനിച്ചു. അക്കാലത്ത്  വല്യാട്ടില്‍ അപൂര്‍വം വീടുകളിലേ വൈദ്യുതിയുള്ളു. അതുകൊണ്ട് തന്നെ പാറ്റുയന്ത്രങ്ങള്‍ രാത്രിയാണ് പ്രവര്‍ത്തിപ്പിയ്ക്കാറ്. സന്ധ്യയോടെ മെതിക്കളത്തില്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയാകാന്‍ കാത്തിരിയ്ക്കും. ഓപറേറ്ററുടെ കൈയില്‍ നെടുനീളന്‍ കറന്റ് വയര്‍ ഉണ്ടാകും. പത്തുമണിയോടെ അയാള്‍ വയറുമായി, വല്യാട്ടിലൂടെ കടന്നു പോകുന്ന കറന്റു ലൈനിന്റെ, അടുത്തുള്ള ഏതെങ്കിലും പോസ്റ്റില്‍ കയറിപ്പറ്റും. എന്നിട്ട് വയര്‍ ലൈനില്‍ കൊളുത്തിയിട്ട് കറന്റെടുക്കും. മിക്കവാറും ഒന്നോ രണ്ടോ മണിയ്ക്കൂര്‍ കൊണ്ട് നെല്ല് പാറ്റിതീരും. അന്നൊക്കെ ഇങ്ങനെ കറന്റെടുക്കുന്നത് തങ്ങളുടെ അവകാശമാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്.

അമ്മാവന്റെ യന്ത്രത്തിനും ഇതേ അവകാശം തന്നെയാണല്ലോ ഉള്ളത്. മെതിക്കളത്തില്‍ കൂറ്റന്‍ യന്ത്രം സെറ്റുചെയ്ത് വെച്ചിട്ട് പത്തുമണിയായപ്പോള്‍ ഞാനും അമ്മാവനും നീളന്‍ വയറുമായി തൊട്ടടുത്ത പോസ്റ്റിനടുത്തു പോയി. വയര്‍ കടിച്ച് പിടിച്ച് അമ്മാവന്‍ പോസ്റ്റില്‍ വലിഞ്ഞു കയറി. എന്നിട്ട് വിദഗ്ധമായി ചൂണ്ടപോലെ അത് കമ്പിയില്‍ കൊളുത്തിയിട്ടു. അറിയാതെയെങ്ങാനും കമ്പിയില്‍ തൊട്ടുപോയാല്‍ പിന്നത്തെ കാര്യം പറയേണ്ടല്ലോ...

മെതിക്കളത്തില്‍ നൂറുവാട്സിന്റെ ബള്‍ബ് തെളിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വലിയ ആഹ്ലാദമായി. അധികം വൈകാതെ യന്ത്രം പ്രവര്‍ത്തനം തുടങ്ങി. ഹെലികോപ്ടറിന്റെ ഒച്ച പോലെയുണ്ട് അതിന്റെ ഹുങ്കാരം. കുഞ്ഞമ്മമാരും അമ്മമ്മയും വലിയച്ഛനുമെല്ലാം ചേര്‍ന്ന് യന്ത്രത്തിന്റെ  ഹള്ളറിലേയ്ക്ക് , വലിയ മുപ്പറക്കൊട്ടയില്‍ നെല്ലുകോരിയിട്ടു കൊണ്ടേയിരുന്നു. ഒരു വശത്തുകൂടെ പതിരും വൈക്കോല്‍ തുണ്ടുകളും പുറത്തേയ്ക്ക് പറന്നു. മറുവശത്ത് നിന്ന് ശുദ്ധീകരിച്ച നെല്ല് കളത്തിലേയ്ക്ക് വീഴുന്നു. സാധാരണ രണ്ടു മണിക്കൂര്‍ വേണ്ടയിടത്ത് കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് പണികഴിഞ്ഞു..!

“കണ്ടില്ലേ” എന്നമട്ടില്‍ അമ്മാവന്‍ എല്ല്ലാവരെയും നോക്കി ചിരിച്ചു. എന്നാല്‍ വല്യച്ഛന്റെയും അമ്മമ്മയുടെയും കുഞ്ഞമ്മമാരുടെയും മുഖത്ത് ആ ചിരി കണ്ടില്ല. എന്താണ് കാര്യമെന്ന് അമ്മാവനു മനസ്സിലായതുമില്ല. വലിയച്ഛന്‍ പതിരുകള്‍ പറന്നുകിടക്കുന്ന ഭാഗത്തെയ്ക്ക് പോയി. കൂടിക്കിടക്കുന്ന പതിരില്‍ കുറെ വാരിയെടുത്ത്  അമര്‍ത്തി നോക്കി. എന്നിട്ട് അമ്മാവനോട് പറഞ്ഞു ..

”നോക്കെടാ...”

അമ്മാവന്‍ അല്പം പതിരെടുത്തു ഞെക്കി നോക്കി. പകുതിയും പതിരല്ല,  നെല്ലാണ്..! അമ്മാവന്റെ മുഖം വിവര്‍ണമായി. നല്ല ശക്തിയേറിയ മോട്ടോറായതിനാല്‍ പതിരിനൊപ്പം കുറേ നെല്ലും പറന്നുപോയി. അത്രയും നെല്ല് വെറുതെകളയാന്‍ വല്യച്ഛന്‍ ഒരുക്കമല്ലായിരുന്നു. പതിരൊക്കെ കൊട്ടയില്‍ വാരി മുറത്തില്‍ പാറ്റിയെടുത്തു. നാലഞ്ചു പറ നെല്ലുണ്ടായിരുന്നു അത്.

തുടര്‍ന്ന് മറ്റൊരിടത്തു പാറ്റാന്‍ പോയപ്പോഴും അമ്മാവന്റെ യന്ത്രത്തിന് ഈ പറ്റു പറ്റി. അതോടെ ആകെ പേരുദോഷമായി. “പൊന്നപ്പന്റെ മെഷ്യനേ പാറ്റിയാല്‍ പകുതി നെല്ലു പോക്കാണ്..!”

വിശാലമായ തൊഴുത്തിന്റെ പുല്‍ക്കൂടിനോട് ചേര്‍ന്ന് കുറെ ഭാഗം വെറുതെ കിടപ്പുണ്ട്. അവിടെ വെയിലും മഴയുംകൊള്ളാതെ നല്ല സൌകര്യത്തില്‍ അമ്മാവന്റെ പാറ്റു യന്ത്രം വിശ്രമിച്ചു, സ്ഥിരമായി.

അതോടെ അമ്മാവന്‍ ആകെ നിരാശനായെന്നു തോന്നി. എങ്കിലും സംസാരത്തില്‍ അതൊന്നും കാണിയ്ക്കില്ല. “ഇതല്ലെങ്കില്‍ ഇതിലും നല്ല ബിസിനസ് എനിയ്ക്കറിയാം“  എന്ന് ഇടയ്ക്കിടെ പറയും. രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകിട്ടേ വരുകയുള്ളൂ. മിക്കവാറും നന്നായി കള്ളുകുടിച്ചിട്ടുമുണ്ടാവും...

അമ്മായിയുടെ കാര്യം ആകെ കഷ്ടമായെന്നു വേണം പറയാന്‍. കടയുണ്ടായിരുന്നപ്പോള്‍ അമ്മായിയ്ക്ക് ഒരു വിധം മതിപ്പുണ്ടായിരുന്നു വീട്ടില്‍. എന്നാല്‍ കാര്യങ്ങള്‍ ഈ രീതിയിലെത്തിയത് അവരെ നന്നായി ബാധിച്ചു. അമ്മു ഒന്നാം ക്ലാസില്‍ പഠിയ്ക്കുന്നുണ്ട്. മണിക്കുട്ടന്‍ പിച്ചവെച്ചു നടക്കുന്നു. വീട്ടിലെ അകത്തള സംസാരങ്ങള്‍ ഞാന്‍ അധികം ശ്രദ്ധിയ്ക്കാറില്ല, എങ്കിലും പലപ്പോഴും അമ്മായി തനിച്ചിരുന്നു കരയുന്നതു ഞാന്‍ കണ്ടു.

വീട്ടിലെ പ്രധാന വരുമാനമാര്‍ഗങ്ങള്‍ പശുവളര്‍ത്തല്‍, കുഞ്ഞമ്മമാരുടെ വയല്‍ പണി എന്നിവയാണ്. സ്വന്തം വയലുള്ളതിനാല്‍ അരിയ്ക്കു മുട്ടില്ല. കുറച്ച് തേങ്ങ കിട്ടാനുള്ളത് വീട്ടാവശ്യത്തിനുമായി. അമ്മാവനു കടയുണ്ടായിരുന്നപ്പോള്‍ വേണ്ട സാധനങ്ങളൊക്കെ കടയില്‍ നിന്നു കൊടുക്കുമായിരുന്നു. എന്നാല്‍ കട പൂട്ടുകയും അമ്മാവന്‍ വീട്ടുചെലവിനായി ഒന്നും കൊടുക്കാതിരിയ്ക്കുകയുമായപ്പോള്‍ അമ്മായിയുടെയും കുട്ടികളുടെയും കാര്യങ്ങള്‍ ആരു നോക്കും എന്നതായി പ്രശ്നം. പലപ്പോഴും അമ്മാവന്റെ മുറിയില്‍ നിന്നും പൊട്ടലും ചീറ്റലും കേട്ടു.ഞങ്ങളാരും അങ്ങോട്ട് പോയതേയില്ല.

എല്ലാ ദിവസവും വയലില്‍ പണിയുണ്ട്. ഞാറു നടീല്‍, കള പറിയ്ക്കല്‍, നെല്ല് കൊയ്യല്‍, മെതിയ്ക്കല്‍ അങ്ങനെയങ്ങനെ. വല്യാട്ടിലെ മിക്കവാറും എല്ലാവീട്ടില്‍ നിന്നും പെണ്ണുങ്ങള്‍ പണിയ്ക്കുപോകും, വീട്ടില്‍ നിന്നു കുഞ്ഞമ്മമാരും. അതിലൊന്നും ആര്‍ക്കും അഭിമാനക്ഷതവുമില്ല. പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തുന്ന പെണ്‍കുട്ടികള്‍ അടുത്ത ദിവസം മുതല്‍ പണിയ്ക്കു പോകുന്നത് പതിവാണ്. രാവിലെ ഏഴുമണി മുതല്‍ ചെറിയ ചെറിയ കൂട്ടമായി, പൊതിച്ചോറും കെട്ടി വയല്‍പ്പണിയ്ക്കു പോകുന്ന പെണ്ണുങ്ങളെ വല്യാട്ടിലെമ്പാടും കാണാം.
 എത്രപേര്‍ക്കു വേണമെങ്കിലും  പണി നല്‍കാന്‍  സന്നദ്ധരായി കരിപ്പാടങ്ങള്‍ വിശാലമായിക്കിടന്നു.

ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ അമ്മായിയും പൊതിച്ചോറു കെട്ടി പണിയ്ക്കു പോകാന്‍ നില്‍ക്കുന്നതാണ് കണ്ടത്..! മണിക്കുട്ടന്‍ പിടിവിടാതെ കരഞ്ഞുകൂവിയെങ്കിലും അവരതത്ര കാര്യമാക്കിയില്ല. അവന്റെ കൈപിടിച്ച് വേര്‍പെടുത്തിയിട്ട്, അപ്പോള്‍ അതുവഴിവന്ന ഒരു കൂട്ടം പെണ്ണുങ്ങളോടോപ്പം അമ്മായിയും നടന്നു പോയി. ഞാന്‍ മണിക്കുട്ടനെ കൈയിലെടുത്ത് തെക്കുവശത്തെ കൈത്തോട്ടിലേയ്ക്കു പോയി. അവിടെ കരയോട് ചേര്‍ന്ന് വെള്ളപ്പരപ്പില്‍, നെറ്റിയില്‍ പൊട്ടുള്ള ധാരാളം പൂഞ്ഞാന്‍ മീനുകള്‍ ഉണ്ടായിരുന്നു. അവറ്റകളെ അവനു കാട്ടിക്കൊടുത്തു ‍. പിന്നെ മെല്ലെ താഴെ നിര്‍ത്തിയിട്ട്, കൂട്ടംകൂടി തഴച്ചു നില്‍ക്കുന്ന വെളിഞ്ചേമ്പുകള്‍ക്കിടയിലൂടെ പമ്മിച്ചെന്ന് ഒരു തുമ്പിയെയും പിടിച്ചു കൊടുത്തു. അതോടെ അവന്‍ കരച്ചില്‍ നിര്‍ത്തി..

അന്നു വൈകിട്ട് അമ്മാവന്‍ നിശബ്ദനായാണ് വന്നത്. കുടിച്ചിട്ടില്ല എന്നു തോന്നുന്നു. അമ്മായിയോട് ഒരക്ഷരം പോലും മിണ്ടിക്കണ്ടില്ല. പതിവില്ലാതെ, മണിക്കുട്ടനെയും അമ്മുവിനെയും  മടിയിലിരുത്തി പോക്കറ്റില്‍ നിന്നും കുറച്ചു മിഠായി എടുത്തു കൊടുത്തു. ഞാനും അമ്മാവന്റെ അടുത്തു പോയിരുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു, പിന്നെ രണ്ടു മിഠായി എനിയ്ക്കും തന്നു. അകത്ത് കുഞ്ഞമ്മമാര്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിയ്ക്കുന്നു. ആന്റിമാരും കുഞ്ഞമ്മാവനും വായനയും പഠനവും. വല്യച്ഛന്‍ റേഡിയോയില്‍ പാട്ടുകേള്‍ക്കുകയാണ്. അമ്മായി നിശബ്ദയായി എവിടെയോ ഇരിപ്പുണ്ടാകും.

പിറ്റേന്നും അമ്മായി വയലില്‍ പണിയ്ക്കുപോയി.  പതിവുപോലെ രാവിലെ കുളിച്ചൊരുങ്ങി അമ്മാവന്‍ ഇറങ്ങി. ഞങ്ങള്‍ സ്കൂളിലേയ്ക്കും. അന്ന് വൈകിട്ട് അമ്മാവന്‍ വന്നില്ല. ഇടയ്ക്കിത് പതിവാണല്ലോ. ആരും കാര്യമാക്കിയില്ല. എന്നാല്‍ അതിനടുത്ത ദിവസങ്ങളിലും കാണാതായതോടെ എല്ലാവര്‍ക്കും ഉത്കണ്ഠയായി. അമ്മായി കണ്ണീരിലും. “കരയണ്ട, അമ്മാവന്‍ തിരിച്ചു വരു“മെന്ന്  അവരെ ഞാന്‍ ആശ്വസിപ്പിച്ചു.

ദിവസങ്ങള്‍ ആഴ്ചകളായി. ആഴ്ചകള്‍ മാസങ്ങളായി. അമ്മാവന്‍ പുതിയൊരു ദേശാടനത്തിലാണെന്ന് ഞെട്ടലോടെ ഞങ്ങള്‍ മനസ്സിലാക്കി. എങ്കിലും ഞാന്‍ തെക്കു വശത്തെ കൈത്തോട്ടിലേയ്ക്ക് ഇടയ്ക്കൊക്കെ കാതോര്‍ക്കും. അതിലെ ഒരു കെട്ടുവള്ളം വരുന്നുണ്ടാകുമോ? ബെല്‍ബോട്ടം പാന്റിട്ട്, ഫുള്‍ക്കൈ ഷര്‍ട്ടിട്ട്, അരയില്‍ വീതിബെല്‍ട്ട് കെട്ടി, കറുപ്പ് ഷൂവിട്ട്, കൂളിങ്ങ് ഗ്ലാസ് വെച്ച്, കൈയിലൊരു സിഗരറ്റുമായി, പുതിയ എന്തെങ്കിലും പരിപാടിയുമായി എന്റെ അമ്മാവന്‍ അതിലുണ്ടാകുമോ..?

(അവസാനിച്ചു)

Sunday, 20 February 2011

അമ്മാവചരിതം. 2

നല്ല വീതിയില്‍ കിഴക്കുനിന്നും ഒഴുകിവരുന്ന മീനച്ചിലാറ് വല്യാട്ടില്‍ വച്ച് രണ്ടായി പിരിയുന്നു. ഒരെണ്ണം വടക്ക് പടിഞ്ഞാറോട്ട്, മറ്റൊന്ന് തെക്ക് പടിഞ്ഞാറോട്ട്. ഈ പിരിയുന്ന ഭാഗത്താണ് വല്യാട്ടിലെ അമ്പലം. അതിന്റെ വിശാലമായ മൈതാനത്താണ് ഞങ്ങള്‍ നാടന്‍ പന്തും ക്രിക്കറ്റും കളിച്ചത്. മീനച്ചിലാറിന്റെ തെക്കുപടിഞ്ഞാറന്‍ ശാഖ വല്യാടിനെ രണ്ടായി പകുക്കുന്നു. ആറിനക്കരെയാണ് വല്യാട്ടിലെ മൂന്നാലു കടകളും രണ്ട് ചായക്കടയുമുള്ളത്. ഇക്കരെ ഒരു മുറുക്കാന്‍ കട മാത്രമെയുള്ളു. പണ്ടു മുതലെ അക്കരെ കടക്കാനായി വലിയൊരു തടിപ്പാലം അവിടെയുണ്ട്. താഴെക്കൂടി കെട്ടുവള്ളങ്ങള്‍ക്കും മറ്റും കടന്നുപോകാവുന്നത്ര ഉയര്‍ത്തിയാണ് ആ പാലം പണിതിരുന്നത്. ആ പാലത്തെ പറ്റി  മറക്കാത്ത ഒരോര്‍മ്മയുണ്ട്. ഒരിയ്ക്കല്‍ ഞാന്‍ അതുവഴി അക്കരെയ്ക്കു പോകുമ്പോള്‍ എതിരെ അന്നത്തെ എം.എല്‍.എ.യും കൂട്ടരും വരുന്നുണ്ടായിരുന്നു. അദ്ദേഹം  അടുത്തെത്തിയപ്പോള്‍ എന്റെ തലയില്‍ ഒന്നു തലോടാനും വീര്‍ത്ത വയറിന്മേല്‍ ഒന്നു തട്ടാനും മറന്നില്ല. എനിയ്ക്ക് വലിയ സന്തോഷമായി. ഇത്രേം വലിയ ആള്‍ എന്നെ തൊട്ടല്ലോ.!

അമ്മാവന്റെ വരവോടെ എനിയ്ക്കും കുറച്ച് ഗമയൊക്കെ തോന്നി. അയലത്തെ അജിയോടും റെജിയോടും  പിന്നെ മറ്റു പലരോടും അമ്മാവനെ പറ്റി പൊടിപ്പും തൊങ്ങലും വച്ച് താങ്ങാന്‍ കിട്ടിയ ഒരവസരവും ഞാന്‍ പാഴാക്കിയില്ല. അമ്മാവന്‍ നല്ല സുന്ദരനാണ്. വെളുവെളാ വെളുത്തിട്ട്.  മുഖത്തെ താടി ആ സൌന്ദര്യം കൂട്ടുന്നേയുള്ളു. അമ്മാവന്റെ സംസാരമോ അതിലും സുന്ദരം. ഒരാള്‍ക്കും അമ്മാവനോട് പറഞ്ഞു ജയിയ്ക്കാന്‍ പറ്റില്ല. എന്തുകാര്യത്തെ പറ്റിയും അമ്മാവന് നന്നായറിയാം. അമ്മാവന്റെ മുന്നില്‍ അമ്മായി ഒന്നുമല്ല. എന്തു കണ്ടിട്ടാണ് അമ്മാവന്‍ അമ്മായിയെ പ്രേമിച്ച് കെട്ടിയതെന്ന് ഇടയ്ക്ക് ഞാനും ചിന്തിച്ചിട്ടുണ്ട്.

ഒരു മാസംകൊണ്ട് അമ്മാവനെ നല്ല പരിചയമായി. പുള്ളിയുടെ നടപ്പും സ്റ്റൈലുമൊക്കെ ഞാന്‍ ഇടയ്ക്കിടെ അനുകരിച്ചു നോക്കും. വന്ന് അധികം താമസിയാതെ അമ്മാവന് വല്യാട്ടില്‍ കുറേ കൂട്ടുകാരുണ്ടായി.  ചില ദിവസങ്ങളില്‍ അവരോടൊപ്പം പോകും. വൈകിട്ട്  തിരിച്ചെത്തുമ്പോള്‍ കള്ളിന്റെ നല്ല മണവും കണ്ണിനു ചുവപ്പും ഉണ്ടാവും, ഒപ്പം അമ്മായിയുടെ കണ്ണീരും.

