പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday 21 July 2010

ഡ്രൈവിങ്ങിന്റെ അറേബ്യന്‍ പാഠങ്ങള്‍

ഡ്രൈവിങ്ങ് ഒരു കലയാണ്. ഒരു പരിധി വരെ അതു ജന്മസിദ്ധമെന്നു തന്നെ പറയാം. എത്ര ചെറുപ്പത്തിലെ  പഠിയ്ക്കാന്‍ കഴിയുന്നോ അക്കാര്യത്തില്‍ അത്രയും മിടുക്കനാകും നിങ്ങള്‍ . വൈകിപ്പഠിയ്ക്കുന്നവന്  പിക്കപ്പ് നഷ്ടമായിട്ട്  പെണ്ണു കെട്ടുന്നവന്റെ ഗതിയായിരിയ്ക്കും ഫലം.(“തേന്മാവിന്‍ കൊമ്പത്തി“ലെ മാണിക്കനോട് കടപ്പാട്). എത്രയെല്ലാം ശ്രമിച്ചാലും അങ്ങോട്ട് സ്‌മൂത്താവില്ല. അല്ലെങ്കില്‍ എന്റെ അനുഭവങ്ങള്‍ ഒന്നു കേട്ടു നോക്കു.

അനുഭവം -ഒന്ന്.

ഒരു മോട്ടോര്‍ വണ്ടി പോയിട്ട് സൈക്കിള്‍ പോലും മേടിയ്ക്കാന്‍ ഗതിയില്ലാത്ത തറവാട്ടിലാണ് ഈയുള്ളവന്‍ തലകാണിച്ചത്. അതുകൊണ്ട്  തന്നെ വാഹനങ്ങളോട് പരമപുഛമായിരുന്നു. ഡ്രൈവിങ്ങിന്റെ കാര്യം പറയണ്ടല്ലോ.അങ്ങനെ വളര്‍ന്ന് പുരനിറഞ്ഞ്  “ഉത്തരംമുട്ടി“ നില്‍ക്കുമ്പോഴാണ് ഭാഗ്യദേവത യാതൊരു മുന്നറിയിപ്പുമില്ലാതെ കയറി വന്ന്, ഒരു വിസ ശരിയായിട്ടുണ്ട്; ഉടന്‍ കടലുകടക്കാന്‍ റെഡിയായിയ്ക്കോ എന്നു പറഞ്ഞത്. താല്പര്യമില്ലെങ്കിലും നാട്ടില്‍ പട്ടിണി കിടക്കുന്നതിലും രസമായിരിയ്ക്കുമല്ലോ കടലിനക്കരെ എന്നൊരു വിചാരം തലയ്ക്കു പിടിച്ചതോടെ ഓഫര്‍ സ്വീകരിയ്ക്കുകയും ഒരു ഒക്ടോബര്‍ മാസത്തില്‍ സൌദി അറേബ്യയിലെ റിയാദില്‍ വിമാനമിറങ്ങുകയും ചെയ്തു. അവിടെ നിന്നും അഞ്ഞൂറ് കിലോമീറ്റര്‍ മണല്‍ കാട്ടില്‍ കൂടി ഉള്ളിലേയ്ക്ക് ചെന്നാല്‍ അല്‍ ഖസീം പ്രവിശ്യയില്‍ അല്‍ ദരിയ എന്നൊരു ചെറിയ സിറ്റിയിലെത്താം. അവിടുത്തെ മുനിസിപ്പാലിറ്റിയില്‍ (ബലദിയ) ഈയുള്ളവന്‍ ഒരു കൊച്ചുദ്യോഗത്തില്‍ നിയമിയ്ക്കപ്പെട്ടു.

ഓഫീസില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ മരുഭൂമിയോട് ചേര്‍ന്ന് വിശാലമായ ഒരു സ്ഥലത്ത് ലേബര്‍ ക്യാമ്പും മറ്റ് അക്കോമഡേഷനുകളും സ്ഥാപിച്ചിരിയ്ക്കുന്നു. കൂടാതെ മുനിസിപ്പാലിറ്റിയുടെ ഗ്യാരേജും വര്‍ക്ക് ഷോപ്പും.  ലേബര്‍ ക്യാമ്പില്‍ മലയാളികളുണ്ട്. അതു കൊണ്ടു തന്നെ നമുക്കും വലിയ ബോറഡിയില്ലായിരുന്നു. നാട്ടുകാര്യം പറയാം, ചീട്ടുകളിയ്ക്കാം.

സൌദി സര്‍ക്കാര്‍ ഓഫീസിലെ ജോലി നാട്ടിലെ സര്‍ക്കാര്‍ ഓഫീസിനെക്കാളും “സുഖകര”മാണ്. രാവിലെ എട്ടു മണിമുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ ഡ്യൂട്ടി ടൈം. അതിനിടയില്‍ ഉച്ച നിസ്കാരത്തിന് അരമണിക്കൂര്‍ ഒഴിവ്. രാവിലെ എട്ടരയാകാതെ ആരും ഓഫീസിലെത്തില്ല. രണ്ടിനു മുന്‍പു തന്നെ എല്ലാവരും സ്ഥലം വിടുകയും ചെയ്യും. പോരാഞ്ഞിട്ട് വ്യാഴവും വെള്ളിയും അവധി! പോരേ പൂരം! ഞാന്‍ ശരിയ്ക്കും അര്‍മാദിച്ചെന്നു പറയാമല്ലോ. (സൌദിയിലെ അര്‍മാദിക്കല്‍ അധികവും മനസ്സില്‍ മാത്രമാണ് കേട്ടോ)

താമസ സ്ഥലത്തു നിന്നും ഓഫീസിലേയ്ക്കുള്ള യാത്രയ്ക്ക് ഏതെങ്കിലും ഒരു വാഹനം എന്നും എത്തിച്ചു തരുമായിരുന്നു, ഡ്രൈവറടക്കം. എന്നാല്‍ ഇത് ചില അസൌകര്യം ഉണ്ടാക്കുന്നതിനാല്‍ ഞാന്‍ ഒരു വാഹനത്തിന് ആവശ്യപ്പെട്ടു. എന്നു വെച്ചാല്‍ എല്ലാ ഓഫീസ് സ്റ്റാഫിനും വണ്ടി കൊടുക്കാന്‍ അവിടെ വകുപ്പുണ്ട്. ഗ്യാരേജില്‍ ഇഷ്ടം പോലെ വണ്ടികള്‍ ഉണ്ടു താനും.

അങ്ങനെ എനിയ്ക്കും ഒരു വണ്ടി അനുവദിയ്ക്കപ്പെട്ടു. സുസുക്കിയുടെ സമുറായ് മോഡല്‍ ജീപ്പ്. നമ്മുടെ മാരുതി ജിപ്സിയുടെ അടച്ചുകെട്ടിയ രൂപം. സംഗതി കൈയില്‍ കിട്ടിയപ്പോഴാണല്ലോ പ്രശ്നങ്ങളുടെ തുടക്കം. നമുക്കതിനു ഡ്രൈവിങ്ങ് അറിയുമോ? ഇങ്ങനെയുള്ള യാതൊരു പ്രതീക്ഷയും ഇല്ലാത്തതിനാല്‍ നാട്ടില്‍ വച്ച് അതിനു ശ്രമിച്ചുമില്ല. ഞാന്‍ ഗ്യാരേജ് മാനേജറെ കണ്ട് അതി വിനയത്തോടെ പ്രശ്നം അവതരിപ്പിച്ചു. വിനയത്തില്‍ വീണ അറബി ഗ്യാരേജിലെ ഒരു മലയാളി ഡ്രൈവറെ, എന്നെ ഡ്രൈവിങ്ങ് പഠിപ്പിയ്ക്കാന്‍ ചുമതലപ്പെടുത്തി! (നമ്മുടെ നാട്ടില്‍ ആലോചിയ്ക്കാന്‍ പറ്റുമോ?)

