കാലം 1996. അക്കാലത്ത് ഞാന്‍ ഗള്‍ഫ് മോഹങ്ങളൊന്നുമില്ലാത്ത ഒരു സാദാ കേരളീയ യുവാവ് . എന്റെ നാടായ രയറോത്ത് നിന്ന് ധാരാളം പേര്‍ അന്ന് ഗള്‍ഫിലുണ്ട്. എന്നാല്‍ നമ്മുടെ ശ്രദ്ധ അക്കാര്യങ്ങളില്‍ പതിയാത്തതിനാല്‍ ആരൊക്കെ എന്തൊക്കെ എന്നതൊന്നും അത്ര നിശ്ചയം പോരാ.
ഗള്‍ഫുകാരന്‍ എന്നതിനെക്കുറിച്ച് കണ്ടും കേട്ടുമുള്ള അറിവ്, സില്‍ക്ക് ഷര്‍ട്ട്, ബെല്‍ബോട്ടം പാന്റ്സ്, കൂളിങ്ങ് ഗ്ലാസ്, അടുത്തുവരുമ്പോള്‍ കൊതിപ്പിയ്ക്കുന്ന മണമുള്ള സ്പ്രേ, അത്തര്‍ , ഫോറിന്‍ സിഗററ്റ്, ഇലക്ട്രോണിക്സ് ഐറ്റംസ് ഇവയൊക്കെയാണ്. ഞാന്‍ കണ്ട ഗള്‍ഫുകാരൊക്കെ ഇതിലേതെങ്കിലും ഒന്നുമായി ബന്ധപ്പെട്ടവരായിരുന്നു. അതുകൊണ്ട് തന്നെ “ഗള്‍ഫിലാണ്” എന്നു പറഞ്ഞാല്‍ അതിനൊരു വെയിറ്റുണ്ട്.
ഒരു സന്ധ്യയ്ക്ക്, രയറോത്ത് ഞങ്ങള്‍ സൊറപറഞ്ഞിരിയ്ക്കുന്ന ബാര്‍ബര്‍ ഷോപ്പിലേയ്ക്ക് സുബൈര്‍ നീട്ടിപ്പിടിച്ച ഒരു പായ്കറ്റ് വിത്സ് സിഗററ്റുമായി കടന്നു വന്നു. എല്ലാവരോടും ഓരോന്നെടുക്കാന്‍ പറഞ്ഞു. ഞാനന്നുമിന്നും വലിയില്ല. അതുകൊണ്ടെടുത്തുമില്ല. അടുത്തിരുന്ന പലരും എടുത്തു. വിത്സെന്നു പറഞ്ഞാല്‍ സിഗററ്റിലെ രാജാവാണല്ലോ!
“ഞാന്‍ നാളെ ഗള്‍ഫിനു പോകുകയാണ് “. എന്തിനാണ് വിത്സെന്ന് അത്ഭുതം പൂണ്ടിരുന്നവരോട് സുബൈര്‍ പറഞ്ഞു.
“ഭാഗ്യവാന്‍ “ ഞാനുള്‍പ്പെടെ മിക്കവാറും പേര്‍ മനസ്സില്‍ പറഞ്ഞു. സുബൈറിനെ അറിയില്ലല്ലോ അല്ലേ. ഞങ്ങളുടെ നാട്ടില്‍ കൂടെ ഓടുന്ന ഒരു ബസിലെ ക്ലീനര്‍ . റയറോംകാരന്‍ തന്നെ. പരിചയക്കാരാരോ കൊടുത്ത ഒരു വിസയില്‍ സൌദിയിലേയ്ക്കാണു യാത്ര.
“ശരി പോയ് വരൂ. വരുമ്പം ഫോറിന്‍ സിഗററ്റൊരെണ്ണം തരണേ”. ബാര്‍ബര്‍ രാജേട്ടന്‍ പറഞ്ഞു.
“അതിനെന്താ രാജേട്ടാ, ഒരു പായ്കറ്റ് തരാം. പോരെ”. മുഖം നിറഞ്ഞ ചിരിയോടെ സുബൈര്‍ പറഞ്ഞു. അങ്ങനെ ആ ചിരിയോടെ തന്നെ സുബൈര്‍ റോഡിലേയ്ക്കിറങ്ങിപ്പോയി.