ഒരിയ്ക്കല്‍ അദ്ദേഹം കോട്ടയത്തിനു പോയപ്പോള്‍ എന്നെയും കൂട്ടി. അവിടെ എത്തിയപ്പോഴാണ് അമ്മാവന്റെ സ്വാധീനം എത്ര വലുതാണെന്നെനിയ്ക്ക് മനസ്സിലായത്. മാര്‍ക്കറ്റിലെ കച്ചവടക്കാരൊക്കെ അമ്മാവന്റെ പരിചയക്കാര്‍. വളരെ ബഹുമാനത്തോടെയാണ് “അശോകാ” എന്നു വിളിയ്ക്കുന്നത്. ആപ്പിളും ഓറഞ്ചും വില്‍ക്കുന്ന ഒരു പരിചയക്കാരനോട് അമ്മാവന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍, എന്റെ നോട്ടം മുഴുവന്‍ കൂട്ടിവച്ച ആപ്പിളിന്മേലും ഓറഞ്ചിന്‍മേലുമായിരുന്നു. അവയൊന്നിന്റെയും രുചി അതു വരെ അറിഞ്ഞതായി  ഓര്‍മ്മയിലില്ല. എന്റെ ആ നില്‍പ്പ് കണ്ടിട്ടാവും കച്ചവടക്കാരന്‍ ചോദിച്ചു:

“ഇവനേതാ അശോകാ..?”

“ചേച്ചീടെ മോനാ..” അമ്മാവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

ഉടനെ അയാള്‍ രണ്ട് ഓറഞ്ചും ഒരാപ്പിളും എടുത്ത് എനിയ്ക്ക് തന്നു. “തിന്നോടാ മോനെ ”

അന്ന് അമ്മാവന്റെ ഏതൊക്കെയോ കൂട്ടുകാരെ കാണാന്‍ പോയി. പിന്നെ ആര്യഭവനില്‍ നിന്ന് മസാലദോശയും കാപ്പിയും മേടിച്ചു തന്നു. അന്നത്തെ ദിവസം എനിയ്ക്ക് ഒട്ടും മറക്കാന്‍ പറ്റാത്തതായിരുന്നു. ഹോട്ടലില്‍ കയറി മസാലദോശയൊക്കെ തിന്നുക എന്നത് സ്വപ്നത്തില്‍ മാത്രമേ ചിന്തിച്ചിരുന്നുള്ളു അതുവരെ. അമ്മാവനോടുള്ള സ്നേഹം ഇരട്ടിയായി.

ഇത്രയും കാലം  എവിടെ ആയിരുന്നുവെന്നോ, എന്തെടുക്കുക ആയിരുന്നുവെന്നോ ഒന്നും അമ്മാവന്‍  പറഞ്ഞില്ല. എന്നാല്‍ അമ്മായി വീട്ടില്‍ പറഞ്ഞതില്‍ നിന്ന് ഏകദേശ ധാരണ കിട്ടി. ഹൈറേഞ്ച് ഭാഗത്തെവിടെയോ കെട്ടിടങ്ങളുടെ കരാറുപണിയായിരുന്നു അമ്മാവന്. മേസ്ത്രിപ്പണി, വാര്‍പ്പിനുള്ള തട്ടടിയ്ക്കല്‍ ഇതിലൊക്കെ അഗ്രഗണ്യനത്രെ ആള്‍. പിന്നെപ്പിന്നെയാണ് കരാറെടുത്ത് പണി തുടങ്ങിയത്. അങ്ങനെ കുറച്ച് കാശൊക്കെ ആയപ്പോഴാണ് വീട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന് തോന്നിയത്. അമ്മായി ശരിയ്ക്കും കുട്ടനാട്ടിലെ എടത്വാ സ്വദേശിനിയാണ്. എങ്ങനെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയതെന്നോ പ്രേമം തുടങ്ങിയതെന്നോ  ചോദിയ്ക്കാന്‍ എനിയ്ക്ക് പറ്റില്ലല്ലോ.

വല്യാട്ടിലെ പാലത്തിന്റെ ഇങ്ങേക്കരയിലെ ചുവടു ഭാഗത്ത് രണ്ടു സെന്റ് സ്ഥലം വിശാലമായി കിടപ്പുണ്ട്. ഒരു ദിവസം രാവിലെ അവിടുത്തെ കടവില്‍ വലിയൊരു കെട്ടുവള്ളം അടുപ്പിച്ചു. അതിന്മേല്‍ സാമാന്യം വലിയ ഒരു മാടം. (പെട്ടിക്കടയുടെ വലിയ രൂപം. തടിയില്‍ പണിതത്). അമ്മാവന്റെ നിര്‍ദേശപ്രകാരം നാലഞ്ചുപേര്‍ ചേര്‍ന്ന് വലിയ കഴകള്‍ തോളില്‍ താങ്ങി,  മാടം അവിടെ ഇറക്കി. എന്നിട്ട് ആ രണ്ടു സെന്റില്‍ കൊണ്ടു വച്ചു. കുറേപ്പേര്‍ കാഴ്ചക്കാരായി ചുറ്റും നില്‍പ്പുണ്ട്.

“എന്താ പൊന്നപ്പാ പരിപാടി ?”

ആരോ അമ്മാവനോട് ചോദിച്ചു. ചോദിച്ചയാളെ പുള്ളി രൂക്ഷമായി നോക്കി. പൊന്നപ്പനല്ല, അശോക് കുമാറാണെന്ന് അയാളോട് പറയണമെന്നെനിയ്ക്കുണ്ടായിരുന്നു. എങ്കിലും ഞാന്‍ മിണ്ടിയില്ല.

“ഇവിടെ കൊള്ളാവുന്ന ഒരു പലചരക്കു കടയുണ്ടോ..? നല്ല സാധനം വല്ലതും വേണമെങ്കില്‍ കോട്ടയത്തു പോകണ്ടെ..” അമ്മാവന്‍  എല്ലാവരും കേള്‍ക്കാനായി ഉച്ചത്തില്‍ പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അമ്മാവന്‍ ഇവിടെ പലചരക്കു കട തുടങ്ങാന്‍ പോണു.

അന്ന് വൈകിട്ട് വീട്ടില്‍ ഞങ്ങളെല്ലാം ഇരിയ്ക്കുമ്പോള്‍ അമ്മാവന്‍ പറഞ്ഞു:

“ഇരുപത്തയ്യായിരം രൂപ മുടക്കിയാ ഞാന്‍ കടതുടങ്ങാന്‍ പോണത്..”

അന്ന്  പണികാര്‍ക്ക് പതിമൂന്നു രൂപയാണ് കൂലി.  ഒത്തിരി കടന്നു ചിന്തിയ്ക്കുകയും തന്മൂലമുണ്ടാകുന്ന മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യുന്ന സ്വഭാവം, ഇന്നത്തേതു പോലെ അന്നും എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് എനിയ്ക്കിങ്ങനെ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

“കട പൊട്ടിപ്പോയാല്‍ അമ്മാവനെന്തു ചെയ്യും ?”

വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാനതു ചോദിച്ചതെങ്കിലും അമ്മാവന് അതത്ര പിടിച്ചെന്നു തോന്നുന്നില്ല.

“നീയാളു കൊള്ളാമല്ലോടാ.. പൊട്ടിപ്പോയാല്‍ പോകട്ടേന്നു വയ്ക്കും. അത്ര തന്നെ. ആ മഠത്തിക്കാരുടെ വക്രബുദ്ധി അതേ പടി കിട്ടിയിട്ടുണ്ടല്ലോടാ നിനക്ക്..” മഠത്തില്‍ , എന്റെ അച്ഛന്റെ വീട്ടുപേരാണ്.

അധികം താമസിയാതെ അമ്മാവന്റെ കട ഉദ്ഘാടനം ചെയ്തു. ഗംഭീരന്‍ കട. വല്യാട്ടിലെ ലൊട്ടുലൊടുക്കു കടകള്‍ പോലെയൊന്നുമല്ല. മാടത്തിനു മുന്‍പിലും സൈഡുകളിലും പന്തല്‍ കെട്ടി അവിടെയും  സാധനങ്ങള്‍ വച്ചിട്ടുണ്ട്. എന്തൊക്കെയുണ്ട് എന്നു പറയുന്നതിലും എളുപ്പം, എന്തൊക്കെയില്ല എന്നു പറയുന്നതാവും.  “ഇവിടെ വരുന്നവര്‍ ഒരു സാധനവും കിട്ടാതെ പോകരുത്“, അതാണ് അമ്മാവന്റെ പോളിസി. കട ഉദ്ഘാടനം ചെയ്യിച്ചത്, അമ്മമ്മയെ കൊണ്ട് നിലവിളക്ക് കത്തിച്ചാണ്. കടയുടെ പേര് “കേളന്‍സ്”. ഈ “കേളന്‍” എന്നയാള്‍ വല്യച്ഛന്റെ അച്ഛനാണത്രേ...

അമ്മാവന്‍ കരുതിയതു പോലെ തന്നെ, പൊടിപൂരം കച്ചവടമാണ് കടയില്‍. അന്ന് ദിവസം ആയിരം രൂപയുടെ കച്ചവടം എന്നു പറഞ്ഞാന്‍ വന്‍‌കച്ചവടം തന്നെയാണ്. സ്കൂള്‍ വിട്ടു വന്നാല്‍ ഞാന്‍ ഇടയ്ക്ക് കടയില്‍ പോകും. അവിടെ തട്ടിയും മുട്ടിയും കുറേ നേരം നിന്നാല്‍ അമ്മാവന്‍ രണ്ടൊ മൂന്നോ മിഠായി എടുത്തു തരും. അതു കിട്ടിയാലുടന്‍ വീട്ടിലേയ്ക്കും പോരും.

അമ്മാവന്‍ കോട്ടയത്തോ മറ്റോ പോകുന്ന ദിവസങ്ങളില്‍ അമ്മമ്മയെ കടയിലിരുത്തും. അമ്മമ്മയ്ക്ക് എഴുത്തും വായനയുമൊക്കെ വശമുണ്ട്. മന:ക്കണക്കില്‍ അഗ്രഗണ്യ. വീട്ടിലേയ്ക്കുള്ള പലവ്യജ്ഞനങ്ങള്‍ മേടിയ്ക്കുമ്പോള്‍ ഓരോന്നിന്റെയും വില മനസ്സില്‍ കണക്കുകൂട്ടിയിട്ട്, കൊടുത്തുവിട്ടതില്‍ എത്ര പൈസ ബാക്കിയുണ്ടെന്ന് കൃത്യമായി അമ്മമ്മ പറയും. കണക്കില്‍ തിരിമറി കാണിച്ച് പത്തോ ഇരുപതോ പൈസ ഒപ്പിയ്ക്കാനുള്ള കുഞ്ഞമ്മാവന്റെയും ആന്റിമാരുടെയും തന്ത്രം, അങ്ങനെ കൈയോടെ പൊളിയ്ക്കാന്‍ അമ്മമ്മയ്ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

അങ്ങനെ അമ്മമ്മ, കടയിലിരിയ്ക്കുന്ന ഒരു ദിവസം ഞാനും അവിടെയുണ്ട്. അമ്മമ്മയുടെ കണ്ണുവെട്ടിച്ച് ഒന്നോ രണ്ടോ മിഠായി അടിച്ചുമാറ്റുക എന്നതാണ് എന്റെ ലക്ഷ്യം. അമ്മാവനെപോലെ, പുള്ളിക്കാരി മനസ്സറിഞ്ഞ് തരികയില്ലല്ലോ.. അപ്പോഴൊരു പച്ചപരിഷ്കാരി കടയില്‍ വന്നു. നല്ല തിളങ്ങുന്ന കറുപ്പു നിറം. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതി ബെല്‍ട്ട്, ഷൂ. അന്ന് അമ്മാവന്‍ വന്നപോലെ തന്നെ. വന്നയാള്‍ അമ്മമ്മയോട് നല്ല സ്ഫുടതയില്‍ പറഞ്ഞു:

“ഒരു പായ്ക്കറ്റ് മിക്സ്ചര്‍ വേണം..”

അല്പം കുഴങ്ങി നിന്നിട്ട് അമ്മമ്മ പറഞ്ഞു: “അതിവിടെയില്ലല്ലോ..”

അയാള്‍ കടയാകെ ഒന്നു നോക്കിയിട്ട് പറഞ്ഞു: “അതായിരിയ്ക്കുന്നു..”

“ഓ അതോ..”. അമ്മമ്മ അവിടെയിരുന്ന ഒരു പായ്ക്കറ്റ് മിക്സ്ചര്‍ എടുത്തു കൊടുത്തു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ പുച്ഛത്തോടെ എന്നോട് പറഞ്ഞു: “ഹും.. ഒരു കൂട് മിച്ചറിനാ, അവന്‍ വന്നിട്ട് “ഒരു പായ്ക്കറ്റ് മിക്സ്ചര്‍“ തരാമ്പറഞ്ഞത്..!

എനിയ്ക്കും അതേ അഭിപ്രായമായിരുന്നു, ഞങ്ങളിന്നേവരെ മിച്ചറെന്നേ പറഞ്ഞിട്ടുള്ളൂ. എന്തായാലും അമ്മമ്മ എങ്ങോട്ടോ തിരിഞ്ഞ നേരം നോക്കി ഞാന്‍ മൂന്നാല് മിഠായി കീശയിലാക്കി, പിന്നെ അധികം നില്‍ക്കാതെ വീട്ടിലേയ്ക്കു പോരുകയും ചെയ്തു.

വല്യാട്ടില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഒന്ന് കത്തോലിക്ക വിഭാഗത്തിന്റേത്. മറ്റേത് യാക്കോബായ വിഭാഗത്തിന്റേത്. കത്തോലിയ്കരുടേത് “ഐക്കരച്ചിറപ്പള്ളി“യെന്നും യാക്കോബായക്കാരുടേത് “കല്ലുങ്കത്ര പള്ളി“യെന്നും വിളിയ്ക്കപ്പെടുന്നു. രണ്ടും പാലത്തിനക്കരെയാണ്. വല്യാടിന്റെ ഒരു സാമൂഹ്യഘടന എന്നു പറയുന്നത്, സമ്പന്നരായ ക്രൈസ്തവര്‍, ഇടത്തരക്കാരും തൊഴിലാളികളുമായ ഹിന്ദുക്കള്‍, ഹൈന്ദവരും ക്രൈസ്തവരുമായ കുറച്ച് ദളിതര്‍ എന്ന തരത്തിലാണ്. പള്ളികളില്‍ എല്ലാവര്‍ഷവും പെരുന്നാള്‍ ഉണ്ടാകും. അന്ന് ബാന്‍ഡ് മേളത്തോടെ വല്യാട്ടിലേയ്ക്ക് കഴുന്ന് എഴുന്നെള്ളിപ്പും  കാണും. പിന്നെ വൈകിട്ട് നാടകം, മറ്റുകലാപരിപാടികള്‍. വല്യാട്ട്കാരെല്ലാം ഇതിലൊക്കെ പങ്കെടുക്കും. എന്നാല്‍ എടുത്തു പറയേണ്ടത്, വൈകിട്ടത്തെ വെടിക്കെട്ടാണ്. കൂടുതലൊന്നുമില്ല, ഒരു പത്തു മിനിട്ടേ ഉള്ളുവെങ്കിലും എല്ലാവര്‍ക്കും വലിയ ഹരമാണത്. ഇക്കരെ അമ്പലത്തിലാകട്ടെ ചതയദിനത്തില്‍ കലാപരിപാടികള്‍ ഉണ്ടെങ്കിലും വെടിക്കെട്ടൊന്നുമില്ല. പള്ളിക്കാരുടെതിനെ അപേക്ഷിച്ച് പൊലിമ കുറവാണ് ഉത്സവത്തിന്.

ആ വര്‍ഷത്തെ ഉത്സവസമയമായപ്പോള്‍ അമ്മാവന്‍ കമ്മിറ്റിക്കാരെ സമീപിച്ചു.

“ഇത്തവണ ഉത്സവം ഗംഭീരമാക്കണം...”

“അതിനൊക്കെ കാശെത്ര വേണം അശോകാ... നമുക്കതിനും മാത്രം പിരിവൊന്നും കിട്ടാനില്ല..” കമ്മിറ്റി പ്രസിഡണ്ട് “അശോകാ“ എന്ന് മന:പൂര്‍വം വിളിച്ചതല്ലേ എന്നു തോന്നാതിരുന്നില്ല.

“ഒന്നാന്തരമൊരു വെടിക്കെട്ട് ഞാന്‍ നടത്തിക്കോളാം. പിന്നെ ഒരു “ബാലെ“യ്ക്കുള്ള കാശിന്റെ പകുതിയും. പോരേ..?”

അമ്മാവന്‍ നിസ്സാരമായി പറഞ്ഞു. കമ്മിറ്റി പ്രസിഡണ്ടിന് ഒന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. അങ്ങനെ അത്തവണത്തെ ഉത്സവം കേമമാക്കാനുള്ള ഒരുക്കങ്ങള്‍ ആയി. ഉത്സവദിവസം ഉച്ചയായപ്പോള്‍ അമ്മാവന്റെ സില്‍ബന്ധികളായ കുറേപ്പേര്‍ അമ്പലമുറ്റത്തെത്തി. മുറ്റത്തിന്റെ ഒരതിരില്‍ മീനച്ചിലാറാണ്. അവിടെ മുറ്റം കല്ലുകൊണ്ട് നന്നായി കെട്ടിയിട്ടുണ്ട്. വന്ന സില്‍ബന്ധികളുടെയെല്ലാം തോളില്‍ ഓരോ വാഴപ്പിണ്ടികള്‍ ഉണ്ടായിരുന്നു. അവര്‍  ആറ്റിന്‍‌കരയോട് ചേര്‍ന്ന് മുറ്റത്ത് നിരനിരയായി വാഴപ്പിണ്ടികള്‍ നാട്ടി. പിന്നെ അവിടെയൊക്കെ തോരണങ്ങള്‍ ചാര്‍ത്തി. ഞങ്ങള്‍ കുട്ടികളും തോരണം ഒട്ടിക്കാനും കെട്ടാനുമൊക്കെ കൂടി.

അന്നു സന്ധ്യ ആയപ്പോള്‍ വല്യാട്ടിലെ ജനസഞ്ചയം ഒന്നാകെ അമ്പലത്തിലേയ്ക്കൊഴുകി. അമ്പലമുറ്റത്ത് അവിടവിടെ കെട്ടിയ ഉച്ചഭാഷിണികളിലൂടെ ഭക്തിഗാനം ഒഴുകിക്കൊണ്ടിരുന്നു. ബലൂണ്‍ കച്ചവടക്കാര്‍, കുപ്പിവളയും ചാന്തും പാവകളും തോക്കും വില്‍ക്കുന്ന ചിന്തിക്കടക്കാര്‍, കിലുക്കികുത്തുകളിക്കാര്‍ അങ്ങനെ പലരും എത്തിയിട്ടുണ്ട്. കോട്ടയംകാരുടെ ബാലെട്രൂപ്പിന്റെ ചുവന്ന കര്‍ട്ടന്‍ നേരത്തെ സ്റ്റേജില്‍ കെട്ടിരിയ്ക്കുന്നു. അതില്‍ വലിയ വെള്ള അക്ഷരത്തില്‍ എഴുത്ത്, “സല്‍ക്കലാ തീയേറ്റേഴ്സ്”

സന്ധ്യ ആയപ്പോള്‍ അമ്മാവന്‍ ഫുള്‍സ്യൂട്ടില്‍ എത്തി. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതിയുള്ള ബെല്‍ട്ട്, കറുത്ത ഷൂവ്. കൂളിങ്ങ് ഗ്ലാസ് വെച്ചിട്ടില്ല. അമ്മാവന്റെ രണ്ടു സില്‍ബന്ധികള്‍ വലിയ ഒരു പെട്ടി താങ്ങിപ്പിടിച്ചിട്ടുണ്ട്. നേരത്തെ നാട്ടിയിരിയ്ക്കുന്ന വാഴപ്പിണ്ടികളുടെ അടുത്ത് അവര്‍ പെട്ടി താഴ്തി വച്ചു. അപ്പോള്‍ ജനസഞ്ചയത്തിന്റെ കണ്ണുകള്‍ അങ്ങോട്ടായി. അമ്മാവന്‍ സിഗററ്റൊക്കെ വലിച്ച് നല്ല സ്റ്റൈലില്‍ അങ്ങനെ നിന്നു.

സില്‍ബന്ധികള്‍ പെട്ടി പൊട്ടിച്ചു. അതില്‍ നിന്ന് ചുവന്ന നിറമുള്ള മാലപ്പടക്കത്തിന്റെ വലിയൊരു ചുരുള്‍ നിവര്‍ത്തി. അത് നാട്ടിനിര്‍ത്തിയ വാഴപ്പിണ്ടികളില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നെടുനീളത്തില്‍ അവര്‍ കൊളുത്തിയിട്ടു. ഒരു ഇരുപത്തഞ്ചു മീറ്റര്‍ നീളമെങ്കിലും കാണും. പിന്നെ പെട്ടിയില്‍ നിന്നെടുത്തത് ഉഗ്രന്‍ ഗുണ്ടുകളാണ്. ഓരോന്നും പൊതിച്ച തേങ്ങയുടെ വലിപ്പം വരും. അവ മാലപ്പടക്കങ്ങളുടെ ഇടയില്‍ തൂക്കിയിട്ടു. ഏറ്റവും അവസാനം അമറന്‍ രണ്ടെണ്ണം വേറെയും.  ഗുണ്ടിന്റെ വലിപ്പം കണ്ടതോടെ ആള്‍ക്കാര്‍ അല്പം അകന്നു നിന്നു. അടുത്തു വരാന്‍ നോക്കിയവരെ അമ്മാവന്‍ വിറപ്പിയ്ക്കുന്നുമുണ്ട്.

