പുതിയ നോവല്‍ എഴുതുന്നു. കുടുംബത്തെ കരകയറ്റാനായി ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുവേലയ്ക്ക് പോകാന്‍ വിധിയ്ക്കപ്പെട്ട അനേകം സ്ത്രീകള്‍ ഉണ്ട്. അപൂര്‍വം ചിലരൊഴിച്ച് കൊടിയ പീഡനങ്ങളിലേയ്ക്കാണ് ഇവര്‍ എടുത്തെറിയപ്പെടുന്നത്. മാനസിക പീഡനം, ശാരീക പീഡനം, ലൈംഗീക പീഡനം എന്നിവയെല്ലാം ഇവര്‍ സഹിയ്ക്കേണ്ടി വരുന്നു. പീഡനം മടുത്ത് ഓടിപ്പോകുന്നവര്‍ സെക്സ് റാക്കറ്റുകളുടെ പിടിയില്‍ പെടാനും ഇടയാകാറുണ്ട്. അതുപോലെ തന്നെ സെക്സ് റാക്കറ്റുകള്‍ സ്ത്രീകളെ വീട്ടുജോലിയ്ക്കെന്നും പറഞ്ഞ് വിസ നല്‍കി കൊണ്ടുപോയി സെക്സ് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന സംഭവങ്ങളും ഉണ്ട്. ഇത്ര ഭീകരമായ ഈ സംഭവങ്ങള്‍ ഇന്നും വേണ്ടത്ര ജനശ്രദ്ധയില്‍ പെട്ടിട്ടില്ല. സര്‍ക്കാരുകള്‍ ഇത്തരം പീഡനങ്ങള്‍ക്കിരയാവുന്നവരെ സംരക്ഷിയ്ക്കാനായി ഒന്നും ചെയ്യുന്നുമില്ല.
ഇത്തരം ഒരു കുരുക്കില്‍ പെട്ട് കാണാതായ ഒരു യുവതിയെ കണ്ടെത്താന്‍ ഒരു കൂട്ടം പ്രവാസികള്‍ നടത്തുന്ന അന്വേഷണം, അതില്‍ കൂടി തെളിയുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങള്‍. അതാണ് ഈ നോവലിന്റെ വിഷയം. തികച്ചും വസ്തുതകള്‍ മാത്രമാണ് ഈ നോവലില്‍ അവതരിപ്പിയ്ക്കപെടുന്നത്.
ഇത്തരം ഒരു കുരുക്കില്‍ പെട്ട് കാണാതായ ഒരു യുവതിയെ കണ്ടെത്താന്‍ ഒരു കൂട്ടം പ്രവാസികള്‍ നടത്തുന്ന അന്വേഷണം, അതില്‍ കൂടി തെളിയുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങള്‍. അതാണ് ഈ നോവലിന്റെ വിഷയം. തികച്ചും വസ്തുതകള്‍ മാത്രമാണ് ഈ നോവലില്‍ അവതരിപ്പിയ്ക്കപെടുന്നത്.
ഭാഗം- 1.
ചാനല്‍ സ്റ്റുഡിയോയിലെ എ.സി.യുടെ നേര്‍ത്ത തണുപ്പിലും അവര്‍ വിയര്‍ക്കുന്നുണ്ട്. ഉള്ളിലെ വേവിന്റെ ചൂടുകൊണ്ടാണത്. അല്പമകലെ മധ്യവയസ്കനായ ഒരാള്‍ ഇരിയ്ക്കുന്നു. അബ്ദുള്ള സാഹിബ്. എല്ലാവെള്ളിയാഴ്ചകളിലും “പ്രവാസജീവിതം” എന്ന ചാനല്‍ പരിപാടിയിലൂടെ ലോകമാകെ പരിചിതമായ മുഖം. സഹതാപം സ്ഫുരിയ്ക്കുന്ന മുഖഭാവത്തോടെ അദ്ദേഹം അവരെ ഉറ്റുനോക്കി. ഇന്നത്തെ എപ്പിസോഡിനായി എത്തിയതാണല്ലോ അവര്‍..