ആറുമാസങ്ങള്‍ക്കു കഴിഞ്ഞു. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ്. ഞാന്‍ വൈകിട്ട് എട്ടരയ്ക്കുള്ള റയറോം ബസില്‍ ഇരിയ്ക്കുകയാണ്. രാത്രി ബസിന് തിരക്ക് തീരെ കുറവ്. ഉള്ളില്‍ മങ്ങിയ വെളിച്ചമേയുള്ളു. ചിലരൊക്കെ കയറി വന്ന് സീറ്റിലിരിയ്ക്കുന്നുണ്ട്. ഞാനൊന്നും ശ്രദ്ധിയ്ക്കുന്നില്ല, മറ്റെന്തോ കാര്യത്തിലാണ് മനസ്.എന്റടുത്ത് ആരോ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ തോണ്ടി വിളിച്ചു. ഞാനല്പം അസഹ്യതയോടെ നോക്കി. തലമുടി പറ്റെ വെട്ടിയ, താടി നീട്ടിയ കറുത്ത ഒരു വികൃത രൂപം.(കറുത്തവരൊക്കെ വികൃതരാണെന്നൊന്നും ധരിച്ചേക്കരുത്).
ഞാന്‍ തല തിരിച്ചിരുന്നു. വീണ്ടും തോണ്ടല്‍ .ഒപ്പം ഒരു വിളിയും.
” ബിജൂ!”എനിക്കാളെ മനസ്സിലായില്ല.
“ആരാ?”
വികൃതമായ ഒരു ചിരി ആ മുഖത്തു വിരിഞ്ഞു. കടും മഞ്ഞനിറമുള്ള പല്ലു കാട്ടി ദുര്‍ഗന്ധമുള്ള ചിരി. എന്നാലതു ചിരിയല്ലെന്നു മനസ്സിലാക്കാന്‍ ആ അരണ്ട വെളിച്ചത്തിലും എനിയ്ക്കു കഴിഞ്ഞു, കാരണം ആ കണ്ണുകള്‍ നിറഞ്ഞിരുന്നു.
“ഞാനാ..സുബൈര്‍ “
“ഏതു സുബൈര്‍ ?” എന്റെ പേരു വിളിച്ചതുകൊണ്ട് ആളുമാറി വിളിച്ചതല്ലെന്നു കരുതാം.
ബസ്സപ്പോള്‍ സ്റ്റാര്‍ട്ടു ചെയ്തു. ഇരമ്പലോടെ സ്റ്റാന്‍ഡില്‍ നിന്നും നീങ്ങിത്തുടങ്ങി. ആ ഇരമ്പലില്‍ മറ്റാരും കേള്‍ക്കില്ലാന്നുറപ്പിച്ചിട്ടാവാം അയാള്‍ പൊട്ടിക്കരഞ്ഞു.ഏതു സുബൈറെന്നു ഒരു പിടിയുമില്ല. സുബൈറെന്നു പേരുള്ള ഒറ്റ സുഹൃത്തും എനിയ്ക്കില്ലല്ലോ. എന്താണു ചെയ്യേണ്ടതെന്നെനിയ്ക്ക് മനസ്സിലായില്ല. ഇയാളാരാണ്? എന്തിനാണ് കരയുന്നത്?
രണ്ടുമിനിട്ടു നേരത്തെ കുത്തൊഴുക്കിനു ശേഷം അയാള്‍ ശാന്തനായി. വീണ്ടും ഒരു ചിരി ആ മുഖത്തു വന്നു.
“ബിജുവിനെന്നെ മനസ്സിലായില്ല അല്ലേ. ഞാന്‍ ഗള്‍ഫിനു പോയ സുബൈറാണ് ആറുമാസം മുന്‍പ്.” ഞാനല്‍ഭുതപ്പെട്ടുപോയി!
“ഇതെന്താ ഇപ്പോള്‍ ? സാധാരണ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞല്ലേ എല്ലാവരും ലീവിനു വരുന്നത്?”
“ ലീവ്!“
അയാള്‍ പുറത്തേയ്ക്ക് നോക്കി ചിറികോട്ടി ചിരിച്ചു.
