പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 15 March 2011

സഹയാത്രികന്‍

ജീവിതത്തെ നാം സാധാരണ ഒരു യാത്രയോട് ഉപമിയ്ക്കാറുണ്ട്. യാത്രയ്ക്കിടയില്‍ പലരെ കാണുന്നു, പരിചയപ്പെടുന്നു, ചിലരെ സുഹൃത്താക്കുന്നു, ചിലര്‍ നമ്മെ സ്വാധീനിയ്ക്കുന്നു, അങ്ങനെയങ്ങനെ. ആലങ്കാരികമായി വളരെ ശരിയാണത്. ചിലപ്പോള്‍ യഥാര്‍ത്ഥ യാത്രയിലും അങ്ങനെയൊക്കെ സംഭവിയ്ക്കാറുണ്ട്.  കുറച്ചുനാള്‍ മുന്‍പ്  “ARROW" എന്ന ഹോളിവുഡ് സിനിമ കാണുകയുണ്ടായി. നായകന്‍ ലോസാഞ്ചലസിലുള്ള “പ്രസവാസന്നയായ” ഭാര്യയുടെ അടുത്തേയ്ക്കു പോകാന്‍ എയര്‍പോര്‍ട്ടിലെത്തുന്നു. അവിടെവച്ച് യാദൃശ്ചികമായി ഒരു വ്യക്തി നായകന്റെ ലഗേജ് തട്ടി മറിച്ചിട്ടു. പിന്നെ  മന:പൂര്‍വമല്ല്ലാത്ത ചില സംഭവങ്ങളാല്‍, ആ വ്യക്തിയും അയാളുടെ പട്ടിയും നായകന്റെ യാത്രമുടങ്ങാന്‍ കാരണക്കാരായി. തുടര്‍ന്ന് അയാളുടെ കാറില്‍ ലോസഞ്ചലസിലേയ്ക്ക്  പോകാന്‍ നായകന്‍ നിര്‍ബന്ധിതനായി. ഈ യാത്രയില്‍ കൂടെയുള്ളയാളിന്റെ അബദ്ധങ്ങളാല്‍ നായകന്‍ അനുഭവിയ്ക്കാത്ത ദുരിതങ്ങളൊന്നുമില്ല.  പണവും രേഖകളും നഷ്ടപെട്ടു, മറ്റുള്ളവരുടെ തല്ലുകൊണ്ടു‍, പോലീസ് സ്റ്റേഷനിലും ലോക്കപ്പിലും പെട്ടു ‍, ആക്സിഡന്റ് പറ്റി കൈയും തലയും പൊട്ടി,  ഉറ്റസുഹൃത്തുമായി തെറ്റേണ്ടി വന്നു, അങ്ങനെയങ്ങനെ. ഇതൊക്കെ ആയിട്ടും നായകന് അയാളെ കുറ്റപ്പെടുത്താനോ ഒഴിവാക്കാനോ സാധിയ്ക്കുന്നില്ല, കാരണം അയാള്‍ മന:പൂര്‍വം ചെയ്യുന്നതല്ല ഇതൊന്നും. അങ്ങനെയങ്ങു സംഭവിച്ചു പോകുകയാണ്. അവസാ‍നം നായകന്‍ ഒരു പ്രാകൃതന്റെ അവസ്ഥയില്‍ ഒടിഞ്ഞ കൈയുമായി ഭാര്യയുടെ അടുത്തെത്തുമ്പോള്‍ പ്രസവമൊക്കെ കഴിഞ്ഞിരുന്നു.

 നമ്മുടെ യാത്രകളിലും ഇങ്ങനെ അപൂര്‍വം ചിലരെ പരിചയപെട്ടിട്ടുണ്ടാവാം. അവര്‍ നമ്മുടെ നല്ലതോ മോശമോ  ചില അനുഭവങ്ങള്‍ക്കു കാരണഭൂതരായേക്കാം. ഇങ്ങനെയൊന്നുമല്ലെങ്കിലും ഇക്കഴിഞ്ഞ നവംബറില്‍ ഒരു യാത്രയ്ക്കിടെ പരിചയപ്പെട്ട  ഒരു വ്യക്തിയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല.

