പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday, 25 June 2010

"ആടുജീവിതങ്ങള്‍ “അച്ചടിമഷിയില്‍

എന്റെ “ആടുജീവിതങ്ങള്‍” എന്ന പോസ്റ്റ്  “ഗള്‍ഫ് മാധ്യമം’ ദിനപ്പത്രത്തിന്റെ ചെപ്പ്  വാരാന്ത്യപതിപ്പില്‍ അച്ചടിച്ചു വന്നപ്പോള്‍..

Saturday, 19 June 2010

മാലാഖക്കുഞ്ഞ്.

ഹോ..എന്തൊരു തിരക്കാ ഇവിടെ..ചെറിയ മഴയുണ്ടായിരുന്നെന്നു തോന്നുന്നു. ആകെ അളിപിളിയായി കിടക്കുന്നു. അവിടവിടെയൊക്കെ ഓരോരുത്തന്മാര് മുറുക്കീതുപ്പിയിട്ടേക്കുന്നു. വൃത്തികെട്ടവന്മാര്‍ ! ഈ നാടെങ്ങനെ നന്നാവാനാ? നിങ്ങളു പറയും എനിയ്ക്കു ഗള്‍ഫീന്നു വന്നതിന്റെ ഹാങ്ങോവറാന്ന്. സത്യമായും അല്ല. കാര്യം ഇതൊരു ബസ് സ്റ്റാന്‍ഡ് തന്നാ..എങ്കിലും നോക്കിക്കേ,  മനുഷ്യന് കാലു കുത്താന്‍ പറ്റുമോ..?
എന്തായാലും ഇറങ്ങാതെ പറ്റില്ലല്ലോ. പുറകീന്ന് തള്ളു വരുന്നുണ്ട്. ഒരഞ്ചു സെക്കന്‍ഡ് കൂടി താമസിച്ചാല്‍ അവന്മാര് ശരിക്കൊരു തള്ളു തരും.. അപ്പോ പിന്നെ ആ ചെളിയൊക്കെ മുഖത്തിരിയ്ക്കും.

“വാ.. മോളു.. വീഴാതെ എറങ്ങ്..” കൊച്ചിന്റെ കൈ പിടിച്ച് സൂക്ഷിച്ചിറക്കി. പുത്തന്‍ ചെരിപ്പാണ് മോളുടെ. ഈ ചെളിയും അഴുക്കുമെല്ലാം അതേല്‍ പറ്റും..ശെ.. ആ പഴയ ചെരിപ്പെങ്ങാനുമിട്ടാല്‍ മതിയായിയിന്നു. അതെങ്ങനാ, കൊച്ചിന്റെ തള്ള സമ്മതിയ്ക്കുകയില്ലല്ലോ..ഉള്ളതില്‍ നല്ലതിട്ടാലേ അവള്‍ക്ക് തൃപ്തിയാവൂ..മുന്‍പീന്നു എറങ്ങിയോ ആവോ..? ഞാന്‍ തല പൊന്തിച്ചു മുന്‍‌ഡോറിലേയ്ക്കു നോക്കി. ഓ.. അവിടെ പൂരം തുടങ്ങിയിട്ടേ ഉള്ളൂ.
കൊച്ചിനേം കൈക്കുപിടിച്ച് ഞാന്‍ ഒരു സൈഡിലേയ്ക്കു മാറി നിന്നു. അവളു പൂരത്തിരക്കിനിടയിലൂടെ ഇറങ്ങി വരട്ടെ..
ആ വന്നല്ലോ..ഹ..ഹ.. എന്തൊരു ചന്തം!  സാരി ചുരുട്ടി ഒരു കൈയില്‍ , മുടിയാകെ അഴിഞ്ഞിട്ട് നാനാവിധം, നെറ്റിയിലെ പൊട്ട് വട്ടത്തിലായിരുന്നത് നീളത്തിലായിട്ടുണ്ട്, മൊത്തത്തില്‍  ഒരു ബലാത്സംഗ സീന്‍ കഴിഞ്ഞമാതിരി.
സകല ദേഷ്യവും ആവാഹിച്ച് എന്നെയൊരു നോട്ടം! ഞാന്‍ കാരണമാണല്ലോ ലൈന്‍ ബസ് പിടിച്ചത്. കോട്ടയത്ത് നിന്ന് ഗാന്ധിനഗര്‍ മെഡിക്കല്‍ കോളേജ് വരെ ടാക്സി പിടിച്ച് വരേണ്ട ഒരാവശ്യവുമില്ല. ധാരാളം ബസുണ്ട്. ഞങ്ങളു കയറുമ്പം അത്ര വലിയ തിരക്കൊന്നുമില്ലായിരുന്നു. കുമാരനല്ലൂര്‍ തൊട്ടാണ് ഇത്രയും തിരക്കായത്. ആ സാരമില്ല എത്തിയല്ലോ!

ഗാന്ധിനഗര്‍ ബസ് സ്റ്റാന്‍ഡൊന്നെക്കെ വലിയ ഗമണ്ടന്‍ പേരൊക്കെയുണ്ടെങ്കിലും സംഗതി ഒരു തുക്കടാ സ്റ്റാന്‍ഡ് തന്നെ.എപ്പോഴും ആളു വന്നും പോയും ഇരിയ്ക്കും. കോട്ടയം മെഡിക്കല്‍ കോളേജിവിടെയാണല്ലോ! ഒക്കെ സാധാരക്കാരാണന്നേ.. അതാ ഇത്രയും വൃത്തികേടായി കിടക്കുന്നത്. കാണുന്നിടത്ത് തുപ്പാനാര്‍ക്കും മടിയില്ല. അതാ ഒരു വെയിറ്റിങ്ങ് ഷെഡുണ്ട്. ആള്‍ക്കാര്‍ക്കിരിക്കേണ്ട സ്ഥലത്ത് രണ്ടു മൂന്നു പേര്‍ ചുരുണ്ട് കിടപ്പാണ്!  അതിനകത്തു  കുറേപ്പേര്‍ പുറത്തേയ്ക്കും നോക്കി നില്പുണ്ട്.
ചെറുതായി മഴ പൊടിയ്ക്കുന്നുണ്ടല്ലോ. ഓ.. കുട നിവര്‍ത്താന്‍ മാത്രമൊന്നുമില്ല.

“വാ മോളേ..നമുക്കു നടക്കാം”. കൊച്ചിനോടാണെങ്കിലും ശ്രീമതിയെ നോക്കികൊണ്ടാണ് പറഞ്ഞത്. അവളു വിചാരിച്ചോട്ടെ, അവളെയാ വിളിച്ചതെന്ന്. ഒരു വര്‍ഷത്തിനു ശേഷം മൂന്നു നാലു ദിവസമല്ലേ ആയുള്ളു ഒന്നായിട്ട്. ഞാനൊരു ചെറിയ ഇനം ഗള്‍ഫുകാരനായതു കൊണ്ട്  കൊച്ചും തള്ളേം നാട്ടില്‍ തന്നെയാണ്.വര്‍ഷത്തിലൊരിയ്ക്കല്‍ ഒരു മാസം നാട്ടില്‍ . ഒരു ഫാമിലി വിസയൊക്കെ സംഘടിപ്പിച്ച് ഇവരെക്കൂടി കൊണ്ടു പോയാല്‍ ശമ്പളം ബാക്കിയൊന്നുമുണ്ടാവില്ല. തന്നെയുമല്ല പുഴയും വയലും മലകളും കിളികളുമൊന്നുമില്ലാത്ത ആ മരുഭൂമിയിലേയ്ക്ക് എന്തു കാണാനാ കൊണ്ടു പോകേണ്ടത്? എന്തെല്ലാം കുറ്റങ്ങളുണ്ടെങ്കിലും മലയാള നാടിന്റെ സുഖം എവിടെ കിട്ടാന്‍ ..? അതൊന്നും ഇവളുടെ തലയില്‍ കേറില്ലാന്ന് പലപ്രാവശ്യം എനിയ്ക്കു ബോധ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂരു നിന്നും ഇന്നലെ വൈകിട്ടു ട്രെയിന്‍ കയറിയതാണ്. വെളുപ്പിനെ കോട്ടയത്തെത്തി. രമണിക്കുഞ്ഞമ്മയുടെ വീട് ഇവിടടുത്ത് തന്നെയായതു കൊണ്ട്  സൌകര്യമാണ്. വല്ലപ്പോഴും കോട്ടയത്തിനു വന്നാല്‍ ഇവിടാണ് കൂടല്‍ .
ഇപ്പോ ഈ മെഡിക്കല്‍ കോളേജു സന്ദര്‍ശനം എന്തിനാണന്നു വച്ചാല്‍ ഒരമ്മാവന്‍ ഇവിടെയാണ്, ഒരാഴ്ചയായിട്ട്. അറ്റാക്കാണത്രേ. ഗള്‍ഫില്‍ നിന്നു വന്നപാടെ അമ്മയുടെ അപേക്ഷയുണ്ടായി.
“എടാ..ശ്രീധരനെ പോയൊന്നു കാണ്. ഒരാഴ്ചയായിട്ട് മെഡിക്കല്‍ കോളേജിലാ.. നിന്നെ എന്തുമാത്രം എടുത്തു കൊണ്ട് നടന്നതാന്നറിയോ..”
സത്യമാണ്. അമ്മാവന് എന്നെ വലിയ കാര്യമായിരുന്നു. എന്റെ ചെറുപ്പത്തില്‍ തന്നെ ഞങ്ങള്‍ മലബാറുകാരായി. പിന്നെ വല്ലപ്പോഴുമാണ് അമ്മാവനെ കാണാറ്.

“ദേ.. എന്തെങ്കിലും മേടിയ്ക്കണ്ടെ? ചുമ്മാ കൈയും വീശിയാണോ ആശുപത്രീലോട്ട് പോണേ..”  പുറകില്‍ നിന്നും മിനിയുടെ തോണ്ടല്‍ .
എനിക്കിത്തരം കാര്യങ്ങളില്‍ ശ്രദ്ധ പണ്ടേയില്ല. ഒരു വീട്ടില്‍ പോകുമ്പോള്‍ , ആശുപത്രിയില്‍ പോകുമ്പോള്‍ , അതിനൊക്കെ ഓരോ നാട്ടു നടപ്പുണ്ട്. വയസായവര്‍ ഉണ്ടെങ്കില്‍ പുകയില, കുട്ടികള്‍ ഉണ്ടെങ്കില്‍ മിഠായി, ബിസ്കറ്റ്, കേക്ക്  അങ്ങനെ സാഹചര്യം പോലെ. ആശുപത്രിയിലേയ്ക്കാകുമ്പോള്‍ ഓറഞ്ച് നിര്‍ബന്ധം. പിന്നെ ആപ്പിള്‍ , ഏത്തപ്പഴം തുടങ്ങിയവയും ആകാം.

അതാ ഒരു തട്ടുകട. ഒരു സൈഡില്‍ ഓറഞ്ചും ആപ്പിളും അടുക്കി വച്ചിട്ടുണ്ട്. തട്ടിന്മേല്‍  സമോവറില്‍ നിന്നും ആവി ചെറിയ ചുരുളുകളായി വായുവില്‍ ലയിയ്ക്കുന്നു.  കണ്ണാടി അലമാരയില്‍ കൂട്ടിയിട്ടിരിയ്ക്കുന്ന പരിപ്പുവട, ബോണ്ട, പപ്പടബോളി. ഹായ് എന്തൊരു നൊസ്റ്റാള്‍ജിക് കാഴ്ച! എനിയ്ക്കിപ്പൊഴും നാട്ടിലെത്തിയാലുള്ള  ദൌര്‍ബല്യമാണ് തട്ടു ചായ, പരിപ്പുവട.  നല്ല അടിച്ചു പതഞ്ഞ ചായയും മൊരിഞ്ഞ പരിപ്പുവടയും കൂടിയുള്ള ആ ഒരു കോമ്പിനേഷന്‍ , ഹായ്. അതിന്റെ ടേസ്റ്റ് വല്ലതും കിട്ടുമോ ബര്‍ഗറിനും കോളയ്ക്കുമൊക്കെ?

എന്നാ പിന്നെ ഓറഞ്ച് വാങ്ങലിനൊപ്പം ഒരു ചായയും പരിപ്പുവടയുമാകാം. ക്ഷീണവും മാറും.
ചായകുടിയ്ക്കാനുള്ള എന്റെ അഭ്യര്‍ത്ഥന മിനിയും മോളും സ്വീകരിച്ചില്ല. ശരി വേണ്ടങ്കില്‍ വേണ്ട. ഞാന്‍ കുടിയ്ക്കാം. തട്ടുകടയിലെ ബഞ്ചില്‍ ഞാനിരുന്നു. ചായ വേണ്ടങ്കിലും മോള്‍ എന്റെ മടിത്തട്ട് ഒഴിവാക്കിയില്ല. വലിയ മോള്‍ കുറച്ചു മാറി നിന്നു.
തട്ടുകടയുടെ ഒരു സൈഡാകെ പുല്ലു പടര്‍ന്നിരിയ്ക്കുന്നു. ആള്‍ നടപ്പുകൊണ്ട് അവിടെ കുറച്ചുഭാഗം തെളിഞ്ഞിട്ടുണ്ട്. ഒരു വയസായ ചേട്ടനാണ് കടമുതലാളി. ഒരു പത്തു മുപ്പതു വര്‍ഷത്തെ എക്സ്പീരിയെന്‍സെങ്കിലും ഉള്ള ആളാണെന്നു ചായയടി കണ്ടാലറിയാം. ഒരു മീറ്റര്‍ നീളമുള്ള ചായ!

“മോള്‍ക്ക് ആപ്പിളു വല്ലോം വേണോ?” ഞാന്‍ ചോദിച്ചു. അവള്‍ തല കുറുകെ ആട്ടി. ഓ.. കൊച്ചിനൊന്നും വേണ്ട. അവള്‍ ചേട്ടന്‍ ചായടിയ്ക്കുന്നത് ശ്രദ്ധിയ്ക്കുകയാണ്. ആരും ശ്രദ്ധിച്ചു പോകും, ആ ഒരു താളം.

എന്റെ അടുത്തൊരാള്‍ ആ ബഞ്ചില്‍ ഇരിപ്പുണ്ട്. ഞാനയാളെ ശ്രദ്ധിയ്ക്കാന്‍ കാരണം, മോള്‍ എന്റെ മടിയില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ അവളെ നോക്കിക്കൊണ്ടിരിയ്ക്കുകയാണ്. ഒരു ജാതി വെടക്കു രൂപം. കുളീം നനയുമൊന്നുമില്ലാന്ന് കാണുമ്പോഴേ അറിയാം. മുഖത്ത് ആകെ കുറ്റിത്താടി. തലമുടിയാകെ ചപ്രശ..
കണ്ണൊക്കെ ഉറക്കചടവു കൊണ്ടാകും ചുവന്നിരിയ്ക്കുന്നു. എനിക്കാകെ അസഹ്യത തോന്നി. നിങ്ങള്‍ മറ്റൊന്നും വിചാരിയ്ക്കരുത്, ഞാന്‍ അല്പം മുഷിഞ്ഞു നടക്കുന്നവരെ അങ്ങനെ വെറുക്കുന്ന ആളൊന്നുമല്ല. ഗള്‍ഫില്‍ പോയി എന്നു വച്ച് എന്റെ പഴയകാലമൊന്നും മറന്നിട്ടുമില്ല. എങ്കിലും ഇയാളുടെ ആ നോട്ടം എനിക്കത്ര പിടിച്ചില്ല.

