പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 12 June 2010

നേര്‍ക്കാഴ്ചകള്‍ : റോഡ് വികസനം സമ്പന്നര്‍ക്കു വേണ്ടിയോ?

വികസനം എന്ന വാക്കിന് ഓരോ സമൂഹത്തിലും ഓരോ സാഹചര്യങ്ങളിലും വ്യത്യസ്ഥ അര്‍ത്ഥങ്ങളാണ്. തൊഴിലില്ലാത്ത ദരിദ്രസമൂഹത്തില്‍ , കൂടുതല്‍ തൊഴില്‍ ലഭിയ്ക്കുന്നതും സാമ്പത്തിക അഭിവൃദ്ധിയുമാണ് വികസനം. എന്നാല്‍ സാമ്പത്തിക ഭദ്രതയുള്ള സമൂഹത്തില്‍ നല്ലറോഡുകളും നല്ല പാലങ്ങളും അതുപോലുള്ള മറ്റു സൌകര്യങ്ങളുമൊക്കെ വരുന്നതാണ് വികസനം. അതായത് ഓരോ സമൂഹത്തിലും വികസന കാഴ്ചപ്പാട് വ്യത്യസ്ഥമായിരിയ്ക്കും.

സമ്പന്നര്‍ മാത്രമുള്ള സമൂഹത്തിലോ ദരിദ്രര്‍ മാത്രമുള്ള സമൂഹത്തിലോ വികസനസങ്കല്‍‌പത്തിനെപ്പറ്റി അഭിപ്രായവ്യത്യാസം ഉണ്ടാവാന്‍ സാധ്യത കുറവാണ്. ദരിദ്രരും ധനികരും ഇടകലര്‍ന്നു താമസിയ്ക്കുന്ന ഒരു സമൂഹത്തില്‍ ഈ വിഷയം വലിയ അഭിപ്രായവ്യത്യാസം ഉണ്ടാക്കിയേക്കും. എന്നാല്‍ സമ്പന്നര്‍ക്ക് സമൂഹത്തിലും ഭരണകൂടത്തിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിയുന്നതിനാല്‍ സ്വഭാവികമായും അവരുടെ താല്പര്യമാവും വികസന സങ്കല്പത്തില്‍ പ്രതിഫലിയ്ക്കുക. നമ്മുടെ പല ഉത്തരേന്ത്യന്‍ സ്റ്റേറ്റുകളും ഇപ്പറഞ്ഞവയ്ക്ക് ഉദാഹരണങ്ങള്‍ നല്‍കും.

എന്നാല്‍ കേരളത്തിലേയ്ക്കു വരുമ്പോള്‍ കഥ മാറും. ഇവിടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നത് മൂന്നാമതൊരു വിഭാഗമാണ്. ഇടത്തരക്കാര്‍ എന്നു വിളിയ്ക്കപ്പെടുന്ന ഇവരാണ് കേരളീയ സമൂഹത്തില്‍ നല്ലൊരു പങ്ക്. ദരിദ്രരേക്കാള്‍ അല്പം മുകളിലുള്ള വരുമാനവും സമ്പന്നരേക്കാള്‍ അല്പം താഴെയുള്ള ജീവിത സങ്കല്‍പ്പങ്ങളും. അതാണിവരുടെ ലക്ഷണം. ഈ സമൂഹത്തില്‍ എല്ലാവരെയും തൃപ്തരാക്കുന്ന ഒരു വികസനസങ്കല്പം രൂപപ്പെടുത്തിയെടുക്കുക അത്ര എളുപ്പമല്ല.

കേരളം ഇന്ന് തൊഴിലില്ലായ്മ എന്നൊരു ഘട്ടം പിന്നിട്ടു എന്നു വേണം കരുതാന്‍ . തൊഴിലിന് ആവശ്യത്തിന് ആളെ കിട്ടാത്തതാണ് ഇന്ന് പ്രശ്നം.തീര്‍ച്ചയായും ദാരിദ്ര്യം എന്ന അവസ്ഥ അനുഭവിയ്ക്കുന്നവര്‍ ഇവിടെ കുറച്ചൊക്കെ ഇപ്പോഴുമുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ അടിസ്ഥാനസൌകര്യ വികസനം സമ്പന്നന്മാര്‍ക്ക് വേണ്ടിയാണ് എന്ന് നമുക്ക് പറയാന്‍ പറ്റില്ല, കേരളത്തിലെങ്കിലും.

പരമ്പരാഗതമായ “യാഥാസ്ഥിതിക” പുരോഗമന ചിന്താഗതി, മാധ്യമങ്ങളുടെ അമിത സ്വാധീനം, ഏറെക്കുറെ തുല്യസ്വാധീനമുള്ള നെടുകെപിളര്‍ന്നു നില്‍ക്കുന്ന മുന്നണിരാഷ്ട്രീയം, അവയ്ക്കിടയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന സാമുദായിക വോട്ടുബാങ്കുകള്‍ ഇവയാണ് കേരളീയ സമൂഹത്തിന്റെ പരിച്ഛേദം.
ഇവിടെ പുതിയ ആശയങ്ങള്‍ പെട്ടെന്നു സ്വീകരിക്കപ്പെടില്ല.  ഏതു ആശയത്തിന്മേലും നാനാവശത്തുനിന്നും അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തപ്പെടും. ഒന്നുകില്‍ ഈ സമ്മര്‍ദ്ദത്തില്‍ പെട്ട് ആശയം മൃതിയടയും. അല്ലെങ്കില്‍ അംഗവൈകല്യം സംഭവിച്ച് വികൃതമായ മറ്റൊരു രൂപമാകും.

