പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 24 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 4

തെന്മല, അരുവിക്കര. (തുടര്‍ച്ച).

കൊണോപ്പി ചെന്നവസാനിച്ചത് ഒരു മണ്‍പാതയില്‍. ചുറ്റും തിങ്ങിനിറഞ്ഞ വനഭംഗി. ഇരുട്ടിനു പോലും പച്ചനിറം. കുളിരിറ്റുന്ന ചെറുകാറ്റ്. മരങ്ങളില്‍ അവിടവിടെയായി കുരങ്ങുകളുടെ സംഘങ്ങള്‍ ഓടുകയും ചാടുകയും ചെയ്യുന്നുണ്ട്. അവിടെ ഇരിയ്ക്കാന്‍ ചെറുബഞ്ചുകളുണ്ട്. അല്പനേരം ആ കുളിര്‍മ്മയില്‍ ചീവീടുകള്‍ക്ക് ചെവിയോര്‍ത്തിരുന്നു. പിന്നെ നടന്നു.

 താഴേയ്ക്ക് ചെന്നാല്‍ കുളമുണ്ട്, മറ്റു സാഹസികവിനോദങ്ങളുമുണ്ട്. കല്ലിങ്കൂട്ടത്തിനിടയിലെ ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ താഴേയ്ക്കിറങ്ങി. അവിടെ ചെന്നപ്പോള്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. അധികം ഉത്തരേന്ത്യന്‍ സഞ്ചാരികളാണെന്നു തോന്നുന്നു. കുട്ടികള്‍ ഉത്സാഹത്തോടെ അതിലെയെല്ലാം ഓട്ടവും ചാട്ടവും. സാഹസിക വിനോദങ്ങളില്‍ കയറേണി കൊണ്ടുള്ള "പാലം കടക്കല്‍" കൊള്ളാം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടും പലകുട്ടികളും അതില്‍ കയറാന്‍ മടികാണിച്ചു നില്ക്കുന്നു. നഗരത്തിലും ഫ്ലാറ്റുകളിലും വളര്‍ന്ന അവര്‍ക്ക് ഇതില്‍ കയറാനുള്ള ധൈര്യം പോരാ. ആലക്കോട്ടെ മലഞ്ചെരുവുകളില്‍ ഓടിയും ചാടിയും വളര്‍ന്ന എന്റെ മക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഉണ്ണിയും അനന്തിരവന്‍ കുട്ടിയും വളരെ നിസ്സാരമായി കയറേണി കടന്നുപോകുന്നത് മറ്റുകുട്ടികള്‍ നോക്കി നിന്നു. എന്നാല്‍ ശരിയായ സാഹസിക സഞ്ചാരം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുളത്തിനു കുറുകെ ഒരു ഇരുമ്പുവടം കെട്ടിയിട്ടുണ്ട്. അരയില്‍ ബന്ധിച്ച ഒരു കൊളുത്ത് വടത്തില്‍ ഘടിപ്പിച്ച ശേഷം കൈകള്‍ കൊണ്ട് വടത്തില്‍ പിടിച്ചു പിടിച്ച് അക്കരെ പോയി തിരികെ വരണം. കൈകള്‍ കുഴഞ്ഞു പോകുന്നവരെ വലിച്ച് കരയിലെത്തിക്കാന്‍ മറ്റൊരു കയറും ഉണ്ട്. ധാരാളം പേര്‍ ഇതില്‍ സാഹസികത പരീക്ഷിയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. മിക്കവാറും എല്ലാവരും കുളത്തിനു മധ്യേ എത്തുമ്പോള്‍ തളര്‍ന്നവശരാകുകയാണ്. പിന്നെ അവരെ  വലിച്ച് കയറ്റുന്നു. ഉണ്ണിയ്ക്ക് അതില്‍ കയറാന്‍ നിര്‍ബന്ധം. ഞാന്‍ തടഞ്ഞില്ലെങ്കിലും അവന്‍ കുളം കടക്കുമോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്തായാലും അരയില്‍ കൊളുത്തിട്ട് അവന്‍ വടത്തില്‍ തൂങ്ങി. പിന്നെ നടന്നത് എന്നെയും മറ്റു കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു. കേവലം അരമിനിട്ടിനുള്ളില്‍ അക്കരെ പോയി അതേ സ്പീഡില്‍ തിരിച്ചെത്താന്‍ അവനു കഴിഞ്ഞു. കണ്ടു നിന്നവര്‍ എല്ലാം കൈയടിച്ച് അവനെ അഭിനന്ദിച്ചു. ചെറുപ്പത്തിലെ കരാട്ടെ പഠനവും ഫുട്ബോള്‍ കളിയുമാണ് അവന് ഇതു സാധ്യമാക്കിയത്. കുട്ടികളെ ഓടാനും ചാടാനും വിടാതെ വളര്‍ത്തുന്നവര്‍ ഓര്‍ക്കുക, അവരോടു ചെയ്യുന്ന വലിയ അനീതിയാണത്.അടുത്തതായി പോയത് ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്കാണ്. അഞ്ചുവെടിയ്ക്ക് 10 രൂപ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു പയ്യന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വെടിയും അവന്‍ ബോര്‍ഡില്‍ കൊള്ളിച്ചു. ഒരെണ്ണം കൃത്യം സെന്റര്‍ പോയിന്റില്‍ തന്നെ കൊള്ളിയ്ക്കുകയും ചെയ്തു. അടുത്ത ഊഴം ഉണ്ണിയായിരുന്നു. അഞ്ചുവെടിയും ബോര്‍ഡിനു മുകളില്‍ കൂടി അന്തരീക്ഷത്തില്‍ പറന്നു പോയി..! അതോടെ ആ പരിപാടി നിര്‍ത്തി. കുളത്തിലെ പെഡല്‍ ബോട്ടില്‍ കയറണമെന്നുണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ അവസ്ഥ കണ്ടപ്പോള്‍  അതുവേണ്ടായെന്നു വെച്ചു. ആ തടാകക്കരയിലൂടെ ഞങ്ങള്‍ കുറെ നടക്കുകയും ഇരിയ്ക്കുകയും ഒക്കെ ചെയ്തു. സമയം രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്. ഞങ്ങള്‍ മുകളിലേയ്ക്കു നടന്നു. പിന്നെ കൊണോപ്പിയില്‍ കൂടി താഴെയെത്തി. അവിടെ ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയുമായി തയ്യാര്‍.അടുത്തുകണ്ട ഒരു കാന്റീനില്‍ ചെന്നപ്പോള്‍ അവിടെ ചോറില്ല. വണ്ടി മറ്റൊരു ഭാഗത്തെയ്ക്കു വിട്ടു. അവിടെ വനത്തിന്റെ അരികത്ത് ഒരു നാടന്‍ ഹോട്ടല്‍. ചോറു ലഭ്യം. ആറ്റുമീന്‍ വറുത്തതും, ചിക്കന്‍ പൊരിച്ചതും ഒക്കെ കൂട്ടി മോശമല്ലാത്ത ഊണ്‍. അപ്പോഴെയ്ക്കും മഴ തൂളാന്‍ തുടങ്ങി. വനപ്രദേശത്ത് പെയ്യുന്ന മഴയ്ക്ക് പ്രത്യേക താളമുണ്ട്. ഏതോ ആദിവാസിക്കൂട്ടങ്ങളുടെ അനുഷ്ഠാന നൃത്തത്തിന്റെ തമ്പേറടി പോലെ വന്യവും എന്നാല്‍ സുന്ദരവുമാണത്. മഴത്തൂളലില്‍ നനഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. “ഡീയര്‍ പാര്‍ക്കി“ല്‍ ചെന്നെങ്കിലും മഴയുള്ളതിനാല്‍ കയറാന്‍ അനുമതി കിട്ടിയില്ല. അധികം നേരം കളയാതെ ഞങ്ങള്‍ തെന്മല വിട്ടു. അല്പനേരത്തിനകം മഴ മാറുകയും ചെയ്തു. കാര്‍ കുറച്ച് ഓടിയപ്പോള്‍ തെന്മല റിസര്‍വോയറിന്റെ ഒരു ഭാഗം കണ്ടു. വണ്ടി അങ്ങോട്ടു വിട്ടു. വിശാലമായ റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. എങ്കിലും കാഴ്ചയുടെ അപാര ഭംഗി.
യാത്ര തുടര്‍ന്നു. “സമയം മൂന്നര ആകുന്നതേയുള്ളു. അരുവിക്കര ഡാം കാണാനുള്ള സമയമുണ്ട്..” ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു. “ശരി അങ്ങോട്ടു തന്നെ..” ഞങ്ങള്‍ അരുവിക്കരയിലേയ്ക്കു വണ്ടി തിരിച്ചു.
താരതമ്യേന ചെറിയ ഡാമാണ് അരുവിക്കരയിലേത്. ഇതും ജലസേചന ആവശ്യത്തിനുള്ളതാണ്. ഡാമിനോടു ചേര്‍ന്ന് ചെറിയൊരു പാര്‍ക്കുണ്ട്. വൈകുന്നേരങ്ങളില്‍ മാനസികോല്ലാസം ലഭിയ്ക്കാന്‍ ഏറെ സഹായകമാണിവിടം. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഏറെ നേരം അവിടെ ഉല്ലസിച്ചു. കനത്ത പാറക്കെട്ടുകളാണ് ഡാമിനു താഴെ. പാറക്കെട്ടിനോടു ചേര്‍ന്ന് ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെത്തുമ്പോള്‍ അവിടെ സന്ധ്യാപൂജ നടക്കുകയാണ്. പാറക്കെട്ടില്‍ നല്ല വഴുക്കല്‍. ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിപ്പ് എഴുതിവച്ചിരിയ്ക്കുന്നു. എങ്കിലും സൂക്ഷ്മതയോടെ ഞങ്ങള്‍ അതിന്മേല്‍ അല്പനേരം ഇറങ്ങിയിരുന്നു.