“പടച്ചോന്റെ കാരുണ്യം കൊണ്ടാണ് ഞാനീ മണ്ണ് പിന്നേം കാണുന്നത്.”
അവിടം മുതല്‍ ഞാന്‍ സംസാരിച്ചിട്ടേയില്ല. എന്നെ സംസാരിയ്ക്കാന്‍ അനുവദിച്ചില്ല എന്നു പറയുന്നതാവും ശരി. ഒരു നിമിഷം വിടാതെ സുബൈര്‍ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു; മതിവരാതെ. ഇടയ്ക്കിടെ വിങ്ങിപ്പൊട്ടും. പിന്നെ ചിരിയ്ക്കും. കഥ തുടരും.
ഞാനൊരു എഴുത്തുകാരനായിരുന്നെങ്കിലോ-എനിയ്ക്കു പകരം ഒരെഴുത്തുകാരനായിരുന്നു ആ കഥ കേട്ടതെങ്കിലോ- ഒരു പക്ഷേ “ആടു ജീവിതം“ അന്നേ എഴുതപ്പെടുമായിരുന്നു.
ബെന്യാമിനോട് നജീബ് പറഞ്ഞ അതേ കഥ സുബൈര്‍ എന്നോടും പറഞ്ഞു. എന്നാല്‍ സുബൈറിന് ആറുമാസത്തിനുള്ളില്‍ രക്ഷപെടാന്‍ കഴിഞ്ഞു. രണ്ടാഴ്ച ജയിലില്‍ . തുടര്‍ന്ന് ബോംബേയ്ക്കു കയറ്റി വിട്ടു. അവിടെ നിന്ന് ആരുടെയോ സഹായത്താല്‍ കേരളത്തിലെത്തി. ആറു മാസത്തിനിടയില്‍ ആദ്യം കണ്ട പരിചയക്കാരനായിരുന്നു ഞാന്‍ .
ആറു മാസം ആ നാവില്‍ നിന്ന് പുരത്തു വരാന്‍ കഴിയാതെ കുടുങ്ങിക്കിടന്ന വാക്കുകള്‍ ഒന്നായി അയാളില്‍ നിന്ന് പുറത്തേയ്ക്ക് കുത്തിയൊലിയ്ക്കുകയായിരുന്നു. മനുഷ്യന് വാക്കുകള്‍ പ്രിയപ്പെട്ടതായി തീരുന്നതെങ്ങനെയെന്ന് ഞാന്‍ കാണുകയായിരുന്നു.
ഇതിപ്പോള്‍ ഓര്‍മ്മിയ്ക്കാന്‍ കാരണം തീര്‍ച്ചയായും ബെന്യാമിന്റെ “ആടുജീവിതം” എന്ന നോവല്‍ തന്നെയാണ്. ബെന്യാമിനെപ്പോലൊരു എഴുത്തുകാരന്‍ നജീബിന്റെ കഥ കേട്ടതുകൊണ്ട് നാമെല്ലാം ആടുജീവിതം എന്തെന്നറിഞ്ഞു. ആരുമറിയാതെ മരുഭൂമിയുടെ വന്യതയില്‍ ബാഷ്പമായിപ്പോയ എത്രയോ നിര്‍ഭാഗ്യജന്മങ്ങള്‍ !
വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും സൌദിയിലെത്തി. ഏറ്റവുമധികം ആടുജീവിതങ്ങള്‍ ആടിത്തീരുന്ന “അല്‍ - ഖസീം” പ്രവിശ്യയിലായിരുന്നു ഞാന്‍ . അവിടെ മരുഭൂമിയുടെ ഗര്‍ഭപാത്രത്തിലൂടെ ഞാന്‍ വാഹനത്തില്‍ സഞ്ചരിച്ചിട്ടുണ്ട്. പല ആടു ജീവിതങ്ങളെയും നേരില്‍ കണ്ടിട്ടുമുണ്ട്.