രാജു എന്നു പേരായ കക്ഷി എന്നെ രണ്ടു മൂന്നു ദിവസം വൈകുന്നേരങ്ങളില്‍ വിജനമായ പ്രദേശത്ത് കൊണ്ടു പോയി, സ്റ്റിയറിങ്ങ്, ക്ലച്ച്, ബ്രേക്ക്, ആക്സിലേറ്റര്‍ ,ഗീയര്‍ , ഇന്‍ഡിക്കേറ്റര്‍ , വൈപ്പര്‍ എന്നീ സംഗതികളെക്കുറിച്ച് വിശദമായ ക്ലാസെടുക്കുകയും അവയിലൊക്കെ കൈകാല്‍ പ്രയോഗങ്ങള്‍ എങ്ങിനെ എന്ന് ഡെമോ നടത്തിക്കാണിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഞാനവയെ ഭയഭക്തി ബഹുമാനാദരങ്ങളോടെ സ്പര്‍ശിയ്ക്കുകയും എന്റെ അറിവുകള്‍ പ്രയോഗിച്ചു നോക്കുകയും ചെയ്തു.

സ്റ്റാര്‍ട്ട് ചെയ്ത് ഗിയറിട്ട് മുന്നോട്ടെടുക്കല്‍ ആയിരുന്നു ഏറ്റവും വലിയ കടമ്പ. എങ്ങിനെയൊക്കെ നോക്കിയിട്ടും ഗിയറിട്ടു കഴിഞ്ഞാല്‍ , തുടലില്‍ കിടക്കുന്ന പട്ടി കുരച്ചു ചാടുന്ന പോലെ ഒരു ചാട്ടം ചാടി സമുറായി ഓഫാകും. സഹികെട്ട രാജു പലപ്പോഴും എന്റെ സീനിയോറിറ്റി  മറന്നു പോകും. നാട്ടിലെ ഏതോ ചന്തയിലാണ് ഞാനെന്ന് തോന്നിപ്പോകും ആ സമയങ്ങളില്‍ . പോട്ടെ, നമ്മളിതിലൊന്നും പ്രകോപിതനാകരുതല്ലോ, അവനും മനുഷ്യനല്ലേ..ക്ഷമയ്ക്കൊരു പരിധിയുണ്ടല്ലോ!

ഏതായാലും ഒരാഴ്ച കൊണ്ട് അത്യാവശ്യം മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ പഠിച്ചു. ക്ലച്ചും ഗിയറുമാണങ്ങോട്ട് ശരിയ്ക്ക് വഴങ്ങിത്തരാത്തത്. ചിലപ്പോള്‍ ബ്രേക്കും ആക്സിലേറ്ററും മാറിപ്പോകുകയും ചെയ്യും! എന്തുമാവട്ടെ, ഒരു ദിവസം രാജു റിസ്കെടുക്കാന്‍ തീരുമാനിച്ചു. അതായത്, ഗ്യാരേജില്‍ നിന്നും ഓഫീസ് വരെ എന്നോട് വണ്ടി ഓടിയ്ക്കാന്‍ ആവശ്യപ്പെട്ടു!

“അത്രയ്ക്കു വേണോ?“ ഞാന്‍ സംശയിച്ചു.

“സാരമില്ല ബിജു ഭായി. ധൈര്യമായിട്ടെടുക്ക്. ഞാനല്ലേ അടുത്തിരിയ്ക്കുന്നത്.“

ആ പ്രോത്സാഹനത്തിന്റെ ബലത്തില്‍ ഞാന്‍ ഡ്രൈവിങ്ങ് സീറ്റില്‍ കയറി.

അവിടുത്തെ റോഡുകളെക്കുറിച്ച് രണ്ടു വാക്ക് ഇവിടെ പറഞ്ഞോട്ടെ. എല്ലാം രണ്ടു വരിയില്‍ കുറയാത്ത വണ്‍‌വേകള്‍ . "T" എന്ന അക്ഷരത്തെ പലരീതിയില്‍ ഘടിപ്പിച്ച പോലാണ് റോഡുകള്‍ കിടക്കുന്നത്. റോഡ് സൈഡില്‍ ടാറിങ്ങില്‍ നിന്നും അരയടി ഉയരത്തില്‍ ബ്ലോക്ക് കെട്ടി നടപ്പാതകള്‍ . നടപ്പാതയില്‍ ഇടവിട്ട് ഈത്തപ്പനകള്‍ വച്ചിരിയ്ക്കുന്നു.ഇതു പോലൊരു റോഡിലൂടെയാണ് ഞാന്‍ ഓഫീസിലേയ്ക്ക് പോകേണ്ടത്. വണ്‍ വേ ആയതു കൊണ്ട് ധൈര്യമുണ്ട്. എതിരെ ആരും വരില്ല. പിന്നെ ട്രാഫിക്ക് തീരെയില്ലാത്ത റൂട്ടും.
"T" യെ തൊണ്ണൂറു ഡിഗ്രി മുന്നോട്ടു മറിച്ചിട്ടാല്‍ കിട്ടുന്ന രൂപമുണ്ടല്ലോ. മുകളിലേയ്ക്കൊരു വര, പിന്നെ മധ്യത്തില്‍ വലതു സൈഡിലേക്ക് കുറുകെ ഒരു വര. ഇതാണ് അങ്ങോട്ടുള്ള വഴിയുടെ മാപ്പ്. അതായത്  മെയിന്‍ റോഡില്‍ നിന്നും തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞാണ് ഓഫീസ് കോമ്പൌണ്ടിലേയ്ക്ക് കയറുന്നത്.

ഞാന്‍ പരദേവതകളെ ധ്യാനിച്ച് ചാവി തിരിച്ചു. സമുറായ് ഒന്നു രണ്ടു കുരച്ചു ചാട്ടത്തിനു ശേഷം മുന്നോട്ട് കുതിച്ചു. ശ്വാസം വിടാതെ,  കൈയില്‍ നിന്നു വിട്ടുപോകുമോ എന്ന സംശയത്തില്‍ സ്റ്റിയറിങ്ങില്‍ ബലത്തില്‍ പിടിച്ച് ഞാന്‍ വടിപോലിരുന്നു.. രാജു എന്നെയും റോഡിലും മാറി മാറി നോക്കിക്കൊണ്ട് സൈഡു സീറ്റില്‍ ..

നേരെയുള്ള റോഡ്..വണ്‍ വേ.. എന്തു നോക്കാനാ....
ഞാന്‍ ആക്സിലേറ്ററില്‍ ആഞ്ഞു ചവിട്ടി. ചടു പടാ ഗിയര്‍ ടോപ്പിലെത്തി.  ശിഷ്യന്റെ കഴിവില്‍ സംതൃപ്തനായി രാജുഗുരു  മന്ദഹാസം തൂവി.
ഓഫീസിലേയ്ക്ക് തിരിയേണ്ട കട്ടിങ്ങ് ആവുന്നു. എന്നാല്‍ ആ സ്പീഡില്‍ വണ്ടിയവിടെ തിരിയ്ക്കാനാവുമോ എന്നെനിയ്ക്ക് സംശയമായി. സ്പീഡ് ഒട്ടും കുറയുന്നുമില്ല.

“ബ്രേക്ക് ചവിട്ട്.. ബ്രേക്ക് ചവിട്ട് “

ഗുരു വിളിച്ചു പറയുന്നതു  ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ബ്രേക്കെവിടെയാണാവോ..? ഞാന്‍ കാലു കൊണ്ട് തപ്പി.