സുന്ദരമായ ഒരു സന്ധ്യ കൂടി എത്തിച്ചേര്‍ന്നിരിയ്ക്കുന്നു. ദിവസം മുഴുവന്‍ നീണ്ട യാത്രയില്‍ എല്ലാവരും ക്ഷീണിതര്‍. അവിടെ കണ്ട ഒരു ടീഷോപ്പില്‍ നിന്നും ചായയും കടിയും ഐസ്ക്രീമുമൊക്കെ കഴിച്ച് തല്‍ക്കാലം ക്ഷീണമകറ്റി. അപ്പോഴേയ്ക്കും ഇരുട്ടു വീണിരുന്നു. ക്ഷേത്രത്തില്‍ മണിയടിയും ഭക്തരുടെ പ്രാര്‍ത്ഥനകളും, അതിനോടൊപ്പം ഡാമിലെ വെള്ളത്തിന്റെ കുത്തൊഴുക്കു പാട്ടും. മനസാകെ നിറഞ്ഞു.  രണ്ടാം ദിവസത്തെ യാത്രയ്ക്കു തിരശ്ശീലയിട്ടുകൊണ്ട് ഞങ്ങള്‍ വീടുലക്ഷ്യമാക്കി തിരിച്ചു.

(തുടരും)


Thursday, 21 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 3

കുളത്തൂപ്പുഴ, തെന്മല, അരുവിക്കര.

തിരുവനന്തപുരത്തെ രണ്ടാമത്തെ ദിവസം. ഇന്നു വളരെ വിപുലമായ ഒരു ട്രിപ്പാണ് ഉദ്ദേശിയ്ക്കുന്നത്. പ്രധാനലക്ഷ്യം തെന്മല ഇക്കോ ടൂറിസം. ഞങ്ങളോടൊപ്പം വരാനായി പ്രേംകുമാര്‍ ഇന്നത്തേയ്ക്ക് അവധിയെടുത്തിരിയ്ക്കുകയാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ. രാവിലെ തന്നെ പുറപ്പെട്ടാലേ എല്ലായിടവും നന്നായി കാണാനൊക്കൂ. അടുക്കളയില്‍ ഹേമയോടൊപ്പം എന്റെ സഹധര്‍മ്മിണിയും കൂടി. ഏഴുമണിയായപ്പോള്‍ ചൂട് ഇഡലിയും സാമ്പാറും ചായയും റെഡി. വയറുനിറയെ തട്ടി. ഏഴരയ്ക്ക് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. കുടിയ്ക്കാനുള്ള വെള്ളം, അത്യാവശ്യം ലഘുഭക്ഷണം എന്നിവയൊക്കെ ഹേമ ഒരു സഞ്ചിയിലാക്കി തൂക്കിയെടുത്തു.  ഇന്നോവ  റെഡിയായി റോഡില്‍ നില്‍ക്കുന്നു.

വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു സുന്ദരി വൃക്ഷം ശ്രദ്ധയില്‍ പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ അടിമുടി പൂക്കള്‍ ചൂടിയ സുന്ദരി. “നാഗവൃക്ഷം” എന്നോ മറ്റോ ഒരു പേര് ഹേമ പറഞ്ഞു. ഈ മരത്തിനു പാമ്പുകളെ ആകര്‍ഷിയ്ക്കാന്‍ പ്രത്യേക കഴിവുണ്ടത്രേ. ആയതിനാല്‍ ഐശ്വര്യദായിനി. എന്തായാലും നമ്മുടെ കണ്ണുകള്‍ക്കൊരു വിരുന്നുതന്നെ ഈ വൃക്ഷം.
നാഗവൃക്ഷം
തെന്മല ലക്ഷ്യമാക്കി വാഹനം ഓടിത്തുടങ്ങി. നഗരം പിന്നിട്ടതോടെ നാട്ടിന്‍പുറ കാഴ്ചകള്‍. പാലോട് വഴി തിരുവനന്തപുരം - ചെങ്കോട്ട റോഡിലൂടെയാണു യാത്ര. കുറെയങ്ങെത്തിയതോടെ വനമേഖലയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉദ്ദേശം ഒരുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ ചെറിയൊരു പുഴകണ്ടു, സമീപത്തായി ഒരു ബോര്‍ഡും.
“കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം”. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറെ കേള്‍ക്കുന്ന ഒരു പേരാണല്ലോ കുളത്തൂപ്പുഴയിലെ ബാലശാസ്താവ്. ഇറങ്ങികാണുക തന്നെ.  തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍  അകലമുണ്ട് ഇങ്ങോട്ടേയ്ക്ക്. അമ്പലപരിസരത്ത് വാഹനം പാര്‍ക്കു ചെയ്തശേഷം ഞങ്ങളിറങ്ങി.  ഭക്തശിരോമണിയായ സഹധര്‍മ്മിണിയ്ക്കു വലിയ സന്തോഷം. നീണ്ടനേരത്തെ യാത്രയ്ക്കു ശേഷം കുറച്ചുനേരം മടുപ്പുമാറ്റാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിയ്ക്കും സന്തോഷം. ഞങ്ങളെല്ലാവരും അമ്പലത്തിലേയ്ക്കു പോയി. അമ്പലപരിസരം ശൂന്യം. ഒന്നോ രണ്ടോ ജീവനക്കാര്‍ അതിലെ നടന്നു പോയി.