പ്രായം ചെന്ന ഒരു സ്ത്രീയും പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയും പന്ത്രണ്ട് വയസ്സുള്ള ഒരാണ്‍കുട്ടിയും. മുഖമാകെ ചുക്കിച്ചുളിഞ്ഞ്, മെലിഞ്ഞ് ഞരമ്പുകള്‍ എഴുന്നു നിന്നിരുന്നു ആ സ്ത്രീക്ക്. ദൈന്യത അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ആ മുഖത്ത് തേരോട്ടം നടത്തിയിരിയ്ക്കുന്നു. അവര്‍ ആ കുട്ടികളുടെ അമ്മൂമ്മ തന്നെ. പാവം കുട്ടികള്‍. രണ്ടു പേരും മെലിഞ്ഞുണങ്ങിയിരിയ്ക്കുന്നു. ഇരു നിറക്കാരായ അവരുടെ മുഖത്ത് പക്ഷേ, പ്രത്യാശയുടെ ചില കണികകള്‍ കാണാം.
“എന്താ അമ്മയുടെ പേര് ?” അബ്ദുള്ള സാഹിബ് ചോദിച്ചു.
“ഭവാനിയമ്മ..”
“മകളെയാണ് കാണാതായിരിയ്ക്കുന്നത് അല്ലേ..? എന്താ മകളുടെ പേര്..?”
“ഉഷയെന്നാണ് സാറെ.”
“ഉഷയുടെ കുട്ടികളാണിത് അല്ലേ..? മക്കളുടെ പേരെന്താ..?”
“എന്റെ പേര് രമ്യ..അനിയന്‍ അപ്പു..” ആ പെണ്‍കുട്ടി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഉഷ എത്ര വര്‍ഷമായി ഗള്‍ഫില്‍ പോയിട്ട്..? പോയിട്ടിതു വരെ വീട്ടിലേയ്ക്ക് കത്തയയ്ക്കുകയോ വിളിയ്ക്കുകയോ ചെയ്തിട്ടില്ല ?”
ഭവാനിയമ്മ മുഖം കുനിച്ച് അല്പനേരം വിതുമ്പി. സാഹിബ് നിശബ്ദനായി നോക്കിയിരുന്നു. അമ്മൂമ്മ കരയുന്നതു കണ്ടതോടെ കുട്ടികള്‍ക്കും കരച്ചില്‍ വന്നു. അല്പസമയത്തിനകം അവര്‍ സമനില വീണ്ടെടുത്തു.
“നാലു വര്‍ഷമായി അവള്‍ പോയിട്ട്. സൌദിയിലെത്തി എന്ന വിവരമറിയിച്ച് ഒരു കത്തല്ലാതെ പിന്നെ യാതൊരു വിവരവും ഇന്നേ വരെ കിട്ടിയിട്ടില്ല. എനിയ്ക്കെന്റെ മോളെ ഒന്നു കണ്ടാല്‍ മതിയായിരുന്നു ഈശ്വരാ..” തിങ്ങിവന്ന വേദനയില്‍ സമനില വിട്ട് അവര്‍ അല്പ നേരം വീണ്ടും കരഞ്ഞു. “അവളുടെ ഭര്‍ത്താവ് മരിച്ചിട്ട് ആറുവര്‍ഷമായി. നാട്ടില്‍ ചെറിയ ജോലികള്‍ക്കൊക്കെ പോകുമായിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള കൂലികൊണ്ട് ഈ രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്താനും അവരുടെ പഠിത്ത കാര്യങ്ങള്‍ നോക്കാനും പറ്റില്ല എന്നു തോന്നിയപ്പോഴാണ് അവള്‍ ഗള്‍ഫിനു പോകാനൊരുങ്ങിയത്. വേണ്ടാന്നു ഞാന്‍ പറഞ്ഞിട്ടും അവള്‍ കേട്ടില്ല. നാട്ടില്‍ പരിചയമുള്ള ഒരു സ്ത്രീ പറഞ്ഞതു കേട്ട്, ടൌണിലൊള്ള ഒരു എജന്‍സീന്നാണ് അവള്‍ക്ക് വിസ കിട്ടിയത്. മുപ്പതിനായിരം രൂപ, ഉണ്ടായിരുന്നതൊക്കെ വിറ്റു കൊടുക്കേണ്ടി വന്നു. പതിനയ്യായിരം രൂപ മാസം ശമ്പളം കിട്ടുമെന്നും പറഞ്ഞാ അവള്‍ പോയത്. എന്റെ കുഞ്ഞു പോയിട്ടിന്നേ വരെ ഒരു ചില്ലിക്കാശ് അയച്ചിട്ടില്ല. അവളുടെ ഒരു വിവരവും ഇല്ല..”