ഏതൊരു വിഷയവും മാധ്യമങ്ങളില്‍ കൂടിയാണ് ജനങ്ങളിലെത്തുന്നത്. അച്ചടി മാധ്യമങ്ങളുടെ കാലഘട്ടത്തിലും തുടര്‍ന്ന് ചാനലുകളുടെ ആദ്യഘട്ടത്തിലും വളച്ചൊടിയ്ക്കല്‍ വളരെ കുറവായിരുന്നു. രാഷ്ട്രീയമായ അസത്യപ്രചരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പൊതു ആശയങ്ങളില്‍ അതുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് യാതൊരു തത്വദീക്ഷയുമില്ലാതെ, ഓരോ മാധ്യമവും തങ്ങള്‍ക്കിഷ്ടമുള്ള വാര്‍ത്ത ചമയ്ക്കുകയും ഇഷ്ടാനുസരണം വ്യാഖ്യാനിയ്ക്കുകയും ചെയ്യുന്നു. ചില സ്വയം പ്രഖ്യാപിത പരിസ്ഥിതി-ബുദ്ധിജീവികള്‍ക്ക് അമിതപ്രാധാന്യം നല്‍കി അവരുടെ വീക്ഷണം പൊതു വീക്ഷണമായി അവതരിപ്പിയ്ക്കുന്നു. തങ്ങള്‍ക്കു താല്പര്യമില്ലാത്തവരെ ഏതു വിധേനയും ആക്രമിയ്ക്കാനും കളങ്കപ്പെടുത്താനും അവര്‍ മടിയ്ക്കുന്നില്ല. രാഷ്ട്രീയനേതൃത്വം ഇവരുടെ അമിതസ്വാധീനത്തിനു വശംവദരാകുകയും ചെയ്യുന്നു.
ഈയൊരു പരിസരത്തു നിന്നു വേണം

നിര്‍ദിഷ്ട ദേശീയപാത വികസന വിവാദത്തെ നാം നോക്കിക്കാണേണ്ടത്.ദേശീയപാതയ്ക്ക് 60 മീറ്റര്‍ വീതിയാണ് അഖിലേന്ത്യാടിസ്ഥാനത്തില്‍ നിര്‍ണയിച്ചിരിയ്ക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനസാന്ദ്രത പരിഗണിച്ച് അത് 45 മീറ്ററായി ചുരുക്കുകയുണ്ടായി. ഇപ്പോള്‍ അതും വേണ്ട 30 മീറ്റര്‍ മതിയെന്നാണ് ചില കേന്ദ്രങ്ങളുടെ ആവശ്യം.നാലുവരിപ്പാതയ്ക്കെന്തിനാണ് 45 മീറ്റര്‍ എന്നതാണ് ചോദ്യം?

“ഇപ്പോഴുള്ള റോഡിനെ വീതികൂട്ടി നാലുവരിയാക്കുക എന്ന ലളിതയുക്തിയില്‍ അധിഷ്ഠിതമായല്ല ദേശീയപാത അഥോറിറ്റിയോ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് പോലുള്ള സ്ഥാപനങ്ങളോ നാലുവരിപ്പാതയെ വിഭാവനം ചെയ്തിരിക്കുന്നത്. വളവും തിരിവും കയറ്റിറക്കങ്ങളുമുള്ള പാതയുടെ പ്രതലങ്ങള്‍ രൂപകല്പന ചെയ്യുന്നത് നിശ്ചിത വേഗതയില്‍ റോഡിലൂടെ സഞ്ചരിക്കാനാവുന്ന തരത്തിലാണ്. എക്സ്‌പ്രസ് വേ, ആറുവരിപ്പാത, നാലുവരിപ്പാത എന്നിങ്ങനെയുള്ള പെരുമ്പാതകളില്‍ തടസ്സങ്ങളില്ലാതെ മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം.  ഇങ്ങനെ നിര്‍മ്മിക്കുന്ന വീഥികളില്‍ എത്ര കുറഞ്ഞാലും മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലെങ്കിലും സഞ്ചരിക്കാനാവും. അതായത് വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉലച്ചിലൊ മറ്റൊ അനുഭവപ്പെടാതെയും വേഗത കുറക്കാതെയും വളവുകളിലും കയറ്റിറക്കങ്ങളിലും യാത്ര ചെയ്യാനാവും.