 “അങ്ങോട്ട് മാറി നിക്കടാ.. എങ്ങാനും പൊട്ടിയാല്‍ നിന്റെയൊക്കെ പൊടി പോലും കിട്ട്വേല..”

അരമണിക്കൂര്‍ കൊണ്ട് വെടിക്കെട്ടിനുള്ള സജ്ജീകരണം റെഡിയായി. ആള്‍ക്കാരെല്ലാം അമ്പമുറ്റത്തോട് ഒതുങ്ങിനിന്നു. ഇനി വെടിക്കെട്ട് ആരംഭിയ്ക്കാം. അമ്മാവന്‍ പതുക്കെ തൂക്കിയിട്ടിരിയ്ക്കുന്ന പടക്കത്തിന്റെ അടുത്തേയ്ക്ക് ചെന്നു. ചുണ്ടില്‍ എരിയുന്ന സിഗററ്റ്. പടക്കമാലയുടെ ഒരറ്റത്തു ചെന്ന് അതിന്റെ തിരി പതുക്കെ കൈയില്‍ എടുത്തു. എന്നിട്ട് ചുണ്ടിലിരുന്ന സിഗററ്റു കൊണ്ട് അതില്‍ പതുക്കെ മുട്ടിച്ചു. തിരി ഒന്നു മടിച്ചിട്ട് തീപ്പൊരി ചിതറി കത്താന്‍ തുടങ്ങി. അപ്പോള്‍ അമ്മാവന്‍ പതുക്കെ നടന്നു പോന്നു..

വെടിക്കെട്ട് തുടങ്ങി. ഇടയ്ക്കിടെ ഊക്കന്‍ ഗുണ്ടും പൊട്ടി. ഗുണ്ട് പൊട്ടുമ്പോള്‍ നെഞ്ചിന് കൂടം കൊണ്ടടിയ്ക്കുന്ന പോലെ . സംഗതി കത്തിക്കയറിയതോടെ എല്ലാവരും ചെവി പൊത്തിപ്പോയി. ഒരു പതിനഞ്ച് മിനിട്ടോളം തീയും പുകയും വെടിയും മാത്രം. അവസാനത്തെ അമറന്‍ അമിട്ടുകള്‍ പൊട്ടിയപ്പോള്‍ മണല്‍ത്തരികള്‍ പറക്കുന്ന പോലെ തോന്നി. എല്ലാം തീര്‍ന്നപ്പോള്‍ അവിടെയാകെ കട്ടിപ്പുക . ഇടയ്ക്കിടെ, പൊട്ടാന്‍ വൈകിയ കുറെ പടക്കങ്ങളുടെ തുമ്മലും ചീറ്റലും. എന്തായാലും സംഗതി ജോറായി. പള്ളിയിലെ വെടിക്കെട്ടിനെക്കാളും അഞ്ചുമിനിട്ടോളം കൂടുതലാണ് അമ്മാവന്റെ വെടിക്കെട്ട്. ഞങ്ങള്‍ക്കെല്ലാം വലിയ അഭിമാനം തോന്നി.

ഉത്സവമെല്ലാം കഴിഞ്ഞ് കണക്കുകൂട്ടിയപ്പോള്‍ അമ്മാവന്റെ കൈയില്‍ നിന്ന് ആറായിരത്തോളം രൂപ ചിലവായിട്ടുണ്ട്.അതത്ര ചെറിയ തുകയൊന്നുമല്ല. അതിന്റെ ക്ഷീണം കടയ്ക്കനുഭവപ്പെടാന്‍ തുടങ്ങി. സ്റ്റോക്ക് അല്പാല്പം കുറഞ്ഞു വന്നു.എന്തുകൊണ്ടോ പിന്നെ, അമ്മാവന്‍ അധികം കടയില്‍ ഇരിയ്ക്കാതായി. അമ്മമ്മയാണ് മിക്കവാറും ഇരിയ്ക്കല്‍..

ഇക്കാലത്തൊക്കെയും വല്യച്ഛന്‍ അമ്മാവന്റെ ഒരു കാര്യവും അന്വേഷിയ്ക്കുകയോ ചോദിയ്ക്കുകയോ ചെയ്തിരുന്നില്ല. പണ്ടു മുതലേ അദ്ദേഹം ഒരു സാധനവും വീട്ടിലേയ്ക്കു മേടിയ്ക്കാറില്ല. കാശ് അമ്മമ്മയെ ഏല്‍പ്പിയ്ക്കുകയേ ഉള്ളു. അതുകൊണ്ട് തന്നെ അമ്മാവന്റെ കടയിലും വല്യച്ഛന്‍ ഒന്നിനും പോകാറില്ല. അദ്ദേഹത്തിനു വേണ്ട ഒരേ ഒരു സാധനം ചുരുട്ടാണ്. അതാകട്ടെ കോട്ടയത്തെ കിട്ടുകയുള്ളു. രണ്ടാഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തു പോകുമ്പോള്‍ അതു മേടിയ്ക്കുകയും ചെയ്യും.

(അവസാനിയ്ക്കുന്നില്ല)

Saturday, 19 February 2011

അമ്മാവചരിതം.

വല്യാട്ടിലെ അമ്മവീട്ടില്‍ ഞാനും  കുഞ്ഞമ്മാവനും ആന്റിമാരും തല്ലും പിടിയുമായി കഴിഞ്ഞുവരുന്ന കാലം. ഞാനൊരാറാം ക്ലാസുകാരന്‍. മൊത്തത്തില്‍  ഗ്രൂപ്പ് മൂന്നാണ്. ഷീബയാന്റി, ജയമ്മയാന്റിയും ഞാനും, പിന്നെ കുഞ്ഞമ്മാവന്‍.   മൂത്തയാളായതു കൊണ്ടും കരുത്തനായതു കൊണ്ടും കുഞ്ഞമ്മാവനാണ് ഞങ്ങള്‍ക്കിടയില്‍ ആധിപത്യം. അതു കൊണ്ട് ചിലപ്പോഴൊക്കെ ഞാന്‍ പുള്ളിയോടൊപ്പവും കൂടും. ഞങ്ങള്‍ക്ക് മുകളില്‍ വീണ്ടും കുഞ്ഞമ്മമാര്‍ മോളി, പങ്കജവല്ലി, തങ്കയമ്മ, ഓമനയമ്മ, മണിയമ്മ, പത്മിനിയമ്മ പിന്നെ എന്റെ അമ്മ ഭാനുമതി- ഇങ്ങനെയാണ് ലിസ്റ്റ്. ഇതില്‍ മുകളില്‍ നിന്ന് താഴേയ്ക്ക് മണിയമ്മ വരെയുള്ളവര്‍ അക്കാലത്ത് വിവാഹിതരായി പോയിരുന്നു. ആന്റിമാരെന്നു വിളിയ്ക്കുന്നവരൊഴിച്ചുള്ള കുഞ്ഞമ്മമാര്‍ മുതിര്‍ന്നവരായതിനാല്‍ എന്റെ സമ്പര്‍ക്കം ഔപചാരികം മാത്രമാണ്. പിന്നെ, അവര്‍ക്കെന്നോട് നല്ല സ്നേഹം തോന്നുമ്പോള്‍ മടിയില്‍ കിടത്തി, മുറിഞ്ഞ അരിവാള്‍ ചുണ്ടു കൊണ്ട് തലയിലെ പേന്‍ കൊന്നു തരും. അരിവാള്‍ ചുണ്ട് തലയില്‍ അമരുമ്പോഴുള്ള വേദന കൊണ്ട്  പലപ്പോഴും ഈപരിപാടിയ്ക്ക് ഞാന്‍ സമ്മതിയ്ക്കില്ല. അങ്ങനെ ഞങ്ങളെല്ലാവരും ആ വലിയ വീടിനുള്ളില്‍ സ്നേഹിച്ചും കലഹിച്ചും കുശുമ്പു പറഞ്ഞും അടികൂടിയും ജീവിച്ചു വന്നു. ഇതില്‍ പറയാന്‍ വിട്ടു പോയ വലിയൊരു കണ്ണിയാണ് വലിയമ്മാവന്‍ പൊന്നപ്പന്‍.  അതിനു കാരണമുണ്ട്, എനിയ്ക്ക് ഓര്‍മ്മ വയ്ക്കുന്നതിനു മുന്‍പേ കക്ഷി ലോക സഞ്ചാരിയായിരുന്നു. പറഞ്ഞു കേള്‍വിയല്ലാതെ ആളെ നേരിട്ടു കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ സ്ഥാനം തങ്കയമ്മയുടെയും ഓമനയമ്മയുടെയും ഇടയ്ക്കാകുന്നു.

“എന്റെ പൊന്നന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാനിത്രേം കഷ്ടപെടേണ്ടി വരത്തില്ലായിരുന്നു..”

ഇടയ്ക്കിടെ ആന്റിമാരുമായി ഉടക്കിക്കഴിയുമ്പോള്‍, അമ്മമ്മ ആകാശത്തേയ്ക്ക് കണ്ണുകളുയര്‍ത്തി പിരാകുന്നപോലെ പറയും.

“നിങ്ങടെ ശല്യം കൊണ്ടായിരിയ്ക്കും അണ്ണന്‍ നാടുവിട്ടുപോയത്..” ആന്റിമാര്‍ തിരിച്ചടിയ്ക്കും.

അപ്പോള്‍ അമ്മമ്മ ചാടിയെഴുനേല്‍ക്കുകയും, അടുപ്പില്‍ വയ്ക്കാനായി കീറി ഉണങ്ങാനിട്ട വിറകില്‍ മുഴുത്തൊരെണ്ണം കൈയിലെടുത്ത് ചീറി വരുകയും ചെയ്യും. അതോടെ ടിയര്‍ഗ്യാസ് പൊട്ടിയ മാതിരി ആന്റിമാര്‍ ചിതറും. ആഴ്ചയില്‍ ഒരിയ്ക്കലെങ്കിലും ഈ കലാപരിപാടി അരങ്ങേറാറുണ്ട്. എന്നാല്‍ ആന്റിമാര്‍ സംസാരിയ്ക്കുമ്പോഴൊക്കെ “അണ്ണ”നെ പറ്റി നല്ല ബഹുമാനത്തിലാണ് പറയാറ്. എന്തായാലും “അണ്ണന്‍” എന്നു പറയപ്പെടുന്ന ഒരു വലിയമ്മാവന്‍ എനിയ്ക്കുണ്ടെന്നും അദ്ദേഹം ഒരു മഹാനുഭാവന്‍ ആണെന്നും എനിയ്ക്ക് മനസ്സിലായി.

ഒരു ദിവസം രാവിലെ കോട്ടപ്പറമ്പിലെ വീട്ടില്‍ എന്തോ ആവശ്യത്തിനു പോയ തങ്കയമ്മ ഉച്ചത്തില്‍ കൂവി വിളിച്ച് വീട്ടിലേയ്ക്ക് ഓടി വന്നു.

“അണ്ണന്‍ വരുന്നുണ്ടേ......! “

രാവിലത്തെ അടിപിടിയില്‍ വ്യാപൃതരായിരുന്ന ഞാനും കുഞ്ഞമ്മാവനും ആന്റിമാരും അതു നിര്‍ത്തിയിട്ട് ചെവി വട്ടം പിടിച്ചു.

“അണ്ണന്‍ വരുന്നുണ്ടേ.. കോട്ടപ്പറമ്പില്‍ എത്തിയേ...! “

അതു കേട്ടതോടെ മോളിയാന്റി, ജയമ്മയാന്റി, ഞാന്‍ എന്നിവരുള്‍പ്പെട്ട സംഘം അതിവേഗം കോട്ടപ്പറമ്പിലേയ്ക്കോടി. വീട്ടില്‍ നിന്നും അഞ്ചുമിനിട്ടു ദൂരമേയുള്ളു അങ്ങോട്ടേയ്ക്ക്. വല്യാട് തന്നെ ഈ കോട്ടപ്പറമ്പും. ഞങ്ങള്‍ ഓടി അവിടെയെത്തവേ, അതാ ഒരാജാനബാഹു നടന്നു വരുന്നു. ഒരടിയ്ക്കുമേല്‍ വീതിയുള്ള ബെല്‍ബോട്ടം പാന്റ്. ഇന്‍സേര്‍ട്ട് ചെയ്ത ഫുള്‍ക്കൈ ഷര്‍ട്ട് -കൈപ്പത്തിയ്ക്കുമേല്‍ തെറുത്തു വച്ചിരിയ്ക്കുന്നു. മൂന്നര ഇഞ്ച് വീതിയുണ്ട് അരയിലെ ബെല്‍റ്റിന്. കട്ടി സോളുള്ള കറുത്ത ഷൂവും  മുഖത്തിന്റെ പകുതി മറയുന്ന കൂളിങ്ങ് ഗ്ലാസും. കുരുവികൂടുകെട്ടിയ  ഹെയര്‍സ്റ്റൈല്‍. വലതുകൈയില്‍ വലിയൊരു സ്യൂട്ട്കേസ് കഷ്ടപ്പെട്ട് തൂക്കിപ്പിടിച്ചിരിയ്ക്കുന്നു. മറ്റേക്കൈയില്‍ എരിയുന്ന സിഗററ്റ്. വല്യാട്ടുകാരൊന്നും ഇത്രയ്ക്കൊരു പരിഷ്ക്കാരിയെ ഇതിനുമുന്‍പ് കണ്ടിട്ടേ ഇല്ലായെന്ന് അവരുടെ അമ്പരന്ന നോട്ടം കണ്ടാലറിയാമല്ലോ.

ഞങ്ങള്‍ ഓടി അടുത്തു ചെന്നു. ഹൌ.. അത്തറിന്റെ മുല്ലപ്പൂ മണം. ഞങ്ങളെ കണ്ടപ്പോള്‍ സിഗററ്റ് ഒന്നുകൂടി ആഞ്ഞു വലിച്ചിട്ട് ബാക്കി എറിഞ്ഞു കളഞ്ഞു. പിന്നെ നിറഞ്ഞ ഒരു ചിരി ചിരിച്ചു.

“അണ്ണാ...”

മോളിയാന്റി  അമ്മാവനെ വട്ടം പിടിച്ചു. ഒപ്പം ജയമ്മയാന്റിയും. ഞാന്‍ ഒന്നും മിണ്ടാതെ ആദ്യമായി കാണുന്ന അമ്മാവനെ ആകെയൊന്നു വീക്ഷിച്ചു.

“ഇവന്‍ ഭാനുച്ചേച്ചീടെ മോനല്ലേ..കുട്ടായി..?”

അമ്മാവന്‍ ആന്റിമാരോട് ചോദിച്ചു.

“അതേ അണ്ണാ.. അവനിവിടെയാ പള്ളിക്കൂടത്തില്‍ പോണത്..”

“വാടാ..”

അമ്മാവന്‍ അരുകില്‍ വിളിച്ച് എന്റെ എല്ലുന്തിയ നെഞ്ചിന്മേല്‍ വിരലോടിച്ചു. എന്നിട്ട് കീശയില്‍ നിന്ന് കുറച്ച് മിഠായി എടുത്ത് ഞങ്ങള്‍ക്ക് തന്നു. പിന്നെ സ്യൂട്ട് കേസും തൂക്കി   വീട്ടിലെയ്ക്ക് നടന്നു.  മിഠായിയുടെ പൊതിയല്‍ അഴിച്ചുകൊണ്ട് ഞങ്ങള്‍ പുറകെ. ഇതിനിടയില്‍ എതിരെ വന്ന  ചിലര്‍ ഒറ്റയടി പാതയില്‍ നിന്ന് ഇറങ്ങി നിന്ന് അമ്മാവന് വഴിമാറിക്കൊടുത്തു. എന്നിട്ട് കണ്ണും തള്ളി പുള്ളിയെ തന്നെ നോക്കി നിന്നു. അമ്മാവനാകട്ടെ ആരെയും അത്ര ഗൌനിച്ചുമില്ല.

ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ വല്യച്ഛനൊഴികെ എല്ലാവരും മുറ്റത്ത് അമ്മാവന്റെ വരവും കാത്ത് നില്‍പ്പാണ്. അമ്മാവന്‍ മുറ്റത്ത് കാലെടുത്തു വച്ചതും വീക്കന്‍ ചെണ്ടയടിപോലെ അടുപ്പിച്ചു മൂന്നാലു ശബ്ദം.

“പ്ധോം..പ്ധോം..പ്ധോം..” വല്യമ്മ നെഞ്ചത്തടിച്ചതാണ്. “എന്നാലും എന്നെയിട്ടിട്ട് നീയെവിടെ ആയിരുന്നെടാ ഇത്രേം കാലം..! ”

അമ്മാവന്‍ വന്ന സന്തോഷത്തിന്റെ ശോഭ കെടുത്തുന്നതായിരുന്നു അമ്മമ്മയുടെ അനവസരത്തിലുള്ള ഈ പ്രകടനം. കുഞ്ഞമ്മമാര്‍ കയറിപ്പിടിച്ചതുകൊണ്ട് അതവിടം കൊണ്ടു നിന്നു.

അമ്മാവന്‍ വന്നതിന്റെ സന്തോഷമൊന്നും പുറത്തു കാണിയ്ക്കാത്ത ഒരാള്‍ വല്യച്ഛനായിരുന്നു. അദ്ദേഹം പ്രത്യേകിച്ചൊന്നും സംഭവിയ്ക്കാത്തതുപോലെ നിശബ്ദനായി കോലായിലെ കസേരയിലിരുന്നു പത്രം നോക്കി.
കൈയിലൊരു പൊതിയുമായി അമ്മാവന്‍ വല്യച്ഛന്റെ അടുത്ത് സാവകാശം ചെന്നു. അദ്ദേഹം തലയുയര്‍ത്തിയതേ ഇല്ല.

“അച്ഛാ...” അമ്മാവന്‍ മെല്ലെ വിളിച്ചു.

“ഉം..” വല്യച്ഛന്‍ പത്രം വായന തുടര്‍ന്നു.

“ചുരുട്ട്..”

കൈയിലിരുന്ന പൊതി കസേരക്കൈയിന്മേല്‍ വച്ചിട്ട് അമ്മാവന്‍ മാറിനിന്നു. വല്യച്ഛന്റെ ഏറ്റവും ഇഷ്ടപെട്ട വസ്തുവാണ് നന്ദി ബ്രാന്‍ഡ് ചുരുട്ട്. അല്പസമയം കഴിഞ്ഞ് അദ്ദേഹം ആ പൊതിയെടുത്ത് ഒന്നു നോക്കിയ ശേഷം അതുപൊട്ടിച്ച് ഒരു ചുരുട്ടെടുത്ത് വലിച്ചു.  വീണ്ടും പത്രം നിവര്‍ത്തി. അമ്മാവന്‍ സന്തോഷത്തോടെ അകത്തേയ്ക്ക് പോയി.

അന്നത്തെ ദിവസത്തെ എങ്ങനെ വര്‍ണ്ണിയ്ക്കാന്‍..! ഒത്തിരി മധുരപലഹാരങ്ങള്‍ അമ്മാവന്റെ പെട്ടിയിലുണ്ടായിരുന്നു. പിന്നെ ആന്റിമാര്‍ക്കെല്ലാം തുണികള്‍. എന്നെ പ്രതീക്ഷിയ്ക്കാത്തതുകൊണ്ടാവാം എനിയ്ക്കൊന്നുമില്ലായിരുന്നു. എങ്കിലും എനിയ്ക്ക് വേറെ എടുത്തു തരാമെന്ന് അമ്മാവന്‍ പറഞ്ഞു. വീട്ടിലെ ഒരു മുറി അമ്മാവന്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ്. മറ്റാരും അങ്ങോട്ട് പോയതേയില്ല. അന്ന് രാത്രി ഞാനും  ആന്റിമാരുമെല്ലാം നടുമുറിയിലെ നിലത്ത് നാലഞ്ച് പായകള്‍ നിരത്തിയിട്ട് വിശാലമായി കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ തന്നെ അമ്മാവന്‍ കുളിച്ചൊരുങ്ങി പുതിയ ഡ്രെസ്സെല്ലാം ധരിച്ചു. അതു കണ്ടപ്പോള്‍ എല്ലാവര്‍ക്കും വിഷമമായി.

“നീയിനി എവിടെ പോണൂ..?” ഉത്കണ്ഠയോടെ അമ്മമ്മ ചോദിച്ചു. ഒപ്പം ഞങ്ങളെല്ലാം അമ്മാവനെ നോക്കി.

“കോട്ടയം വരെ. വൈകുന്നേരം ഇങ്ങു വരും..” കൈകളുയര്‍ത്തി കക്ഷത്തില്‍  സ്പ്രേയടിച്ചുകൊണ്ട് അമ്മാവന്‍ പറഞ്ഞു. അതോടെ എല്ലാവര്‍ക്കും ആശ്വാസമായി.

വൈകിട്ട് ഇരുട്ടായി അമ്മാവന്‍ തിരികെ വരുമ്പോള്‍. അപ്പോള്‍ ഞങ്ങള്‍ തിണ്ണയില്‍ നിലവിളക്കിനു ചുറ്റുമിരുന്ന് നാമജപമായിരുന്നു. പുറത്തെ ഇരുട്ടില്‍ നിന്ന് അമ്മാവന്‍, പലകയടിച്ച് മറയിട്ട തിണ്ണയിലേയ്ക്ക് കയറി.

