http://www.dgreetings.com |
ജൂണ്‍ -5. ലോക പരിസ്ഥിതി ദിനം. ഇന്ന് ലോകമെമ്പാടും ചര്‍ച്ചകളും
സെമിനാറുകളും നടക്കും. ഒപ്പം നമ്മുടെ കേരളത്തിലും. ഒക്കെ ഇന്നൊരു ദിനത്തേയ്ക്കുള്ള വ്യായാമം. നാളെ മുതല്‍ നാം നമ്മുടെ പതിവുകള്‍ തന്നെ തുടരും.
പരിസ്ഥിതി സംരക്ഷണം എന്നാല്‍ മരം വെട്ടാതിരിയ്ക്കലും വൃക്ഷത്തൈ വച്ചു പിടിപ്പിയ്ക്കലും മാത്രമാണെന്നു ധരിച്ച ഒട്ടേറെ പ്പേര്‍ നമ്മുടെ നാട്ടിലുണ്ട്.
കുറച്ചു ബു.ജി.കളും കവി(കവിയിത്രി)കളും കൂടി ചേര്‍ന്നുണ്ടാക്കിയ ഒരു പൊതു ബോധ്യമാണത്. (അവരുടെ നല്ല വശം കാണാതിരിയ്ക്കുന്നില്ല). എന്നാല്‍ അതിനുമപ്പുറമായ ചില മാനങ്ങള്‍ കൂടി ഉണ്ടാവേണ്ടതാണ് നമ്മുടെ പരിസ്ഥിതി ബോധ്യത്തിന്.
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഇപ്പോള്‍ ഏറെക്കുറെ എല്ലാവര്‍ക്കും ബോധ്യമായ വിഷയങ്ങളാണല്ലോ. ധാരാളം ചര്‍ച്ചകള്‍ , ലേഖനങ്ങള്‍ ആകെ പൊടിപൂരം.മിക്കവാറും എല്ലാവരും സാമ്രാജ്യത്വത്തെയും അമേരിയ്ക്കയെയുമൊക്കെ കുറ്റപ്പെടുത്തി തൃപ്തിയടയുന്നു.(അതില്‍ വസ്തുതയുണ്ടന്നതും സത്യം).
ഈയിടെ അധികമാരും ശ്രദ്ധിയ്ക്കാത്ത ഒരു വാര്‍ത്ത മലയാള പത്രങ്ങളുടെ ബിസിനസ് പേജില്‍ വന്നിരുന്നു: “എയര്‍ കണ്ടീഷണറുകളുടെ വില്പന കേരളത്തില്‍ കുതിച്ചുയരുന്നു“. ഹാ..കേള്‍ക്കാന്‍ എന്തു കുളിര്‍മ്മയുള്ള വാര്‍ത്ത! ഓരോ വര്‍ഷവും വിലകുറച്ചുകൊണ്ട് കമ്പനികള്‍ തമ്മില്‍ മത്സരമാണ്‍; വില്പന ഉയര്‍ത്താന്‍ . പുതിയ വീടുകളില്‍ നിര്‍ബന്ധമായും ഒരു എ.സി.യെങ്കിലും ഉണ്ടാവും. അയല്‍വീട്ടില്‍ മേടിച്ചാല്‍ നമ്മുടെ വീട്ടിലും മേടിച്ചിരിയ്ക്കണം. മേടിയ്ക്കുകയാണെങ്കില്‍ സ്‌പ്ലിറ്റ് എ.സി. തന്നെ വേണം. സ്‌പ്ലിറ്റ് എ.സി. എന്നു പറഞ്ഞാല്‍ “----“കമ്പനിയുടെ തന്നെയായിരിയ്ക്കണം!
നോക്കൂ, ഈ വാര്‍ത്തയോട് ഒരു പരിസ്ഥിതി വാദിയും പ്രതികരിച്ചിട്ടില്ല.(എ.സി.യുടെ തണുപ്പിലിരുന്നു പരിസ്ഥിതി പഠനം നടത്തുമ്പോള്‍ എങ്ങെനെ പ്രതികരിയ്ക്കും?)
ശരി, എന്താണ് എ.സി.യുടെ അപകടം?
