പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 19 September 2010

"കൊതി"

“ഓ..ഇന്നും ചപ്പാത്തി തന്നെയാണൊ? എനിയ്ക്കെങ്ങും വേണ്ട.”

ഉണ്ണി അനിഷ്ടത്തോടെ പാത്രം തള്ളി നീക്കി. അതു കണ്ട മോളും പാത്രം തള്ളി:

“എനിയ്ക്കും വേണ്ട...”

“പിന്നെ നിനക്കെന്താ വേണ്ടെ..?”

മിനി അസഹ്യതയോടെ മക്കളെ നോക്കി. എത്ര നേരത്തെ കുഴയ്ക്കലും പരത്തലുമാണ് ഈ ചപ്പാത്തി.

“അമ്മയ്ക്ക് ദോശ ഉണ്ടാക്കാന്‍ മേലാരുന്നൊ ?”

“അതിന് ഉഴുന്നു ഇല്ലായിരുന്നു മോനെ..നാളെയാകട്ടെ ദോശയുണ്ടാക്കാം. ഇന്നിതു കഴിയ്ക്ക്. “

വീര്‍പ്പിച്ച മുഖത്തോടെ മക്കള്‍ ചപ്പാത്തി അല്പാല്പം തിന്നു. അപ്പോഴാണ് അമ്മച്ചി രണ്ടു ഗ്ലാസുകളില്‍ പാല്‍ചായ കൊണ്ടു വച്ചത്.
നിറവ്യത്യാസം കണ്ട് മക്കള്‍ ഗ്ലാസെടുത്ത് മണത്തു നോക്കി..

“ഇതെന്താ..ചായപ്പൊടീടെ മണം? ബൂസ്റ്റില്ലെ..?”

“ബൂസ്റ്റ് തീര്‍ന്നു പോയി..അച്ഛയോടു പറയാം.. ഇന്നു മേടിയ്കാന്‍..“

“എനിയ്ക്കു വേണ്ട..” ഉണ്ണി

“എനിയ്ക്കും വേണ്ട..” മോള്‍.

അടുത്തൊരു കസേരയില്‍ ഇതെല്ലാം കണ്ടും കേട്ടും ഈയുള്ളവന്‍ ഇരുന്നു. മക്കളുടെ അമ്മ എന്നെ നോക്കി. ഇനിയെന്തു ചെയ്യേണ്ടു എന്ന അര്‍ത്ഥത്തില്‍. അറിയാതെ ഒരു ചിരി ചുണ്ടില്‍ വന്നതു ഞാനമര്‍ത്തി. പാവം എത്ര കഷ്ടപെടുന്നു മക്കളെ തിന്നാനും കുടിപ്പിയ്ക്കാനും. ഭക്ഷണം ഉണ്ടാക്കുന്നതിലും ബുദ്ധിമുട്ടാണല്ലോ കഴിപ്പിയ്ക്കാന്‍..

അപ്പോള്‍ ഞാനറിയാതെ, മനസ്സിന്റെ ഘടികാരം പുറകോട്ടു  തിരിഞ്ഞു. കറങ്ങി കറങ്ങി അതൊരു പതിമൂന്നുകാരനിലെത്തി നിന്നു. മെലിഞ്ഞ് എല്ലുന്തിയ, വിളറിയ വെളുപ്പുള്ള, ബട്ടന്‍സ് പൊട്ടിയ നിക്കറിട്ട ഒരു കൊച്ചു പയ്യന്‍. എല്ലാവരും അവനെ  കുട്ടായി എന്നു വിളിച്ചു. ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ട അനാഥ ബാലനെപ്പോലൊരു കുട്ടിക്കാലം.

 മീനച്ചിലാറിന്റെ കരയിലെ വല്യാട് . അനവധി കൈത്തോടുകളും ചിറകളും സിരകള്‍ പോലെ പടര്‍ന്നു കയറിയ ഗ്രാമം. പടഞ്ഞാറേയ്ക്കു പോയാല്‍ അതി വിശാലമായ പാടശേഖരങ്ങളാണല്ലോ ‍. എല്ലാം കരിനിലങ്ങള്‍. മേനോങ്കരി, മഞ്ചാടിക്കരി, മിത്രക്കരി.. അങ്ങനെയങ്ങനെ..