കാര്യം ശരിയാണ്, എന്റെ മോളെ ആരും നോക്കിപ്പോകും. അഞ്ചു വയസ്സേ ഒള്ളുവെങ്കിലും ഒരു മാലാഖയുടെ ഭംഗി അവള്‍ക്കുണ്ട്. എന്റെ മോളായതു കൊണ്ട് പൊക്കിപ്പറഞ്ഞതല്ല കേട്ടോ. മിനിയുടെ രൂപമാണവള്‍ക്ക്. അതു നന്നായി, ഷേപ്പ് എന്റേതായിരുന്നെങ്കില്‍ മാലാഖകുഞ്ഞാവാന്‍ ചാന്‍സു കുറവാണ്.

ചായയും കടിയുമൊക്കെ കിട്ടി. കൊള്ളാം നന്നായിട്ടുണ്ട്. മീറ്റര്‍ ചായയുടെ ടേസ്റ്റൊരു ടേസ്റ്റ് തന്നെയാണ്. പരിപ്പുവടയും സൂപ്പര്‍ ..നല്ല മൊരിച്ചില്‍ ..
കടക്കാരന്‍ പിന്നെ ഓറഞ്ച് പൊതിയാന്‍ തുടങ്ങി.
“സാറ് ആശൂത്രിയിലേയ്ക്കാണോ?” ബഞ്ചില്‍ നിന്നാണ് ചോദ്യം. ഇവിടെ ഓറഞ്ച് മേടിയ്ക്കുന്നവരൊക്കെ ആശുപത്രിയിലേയ്ക്കാണന്ന് ഇയാള്‍ക്കു പോലും അറിയാം.
ഞാനൊന്നു തലയാട്ടി. ലോഹ്യം കൂടല്‍ ഒരു ചായക്കോ മറ്റോ ആയിരിയ്ക്കും.
“ചായ വേണോ?”
“ഓ..വേണ്ട സാറെ ഇപ്പോ ഒന്നു കുടിച്ചതേ ഒള്ളു..ആരാ ആശൂത്രിയില്?”
“ഒരമ്മാവനുണ്ട്. ഒരാഴ്ചയായി.”
“മോളെ..മോള്‍ടെ പേരെന്താ..?”
എന്റെയല്ലേ മോള്. അവള്‍ മുഖം വീര്‍പ്പിച്ചിരുന്നതേയുള്ളു. സ്റ്റാറ്റസ് (ദൈവമേ ക്ഷമിക്കണേ) കുറഞ്ഞവരോട് അവള്‍ക്കും താല്പര്യം കുറവാണല്ലോ!
“പേര് പറ മോളേ..” ഞാന്‍ കൊച്ചിനോട് പറഞ്ഞു. സാധാരണ ആരു ചോദിച്ചാലും അവള്‍ പറയുന്നതാണ്.
“ഐശ്വര്യ.” ഇത്രയും പറഞ്ഞ് മോള് എന്റെ മടിയിലേയ്ക്ക് ഒന്നു കൂടി കയറിയിരുന്നു.
“എന്റെ കൊച്ചിനും ഇതേ പ്രായമാ.. ഇവിടെയാ ഒരാഴ്ചയായിട്ട്”
 ഓ..അതു ശരി. ചിലരങ്ങനെയാണ്. കൊച്ചുപിള്ളേരെ കണ്ടാല്‍ സ്വന്തം കുഞ്ഞുങ്ങളെ ഓര്‍മ വരും.
“എന്തു പറ്റീ കൊച്ചിന്?”
“”ചെറിയൊരു പനിയാര്‍ന്നു തൊടക്കം. ഞങ്ങളങ്ങു കിഴക്കാണേ.വണ്ടിപ്പെരിയാറില്‍ . അവിടെ ആശുപത്രീം സൌകര്യോമൊന്നുമില്ല. രണ്ടു മൂന്നു ദെവസം കഴിഞ്ഞപ്പോ കൊച്ച് ശര്‍ദ്ദി തൊടങ്ങി. അന്നേരമാ ആശൂത്രി കാണിച്ചേ. എനിയ്ക്കാണേ മരപ്പണിയാ.. പണിയിട്ടെറിഞ്ഞങ്ങ്നെ പോവാന്‍ പറ്റാത്ത സാ‍ഹചര്യായി പ്പോയി. പിന്നെ കാണിച്ചപ്പം ഡോക്ടറു പറഞ്ഞു ഒടനെ ഇങ്ങോട്ട് വിട്ടോളാന്‍ . ആ പോക്ക് ഇങ്ങ് പോന്നു.”
 എനിയ്ക്കയാളോടു ആദ്യം തോന്നിയ ഈര്‍ഷ്യയെല്ലാം ഉരുകിപ്പോയി. ഒരു സാധു. കാപട്യമൊന്നുമില്ലാത്ത നാട്ടിന്‍ പുറംകാരന്‍ .
“എത്ര കുട്ടികളുണ്ട്?”
“രണ്ടു പേരാര്‍ന്നു. ചെറുക്കന്‍ കൊച്ച് കുഞ്ഞിലേ പോയി!” അയാള്‍ കീഴ്ചുണ്ട് കടിച്ചമര്‍ത്തിപ്പറഞ്ഞു. കണ്ണൊരല്പം നനഞ്ഞോ?
“എന്റെ മോളും ഈ മോളേപ്പോലെ നല്ല സുന്നരിയാ..കളരിയില്‍ പോകുന്നുണ്ട്..” അയാള്‍ ഐശ്വര്യമോളുടെ കവിളില്‍ മൃദുവായി ഒന്നു തട്ടി.
“ഒരു കിലോ ഓറഞ്ചു കൂടെ താ..” ഞാന്‍ കടക്കാരനോടു പറഞ്ഞു. ഇത് അയാളുടെ മോള്‍ക്കാണ്.
കടക്കാരന്‍ തന്ന പ്ലാസിക് കൂട് ഞാന്‍ അയാള്‍ക്കു നീട്ടി.
 “ന്നാ ഇത് കൊച്ചിന് കൊട്..”
“വേണ്ട.. സാറെ.. അവള്‍ക്കിഷ്ടമല്ല ഓറഞ്ച്..വേണ്ട.”
ഓറഞ്ചിഷ്ടമില്ലാത്ത കുട്ടികളോ? പാവപ്പെട്ടവനാണെങ്കിലും അഭിമാനിയാണയാള്‍ .അന്യര്‍ മേടിച്ചു കൊടുത്ത സാധനം സ്വന്തം കുട്ടിയ്ക്കു വേണ്ട. എനിയ്ക്കിപ്പോള്‍ അയാളോട് ശരിയ്ക്കുമുള്ള ഇഷ്ടമാണ് തോന്നിയത്. ഏതായാലും മേടിച്ചില്ലേ, എന്നാല്‍ നേരിട്ടു തന്നെ കൊടുക്കണം.
ചായകുടിയെല്ലാം കഴിഞ്ഞ് എഴുനേറ്റു. അമ്മാവന് ഓറഞ്ചും ആപ്പിളും മേടിച്ചിട്ടുണ്ട് . ആറാം വാര്‍ഡിലാണ് കിടക്കുന്നത്. ഇപ്പോള്‍ വിസിറ്റിംഗ് ടൈം അല്ലാത്തതു കൊണ്ട്  ഉള്ളില്‍ കയറണമെങ്കില്‍ പാസെടുക്കണമല്ലോ? ഞാനാദ്യമായതിനാല്‍ ഇതിന്റെയൊന്നും നടപടിക്രമം അറിയില്ല. ഇയാളുകൂടിയുണ്ടെങ്കില്‍ സംഗതി എളുപ്പമാകും.
“ആശുപത്രിയിലേയ്ക്കല്ലേ.. വാ.. എനിയ്ക്കത്ര പരിചയമില്ല. പാസെടുക്കണ്ടെ കേറാന്‍ ?”
“ആ.. അതു വേണം. എന്നാ ഞാനും വരാം” അയാളെഴുനേറ്റു. അയാളുടെ മോള്‍ക്കുള്ള ഓറഞ്ച് ഞാന്‍ തന്നെ പിടിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജ് വളരെ വലുതാണ്. ബഹുനില കെട്ടിടങ്ങള്‍ ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്നുണ്ട്. വണ്ടികള്‍ വന്നും പോയും ഇരിയ്ക്കുന്നു. സദാ സമയവും തിരക്ക്. ഞങ്ങളു ആശുപത്രി കോമ്പൌണ്ടിലേയ്ക്ക് നടന്നു. ഇവിടെ അത്ര വൃത്തി ഹീനമല്ല. ധാരാളം  മരങ്ങളുണ്ട്.  സൈഡിലൊക്കെ പൂവുള്ള ചെടികള്‍ .ചിലരൊക്കെ അവശരായി അവിടവിടെ മരചുവട് പറ്റി ഇരിപ്പാണ്. ചിലരുടെ കൈയില്‍ എക്സ് റേയുടെ വീതിയുള്ള കവറ്. ചാറ്റല്‍ മഴ നിന്നെങ്കിലും ആകാശം മൂടിക്കെട്ടിയിട്ടുണ്ട്. നല്ലൊരു മഴ ഉറപ്പാണ്.

ആശുപത്രിയുടെ ഒരു മണമുണ്ടല്ലോ? ഡെറ്റോളും മെതനോളും പിന്നെ ഏതെല്ലാമോ മരുന്നുകളും രോഗികളുടെ ഉച്ഛ്വാശവും എല്ലാം കൂടി കുഴഞ്ഞൊരു മണം. അതവിടെമാകെ നിറഞ്ഞു നിന്നു. കഴിയുന്നതും കുട്ടികളെ ഇങ്ങോട്ടൊന്നും കൊണ്ടു പോകരുതെന്നാണ് അറിവുള്ളവര്‍ പറയുന്നത്.

ഐശ്വര്യ ആണെങ്കില്‍ ഉത്സാഹത്തോടെ മുന്‍പോട്ട് ഓടി. അവളങ്ങിനെയാണ്, ആള്‍ക്കാരെക്കണ്ടാല്‍ പിന്നെ വലിയ ഉത്സാഹമാണ്. മിനി ഒരു കൈയില്‍ കൂടും തൂക്കി, മറുകൈയില്‍ സാരിതുമ്പും പിടിച്ച് കൊച്ചിന്റെ പുറകേ. “അവിടെ നില്‍ക്ക് മോളേ.. ഓടാതെ..”
നമ്മുടെ പുതിയ പരിചയക്കാരന്‍ വരുന്നതേയുള്ളു. കക്ഷി ആകെ ആടിയുലഞ്ഞാണ് വരവ്. ഒരാഴ്ചയായി ആശുപത്രി വാസമല്ലേ. അതിന്റെ ക്ഷീണം കാണുമല്ലോ.
“ദാ സാറെ ആ കൌണ്ടറിലാ പാസെടുക്കുന്നത്. ഞാനെടുക്കണോ?” അയാള്‍ സൈഡിലെയ്ക്ക് ചൂണ്ടിക്കാണിച്ചു.
“ഓ വേണ്ട. ഞാനെടുത്തോളാം”.
ഒരഞ്ചുമിനിറ്റു നേരത്തെ ക്യൂ. രണ്ടു പാസു കിട്ടി. അയാള്‍ക്ക്  പാസു കാണുമല്ലോ.
“എവിടെയാ നിങ്ങടെ കൊച്ച് കിടക്കുന്നത്? നമുക്കവിടെ കേറിയിട്ട് പോകാം. “

അയാള്‍ അല്പസമയം നിശബ്ദനായി നിന്നു. പിന്നെ ഇടതു വശത്തേയ്ക്ക് നടന്നു. ഒപ്പം ഞങ്ങളും.
ആ സൈഡ് ഒ.പി. ബ്ലോക്കാണല്ലോ? അതാ വലിയ ബോര്‍ഡ് കാണാം. അഡ്‌മിറ്റ് ചെയ്ത  രോഗികള്‍ കിടക്കുന്ന വാര്‍ഡുകള്‍ വലതു സൈഡിലാണ്.
“എന്താ മോളെ ഡിസ്ചാര്‍ജു ചെയ്തോ?”
അയാള്‍ ചിരിച്ചു കൊണ്ട് തലയാട്ടി. ചികിത്സയിലാണെന്നു വിചാരിച്ചാണ് ഓറഞ്ച് മേടിച്ചത്. വെറുതെയല്ല വേണ്ടാന്ന് അയാള്‍ പറഞ്ഞത്. ആ.. എന്തായാലും കണ്ടിട്ടു പോയേക്കാം.
“പിന്നെന്താ നാട്ടിലേയ്ക്ക് പോകാത്തത്?“
“കുറച്ച് കാശുകൂടി വേണം. ഒരു വണ്ടി പിടിയ്ക്കണം. അനിയന്‍ നാട്ടിലേയ്ക്ക് പോയിട്ടുണ്ട്. അവനിപ്പോ കാശുമായി വരും”.
കാശു വേണോന്നു ചോദിച്ചാലോ? വേണ്ട അതൊരു പക്ഷേ അയാളുടെ അഭിമാനത്തെ മുറിപ്പെടുത്തും. അനിയന്‍ കാശിന് പോയിട്ടുണ്ടല്ലോ. ശരിയാണ്, ഡിസ്ചാര്‍ജായെങ്കിലും സുഖമില്ലാത്ത കൊച്ചിനെ ഇവിടുത്തെ തിരക്കു പിടിച്ച ബസില്‍ കൊണ്ടു പോയാല്‍ , പിന്നെയും ഇങ്ങോട്ടു തന്നെ വരേണ്ടി വരും.

ഓ.പിയിലും തിരക്കോടു തിരക്ക്. റഫറല്‍ ആക്കിയിട്ടും തിരക്കിനൊരു കുറവുമില്ല. പലപ്പോഴും സ്വകാര്യ ആശുപത്രിയെക്കാളും രോഗികള്‍ക്ക് വിശ്വാസം മെഡിക്കല്‍ കോളേജാശുപത്രിയാണ്. ഡോക്ടര്‍ക്കല്പം ചില്ലറ കൊടുത്താല്‍ ഒന്നാന്തരം ചികിത്സ കിട്ടും. കഴിവും യോഗ്യതയുമുള്ളവരാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ .
ഒ.പി.കെട്ടിടത്തിന്റെ സൈഡില്‍ കൂടി വേറൊരു കെട്ടിടത്തിലേയ്ക്കാണു ഞങ്ങള്‍ ചെന്നത്. അവിടെ തിരക്കൊന്നുമില്ല. മൂന്നാലു ബഞ്ചുകളുണ്ട്. രണ്ടുമൂന്നു പേര്‍ ഇരിപ്പുണ്ട്. ഡിസ്ചാര്‍ജായവരായിരിയ്ക്കും.

“സാറെ, എന്റെ ഭാര്യ”. അയാള്‍ ചൂണ്ടിക്കാണിച്ചു. ഒരു മെല്ലിച്ച രൂപം തലകുനിച്ചിരിയ്ക്കുന്നു. മുഷിഞ്ഞ  സാരി ചുറ്റിപുതച്ചിട്ടുണ്ട്. ശബ്ദം കേട്ട് അവര്‍ തല ഉയര്‍ത്താതെ കണ്ണുയര്‍ത്തി നോക്കി. ഞങ്ങളെ പരിചയമില്ലല്ലോ..
എന്തൊരു നിര്‍വികാര രൂപം! ഞങ്ങളോടൊരു മര്യാദയ്ക്കുപോലും ഒന്നനങ്ങിയില്ല.

