പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 12 March 2011

എഴുത്തുകാരന്റെ പ്രതിഫലങ്ങള്‍..

സംഗീതം, നടനം, ചിത്രണം എന്നിവ പോലെ മനുഷ്യരില്‍  ചിലര്‍ക്ക് ജന്മനാ ലഭിയ്ക്കുന്ന അനുഗ്രഹമാണ് എഴുതാനുള്ള കഴിവ്. സംഗീതകാരന്‍ രാഗ-താളങ്ങളിലൂടെയും, നടനകാരന്‍ ചലനങ്ങളിലൂടെയും ചിത്രകാരന്‍ വര്‍ണങ്ങളിലൂടെ യുമെന്നപോലെ എഴുത്തുകാരന്‍ അക്ഷരങ്ങളിലൂടെ അനുഭൂതി പകരുന്നു. വായനക്കാരന്റെ ഹൃദയത്തെ തൊടാന്‍ കഴിയുന്ന എഴുത്തുകാരന്‍ അവരുടെ മനസ്സില്‍ ജീവിയ്ക്കും. മറ്റെല്ലാ കലാകാരന്മാരെയും പോലെ എഴുത്തുകാരും പ്രതിഫലം ആഗ്രഹിയ്ക്കുന്നുണ്ട്. പേരെടുത്തവര്‍ പണമായിട്ടാണെങ്കില്‍ അല്ലാത്തവര്‍ പ്രശസ്തിയായിട്ടാണെന്നു മാത്രം. ഇതൊന്നുമല്ലാതെ വായനക്കാരില്‍ നിന്നു നേരിട്ട് ലഭിയ്ക്കുന്ന ചില പ്രതികരണങ്ങളുണ്ട്, അത് ചിലപ്പോള്‍ ഒരിയ്ക്കലും മറക്കാനാവാത്തതായിരിയ്ക്കും.

എന്നെപ്പോലൊരാള്‍ എഴുത്തുകാരന്‍ എന്നു വിശേഷിപ്പിയ്ക്കപ്പെടാന്‍  യോഗ്യതയുള്ളയാളല്ല. എങ്കിലും നിരന്തരം കുത്തിക്കുറിച്ചുകൊണ്ടിരിയ്ക്കുന്നതിനാല്‍ ചിലരൊക്കെ അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ടാവാം എനിയ്ക്കും ചില പ്രതികരണങ്ങള്‍ ലഭിയ്ക്കാറുണ്ട്.

എന്റെ ബ്ലോഗ്  നോക്കിയാല്‍ അറിയാം, മറ്റു പലരുടേതിനെയും അപേക്ഷിച്ച് വളരെ തുച്ഛമായ കമന്റുകളേ കാണാറുള്ളു. എന്നാല്‍ പേജ് വ്യൂവില്‍ വായനക്കാരുടെ എണ്ണം ധാരാളമുണ്ടു താനും. ഞാനാലോചിച്ചിട്ടുണ്ട് വായിച്ചവരെല്ലാം ഓരോ കമന്റിട്ടാല്‍ നൂറുകണക്കിന് കമന്റുകള്‍ വന്നേനെയല്ലോ എന്ന്. എന്തുമാകട്ടെ, ഉഗാണ്ടയില്‍ നിന്നും മൊസാംബിക്കില്‍ നിന്നും മാലിദ്വീപില്‍ നിന്നും അയര്‍ലണ്ടില്‍ നിന്നും കസാക്കിസ്ഥാനില്‍ നിന്നും കൊറിയയില്‍ നിന്നും ന്യൂസിലാണ്ടില്‍ നിന്നുമൊക്കെ ആരെങ്കിലും എന്നെ വായിയ്ക്കുമെന്ന് സ്വപ്നം കണ്ടിട്ടുകൂടിയില്ല ഒരു വര്‍ഷം മുന്‍പു വരെ.

ചിലര്‍ ഇ-മെയിലായി സ്നേഹവും അഭിനന്ദനവും അറിയിയ്ക്കാറുണ്ട്, എന്നാല്‍  ബ്ലോഗില്‍ ഒരിയ്ക്കലും കമന്റ് ഇടുകയില്ല. അതവരുടെ സ്വാതന്ത്ര്യം. ബ്ലോഗെഴുത്തിന്റെ തുടക്കകാലത്ത്, കമന്റാണ് എഴുത്തിന്റെ അംഗീകാരം എന്ന ചിന്തയോടെ ഞാന്‍ പലരെയും ലിങ്കയച്ച് ബുദ്ധിമുട്ടിയ്ക്കുമായിരുന്നു. ശല്യം സഹിയ്ക്കവയ്യാതെ ചിലരൊക്കെ കമന്റെഴുതുകയും ചെയ്തു. പിന്നെ പിന്നെ അതിനോടുള്ള ആര്‍ത്തി പോയി. ഇപ്പോള്‍ ഓരോ പോസ്റ്റിടുമ്പോഴും, എന്നെ ഫോളോ ചെയ്തവര്‍ക്കു മാത്രം ലിങ്കയയ്ക്കും. ഫേസ്ബുക്കിലും അഗ്രിഗേറ്ററിലും ലിസ്റ്റ് ചെയ്യും, കഴിഞ്ഞു. വായന, പ്രതികരണം ഇവയൊക്കെ മറ്റുള്ളവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തിരിയ്ക്കുകയാണ്.