കണ്ണൂര്‍കാരനായ ഞാന്‍ തൃശൂരില്‍ ഒരു പരിപാടിയ്ക്കു ശേഷം, ഉച്ചയ്ക്ക് മൂന്നുമണിയോടെ ശക്തന്‍ തമ്പുരാന്‍ ബസ്‌സ്റ്റാന്‍ഡില്‍ നിന്നും ഗുരുവായൂരിലേയ്ക്കുള്ള ബസില്‍ കയറി. അപ്പോള്‍ എന്റെ തൊട്ടടുത്ത സീറ്റില്‍ ശുഭ്രവസ്ത്രധാരിയായ, അന്‍പതു വയസ്സോളം പ്രായമുള്ള ഒരു മാന്യവ്യക്തി വന്നിരുന്നു.

ബസ് സ്റ്റാന്‍ഡ് വിട്ടു, കണ്ടക്ട്രര്‍ ബാഗുമായി വന്നു:

“ഗുരുവായൂര്‍..” ഞാന്‍ കാശ് കൊടുത്തു. ബാക്കി തന്ന ശേഷം അയാള്‍ അടുത്തയാളോടായി ചോദ്യം. ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഞാന്‍ കണ്ടക്ടറെ നോക്കി. അയാള്‍ എന്നെ ഗൌനിയ്ക്കുന്നില്ല.

“ടിക്കറ്റ് കിട്ടിയില്ല..” ഞാന്‍ അയാളോട് പറഞ്ഞു.

“നിര്‍ബന്ധമാണെങ്കില്‍ തരാം..” കണ്ടക്ടര്‍ എവിടെ നിന്നോ ഒരു ചുളുങ്ങിയ ടിക്കറ്റ് എനിയ്ക്കു തന്നു. ഞാന്‍ നോക്കിയപ്പോള്‍ ഞാന്‍ കൊടുത്തതിലും വലിയ തുകയാണ് അതിലെ ചാര്‍ജ്. ഞാനിങ്ങനെ അത്ഭുതപ്പെട്ടിരിയ്ക്കുമ്പോള്‍ അടുത്തിരുന്നയാള്‍:

“തൃശൂരുകാരനല്ല അല്ലേ..?”

“അല്ല, കണ്ണൂരുകാരനാണ്. ഇവിടെയെന്താ ബസില്‍ ടിക്കറ്റ് കൊടുക്കുകയില്ലേ? കണ്ണൂരൊക്കെ ആണെങ്കില്‍ കൃത്യം ടിക്കറ്റ് തരും, അതും നല്ല കമ്പ്യൂട്ടറിലടിച്ച ടിക്കറ്റ്..”

“ഇവിടെ അങ്ങനെയൊന്നുമില്ല. കാശ് മേടിയ്ക്കും, അത്രതന്നെ..”

“അപ്പോള്‍ ചെക്കിങ്ങിനു വന്നാലോ..?”

“ആരു ചെക്കിങ്ങിനു വരാന്‍..?”

ഞാനാലോചിച്ചു ഇതെന്തു ഏര്‍പ്പാട്? ബസ് മുതലാളി എങ്ങനെ അറിയും തന്റെ ബസിലെ കളക്ഷന്‍ ? എല്ലാ യാത്രക്കാരും ടിക്കറ്റെടുത്തോ എന്ന് കണ്ടക്ടറെങ്ങനെ അറിയും? നല്ല പുതുമ തന്നെ ! അപ്പോഴതാ ശുഭ്രവസ്ത്രധാരിയുടെ ചോദ്യം:

“കണ്ണൂരൊക്കെ എങ്ങനെ ജീവിയ്ക്കുന്നു ? എപ്പോഴും തലവെട്ടും ബോംബേറുമല്ലേ..! ”

“ഹ ഹ ഇതൊക്കെ ആരുപറഞ്ഞു സാര്‍? കണ്ണൂര്‍ ജില്ലയുടെ ചിലപ്രദേശത്തുമാത്രമുള്ള പ്രശ്നങ്ങള്‍ക്ക് ജില്ലയ്ക്കു മൊത്തം ചീത്തപ്പേരാണെന്നു മാത്രം. മറ്റു പലയിടത്തെയും കാര്യങ്ങള്‍ നോക്കിയാല്‍ കണ്ണൂര് പ്രശ്നങ്ങള്‍ കുറവാണെന്നതാണ് സത്യം..”

“എന്നാലും രാഷ്ട്രീയത്തിന്റെ പേരില്‍ ഇങ്ങനെ തല്ലിച്ചാകണോ..!”

“ശരിയാണ്. എങ്കിലും രാഷ്ട്രീയത്തോടൊപ്പം തീവ്രമായ സ്നേഹബന്ധങ്ങളുടെ ഒരു തലം കൂടിയുണ്ട് ഈ അക്രമത്തിനൊക്കെ..”

“എങ്ങനെയാണ് നിങ്ങളുടെ നാട്ടിലൊക്കെ സ്ഥലത്തിനു വില ?”

“എന്റേത് കുറച്ച് ഉള്‍പ്രദേശമാണ് സാര്‍. സെന്റിന് അമ്പതിനായിരമൊക്കെ മതിയാകും..”

“ഹോ..ഇവിടെയൊക്കെ തീപിടിച്ച വിലയാണ്. ഞാനീയിടെ ആറ് സെന്റ് സ്ഥലത്തിന് വില ചോദിച്ചു. പതിനെട്ട് ലക്ഷം..! “

“ഇതൊക്കെ ടൌണ്‍ പ്രദേശമല്ലേ സര്‍, അത്രയൊക്കെ ഉണ്ടാകും..”

“ഞാന്‍ താമസിച്ചുകൊണ്ടിരുന്ന  സ്ഥലം ഈയിടെ വിറ്റു, മൂത്ത മോള്‍ക്ക് കുറച്ച് കാശ് കൊടുക്കണം. ബാക്കിയ്ക്ക് ഒരു വീട് വെയ്ക്കാനാണ് സ്ഥലം അന്വേഷിച്ചത്. അന്യായ വിലതന്നെ..”

“എന്തു ചെയ്യാനാ സാര്‍, സ്ഥലത്തിനൊക്കെ റോക്കറ്റ് വേഗത്തിലല്ലേ വിലകയറുന്നത്. എല്ലായിടത്തും  ഇതൊക്കെ തന്നെ സ്ഥിതി..”

“കണ്ണൂര് എന്താണ് ജോലി ?”

“ഞാനൊരു പ്രവാസിയാണ് ‍.  ലീവിനു വന്നതാണ്..”

“ഓ..ഗള്‍ഫിലൊക്കെ നല്ല സുഖമാണല്ലോ ജീവിതം..!”

“എന്തു സുഖം..? സ്വന്തം വീടും നാടും വിട്ടു അന്യനാട്ടില്‍ പോയി ജീവിതം പാഴാക്കാമെന്നു മാത്രം.  ജീവിതകാലം മുഴുവന്‍ പ്രവാസി ആയിട്ട് നാട്ടില്‍ തിരിച്ചുവരുമ്പോള്‍ ആര്‍ക്കും വേണ്ടാതാകുന്ന എത്രയോ പേരുടെ അനുഭവങ്ങള്‍..“

അയാള്‍ അല്പനേരം മൌനമായിരുന്നു. പിന്നെ പറഞ്ഞു:

“ഇതൊന്നും ഗള്‍ഫുകാര്‍ക്കു മാത്രമുള്ള അനുഭവമല്ല സുഹൃത്തേ. ഇപ്പോള്‍ ഇവിടെയും വലിയ വ്യത്യാസമില്ല. ഞാന്‍ ഒരു റെയില്‍‌വേ കാന്റീന്‍ കോണ്ട്രാക്ടറാണ്. ഒരു വിധം കുഴപ്പമില്ലാതെ പോകുന്നുവെന്നു മാത്രം. രണ്ടു പെണ്മക്കളുണ്ട്. മൂത്തവളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. മരുമോന്‍ ബാംഗ്ലൂരില്‍ എഞ്ചിനീയര്‍. അവര്‍ക്കവിടെ ഒരു വീടുമേടിയ്ക്കണം. അതിന് ഞാന്‍ പത്തുലക്ഷം രൂപ കൊടുക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിയ്ക്കുകയാണ്. അവളല്ല, അവനാണ്. നേരിട്ടു പറയാതെ അവളെക്കൊണ്ട് പറയിയ്ക്കുന്നതാണ്..!”

എനിയ്ക്ക് അമ്പരക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ സ്വകാര്യകുടുംബ വിഷയങ്ങളാണ് പറയുന്നത്. ഞാന്‍ അല്പം സങ്കോചത്തോടെ ഇരുന്നു.

“..അവളെ നന്നായി പഠിപ്പിച്ചു, പോസ്റ്റ് ഗ്രാജ്വേഷനും ബി.എഡും കഴിഞ്ഞു. നൂറ് പവനും അഞ്ച് ലക്ഷം രൂപയും കൊടുത്താണ് വിവാഹം നടത്തിയത്. അതു പോരാഞ്ഞിട്ടാണ് ഇപ്പോള്‍ പത്തുലക്ഷം ചോദിയ്ക്കുന്നത്. ഇനിയുമൊരു പെണ്‍കുട്ടിയുണ്ടെന്ന് അവള്‍ ആലോചിയ്ക്കേണ്ടെ..?”

“മക്കളുടെ വിവാഹം കഴിഞ്ഞാല്‍ പിന്നെ സ്വന്തം കാര്യം അവരാണ് നോക്കേണ്ടത്. അവരുടെ നിര്‍ബന്ധങ്ങള്‍ക്ക് അങ്ങനെ വഴങ്ങേണ്ടതുണ്ടോ..?”

“അതല്ലേ സുഹൃത്തേ രസം.., എന്റെ ഭാര്യ തന്നെയാണ് അക്കാര്യത്തില്‍ മുന്‍പന്തിയില്‍. അവളൊരു ഹാര്‍ട്ട് പേഷ്യന്റാണ്. ചികിത്സയ്ക്കായി വലിയൊരു തുക ചിലവാക്കിക്കഴിഞ്ഞു. പോട്ടെ അതു നമ്മുടെ കടമയാണ്. എന്നാല്‍ മകളുടെ കാര്യത്തില്‍ അവള്‍ക്ക് വലിയ പിടിവാശി. നമുക്കതു സാധിയ്ക്കുമോ എന്ന് അവള്‍ ചിന്തിയ്ക്കുന്നേയില്ല. അങ്ങനെയാണ് ഞാന്‍ സ്ഥലം വില്പനയാക്കിയത്..”

പെട്ടെന്ന് അയാളുടെ മൊബൈല്‍ ശബ്ദിച്ചു. മൂന്നാല് മിനിട്ടു നേരം ആരോടോ ഗൌരവത്തില്‍ സംസാരിച്ചശേഷം മൊബൈല്‍ പോക്കറ്റിലിട്ടു. വിക്ഷുബ്ധമായ മുഖം.

“മകളാണ്, അവര്‍ വീടിന് അഡ്വാന്‍സ് കൊടുക്കാന്‍ പോകുന്നു ..!”