വല്യാട്ടിലാണെന്റെ അമ്മവീട്; അഞ്ചാംക്ലാസു മുതലുള്ള സ്ക്കൂള്‍ കാലവും. മക്കളാല്‍  “സമൃദ്ധ‘മായിരുന്നു അമ്മ വീട്. ഒന്‍പതു പെണ്മക്കളും രണ്ടാണ്മക്കളും. ഏറ്റവും മൂത്തത് എന്റെ അമ്മ. ഞാനവിടെ പഠനം തുടങ്ങുന്ന കാലത്ത് അമ്മയുള്‍പ്പെടെ മൂന്നുപേരുടെ വിവാഹം കഴിഞ്ഞിരുന്നു. മൂത്ത അമ്മാവന്‍ സഞ്ചാരിയായി നാടുചുറ്റുന്നു. ബാക്കി ആറ് ആന്റിമാരും (കുഞ്ഞമ്മമാര്‍) ഒരു കുഞ്ഞമ്മാവനും അവരോടൊപ്പം കുട്ടായിയെന്ന ഈ ഞാനും.

ആകെയുള്ള പത്തുസെന്റ് സ്ഥലത്തിന്റെ പകുതിയോളം വീട് അപഹരിച്ചിരിയ്ക്കുന്നു. മുറ്റത്തിന് തെക്കു വശത്തെ വിശാലമായ  പശുത്തൊഴുത്തും വൈക്കോല്‍ തുറുവും കഴിഞ്ഞാല്‍ സ്ഥലം ഏറെക്കുറെ പൂര്‍ത്തിയായി. വീടിന്റെ തെക്കതിരില്‍ ചെറിയൊരു കൈത്തോടാണ്. വര്‍ഷകാലത്ത് വെള്ളം ഉയര്‍ന്നാല്‍ നേരെ മുറ്റത്തും പിന്നെ പടിയോളവും എത്തും. കൈത്തോട്ടില്‍  കാരി, കല്ലട, വരാല്‍ എന്നിങ്ങനെയുള്ള മീനുകള്‍ ധാരാളം. വെള്ളത്തിന്റെ മേല്‍ തട്ടില്‍ നെറ്റിയില്‍ വെള്ളപ്പൊട്ടുള്ള “പൂഞ്ഞാന്‍”മാര്‍
നീന്തി നടക്കുന്നതു കാണാം. ഒരിയ്ക്കലും പിടിച്ചാല്‍ കിട്ടാത്ത ഇവറ്റകളെ എനിയ്ക്കു വലിയ ദേഷ്യമാണ്.

അമ്മയുടെ അച്ഛനെയും അമ്മയെയും മറ്റുള്ളവര്‍ വിളിയ്ക്കുന്ന പോലെ ഞാനും അച്ഛന്‍, അമ്മ എന്നു തന്നെയാണ് വിളിച്ചിരുന്നത്. ഇവിടെ സൌകര്യാര്‍ത്ഥം ഞാന്‍ വല്യച്ഛന്‍, വല്യമ്മ എന്നു വിളിയ്ക്കുന്നു. വല്യച്ഛന്‍ -കോട്ടപ്പറമ്പില്‍ ശ്രീധരന്‍‌- ഏവരും ബഹുമാനിയ്ക്കുന്ന ഒരാളാണ്. ഏതു കാര്യത്തിലും നല്ല അറിവ്, ബുദ്ധിപരമായ സംഭാഷണം ഇവകൊണ്ടൊക്കെ ആരിലും നല്ല മതിപ്പുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ദിനം‌പ്രതിയുള്ള പത്രവായന നിര്‍ബന്ധം. ചിലപ്പോള്‍ എന്റേതടക്കമുള്ള പാഠപുസ്തകങ്ങള്‍ പോലും വായിയ്ക്കും. വല്യച്ഛന്‍ ഒരിയ്ക്കലും ബീഡിയോ സിഗരറ്റോ വലിച്ചു കണ്ടിട്ടില്ല, പകരം ചുരുട്ടാണു വലിയ്ക്കുക. നല്ല ബ്രൌണ്‍ നിറത്തില്‍ തടിച്ച, മത്തുപിടിപ്പിയ്ക്കുന്ന സുഗന്ധന്മുള്ള “നന്ദി” ബ്രാന്‍ഡ് ചുരുട്ടുകള്‍. ഞാന്‍ ഇടയ്ക്കിടെ ചുരുട്ടുപെട്ടിയില്‍ നിന്നും ഓരോന്നെടുത്ത് അതിന്റെ മണം ആസ്വദിയ്ക്കും, എന്നിട്ട് അതേ പോലെ തന്നെ തിരിച്ചു വയ്ക്കും.