“തിരിയ്ക്ക്..” ഇതും പറഞ്ഞ് ഗുരു സ്റ്റിയറിങ്ങ് പിടിച്ച് വലത്തേയ്ക്ക് തിരിച്ചു.
നല്ല സ്പീഡിലായിരുന്ന സമുറായി റോഡ് വിട്ട് സൈഡിലെ നടപ്പാതയിലേയ്ക്ക് പാഞ്ഞു കയറി. “ഠോ..ഠോ” ന്നൊരു ശബ്ദത്തോടെ അടുത്തുണ്ടായിരുന്ന ഒരു ഈത്തപ്പനയുടെ ചുവട്ടില്‍ കുത്തി നിന്നു.
ഇന്നസെന്റ് പറഞ്ഞ മാതിരി “എന്താപ്പിവ്ടെ ഇണ്ടായേ?” എന്ന മട്ടില്‍ ഞാന്‍ ചുറ്റും നോക്കി. രാജു ചാടിയിറങ്ങി കുനിഞ്ഞു നോക്കിയപ്പോള്‍ മുന്‍പിലത്തെ രണ്ടു ടയറും ഭംഗിയായി വെടി തീര്‍ന്നിരിയ്ക്കുന്നു! ഭാഗ്യം കൊണ്ട് ഞങ്ങള്‍ക്ക് പരുക്കൊന്നുമുണ്ടായില്ല.
എന്റെ വണ്ടി പഠനം ഇതോടെ കഴിഞ്ഞു എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. എന്നാല്‍ ബലദിയ റെയ്സിന്റെ (മുനിസിപ്പല്‍ കമ്മീഷണര്‍ ) കാരുണ്യം കൊണ്ട് വണ്ടി പിന്നെയും എന്റെ കൈയില്‍ തുടര്‍ന്നു.

പഠിച്ച പാഠം ഒന്ന്-  വളവു തിരിയ്ക്കാന്‍ സ്പീഡു കുറയ്ക്കണം.

അനുഭവം- രണ്ട്

പിന്നീട് ഞാന്‍ കുറേശെ തനിയെ ഓടിയ്ക്കാന്‍ പഠിച്ചു.
ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസ് വിട്ടു വരുന്ന വഴി ടൌണിലെ ഒരു കടയില്‍ പോയി. (ഉച്ച സമയം പൊതുവെ റോഡുകള്‍ വിജനമായിരിയ്ക്കും. തിരക്കുണ്ടെങ്കില്‍ നമ്മള്‍ ആ ഭാഗത്തേയ്ക്ക് പോവില്ല. കട്ടായം). കടയില്‍  നിന്നും ഒരു കുപ്പി അച്ചാര്‍ , അല്ലറ ചില്ലറ മറ്റു സാധനങ്ങള്‍ ഇവ മേടിച്ച് മടങ്ങുകയാണ്. അച്ചാര്‍ കുപ്പി അടുത്ത സീറ്റില്‍ ഇട്ടിരിയ്ക്കുന്നു.

റോഡില്‍ ഒരു തൊണ്ണുറു ഡിഗ്രി വളവ്. ഞാന്‍ വീശിയെടുത്തു. റോഡ് വിജനമാണല്ലോ. ആ ആയത്തില്‍ അച്ചാര്‍ കുപ്പി മുന്നോട്ടുരുണ്ടു. അപ്പോള്‍ ഞാന്‍ ഒരു കൈയില്‍ സ്റ്റീയറിങ്ങ് പിടിച്ചു കൊണ്ട് മറ്റേ കൈയാല്‍ കുപ്പി താഴെ വീഴാതെ താങ്ങിയെടുത്ത് സീറ്റിലേയ്ക്ക് തന്നെ ഇട്ടു. അഞ്ചു റിയാലിന്റെ സാധനമാണ്.

പെട്ടെന്നാണ് ഒരു ഞെട്ടലോടെ ഞാന്‍ കണ്ടത്, സമുറായ് റോഡില്‍ നിന്നും കേറി നടപ്പാതയിലൂടെയാണ് ഓടുന്നത്! സ്റ്റിയറിങ്ങ് തിരിച്ച കൈ അതേ പടി അവിടെ ഇരിയ്ക്കുകയാണല്ലോ.
അല്പം വൈകിയിരുന്നെങ്കില്‍ സൈഡിലെ മതില്‍ ഇടിച്ചേനെ..! മഹാഭാഗ്യം, ഒരറബി പോലും  അവിടെയെങ്ങും  ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ...............?

പാഠം രണ്ട് : സ്റ്റീയറിങ്ങ് ഒടിച്ചാല്‍ മാത്രം പോരാ നേരെയുമാക്കണം

അനുഭവം മൂന്ന്:

ഇതു കുറച്ചു കൂടി കടുപ്പമേറിയതാണ്.
ഒരുച്ച സമയത്തു തന്നെയാണ് സംഭവം. അച്ചാര്‍ മേടിച്ച  ആ കട മലയാളിയായ കരുണാകരേട്ടന്റെ ആണ്. ഒരുച്ചയ്ക്ക് ചില്ലറ സാധനം മേടിച്ച് ഞാന്‍ പതിവു പോലെ വരുന്നു. കടയില്‍ നിന്നും നൂറ് മീറ്റര്‍ അകലെ, നമ്മളു പോകുന്ന റോഡിലേയ്ക്ക്  മറ്റൊരു റോഡ് വന്നു ചേരുന്നുണ്ട്. ഉച്ച നേരത്ത് ഈ റോഡുകളില്‍ മുഴുവന്‍ മറ്റ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിയ്ക്കും. കഷ്ടിച്ച് രണ്ടു വാഹനങ്ങള്‍ക്ക് ചിലപ്പോള്‍ കടന്നു പോകാനാവും. 

ഈ പറഞ്ഞ ഭാഗത്ത്  ഞാനെത്തിയപ്പോള്‍ സൈഡ് റോഡില്‍ നിന്നും ഒരു അറബിയുടെ പിക്കപ്പ് എതിരെ വന്നു. ഇവിടെ  വണ്‍‌വേയല്ല. ഞാന്‍ വണ്ടി നിര്‍ത്തി. അറബിയും നിര്‍ത്തി. രണ്ടു പേരും അല്പനേരം മുഖാമുഖം നോക്കി.പാര്‍ക്കു  ചെയ്തിട്ടിരിയ്ക്കുന്ന വണ്ടികളുടെ ഇടയിലൂടെ സ്ഥലം കണ്ടെത്തി വേണം മുന്നോട്ടു പോകാന്‍ .
ഞാന്‍ കണക്കുകൂട്ടി നോക്കി. അറബിയുടെ പിക്കപ്പിനും പാര്‍ക്കു ചെയ്തിട്ടിരിയ്കുന്ന വണ്ടിയ്ക്കും ഇടയില്‍ എനിയ്ക്കു പോകാനുള്ള സൌകര്യമില്ലേ..? സമുറായിക്കെത്ര വീതി വേണമെന്നൊന്നും എനിയ്ക്കു മനസ്സിലായില്ല. എങ്കിലും കടന്നു പൊയ്ക്കൊള്ളും എന്നു ഞാനങ്ങുറപ്പിച്ചു. ആക്സിലേറ്ററില്‍ ഒരു ചവിട്ടങ്ങു കൊടുത്തു.
“പ്‌ഠേ “
നോക്കുമ്പോള്‍ അറബിയുടെ പിക്കപ്പിന്റെ ബമ്പറും സമുറായിയുടെ ബംബറും പ്രേമപരവശരായി തമ്മില്‍ കൊരുത്തിരിയ്ക്കുന്നു! ഒരു വിറയല്‍ കാല്‍ വഴി കേറി ഉച്ചി വരെ പാഞ്ഞു പോയി.

“ഇന്ത ഹിമാര്‍ .. മുഖ് മാഫി..ഉവായിന്‍ ഷൂവന്ത.? ഹിമാര്‍ ..”

അറബി അലറിക്കൊണ്ട് ചാടിയിറങ്ങി. എന്റെ സകല ജീവനും പോയി. തണുത്തു മരവിച്ചു ഞാനിരുന്നു.

