പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 18 December 2010

പാമ്പു പുരാണം.

ഋഗ്വേദത്തില്‍ കയറും പാമ്പും മനുഷ്യമനസ്സും ബന്ധപ്പെടുത്തിയ ഒരു ശ്ലോകമുണ്ട്. ഇരുട്ടത്തു കിടക്കുന്ന കയറിനെ പാമ്പെന്നു തെറ്റിദ്ധരിച്ച് ഭയപ്പെടുന്ന മനസ്സാണു പ്രതിപാദ്യവിഷയം. സംഗതി വലിയൊരു ദാര്‍ശനിക വിഷയമാണ്. അതെന്തു തന്നെയായാലും പാമ്പ് എപ്പോഴും ഭയപ്പെടുത്തുന്ന ഒരു സംഗതി തന്നെയാണ് മിക്കവര്‍ക്കും. എനിയ്ക്കും അങ്ങനെയൊക്കെ തന്നെ. എന്റെ ജീവിതത്തില്‍ പാമ്പ് കഥാപാത്രമായി വന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട്. (കുടിച്ച് പാമ്പായവരുടെ കാര്യമല്ല, ഉരഗ ജീവിയായ പാമ്പിനെ പറ്റിയാണു പറഞ്ഞു വരുന്നത്.)

വല്യാട്ടിലെ എന്റെ സ്കൂള്‍ പഠനകാലം. അക്കാലത്ത് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മീനച്ചിലാറ്റില്‍ വെള്ളം പൊക്കമുണ്ട്. ഞങ്ങളുടെയൊക്കെ വീടുകളുടെ വാതില്പടി വരെ വെള്ളമെത്തും. മൂന്നോനാലോ ദിവസം അങ്ങനെ നിന്ന ശേഷം ഇറങ്ങി പോകും. ഈ ഇറങ്ങിപ്പോക്കു കഴിഞ്ഞാല്‍ കുറേ ദിവസത്തേയ്ക്ക് ആകെ വൃത്തികേടായിരിയ്ക്കും പരിസരം.  ചീഞ്ഞ പുല്ലിന്റെയും വെളിഞ്ചേമ്പിന്റെയും ഒക്കെ ദുര്‍ഗന്ധം, വെള്ളത്തില്‍ നിന്നൂറിക്കൂടിയ ചെളി എല്ലാംകൂടി വല്ലാത്തൊരവസ്ഥയാകും അപ്പോള്‍. രണ്ടു മൂന്നു ദിവസം നന്നായി വെയിലടിച്ചാല്‍ എല്ലാം ഉണങ്ങി നേരെയാകും.
ഇങ്ങനെ വെള്ളമിറങ്ങിപോയ ഒരു ദിവസം സന്ധ്യമയങ്ങിയ നേരം നാലു വീടിനപ്പുറത്തെ  സൂര്യന്‍ ചേട്ടന്‍ ഞങ്ങളുടെ വീട്ടിലേയ്ക്ക് വന്നു. ഒരു വിധം നല്ല ഇരുട്ടുണ്ട്, വെളിച്ചമൊന്നുമില്ല. പെട്ടെന്ന്, “ആരെങ്കിലും ഒന്നോടി വരണെ” എന്ന സൂര്യന്‍ ചേട്ടന്റെ അലറി വിളി കേട്ടു.

വീട്ടില്‍ നിന്ന് കുഞ്ഞമ്മാവനും ഞാനും ഓടി ചെന്നു. കൂടാതെ മറ്റാരൊക്കെയോ ഓടി വന്നു. ഞങ്ങള്‍ വെളിച്ചമടിച്ചു നോക്കിയപ്പോള്‍, സൂര്യന്‍ ചേട്ടന്‍ ഇരുട്ടത്ത് നിലത്തു കുത്തിയിരിയ്ക്കുകയാണ്. കാല് അമര്‍ത്തി പിടിച്ചിരിയ്ക്കുന്നു.

“എന്തു പറ്റി ചേട്ടാ..?

“എന്നെ ഒരു പാമ്പു കടിച്ചു..”