വല്യമ്മ കാര്‍ത്യായനി. ആ മുഖത്ത് ദൈന്യത ഒഴിഞ്ഞു ഞാന്‍ കണ്ടിട്ടില്ല. പാവം ആകെ മെലിഞ്ഞൊട്ടിപ്പോയിരുന്നു. ഒരു നിമിഷവും വെറുതെയിരിയ്ക്കില്ല. എപ്പൊഴും എന്തെങ്കിലുമൊക്കെ ആരോടെങ്കിലും പറഞ്ഞുകൊണ്ടേയിരിയ്ക്കും. ആറു പെണ്‍‌മക്കളുടെ അമ്മയുടെ മനസ്സിന്റെ ആധി എനിയ്ക്കറിയില്ലല്ലോ. ആദ്യകാലത്തൊക്കെ വല്യമ്മ പാടത്ത് പണിയ്ക്കു പോകുമായിരുന്നു. ഇപ്പോള്‍ വീട്ടു ജോലി, പശു വളര്‍ത്തല്‍, ഇടസമയങ്ങളില്‍ പായ നെയ്ത് ഇതൊക്കെയാണ് വല്യമ്മയ്ക്ക് പണി.

അക്കാലത്ത് വീട്ടില്‍ രണ്ടു പശുക്കളുണ്ട്. ഒന്ന് വെളുത്ത “ഉഷ“ എന്നു പേരായ ഒരു ജേഴ്സി പശു. മറ്റൊന്ന് “റക്കമ്മ” എന്നു വിളിയ്ക്കുന്ന, തവിട്ടു നിറമുള്ള ഒരു സങ്കരയിനം പശു. രണ്ടിനേയും കറവയുണ്ട്. ഇവയുടെ പാലാണ് മുഖ്യ വരുമാന മാര്‍ഗം. മുകളിലുള്ള മൂന്ന് ആന്റിമാര്‍  പാടത്ത് പണിയ്ക്കു പോകും. താഴെയുള്ളവര്‍ പഠിയ്ക്കുന്നു. വീട്ടിലെ സകല ചിലവുകളും, അരിയൊഴിച്ചുള്ളത്, ഈ പാലുകൊണ്ട് വേണം നടക്കാന്‍. വല്യച്ഛനാണ് എന്നും കറക്കുന്നത്. മറ്റാരേയും പശുക്കള്‍ കറക്കാന്‍ അടുപ്പിയ്ക്കില്ല. വല്ലപ്പോഴും അവറ്റകള്‍ കാലൊന്നുയര്‍ത്തിയാല്‍ ഒരു ദാക്ഷിണ്യവുമില്ലാതെ കൈചുരുട്ടി നല്ല ഇടി കൊടുക്കാന്‍ വല്യച്ഛന്‍ മടിയ്ക്കില്ല. അതു പേടിച്ചിട്ടോ എന്തോ അവര്‍ അടങ്ങിയൊതുങ്ങി നിന്നോളും.