“വാ..” പുറത്തേയ്ക്ക് നോക്കി ആരെയോ വിളിച്ചു.

അപ്പോള്‍ ആ ഇരുട്ടില്‍ നിന്ന് കൈയിലൊരു കുഞ്ഞുമായി ഒരു സ്ത്രീ കയറി വന്നു. വല്ലാതെ ഭയന്ന ഭാവമായിരുന്നു ആ മുഖത്ത്. കണ്ണുകള്‍ വല്ലാതെ ചിമ്മിക്കൊണ്ടിരുന്നു. ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ട്. കൈയിലിരുന്ന കുഞ്ഞ് ഒന്നു ചിണുങ്ങിയിട്ട് തോളിലേയ്ക്ക് കിടന്നു. നാമജപം നിര്‍ത്തി ഞങ്ങളെല്ലാം എഴുനേറ്റു. വല്ലാത്ത നിശബ്ദത. വീര്‍പ്പുമുട്ടല്‍. അകത്തുനിന്ന് അമ്മമ്മയും മുതിര്‍ന്ന ആന്റിമാരും വാതില്‍ക്കല്‍ വന്ന് എത്തിനോക്കി..

“ ആ മുറിയിലെയ്ക്ക് പൊയ്ക്കോളൂ.. കൊച്ച് മടുത്തുകാണും. അവനെ അവിടെ കിടത്ത്..” അമ്മാവന്‍ തന്റെ മുറിചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. അവര്‍ കുഞ്ഞിനെയുമായി അങ്ങോട്ട് പോയി.

“കുസുമം.. ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി..” ഇത്ര മാത്രം പറഞ്ഞ അമ്മാവനും മുറിയിലേയ്ക്കു പോയി. ആരുമൊന്നും മിണ്ടിയില്ല. എന്തോ അത്യാഹിതം സംഭവിച്ചതു പോലെയാണ് എല്ലാവരുടെയും ഭാവം. അല്പം കഴിഞ്ഞപ്പോള്‍ അകത്തു നിന്നും ആന്റിമാരുടെ അടക്കം പറച്ചില്‍  കേള്‍ക്കാം. അമ്മാവനോടൊപ്പം വന്നത് അമ്മായി ആണെന്നു മാത്രം എനിയ്ക്കു മനസ്സിലായി.

അപ്പോള്‍ അകത്തു നിന്നും കുഞ്ഞിന്റെ കരച്ചില്‍ ഉയര്‍ന്നു. അതിനെ ആശ്വസിപ്പിയ്ക്കാന്‍ അമ്മായി എന്തൊക്കെയോ പതിഞ്ഞ ശബ്ദത്തില്‍ പറയുന്നുണ്ട്. എന്നിട്ടും കരച്ചില്‍ കൂടി കൂടി വന്നു. അപ്പോള്‍ അമ്മമ്മ മുറിയുടെ വാതില്‍ക്കല്‍ പോയി വിളിച്ചു പറഞ്ഞു:

 “എടാ പൊന്നാ.. നീയാ കൊച്ചിനെ ഇങ്ങുകൊണ്ടുവാ..”

അമ്മായി പേടിയോടെ കുഞ്ഞിനെ അമ്മമ്മയുടെ കൈയില്‍ കൊടുത്തു. കനത്ത മുഖത്തോടെ, അമ്മായിയെ ഒന്നു നോക്കുക പോലും ചെയ്യാതെ അമ്മമ്മ കുഞ്ഞിനെ മേടിച്ചു. എന്നിട്ട് “വാവോ..വാവോ..” എന്നും പറഞ്ഞ് അതിനെ കൈകളില്‍ ആട്ടി. എങ്ങനെയോ എന്തോ, കുഞ്ഞ് കരച്ചില്‍ നിര്‍ത്തി. അപ്പോളതിനെ തോളില്‍ കിടത്തി മെല്ലെ പുറത്തു തട്ടി നല്ല ഈണത്തില്‍ താരാട്ടു പാടാന്‍ തുടങ്ങി. കുഞ്ഞുറക്കമായപ്പോള്‍ കൊണ്ടു പോയി അകത്തു കൊടുത്തു.

പിറ്റേന്ന് രാവിലെ ആണ് അമ്മായിയെ ശരിയ്ക്കും കണ്ടത്.  ഇരുപത്തഞ്ചു വയസ്സു തോന്നിയ്ക്കുന്ന സ്ത്രീ. ഇരുനിറമുള്ള അവരെ കാണാന്‍ നല്ല ഐശ്വര്യമുണ്ടായിരുന്നു. അടുക്കളയില്‍, എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവര്‍ വല്ലാതെ പകച്ച് നില്‍ക്കുകയാണ്. ആരും അവരോടൊന്നും ചോദിയ്ക്കുകയോ പറയുകയോ ചെയ്യുന്നില്ല.  അപ്പോഴാണ് തലേന്നത്തെ പാത്രങ്ങള്‍ കഴുകാനായി, ഓമനയമ്മ ചരുവത്തില്‍ എടുക്കുന്നതു കണ്ടത്. അമ്മായി വേഗം വന്ന് ആ ചരുവം പിടിച്ചുകൊണ്ട് പറഞ്ഞു:

“ഞാന്‍ കഴുകാം ചേച്ചീ..”

“വേണ്ട വേണ്ട..അങ്ങോട്ട് മാറി നില്ല്..” ഓമനയാന്റി പിടി വിടാതെ പറഞ്ഞു. എന്നിട്ട് അതുമെടുത്ത് പിന്നാമ്പുറത്തേയ്ക്ക് പോയി. അമ്മായി പുറകേ ചെന്നു. അവിടെ ആന്റി കഴുകുന്നതിനൊപ്പം അമ്മായിയും ഓരോ പാത്രമെടുത്ത് കഴുകാന്‍ തുടങ്ങി. എനിയ്ക്കതു കണ്ടിട്ട് പാവം തോന്നി.

ഞാന്‍ കുഞ്ഞിന്റെ അടുത്തേയ്ക്കു പോയി. അവന്‍ ഉറക്കമാണ്. ഒരു വയസ്സു കാണും. നല്ല മിടുക്കന്‍ കുഞ്ഞ്. ഞാന്‍ കുറേ നേരം അവനെ നോക്കിയിരുന്നു. അപ്പോഴാണ് അമ്മാവന്റെ വലിയ സ്യൂട്ട്കെയ്സ് അവിടെ വച്ചിരിയ്ക്കുന്നതു കണ്ടത്. അതിന്മെല്‍ തിളങ്ങുന്ന അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതിയിരിയ്ക്കുന്നു. “കെ.എസ്. അശോക് കുമാര്‍”.

ഇതാരപ്പാ ഈ അശോക് കുമാര്‍? ഞാന്‍ അല്‍ഭുതപ്പെട്ടു നില്‍ക്കുമ്പോള്‍ അമ്മാവന്‍ അങ്ങോട്ട് കയറി വന്നു:

“നിനക്കിന്നു പള്ളിക്കൂടത്തില്‍ പോകണ്ടേടാ..?” അമ്മാവന്‍ ചോദിച്ചു.

പോകണം..” ഞാന്‍ ബഹുമാനത്തോടെ എഴുനേറ്റുനിന്നു.

“നീയെവിടെയാ പഠിയ്ക്കുന്നെ..?”

“അയ്മനത്ത്, കല്ലുമട സ്കൂളില്‍..”

“ചേച്ചിയ്ക്കും അളിയനും സുഖമാണോടാ ?” ചോദ്യം എന്റെ അമ്മയെയും അച്ചനെയും കുറിച്ചാണ്.

“അതേ.. അമ്മാവന്റെ പേര് അശോക് കുമാര്‍ന്നാണോ..?” ഒരു സംശയം തോന്നിയാല്‍ അതു തീര്‍ക്കാതെ സ്വസ്ഥത കിട്ടില്ല എനിയ്ക്ക്. അമ്മാവന്‍ അല്‍ഭുതത്തോടെ അല്പനേരം എന്നെ നോക്കി.

“അതെന്താ നീയങ്ങനെ ചോദിച്ചത്?” പുള്ളി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഇവിടെ ആന്റിമാര് പറഞ്ഞു പൊന്നപ്പന്‍‌ ന്നാണെന്ന്..”

“അതു പഴേ പേര്.. ഇപ്പം അശോക് കുമാര്‍ന്നാക്കി..” അമ്മാവന്‍ ഒരു കള്ളച്ചിരിയോടെ പറഞ്ഞു.

അന്ന് ഞാന്‍ വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അമ്മായി അടുക്കളയില്‍  ചിരവപുറത്തിരുന്ന് കുഞ്ഞിന് മുലയൂട്ടുകയായിരുന്നു. അടുത്ത് ഉരലിന്മേല്‍ ഓമനയമ്മ, വാതില്പടിയില്‍ തങ്കയമ്മ, അല്പം മാറി ഒരു കുരണ്ടിമേല്‍ പങ്കിയമ്മ. അവര്‍ അമ്മായിയെ ക്രോസ് വിസ്താരം നടത്തുകയാണെന്നെനിയ്ക്ക് തോന്നി.

“സന്ധ്യ നേരത്താണോ ഒരു വീട്ടിലേയ്ക്ക് വന്നു കേറുന്നെ.? നിങ്ങടെയൊക്കെ നാട്ടില്‍ അങ്ങനെയാ ?” ഒരാളുടെ കനത്ത ശബ്ദം.

“ചേച്ചീ ഞാന്‍ പറഞ്ഞതാ..ചേട്ടന്‍ കേള്‍ക്കണ്ടെ. വീട്ടില്‍ വന്നപാടെ പിള്ളേരേം കൂട്ടി ഇറങ്ങുകയായിരുന്നു. മൂത്തമോളെ എന്റെ വീട്ടിലാക്കിയിട്ടാ ഞങ്ങള്‍ വന്നത്..” അമ്മായി ദയനീയമായി പറഞ്ഞു.

“നിങ്ങടെ കൂട്ടത്തില്‍ പെട്ട ആരെയും കണ്ടില്ലായിരുന്നോ നിനക്ക്..?”

അമ്മായി ഒന്നും മിണ്ടാതെ മുഖം കുനിച്ചിരുന്നു.എനിയ്ക്കെന്തോ ഇതൊന്നും കേള്‍ക്കാന്‍ താല്പര്യം തോന്നിയില്ല. ഞാന്‍ അവിടെ നിന്നും പോന്നു.

അമ്മാവന്‍ മിക്ക ദിവസവും വീട്ടില്‍ കാണില്ല. പുള്ളി എന്തോ വലിയ പദ്ധതിയ്ക്കുള്ള ആലോചനയിലാണെന്ന് വീട്ടിലെ സംസാരങ്ങളില്‍ നിന്ന് എനിയ്ക്ക് മനസ്സിലായി. ഇതിനിടെ അമ്മാവന്റെ മൂത്തകുട്ടിയെയും വീട്ടില്‍ കൊണ്ടു വന്നു. നാലു വയസ്സുള്ള ഒരു പെണ്‍കുട്ടി. അല്പം ഇരുണ്ടതാണവള്‍. അമ്മായിയെപോലെ. അവളെപ്പൊഴും എന്നോട് കൂട്ടുകൂടി നടന്നു. ഇളയ കുഞ്ഞിന്റെ പേര് മണിക്കുട്ടന്‍ എന്നാണ്.  നല്ല വെളുത്ത മണിക്കുട്ടന്‍, വലിയ കുസൃതിയാണ്. മുട്ടുകാലില്‍ ഇഴഞ്ഞു നടക്കും വീടാകെ. അവനെ എല്ലാര്‍ക്കും വലിയ കാര്യമാണ്.

“മണിക്കുട്ടന്‍ അണ്ണനെ പോലെ തന്നെയാണ്.. ഇവള് അസല്‍ കണിയാട്ടി..”

ആന്റിമാരുടെ സംഭാഷണത്തിനിടയില്‍ ഈയൊരു വാചകം കേട്ടു. അപ്പോള്‍ ആ കൊച്ചു പെണ്‍കുട്ടി ചിരിച്ചു കൊണ്ട് നിലത്തിരുന്നു കളിയ്ക്കുകയാണ്. ഞാന്‍ നിശബ്ദനായി പിന്നാമ്പുറത്തെയ്ക്കു നോക്കി. അവിടെ അമ്മായി ആരും കാണാതെ തേങ്ങുന്നു. ഞാന്‍ ആ കുട്ടിയെയും കൂട്ടി മുറ്റത്തേയ്ക്ക് കളിയ്ക്കാന്‍ പോയി.

ക്രമേണ അമ്മായിയോടുള്ള ബഹിഷ്കരണം കുറഞ്ഞു വന്നു. ഈ ബഹിഷ്കരണത്തിനുള്ള കാരണം പിന്നീട് എനിയ്ക്ക്  മനസ്സിലായി. അമ്മായി ഗണക സമുദായത്തില്‍ പെട്ടതായിരുന്നു.

(അവസാനിയ്ക്കുന്നില്ല)

Thursday, 17 February 2011

ചില ബിസിനസ് അനുഭവങ്ങള്‍.

ഇന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ അതിസമ്പന്നരായ റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധിരുഭായി അംബാനിയെ പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. ഇദ്ദേഹം പണ്ട് യെമനിലെ ഒരു കമ്പനിയില്‍ ജോലി നോക്കുമ്പോള്‍ അവിടുത്തെ ചില നാണയങ്ങള്‍ ശേഖരിച്ചിരുന്നുവത്രെ. അതിലടങ്ങിയ ഏതോ ലോഹത്തിന്, നാണയത്തേക്കാള്‍ വിലയുണ്ടെന്ന് ബുദ്ധിമാനായ അംബാനി മനസ്സിലാക്കി. അവശേഖരിച്ച് അദ്ദേഹം നല്ല കാശുണ്ടാക്കിയെന്നും, അതു മൂലധനമാക്കി ഉന്ത്യയില്‍ തുടങ്ങിയ ബിസിനസ്സാണ് റിലയന്‍സ് സാമ്രാജ്യമായി പടര്‍ന്നു പന്തലിച്ചതെന്നുമാണ് കഥയുടെ രത്നച്ചുരുക്കം.

ഇതൊക്കെ വായിച്ചിട്ടോ എന്തോ ചെറുപ്പത്തിലെ തന്നെ വലിയൊരു ബിസിനസ്സുകാരനാകണമെന്ന മോഹം എന്നെ വല്ലാതെ പിടികൂടിയിരുന്നു. ആദ്യ ബിസിനസ്- ഉത്സവക്കച്ചവടം- നേരത്തെ പറഞ്ഞതാണല്ലോ? അതു പൊളിഞ്ഞതിന്റെ ക്ഷീണത്തില്‍ കുറച്ചുനാള്‍ വെറുതെ നടന്നു. എന്നാല്‍ എന്നും ഇങ്ങനെ നടക്കാന്‍ പറ്റില്ലല്ലോ. ഒരു മാരുതിക്കാര്‍, നല്ലൊരു വീട്, എല്ലാം ആയിട്ടു വേണം അയലത്തെ സുന്ദരിപ്പെണ്ണിനെ കൈപിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍. ആയതിനാല്‍ എന്തെങ്കിലുമൊരു ബിസിനസ്സ് ഉടന്‍ ആരംഭിച്ചേ മതിയാവൂ. ഞാന്‍ തലപുകഞ്ഞാലോചിച്ചു, അധികം മുതല്‍ മുടക്കില്ലാത്തതും അധ്വാ‍നം കുറഞ്ഞതും എന്നാല്‍ വമ്പന്‍ ലാഭം കിട്ടുന്നതുമായ എന്തു ബിസിനസ്സാണുള്ളത്..?

അപ്പോഴതാ പത്രത്തിലെ “കാര്‍ഷികരംഗ“ത്തില്‍ ഉഗ്രനൊരു വാര്‍ത്ത:

“കൂണ്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം..! ”

ഹാ..ഇതല്ലേ ഞാന്‍ കാത്തിരുന്ന സുവര്‍ണാവസരം. ഉടന്‍ തന്നെ വിശദമായി വായിച്ചു. സംഗതി നിസാരം. മുതല്‍മുടക്കു തുച്ഛം. ഇത്തിരി വൈക്കോല്‍, ഇത്തിരി കൂണ്‍ വിത്ത്. കുറച്ച് പ്ലാസ്റ്റിക് കൂട്  (ഇത്തിരി പരുത്തിക്കുരു, ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി വൈക്കോല്‍ ...നാടോടിക്കാറ്റ്):  മുതല്‍ മുടക്ക് ഇത്രമാത്രം!

പണ്ടുമുതലേ ദേഹാധ്വാനത്തേക്കാള്‍ നാക്കുകൊണ്ടുള്ള അധ്വാനത്തോടുള്ള താല്പര്യം മൂലം ഒരു “വിജയ”നെ (നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓര്‍ക്കുക) സംഘടിപ്പിയ്ക്കണമെന്നെനിയ്ക്കു തോന്നി. രയറോത്തു നിന്നും പറ്റിയ ഒരാളെ കൂട്ടുകിട്ടി. പേര് തല്‍ക്കാലം കോരപ്പന്‍ എന്നിരിയ്ക്കട്ടെ.  പലപ്പോഴുമുള്ള എന്റെ വാചകമടി കേട്ട്, ഞാനൊരു പുത്തിജീവിയാണെന്ന് പാവം കോരപ്പന്‍ തെറ്റിദ്ധരിച്ചിരുന്നു. ഈ കോരപ്പന് വിദ്യാഭ്യാസത്തിന്റെ കുറവേ ഉള്ളു, കൈയില്‍ കാശ് അത്യാവശ്യത്തിനുണ്ട്.

ഒരു സന്ധ്യയ്ക്ക് രയറോത്ത് വച്ച്,  കൂണ്‍കൃഷിയുടെ അനന്ത സാധ്യതകളെ പറ്റി ഞാന്‍ കോരപ്പന് ക്ലാസെടുത്തു. ആവേശഭരിതനായ അവന്‍ എല്ലാ പിന്തുണയും എനിയ്ക്ക് വാഗ്ദാനം ചെയ്തു. അന്നുരാത്രി ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ, ഞാന്‍ വിശദമായ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് മനസ്സില്‍ തയ്യാറാക്കി വച്ചു.

പിറ്റേന്ന് തന്നെ കോരപ്പനെ കണ്ടു

“എടാ നീ തേര്‍ത്തല്ലിയില്‍ പോയി അഞ്ചു കെട്ട് വൈക്കോല്‍ എടുക്കണം. ഞാന്‍ പിലിക്കോട് പോയി കൂണ്‍‌വിത്ത് മേടിയ്ക്കാം..”

വൈക്കോലെടുക്കല്‍ താരതമ്യേനെ അധ്വാനമേറിയതാണല്ലോ. കൂണ്‍‌വിത്ത്, പിലിക്കോട് കാര്‍ഷിക സര്‍വകലാശാല ലാബിലാണ് കിട്ടുക. ഞാന്‍ അവിടെ പോയി പത്തുരൂപയുടെ രണ്ടുകുപ്പി കൂണ്‍‌വിത്ത് (സ്പോര്‍) മേടിച്ചു വന്നു. അപ്പോഴേയ്ക്കും കോരപ്പന്‍ വൈക്കോല്‍ ചുമന്ന് സ്ഥലത്തെത്തിച്ചിരുന്നു. ഇനി ചെറിയൊരു ഷെഡ് വേണം. അവിടെയാണ് കൃഷിയിറക്കുക. അതിന്റെ ആശയപരമാ‍യ അധ്വാനം ഞാനും കായികപരമായ അധ്വാനം കോരപ്പനും ഏറ്റെടുത്തു. അവന്റെ വീടിന്റെ ഇറയത്ത് 10X10 വിസ്താരത്തില്‍ ഓലമേഞ്ഞ ഒരു ഷെഡ് ഉയര്‍ന്നു. അങ്ങനെ കാര്യങ്ങളെല്ലാം റെഡിയായി.  കൂണ്‍‌ കൃഷിചെയ്യാനുള്ള ബെഡാണ് വൈക്കോല്‍. ആദ്യം അത് പുഴുങ്ങി അണുവിമുക്തമാക്കണം. പിന്നെ പ്ലാസ്റ്റിക്ക് കൂടുകളീല്‍ സജ്ജീകരിച്ച് കൂണ്‍‌വിത്ത് വിതറുകയാണ് ചെയ്യുക. അവസാനം ഈ ബെഡുകള്‍ ഷെഡില്‍ തൂക്കിയിടും. ഈ ജോലികളെല്ലാം എന്റെ വിദഗ്ദ മേല്‍നോട്ടത്തില്‍ കോരപ്പന്‍ ഭംഗിയായി നിര്‍വഹിച്ചു.