ഒരിയ്ക്കല്‍ ഞാന്‍ “അല്‍ -ഹവവായ” എന്നൊരു ഗ്രാമത്തില്‍ പോയി, ഒരു സര്‍വേ ജോലിയ്ക്ക്.അവിടെ ഒരു “മസറ“യുണ്ട്. (“മസറ“യെന്നാല്‍ കൃഷിസ്ഥലമെന്നാണര്‍ത്ഥം. ആടും ഒട്ടകവും ഈന്തപ്പനയുമെല്ലാം അവിടെയുണ്ടാകും) അവിടെ നാറുന്ന ആട്ടില്‍ വേലിയ്ക്കരുകില്‍ ഒരാളെ കണ്ടു. കരിമ്പടം കൊണ്ടു മൂടിയ ഒരു കറുത്ത “സത്വം“. അയാള്‍ ഈന്തപ്പനയുടെ ചുവട്ടില്‍ തടം കോരുന്നു. ആടുകള്‍ അകത്തു കിടന്ന് മേ..മേ.. എന്നു വയ്ക്കുന്നുണ്ട്. എന്റെ കൂടെയുണ്ടായിരുന്ന ആള്‍ നിസ്കരിയ്ക്കുവാന്‍ അല്പമകലയുള്ള പള്ളിയില്‍ പോയ സമയത്ത് ഞാന്‍ ഒരു ഈന്തപ്പനചുവട്ടില്‍ ചുറ്റുമൊന്നു കാണാനായി നിന്നതാണ്. ആട്ടിന്‍ മുശടിന്റെ വല്ലാത്ത ഗന്ധമാണവിടെയെല്ലാം.
എന്നെ കണ്ട അയാള്‍ പണി നിര്‍ത്തി കുറേ നേരം എന്നെ നോക്കി നിന്നു. എനിയ്ക്കെന്തോ വല്ലായ്ക തോന്നി. കണ്ടിട്ട് ഏതോ ആഫ്രിക്കക്കാരനാണ്. ഞാന്‍ ശ്രദ്ധിയ്ക്കാത്ത മാതിരി നിന്നു. അപ്പോഴതാ അയാള്‍ എന്റെ അടുത്തേയ്ക്കു വരുന്നു!
“എവിടുന്നാ ഭായീ?” എന്താ കേട്ടത്! തമിഴ് കലര്‍ന്ന മലയാളം!
ഞാനല്‍ഭുതപ്പെട്ടു നിന്നപ്പോള്‍ വീണ്ടും ചോദ്യം.
“കേരളാവാ?”
സംസാരിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരു കന്യാകുമാരി ജില്ലക്കാരന്‍ . ഇവിടെ ആടുനോട്ടവും കൃഷിപ്പണിയും. അയാള്‍ ആ ജോലിയില്‍ തൃപ്തനാണെന്നെനിയ്ക്കു തോന്നി. ചില കാട്ടറബികള്‍ മര്യാദക്കാരുണ്ട്. വലിയ ശല്യമൊന്നും ചെയ്യില്ല.
ആടുജീവിതത്തിലെ നജീബിനെക്കാളും ദുരിതം താണ്ടിയ ഒരാളെക്കുറിച്ച് സൌദിയിലെ മലയാളം ന്യൂസ് പത്രത്തില്‍ ആയിടയ്ക്ക് വാര്‍ത്ത വന്നിരുന്നു. ഒരു ആന്ധ്രാക്കാരന്‍ .ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം എങ്ങനെയോ രക്ഷപെട്ട് വെളിയില്‍ വന്നു. കേരളീയ സമൂഹമാണയാള്‍ക്ക് തുണയായത്. അവര്‍ കാണുമ്പോള്‍ അയാള്‍ ഭാഷ മറന്നു പോയിരുന്നു! ആടിന്റേതുപോലുള്ള ചില ശബ്ദങ്ങള്‍ മാത്രമേ അയാളില്‍ നിന്നു വെളിയില്‍ വന്നുള്ളു! ആ മനുഷ്യന്റെ ചിത്രം ഇന്നും ഞാനോര്‍മ്മിയ്ക്കുന്നു. നജീബിന് എതായാലും ഭാഷ നഷ്ടമായിരുന്നില്ലല്ലോ!