“ശബരിമല കാലത്ത് ഇവിടെ കാലുകുത്താന്‍പറ്റാത്തത്ര തിരക്കായിരിയ്ക്കും..” പ്രേം കുമാര്‍ പറഞ്ഞു. മലകയറാന്‍ പോകുന്നവരെല്ലാം ഇവിടെയിറങ്ങി തൊഴുതിട്ടേ പോകുകയുള്ളു. അമ്പലത്തിനുള്ളില്‍ ഒന്നു വലം വെച്ചു. അപ്പോള്‍ ഇടതുവശത്ത് ഒരു കാവു കണ്ടു. ഞങ്ങള്‍ അങ്ങോട്ടു നടന്നു. വള്ളിപ്പടര്‍പ്പുകള്‍ മേലാപ്പിട്ട ഹരിതകൂടാരം. എന്തൊരു കുളിര്‍മ്മ..! പ്രകൃതിയുടെ എയര്‍കണ്ടീഷനിങ്..! അവിടെ നിന്നിറങ്ങിയപ്പോള്‍ ചെറിയ ഒരു ദേവതാക്ഷേത്രമുണ്ട് മുന്‍പില്‍. അതിന്റെ ചുറ്റുപാടും കൊച്ചു കൊച്ചു തൊട്ടിലുകള്‍..! അതേ, കുട്ടികളില്ലാത്തവരുടെ വഴിപാടാണ്. അനപത്യതാദു:ഖത്തിന്റെ കണ്ണീര്‍ ആ ഓരോ തൊട്ടിലിനെയും നനച്ചിരുന്നു.

അമ്പലമതിലിനു വെളിയില്‍ വന്നപ്പോഴാണ് മറ്റൊരു ബോര്‍ഡ് കണ്ടത് ,“തിരുമക്കള്‍ക്കുള്ള മീനൂട്ട് വഴിപാട്”. “ഇവിടെ പുഴയില്‍ വമ്പന്മാരു മീനുകളുണ്ട്. ദേവന്റെ മക്കളായതു കൊണ്ട് ആരും പിടിയ്ക്കില്ല. അവര്‍ക്കു തീറ്റ കൊടുക്കുന്നത് ഇവിടുത്തെ വഴിപാടാണ്..” പ്രേംകുമാര്‍ വിശദീകരിച്ചു തന്നു. അപ്പോള്‍ മക്കള്‍ക്കവയെ കാണണമെന്നു നിര്‍ബന്ധമായി. അവിടെ രണ്ടു മാടക്കടകളുണ്ട്. ദേവസ്വം വകയാണത്രെ. ഞങ്ങള്‍ അവിടെ പോയി പറഞ്ഞു “എല്ലാവര്‍ക്കും ഓരോ മീനൂട്ട് വഴിപാട്..” കടയിലിരുന്ന പെണ്‍കുട്ടി ഓരോ പായ്ക്കറ്റ് “വഴിപാട്” തന്നിട്ട് പത്തുരൂപ വീതം മേടിച്ചു. സംഗതി വേറെയൊന്നുമല്ല, പച്ച നിലക്കടല (കപ്പലണ്ടി). ഞങ്ങള്‍ അതുമായി പുഴക്കടവിലേയ്ക്കു പോയി.

വീതികുറഞ്ഞ പുഴയിലെ വെള്ളം അല്പം കലങ്ങിയിട്ടുണ്ട്. ഇന്നലെയൊക്കെ നല്ല മഴയായിരുന്നല്ലോ.. “എവിടെ മീനുകള്‍..?” ഞാന്‍ ചോദിച്ചു.
“ഈ കടല ഒന്നിട്ടു നോക്കൂ..” പ്രേം കുമാര്‍ ചിരിച്ചു. ഞങ്ങള്‍ കടല വെള്ളത്തിലേയ്ക്കു വിതറി. പെട്ടെന്നതാ വെള്ളം ഇളക്കിമറിച്ച് കുറേ മീനുകള്‍. അവരുടെ മുതുകിലെ ചിറക് വെള്ളത്തിനു മേലെ കാണാം. നാലോ അഞ്ചോ കിലോയെങ്കിലും തൂക്കമുണ്ടാകുമെന്നു തോന്നുന്നു. “പണ്ടൊരിയ്ക്കല്‍ ഒരാള്‍ ഇവിടെ നിന്നും ഒരു മീനിനെ പിടിച്ചു കൊണ്ടുപോയി. വീട്ടിലെത്തിയിട്ട് അയാള്‍ക്ക് നില്‍ക്കാനും ഇരിയ്ക്കാനും പറ്റുന്നില്ല. ആകെ കുഴപ്പം. അപ്പോള്‍ ആരോ പറഞ്ഞു, ശാസ്താവിന്റെ തിരുമത്സ്യത്തെ പിടിച്ചതാണു കാരണമെന്ന്. അയാള്‍ ഓടി ക്ഷേത്രത്തില്‍ വന്നു മാപ്പിരന്നത്രേ. അന്നു മുതല്‍ ആരും ഈ പുഴയില്‍ നിന്നും മീനുകളെ പിടിയ്ക്കില്ല.“ പ്രേംകുമാര്‍ ആരാധനയുടെ ചരിത്രം പറഞ്ഞു.
തിരുമക്കളെ ആവോളം കണ്ടശേഷം ഞങ്ങള്‍ കടവ് കയറി.  അവിടെ ഒരു നാട്ടുമാവില്‍ നിന്നും മാങ്ങ പറിയ്ക്കുന്നുണ്ട്. നിലത്താകെ പച്ചമാങ്ങ. എല്ലാവര്‍ക്കും അതുകണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. മാങ്ങപെറുക്കിക്കൂട്ടുന്ന അമ്മച്ചിയോട് കുറച്ചു മാങ്ങാ തരാമോ എന്നു ചോദിച്ചു. ‘ആവശ്യം പോലെ എടുത്തുകൊള്ളു മക്കളെ..” അവര്‍ പറഞ്ഞു. എല്ലാവരും കൈയില്‍ കൊള്ളാവുന്നിടത്തോളം മാങ്ങയെടുത്തു. കടിച്ചും പൊട്ടിച്ചുമൊക്കെ പറ്റുന്നത്ര അകത്താക്കി.
കുളത്തൂപുഴ ക്ഷേത്രം


മീനൂട്ട്

ദൈവമക്കള്‍


ഇനി നേരെ തെന്മലയിലേയ്ക്കാണ് യാത്ര. പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മതിയാകും അങ്ങോട്ട്. കുളത്തൂപുഴയും തെന്മലയും കൊല്ലം ജില്ലയുടെ തെക്കു കിഴക്കു ഭാഗമാണ്. തികഞ്ഞ വനപാതയിലൂടെയായിരുന്നു യാത്ര. വിസ്തൃതമായ തേക്കു തോട്ടം. നിറഞ്ഞ പ്രകൃതിഭംഗി. എല്ലാവര്‍ക്കും ഉത്സാഹം.

