പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 17 February 2011

ചില ബിസിനസ് അനുഭവങ്ങള്‍.

ഇന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ അതിസമ്പന്നരായ റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധിരുഭായി അംബാനിയെ പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. ഇദ്ദേഹം പണ്ട് യെമനിലെ ഒരു കമ്പനിയില്‍ ജോലി നോക്കുമ്പോള്‍ അവിടുത്തെ ചില നാണയങ്ങള്‍ ശേഖരിച്ചിരുന്നുവത്രെ. അതിലടങ്ങിയ ഏതോ ലോഹത്തിന്, നാണയത്തേക്കാള്‍ വിലയുണ്ടെന്ന് ബുദ്ധിമാനായ അംബാനി മനസ്സിലാക്കി. അവശേഖരിച്ച് അദ്ദേഹം നല്ല കാശുണ്ടാക്കിയെന്നും, അതു മൂലധനമാക്കി ഉന്ത്യയില്‍ തുടങ്ങിയ ബിസിനസ്സാണ് റിലയന്‍സ് സാമ്രാജ്യമായി പടര്‍ന്നു പന്തലിച്ചതെന്നുമാണ് കഥയുടെ രത്നച്ചുരുക്കം.

ഇതൊക്കെ വായിച്ചിട്ടോ എന്തോ ചെറുപ്പത്തിലെ തന്നെ വലിയൊരു ബിസിനസ്സുകാരനാകണമെന്ന മോഹം എന്നെ വല്ലാതെ പിടികൂടിയിരുന്നു. ആദ്യ ബിസിനസ്- ഉത്സവക്കച്ചവടം- നേരത്തെ പറഞ്ഞതാണല്ലോ? അതു പൊളിഞ്ഞതിന്റെ ക്ഷീണത്തില്‍ കുറച്ചുനാള്‍ വെറുതെ നടന്നു. എന്നാല്‍ എന്നും ഇങ്ങനെ നടക്കാന്‍ പറ്റില്ലല്ലോ. ഒരു മാരുതിക്കാര്‍, നല്ലൊരു വീട്, എല്ലാം ആയിട്ടു വേണം അയലത്തെ സുന്ദരിപ്പെണ്ണിനെ കൈപിടിച്ച് വീട്ടിലേയ്ക്ക് കൊണ്ടുവരാന്‍. ആയതിനാല്‍ എന്തെങ്കിലുമൊരു ബിസിനസ്സ് ഉടന്‍ ആരംഭിച്ചേ മതിയാവൂ. ഞാന്‍ തലപുകഞ്ഞാലോചിച്ചു, അധികം മുതല്‍ മുടക്കില്ലാത്തതും അധ്വാ‍നം കുറഞ്ഞതും എന്നാല്‍ വമ്പന്‍ ലാഭം കിട്ടുന്നതുമായ എന്തു ബിസിനസ്സാണുള്ളത്..?

അപ്പോഴതാ പത്രത്തിലെ “കാര്‍ഷികരംഗ“ത്തില്‍ ഉഗ്രനൊരു വാര്‍ത്ത:

“കൂണ്‍ വളര്‍ത്തി ലക്ഷങ്ങള്‍ സമ്പാദിയ്ക്കാം..! ”

ഹാ..ഇതല്ലേ ഞാന്‍ കാത്തിരുന്ന സുവര്‍ണാവസരം. ഉടന്‍ തന്നെ വിശദമായി വായിച്ചു. സംഗതി നിസാരം. മുതല്‍മുടക്കു തുച്ഛം. ഇത്തിരി വൈക്കോല്‍, ഇത്തിരി കൂണ്‍ വിത്ത്. കുറച്ച് പ്ലാസ്റ്റിക് കൂട്  (ഇത്തിരി പരുത്തിക്കുരു, ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി വൈക്കോല്‍ ...നാടോടിക്കാറ്റ്):  മുതല്‍ മുടക്ക് ഇത്രമാത്രം!