“ഉവായിന്‍ റുക്സാ? “ (ലൈസന്‍സ് എവിടെ?)

നമുക്കെവിടെ ലൈസന്‍സ്? പോലീസ് സ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങേണ്ടി വരുമെന്നോര്‍ത്തപ്പോള്‍ മലേറിയ പിടിച്ചവന്റെ അതേ സ്ഥിതിയിലായി ഞാന്‍ ..

“റുക്സാ..മാഫി.. മാലിശ്..അബു..മാലിശ്..”  (ലൈസന്‍സ് ഇല്ല. മാപ്പാക്കണം.)

ഞാന്‍ ഇറങ്ങി അയാളുടെ കൈയില്‍ പിടിച്ച് ദയനീയമായി പറഞ്ഞു.

“ഹല്ലി വല്ലീ..മാലീശ്..താല്‍ റോ മുറൂര്‍ “(ക്ഷമിയ്ക്കാനോ.. വാ പോലീസിലേയ്ക്ക് )

എന്റെ എല്ലാ പ്രതീക്ഷയും കെട്ടു. ഞാന്‍ പിന്നെയും കുറെ മാലിഷൊക്കെ പറഞ്ഞ് കൈയും കാലും പിടിച്ചു. ഈ ബഹളമെല്ലാം കേട്ടപ്പോള്‍ കരുണാകരേട്ടന്‍ ഇറങ്ങി വന്നു.

“എന്താ ബിജൂ..”

സീന്‍ കണ്ടപ്പോള്‍ തന്നെ കാര്യം മനസ്സിലായെങ്കിലും അങ്ങേര്‍ ചൊദിച്ചു.

“ഇതു കണ്ടോ കരുണാകരേട്ടാ എന്റെ അവസ്ഥ“ എന്ന മട്ടില്‍ ഞാന്‍ പുള്ളിയെ ദയനീയമായി നോക്കി. എന്റെ ഭാഗ്യത്തിന് അങ്ങേര്‍ക്ക് പരിചയമുള്ള ആളായിരുന്നു ഈ അറബി. കുറേ നേരത്തെ അപേക്ഷയ്ക്കൊടുവില്‍ ഇരുനൂറ് റിയാല്‍ നഷ്ടപരിഹാരത്തില്‍ പ്രശ്നമൊതുക്കാന്‍ അറബി സമ്മതിച്ചു. ഇരുനൂറ് റിയാല്‍ പോയെങ്കിലും പോലീസ് സ്റ്റേഷന്‍ കയറാതെ രക്ഷപെട്ടതിന് പറശിനികടവ് മുത്തപ്പന് നന്ദി പറഞ്ഞു.
ഇനിയൊരു പ്രശ്നമുള്ളത് ഗ്യാരേജ് മാനേജര്‍ കുഴപ്പമാക്കുമോ എന്നതായിരുന്നു. പാക്കിസ്ഥാനി ഫോര്‍മാനെ കൈമണിയടിച്ച്, മാനേജര്‍ അറിയും മുന്‍പേ വളഞ്ഞ ബംബര്‍ ശരിയാക്കിച്ചു.

പാഠം മൂന്ന്: വണ്ടിയെയും വഴിയെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരിയ്ക്കണം.

അനുഭവം -നാല്

 ചിലപ്പോള്‍ വൈകുന്നേരങ്ങളില്‍ ഓഫീസില്‍ ഓവര്‍ ടൈം ഉണ്ടാകും. മറ്റാരും എത്തിയിട്ടില്ലെങ്കില്‍ വാച്ചുമാന്റെ കൈയില്‍ നിന്നും താക്കോല്‍ മേടിച്ച് ഞാന്‍ തന്നെ ഓഫീസ് തുറന്ന് ജോലിയെടുക്കും.
ഒരു ദിവസം ഇതു പോലെ വൈകുന്നേരം ഓഫീസില്‍ പോകേണ്ടതുണ്ടായിരുന്നു. എന്റെ സമുറായി ചില്ലറ ആരോഗ്യപ്രശ്നങ്ങള്‍ മൂലം വര്‍ക്ക് ഷോപ്പിലാണ്. എനിയ്ക്കു പോകാന്‍ വണ്ടിയില്ല. പാകിസ്ഥാനി ഫോര്‍മാനെ വിളിച്ചപ്പോള്‍ അവന്‍ പറഞ്ഞു “ജോബി“യുടെ വണ്ടി എടുത്തു കൊള്ളു എന്ന്. ഈ ജോബി മലയാളിയായ ഒരു ഇലക്ട്രീഷ്യന്‍ ആണ്.
ഞാന്‍ ജോബിയെ ചെന്നു കാണുമ്പോള്‍ ഇഷ്ടന്‍ നല്ല ഉറക്കം. കാര്യം പറഞ്ഞപ്പോള്‍ ആ കിടപ്പില്‍ തന്നെ താക്കോല്‍ തന്നിട്ട് പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു.

ഒരു പഴയ പിക്കപ്പ്. ഞാന്‍ വണ്ടിയെടുത്ത് പതുക്കെ വിട്ടു. ഒന്നു രണ്ടു വളവില്‍ വച്ച് എനിയ്ക്കൊരു സംശയം. ബ്രേക്ക് ചവിട്ടല്‍ ശരിയ്ക്ക് ഏല്‍ക്കുന്നുണ്ടോ എന്ന്. തോന്നലായിരിയ്ക്കും എന്ന ധാരണയില്‍ വണ്ടി പിന്നെയും മുന്നോട്ട്. നമ്മുടെ ഓഫീസായി. ഗേറ്റ് അടഞ്ഞു കിടക്കുന്നു. വണ്ടി പുറത്തു നിര്‍ത്തിയിട്ട് ഗേറ്റ് തുറന്നു കയറാം, പൂട്ടിയിട്ടില്ല. അതാണ് പതിവ്.
ഗേറ്റിന്റെ മുന്‍പിലെത്തിയതോടെ ഞാന്‍ ബ്രേക്ക് ചവിട്ടി.
എവിടെ? വണ്ടി നില്‍ക്കുന്നില്ല!
ഞാന്‍ പരമാവധി അമര്‍ത്തി ചവിട്ടി.  ആ സമയം കൊണ്ട് ഗേറ്റ് തൊട്ടു മുന്‍പിലെത്തി. പിന്നെയും പിന്നെയും ചവിട്ടി.
“ഠേ..”
സംഭവിച്ചു കഴിഞ്ഞു.
ഗേറ്റിന്റെ  ഒന്നാന്തരം ഇരുമ്പു  ഫ്രെയിം വളഞ്ഞു പോയി. ഭാഗ്യത്തിന് ഫസ്റ്റ് ഗിയറിലായിരുന്നതുകൊണ്ട് ഇടിയുടെ ആഘാതം കുറവായിരുന്നു.
വീണ്ടും ഫോര്‍മാനെ കൈമണിയടിച്ചു. അവന്‍ എന്തെല്ലാമൊ പ്രാകികൊണ്ട്, കുറെപ്പേരെ കൂട്ടി വന്ന് വളഞ്ഞ ഗേറ്റ് തല്ലി നിവര്‍ത്തു. ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളല്ല എന്നെനിയ്ക്ക് തോന്നിയത് അന്നാണ്.

പിന്നെ ജോബിയെ കുറെ ചീത്തപറഞ്ഞു. ഉറക്കത്തിനിടയില്‍ ബ്രേക്കില്ലാത്ത കാര്യം പറയാന്‍ മറന്നു പോയി പോലും!

പാഠം നാല് : വണ്ടി എടുക്കും മുന്‍പ് ബ്രേക്ക് പരിശോധിക്കണം.