ഇപ്പോള്‍ റോഡിലുള്ള വളവുകള്‍ നൂര്‍ക്കാതെയും കയറ്റിറക്കങ്ങളുടെ ചെരിവുകള്‍ കുറയ്ക്കാതെയും ഇതു സാധ്യമല്ല. 80 കിലോ മീറ്റര്‍ വേഗതയില്‍ പോവുന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ക്ക് റോഡിലുള്ള എന്തെങ്കിലുംതടസം കണ്ണില്‍പ്പെട്ടാല്‍ അവിടെയെത്തുന്നതിന് മുമ്പ് അപകടമൊ യാത്രക്കാര്‍ക്ക് ഉലച്ചിലൊ ഉണ്ടാവാതെ നിര്‍ത്താന്‍ സാധിക്കുന്ന രീതിയില്‍ റോഡിലെ ഏതൊരു ബിന്ദുവില്‍നിന്നും മുന്നോട്ട് അത്രയും ദൂരം കാണാവുന്ന വിധമാവും രൂപകല്പന. കൂടാതെ, വശങ്ങളില്‍നിന്ന്  ഹൈവേയിലേയ്ക്ക് പ്രവേശിക്കാനും തിരിച്ച് ഹൈവേയിലേയ്ക്ക് പ്രവേശിക്കാനും ആക്സിലറേഷന്‍ / ഡീസ്സിലറേഷന്‍ വരികള്‍ ഉണ്ടായിരിക്കും. ഇതേപോലെ സര്‍‌വ്വീസ് റോഡില്‍ നിന്ന് ഹൈവേയിലേയ്ക്കും തിരിച്ചും പ്രവേശിക്കുന്നതിനും ഈ സ്പീഡ് റാമ്പുകള്‍ നിര്‍മ്മിക്കും.രണ്ട് വശത്തേക്കുമുള്ള ഈരണ്ടു വരികള്‍ക്കിടയില്‍ 4.5 മി വീതിയിലാണ് മീഡിയന്‍ നിര്‍മ്മിക്കുന്നത്. ഈ മീഡിയനില്‍ ചെടികള്‍ വളര്‍ത്തി വാഹനങ്ങളുടെ ഹെഡ്ലൈറ്റില്‍നിന്നുള്ള വെളിച്ചം എതിര്‍ ദിശയിലെ ഡ്രൈവറുടെ കണ്ണില്‍ പതിക്കുന്നത് ഒഴിവാക്കുന്നു. യു-ടേണ്‍ എടുക്കേണ്ട വാഹനങ്ങള്‍ക്ക് മീഡിയന്‍ തുറന്നിരിക്കുന്ന സ്ഥലങ്ങളില്‍ ഒരു റിസര്‍വ് സ്പേസ് കൊടുക്കാനും ഈ 4.5 മി ഉപയോഗപ്പെടും.പാതകളുടെ ഇരുവശത്തും റോഡിന്റെ ഉപരിതലത്തിന്റെ അതേ പോലുള്ള കറുത്ത പ്രതലവും പിന്നെ മണ്ണുകൊണ്ടുള്ളതുമായ ഷോള്‍ഡര്‍ ഉണ്ടാവും. എപ്പോള്‍ വേണമെങ്കിലും മറ്റു വാഹനങ്ങളെ തടസ്സപ്പെടുത്താതെ വാഹനം നിര്‍ത്താനും വിശ്രമിക്കാനും, ബ്രേക്ക് ഡൌണ്‍ ആയാല്‍ അത്യാവശ്യം റിപ്പെയര്‍ ചെയ്യാനും പിന്നെ പതുക്കെ പോവുന്ന വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യാനുമൊക്കെയാണ് ഇതുപകരിക്കുന്നത്. (റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് tar അല്ല, bitumen ആണ്)

കൂടുതല്‍ ജനവാസമുള്ള സ്ഥലങ്ങളിലും ചെറുപട്ടണങ്ങളിലും പെരുമ്പാതയുടെ ഒരുവശത്തൊ ഇരുവശത്തോ സര്‍വീസ് റോഡ് നിര്‍ദ്ദേശിക്കപ്പെടുന്നു. അതാത് സ്ഥലങ്ങള്‍ക്കുള്ളില്‍തന്നെ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണിത്. പ്രാദേശികമായ സഞ്ചാരത്തിന് ഈ പാതകള്‍ ഉപയോഗിക്കുന്നതിലൂടെ പ്രധാന പാതയിലെ തിരക്ക് ഒഴിവാക്കാനാവും. ഇതുവഴി പ്രധാന പാതയിലെ വാഹനങ്ങളുടെ വേഗത അതേപടി നിലനിര്‍ത്താനും അപകടങ്ങള്‍ കുറയ്ക്കാനും കഴിയും.

പ്രധാനപാതയും സര്‍വ്വീസ് റോഡും തമ്മില്‍ മൂന്നുതരത്തിലാവും അതിരു തിരിച്ചിട്ടുണ്ടാവുക. കമ്പിവേലി കെട്ടിയോ വ്യത്യസ്ത ഉയരം സൂക്ഷിച്ചോ ഇടയ്ക്ക് ഓട നിര്‍മ്മിച്ചോ ആവും ഈ വിഭജനം സാധ്യമാക്കുക. സര്‍‌വ്വീസ് റോഡുകള്‍ ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും അതാതിടങ്ങളിലെ ഹ്രസ്വദൂര യാത്രക്കാര്‍ക്കും ഒരുപോലെ സുരക്ഷയും സൌകര്യവും പ്രധാനം ചെയ്യുന്ന ഒരു ആശയമാണ്. ഇതൊന്നും കൂടാതെ റോഡിനു സമാന്തരമായി റോഡിന്റെ സ്ഥലത്തിലൂടെ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍, ഗ്യാസ്, വെള്ളം, മലിനവസ്തുക്കള്‍ തുടങ്ങിയവ കൊണ്ടുപോവുന്ന പൈപ്പ്ലൈനുകള്‍, ടെലിഫോണ്‍, ഇലക്ട്രിക് ലൈനുകള്‍ എന്നിവ കടന്നുപോവുന്നുണ്ടാവും. ഇവയ്ക്കെല്ലാമായി റോഡിന്റെ ഇരു വശത്തും സ്ഥലം വകയിരുത്തേണ്ടതുണ്ട്.ഇവകൂടാതെ, തിരക്കേറിയ നഗരങ്ങളെ ഒഴിവാക്കാനുള്ള ബൈപ്പാസുകള്‍, പ്രധാന കവലകളില്‍ ഫ്ലൈയോവര്‍ / ഇന്റര്‍ചേഞ്ച് / അണ്ടര്‍പാസ് എന്നിവയൊക്കെ ചേര്‍ന്നതാണ് നാലുവരിപ്പാതകളുടെ പദ്ധതിനിര്‍ദ്ദേശങ്ങള്‍. ഈ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനായാണ് 60 മി വീതിയില്‍ ഭൂമി ആവശ്യമാണെന്ന് തീരുമാനിക്കപ്പെടുന്നത്. ഇത് ദേശീയതലത്തില്‍ ദേശീയപാതാ വികസനം നടന്ന സംസ്ഥാനങ്ങളിലൊക്കെ ഇതിനകം നടപ്പിലായിക്കഴിഞ്ഞു.
കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രതയും നാടുമുഴുക്കെ പരന്ന ജനവാസവും കാരണം പ്രത്യേക പരിഗണനയായാണ്  നാലുവരിപ്പാതയ്ക്ക് 60നു പകരം 45 മി വീതിയില്‍ സ്ഥലം ഏറ്റെടുത്താല്‍ മതി എന്ന് തീരുമാനിക്കപ്പെടുന്നത്. ഇത് 30 മീറ്ററായി ചുരുങ്ങുമ്പോള്‍ പാത വികസിപ്പിക്കുന്നതിന്റെ ഗുണഫലങ്ങളാണ് ഇല്ലാതാവുന്നത്.“
(കടപ്പാട്: മലയാളം പോര്‍ട്ടലില്‍ ശ്രീ.പ്രശാന്ത് കളത്തില്‍ എഴുതിയ ലേഖനം)