വല്യച്ഛന്‍ കറവ തുടങ്ങുമ്പോള്‍ തന്നെ വല്യമ്മ ഒരു ഓട്ടു മൊന്ത നിറയെ വെള്ളം തിണ്ണയില്‍ കൊണ്ടു വച്ചിട്ടുണ്ടാവും. പാല്‍ കറന്ന് കൊണ്ടു വന്ന ഉടനെ ആ വെള്ളം മുഴുവന്‍ പാലിലെയ്ക്കൊരു ഒഴിയാണ്. തുടര്‍ന്ന് ചായക്കടയില്‍ കൊടുക്കാനുള്ള പാല്‍ അളന്നു മാറ്റി വയ്ക്കും. അവസാനം കഷ്ടിച്ച് ഒരു ഗ്ലാസ് പാല്‍ ബാക്കിയുണ്ടായേക്കും. പാത്രത്തില്‍ അല്പം കൂടി വെള്ളം ചേര്‍ത്ത് എല്ലാം കൂടി ഒന്നു കറക്കിയെടുത്ത് കിട്ടുന്ന ആ “പാല്‍” ഞങ്ങള്‍ക്ക് ചായ ഉണ്ടാക്കാനുള്ളതാണ്. വല്യമ്മ വീണ്ടും ആവശ്യത്തിന് വെള്ളം ചേര്‍ത്ത് തേയിലയുമിട്ട് അത് തിളപ്പിയ്ക്കും. “മധുര“ത്തിന്, അരിഷ്ടിച്ച് രണ്ടോ മൂന്നോ സ്പൂണ്‍ പഞ്ചസാരയും ചേര്‍ക്കും. പിന്നെ എല്ലാം കൂടി ശക്തിയായി അങ്ങോട്ടുമിങ്ങോട്ടും ഒഴിച്ച് “യോജിപ്പി”യ്ക്കലാണ്. ഒന്‍പതുപേര്‍ക്കുള്ള ചായ റെഡി! പുറത്തൊക്കെ ഇറങ്ങി നല്ല ചായ കുടിയ്ക്കുന്നതു വരെ എന്റെ വിചാരം, ഈ കുടിയ്ക്കുന്നതാണ് “ചായ” എന്നായിരുന്നു.

അക്കാലത്ത് പാടത്ത് കൃഷിപ്പണികള്‍ക്ക് കൂലി പണമായും, കൊയ്ത്ത്, മെതി ഇവയ്ക്ക് നെല്ലായിട്ടും ആയിരുന്നു. പെണ്ണുങ്ങള്‍ പാടത്തു നിന്നും നെല്ല് കൊയ്ത്, കെട്ടാക്കി ചുമന്ന് വലിയ കെട്ടുവള്ളങ്ങളിലെത്തിയ്ക്കും. നിറയെ കറ്റകളുമായി കെട്ടുവള്ളങ്ങള്‍ കൃഷിക്കാരന്റെ കളത്തിലേയ്ക്ക്  പണിക്കാര്‍ ഊന്നിക്കൊണ്ടു പൊയ്ക്കോളും. വള്ളത്തില്‍ നിന്നു വീണ്ടും പെണ്ണുങ്ങള്‍ ചുമന്ന് കറ്റക്കളത്തില്‍ എത്തിയ്ക്കണം. അപ്പോള്‍ കറ്റക്കളത്തില്‍ മെതിയ്ക്കാനുള്ള സംവിധാനം  ചെയ്തിട്ടുണ്ടാകും. നാട്ടിയ വലിയ മുളകളില്‍ നെടുനീളത്തില്‍ കുറുകെ മുളകള്‍ കെട്ടിയിരിയ്ക്കും. ഈ മുളകളില്‍ കൈതാങ്ങി നിന്ന് കറ്റകള്‍ കാല്‍ കൊണ്ട് ചവിട്ടി മെതിയ്ക്കുകയാണ് ചെയ്യുന്നത്.