എ.സി.കള്‍ പുറന്തള്ളുന്ന ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍ അഥവാ C.F.C യാണ് ആഗോള താപനത്തിനു കാരണമായ “ഓസോണ്‍ ദ്വാരങ്ങള്‍ “ ഉണ്ടാക്കുന്നത്! അതായത് ചൂട് കുറയ്ക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യം, വീണ്ടും ചൂട് കൂട്ടാനേ സഹായിയ്ക്കൂ!!
എ.സി.കള്‍ വളരെ അധികം വൈദ്യുതി ഉപയോഗിച്ചു തീര്‍ക്കുന്നു. അപ്പോള്‍ വൈദ്യുതി ക്ഷാമം ഉണ്ടാകും, കൂടുതല്‍ ഉല്പാദനം വേണ്ടി വരും. ജലവൈദ്യുതിയാണെങ്കില്‍ അത് വനനശീകരണം ഉണ്ടാക്കും. കല്‍ക്കരിയോ ഡീസലോ മറ്റോ ആണെങ്കില്‍ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കും. ഫലം ചൂടു വീണ്ടും കൂടും!!
രസകരമായ കാര്യം കേരളത്തിന്റെ കാലാവസ്ഥയില്‍ എ.സി. ഒരാവശ്യമേ അല്ല എന്നതാണ്. മനുഷ്യര്‍ വിയര്‍ക്കുന്ന -ഹ്യുമിഡിറ്റി കൂടിയ-നമ്മുടെ നാട്ടില്‍ ഫാനിന്റെ കാറ്റ് മതിയായതാണ്. (ഗള്‍ഫില്‍ സ്ഥിതി വ്യത്യസ്തമാണ്)
കേരളത്തില്‍ ഇത്രയേറെ ചൂട് വര്‍ധിയ്ക്കാന്‍ കാരണം നമ്മുടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ / വീടുകള്‍ തന്നെയാണ്. കോണ്‍ക്രീറ്റ് വീടുകളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി പന്ത്രണ്ടു മണി വരെ, മഴക്കാലമൊഴിച്ചുള്ള സമയങ്ങളില്‍ കഴിഞ്ഞുകൂടുക ദുഷ്കരമാണ്. കഠിനമായ ചൂടാണ് അനുഭപ്പെടുന്നത്. ഇതാണ് എ.സി.യിലേയ്ക്ക് ആള്‍ക്കാര്‍ എത്തിപ്പെടുന്നതിന്റെ ഒരു കാരണം.
ഇന്നത്തെ സ്ഥിതിയില്‍ കോണ്‍ക്രീറ്റ് വീടുകള്‍ നമുക്ക് ഒഴിവാക്കാനാവില്ല. എന്നാല്‍ അവ നമുക്ക് പാരിസ്ഥിതിക സൌഹൃദത്തോടെ നിര്‍മ്മിക്കാവുന്നതേ ഒള്ളൂ.
എങ്ങനെ?
ചൂട് ഉള്ളിലെത്തുന്നത് തടയുക എന്നതാണല്ലോ മുഖ്യലക്ഷ്യം. അതിനായി എത്രയോ മാര്‍ഗങ്ങളുണ്ട്.
നിര്‍ബന്ധമായും വീടിന്റെ മേല്‍ വാര്‍പ്പ് “നിരപ്പാ“യി (Flat Roof) മാത്രമേ ചെയ്യാവൂ.
നിരപ്പായി വാര്‍ത്താല്‍ , അത്രയും വിസ്തീര്‍ണം സ്ഥലം നമുക്കു ലഭിയ്ക്കുന്നു. അവിടെ ടിന്‍ /അലുമിനിയം ഷീറ്റോ മറ്റൊ ഉപയോഗിച്ചൊരു മേല്‍കൂര കെട്ടിയാല്‍ പലതാണു ഗുണം. ചൂടു വരില്ല, തുറസ്സായ അവിടെ ,കുട്ടികള്‍ക്ക് ഓടിക്കളിയ്ക്കാം. ചെടികള്‍ വയ്ക്കാം. മുറ്റത്തിന്റെ പ്രയോജനം ചെയ്യും.
അല്ലെങ്കില്‍ ടെറസില്‍ പച്ചക്കറി നടാം. വിഷമേല്‍ക്കാത്ത ശുദ്ധമായ പച്ചക്കറി വീട്ടാവശ്യത്തിന് ഉല്പാദിപ്പിയ്ക്കാം.