വിജനമായ മരുഭൂമിയുടെ നടുക്ക് ഒറ്റയ്ക്കു നില്‍ക്കണം! അവാച്യമായൊരനുഭവമാണത്. നാം ഭൂമിയില്‍ നിന്നും മറ്റെവിടെയോ എത്തിപ്പെട്ടതു പൊലെ തോന്നും. ചെവിയില്‍ ഒരു മൂളല്‍ കേല്‍ക്കാം. വെയിലാണെങ്കില്‍ ഉഷ്ണക്കാറ്റ് കണ്ണുകളിലെ ആര്‍ദ്രത ഊറ്റിയെടുത്തുകൊണ്ട് പോകും. ശരീരമാകെ കുളിര്‍ കോരിയിടും, നില്‍ക്കുന്നിടം താഴ്ന്ന് മണലില്‍ മൂടിപ്പോകുമോ എന്ന് ഭയന്നിട്ട്. ഞാന്‍ ഇത് അനുഭവിച്ചിട്ടുണ്ട്, ഒറ്റയ്ക്കല്ല ഒരു സുഹൃത്തുമൊത്ത്. വാഹനം കേടായിരുന്നു. ഇനിയെന്തു ചെയ്യും എന്നു ആശങ്കപ്പെട്ടുള്ള ആ അനിശ്ചിതത്വം, അത് മരുഭൂവിന്റെ നടുക്ക് അനുഭവിയ്ക്കുക! ഇനിയൊരിയ്ക്കലും ആ ഒരനുഭവം ആരും ആഗ്രഹിയ്ക്കാനിടയില്ല.
ബെന്യാമിന്റെ ആടുജീവിതം ഒറ്റയിരുപ്പിനാണ് വായിച്ചു തീര്‍ത്തത്. മോശമായിട്ടില്ല. അനുഭവങ്ങളുടെ തീക്ഷ്ണതയാണ് വാക്കുകളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നത്. ശില്പപരമായി ഒരല്പം കൂടി നന്നാവാമായിരുന്നുവെന്നെനിയ്ക്കൊരു തോന്നല്‍ (എന്റേതു മാത്രം). നജീബിന്റെ പലായനം വരെയുള്ള ഭാഗത്തിന് തീക്ഷണ അല്പം കുറഞ്ഞോ എന്നൊരു സംശയം. ഒരു പക്ഷെ നോവലിസ്റ്റ് ബോധപൂര്‍വം അങ്ങനെ ചെയ്തതാവാം. അല്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ നേരില്‍ കണ്ടതുകൊണ്ടാവാം എനിയ്ക്കിങ്ങനെ തോന്നിയത്. ഏതായാലും ഏതൊരാളിലും മനസ്സിനു മുറിവേല്പിയ്ക്കാന്‍ തക്കവണ്ണം മികച്ചതാണ് ആടുജീവിതം.
ഗള്‍ഫുകാരനാവാന്‍ ആഗ്രഹിയ്ക്കുന്ന ശരാശരി മലയാളിയ്ക്ക് ഇതിന്റെ ഒരു കോപ്പി കൊടുത്ത് വായിയ്ക്കാന്‍ പറയണം. എന്നിട്ടു ചോദിയ്ക്കണം, ഇനിയും നീ ആഗ്രഹിയ്ക്കുന്നുവോ? ഉണ്ടെന്നു പറയുന്നവര്‍ക്കു മാത്രമേ എമിഗ്രേഷന്‍ ക്ലിയറന്‍സ് കൊടുക്കാവൂ (ഇതെന്റെ നിര്‍ദേശമാണ് കേട്ടോ)
ഏതൊരു പ്രവാസിയും പ്രവാസികുടുംബവും നിര്‍ബന്ധമായും വായിച്ചിരിയ്ക്കണം ഈ പുസ്തകം. ആടു ജീവിതം മസറയില്‍ മാത്രമല്ല ഓരോ ലേബര്‍ ക്യാമ്പിലുമുണ്ട്. മസറയും അര്‍ബാബും ആടുമെല്ലാം പ്രതീകങ്ങളാണ്. ഗള്‍ഫുജീവിതത്തിന്റെ പൊള്ളുന്ന പ്രതീകങ്ങള്‍ .
