പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 8 June 2010

നേര്‍ക്കാഴ്ചകള്‍- സ്വത്വവിവാദത്തിന്റെ കാണാപ്പുറം

മുഖവുര: ഇത് രാഷ്ട്രീയ പ്രചരണാര്‍ത്ഥമുള്ള ബ്ലോഗോ പോസ്റ്റോ അല്ല. “മലയാളം”എന്നപേരിലുള്ള ഒരു ബ്ലോഗില്‍ സ്വത്വരാഷ്ട്രീയത്തെപറ്റി ഒരു ലേഖനമുണ്ട്. അവിടെ നടക്കുന്ന ഒരു ചര്‍ച്ചയിലെ കമന്റു മാത്രമാണ്. രാഷ്ട്രീയം ഇതിലുണ്ട്. അത് വിഷയം രാഷ്ട്രീയമായതുകൊണ്ട് മാത്രം. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. വായനക്കാരന് വിയോജിയ്ക്കാം.
ആദ്യം ആ ലേഖനം ഇവിടെ നിന്നും വായിയ്ക്കൂ:

ഈ ലേഖനം ആരാണെഴുതിയതെന്നെനിയ്ക്കറിയില്ല. ഒരാളാണൊ ഒന്നിലേറെപ്പേര്‍ ചേര്‍ന്നാണോ എന്നും അറിയില്ല.
ജനകീയതയുടെയും ജനപ്രിയതയുടെയും നിര്‍വചനത്തില്‍ പിടിച്ച് തുടങ്ങിയ ലേഖനം വായിയ്ക്കുമ്പോള്‍ കാര്യമായെന്തെങ്കിലും തടയുമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ വായന പകുതിയിലെത്തുമ്പോഴാണ് പൂച്ച ചാക്കു തുളച്ച് തല പുറത്തു കാണിയ്ക്കാന്‍  തുടങ്ങുന്നത്.
ബെര്‍ളിയുടെ ബ്ലോഗിന് കുറച്ച് മൈലേജ് സംഭാവന ചെയ്തതോടൊപ്പം, പൊക്കിക്കാണിയ്ക്കുന്ന, മൂട്ടിലെ “കമന്റി”ലാണു പോലും സ്വത്വരാഷ്ട്രീയത്തിന്റെ “ജനപ്രിയ” നിര്‍വചനം കിടക്കുന്നത്!
     നോക്കുക: “അതായത്, അധസ്ഥിതരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും ‘ഉന്നമന‘ത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയില്‍ നിന്ന് ഒരു ചോവത്തിയോ ചോവനോ മുഖ്യമന്ത്രി ആയാല്‍ അത് സ്വത്വ രാഷ്ട്രീയം. അതല്ല ജന്മി-മാടമ്പി-മുതലാളി ഇത്യാദികള്‍ മുഖ്യമന്ത്രിയായാല്‍ അത് വര്‍ഗ രാഷ്ട്രീയം. സോ സിം‌മ്പിള്‍.
 ജനങ്ങള്‍ക്ക് പിടികിട്ടില്ലെന്ന് കരുതി ബുദ്ധിജീവികള്‍ കെട്ടിയിറക്കിയ സ്വത്വരാഷ്ട്രീയവിരോധത്തെ എത്ര അനായാസമായാണ് സാധാരണക്കാര്‍ ഡിസക്ട് ചെയ്തതെന്നു നോക്കുക.“ ഇതാണത്രേ നിര്‍വചനം!