ഞാന്‍ കണ്ണോടിച്ചു. ആ കൊച്ചിനെ കണ്ടാല്‍ ഈ ഓറഞ്ചങ്ങു കൊടുത്തിട്ട് പോയേക്കാം. അമ്മാവനെ കണ്ട് ഒരു രണ്ടു മണിക്കൂറെങ്കിലും അവിടെ തട്ടി മുട്ടി നില്‍ക്കണം.  വൈകുന്നേരത്തോടെ കോട്ടയത്തെത്തണം. ഇനി ഒരു മൂന്നു ദിവസം കൊണ്ട് പലയിടത്തും കറങ്ങേണ്ടതാണ്.
“മോളെവിടെ?“
“അതാ സാറെ..” അയാള്‍ വിരല്‍ ചൂണ്ടി.  ഒപ്പം അയാള്‍ ഭിത്തിയിലേയ്ക്ക് തലയടിച്ചു കൊണ്ട് ചാരി. പിന്നെ പതുക്കെ ഊര്‍ന്നു താഴേയ്ക്കിരുന്നു.
അവിടെ ഉള്ളിലെ മുറിയില്‍ ഒരു സ്ട്രെച്ചറില്‍ വെളുത്ത തുണി പുതച്ച ഒരു കൊച്ചു രൂപം. ആകെ മൂടിയിട്ടതിനാല്‍ മുഖം കാണാനാവുന്നില്ല. എങ്കിലും ഒരു മാലാഖയെപ്പോലെ ഓമനത്വമുള്ളതുതന്നെയായിരിയ്ക്കാം ആ മുഖവും. 
സൈഡിലെ കൊച്ചു ബോര്‍ഡ് എന്റെ ശ്രദ്ധയില്‍ പെട്ടില്ലായിരുന്നു, മോര്‍ച്ചറി.
--------------------------------------
കൊള്ളാമെങ്കില്‍ ഒരു വോട്ട് ചെയ്യൂ.

Tuesday, 15 June 2010

നേര്‍ക്കാഴ്ചകള്‍ : ആടുജീവിതങ്ങള്‍

കാലം 1996. അക്കാലത്ത് ഞാന്‍ ഗള്‍ഫ് മോഹങ്ങളൊന്നുമില്ലാത്ത ഒരു സാദാ കേരളീയ യുവാവ് . എന്റെ നാടായ രയറോത്ത് നിന്ന് ധാരാളം പേര്‍ അന്ന് ഗള്‍ഫിലുണ്ട്. എന്നാല്‍ നമ്മുടെ  ശ്രദ്ധ അക്കാര്യങ്ങളില്‍ പതിയാത്തതിനാല്‍ ആരൊക്കെ എന്തൊക്കെ എന്നതൊന്നും അത്ര നിശ്ചയം പോരാ.
ഗള്‍ഫുകാരന്‍ എന്നതിനെക്കുറിച്ച് കണ്ടും കേട്ടുമുള്ള അറിവ്, സില്‍ക്ക് ഷര്‍ട്ട്, ബെല്‍ബോട്ടം പാന്റ്സ്, കൂളിങ്ങ് ഗ്ലാസ്, അടുത്തുവരുമ്പോള്‍ കൊതിപ്പിയ്ക്കുന്ന മണമുള്ള സ്പ്രേ, അത്തര്‍ , ഫോറിന്‍ സിഗററ്റ്, ഇലക്ട്രോണിക്സ് ഐറ്റംസ് ഇവയൊക്കെയാണ്. ഞാന്‍ കണ്ട ഗള്‍ഫുകാരൊക്കെ ഇതിലേതെങ്കിലും ഒന്നുമായി ബന്ധപ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ “ഗള്‍ഫിലാണ്” എന്നു പറഞ്ഞാല്‍ അതിനൊരു വെയിറ്റുണ്ട്.

ഒരു സന്ധ്യയ്ക്ക്, രയറോത്ത് ഞങ്ങള്‍ സൊറപറഞ്ഞിരിയ്ക്കുന്ന ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് സുബൈര്‍ നീട്ടിപ്പിടിച്ച ഒരു പായ്കറ്റ് വിത്സ് സിഗററ്റുമായി  കടന്നു വന്നു. എല്ലാവരോടും ഓരോന്നെടുക്കാന്‍ പറഞ്ഞു. ഞാനന്നുമിന്നും വലിയില്ല. അതുകൊണ്ടെടുത്തുമില്ല. അടുത്തിരുന്ന പലരും എടുത്തു. വിത്സെന്നു പറഞ്ഞാല്‍  സിഗററ്റിലെ രാജാവാ‍ണല്ലോ!
“ഞാന്‍ നാളെ ഗള്‍ഫിനു പോകുകയാണ് “. എന്തിനാണ് വിത്സെന്ന് അത്ഭുതം പൂണ്ടിരുന്നവരോട് സുബൈര്‍ പറഞ്ഞു.
“ഭാഗ്യവാന്‍ “ ഞാനുള്‍പ്പെടെ മിക്കവാറും പേര്‍ മനസ്സില്‍ പറഞ്ഞു. സുബൈറിനെ അറിയില്ലല്ലോ അല്ലേ. ഞങ്ങളുടെ നാട്ടില്‍ കൂടെ ഓടുന്ന ഒരു ബസിലെ ക്ലീനര്‍ . റയറോംകാരന്‍ തന്നെ. പരിചയക്കാരാരോ  കൊടുത്ത ഒരു വിസയില്‍ സൌദിയിലേയ്ക്കാണു യാത്ര.
“ശരി പോയ് വരൂ. വരുമ്പം ഫോറിന്‍ സിഗററ്റൊരെണ്ണം തരണേ”. ബാര്‍ബര്‍ രാജേട്ടന്‍ പറഞ്ഞു.
“അതിനെന്താ രാജേട്ടാ, ഒരു പായ്കറ്റ് തരാം. പോരെ”. മുഖം നിറഞ്ഞ ചിരിയോടെ സുബൈര്‍ പറഞ്ഞു. അങ്ങനെ ആ ചിരിയോടെ തന്നെ സുബൈര്‍ റോഡിലേയ്ക്കിറങ്ങിപ്പോയി.

ആറുമാസങ്ങള്‍ക്കു കഴിഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ്. ഞാന്‍ വൈകിട്ട് എട്ടരയ്ക്കുള്ള റയറോം ബസില്‍ ഇരിയ്ക്കുകയാണ്. രാത്രി ബസിന് തിരക്ക്  തീരെ കുറവ്. ഉള്ളില്‍ മങ്ങിയ വെളിച്ചമേയുള്ളു. ചിലരൊക്കെ കയറി വന്ന് സീറ്റിലിരിയ്ക്കുന്നുണ്ട്. ഞാനൊന്നും ശ്രദ്ധിയ്ക്കുന്നില്ല, മറ്റെന്തോ കാര്യത്തിലാണ് മനസ്.എന്റടുത്ത് ആരോ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ തോണ്ടി വിളിച്ചു. ഞാനല്പം അസഹ്യതയോടെ നോക്കി. തലമുടി പറ്റെ വെട്ടിയ, താടി നീട്ടിയ കറുത്ത ഒരു വികൃത രൂപം.(കറുത്തവരൊക്കെ വികൃതരാണെന്നൊന്നും ധരിച്ചേക്കരുത്).
ഞാന്‍ തല തിരിച്ചിരുന്നു. വീണ്ടും തോണ്ടല്‍ .ഒപ്പം ഒരു വിളിയും.
” ബിജൂ!”എനിക്കാളെ മനസ്സിലായില്ല.
“ആരാ?”
വികൃതമായ ഒരു ചിരി ആ മുഖത്തു വിരിഞ്ഞു. കടും മഞ്ഞനിറമുള്ള  പല്ലു കാട്ടി ദുര്‍ഗന്ധമുള്ള ചിരി. എന്നാലതു ചിരിയല്ലെന്നു മനസ്സിലാക്കാന്‍ ആ അരണ്ട വെളിച്ചത്തിലും എനിയ്ക്കു കഴിഞ്ഞു, കാരണം ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“ഞാനാ..സുബൈര്‍ “
“ഏതു സുബൈര്‍ ?” എന്റെ പേരു വിളിച്ചതുകൊണ്ട് ആളുമാറി വിളിച്ചതല്ലെന്നു കരുതാം.
ബസ്സപ്പോള്‍ സ്റ്റാര്‍ട്ടു ചെയ്തു. ഇരമ്പലോടെ സ്റ്റാന്‍ഡില്‍ നിന്നും നീങ്ങിത്തുടങ്ങി. ആ ഇരമ്പലില്‍ മറ്റാരും കേള്‍ക്കില്ലാന്നുറപ്പിച്ചിട്ടാവാം അയാള്‍ പൊട്ടിക്കരഞ്ഞു.ഏതു സുബൈറെന്നു ഒരു പിടിയുമില്ല.  സുബൈറെന്നു പേരുള്ള ഒറ്റ സുഹൃത്തും എനിയ്ക്കില്ലല്ലോ. എന്താണു ചെയ്യേണ്ടതെന്നെനിയ്ക്ക് മനസ്സിലായില്ല. ഇയാളാരാണ്? എന്തിനാണ് കരയുന്നത്?
രണ്ടുമിനിട്ടു നേരത്തെ കുത്തൊഴുക്കിനു ശേഷം അയാള്‍ ശാന്തനായി. വീണ്ടും ഒരു ചിരി ആ മുഖത്തു വന്നു.
“ബിജുവിനെന്നെ മനസ്സിലായില്ല അല്ലേ. ഞാന്‍ ഗള്‍ഫിനു പോയ സുബൈറാണ് ആറുമാസം മുന്‍പ്.” ഞാനല്‍ഭുതപ്പെട്ടുപോയി!
“ഇതെന്താ ഇപ്പോള്‍ ? സാധാരണ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞല്ലേ എല്ലാവരും ലീവിനു വരുന്നത്?”
“ ലീവ്!“
അയാള്‍ പുറത്തേയ്ക്ക് നോക്കി ചിറികോട്ടി ചിരിച്ചു.
“പടച്ചോന്റെ കാരുണ്യം കൊണ്ടാണ് ഞാനീ മണ്ണ് പിന്നേം കാണുന്നത്.”

അവിടം മുതല്‍ ഞാന്‍ സംസാരിച്ചിട്ടേയില്ല. എന്നെ സംസാരിയ്ക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. ഒരു നിമിഷം വിടാതെ സുബൈര്‍ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു; മതിവരാതെ. ഇടയ്ക്കിടെ വിങ്ങിപ്പൊട്ടും. പിന്നെ ചിരിയ്ക്കും. കഥ തുടരും.
ഞാനൊരു എഴുത്തുകാരനായിരുന്നെങ്കിലോ-എനിയ്ക്കു പകരം ഒരെഴുത്തുകാരനായിരുന്നു ആ കഥ കേട്ടതെങ്കിലോ- ഒരു പക്ഷേ “ആടു ജീവിതം“ അന്നേ എഴുതപ്പെടുമായിരുന്നു.
ബെന്യാമിനോട് നജീബ് പറഞ്ഞ അതേ കഥ സുബൈര്‍ എന്നോടും പറഞ്ഞു. എന്നാല്‍ സുബൈറിന് ആറുമാസത്തിനുള്ളില്‍ രക്ഷപെടാന്‍ കഴിഞ്ഞു. രണ്ടാഴ്ച ജയിലില്‍ . തുടര്‍ന്ന് ബോംബേയ്ക്കു കയറ്റി വിട്ടു. അവിടെ നിന്ന് ആരുടെയോ സഹായത്താല്‍ കേരളത്തിലെത്തി. ആറു മാസത്തിനിടയില്‍ ആദ്യം കണ്ട പരിചയക്കാരനായിരുന്നു ഞാന്‍ .
ആറു മാസം ആ നാവില്‍ നിന്ന് പുരത്തു വരാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന വാക്കുകള്‍ ഒന്നായി അയാളില്‍ നിന്ന്  പുറത്തേയ്ക്ക് കുത്തിയൊലിയ്ക്കുകയായിരുന്നു. മനുഷ്യന് വാക്കുകള്‍ പ്രിയപ്പെട്ടതായി തീരുന്നതെങ്ങനെയെന്ന് ഞാന്‍ കാണുകയായിരുന്നു.
ഇതിപ്പോള്‍ ഓര്‍മ്മിയ്ക്കാന്‍ കാരണം തീര്‍ച്ചയായും ബെന്യാമിന്റെ “ആടുജീവിതം” എന്ന നോവല്‍ തന്നെയാണ്.  ബെന്യാമിനെപ്പോലൊരു എഴുത്തുകാരന്‍ നജീബിന്റെ കഥ കേട്ടതുകൊണ്ട് നാമെല്ലാം ആടുജീവിതം എന്തെന്നറിഞ്ഞു. ആരുമറിയാതെ മരുഭൂമിയുടെ വന്യതയില്‍ ബാഷ്പമായിപ്പോയ എത്രയോ നിര്‍ഭാഗ്യജന്മങ്ങള്‍ !

വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും സൌദിയിലെത്തി. ഏറ്റവുമധികം ആടുജീവിതങ്ങള്‍ ആടിത്തീരുന്ന “അല്‍ - ഖസീം” പ്രവിശ്യയിലായിരുന്നു ഞാന്‍ . അവിടെ മരുഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ഞാന്‍ വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പല ആടു ജീവിതങ്ങളെയും നേരില്‍ കണ്ടിട്ടുമുണ്ട്.

ഒരിയ്ക്കല്‍ ഞാന്‍ “അല്‍ -ഹവവായ” എന്നൊരു ഗ്രാമത്തില്‍ പോയി, ഒരു സര്‍വേ ജോലിയ്ക്ക്.അവിടെ ഒരു “മസറ“യുണ്ട്. (“മസറ“യെന്നാല്‍ കൃഷിസ്ഥലമെന്നാണര്‍ത്ഥം. ആടും ഒട്ടകവും ഈന്തപ്പനയുമെല്ലാം അവിടെയുണ്ടാകും) അവിടെ നാറുന്ന ആട്ടില്‍ വേലിയ്ക്കരുകില്‍ ഒരാളെ കണ്ടു. കരിമ്പടം കൊണ്ടു മൂടിയ ഒരു കറുത്ത “സത്വം“. അയാള്‍ ഈന്തപ്പനയുടെ ചുവട്ടില്‍ തടം കോരുന്നു. ആടുകള്‍ അകത്തു കിടന്ന് മേ..മേ.. എന്നു വയ്ക്കുന്നുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന ആള്‍ നിസ്കരിയ്ക്കുവാന്‍ അല്പമകലയുള്ള പള്ളിയില്‍ പോയ സമയത്ത് ഞാന്‍ ഒരു ഈന്തപ്പനചുവട്ടില്‍ ചുറ്റുമൊന്നു കാണാനായി നിന്നതാണ്. ആട്ടിന്‍ മുശടിന്റെ വല്ലാത്ത ഗന്ധമാണവിടെയെല്ലാം.
എന്നെ കണ്ട അയാള്‍ പണി നിര്‍ത്തി കുറേ നേരം എന്നെ നോക്കി നിന്നു. എനിയ്ക്കെന്തോ വല്ലായ്ക തോന്നി. കണ്ടിട്ട് ഏതോ ആഫ്രിക്കക്കാരനാണ്. ഞാന്‍ ശ്രദ്ധിയ്ക്കാത്ത മാതിരി നിന്നു. അപ്പോഴതാ അയാള്‍ എന്റെ അടുത്തേയ്ക്കു വരുന്നു!