പെട്ടെന്ന് ഞെട്ടിക്കൊണ്ട് ഞങ്ങള്‍ നിന്നിടത്തു നിന്ന് അല്പം ചാടി മാറിനിന്നിട്ട് ചുറ്റും ലൈറ്റടിച്ചു നോക്കി.  ഒന്നും കണ്ടില്ലെങ്കിലും, ആ ഭീകരന്‍ അവിടെയെവിടെയോ പതുങ്ങിയിരുപ്പുണ്ടെന്നു ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു. അല്പം സൂക്ഷിച്ച് ഞങ്ങള്‍ സൂര്യന്‍ ചേട്ടന്റെ അടുത്തിരുന്നു. കാലിലേയ്ക്ക് ലൈറ്റടിച്ചു. ശരിയാണ് തള്ള വിരലില്‍ ചോര പൊടിഞ്ഞു നില്പുണ്ട്. പെട്ടെന്നാണ് ക്ലാസില്‍ പഠിച്ച ശാസ്ത്രവിജ്ഞാനം കുഞ്ഞമ്മാവനും എനിയ്ക്കും തെളിഞ്ഞു വന്നത്.

“സൂര്യന്‍ ചേട്ടാ അനങ്ങരുത്...”

ഇതും പറഞ്ഞിട്ട് കുഞ്ഞമ്മാവന്‍ വേഗം സൂര്യന്‍ ചേട്ടന്റെ ലുങ്കി കീറി കാല്പത്തിയ്ക്കു മുകളിലായി നന്നായി മുറുക്കി കെട്ടി. ഞാനാണ് ലൈറ്റ് തെളിച്ച് പിടിച്ചത്. അപ്പോഴേയ്ക്കും നല്ലൊരു ജനസഞ്ചയം അവിടെ എത്തിക്കഴിഞ്ഞു. ആളെ വേഗം ആശുപത്രിയിലെത്തിയ്ക്കണമല്ലോ? വാഹന സൌകര്യം വളരെ കുറവ്. ഇനി വാഹത്തിലെത്തിയ്ക്കണമെങ്കിലോ, വള്ളത്തില്‍ കയറ്റി ആറ്റിലൂടെ ഒരു കിലോമീറ്ററോളം തുഴഞ്ഞുപോകണം.

ഇതിന്റെ ആലോചന നടക്കുന്നതിനിടയില്‍ ഒരാള്‍ക്ക് സംശയം, കാലിലെ കെട്ട് അവിടെ മതിയോ എന്ന്.  കുറേ വിഷം നേരത്തെ തന്നെ മുകളിലെത്തിയിട്ടുണ്ടെങ്കിലോ? ഉടന്‍ തന്നെ മുണ്ടില്‍ നിന്നും വേറൊരു തുണ്ട് കീറിയെടുത്ത് മുട്ടിനു താഴെ ആയി അല്പം കൂടി മുറുക്കികെട്ടി. എന്നാല്‍ ആ കെട്ടും ഫലപ്രദമല്ലെന്ന് തലമുതിര്‍ന്ന ഒരാള്‍ അഭിപ്രായപ്പെട്ടു. എല്ലാ ഞരമ്പുകളും മുറുകണമെങ്കില്‍ തുടയ്ക്കാണ് കെട്ടേണ്ടത്.. ഇനി കെട്ടു മോശമായതിന്റെ പേരില്‍ സൂര്യന്‍ ചേട്ടന് ആപത്തു പിണയണ്ട എന്നു കരുതി മുണ്ടിന്റെ ബാക്കി പീസ് എടുത്ത് തുടഭാഗത്തും നല്ല ശക്തിയായി കെട്ടി. ഈ കെട്ടിനിടയിലും പഴയ കെട്ടുകള്‍ അങ്ങനെ തന്നെ നിന്നു. ആരോ വള്ളം കൊണ്ടു വരാന്‍ പോയിട്ടുണ്ട്. മറ്റൊരാള്‍ കാര്‍ വരാന്‍ ഫോണ്‍ ചെയ്യാന്‍ പോയി. ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞാണ് വള്ളമെത്തുന്നത്. അപ്പോള്‍ സൂര്യന്‍ ചേട്ടന്‍ വേദന കൊണ്ടു ഞരങ്ങുണ്ട്. കാലില്‍ നീര്‍ കൊള്ളാന്‍ തുടങ്ങിക്കഴിഞ്ഞു.