അടുത്ത വരികളിലേത്തുമ്പോള്‍ പൂച്ച മുഴുവനായും വെളിയില്‍ ചാടുന്നു. “സ്വത്വരാഷ്ട്രീയം പാടില്ല എന്നും അതേ സമയം സ്വത്വബോധം ആകാം എന്നുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്.“
സി.പി.എം എന്തോ വലിയ അപരാധമാണ് ചെയ്യുന്നതെന്ന ഭാവത്തിലാണ് ഈ വിളിച്ചു പറച്ചില്‍. ഇപ്പോള്‍ മാത്രമല്ല ഇതിനു മുന്‍പും ആ പാര്‍ട്ടി ഇതു തന്നെയാണ് പറഞ്ഞിരുന്നതെന്ന് പ്രകാശ് കാരാട്ട് എഴുതിയ ലേഖനം വായിയ്ക്കുന്നവര്‍ക്ക് ബോധ്യമാവും.
രസകരമായ കാര്യം സി.പി.എമ്മിനെ എതിര്‍ക്കാന്‍ വേണ്ടി ഇവിടെ(ആ ലേഖനത്തില്‍) ലിങ്കു കൊടുത്ത് പറഞ്ഞിരിയ്ക്കുന്ന ലേഖനങ്ങള്‍ നേരായി വായിയ്ക്കുന്നവര്‍ക്ക്, പാര്‍ട്ടി നിലപാടിനെപറ്റി എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ മാറിക്കിട്ടും എന്നുതന്നെയാണ്.
എം.എ.ബേബിയുടെ ലേഖനത്തില്‍ പറയുന്നു: “സ്വയം തിരിച്ചറിയാനും, അതിനെത്തുടര്‍ന്ന് താന്‍ ജീവിക്കുന്ന സമൂഹത്തിലെ അസമത്വങ്ങള്‍ തിരിച്ചറിയാനും തുടങ്ങുന്ന വ്യക്തിയുടെ ബോധമാണ് 'സ്വത്വബോധം'.എന്നാല്‍ അവിടെ തളച്ചിടപ്പെടാതെ കൂടുതല്‍ ഉയര്‍ന്ന വര്‍ഗബോധത്തിലേക്ക് അവള്‍/അവന്‍ വികസിക്കേണ്ടതുണ്ട് എന്നുള്ളതാണ് കാതലായ കാര്യം. തങ്ങളുടെ യഥാര്‍ഥ അവസ്ഥയെപ്പറ്റി യാതൊരു ബോധവുമില്ലാത്ത സ്ഥിതിയില്‍നിന്ന് ക്രമേണയുള്ള മുന്നോട്ടുപോക്കാണ് 'സ്വത്വബോധം'. അവിടെ നിന്നു പിന്നെയും മുന്നോട്ടു പോകാമെന്നിരിക്കെ, പോകേണ്ടതുണ്ടെന്നിരിക്കെ, അതിനു മുതിരാതിരിക്കുന്നത് പക്ഷേ തികച്ചും പ്രതിലോമപരമായി ഭവിക്കുന്നു.
ഇതുമാത്രമല്ല, എല്ലാതരം അടിച്ചമര്‍ത്തലുകളും ചൂഷണങ്ങളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വികസിക്കുന്ന വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്താനുള്ള തന്ത്രമായി സ്വത്വരാഷ്ട്രീയം’ ഉപയോഗിക്കപ്പെടുന്നു. 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന പഴയ സാമ്രാജ്യത്വതന്ത്രവും ഭിന്നസ്വത്വങ്ങളെ ആസ്പദമാക്കിയുള്ള രാഷ്ട്രീയ ചേരിതിരിവുകള്‍ വളര്‍ത്തി ആക്രമിക്കുക, അധീശത്വം നിലനിര്‍ത്തുക എന്ന നവലിബറല്‍’ മുതലാളിത്തതന്ത്രവും നമുക്ക് തിരിച്ചറിയാന്‍ കഴിയണം (ദ ഹിന്ദു പത്രത്തില്‍ മെയ് 25-ന് പോള്‍ ക്രൂഗ്മാന്‍ എഴുതിയ ലേഖനം നോക്കുക).  “

