പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 24 July 2012

ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍ (നോവല്‍)

സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരു കൂട്ടം പൂര്‍വപിതാക്കള്‍. ഇന്നിന്റെ പ്രായോഗിക രാഷ്ട്രീയത്തോടു സന്ധിചെയ്യാന്‍ വിസമ്മതിയ്ക്കുന്ന ഒരു സഖാവ് അവരുടെ ജീവിതത്തിലൂടെ നടത്തുന്ന മായാസഞ്ചാരമാണീ നോവല്‍. കണ്ണൂരിന്റെ മണ്ണില്‍ 1940-50 കാലഘട്ടത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചോരപൊടിയുന്ന ആവിഷ്കാരം. സ്വന്തം രക്തം ഒരു ജനതയുടെ മോചനത്തിനായി സമര്‍പ്പിച്ച അനേകം ധീര രക്തസാക്ഷികള്‍ക്കായി ഈ പുസ്തകം സമര്‍പ്പിച്ചു കൊള്ളുന്നു..
കേരളത്തിലെ ചുവന്ന മണ്ണാണു കണ്ണൂര്‍. കാലമേറെ കഴിഞ്ഞിട്ടും, സംസ്കാരവും മൂല്യങ്ങളും ഏറെ മാറിയിട്ടും, കണ്ണൂരിന്റെ ചുവപ്പിനു നരപറ്റാത്തതിനു കാരണം ഈ മണ്ണിലൊഴുകിപ്പരന്ന,അനേകം ധീരരുടെ ചോരച്ചാലുകളാണ്. 1935 ജൂലൈ 13 നു കണ്ണൂരിലെ കൊളച്ചേരി എന്ന സ്ഥലത്ത് മുപ്പതോളം പേര്‍ ചേര്‍ന്നു കൊളുത്തിയ ദീപശിഖയാണ് പിന്നീട് “കര്‍ഷകസംഘം“ എന്ന പേരില്‍ മലബാറിനെയാകെ പിടിച്ചു കുലുക്കിയ കാട്ടുതീയായി പടര്‍ന്നത്. 1939 ല്‍ കണ്ണൂരിലെ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റു പാര്‍ടിയുടെ കേരള ഘടകം രൂപീകൃതമായി.  എന്നിട്ടും കോണ്‍ഗ്രസിന്റെയും കര്‍ഷകസംഘത്തിന്റെയും ലേബലിലാണ് അന്ന് പാര്‍ടി പ്രവര്‍ത്തിച്ചത്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 1940 സെപ്തംബര്‍-15 നു മൊറാഴയില്‍ ചേര്‍ന്ന മര്‍ദ്ദനപ്രതിഷേധ യോഗത്തോടെയാണ് കമ്യൂണിസ്റ്റുപാര്‍ടി പരസ്യമായി രംഗത്തു വന്നത്. അന്നു നടന്ന ഏറ്റുമുട്ടലില്‍ വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പിന്നീട് നരനായാട്ടിന്റെയും മര്‍ദ്ദനങ്ങളുടെയും നാളുകള്‍. എന്നിട്ടും വിപ്ലവവീര്യം ചോരാതെ സഖാക്കള്‍ പിടിച്ചു നിന്നു. സഖാവ് കൃഷ്ണപിള്ളയും, കെ.പി.ആറും, നായനാരും നേതൃത്വം നല്‍കി. 
കാവുമ്പായി രക്തസാക്ഷി മണ്ഡപം.
മലബാറിലെ ജന്മിമാരില്‍ ക്രൂരത കൊണ്ടും പ്രതാപം കൊണ്ടും കുപ്രസിദ്ധരായിരുന്നു ഇരിക്കൂര്‍ ഫര്‍ക്കയിലെ കരക്കാട്ടിടം നായനാരും കല്യാട്ട് യെശമാനനും. ഇവരുടെ കൊടുംക്രൂരതകള്‍ക്കെതിരെ കര്‍ഷകസംഘവും കമ്യൂണിസ്റ്റു പാര്‍ടിയും ഐതിഹാസികമായ പോരാട്ടമാണു നടത്തിയത്. അതായിരുന്നു കാവുമ്പായി കലാപം. പോലീസും പാര്‍ടിയും നേര്‍ക്കുനേര്‍ ആയുധമേന്തി നടത്തിയ ഏറ്റുമുട്ടല്‍. എന്നാല്‍ മെഷീന്‍ ഗണ്ണുകള്‍ക്കു മുന്‍പില്‍ നാടന്‍ തോക്കും വാരിക്കുന്തവും പരാജയപ്പെട്ടു. അഞ്ചു രക്തസാക്ഷികള്‍. പിന്നെയും നരനായാട്ടും ഗുണ്ടാവിളയാട്ടവും അടിച്ചമര്‍ത്തലും. കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞാല്‍ അടിയും തലയില്‍ മോസ്കോ റോഡും. എന്നാല്‍ സഖാക്കള്‍ പിന്തിരിഞ്ഞില്ല. ഒളിവിലിരുന്ന് ശക്തമായി പ്രതിരോധിച്ചു. പോലീസിന്റെ സകല പിന്തുണയുണ്ടായിട്ടും ജന്മിയുടെ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു.
അടിച്ചമര്‍ത്തലുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ പോലീസും കോണ്‍ഗ്രസ് ഭരണാധികാരികളും ചേര്‍ന്ന് നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ പരിപാടിയിട്ടു. അങ്ങനെയാണ് മൂന്നു കമ്യൂണിസ്റ്റുകാരെ പിടികൂടി പാടിക്കുന്നില്‍ വെടിവെച്ചു കൊന്നത്. അതിനുമെത്രയോ കാലങ്ങള്‍ക്കു ശേഷമാണു വയനാട്ടില്‍ സഖാവ് വര്‍ഗീസ് അതേ രീതിയില്‍ കൊല്ലപ്പെട്ടത്.
പാടിക്കുന്ന് രക്തസാക്ഷി മണ്ഡപം.
ഈ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരുത്തനായ ഒരു സഖാവുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ വാസമനുഷ്ടിച്ച കമ്യൂണിസ്റ്റ്. പാടിപ്പതിഞ്ഞ കഥകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. മൊറാഴയില്‍ ഇന്‍സ്പെക്ടറെ ആദ്യം നേരിട്ടത് കേവലം 22 വയസ്സുണ്ടായിരുന്ന അദ്ദേഹമാണ്. സഖാവ് കെ.പി.ആറിന്റെ വലംകൈ, വളണ്ടിയര്‍ ക്യാപ്റ്റന്‍. സഖാവ് അറാക്കല്‍ കുഞ്ഞിരാമന്‍. ചിറയ്ക്കല്‍ താലൂക്കില്‍ വളണ്ടിയര്‍ സൈന്യത്തെ വളര്‍ത്താന്‍ അദ്ദേഹം ഓടി നടന്നു. കാവുമ്പായി കലാപകാലത്തും പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. അടിഅയ്ക്ക് തിരിച്ചടി. പോലീസും ഗുണ്ടകളും ഒരേ പോലെ ആ പേരിനെ ഭയപ്പെട്ടു. അറാക്കലിനെ കൊന്നുകളയാനാണു പാടിക്കുന്ന് വെടിവെപ്പ്  ആസൂത്രണം ചെയ്തതെങ്കിലും  പിടികിട്ടാത്തതിനാല്‍ രക്ഷപെട്ടു. ഈ ഉജ്വല പോരാട്ടങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു അദ്ദേഹത്തിന്.