കറ്റക്കളത്തില്‍ ഓരോ പണിക്കാരികളും അവരവര്‍ കൊയ്ത കറ്റ  വേറെ വേറെ അടുക്കി വയ്ക്കും. പിന്നെ സമയവും  സൌകര്യവുമനുസരിച്ച്, മിക്കവാറും രാത്രികളില്‍, കറ്റ മെതിച്ചിടും. ഇങ്ങനെ  മെതിച്ച നെല്ല് മുപ്പറക്കൊട്ടയ്ക്കാണ് അളക്കുന്നത്. ഏഴു കൊട്ട നെല്ല് ഉടമസ്ഥന്‍ അളന്നെടുക്കുമ്പോള്‍ എട്ടാമത്തേത് പണിക്കാരിയ്ക്ക്. അതാണു  കണക്ക്. ഇതിനു “പതം“ അളക്കുക എന്നാണു പറയുന്നത്. ഇങ്ങനെ പതം കിട്ടിയ നെല്ല് സൂക്ഷിയ്ക്കാന്‍ വീട്ടില്‍ വലിയ ഒരു മരപത്തായം ഉണ്ടായിരുന്നു. ഇതില്‍ നിറയെ നെല്ല് എപ്പോഴും ഉണ്ടാകും. (പിന്നീട് വല്യച്ചന്‍ രണ്ടേക്കര്‍ വയല്‍ മേടിയ്ക്കുകയുണ്ടായി).

ആഴ്ചയില്‍ ഒരിയ്ക്കല്‍ വല്യമ്മ പത്തായം തുറന്ന് കുറെ നെല്ലെടുത്ത്  വലിയ ഒരു ചെമ്പുകലത്തില്‍ പുഴുങ്ങും.  പുഴുങ്ങിയ നെല്ല് വലിയ തഴപ്പായയില്‍ ഇട്ട് നന്നായി ഉണക്കിയെടുക്കും. ഈ ഉണക്കിയെടുക്കലിനിടയില്‍  ഒരു വില്ലനുണ്ട്.  കാക്ക. കണ്ണു തെറ്റിയാല്‍ അവറ്റകള്‍ കൂട്ടമായി വന്ന് നെല്ലു മുഴുവന്‍ കൊത്തി തിന്നും. അവരെ ഓടിയ്ക്കാന്‍ ചില സൂത്രപ്പണികള്‍ പ്രയോഗിയ്ക്കും ഞങ്ങള്‍. ഒന്നുകില്‍ ചത്ത ഒരു കാക്കയെ അല്ലെങ്കില്‍ കറുത്ത ഒരു തുണിക്കഷ്ണമെങ്കിലും തൂക്കിയിടും പിന്നെ അവ അടുക്കില്ലത്രേ!
അതുപോലെ കോഴിയും വലിയ ശല്യം ചെയ്യും. എനിയ്ക്കേറ്റവും മടുപ്പുള്ള ഒരു ജോലിയാണ് നെല്ലിന് കാവലിരിയ്ക്കല്‍. ഞാന്‍ മടുത്തിട്ട് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോളാവും കോഴിയും കാക്കയും ഒന്നിച്ച് വന്ന് നെല്ലു കൊത്തുന്നത്. മിക്കവാറും ഇതു കണ്ടുകൊണ്ടാണ് വല്യച്ഛന്‍ വരുക. പിന്നെ വല്യമ്മയ്ക്ക് ചെവിപൊട്ടെ ചീത്ത കേള്‍ക്കാം, പ്രതി ഞാനാണെങ്കിലും.