“എവിടുന്നാ ഭായീ?” എന്താ കേട്ടത്! തമിഴ് കലര്‍ന്ന മലയാളം!
ഞാനല്‍ഭുതപ്പെട്ടു നിന്നപ്പോള്‍ വീണ്ടും ചോദ്യം.
 “കേരളാവാ?”
സംസാരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരു കന്യാകുമാരി ജില്ലക്കാരന്‍ . ഇവിടെ ആടുനോട്ടവും കൃഷിപ്പണിയും. അയാള്‍ ആ ജോലിയില്‍ തൃപ്തനാണെന്നെനിയ്ക്കു തോന്നി. ചില കാട്ടറബികള്‍ മര്യാദക്കാരുണ്ട്. വലിയ ശല്യമൊന്നും ചെയ്യില്ല.

ആടുജീവിതത്തിലെ നജീബിനെക്കാളും ദുരിതം താണ്ടിയ ഒരാളെക്കുറിച്ച് സൌദിയിലെ മലയാളം ന്യൂസ് പത്രത്തില്‍ ആയിടയ്ക്ക് വാര്‍ത്ത വന്നിരുന്നു. ഒരു ആന്ധ്രാക്കാരന്‍ .ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം എങ്ങനെയോ രക്ഷപെട്ട് വെളിയില്‍ വന്നു. കേരളീയ സമൂഹമാണയാള്‍ക്ക് തുണയായത്. അവര്‍ കാണുമ്പോള്‍ അയാള്‍ ഭാഷ മറന്നു പോയിരുന്നു! ആടിന്റേതുപോലുള്ള ചില ശബ്ദങ്ങള്‍ മാത്രമേ അയാളില്‍ നിന്നു വെളിയില്‍ വന്നുള്ളു! ആ മനുഷ്യന്റെ ചിത്രം ഇന്നും ഞാനോര്‍മ്മിയ്ക്കുന്നു. നജീബിന് എതായാലും ഭാഷ നഷ്ടമായിരുന്നില്ലല്ലോ!

വിജനമായ മരുഭൂമിയുടെ നടുക്ക് ഒറ്റയ്ക്കു നില്‍ക്കണം! അവാച്യമായൊരനുഭവമാണത്. നാം ഭൂമിയില്‍ നിന്നും മറ്റെവിടെയോ എത്തിപ്പെട്ടതു പൊലെ തോന്നും. ചെവിയില്‍ ഒരു മൂളല്‍ കേല്‍ക്കാം. വെയിലാണെങ്കില്‍ ഉഷ്ണക്കാറ്റ് കണ്ണുകളിലെ ആര്‍ദ്രത ഊറ്റിയെടുത്തുകൊണ്ട് പോകും. ശരീരമാകെ കുളിര്‍ കോരിയിടും, നില്‍ക്കുന്നിടം താഴ്ന്ന് മണലില്‍ മൂടിപ്പോകുമോ എന്ന് ഭയന്നിട്ട്. ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്, ഒറ്റയ്ക്കല്ല ഒരു സുഹൃത്തുമൊത്ത്. വാഹനം കേടായിരുന്നു. ഇനിയെന്തു ചെയ്യും എന്നു ആശങ്കപ്പെട്ടുള്ള ആ അനിശ്ചിതത്വം, അത് മരുഭൂവിന്റെ നടുക്ക് അനുഭവിയ്ക്കുക! ഇനിയൊരിയ്ക്കലും ആ ഒരനുഭവം ആരും ആഗ്രഹിയ്ക്കാനിടയില്ല.

ബെന്യാമിന്റെ ആടുജീവിതം ഒറ്റയിരുപ്പിനാണ് വായിച്ചു തീര്‍ത്തത്.  മോശമായിട്ടില്ല. അനുഭവങ്ങളുടെ തീക്ഷ്ണതയാണ് വാക്കുകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. ശില്പപരമായി ഒരല്പം കൂടി നന്നാവാമായിരുന്നുവെന്നെനിയ്ക്കൊരു തോന്നല്‍ (എന്റേതു മാത്രം). നജീബിന്റെ പലായനം വരെയുള്ള ഭാഗത്തിന് തീക്ഷണ അല്പം കുറഞ്ഞോ എന്നൊരു സംശയം. ഒരു പക്ഷെ നോവലിസ്റ്റ് ബോധപൂര്‍വം അങ്ങനെ ചെയ്തതാവാം. അല്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ നേരില്‍ കണ്ടതുകൊണ്ടാവാം എനിയ്ക്കിങ്ങനെ തോന്നിയത്. ഏതായാലും ഏതൊരാളിലും മനസ്സിനു മുറിവേല്പിയ്ക്കാന്‍ തക്കവണ്ണം മികച്ചതാണ് ആടുജീവിതം.

ഗള്‍ഫുകാരനാവാന്‍ ആഗ്രഹിയ്ക്കുന്ന ശരാശരി മലയാളിയ്ക്ക് ഇതിന്റെ ഒരു കോപ്പി കൊടുത്ത് വായിയ്ക്കാന്‍ പറയണം. എന്നിട്ടു ചോദിയ്ക്കണം, ഇനിയും നീ ആഗ്രഹിയ്ക്കുന്നുവോ? ഉണ്ടെന്നു പറയുന്നവര്‍ക്കു മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് കൊടുക്കാവൂ (ഇതെന്റെ നിര്‍ദേശമാണ് കേട്ടോ)
ഏതൊരു പ്രവാസിയും പ്രവാസികുടുംബവും നിര്‍ബന്ധമായും വായിച്ചിരിയ്ക്കണം ഈ പുസ്തകം. ആടു ജീവിതം മസറയില്‍ മാത്രമല്ല ഓരോ ലേബര്‍ ക്യാമ്പിലുമുണ്ട്. മസറയും അര്‍ബാബും ആടുമെല്ലാം പ്രതീകങ്ങളാണ്. ഗള്‍ഫുജീവിതത്തിന്റെ പൊള്ളുന്ന പ്രതീകങ്ങള്‍ .
ഇഷ്ടമായെങ്കില്‍ ഒരു വോട്ട് ചെയ്യൂ

Saturday, 12 June 2010

നേര്‍ക്കാഴ്ചകള്‍ : റോഡ് വികസനം സമ്പന്നര്‍ക്കു വേണ്ടിയോ?

വികസനം എന്ന വാക്കിന് ഓരോ സമൂഹത്തിലും ഓരോ സാഹചര്യങ്ങളിലും വ്യത്യസ്ഥ അര്‍ത്ഥങ്ങളാണ്. തൊഴിലില്ലാത്ത ദരിദ്രസമൂഹത്തില്‍ , കൂടുതല്‍ തൊഴില്‍ ലഭിയ്ക്കുന്നതും സാമ്പത്തിക അഭിവൃദ്ധിയുമാണ് വികസനം. എന്നാല്‍ സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തില്‍ നല്ലറോഡുകളും നല്ല പാലങ്ങളും അതുപോലുള്ള മറ്റു സൌകര്യങ്ങളുമൊക്കെ വരുന്നതാണ് വികസനം. അതായത് ഓരോ സമൂഹത്തിലും വികസന കാഴ്ചപ്പാട് വ്യത്യസ്ഥമായിരിയ്ക്കും.

സമ്പന്നര്‍ മാത്രമുള്ള സമൂഹത്തിലോ ദരിദ്രര്‍ മാത്രമുള്ള സമൂഹത്തിലോ വികസനസങ്കല്‍‌പത്തിനെപ്പറ്റി അഭിപ്രായവ്യത്യാസം ഉണ്ടാവാന്‍ സാധ്യത കുറവാണ്. ദരിദ്രരും ധനികരും ഇടകലര്‍ന്നു താമസിയ്ക്കുന്ന ഒരു സമൂഹത്തില്‍ ഈ വിഷയം വലിയ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയേക്കും. എന്നാല്‍ സമ്പന്നര്‍ക്ക് സമൂഹത്തിലും ഭരണകൂടത്തിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നതിനാല്‍ സ്വഭാവികമായും അവരുടെ താല്പര്യമാവും വികസന സങ്കല്പത്തില്‍ പ്രതിഫലിയ്ക്കുക. നമ്മുടെ പല ഉത്തരേന്ത്യന്‍ സ്റ്റേറ്റുകളും ഇപ്പറഞ്ഞവയ്ക്ക് ഉദാഹരണങ്ങള്‍ നല്‍കും.

എന്നാല്‍ കേരളത്തിലേയ്ക്കു വരുമ്പോള്‍ കഥ മാറും. ഇവിടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് മൂന്നാമതൊരു വിഭാഗമാണ്. ഇടത്തരക്കാര്‍ എന്നു വിളിയ്ക്കപ്പെടുന്ന ഇവരാണ് കേരളീയ സമൂഹത്തില്‍ നല്ലൊരു പങ്ക്. ദരിദ്രരേക്കാള്‍ അല്പം മുകളിലുള്ള വരുമാനവും സമ്പന്നരേക്കാള്‍ അല്പം താഴെയുള്ള ജീവിത സങ്കല്‍പ്പങ്ങളും. അതാണിവരുടെ ലക്ഷണം. ഈ സമൂഹത്തില്‍ എല്ലാവരെയും തൃപ്തരാക്കുന്ന ഒരു വികസനസങ്കല്പം രൂപപ്പെടുത്തിയെടുക്കുക അത്ര എളുപ്പമല്ല.

കേരളം ഇന്ന് തൊഴിലില്ലായ്മ എന്നൊരു ഘട്ടം പിന്നിട്ടു എന്നു വേണം കരുതാന്‍ . തൊഴിലിന് ആവശ്യത്തിന് ആളെ കിട്ടാത്തതാണ് ഇന്ന് പ്രശ്നം.തീര്‍ച്ചയായും ദാരിദ്ര്യം എന്ന അവസ്ഥ അനുഭവിയ്ക്കുന്നവര്‍ ഇവിടെ കുറച്ചൊക്കെ ഇപ്പോഴുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ അടിസ്ഥാനസൌകര്യ വികസനം സമ്പന്നന്മാര്‍ക്ക് വേണ്ടിയാണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ല, കേരളത്തിലെങ്കിലും.

പരമ്പരാഗതമായ “യാഥാസ്ഥിതിക” പുരോഗമന ചിന്താഗതി, മാധ്യമങ്ങളുടെ അമിത സ്വാധീനം, ഏറെക്കുറെ തുല്യസ്വാധീനമുള്ള നെടുകെപിളര്‍ന്നു നില്‍ക്കുന്ന മുന്നണിരാഷ്ട്രീയം, അവയ്ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സാമുദായിക വോട്ടുബാങ്കുകള്‍ ഇവയാണ് കേരളീയ സമൂഹത്തിന്റെ പരിച്ഛേദം.
ഇവിടെ പുതിയ ആശയങ്ങള്‍ പെട്ടെന്നു സ്വീകരിക്കപ്പെടില്ല.  ഏതു ആശയത്തിന്മേലും നാനാവശത്തുനിന്നും അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തപ്പെടും. ഒന്നുകില്‍ ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് ആശയം മൃതിയടയും. അല്ലെങ്കില്‍ അംഗവൈകല്യം സംഭവിച്ച് വികൃതമായ മറ്റൊരു രൂപമാകും.

ഏതൊരു വിഷയവും മാധ്യമങ്ങളില്‍ കൂടിയാണ് ജനങ്ങളിലെത്തുന്നത്. അച്ചടി മാധ്യമങ്ങളുടെ കാലഘട്ടത്തിലും തുടര്‍ന്ന് ചാനലുകളുടെ ആദ്യഘട്ടത്തിലും വളച്ചൊടിയ്ക്കല്‍ വളരെ കുറവായിരുന്നു. രാഷ്ട്രീയമായ അസത്യപ്രചരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പൊതു ആശയങ്ങളില്‍ അതുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് യാതൊരു തത്വദീക്ഷയുമില്ലാതെ, ഓരോ മാധ്യമവും തങ്ങള്‍ക്കിഷ്ടമുള്ള വാര്‍ത്ത ചമയ്ക്കുകയും ഇഷ്ടാനുസരണം വ്യാഖ്യാനിയ്ക്കുകയും ചെയ്യുന്നു. ചില സ്വയം പ്രഖ്യാപിത പരിസ്ഥിതി-ബുദ്ധിജീവികള്‍ക്ക് അമിതപ്രാധാന്യം നല്‍കി അവരുടെ വീക്ഷണം പൊതു വീക്ഷണമായി അവതരിപ്പിയ്ക്കുന്നു. തങ്ങള്‍ക്കു താല്പര്യമില്ലാത്തവരെ ഏതു വിധേനയും ആക്രമിയ്ക്കാനും കളങ്കപ്പെടുത്താനും അവര്‍ മടിയ്ക്കുന്നില്ല. രാഷ്ട്രീയനേതൃത്വം ഇവരുടെ അമിതസ്വാധീനത്തിനു വശംവദരാകുകയും ചെയ്യുന്നു.
ഈയൊരു പരിസരത്തു നിന്നു വേണം

നിര്‍ദിഷ്ട ദേശീയപാത വികസന വിവാദത്തെ നാം നോക്കിക്കാണേണ്ടത്.ദേശീയപാതയ്ക്ക് 60 മീറ്റര്‍ വീതിയാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ നിര്‍ണയിച്ചിരിയ്ക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനസാന്ദ്രത പരിഗണിച്ച് അത് 45 മീറ്ററായി ചുരുക്കുകയുണ്ടായി. ഇപ്പോള്‍ അതും വേണ്ട 30 മീറ്റര്‍ മതിയെന്നാണ് ചില കേന്ദ്രങ്ങളുടെ ആവശ്യം.നാലുവരിപ്പാതയ്ക്കെന്തിനാണ് 45 മീറ്റര്‍ എന്നതാണ് ചോദ്യം?

“ഇപ്പോഴുള്ള റോഡിനെ വീതികൂട്ടി നാലുവരിയാക്കുക എന്ന ലളിതയുക്തിയില്‍ അധിഷ്ഠിതമായല്ല ദേശീയപാത അഥോറിറ്റിയോ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പോലുള്ള സ്ഥാപനങ്ങളോ നാലുവരിപ്പാതയെ വിഭാവനം ചെയ്തിരിക്കുന്നത്. വളവും തിരിവും കയറ്റിറക്കങ്ങളുമുള്ള പാതയുടെ പ്രതലങ്ങള്‍ രൂപകല്പന ചെയ്യുന്നത് നിശ്ചിത വേഗതയില്‍ റോഡിലൂടെ സഞ്ചരിക്കാനാവുന്ന തരത്തിലാണ്. എക്സ്‌പ്രസ് വേ, ആറുവരിപ്പാത, നാലുവരിപ്പാത എന്നിങ്ങനെയുള്ള പെരുമ്പാതകളില്‍ തടസ്സങ്ങളില്ലാതെ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം.  ഇങ്ങനെ നിര്‍മ്മിക്കുന്ന വീഥികളില്‍ എത്ര കുറഞ്ഞാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിക്കാനാവും. അതായത് വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉലച്ചിലൊ മറ്റൊ അനുഭവപ്പെടാതെയും വേഗത കുറക്കാതെയും വളവുകളിലും കയറ്റിറക്കങ്ങളിലും യാത്ര ചെയ്യാനാവും.