പണ്ടുമുതലേ ദേഹാധ്വാനത്തേക്കാള്‍ നാക്കുകൊണ്ടുള്ള അധ്വാനത്തോടുള്ള താല്പര്യം മൂലം ഒരു “വിജയ”നെ (നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ഓര്‍ക്കുക) സംഘടിപ്പിയ്ക്കണമെന്നെനിയ്ക്കു തോന്നി. രയറോത്തു നിന്നും പറ്റിയ ഒരാളെ കൂട്ടുകിട്ടി. പേര് തല്‍ക്കാലം കോരപ്പന്‍ എന്നിരിയ്ക്കട്ടെ.  പലപ്പോഴുമുള്ള എന്റെ വാചകമടി കേട്ട്, ഞാനൊരു പുത്തിജീവിയാണെന്ന് പാവം കോരപ്പന്‍ തെറ്റിദ്ധരിച്ചിരുന്നു. ഈ കോരപ്പന് വിദ്യാഭ്യാസത്തിന്റെ കുറവേ ഉള്ളു, കൈയില്‍ കാശ് അത്യാവശ്യത്തിനുണ്ട്.

ഒരു സന്ധ്യയ്ക്ക് രയറോത്ത് വച്ച്,  കൂണ്‍കൃഷിയുടെ അനന്ത സാധ്യതകളെ പറ്റി ഞാന്‍ കോരപ്പന് ക്ലാസെടുത്തു. ആവേശഭരിതനായ അവന്‍ എല്ലാ പിന്തുണയും എനിയ്ക്ക് വാഗ്ദാനം ചെയ്തു. അന്നുരാത്രി ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവേ, ഞാന്‍ വിശദമായ ഒരു പ്രോജക്ട് റിപ്പോര്‍ട്ട് മനസ്സില്‍ തയ്യാറാക്കി വച്ചു.

പിറ്റേന്ന് തന്നെ കോരപ്പനെ കണ്ടു

“എടാ നീ തേര്‍ത്തല്ലിയില്‍ പോയി അഞ്ചു കെട്ട് വൈക്കോല്‍ എടുക്കണം. ഞാന്‍ പിലിക്കോട് പോയി കൂണ്‍‌വിത്ത് മേടിയ്ക്കാം..”

വൈക്കോലെടുക്കല്‍ താരതമ്യേനെ അധ്വാനമേറിയതാണല്ലോ. കൂണ്‍‌വിത്ത്, പിലിക്കോട് കാര്‍ഷിക സര്‍വകലാശാല ലാബിലാണ് കിട്ടുക. ഞാന്‍ അവിടെ പോയി പത്തുരൂപയുടെ രണ്ടുകുപ്പി കൂണ്‍‌വിത്ത് (സ്പോര്‍) മേടിച്ചു വന്നു. അപ്പോഴേയ്ക്കും കോരപ്പന്‍ വൈക്കോല്‍ ചുമന്ന് സ്ഥലത്തെത്തിച്ചിരുന്നു. ഇനി ചെറിയൊരു ഷെഡ് വേണം. അവിടെയാണ് കൃഷിയിറക്കുക. അതിന്റെ ആശയപരമാ‍യ അധ്വാനം ഞാനും കായികപരമായ അധ്വാനം കോരപ്പനും ഏറ്റെടുത്തു. അവന്റെ വീടിന്റെ ഇറയത്ത് 10X10 വിസ്താരത്തില്‍ ഓലമേഞ്ഞ ഒരു ഷെഡ് ഉയര്‍ന്നു. അങ്ങനെ കാര്യങ്ങളെല്ലാം റെഡിയായി.  കൂണ്‍‌ കൃഷിചെയ്യാനുള്ള ബെഡാണ് വൈക്കോല്‍. ആദ്യം അത് പുഴുങ്ങി അണുവിമുക്തമാക്കണം. പിന്നെ പ്ലാസ്റ്റിക്ക് കൂടുകളീല്‍ സജ്ജീകരിച്ച് കൂണ്‍‌വിത്ത് വിതറുകയാണ് ചെയ്യുക. അവസാനം ഈ ബെഡുകള്‍ ഷെഡില്‍ തൂക്കിയിടും. ഈ ജോലികളെല്ലാം എന്റെ വിദഗ്ദ മേല്‍നോട്ടത്തില്‍ കോരപ്പന്‍ ഭംഗിയായി നിര്‍വഹിച്ചു.