ഉണങ്ങിക്കഴിഞ്ഞാല്‍ അത് അടുത്തുള്ള മില്ലില്‍ കൊണ്ടുപോയി കുത്തി അരിയാക്കും. അവിടെ കൂലി അരിയായി തന്നെ അളന്നെടുത്തുകൊള്ളും. എന്തൊരു രുചിയാണ് ആ അരികൊണ്ടുള്ള ചോറിന് ! ഈ അരിച്ചോറാണ് മൂന്നു നേരത്തെയും ഭക്ഷണം. രാവിലെ കഞ്ഞിയായിരിയ്ക്കും എന്നു മാത്രം. വളരെ അപൂര്‍വമായി മാത്രം  നെല്ല് പുഴുങ്ങാതെ കുത്തിയ്ക്കും. എന്നിട്ട് വീട്ടില്‍ വന്ന് അത് കുതിര്‍ത്ത്, ഉരലില്‍ പൊടിക്കും. അതുകൊണ്ട് പുട്ടുണ്ടാക്കും. നല്ല തവിട്ടു നിറമുള്ള  ആ പുട്ടിനും അപാര രുചിയാണ്. വല്ല ബന്ധുക്കള്‍ വരുമ്പോള്‍ മാത്രമേ അതുണ്ടാകാറുള്ളു.  വീട്ടിലെ ജനസംഖ്യ വച്ചുനോക്കുമ്പോള്‍, ബാക്കി വല്ലതും ഉണ്ടെങ്കില്‍ തന്നെ ഒരു കഷണം കിട്ടിയാലായി.

ഞങ്ങളുടെ അടുത്തുള്ള കൈത്തോടുകളുടെ വക്കത്തെല്ലാം ധാരാളം കൈതകളുണ്ട്. അവയങ്ങനെ കാടു പോലെ നില്‍ക്കുകയാണ്. ആരുടെയും സ്വന്തമല്ല . ആവശ്യക്കാര്‍ക്ക് കൈതയോലകള്‍ വെട്ടിയെടുക്കാം. വല്യമ്മ ഇടയ്ക്കിടെ വലിയ തോട്ടിക്കമ്പില്‍ മൂര്‍ച്ചയുള്ള അരിവാള്‍ വച്ചുകെട്ടി കൈതയോലകള്‍ അറുത്തെടുക്കും. എന്നിട്ട് അവയുടെ മുള്ളുകള്‍ ചുണ്ടരിവാള്‍ ഉപയോഗിച്ച് വാര്‍ന്നുകളയും. പിന്നെ അവ ഓരോ ചുരുളാക്കിയെടുക്കും. ഈ ചുരുളുകള്‍ വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കണം.. ആവശ്യത്തിന് ഉണക്കായാല്‍ ചുരുളുകള്‍ ഭദ്രമായി വീട്ടില്‍ സൂക്ഷിച്ചു വയ്ക്കും.

രാത്രിയില്‍ എല്ലാവരും കിടന്നശേഷം ഓരോ ചുരുളുകള്‍ എടുത്ത് നിവര്‍ത്തിയിടും. പിന്നെ ഓരോ ഓലയും സൂക്ഷ്മതയോടെ അരസെന്റിമീറ്റര്‍ വീതിയില്‍ നീളത്തില്‍ ചുണ്ടരുവാള്‍ കൊണ്ട് കീറിയെടുക്കലാണ്. ഇതാണ് തഴപ്പായ നെയ്യാനുള്ള അസംസ്കൃത വസ്തു. ഇതുപയോഗിച്ച് രാത്രി വളരെ വൈകുവോളം വല്യമ്മ  തഴപ്പായ ഉണ്ടാക്കും. അവയുടെ പൊളികള്‍ മെടയുമ്പോഴുണ്ടാകുന്ന “ടക് ടക്“ ശബ്ദം രാത്രിയുടെ നിശബ്ദതയെ അലോസരപെടുത്തിക്കൊണ്ടിരിയ്ക്കും.

മിക്കവാറും രണ്ടുദിവസം കൊണ്ട് ഒരു പായ മെടയും വല്യമ്മ. എല്ലാ തിങ്കളാഴ്ചയും കോട്ടയം ചന്തയില്‍ മൂന്നോ നാലോ പായയുമായി പോകും. അതു വിറ്റ് അത്യാവശ്യം സാധനങ്ങളൊക്കെ മേടിയ്ക്കും. ഇങ്ങനെയുള്ള ചന്തയ്ക്കു പോക്കില്‍ വല്ലപ്പോഴും മിക്ചര്‍, പഠാണിക്കടല, റൊട്ടി ഇവ വാങ്ങാറുണ്ട്. അഞ്ചെട്ടു പേര്‍ക്കിടയിലുള്ള വീതംവെയ്പ്പിന്റെ ഒരംശം എനിയ്ക്കും കിട്ടും. അത്യപൂര്‍വ സന്ദര്‍ഭങ്ങളിലായതിനാല്‍ അതുതന്നെ ധാരാളം.