 ഞങ്ങള്‍ തെന്മല ഇക്കോ ടൂറിസം കവാടത്തിലെത്തി. എങ്ങും നിറഞ്ഞു നില്‍ക്കുന്ന വന്യഭംഗി. വാഹനം പാര്‍ക്ക് ചെയ്ത്  ടിക്കറ്റ് കൌണ്ടറില്‍ വന്നു. അവിടെ നിന്നും തെന്മല ഡാം കാണാനുള്ള ടിക്കറ്റ് കിട്ടും. ഇവിടെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ഫോട്ടോയൊന്നുമില്ല. വിശാലമായ പാതയിലൂടെ ഞങ്ങള്‍ ഡാമിനടുത്തേയ്ക്കു നടന്നു. അല്പം അകലെ ഡാം തലയെടുപ്പോടെ നില്‍കുന്നതു കാണാം. വഴിയരുകിലെ മരങ്ങളില്‍ കുരങ്ങന്മാര്‍ ഞങ്ങളെ സാകൂതം വീക്ഷിയ്ക്കുന്നു. പെട്ടെന്നാണ് ഒരു ആണ്‍കുരങ്ങ് വഴിതടഞ്ഞ് പാതയ്ക്കു കുറുകെ നിന്നത്..! എല്ലാവരും അമ്പരന്നു പോയി. അവന്റെ നോട്ടം മോളുടെ കൈയിലിരുന്ന പൊതിയിലേയ്ക്കാണ്. അവള്‍ പേടിച്ച് എന്റെ പിന്നില്‍ മറഞ്ഞു നിന്നെങ്കിലും കുരങ്ങന്‍ അവളുടെ നേരെ തന്നെ ചെന്നു. അപ്പോള്‍ ഒരു ജീവനക്കാരന്‍ വന്ന് കുരങ്ങനെ ഓടിച്ചു വിട്ടു. “ഇവരുടെ മുന്‍പില്‍ കൂടി ഭക്ഷണസാധനങ്ങളുമായി നടക്കരുത്..” അയാള്‍ ഉപദേശിച്ചു.

ഞങ്ങള്‍ ഡാമിന്റെ മുകളിലേയ്ക്കുള്ള റോഡുവഴിയെ കയറി. കുറെ എത്തിയപ്പോള്‍ പിന്നെ പടികളാണ്. പത്തിരുനൂറു പടികള്‍ കയറേണ്ടി വന്നു മുകളിലെത്താന്‍. മടുത്തു പോയി. എങ്കിലും മുകളില്‍ നിന്നും ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മടുപ്പിനെ വീശിയകറ്റിക്കളഞ്ഞു. കല്ലടയാറിനു കുറുകെ കെട്ടിയിരിയ്ക്കുന്ന ഈ ഡാമിന്റെയും ഉദ്ദേശം ജലസേചനമാണ്. വേനലായതുകൊണ്ടാവാം റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. ഡാമിനു മുകളില്‍ ഗാര്‍ഡുമാര്‍ കാവലുണ്ട്. അവിടെ നിന്നും ടിക്കറ്റ് പരിശോധിച്ചശേഷമേ കടത്തി വിടുകയുള്ളു. ഡാമിന്റെ സുരക്ഷയെ കരുതിയാവാം ഈ നിയന്ത്രണങ്ങള്‍. (എന്നാല്‍ നെയ്യാര്‍ ഡാമില്‍ ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലായിരുന്നു.)

ഞങ്ങള്‍ ഡാമിന്റെ അങ്ങേകരയിലെത്തി. അവിടെ നിബിഡവനമാണ്. വനത്തിലൂടെ താഴേയ്ക്ക് റോഡുണ്ട്. റോഡിന്റെ ആരംഭസ്ഥലത്ത് ചെറിയൊരു കട. അവിടെ ചില വിശിഷ്ട വിഭവങ്ങള്‍ വില്പനയ്ക്ക് വച്ചിരുന്നു. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങാചീളുകളും..! ഞങ്ങള്‍ കുറേ മേടിച്ചു. അതും നുണഞ്ഞ് കാട്ടുവഴിയെ താഴേയ്ക്കു നടന്നു. വഴിയരുകില്‍ കുരങ്ങന്മാര്‍ ചാടിക്കളിയ്ക്കുന്നു. മുകള്‍ സൈഡില്‍ കറുത്തിരുണ്ട വനം. താഴെ കല്ലടയാറ് ഒഴുകുന്ന ശബ്ദം. എന്തൊരു കുളിര്‍മ്മയാണ് അവിടെയെല്ലാം...! ക്യാമറ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം.

ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ താഴെ മെയിന്‍ റോഡിലെത്തി. ഇരുന്നൂറ് മീറ്ററോളം നടന്നാല്‍ ഞങ്ങള്‍ വാഹനം പാര്‍ക്കു ചെയ്ത സ്ഥലത്തെത്താം. അപ്പോഴാണ്, ഇരുസൈഡിലും തൂക്കിയിട്ട കരിമ്പനക്കുലകളും പുറകില്‍ പ്ലാസ്റ്റിക്ക് കുടവും പിന്നെ തൊങ്ങല്‍ പോലെ നിറയെ പ്ലാസ്റ്റിക്കു കുപ്പികള്‍ വെച്ചുകെട്ടിയതുമായ M80 മോപഡുമായി ഒരു തമിഴന്‍ ഞങ്ങളുടെ അടുത്തെത്തിയത്..
”നൊങ്ക് വേണമാ സാര്‍..നൊങ്ക്..”
ഞാനിതേവരെ ഈ സാധനം തിന്നിട്ടില്ല, ആയതിനാല്‍ ഒന്നു ട്രൈ ചെയ്യാമെന്നു വെച്ചു. അയാള്‍ ഉത്സാഹത്തോടെ വണ്ടി നിര്‍ത്തി. “നല്ല കരിമ്പനക്കള്ളുണ്ട് സാര്‍..തേങ്ങവെള്ളവുമുണ്ട് സാര്‍...”
എല്ലാം എടുക്കാന്‍ പറഞ്ഞു. പനയോല വളച്ചുകൂട്ടി അയാള്‍ കരിമ്പനത്തേങ്ങാവെള്ളവും കള്ളും ഒഴിച്ചു തന്നു. രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, നല്ല മധുരം. കുടിയ്ക്കാന്‍ നല്ല സുഖം. എല്ലാവരും ആവശ്യം പോലെ കുടിച്ചു. പിന്നെ നൊങ്ക് പൊട്ടിച്ച് അകത്തേ കാമ്പും എടുത്തു തന്നു. അത്ര രുചിയൊന്നുമില്ലെങ്കിലും തിന്നാം. “എത്ര കാശായി?“ ഞാന്‍ ചോദിച്ചു.
 “അഞ്ഞൂറ്റിമുപ്പതു രൂപ സാര്‍..!”
എന്തു പറയാനാണ്, കള്ളിന്റെ മധുരത്തിനു വല്ലാത്ത കയ്പ് തോന്നി. ഞങ്ങള്‍ പാര്‍കിംഗ് ഏരിയയിലേയ്ക്കു നടന്നു.