കഴിഞ്ഞ ഒക്ടോബറില്‍ വെക്കേഷന്‍ കാലത്ത്, ഒരു സന്ധ്യനേരം ഞാന്‍ ബസില്‍ യാത്ര ചെയ്യുകയാണ്. എന്റെ അടുത്തിരുന്ന ആള്‍ കുറേ നേരമായി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഞാനത് അറിയുന്നുണ്ടെങ്കിലും പുറത്തേയ്ക്കു നോക്കിയിരുന്നു. അവസാനം അയാള്‍ എന്നോട് ചോദിച്ചു:

“ബിജു.. ബിജുകുമാറാണോ..?”

“അതേല്ലോ...”

“നിങ്ങള്‍ ബ്ലോഗെഴുതാറുണ്ടല്ലേ..?”

“ഉണ്ട്. വായിയ്ക്കാറുണ്ടോ..?”

“കുറച്ചെണ്ണം വായിച്ചിട്ടുണ്ട്. എന്റെ അളിയന്‍ അയര്‍ലണ്ടിലാണ്. പുള്ളിക്കാരന്‍ നിങ്ങളുടെ സ്ഥിരം വായനക്കാരനാണ്. അദ്ദേഹം പറഞ്ഞിട്ടാണ് ഞാന്‍ വായിയ്ക്കാന്‍ തുടങ്ങിയത്. നന്നായിട്ടുണ്ട് കേട്ടോ”.  അങ്ങനെ അദ്ദേഹം കുറേ നേരം സംസാരിച്ചു. അദ്ദേഹത്തിന്റെ കോയമ്പത്തൂരിലുള്ള കസിനുമായി എന്റെ പോസ്റ്റുകളെപറ്റി സംസാരിയ്ക്കാറുണ്ടത്രേ..! രയറോംകാരനായതു കൊണ്ടും, എന്റെ പ്രൊഫൈല്‍ പടം ഓര്‍മ്മയുള്ളതുകൊണ്ടുമാണ് അദ്ദേഹം എന്നെ തിരിച്ചറിഞ്ഞത്. വിസ്മയിച്ചു പോയി, ഞാന്‍ പടച്ചുവിടുന്ന ചവറുകള്‍ ഇവരൊക്കെ വായിയ്ക്കുന്നു എന്നോ..!

കഴിഞ്ഞ ആഴ്ചയില്‍, മേല്‍പ്പറഞ്ഞ അയര്‍ലണ്ടുകാരന്‍ അളിയന്‍ നാട്ടിലെത്തിയപ്പോള്‍ എന്റെ വീട്ടില്‍  വന്നു,  അദ്ദേഹത്തിന്റെ ആശംസകള്‍ എന്നെ അറിയിയ്ക്കാന്‍ വീട്ടുകാരെ പറഞ്ഞേല്‍പ്പിച്ചു..! ബ്ലോഗില്‍ ഒരു കമന്റു പോലും ഇടാത്ത ആളാണിത്.

ഇതേ വെക്കേഷന്‍ കാലത്ത് തന്നെ, രയറോത്തിന്റെ തൊട്ടടുത്ത ഗ്രാമമായ “നെല്ലിപ്പാറ“യിലെ ഒരു ചെറുപ്പക്കാരന്‍ എന്നെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ “എബിന്‍”‍, എന്റെ ബ്ലോഗ് മിക്കവാറും വായിയ്ക്കാറുണ്ട്. നെല്ലിപ്പാറയില്‍ വച്ചാണ് ഞങ്ങള്‍ നേരില്‍ കണ്ടത്. എന്നെ കണ്ടപാടെ എബിന്റെ പ്രതികരണം:

“ഹോ, ഞാന്‍ കരുതി നിങ്ങള്‍ തീരെ ചെറുപ്പമാണെന്ന്..!”

കഷണ്ടി കയറിയ തലതടവി ഞാന്‍ പറഞ്ഞു: “വല്ലാതെ ചിന്തിയ്ക്കുന്നതു കൊണ്ട് മുടികൊഴിഞ്ഞതാ.”

പിന്നെ ഞങ്ങള്‍ അടുത്തുള്ള ചായക്കടയില്‍ പോയി ചായയും പഴം പൊരിച്ചതും കഴിച്ചുകൊണ്ട് ഒത്തിരി സംസാരിച്ചു. എന്നോടുള്ള ഇഷ്ടം അവന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ ഒരു ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബ്ലോഗെഴുതുന്ന ആരെയെങ്കിലും ജീവനോടെ കാണുന്നത് അന്നാണ്. മീറ്റ് തുടങ്ങുന്നതിനു മുന്‍പുള്ള അനൌപചാരിക പരിചയപ്പെടലില്‍ പലര്‍ക്കും എന്നെ അറിയാമെന്നു പറഞ്ഞപ്പോള്‍ അത്ഭുതം തോന്നി. എന്റെ പ്രിയപ്പെട്ട എഴുത്തുകാരി “ലിഡിയ“യുടെ ക്ലാസ്‌മേറ്റ്, “ദീപക്“ എന്നൊരു ചെറുപ്പക്കാരന്‍ എന്നെ പരിചയപ്പെട്ടു. ലിഡിയയും ദീപക്കും എന്നെ പറ്റി സംസാരിച്ചിട്ടുണ്ടത്രേ..! തുടര്‍ന്ന് ആ വേദിയില്‍ ഒരു യുവാവ് (ജിപ്പൂസ്) എന്നെ ഒന്നാലിംഗനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്കും കണ്ണു നിറഞ്ഞു. അക്ഷരങ്ങളെ, നിങ്ങളാണല്ലോ എന്നെ ഇതിനൊക്കെ അര്‍ഹനാക്കിയത്. ഇതു കൂടാതെ ഹൃദയത്തില്‍ തൊട്ട ഏതാനും സൌഹൃദങ്ങളും ബ്ലോഗെഴുത്ത് വഴി ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ സെപ്തംബറില്‍ എന്റെ മൊബൈലില്‍ സൌദിയില്‍ നിന്നൊരു കോള്‍ വന്നു:

“ബിജുകുമാറല്ലേ..ഞാന്‍ മക്കത്തുനിന്നും നാസറാണ്.. ഇങ്ങക്കു സുഖല്ലേ..?” ഞാനൊന്നാലോചിച്ചു, എനിയ്ക്ക് ഇങ്ങനെയൊരാളെ പരിചയമില്ലല്ലോ.. !

“അതേ, സുഖമാണ്..ക്ഷമിയ്ക്കണം, നാസറിനെ എനിയ്ക്കു മനസ്സിലായില്ല..“

“ഞാനിവിടെ ട്രെയിലര്‍ ഡ്രൈവറാണ്.  ഒരാവശ്യത്തിന് വണ്ടി നിറുത്തി പുറത്തിറങ്ങിയപ്പോള്‍ ഒരു പത്രക്കഷണം കിട്ടി, മാധ്യമത്തിന്റെ. അതില്‍ ഇങ്ങടെ ഒരു ലേഖനോം ഫോണ്‍ നമ്പരും കണ്ടു. വെറുതെ വിളിച്ചതാണ്. ലേഖനം നന്നായിട്ടുണ്ട് കേട്ടോ..”

ഞാന്‍ വീണ്ടും ആലോചിച്ചു. ശരിയാണ്, ഒരു മാസം മുന്‍പ് ഗള്‍ഫ് മാധ്യമത്തില്‍ ഞാനൊരു ലേഖനം എഴുതിയിരുന്നു. (വല്ലപ്പോഴും അങ്ങനെ എഴുതാറുണ്ട്). അതിന്റെ ഒരു കഷണമാണ് നാസറിന് കിട്ടിയത്. വഴിവക്കില്‍ കിടന്ന പത്രക്കടലാസ് വായിച്ച് എന്നെ വിളിയ്ക്കാന്‍ തോന്നിയ ആ സാധാരണക്കാരന്റെ സ്നേഹം, നമുക്കു കിട്ടാവുന്ന വലിയൊരു അംഗീകാരം തന്നെയല്ലേ..!

ഇപ്പറഞ്ഞതൊക്കെ മുതിര്‍ന്നതിനു ശേഷമുള്ള എഴുത്തു വിശേഷങ്ങളാണ്. എന്നാല്‍ എഴുത്തിന്റെ അസുഖം ചെറുപ്പത്തില്‍ തന്നെ എനിയ്ക്കുണ്ടായിരുന്നു. അന്നു കിട്ടിയ വലിയൊരു അംഗീകാരത്തിന്റെ കഥ പറയാനുള്ള ആമുഖം മാത്രമാണ് ഇപ്പറഞ്ഞതൊക്കെ.

ഞാന്‍ കോട്ടയം ബസേലിയോസ് കോളേജില്‍ പ്രീഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം. അന്ന് പലതും എഴുതുകയും കീറിക്കളയുകയും പതിവ് പരിപാടികളാണ്. ചിലത് വാരികകള്‍ക്ക് അയക്കും, അവയൊക്കെ റബ്ബര്‍ പന്തുപോലെ തിരിച്ചു വരുകയും ചെയ്യും. എന്നാല്‍ പിന്നെ ഒരെണ്ണമെങ്കിലും അച്ചടിമഷി പുരട്ടിക്കണമെന്ന വാശിയായി.

കോട്ടയം അക്ഷരനഗരി ആണല്ലോ. നാഗമ്പടം പാലത്തിനപ്പുറം SH മൌണ്ട് എന്ന പ്രദേശം പൈങ്കിളി വാരികകളുടെ വിഹാരകേന്ദ്രമായിരുന്നു. “മാ”യും “പാ”യും “ജാ”യുമൊക്കെയായി അര ഡസനോളം പൈങ്കിളികളാണ് അവിടെ കൂട് കെട്ടിയിരുന്നത്. ഒരു ദിവസം ഞാന്‍ മെനക്കെട്ടിരുന്ന് ഒരു “സൃഷ്ടി” നടത്തി. “സാലഭഞ്ജിക” എന്നാണ് അതിന്റെ പേര്. ചുവന്ന തെരുവിലെ ഒരു പെണ്ണിന്റെ ഓര്‍മ്മ. അവളെ ഭര്‍ത്താവ് ചതിച്ച് ഇവിടെയെത്തിച്ചതാണ്. കസ്റ്റമറെ കാത്ത് അവള്‍ നില്‍ക്കുന്ന രംഗമൊക്കെ അല്പം മസാലപുരട്ടി മിനുക്കിയങ്ങെഴുതി.

