പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 26 May 2011

മനസാക്ഷിയുടെ നിലവിളി..

"“അവിടെയെന്തോ ഉണ്ട്..!” ഒരു ഗാര്‍ഡ് ടോര്‍ച്ച് കുറേ മുന്‍പോട്ട് അടിച്ചു കാണിച്ചു. ഉത്കണ്ഠയോടെ ഞങ്ങള്‍ അങ്ങോട്ട് നടന്നു. ശരിയാണ്  പാളത്തിനരുകില്‍ എന്തോ ഉണ്ട്.
ദീര്‍ഘവൃത്തമിട്ട ടോര്‍ച്ചുവെളിച്ചത്തിനു നടുവില്‍ ഒരു ശരീരം കിടന്നിരുന്നു. ചിതറിക്കിടക്കുന്ന നീളന്‍ മുടി. മുഖത്തിന്റെ ഒരു ഭാഗം ചതഞ്ഞ് ചോരയില്‍ മുങ്ങിപ്പോയി. നാവ് വെളിയിലേയ്ക്കും കണ്ണുകള്‍ തുറിച്ചും നിന്നിരുന്നു.
നഗ്നമായ മാറില്‍ നീളത്തില്‍ ചോര പൊടിഞ്ഞു നില്‍ക്കുന്നു. വെളുത്ത വയറിലെ പൊക്കിള്‍ കുഴി. അകന്ന തുടയിടുക്കില്‍ ചെത്തിപ്പൂക്കള്‍ തിരുകിവച്ച പോലെ. കീറിപ്പറിഞ്ഞ  ഏതാനും തുണിക്കഷണങ്ങള്‍ അവിടവിടെയുണ്ട്.
“ഹോ...!”
ഗാര്‍ഡ് ടോര്‍ച്ച് കെടുത്തി. കനത്ത ഇരുട്ട്. ചെറിയ പെണ്ണാണെന്നു തോന്നുന്നു. ഏറിയാല്‍ പതിനെട്ടോ ഇരുപതോ... കൂമ്പിയ മാറിടവും നനുത്ത അടിവയറും മിനുത്ത തുടകളും... പെട്ടെന്ന്, ആര്‍ത്തലച്ച് വന്നൊരു നിലവിളി എന്നെ പൊതിഞ്ഞു. കനത്ത അടിയേറ്റ് പൊട്ടുന്ന തലയോട്ടി... ശ്വാസം കിട്ടാതെ കാലിട്ടടിച്ചൊരു പിടച്ചില്‍.. തൊണ്ടക്കുഴിയില്‍ അമര്‍ന്നു പോയ കരച്ചില്‍... "
:  - "കറുത്ത ശരികള്‍” എന്ന കഥയില്‍ നിന്നും.
ഈ പിടച്ചിലും കരച്ചിലും ഏതാനും മാസം മുമ്പ് ഓരോ മലയാളിയുടെയും ഹൃദയത്തെ,  കൊടുങ്കാറ്റു വീശിയടിച്ചപോലെ പിടിച്ചുലച്ചിരുന്നു. പൊതു ഇടങ്ങളില്‍ പെണ്ണിന്റെ  രക്ഷയില്ലായ്മയെ പറ്റി ഓരോ ആളും വേവലാതിപൂണ്ടു. സൌമ്യ എന്ന പെണ്‍കുട്ടി മലയാളിയുടെ വരണ്ടുപോയ കണ്ണിലെ ഇറ്റു കണ്ണീരായി തീര്‍ന്നു. ആ തേങ്ങല്‍ അലറികരച്ചിലായി മാറുമോ എന്നാണ് പുതിയ വര്‍ത്തമാനങ്ങള്‍ നമ്മെ പേടിപ്പിയ്ക്കുന്നത്.