കേരളത്തിലെ ഒരു പ്രമുഖ ദേശീയപാതയാണ് NH-17. പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെ ഈ പാതയില്‍ യാത്രചെയ്തിട്ടുള്ളവര്‍ക്കറിയാം ആയുസ്സിന്റെ ബലംകൊണ്ടുമാത്രമാണ് നാം പലപ്പോഴും തിരികെ വീട്ടിലെത്തുന്നത് എന്ന്. രണ്ടുവരിയ്ക്ക് പോലും വീതിയിലാ‍ത്ത പാതയിലൂടെ ആണ് നൂറുകണക്കിന് സ്വകാര്യബസുകള്‍ മത്സര ഓട്ടം നടത്തുന്നത്. അതോടൊപ്പം ടിപ്പറുകള്‍ , ഗ്യാസ് കണ്ടെയിനറുകള്‍ , ട്രെയിലറുകള്‍ , ട്രക്കുകള്‍ . ഇവയ്ക്കിടയില്‍ മറ്റു ചെറു വാഹനങ്ങള്‍ . ട്രാഫിക്ക് നിയമം എന്നുള്ളത് ലംഘിക്കാന്‍ മാത്രമുള്ള എന്തോ ഏര്‍പ്പാടാണെന്ന് ധരിച്ച ഡ്രൈവര്‍മാരും കൂടിയാവുമ്പോള്‍ എല്ലാം പൂര്‍ത്തിയായി. എതിരെ വരുന്ന വാഹനം ചെറുതാണെങ്കില്‍ അല്പവും സൈഡുകൊടുക്കാത്ത വലിയ വാഹനങ്ങള്‍ നമ്മുടെ നാട്ടിലേ കാണാന്‍ പറ്റുകയുള്ളു.

ഇനി നാനോ കാറും അതു മാതിരി ഉള്ള  മറ്റു ചെറു വാഹനങ്ങളും കൂടി നിരത്തിലിറങ്ങിയാലുള്ള സ്ഥിതി എന്താവും?

കണ്ണൂരില്‍ നിന്നും തളിപ്പറമ്പു വരെയുള്ള 16 കിലോമീറ്റര്‍ ദൂരം ദേശീയ പാത വഴി താണ്ടാന്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസ് 30 മിനിറ്റും അല്ലാത്തവ 45 മിനിട്ടും എടുക്കും. അതായത് ലിമിറ്റഡ് സ്റ്റോപ്പ് ബസിന് കിട്ടുന്ന പരമാവധി വേഗം മണിക്കൂറില്‍ 32കിലോമീറ്റര്‍ ! മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത ലഭിച്ചാല്‍ ഇതേ ഇന്ധനചിലവില്‍ ഈ ദൂരം താണ്ടാം! ആലോചിച്ചു നോക്കു നാം ഒരു ദിവസം പാഴാക്കുന്ന ഇന്ധനം എത്ര! പരിസ്ഥിതി-സാമ്പത്തിക നഷ്ടം എത്ര?

വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ വരുന്നതോടെ നമ്മുടെ ദേശീയപാതയിലെ ഭാര വാഹന സാന്ദ്രത ക്രമാതീതമായി വര്‍ധിയ്ക്കും. അപ്പോഴുണ്ടാകുന്ന വീര്‍പ്പുമുട്ടല്‍ കാര്യം ഊഹിച്ചാല്‍ മതി.
കേരളത്തിലെ റോഡുകളില്‍ ഒരു ദിവസം ശരാശരി പത്തുപേരാണ് അപകടങ്ങളില്‍ പെട്ട് മരിയ്ക്കുന്നത്. വര്‍ഷം എതാണ്ട് 3000-3500 പേര്‍ . അനേകം പേര്‍ മരിയ്ക്കാതെ മരിയ്ക്കുന്നു. നാടിനുണ്ടാകുന്ന സാമ്പത്തിക-ബൌദ്ധിക നഷ്ടം എത്രയാണ്?
ഈ പദ്ധതിയെ എതിര്‍ക്കുന്നവരുടെ പ്രധാന വിമര്‍ശം ധാരാളം പേരെ കുടിയൊഴിപ്പിയ്ക്കേണ്ടി വരും, ഇത് സമ്പന്നര്‍ക്കു വേണ്ടിയാണ് എന്നൊക്കെയാണ്.
 ഓര്‍ക്കേണ്ട കാര്യം പൊതുജനങ്ങളല്ല ഇതിനെ എതിര്‍ക്കുന്നത്. സ്വന്തം മൂക്കിനപ്പുറം കാണാന്‍ കഴിവില്ലാത്ത ചില രാഷ്ട്രീയക്കാരും കപട ബു.ജി.കളും പരിസ്ഥിതി വാദികളുമാണ്. അവരെ കൊണ്ടാടാന്‍ ചില മാധ്യമങ്ങളും.
കേരളത്തിലെ റോഡുകള്‍ എന്നും ഇതേപോലെ കിടന്നാല്‍ മതിയെന്നാണൊ ഇവരുടെ വാദം? എന്നാല്‍ ആദ്യം ഇവര്‍ മാതൃക കാണിയ്ക്കണം. ശ്രീ. സക്കറിയ ചോദിച്ചതുപോലെ, സ്വന്തം വാഹനങ്ങള്‍ റോഡിലിറക്കാതെ പൊതുവാഹനങ്ങളില്‍ മാത്രം സഞ്ചരിച്ച് മാതൃകയാവാന്‍ സുഗതകുമാരിയും അഴീക്കോടും , നീലാണ്ടനും, വീരേന്ദ്രകുമാരനും അതുപോലുള്ള മറ്റു  ദേശീയപാത വികസന വിരോധികളും തയ്യാറുണ്ടോ? ഇല്ല. അവര്‍ എപ്പോഴും ചര്‍ച്ചിയ്ക്കുന്നത് മറ്റുള്ളവരെ ബോധവല്‍ക്കരിയ്ക്കാനാണ്, സ്വന്തം കാര്യത്തില്‍ അതൊന്നും ബാധകമല്ല.

കേരളത്തിലെ മധ്യ-ഇടത്തരം വര്‍ഗം ക്രമേണ സമ്പന്നതയിലേയ്ക്ക്-പുറമെയ്ക്കെങ്കിലും- നീങ്ങുകയാണ്. കൂടാതെ ടൂറിസം വികസനം മൂലം ധാരാളം പേര്‍ പുറത്തു നിന്നും വരുന്നുണ്ട്. ശബരിമല സീസണില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വാഹന ഒഴുക്ക് നമുക്കറിയാവുന്നതാണ്. ഇവയെല്ലാം നമ്മുടെ ഗതാഗത സൌകര്യങ്ങളെ അനുദിനം വീര്‍പ്പുമുട്ടിയ്ക്കുകയാണ്. കുടിയൊഴിപ്പിയ്ക്കപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കി മാറ്റിപ്പാര്‍പ്പിച്ചുകൊണ്ട് സര്‍ക്കാര്‍ അടിയന്തിരമായി ഈ വികസനപരിപാടി നടപ്പാക്കുകയാണ് വേണ്ടത്. നമുക്ക് 30 മീറ്ററല്ല, 45 അല്ലെങ്കില്‍ 60 മീറ്റര്‍ തന്നെയാണ് ദേശീയ പാതയ്ക്ക് വേണ്ടത്.
കേരളം അനുദിനം ഒരു മഹാനഗരമായി വളരുകയാണ്. വാഹനങ്ങള്‍ പെരുകിക്കൊണ്ടേയിരിയ്ക്കുന്നു. റോഡുകളില്‍ നിരപരാധികളുടെ രക്തം ചൊരിയുന്നത് അവസാനിപ്പിയ്ക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ ഉണരണം.

നമ്മുടെ നഗരങ്ങളിലെ ഇടുങ്ങിയ റോഡുകളില്‍ കെട്ടിക്കിടക്കുന്ന വാഹന സഞ്ചയത്തിന് കടന്നുപോകാന്‍ വേണ്ട സൌകര്യം ഉണ്ടാക്കേണ്ടത്, സമ്പന്നന്മാര്‍ക്ക് മാത്രമല്ല സാധാരണക്കാരുടെ കൂടെ ആവശ്യമാണ്. അവന് കുറച്ചു കൂടി ധൈര്യത്തില്‍ വഴി നടക്കാം.

ഈ വിഷയം ചര്‍ച്ചിച്ച് കുളമാക്കാതെ, ആവശ്യമെങ്കില്‍ ജനങ്ങള്‍ക്കിടയില്‍ ഒരു ഹിതപരിശോധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തിലെ ഭൂരിപക്ഷം പേരും റോഡ് വികസനം വേണ്ടാ എന്നാണ് പറയുന്നതെങ്കില്‍ വിട്ടേക്കുക. മറിച്ചാണെങ്കില്‍ ധൈര്യപൂര്‍വം നടപ്പാക്കുക. ഏതാനും ചില മാധ്യമങ്ങളിലിരുന്ന് ചില വിരുതന്മാര്‍ ചര്‍ച്ചിയ്ക്കുന്നതാണ്കേരളജനതയുടെ അഭിപ്രായമെന്ന് ധരിച്ച് പേടിച്ചോടുന്ന ഒരു മുഖ്യമന്ത്രിയെ അല്ല കേരളത്തിനു വേണ്ടത്.
45 മീറ്റര്‍ വേണ്ട ഞങ്ങള്‍ക്കു 30 മതി എന്നു പറഞ്ഞു നിവേദനം നല്‍കുന്ന  ഭരണാധികാരി ഏതായാലും ഒരു നാടിനു ഭൂഷണമാണെന്നു തോന്നുന്നില്ല.