ഈ സാധനവുമായി, അറിയപ്പെടുന്ന ഒരു പൈങ്കിളിയുടെ SH മൌണ്ടിലുള്ള കൂട്ടില്‍ ഞാന്‍ നേരിട്ട് ചെന്നു. അവിടിരുന്ന ആണ്‍‌കിളി, തുറന്നു നോക്കുകപോലും ചെയ്യാതെ “പിന്നെ വരാന്‍“ പറഞ്ഞ് സാലഭഞ്ജികയെ ഒഴിവാക്കി. തുടര്‍ന്ന് മറ്റു രണ്ടു പൈങ്കിളിക്കൂടുകളിലും  ഇതു തന്നെ അവസ്ഥ. പരിക്ഷീണനായി ഞാന്‍ നാലാമത്തെ കൂടിലേയ്ക്ക്  കയറിച്ചെന്നു. ചെറിയൊരു മുറി. രണ്ടുപേര്‍ ഇരുന്ന് ബീഡി വലിയ്ക്കുന്നുണ്ട്.

“സര്‍, എഡിറ്ററെ ഒന്നു കാണാന്‍ പറ്റുമോ..?”

ഈര്‍ക്കിലി പോലത്തെ ഒരു പയ്യന്‍ വന്നു ചോദിച്ചതു കേട്ട് അമ്പരന്ന്  അവര്‍ എന്നെ നോക്കി. പിന്നെ കൈകാട്ടി:

“കയറിവാ..എന്താ കാര്യം..?”

“സാര്‍..ഒരു കഥയുണ്ട്. ഒന്നു നോക്കണം..”

മുന്നില്‍ നില്‍ക്കുന്നത് ഭാവിയിലെ ജ്ഞാനപീഠ ജേതാവാണെന്നോ മറ്റോ തോന്നിയിട്ടാവാം, അയാള്‍ എന്റെ കൈയില്‍ നിന്ന് സാലഭഞ്ജികയെ മേടിച്ചു.  അപ്പോള്‍ തന്നെ  വായിച്ചു.
 
“ശരി, അടുത്ത മാസം ചേര്‍ക്കാം..!”. അതിന്മേല്‍ പേന കൊണ്ട് എന്തോ എഴുതിക്കൊണ്ട് അയാള്‍ പറഞ്ഞു.

എന്റെ തല മുറിയുടെ മച്ചിന്മേല്‍ ഇടിച്ചില്ല എന്നേയുള്ളു, ലോകം വെട്ടിപ്പിടിച്ച സന്തോഷമാണുണ്ടായത്.   എന്റെ കഥ അച്ചടിയ്ക്കാന്‍ പോകുന്നു..!

അടുത്തമാസം പരീക്ഷയാണ്. അതിനു ശേഷം ഞാന്‍ മലബാറിലെ എന്റെ വീട്ടിലേയ്ക്കു പോകും. അതുകൊണ്ട് രയറോത്തെ അഡ്രസ് കൂടി കൊടുത്തിട്ടാണ് പോന്നത്. പരീക്ഷ കഴിഞ്ഞു, ഞാന്‍ രയറോത്ത് വീട്ടിലെത്തി. കഥ വരുന്നതും കാത്തിരിപ്പാണ്. ഇപ്പറഞ്ഞ പൈങ്കിളി രയറോത്തൊന്നും വില്പനയ്ക്കു വരാറില്ല. അവര്‍ കോപ്പി അയച്ചു തരും എന്ന  പ്രതീക്ഷയോടെയാണ് ഇരിപ്പ്.

എന്റെ അയലത്ത് ഒരു സുന്ദരിക്കുട്ടിയുണ്ട്. വലിയ കറുത്ത കണ്ണുകളും തിളങ്ങുന്ന കവിളുകളുമുള്ള  സമപ്രായക്കാരി, “റോസ്”. എന്നെ കാണുമ്പോള്‍ അവള്‍ ചിരിയ്ക്കും, കൊല്ലുന്ന ചിരി. അപ്പോള്‍ എന്റെ ശ്വാസം വിലങ്ങി, ചിരിയെന്നു പറയാന്‍ പറ്റാത്ത ഒരു വൈകൃതം മുഖത്തു മിന്നിമറയും. പിന്നെ പലപ്പോഴും സ്വപ്നത്തില്‍ അവള്‍ കൂട്ടുവരാന്‍ തുടങ്ങി. നേരില്‍ പറയാന്‍ പറ്റാത്തതെല്ലാം അപ്പോള്‍ പറഞ്ഞു, കൈമാറി.

പുസ്തകപ്പുഴുവായ എന്റെ കൈയില്‍ ധാരാളം മാഗസിനുകള്‍ ഉണ്ടാകും. ഒരു ദിവസം റോസിന് വായിയ്ക്കാനായി എന്റെ കൈയില്‍ നിന്നും ഒരു മാസിക മേടിയ്ക്കാന്‍ അവളുടെ ചെറിയ അനുജന്‍ വീട്ടില്‍ വന്നു.  അപ്പോള്‍ എനിയ്ക്കൊരു കുസൃതി തോന്നി. ഞാന്‍ മാസികയില്‍ പേന കൊണ്ട് ഇങ്ങനെ എഴുതി: “സൌന്ദര്യം നശ്വരമാണ്, ബുദ്ധി അനശ്വരവും.” എനിയ്ക്ക് സൌന്ദര്യമില്ലാത്തതിന്റെ അപകര്‍ഷത്തില്‍ നിന്നാണ് അങ്ങനെ എഴുതാന്‍ തോന്നിയത്. ദിവസങ്ങള്‍ക്കു ശേഷം മാസിക തിരികെയെത്തിയപ്പോള്‍, ഞാനെഴുതിയതിനു തൊട്ടു താഴെ അവള്‍ എഴുതിയിരിയ്ക്കുന്നു: “സൌന്ദര്യം ദൈവത്തിന്റെ വരദാനമാണ്. ബുദ്ധി പ്രയോഗം കൊണ്ടു മാത്രമേ അനശ്വരമാകൂ.. ” ഞാന്‍ വല്യ ബുദ്ധിജീവിയാണെന്നുള്ള സകല അഹങ്കാരവും കത്തിച്ചാമ്പലായി പോയി. പിന്നെ അവളെ കാണുമ്പോള്‍ വല്ലാത്ത  ലജ്ജ കൊണ്ട് ഞാന്‍ മുഖം തിരിച്ചുകളയും.