എനിയ്ക്ക് നിശബ്ദതയല്ലാതെ മറ്റൊരു റോളുമില്ലല്ലോ..

“എന്റെ ജീവിതത്തില്‍ ഇന്നോളം അലച്ചിലല്ലാതെ ഒന്നുമുണ്ടായിട്ടില്ല. മൂന്നാണുങ്ങള്‍ ഉള്ള വീട്ടിലെ മൂത്ത ആളാണ് ഞാന്‍. വല്ലാതെ കഷ്ടപ്പെട്ടു,  അനുജന്മാരെ പഠിപ്പിയ്ക്കാനും അച്ഛനമ്മമാരുടെ കാര്യത്തിനുമായിട്ട് . വിവാഹശേഷം മാറിത്താമസിച്ചു. പിന്നെ മക്കള്‍ക്കും കുടുംബത്തിനുമായി ജീവിതം. ഭാര്യയോ മക്കളോ എന്റെ വിഷമവും ബുദ്ധിമുട്ടും മനസ്സിലാക്കുന്നില്ല, ചോദിയ്ക്കുന്നുമില്ല.  സത്യത്തില്‍, മക്കളില്ലാത്തവര്‍ എത്ര ഭാഗ്യവാന്മാര്‍ എന്നു പോലും തോന്നിയിട്ടുണ്ട്..”

“സാര്‍ ഇപ്പോള്‍ എങ്ങോട്ട് പോകുന്നു..?”

“ഗുരുവായൂരിലേയ്ക്ക്. ഭാര്യയും മോളും മുന്‍പിലുണ്ട്. എല്ലാ ഞായറാഴ്ചയും ദീപാരാധന തൊഴാന്‍ പോകും . ഞാന്‍ നിങ്ങളോട് ഒത്തിരി സംസാരിച്ചു അല്ലേ.. സത്യം പറഞ്ഞാല്‍ ഞാന്‍ ഇതൊന്നും ആരോടും ഇതു വരെ പറഞ്ഞിട്ടില്ല..”

“ഓ..അതൊന്നും സാരമില്ല. എനിയ്ക്കു മനസ്സിലാകും..”

ബസ് ഗുരുവായൂരിലെത്തി.

“എന്റെ പേര് വാസുദേവന്‍. എന്നെങ്കിലും കാണാം..”  നിറഞ്ഞ ചിരിയോടെ അയാള്‍ എന്റെ കൈകള്‍ പിടിച്ചു കുലുക്കിയിട്ട് എഴുനേറ്റു. ഞാന്‍  ഇറങ്ങുമ്പോള്‍ അയാളെ ശ്രദ്ധിച്ചു. ഭാര്യയും പതിനാല് വയസ്സു തോന്നിയ്ക്കുന്ന ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ട്.  അമ്പലത്തിലേയ്ക്കുള്ള ആള്‍ത്തിരക്കില്‍ അവര്‍ നടന്നു മറഞ്ഞു.

കേവലം ഒരു മണിക്കൂര്‍ പരിചയം കൊണ്ട് അയാള്‍ സ്വന്തം ജീവിതമാണ്  പറഞ്ഞത്. ഞാനാലോചിച്ചു; എന്തുകൊണ്ടാണ് അയാള്‍  എന്നോട് ഇത്രയും തുറന്നു സംസാരിച്ചത്? പ്രവാസികളുടെ ഒറ്റപ്പെടലിനെപറ്റി ഞാന്‍ സൂചിപ്പിച്ചതാകാം അതിനു കാരണം.  പലരും ഇങ്ങനെയാണ്, മനസ്സില്‍ അടക്കിപ്പിടിച്ച സങ്കടങ്ങള്‍ ഒന്നു തുറന്നു പറയാന്‍ ആരെയും കാണുന്നില്ല. മറ്റുള്ളവരെ കേള്‍ക്കാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല. ഒരു പക്ഷെ അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ നാമും നമ്മുടെ സങ്കടങ്ങള്‍ പറഞ്ഞേക്കും അല്ലേ..