ഇനി തെന്മല ഇക്കോ ടൂറിസത്തിലെ കാഴ്ചകളിലേയ്ക്കാണ് പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതിവിനോദസഞ്ചാര മേഖലയാണിത്. അഡ്വഞ്ചര്‍ സോണ്‍, ലെഷര്‍ സോണ്‍, കള്‍ച്ചര്‍ സോണ്‍, മാന്‍ സംരക്ഷണ കേന്ദ്രം, സഫാരി ട്രെക്കിംഗ്, ബോട്ടിംഗ്, അക്വേറിയം അങ്ങനെ കാണാന്‍ അനവധി. എല്ലായിടവും കാണണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഞങ്ങളുടെ പരിമിതമായ സമയത്തിനുള്ളില്‍ അക്വേറിയവും അഡ്വഞ്ചര്‍ സോണും മാത്രം കാണാം എന്നു വിചാരിച്ചു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലത്ത്, ഉയര്‍ന്ന പ്രദേശത്താണ് ഇതു രണ്ടും. അങ്ങോട്ട് പോകും മുന്‍പ് ഒരു ചായകുടിയാവാം. (കരിമ്പനക്കള്ളും നൊങ്കുമൊക്കെ എങ്ങോട്ടു പോയെന്നറിയില്ല). അവിടെ കുറെ അമ്മച്ചിമാര്‍ തട്ടുകട നടത്തുന്നുണ്ട്. സമോവറില്‍ ചായയും അടുപ്പത്ത് എണ്ണയില്‍ പൊരിയുന്ന ഉള്ളിവടയും. എന്തൊരു നല്ല ചായ..! ചൂടു ഉള്ളിവടയും കൂടെ ആയപ്പോള്‍ അപാര സുഖം. ഇത്രയും നല്ല ചായയും കടിയും കഴിച്ചിട്ട് എത്രയോ കാലമായി. കുറച്ച് ഉള്ളിവട പൊതിഞ്ഞു മേടിച്ച് ഞങ്ങള്‍ അഡ്വഞ്ചര്‍ സോണിലേയ്ക്കു നടന്നു.

ആദ്യം കണ്ടത് അക്വേറിയമാണ്. പത്തുരൂപ ടിക്കറ്റിന്. അത്ര വലുതൊന്നുമല്ലങ്കിലും ഉള്ളവ കാണാന്‍ നല്ല ഭംഗിയുണ്ട്. അതു കണ്ടു നടക്കുന്ന നേരത്തു തന്നെ കറന്റു പോയി, ഉള്ളിലാകെ ഇരുട്ട്. അഞ്ചുമിനിട്ടു അതില്‍ തപ്പിതടഞ്ഞു. അപ്പോഴേയ്ക്കും കറന്റെത്തി. അതു കണ്ടിറങ്ങി.
തെന്മലയിലെ ഉള്ളിവടയുടെ രുചിയില്‍

അക്വേറിയം


ഇനി അഡ്വഞ്ചര്‍ സോണാണ്. അങ്ങോട്ട് കയറാന്‍ പ്രത്യേക ടിക്കറ്റെടുക്കണം. പിന്നെ ഓരോ ഐറ്റത്തിനും വെവ്വേറെ ടിക്കറ്റ്.  വലിച്ചുകെട്ടിയ ഇരുമ്പുവടത്തില്‍ തൂങ്ങിക്കിടന്ന് താഴെയുള്ള തടാകക്കരയില്‍ പോയിറങ്ങുന്ന ഒരു സൂത്രം കണ്ടു. നല്ല തിരക്കാണവിടെ. ഒരാള്‍ക്ക് 75 രൂപ. എന്തായാലും കയറാമെന്നു കരുതി ഞങ്ങള്‍ ക്യൂ നിന്നു. ദൈവസഹായം കൊണ്ട് ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ വടം ബ്ലോക്കായി. അതിന്റെ മോട്ടോര്‍ സംവിധാനം കേടായത്രെ..! ക്യൂ നിന്നതു മിച്ചം.

കൌണ്ടറിനടുത്തുള്ള ഡെക്ക് പ്ലാസായില്‍ നിന്നും മുകളില്‍ ഡാം നിരപ്പിലേയ്ക്ക് വനത്തിനുമുകളിലൂടെ നടന്നു പോകാവുന്ന ഇരുമ്പുപാതയുണ്ട്. “കൊണോപ്പി വാക് വേ” (Canopy Walk Way)  എന്നാണിതിന്റെ പേര്. 120 മീറ്റര്‍ നീളം. 11 കൊണോപ്പികളിലായി 109 സ്റ്റെപ്പുകളുണ്ട്. അതിന്റെ മുകളില്‍ കൂടി നടക്കുക വല്ലാതൊരനുഭൂതിയാണ്. നമ്മുടെ കാലടിയ്ക്കു താഴെ വന്‍ വൃക്ഷങ്ങള്‍. ചുറ്റും പ്രകൃതിയുടെ ഹരിതാഭ. ചീവീടുകളുടെ മര്‍മ്മരഗീതം. കുളിര്‍മ്മയുള്ള കാറ്റ്. തെന്മലയിലെ എനിയ്ക്കേറ്റവും ഇഷ്ടപെട്ടത് ഈ കൊണോപ്പി സഞ്ചാരമാണ്. 
കൊണോപ്പി വാക്ക് വേ


 തെന്മല ഇക്കോ ടൂറിസത്തെ പറ്റി അറിയാന്‍ ഈ വീഡിയോയുംസൈറ്റും സന്ദര്‍ശിയ്ക്കു
 തെന്മലയിലെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല.

(തുടരും)
Tuesday, 19 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 2

നെയ്യാര്‍ ഡാമും ശംഖുമുഖം ബീച്ചും.

പതിനൊന്നു മണിയോടെ ഞങ്ങളുടെ ഇന്നോവ കാര്‍ നെയ്യാര്‍ ഡാം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 35 കിലോമീറ്ററുണ്ട് അങ്ങോട്ട്. വീഥികളാകെ മഴനനഞ്ഞു കുതിര്‍ന്നിരിയ്ക്കുന്നു. കാലാവസ്ഥ കണ്ടിട്ട് വല്ലാത്ത നിരാശയായി. മഴയത്ത് എങ്ങനെ ഡാം കാണാനാണ്? അപ്പോള്‍ ഹേമ നെയ്യാര്‍ ഭാഗത്തുള്ള ഏതോ പരിചയക്കാരെ വിളിച്ചന്വേഷിച്ചു, അവിടെ മഴയുണ്ടോ എന്ന്. ഭാഗ്യം അവിടെ മഴ പെയ്തിട്ടില്ലത്രേ..! ഉത്സാഹത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. നഗരം വിട്ടതോടെ ഗ്രാമക്കാഴ്ചകളായി. കണ്ണൂരില്‍ ഞങ്ങള്‍ക്കു പരിചയമുള്ള അതേ മലയോരക്കാഴ്ചകള്‍. ഇടയ്ക്ക് കാട്ടാക്കടയില്‍ ഭക്ഷണം കഴിയ്ക്കാനിറങ്ങി. മുതിര്‍ന്നവര്‍ക്ക് ചോറാണ് ഇഷ്ടമെങ്കില്‍ മക്കള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി മതിയത്രെ. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പുറത്ത് നല്ലൊരു മഴ പെയ്തു തോര്‍ന്നിരിയ്ക്കുന്നു.. റോഡിലാകെ വെള്ളം..