14 comments:

  1. നല്ല റോഡുകള്‍...അതൊരു സ്വപ്‌നം മാത്രമാണ് നമുക്ക്....എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്, ഗട്ടറില്ലാത്ത നല്ല റോഡുകളിലൂടെയുള്ള യാത്ര....എത്ര എത്ര നടക്കാത്ത സുന്ദര സ്വപ്‌നങ്ങള്‍! കോട്ടയം പ്രാന്തപ്രദേശത്തുകൂടെ ട്രെയിന്‍ വരുന്നത് നഖശിഖാന്തം എതിര്‍ക്കും എന്ന് പറഞ്ഞതു കേട്ടുവോ? ആരുടെയെങ്കിലും റബ്ബര്‍ എസ്‌റ്റേറ്റ് പോകുമായിരിക്കും....

    ReplyDelete
  2. @maithreyi
    ഏതു ഈര്‍ക്കിലി പാര്‍ട്ടി ബന്ദു നടത്തിയാലും വിജയിപ്പിച്ചുകൊടുക്കുന്നതു പോലെ ഏതു ന്നീര്‍ക്കോലി വായീട്ടലച്ചാലും ചൂടോടെ എത്തിയ്ക്കാന്‍ ഇവിടെ ചാനലുകളുണ്ട്. നാടിനു ഗുണമുണ്ടോ എന്നല്ല രാഷ്ട്രീയ വിരോധമാണ് ഇവറ്റകളുടെ അജണ്ട. കിനാലൂരില്‍ നാമതു കണ്ടു.

    ReplyDelete
  3. ദേ.പാ 17ല്‍ മൂത്തകുന്നത്തു നിന്ന് വടക്കന്‍ പറവൂരിലേക്ക് സഞ്ചരിച്ചിട്ടുള്ള എനിക്ക് വീതിയഉള്ള വഴിയോട് ഒരു “ലേഹ്യമുണ്ട്”...പിന്നെ സ്ഥലമേറ്റെടുക്കുമ്പോള്‍ ഉടമക്ക് അര്‍ഹിക്കുന്ന വില കൊടുക്കണമെന്ന അഭിപ്രായവുമുണ്ട്

    ReplyDelete
  4. ഏതൊരു നാടിന്റേയും വികസനത്തിന്റെ അടിസ്ഥാനം റോഡ് വികസനം ആണെന്ന് മനസ്സിലാക്കാത്ത,ഇഛ്ഛാശക്തിയില്ലാത്ത ഒരു ഭരണകൂടം ആണു എക്കാലവും നമ്മുടെ ശാപം.എന്തിനും വിവാദം മാത്രം.പ്രചരിപ്പിക്കാന്‍ കുറെ ചാനലുകാരും.(ഭരണ കൂടം എന്നതിനു രാഷ്ട്രീയ വ്യത്യാസം ഇല്ല കേട്ടോ)

    ReplyDelete
  5. റോഡ് മാത്രമല്ല, എല്ലാം അവർക്കു വേണ്ടിയാ,,

    ReplyDelete
  6. @mini//മിനി
    ടീച്ചറെ ദിനം‌പ്രതി നമ്മുടെ റോഡുകളില്‍ പിടഞ്ഞുതീരുന്ന ജന്മങ്ങളെല്ലാം സമ്പന്നരാണോ?