ഇതൊന്നും താല്പര്യമില്ലാത്തവര്‍ക്ക് അറക്കപ്പൊടി, ഓല ഇവയൊക്കെ ഉപയോഗിച്ച് ഫലപ്രദമായി ചൂടിനെ തടയാം.ചെരിച്ചു വാര്‍ത്ത വീടുകള്‍ക്ക് ഇതൊന്നും സാധ്യമല്ല. പരിപാലനചിലവ് വേറെ വേണം താനും.
ഇന്നു കാണുന്നതോ? യാതൊരു പാരിസ്തിതിക ബോധവുമില്ലാത്ത കുറെ എഞ്ചിനീയര്‍മാരും ഉടമകളും ചേര്‍ന്ന് വീടെന്ന പേരില്‍ എന്തെല്ലാമോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുകയാണ്. “കാഴ്ച”യ്ക്കു വേണ്ടി അനാവശ്യമായ ഒടിവുകളും ചെരിവുകളും കൊടുക്കുന്നു. വാസ്തവത്തില്‍ കുറെ ചെലവുകൂട്ടാമെന്നതില്‍ കവിഞ്ഞ യാതൊരു പ്രയോജനവും ഇതു കൊണ്ടില്ല.
പണ്ടത്തെ ഓടുവീടുകളെ സംബന്ധിച്ചിടത്തോളം ചെരിവ് പ്രശ്നമായിരുന്നില്ല. കളിമണ്ണ് കോണ്‍ക്രീറ്റിനെപ്പോലെ ചൂടിനെ പിടിച്ചു നിര്‍ത്തില്ല. കൂടാതെ ഓട്ടു വീടുകള്‍ക്ക് മച്ചുണ്ടായിരുന്നതു കൊണ്ട് ചൂട് ഉള്ളിലേയ്ക്ക് വരുകയുമില്ലായിരുന്നു.
ചൂടിനെ തടയാന്‍ മറ്റൊരു മാര്‍ഗം തെക്ക് ,പടിഞ്ഞാറ് വശങ്ങളില്‍ ജാതി പോലെ നല്ല ഇലച്ചാര്‍ത്തുള്ള ചെറു വൃക്ഷങ്ങള്‍ , വാഴ, അശോകം തുടങ്ങിയവയൊക്കെ വച്ചുപിടിപ്പിയ്ക്കുക എന്നതാണ്. ചൂട് തടയുന്നതോടൊപ്പം, ഫലങ്ങള്‍ , വരുമാനം എന്നിവ കൂടി ലഭിയ്ക്കും.
നോക്കൂ, നമ്മുടെ മനോഭാവത്തില്‍ വരുത്തുന്ന ചെറിയൊരു മാറ്റം പരിസ്ഥിതിയെ-നമ്മെയും- എങ്ങെനെ സ്വാധീനിയ്ക്കും എന്ന്.(C.F.C കുറയും, ഓസോണ്‍ പാളി സംരക്ഷിക്കപ്പെടും, ആഗോളതാപനം കുറയും.
വൈദ്യുതി ലാഭിയ്ക്കും, പരിസ്ഥിതി സംരക്ഷിയ്ക്കപ്പെടും. ചെടികള്‍ കൂടും, ഓക്സിജന്‍ കൂടും, ഫലങ്ങള്‍ ലഭിയ്ക്കും. )
മലയാളിയുടെ ശുചിത്വബോധം എന്നതു വലിയൊരു തമാശയാണ്. എല്ലാവരും നിത്യവും ഒന്നോ രണ്ടോ തവണ കുളിയ്ക്കും, പല്ലു തേയ്ക്കും, കക്കൂസില്‍ പോയാല്‍ ശൌചം ചെയ്യും. കഴിഞ്ഞു ശുചിത്വ ബോധം. ഒരാളും തന്റെ പരിസരത്തെക്കുറിച്ച് ഉത്കണ്ഠാകുലനല്ല. അതൊക്കെ മറ്റുള്ളവര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടതല്ലെ.?
.ഈയൊരു ബോധം മാറ്റാത്തകാലത്തോളം നമ്മുടെ നാടു നന്നാവില്ല. എല്ലാവരും അവകാശത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നാല്‍ കടമയുടെ കാര്യത്തില്‍ അതില്ല.