അനുഭവം -അഞ്ച്:

ഇതാണ് സൂപ്പര്‍  അനുഭവം. സര്‍ക്കസില്‍ കാറ് പറപ്പിച്ച് ചാടിയ്ക്കുന്നതു കണ്ടിട്ടില്ലേ അതു തന്നെ.
ആയിടയ്ക്കാണ് ഞങ്ങളുടെ മുനിസിപ്പാലിറ്റിയില്‍ റോഡ് അടിച്ചു വാരുന്ന വലിയൊരു വണ്ടി കൊണ്ടു വന്നത്. എത്ര പൊടി പിടിച്ചു കിടക്കുന്ന റോഡിലൂടെയും ഇവനെ ഒരു വട്ടം ഓടിച്ചാല്‍ ഒന്നാന്തരമായി വൃത്തിയാക്കും. ആകെ അടച്ചുമുടിയതാണ് ഇതിന്റെ ബോഡി. വണ്ടിയുടെ ഇരമ്പലും അടച്ചുമൂടലും കാരണം പുറത്തു നിന്നും ഒരു ശബ്ദവും ഉള്ളില്‍ കേള്‍ക്കില്ല.

അക്കാലത്ത് എനിയ്ക്ക് സമുറായിയ്ക്കു പകരം ഒരു ടൊയോട്ടാ പിക്കപ്പ് കാറായിരുന്നു ഉണ്ടായിരുന്നത്. ഒരു വൈകുന്നേരം ഞാന്‍ ഓഫീസില്‍ ഓവര്‍ ടൈമിനു പോകുന്നു. ഗ്യാരേജില്‍ നിന്നും മെയിന്‍ റോഡിലിറങ്ങി കുറച്ച് ചെന്നപ്പോള്‍ കാണാം മുന്‍പില്‍ ഈ “സ്വീപ്പര്‍ “ വണ്ടി. അവന്‍ പതുക്കെ തൂത്തുവാരി പോകുന്നു.
സൌദിയിലെ റോഡു നിയമപ്രകാരം വലതു സൈഡിലെ റോഡില്‍ കൂടി, വലതു സൈഡു ചേര്‍ന്ന് വേണം പതുക്കെ പോകുന്ന വണ്ടികള്‍ പോകേണ്ടത്. നമ്മുടെ സ്വീപ്പറാകട്ടെ ഇടതു സൈഡാണ് അടിച്ചു വാരുന്നത്. നിയമപ്രകാരം ഇടതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തു കയറേണ്ട ഞാന്‍ വലതു സൈഡു വഴി കയറണമെന്നര്‍ത്ഥം. കുഴപ്പമില്ല അവന്‍ നൂറുമീറ്ററിലധികം മുന്‍പിലാണ്.
നൂറ്റന്‍പത് മീറ്ററിനുള്ളില്‍ വലതു വശത്തേയ്ക്ക് ഒരു റോഡുണ്ട്. നേരെ മുന്നോട്ടു പോകേണ്ട എനിയ്ക്ക് അതു ബാധകമല്ലല്ലോ?
ഞാന്‍ വണ്ടി കുതിച്ചു വിട്ടു. അപ്പോഴതാ എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് ഇടതുവശത്തായിരുന്ന “സ്വീപ്പര്‍ വണ്ടി” വലതു വശത്തേയ്ക്ക് തിരിയുന്നു! അതായത് എനിയ്ക്ക് കുറുകെ നീങ്ങുന്നു. വലതു വശത്തെ റോഡാണ് അവന്റെ ലക്ഷ്യം.

എന്റെ വണ്ടി നൂറുകിലോമീറ്റര്‍ എങ്കിലും വേഗതയിലാണ്.
ഞാന്‍ ഒരു നിമിഷം കണക്കു കൂട്ടി.
ഹോണ്‍ അടിച്ച് അവന് ഒരു സൂചന കൊടുത്തുകൊണ്ട് എന്റെ വണ്ടി സ്പീഡ് കൂട്ടുക. പതുക്കെ ഓടുന്ന “സ്വീപ്പര്‍ ”   ഒന്നു സ്ലോ ആക്കിയാല്‍ ഞാന്‍ അവനെ മറികടന്നു പോകും. പിന്നെ അവന്‍ സൌകര്യം പോലെ വലത്തേ റോഡിലേയ്ക്ക് പൊയ്ക്കൊള്ളട്ടെ!

ഇതിന്‍ പ്രകാ‍രം ഹോണ്‍ മുഴക്കിക്കൊണ്ട് ഞാന്‍ പിക്കപ്പിന്റെ സ്പീഡ് കൂട്ടി.
കഷ്ടം.. ആ പഹയന്‍ അതു കേട്ടിട്ടേയില്ല! അവന്‍ കൂടുതന്‍ വലതേയ്ക്കു തിരിഞ്ഞു! എന്റെ തലയില്‍ കൂടി കൊള്ളിയാന്‍ മിന്നി. ഏതാനും സെക്കന്‍ഡിനകം ഞാന്‍ ആ വണ്ടിയില്‍ ഇടിയ്ക്കും. പിന്നെ എന്റെ പൊടി പോലും കിട്ടില്ല. സ്പീഡ് കുറച്ചാലും ഫലമില്ല. ബ്രേക്ക് ചവിട്ടിയാല്‍ അതിലും വലിയ അപകടമാകും.
ഞാന്‍ രണ്ടും കല്പിച്ച് പിക്കപ്പ് വലതു വശത്തെ റോഡിലേയ്ക്ക് തിരിച്ചു. ആ റോഡ് സൈഡില്‍ കെട്ടിയിരുന്ന ബ്ലോക്കുകള്‍ക്കു മുകളില്‍ കയറി പിക്കപ്പ് അന്തരീക്ഷത്തിലൂടെ പറന്നു. മുന്‍പിലെ വിശാലമായ മരുഭൂമിയില്‍ ഉദ്ദേശം ഏഴ്-എട്ട് മീറ്റര്‍ പിന്നിട്ടിട്ടാണ് നിലം തൊട്ടത്. പിന്നെയും പത്തു പതിനഞ്ചുമീറ്റര്‍ ഓടി വണ്ടി നിന്നു.
"അടിച്ചുവാരന്‍ " വണ്ടിയിലെ ബംഗ്ലാദേശി ഡ്രൈവര്‍ക്കും ഒന്നും മനസ്സിലായില്ല. അവന്‍ നോക്കുമ്പോള്‍ “പറക്കും അണ്ണാനെ”പോലെ ഒരു പിക്കപ്പ് മുന്‍പിലൂടെ പറന്നു പോകുന്നു. അല്‍ഭുതത്തോടെ അവന്‍ വണ്ടി നിര്‍ത്തി.

ടൊയോട്ടാ മോട്ടോര്‍ കമ്പനിയെ ഞാന്‍ മനസ്സില്‍ അഭിനന്ദിച്ചു. ഇത്ര വലിയ ചാട്ടം ചാടിയിട്ടും പിക്കപ്പ് മറിഞ്ഞില്ല.  എന്റെ എല്ലുള്‍പ്പെടെ, ഒന്നും ഒടിഞ്ഞുമില്ല.

ആ ഡ്രൈവറോട് ഞാനെന്തുപറയാനാണ്? അവന്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വണ്ടി തിരിച്ചു എന്നത് തെറ്റാണെങ്കിലും, ആവശ്യമില്ലാത്ത കാല്‍ക്കുലേഷന്‍ നടത്തിയത് എന്റെ തെറ്റല്ലേ.? ഫോര്‍മാലിറ്റിയ്ക്ക് കുറെ ചീത്ത പറഞ്ഞെങ്കിലും വിറയല്‍ വിട്ടുമാറാന്‍ കുറെ സമയമെടുത്തു.

പാഠം അഞ്ച് : ആവശ്യമില്ലാത്ത കണക്കുകൂട്ടല്‍ ആപത്ത്.