ഇപ്പോള്‍ റോഡിലുള്ള വളവുകള്‍ നൂര്‍ക്കാതെയും കയറ്റിറക്കങ്ങളുടെ ചെരിവുകള്‍ കുറയ്ക്കാതെയും ഇതു സാധ്യമല്ല. 80 കിലോ മീറ്റര്‍ വേഗതയില്‍ പോവുന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് റോഡിലുള്ള എന്തെങ്കിലുംതടസം കണ്ണില്‍പ്പെട്ടാല്‍ അവിടെയെത്തുന്നതിന് മുമ്പ് അപകടമൊ യാത്രക്കാര്‍ക്ക് ഉലച്ചിലൊ ഉണ്ടാവാതെ നിര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ റോഡിലെ ഏതൊരു ബിന്ദുവില്‍നിന്നും മുന്നോട്ട് അത്രയും ദൂരം കാണാവുന്ന വിധമാവും രൂപകല്പന. കൂടാതെ, വശങ്ങളില്‍നിന്ന്  ഹൈവേയിലേയ്ക്ക് പ്രവേശിക്കാനും തിരിച്ച് ഹൈവേയിലേയ്ക്ക് പ്രവേശിക്കാനും ആക്സിലറേഷന്‍ / ഡീസ്സിലറേഷന്‍ വരികള്‍ ഉണ്ടായിരിക്കും. ഇതേപോലെ സര്‍‌വ്വീസ് റോഡില്‍ നിന്ന് ഹൈവേയിലേയ്ക്കും തിരിച്ചും പ്രവേശിക്കുന്നതിനും ഈ സ്പീഡ് റാമ്പുകള്‍ നിര്‍മ്മിക്കും.രണ്ട് വശത്തേക്കുമുള്ള ഈരണ്ടു വരികള്‍ക്കിടയില്‍ 4.5 മി വീതിയിലാണ് മീഡിയന്‍ നിര്‍മ്മിക്കുന്നത്. ഈ മീഡിയനില്‍ ചെടികള്‍ വളര്‍ത്തി വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍നിന്നുള്ള വെളിച്ചം എതിര്‍ ദിശയിലെ ഡ്രൈവറുടെ കണ്ണില്‍ പതിക്കുന്നത് ഒഴിവാക്കുന്നു. യു-ടേണ്‍ എടുക്കേണ്ട വാഹനങ്ങള്‍ക്ക് മീഡിയന്‍ തുറന്നിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു റിസര്‍വ് സ്പേസ് കൊടുക്കാനും ഈ 4.5 മി ഉപയോഗപ്പെടും.പാതകളുടെ ഇരുവശത്തും റോഡിന്റെ ഉപരിതലത്തിന്റെ അതേ പോലുള്ള കറുത്ത പ്രതലവും പിന്നെ മണ്ണുകൊണ്ടുള്ളതുമായ ഷോള്‍ഡര്‍ ഉണ്ടാവും. എപ്പോള്‍ വേണമെങ്കിലും മറ്റു വാഹനങ്ങളെ തടസ്സപ്പെടുത്താതെ വാഹനം നിര്‍ത്താനും വിശ്രമിക്കാനും, ബ്രേക്ക് ഡൌണ്‍ ആയാല്‍ അത്യാവശ്യം റിപ്പെയര്‍ ചെയ്യാനും പിന്നെ പതുക്കെ പോവുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനുമൊക്കെയാണ് ഇതുപകരിക്കുന്നത്. (റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് tar അല്ല, bitumen ആണ്)

കൂടുതല്‍ ജനവാസമുള്ള സ്ഥലങ്ങളിലും ചെറുപട്ടണങ്ങളിലും പെരുമ്പാതയുടെ ഒരുവശത്തൊ ഇരുവശത്തോ സര്‍വീസ് റോഡ് നിര്‍ദ്ദേശിക്കപ്പെടുന്നു. അതാത് സ്ഥലങ്ങള്‍ക്കുള്ളില്‍തന്നെ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണിത്. പ്രാദേശികമായ സഞ്ചാരത്തിന് ഈ പാതകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രധാന പാതയിലെ തിരക്ക് ഒഴിവാക്കാനാവും. ഇതുവഴി പ്രധാന പാതയിലെ വാഹനങ്ങളുടെ വേഗത അതേപടി നിലനിര്‍ത്താനും അപകടങ്ങള്‍ കുറയ്ക്കാനും കഴിയും.

പ്രധാനപാതയും സര്‍വ്വീസ് റോഡും തമ്മില്‍ മൂന്നുതരത്തിലാവും അതിരു തിരിച്ചിട്ടുണ്ടാവുക. കമ്പിവേലി കെട്ടിയോ വ്യത്യസ്ത ഉയരം സൂക്ഷിച്ചോ ഇടയ്ക്ക് ഓട നിര്‍മ്മിച്ചോ ആവും ഈ വിഭജനം സാധ്യമാക്കുക. സര്‍‌വ്വീസ് റോഡുകള്‍ ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും അതാതിടങ്ങളിലെ ഹ്രസ്വദൂര യാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷയും സൌകര്യവും പ്രധാനം ചെയ്യുന്ന ഒരു ആശയമാണ്. ഇതൊന്നും കൂടാതെ റോഡിനു സമാന്തരമായി റോഡിന്റെ സ്ഥലത്തിലൂടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍, ഗ്യാസ്, വെള്ളം, മലിനവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോവുന്ന പൈപ്പ്ലൈനുകള്‍, ടെലിഫോണ്‍, ഇലക്ട്രിക് ലൈനുകള്‍ എന്നിവ കടന്നുപോവുന്നുണ്ടാവും. ഇവയ്ക്കെല്ലാമായി റോഡിന്റെ ഇരു വശത്തും സ്ഥലം വകയിരുത്തേണ്ടതുണ്ട്.ഇവകൂടാതെ, തിരക്കേറിയ നഗരങ്ങളെ ഒഴിവാക്കാനുള്ള ബൈപ്പാസുകള്‍, പ്രധാന കവലകളില്‍ ഫ്ലൈയോവര്‍ / ഇന്റര്‍ചേഞ്ച് / അണ്ടര്‍പാസ് എന്നിവയൊക്കെ ചേര്‍ന്നതാണ് നാലുവരിപ്പാതകളുടെ പദ്ധതിനിര്‍ദ്ദേശങ്ങള്‍. ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനായാണ് 60 മി വീതിയില്‍ ഭൂമി ആവശ്യമാണെന്ന് തീരുമാനിക്കപ്പെടുന്നത്. ഇത് ദേശീയതലത്തില്‍ ദേശീയപാതാ വികസനം നടന്ന സംസ്ഥാനങ്ങളിലൊക്കെ ഇതിനകം നടപ്പിലായിക്കഴിഞ്ഞു.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും നാടുമുഴുക്കെ പരന്ന ജനവാസവും കാരണം പ്രത്യേക പരിഗണനയായാണ്  നാലുവരിപ്പാതയ്ക്ക് 60നു പകരം 45 മി വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതി എന്ന് തീരുമാനിക്കപ്പെടുന്നത്. ഇത് 30 മീറ്ററായി ചുരുങ്ങുമ്പോള്‍ പാത വികസിപ്പിക്കുന്നതിന്റെ ഗുണഫലങ്ങളാണ് ഇല്ലാതാവുന്നത്.“
(കടപ്പാട്: മലയാളം പോര്‍ട്ടലില്‍ ശ്രീ.പ്രശാന്ത് കളത്തില്‍ എഴുതിയ ലേഖനം)

കേരളത്തിലെ ഒരു പ്രമുഖ ദേശീയപാതയാണ് NH-17. പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെ ഈ പാതയില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്കറിയാം ആയുസ്സിന്റെ ബലംകൊണ്ടുമാത്രമാണ് നാം പലപ്പോഴും തിരികെ വീട്ടിലെത്തുന്നത് എന്ന്. രണ്ടുവരിയ്ക്ക് പോലും വീതിയിലാ‍ത്ത പാതയിലൂടെ ആണ് നൂറുകണക്കിന് സ്വകാര്യബസുകള്‍ മത്സര ഓട്ടം നടത്തുന്നത്. അതോടൊപ്പം ടിപ്പറുകള്‍ , ഗ്യാസ് കണ്ടെയിനറുകള്‍ , ട്രെയിലറുകള്‍ , ട്രക്കുകള്‍ . ഇവയ്ക്കിടയില്‍ മറ്റു ചെറു വാഹനങ്ങള്‍ . ട്രാഫിക്ക് നിയമം എന്നുള്ളത് ലംഘിക്കാന്‍ മാത്രമുള്ള എന്തോ ഏര്‍പ്പാടാണെന്ന് ധരിച്ച ഡ്രൈവര്‍മാരും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. എതിരെ വരുന്ന വാഹനം ചെറുതാണെങ്കില്‍ അല്പവും സൈഡുകൊടുക്കാത്ത വലിയ വാഹനങ്ങള്‍ നമ്മുടെ നാട്ടിലേ കാണാന്‍ പറ്റുകയുള്ളു.

ഇനി നാനോ കാറും അതു മാതിരി ഉള്ള  മറ്റു ചെറു വാഹനങ്ങളും കൂടി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി എന്താവും?

കണ്ണൂരില്‍ നിന്നും തളിപ്പറമ്പു വരെയുള്ള 16 കിലോമീറ്റര്‍ ദൂരം ദേശീയ പാത വഴി താണ്ടാന്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് 30 മിനിറ്റും അല്ലാത്തവ 45 മിനിട്ടും എടുക്കും. അതായത് ലിമിറ്റഡ് സ്റ്റോപ്പ് ബസിന് കിട്ടുന്ന പരമാവധി വേഗം മണിക്കൂറില്‍ 32കിലോമീറ്റര്‍ ! മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത ലഭിച്ചാല്‍ ഇതേ ഇന്ധനചിലവില്‍ ഈ ദൂരം താണ്ടാം! ആലോചിച്ചു നോക്കു നാം ഒരു ദിവസം പാഴാക്കുന്ന ഇന്ധനം എത്ര! പരിസ്ഥിതി-സാമ്പത്തിക നഷ്ടം എത്ര?

വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ വരുന്നതോടെ നമ്മുടെ ദേശീയപാതയിലെ ഭാര വാഹന സാന്ദ്രത ക്രമാതീതമായി വര്‍ധിയ്ക്കും. അപ്പോഴുണ്ടാകുന്ന വീര്‍പ്പുമുട്ടല്‍ കാര്യം ഊഹിച്ചാല്‍ മതി.
കേരളത്തിലെ റോഡുകളില്‍ ഒരു ദിവസം ശരാശരി പത്തുപേരാണ് അപകടങ്ങളില്‍ പെട്ട് മരിയ്ക്കുന്നത്. വര്‍ഷം എതാണ്ട് 3000-3500 പേര്‍ . അനേകം പേര്‍ മരിയ്ക്കാതെ മരിയ്ക്കുന്നു. നാടിനുണ്ടാകുന്ന സാമ്പത്തിക-ബൌദ്ധിക നഷ്ടം എത്രയാണ്?
ഈ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പ്രധാന വിമര്‍ശം ധാരാളം പേരെ കുടിയൊഴിപ്പിയ്ക്കേണ്ടി വരും, ഇത് സമ്പന്നര്‍ക്കു വേണ്ടിയാണ് എന്നൊക്കെയാണ്.
 ഓര്‍ക്കേണ്ട കാര്യം പൊതുജനങ്ങളല്ല ഇതിനെ എതിര്‍ക്കുന്നത്. സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത ചില രാഷ്ട്രീയക്കാരും കപട ബു.ജി.കളും പരിസ്ഥിതി വാദികളുമാണ്. അവരെ കൊണ്ടാടാന്‍ ചില മാധ്യമങ്ങളും.
കേരളത്തിലെ റോഡുകള്‍ എന്നും ഇതേപോലെ കിടന്നാല്‍ മതിയെന്നാണൊ ഇവരുടെ വാദം? എന്നാല്‍ ആദ്യം ഇവര്‍ മാതൃക കാണിയ്ക്കണം. ശ്രീ. സക്കറിയ ചോദിച്ചതുപോലെ, സ്വന്തം വാഹനങ്ങള്‍ റോഡിലിറക്കാതെ പൊതുവാഹനങ്ങളില്‍ മാത്രം സഞ്ചരിച്ച് മാതൃകയാവാന്‍ സുഗതകുമാരിയും അഴീക്കോടും , നീലാണ്ടനും, വീരേന്ദ്രകുമാരനും അതുപോലുള്ള മറ്റു  ദേശീയപാത വികസന വിരോധികളും തയ്യാറുണ്ടോ? ഇല്ല. അവര്‍ എപ്പോഴും ചര്‍ച്ചിയ്ക്കുന്നത് മറ്റുള്ളവരെ ബോധവല്‍ക്കരിയ്ക്കാനാണ്, സ്വന്തം കാര്യത്തില്‍ അതൊന്നും ബാധകമല്ല.

കേരളത്തിലെ മധ്യ-ഇടത്തരം വര്‍ഗം ക്രമേണ സമ്പന്നതയിലേയ്ക്ക്-പുറമെയ്ക്കെങ്കിലും- നീങ്ങുകയാണ്. കൂടാതെ ടൂറിസം വികസനം മൂലം ധാരാളം പേര്‍ പുറത്തു നിന്നും വരുന്നുണ്ട്. ശബരിമല സീസണില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വാഹന ഒഴുക്ക് നമുക്കറിയാവുന്നതാണ്. ഇവയെല്ലാം നമ്മുടെ ഗതാഗത സൌകര്യങ്ങളെ അനുദിനം വീര്‍പ്പുമുട്ടിയ്ക്കുകയാണ്. കുടിയൊഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ അടിയന്തിരമായി ഈ വികസനപരിപാടി നടപ്പാക്കുകയാണ് വേണ്ടത്. നമുക്ക് 30 മീറ്ററല്ല, 45 അല്ലെങ്കില്‍ 60 മീറ്റര്‍ തന്നെയാണ് ദേശീയ പാതയ്ക്ക് വേണ്ടത്.
കേരളം അനുദിനം ഒരു മഹാനഗരമായി വളരുകയാണ്. വാഹനങ്ങള്‍ പെരുകിക്കൊണ്ടേയിരിയ്ക്കുന്നു. റോഡുകളില്‍ നിരപരാധികളുടെ രക്തം ചൊരിയുന്നത് അവസാനിപ്പിയ്ക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഉണരണം.

നമ്മുടെ നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളില്‍ കെട്ടിക്കിടക്കുന്ന വാഹന സഞ്ചയത്തിന് കടന്നുപോകാന്‍ വേണ്ട സൌകര്യം ഉണ്ടാക്കേണ്ടത്, സമ്പന്നന്മാര്‍ക്ക് മാത്രമല്ല സാധാരണക്കാരുടെ കൂടെ ആവശ്യമാണ്. അവന് കുറച്ചു കൂടി ധൈര്യത്തില്‍ വഴി നടക്കാം.