ഇതു പറയാതെയാണ് ,ബേബി ക്രൂഗ്മാന്റെ ലേഖനം ചൂണ്ടിക്കാണിച്ചതിനെ കളിയാക്കുന്നത്. ക്രൂഗ്‌മാന്റെ ലേഖനം ആരും വായിയ്ക്കില്ലാന്ന് ബേബിയ്ക്കുറപ്പുണ്ടെന്ന് ഈ ലേഖനകര്‍ത്താവിനുറപ്പുണ്ടത്രേ! മറ്റുള്ളവരെക്കുറിച്ച് എത്ര വികലധാരണയാണീ കക്ഷിയ്ക്കുള്ളത്!     
ദേശാഭിമാനിയില്‍ പി.രാജീവ് എഴുതിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമല്ല. ആ പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ അംഗമെന്ന നിലയില്‍ പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാണ് അത്. എം.എ.ബേബിയും പാര്‍ട്ടിയുടെ അഭിപ്രായം തന്നെയാനെഴുതിയത്. ഇതു കാണുന്നതിനു പകരം ലേഖകന്‍ പറയുന്നത്, രാജീവ് എന്തോ എഴുതി. ബേബിയും കുറച്ചുപേരും അതിനെ പിന്തുണച്ചു. പോക്കരും കെ.ഇ.എന്നും അതിനെ അതിനെ എതിര്‍ത്തു. അങ്ങനെ സി.പി.എമ്മില്‍ ആകെ പ്രശ്നം!

കെ.ഇ.എന്നൊ പോക്കറൊ പാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കളോ പാര്‍ട്ടിയുടെ നേതൃത്വത്തിലോ ഉള്ള ആള്‍ക്കാരല്ല. പാര്‍ട്ടിയില്‍ അംഗത്വമുള്ള ഇടതുപക്ഷ ചിന്തകരും പലപ്പോഴും പാര്‍ട്ടി നിലപാടിനോടൊത്തു പോകുന്നവരും ആണവര്‍ . എന്നാല്‍ അവര്‍ക്കു സ്വന്തമായ ആശയങ്ങളും ചിന്തകളും ഉണ്ടാവാം. അതില്‍ പാര്‍ട്ടിയുടെ പൊതുനയത്തിനു വിരുദ്ധമായി വല്ലതുമുണ്ടെങ്കില്‍ അതിനെ പാര്‍ട്ടി എതിര്‍ക്കും തിരുത്തും. ഇതില്‍ അസാധാരണത്വം കണ്ടെത്തുന്നവര്‍ക്കു ലക്ഷ്യം വേറെയാണ്. അതു മനസ്സിലാക്കാന്‍ വരികള്‍ മാത്രം മതിയാവും:

 “പോക്കറിനെയല്ല, അഥവാ പോക്കറിനെ മാത്രമല്ല, അതിലൂടെ ലക്ഷ്യമിടുന്നതെന്നറിയാന്‍ രാഷ്ട്രീയക്കളരിയിലെ എബിസിഡി മതിയാകും.“പാലേരിമാണിക്യം, ഒരു പാതിരാ ക്കൊലപാതകത്തിന്റെ  കഥ എന്ന നോവലില്‍ വരുന്ന പ്രതിലോമകതയോട് കണ്ണടയ്ക്കുകയും അതേ സമയം അധികമാരും കാണാത്ത ഓറ എന്ന ചെറുപ്രസിദ്ധീകരണത്തില്‍ വരുന്ന പാര്‍ട്ടി അംഗമായ പോക്കറിന്റെ ലേഖനത്തിനെതിരെ വിമര്‍ശനം എഴുതുകയും ചെയ്യുന്നത് ബുദ്ധിജീവികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റാന്‍ മാത്രമല്ല ഉപകരിക്കുക. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അവിശ്വാസ്യത വളര്‍ത്താനും അതിടയാക്കിയേക്കും. (മൌദൂദിസത്തിനുള്ള അപരനാമമാണ് ന്യൂനപക്ഷം എന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരു നല്ല സലാം.)“