വാല്‍ക്കഷണം: നിങ്ങള്‍ വിശ്വസിയ്ക്കുമോ എന്നറിയില്ല. ഞാന്‍ സൌദിയില്‍ വണ്ടിയോടിച്ച ആറു വര്‍ഷവും ലൈസന്‍സ് ഇല്ലാതെയാണ് ഓടിച്ചത്. ഒരിയ്ക്കല്‍ പോലും പോലീസ് പിടിച്ചില്ല. വണ്ടിയുടെ സൈഡിലുള്ള “വാളും ഈന്തപ്പനയും“ ചേര്‍ന്ന  ഔദ്യോഗിക മുദ്രയാവാം കാരണം. അവിടെ നിന്നു പോന്നിട്ടിന്നേ വരെ സ്റ്റിയറിങ്ങ് കൈകൊണ്ടു തൊട്ടിട്ടില്ല ഈ ഞാന്‍ .

34 comments:

 1. ആവശ്യമില്ലാത്ത കണക്കുകൂട്ടല്‍ ആപത്ത്

  ReplyDelete
 2. ഖത്തര്‍ നിവാസികളേ...
  പാഠം ആറ് എഴുതാന്‍ ബിജുവേട്ടന് ആഗ്രഹം കാണും.അതോണ്ട് നാട്ടീ പോയി പെണ്ണിനേം കുട്യേളേം കാണണമെന്നുള്ളവര്‍ മൂപ്പരു സ്റ്റിയറിങ് പിടിക്കുന്ന വണ്ടി കണ്ടാല്‍ ഓടി രക്ഷപ്പെടുക.പോസ്റ്റിന് നന്ദിയുണ്ട് കേട്ടാ :)

  ReplyDelete
 3. "അങ്ങനെ വളര്‍ന്ന് പുരനിറഞ്ഞ് ഉത്തരംമുട്ടി നില്‍ക്കുമ്പോഴാണ് ഭാഗ്യദേവത യാതൊരു മുന്നറിയിപ്പുമില്ലാതെ"..... ഹ ഹ ഹ ഇത് നല്ലത്.......

  പറഞ്ഞ കാര്യങ്ങള്‍ അക്ഷരം പ്രതി ശരിയാണ് ഡ്രൈവിംഗ് എന്ന കാര്യത്തെ പറ്റി. ഞാന്‍ എന്‍റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും , ഞെട്ടിയതും ഒരേ ദിവസമാണ്.സന്തോഷിച്ചത്‌ ദുബായില്‍ എനിക്ക് ലൈസെന്‍സ് കിട്ടിയത് കൊണ്ടാണെങ്കില്‍ ഞെട്ടിയത് അതു എന്‍റെ ആദ്യത്തെ 'ട്രൈ' ആയിരുന്നു എന്നത് കൊണ്ടാണ്. ജീവിതത്തില്‍ ആദ്യമായി ഞാന്‍ കള്ള് വാങ്ങി കൊടുത്തു പാര്‍ട്ടി നടത്തിയ ദിവസ്സം. അന്ന് എന്‍റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഒരു കാര്യം ഉണ്ട്.- നീ നേടിയ ഡിഗ്രിയെക്കാലോക്കെ വലിയ ഡിഗ്രിയാണ് നിനക്ക് കിട്ടിയിരിക്കുന്നതെന്ന്. സത്യമാണ് അതു. ഒരു പക്ഷെ നാട്ടില്‍ കഴിയുന്നവര്‍ക്ക് ഇതിന്റെ വില മനസ്സിലാവില്ല. പ്രവാസികള്‍ക്ക് മനസ്സിലായേക്കും.
  നല്ല ഒരു പോസ്റ്റ്‌.

  ReplyDelete
 4. ബിജൂ ഡ്രൈവിങ്ങ് പുരാണം കലക്കി. അത്ഭുതവും തോന്നുന്നു ലൈസേന്‍സില്ലാതെ വണ്ടിയോടിച്ചു എന്ന് കേട്ടിട്ട്.ഇവിടെ ഞാന്‍ ദുബായ്‌ / ഖത്തര്‍ ലൈസന്‍സ് ഉണ്ടായിട്ടു വണ്ടി ഓടിക്കാന്‍ പേടിയാണ്.എനിക്ക് പറഞ്ഞതല്ല ഡ്രൈവിങ്ങ്,കഴിഞ്ഞ പെരുന്നാള്‍ അവധിക്കു ഒരു റെന്റ് കാര്‍ എടുത്തു രണ്ടു ദിവസം ഓടിച്ചു പക്ഷെ ഭയങ്കര പേടി, തിരക്ക് വരുമ്പോള്‍ വിയര്‍ക്കും. പിന്നെ പാര്‍ക്കിംഗ് ചെയ്യല്‍ ഒരു വലിയ പ്രശ്നമാണ് ,വണ്ടി നമുക്ക് ഒരു ബാദ്ധ്യത ആയി പണ്ടാരം എവിടെയെങ്കിലും കളഞ്ഞു പോകാന്‍ തോന്നും. വണ്ടിയുള്ള ആ രണ്ടു ദിവസം ഞാന്‍ തീരെ ഫ്രീയല്ല എന്ന ഫീലിംഗ് ആണ് എനിക്കുണ്ടായത്.

  ReplyDelete
 5. Biju Therthally21 July 2010 at 19:59

  ഏതായാലും ഒരാഴ്ച കൊണ്ട് അത്യാവശ്യം മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ പഠിച്ചു. ക്ലച്ചും ഗിയറുമാണങ്ങോട്ട് ശരിയ്ക്ക് വഴങ്ങിത്തരാത്തത്. ചിലപ്പോള്‍ ബ്രേക്കും ആക്സിലേറ്ററും മാറിപ്പോകുകയും ചെയ്യും!

  ReplyDelete
 6. സൌദിയിലല്ല നാട്ടിലായാലും ഇതേ പാഠങ്ങൾ ഡ്രൈവിംഗിന് നിർബന്ധമല്ലേ. ഡ്രൈവിംഗ് ഇവിടെ സുഖമാണെങ്കിലും അതിന്റെ റിസ്ക് വളരെ കൂടുതലുമാണ്. ലൈസൻസ് ഇല്ലാതെ വണ്ടിയോടിക്കുമ്പോൾ ബലദിയയുടെ ലോഗോ ഇല്ലായിരുന്നേൽ എപ്പൊ അകത്താക്കി എന്നു ചോദിച്ചാൽ മതി.

  നല്ല വിവരണം.

  ReplyDelete
 7. ഇന്നിതാ ഇപ്പോള്‍ വന്നു കയറിയാതെ ഉള്ളൂ, ബഹ്റിനിലെ ആദ്യ ഡ്രൈവിംഗ് ടെസ്റ്റ്‌ എട്ടു നിലയില്‍ പൊട്ടിയിട്ടു. അതിനെ പറ്റി ഒരു പോസ്റിടണം എന്ന് വിചാരിച്ചതാണ്. വളരെ രസകരമായ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അത് ഇനി വേണോ എന്നൊരു സംശയം.

  നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്..!

  ReplyDelete
 8. ഡ്രൈവിങ്ങ് പഠനം രസകരമായി... പഠാന്‍ ഗുരുക്കന്മാരല്ലാഞ്ഞതും നന്നായി!

  ReplyDelete
 9. പഠനം നന്നായിട്ടുണ്ട്.

  ReplyDelete
 10. ഇനി നാട്ടില്‍ വരുമ്പം പറയണേ.വെറുതെയാണെങ്കിലും വഴിയിലൂടെ നടക്കുമ്പം ഒന്ന് സൂക്ഷിച്ചു നടക്കാല്ലോ.അത് മാത്രമല്ല വണ്ടി പറപ്പിച്ചത് നിര്‍ത്തിയത് പോലെ ഇവിടുന്നു പറപ്പിച്ചാല്‍ താഴെ രയരോം പുഴയില്‍ കുളിക്കുന്നവര്‍ക്ക് പണിയാകും അത്ര തന്നെ.
  പോസ്റ്റ്‌ ഉഗ്രനായി.

