പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 9 June 2011

കൂരാച്ചുണ്ട് കഥകള്‍ (5) - പാമ്പുപിടുത്തം.

“അച്ചായാ പുളിയിലംകുണ്ടിലെ ചീരനെ പാമ്പുകടിച്ചു. മെഡിക്കല്‍ കോളേജിലാ”

രയറോത്തുനിന്നും രാവിലെ കിട്ടിയ ന്യൂസ്, പറമ്പില്‍ കിളയ്ക്കുകയായിരുന്ന അച്ചായനു ഞാന്‍ കൈമാറി. കിള നിര്‍ത്തിയിട്ട് അച്ചായന്‍ എന്റെ നേരെ നോക്കി.

“എന്തു പാമ്പാടാ കൊച്ചെ കടിച്ചത്..?”

“കരിമൂര്‍ഖന്‍. എല്ലാരും കൂടെ അതിനെ തല്ലിക്കൊന്നു...”

“ഹും.. ആള്‍ക്കാര്‍ക്ക് വല്ല വിവരോമൊണ്ടോ..? പാമ്പു കര്‍ഷകന്റെ മിത്രമല്ലേ.. ഇക്കണ്ട എലികളെയൊക്കെ പാമ്പല്ലേ തിന്നു തീര്‍ക്കുന്നത്..?” അച്ചായന്‍ തൂമ്പാ ചാരി വെച്ചിട്ട് എന്റെ അടുത്തേയ്ക്ക് വന്നു.

“അതൊക്കെ പറഞ്ഞിട്ടു കാര്യമൊണ്ടോ അച്ചായാ.. ജീവനെ പേടിച്ചിട്ടല്ലേ ആള്‍ക്കാര് ഇതുങ്ങളെ തല്ലിക്കൊല്ലുന്നത്..?”

“എടാ ഞാന്‍ കൂരാച്ചുണ്ടില്‍ ഉള്ളപ്പോള്‍ ഒറ്റപ്പാമ്പിനെപ്പോലും കൊല്ലുകേലായിരുന്നു. പിടിച്ച് പല്ലു പറിച്ചു കളഞ്ഞിട്ടു ഓടിച്ചു വിടും. അതുങ്ങളു പിന്നെ കടിച്ചാലും കടിയേക്കുകേല...”

“പല്ലുപറിയ്ക്കുകയോ..? അച്ചായന് അപ്പോ പാമ്പുപിടുത്തം അറിയാമോ..!”

“ഓ അതിനു പാമ്പുപിടുത്തം അറിയുകോന്നും വേണ്ടെടാ കൊച്ചേ. ആര്‍ക്കുവേണമെങ്കിലും ചെയ്യാവുന്നതേ ഉള്ളു. ചെറിയൊരു ടെക്നിക്കൊണ്ട്..”

“എന്തു ടെക്നിയ്ക്ക്...?“

“നമ്മളു നടക്കുന്നവഴി ഒരു പാമ്പിനെ കണ്ടെന്നിരിയ്ക്കട്ടെ. ഉടനെ ഉടുത്തിരിയ്ക്കുന്ന മുണ്ട് പറിച്ച് പാമ്പിന്റെ നേരെ  വിരിച്ചു പിടിയ്ക്കുക. ഈ കഥകളിയ്ക്കൊക്കെ തുണി വിരിച്ചു പിടിയ്ക്കുന്നതു കണ്ടിട്ടില്ലേ അതുപോലെ. എന്നിട്ട് പതുക്കെ തുണി എളക്കിക്കാണിക്കണം. ഇതു കാണുമ്പോള്‍ ദേഷ്യം പിടിച്ചിട്ട് പാമ്പ് ആഞ്ഞൊരു കൊത്തുകൊത്തും മുണ്ടിനിട്ട്. കടിയുടെ ശക്തിയില്‍ രണ്ടു പല്ലും തുണിയേലൊടക്കും. പിന്നെ നമ്മളെ ഒന്നും ചെയ്യാന്‍പറ്റത്തില്ല.  ഉടനെ തന്നെ മുണ്ടുകൊണ്ട് പാമ്പിനെ  മൊത്തം മൂടീട്ട് തലയ്ക്കങ്ങോട്ട് പിടിയ്ക്കുണം. പല്ല് രണ്ടും നുള്ളിക്കളഞ്ഞിട്ട് വിട്ടേയ്ക്കുക. വല്ല കമ്യൂണിസ്റ്റുപച്ചേടെ തളിരോ മറ്റോ ഞരടി പല്ലുപറിച്ചെടത്തു വെച്ചുകൊടുക്കാമെങ്കില്‍  പഴുക്കുകേല. കൂരാച്ചുണ്ടില്‍ വെച്ച് നാലഞ്ച് രാജവെമ്പാലേടെ പല്ലു പറിച്ചിട്ടൊണ്ടു ഞാന്‍..”

“പിന്നെക്കാണാം അച്ചായാ, തിരക്കുണ്ട്..” ഞാന്‍ വീട്ടിലേയ്ക്കു നടന്നു.

4 comments:

  1. അച്ചായൻ ഒരു ‘അവതാരം‘ തന്നെ!!! സമ്മതിച്ചിരിക്കുന്നു...

    ReplyDelete
  2. അപ്പോ കൂരാച്ചുണ്ടു അച്ചായനോടൊത്തുള്ള കളിയാണല്ലേ. എല്ലാം വായിച്ചു. നല്ലോരു മനുഷ്യന്‍, അച്ചായന്‍. എത്ര ലളിതമായാണു എല്ലാത്തിനും പരിഹാരം കാണുന്നത്.

    ReplyDelete
  3. നല്ലോരു മനുസന്‍...........സസ്നേഹം

    ReplyDelete
  4. എന്റുമ്മോ..ഇങ്ങനെയും ഉണ്ടോ ഒരു അച്ചായന്‍!!!
    ആശംസകള്‍ ..വീണ്ടും കാണാം..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.