“എങ്ങും പരാതിയൊന്നും കൊടുത്തില്ലേ..?”
“നാട്ടില്‍ പലരോടും ഞാന്‍ പറഞ്ഞു. ഒരിയ്ക്കല്‍ പോലീസിലും കൊടുത്തു. ഒരു കാര്യവുമില്ല. പിന്നെ, വീട്ടില്‍ ആണുങ്ങളാരുമില്ല. ഞാനും ഈ കുഞ്ഞുങ്ങളും ഇതിനൊക്കെ പുറകേ എങ്ങനെ നടക്കും? ഈയിടെ ചിലര്‍ പറഞ്ഞാണ് ഈ പരിപാടിയെ പറ്റി അറിഞ്ഞത്...”
“അമ്മ സമാധാനപ്പെടൂ..ലോകം മുഴുവന്‍ ഈ പരിപാടി കാണുന്നുണ്ട്. സൌദിയില്‍ നമുക്ക് അന്വേഷിയ്ക്കാം. എവിടെയെങ്കിലും ഉണ്ടാകും. നമ്മള്‍ കണ്ടുപിടിയ്ക്കും. അമ്മയുടെ മകള്‍ തിരിച്ചു വരും..’
ക്യാമറ ആ അമ്മൂമയുടെയും മക്കളുടെയും മുഖങ്ങളില്‍ കൂടി മെല്ലെ സഞ്ചരിച്ച് അവതാരകനില്‍ ഫോക്കസ് ചെയ്തു:
“പ്രിയ പ്രേക്ഷകരോട് ഞാന്‍ ചില വിവരങ്ങള്‍ പങ്കു വയ്ക്കുകയാണ്. ഗള്‍ഫെന്നു കേട്ടാല്‍ ഇന്നും ബഹുഭൂരിപക്ഷം ആളുകള്‍ക്കും സ്വപ്നഭൂമിയാണ്. തങ്ങളുടെ കഷ്ടപ്പാടുകള്‍ മാറ്റാനുള്ള ഒറ്റമൂലിയായി പലരും കാണുന്നത് ഒരു വിസയാണ്. ഗള്‍ഫില്‍ പോയി കച്ചവടം ചെയ്തും ഉയര്‍ന്ന ജോലികള്‍ നോക്കിയും സമ്പത്തുണ്ടാക്കിയ വിരലിലെണ്ണാവുന്ന ഒരു കൂട്ടം ആളുകളെ നോക്കിയാണ് എല്ലാവരും ഗള്‍ഫ് സ്വര്‍ണഖനിയാണെന്ന് കരുതുന്നത്. എന്നാല്‍ സത്യമെന്താണ് ?