ഇഷ്ടമായെങ്കില്‍ ഒരു വോട്ട് ചെയ്യൂ
ഇവിടെ തേങ്ങയില്ല! ആകെയുള്ളത് ഒരൊറ്റത്തെങ്ങ്!!ഇതിനെ
ReplyDeleteവേണോങ്കില്‍ പ്രവാസത്തെങ്ങ് എന്ന് വിളിക്കാം..ഇതൊരിക്കലും
കായ്ക്കില്ല,ഇതു മഛിയാണ്‍..പ്രവാസിയെ പോലെ !
ജീവിതം ആടിത്തീര്‍ക്കുന്നവര്‍,അവരില്‍ സുബൈറും ഖാലീദും മമ്മിക്കയും ജോമോനും ശങ്കരേട്ടനും തടിയന്‍ നാണുവും(നസീറല്ല)
ഒക്കെയുണ്ട്!അഞ്ചും പത്തും വര്‍ഷങ്ങളായി ആടുകളായിപ്പോയവര്‍!
നാട് വിട്ടതില്പിന്നെ ഇവര്‍ക്ക് വയസ്സില്‍ വര്‍ദ്ധനവുണ്ടാവുന്നില്ല
എന്ന പ്രത്യേകതയുണ്ട്!പ്രവാസിയങ്ങിനെയാണ്‍..എത്തിയേടത്ത്
അങ്ങിനെ സ്വയം ചുരുങ്ങിക്കളയും ! നാട്ടിലൊരു ജോലിയും
ചെയ്യാന്‍ അഭിമാനം സമ്മതിക്കാത്തവന്‍ ,പ്രവാസകാലം
ദുരഭിമാനത്തിന്‍റെ പൂക്കാലം!
പ്ര്വാസകാലം കഴിഞ്ഞാലും പ്രവാസികള്‍ക്ക് പേര്‍മാറ്റാനാവാത്തത്
ഈ ദുരഭിമാനം കൊണ്ടാണ്‍,അവന്‍ എന്നുമെവിടെയും പ്രവാസം
തന്നെ !ഒരിക്കലുമൊരിക്കലും കായ്ക്കാത്ത ആ തെങ്ങ് പോലെ!!
@ഒരു നുറുങ്ങ്
ReplyDeleteതികച്ചും ശരിയായ നിരീക്ഷണങ്ങള്‍
പൊള്ളുന്ന അനുഭവങ്ങൾ!!!
ReplyDeleteപലപ്പോഴും മരു യാത്രകളില്‍ ഞാന്‍ ഓര്‍ക്കാറുള്ള
ReplyDeleteഒരു സത്യം ആട് ജീവിതം , ഒരിക്കല്‍ നാട്ടിലേക്കുള്ള
യാത്രയില്‍ അടുത്തിരുന്ന ഒരാള്‍ അയളുടെ ആട് ജീവിതത്തെ
കുറിച്ച് എന്നോട് പറഞ്ഞിരുന്നു , മുന്‍പ് ഞാനും നാട്ടില്‍
നിന്ന് ഗള്‍ഫില്‍ പോകാന്‍ ശ്രമിക്കുമ്പോള്‍ ഞാനും
പറയുമായിരുന്നു ആട് മേയിക്ക്ല്‍ എങ്കില്‍ അത് , പനേ കേറല്‍
എങ്കില്‍ അത് എന്ന്...........പഷേ ഇവിടെ വന്നു മരുഭൂമിയില്‍
ഒറ്റപെടുന്ന ജീവിതങ്ങള്‍ കാണുമ്പോള്‍.....എനിക്ക് തോന്നറുണ്ട്
അന്ന് ഞാന്‍ ഒന്നും അറിയാതെ കണ്ട ആ സ്വപ്നം
എത്ര ഭീഗരം ആയിരുന്നു എന്ന്.......പകര്‍ച്ച പണിയുടെയും
കൊതുകിന്റെയും നാട് ഒരിക്കലും ഇത്ര ഒറ്റപെടലിന്റെ
ആവില്ലല്ലോ.......
--------------
പിന്നെ ലാല്‍ ജോസിന്റെ അറബി കഥ മരുഭൂമിയുടെ
കഥ പറഞ്ഞ ഒരു സിനിമ ആയിരുന്നു.