ഒരു ഉച്ചയ്ക്ക് രയറോത്ത് നിന്നു വന്ന അച്ഛന്റെ കൈയില്‍ ഒരു ബുക്ക്പോസ്റ്റ്. എന്റെ കഥ അച്ചടിച്ച പൈങ്കിളി..! ഉദ്വേഗത്തോടെ ഞാന്‍ തുറന്നു നോക്കി. കഥയോടൊപ്പം ഒരു സുന്ദരിയുടെ അര്‍ദ്ധനഗ്ന ചിത്രം വരച്ചിട്ടുണ്ട്. അപ്പനുമമ്മയും ഇതു വായിയ്ക്കുമോ എന്നൊരു പേടിയെന്നെ പൊതിഞ്ഞു. എന്തായാലും അതേപറ്റി സംസാരമൊന്നും കേട്ടില്ല. എന്നാല്‍ മകന്റെ വീരസ്യം അയലത്തൊക്കെ പോയി വിളമ്പാന്‍ അമ്മ മറന്നില്ല.

പിറ്റേ ദിവസം ഉച്ച കഴിഞ്ഞ നേരം. വീട്ടില്‍ ഞാന്‍ മാത്രമേയുള്ളു. അടുക്കളയിലെ കതകില്‍ ഒരു മുട്ട്.  വേഗം പോയി വാതില്‍  തുറന്നു.

റോസ്..!

അറിയാതെ ഒരു പെരുപ്പ് മേലാകെ. തൊണ്ടയിലെ വെള്ളം വറ്റി. കൈകള്‍ അറിയാതെ വിറച്ചു.

“എവിടെ.. ആ കഥയൊന്നു കാണിച്ചേ..”

പൂനിലാവുദിച്ച ചിരിയോടെയുള്ള അവളുടെ ചോദ്യം. ഞാന്‍ പൈങ്കിളിയെടുത്തു കൈയില്‍ കൊടുത്തു. അപ്പോള്‍ അറിയാതെയൊന്നു സ്പര്‍ശിച്ചു പോയി.  ഒരു വൈദ്യുതി പ്രവാഹത്തിന്റെ ഞെട്ടല്‍ ! അവള്‍ അതുമായി പോകുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ആ വാതില്‍ക്കല്‍ നിന്നു തന്നെ അവള്‍ അതു മൊത്തം വായിച്ചു. വല്ലാത്ത ലജ്ജയോടെ, ഞാന്‍ മുഖം തിരിച്ച് അകത്തേയ്ക്ക് മാറി നിന്നു. ആ മസാലയൊക്കെ അവള്‍ വായിയ്ക്കുമല്ലോ ദൈവമേ..

ഇടയ്ക്ക് ഞാനൊന്നു കണ്ണുവെട്ടിച്ച് നോക്കി. അന്നേരം ആ വലിയ കറുത്ത കണ്ണുകള്‍ എന്റെ കണ്ണിലേയ്ക്കു പാളി വന്നു, മെല്ലെയൊരു ചിരി, വായന തുടര്‍ന്നു.  ച്ഛേ..! അവള്‍ പുച്ഛിച്ച് ചിരിച്ചതാവും. ഞാന്‍ വീണ്ടും മുഖം കുനിച്ചു നിന്നു.
അപ്പോള്‍ മാഗസിന്‍ മടക്കിയിട്ട്, റോസ് മെല്ലെ എന്റെ അടുത്തെത്തി. പിന്നെ ഒരു നിമിഷം എന്നോട് ചേര്‍ന്നു നിന്നു.  ശ്വാസം നിലച്ച് നിശ്ചലനായിപ്പോയി ഞാന്‍. അവളുടെ നേര്‍ത്ത ചൂട് എന്നില്‍ പ്രസരിച്ചു. പെണ്ണിന്റെ ഗന്ധം ശ്വാസത്തില്‍ പടര്‍ന്നു. ഓരോ രോമകൂപത്തിലും കുളിര്‍ നിറഞ്ഞു. വല്ലാത്തൊരനുഭൂതി. അവള്‍ മാഗസിന്‍ എന്റെ കൈയില്‍ തന്നു, പിന്നെ കൈയുയര്‍ത്തി എന്റെ കവിളില്‍ മൃദുവായി ഒന്നു തൊട്ടിട്ട്  പറഞ്ഞു:

“നന്നായിട്ടുണ്ട്..” എന്നിട്ട് പുറത്തേയ്ക്കു പോയി.