ഇവിടെ ഈ പ്രായമായ അമ്മയും രണ്ടു കുഞ്ഞുങ്ങളും വന്നിരിയ്ക്കുന്നത് ഇതേപോലെ നിധി തേടിപ്പോയ ഒരു സ്ത്രീയെ അന്വേഷിച്ചാണ്. അകാലത്തില്‍ വിധവയാകേണ്ടി വന്ന ഉഷ, തന്റെ കുടുംബം മാന്യമായി പുലര്‍ത്താനാണ് ഒരു തൊഴില്‍ തേടി ഗള്‍ഫിലേയ്ക്ക് പോയത്. എനിയ്ക്കു മനസ്സിലാകുന്നത്, അവര്‍ അറബി വീട്ടില്‍ വീട്ടുവേലയ്ക്കാണ് പോയത് എന്നാണ്. എന്നാല്‍ നാലുവര്‍ഷമായിട്ടും ഒരേ ഒരു കത്തല്ലാതെ മറ്റൊരു വിവരവും ഉഷയെക്കുറിച്ച് ഇവര്‍ക്കു കിട്ടിയിട്ടില്ല. അവര്‍ എവിടെയാണ്, അവര്‍ക്കെന്തു പറ്റി, ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ ജോലി തേടിപ്പോയ സൌദി അറേബ്യ വളരെ വലിയ ഒരു രാജ്യമാണ്. അവിടെ പെട്ടെന്നൊരാളെ കണ്ടെത്തുക വിഷമമാണ്. വീട്ടുവേലയ്ക്കെന്നും പറഞ്ഞ് സ്ത്രീകളെ ഗള്‍ഫിലെയ്ക്കു കടത്തുന്ന ഒരു വലിയ അധോലോകം തന്നെ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈ സ്ത്രീകള്‍ ഗള്‍ഫില്‍ എത്തിച്ചേര്‍ന്നാല്‍ പലവിധ പീഡനങ്ങള്‍ക്കിരയാകുന്നു.
ഒരു കണക്ക് കേള്‍ക്കൂ: കേരളത്തിലെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ മാത്രം 2000 സ്‌ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്. 2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായ തായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155 പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130 പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33 പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു. 98 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750 പേര്‍ സ്വകാര്യ ഏജന്‍സി വഴിയും 70 പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക് പറന്നത്. 42 പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219 പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123 പേര്‍ക്ക് മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായുള്ളൂ. 1836 പേര്‍ പോയതും വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684 പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശമ്പളം ലഭിച്ചുള്ളൂ. ഒരു കോര്‍പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2000 സ്‌ത്രീകള്‍ ഇത്തരത്തില്‍ വിദേശങ്ങളില്‍ ജോലി തേടി പോയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന് എത്രപേര്‍ പോയിട്ടുണ്ടാകണം? അവരില്‍ എത്രപേര്‍ക്ക് വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടാകണം..?
ഇനിയെങ്കിലും ഗള്‍ഫ് എന്നു കേള്‍ക്കുന്നപാടെ ചാടിയിറങ്ങും മുന്‍പ് വിവരങ്ങള്‍ കൃത്യമായി അന്വേഷിയ്ക്കുകയും അധികൃതരുമായി ബന്ധപ്പെടുകയും ചെയ്യണം..എനിയ്ക്ക് സൌദിയിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകരോട് പറയാനുള്ളത്, നിങ്ങള്‍ ഉഷയുടെ ഈ തിരോധാനം സംബന്ധിച്ച വിഷയം ഗൌരവമായി എടുക്കണം. കഴിയാവുന്നിടത്തെല്ലാം അന്വേഷിയ്ക്കണം. അവരെ എങ്ങനെയും കണ്ടെത്തി നാട്ടിലെത്തിയ്ക്കാന്‍ ശ്രമിയ്ക്കണം. ഈ അമ്മയുടെയും കുട്ടികളുടെയും സങ്കടം നമ്മള്‍ കാണാതെ പോകരുത്..”
സുദീര്‍ഘമായ വിവരണത്തിനു ശേഷം അദ്ദേഹം അല്പം നിര്‍ത്തി. പിന്നെ തുടര്‍ന്നു: “അമ്മ സമാധാനമായി പോകൂ. .ഞങ്ങള്‍ എങ്ങനെയും ഉഷയെ കണ്ടെത്തും. മക്കളെ വിഷമിയ്ക്കണ്ട കേട്ടോ...”