എല്ലാം കഴിഞ്ഞ് ഞാനും കോരപ്പനും അടുത്ത പദ്ധതികള്‍ ആലോചിച്ചു. രണ്ടാഴ്ച കൊണ്ട് കൂണ്‍ വിളവെടുക്കാം. തുടര്‍ച്ചയായി അഞ്ചോ ആറോ പ്രാവശ്യം. ഒരു ബെഡില്‍ നിന്ന്  ഒന്നരക്കിലോ കൂണ്‍ കിട്ടുമെന്നാണ് കണക്ക്. വേണ്ട, ഒരു കിലോ കൂട്ടാം. പത്തു ബെഡില്‍ നിന്ന് പത്തുകിലോ. മാര്‍ക്കറ്റ് വില എഴുപ്പത്തഞ്ച് രൂപയാണ് കിലോയ്ക്ക്. അപ്പോള്‍ എഴുനൂറ്റന്‍പത് രൂപ. മുടക്ക് മുതല്‍ അന്‍പതു രൂപ പോയാല്‍ എഴുനൂറു രൂപ  ബാക്കി. രയറോത്തെയും ആലക്കോട്ടെയും പച്ചക്കറിക്കടകളില്‍ ഈസിയായി വിറ്റു പോകും. അവരുടെ കമ്മീഷനും പോയാല്‍ ശരാശരി അഞ്ഞൂറു രൂപ ബാക്കി. തുല്യമായി വീതിച്ചാല്‍ എനിയ്ക്ക് ഇരുനൂറ്റന്‍പത് രൂപ. അന്ന് ഒരാളുടെ പണിക്കൂലി അന്‍പതു രൂപയാണ്, അരി കിലോയ്ക്ക് ആറു രൂപയും. എന്തായാലും ഇത്രയും ലാഭം കിട്ടാവുന്ന ഒരു ബിസിനസ്സും എന്റെ അറിവിലില്ല.

ദിവസങ്ങള്‍ എണ്ണികാത്തിരിപ്പായി. എന്നും ഞാനും കോരപ്പനും ഷെഡിലെത്തി, ബെഡുകള്‍ അവിടെ തന്നെയുണ്ടെന്ന് ഉറപ്പാക്കും. രണ്ടാഴ്ച അടുത്തു വന്നതോടെ പ്രതീക്ഷ പരകോടിയിലെത്തി. പതിനാലാം ദിവസമായിട്ടും ബെഡുകള്‍ക്ക് യാതൊരനക്കവുമില്ല..! ഞങ്ങള്‍ തട്ടിയും കൊട്ടിയുമൊക്കെ നോക്കി. ഇതിനിടെ എപ്പോഴോ കോരപ്പന്‍ എന്നെ നോക്കി അര്‍ത്ഥംവെച്ചൊന്നു ചിരിച്ചതു പോലെ എനിയ്ക്കു തോന്നി.

“എവിടെയോ തകരാറു പറ്റിയിട്ടുണ്ട്.” ഞാന്‍ പറഞ്ഞു. “ നമുക്കു കുറച്ചു ദിവസം കൂടി നോക്കാം..”

പ്ലാസ്റ്റിക് കൂടിന്റെ ദ്വാരങ്ങളിലൂടെ ഞങ്ങള്‍ അല്പം വെള്ളം ചീറ്റിച്ചു കൊടുത്തു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ചെറിയ
അഞ്ചാറ് കൂണ്‍ മുകുളങ്ങള്‍ വെളിയിലേയ്ക്കു തലനീട്ടി, വെറും മൂന്ന് ബെഡില്‍ നിന്നു മാത്രം. എന്തിനധികം പറയുന്നു ഞങ്ങള്‍ക്ക് ആകെ വിളവെടുക്കാനായത് ആറേ ആറു കൂണാണ്... അതും കൈയില്‍ വെച്ച് കോരപ്പന്‍ എന്നെ നോക്കിയ നോട്ടം..!

“നമുക്കൊന്നൂടെ ട്രൈ ചെയ്യാം കോരപ്പാ, ആദ്യപരീക്ഷണമല്ലേ.. എന്തായാലും കൂണ്‍ ഉണ്ടാകുമെന്ന് മനസ്സിലായില്ലേ..” എന്റെ വാക്കുകളില്‍ എനിയ്ക്കു തന്നെ യാതൊരു വിശ്വാസവുമില്ലായിരുന്നു.