മനോഹരക്കാഴ്ചകള്‍ സമ്മാനിച്ച് യാത്ര നെയ്യാര്‍ ഡാം പരിസരത്തെത്തി. ചെല്ലുന്ന വഴിയില്‍ ആദ്യം കാണുന്ന ഗേറ്റ് കടന്നാല്‍ ഉദ്യാനത്തിലേയ്ക്കും ഗസ്റ്റ് ഹൌസിലേയ്ക്കുമാണെത്തുക. എന്നാല്‍ ഗേറ്റിനു വെളിയിലെ റോഡുവഴി കുറച്ചു കൂടി പോയാല്‍ ഡാമിന്റെ മുകള്‍ ഭാഗത്തെത്താം. ഞങ്ങള്‍ ആ വഴിയെ വിട്ടു. കുറെ വളവും തിരിവും കയറ്റവും കടന്നെത്തിയപ്പോള്‍ ചെറിയൊരു ടോള്‍ ബൂത്ത്, ഇവിടെ നിന്നു ടിക്കറ്റെടുത്ത് ഉള്ളിലേയ്ക്കു പോകാം. ഒരാള്‍ക്ക് വെറും അഞ്ചു രൂപമാത്രം.
അവിടുന്നു ഞങ്ങളുടെ വാഹനം എത്തിയത് നെയ്യാര്‍ ഡാമിന്റെ മേല്‍ത്തട്ടില്‍. എന്നുവെച്ചാല്‍ ഡാമിനേക്കാള്‍ മുകളില്‍. വൌ..! എത്ര മനോഹരമായ കാഴ്ച..! വിശാലമായ തടാകം പോലെ റിസര്‍വോയര്‍. അകലെ പച്ചക്കുന്നുകള്‍. അതിലൊന്നു “ലയണ്‍ സഫാരി പാര്‍ക്കാ”ണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അവിടെ നിന്നും സിംഹത്തിന്റെ അലര്‍ച്ച..! ആളെ പറ്റിയ്ക്കാന്‍, വല്ല ലൌഡ് സ്പീക്കര്‍ വഴി കേള്‍പ്പിയ്ക്കുന്നതാണോ എന്നു ഞാന്‍ സംശയിച്ചു. “അല്ല, തിരുവനന്തപുരം മൃഗശാലയില്‍ നിന്നും രണ്ട് സിംഹങ്ങളെ ഇവിടെ തുറന്നു വിട്ടിട്ടുണ്ട്. സഫാരി നടത്താന്‍ താല്പര്യമുള്ളവര്‍ ടിക്കറ്റെടുത്ത് ബോട്ടില്‍ അക്കരെ എത്തിയാല്‍ വാഹനങ്ങളില്‍ അതിലെയെല്ലാം സഞ്ചരിയ്ക്കാം..” ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വിവരിച്ചു തന്നു.
ഞങ്ങളെത്തുമ്പോള്‍ നൂല്‍ വണ്ണത്തില്‍ മഴ പൊഴിയുന്നുണ്ട്. ക്യാമറ വെളിയിലെടുക്കാന്‍ പറ്റില്ലല്ലോ എന്നായി എന്റെ സങ്കടം. വാഹനം നിര്‍ത്തിയതിനു സമീപം വലിയൊരു വാച്ച് ടവറുണ്ട്. അതിന്റെ മുകളില്‍ നിന്നാല്‍ കുറച്ചുകൂടി മനോഹരമായി കാഴ്ചകള്‍ ആസ്വദിയ്ക്കാം. ഞാനും ഉണ്ണിയും അതിന്റെ മുകളിലേയ്ക്ക് കയറി. മറ്റുള്ളവര്‍ താഴെ ഡാമിലേയ്ക്കും പോയി.
വാച്ച് ടവറിന്റെ മുകളില്‍ ചെല്ലുമ്പോള്‍ ചില ഇണക്കിളികള്‍ അതിനകത്തിരുന്നു കൊക്കുരുമ്മലും കിന്നാരവും. റിസര്‍വോയറിന്റെ ഒന്നു രണ്ടു സ്നാപ്പുകള്‍ എടുത്തിട്ട്  ഞാന്‍ മോനെയും വിളിച്ചു താഴേയ്ക്കു പോന്നു.
ക്യാമറ ഒരു പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞു പിടിച്ച് ഞങ്ങള്‍ മഴയത്തേയ്ക്കിറങ്ങി. കുറച്ചു നടകളിറങ്ങിയാല്‍ ഡാമിന്റെ മുകള്‍ നിരപ്പാണ്. ഗേറ്റു കടന്നാല്‍ അതിലെ നടന്നു പോകാം. പത്തടിയോളമുണ്ട് വീതി. ഡാമിനെകുറിച്ചല്‍പ്പം വിശദമായി പറയാം. 184 അടി - (56 മീ.) ഉയരം,  965 അടി- (294 മീ.) നീളം. 91 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ റിസര്‍വോയര്‍ പരന്നുകിടക്കുന്നു. പ്രധാനമായും ജലസേചനത്തിനായുള്ള ഈ ഡാമിന്റെ സ്പില്‍ വേയില്‍ കൂടി ഒരു സെക്കന്‍ഡില്‍ 28,570 ഘനയടി വെള്ളം തുറന്നുവിടാനാകും. നെയ്യാറ്റിന്‍‌കര താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യകൂടപര്‍വതം ഈ ഡാമിനു സമീപമാണ്. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രവുമായി വളരെ അടുപ്പമുണ്ട് കള്ളിക്കാട് പഞ്ചായത്തിന്. ഭരണം ലഭിയ്ക്കുന്നതിനു മുന്‍പ്  എട്ടുവീട്ടില്‍ പിള്ളമാരുമായുള്ള ഏറ്റുമുട്ടല്‍ കാലത്ത് ഇവിടെയൊക്കെ അദ്ദേഹം വേഷപ്രച്ഛന്നനായി അലഞ്ഞിരുന്നു. അഗസ്ത്യകൂടമലയിലെ ആദിവാസികള്‍ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്രേ. അതിനു പ്രതിഫലമായി, ഭരണമേറിയ ശേഷം അദ്ദേഹം അവര്‍ക്ക് 36,000 ഏക്കര്‍ ഭൂമി ദാനമായി നല്‍കി. പില്‍ക്കാലത്ത് അത് മറ്റുള്ളവരുടെ കൈവശമായി. അതിലൊരാളായ കരുവഞ്ചിയില്‍ കൃഷ്ണപ്പണിക്കര്‍ നല്‍കിയ ഭൂമിയിലാണ് ഈ ഡാം പണിതിരിയ്ക്കുന്നത്.