ഈ വിഷയം ചര്‍ച്ചിച്ച് കുളമാക്കാതെ, ആവശ്യമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ ഭൂരിപക്ഷം പേരും റോഡ് വികസനം വേണ്ടാ എന്നാണ് പറയുന്നതെങ്കില്‍ വിട്ടേക്കുക. മറിച്ചാണെങ്കില്‍ ധൈര്യപൂര്‍വം നടപ്പാക്കുക. ഏതാനും ചില മാധ്യമങ്ങളിലിരുന്ന് ചില വിരുതന്മാര്‍ ചര്‍ച്ചിയ്ക്കുന്നതാണ്കേരളജനതയുടെ അഭിപ്രായമെന്ന് ധരിച്ച് പേടിച്ചോടുന്ന ഒരു മുഖ്യമന്ത്രിയെ അല്ല കേരളത്തിനു വേണ്ടത്.
45 മീറ്റര്‍ വേണ്ട ഞങ്ങള്‍ക്കു 30 മതി എന്നു പറഞ്ഞു നിവേദനം നല്‍കുന്ന  ഭരണാധികാരി ഏതായാലും ഒരു നാടിനു ഭൂഷണമാണെന്നു തോന്നുന്നില്ല.

Tuesday, 8 June 2010

നേര്‍ക്കാഴ്ചകള്‍- സ്വത്വവിവാദത്തിന്റെ കാണാപ്പുറം

മുഖവുര: ഇത് രാഷ്ട്രീയ പ്രചരണാര്‍ത്ഥമുള്ള ബ്ലോഗോ പോസ്റ്റോ അല്ല. “മലയാളം”എന്നപേരിലുള്ള ഒരു ബ്ലോഗില്‍ സ്വത്വരാഷ്ട്രീയത്തെപറ്റി ഒരു ലേഖനമുണ്ട്. അവിടെ നടക്കുന്ന ഒരു ചര്‍ച്ചയിലെ കമന്റു മാത്രമാണ്. രാഷ്ട്രീയം ഇതിലുണ്ട്. അത് വിഷയം രാഷ്ട്രീയമായതുകൊണ്ട് മാത്രം. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. വായനക്കാരന് വിയോജിയ്ക്കാം.
ആദ്യം ആ ലേഖനം ഇവിടെ നിന്നും വായിയ്ക്കൂ:

ഈ ലേഖനം ആരാണെഴുതിയതെന്നെനിയ്ക്കറിയില്ല. ഒരാളാണൊ ഒന്നിലേറെപ്പേര്‍ ചേര്‍ന്നാണോ എന്നും അറിയില്ല.
ജനകീയതയുടെയും ജനപ്രിയതയുടെയും നിര്‍വചനത്തില്‍ പിടിച്ച് തുടങ്ങിയ ലേഖനം വായിയ്ക്കുമ്പോള്‍ കാര്യമായെന്തെങ്കിലും തടയുമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ വായന പകുതിയിലെത്തുമ്പോഴാണ് പൂച്ച ചാക്കു തുളച്ച് തല പുറത്തു കാണിയ്ക്കാന്‍  തുടങ്ങുന്നത്.
ബെര്‍ളിയുടെ ബ്ലോഗിന് കുറച്ച് മൈലേജ് സംഭാവന ചെയ്തതോടൊപ്പം, പൊക്കിക്കാണിയ്ക്കുന്ന, മൂട്ടിലെ “കമന്റി”ലാണു പോലും സ്വത്വരാഷ്ട്രീയത്തിന്റെ “ജനപ്രിയ” നിര്‍വചനം കിടക്കുന്നത്!
     നോക്കുക: “അതായത്, അധസ്ഥിതരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ‘ഉന്നമന‘ത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയില്‍ നിന്ന് ഒരു ചോവത്തിയോ ചോവനോ മുഖ്യമന്ത്രി ആയാല്‍ അത് സ്വത്വ രാഷ്ട്രീയം. അതല്ല ജന്മി-മാടമ്പി-മുതലാളി ഇത്യാദികള്‍ മുഖ്യമന്ത്രിയായാല്‍ അത് വര്‍ഗ രാഷ്ട്രീയം. സോ സിം‌മ്പിള്‍.
 ജനങ്ങള്‍ക്ക് പിടികിട്ടില്ലെന്ന് കരുതി ബുദ്ധിജീവികള്‍ കെട്ടിയിറക്കിയ സ്വത്വരാഷ്ട്രീയവിരോധത്തെ എത്ര അനായാസമായാണ് സാധാരണക്കാര്‍ ഡിസക്ട് ചെയ്തതെന്നു നോക്കുക.“ ഇതാണത്രേ നിര്‍വചനം!

അടുത്ത വരികളിലേത്തുമ്പോള്‍ പൂച്ച മുഴുവനായും വെളിയില്‍ ചാടുന്നു. “സ്വത്വരാഷ്ട്രീയം പാടില്ല എന്നും അതേ സമയം സ്വത്വബോധം ആകാം എന്നുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്.“
സി.പി.എം എന്തോ വലിയ അപരാധമാണ് ചെയ്യുന്നതെന്ന ഭാവത്തിലാണ് ഈ വിളിച്ചു പറച്ചില്‍. ഇപ്പോള്‍ മാത്രമല്ല ഇതിനു മുന്‍പും ആ പാര്‍ട്ടി ഇതു തന്നെയാണ് പറഞ്ഞിരുന്നതെന്ന് പ്രകാശ് കാരാട്ട് എഴുതിയ ലേഖനം വായിയ്ക്കുന്നവര്‍ക്ക് ബോധ്യമാവും.
രസകരമായ കാര്യം സി.പി.എമ്മിനെ എതിര്‍ക്കാന്‍ വേണ്ടി ഇവിടെ(ആ ലേഖനത്തില്‍) ലിങ്കു കൊടുത്ത് പറഞ്ഞിരിയ്ക്കുന്ന ലേഖനങ്ങള്‍ നേരായി വായിയ്ക്കുന്നവര്‍ക്ക്, പാര്‍ട്ടി നിലപാടിനെപറ്റി എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മാറിക്കിട്ടും എന്നുതന്നെയാണ്.
എം.എ.ബേബിയുടെ ലേഖനത്തില്‍ പറയുന്നു: “സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.
ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).  “

ഇതു പറയാതെയാണ് ,ബേബി ക്രൂഗ്മാന്റെ ലേഖനം ചൂണ്ടിക്കാണിച്ചതിനെ കളിയാക്കുന്നത്. ക്രൂഗ്‌മാന്റെ ലേഖനം ആരും വായിയ്ക്കില്ലാന്ന് ബേബിയ്ക്കുറപ്പുണ്ടെന്ന് ഈ ലേഖനകര്‍ത്താവിനുറപ്പുണ്ടത്രേ! മറ്റുള്ളവരെക്കുറിച്ച് എത്ര വികലധാരണയാണീ കക്ഷിയ്ക്കുള്ളത്!     
ദേശാഭിമാനിയില്‍ പി.രാജീവ് എഴുതിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ആ പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണ് അത്. എം.എ.ബേബിയും പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാനെഴുതിയത്. ഇതു കാണുന്നതിനു പകരം ലേഖകന്‍ പറയുന്നത്, രാജീവ് എന്തോ എഴുതി. ബേബിയും കുറച്ചുപേരും അതിനെ പിന്തുണച്ചു. പോക്കരും കെ.ഇ.എന്നും അതിനെ അതിനെ എതിര്‍ത്തു. അങ്ങനെ സി.പി.എമ്മില്‍ ആകെ പ്രശ്നം!

കെ.ഇ.എന്നൊ പോക്കറൊ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളോ പാര്‍ട്ടിയുടെ നേതൃത്വത്തിലോ ഉള്ള ആള്‍ക്കാരല്ല. പാര്‍ട്ടിയില്‍ അംഗത്വമുള്ള ഇടതുപക്ഷ ചിന്തകരും പലപ്പോഴും പാര്‍ട്ടി നിലപാടിനോടൊത്തു പോകുന്നവരും ആണവര്‍ . എന്നാല്‍ അവര്‍ക്കു സ്വന്തമായ ആശയങ്ങളും ചിന്തകളും ഉണ്ടാവാം. അതില്‍ പാര്‍ട്ടിയുടെ പൊതുനയത്തിനു വിരുദ്ധമായി വല്ലതുമുണ്ടെങ്കില്‍ അതിനെ പാര്‍ട്ടി എതിര്‍ക്കും തിരുത്തും. ഇതില്‍ അസാധാരണത്വം കണ്ടെത്തുന്നവര്‍ക്കു ലക്ഷ്യം വേറെയാണ്. അതു മനസ്സിലാക്കാന്‍ വരികള്‍ മാത്രം മതിയാവും:

 “പോക്കറിനെയല്ല, അഥവാ പോക്കറിനെ മാത്രമല്ല, അതിലൂടെ ലക്ഷ്യമിടുന്നതെന്നറിയാന്‍ രാഷ്ട്രീയക്കളരിയിലെ എബിസിഡി മതിയാകും.“പാലേരിമാണിക്യം, ഒരു പാതിരാ ക്കൊലപാതകത്തിന്റെ  കഥ എന്ന നോവലില്‍ വരുന്ന പ്രതിലോമകതയോട് കണ്ണടയ്ക്കുകയും അതേ സമയം അധികമാരും കാണാത്ത ഓറ എന്ന ചെറുപ്രസിദ്ധീകരണത്തില്‍ വരുന്ന പാര്‍ട്ടി അംഗമായ പോക്കറിന്റെ ലേഖനത്തിനെതിരെ വിമര്‍ശനം എഴുതുകയും ചെയ്യുന്നത് ബുദ്ധിജീവികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ മാത്രമല്ല ഉപകരിക്കുക. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവിശ്വാസ്യത വളര്‍ത്താനും അതിടയാക്കിയേക്കും. (മൌദൂദിസത്തിനുള്ള അപരനാമമാണ് ന്യൂനപക്ഷം എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരു നല്ല സലാം.)“

പലേരിമാണിക്യത്തിന്റെ നോവലായാലും സിനിമയായാലും അത് ഒരു എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനോട് ഒരു പാര്‍ട്ടി യുദ്ധം ചെയ്യണമെന്നു പറയുന്നതിനോടെന്തു പറയാനാണ്? പലേരിമാണിക്യം സിനിമയുടെ ഇടതുപക്ഷ-വിരുദ്ധ സവര്‍ണ പക്ഷപാതിത്വത്തെപറ്റി ഒന്നംതരം ലേഖനങ്ങള്‍ പല പ്രസിദ്ധീകരണങ്ങളിലും ബൂലോകത്തും വന്നിട്ടുണ്ട്. അതൊക്കെ കാണണമെങ്കില്‍ പക്ഷപാതിത്വമില്ലാതെ കാര്യങ്ങളെ നോക്കികാണണം. ലേഖനത്തിന്റെ ലക്ഷ്യം അതല്ലല്ലോ!
മൌദൂസിസത്തെ സി.പി.എമ്മിനെക്കാളും തുറന്നുകാണിച്ചത് എം.കെ. മുനീറും, കെ.എം.ഷാജിയും എഴുത്തുകാരായ ഹമീദ് ചേന്നമംഗലൂരും കാരശ്ശേരിയുമൊക്കെയാണെന്ന് പത്രം വായിയ്ക്കുന്നവര്‍ക്കറിയാം. ഇപ്പറഞ്ഞവരാരും സി.പി.എം കാരല്ല.

ഇവിടെ ലേഖനകര്‍ത്താവ് ബോധപൂര്‍വം എന്നാല്‍ നേരിട്ടല്ലാതെ വായനക്കാരന്റെ ചിന്തയിലേയ്ക്ക് തള്ളിവിടാന്‍ ശ്രമിയ്ക്കുന്ന ഒരാശയമുണ്ട്.  ഈയടുത്തകാലത്ത് കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിയ്ക്കുന്ന ഒരാരോപണം. “സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിയ്ക്കുന്നു അല്ലെങ്കില്‍ ന്യൂനപക്ഷത്തെ എതിര്‍ക്കുന്നു“.

ഈയൊരു പരിസമാപ്തിയിലെത്തിയ്ക്കാന്‍ വേണ്ടി നടത്തുന്ന അഭ്യാസത്തിന്റെ ആകെത്തുകയാണ് ഈ ചവറു ലേഖനം. പോക്കരും കെ.ഇ.എന്നും ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരായതുകൊണ്ടാണ് “അവരുടെ ആശയമായ“ സ്വത്വരാഷ്ട്രീയത്തെ-എന്നുവച്ചാല്‍ ന്യൂനപക്ഷരാഷ്ട്രീയം എന്നു പരിഭാഷപ്പെടുത്തുക- (കെ.ഇ.എന്‍ . അതിനെ തള്ളിപ്പറഞ്ഞതുകൊണ്ട് ഇവിടെ പോക്കറെ മാത്രമെ എടുത്തുകാണിയ്ക്കുന്നുള്ളൂ) സി.പി.എം എതിര്‍ക്കുന്നത് എന്നതാണ് ഇവിടെ പറഞ്ഞുവെക്കാന്‍ ശ്രമിയ്ക്കുന്ന ഗമണ്ടന്‍ ആശയം.

എനിക്കെഴുതിയ മറുപടിയില്‍ എഡിറ്റര്‍ പറയുന്നതു ശ്രദ്ധിയ്ക്കൂ:
“സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്ന ഈ വിവാദം കേരളീയ സമൂഹത്തില്‍ മേല്‍ക്കൈയുള്ള മദ്ധ്യവര്‍ഗ്ഗത്തിന് പ്രിയകരമായ വാദമാണ് ഉയര്‍ത്തുന്നത്. ന്യൂനപക്ഷ ദളിത് വിരുദ്ധത എന്നത് അതിന്റെ മുഖമുദ്രയാണ്. അതേ സമയം ജനപ്രിയ രൂപങ്ങളില്‍ തന്നെ അതിനോടുള്ള പ്രതികരണമെന്ന നിലയിലെങ്കിലും നമ്മെ ഞെട്ടിക്കുന്ന ചിന്തയുടെ അനുരണനങ്ങള്‍ കാണാനാവും. “

  സി.പി.എം പുതുതായി ഈ വിഷയത്തില്‍ ഒരു വിവാദവും കൊണ്ടുവന്നിട്ടില്ല എന്നു നിഷ്പക്ഷമായി വീക്ഷിയ്ക്കുന്നവര്‍ക്കറിയാം. ആ പാര്‍ട്ടിയുടെ ഇതുവരെയുള്ള നിലപാട് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞെന്നു മാത്രം. ചില ഇടതുപക്ഷ ചിന്തകരുടെ ഇടര്‍ച്ചയാണ് അതിനു കാരണമായത് .