ഉത്തരകേരളത്തിലെ പ്രമുഖമായ ഒരു ക്ഷേത്രം. ഭക്ഷണം, കിടപ്പുസൌകര്യം, ടോയിലറ്റ് എല്ലാം ഭക്തന്മാര്‍ക്ക് സൌജന്യം. എന്നാല്‍ അവിടെ ഭക്തര്‍ ചെയ്യുന്നതോ? ചോറുണ്ട ശേഷം ഇല കളയാന്‍ പ്രത്യേകം സ്ഥലമുണ്ടെങ്കിലും അതിനാരും മെനക്കെടില്ല. കാണുന്നിടത്തേയ്ക്ക് എറിയും. ആകെ നാറ്റമായിരിയ്ക്കും. ടോയിലറ്റോ, പറയാനില്ല. അസഹ്യമായ ദുര്‍ഗന്ധം കൊണ്ട് അങ്ങോട്ടു പോകാനേ കഴിയില്ല. മലയാളിയുടെ സാമൂഹ്യബോധമില്ലായ്മയുടെ ഉത്തമോദാഹരണം.
സുന്ദരമായ കേരളനാട് ഇത്രയേറെ വൃത്തികേടായിക്കിടക്കുന്നതിന് ആരാണുത്തരവാദി? സര്‍ക്കാര്‍ മാത്രമാണോ? നമ്മുടെ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു പൊതുബോധ്യമാണ് എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന്. ഒപ്പം നമ്മൂടെ രാഷ്ട്രീയ സംഘടനകളും. ഇന്നാട്ടിലെ മനുഷ്യശക്തി സാമൂഹ്യബോധത്തോടെ ഒരു ദിവസം രംഗത്തിറങ്ങിയാല്‍ തീരുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ ആര്‍ക്കുണ്ട് അതിനു നേരം?
എന്നാല്‍ യാതൊരു പ്രയോജനവുമില്ലാത്ത പ്രകടനങ്ങള്‍ , അക്രമപ്രവര്‍ത്തങ്ങള്‍ ഇവയ്ക്കൊന്നിനും മനുഷ്യശക്തിയ്ക്കു യാതൊരു ക്ഷാമവുമില്ല!വെറുതെയിരുന്ന് മൂക്കുമുട്ടെ തിന്ന്, അന്യരെ പാര വച്ച് ടെന്‍ഷനടിച്ച് , അവസാനം പ്രഷര്‍ , പ്രമേഹം , കൊളസ്ട്രോള്‍ .അതു കുറയ്ക്കാന്‍ ദിവസവും ഓട്ടവും ചാട്ടവും. പാഴാവുന്ന മനുഷ്യ ശക്തി എത്ര?
നാം നേരിടുന്ന-ഭാവിയില്‍ ഏറ്റവും ഗുരുതരമാവാന്‍ പോകുന്ന -പ്രശ്നമാണ് ജലക്ഷാമം.
“ഒരു വര്‍ഷം നമുക്ക് 3000 മില്ലിമീറ്റര്‍ മഴ ലഭിക്കുന്നു. ഇന്ത്യ മുഴുവനായി എടുത്താല്‍ ശരാശരി വാര്‍ഷികവര്‍ഷപാതം 1190 മി.മീ. മാത്രമാണ്. അതായത് അഖിലേന്ത്യാ ശരാശരിയുടെ ഏതാണ്ട് രണ്ടര ഇരട്ടി മഴ നമുക്ക് ലഭിക്കുന്നുണ്ട്. തെക്കുനിന്ന് വടക്കോട്ടു പോകുന്തോറും മഴയുടെ അളവ് കൂടി വരുന്നു. സംസ്ഥാനത്തിന്റെ തെക്കേയറ്റത്ത് പ്രതിവര്‍ഷം 1800 മി.മീ. മഴയാണ് ലഭിക്കുന്നത്. വടക്ക് ഇത് ഏതാണ്ട് 3800 മി.മീ. വരും. പടിഞ്ഞാറു നിന്ന് കിഴക്കോട്ടു പോകുമ്പോഴും മഴയുടെ അളവ് കൂടി വരും.“
(കടപ്പാട്: ശാസ്ത്രഗതി മാഗസിന്‍ - ലേഖനം ഇവിടെ വായിയ്ക്കൂ )
ഇത്രയും ജലവിഭവമുള്ള ഒരു നാട്ടിലാണ് മഴ നിലച്ചാലുടന്‍ കുടിനീര്‍ ക്ഷാമം അനുഭവപ്പെടുന്നത്!നമ്മുടെ കെടുകാര്യസ്ഥതയുടെയും ആസൂത്രണമില്ലായ്മയുടെയും മകുടോദാഹരണം.