ഈ ഉറപ്പില്‍ തോന്നിയ വിശ്വാസത്തിന്റെ ആശ്വാസത്തോടെ ആ അമ്മൂമ്മയും പേരക്കുട്ടികളും ചാനലിന്റെ പടിയിറങ്ങി.
ഗള്‍ഫില്‍ പോയിട്ട് വീടുമായി ബന്ധമില്ലാത്ത പലരെയും കണ്ടെത്താനും തിരികെയെത്തിയ്ക്കാനും ഈ പരിപാടികൊണ്ട് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അതു നടക്കുമോ എന്ന് സാഹിബിനു സംശയമുണ്ടായിരുന്നു. അവരെ ആശ്വസിപ്പിയ്ക്കാന്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും യാതൊരു അടിസ്ഥാന വിവരവുമില്ലാതെ, പഴയ ഒരു ഫോട്ടോ മാത്രം വച്ചുകൊണ്ട് എങ്ങനെ അവരെ കണ്ടെത്തും? സൌദിയല്ലാതെ മറ്റേതെങ്കിലും രാജ്യമാണെങ്കില്‍ അല്പമെങ്കിലും പ്രതീക്ഷിയ്കാമായിരുന്നു. നിഗൂഡമായ മരുഭൂമികള്‍ പോലെ നിഗൂഡമാണ് അവിടുത്തെ ജീവിതവും. അതിനുള്ളില്‍ പെട്ടുപോയാല്‍ വലിയ കടല്‍ ചുഴിയില്‍ പെട്ടതു പോലെയാണ്. അടിയിലേയ്ക്ക് വലിച്ചു താഴ്ത്തും. രക്ഷപെടുക എളുപ്പമല്ല.
ആ കുഞ്ഞുങ്ങളുടെയും അമ്മൂമ്മയുടെയും ദൈന്യമുഖമോര്‍ത്തപ്പോള്‍, ഇക്കാര്യത്തില്‍ എന്തെങ്കിലും മുന്‍കൈ എടുത്തു ചെയ്യാനാകുമോ എന്നദ്ദേഹം ചുഴിഞ്ഞു ചിന്തിച്ചു. രാത്രി ഭക്ഷണശേഷം റൂമിലിരുന്ന് സാഹിബ് തന്റെ മൊബൈലില്‍ സൌദിയിലെയ്ക്കുള്ള ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അല്പസമയത്തിനകം അങ്ങേ തലക്കല്‍ “ഹലോ” മുഴങ്ങി.
“ഹലോ..സുബൈറല്ലേ..ഇന്നത്തെ പ്രവാസജീവിതം പരിപാടി കണ്ടില്ലായിരുന്നോ..?”
“കണ്ടിരുന്നു സാഹിബ്..ഞങ്ങള്‍ ഇന്ന് അക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ കൃത്യമായ വിവരങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടാവുമല്ലോ സാഹിബ്..”
“ഞാന്‍ അക്കാര്യം ഓര്‍ക്കാതെയല്ല. അവര്‍ ആ പ്രായമായ സ്ത്രീയും കുഞ്ഞുങ്ങളുമേ ഉള്ളൂ. നാലുകൊല്ലം മുന്‍പെടുത്ത ഒരു ഫോട്ടോയല്ലാതെ മറ്റൊന്നും അവരുടെ കൈയില്‍ ഇല്ല...”