എല്ലാം കഴിഞ്ഞ് ഞാനും കോരപ്പനും അടുത്ത പദ്ധതികള്‍ ആലോചിച്ചു. രണ്ടാഴ്ച കൊണ്ട് കൂണ്‍ വിളവെടുക്കാം. തുടര്‍ച്ചയായി അഞ്ചോ ആറോ പ്രാവശ്യം. ഒരു ബെഡില്‍ നിന്ന്  ഒന്നരക്കിലോ കൂണ്‍ കിട്ടുമെന്നാണ് കണക്ക്. വേണ്ട, ഒരു കിലോ കൂട്ടാം. പത്തു ബെഡില്‍ നിന്ന് പത്തുകിലോ. മാര്‍ക്കറ്റ് വില എഴുപ്പത്തഞ്ച് രൂപയാണ് കിലോയ്ക്ക്. അപ്പോള്‍ എഴുനൂറ്റന്‍പത് രൂപ. മുടക്ക് മുതല്‍ അന്‍പതു രൂപ പോയാല്‍ എഴുനൂറു രൂപ  ബാക്കി. രയറോത്തെയും ആലക്കോട്ടെയും പച്ചക്കറിക്കടകളില്‍ ഈസിയായി വിറ്റു പോകും. അവരുടെ കമ്മീഷനും പോയാല്‍ ശരാശരി അഞ്ഞൂറു രൂപ ബാക്കി. തുല്യമായി വീതിച്ചാല്‍ എനിയ്ക്ക് ഇരുനൂറ്റന്‍പത് രൂപ. അന്ന് ഒരാളുടെ പണിക്കൂലി അന്‍പതു രൂപയാണ്, അരി കിലോയ്ക്ക് ആറു രൂപയും. എന്തായാലും ഇത്രയും ലാഭം കിട്ടാവുന്ന ഒരു ബിസിനസ്സും എന്റെ അറിവിലില്ല.

ദിവസങ്ങള്‍ എണ്ണികാത്തിരിപ്പായി. എന്നും ഞാനും കോരപ്പനും ഷെഡിലെത്തി, ബെഡുകള്‍ അവിടെ തന്നെയുണ്ടെന്ന് ഉറപ്പാക്കും. രണ്ടാഴ്ച അടുത്തു വന്നതോടെ പ്രതീക്ഷ പരകോടിയിലെത്തി. പതിനാലാം ദിവസമായിട്ടും ബെഡുകള്‍ക്ക് യാതൊരനക്കവുമില്ല..! ഞങ്ങള്‍ തട്ടിയും കൊട്ടിയുമൊക്കെ നോക്കി. ഇതിനിടെ എപ്പോഴോ കോരപ്പന്‍ എന്നെ നോക്കി അര്‍ത്ഥംവെച്ചൊന്നു ചിരിച്ചതു പോലെ എനിയ്ക്കു തോന്നി.

“എവിടെയോ തകരാറു പറ്റിയിട്ടുണ്ട്.” ഞാന്‍ പറഞ്ഞു. “ നമുക്കു കുറച്ചു ദിവസം കൂടി നോക്കാം..”

പ്ലാസ്റ്റിക് കൂടിന്റെ ദ്വാരങ്ങളിലൂടെ ഞങ്ങള്‍ അല്പം വെള്ളം ചീറ്റിച്ചു കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ
അഞ്ചാറ് കൂണ്‍ മുകുളങ്ങള്‍ വെളിയിലേയ്ക്കു തലനീട്ടി, വെറും മൂന്ന് ബെഡില്‍ നിന്നു മാത്രം. എന്തിനധികം പറയുന്നു ഞങ്ങള്‍ക്ക് ആകെ വിളവെടുക്കാനായത് ആറേ ആറു കൂണാണ്... അതും കൈയില്‍ വെച്ച് കോരപ്പന്‍ എന്നെ നോക്കിയ നോട്ടം..!

“നമുക്കൊന്നൂടെ ട്രൈ ചെയ്യാം കോരപ്പാ, ആദ്യപരീക്ഷണമല്ലേ.. എന്തായാലും കൂണ്‍ ഉണ്ടാകുമെന്ന് മനസ്സിലായില്ലേ..” എന്റെ വാക്കുകളില്‍ എനിയ്ക്കു തന്നെ യാതൊരു വിശ്വാസവുമില്ലായിരുന്നു.

എന്തായാലും കോരപ്പന്‍ അതിനു സന്നദ്ധനായിരുന്നില്ല, കാരണം അവന്റെ അമ്മയുടെ വായിലെ ചീത്ത കേള്‍ക്കാന്‍ വയ്യത്രേ.. അടുപ്പില്‍ കത്തിയ്ക്കാന്‍ വിറകില്ലാതെ ഇരിയ്ക്കുമ്പോഴാണ് ഉള്ള ഓലയെല്ലാം എടുത്ത് ഷെഡ് കെട്ടിയിരിയ്ക്കുന്നത്..! എന്നെ കാണുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ കോരപ്പനെ, വീണ്ടും ഒരു സന്ധ്യയ്ക്ക് ഞാന്‍ രയറോത്ത് വച്ച് ചാക്കിട്ടു പിടിച്ചു.

“നീയെന്താ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നേ..?”

“ഏയ് ഒന്നുമില്ല, അല്പം തിരക്കിലായിരുന്നു..”

“എന്തു തിരക്ക്? എനിയ്ക്കറിയാം കൂണ്‍കൃഷി ഉദ്ദേശിച്ചപോലെ നടക്കാത്തതുകൊണ്ടല്ലേ.. അത് ആ  യൂണിവേഴ്സിറ്റിക്കാരുടെ വിത്തു ശരിയല്ലാത്തതുകൊണ്ടാ. നിനക്കതു ഇഷ്ടമല്ലെങ്കില്‍ വേണ്ടാ, നമുക്കു വേറൊരു  ബിസിനസ് നോക്കാം..”

“ഇനിയെന്ത് ബിസിനസ്..?”

“ചായപ്പൊടി ബിസിനസ്..”

“ചായപ്പൊടിയോ..?”

“അതേടാ.. ഇവിടെ കടയില്‍ കിട്ടുന്നതൊക്കെ വെറും ഡ്യൂപ്ലി സാധനമല്ലേ.. ചായക്കടേലൊക്കെ ദിവസം  എത്രകിലോ ചായപ്പൊടിയാ ചെലവാകുന്നേ.. ഒരാള്‍ നല്ല ലാഭത്തിന് സാധനം സപ്ലൈ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.  നമുക്ക് ഈ ആലക്കോട് ഏറിയ പിടിച്ചാല്‍ തന്നെ നല്ല ലാഭം ഉണ്ടാക്കാം. പിന്നെ എല്ലാ വീട്ടിലും ചായപ്പൊടി  ആവശ്യമല്ലേ. നമ്മള്‍ പാക്കറ്റിലാക്കി വീടുകളില്‍ വിതരണം ചെയ്യുന്നു. കടയിലെക്കാളും വിലകുറവായതിനാല്‍ എല്ലാവരും മേടിയ്ക്കും. ഒരു കിലോ ചായപ്പൊടി വിറ്റാല്‍ നാല്പതു രൂപ ലാഭമുണ്ട്. ദിവസം പത്തുകിലോ പോയാല്‍  നാനൂറു രൂപ ഡെയിലി വരുമാനം..! ”

കോരപ്പനു ഞാന്‍ പറയുന്നതൊന്നും അത്ര വിശ്വാസമാകാത്തതു പോലെ തോന്നി. ഞാന്‍ പിന്നെയും അതിന്റെ ലാഭത്തെപറ്റിയും സാധ്യതയെപറ്റിയും അവനു സ്റ്റഡിക്ലാസെടുത്തു. ഏതായാലും ഒരു മണിക്കൂറിനുള്ളില്‍ അവന്‍ ചായപ്പൊടി ബിസിനസ്സിലെയ്ക്കിറങ്ങാന്‍ സന്നദ്ധനായി.

ആയിടെ ആലക്കോട്ട് പാലാക്കാരന്‍ ഒരച്ചായന്‍ ചായപ്പൊടിയുമായി വരുമായിരുന്നു. ആ അച്ചായനാണ് ചായപ്പൊടിയുടെ അനന്ത സാധ്യതകളെ പറ്റി എന്നെ ബോധവല്‍ക്കരിച്ചത്. ഞാനും കോരപ്പനും  ആവശ്യമായ കാശിന്റെ പകുതി വീതം ഷെയറിട്ട്, അച്ചായനെ പോയിക്കണ്ടു. ഏറ്റവും മുന്തിയതെന്ന വിശേഷണത്തോടെ വലിയ രണ്ടു പാക്കറ്റ് അച്ചായന്‍ ഞങ്ങളെ ഏല്പിച്ചു. രയറോത്ത് കൊണ്ടു വന്ന് ഞങ്ങള്‍ അതു പൊട്ടിച്ച് നോക്കി. മോശമില്ല എന്നു തോന്നുന്നു.  എല്ലാം ചെറിയ പാക്കറ്റാക്കി. ആദ്യം പരിചയക്കാര്‍ക്ക് കൊടുക്കാം. പിന്നെ അവര്‍ പറഞ്ഞ് മറ്റുള്ളവര്‍ മേടിച്ചു കൊള്ളും.

വിതരണം തുടങ്ങി. കുറച്ചു പേര്‍ സന്തോഷത്തോടെ മേടിച്ചു.

“രൂപ പിന്നെ തരാം കേട്ടോ..”

“ആ മതി ചേട്ടാ. സാധനം കൊള്ളാമെങ്കില്‍ മറ്റുള്ളവരോടും പറയണെ..”

ചേട്ടന്മാര്‍ ചിരിച്ചു തലകുലുക്കി പോയി. എന്തായാലും സാധനമെല്ലാം വിറ്റു തീര്‍ന്നു, എന്നാല്‍ കാശ്, മുടക്കിയതിന്റെ നാലിലൊന്നു പോലും പിരിഞ്ഞു കിട്ടിയില്ല. ഞാനും കോരപ്പനും കണ്ണില്‍ കണ്ണില്‍ നോക്കി. അടുത്ത സ്റ്റോക്ക് ഇറക്കണ്ടേ..

എവിടുന്നൊക്കെയോ കാശ് സംഘടിപ്പിച്ച് ഞങ്ങള്‍ വീണ്ടും രണ്ടു പായ്ക്കറ്റ് കൂടി ചായപ്പൊടി എടുത്തു. ഇത്തവണ ആര്‍ക്കും കടം കൊടുക്കുന്നില്ല എന്നു തീരുമാനിച്ചു.

“ചേട്ടാ..നല്ല അടിപൊളി ചായപൊടിയുണ്ട്, ഒരു പായ്ക്കറ്റ് എടുക്കട്ടെ..”

“ങാ തന്നേര്.. നോക്കട്ടെ കൊള്ളാമോന്ന്..”

“ഇതാ ചേട്ടാ. പത്തുരൂപാ..”

നീയെന്നോട് കാശ് ചോദിയ്കാനായോ എന്ന മട്ടില്‍ ചേട്ടന്‍ ഒരു നോട്ടം.

“അതല്ല ചേട്ടാ.. റെഡിക്കാശിനെ കൊടുക്കുകയുള്ളു..” ഞാന്‍ ഒരു വിധം പറഞ്ഞു.

“ഇന്നാ.. നിന്റെ കൈയിലിരുന്നോട്ടെ. ഞാന്‍ കടേന്നു മേടിച്ചോളാം..” ചേട്ടന്‍ ചായപ്പൊടി കൈയിലേയ്ക്ക് എറിഞ്ഞിട്ട്  ഒറ്റപ്പോക്ക്. കഷ്ടം, ഒരാള്‍ കൂടി ശത്രുവായി. നേരത്തെ മേടിച്ചിട്ട് കാശു തരാത്തവരൊക്കെ ശത്രുക്കളായി കഴിഞ്ഞിരുന്നല്ലോ..

പിറ്റേ ദിവസം ബാക്കിയായ ചായപ്പൊടി ഒന്നാകെ എന്നെ എല്പിച്ചിട്ട് കോരപ്പന്‍ പറഞ്ഞു:

“ഇതാ, മൊത്തം ലാഭം നീ എടുത്തോ.. എനിയ്ക്ക്, ഞാന്‍ മുടക്കിയ കാശിങ്ങു തന്നാല്‍ മതി...”

“അതെന്താ കോരപ്പാ നീ അങ്ങനെ പറയുന്നത്..? ഒരു ബിസിനസാകുമ്പോള്‍ ലാഭവും നഷ്ടവുമൊക്കെ സ്വാഭാവികമല്ലേ..”

“അതേ ലാഭവും നഷ്ടവും സ്വഭാവികമാണ്. എന്നാല്‍ നഷ്ടം മാത്രം വരുന്ന ഒരേര്‍പ്പാടിന് ഞാനില്ല. എന്റെ മുടക്കു കാശ് കിട്ടണം..”

അവന്റെ ശബ്ദത്തിനിത്തിരി മാറ്റമില്ലേ. വിവരമില്ലാത്തവനാണ്, വല്ലതും വിളിച്ചു കൂവിയാല്‍ നമ്മുടെ ഇമേജിനാണ് തകരാറ്.

“നീ ബഹളം വെയ്ക്കാതെ കോരപ്പാ, നിനക്ക് കാശ് കിട്ടിയാ പോരെ. ഞാന്‍ തന്നേക്കാം... “

എന്തിനേറെ പറയുന്നു, വീട്ടില്‍ ആറു മാസത്തേയ്ക്ക് വേറെ ചായപ്പൊടി മേടിയ്ക്കേണ്ടി വന്നില്ല. അമ്മയുടെ പാല്‍ക്കച്ചവടം,  അച്ഛന്റെ റബര്‍ഷീറ്റ് ,കശുവണ്ടി, എന്നിവയില്‍ അല്ലറ ചില്ലറ തിരിമറികളോടെ കോരപ്പന്റെ കടം തീര്‍ത്തു.

അടിക്കുറിപ്പ്: ഈ കോരപ്പനെ കൂട്ടി ഒരു ബിസിനസ് കൂടി ഞാന്‍ നടത്തി. ഇത്തവണ, അപ്പൂപ്പന്റെ കാലത്തെ ആന്റിക്ക് വാല്യൂ ഉള്ള ഒരു തടിമേശയാണ് നഷ്ടമായത്. അതു പിന്നെ പറയാം.

Tuesday, 15 February 2011

ടോയിലറ്റ് ലിറ്ററേച്ചര്‍ അഥവാ കക്കൂസ് സാഹിത്യം

തികച്ചും ശാന്തമായ ജലപ്പരപ്പിന് തിരമാലകളുടെ സൌന്ദര്യമില്ല. കാറ്റടിയ്ക്കാത്ത മുളങ്കൂട്ടത്തില്‍ നിന്നു മര്‍മരം ഉതിരില്ല. വിറകൊള്ളാത്ത തന്ത്രികളില്‍ നിന്നു സംഗീതം പൊഴിയില്ല. അതുപോലെ അസ്വസ്ഥമാകാത്ത മനസ്സില്‍ നിന്നു സാഹിത്യം വരില്ല. ലോകത്തെ എല്ലാ മികച്ച എഴുത്തുകാരും ജീവിതത്തോടും മനുഷ്യരോടും ചുറ്റുപാടുകളോടും കലഹിച്ചാണ് നല്ല രചനകള്‍ നടത്തിയിരിയ്ക്കുന്നത്. പൂര്‍ത്തീകരിയ്ക്കാത്ത എന്തൊക്കെയോ തൃഷ്ണകള്‍ അവരെ അലട്ടിയതിന്റെ പ്രകോപനമാവാം മികച്ച രചനകള്‍ക്കവരെ പ്രേരിപ്പിച്ചത്.

എന്നാല്‍ അതി ഭാവനാസമ്പന്നരായ ചിലര്‍ തങ്ങളുടെ മനസ്സിലെ അസ്വസ്ഥതകളില്‍ നിന്നുല്‍ഭൂതമാകുന്ന രചനകള്‍ക്ക് പിറവി നല്‍കാന്‍ മറ്റൊരു വേദി കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രസാധകരൊന്നും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിയ്ക്കില്ല എന്ന സംശയം കൊണ്ടാവാം ഒരു ബദല്‍ വേദി അവര്‍ സ്വീകരിച്ചത്. ഇത്തരം രചനകള്‍ പൊതുവെ അറിയപ്പെടുന്നത് “ടോയിലറ്റ് ലിറ്ററേച്ചര്‍“ അഥവാ “കക്കൂസ് സാഹിത്യം“ എന്നാണ്. ഇവ അധികവും പ്രസിദ്ധീകൃതമായിരിയ്ക്കുന്നത് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ‍, കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡ് കക്കൂസുകള്‍, ചില ലോഡ്ജുകളിലെ കക്കൂസുകള്‍, ട്രെയിനിലെ കക്കൂസുകള്‍,  മുതലായ ഇടങ്ങളിലാണ്. ട്വിറ്റര്‍ “ട്വീറ്റും”, ഫേസ്‌ബുക്ക് “സ്റ്റാറ്റസും” കണ്ടുപിടിയ്ക്കും മുന്‍പേ, എതാനും വരികളില്‍ ഒതുങ്ങുന്ന മെസ്സേജിങ്ങ് ശൈലിയുടെ സാധ്യത അവര്‍ തിരിച്ചറിഞ്ഞിരുന്നു.

മറ്റു സാഹിത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ മേഖലയിലെ ഊന്നല്‍ ഒരൊറ്റ വിഷയത്തില്‍ മാത്രമാണ്. ആ വിഷയത്തിലെ പല ഉപമേഖലകളിലേയ്ക്കും ഈ രചനകള്‍ ആഴ്ന്നിറങ്ങുന്നുണ്ട്. എന്നു മാത്രമല്ല, ഒരു നീണ്ട കഥയില്‍ പറയേണ്ടുന്ന ആശയങ്ങള്‍ ഏതാനും വരകളില്‍ സ്വാംശീകരിച്ചിരിയ്ക്കുന്ന  മികച്ച രേഖാചിത്രങ്ങളും ഈ മേഖലയില്‍ കണ്ടു വരുന്നു. പൊതുവെ എം.എഫ്. ഹുസൈന്‍ ശൈലി ആണ് ചിത്രകാരന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്.  ആ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും, ആ കര്‍മ്മത്തിലൂടെ ചിത്രകാരന്‍ അനുഭവിച്ച നിര്‍വൃതി.

എന്റെ അറിവില്‍ പുരുഷ രചയിതാക്കള്‍ ഈ മേഖലയില്‍ സ്ത്രീകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ചില ഹോസ്റ്റലുകളില്‍ ഒഴിച്ച് വനിതകള്‍ ഈ രംഗത്തോട് വിമുഖത കാണിയ്ക്കുന്നതായിട്ടാണ് തോന്നുന്നത്. കേരളത്തില്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ , മിക്കവാറും എല്ലാ നഗരങ്ങളിലും ഈ സാഹിത്യശാഖ ഒരേപോലെ പുഷ്ടിപ്രാപിച്ചതായി ഉറപ്പിച്ചു പറയാനാകും. എങ്കിലും, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ ഒരു കക്കൂസ് ചുവരില്‍ കണ്ട രചനയാണ് ഞാനിന്നേ വരെ വായിച്ചതില്‍ ഏറ്റവും “തീക്ഷ്ണ“മെന്നു ഞാന്‍ പറയും. ആറോ ഏഴോ വരികളിലായി പടര്‍ന്നു കിടക്കുന്ന ആ കൃതിയിലെ ഓരോ പദവും രചയിതാവിന്റെ പ്രതിഭയും ഭാവനയും രചനാ വൈഭവവും വിളിച്ചോതുന്നതായിരുന്നു. അതു വായിച്ചതിന്റെ ആഘാതത്താല്‍ അന്നത്തെ പ്രഭാതഭക്ഷണം ഉപേക്ഷിയ്ക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? വായനക്കാരനിലേയ്ക്ക് തറച്ചിറങ്ങാന്‍ ആ ശൈലിയ്ക്കുള്ള കഴിവ് അപാരം തന്നെ.

സ്ത്രീകള്‍ ഈ രംഗത്ത് അപൂര്‍വമാണെങ്കിലും മിക്ക രചനകളിലും കഥാപാത്രങ്ങളായി ധാരാളമുണ്ട്. ചിലരുടെയൊക്കെ മൊബൈല്‍ നമ്പരും അതോടൊപ്പം കാണും. വൈരാഗ്യമുള്ള നാരീജനങ്ങളെ മനപ്പൂര്‍വം അപമാനിയ്ക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലെന്ന് ചില വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, അത് രചനയുടെ ആധികാരികതയ്ക്ക് ബലമേകുന്നു എന്നാണ് മറ്റു ചിലരുടെ പക്ഷം.

ഇതു കേരളീയര്‍ക്കു മാത്രമുള്ള അപൂര്‍വ സിദ്ധിയൊന്നുമല്ല. സൌദി അറേബ്യയിലും ഖത്തറിലും ഞാനിതേ  മാതിരി രചനകള്‍ കണ്ടിട്ടുണ്ട്. ഖത്തറിലെ കര്‍വാ ബസ് സ്റ്റേഷനിലെ കക്കൂസ് രചനകള്‍ ആഗോള വൈവിധ്യം ഉള്‍ക്കൊള്ളുന്നവയാണ്. വിവിധ രാജ്യക്കാരോടൊപ്പം മലയാളിയും തന്റെ സംഭാവന,  രേഖാചിത്രമായി അവിടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അഭിമാനാര്‍ഹമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. (അതിനോടൊപ്പമുള്ള അടിക്കുറിപ്പാണ് മലയാളിത്തം തിരിച്ചറിയാനിടയാക്കിയത്)

ലോകം ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് മാറിയതോടെ കക്കൂസ് സാഹിത്യശാഖയും ഡിജിറ്റലായി. ഫേസ്‌‌ബുക്ക്, ഓര്‍ക്കൂട്ട്, ഗൂഗിള്‍ ബസ് മുതലായവ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇവിടെ ടോയിലറ്റിന്റെ സ്ഥാനം അലങ്കരിയ്ക്കുന്നത്. ടോയിലറ്റിനു ചുമരെന്നപോലെ ഫേസ്‌ബുക്കിനുമുണ്ട് ചുമര്‍. ഈയടുത്ത കാലത്തായി മികച്ച ധാരാളം രചനകള്‍ ഫേസ്‌ബുക്കില്‍ ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒറിജിനല്‍ കക്കൂസ് സാഹിത്യമേഖലയ്ക്കു വിരുദ്ധമായി, ഇവിടെ ചില സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം എത്താന്‍ കാര്യമായി പരിശ്രമിയ്ക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലമാണല്ലോ.