സൌമ്യയുടെ കൊലപാതകിയായി നമ്മുടെ മുന്നില്‍ അവതരിപ്പിയ്ക്കപെട്ടത് “ഗോവിന്ദച്ചാമി“യെന്നും “ചാര്‍ലി തോമസെ“ന്നും പേരുള്ള ഒരു “ഒറ്റക്കൈയന്‍ യാചക”നാണ്. കേസ് കോടതിയിലെത്തിയപ്പോള്‍ കഥമാറുകയാണ്. “യാചക“നു വേണ്ടി വാദിയ്ക്കാന്‍ ലക്ഷങ്ങള്‍ ഫീസുമേടിയ്ക്കുന്ന വക്കീലുള്‍പ്പെടെ അഞ്ചു വക്കീലന്മാര്‍..! സിനിമക്കഥയെ വെല്ലുന്ന യാഥാര്‍ത്ഥ്യങ്ങള്‍..

“ഗോവിന്ദച്ചാമി അറസ്റ്റിലായതിന്റെ രണ്ടാം ദിവസമാണ് തമിഴ്നാട്ടില്‍ നിന്ന് എനിയ്ക്ക് ഒരാളുടെ ഫോണ്‍ വന്നത്. പേര് വെളിപ്പെടുത്താനാവില്ല. ഗോവിന്ദച്ചാമി ദക്ഷിണറെയില്‍‌വേയില്‍ മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ശൃംഖലയിലെ കണ്ണിയാണ്. ഫോണില്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിട്ടാണ് കേസ് ഏറ്റെടുത്തത്. മുംബൈ ഹൈക്കോടതിയില്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന ആളെന്ന പ്രശസ്തി മൂലമാകും എന്നെ തേടി തമിഴ്നാട്ടില്‍ നിന്നും ആളെത്തിയത്. ഗോവിന്ദച്ചാമിയ്ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിയ്ക്കുന്നതാണ്.  സൌമ്യ വധക്കേസില്‍ ഒന്നരമണിക്കൂര്‍ നേരം ഞാന്‍ നടത്തിയ വാദം കേസന്വേഷിച്ച് പോലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തിയിട്ടുണ്ട്. ഗോവിന്ദച്ചാമി നിരപരാധിയാണെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ടാണ് കേസ് ഏറ്റെടുത്തത്.” ഗോവിന്ദച്ചാമിയുടെ വക്കീല്‍ തൃശൂര്‍ എരുമപ്പെട്ടിക്കാരന്‍ ബിജു ആന്റണി എന്ന ബി.എ.ആളൂരുമായി കേരളകൌമുദി ലേഖകന്‍ സംസാരിച്ചപ്പോഴുള്ള മറുപടികള്‍ ആണ് മേല്‍ക്കൊടുത്തത്.

പൂന കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിഭാഗത്തിനായി വാദിച്ച് മിടുക്കുതെളിയിച്ച ആളൂരിന് വിമാനയാത്രക്കൂലിയടക്കം 2 മുതല്‍ 5 ലക്ഷം വരെയാണ് ഫീസ് എന്നറിയുക..!!! ഈയിടെ മുംബൈ പനവേലിനടുത്ത് അലിബാഗില്‍ ഒരു ദക്ഷിണേന്ത്യന്‍ കൊള്ളസംഘത്തിനുവേണ്ടി ഹാജരായതോടെയാണ് ബി.എ.ആളൂര്‍ സൌമ്യ വധക്കേസിലേയ്ക്ക് വരാന്‍ സാഹചര്യമൊരുങ്ങിയത്. ഒരു മലയാളിയും തമിഴരും ഉള്‍പ്പെട്ട ഈ സംഘം സര്‍ക്കാരോഫീസുകളും ഷോപ്പിങ് കോമ്പ്ലക്സുകളുമാണത്രേ കൊള്ളയടിച്ചിരുന്നത്. ഈ വാര്‍ത്തകള്‍ തമിഴ്‌നാട്ടിലെ പത്രങ്ങളില്‍ വന്നതോടെയാണ് ഗോവിന്ദച്ചാമിയുടെ രക്ഷകരായ മാഫിയ ആളൂരിനെ സമീപിയ്ക്കുന്നത്. (കടപ്പാട്: മംഗളം ദിനപത്രം).