കാവുമ്പായി കലാപത്തിന്റെ നേതാക്കളില്‍ ഒരാള്‍ സഖാവ് തളിയന്‍ രാമന്‍ നമ്പ്യാരായിരുന്നു.
കാവുമ്പായിക്കുന്നില്‍ പോലീസുമായി ഏറ്റുമുട്ടിയ പാര്‍ടി വളണ്ടിയര്‍മാരെ നയിച്ചത് അദ്ദേഹം.
പിടിയിലായ ആ സഖാവ് പിന്നീട് സേലം ജയിലില്‍ വെടിയേറ്റു മരിച്ചു. പാടിക്കുന്നില്‍ വെടിയേറ്റുമരിച്ച മൂന്നുപേരിലൊരാള്‍, സഖാവ് രൈരു നമ്പ്യാര്‍ അറാക്കലിന്റെ ബന്ധുവായിരുന്നു. പാര്‍ടിയെ അടിച്ചമര്‍ത്തിയ അക്കാലത്ത് പോലീസിനെ വെല്ലുവിളിച്ച് പാര്‍ടിപ്രകടനം നടത്തി ഞെട്ടിച്ച ധീരന്‍.
പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണൂരിന്റെ വിപ്ലവ കഥകള്‍.

ജീവിതം ആഘോഷമായ ഈ ഡിജിറ്റല്‍ കാലത്തെ ഒരു സഖാവ്, ആ പഴയകാലത്തിലേയ്ക്കു നടത്തുന്ന യാത്രയില്‍ കാണുന്ന ചോരയിറ്റുന്ന പോരാട്ടങ്ങളാണ്, “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” എന്ന നോവലില്‍ വരച്ചു ചേര്‍ത്തിരിയ്ക്കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്നു സഖാക്കളെയും ഈ യാത്രയില്‍ നിങ്ങള്‍ കണ്ടുമുട്ടും. വായനയ്ക്കൊടുവില്‍ നിങ്ങളുടെ മനസ്സില്‍ “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നൊരു മുദ്രാവാക്യം തിക്കിതള്ളി വരുന്നുവെങ്കില്‍ എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
സൈകതം ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ നോവല്‍ ഓഗസ്റ്റ് ആദ്യം ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാകും.

6 comments:

 1. ആശംസകൾ,, “ഇങ്ക്വിലാബ് സിന്ദാബാദ്”

  ReplyDelete
 2. പുറം ലോകം അധികം അറിയപെടാത്ത എത്ര എത്ര പഴയ സഖാക്കള്‍ ....അവരുടെ ധീരമായ പോരാട്ടങ്ങള്‍ ....ലാല്‍ സലാം .

  ReplyDelete
 3. പക്ഷെ വിജയന്‍ ഗ്രൂപ്പ് കഥയാണെങ്കില്‍ വായിക്കില്ല എന്ന് മുന്‍കൂട്ടി പറഞ്ഞുകൊള്ളട്ടെ

  ReplyDelete
 4. ബിജു ഈ നോവല്‍ സംരംഭത്തിന് ആശംസകള്‍. കയ്യൂരും കരിവള്ളൂരും പകര്‍ന്നു നല്‍കിയ വിപ്ലവതീജ്വാലകള്‍ അണയാതെ സൂക്ഷിക്കുന്ന കുറേ നല്ല സഖാക്കള്‍ ഇന്നും കണ്ണൂരില്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്. എന്തു തന്നെയായാലും വായിക്കുവാന്‍ ആകാംഷയോടെ കാത്തിരിക്കാം.. പുസ്തകത്തിനും ഗ്രന്ഥകര്‍ത്താവിനും പ്രസാധകര്‍ക്കും ആശംസകള്‍.. പുസ്തകം പ്രസിദ്ധീകരിച്ചു കഴിയുമ്പോള്‍ അറിയിക്കുക.

  ReplyDelete
 5. ആശംസകൾ...

  http://kharaaksharangal.blogspot.in/2012/05/blog-post.html
  ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നു

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.