എന്തായാലും കോരപ്പന്‍ അതിനു സന്നദ്ധനായിരുന്നില്ല, കാരണം അവന്റെ അമ്മയുടെ വായിലെ ചീത്ത കേള്‍ക്കാന്‍ വയ്യത്രേ.. അടുപ്പില്‍ കത്തിയ്ക്കാന്‍ വിറകില്ലാതെ ഇരിയ്ക്കുമ്പോഴാണ് ഉള്ള ഓലയെല്ലാം എടുത്ത് ഷെഡ് കെട്ടിയിരിയ്ക്കുന്നത്..! എന്നെ കാണുമ്പോള്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങിയ കോരപ്പനെ, വീണ്ടും ഒരു സന്ധ്യയ്ക്ക് ഞാന്‍ രയറോത്ത് വച്ച് ചാക്കിട്ടു പിടിച്ചു.

“നീയെന്താ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നേ..?”

“ഏയ് ഒന്നുമില്ല, അല്പം തിരക്കിലായിരുന്നു..”

“എന്തു തിരക്ക്? എനിയ്ക്കറിയാം കൂണ്‍കൃഷി ഉദ്ദേശിച്ചപോലെ നടക്കാത്തതുകൊണ്ടല്ലേ.. അത് ആ  യൂണിവേഴ്സിറ്റിക്കാരുടെ വിത്തു ശരിയല്ലാത്തതുകൊണ്ടാ. നിനക്കതു ഇഷ്ടമല്ലെങ്കില്‍ വേണ്ടാ, നമുക്കു വേറൊരു  ബിസിനസ് നോക്കാം..”

“ഇനിയെന്ത് ബിസിനസ്..?”

“ചായപ്പൊടി ബിസിനസ്..”

“ചായപ്പൊടിയോ..?”

“അതേടാ.. ഇവിടെ കടയില്‍ കിട്ടുന്നതൊക്കെ വെറും ഡ്യൂപ്ലി സാധനമല്ലേ.. ചായക്കടേലൊക്കെ ദിവസം  എത്രകിലോ ചായപ്പൊടിയാ ചെലവാകുന്നേ.. ഒരാള്‍ നല്ല ലാഭത്തിന് സാധനം സപ്ലൈ ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്.  നമുക്ക് ഈ ആലക്കോട് ഏറിയ പിടിച്ചാല്‍ തന്നെ നല്ല ലാഭം ഉണ്ടാക്കാം. പിന്നെ എല്ലാ വീട്ടിലും ചായപ്പൊടി  ആവശ്യമല്ലേ. നമ്മള്‍ പാക്കറ്റിലാക്കി വീടുകളില്‍ വിതരണം ചെയ്യുന്നു. കടയിലെക്കാളും വിലകുറവായതിനാല്‍ എല്ലാവരും മേടിയ്ക്കും. ഒരു കിലോ ചായപ്പൊടി വിറ്റാല്‍ നാല്പതു രൂപ ലാഭമുണ്ട്. ദിവസം പത്തുകിലോ പോയാല്‍  നാനൂറു രൂപ ഡെയിലി വരുമാനം..! ”

കോരപ്പനു ഞാന്‍ പറയുന്നതൊന്നും അത്ര വിശ്വാസമാകാത്തതു പോലെ തോന്നി. ഞാന്‍ പിന്നെയും അതിന്റെ ലാഭത്തെപറ്റിയും സാധ്യതയെപറ്റിയും അവനു സ്റ്റഡിക്ലാസെടുത്തു. ഏതായാലും ഒരു മണിക്കൂറിനുള്ളില്‍ അവന്‍ ചായപ്പൊടി ബിസിനസ്സിലെയ്ക്കിറങ്ങാന്‍ സന്നദ്ധനായി.

ആയിടെ ആലക്കോട്ട് പാലാക്കാരന്‍ ഒരച്ചായന്‍ ചായപ്പൊടിയുമായി വരുമായിരുന്നു. ആ അച്ചായനാണ് ചായപ്പൊടിയുടെ അനന്ത സാധ്യതകളെ പറ്റി എന്നെ ബോധവല്‍ക്കരിച്ചത്. ഞാനും കോരപ്പനും  ആവശ്യമായ കാശിന്റെ പകുതി വീതം ഷെയറിട്ട്, അച്ചായനെ പോയിക്കണ്ടു. ഏറ്റവും മുന്തിയതെന്ന വിശേഷണത്തോടെ വലിയ രണ്ടു പാക്കറ്റ് അച്ചായന്‍ ഞങ്ങളെ ഏല്പിച്ചു. രയറോത്ത് കൊണ്ടു വന്ന് ഞങ്ങള്‍ അതു പൊട്ടിച്ച് നോക്കി. മോശമില്ല എന്നു തോന്നുന്നു.  എല്ലാം ചെറിയ പാക്കറ്റാക്കി. ആദ്യം പരിചയക്കാര്‍ക്ക് കൊടുക്കാം. പിന്നെ അവര്‍ പറഞ്ഞ് മറ്റുള്ളവര്‍ മേടിച്ചു കൊള്ളും.