കോടതിയ്ക്ക് പുറത്ത്, പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിനെതിരെ ശക്തമായ പ്രചരണമാണ് പ്രതിഭാഗം നടത്തുന്നത്. ഗോവിന്ദചാമിയുടെ യഥാര്‍ത്ഥപേര് ചാര്‍ലി എന്നാണെന്നതാണ് അതിലൊന്ന്. സൌമ്യ യാത്ര ചെയ്തിരുന്ന ട്രെയിനില്‍ ഉണ്ടായിരുന്ന സ്ത്രീയുടെ മൊഴികളെ പറ്റി കാര്യമായി അന്വേഷണം നടത്തിയില്ല എന്നതാണ് മറ്റൊന്ന്. സൌമ്യയ്ക്ക് നിരന്തരം ആരുടെയോ ഭീഷണി ഫോണ്‍കോള്‍ ഉണ്ടായിരുന്നുവെന്നും അവള്‍ അസ്വസ്ഥയായിരുന്നു എന്നുമാണ് സ്ത്രീയുടെ മൊഴി. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രതിയ്ക്ക് അനുകൂലമായി തിരിഞ്ഞേക്കാവുന്ന മൊഴിയാണിതെന്നാണ് പ്രചരണം.

സൌമ്യയുടെ കേസില്‍ പോലീസിനുവേണ്ടി വാദിയ്ക്കാന്‍ സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രൊസിക്ക്യൂട്ടറെ നിയമിച്ചു കഴിഞ്ഞു. ജൂണ്‍-6 ന് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണ ആരംഭിയ്ക്കും. സൌമ്യയ്ക്ക് നീതി ലഭിയ്ക്കും എന്ന് നമുക്ക് പ്രത്യാശിയ്ക്കാം.

ഈ കേസിലെ ഇതുവരെയുള്ള സംഭവങ്ങള്‍ നമ്മുടെ നേരെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. നമ്മുടെ നാട്ടില്‍ നിശബ്ദം പ്രവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്ന മാഫിയകള്‍ എത്ര ശക്തരാണ്..! കേവലം ഒരു തെരുവുതെണ്ടിയ്ക്ക് ഒരു പക്ഷെ ആ പെണ്‍കുട്ടിയെ അങ്ങനെ പീഡിപ്പിച്ചു കൊല്ലാനുള്ള ധൈര്യമുണ്ടാകാന്‍ വഴിയില്ല. തീര്‍ച്ചയായും തന്റെ പിന്നിലുള്ള മാഫിയാ ബലം തന്നെയാണ് അവന് ആ ധൈര്യം കൊടുത്തത്. ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് തങ്ങളുടെ ഒരു കണ്ണിയെ രക്ഷപെടുത്താന്‍ ശ്രമിയ്ക്കണമെങ്കില്‍ അവരുടെ യഥാര്‍ത്ഥ സാമ്പത്തികശേഷി എന്തായിരിയ്ക്കും..!

തന്റെ പ്രൊഫഷണല്‍ മികവ് നന്മയ്ക്കായി ഉപകാരപ്പെടുത്തുന്നതിനു പകരം, അധോലോകത്തിന്റെ ലക്ഷങ്ങള്‍ക്കായി അടിയറ വെയ്ക്കുന്നവരെ നാം എങ്ങനെയാണ് നോക്കിക്കാണേണ്ടത്? തന്റെ തൊഴിലിന്റെ ഭാഗമായി പ്രതിഭാഗത്തിന്റെ വക്കാലത്ത് എടുക്കുന്നതിനെ തെറ്റുപറയാന്‍ ആവില്ല. എന്നാല്‍  മനസാക്ഷി മരവിച്ചിട്ടില്ലാത്ത പല അഭിഭാഷകരും ഇത്തരം കേസുകള്‍ ഏറ്റെടുക്കാറില്ല. പണത്തിനേക്കാള്‍ ചില മൂല്യങ്ങള്‍ക്കു വിലകല്‍പ്പിയ്ക്കുന്നതിനാല്‍ ആണത്. ആ മൂല്യബോധമാണ് ഇന്ന് നഷ്ടമായിക്കൊണ്ടിരിയ്ക്കുന്നത്.
ഒരു നിലവിളി അകന്നുപോകുന്നതു പോലെ, മനസാക്ഷിയുടേതാവാം.