മഴക്കാലത്ത് വെറുതെ ഒഴുകിപോകുന്ന ജലത്തിലൊരു ഭാഗം മാത്രം ശേഖരിച്ച് ശുദ്ധീകരിച്ച് കയറ്റി അയച്ചാല്‍ ഗള്‍ഫിനു പെട്രോഡോളര്‍ പോലെ കേരളത്തിനു ഹൈഡ്രോ ഡോളര്‍ നേടാം. ഈ പണം എത്രയോ കുടിവെള്ള പദ്ധതികള്‍ക്ക് നമുക്കുപയോഗിയ്ക്കാം! ഇതാരെങ്കിലും ഉച്ചത്തില്‍ പറഞ്ഞാല്‍ എല്ലാവരും കൂടി അവനെ കൊന്നു കൊല വിളിയ്ക്കും! അങ്ങനെയൊരു ചിന്ത പോലും അനുവദിയ്ക്കില്ല. സാമ്രാജ്യത്വം! സാമ്രാജ്യത്വം!
(ഈയിടെ വ്യവസായസെക്രട്ടറി പറഞ്ഞത് എന്താണെന്ന് മനസ്സിലാവും മുന്‍പേ എല്ലാവരും കൂടി കേറിയിടപെട്ട് കുളമാക്കി.കോളകള്‍ കഴിയ്ക്കുന്ന ഒരു വിഭാഗമുണ്ട്. കേരളത്തില്‍ നിന്നല്ലെങ്കില്‍ മറ്റെവിടുന്നെങ്കിലും സാധനം വരും. എന്നാല്‍ പിന്നെ അതിവിടെ തന്നെ ആയിക്കൂടെ? എത്ര പേര്‍ക്കു പണി കിട്ടും?
എന്നാല്‍ അത് കുടിവെള്ളക്ഷാമം ഉണ്ടാക്കാതെയും പരിസരമലിനീകരണം സൃഷ്ടിക്കാതെയുമായിരിയ്ക്കണം. അതിനുള്ള സാധ്യതയെക്കുറിച്ച് പഠിയ്ക്കണം. ഇതു രണ്ടും സാധ്യമേയല്ലയെങ്കില്‍ മാത്രമേ കോളകമ്പനിയെ കെട്ടുകെട്ടിയ്ക്കേണ്ടതുള്ളൂ. ഇവിടെ അതുണ്ടായോ? ഇതൊരു സമീപനത്തിന്റെ ഉദാഹരണമായിക്കണ്ടാല്‍ മതി. )
പൂച്ചയ്ക്കാരു മണികെട്ടാനാണ് ? വിവാദ ജീവികളാണല്ലോ എവിടെയും.
നമ്മുടെ മാധ്യമങ്ങള്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമയ്ക്കുന്ന വിവാദങ്ങളുടെ നാലിലൊന്ന് ഭാഗം ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണത്തിനു വേണ്ടി മാറ്റിവച്ചിരുന്നെങ്കില്‍ ....
പറഞ്ഞുവന്നത്, നമ്മുടെ മനോഭാവത്തില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റിയാണ്. അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കി സ്വാഭാവികമാര്‍ഗങ്ങളില്‍ കൂടി തന്നെ നമുക്ക് ചൂട് കുറയ്ക്കാം , പരിസ്ഥിതിയ്ക്ക് ആഘാതമേല്പിയ്ക്കാതിരിയ്ക്കാം.
സാമൂഹ്യബോധവും പരിസ്ഥിതി ബോധവുമുണ്ടായാല്‍ പരിസരശുചിത്വവും പരിസ്ഥിതി സംരക്ഷണവും സാധിക്കാം.