ഒരിയ്ക്കലും അവസാനിയ്ക്കരുതെന്നാശിച്ച ഏതാനും നിമിഷങ്ങള്‍ ബാക്കിവെച്ച്, വസന്തം അതിന്റെ പൂക്കളെയും സൌരഭ്യത്തെയും  വാരിയെടുത്ത് പടിയിറങ്ങിപ്പോയതു പോലെ തോന്നിയെനിയ്ക്ക്. ആസിഡ് കൊണ്ടു തൊട്ട പോലെ കവിളില്‍ അവള്‍ സ്പര്‍ശിച്ച ഭാഗം പൊള്ളിക്കൊണ്ടിരുന്നു, ദിവസങ്ങളോളം.

എന്റെ എഴുത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി ഞാനിന്നും മനസ്സില്‍ സൂക്ഷിയ്ക്കുന്നു ആ നിമിഷങ്ങളെ.

27 comments:

  1. ചില മൌനങ്ങള്‍ നമ്മെ നോമ്പരപ്പെടുത്തുംപോള്‍ മറ്റൊരു സ്പര്‍ശനം നമ്മളെ സ്വര്‍ഗത്തില്‍ എത്തിക്കും ..പറയാന്‍ തോന്നുന്നത് പറയുക തന്നെ വേണം ..കാരണം അത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു പാട് പേര്‍ ഉണ്ട് ...

    ReplyDelete
  2. അവളിപ്പോളെവിടെയാണ്‌? ....

    ReplyDelete
  3. മുഴുവന്‍ വായിച്ചില്ലാ... വായിക്കാന്‍ തോന്നീലാ. തോന്നിയാലും വായിക്കാന്‍ മനസ്സില്ലാ.

    ജാഡയാവാം, ഒത്തിരി ആയാലും സഹിക്കാന്‍ തയ്യാര്‍
    വിനയ ജാഡ ഇഷ്ട്ടല്ലാ. സഹിക്കാന്‍ മനസ്സില്ലാ.


    (പകുതി വായിച്ചപ്പോളേ സഹിക്കന്‍ പറ്റാത്തതോണ്ട് വായന നിര്‍ത്തി, ബാക്കി ഭാഗവും വായിച്ച പടി ആണെങ്കില്‍ സമയം മെനെക്കെടുത്താന്‍ താല്പര്യമില്ലാ,
    ഇനി എന്റെ വായിക്കാത്ത ഭാഗത്തെ കുറിച്ചുള്ള ധാരണ തെറ്റാണെങ്കില്‍, സോറി, വെരി ബിഗ് സോറി
    ധാരണ ശരിയാണെങ്കില്‍ , വിനയ ജാഡകളേ നിങ്ങള്‍ക്ക് നാണിക്കാം.)

    ReplyDelete
  4. ബ്ലോഗ്‌ എഴുതുന്നു എന്നത് കൊണ്ട് മാത്രം കോളേജില്‍ ഒരു reputation കിട്ടുന്നതായി ഫീല്‍ ചെയ്തിട്ടുണ്ട്.....
    പിന്നെ കോളെജിനു പുറത്തുള്ളവര്‍ ഒക്കെ ചോദിക്കാറു, "ഇത്ര കുഞ്ഞു പയ്യന്‍ ആണോ നീ?" എന്നാണു!
    എന്നിയെടുക്കാന്‍ ഉള്ള അത്രയും ചീത്ത അനുഭവങ്ങള്‍ ഉണ്ട്.
    എന്നിരുന്നാലും ബ്ലോഗിങ് തുടങ്ങിയതിനു ശേഷം,
    പലരെയും പരിചയപ്പെട്ടതിനു ശേഷം,
    ഈ ഒരു platform നല്‍കുന്ന ആത്മവിശ്വാസവും സംതൃപ്തിയും വേറെ എവിടെയും കിട്ടുന്നില്ല.....

    ReplyDelete
  5. ഹാഷിം പറഞ്ഞതു തന്നെയാ എന്നികും പറയാനുള്ളു, ഒരു മയം വേണ്ടേ ബിജു....

    ReplyDelete
  6. @ രമേശ്: നന്ദി അഭിപ്രായത്തിന്.
    @ കറ്റൂരി: അത് കഴിഞ്ഞൊരു അധ്യായം..:-)) നന്ദി
    @ മത്താപ്പ്: ചീത്ത അനുഭവങ്ങള്‍ താല്‍ക്കാലികമാണ്. ഇനിയും എഴുതൂ, തീര്‍ച്ചയായും നല്ല അനുഭവങ്ങള്‍ കിട്ടും.
    @ ഹാഷിം & എഴുത്തച്ഛന്‍: എനിയ്ക്ക് തീരെ മനസ്സിലായില്ല, എന്റെ അനുഭവങ്ങള്‍ ഞാന്‍ സത്യസന്ധമായി എഴുതിയതെങ്ങനെ ജാഡയായെന്ന്..? നിങ്ങള്‍ക്കങ്ങനെ തോന്നുന്നുവെങ്കില്‍ ഞാനല്ല അതിനുത്തരവാദി. നിങ്ങള്‍ക്കിഷ്ടമുള്ളത് വിശ്വസിയ്ക്കാം, അതെന്നെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

    ReplyDelete
  7. ബ്ലോഗെന്ന മാധ്യമത്തിൽ കുത്തിക്കുറിക്കുന്നത് കാരണം എനിക്കും ഇത് പോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.,പലപ്പോഴും ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്, ബിജുവിനെപ്പോലെ തന്നെ, ഞാനെഴുതിയ ചപ്പുചവറുകളിൽ ഇതിനു മാത്രം എന്തിരിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുമുണ്ട്,
    എന്നാലും അപ്രതീക്ഷിതമായി കിട്ടുന്ന ചില അനുഭവങ്ങൾ വിവരണാതീതമായ സന്തോഷം പകർന്ന് നൽകാറുണ്ട് .
    തുടരൂ...ഭാവുകങ്ങൾ നേരുന്നു..