    ReplyDelete
  7. വികസനം എന്നാൽ എന്തെന്ന് അറിയാത്തവരാണ് ഇക്കാലത്ത് റോഡുകളും കെട്ടിടങ്ങളും ഷോപ്പിംഗ് മാളുകളും ഒക്കെയാണ് വികസനം എന്നു തെറ്റിദ്ധരിച്ച് മറ്റൊന്നും,നോക്കാതെ അവയ്ക്കുവേണ്ടി മുറവിളി കൂട്ടുന്നത്.ഇവിടെ ജനസാന്ദ്രതയേറിയ ഈ കേരളത്തിൽ ആൾക്കാർക്ക് ഭക്ഷണവും കുടിവെള്ളവുമാണോ നൽകേണ്ടത് അറിപത്\നൂറു മീറ്റർ പാതയുണ്ടാക്കി ബാക്കിയായ വയലുകളും ജലസംഭരണികളായ കുന്നുകളുമത്രയും നശിപ്പിച്ച് പട്ടിണിക്കിടുകയാണോ വേണ്ടത്? ഇത്രയേറെ വീതിയുള്ള പാതകൾ ആളൂകൾ തിങ്ങിപ്പാർക്കുന്ന ,ഇത്ര ചെറിയ വീതിയുള്ള, കാർഷികസമ്പന്നമായ ഒരു നാടിനു ഉചിതമെന്നു കരുതുന്നവർ ഇക്കാര്യങ്ങൾ ഒന്നു ചിന്തിച്ചുനോക്കുക..റോഡുകളിലെ വാഹനപ്പെരുപ്പം തടയാൻ ഓരോരുത്തരും മനസ്സുവയ്ക്കേണ്ടതാണ്.കയ്യിൽ കാശുണ്ടെങ്കിലും അത്യാവശ്യമല്ലെങ്കിൽ സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കില്ലെന്ന് മനസ്സുവച്ചാൽ ,കരാറുകാർക്കും രാഷ്ട്രീയക്കാർക്കും പണമുണ്ടാക്കാനായി പത്തുലക്ഷത്തിന്റെ കരാറെടുത്ത് ഒരു ലക്ഷത്തിൽ മഴയൊന്ന് ചാറുമ്പോഴെയ്ക്ക് അല്ലെങ്കിൽ വാഹനമൊന്ന് ഓടുമ്പോഴേയ്ക്ക് പൊട്ടിപ്പൊളിയുന്ന റോഡുണ്ടാക്കി ഒമ്പതു ലക്ഷവും പോക്കറ്റിലാക്കുന്നത് നിർത്തിക്കുകയും ചെയ്താൽ ,മദ്യപിച്ചു വാഹനമോടിക്കുന്നതു നിർത്തലാക്കിയാൽ, ഗതാഗതനിയമങ്ങൾ കർക്കശമായി നടപ്പിലാക്കിയാൽ ,വേണമെങ്കിൽ അത്യാവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം 30 മീറ്റർ വീതിയാക്കിയാൽ ....ഇതൊക്കെയല്ലെ ഗതാഗതക്കുരുക്കളും അപകടങ്ങളും ഒഴിവാക്കാനായി ചെയ്യേണ്ടത്?ഇതൊക്കെയല്ലെ കേരളത്തിൽ നടപ്പിലാക്കേണ്ട യഥാർഥമായ റോഡുവികസനം?..അല്ലാതെ മരുഭൂമികളിലേയോ ,മറ്റു രാഷ്ട്രങ്ങളെ പിഴിഞ്ഞും പരിസ്ഥിതിസന്തുലനം തകർത്തും , കണക്കിലേറേ ഡോളറുകൾ വാരിക്കൂട്ടി സ്വന്തം നാട്ടുകാർക്കായി രാജവീഥികൾ തീർക്കുന്നവരുടെയോ റോഡുവികസനമാണോ ഇവിടെ വേണ്ടത്?...
    സ്വന്തം നാടിന് ഉചിതമായതെന്തെന്ന് തിരിച്ചറിഞ്ഞ് 30 മീറ്റർ പാത മതി എന്ന് തീരുമാനിക്കാൻ തയ്യാറായ കേരളസർക്കാറിനെ അഭിനന്ദിക്കുകയാണ് വേണ്ടത്.....
    ആദ്യം വികസിപ്പിക്കേണ്ടത് ശുദ്ധവായുവും കുടിവെള്ളവും വിഷമില്ലാത്ത ആഹാരവും സുരക്ഷിതമായും തൃപ്തിയോടെയും കിടന്നുറങ്ങാനുള്ള ഒരിടവും ഒക്കെയാണ്.90% പേർക്കും ഇതത്രയും ഇല്ലാതാക്കിയിട്ട് 10% പേർക്ക് സുഖിക്കാനായി അവരിൽ നിന്ന് എല്ലാം തട്ടിയെടുക്കലാണ് കിനാലൂരിലായാലും കണ്ണൂരിലായാലും നടക്കുന്ന റോഡുവികസനവും മറ്റെല്ലാ വികസനങ്ങളും...ഇത് നടപ്പാക്കണമെന്ന വാദങ്ങൾ മാനുഷികമല്ല..

    ReplyDelete
  8. @നനവ്
    അഭിപ്രായത്തിനു നന്ദി. കേവലപരിസ്ഥിതിവാദികളുടെ വാദത്തില്‍ കവിഞ്ഞ ഒന്നും താങ്കളുടെ കമന്റില്‍ ഇല്ല എന്നാണെനിയ്ക്കു തോന്നുന്നത്. മൂക്കിനപ്പുറം കാണാന്‍ കഴിവില്ലായ്മയാണ് നമ്മുടെ നാടിന്റെ ശാപം. പണ്ട് നമ്മുടെ നാട്ടില്‍ റോഡുകള്‍ ഉണ്ടാക്കിയപ്പോള്‍ വരുംകാലം കൂടി മുന്നില്‍ കണ്ടിരുന്നെങ്കില്‍ ഇന്നീ ഗതി വരില്ലായിരുന്നു. എപ്പോഴും തല്പരകക്ഷികളുടെ സമ്മര്‍ദത്തിനു വഴഞ്ഞി പാമ്പു പുളയുമ്പോലെ റോഡുകള്‍ വഴി തിരിച്ചു വിട്ടു. ഫലമോ ഇന്ധനനഷ്ടം, സമയ നഷ്ടം, ജീവഹാനി.
    ജനത്തിന്റെ “ജീവിത”ത്തെക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്ന താങ്കള്‍ ഒരു വര്‍ഷം 3000-3500 പേരുടെ ജീവഹാനിയെക്കുറിച്ച് ഉല്‍കണ്ഠപ്പെടുന്നേയില്ല. ഓര്‍ത്തുനോക്കൂ 3500 പേരുടെ മരണം ഒന്നിച്ചുണ്ടാകുന്ന ഒരു സംഭവമെങ്കില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
    നല്ല റോഡുകള്‍ സമ്പന്നര്‍ക്കു വേണ്ടിമാത്രമാണോ? കേരളത്തിന്റെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍. മറ്റു ആശുപത്രികളില്‍ നിന്നും കയ്യൊഴിയപ്പെടുന്നവര്‍ക്കുള്ള അവസാന രക്ഷാകേന്ദ്രം. കണ്ണൂരില്‍ നിന്നുള്ളവര്‍ക്ക് ആശ്രയം കോഴിക്കോട് മെഡിക്കല്‍ കോളേജാണ്. ഒരു രോഗിയെ ആംബുലന്‍സില്‍ കോഴിക്കോടെത്തിച്ചാല്‍ അയാള്‍ അവിടെ എത്താന്‍ മൂന്നിലൊന്നു ചാന്‍സേയുള്ളു. (1). വീര്‍പ്പുമുട്ടുന്ന ട്രാഫിക്കില്‍ , രക്ഷാസാധ്യതയുള്ള നിര്‍ണായക സമയം കഴിയും. (2). ഇടുങ്ങിയ മത്സരപ്പാച്ചില്‍ നടക്കുന്ന റോഡില്‍ ഏതു സമയവും അപകടത്തില്‍ പെടാം. ധാരാളം പേര്‍ ഇങ്ങനെ മരിയ്ക്കുന്നു. (3) ഭാഗ്യമുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞവ തരണം ചെയ്ത് അവിടെ എത്താം.
    കേരളത്തിലെവിടേയും ഇതു തന്നെ സ്ഥിതി.
    സ്വകാര്യവാഹനങ്ങള്‍ നിരോധിയ്ക്കാത്ത കാലത്തോളം ആരേയും തടയാനാവില്ല. മദ്യം അപകടകാര്യത്തില്‍ ഒരു വില്ലന്‍ തന്നെ. അത് ഒരു പരിധി വരെ തടയാനായേക്കാം. എങ്കിലും അതിനും പരിമിതിയുണ്ട്.
    മറ്റു ബോധവല്‍ക്കരണങ്ങള്‍ എന്തു ഫലം ചെയ്യുമെന്ന് കണ്ടറിയണം. ഒരാള്‍ എല്ലാ നിയമവും പാലിച്ചു ഡ്രൈവ് ചെയ്താലും എതിരെ വരുന്നയാള്‍ അതുപാലിയ്ക്കുന്നില്ലെങ്കില്‍ എന്തു കാര്യം? ബിവറേജസില്‍ ഒഴികെ മറ്റൊരിടത്തും ക്യൂ പാലിയ്ക്കാന്‍ പോലും മടി കാട്ടുന്നവരാണ് നമ്മള്‍ .
    കേരളത്തില്‍ 45 മീറ്റര്‍ പാത നിര്‍മ്മിച്ചാല്‍ ഇവിടുത്തെ വയലുകളും കുന്നുകളും നികന്നുപോകുമെന്നത് എനിയ്ക്കു പുതിയ അറിവാണ്. നിലവിലെ ദേശീയ പാതയ്ക്കിരുവശവും ഇത്രമാത്രം വയലുകളും കുന്നുകളും ഉണ്ടോ?
    10% പേര്‍ക്കു വേണ്ടിയാണ് റോഡെന്നൊക്കെയുള്ളത് യാഥാര്‍ത്ഥ്യബോധമില്ലാത്ത നിരീക്ഷണം മാത്രം.
    ഇന്ത്യയ്ക്കുവെളിയില്‍ പോയിട്ടുള്ളവര്‍ക്ക് നല്ല നിലവാരമുള്ള റോഡുകള്‍ കാണാന്‍ ഭാഗ്യമുണ്ടായതിനാല്‍ എന്താണ് റോഡെന്നു മനസ്സിലാകും.
    “അടിയും കൊണ്ട് പുളിയും തിന്നിട്ടേ കരമടയ്ക്കൂ” എന്ന മനോഭാവം നാം മാറ്റേണ്ട കാലമായി.