പൊതുവെ അപരിഷ്കൃതരെന്നു കരുതുന്ന നാടന്‍ കക്കൂസ് സാഹിത്യകാരന്മാര്‍ക്കും, പരിഷ്കൃതരെന്നു കരുതുന്ന ഫേസ്‌ബുക്കാദി കക്കൂസ് സാഹിത്യകാരന്മാര്‍ക്കും രചനാശൈലിയില്‍ ഒരേ മനസ്സും നിലവാരവുമെന്നത് അത്ഭുതകരമായ അറിവാണ്. അല്ലെങ്കിലും പരിഷ്കാര ആവരണം ഊരിമാറ്റിയാല്‍ പ്രകൃതിചോദനകള്‍ എല്ലാവരിലും ഒരേപോലാണല്ലോ.  കക്കൂസില്‍ എല്ലാവരും ഒറ്റയ്ക്കാണ്. കമ്പ്യൂട്ടറിനു മുന്‍പിലും ഒറ്റയ്ക്കാണ്. അപ്പോള്‍ ഭാവന ഉണരും. രചനകള്‍ പിറക്കും. മലയാളത്തില്‍ മാത്രമല്ല ലോകമൊട്ടാകെ ഈ സാഹിത്യശാഖയ്ക്കു വേരുകളുണ്ട്.

ഇനിമുതല്‍ Ph.D യ്ക്കും മറ്റും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഈ മേഖല കൂടി പരിഗണിയ്ക്കാവുന്നതാണ്.  “കക്കൂസ് രചനകളില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന സാംസ്കാരിക വൈവിധ്യം”, “കക്കൂസ് സാഹിത്യത്തിലെ നൂതന പ്രവണതകള്‍” എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സ്വീകരിയ്ക്കാം.

ഈ മേഖലയില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് എന്റെ അപേക്ഷ. കേരള സാഹിത്യ അക്കാദമി ഓരോ വര്‍ഷവും മികച്ച “കക്കൂസ് സാഹിത്യ രചന“യ്ക്ക് അവാര്‍ഡ് നല്കണം. കേന്ദ്രത്തില്‍ ജ്ഞാനപീഠം പോലെ,
“കക്കൂസ്‌പീഠ”മെന്നോ മറ്റോ പേരില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ മാതൃകയിലുള്ള ഒരു ശില്പവും കാശും അവാര്‍ഡായി ഏര്‍പ്പെടുത്താം. ആഗോള തലത്തില്‍ നോബല്‍ സമ്മാന സമിതിയ്ക്കും ഇക്കാര്യം ആലോചിയ്ക്കാം.

Monday, 14 February 2011

മരുഭൂമിയിലെ നീരാളികള്‍ - 5

ഭാഗം-5

കൊച്ചി പനമ്പള്ളി നഗറിലെ ഒരു ഇടത്തരം കെട്ടിടത്തിലാണ് പി.പി.ട്രാവെത്സ്. ചെറുതെങ്കിലും മനോഹരമായി ഫര്‍ണിഷ് ചെയ്തിരിയ്ക്കുന്നു. എ.സി.യുടെ കുളിര്‍മ്മ. അവിടെ അടച്ചിട്ട ക്യാബിനു മുന്നിലെ സീറ്റില്‍ രണ്ടു യുവതികള്‍ ഇരുപ്പുണ്ട്. വല്ലാത്ത അപരിചിതത്വം അവരില്‍ തങ്ങി നില്‍ക്കുന്നു‍. കൌണ്ടറില്‍ രണ്ടു പേര്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നു. അല്പ നേരത്തിനു ശേഷം അവിടെ ബസറിന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കൌണ്ടറിലിരുന്ന യുവാവ് ആ യുവതികളെ നോക്കി അകത്തെയ്ക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു.

കൂളിങ്ങ് ഫിലിം ഒട്ടിച്ച ഗ്ലാസ് ഡോര്‍ തുറന്ന് അവര്‍ അകത്തു കയറി. അവിടെ കറങ്ങുന്ന ഒന്നാന്തരം കസേരയില്‍ പി.പി. ട്രാവെത്സിന്റെ ഉടമയും മാനേജറുമായ നസീര്‍ ഇരിപ്പുണ്ടായിരുന്നു.

“വരൂ വരൂ..ഇരിയ്ക്കൂ...” അയാള്‍ അവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

“ഞങ്ങള്‍ ചന്ദ്രേട്ടന്‍ പറഞ്ഞിട്ടു വന്നതാണ്..” അല്പം പ്രായമുള്ള  യുവതി പറഞ്ഞു.

“ഓ..അതു ശരി, ചന്ദ്രന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. എങ്ങനെ താല്പര്യമുണ്ടോ?”

“ഞാന്‍ വളരെ പാവപ്പെട്ട വീട്ടിലേതാണ് സാര്‍. ഇവിടെ കൂലിവേലയ്ക്കു പോകാന്‍ വയ്യ. അതാണ് ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ താല്പര്യം തോന്നിയത്..”

“അതെ..ഇവിടെ കഷ്ടപെട്ട് പണിയെടുത്താല്‍ എന്തു കിട്ടാനാ.? ആ സമയം ഗള്‍ഫില്‍ രണ്ടു വര്‍ഷം ജോലിചെയ്താല്‍ നല്ലൊരു തുക ബാക്കിയാകും. കുട്ടികളുടെ പഠിത്തം, കുറച്ച് സ്വര്‍ണം അങ്ങനെ പലകാര്യങ്ങളും നടത്താം..”

“എന്തു ശമ്പളം കിട്ടും സാര്‍ ?”

“ശമ്പളവും ഓവര്‍ ടൈമും എല്ലാംകൂടി ആയി ഏറ്റവും ചുരുങ്ങിയത് ഇരുപതിനായിരം രൂപ കിട്ടും. താമസവും ഭക്ഷണവും ഫ്രീയാണ്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഫ്രീ ടിക്കറ്റ്. എങ്ങനെ ആയാലും ശമ്പളം അതേപടി ബാക്കിയാകും. അഞ്ചു വിസ വന്നതില്‍ നാലെണ്ണത്തിനും ആളായി. ഇനി ഈ ഒരെണ്ണമേ ബാക്കിയുള്ളു. ” നസീര്‍ അവരോട് പറഞ്ഞു.

“താല്പര്യമുണ്ട്. ഇതു വേറെ ആര്‍ക്കും കൊടുക്കണ്ട സര്‍. എങ്ങനെയും നല്ലൊരു ജോലി കിട്ടിയേ മതിയാകൂ. എന്തൊക്കെയാണ് വേണ്ടത് ?”

“ഒരു മിനുട്ട്..” നസീര്‍ മേശയില്‍ നിന്നും ഒരു ഫയലെടുത്തുകൊണ്ടു പറഞ്ഞു. അതു തുറന്ന് താളുകള്‍ മറിച്ച് നോക്കി.
“സാധാരണ ഇത്രയും ശമ്പളമുള്ള വിസയ്ക്ക് ഒരു ലക്ഷം രൂപ വരെ മേടിയ്ക്കും. എന്നാല്‍ ഞങ്ങള്‍ വളരെ ചുരുങ്ങിയ കാശേ മേടിയ്ക്കുന്നുള്ളു. അന്‍പതിനായിരം രൂപ സര്‍വീസ് ചാര്‍ജ്ജാകും..” നസീര്‍ അവരോട് പറഞ്ഞു.

“അത് കൂടുതലാണ് സര്‍. തീരെ നിവൃത്തിയില്ലാതെയാണ് ഗള്‍ഫില്‍ പോകാന്‍ നോക്കുന്നത്. അല്പം കൂടി കുറയില്ലേ..?”

“ഹ ഹ.. ഇനിയെന്തു കുറയാന്‍? ഈ കാശിന് വേറൊരിടത്തും നിങ്ങള്‍ക്ക് വിസകിട്ടില്ല. ങാ പേരു പറഞ്ഞില്ലല്ലോ..?”

“എന്റെ പേര് നഫീസ. ഇതെന്റെ ഒരു സുഹൃത്താണ്. അവള്‍ കൂട്ടിനു വന്നു എന്നേയുള്ളു. ഇങ്ങനെ ഗള്‍ഫില്‍ വീട്ടുവേലയ്ക്കു പോകുന്നവര്‍ക്കു പല ബുദ്ധിമുട്ടൊക്കെ ഉണ്ടാകുന്നൂന്നു കേള്‍ക്കുന്നതു നേരാണോ സാര്‍?”

“എന്തു ബുദ്ധിമുട്ട്? ഇതൊക്കെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ..! ചില പെണ്ണുങ്ങള്‍ അവിടെ പോയി തിന്നും കുടിച്ചും മടിപിടിച്ച് പണിയൊന്നുമെടുക്കില്ല. അങ്ങനെ വരുമ്പോള്‍ അറബികള്‍ വഴക്കു പറഞ്ഞൂന്നൊക്കെ വരും. അതിവിടെ ആയാലും അങ്ങനെ തന്നെ. എത്രയോ ലക്ഷക്കണക്കിനു പേര് ഗള്‍ഫില്‍ പണിയെടുക്കുന്നു. അങ്ങനെയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരെങ്കിലും അവിടെ നില്‍ക്കുമോ? പിന്നെ കാശുണ്ടാക്കാന്‍ അല്പം കഷ്ടപെടണം.  ഞാന്‍ നിര്‍ബന്ധിയ്ക്കുന്നില്ല, താല്പര്യമുണ്ടെങ്കില്‍ മാത്രം നോക്കിയാല്‍ മതി..”

“അതല്ല സാര്‍, സംശയം ചോദിച്ചെന്നേയുള്ളു, എനിയ്ക്ക് ഈ വിസ വേണം..” നഫീസ പറഞ്ഞു.

“ശരി. പാസ്പോര്‍ട്ടൊക്കെ ഉണ്ടല്ലോ അല്ലേ? പ്രായം മുപ്പതിനു മുകളില്‍ വേണം..”

“പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടെ ഉള്ളു സര്‍. ഗള്‍ഫില്‍ പോകാനുള്ള പരിപാടിയൊന്നും ഇല്ലായിരുന്നു. പ്രായം മുപ്പത്തിരണ്ടുണ്ട് ”
“പ്രായം ഓകെ. പാസ്പോര്‍ട്ട് ഉടന്‍ കിട്ടുമോ? ഇല്ലെങ്കില്‍ അല്പം കാശുകൂടി മുടക്കാമെങ്കില്‍ സാധനം പെട്ടെന്ന് സംഘടിപ്പിയ്ക്കാം.“ നസീര്‍ പറഞ്ഞു.

“ഒരു മാസമായി അപേക്ഷിച്ചിട്ട്. ഉടനെ കിട്ടുമെന്നാണ് പറഞ്ഞത്.”

“ഉം..എങ്കില്‍ പിന്നെ അഡ്വാന്‍സ് കൊടുത്തോളു. മെഡിയ്ക്കലും എടുത്തുകൊള്ളു..”

“അഡ്വാന്‍സ് ഇപ്പോള്‍ തന്നെ തരാം. മെഡിയ്ക്കല്‍ ഉടനെ എടുക്കുന്നുണ്ട് സാര്‍..”

നഫീസ ഹാന്‍ഡ് ബാഗ് തുറന്ന് പതിനായിരം രൂപ എടുത്ത് നസീറിനെ ഏല്പിച്ചു.

“ആവട്ടെ, ഉടനെ പാസ്പോര്‍ട്ട് ഇവിടെ എത്തിയ്ക്കണം മറക്കരുത് കേട്ടോ..” കാശ് വാങ്ങിക്കൊണ്ട് നസീര്‍ പറഞ്ഞു.

“സൌദിയില്‍ ആണെന്നെ ചന്ദ്രേട്ടന്‍ പറഞ്ഞുള്ളു. സൌദിയില്‍ എവിടെ ആണ് ജോലി..?”

“റിയാദില്‍ തന്നെ. അവിടെ നല്ല കാശുകാരനായ ഒരു അറബിയുടെ വീട്ടിലാണ്. സത്യത്തില്‍ കാര്യമായ ജോലിയൊന്നുമില്ല. അവിടെയൊക്കെ എല്ലാം മെഷീനല്ലേ.. എല്ലാം സ്വിച്ചിടുക.. ഓഫാക്കുക. അവര്‍ക്കിഷ്ടപെട്ടാല്‍ കാശായും സ്വര്‍ണമായും ഒക്കെ സഹായിയ്ക്കുകേം ചെയ്യും..”

“റിയാദില്‍ എത്തിയാല്‍ ഞാനെങ്ങനെ അവരെ കണ്ടുപിടിയ്ക്കും? എനിയ്ക്കാണെങ്കില്‍ മലയാളമല്ലാതെ മറ്റൊന്നും അറിയുകയുമില്ല..” നഫീസ ഉത്കണ്ഠയോടെ ചോദിച്ചു.

“ഹേയ്, അതൊന്നും പേടിയ്ക്കണ്ട. നിങ്ങളെ സഹായിയ്ക്കാന്‍ നമ്മുടെ തന്നെ ആള്‍ക്കാര്‍ അവിടെയുണ്ട്. അവര്‍ അറബിയുടെ അടുത്ത് നിങ്ങളെ എത്തിയ്ക്കും.”

“ആരെയെങ്കിലും ഒന്നുപരിചയപെടുത്താമോ സാര്‍?”

“നിങ്ങള്‍ പേടിയ്ക്കണ്ടന്നേ, വിസയുടെ കാര്യങ്ങള്‍ ശരിയാകട്ടെ. നിങ്ങളെ സുരക്ഷിതമായി അവിടെ എത്തിയ്ക്കും ധൈര്യമായിരിയ്ക്കൂ. പാസ്പോര്‍ട്ട് കിട്ടിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം ശരിയാകും..”

“ശരി സാര്‍..എന്നാല്‍ അതു പോലെ ചെയ്യാം..”

നഫീസയും കൂട്ടുകാരിയും ഇറങ്ങി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നഫീസ വീണ്ടും വന്നു. കൈയില്‍ മെഡിയ്ക്കലി ഫിറ്റ് ആണെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

“സര്‍, മെഡിയ്ക്കല്‍ കുഴപ്പമില്ല. പാസ്പോര്‍ട്ട് അല്പം കൂടി താമസിയ്ക്കുമെന്നു തോന്നുന്നു. സാര്‍ അന്നു പറഞ്ഞ പോലെ പെട്ടെന്നു കിട്ടാന്‍ വല്ല വഴിയുമുണ്ടോ..?”

“അതൊക്കെ കിട്ടും. അയ്യായിരം രൂപ ആകും എന്നുമാത്രം. അങ്ങനെയാണെങ്കില്‍ അധികം താമസിയ്ക്കാതെ കയറി പോകുകയും ചെയ്യാം. ”

“എന്നാല്‍ അങ്ങനെ ആകട്ടെ, ഇതാ സാര്‍ പതിനയ്യായിരം രൂപ കൂടി. ബാക്കി വിസ വരുമ്പോള്‍ തന്നാല്‍ മതിയല്ലോ.”

നഫീസ ബാഗ് തുറന്ന് പതിനയ്യായിരം രൂപ കൂടി അയാളെ ഏല്‍പ്പിച്ചു.

“പാസ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ശരിയാകും. മൂന്നാലു ഫോട്ടോ തന്നേക്കൂ. ബാക്കി കാശ് കൂടി റെഡിയാക്കിക്കോ, രണ്ടാഴ്ചയ്ക്കകം വിമാനം കയറാം..” നസീര്‍ പണം എണ്ണിയ്ക്കൊണ്ടു പറഞ്ഞു.

“എനിയ്ക്ക് അവിടെ എത്തിയ ശേഷമുള്ള കാര്യത്തിലാണു പേടി. ഒരു പരിചയവുമില്ലാത്തിടത്ത് എന്തു ചെയ്യും? ആരെയെങ്കിലും ഒരു പരിചയമുണ്ടെങ്കില്‍ എന്തെങ്കിലുമൊരു സഹായത്തിനൊന്നു വിളിയ്ക്കാമായിരുന്നു.”

“നഫീസ പേടിയ്ക്കണ്ടാന്നു ഞാന്‍ പറഞ്ഞില്ലേ. അവിടെ നമ്മുടെ ആള്‍ക്കാരുണ്ട്. അവര്‍ നഫീസയെ അറബിയുടെ വീട്ടിലെത്തിയ്ക്കും. ഞാനല്ലേ ഉറപ്പു തരുന്നത്..?”

“എന്നാലും ആരുടെയെങ്കിലും ഒരു നമ്പരെങ്കിലും തരൂ സാര്‍, ഒന്നു പരിചയപ്പെട്ടു പോയാല്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിയ്ക്കാമല്ലോ.. ഞാനാണെങ്കില്‍ ദൂരെയെങ്ങും ഒറ്റയ്ക്കു പോയിട്ടുമില്ല..”

നഫീസയുടെ മുഖത്ത് വല്ലാത്ത ഉത്കണ്ഠ തളം കെട്ടി നിന്നിരുന്നു.

“ശരി, ഒരു നമ്പര്‍ തരാം. വേണമെങ്കില്‍ ഒന്നു വിളിച്ചു പരിചയപ്പെട്ടോളൂ, നഫീസയുടെ പേടി മാറട്ടെ. സാധാരണ ഞാന്‍ ആര്‍ക്കും ഒരു നമ്പരും കൊടുക്കില്ല. അവിടെ എത്തിയിട്ട് എന്തു സഹായത്തിനും ആളെ ഏര്‍പ്പെടുത്തുകയേ ഉള്ളു.”

നസീര്‍ ഒരു തുണ്ടു കടലാസില്‍  നമ്പര്‍ കുറിച്ചു കൊടുത്തു. ഒരു സൌദി നമ്പരാണത്.

“ഇതാ ഇതു കൈയില്‍ വച്ചുകൊള്ളൂ. ഉടന്‍ പോകാന്‍ വേണ്ട കാര്യങ്ങള്‍ നോക്കിക്കോ..” നസീര്‍ അവരോടു പറഞ്ഞു.

സഹായത്തിനായി ഒരു നമ്പര്‍ കിട്ടിയതോടെ നഫീസയുടെ ആശങ്ക അല്പം കുറഞ്ഞു. അവര്‍ നസീറിന് നന്ദി പറഞ്ഞ് ഇറങ്ങി.

************** ***************** ********************

റിയാദിലെ ഒലയ റോഡിലൂടെ പായുകയാണ് ഉസ്മാന്റെ കാരവന്‍ വാന്‍. വാനില്‍ നാലുപേര്‍ ഇരിപ്പുണ്ട്. തികച്ചും പരിക്ഷീണിതരാണവര്‍. പെട്ടെന്ന് ഉസ്മാന്റെ മൊബൈല്‍ ശബ്ദിച്ചു തുടങ്ങി. അയാള്‍ മൊബൈല്‍ ഡിസ്‌പ്ലേയില്‍ നോക്കി. പരിചയമില്ലാത്ത നമ്പര്‍. കട്ട് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ടു, ഡ്രൈവിങ്ങിനിടയില്‍ അത്യാവശ്യമില്ലാത്ത കോളുകള്‍ എടുക്കാറില്ല. അല്പസമയത്തിനകം വീണ്ടും റിങ്ങിങ്ങ്.. ഉസ്മാന്‍ വണ്ടി ഒരു സൈഡിലേയ്ക്കൊതുക്കി. മൊബൈല്‍ കാതോടു ചേര്‍ത്തു. “ഹലോ”

“ഹലോ.. ഞാന്‍ സിദ്ധീക്ക് ആണ്. താങ്കള്‍ എവിടെയാണെന്ന് ഒന്നു പറയാമോ?”

“ഏതു സിദ്ധീക്ക്?”

“നമ്മള്‍ മുന്‍‌പരിചയം ഇല്ല. നസീര്‍ഭായി പറഞ്ഞിട്ടാണ് വിളിയ്ക്കുന്നത്..”

“ആര്, നാട്ടിലെ നസീര്‍ഭായിയോ..?

“അതേ, ഭായി ആണ് നിങ്ങളുടെ നമ്പര്‍ തന്നത്. ഞാനിപ്പോള്‍ ബത്തയിലാണ്. ഒന്നു കാണാന്‍ പറ്റുമോ?”

“ഞാന്‍ ഒലയയില്‍ ആണുള്ളത്. എന്താണ് കാര്യം ?”