15 comments:

 1. യാത്രകളങ്ങനെയാണ്.. പലപോളും അപ്രതീക്ഷിതമായുള്ള പരിചയപ്പെടലുകൾ, ആക്സിഡന്റുകൾ.. ജീവിതവുമതുപോലെയാണല്ലോ. അത്കൊണ്ടായിരിക്കാം ജീവിതവുമൊരു യാത്രയാണന്ന് പറയുന്നത്.

  ഇത്പോലൊരു അനുഭവമുണ്ടായത് ഞാനും എഴുതിയിട്ടുണ്ട്.. http://sijogeorge.blogspot.com/2010/09/blog-post.html

  ReplyDelete
 2. നന്നായിട്ടുണ്ട് ബിജുവേട്ടാ..

  ReplyDelete
 3. എന്താ ഇപ്പോള്‍ പറയുക ബിജു... മക്കളില്‍ മൂത്തവര്‍ക്ക്‌ ഇതൊക്കെ തന്നെ മിക്കവാറും പറഞ്ഞിട്ടുള്ളത്‌... അദ്ദേഹത്തിന്റെ വിഷമം എനിക്ക്‌ നന്നായി മനസ്സിലാകുന്നു... ഇങ്ങനെ എത്രയോ പേര്‍ അല്ലേ...

  പോസ്റ്റ്‌ വളരെ ഇഷ്ടമായി ... വീണ്ടും വരാം ...

  ReplyDelete
 4. ശരിയാകാം. പ്രവാസികളുടെ ഒറ്റപ്പെടലിനെ പറ്റി പറഞ്ഞതാകാം അയാളും അങ്ങനെ വാചാലനാകാന്‍ കാരണം.

  ReplyDelete
 5. നല്ലൊരു നിരീക്ഷണം.
  ആശംസകൾ.

  ReplyDelete
 6. ബിജു,

  നന്മ നിറഞ്ഞ ലേഖനങ്ങള്‍

  ReplyDelete
 7. ഈയൊരു പോസ്റ്റിലൂടേ പല കാര്യങ്ങളും തുറന്നു കാട്ടി.

  ReplyDelete
 8. നന്നായിട്ടുണ്ട് ബിജുവേട്ടാ... പോസ്റ്റ്‌ വളരെ ഇഷ്ടമായി

  ReplyDelete
 9. പാവം ആരോടെങ്കിലും എല്ലാം ഒന്നു തുറന്നു പറയാൻ കൊതിച്ചിട്ടുണ്ടാവും.

  ReplyDelete
 10. “ഓ..അതൊന്നും സാരമില്ല. എനിയ്ക്കു മനസ്സിലാകും..”

  പ്രവാസികള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാവും. ഉള്ളം പുറത്ത് കാണിക്കാതെ ചിരിക്കുന്നവനാണ് പ്രവാസിയെന്ന് അയാള്‍ക്ക് അറിയുമായിരിക്കാം...

  നല്ല പോസ്റ്റ്... ആശംസകള്‍...

  ReplyDelete
 11. നന്നായിരിക്കുന്നു.

  ReplyDelete
 12. നന്നായിരിക്കുന്നു.

  ReplyDelete
 13. യാത്രകൾക്കിടയിൽ കണ്ടു മുട്ടുന്ന ചില മുഖങ്ങൾ പോലും വളരെക്കാലം മനസ്സിൽ തങ്ങി നിൽക്കാറുണ്ട്.

  ബിജുവിനോട് മനസ്സ് തുറന്ന അദ്ദേഹത്തെ കുറിച്ച് എഴുതിയത് നന്നായി.

  ReplyDelete
 14. sahayaathrikan` abhinandanangngal..!

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.