വിതരണം തുടങ്ങി. കുറച്ചു പേര്‍ സന്തോഷത്തോടെ മേടിച്ചു.

“രൂപ പിന്നെ തരാം കേട്ടോ..”

“ആ മതി ചേട്ടാ. സാധനം കൊള്ളാമെങ്കില്‍ മറ്റുള്ളവരോടും പറയണെ..”

ചേട്ടന്മാര്‍ ചിരിച്ചു തലകുലുക്കി പോയി. എന്തായാലും സാധനമെല്ലാം വിറ്റു തീര്‍ന്നു, എന്നാല്‍ കാശ്, മുടക്കിയതിന്റെ നാലിലൊന്നു പോലും പിരിഞ്ഞു കിട്ടിയില്ല. ഞാനും കോരപ്പനും കണ്ണില്‍ കണ്ണില്‍ നോക്കി. അടുത്ത സ്റ്റോക്ക് ഇറക്കണ്ടേ..

എവിടുന്നൊക്കെയോ കാശ് സംഘടിപ്പിച്ച് ഞങ്ങള്‍ വീണ്ടും രണ്ടു പായ്ക്കറ്റ് കൂടി ചായപ്പൊടി എടുത്തു. ഇത്തവണ ആര്‍ക്കും കടം കൊടുക്കുന്നില്ല എന്നു തീരുമാനിച്ചു.

“ചേട്ടാ..നല്ല അടിപൊളി ചായപൊടിയുണ്ട്, ഒരു പായ്ക്കറ്റ് എടുക്കട്ടെ..”

“ങാ തന്നേര്.. നോക്കട്ടെ കൊള്ളാമോന്ന്..”

“ഇതാ ചേട്ടാ. പത്തുരൂപാ..”

നീയെന്നോട് കാശ് ചോദിയ്കാനായോ എന്ന മട്ടില്‍ ചേട്ടന്‍ ഒരു നോട്ടം.

“അതല്ല ചേട്ടാ.. റെഡിക്കാശിനെ കൊടുക്കുകയുള്ളു..” ഞാന്‍ ഒരു വിധം പറഞ്ഞു.

“ഇന്നാ.. നിന്റെ കൈയിലിരുന്നോട്ടെ. ഞാന്‍ കടേന്നു മേടിച്ചോളാം..” ചേട്ടന്‍ ചായപ്പൊടി കൈയിലേയ്ക്ക് എറിഞ്ഞിട്ട്  ഒറ്റപ്പോക്ക്. കഷ്ടം, ഒരാള്‍ കൂടി ശത്രുവായി. നേരത്തെ മേടിച്ചിട്ട് കാശു തരാത്തവരൊക്കെ ശത്രുക്കളായി കഴിഞ്ഞിരുന്നല്ലോ..

പിറ്റേ ദിവസം ബാക്കിയായ ചായപ്പൊടി ഒന്നാകെ എന്നെ എല്പിച്ചിട്ട് കോരപ്പന്‍ പറഞ്ഞു:

“ഇതാ, മൊത്തം ലാഭം നീ എടുത്തോ.. എനിയ്ക്ക്, ഞാന്‍ മുടക്കിയ കാശിങ്ങു തന്നാല്‍ മതി...”

“അതെന്താ കോരപ്പാ നീ അങ്ങനെ പറയുന്നത്..? ഒരു ബിസിനസാകുമ്പോള്‍ ലാഭവും നഷ്ടവുമൊക്കെ സ്വാഭാവികമല്ലേ..”