“ഒരു കാര്യം സംസാരിയ്ക്കാനായിരുന്നു. ഫോണില്‍ കൂടി പറയുന്നതിലും നല്ലത് നേരിട്ട് പറയുന്നതാണ്. ഞാന്‍ ബത്തയില്‍ വെയിറ്റ് ചെയ്യാം, പ്ലീസ് ഒന്നു വരൂ..”

“ശരി, വൈകിട്ട് എട്ടരയ്ക്കു ബത്തയില്‍ കാണാം. ഞാനിപ്പോള്‍ ഒരു ഓട്ടത്തിലാണ്.”

“ഓകെ..ആയിക്കോട്ടെ, ഞാന്‍ ഷാര ഖദീമില്‍ ഉണ്ടാകും..”

ഓട്ടമെല്ലാം കഴിഞ്ഞ് ഉസ്മാന്‍ ബത്തയിലെത്തുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞു. ഷാര ഖദീമിലെ ചെറിയൊരു ബൂഫിയയില്‍ സിദ്ധീക്ക് അയാളെ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൂഫിയയിലെ ചെറിയ മേശയ്ക്കിരുവശവും അവര്‍ ഇരുന്നു. ഉസ്മാന്‍, സിദ്ധീക്കിനെ തുറിച്ചു നോക്കി. അയാള്‍ക്കിതു വരെ സിദ്ധീക്കിനെ മനസ്സിലായിട്ടില്ല.

“എന്റെ നമ്പര്‍ ആരു തന്നൂന്നാണ് പറഞ്ഞത് ?” അല്പസമയത്തെ മൌനത്തിനു ശേഷം ഉസ്മാന്‍ ചോദിച്ചു.

“നമ്മുടെ നസീര്‍ ഭായ്, കൊച്ചീലെ. പുള്ളിക്കാരനെ എനിയ്ക്കു പരിചയമുണ്ട്..”

“ശരി പറയൂ, എന്താണ് കാര്യം?”

“എന്റെ ഖഫീലിന്റെ വീട്ടിലേയ്ക്ക് ഗദാമയെ വേണം, കിട്ടുമോ?”

“അതെന്താ അയാള്‍ക്ക് ഗദാമ വിസയെടുത്താല്‍ പോരെ..?”

“അതിനൊക്കെ വലിയ പൊല്ലാപ്പല്ലേ, എംബസി അറ്റസ്റ്റേഷനും മറ്റും. ഇതാകുമ്പോള്‍ റിസ്കില്ലല്ലോ..”

“ഇതൊക്കെ ബഡാഭായിയുടെ കാര്യങ്ങളാണ്. ഞാന്‍ അദ്ദേഹത്തോട് പറയാം.”

“മതി അതുമതി, അധികം താമസിയ്ക്കാതെ അറിഞ്ഞിരുന്നെങ്കില്‍ എനിയ്ക്ക് ഖഫീലിന് വാക്കു കൊടുക്കാമായിരുന്നു.“

“രണ്ടു ദിവസത്തിനകം പറയാം..” ഉസ്മാന്‍ എണീറ്റു.

സൌദിയിലെ അറബിവീടുകളില്‍ വേലയെടുക്കാന്‍ വിദേശങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഗദാമ എന്ന് അറബിയില്‍ പറയുന്നത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്  എന്നിവിടങ്ങളില്‍ നിന്നാണ് ഗദാമമാര്‍ അധികവും എത്തുന്നത്. മിക്കവാറും തുച്ഛശമ്പളത്തിന് എത്തുന്ന ഇവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശ ഗവണ്മെന്റുകള്‍ ചില നിബന്ധനകള്‍ വച്ചു. അതനുസരിച്ച് ഇന്ത്യയില്‍ നിന്നും മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ ഗദാമ ജോലിയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ പറ്റുകയുള്ളു. ഒരു നിശ്ചിതതുക കെട്ടിവയ്ക്കുകയും തൊഴില്‍ കരാര്‍ എംബസിയില്‍ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്തരം നിബന്ധനകളോട് താല്പര്യമില്ലാത്ത അറബികള്‍ മറ്റു തരത്തില്‍ ഗദാമമാരെ സംഘടിപ്പിയ്ക്കാന്‍ തുടങ്ങി. അങ്ങനെ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരാളാണ് ബഡാഭായി എന്നാണ് ഉസ്മാന്‍ പറഞ്ഞത്.

രണ്ടുദിവസത്തിനു ശേഷം സിദ്ധീക്ക്, ഉസ്മാനെ ഫോണില്‍ വിളിച്ചു.

“ഉസ്മാന്‍ ഭായി, ഗദാമയുടെ കാര്യം ശരിയായോ? ഖഫീല്‍ ചോദിച്ചു കൊണ്ടിരിയ്ക്കുന്നു...”

“ഞാന്‍ സംസാരിച്ചിരുന്നു. ഉണ്ട്, ആളുണ്ട്. രണ്ട് ഇന്തോനേഷ്യയും ഒരു മലയാളിയും. ഏതാണ് വേണ്ടതെന്ന് ചോദിയ്ക്ക്..”

“മലയാളി മതി. ഖഫീലിന്റെ വീട്ടില്‍  ഇന്തോനേഷ്യക്കാരി ഒരാളുണ്ട്. എങ്ങനെ ആണ് അതിന്റെ മറ്റു ഏര്‍പ്പാടുകള്‍ ?”

“രണ്ടായിരം റിയാല്‍ കമ്മീഷന്‍ ആകും. ശമ്പളം മാസം ആയിരം റിയാല്‍. അത് ഓരോ മാസവും ഇവിടെ ഓഫീസില്‍ ഏല്‍പ്പിയ്ക്കണം. സമ്മതമാണെങ്കില്‍ ആളെ അവിടെ എത്തിയ്ക്കാം..”

“ശരി, ഭായി ഞാന്‍ ഖഫീലിനോട് പറഞ്ഞ് കാശുമായി വരാം..” സിദ്ധീക്ക് പറഞ്ഞു.

റിയാദിലെ “പ്രവാസജീവിതം” പ്രവര്‍ത്തകര്‍, കാണാതായ ഉഷയെ അന്വേഷിയ്ക്കുന്നതോടൊപ്പം പുതുതായി  ചില ദൌത്യങ്ങള്‍ കൂടി ഏറ്റെടുത്തിരുന്നു. ഉദ്ദേശം രണ്ടുമാസത്തോളം ഉഷയെ അന്വേഷിച്ചിട്ടും കാര്യമായ ഒരു ഫലവും കിട്ടാതെ വന്നതോടെ സ്വഭാവികമായും അതിന്റെ ആവേശം ചോര്‍ന്നുപോയി. അപ്പോഴെയ്ക്കും ഒരു  ആതുര സഹായാപേക്ഷ അവരെ തേടിയെത്തി. 

റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മേസനായി ജോലിചെയ്യുന്ന തോമസ് എന്നയാളിന്റേതായിരുന്നു അപേക്ഷ. മതിയായ സേഫ്റ്റി സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു നിര്‍മ്മാണ സൈറ്റിലെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിലാണ് തോമസിപ്പോള്‍. ശരീരം അരയ്ക്കു താഴേയ്ക്ക് തളര്‍ന്നു പോയി. . ആരോരുമില്ലാത്ത ആ മനുഷ്യനെപറ്റി ആരോ “പ്രവാസജീവിതം” കൂട്ടായ്മയെ അറിയിയ്ക്കുകയായിരുന്നു.
 സുബൈറും വിജയും ബാബുവും കൂടി തോമസിനെ കാണാനെത്തി. റിയാദിലെ പ്രമുഖമായ ഒരു ആശുപത്രിയായിരുന്നു അത്. അത്യാധുനിക സംവിധാനങ്ങളെല്ലാമുണ്ട്. അവിടെ ഒരു മുറിയില്‍ ഏകാന്തനായി തോമസ് കിടക്കുന്നു. മുഖമൊഴിച്ച് ശരീരമാകെ മൂടിയിരിയ്ക്കുകയാണ്. മൂക്കില്‍ കൂടി ട്യൂബിട്ടിട്ടുണ്ട്. മരുന്നുകളുടെയും മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും സമ്മിശ്രഗന്ധം അവിടെ തങ്ങി നില്‍ക്കുന്നു. തന്നെ കാണാനെത്തിയ അപരിചിതരെ കണ്ടപ്പോള്‍ നിര്‍ജീവമായിരുന്ന ആ കണ്ണുകള്‍ നിറഞ്ഞു.
 കണ്ണീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..

“തോമസ്.” സുബൈര്‍ അയാളുടെ തലയില്‍ മൃദുവായി തൊട്ടു.

തോമസിന്റെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. മുഖമാകെ ചുളുങ്ങി ഇത്തിരിയോളമായി. അതുവരെ കെട്ടി നിര്‍ത്തിയ സങ്കടമെല്ലാം പുറത്തേയ്ക്കൊഴുകി.

“കരയാതിരിയ്ക്കൂ.. എല്ലാം ശരിയാകും. ഞങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതേയുള്ളു..” സുബൈര്‍ വീണ്ടും മെല്ലെ പറഞ്ഞു.
“എത്ര നാളായി ഇവിടെ..?”

“ഒന്നരമാസമായി സാറെ.. എങ്ങനെയെങ്കിലും എന്റെ വീട്ടിലൊന്നെത്തിയ്ക്കാമോ..? അവിടെ കിടന്ന് ഞാന്‍ മരിച്ചോളാം. എല്ലാവരെയും ഒന്നു കണ്ടാല്‍ മതിയെനിയ്ക്ക്..” അമര്‍ത്തിയ കരച്ചിലിനിടയില്‍ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.

“എത്തിയ്ക്കാം..എത്തിയ്ക്കും. എന്തായിരുന്നു സംഭവിച്ചത് ?”

“സ്കാഫോള്‍ഡില്‍ നിന്നു കാലുതെറ്റി വീണതാണ്. നിലത്തു വീണിട്ട് രണ്ടു മണിക്കൂര്‍ അവിടെ കിടന്നു. ഒരാളും തിരിഞ്ഞു നോക്കിയില്ല. ഫോര്‍മാന്‍ സമ്മതിച്ചില്ല. അവനു പണിയായിരുന്നു മുഖ്യം. അവസാനം ഒരു മലയാളി എഞ്ചിനീയര്‍ കണ്ടിട്ടാണ് അടുത്തൊരു ആശുപത്രിയിലാക്കിയത്.  അവിടുന്ന് ഇവിടെ കൊണ്ടു വന്നു. അരയ്ക്കു താഴോട്ട് എനിയ്ക്കൊന്നും അറിയില്ല. എഴുനേല്‍ക്കാനോ തിരിഞ്ഞു കിടക്കാനോ പറ്റില്ല. ആദ്യത്തെ കുറച്ചു ദിവസം കമ്പനിയുടെ ആള്‍ക്കാരുണ്ടായിരുന്നു. പിന്നെ ആരെയും കണ്ടിട്ടില്ല. കാശില്ലാത്തതോടെ ശരിയായ ചികിത്സയൊന്നുമില്ല.  കുറച്ചു മലയാളി നേഴ്സുമാര് പിള്ളേര്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ മരുന്നു തരും. എന്നെ തിരിച്ചു കിടത്തും. അല്ലാത്തപ്പോള്‍ ഇതേ കിടപ്പു തന്നെ. ആശുപത്രി ബില്ലടയ്ക്കാതെ ഇവിടുന്നു വിടുകയില്ലല്ലോ. നിങ്ങള്‍ എങ്ങനെയെങ്കിലും എന്നെ ഒന്നു നാട്ടിലെത്തിയ്ക്കാന്‍ കരുണയുണ്ടാകണെ..” ഒട്ടേറെ സമയമെടുത്ത് ഒരു വിധം തോമസ് പറഞ്ഞു.

അവരുടെയെല്ലാം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത്തരം പല അനുഭവങ്ങളും ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. മിക്കവാറും കമ്പനികളിലൊന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല. തൊഴിലാളിയ്ക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയില്‍ തള്ളി അവര്‍ കൈകഴുകും. ഉയര്‍ന്ന ആശുപത്രിചിലവ് സാധാരണക്കാരന് താങ്ങാനാവില്ല. ഒന്നുകില്‍ ആള്‍ മരിയ്ക്കും. അല്ലെങ്കില്‍ ആരുടെയെങ്കിലും കാരുണ്യം കാത്തു കിടക്കും, ശരിയായ യാതൊരു ചികിത്സയും ലഭിയ്കാതെ.

അവര്‍ തോമസിനെ തിരിച്ചു കിടത്തി. ശരീരം തുടച്ചു കൊടുത്തു. ആ മനുഷ്യന് എന്തെന്നില്ലാത്ത ആശ്വാസമാണ് അവരുടെ സന്ദര്‍ശനം നല്‍കിയത്.  പിന്നെ, അവര്‍ ഹോസ്പിറ്റല്‍ കൌണ്ടറില്‍ തോമസിന്റെ ബില്ലിനെക്കുറിച്ച് അന്വേഷിച്ചു. നാല്പതിനായിരം റിയാല്‍ അടയ്ക്കണം. ഏതാണ്ട് അഞ്ചു ലക്ഷം രൂപ..! ആ മനുഷ്യന്‍ ആയുഷ്കാലം പണിയെടുത്താലും സ്വരൂപിയ്ക്കാനാവത്ത തുക. ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാനും ജോസഫിനെ എത്രയും വേഗം നാട്ടിലെത്തിയ്ക്കാനും അവര്‍ ഉറപ്പിച്ചു.

ഇത്തരം ആവശ്യങ്ങള്‍ക്ക് അവര്‍ സുമനസ്സുകളില്‍ നിന്നും സംഭാവന സ്വീകരിയ്ക്കുകയാണ് പതിവ്. ധാരാളം മനുഷ്യ സ്നേഹികള്‍ അവരെ ഇതില്‍ സഹായിയ്ക്കാറുണ്ട്. അതില്‍ എടുത്തു പറയേണ്ട ആളാണ് അബ്ദുല്‍  സലാം റാവുത്തര്‍ എന്ന സലാംഭായി. നീണ്ട ഇരുപത്തഞ്ചു വര്‍ഷമായി  ഇവിടെ ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ഇവിടെയെത്തി വളരെക്കാലം കഷ്ടപ്പെട്ട്, അവസാനം സ്വപ്രയത്നത്താല്‍ വളര്‍ന്നു. ഇന്ന് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍  നടത്തുന്നു. നാട്ടിലും ധാരാളം ബിസിനസ്സുണ്ട്. മാസം നല്ലൊരു തുക ഇങ്ങനെ സേവനത്തിനായി അദ്ദേഹം മാറ്റി വയ്ക്കുന്നു. റിയാദിലെ കേരളീയരുടെ പൊതുരംഗത്തും അദ്ദേഹം സജീവമാണ്.

“നമുക്ക് സലാംഭായിയെ കാണാം. അദ്ദേഹം നല്ലൊരു തുക തരാതിരിയ്ക്കില്ല.” സുബൈര്‍ മറ്റുള്ളവരോടു പറഞ്ഞു. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പുണ്ട്. അടുത്തൊരു ദിവസം തന്നെ അവര്‍ ഭായിയെ കാണാന്‍ പുറപ്പെട്ടു.

(തുടരും)

Sunday, 13 February 2011

പ്രണയദിനത്തില്‍.....

വെളുത്ത പക്ഷത്തിലെ ഏകാദശിയാണിന്ന്. മുക്കാല്‍ രാവോളം നിലാവെളിച്ചം. വയസ്സന്‍ പുളിമരത്തിലെ ലക്ഷോപലക്ഷം കുഞ്ഞിലകള്‍ തണുത്ത രാവിന്റെ നേര്‍ത്ത ഇരുളിമയില്‍ കണ്ണടച്ചുറക്കമാണ്. വിജനതയില്‍ ചെറിയൊരു കാറ്റുമാത്രം. പൂത്തപാലയുടെയും കാളിമയാര്‍ന്ന നൊങ്കുമരങ്ങളുടെയും, പിന്നെ ഏതൊക്കെയോ കൊച്ചുമരങ്ങളുടെയും ഇലകളുടെ ഉലച്ചില്‍.
 എവിടെയൊ കാലങ്കോഴികള്‍ “കുത്തിച്ചുട്..കുത്തിച്ചുട്” എന്നു ചിലച്ചു.
അകലെ ചാവാലിപ്പട്ടികള്‍ ഉറക്കം കിട്ടാതെ ഓലിയിടുന്നു.
അപ്പോള്‍ പുളിമരത്തിന്റെ താഴെക്കൊമ്പില്‍ തൂങ്ങിക്കിടന്ന രണ്ടാത്മാക്കള്‍ മെല്ലെ കണ്ണുതുറന്നു, നീണ്ട ഒരു വര്‍ഷത്തെ ഉറക്കത്തിനു ശേഷം.
അവര്‍ മെല്ലെ എണീറ്റ് മരക്കൊമ്പില്‍ തങ്ങിയിരുന്നു. പിന്നെ കണ്ണോടു കണ്ണ് നോക്കി. ഒരു വര്‍ഷത്തെ വിരഹം അവിടെ കത്തിനില്‍ക്കുന്നു, ആകാശത്തെ നക്ഷത്രതിളക്കം പോലെ. നേര്‍ത്തനിലാവിന്റെ കുളിര്‍ അവരില്‍ പ്രണയം പകര്‍ന്നു.
അവര്‍ ആത്മാവിനോടാത്മാവ് ചേര്‍ന്നൊന്നായി.

ഇന്ന് അവരുടെ ദിനമാണല്ലോ, പ്രണയദിനം.
എത്രയോ കാലം മുന്‍പേ പ്രണയത്തിനായി സ്വയം ഇല്ലാതായതാണവര്‍...
ഓരോ പ്രണയദിനത്തിലും അവര്‍ നിദ്ര വിട്ടുണരും. പിന്നെ  ഒരു മുഴുവന്‍ ദിനവും അവര്‍ക്കു സ്വന്തം. അവരപ്പോള്‍ അദൃശ്യരായി പ്രണയിനികളെ തേടും. അവരുടെ പ്രേമം, സല്ലാപം, വിരഹം എല്ലാം കണ്ടും കേട്ടും പാറി നടക്കും. പിന്നെ അടുത്ത രാത്രിമധ്യേ വീണ്ടും തിരികെ വന്നു നിദ്രയാകും.

പുളിമരക്കൊമ്പില്‍ നിന്നും കൈകള്‍ കോര്‍ത്തു പറന്നുയര്‍ന്ന്, നിലാവേറ്റു തിളങ്ങുന്ന മേഘത്തുണ്ടുകളിലൂടെ, നക്ഷത്രക്കുഞ്ഞുങ്ങള്‍ക്കരികിലൂടെ, മുളങ്കൂട്ടത്തിനിടയിലൂടെ, പുഴയോരത്തൂടെ, നീലക്കുറിഞ്ഞികള്‍ പൂത്ത മലഞ്ചെരിവിലൂടെ അങ്ങനെ പ്രേമം പൂവിട്ടു നില്‍ക്കുന്ന എല്ലായിടത്തും അവര്‍ ഒഴുകി നടന്നു , രാവു പുലരുവോളം.

പുലരിയുദിച്ചതോടെ പ്രണയിനികളെ തേടി നടപ്പായി, അവര്‍.
  
“അതാ രണ്ടുപേര്‍..“ അവളുടെ ആത്മാവ് അവന്റെ ആത്മാവിനോട് പറഞ്ഞു. അവരങ്ങോട്ടു പറന്നു. എന്നിട്ട് അദൃശ്യരായി ആ പ്രണയിനികളുടെ അരികിലിരുന്നു.

“ഈ പ്രണയദിനത്തില്‍ നീയെനിയ്കെന്താ സമ്മാനം തരുക?”

“എന്തു വേണം..ചോദിയ്ക്കൂ..”

“പുതിയൊരു മൊബൈല്‍..”

“ഇതാ ഒരെണ്ണം, നിനക്കായി വാങ്ങിയത്..!”

“ഓ ഇതോ, ഈ മോഡല്‍ ടിന്റു കഴിഞ്ഞമാസം മേടിച്ചു തന്നതാണല്ലോ..”

“ഇതിനെന്താ കുഴപ്പം, ഞാന്‍ കഴിഞ്ഞയാഴ്ച ടിങ്കുവിനും ഇതേ മോഡല്‍ ആണല്ലോ കൊടുത്തത്..”

അവര്‍ തിരികെ പറന്നു പോന്നു. “ഇവരെന്താ ഇങ്ങനെ ?” പറക്കുന്നതിനിടയില്‍ അവന്‍  അവളോടു ചോദിച്ചു. അവള്‍ക്കും മനസ്സിലായില്ല. പിന്നെയവര്‍ ചെന്നത് ഒരു ലാപ്ടോപ്പിന്റെ മുന്‍പിലായിരുന്നു. അവിടെയിരുന്ന കാമുകി ഒരേസമയം മൂന്നു  കാമുകന്മരോട് സല്ലപിയ്ക്കുന്നു. വേറൊരിടത്ത് മറ്റൊരു കാമുകന്‍ അഞ്ചു കാമുകിമാരോട് ചാറ്റുന്നു...

കാഴ്ചകള്‍ എല്ലായിടത്തും  ഒന്നു തന്നെ. അവര്‍ക്ക് കണ്ണു മങ്ങാന്‍ തുടങ്ങി.