ഏതായാലും രണ്ടു മൂന്നു മണിക്കൂറിനകം ആളെ മെഡിക്കല്‍ കോളേജ് അത്യാഹിത വാര്‍ഡിലെത്തിച്ചു. അപ്പോള്‍ കാല്‍ നല്ല നീരു വച്ച് സൂര്യന്‍ ചേട്ടന്റെ ശരീരത്തോളം വലിപ്പമായത്രെ..! കെട്ടുകള്‍ കണ്ടപാടെ, ഡോക്ടര്‍ അവിടെയെത്തിച്ചവരെയെല്ലാം കണക്കിനു ചീത്ത പറഞ്ഞു. പിന്നെ അതഴിച്ച്  പരിശോധിച്ചു. സൂക്ഷ്മ പരിശോധനയിലാണ് മനസ്സിലായത്, സൂര്യന്‍ ചേട്ടനെ പാമ്പു കടിച്ചിരുന്നില്ല. ഈര്‍ക്കിലി പോലെ എന്തോ കാലില്‍ കൊണ്ടതായിരുന്നു. അല്പം കൂടി വൈകിയിരുന്നെങ്കില്‍ രക്തയോട്ടം നിലച്ച് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നേനെ.! സൂര്യന്‍ ചേട്ടന്റെ ഭാഗ്യത്തിന് മുണ്ടൊരെണ്ണം കീറിപ്പോയി എന്ന നഷ്ടമേ സംഭവിച്ചുള്ളൂ, പിന്നെ ടാക്സിക്കൂലിയും.

വല്യാട്ടിലെ ശാഖായോഗം മൈതാനമാണ് ഞങ്ങളുടെയെല്ലാം കളിസ്ഥലം. അതിനോട് ചേര്‍ന്ന് ഒരു വീടുണ്ട്. ആ വീട്ടുകാരെ എനിയ്ക്കു നല്ല പരിചയമാണ്. അവിടുത്തെ ചേച്ചി എന്റെ ആന്റിമാരുടെ കൂട്ടുകാരിയുമാണ്. ആയിടയ്ക്ക്, സഞ്ചാരിയായി നടന്ന എന്റെ മൂത്ത അമ്മാവന്‍ വലിയ കാശുകാരനായി തിരിച്ചു വന്ന് അവിടെ ഒരു കടയൊക്കെ ഇട്ട് പ്രതാപിയായി വിലസുകയാണ്. ഞാന്‍ മിക്കപ്പോഴും കടയില്‍ പോകും. അമ്മാവന്‍ ഇടയ്ക്ക് മിഠായിയോ മിക്ചറോ ഒക്കെ തരും. അങ്ങനെ ഒരു
വൈകിട്ട് എട്ടുമണി നേരത്ത്, ആ വീട്ടില്‍ നിന്നൊരാള്‍ അമ്മാവന്റെ കടയില്‍ ഓടി വന്നു. നീളമുള്ള ഇലക്ട്രിക് വയര്‍ ഉണ്ടോ എന്നന്വേഷിച്ചു.

“എന്തിനാ ഇത്രേം വയര്‍..?”

അമ്മാവന്‍ ചോദിച്ചു.

“വീടിന്റെ പുറകിലെ കക്കൂസിന്റെ അരുകില്‍ വലിയൊരു മൂര്‍ഖന്‍..! ”

ഞങ്ങളെല്ലാം ഞെട്ടിപ്പോയി. അമ്മാവന്‍ വേഗം വയര്‍ എടുത്തുകൊടുത്തു. വില്പനയല്ല, സ്വന്തം ആവശ്യത്തിനുള്ള വയര്‍ തല്‍ക്കാലം കൊടുത്തെന്നു മാത്രം. വന്നയാളോടൊപ്പം ഞാനും ഓടി ചെന്നു. അവിടെ ചെല്ലുമ്പോള്‍ ചെറിരൊരാള്‍ക്കൂട്ടം. ആ വീട്ടില്‍ കറണ്ടുണ്ട് പക്ഷെ, പുറകിലെ കക്കൂസിന്റെ അരികില്‍ ബള്‍ബില്ല. കഷ്ടകാലത്തിന് ആരുടെ അടുത്തും ടോര്‍ച്ചുമില്ല. അതാണ് കടയിലേയ്ക്ക് വയറും അന്വേഷിച്ച് ഓടിവന്നത്.  അവിടുത്തെ ചേച്ചിയാണ് പാമ്പിനെ ആദ്യം കണ്ടത്. പുള്ളിക്കാരി ഒരു വിളക്കുമായി ടോയിലറ്റില്‍ വന്നതാണ്, അപ്പോഴാണ് പുറത്ത് പത്തി വിരിച്ചു നില്‍ക്കുന്ന മൂര്‍ഖനെ കണ്ടത്.