8 comments:

 1. നാട്ടിൽ നടക്കുന്നതൊക്കെ ഇങ്ങനെ,
  എന്നിട്ടോ?
  പെണ്ണിനുവേണ്ടി പകരം ചോദിക്കാനും സഹായിക്കാനും ആളുകളുണ്ടെന്ന് പറഞ്ഞ് സിനിമ പിടിക്കാൻ എത്ര ആളാണ്?,

  ReplyDelete
 2. പണം ഉണ്ടെങ്കില്‍ എന്തുമാകാം എന്ന് പറയുന്നതിനെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു ഈ സംഭവം. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന, മാന്യതയുടെ മേലങ്കിയണിഞ്ഞു വിലസുന്ന മറ്റൊരു സമൂഹവും ഉണ്ട് ഇവിടെ...

  മൂല്യച്യുതി സംഭവിച്ച ഒരു സമൂഹമായി മാറിക്കഴിഞ്ഞു നാം എന്നത് ഒരു ദുഃഖ സത്യം തന്നെ.

  ReplyDelete
 3. കഴിഞ്ഞ ദിവസം പത്രത്തില്‍ ഈ വാര്‍ത്ത വായിച്ചപ്പോള്‍, സത്യത്തില്‍ ആദ്യമൊന്നു ഞെട്ടിപ്പോയി.
  മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ആര്‍ക്കും ഉണ്ടാകുന്ന ഞെട്ടല്‍.
  നിയ വ്യവസ്തതിയിലുള്ള വിള്ളലോ, ജനാധിപത്യത്തിന്‍റെ പോരായ്മയാണോ എന്നറിയില്ല,
  പലപ്പോഴും ഇതുപോലോത്ത ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരായി മാറുന്നത്.
  കേരളത്തിന്‍റെ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു അത്.
  ഗോവിന്ദച്ചാമിയെന്ന ഈ ക്രിമിനലിനെ തെളിവെടുപ്പിനായി കൊണ്ടുവരുന്ന ദിവസം,
  ഒന്ന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നു വെങ്കിലെന്നു ആത്മാര്‍ഥമായി 3500 കി.മീ ദൂരെ ഇരുന്നു ഞാന്‍ ആഗ്രഹിച്ചു പോയി.
  അങ്ങനെ പോയിരുന്നു വെങ്കില്‍, ഒരു കല്ലുമായി അവിടെ എത്തുമായിരുന്നു.
  ഒരേറെങ്കിലും ആ കല്ലുകൊണ്ട് അവനെ എറിഞ്ഞു, മനസ്സില്‍ പറയുമായിരുന്നു
  "എന്‍റെ പ്രിയ സഹോദരി സൌമ്യെ, നിനക്ക് വേണ്ടി ഈ സഹോദരനെക്കൊണ്ട് ഇത്രക്കെ ചെയ്യാന്‍ കഴിഞ്ഞുള്ളു" എന്ന്.
  ഒരു പക്ഷെ പ്രതിഭാഗം വക്കീലിന്‍റെ മിടുക്കുകൊണ്ടോ, പബ്ലിക്‌ പ്രോസിക്യൂട്ടറുടെ കഴിവ് കുറവ് കൊണ്ടോ ഗോവിന്ദച്ചാമിയെന്ന ക്രിമിനല്‍ രക്ഷപ്പെട്ടേക്കാം.
  ഇതുപോലുള്ള ക്രിമിനലുകള്‍ രക്ഷപ്പെടുമ്പോള്‍ മനസ്സാക്ഷിയുള്ള പൊതു സമൂഹം ക്രിമിനലുകളായി മാറാതിരിക്കട്ടെ യെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം.
  സൗമ്യയുടെ ആത്മാവിനു നീധി ലഭിക്കട്ടെയെന്നു നിസ്സഹായരായ നമുക്ക് ആഗ്രഹിക്കുകയും ചെയ്യാം .