“നാമെന്തിനാണ് മരിച്ചത്?” അവള്‍ അവനോട് ചോദിച്ചു. “നമുക്കും ഇങ്ങനെ ആകാമായിരുന്നു. നമ്മുടെ മാതാപിതാക്കളെ സങ്കടപ്പെടുത്തേണ്ടായിരുന്നു..” അവള്‍ തേങ്ങി.

“ശരിയാണ്. എന്നെ നീയും, നിന്നെ ഞാനും മറക്കാന്‍ അവര്‍ പറഞ്ഞപ്പോള്‍ നമുക്കതു കേള്‍ക്കാമായിരുന്നു.” അവനും കരച്ചില്‍ വന്നു.

നിരാശയോടെ അവര്‍ മടങ്ങുമ്പോള്‍ ഒരു പുഷ്പത്തിനു ചുറ്റും പാറിക്കളിയ്ക്കുന്ന ഇണശലഭങ്ങളെ കണ്ടു. മരക്കൊമ്പില്‍ കൊക്കുരുമ്മുന്ന ഇണപ്രാവുകളെ കണ്ടു. പിന്നെ, അവര്‍ കണ്ട എല്ലാ ജീവികളിലും പ്രണയം സ്ഫടിക തിളക്കമാര്‍ന്നിരുന്നു, മനുഷ്യരിലൊഴിച്ച്.

അങ്ങനെ മനം തെളിഞ്ഞ്, രാവിന്റെ മധ്യത്തില്‍ പ്രണയദിനത്തിനൊടുവില്‍ അവര്‍ വീണ്ടും വയസ്സന്‍ പുളിമരത്തിലേയ്ക്ക് പറന്നു ചെന്നു. ഇനിയൊരു വര്‍ഷം നിദ്രയാണവര്‍ക്ക്. വര്‍ഷങ്ങളേറെ മുന്‍പ് ഒരേ കയറിന്റെ രണ്ടു കഷണങ്ങളില്‍, അവിടെയാണല്ലോ അവര്‍ ഉറക്കം തുടങ്ങിയത്.

Saturday, 12 February 2011

ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ്- 2011- (ഫോട്ടോ ഫീച്ചര്‍)

എനിയ്ക്ക് വളരെ ഇഷ്ടപെട്ട രണ്ടു ചാനലുകളാണ് “ഡിസ്കവറി“യും “ആനിമല്‍ പ്ലാനറ്റും”. അതില്‍  ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ കൂടി അലറിക്കൂവി നടക്കുന്ന സിംഹം, കടുവ, പുലി ഇവയെ ഒക്കെ കാണുക വല്ലാത്ത ഒരു ത്രില്ലാണ്. അവരുടെ ശൌര്യവും ഗാംഭീര്യവും ഒന്നു വേറെ തന്നെ. ഇക്കൂട്ടരില്‍  മൃഗരാജനായ സിംഹം വാസ്തവത്തില്‍ വളരെ ശാന്തനാണ്. ആഹാരത്തിനായി മാത്രമേ ഇഷ്ടന്‍ വേട്ടയാടുകയുള്ളു. അല്ലാത്തപ്പോള്‍ കൂട്ടമായി കളിച്ചും രസിച്ചും നടക്കും. കടുവകളും  അങ്ങനെ തന്നെ. വയറു ഫുള്ളാണെങ്കില്‍ മൂപ്പരും മഹാ പാവം.

എന്നാല്‍ പുലിയുടെ കാര്യത്തില്‍ സംഗതികള്‍ നേരെ തിരിച്ചാണ്. പുലിയോളം ശൌര്യം മറ്റാര്‍ക്കുമില്ലന്നാണ് വെപ്പ്. കണ്ണില്‍ കാണുന്ന സാധുമൃഗങ്ങളുടെ കഴുത്തിനു പിടിച്ചു കുടഞ്ഞു വിടാന്‍ ഒരു കാരണവും വേണമെന്നില്ല കക്ഷിയ്ക്ക്. തന്നെയുമല്ല എപ്പോഴും ഒറ്റയ്ക്ക് അല്ലെങ്കില്‍ ഒരേ തരക്കാരായ കുറച്ചുപേരുടെ ഗ്യാംഗ് . ശൌര്യമുണ്ടെങ്കിലും തന്റെ പരിപ്പ് വലിയവന്മാരായ സിംഹം, കടുവ എന്നിവരുടെ അടുത്ത് വേവുകയില്ലാത്തതിനാല്‍ അവരോടെപ്പോഴും ഒരു മുറുമുറുപ്പ്. സ്വന്തം വര്‍ഗക്കാരോട് കലിപ്പ്. ഇതൊക്കെയാണ് മൂപ്പരുടെ പൊതു സ്വഭാവം. ഈ സ്വഭാവമൊക്കെ ഒത്തിണങ്ങിയതുകൊണ്ടാണോ എന്തോ, ഏതോ അജ്ഞാതന്‍ മലയാളം ബ്ലോഗര്‍മാര്‍ക്ക് “പുലികള്‍” എന്നു പേരിട്ടു. ആയിനത്തില്‍ പെട്ടതാണന്ന അഹംഭാവം  കൊണ്ട് ഈയുള്ളവനും   പൊതുവേ ഒരു കലിപ്പാണ്. തന്നെയുമല്ല, വേട്ടയാടാനല്ലാതെ സ്വന്തം മടയില്‍ നിന്നും വെളിയിലിറങ്ങാറുമില്ല. വെറുതെ വല്ല സിംഹത്തിനും പണിയുണ്ടാക്കണ്ടല്ലോ..!

അങ്ങനെയിരിയ്ക്കെ ഒരു ഇ-എഴുത്തോല എന്റെ മടയിലെത്തി.

“ഹേ  പുലിയദ്ദേഹം, ദോഹയില്‍ കുറെ പുലികള്‍ മീറ്റു കൂടി അല്പം ഈറ്റും  മുരള്‍ച്ചയും പിന്നെ ടൈമുണ്ടെങ്കില്‍ ചെറിയ തോതില്‍ ഗര്‍ജിയ്ക്കാനും  തീരുമാനിച്ചിട്ടുണ്ട്. അങ്ങയുടെ നമ്പര്‍ ഒന്നു തരാന്‍ ദയവുണ്ടാകുമോ?”

ദോഹയിലെ ഒരു കുറുമ്പടിത്തണലില്‍ വിശ്രമിയ്ക്കുന്ന ഇസ്മായില്‍ പുലിയായിരുന്നു എഴുത്തോല വിട്ടത്.‍.

“ഹും..! എന്റെ നമ്പര്‍ അങ്ങനെ കണ്ട പുലികള്‍ക്കൊന്നും കൊടുക്കാന്‍ പറ്റില്ല..“

ഞാന്‍ എഴുത്തോല വലിച്ചെറിഞ്ഞു ചെയ്തു. പാവം ഇസ്മായില്‍ പുലി പേടിച്ച് പിന്നെ ആ വഴി വന്നില്ല. പിന്നീട് ഒരു  മനോഹര പുലിയുടെ വക ഓല. “ഞാനിവിടെയുണ്ട്” എന്നും പറഞ്ഞ് വേറൊരു പുലിയുടെ ഭീഷണി ഓല, അതുകഴിഞ്ഞ് സ്വന്തം നാട്ടുകാരനായ ഒരു പാവം പുലിയുടെ വിളി. എന്നാല്‍ പിന്നെ എന്തെങ്കിലുമാകട്ടെ, ഒന്നു മുരണ്ടുകളയാമെന്ന് കരുതി 2011 ഫെബ്രുവരി 11 വെള്ളിയാഴ്ച ദോഹയിലെ ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ടാം നിലയിലെ ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ച മൈതാനത്തെത്തി. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ അപ്രതീക്ഷിതവും ഞെട്ടിയ്ക്കുന്നതുമായിരുന്നു..!!

മൈതാനത്തെ അന്തരീക്ഷത്തിന്റെ പ്രത്യേകതയോ എന്തോ, അവിടെ പ്രവേശിച്ച പാടെ ഈയുള്ളവന് ഒരു രൂപമാറ്റം വരുന്നതായി അനുഭവപ്പെട്ടു. തൊട്ടടുത്ത കണ്ണാടിയില്‍ നോക്കിയപ്പോള്‍ പുലിരൂപം മാഞ്ഞ് പുള്ളിമാനിന്റെ രൂപമായിരിയ്ക്കുന്നു. എന്നു തന്നെയല്ല, അവിടെയുള്ള എല്ലാ പുലികളും പുള്ളിമാനുകളായി രൂപാന്തരപ്പെട്ടിരുന്നു. പിന്നെ അവിടെ നടന്നത്  പുള്ളിമാനുകളുടെ ഒരു സ്നേഹസംഗമം.

ബ്ലോഗില്‍ വായിച്ചും മറ്റും പരിചയമുള്ള കുറച്ചു പേരൊഴികെ ബാക്കിയെല്ലാവരും തീര്‍ത്തും അപരിചിതരായിരുന്നുവെങ്കിലും പെരുമാറ്റത്തിലോ സംഭാഷണങ്ങളിലോ അതിന്റെ യാതൊരു ലാഞ്ചനയുമില്ലായിരുന്നു. ഔപചാരികതകളെല്ലാം വിട്ടൊഴിഞ്ഞ, സുമനസ്സുകളുടെ കൂടിച്ചേരല്‍. യാതൊരു വലുപ്പച്ചെറുപ്പവുമില്ലാതെ പരസ്പരം തുറന്നു സംസാരിച്ച് പരിചയപ്പെടല്‍.

“തണല്‍” എന്ന ബ്ലോഗിലൂടെ ബൂലോകത്ത് സുപരിചിതനായ ഇസ്മായില്‍ കുറുമ്പടി, മികച്ച ബ്ലോഗര്‍മാരായ ശ്രദ്ധേയന്‍, സുനില്‍ പെരുംബാവൂര്‍, റിയാസ് മിഴിനീര്‍തുള്ളി, രാമചന്ദ്രന്‍ വെട്ടിക്കാട്, സിദ്ധീക്ക് തൊഴിയൂര്‍, മുഹമ്മദ് സഗീര്‍ പണ്ഡാരത്തില്‍, ദീപു.കെ.നായര്‍, ജിപ്പൂസ്, അസീസ്, ശ്രീമതി സ്മിതാ ആദര്‍ശ്, ശ്രീമതി മാധവിക്കുട്ടി, ചാണ്ടിക്കുഞ്ഞ്, പ്രവാസി, ദീപക്, സമീര്‍, ജിതു ജോസ്,  കനകാംബരന്‍, മുഫീദ്,  കലാം,  ഹാരീസ് എടവന,  ഉണ്ണികൃഷ്ണന്‍, നിഗു കേച്ചേരി, തസ്നീം, ശ്രീജിത്ത്,  മുഹമ്മദ് ഷക്കീര്‍,  നജീം,  ഷാഹുല്‍,  സുഹൈല്‍ ചെറുവാടി,  സാമൂഹ്യപ്രവര്‍ത്തകനും ബ്ലോഗറുമായ മനോഹര്‍ ദോഹ, മികച്ച കഥാകൃത്തായ ശ്രീ.മുരളി നായര്‍, ഗൂഗിള്‍ ബസിലെ സജീവ സാന്നിധ്യവും ബ്ലോഗറുമായ മുഹമ്മദ് ഷാന്‍, കവിയും എഴുത്തുകാരനുമായ നാമൂസ് , ദോഹ സംസ്കൃതിയുടെ പ്രസിഡണ്ട്-.ഷാനവാസ് എലച്ചോല, ഇവരുടെയെല്ലാം സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു, ഖത്തര്‍ ബ്ലോഗേര്‍സ് മീറ്റ്- 2011.

ഒഴിവുസമയങ്ങളില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചതിന്റെ യഥാര്‍ത്ഥ പ്രതിഫലം ലഭിച്ചതിവിടെ നിന്നാണ്. അതു വരെ കണ്ടിട്ടില്ലാത്ത പലര്‍ക്കും പരിചിതനാണെന്നറിയുമ്പോള്‍ ഉണ്ടാകുന്ന അല്‍ഭുതം, സ്നേഹം കരകവിഞ്ഞ് എന്നെയൊന്നാലിംഗനം ചെയ്യാനാഗ്രഹമുണ്ടെന്ന് ഒരു കൊച്ചനുജന്‍ വേദിയില്‍ പറയുന്നതു കേട്ടപ്പോഴുള്ള സന്തോഷം, എഴുതിയതില്‍ അധികവും ചവറാണെങ്കിലും അവയെ ഇഷ്ടപ്പെടുന്നു എന്ന് സദസ്സില്‍ ചിലര്‍ പറയുമ്പോഴുണ്ടാകുന്ന ചാരിതാര്‍ത്ഥ്യം, ഒക്കെ അനുഭവിയ്ക്കാനുള്ള സൌഭാഗ്യം ഉണ്ടായി ഈയുള്ളവന്.  അനുഭവങ്ങള്‍ കൊണ്ടും യോഗ്യതകൊണ്ടും കഴിവു കൊണ്ടും അവിടെ കൂടിയവരില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഏഴയലത്ത് നില്‍ക്കാനുള്ള അര്‍ഹതയില്ലെങ്കിലും, അവരുടെയെല്ലാം സ്നേഹം അത്തരം ചിന്തകളെ പോലും മായ്ചുകളഞ്ഞു. ഇതില്‍ പങ്കെടുക്കാതിരുന്നെങ്കില്‍ ജീവിതത്തിലെ  ഏറ്റവും സുന്ദരമുഹൂര്‍ത്തങ്ങളിലൊന്ന് നഷ്ടമായേനെ.

 ആ സ്നേഹസംഗമത്തിലെ അനര്‍ഘ നിമിഷങ്ങളിലേയ്ക്ക്.

ദോഹയിലിപ്പോള്‍ പൂക്കാലം. ഒരു കോര്‍ണിഷ് കാഴ്ച.
ദോഹയുടെ പുതിയ മുഖം.
സുന്ദരമായ ദോഹ.
ഞാനും സുഹൃത്ത് രാജേഷും കൂടിയാണ് മീറ്റിനു പുറപെട്ടത്. രണ്ടുമണിയ്ക്ക് തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി.

സമ്മേളന ഹാളില്‍ കുറേപ്പേര്‍ നേരത്തെ തന്നെ എത്തിയിരിയ്ക്കുന്നു.
അധികം താമസിയാതെ ആരംഭമായി.
എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് ഇസ്മായില്‍ കുറുമ്പടി.
ഔപചാരികതകളൊന്നുമില്ലാതെ സുനില്‍ പെരുമ്പാവൂര്‍ പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്തു.
ഏറെക്കുറെ പൂര്‍ണമായ സദസ്സ്.
തുടര്‍ന്ന് ഓരോ ആളും സ്വയം പരിചയപെടുത്തല്‍. പേര്‍, ബ്ലോഗിന്റെ പേര്, മറ്റു വിവരങ്ങള്‍ അങ്ങനെയൊക്കെ.

മഞ്ഞിയില്‍ അസീസ്. ആദ്യം സംസാരിയ്ക്കുന്നു.
ദീപു.കെ.നായര്‍. -കവിയും ഗായകനുമാണ്.
ഷാനവാസ് എലച്ചോല. ദോഹ ‘സംസ്കൃതി” പ്രസിഡണ്ട്.
സമീര്‍.
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ജിതു ജോസ്.

കനകാംബരന്‍

മുഫീദ്.
നികു കേച്ചേരി.

കലാം
മുഹമ്മദ് ഷക്കീര്‍
ജിപ്പൂസ് തന്റെ ആഗ്രഹം തുറന്നു പറയുന്നു. എന്നെ ഒന്നു കെട്ടിപ്പിടിയ്ക്കണം എന്ന്.
സുഹൈല്‍ ചെറുവാടി.
മുഹമ്മദ് ഷാന്‍. വലിയ വലിയ കാര്യങ്ങള്‍ ബസ്സില്‍ പറയുന്ന ഈ കക്ഷി ഇത്ര ചെറുപ്പമാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.
ചാണ്ടിക്കുഞ്ഞ്.ക്രിക്കറ്റിനിടയില്‍ നിന്ന്, സമയത്തെത്താനായി തുടര്‍ച്ചയായി സിസ്കര്‍ അടിച്ച് ടീമിനെ വേഗം ജയിപ്പിച്ച ശേഷം ഓടി വന്നതാണ്.
ബൂലോഗര്‍ പേടിയ്ക്കുന്ന ശ്രദ്ധേയനായ കരിനാക്കന്‍. - ഷഫീക്ക്. മീറ്റിന്റെ സംഘാടകരില്‍ ഒരാള്‍.
സിദ്ധീക്ക് തൊഴിയൂര്‍. - എല്ലാവരും ജൂസ് കുടിയ്ക്കണമെന്ന് കര്‍ശനമായി ആവശ്യപ്പെട്ടപ്പോള്‍..
പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ മനോഹര്‍ ദോഹ.
മറ്റൊരു അസീസ് കൂടി.
എ.ആര്‍ നജീം.
ഷാഹുല്‍.
സ്മിത ആദര്‍ശ്

രാജേഷ് കെ.വി.
മാധവിക്കുട്ടി.
ഉണ്ണികൃഷ്ണന്‍.
നാമൂസ്
കണ്ണില്‍ മിഴിനീര്‍ തുള്ളികളുമായി റിയാസ്. അധികസമയവും ക്യാമറയ്ക്കു പുറകില്‍
മുരളി നായര്‍.
തസ്നീം
ഹാരീസ് എടവന.
ശ്രീജിത്ത്.
ആരാന്നു പറയണ്ടല്ലോ.
പരിചയപ്പെടല്‍ കഴിഞ്ഞ് ചായ കൂടിയും സമൂസ കടിയും ഉണ്ടെന്ന് ഇസ്മായില്‍ വിളിച്ചു കൂവി. അതോടെ എല്ലാവരും അങ്ങോട്ട് തിരിഞ്ഞു. ആ സമയത്തിന് ജിപ്പൂസിന്റെ ആഗ്രഹം സാധിച്ചു. പിന്നെ വേറൊരാളും, പേര് ഓര്‍ക്കുന്നില്ല. പ്രിയ അനുജന്മാരുടെ നിറഞ്ഞ സ്നേഹത്തിനു നന്ദി.

കൂലംകഷമായ ചര്‍ച്ചകള്‍....
ചായ കുടി, കടി.
നമ്മളേതായാലും കിട്ടിയതു വിട്ടില്ല.
തുടര്‍ന്ന് പൊതുവായ ആശയ വിനിമയം. സംവാദം. കവിത അവതരിപ്പിയ്ക്കല്‍, ഗാനാലാപനം ഒക്കെ പരിമിതമായ സമയത്തിനുള്ളില്‍ നടന്നു.
ഇടയ്ക്കാരോ കവിതയെ പറ്റി എന്തോ പറഞ്ഞപ്പോള്‍ “ഞാനിവിടെയുണ്ടെന്ന്” ഭീഷണിപ്പെടുത്തുന്ന കവി രാമചന്ദ്രന്‍ വെട്ടിക്കാട്.
 ഓടിത്തളര്‍ന്നു ക്ഷീണിച്ച ഇസ്മായില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിയ്ക്കുന്നു.
രണ്ടുമണി മുതല്‍ അഞ്ചര വരെയായിരുന്നു നിശ്ചിത സമയമെങ്കിലും, എത്ര നേരം വേണമെങ്കിലും ഇരിയ്ക്കാന്‍ സന്നദ്ധരായിരുന്നു എല്ലാവരും. എന്നാല്‍ നിശ്ചിതസമയത്ത് ഹാള്‍ ഒഴിയേണ്ടതിനാല്‍ പിരിയാന്‍ നിര്‍ബന്ധിതരായി. തികച്ചും വിജയകരമായിരുന്നു ദോഹയിലെ ബ്ലോഗര്‍മാരുടെ ഈ സമ്മേളനം. അതിന്റെ എല്ലാ ക്രെഡിറ്റും ശ്രീ. ഇസ്മായില്‍ കുറുമ്പടിയ്ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുമാണ്. ദിവസങ്ങളോളം കഷ്ടപ്പെട്ട് ഓരോ ആളെയും ക്ഷണിയ്ക്കാനും, സ്ഥലസൌകര്യം ഒരുക്കാനും അവര്‍ തയ്യാറായതുകൊണ്ടു മാത്രമാണ് ഈ പരിപാടി ഇത്രയും വിജയപ്രദമായത്.

ഉടന്‍ തന്നെ ഒരു ബ്ലോഗ് ശില്പശാല സംഘടിപ്പിയ്ക്കുവാന്‍ തത്വത്തില്‍ തീരുമാനിച്ച്, എല്ലാവരും പിരിഞ്ഞു.
ഈ സംഗമത്തിന്റെ മറ്റൊരു റിപ്പോര്‍ട്ടും ബ്ലോഗ് ലിങ്കുകളും റിയാസ് മിഴിനീര്‍ തുള്ളിയുടെ ഈ പോസ്റ്റില്‍ വായിയ്ക്കാം.
ഇസ്മായിലിന്റെ വ്യത്യസ്തമായ പോസ്റ്റ് ഇവിടെ വായിയ്ക്കാം