ഞങ്ങളുടെ വീടിനു ചുറ്റുമായി മറ്റു മൂന്നു വീടുകളുണ്ട്. അതില്‍ രണ്ടെണ്ണം തെങ്ങുകയറുന്ന ദളിതവിഭാഗത്തില്‍ പെട്ടവരുടെ കുടുംബങ്ങളാണ്. എന്നാല്‍ ഞങ്ങള്‍ക്കാര്‍ക്കും യാതൊരു ജാതിചിന്തയുമില്ലാത്തതിനാല്‍ ഞാന്‍ ഇടവേളകളില്‍ മിക്കവാറും അവരുടെ വീടുകളിലായിരിയ്ക്കും. എന്റെ സമപ്രായക്കാരായ മൂന്നു ആണ്‍കുട്ടികള്‍ ആ വീടുകളിലുണ്ട്. കൂടാതെ അല്പം മുതിര്‍ന്ന അഞ്ചോളം പേര്‍ വേറെയും.

ദളിതരെങ്കിലും അവരുടെ ജീവിതനിലവാരം ഞങ്ങളുടേതിനേക്കാള്‍ മെച്ചമായിരുന്നു. ആണുങ്ങളെല്ലാം നല്ല വിദ്യാഭ്യാസമുള്ളവര്‍. ഒരു വീട്ടിലെ മൂത്തയാള്‍ക്ക് റെയില്‍‌വേയിലാണ് ജോലി. അടുത്ത വീട്ടിലെയാള്‍ക്കും സര്‍ക്കാര്‍ ജോലിയുണ്ട്. എങ്കിലും രണ്ടു വീട്ടിലെയും മാതാപിതാക്കള്‍ കുലത്തൊഴിലുകളായ തെങ്ങുകയറലും തുണിയലക്കു ജോലിയും ചെയ്യുമായിരുന്നു. ഞാന്‍ ആ വീട്ടില്‍ പോയാല്‍, ഗോലി കളി, ചീട്ടുകൊണ്ട് കഴുതകളി, ചെസ് കളി, എട്ടു കളി ഇതൊക്കെയാണു പരിപാടി. എന്നോടെല്ലാവര്‍ക്കും നല്ല സ്നേഹവുമാണ്.

ഒരു ദിവസം ഞാന്‍ അവരുടെ വീട്ടില്‍ കളിയ്ക്കാന്‍ ചെന്നു. എന്റെ സമപ്രായക്കാരനായ റെജിയുമായി മുറ്റത്ത് ഗോലി കളിയ്ക്കാന്‍ തുടങ്ങി. അപ്പോള്‍ അവരുടെ അടുക്കളയില്‍ നിന്നും ആസ്വാദ്യമായൊരു മണം. എനിയ്ക്കത്ര പരിചിതമല്ല ആ മണം. എന്തായാലും എന്റെ വായില്‍ വെള്ളം നിറഞ്ഞു. എന്നാല്‍ ഇത്രയും കാലമായിട്ടും ഞാന്‍ ഇവരുടെ വീടുകളില്‍ നിന്നും യാതൊന്നും തിന്നിട്ടില്ല. എപ്പൊഴോ ഒരിയ്ക്കല്‍ വിളിച്ചെങ്കിലും ഞാനതു നിരസിച്ചിരുന്നു.

ഞാനു റെജിയും തകര്‍പ്പന്‍ കളി നടത്തുമ്പോഴും എന്റെ മനസ്സ് ആ ഗന്ധത്തിനു പുറകേ ആയിരുന്നു. എനിയ്ക്ക് റെജിയോട് അസൂയ തോന്നി.
ഭാഗ്യവാന്‍ ‍!  അവന് ആ പലഹാരം തിന്നാമല്ലോ...!