എന്താണ് പാര്‍ട്ടിനിലപാടെന്ന് പി.രാജീവിന്റെ ദേശാഭിമാനി വാരികയിലെ പുതിയലേഖനത്തില്‍  പറയുന്നു:
“സ്വത്വരാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന് എതിരാണ്. അതു വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. എങ്കിലും സ്വത്വം ഒരു പ്രശ്നം തന്നെയല്ലേ എന്ന സംശയം ചില സുഹൃത്തുക്കള്‍ ഉന്നയിയ്ക്കുകയുണ്ടായി. ദളിത് തൊഴിലാളി, തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണം മാത്രമേ നേരിടുന്നുവെന്ന് ആരെങ്കിലും പറഞ്ഞാള്‍ അതു അസംബന്ധമാണ്. സാമൂഹ്യമായ വിവേചനവും പ്രധാനമാണ്. എന്നാല്‍ ഇത് ദളിത് വിഭാഗത്തിനുമാത്രമേ മനസ്സിലാവുകയുള്ളൂ എന്നും സ്വത്വരാഷ്ട്രീയമാണ് ഇതു കൈകാര്യം ചെയ്യെണ്ടതെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്. ഈ പ്രശ്നത്തെ വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി കീഴ്പ്പെടുത്തി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന കാര്യം സി.പി.എം പരിപാടി ശാസ്ത്രീയമായി അവതരിപ്പിയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പാര്‍ടി കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയങ്ങളില്‍ ഇതിനു പ്രത്യേക ഇടം കെട്ടിയിട്ടുണ്ട്.“-സ്വത്വരാഷ്ട്രീയ വിവാദം. പി.രാജീവ്

ഇന്നിപ്പോള്‍ പലരും കാര്യമായി ഈ സ്വത്വരാഷ്ട്രീയപ്രശ്നം പൊക്കിക്കൊണ്ടു വരുന്നതു തന്നെ സി.പി.എമ്മിനിട്ടൊരു കൊട്ടുകൊടുക്കാം എന്നു കരുതി മാത്രമാണ്. കാരണം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന മോഡല്‍ സ്വത്വ നിര്‍വചനം ബെര്‍ലിയുടെ ബ്ലോഗില്‍ നിന്നും തോണ്ടിയിട്ടു കാണിച്ചിട്ടുണ്ടല്ലോ! അപ്പോള്‍ പിന്നെ കൊട്ടല്‍ എളുപ്പമായി.

പച്ചയ്ക്കു പറഞ്ഞാല്‍ സി.പി.എം. ദളിത്-ക്രൈസ്തവ-മുസ്ലീം വിരുദ്ധരാണ് എന്നു പ്രഖ്യാപിയ്ക്കുകമാത്രമാണ്  ഈ ലേഖനകര്‍ത്താവിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുകളല്ലേ വരുന്നത്. സംഗതി ചൂടായിത്തന്നെ നില്‍‌ക്കട്ടെ. അങ്ങനെയും പത്തോട്ട് കിട്ടുന്നെങ്കില്‍ കിട്ടട്ടെ.

Saturday, 5 June 2010

നേര്‍ക്കാഴ്ചകള്‍ : ചില പരിസ്ഥിതി ചിന്തകള്‍ .

http://www.dgreetings.com

ജൂണ്‍ -5. ലോക പരിസ്ഥിതി ദിനം. ഇന്ന് ലോകമെമ്പാടും ചര്‍ച്ചകളും
സെമിനാറുകളും നടക്കും. ഒപ്പം നമ്മുടെ കേരളത്തിലും. ഒക്കെ ഇന്നൊരു ദിനത്തേയ്ക്കുള്ള വ്യായാമം. നാളെ മുതല്‍ നാം നമ്മുടെ പതിവുകള്‍ തന്നെ തുടരും.

 പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വെട്ടാതിരിയ്ക്കലും വൃക്ഷത്തൈ വച്ചു പിടിപ്പിയ്ക്കലും മാത്രമാണെന്നു ധരിച്ച ഒട്ടേറെ പ്പേര്‍ നമ്മുടെ നാട്ടിലുണ്ട്.
കുറച്ചു ബു.ജി.കളും കവി(കവിയിത്രി)കളും കൂടി ചേര്‍ന്നുണ്ടാക്കിയ ഒരു പൊതു ബോധ്യമാണത്. (അവരുടെ നല്ല വശം കാണാതിരിയ്ക്കുന്നില്ല). എന്നാല്‍ അതിനുമപ്പുറമായ ചില മാനങ്ങള്‍ കൂടി ഉണ്ടാവേണ്ടതാണ് നമ്മുടെ പരിസ്ഥിതി ബോധ്യത്തിന്.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യമായ വിഷയങ്ങളാണല്ലോ. ധാരാളം ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ ആകെ പൊടിപൂരം.മിക്കവാറും എല്ലാവരും സാമ്രാജ്യത്വത്തെയും അമേരിയ്ക്കയെയുമൊക്കെ കുറ്റപ്പെടുത്തി തൃപ്തിയടയുന്നു.(അതില്‍ വസ്തുതയുണ്ടന്നതും സത്യം).

 ഈയിടെ അധികമാരും ശ്രദ്ധിയ്ക്കാത്ത ഒരു വാര്‍ത്ത മലയാള പത്രങ്ങളുടെ ബിസിനസ് പേജില്‍ വന്നിരുന്നു: “എയര്‍ കണ്ടീഷണറുകളുടെ വില്പന കേരളത്തില്‍ കുതിച്ചുയരുന്നു“. ഹാ..കേള്‍ക്കാന്‍ എന്തു കുളിര്‍മ്മയുള്ള വാര്‍ത്ത! ഓരോ വര്‍ഷവും വിലകുറച്ചുകൊണ്ട് കമ്പനികള്‍ തമ്മില്‍ മത്സരമാണ്‍; വില്പന ഉയര്‍ത്താന്‍ . പുതിയ വീടുകളില്‍ നിര്‍ബന്ധമായും ഒരു എ.സി.യെങ്കിലും ഉണ്ടാവും. അയല്‍‌വീട്ടില്‍ മേടിച്ചാല്‍ നമ്മുടെ വീട്ടിലും മേടിച്ചിരിയ്ക്കണം. മേടിയ്ക്കുകയാണെങ്കില്‍ സ്‌പ്ലിറ്റ് എ.സി. തന്നെ വേണം. സ്‌പ്ലിറ്റ് എ.സി. എന്നു പറഞ്ഞാല്‍ “----“കമ്പനിയുടെ തന്നെയായിരിയ്ക്കണം!

നോക്കൂ, ഈ വാര്‍ത്തയോട് ഒരു പരിസ്ഥിതി വാദിയും പ്രതികരിച്ചിട്ടില്ല.(എ.സി.യുടെ തണുപ്പിലിരുന്നു പരിസ്ഥിതി പഠനം നടത്തുമ്പോള്‍ എങ്ങെനെ പ്രതികരിയ്ക്കും?)

ശരി, എന്താണ് എ.സി.യുടെ അപകടം?

എ.സി.കള്‍ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ അഥവാ C.F.C യാണ് ആഗോള താപനത്തിനു കാരണമായ “ഓസോണ്‍ ദ്വാരങ്ങള്‍ “ ഉണ്ടാക്കുന്നത്! അതായത് ചൂട് കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യം, വീണ്ടും ചൂട് കൂട്ടാനേ സഹായിയ്ക്കൂ!!
എ.സി.കള്‍ വളരെ അധികം വൈദ്യുതി ഉപയോഗിച്ചു തീര്‍ക്കുന്നു. അപ്പോള്‍ വൈദ്യുതി ക്ഷാമം ഉണ്ടാകും, കൂടുതല്‍ ഉല്പാദനം വേണ്ടി വരും. ജലവൈദ്യുതിയാണെങ്കില്‍ അത് വനനശീകരണം ഉണ്ടാക്കും. കല്‍ക്കരിയോ ഡീസലോ മറ്റോ ആണെങ്കില്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും. ഫലം ചൂടു വീണ്ടും കൂടും!!

രസകരമായ കാര്യം കേരളത്തിന്റെ കാലാവസ്ഥയില്‍ എ.സി. ഒരാവശ്യമേ അല്ല എന്നതാണ്. മനുഷ്യര്‍ വിയര്‍ക്കുന്ന -ഹ്യുമിഡിറ്റി കൂടിയ-നമ്മുടെ നാട്ടില്‍ ഫാനിന്റെ കാറ്റ് മതിയായതാണ്. (ഗള്‍ഫില്‍ സ്ഥിതി വ്യത്യസ്തമാണ്)
കേരളത്തില്‍ ഇത്രയേറെ ചൂട് വര്‍ധിയ്ക്കാന്‍ കാരണം നമ്മുടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ / വീടുകള്‍ തന്നെയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെ, മഴക്കാലമൊഴിച്ചുള്ള സമയങ്ങളില്‍ കഴിഞ്ഞുകൂടുക ദുഷ്കരമാണ്. കഠിനമായ ചൂടാണ് അനുഭപ്പെടുന്നത്. ഇതാണ് എ.സി.യിലേയ്ക്ക് ആള്‍ക്കാര്‍ എത്തിപ്പെടുന്നതിന്റെ ഒരു കാരണം.
ഇന്നത്തെ സ്ഥിതിയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍ അവ നമുക്ക് പാരിസ്ഥിതിക സൌഹൃദത്തോടെ നിര്‍മ്മിക്കാവുന്നതേ ഒള്ളൂ.

എങ്ങനെ?

ചൂട് ഉള്ളിലെത്തുന്നത് തടയുക എന്നതാണല്ലോ മുഖ്യലക്ഷ്യം. അതിനായി എത്രയോ മാര്‍ഗങ്ങളുണ്ട്.
നിര്‍ബന്ധമായും വീടിന്റെ മേല്‍ വാര്‍പ്പ് “നിരപ്പാ“യി (Flat Roof) മാത്രമേ ചെയ്യാവൂ.
നിരപ്പായി വാര്‍ത്താല്‍ , അത്രയും വിസ്തീര്‍ണം സ്ഥലം നമുക്കു ലഭിയ്ക്കുന്നു. അവിടെ ടിന്‍ /അലുമിനിയം ഷീറ്റോ മറ്റൊ ഉപയോഗിച്ചൊരു മേല്‍കൂര കെട്ടിയാല്‍ പലതാണു ഗുണം. ചൂടു വരില്ല, തുറസ്സായ അവിടെ ,കുട്ടികള്‍ക്ക് ഓടിക്കളിയ്ക്കാം. ചെടികള്‍ വയ്ക്കാം. മുറ്റത്തിന്റെ പ്രയോജനം ചെയ്യും.

അല്ലെങ്കില്‍ ടെറസില്‍ പച്ചക്കറി നടാം. വിഷമേല്‍ക്കാത്ത ശുദ്ധമായ പച്ചക്കറി വീട്ടാവശ്യത്തിന് ഉല്പാദിപ്പിയ്ക്കാം.
ഇതൊന്നും താല്പര്യമില്ലാത്തവര്‍ക്ക് അറക്കപ്പൊടി, ഓല ഇവയൊക്കെ ഉപയോഗിച്ച് ഫലപ്രദമായി ചൂടിനെ തടയാം.ചെരിച്ചു വാര്‍ത്ത വീടുകള്‍ക്ക് ഇതൊന്നും സാധ്യമല്ല. പരിപാലനചിലവ് വേറെ വേണം താനും.
 ഇന്നു കാണുന്നതോ? യാതൊരു പാരിസ്തിതിക ബോധവുമില്ലാത്ത കുറെ എഞ്ചിനീയര്‍മാരും ഉടമകളും ചേര്‍ന്ന്  വീടെന്ന പേരില്‍ എന്തെല്ലാമോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുകയാണ്. “കാഴ്ച”യ്ക്കു വേണ്ടി അനാവശ്യമായ ഒടിവുകളും ചെരിവുകളും കൊടുക്കുന്നു. വാസ്തവത്തില്‍ കുറെ ചെലവുകൂട്ടാമെന്നതില്‍ കവിഞ്ഞ യാതൊരു പ്രയോജനവും ഇതു കൊണ്ടില്ല.
പണ്ടത്തെ ഓടുവീടുകളെ സംബന്ധിച്ചിടത്തോളം ചെരിവ് പ്രശ്നമായിരുന്നില്ല. കളിമണ്ണ് കോണ്‍ക്രീറ്റിനെപ്പോലെ ചൂടിനെ പിടിച്ചു നിര്‍ത്തില്ല. കൂടാതെ ഓട്ടു വീടുകള്‍ക്ക് മച്ചുണ്ടായിരുന്നതു കൊണ്ട് ചൂട് ഉള്ളിലേയ്ക്ക് വരുകയുമില്ലായിരുന്നു.

ചൂടിനെ തടയാന്‍ മറ്റൊരു മാര്‍ഗം തെക്ക് ,പടിഞ്ഞാറ് വശങ്ങളില്‍  ജാതി പോലെ നല്ല ഇലച്ചാര്‍ത്തുള്ള ചെറു വൃക്ഷങ്ങള്‍ , വാഴ, അശോകം തുടങ്ങിയവയൊക്കെ വച്ചുപിടിപ്പിയ്ക്കുക എന്നതാണ്. ചൂട്  തടയുന്നതോടൊപ്പം, ഫലങ്ങള്‍ , വരുമാനം എന്നിവ കൂടി ലഭിയ്ക്കും. 

നോക്കൂ, നമ്മുടെ മനോഭാവത്തില്‍ വരുത്തുന്ന ചെറിയൊരു മാറ്റം പരിസ്ഥിതിയെ-നമ്മെയും- എങ്ങെനെ സ്വാധീനിയ്ക്കും എന്ന്.(C.F.C കുറയും, ഓസോണ്‍ പാളി സംരക്ഷിക്കപ്പെടും, ആഗോളതാപനം കുറയും.  
വൈദ്യുതി ലാഭിയ്ക്കും, പരിസ്ഥിതി സംരക്ഷിയ്ക്കപ്പെടും. ചെടികള്‍ കൂടും, ഓക്സിജന്‍ കൂടും, ഫലങ്ങള്‍ ലഭിയ്ക്കും. )

മലയാളിയുടെ ശുചിത്വബോധം എന്നതു വലിയൊരു തമാശയാണ്. എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിയ്ക്കും, പല്ലു തേയ്ക്കും, കക്കൂസില്‍ പോയാല്‍ ശൌചം ചെയ്യും. കഴിഞ്ഞു ശുചിത്വ ബോധം. ഒരാളും തന്റെ പരിസരത്തെക്കുറിച്ച്  ഉത്കണ്ഠാകുലനല്ല. അതൊക്കെ മറ്റുള്ളവര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലെ.?
.ഈയൊരു ബോധം മാറ്റാത്തകാലത്തോളം നമ്മുടെ നാടു നന്നാവില്ല. എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാല്‍ കടമയുടെ കാര്യത്തില്‍ അതില്ല.

ഉത്തരകേരളത്തിലെ പ്രമുഖമായ ഒരു ക്ഷേത്രം. ഭക്ഷണം, കിടപ്പുസൌകര്യം, ടോയിലറ്റ് എല്ലാം ഭക്തന്മാര്‍ക്ക് സൌജന്യം. എന്നാല്‍ അവിടെ ഭക്തര്‍ ചെയ്യുന്നതോ? ചോറുണ്ട ശേഷം ഇല കളയാന്‍ പ്രത്യേകം സ്ഥലമുണ്ടെങ്കിലും അതിനാരും മെനക്കെടില്ല. കാണുന്നിടത്തേയ്ക്ക് എറിയും.  ആകെ  നാറ്റമായിരിയ്ക്കും. ടോയിലറ്റോ, പറയാനില്ല. അസഹ്യമായ ദുര്‍ഗന്ധം കൊണ്ട് അങ്ങോട്ടു പോകാനേ കഴിയില്ല. മലയാളിയുടെ സാമൂഹ്യബോധമില്ലായ്മയുടെ ഉത്തമോദാഹരണം.