  ReplyDelete
 11. "അവിടെ നിന്നു പോന്നിട്ടിന്നേ വരെ സ്റ്റിയറിങ്ങ് കൈകൊണ്ടു തൊട്ടിട്ടില്ല ഈ ഞാന്‍."

  നന്നായി. അല്ലെങ്കില്‍ ഒരു നല്ല പോസ്റ്റ് ബൂലോകത്തിനു ലഭിക്കാതെ പോയേനെ.

  ReplyDelete
 12. എനിയ്ക്കു ഡ്രൈവിംഗ് എന്നു കേള്‍ക്കുന്നതേ അലര്‍ജിയാണ്.കാരണം മറ്റൊന്നുമല്ല.പേടി...അതു തന്നെ.ഒരു ബൈക്കു പോലും ദൈവം സഹായിച്ച് എനിക്ക് ഓടിക്കാനറിയില്ലെ.എന്റെ നാട്ടിലെ മാക്രിപിള്ളേര്‍ ബൈക്ക് വാടകയ്ക്കെടുത്തുകൊണ്ട് വന്ന്‍ പാടത്തിനു മധ്യത്തില്‍ കൂടിയുള്ള റോഡിമ്മേല്‍ ഓട്ടിച്ചുകൊണ്ട് അഭ്യാസം കാണിയ്ക്കുമ്പോള്‍ ഒരിക്കള്‍ കൊതിയായി അവമ്മാരോട് കെഞ്ചി അതൊന്നു മേടിച്ച് ഒന്നോടിയ്ക്കുവാന്‍ ശ്രമിച്ചു.ഹെന്റമ്മച്ചീ..വയലില്‍ തലകുത്തി വീണതിന്റെ ഫലമായി കൈമുട്ട് തൊലിഞ്ഞുവാരി.ആ പാട് ഇതേവരെ പോയിട്ടില്ല. ഡ്രൈവിങ് വേണ്ടേ വേണ്ട

  ReplyDelete
 13. @ Ix's wOrld: എപ്പോഴും എവിടെയും ആപ്ലിക്കബിളായ ശാശ്വത സത്യം. :-)
  @ ജിപ്പൂസ്: പാഠം ആറെഴുതാന്‍ ഞാനിനി സ്റ്റീയറിങ്ങ് പിടിച്ചിട്ടു വേണ്ടേ..തന്നെയുമല്ല എനിയ്ക്കും നാട്ടിപ്പോയി പെണ്ണിനേം കുട്ട്യേളേമൊക്കെ കാണണോന്നുണ്ട്.. നന്ദി ജിപ്പൂസേ.
  @ ആളവന്താന്‍ : ദുബായിലും മറ്റുമൊക്കെ ലൈസന്‍സ് കിട്ടാന്‍ വലിയ പാടാന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഈ അല്‍ ഖസീമില്‍ വളരെ എളുപ്പമായിരുന്നു. അല്പം ചില്ലറ മുടക്കണം. അല്ലെങ്കില്‍ ശുപാര്‍ശ വേണം. ഇതൊന്നുമില്ലെങ്കില്‍ അഞ്ചോ ആറോ പ്രാവശ്യം പോകേണ്ടി വരുമെന്നു മാത്രം. കമന്റിനു നന്ദി.
  @ ഷാജി ഖത്തര്‍ : സംഗതി സത്യമാണ് ഷാജി. അവിടെ പോലീസ് ചെക്കിങ്ങില്‍ പെടാത്തതിനു കാരണം, ബലദിയ വണ്ടികളിലെ ഡ്രൈവര്‍മാര്‍ക്ക് ആര്‍ക്കും ലൈസന്‍സില്ലായിരുന്നു.വല്ലപ്പോഴും പോലീസ് പിടിച്ചാല്‍ പോലും “റെയ്സ്” ഇടപെട്ട് ഇറക്കിക്കൊണ്ടു പോരും. അതുകാരണം ആ മെനക്കേടിന് പോലീസ് നില്‍ക്കാത്തതാണ്. തന്നെയുമല്ല മിക്ക പോലീസുകാര്‍ക്കും നമ്മളെ കണ്ടു പരിചയവും ഉണ്ടായിരുന്നു. എന്നാല്‍ വല്ല സ്ക്വാഡിന്റെയും കൈയില്‍ പെട്ടാല്‍ രക്ഷയില്ല. അങ്ങനെ വല്ല സൂചനയും കിട്ടിയാല്‍ നമ്മളു വണ്ടി ഷെഡില്‍ നിന്നിറക്കുകയില്ലല്ലോ! ഷാജിയെപ്പോലെ എനിയ്ക്കും ഡ്രൈവിങ്ങ് പറഞ്ഞിട്ടില്ല.
  @ബിജു തേര്‍ത്തല്ലി: :-) നന്ദി.
  ‌@ അലി: ശരിയാണ്. പിന്നെ എന്റെ പാഠങ്ങള്‍ മുഴുവന്‍ അറേബ്യയുടെ സംഭാവനയാണല്ലോ. :-) നന്ദി.
  @ ബോറന്‍ : തീര്‍ച്ചയായും ആ പോസ്റ്റു കൂടി വരട്ടെ.നാട്ടില്‍ വര്‍ഷങ്ങളായി ടാക്സി ഓടിച്ച ഒരാള്‍ അവിടെ ടെസ്റ്റിനു പോയിട്ട് തുടര്‍ച്ചയായി മൂന്നു തവണയാണ് പൊട്ടിയത്!
  @ അനില്‍ കുമാര്‍ : അതേ.. രാജു ഗുരു ഇപ്പോള്‍ ദുബായിലെവിടെയോ ഉണ്ട്.
  @ മിനി: :-) നന്ദി ടീച്ചറേ.
  @ എബിന്‍ : ധൈര്യമായി നടന്നോ.നമ്മളിനി വണ്ടി ഓടിയ്ക്കാനേ ഇല്ല. തന്നെയുമല്ല നാട്ടിലാണെങ്കില്‍ സൈഡു തെറ്റുകയും ചെയ്യും. മുകളില്‍ പറഞ്ഞ ജോബി, നാട്ടില്‍ ഒരു കല്യാണ വണ്ടി ഓടിച്ച് വലതു വശത്തെ ഓടയില്‍ വീണ കഥയുണ്ട്. പിന്നെ പറയാം.
  @ കല്‍ക്കി: നഗ്ന സത്യം മാത്രം. വളരെ നന്ദി.
  @ ശ്രീക്കുട്ടന്‍ : അപ്പോ എനിയ്ക്കൊരു കൂട്ടായി. നമ്മളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍ അല്ലേ
  ‌@ അഭി : നന്ദി. :-)

  ReplyDelete
 14. ജിത്തു22 July 2010 at 12:59

  ഓഹോ .... ബിജുവേട്ടന്‍ പഴയ ആട് ഖസീമില്‍ ( അല്‍ ഖസീമിനെ പണ്ട് ഇങ്ങനെയാണ് അറിയപ്പെട്ടിരുന്നതെന്ന് പറയുന്നു ) ജോലി ചെയ്ത ആളാണല്ലേ. ഇപ്പോള്‍ ഇങ്ങനൊന്നുമല്ല കേട്ടോ... ഖസീം വികസനത്തിന്റെ പാതയില്‍. മുത്തവമാര്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു.

  ReplyDelete
 15. അഞ്ചെണ്ണം കണ്ടാല്‍ പോരല്ലോ...

  ReplyDelete
 16. പഠനം നന്നായിട്ടുണ്ട്...ഇതുപോലെ ഒരിക്കല്‍ ഞാനും പഠിച്ചിരുന്നു...