    ഓഫ്: ഇതിൽ എവിടെ ജാഡ എന്ന് എനിക്ക് മനസ്സിലായില്ല..ഹാഷിം

    ReplyDelete
  8. എന്റമ്മോ!
    ആദ്യത്തെ അവതാരികയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ, നന്നായി ബിജു എന്നൊക്കെ മനസ്സിൽ പറഞ്ഞു. പിന്നെ ഇനിയൊരു അംഗീകാരത്തെക്കുറിച്ചു പറയാൻ പോവുകയാണ് എന്നു പറഞ്ഞപ്പോൾ ഇനിയെന്താണിനി കൂടുതൽ എന്നും മനസ്സിലോർത്തു.
    ഹൌ! ഇതു ഗംഭീരമായിട്ടോ.

    ഞാനൊരു രഹസ്യം പറയാം.ഈ ആമ്പിള്ളേർ ഇത്ര അപകർഷതാബോധമുള്ളവരാണെന്നു പെമ്പിള്ളേർക്കറിയില്ലാട്ടോ.
    ഇപ്പോഴത്തെ പിള്ളേർക്കറിയുമോ ആവോ. അറിയുമായിരിക്കും.
    പണ്ട് ഒരാൺകുട്ടി എതിരെ വരുമ്പോൾ പെൺകുട്ടികൾ വേലിയിലൂടെ കേറി മുഖം കുനിച്ചു നടന്നു പോ‍കും. തിരിച്ചു നല്ലോണമൊന്നു സൂക്ഷിച്ചു നോക്കിയാൽ അവനോടി വേലിമേൽ കേറുമായിരുന്നു എന്നത് അറിയില്ലാ‍യിരുന്നു..

    നന്നായി എഴുതീട്ടോ.സന്തോഷം കൊണ്ടു ഒരു കുളിരൊക്കെ വന്നു. ശരിക്കും മനോ‍ഹരം. മണിച്ചെപ്പിലടച്ചുവച്ചിരിക്കുന്ന വളരെ പ്രിയപ്പെട്ട ഓർമ്മയാണല്ലേ.. സൂക്ഷിച്ചുവച്ചോളൂ. അസൂയകൊണ്ട് ആൾക്കാർ കൊതിവിടാതിരിക്കട്ടെ.

    ReplyDelete
  9. ബിജു....ഹാഷിം തെറ്റിദ്ധരിച്ചു ഉറപ്പാ...ജാടയോന്നും ഞാന്‍ കണ്ടില്ല......സസ്നേഹം

    ReplyDelete
  10. എന്നെങ്കിലും ഒരു റോസ് ചിത്രകാരന്റെ കവിളില്‍ സ്നേഹപൂണ്ണം ഒരു കുറ്റിച്ചൂലുകൊണ്ട് തോണ്ടും എന്ന പ്രതീക്ഷ ജനിക്കാന്‍ ബിജുവിന്റെ ഈ പോസ്റ്റ് കാരണമായിരിക്കുന്നു. ആ സ്വര്‍ഗ്ഗീയ നിമിഷത്തിനായി... കാത്തു കാത്ത്... ഹഹഹഹ:))))
    നന്നായിരിക്കുന്നു. ആശംസകള്‍ !!

    ReplyDelete
  11. ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആകുമ്പോള്‍ , ചിലപ്പോള്‍ ജാഡയെന്നോ അതിവിനയം എന്നോ ഒക്കെ തോന്നുക സ്വാഭാവികം...! അത് കാര്യമാക്കാനില്ല.പ്രയാണം തുടരുക. ആശംസകള്‍

    ReplyDelete
  12. ശ്രീ. ബിജുകുമാർ...
    താളലയനിബദ്ധമായ രചനാരീതിയാണ്‌ താങ്കളുടേതെന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്‌...
    അധികമൊന്നും താങ്കളെപ്പറ്റി വായിച്ചിട്ടില്ലെങ്കിലും രചനാവൈഭവമെന്ന ക്രാഫ്റ്റ്‌ കയ്യിലുണ്ടെന്നത്‌ അനുഗ്രഹമാണ്‌...
    അതിന്റെ വിനിയോഗം നന്മകൾക്ക്‌ വേണ്ടിയാവട്ടെ ...
    എല്ലാവിധ ആശംസകളും..

    ReplyDelete
  13. ഈ ചിന്ത കാരണമാണല്ലേ മുടി കൊഴിഞ്ഞുപോകുന്നത്... ? അപ്പൊ അത് തന്നെയാ എന്റെയും കുഴപ്പം...

    സത്യം പറയാമല്ലോ.. ഞാനൊരു ചുംബനം പ്രതീക്ഷിച്ചു. പ്രായത്തിന്റെ കുഴപ്പാണേ...