ഞാനും ഉണ്ണിയുംഡാമിന്റെ മറുകരയോളം നടന്നു. അവിടെ ഒരു ഗസ്റ്റ് ഹൌസുണ്ട്. അതിനോട് ചേര്‍ന്ന് മനോഹരമായ ഉദ്യാനം. നല്ല രീതിയില്‍ പരിപാലിയ്ക്കപ്പെടുന്നുണ്ട് അത്. നമ്മുടെ പല പൊതുസ്ഥലങ്ങളിലും കാണാത്ത കാഴ്ച. അവിടെ  നിന്നു നോക്കിയാല്‍ ഡാമിന്റെ സുന്ദരമായ കാഴ്ചയാണു ലഭിയ്ക്കുന്നത്.
ഞങ്ങള്‍ പിന്നെ അക്കരയ്ക്കു കടന്നു. ഹേമയും മിനിയും മോളും അനന്തരവനും ഹേമയുടെ കുട്ടിയായ സൌരവും കൂടി എതിലെയോ അലഞ്ഞു തിരിയുന്നുണ്ടാവും. ഞങ്ങള്‍ അവരെ കണ്ടിട്ട് ഒരുമണിക്കൂറായല്ലോ. മഴ മാറി, വെയില്‍ മെല്ലെ തെളിഞ്ഞു. ഞങ്ങള്‍ വാഹനത്തിനടുത്തെത്തിയപ്പോള്‍ ഹേമയും മിനിയും കുട്ടികളും എത്തിയിരുന്നു.
ഞാനും ഉണ്ണിയും കൂടി ഡാമിന്റെ സ്പില്‍‌വേ ഭാഗത്തേയ്ക്കു പോയി. അവിടെ കൂറ്റന്‍ പൈപ്പിലൂടെ തൂവെള്ള നിറത്തില്‍ വെള്ളം കുതിച്ചു ചാടുന്നു. വെള്ളം ഒഴുകിപ്പോകുന്ന കനാലിന്റെ ചെറിയ കലുങ്കിന്മേല്‍ നിന്നു സ്പില്‍‌വേയിലേയ്ക്കു നോക്കി. വെള്ളത്തിന്റെ ശക്തിയില്‍ വായു തള്ളിവരുന്നു. നേരെ നില്‍ക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. അവിടെ നിന്നു നോക്കുമ്പോഴാണ് ഡാമിന്റെ ഭീമാകാരത ശരിയ്ക്കും ബോധ്യമാകുന്നത്.


ഇനി ഞങ്ങള്‍ക്കു കാണാനുള്ള നെയ്യാറിലെ മുതലവളര്‍ത്തു കേന്ദ്രമാണ്. ഇന്നോവ അങ്ങോട്ടേയ്ക്ക് തിരിച്ചു. ശരിയ്ക്കും ഞങ്ങള്‍ ആദ്യം കയറിവന്ന വഴിയ്ക്കു തന്നെയാണ് ഇതുള്ളത്. വനം വകുപ്പിന്റെ കൌണ്ടറില്‍ നിന്നു ടിക്കറ്റെടുത്തു വേണം കയറാന്‍. സംഗതി പേരുപോലെ അത്ര ഗംഭീരമൊന്നുമല്ല. മുതലകളെ അടുത്തു കാണാത്തവര്‍ക്ക് ഒരവസരം, അത്രയേ ഉള്ളു. ഉയര്‍ത്തിക്കെട്ടിയ കുറേ സിമന്റു ടാങ്കുകള്‍. അതിനുള്ളില്‍ ഒന്നും രണ്ടും വീതം മുതലകള്‍. ചിലത് വലുത്, മറ്റു ചിലത് ചെറുത്. അത്ര നന്നായി പരിപാലിയ്ക്കപ്പെടുന്ന ഒന്നാണ് ഈ സംഗതിയെന്നെനിയ്ക്കു തോന്നിയില്ല.
1977 ലാണ് ഇത് സ്ഥാപിച്ചത്.ആദ്യം ഇതിന്റെ പേര് The Crocodile Rehabilitation and Research Centre  എന്നായിരുന്നുവത്രേ. ഇപ്പോള്‍ Steve Irwin National Park.
കുട്ടികള്‍ കൌതുകപൂര്‍വം എല്ലാം നടന്നു കണ്ടു. കാലാവസ്ഥ നന്നായി തെളിഞ്ഞതിനാല്‍ ഉദ്യാനത്തില്‍ ഒന്നു കയറിയിട്ടു പോകാം എന്നു തീരുമാനിച്ചു. ഞങ്ങള്‍ ആദ്യം കണ്ട താഴെയുള്ള ഗേറ്റിലൂടെ കടന്ന് ഉദ്യാനത്തിലെത്തി. അതിമനോഹരം. ഭംഗിയായി വെട്ടി നിര്‍ത്തിയ ചെടികള്‍. പച്ച വിരിച്ച പുല്‍ത്തകിടി. ഇടയ്ക്കിടെ വലിയ കൂണുകള്‍ പോലെ മേല്‍ക്കൂടിട്ട ഇരിപ്പിടങ്ങള്‍. പൂച്ചെടികളും ശലഭങ്ങളും. പശ്ചാത്തലത്തില്‍ തംബുരുനാദം പോലെ ഡാമില്‍ നിന്നൊഴുകുന്ന ജലപാതത്തിന്റെ ഹുങ്കാരം. എത്ര നേരം നിന്നാലും മതിയാവില്ല. കുട്ടികള്‍ അതിലെയെല്ലാം ചാടിയും മറിഞ്ഞും കളിച്ചു. സമയം ഏകദേശം നാലുമണിയായി. ഷെഡ്യൂളനുസരിച്ച് ഇനി പോകേണ്ടത് ശംഖുമുഖത്തേയ്ക്ക്.


നഗരത്തില്‍ തിരക്കേറിയിരുന്നു. തലസ്ഥാന നഗരിയുടെ ഭംഗി ഇപ്പൊഴാണു ശരിയ്ക്കും കണ്ടത്. റോഡിനിരുവശവും ടൈത്സ് പാകി മനോഹരമാക്കിയിരിയ്ക്കുന്നു. വന്‍‌വൃക്ഷങ്ങളുടെ സമൃദ്ധി കുളിര്‍മ്മയോടൊപ്പം ഗാംഭീര്യവും നല്‍കുന്നുണ്ട്.
നഗരം പിന്നിട്ട് ശംഖുമുഖത്തെത്തിയപ്പോള്‍ അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്.
കടല്‍ തീരമാകെ പൂരത്തിനുള്ള ആള്‍ക്കൂട്ടം.  അറബിക്കടല്‍ ആര്‍ത്തലച്ചു തീരം തല്ലിതകര്‍ക്കുന്നു. എന്തൊരു വലുപ്പമാണ് തിരകള്‍ക്ക്. വൈകുന്നേരമായതിനാലാവാം ഈ ക്ഷോഭം. അപ്പോള്‍ പടിഞ്ഞാറ് ചെന്തീനിറം ചാര്‍ത്തി സൂര്യന്‍ കടലിനെ ചുംബിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ഞങ്ങള്‍ തീരത്തേയ്ക്ക് ചെന്നു. പ്രതീക്ഷിയ്ക്കാത്ത നേരത്തായിരിയ്ക്കും വമ്പന്‍ തിരകള്‍ കയറി വരുന്നത്. മുട്ടോളം വെള്ളം.. എന്റെ ഷൂസ് നിറയെ വെള്ളവും മണലും. ഓരോ അടിയും പറിച്ചുവെച്ചു നടക്കാന്‍ മാത്രം കനം..! ഞാന്‍ രണ്ടും ഊരി കൊണ്ടു പോയി വണ്ടിയില്‍ വെച്ചു. നഗ്നപാദനായി തീരത്തുകൂടി നടന്നു. കുട്ടികളുടെ കാര്യം ബഹുരസമാണ്. എവിടെ എത്തിയാലും പുതിയ എന്തെങ്കിലും കളികള്‍ അവര്‍ കണ്ടെത്തും. ഇവിടെ തീരം കയറിവരുന്ന തിരയുടെ നുരപ്പതയില്‍ ചവിട്ടി എന്തോ കളിയാണവര്‍ കളിയ്ക്കുന്നത്. തീരത്ത് ഒട്ടകവും കുതിരയുമൊക്കെ കളര്‍ വസ്ത്രമണിഞ്ഞ് നില്‍ക്കുന്നതു കണ്ടു. സവാരി ചെയ്യാന്‍ താല്പര്യമുള്ളവരെ കാത്തു നില്‍ക്കുകയാണ്.