“അതേ ലാഭവും നഷ്ടവും സ്വഭാവികമാണ്. എന്നാല്‍ നഷ്ടം മാത്രം വരുന്ന ഒരേര്‍പ്പാടിന് ഞാനില്ല. എന്റെ മുടക്കു കാശ് കിട്ടണം..”

അവന്റെ ശബ്ദത്തിനിത്തിരി മാറ്റമില്ലേ. വിവരമില്ലാത്തവനാണ്, വല്ലതും വിളിച്ചു കൂവിയാല്‍ നമ്മുടെ ഇമേജിനാണ് തകരാറ്.

“നീ ബഹളം വെയ്ക്കാതെ കോരപ്പാ, നിനക്ക് കാശ് കിട്ടിയാ പോരെ. ഞാന്‍ തന്നേക്കാം... “

എന്തിനേറെ പറയുന്നു, വീട്ടില്‍ ആറു മാസത്തേയ്ക്ക് വേറെ ചായപ്പൊടി മേടിയ്ക്കേണ്ടി വന്നില്ല. അമ്മയുടെ പാല്‍ക്കച്ചവടം,  അച്ഛന്റെ റബര്‍ഷീറ്റ് ,കശുവണ്ടി, എന്നിവയില്‍ അല്ലറ ചില്ലറ തിരിമറികളോടെ കോരപ്പന്റെ കടം തീര്‍ത്തു.

അടിക്കുറിപ്പ്: ഈ കോരപ്പനെ കൂട്ടി ഒരു ബിസിനസ് കൂടി ഞാന്‍ നടത്തി. ഇത്തവണ, അപ്പൂപ്പന്റെ കാലത്തെ ആന്റിക്ക് വാല്യൂ ഉള്ള ഒരു തടിമേശയാണ് നഷ്ടമായത്. അതു പിന്നെ പറയാം.

17 comments:

 1. ഹ ഹ അപ്പം ചെറുപ്പത്തിലേ ബയങ്കര വല്യേ കച്ചോടക്കാരനായിരുന്നൂ‍ല്ലേ....പാവം കോരപ്പന്‍.

  ReplyDelete
 2. ബിസിനസ് നടത്തുമ്പോൾ സഹായത്തിന് ആരെയും കൂട്ടരുത്. അത് പച്ചപിടിച്ചാൽ സഹായികൾ അടുത്തുവരും.

  ReplyDelete
 3. എന്റെ ബിജുവേട്ടാ നിങ്ങള്‍ ആള് കൊള്ളാലോ നമുക്ക് ഈബ്ലോഗ് ഒന്ന് പങ്കു കച്ചവടം നടത്തിയാലോ

  കോരപ്പന്‍ റോള്‍ ഞാനെടുക്കാം

  ReplyDelete
 4. ഹ..ഹ..
  ഖത്തറിലെ കോരപ്പന് ആരാണാവോ!!

  ReplyDelete
 5. എനിക്കൊട്ടും അതിശയോ‍ക്തി തോന്നിയില്ലാട്ടോ,എന്റെ ഒരനിയൻ ഇങ്ങിനെയായിരുന്നു.ഒന്നു കഴിഞ്ഞൊന്ന് എന്ന രീതിയിൽ പലതും ചെയ്യുകയും, ഇഷ്ടം പോലെ പണം,വസ്തുവകകൾ ഒക്കെ കളയുകയും ചെയ്തിട്ടുണ്ട്. എന്നാലും അവസാനം ബിസിനസ്സിൽ പച്ച പിടിച്ചു ട്ടോ...

  ReplyDelete
 6. നോവല്‍ ആണോ ബിസ്സിനെസ്സ് ആണോ ലാഭം ?

  ReplyDelete
 7. ഭായ്..
  അപ്പോ ചെറുപ്പം മുതലെ ബല്യ ഫുത്തിമാനായിരുന്നുല്ലേ...?
  ഫയങ്കരന്‍...
  പണ്ടു സ്കൂള്‍ അവധിക്കാലങ്ങളില്‍ ഞങ്ങള്‍ കൂട്ടുകാര്‍ കൂടി
  നടത്താറുണ്ടായിരുന്ന മിട്ടായി കച്ചവടം ഓര്‍ത്ത് പോയി..