“എവിടെ ചേച്ചി പാമ്പ്? “

മൂര്‍ഖനെ കാണാനുള്ള ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

“ദാ അങ്ങോട്ടു നോക്കടാ..നില്‍ക്കുന്ന കണ്ടോ..?”

ഞാന്‍ ഇരുട്ടില്‍ തുറിച്ചു നോക്കി. ശരിയാണ് കക്കൂസിന്റെ അരുകിലായി പത്തി വിരിച്ച് “അവന്‍” നില്‍പ്പുണ്ട്.

“അങ്ങോട്ട് മാറി നില്‍ക്കെടാ..എന്നാകാണാനാ തള്ളിതള്ളി വരുന്നേ..അതിന്റെ കടിയെങ്ങാനും കിട്ടിയാ നിന്റെ കഥ കഴിയും..”

ആരോ എന്നോട് ചീറി. ആള്‍ക്കാര്‍ വേഗം വയറിട്ട് ഒരു ബള്‍ബ് അങ്ങോട്ടേയ്ക്ക് എത്തിച്ചു. കുറേ പേര്‍ വടിയുമായി തയ്യാറെടുത്തു നിന്നു.

“എന്നാ സ്വിച്ചിട്ടോ..”

അകത്തേയ്ക്ക് വിളിച്ചു പറഞ്ഞതും ബള്‍ബു തെളിഞ്ഞു. വടികള്‍ ഉയര്‍ന്നു. ഇപ്പോ അടി വീഴും...

ഹോ..അവിടെ കണ്ട കാഴ്ച..! നിലം ചേര്‍ന്നു കെട്ടിയ ഒരു ചിലന്തി വലയില്‍ കുരുങ്ങികിടക്കുന്ന ഉണക്ക പ്ലാവില. ചെറുകാറ്റില്‍ അത് ഇടയ്ക്കിടെ അനങ്ങുന്നു.. അത്ര തന്നെ..!

അന്നവിടെ കേട്ട തെറികള്‍...ആ ചേച്ചി ഓടിപ്പോയ വഴി കണ്ടിട്ടില്ല.

എന്നാല്‍ യഥാര്‍ത്ഥ പാമ്പുമായി ഈയുള്ളവന്‍ ഏറ്റുമുട്ടിയ ഒരു സംഭവമുണ്ട്. അത് കുറേക്കാലത്തിനു ശേഷം തളിപ്പറമ്പു വാസത്തിനിടയിലാണ്. തളിപ്പറമ്പിലെ ബദരിയ നഗറിലാണ് താമസം. അവിടെയുള്ള കുറെ ചെറുപ്പക്കാരുമായി നല്ലൊരു കൂട്ടുകെട്ടുണ്ടായിരുന്നു എനിയ്ക്ക്. അല്പസ്വല്പം ആയോധന അഭ്യാസമൊക്കെയുള്ളതിനാല്‍ അവരുടെ മുന്നില്‍ ഞാന്‍ വലിയ ധീരനും ശൂരനുമൊക്കെയാണെന്നാണ് ഭാവിച്ചിരുന്നത്. (യാഥാര്‍ത്ഥ്യം നമുക്കല്ലെ അറിയൂ ).

ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ ഒരു മതിലിന്മേലിരുന്നു വര്‍ത്തമാനം പറയുകയാണ്. അപ്പോഴാണ് ഒരു ചെറുക്കന്‍ വന്ന് അവിടെയിരുന്ന ഒരുത്തനോട് വിളിച്ചു പറഞ്ഞത്:

“ഇക്കാ..ദാ അവിടെ വലിയൊരു പാമ്പ്..! “

ഉടനെ എല്ലാവരും കൂടി ചെറുക്കന്റെ പുറകെ ചെന്നു. മൂന്നു വശത്തും, നാലടി പൊക്കമുള്ള ചെറിയ മതില്‍ കെട്ടിയ ഒരു പ്ലോട്ടിലാണ് ചെന്നു കയറിയത്. ഒന്നു രണ്ട് വടികളും കരുതി. പ്ലോട്ടില്‍ എല്ലാവരും കൂടി ടോര്‍ച്ച് തെളിച്ചു നോക്കി. ധീരനായ ഞാനും ഉണ്ട് തിരച്ചിലിന്.. അതാ ഒന്നന്തരമൊരു അണലി പതിയെ നീങ്ങുന്നു. നാലടിയോളം നീളവും ഒത്ത വണ്ണവും.