 സുന്ദരമായ കേരളനാട് ഇത്രയേറെ വൃത്തികേടായിക്കിടക്കുന്നതിന് ആരാണുത്തരവാദി? സര്‍ക്കാര്‍ മാത്രമാണോ? നമ്മുടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പൊതുബോധ്യമാണ് എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന്. ഒപ്പം നമ്മൂടെ രാഷ്ട്രീയ സംഘടനകളും. ഇന്നാട്ടിലെ മനുഷ്യശക്തി സാമൂഹ്യബോധത്തോടെ ഒരു ദിവസം രംഗത്തിറങ്ങിയാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ ആര്‍ക്കുണ്ട് അതിനു നേരം?
എന്നാല്‍ യാതൊരു പ്രയോജനവുമില്ലാത്ത പ്രകടനങ്ങള്‍ , അക്രമപ്രവര്‍ത്തങ്ങള്‍ ഇവയ്ക്കൊന്നിനും മനുഷ്യശക്തിയ്ക്കു യാതൊരു ക്ഷാമവുമില്ല!വെറുതെയിരുന്ന് മൂക്കുമുട്ടെ തിന്ന്, അന്യരെ പാര വച്ച് ടെന്‍ഷനടിച്ച് , അവസാനം പ്രഷര്‍ , പ്രമേഹം , കൊളസ്ട്രോള്‍ .അതു കുറയ്ക്കാന്‍ ദിവസവും ഓട്ടവും ചാട്ടവും. പാഴാവുന്ന മനുഷ്യ ശക്തി എത്ര?

നാം നേരിടുന്ന-ഭാവിയില്‍ ഏറ്റവും ഗുരുതരമാവാന്‍ പോകുന്ന -പ്രശ്നമാണ് ജലക്ഷാമം.
“ഒരു വര്‍ഷം നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു. ഇന്ത്യ മുഴുവനായി എടുത്താല്‍ ശരാശരി വാര്‍ഷികവര്‍ഷപാതം 1190 മി.മീ. മാത്രമാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടി മഴ നമുക്ക് ലഭിക്കുന്നുണ്ട്. തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് പ്രതിവര്‍ഷം 1800 മി.മീ. മഴയാണ് ലഭിക്കുന്നത്. വടക്ക് ഇത് ഏതാണ്ട് 3800 മി.മീ. വരും. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു പോകുമ്പോഴും മഴയുടെ അളവ് കൂടി വരും.“
 (കടപ്പാട്: ശാസ്ത്രഗതി മാഗസിന്‍ - ലേഖനം ഇവിടെ വായിയ്ക്കൂ )
ഇത്രയും ജലവിഭവമുള്ള ഒരു നാട്ടിലാണ് മഴ നിലച്ചാലുടന്‍ കുടിനീര്‍ ക്ഷാമം അനുഭവപ്പെടുന്നത്!നമ്മുടെ കെടുകാര്യസ്ഥതയുടെയും ആസൂത്രണമില്ലായ്മയുടെയും മകുടോദാഹരണം.

മഴക്കാലത്ത് വെറുതെ ഒഴുകിപോകുന്ന ജലത്തിലൊരു ഭാഗം മാത്രം ശേഖരിച്ച് ശുദ്ധീകരിച്ച് കയറ്റി അയച്ചാല്‍ ഗള്‍ഫിനു പെട്രോഡോളര്‍ പോലെ കേരളത്തിനു ഹൈഡ്രോ ഡോളര്‍ നേടാം. ഈ പണം എത്രയോ കുടിവെള്ള പദ്ധതികള്‍ക്ക് നമുക്കുപയോഗിയ്ക്കാം! ഇതാരെങ്കിലും ഉച്ചത്തില്‍ പറഞ്ഞാല്‍ എല്ലാവരും കൂടി അവനെ കൊന്നു കൊല വിളിയ്ക്കും! അങ്ങനെയൊരു ചിന്ത പോലും അനുവദിയ്ക്കില്ല. സാമ്രാജ്യത്വം! സാമ്രാജ്യത്വം!
(ഈയിടെ വ്യവസായസെക്രട്ടറി പറഞ്ഞത് എന്താണെന്ന് മനസ്സിലാവും മുന്‍പേ എല്ലാവരും കൂടി കേറിയിടപെട്ട് കുളമാക്കി.കോളകള്‍ കഴിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. കേരളത്തില്‍ നിന്നല്ലെങ്കില്‍ മറ്റെവിടുന്നെങ്കിലും സാധനം വരും. എന്നാല്‍ പിന്നെ അതിവിടെ തന്നെ ആയിക്കൂടെ? എത്ര പേര്‍ക്കു പണി കിട്ടും? 
എന്നാല്‍ അത് കുടിവെള്ളക്ഷാമം ഉണ്ടാക്കാതെയും പരിസരമലിനീകരണം സൃഷ്ടിക്കാതെയുമായിരിയ്ക്കണം. അതിനുള്ള സാധ്യതയെക്കുറിച്ച് പഠിയ്ക്കണം. ഇതു രണ്ടും സാധ്യമേയല്ലയെങ്കില്‍ മാത്രമേ കോളകമ്പനിയെ കെട്ടുകെട്ടിയ്ക്കേണ്ടതുള്ളൂ.  ഇവിടെ അതുണ്ടായോ? ഇതൊരു സമീപനത്തിന്റെ ഉദാഹരണമായിക്കണ്ടാല്‍ മതി. )

 പൂച്ചയ്ക്കാരു മണികെട്ടാനാണ് ? വിവാദ ജീവികളാണല്ലോ എവിടെയും.

നമ്മുടെ മാധ്യമങ്ങള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമയ്ക്കുന്ന വിവാദങ്ങളുടെ നാലിലൊന്ന് ഭാഗം ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണത്തിനു വേണ്ടി മാറ്റിവച്ചിരുന്നെങ്കില്‍ ....

പറഞ്ഞുവന്നത്, നമ്മുടെ മനോഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയാണ്. അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കി സ്വാഭാവികമാര്‍ഗങ്ങളില്‍ കൂടി തന്നെ നമുക്ക് ചൂട് കുറയ്ക്കാം , പരിസ്ഥിതിയ്ക്ക് ആഘാതമേല്പിയ്ക്കാതിരിയ്ക്കാം. 
സാമൂഹ്യബോധവും പരിസ്ഥിതി ബോധവുമുണ്ടായാല്‍ പരിസരശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാധിക്കാം.

ഒപ്പം, നമ്മുടെ (ജലത്തെ)വിഭവങ്ങളെ വിവേകത്തോടെയും ആസൂത്രണത്തോടെയും ഉപയോഗിച്ചാല്‍ നാടു നന്നാകും, ഒപ്പം ജനങ്ങളും.
 ഈ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഇതാവട്ടെ.

Thursday, 3 June 2010

സ്വത്വബോധവും പൊതു ബോധവും.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മുടെ മാധ്യമങ്ങള്‍ ഊതിക്കത്തിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആളാതെ അണഞ്ഞു പോയ ഒരു “വിവാദ”മാണ് “സ്വത്വരാഷ്ട്രീയം”. അധികം കത്താതെ പോകാന്‍ രണ്ടാണ് കാരണം. ഒന്ന്, വിവാദത്തിനു തുടക്കമിട്ട ആള്‍ നിരുപാധികം പിന്‍‌വാങ്ങിയിരിയ്ക്കുന്നു. രണ്ട്, ഈ “സ്വത്വ രാഷ്ട്രീയം” എന്നു പറഞ്ഞാല്‍ ചുക്കോ ചുണ്ണാമ്പോ എന്നു മനസ്സിലാക്കാന്‍ സാധാരണക്കാര്‍ക്കുള്ള ബുദ്ധിമുട്ട്.
അത്ര പരിചയമില്ലാത്ത ഒരു വാക്ക് എന്നതില്‍ കവിഞ്ഞ ഒരു സങ്കീര്‍ണതയും ഇതിലില്ല. “സ്വത്വം“ എന്നു പറഞ്ഞാല്‍ “തനതായ” എന്നു കരുതിയാല്‍ മതി.
ഒരു മതത്തിന്റെ, ജാതിയുടെ, ഭാഷയുടെ, ദേശത്തിന്റെ, വംശത്തിന്റെ ഇങ്ങനെ ഏതെല്ലാം രീതിയില്‍ മനുഷ്യനെ വേറിട്ട് കാണാമോ അതിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിയ്ക്കുന്നതാണ് സ്വത്വരാഷ്ട്രീയം. (ഏകദേശ അര്‍ത്ഥം)
ഉദാഹരണങ്ങള്‍ :
മതപരമായി- മുസ്ലീം ലീഗ്, ബി.ജെ.പി, അകാലിദള്‍
ജാതിപരം : പഴയ എസ്.ആര്‍ .പി, എന്‍ ‍.ഡി.പി കക്ഷികള്‍ , പാട്ടാളി മക്കള്‍ കച്ചി.
വംശീയം: ദ്രാവിഡ മുന്നേറ്റ കഴകം
പ്രാദേശികം: ശിവസേന, മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന.
ഭാഷാപരം: മലയാളി, തമിഴന്‍ , തെലുങ്കന്‍
കൂടാതെ,ഫെമിനിസ്റ്റ് സംഘടനകള്‍ , എസ്.എന്‍ ഡി.പി, എന്‍ ,എസ്,എസ്, മുസ്ലീം സംഘടനകള്‍ അങ്ങനെയുള്ള എല്ലാ വക സാമുദായിക ജാതി സംഘടനകള്‍ , ആര്‍ .എസ്.എസ് ഇവയെല്ലാം സ്വത്വ പ്രസ്ഥാനങ്ങളാണ്.
ലോക ചരിത്രത്തിലെ ഏറ്റവും ഭീകരസ്വത്വ പ്രസ്ഥാനമായിരുന്നു ഹിറ്റ്ലറുടെ നാസി പാര്‍ട്ടി.
കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം എല്ലാ സ്വത്വ രാഷ്ട്രീയത്തെയും നിരാകരിയ്ക്കുന്നു. പകരം വര്‍ഗ രാഷ്ട്രീയമാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ലോകത്താകെ മുതലാളി വര്‍ഗം, തൊഴിലാളി വര്‍ഗം എന്നീ രണ്ടു വര്‍ഗങ്ങള്‍ മാത്രമേ ഉള്ളു എന്നും അവ തമ്മിലുള്ള പോരാട്ടമാണ് ചരിത്രം എന്നും അവര്‍ വിശ്വസിയ്ക്കുന്നു.

സ്വത്വ രാഷ്ട്രീയവും വര്‍ഗ രാഷ്ട്രീയവും ഒരിയ്ക്കലും യോജിയ്ക്കില്ല. ഒന്നു മറ്റൊന്നിനെ ദുര്‍ബലപ്പെടുത്തും.
 എന്നാല്‍ നാം ജീവിയ്ക്കുന്ന സമൂഹത്തില്‍ സ്വത്വം ഒരു യാഥാര്‍ത്ഥ്യമാണ്. അത് ഒരു വ്യക്തിയില്‍ തുടങ്ങി നരവംശത്തില്‍ വരെ എത്തി നില്‍ക്കും.  (കറുത്തവന്‍ - വെളുത്തവന്‍ , യൂറോപ്യന്‍ -ആഫ്രിക്കന്‍ -ഏഷ്യന്‍ , സ്ത്രീ-പുരുഷന്‍ ). 
 എതൊരാളിലും ഒന്നിലധികം സ്വത്വങ്ങള്‍ ഉണ്ടായിരിയ്ക്കും.
ഉദാ: പുരുഷന്‍ >>ഹിന്ദു>>ദളിതന്‍ >>കറുത്തവന്‍ >> മലയാളി.
        പുരുഷന്‍ >> ക്രൈസ്തവന്‍ >> വെളുത്തവന്‍ >>അമേരിയ്ക്കന്‍ .
അങ്ങനെയങ്ങനെ. ഒരാള്‍ ജീവിയ്ക്കുന്ന ചുറ്റുപാടില്‍ ഏതാണോ കൂടുതല്‍ പ്രസക്തമായ സ്വത്വം അതയാള്‍ സ്വീകരിയ്ക്കുന്നു, ബാക്കിയുള്ളത് മാറ്റിവയ്ക്കും.

സമൂഹത്തില്‍ ആധിപത്യമുള്ള ഒരു പൊതു ബോധം ഉണ്ടാകും. സാമ്പത്തിക രാഷ്ട്രീയ നിയന്ത്രണാധികാരമുള്ള സ്വത്വങ്ങളുടെ ഒരു മിശ്രണം ആണ് ഈ പൊതുബോധം. 
ഒരാളുടെ സ്വത്വബോധം സമൂഹത്തിന്റെ പൊതു ബൊധവുമായി യോജിച്ചു പോകാതെ വരുമ്പോഴാണ് സംഘര്‍ഷം ഉണ്ടാകുന്നത്.  തന്റേത് പൊതുസമൂഹത്തില്‍ നിന്നും വേറിട്ട ഒരു സ്വത്വമാണെന്ന ബോധ്യമുണ്ടായാല്‍ ആ വ്യക്തി സമൂഹത്തിനെതിരാകും. ഈയൊരു സാധ്യതയാണ് വിവിധ ജാതി-മത-തീവ്രവാദസംഘടനകള്‍ ഉപയോഗപ്പെടുത്തുന്നത്.
ഇവിടെ വര്‍ഗബോധം നല്ലൊരു മറുമരുന്നാണെങ്കിലും, അത് വ്യക്തിയുടെ സ്വത്വബോധത്തെ ബുദ്ധിപരമായും വൈകാരികമായും കീഴ്പെടുത്തേണ്ടിയിരിയ്ക്കുന്നു. ഓരോ വ്യക്തിയും വിവിധ സ്വത്വങ്ങളുടെ ഒരു കൂടാരമായിരിയ്ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇതത്ര എളുപ്പമല്ല.

ഇത്തരം വിഷയങ്ങള്‍ നമ്മുടെ മാധ്യമങ്ങള്‍ വെറും കക്ഷിരാഷ്ട്രീയത്തിനപ്പുറം കാണാതെയാണ് പൊക്കിക്കൊണ്ടു വരുന്നത്. ഇപ്പോള്‍  ഈ ചര്‍ച്ച വന്നതു തന്നെ സി.പി.എമ്മിനെ അടിയ്ക്കാന്‍ ഒരു വടി എന്നതില്‍ കവിഞ്ഞ യാതൊരു താല്‍‌പര്യത്തിലുമല്ല.

സ്വത്വബോധം എല്ലാവരിലുമുണ്ട്. സ്വത്വം ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. അതിനെ പൊതുബോധത്തില്‍ ലയിപ്പിയ്ക്കാനാണ് നാം ശ്രമിയ്ക്കേണ്ടത്. അല്ലാതെ ഓരോ സ്വത്വത്തെയും വേര്‍തിരിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നത് പനിനീര്‍ പൂവിന്റെ ഇതളുകള്‍ വേര്‍പെടുത്താന്‍ ശ്രമിയ്ക്കുന്നതു പോലെയായിരിയ്ക്കും. ഒന്നും ബാക്കിയുണ്ടാവില്ല;
പൂവും സുഗന്ധവും.

(വാല്‍ക്കഷണം: ഞാനൊരു ബുദ്ധിജീവി അല്ലാത്തതിനാല്‍ പരമാവധി ലളിതമായി പറയാനാണ് ശ്രമിച്ചിട്ടുള്ളത്.)