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. “ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദോഹയില്‍ ഒരു ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബ്ലോഗെഴുതുന്ന ആരെയെങ്കിലും ജീവനോടെ കാണുന്നത് അന്നാണ്.“
    ഹഹഹ്.. ഒരു ക്രൂരമായ തമാശ തോന്നി. അപ്പോ അത് വരെ ജീവനില്ലാത്ത ബ്ലോഗേർസിനെയേ കണ്ടിട്ടുണ്ടായിരുന്നുള്ളോ..? ‘ബ്ലോഗെഴുതുന്ന ആരെയെങ്കിലും നേരിട്ട് കാണുന്നത് അന്നാണ്‘ എന്ന് മതിയാരുന്നു. :) ബൈ ദ് വേ, നന്നായിരിക്കുന്നു. കമന്റായോ, ഒരു ഫോൺ വിളിയായോ, ഒരു ‘പ്രതിഫലം’ എല്ലാവരും പ്രതീക്ഷിക്കുന്നത് സത്യമാണ്..

    ReplyDelete
  16. യ്യോ. ഇത് ജാഡ തന്നെ..(അസൂയ കൊണ്ടെനിക്കിരിക്കാന്‍ മേലേ..)
    കൊച്ചു കള്ളാ..കവിളില്‍ വിരല്‍ കൊണ്ട് തന്നെയാണോ തൊട്ടത്..ആദ്യചുംബനത്തെക്കുറിച്ചെഴുതിയിരുന്നേ ശരിക്കും പൈങ്കിളിയായേനേ..(കുടൂംബം കലക്കി..)
    അഭിനന്ദനങ്ങള്‍ !!

    ReplyDelete
  17. എന്നും ഓര്‍മ്മയില്‍ താലോലിക്കാന്‍ ഉതകുന്ന അംഗീകാരം അല്ലെ?!

    ReplyDelete
  18. ഇനിയും അംഗീകാരങ്ങള്‍ കിട്ടട്ടെ. ആശംസകള്‍

    ReplyDelete
  19. rose കവിളത്ത് ഉമ്മ വെച്ചു എന്നു പറയുന്നത് അത്ര വിശ്വസിക്കാന്‍ പറ്റിയില്ലാ..........
    നന്നയിട്ടുണ്ട്...............

    ReplyDelete
  20. എന്നാലിനി ഒരു കഥ എഴുതിയിട്ടേയുള്ളു കാര്യം. ഹല്ല പിന്നെ!

    ReplyDelete
  21. ഞാൻ നിങ്ങളുടെ എഴുത്തുകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ഒരാളാണു. പക്ഷെ കമന്റ് പൊതുവെ എഴുതൽ കുറവാണു. സമയം മടി ഇതൊക്കെയാണു കാരണം. നല്ലൊരു പോസ്റ്റ്. തുടരുക. @ കൂതറ ഇതിലെവിടെയാണു ജാഡ. എന്തോ നിങ്ങളെപോലെ നോക്കാൻ കഴിയാത്തതോണ്ടാവും.

    ReplyDelete
  22. എനിക്കങ്ങിഷ്ടപ്പെട്ടൂ ബിജു.
    ഏതാണ്ടൊക്കെ സാമ്യം ഓര്‍മ്മകളില്‍.
    സത്യസന്ധതയുണ്ട്.
    [അടുക്കളവാതില്‍ കയറിവന്ന വസന്തം കവിളില്‍ തൊട്ടിറങ്ങിയതൊക്കെ ഒരു കൊച്ചു സ്വപ്നത്തിന്റെ ബാക്കിപത്രമാണെന്നു കരുതിക്കോട്ടെ? :) ]

    ReplyDelete
  23. @ നന്ദകുമാര്‍: സ്വപ്നം പോലെ തോന്നിയെങ്കിലും തൊട്ടത് സത്യം തന്നെ.. ഒരു പക്ഷെ ഒരഭിനന്ദനമാകാം അവള്‍ ഉദ്ദേശിച്ചത്. എന്നാല്‍ നമ്മള്‍ക്കങ്ങനെയ്യല്ലല്ലോ..

    ReplyDelete
  24. alla chetta ee rose eppol evide oundu,kanarundo....enthayalum nannayittundu..aval adutthu ninnappol chettan ounnum cheythille satthyam para.chechiye pedichu ezhuthatthathano?.....

    ReplyDelete
  25. ഇത് പോലുള്ള അഭിനന്ദങ്ങൾ ആവും തുടർന്നും എഴുതാനുള്ള പ്രചോദനം അല്ലെ ?

    ReplyDelete
  26. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് തന്‍റെ രചന വയിക്കുവെന്നു ഭാവനയില്‍ കാണുന്നതാണ് മലയാളം എഴുത്തുകാരനറെ സന്തോഷം.ഞാന്‍ എഡിറ്റിംഗ് നടത്തി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ കുറച്ച് ഭാഗം യാത്രക്കിടയില്‍ സഹയാത്രികനില്‍ വാങ്ങി വായിച്ചട്ട് അപരിചിതന്‍ ഫോണ്‍ ചെയ്ത് വളരെ നന്നായിക്കുന്നു പറഞ്ഞതാണ്‌ എനിക്ക് ലഭിച്ച ഏറ്റവും പ്രതിഫലം. അതുകൊണ്ട് കോറിയിട്ട വാചകങ്ങള്‍ നന്നായിരിക്കുന്നു. വലിയ അവാര്‍ഡ്‌ വാങ്ങാവുന്ന കൃതികള്‍ അങ്ങയില്‍ നിന്ന് പിറക്കട്ടെ

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.