പെട്ടെന്ന് “അള്ളാ..” എന്നൊരു വിളിയോടെ എല്ലാവന്മാരും ചാടി മതിലിനു മുകളില്‍ കയറി. ഞാന്‍ മാത്രം നിലത്ത്. എനിയ്ക്കും ചാടിക്കേറണമെന്നുണ്ടായിരുന്നെങ്കിലും നമ്മുടെ “ഇമേജ്” അതിനു സമ്മതിച്ചില്ല.

“അടിയ്ക്ക് ബിജു..ഇതാ വടി..”

ഒരുത്തന്‍ എന്റെ കൈയിലേയ്ക്ക് വടി തന്നു.

പന്നികള്‍, എന്റെ ഇമേജിനെ അവന്മാര്‍ മുതലെടുക്കുകയാണ്. എങ്ങനെ മേടിയ്ക്കാതിരിയ്ക്കും? ഞാന്‍ വടി മേടിച്ചു. അവന്മാര്‍ പാമ്പിന്റെ മേലേയ്ക്ക് ടോര്‍ച്ചടിച്ചു കാണിച്ചു. ഞാന്‍ പല ആംഗിളില്‍ നിന്ന് അടിയ്ക്കാന്‍ ഉന്നം നോക്കി. പണ്ടാര പാമ്പ് ഒരു കല്ലിനിടയിലേയ്ക്ക് കയറുകയാണ്. ഇപ്പോള്‍ അടിച്ചില്ലെങ്കില്‍ പിന്നെ കിട്ടുകയുമില്ല. അവസാനം ഞാന്‍ രണ്ടും കല്പിച്ച് അല്പം കൂടി അടുത്തു ചെന്നു. പാമ്പിന്റെ തലനോക്കി ഒരൊറ്റകുത്ത്. എന്നിട്ട് അമര്‍ത്തി പിടിച്ചു. കുത്ത് കൊണ്ടത് നടുവിനാണ്. തല പുറത്തിട്ട് പാമ്പൊരൊറ്റ ചീറ്റല്‍..

“ശൂ...”

ഈ ചീറ്റല്‍ കേട്ടത് മതിലിനു മുകളില്‍ കയറി നില്‍ക്കുന്ന വഞ്ചകന്മാരില്‍ നിന്നാണ്. ഞാന്‍ ദയനീയമായി അവന്മാരെ നോക്കി. വടി അയച്ചാല്‍ ചിലപ്പോള്‍ പാമ്പ് എന്നെ കയറി കടിയ്ക്കും. ഈ സമയത്ത് ആരെങ്കിലും പാമ്പിന്റെ തലയ്ക്ക് അടിച്ച് അതിനെ കൊല്ലണം. ഒരൊറ്റയൊരുത്തന്‍ താഴെ ഇറങ്ങണമല്ലോ..!

“അടിയ്ക്കെടാ ആരെങ്കിലും..”

ഞാന്‍ അലറി പറഞ്ഞു. ആരും അനങ്ങിയില്ല. പുലിവാലുപിടിച്ച അവസ്ഥയിലായി ഞാന്‍. അപ്പോഴാണ് വഴിയെ പോയ ഒരാള്‍ ഒച്ച കേട്ട് അവിടെ വന്നത്. അയാള്‍ വേഗം എന്റെ കൂടെ കൂടി അതിനെ തല്ലിക്കൊന്നു. അല്ലായിരുന്നെങ്കില്‍....

എന്തായാലും ശരി, അതില്‍ പിന്നെ എന്റെ ഇമേജ് അല്പം കൂടി ഉയര്‍ന്നു. എങ്കിലും ഒരുത്തനെയും വിശ്വസിക്കാന്‍ പറ്റില്ല എന്നുറപ്പായതിനാല്‍ പിന്നെ ഒരു “സാഹസിക”പ്രവര്‍ത്തിയ്ക്കും ഞാന്‍ പോയിട്ടില്ല.