ഒപ്പം, നമ്മുടെ (ജലത്തെ)വിഭവങ്ങളെ വിവേകത്തോടെയും ആസൂത്രണത്തോടെയും ഉപയോഗിച്ചാല്‍ നാടു നന്നാകും, ഒപ്പം ജനങ്ങളും.
ഈ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഇതാവട്ടെ.
കേരളത്തില്‍, നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും കയ്യില്‍ കാശ് 'കൂടിയാല്‍' ഞാനും വാങ്ങും ഒരു എസി!അതാ അതിന്റെ ഒരു....
ReplyDelete@ഇസ്മായില്‍ കുറുമ്പടി ( തണല്‍)
ReplyDeleteകാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
:)
ReplyDeleteകാലികം
എ സി ഉണ്ടെങ്കിൽ തണൽ എന്തിന്?
ReplyDelete‘മഴപെയ്ത് വെറുതെ ഒഴുകിപ്പോകുന്ന ജലം ശുദ്ധീകരിച്ചു കയറ്റിയയച്ചു ഹൈഡ്രോ ഡോളർ നേടാം’പ്രകൃതിവിഭവങ്ങൾ ഡോളറായിക്കാണുന്ന ഈ സമീപനമാണ് അടിസ്ഥാനപരമായി മാറേണ്ടത്...ജീവന്റെ പുസ്തകത്തിൽ വെറുതെ എന്നൊരു വാക്കില്ല...മഴ പെയ്യുമ്പോൾ ആനന്ദത്തോടെ സ്വീകരിച്ച് ആ വെള്ളം കരുതി വെയ്ക്കാനുള്ള “വെറുതെ കിടക്കുന്ന” കുന്നുകളും,വയലുകളും ഡോളറടിക്കാനായി ഇടിച്ചു നിരത്തുകയും പുഴകളെ ഒഴുകാൻ വിടാതിരിക്കുകയും ചെയ്തപ്പോഴാണ് മഴ വെറുതെയായത്...വെള്ളപ്പൊക്കമായത്...
ReplyDelete@നനവ്
ReplyDeleteതാങ്കളുടെ സദുദ്ദേശത്തോടു യോജിയ്ക്കുന്നു. എന്നാല്‍ കേരളത്തിലെ ജലവിഭവത്തെ ബുദ്ധിപരമായി ഉപയോഗിയ്ക്കേണ്ടതു തന്നെയാണ് എന്റെ അഭിപ്രായം. വര്‍ഷം 3000 മി.മീ. മഴ ലഭിയ്ക്കുന്ന കേരളത്തില്‍ അതു മൊത്തം ശേഖരിയ്ക്കുക എന്നത് പ്രായോഗികമോ ആവശ്യമോ അല്ല. ലഭിയ്ക്കുന്നതില്‍ സിംഹഭാഗവും ആര്‍ക്കും പ്രയോജനമില്ലാതെ പോകുകയാണ്. ലോകത്ത് ഇനി വരാന്‍ പോകുന്ന പോരാട്ടം ജലത്തിനു വേണ്ടിയായിരിയ്ക്കും. ഇത്രയും അമൂല്യമായ ഒരു വിഭവം ബുദ്ധിപരമായി കൈകാര്യം ചെയ്യുകയാണ് കേവല പരിസ്ഥിതി തീവ്രവാദത്തെക്കാള്‍ നാടിനു നല്ലത്.
കുന്നിടിയ്ക്കലും കുളം നികത്തലും ഇതുമായി ബന്ധമുള്ള വിഷയമല്ല.
വളരെ നന്നായി ഈ ലേഖനം; കാതുള്ളവര്‍ കേള്‍ക്കട്ടെ.
ReplyDelete@അനില്‍കുമാര്‍. സി.പി.
ReplyDeleteഅനിലേ, സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്തവരുടെ നാട്ടില്‍ ഇതൊക്കെ ആരു കേള്‍ക്കാന്‍....?
വളരെ വിജ്ഞാനപ്രദമായിരുന്നു താങ്കളുടെ ലേഖനം . കാര്യങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍
ReplyDeleteപ്രശ്നങ്ങളുടെ ഗൌരവം ,അതിനുള്ള പ്രതിവിധി എല്ലാം നന്നായിട്ട് എഴുതിയിട്ടുണ്ടല്ലോ . ആദ്യമേ തന്നെ അഭിനന്ദനങ്ങള്‍ .