“ആ സ്ത്രീ എന്നാണ് ഇവിടെ വിമാനമിറങ്ങിയതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സ്പോണ്‍സറെ സംബന്ധിച്ച് എന്തെങ്കിലും തുമ്പു കിട്ടുമോ എന്നു നോക്കാമായിരുന്നു. സാഹിബ് ഒരു കാര്യം ചെയ്യാമോ..പരിചയമുള്ള ഏതെങ്കിലും പോലീസുകാരുമായി ഒന്നു മുട്ടിനോക്കിക്കേ..അവര്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ പാസ്പോര്‍ട്ടിന്റെ വിവരങ്ങള്‍ വല്ലതും കിട്ടും. അതല്ലെങ്കില്‍ ആ അമ്മയെ കൊണ്ടൊരു പരാതി കൊടുപ്പിച്ചാലും മതി...”
“അതു നല്ലൊരു ഐഡിയ ആണു സുബൈറേ..ഞാന്‍ ആ വഴിയ്ക്കൊന്നു നീങ്ങാം..”
സാഹിബ് ഉടന്‍ തന്നെ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ അനഘയെ മൊബൈലില്‍ വിളിച്ചു.
“മോളെ, നീ നാളെത്തന്നെ നമ്മുടെ പ്രവാസജീവിതം പരിപാടിയ്ക്ക് വന്ന ആ അമ്മയെയും കുഞ്ഞുങ്ങളെയും പോയിക്കാണണം. എന്നിട്ട് അവരെ കൂട്ടി പോലീസില്‍ ഒരു പരാതി, നമ്മുടെ വനിതാ ഐ.ജി.യ്ക്കു തന്നെ ആയിയ്ക്കോട്ടെ, കൊടുക്കണം. ഞാന്‍ അവരെ വിളിച്ചോളാം..”
“ശരി സര്‍..” അനഘ സമ്മതിച്ചു.
സാഹിബ് വിളിച്ചതു കൊണ്ടാവാം ഐ.ജി.യുടെ ഓഫീസിനുമുമ്പില്‍ അധികം കാത്തു നില്‍ക്കാതെ ഉള്ളിലേയ്ക്കു പ്രവേശനം കിട്ടി. വിശാലമായ ഓഫീസിന്റെ അറ്റത്ത്, മനോഹരമായ ഓഫീസ് സംവിധാനത്തില്‍ പ്രശസ്തയായ വനിതാ ഐ.ജി. ഇരിയ്ക്കുന്നു. കടന്നു വന്നവരെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ഇരിയ്ക്കാന്‍ ആംഗ്യം കാണിച്ചു.
“വിവരങ്ങള്‍ സാഹിബ് പറഞ്ഞ് അറിഞ്ഞു. ഇക്കാര്യത്തില്‍ പോലീസിനു ചെയ്യാവുന്ന എല്ലാ സഹായവും ചെയ്യാം. ആ പരാതി ഇങ്ങു തരൂ...”
രമ്യമോള്‍ കൈയിലിരുന്ന കടലാസ് അവരെ ഏല്‍പ്പിച്ചു. അവര്‍ അത് ഒന്നോടിച്ച് വായിച്ച് മേശയില്‍ വച്ചു. എന്നിട്ട് അനഘയെ നോക്കി.
“നിങ്ങളുടെ ചാനല്‍ വളരെ നല്ല ഒരു സേവനം ആണു ചെയ്യുന്നത്. പോലീസിനോ മറ്റു സംവിധാനങ്ങള്‍ക്കോ കഴിയാത്ത പലതും നിങ്ങള്‍ക്കു സാധിയ്ക്കുന്നുണ്ട്. ഇക്കാര്യത്തിലും പോലീസിനെക്കാളും അധികം നിങ്ങള്‍ക്കാവും സാധിയ്ക്കുക. എനിവേ, നമുക്ക് നല്ലതു പ്രതീക്ഷിയ്ക്കാം. അമ്മയും കുട്ടികളും ധൈര്യമായിരിയ്ക്കൂ...”