17 comments:

  1. ഞാനായിട്ട് ഒരിക്കൽ അടിച്ചുകൊന്ന നീർക്കോലിയുടെ ഓർമ്മയിൽ ഈ പോസ്റ്റിന് ഞാൻ തേങ്ങയടിക്കുന്നു.

    ReplyDelete
  2. “അടിയ്ക്കെടാ ആരെങ്കിലും..”

    ഞാന്‍ അലറി പറഞ്ഞു. ആരും അനങ്ങിയില്ല. പുലിവാലുപിടിച്ച അവസ്ഥയിലായി ഞാന്‍ ....ഹ ഹ...ഇതു പോലെ ഒരക്കിടി എനിക്കു പറ്റിയിട്ടുണ്ട്. ഹോസ്റ്റലിലെ അലക്കുകല്ലിന്റെ അടുത്തുള്ള പൈപ്പിനു താഴെയായി ഒരു പരന്ന കല്ലിട്ടുണ്ടായിരുന്നു, അതിനടിയില്‍ ഒരുത്തന്‍ ഒളിച്ചിരുപ്പുണ്ടായിരുന്നു.ഞാന്‍ കല്ലിനു മുകളില്‍ കയറിയപ്പോള്‍ ശീല്‍ക്കാരം..ഞാന്‍ കരുതി പൈപ് ചീറ്റിയതാവും എന്ന്...പണ്ടാരം എനിക്കു ചാടാനും പറ്റിയില്ല. അവിടെ നിന്നും ഞാന്‍ ഇതു പോലെ വിളിച്ചു കൂവിയിട്ടുണ്ട്..ആരെങ്കിലും ഒന്നു തല്ലിക്കൊല്ലെടാ ഈ സാധനത്തെ...

    ReplyDelete
  3. കളിയില്‍ കാര്യങ്ങള്‍ നിരത്തിയ ലേഖനം..നര്‍മ്മം നന്നായി ആസ്വദിച്ചു.അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ആഹാ പാമ്പു പുരാണം കലക്കി പോസ്റ്റിന്റെ പേരുകണ്ടപ്പോളേ ഞാനൊരു മുട്ടൻ വടിയുമെടുത്താ വന്നത്.. നർമ്മത്തിലൂടെ കാര്യം അവതരിപ്പിച്ചത് നന്നായിരിക്കുന്നു..അഭിനന്ദനങ്ങൾ അടിക്കെടാ ആരെങ്കിലും അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ അടിച്ചു.. അടിപൊളി എന്ന ലേബലിൽ ഒരടി..ആശംസകൾ..

    ReplyDelete
  5. മര്‍മ്മം കലക്കുന്ന അതിമനോഹര നര്‍മ്മം ഈ പോസ്റ്റിലുണ്ട്. ഉമ്മു അമാരിന്റെ കമന്റും ചിരിപ്പിക്കുന്നു.
    എന്നാലും പാമ്പെന്നു പറഞ്ഞു കണ്ണൂരാനെ പേടിപ്പിച്ചല്ലോ ഭായീ..!

    ReplyDelete
  6. പാമ്പുകളുടെ കഥ പറഞ്ഞുതുടങ്ങിയാല്‍ നേരം വെളുക്കും എന്ന് ഞങ്ങളുടെ നാട്ടുകാര്‍ പറയാറുള്ളത് എത്ര സത്യം!
    പാമ്പുകള്‍ എല്ലാം കൊല്ലപ്പെടെണ്ടാവയാനെന്ന വിശ്വാസം അന്യ രാജ്യക്കാര്‍ക്ക് നമ്മ്ടെയത്ര ഇല്ലാ എന്ന് തോന്നുന്നു.
    വര്‍ഗീയതയും ഇതും തമ്മില്‍ ബന്ധം വല്ലതും ഉണ്ടോ? (സത്യ ധര്മ്മാദികള്‍ വെടിന്ജീടിന പുരുഷനെ ക്രുധ്ധനാം സര്‍പ്പത്തെക്കാള്‍ ഏറ്റവും
    പേടിക്കേണം എന്ന് കവിവചനം..)
    ഭയ ഭക്തിയോടെ പാമ്പുകളെ പാലൂട്ടി പൂജിക്കുന്നതും കാവുകളില്‍ ആരാധിക്കുന്നതും പേടിച്ച്ചിട്ടാവണം.
    സാധാരണ ജീവികള്‍ എന്ന നില അനുവദിച്ചുകൊടുത്തു, അല്‍പ്പം കരുതലോടെ അവയുമായി സ്നേഹത്തില്‍ കഴിയാന്‍ നമുക്ക് പറ്റാത്തത്
    നമ്മുടെ ധര്‍മ്മ വിചാരങ്ങളില്‍ പോലും 'അപര'ന്റെ നിലനില്‍പ്പ്‌ ഭീഷണിയാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആധിപത്യം ചെലുത്തുന്നത് കൊണ്ടല്ലേ?