--------------------
കൂടുതല്‍ എഴുതുക ബിജു , ആദ്യത്തെ കുറെ വര്‍ണനകള്‍
കുറച്ചു കാച്ചി കുരുക്കിയിരുന്നെങ്കില്‍ എന്ന് എളിമയോടെ ...
@മിനി: വായനയ്ക്ക് നന്ദി.
ReplyDelete@ അനോണി: മരുഭൂമി കണ്ടവര്‍ക്കേ ആടുജീവിതം മനസ്സില്‍ തറയ്ക്കുകയുള്ളൂ.അല്ലാത്തവര്‍ക്ക് അതു വിശ്വസിയ്ക്കാന്‍ കഴിയില്ല. ഓരോ പ്രവാസിയും നാട്ടിലേയ്ക്കയക്കുന്ന ഓരോ ചില്ലിക്കാശിലും അവന്റെ ചോരയും കണ്ണീരുമാണെന്ന് അവന്റെ കുടുംബം മനസ്സിലാക്കുമോ? നന്ദി വായനയ്ക്കും അഭിപ്രായത്തിനും.
പച്ചയായ ആവിഷ്കാരം...ഇതു വായിച്ചെങ്കിലും ഗൾഫ് എന്ന തിളങ്ങുന്ന ലോകം സ്വപ്നംകാണുന്ന മലയാളി സ്വന്തം നാടിന്റെ മഹത്വം തിരിച്ചറിഞ്ഞെങ്കിൽ....
ReplyDeleteഇഷ്ടമില്ലെങ്കിലും പ്രവാസികള് ഉണ്ടായിപോകുന്നതാണ് , പെങ്ങളുടെ കല്യാണം , പുരപണി , അനിയന്റെ വിദ്യാഭ്യാസം...
ReplyDelete@നനവ്: ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരപ്പച്ച ഇതാണു മലയാളിയുടെ സ്വഭാവം. നന്ദി
ReplyDelete@ അനോണി: ശരിയാണ്. എന്നാല്ിതുകൊണ്ട് പ്രവാസി ഒരിയ്ക്കലും പ്രശ്നങ്ങളില്‍ നിന്നും മുക്തനാവുന്നില്ല. ദിനം പ്രതി പുതിയ പ്രശ്നങ്ങള്‍ അവനെ കാത്തിരിയ്ക്കുകയാണ്, മരണത്തോളം.
നന്ദി
'ആടുജീവിതം' ഇതുവരെ വായിച്ചിട്ടില്ല.വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതുപോലുള്ള സംഭവങ്ങള്‍ സൌദിയിലുള്ള ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്.അവര്‍ രക്ഷപ്പെടുത്തിയ ചിലരെപ്പറ്റി,അവരുടെ ജീവിതത്തെപ്പറ്റി....അവിശ്വസനീയമായി തോന്നാവുന്ന സത്യങ്ങള്‍! രക്തം തണുത്തുറഞ്ഞു പോകുന്ന ഭീകരതയൊക്കെ അനുഭവിച്ചവര്‍ പറയുന്നത്, ശ്വാസം അടക്കിപ്പിടിച്ചേ കേട്ടിരിക്കാന്‍ കഴിയുമായിരുന്നുള്ളൂ.
ReplyDeleteഎന്‍റെ ഒരു സുഹൃത്ത് എപ്പോഴും പറയും "പ്രവസി എന്ന് പറയുന്നത് ഒരു കത്തുന്ന മെഴികുതിരി പോലെയാണെന്ന്... സ്വയം ഉരുകുകയും മറ്റുള്ളവര്‍ക്ക് വെളിച്ചം കാണിക്കുന്ന ഒരു മെഴുകു തിരി"
ReplyDeleteബ്ലോഗ് നന്നായിട്ടുണ്ട്
you can buy this book from this web site
ReplyDeletehttp://www.keralabookstore.com/
http://www.keralabookstore.com/SelectProd.do?prodId=250
പ്രവാസികളുടെ ഈ നീറുന്ന അനുഭവകഥകൾ അറിഞ്ഞിട്ടും ഇപ്പോഴും മലയാളികളൂടെ മനസ്സ് കടലു കടക്കാൻ വെമ്പുന്നു..
ReplyDelete