പലേരിമാണിക്യത്തിന്റെ നോവലായാലും സിനിമയായാലും അത് ഒരു എഴുത്തുകാരന്റെ ഭാവന മാത്രമാണ്. അതിനോട് ഒരു പാര്‍ട്ടി യുദ്ധം ചെയ്യണമെന്നു പറയുന്നതിനോടെന്തു പറയാനാണ്? പലേരിമാണിക്യം സിനിമയുടെ ഇടതുപക്ഷ-വിരുദ്ധ സവര്‍ണ പക്ഷപാതിത്വത്തെപറ്റി ഒന്നംതരം ലേഖനങ്ങള്‍ പല പ്രസിദ്ധീകരണങ്ങളിലും ബൂലോകത്തും വന്നിട്ടുണ്ട്. അതൊക്കെ കാണണമെങ്കില്‍ പക്ഷപാതിത്വമില്ലാതെ കാര്യങ്ങളെ നോക്കികാണണം. ലേഖനത്തിന്റെ ലക്ഷ്യം അതല്ലല്ലോ!
മൌദൂസിസത്തെ സി.പി.എമ്മിനെക്കാളും തുറന്നുകാണിച്ചത് എം.കെ. മുനീറും, കെ.എം.ഷാജിയും എഴുത്തുകാരായ ഹമീദ് ചേന്നമംഗലൂരും കാരശ്ശേരിയുമൊക്കെയാണെന്ന് പത്രം വായിയ്ക്കുന്നവര്‍ക്കറിയാം. ഇപ്പറഞ്ഞവരാരും സി.പി.എം കാരല്ല.

ഇവിടെ ലേഖനകര്‍ത്താവ് ബോധപൂര്‍വം എന്നാല്‍ നേരിട്ടല്ലാതെ വായനക്കാരന്റെ ചിന്തയിലേയ്ക്ക് തള്ളിവിടാന്‍ ശ്രമിയ്ക്കുന്ന ഒരാശയമുണ്ട്.  ഈയടുത്തകാലത്ത് കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിയ്ക്കുന്ന ഒരാരോപണം. “സി.പി.എം. ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിയ്ക്കുന്നു അല്ലെങ്കില്‍ ന്യൂനപക്ഷത്തെ എതിര്‍ക്കുന്നു“.

ഈയൊരു പരിസമാപ്തിയിലെത്തിയ്ക്കാന്‍ വേണ്ടി നടത്തുന്ന അഭ്യാസത്തിന്റെ ആകെത്തുകയാണ് ഈ ചവറു ലേഖനം. പോക്കരും കെ.ഇ.എന്നും ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവരായതുകൊണ്ടാണ് “അവരുടെ ആശയമായ“ സ്വത്വരാഷ്ട്രീയത്തെ-എന്നുവച്ചാല്‍ ന്യൂനപക്ഷരാഷ്ട്രീയം എന്നു പരിഭാഷപ്പെടുത്തുക- (കെ.ഇ.എന്‍ . അതിനെ തള്ളിപ്പറഞ്ഞതുകൊണ്ട് ഇവിടെ പോക്കറെ മാത്രമെ എടുത്തുകാണിയ്ക്കുന്നുള്ളൂ) സി.പി.എം എതിര്‍ക്കുന്നത് എന്നതാണ് ഇവിടെ പറഞ്ഞുവെക്കാന്‍ ശ്രമിയ്ക്കുന്ന ഗമണ്ടന്‍ ആശയം.

എനിക്കെഴുതിയ മറുപടിയില്‍ എഡിറ്റര്‍ പറയുന്നതു ശ്രദ്ധിയ്ക്കൂ:
“സിപിഎം ഇപ്പോള്‍ ഉയര്‍ത്തുന്ന ഈ വിവാദം കേരളീയ സമൂഹത്തില്‍ മേല്‍ക്കൈയുള്ള മദ്ധ്യവര്‍ഗ്ഗത്തിന് പ്രിയകരമായ വാദമാണ് ഉയര്‍ത്തുന്നത്. ന്യൂനപക്ഷ ദളിത് വിരുദ്ധത എന്നത് അതിന്റെ മുഖമുദ്രയാണ്. അതേ സമയം ജനപ്രിയ രൂപങ്ങളില്‍ തന്നെ അതിനോടുള്ള പ്രതികരണമെന്ന നിലയിലെങ്കിലും നമ്മെ ഞെട്ടിക്കുന്ന ചിന്തയുടെ അനുരണനങ്ങള്‍ കാണാനാവും. “