“റെജിയേ..”

വീട്ടില്‍ നിന്നും അവനെ വിളിച്ചു.

“ഞാനിപ്പം വരാം..“

അവനതും പറഞ്ഞ് അകത്തെയ്ക്കോടി.  അഞ്ചു മിനിട്ടു കഴിഞ്ഞ് അവന്‍ വായ് നിറയെ ചവച്ചു കൊണ്ട് ഇറങ്ങി വന്നു. അവനെ ആ ആസ്വാദ്യമായ ഗന്ധം മണക്കുന്നുണ്ടായിരുന്നു. എന്തിനോ എന്റെ മനസ്സില്‍ വല്ലാത്ത നിരാശയും സങ്കടവും തോന്നി. അങ്ങു ദൂരെ, മലബാറില്‍ എനിയ്ക്കും അച്ഛനും അമ്മയുമുണ്ട്. വര്‍ഷത്തില്‍ രണ്ടുമാസമാണ് അവരുമായുള്ള ബന്ധം. ഒരു പക്ഷെ ഞാനവിടെ ആയിരുന്നെങ്കില്‍ എനിയ്ക്കും ഇതൊക്കെ തിന്നാനുള്ള ഭാഗ്യമുണ്ടായേനെ..

“വാ..നമുക്കു കളിയ്ക്കാം..”

റജി വീണ്ടും എന്നെ വിളിച്ചു. നിരാശ കൊണ്ട് കരുവാളിച്ച മുഖത്തോടെ ഞാന്‍ അവനെ പാളി നോക്കി. പിന്നെ കളിയ്ക്കാനായി നിലത്തിരുന്നു. അവന്‍ എന്റെ മുഖത്തേയ്ക്കുറ്റു നോക്കി. പിന്നെ വീട്ടിനകത്തേയ്ക്ക് ഓടിപ്പോയി. തിരിച്ചു വരുമ്പോള്‍ ഒരു കഷണം ചൂടുള്ള പലഹാരം അവന്റെ കൈയിലുണ്ടായിരുന്നു.

അവന്‍ അത് എന്റെ നേരെ നീട്ടി.

“വേണ്ട...”

ഞാന്‍ പറഞ്ഞു.

“സാരമില്ലെടാ..നീയിതു തിന്നോ..ആരും കാണുകേലാ..”

മനസ്സിലാരോ വിലക്കിക്കൊണ്ടിരുന്നിട്ടും ഞാനതു മേടിച്ചു. എന്നിട്ട് ആരെങ്കിലും കാണുന്നുണ്ടോ എന്നു ചുറ്റും നോക്കിയിട്ട് വായിലേയ്ക്കിട്ടു. ഞാനതു വരെ അനുഭവിയ്ക്കാത്ത ഒരു രുചി നാവില്‍ പടര്‍ന്നു. എണ്ണമയത്തില്‍ മൊരിഞ്ഞ ഗോതമ്പിന്റെ രുചി. അതൊരിയ്ക്കലും ചവച്ചു തീരരുതേ എന്നാഗ്രഹിച്ചെങ്കിലും അല്പസമയം കൊണ്ടത് തൊണ്ടയിലേയ്ക്കിറങ്ങി. എന്നിട്ടും അതിന്റെ ആസ്വാദ്യ രുചി രസമുകുളങ്ങളില്‍ തങ്ങി നിന്നു. പിന്നീടെനിയ്ക്ക് മനസ്സിലായി അതൊരു ചപ്പാത്തിയുടെ കഷണമായിരുന്നു എന്ന്.

“ഇതെന്താ ഇവിടിരുന്ന് ഉറക്കമാണോ?“

മിനിയുടെ ശബ്ദത്തില്‍ ഞാനുണര്‍ന്നു പോയി. അവള്‍ മേശമേല്‍ മക്കള്‍ ബാക്കിയിട്ടു പോയ ചപ്പാത്തി ക്കഷണങ്ങള്‍ പെറുക്കിയെടുക്കുന്നു.