  ReplyDelete
 4. സൗമ്യ മരണത്തിന് മുന്ബ്‌ മൊബൈലില്‍ ആരുമായി ദീര്‍ഗ നേരം സംസാരിച്ചു ? എന്തിനു മരണത്തിന് മുന്ബ്‌ ലേഡീസ്‌ കമ്പാര്‍ട്ട്മെന്റില്‍ നിന്ന് വേറെ കമ്പാര്‍ട്ട്മെന്റിലേക്ക് മാറികേറി ? പ്രതി തമിഴ്‌ നാട്ടുകാരന്‍ ആയിരുന്നിട്ടും പ്രതിക്ക് വളരെ എളുപ്പത്തില്‍ തമിഴ്‌ നാട്ടിലേക്ക് കടന്നു രക്ഷപെടാമായിരുന്നിട്ടും എന്തുകൊണ്ട് രക്ഷപെട്ടില്ല ?
  പ്രതികള്‍ വേറെ ആരെങ്കിലും ആണെങ്കില്‍ അത് പുറത്ത്‌ വരാന്‍ ഇതുകൊണ്ട് കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ ?

  ReplyDelete
 5. ഈ സംഭവം അറിഞ്ഞത് മുതൽ എന്റെ മനസ്സിൽ തോന്നിയ ചോദ്യങ്ങളാണ് ഇവിടെ ഇപ്പോൾ ഫിറോസ് കമന്റായി ഇട്ടിരിക്കുന്നത്.. മറ്റാരുടെയോ നേർച്ചക്കോഴി ആകാനേ തരമുള്ളൂ. സത്യം അവസാനം ജയിക്കുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം

  ReplyDelete
 6. firos Dubai &ഏ.ആര്‍. നജീം : എനിയ്ക്ക് അല്‍ഭുതം തോന്നുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ തോന്നി? ഇയാള്‍ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. സൌമ്യ സംഭവം നടന്നപ്പോള്‍ തന്നെ മറ്റുള്ളവര്‍ നല്‍കിയ സൂചന അനുസരിച്ചാണ് ഇയാളെ പോലീസ് പിടിച്ചത്. ഇയാള്‍ കമ്പാര്‍ട്ട് മെന്റില്‍ ചാടിക്കയറിയതു കണ്ടവരുണ്ട്... കൂടാതെ ഇയാളെ പറ്റിയും മേല്‍പ്പറഞ്ഞ ഫോണ്‍കോളിനെപറ്റിയൊക്കെ പോലീസ് സമഗ്രമായി അന്വേഷിച്ചതുമാണ്. ഗൊവിന്ദചാമിയുടെ വക്കീല്‍ ബോധപൂര്‍വം പ്രചരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന കാര്യമാണ് നിങ്ങള്‍ പറയുന്നത്. ഇയാള്‍ മാറ്റാരുടെയെങ്കിലും നേര്‍ച്ചക്കോഴിയെങ്കില്‍ എന്തിനു രക്ഷിയ്ക്കാന്‍ ശ്രമിയ്ക്കണം? അയാളെ ബലികൊടുത്ത് കേസ് തീര്‍ത്താല്‍ പോരെ? ഇയാളെ രക്ഷപെടുത്താന്‍ നോക്കണമെങ്കില്‍ ശക്തമായ ഒരു മാഫിയയിലെ അംഗമാണിവന്‍ എന്നുറപ്പാണ്.

  ReplyDelete
 7. കാത്തിരിക്കാം എന്താവും എന്ന്...!!

  ReplyDelete
 8. സത്യം പുറത്തു വരണം.... അത് എന്തായാലും.

  ഈ സംഭവം നടന്നു കഴിഞ്ഞപ്പോള്‍ ഒരു സാധാരണ പിടിച്ചുപറിക്കാരന്‍ മാത്രമാണ് അയാളെന്നാണ് കരുതിയത്‌. എന്നാല്‍ ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല..

  സത്യം പുറത്തു കൊണ്ടുവരാനുള്ള 'ഗട്ട്സ്' നമ്മുടെ അന്വേഷണ-നീതിന്യായ സംവിധാനങ്ങള്‍ക്കുണ്ടോ?

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.