  സി.പി.എം പുതുതായി ഈ വിഷയത്തില്‍ ഒരു വിവാദവും കൊണ്ടുവന്നിട്ടില്ല എന്നു നിഷ്പക്ഷമായി വീക്ഷിയ്ക്കുന്നവര്‍ക്കറിയാം. ആ പാര്‍ട്ടിയുടെ ഇതുവരെയുള്ള നിലപാട് ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞെന്നു മാത്രം. ചില ഇടതുപക്ഷ ചിന്തകരുടെ ഇടര്‍ച്ചയാണ് അതിനു കാരണമായത് .

എന്താണ് പാര്‍ട്ടിനിലപാടെന്ന് പി.രാജീവിന്റെ ദേശാഭിമാനി വാരികയിലെ പുതിയലേഖനത്തില്‍  പറയുന്നു:
“സ്വത്വരാഷ്ട്രീയം വര്‍ഗ രാഷ്ട്രീയത്തിന് എതിരാണ്. അതു വര്‍ഗസമരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. എങ്കിലും സ്വത്വം ഒരു പ്രശ്നം തന്നെയല്ലേ എന്ന സംശയം ചില സുഹൃത്തുക്കള്‍ ഉന്നയിയ്ക്കുകയുണ്ടായി. ദളിത് തൊഴിലാളി, തൊഴിലാളി എന്ന രീതിയിലുള്ള ചൂഷണം മാത്രമേ നേരിടുന്നുവെന്ന് ആരെങ്കിലും പറഞ്ഞാള്‍ അതു അസംബന്ധമാണ്. സാമൂഹ്യമായ വിവേചനവും പ്രധാനമാണ്. എന്നാല്‍ ഇത് ദളിത് വിഭാഗത്തിനുമാത്രമേ മനസ്സിലാവുകയുള്ളൂ എന്നും സ്വത്വരാഷ്ട്രീയമാണ് ഇതു കൈകാര്യം ചെയ്യെണ്ടതെന്നും പറയുന്നത് തീര്‍ത്തും തെറ്റാണ്. ഈ പ്രശ്നത്തെ വര്‍ഗരാഷ്ട്രീയത്തിനു കീഴ്പ്പെടുത്തി കീഴ്പ്പെടുത്തി കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന കാര്യം സി.പി.എം പരിപാടി ശാസ്ത്രീയമായി അവതരിപ്പിയ്ക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു പാര്‍ടി കോണ്‍ഗ്രസുകളുടെ രാഷ്ട്രീയപ്രമേയങ്ങളില്‍ ഇതിനു പ്രത്യേക ഇടം കെട്ടിയിട്ടുണ്ട്.“-സ്വത്വരാഷ്ട്രീയ വിവാദം. പി.രാജീവ്

ഇന്നിപ്പോള്‍ പലരും കാര്യമായി ഈ സ്വത്വരാഷ്ട്രീയപ്രശ്നം പൊക്കിക്കൊണ്ടു വരുന്നതു തന്നെ സി.പി.എമ്മിനിട്ടൊരു കൊട്ടുകൊടുക്കാം എന്നു കരുതി മാത്രമാണ്. കാരണം സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന മോഡല്‍ സ്വത്വ നിര്‍വചനം ബെര്‍ലിയുടെ ബ്ലോഗില്‍ നിന്നും തോണ്ടിയിട്ടു കാണിച്ചിട്ടുണ്ടല്ലോ! അപ്പോള്‍ പിന്നെ കൊട്ടല്‍ എളുപ്പമായി.