    ReplyDelete
  7. നര്‍മം വിളങ്ങി നില്‍ക്കുന്ന പോസ്റ്റ്‌ ബിജൂ ....
    എന്റെ നാട്ടില്‍ ഒരു പറച്ചില്‍ അല്ല വിശ്വാസം ഉണ്ട്,പാമ്പിന്റെ കാര്യം,കഥകള്‍ പറഞ്ഞാല്‍ അന്ന് അമ്മുണ്ണി വൈദ്യരുടെ അടുത്ത് ആള്‍ വരും എന്ന്.കുട്ടിക്കാലത്ത് ആ വിശ്വാസം ശരി വെക്കുന്ന പല കാഴ്ചകളും കണ്ടിട്ടുമുണ്ട്.

    ReplyDelete
  8. പോസ്റ്റ്‌ രസിപ്പിച്ചു

    ReplyDelete
  9. ശരിയാണ് ... പാമ്പിന്റെ കഥ പറയുമ്പോള്‍ വിഷ വൈദ്യന്റെ അരികില്‍ ആരെങ്കിലും വന്നിട്ടുണ്ടാവും അല്ലെങ്കില്‍ വരും എന്ന് ഞാനും കേട്ടിട്ടുണ്ട്. ഇനി രാത്രിയാ കഥയെങ്കില്‍ ഉറപ്പു അന്ന് രാത്രി പാമ്പിനെ സ്വപ്നം കണ്ടിരിക്കും (എന്റെ കാര്യമാ ട്ടോ )

    പാമ്പ് പുരാണം നന്നായി ... രസിപ്പിച്ചു

    ReplyDelete
  10. രസികന്‍ പാമ്പ് പുരാണം .....sasneham

    ReplyDelete
  11. തിരുവനന്തപുരത്തെ വനമേഖലയിലുള്ള ചെറ്റച്ചല്‍
    ജഴ്സി ഫാം അസിസ്റ്റന്റു ഡയറക്ടര്‍ ഗോപാലന്‍ സാര്‍
    സന്ധ്യക്കു ക്വാര്‍ട്ടേഴ്സിലെത്തി. കതകിനു താഴെ കിട
    ക്കുന്ന കമ്പ് എടുത്തു മാറ്റാന്‍ കുനിഞ്ഞതും വടി
    അനക്കം വെയ്കുകയും തല ഉയര്‍ത്തുകയും ചെയ്തു.
    രസകരമായ ഈ പാമ്പു പുരാണം പഴയ കാല
    സംഭവം ഓര്‍ക്കാനിടയാക്കി.

    ReplyDelete
  12. കളിയിലൂടെ കാര്യങ്ങൾ പറഞ്ഞ പോസ്റ്റ് നന്നായിരിക്കുന്നു ബിജൂ....

    ReplyDelete
  13. നനായിരിക്കുന്നു, നര്‍മ്മം.

    ReplyDelete
  14. hmmmmmm ..... കലക്കി... എനിക്ക് പാമ്പിനോട് പേടിയല്ല, ഒരു തരം അറപ്പ് ആണ് :)(കടപ്പാട്: മുകേഷ് ഫ്രം "in ghost house inn)

    ReplyDelete
  15. സുഖമുള്ള വായന. പാമ്പിനെ ആര്‍ക്കാ പേടി ഇല്ലാത്തതു! പാമ്പിനെ സ്വപ്നം കണ്ടാല്‍ ശത്രു വരും എന്നൊരു അര്‍ത്ഥമുണ്ടത്രേ.

    ReplyDelete
  16. നാട്ടില്‍ ഒറിജിനലിനേക്കാള്‍ ബെവറേജസ് പാമ്പുകള്‍ കൂടിയിരിക്കുന്നു.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.