കടല്‍ തീരത്തു നിന്നുകൊണ്ട് പടിഞ്ഞാറേ അനന്തതയിലേയ്ക്ക് നോക്കുക ഒരു അപൂര്‍വ അനുഭവമാണ്. തിരയുടെ ഇരമ്പവും അകലെ കൂടി നീങ്ങിപ്പോകുന്ന ബോട്ടുകളും മുകളില്‍ പറക്കുന്ന കടല്‍‌പക്ഷികളും നമ്മെ ഏതോ ജന്മത്തിലെ അവ്യക്തസ്മൃതികളിലേയ്ക്ക് തള്ളിയിടും. കടല്‍ കണ്ടാല്‍ എനിയ്ക്കോര്‍മ്മ വരുന്ന പാട്ട് ഒന്നേയുള്ളു, അനശ്വരനായ ബാബുരാജിന്റെ, “അകലെ അകലെ നീലാകാശം......”

ശംഖുമുഖത്തിന്റെ പ്രാധാന്യം ശ്രീ പത്മനാഭസ്വാമി  ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ദേവന്റെ “ആറാട്ടുകടവാ“ണ് ഇവിടം. ആറാട്ടിന്‍ നാള്‍ തിരുവിതാംകൂര്‍ മഹാരാജാവും കുടുംബാംഗങ്ങളും പരിവാരവും ഉടവാളുമേന്തി ഇവിടെ ദേവനെ ആറാടിയ്ക്കാന്‍ എത്തും. ആണ്ടുബലിതര്‍പ്പണത്തിനായി പതിനായിരക്കണക്കിനാള്‍ക്കാര്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കൂടാതെ രാഷ്ട്രീയപാര്‍ടികളുടെ സമ്മേളനങ്ങളും നടത്താറുണ്ട്.
ഒന്നുപറയാതിരിയ്ക്കാന്‍ വയ്യ, മലയാളിയുടെ പരിസ്ഥിതി ബോധം..! ഇത്രമനോഹരമായ ഈ തീരം നിറയെ ചപ്പും ചവറും പ്ലാസ്റ്റിയ്ക്കും വാരി വിതറി എങ്ങനെയൊക്കെ വൃത്തികേടാക്കാനാവും എന്ന പരീക്ഷണത്തിലാണ് ഇവിടെയെത്തുന്നവര്‍. ഇതു നന്നായി പരിപാലിയ്ക്കണമെന്ന് അധികാരികള്‍ക്കും താല്പര്യമില്ല.

പിന്നെ ഞങ്ങള്‍ ബീച്ചിനോടു ചേര്‍ന്നു തന്നെയുള്ള കുട്ടികളുടെ പാര്‍ക്കിലേയ്ക്ക് പോയി. കുട്ടികള്‍ നാലും മുന്‍പേ പാഞ്ഞുപോയി. ഞാനെത്തുമ്പോള്‍ അവര്‍, അവിടെയുള്ള പിരമിഡ് രൂപത്തിലുള്ള വലിയൊരു മേല്‍ക്കൂരയുടെ ഉച്ചിയില്‍ ഇരിയ്ക്കുകയാണ്. എങ്ങനെ വലിഞ്ഞുകയറിയോ ആവോ ! പാര്‍ക്കില്‍ കുട്ടികള്‍ക്കുല്ലസിയ്ക്കാന്‍ ഇഷ്ടം പോലെ സംഗതികള്‍ ഉണ്ട്. എല്ലാത്തിനും പ്രത്യേകം കാശുകൊടുക്കണമെന്നു മാത്രം. ഒന്നുരണ്ടെണ്ണത്തില്‍ അവര്‍ കയറി.


ശംഖുമുഖത്തു വന്നാല്‍ ജലകന്യകയെ കാണാതെ പോകുകയോ..? ഞങ്ങള്‍ അവളുടെ അടുത്തേയ്ക്കു നടന്നു.  പാര്‍ക്കില്‍ നിന്നും പുറത്തിറങ്ങി നടക്കണം അവളെ കാണാന്‍. ചെറിയൊരു തിട്ട കടന്നു ചെന്നപ്പോള്‍ കണ്ടു, ആകാശം നോക്കി കിടക്കുന്ന ജലകന്യകയെ. എന്തൊരു സൌന്ദര്യം..! പ്രശസ്ത ശില്പി കാനായികുഞ്ഞിരാമന്റെ സൃഷ്ടിയാണ് ഇവള്‍. തൂവെള്ള നിറത്തില്‍ നഗ്നയായി ഏതാണ്ട് 35 മീറ്റര്‍ നീളത്തില്‍ അവള്‍ ശയിയ്ക്കുന്നു. അതിന്റെ പരിസരമാകെ കുണ്ടും കുഴിയുമായി കിടക്കുന്നു. കരിഞ്ഞ പുല്ലുകളും. ഇതൊന്നു ഭംഗിയാക്കിയിടണമെന്ന് എന്തേ അധികാരികള്‍ക്ക് തോന്നുന്നില്ല? ചെറിയൊരു ഫീസ് മേടിച്ചിട്ടായാലും മനോഹരമാക്കിയിട്ടു കൂടെ? ഇക്കാര്യത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനെ കണ്ടു പഠിയ്ക്കണം. തുച്ഛമായ രണ്ടു രൂപ ടിക്കറ്റെടുത്താല്‍ അതിമനോഹരമായ ഉദ്യാനത്തിലിരുന്ന് കടല്‍കാഴ്ചകള്‍ ആസ്വദിയ്ക്കാം. കുട്ടികള്‍ക്കു കളിയ്ക്കാനും മുതിര്‍ന്നവര്‍ക്ക് വൃക്ഷഛായയില്‍ കടല്‍ കാറ്റേറ്റ് സൊറപറഞ്ഞിരിയ്ക്കാനും എല്ലാ സൌകര്യങ്ങളുമുണ്ട്. സര്‍വോപരി ചപ്പും ചവറും ഇല്ല.
ശംഖുമുഖത്ത് നേരം ഇരുണ്ടു തുടങ്ങി. സൂര്യന്‍ കടലില്‍ താണിരിയ്ക്കുന്നു. തിരമാലകള്‍ക്ക് വീര്യം കൂടി. കടല്‍കാറ്റില്‍ തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു. ഇന്നത്തെ യാത്ര കഴിഞ്ഞിരിയ്ക്കുന്നു. നാളെ ഞങ്ങള്‍ പോകുന്നത് തെന്മലയിലേയ്ക്ക്.

(തുടരും)