പച്ചയ്ക്കു പറഞ്ഞാല്‍ സി.പി.എം. ദളിത്-ക്രൈസ്തവ-മുസ്ലീം വിരുദ്ധരാണ് എന്നു പ്രഖ്യാപിയ്ക്കുകമാത്രമാണ്  ഈ ലേഖനകര്‍ത്താവിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പുകളല്ലേ വരുന്നത്. സംഗതി ചൂടായിത്തന്നെ നില്‍‌ക്കട്ടെ. അങ്ങനെയും പത്തോട്ട് കിട്ടുന്നെങ്കില്‍ കിട്ടട്ടെ.

5 comments:

  1. കൊള്ളാം ബിജുകുമാർ കാര്യങ്ങൾ നന്നായി വിശകലനം ചെയ്തിരിക്കുന്നു. സ്വത്വ രാഷ്ട്രീയം എന്നാൽ ന്യൂനപക്ഷ രാഷ്ട്രീയം ആണെന്നു വളരെ ബോധപൂർവ്വം പ്രചരിപ്പിച്ച് ന്യൂനപക്ഷങ്ങളെ സിപി എമ്മിനെതിരാക്കാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യതാർത്ഥത്തിൽ സ്വത്വം എന്നു പറയുന്നത് അതു മാത്രമല്ലാ എന്നത് അറിയാത്തവരല്ല ഈ പ്രചരണത്തിനു പിന്നിൽ. കയ്യിൽ കിട്ടുന്നതെന്തും സിപി എമ്മിനെതിരെ വലിച്ചെറിഞ്ഞു പാരമ്പര്യമുള്ളവർ അതു ആവർത്തിക്കുന്നു എന്നേ ഉള്ളൂ.

    ReplyDelete
  2. “സ്വത്വബോധം” ഏറിയും കുറഞ്ഞും എല്ലാവരിലും ഉണ്ട്.. മതപരമായി, ദേശപരമായി, ഭാഷാപരമായി, ജാതീയമായി ഇങ്ങിനെ പലവിധത്തില്‍.. ഈ സ്വത്വബോധത്തെ ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തിരസ്കരിച്ചിട്ടില്ല. ആ പാര്‍ട്ടിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് സ്വത്വബോധത്തെ മറികടക്കുന്ന “വര്‍ഗ്ഗബോധം” ഉണ്ടാവണമെന്നാണ് ലക്ഷ്യം..
    1. ആ വര്‍ഗ്ഗബോധത്തെ അഭിസംബോധന ചെയ്യാനാവശ്യമായ രാഷ്ട്രീയമാണു വേണ്ടത്..
    2. സ്വത്വബോധത്തെ address ചെയ്യുന്ന സ്വത്വരാഷ്ട്രീയമല്ല ഇന്നിന്റെ ആവശ്യം..
    എന്നാല്‍ പി.കെ.പോക്കര്‍ ഊന്നിയത് രണ്ടാമത്തെ കാര്യത്തിലാണ്.. പാര്‍ട്ടിയെ നയിക്കുന്നവര്‍ ഒന്നാമത്തേതിനെ ഊന്നുമ്പോഴും രണ്ടാമത്തേതിനെ പൂര്‍ണ്ണമായി നിരാകരിക്കുകയോ അതു നിലനില്‍ക്കുന്നില്ലെന്നു വാദിക്കുകയോ ചെയ്തിട്ടില്ല.. പാര്‍ട്ടി ലക്ഷ്യം വ്യക്തമാക്കിത്തരുകയായിരുന്നു.. അതു ഒരു പുതിയ കാര്യവുമല്ല..

    ReplyDelete
  3. @വിബിഎന്‍
    ഈ വിഷയത്തില്‍ മലയാളം പോര്‍ട്ടലിലെ തുടര്‍ചര്‍ച്ചകള്‍ കൂടി ശ്രദ്ധിയ്ക്കുമല്ലോ

    ReplyDelete
  4. @M.A.Latheef
    തികച്ചും ശരിയായ നിരീക്ഷണം

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.