    ReplyDelete
  9. എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല എന്നു പറയുന്ന കുറെ മനുഷ്യരുടെ ഇടയിൽ ഇതല്ല ഇതിലപ്പുറം നടന്നില്ലേലാ അൽഭുതം. എല്ലാം മേഖലയും കച്ചവട സംസ്കാരത്തിന്റെ വിളനിലങ്ങളായി മാറിക്കൊണ്ടിരിക്കുന്നു..... ഒരു മാറ്റം അത് അത്ര പെട്ടെന്നൊന്നും സാധ്യമായിരിക്കയില്ല, എങ്കിലും ജനങ്ങൾ മാറി ചിന്തിക്കുന്ന കാലം വിദൂരമായിരിക്കുകയില്ല

    ReplyDelete
  10. ശരിയാണ് , ഇന്നു റോഡ്‌ വേണ്ട എന്ന് പറയുന്നവര്‍ തനെ , വര്‍ഷങ്ങള്‍ കഴിയുബോള്‍ , അത് തെറ്റായിരുന്നു എന്നു പറയും,,കേരളത്തില്‍ നിന്നും ഇത്രയും ജനങ്ങള്‍ വിദേശത്ത് ആയിട്ടും , ഈ കാഴ്ചപ്പാടുകള്‍ മാറുന്നില്ല എന്നുള്ളതാണ്‌ രസകരം

    ReplyDelete
  11. @ഗഫൂര്‍ : നമുക്കങ്ങനെ ആശിയ്ക്കാം.
    @ ശ്രീ: നല്ല റോഡ് പണിതാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്നു പറയുന്നവര്‍, ഒരു കൂട്ടം പ്രമാണിമാര്‍ അനധികൃതമായി കൈവശം വച്ചിരിയ്ക്കുന്ന എത്രയോ ഏക്കര്‍ സ്ഥലത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ തയ്യാറാകുന്നില്ല എന്നതാണ് അത്ഭുതകരം.

    ReplyDelete
  12. @നനവ്‌

    വാഹനഅങ്ങള്‍ ഉപേക്ഷിക്കാന്‍ ഇതു കേരളം ആണ് സിങ്ങപൂര് അല്ല. ഇവിടെ MRT ഇല്ല, കൊച്ചിയില്‍ PLAN മാത്രമേ ഒള്ള്. BAKKI KERALAM?

    ReplyDelete
  13. ജനങ്ങളുടെ പുനരതിവാസം പ്രധാനമായും കണക്കിലെടുത്തുളള വികസന പ്രവർത്തനങ്ങളാണ് അഭികാമ്യം.
    -പളളിക്കര

    ReplyDelete
  14. ജനങ്ങളുടെ പുനരതിവാസം പ്രധാനമായും കണക്കിലെടുത്തുളള വികസന പ്രവർത്തനങ്ങളാണ് അഭികാമ്യം.
    -പളളിക്കര

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.