“മാഡം സൌദിയിലുള്ള ഞങ്ങളുടെ പ്രവര്‍ത്തകര്‍ ഇക്കാര്യം ഗൌരവമായി എടുത്തിട്ടുണ്ട്. ഉഷയുടെ പാസ്പോര്‍ട്ടിന്റെയും മറ്റും വിവരങ്ങള്‍ അറിയാനായാല്‍ അവര്‍ക്ക് അന്വേഷണങ്ങള്‍ക്ക് എളുപ്പമാകും. മാഡം ഒന്നു മനസ്സുവെച്ചാല്‍ അതു വളരെ പെട്ടെന്നു കിട്ടും..’
“ഓക്കെ, ഇക്കാര്യത്തില്‍ എനിയ്ക്കു കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്യാം..’ ഐ.ജി ഉറപ്പുകൊടുത്തു.
അങ്ങ് അറബിക്കടലിനക്കരെ അറേബ്യന്‍ മണ്ണില്‍ സൂര്യന്‍ അസ്തമയത്തോടടുത്തു. ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും പുളപ്പില്‍ റിയാദ് നഗരം ചെങ്കതിരുകള്‍ വാരിയണിഞ്ഞു നിന്നു. മിനുമിനാ തിളങ്ങുന്ന വീതിയേറിയ റോഡുകളിലൂടെ ചലിയ്ക്കുന്ന കൊട്ടാരങ്ങള്‍ നിലയ്ക്കാതെ ഒഴുകി കൊണ്ടിരുന്നു. മുഷിഞ്ഞ, നാറുന്ന ലേബര്‍ യൂണിഫോമിട്ട ഇരുണ്ട മനുഷ്യര്‍ റോഡരുകിലെ ചപ്പും ചവറും പെറുക്കിക്കൊണ്ടിരുന്നു. അങ്ങ് പടിഞ്ഞാറന്‍ മരുഭൂമിയില്‍ നിന്നും, പിന്നെ നഗരമനുഷ്യരെ കുളിര്‍പ്പിയ്ക്കാന്‍ അവിരാമം പ്രവര്‍ത്തിയ്ക്കുന്ന എയര്‍കണ്ടീഷണറുകളില്‍ നിന്നും ചൂടുകാറ്റ് അവിടെ എപ്പൊഴും വീശിയടിച്ചു. ആ കാറ്റില്‍ അവരുടെ വിയര്‍പ്പുകണങ്ങള്‍ നിലം തൊടും മുന്‍പ് ആവിയായിപ്പോയി. ഉള്ളിലെ ആരും കാണാ നിലവിളി മാത്രം അവശേഷിച്ചു.
നഗര പ്രൌഡിയില്‍ നിന്നും വിട്ട് പ്രാന്തപ്രദേശത്തെ വിദേശികളുടെ താമസ സ്ഥലങ്ങളിലൊന്നിലെ, ഒരു റൂമില്‍ പന്ത്രണ്ടു പേര്‍ ഒന്നിച്ചു കൂടി. നാടും വീടും വിട്ട്, ജീവിതത്തില്‍ എന്നെങ്കിലും കഷ്ടപ്പാടുകള്‍ ഒഴിഞ്ഞ ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ അറേബ്യന്‍ മണ്ണില്‍ എത്തിയവരാണവര്‍. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവിലും കാര്യമായൊന്നും ബാക്കിയാക്കാനാവാതെ പിന്നെയും നുകം ചുമലിലേറ്റുന്നവര്‍. നഗരത്തിലെ വ്യത്യസ്ത മേഖലകളില്‍ ജോലിചെയ്യുന്ന അവരെ ഒന്നിച്ചു ചേര്‍ക്കുന്ന ഘടകം സഹജീവി സ്നേഹം മാത്രം. തിരക്കിട്ട ജീവിതത്തിലെ ഏതാനും മണിക്കൂറുകള്‍, കഷ്ടപെടുകയും ദു:ഖിയ്ക്കുകയും ചെയ്യുന്നവര്‍ക്കായി മാറ്റിവയ്ക്കാനുള്ള വിശാലഹൃദയത്വമാണവരെ ആ റൂമിലെത്തിച്ചത്.റിയാദിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകരാണവര്‍. സൌദിയില്‍ കാണാതാകുന്ന പ്രവാസികളെ പറ്റിയുള്ള ചാനല്‍ പ്രോഗ്രാമുകള്‍ക്കു ശേഷം അവരിങ്ങനെ ഒത്തുകൂടാറുണ്ട്. ആ ഒത്തുകൂടലിനിടയില്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരമാര്‍ഗങ്ങളെ പറ്റി ആലോചിയ്ക്കുകയും ചെയ്യും. പലരെയും കണ്ടെത്താനും രക്ഷപെടുത്തി നാട്ടിലെത്തിയ്ക്കാനും അവര്‍ക്കു സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസമായി അവര്‍ പരസ്പരം സംസാരിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്യുന്നത് കാണാതായ ഉഷയെ പറ്റി തന്നെയാണ്. എന്നാല്‍ അവരെ സംബന്ധിയ്ക്കുന്ന കൃത്യമായ വിവരങ്ങള്‍ ഒന്നിമില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ല. ഉഷയുടെ അമ്മയും കുട്ടികളും പോലീസില്‍ പരാതി നല്‍കിയതും, പോലീസ് അവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതും സാഹിബ് വഴി അറിഞ്ഞു. അവരുടെ പാസ്പോര്‍ട്ട് സംബന്ധമായ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്നും അവര്‍ ഒത്തു ചേര്‍ന്നിരിയ്ക്കുന്നത്. നന്മയുടെ ഇനിയും വറ്റാത്ത ഉറവ ഉള്ളില്‍ സൂക്ഷിയ്ക്കുന്ന ആ മനുഷ്യരിലൊരാളുടെ മൊബൈലില്‍ അപ്പോള്‍ സാഹിബിന്റെ കോള്‍ വന്നു..
(തുടരും)
കുറിപ്പ്: ഇതില്‍ ചേര്‍ത്ത ചില വിവരങ്ങള്‍ക്ക് ശ്രീ.ഹംസ ആലുങ്ങലിന്റെ “മരുഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയത് ഈ ജീവനുകള്‍ മാത്രം…“ എന്ന ലേഖനത്തോട് കടപ്പാട്.
തുടരട്ടെ...... പുതിയ ഐറ്റം.
ReplyDeleteപുതിയ കഥകൾക്ക്, അല്ല ജീവിതയാഥാർത്ഥ്യങ്ങൾക്കായി കാത്തിരിക്കുന്നു, തുടരുക. ആശംസകൾ.
ReplyDeleteബിജു...ഒരു നല്ല നോവലാവും ഇത് എന്ന് തന്നെ തോന്നുന്നു. സസ്നേഹം
ReplyDeleteനല്ല തുടക്കം ബിജു.
ReplyDeleteഎന്തായാലും ബെസ്റ്റ് വിഷസ് ആൻഡ് കൺഗ്രാജുലേഷൻസ്.
അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.”പുഴ പിന്നെയും പറയുന്നു” കണ്ടിരുന്നു- അഭിനന്ദനങ്ങൾ!
ReplyDeleteനല്ല സബ്ജെക്റ്റ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആശംസകള്‍....
ReplyDeleteബിജു, കാലിക പ്രസക്തി ഉള്ള വിഷയമാണ് , എല്ലാ ഭാവുഗങ്ങളും
ReplyDeleteaRabiKathhayuTEyum AdujeevithaTHinntEyum gaddaamayuTEyum thIvrAnubhavaNGaLOTe oru puthiya vaayanaanubhavaTHinaayi kaaTHiriKunnu. ASamsakaL
ReplyDeletebiju, best wishes for your new novel
ReplyDeletebest wishes for this attempt.
ReplyDeletecongrats once again
ബിജൂ, നല്ല തുടക്കം, കാലിക പ്രസക്തിയുള്ള വിഷയവും.
ReplyDeleteതുടരൂ...
Ellavidha ashamsakalum
ReplyDeleteഎന്റെയും ആശംസകൾ
ReplyDelete