പരിസ്ഥിതി വിഷയത്തില്‍ താങ്കളുടെ അതെ അഭിപ്രായം ഉള്ള ആളാണ് ഞാനും . ഇവിടെ ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു . ആഗോളതാപനത്തെ ചെറുക്കാനായി രാത്രി ഒരു അര മണിക്കൂര്‍ -ഒരു ദിവസം മാത്രം - എല്ലാവരും സ്വന്തം നിലയില്‍ വൈദ്യുതി അണച്ച് ഈ ദൌത്യത്തില്‍ പങ്കാളിയാകുവാന്‍ ഏതാനും മാസം മുന്‍പ് പത്രത്തില്‍ വാര്‍ത്ത വന്നത് എല്ലാവരും ഓര്‍ക്കുന്നുണ്ടാകും . അന്നേ ദിവസം രാത്രി എട്ടു മണിക്ക് ലൈറ്റൊക്കെ അണച്ച് ഞാന്‍ തൊട്ടടുത്തുള്ള വീടുകളിലെക്കൊക്കെ നോക്കി .അവരാരും തന്നെ ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല .
അല്ലെങ്കില്‍ നമ്മള്‍ ഇങ്ങനെ ത്യാഗം ചെയ്യുന്നതെന്തിന് എന്ന ചിന്തയാവാം
ഇവിടെ ബിജു സൂചിപ്പിച്ചത് പോലെ , കുറച്ചു പേര്‍ക്ക് മാധ്യമങ്ങളില്‍ പേര് അടിച്ചുവരാനും മറ്റുമായുള്ള ഒരു "ആഘോഷം " തന്നെ ആയിട്ടുണ്ട് പരിസ്ഥിതി സംരക്ഷണം .സുഗതകുമാരി ടീച്ചറെ പോലെ ആത്മാര്‍ത്ഥതയുള്ളവര്‍ വിരളം . ശരിയാണ് നമുക്കൊക്കെ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുവാന്‍ മാത്രമേ അറിയൂ -കടമകള്‍ മറക്കുന്നു .ഇനി ഇതൊക്കെ ആരെങ്കിലും തുറന്നെഴുതിയാല്‍ അവരെ വ്യക്തിപരമായി തേജോവധം ചെയ്യുവന്നും നമ്മള്‍ തയ്യാറാകും !. അതാണ് ഇന്നത്തെ സമൂഹം .എല്ലാവരും താങ്കളെപ്പോലെ ചിന്തിച്ചിരുന്നെങ്കില്‍
എന്നാഗ്രഹിച്ചു പോകുന്നു .
@മിനി നമ്പൂതിരി
ReplyDeleteവളരെ നന്ദി മാഡം, വായനയ്ക്കും വിശദമായ അഭിപ്രായത്തിനും. താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ യോജിപ്പ്
വളരെ അര്‍ത്ഥവത്തായ ഒരു ലേഖനം. അല്ലെങ്കില്‍ തന്നെ മുന്നറിയിപ്പുകള്‍ ആരാണ് ചെവിക്കൊള്ളുന്നത്. എന്തും വന്നു ഭവിച്ചതിനു ശേഷം മാത്രമല്ലേ ചിന്തിക്കാന്‍ തുടങ്ങൂ. അപ്പോഴേക്കും തിരുത്താന്‍ പറ്റാത്ത ഒരു ദൂരത്തെത്തിയിരിക്കും. കൂടെ എല്ലാവര്ക്കും അനുഭവിക്കാം...
ReplyDeleteഇപ്പോളും ശീതികരണത്തിന് CFC ഉപയോഗിക്കുനുണ്ടോ ?
ReplyDelete@ജിമ്മി: അഭിപ്രായത്തിനു വളരെ നന്ദി.
ReplyDelete@ശ്രീ: എ.സി.കളിലും ഫ്രിഡ്ജിലും ഉപയോഗിയ്ക്കുന്നത് ഫ്രിയോണ്‍ എന്ന വാതകമാണ്. ഈ ഫ്രിയോണിന്റെ ബാഷ്പീകരണത്തില്‍ നിന്നാണ് CFC ഉണ്ടാകുന്നത്. (ഇതെന്റെ പരിമിതമായ അറിവാണ്. കൂടുതല്‍ അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു.)