  ReplyDelete
 8. @ ഫസലൂല്‍: പാവം ഞാനും...
  @ മിനിടീച്ചര്‍: പച്ചപിടിക്കാന്‍ പോയിട്ട് പച്ചതൊട്ടിട്ടുവേണ്ടെ എന്റെ ബിസിനസുകള്‍. ഇനിയുമുണ്ട് ബിസിനസ് കഥകള്‍.
  @ കാര്‍ണോര്‍: നന്ദി.
  ‌@ അയ്യൊ പാവം: ഈ ബ്ലോഗിന് കോരപ്പന്‍ റോളെന്ന് പറഞ്ഞാല്‍ ടൈപ്പിങ്ങും പോസ്റ്റിങ്ങും ആവാന്ന് അല്ലെ... ആലൊചിയ്ക്കാം ട്ടോ..:-))
  @ ഷംസു: ഖത്തറില്‍ മുഴുവന്‍ കോപ്പന്മാരാ...
  @ കുഞ്ഞൂസ്: അതാണ് വ്യത്യാസം. ഞാന്‍ ബിസിനസ് ചെയ്തതുകൊണ്ട് പച്ചപിടിച്ചത് ഈയൊരു ബ്ലോഗ് മാത്രം...:-(
  @ ഫെനില്‍: എന്താ സംശയം, ബിസിനസ് തന്നെ. ആദ്യമൊരു “നോവ“ല്‍ ഉണ്ടാകുമെങ്കിലും പിന്നെ സന്തോഷാകും.
  @ റിയാസ്: എന്റെ ഫുത്തിയെ പറ്റി എനിയ്ക്കു മാത്രേ മതിപ്പുള്ളു. ബാക്കിയുള്ളൊര്‍ക്കൊക്കെ ഒരു ചിരി മാത്രം..
  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 9. അതേ ലാഭവും നഷ്ടവും സ്വഭാവികമാണ്. എന്നാല്‍ നഷ്ടം മാത്രം വരുന്ന ഒരേര്‍പ്പാടിന് ഞാനില്ല... അതു പോയിന്‍റ്!

  ReplyDelete
 10. ബിസിനസ്സാവുമ്പോള്‍ ലാഭാമില്ലെങ്കില്‍ നിര്‍ത്തുക.

  ReplyDelete
 11. നിങ്ങള്‍ നാട് വിട്ടതോടെ ഒരു വലിയ ബിസിനസ്മാനെയാണ് രാജ്യത്തിനു നഷ്ടമായത്! :)

  ReplyDelete
 12. ഖത്തറില്‍ വല്ല കൊരപ്പന്മാരെയും കണ്ടു മുട്ടിയോ?

  ReplyDelete
 13. അത് പോട്ടെ, ഇപ്പൊ പട്ടിണി കിടക്കാതിരിക്കാന്‍
  ചെയ്യുന്ന ആ ബിസിനെസ്സ്‌ ഏതാണ്?????????????

  ReplyDelete
 14. @ ആളവന്‍‌താന്‍: കോരപ്പന്‍ ഞാന്‍ കരുതിയ അത്രയും മണ്ടനായിരുന്നില്ല എന്നു മനസ്സിലായില്ലെ...:-))
  @ താന്തോന്നി: എപ്പൊഴെ നിര്‍ത്തി..! :-)
  @ തെച്ചിക്കോടന്‍: രാജ്യം രക്ഷപെട്ടെന്നു പറയുന്നതാ ശരി..
  @ സിദ്ധീക്ക: ഖത്തറില്‍ എല്ലാം കോ...പ്പന്‍മാരാ...
  @ ~ex-pravasini*: ഇവിടെ കോരപ്പന്റെ റോള്‍ ഒരു ബഹുരാഷ്ട്ര കമ്പനിയാ എടുത്തിരിയ്ക്കുന്നത്. മലയാളം അറിയുന്ന ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ വായിച്ച് എപ്പോഴെ എന്നെ പായ്ക്ക് ചെയ്തെനെ..ഞാന്‍ പിന്നേം കോരപ്പന്മാരെ അന്വേഷിച്ചു നടക്കേണ്ടിയും വന്നേനെ..

  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 15. business practical learning kure nadannollo. athumathi.

  ReplyDelete
 16. അപ്പോള്‍ ബിജുഭായി ഒരു പാപ്പാരാണ്‌ അല്ലെ..

  ReplyDelete
 17. അനുഭവങ്ങൾ പാളിച്ചകൾ

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.