  ReplyDelete
 17. സദീഖ് മൂഖ് മാഫീ ഇന്ത ! മാഫീ മാലും സിവാക് സീദ!
  ലേഷ് റുക്സ മാഫീ സിത്ത സനവാത്ത് !കദ്ദാബ് റഖം വാഹിദ് വല്ലാ! മറ് റ സാനി സൂഖ് സയ്യാറ മംനൂഅ:അലൈക്!

  ReplyDelete
 18. നാട്ടില്‍ കഴിയുന്നവര്‍ക്ക് ലൈസന്‍സിന്റെ വില മനസ്സിലാവില്ല.ഒരിക്കലെങ്കിലും പോയവര്‍ക്ക് മനസ്സിലാകും,ബിജു

  ReplyDelete
 19. @ ജിത്തു: ഇപ്പോ കുറെ മാറ്റമൊക്കെ ആയി അല്ലേ? ആ പറഞ്ഞ ഐറ്റംസ് ഇല്ലാതായാ ആ നാട് കുറേ നന്നാവും.
  @ കൂതറ: അഞ്ചേല്‍ നിര്‍ത്തിയതു കൊണ്ടാണല്ലോ ഈ പോസ്റ്റ് എഴുതാന്‍ പറ്റിയത്. ആറാമത്തേതിന് ഇല്ലേയില്ല. ഇവിടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ നറുക്കെടുപ്പില്‍ എന്റെ പ്രാര്‍ത്ഥന ഒരേ ഒരു കാര്യത്തിനായിരുന്നു. ഒന്നാം സമ്മാനം അടിച്ചേക്കല്ലേ എന്ന്. ടൊയോട്ടാ ലാന്‍ഡ് ക്രൂയ്സര്‍ ആണേ ഒന്നാം സമ്മാനം!
  @ലക്ഷ്മ്മി: ഞാന്‍ വായിച്ചു കേട്ടോ ആ പഠനം. എനിയ്ക്കിഷ്ടം പോലെ കൂട്ടുകാരുണ്ടല്ലോ...
  @നുറുങ്ങ്: വള്ളായി മാഫി മാലും അബു. ഹദ സിവാക് ഷകല്‍ മാഫി അന. അക്കീദ് അന മുഖ് മാഫി!
  ഗുരുവേ പ്രമാണം അല്ല പ്രണാമം. എനിയ്ക്ക് തട്ടി മുട്ടി അറബി പറയാനേ അറിയൊവൊള്ളേ....ശക്രാന്‍ ..ശക്രാന്‍..
  @ കൃഷ്ണകുമാര്‍ :എന്നെ ഈ ലൈസന്‍സ് പ്രശ്നം അലട്ടാറേയില്ല. സ്വന്തം വണ്ടിയില്ല. ഇനി വാങ്ങാനുദ്ദേശവുമില്ല. കാശില്ലാത്തതു കൊണ്ടൊന്നുമല്ല കേട്ടോ .ഡെയിലി അരമണിക്കൂര്‍ നടക്കാന്‍ ഡോക്ടറു പറഞ്ഞിട്ടുണ്ട്.:-)

  ReplyDelete
 20. Biju valare nannaayittindu-abhinandanangal
  10-15 kollamayi njan vandiyodikkunnu. Innevare njan licence eduthittilla.

  ReplyDelete
 21. great ...... narmmathil chaalicha ormmakalkku maathuryathodoppam pottichiriyude akambadiyumundu ....

  ReplyDelete
 22. ബിജൂ... എഴുത്ത്‌ നന്നായിറ്റ്ണ്ട്‌.

  ReplyDelete
 23. Satheesh K Menon from Abudhabi:
  കൊള്ളാം കേട്ടോ......
  ...സൌദി പോലീസിന്റെ കയ്യില്‍ പെടാഞ്ഞത് ഭാഗ്യം.
  പക്ഷെ ഇന്നസെന്റ് കണ്ടിരുന്നെങ്കില്‍ പറഞ്ഞേനെ
  " എന്റെ ബിജു എന്നെ അങ്കട് കൊന്നോ. ???
  ദയവു ചെയ്തു എന്നെ വെറുതെ വിട്ടേക്ക്.... .......

  ReplyDelete
 24. ഈ ഡ്രൈവിംഗ് പഠനം കൊള്ളാലോ ബിജൂ.... അപ്പോള്‍ 'ലൈസന്‍സ്' ഇല്ലെങ്കിലും അറേബ്യയില്‍ വണ്ടിയോടിക്കാം ല്ലേ...?

  ReplyDelete
 25. Good to see you,meet your greet you and read you in blog world too

  ReplyDelete
 26. ഇതു കൊള്ളാല്ലോ ഈ ഡ്രൈവിങ്ങ് ... ;-)

  ReplyDelete
 27. കൊള്ളം. ഡ്രൈവിംഗ് അനുഭവങ്ങള്‍ . ആദ്യം തന്നെ, ഇതൊക്കെ ഓര്‍ത്തു വച്ച് നല്ലൊരു വായന സുഖം തരുന്ന രീതിയില്‍ എഴുതിയതിനു അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ . ഡ്രൈവിംഗ് അനുഭവങ്ങള്‍ വളരെയധികം ഉള്ള ആളാണ്‌ ഞാന്‍ .ടൂ വീലറും ഫോര്‍ വീലറും ഓടിക്കാരുണ്ടെങ്കിലും(രണ്ടിനും ലൈസെന്‍സ് ഉണ്ട്). ഭയം ഇപ്പോഴും വിട്ടു മാറിയിട്ടില്ല . കുറെ അബദ്ധങ്ങളൊക്കെ പറ്റിയിട്ടുമുണ്ട്-ഒരു അപകടവും ആസ്പത്രി വാസവും ഉള്‍പ്പടെ . പക്ഷെ ജോലിക്ക് പോകുന്നതുകൊണ്ട്‌ ടൂ വീലര്‍ ഇപ്പോഴും ഓടിക്കുന്നുണ്ട് . ഫോര്‍ വീലര്‍ നിര്‍ത്തി !.  രണ്ടു വണ്ടികളുടെയും ബമ്പറുകള്‍ തമ്മിലുണ്ടായ 'പ്രണയം ' (അനുഭവം മൂന്നിലെ ) രസകരമായി തോന്നി . പക്ഷെ എനിക്കൊരു സംശയം ലൈസന്‍സ് ഇല്ലാതെ ഇത്രയും കാലം ഒരു ഗള്‍ഫ്‌ രാജ്യത്തു എങ്ങിനെ വണ്ടി ഓടിച്ചു .അവിടെ ഇവിടത്തെക്കാളും വളരെ സ്ട്രിക്റ്റ് ആണെന്ന് പറയുന്നുണ്ടല്ലോ . വണ്ടിയില്‍ "ഔദ്യോഗിക മുദ്രയുള്ളത് കാരണമാണോ ? ഒരു സംശയം ചോദിച്ചതാണ് കേട്ടോ .

  ആശംസകളോടെ

  ReplyDelete
 28. നല്ല പോസ്റ്റ്, നല്ല ഡ്രൈവിംഗ് പഠനം..രസകരമായ പാഠങ്ങള്‍....
  ഞാനും ലൈസന്‍സ് എടുക്കാന്‍ നിലക്കുന്ന ആളാണ്. പക്ഷെ ഡ്രൈവിംഗ് അറിയാം. ഡ്രൈവിംഗ് പഠിക്കുന്നതിനു മുന്‍പു ഇതു വായിക്കണമായിരുന്നു..!!!

  ആശംസകള്‍ ബിജു

  ReplyDelete
 29. nalla post...
  thanks for presenting...

  ReplyDelete
 30. Chetta, super...
  U know i was also driving for last 6 year in kerala. But i took licence on this march only. In last 6 years police fined me for over speed, wrong side in one way, drunk and drive etc... But never they askd for licence...

  ReplyDelete
 31. [co="green"]
  Super chetaaaaa
  [/co]

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.