പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail
Showing posts with label നോവല്‍. Show all posts
Showing posts with label നോവല്‍. Show all posts

Monday, 14 February 2011

മരുഭൂമിയിലെ നീരാളികള്‍ - 5

ഭാഗം-5

കൊച്ചി പനമ്പള്ളി നഗറിലെ ഒരു ഇടത്തരം കെട്ടിടത്തിലാണ് പി.പി.ട്രാവെത്സ്. ചെറുതെങ്കിലും മനോഹരമായി ഫര്‍ണിഷ് ചെയ്തിരിയ്ക്കുന്നു. എ.സി.യുടെ കുളിര്‍മ്മ. അവിടെ അടച്ചിട്ട ക്യാബിനു മുന്നിലെ സീറ്റില്‍ രണ്ടു യുവതികള്‍ ഇരുപ്പുണ്ട്. വല്ലാത്ത അപരിചിതത്വം അവരില്‍ തങ്ങി നില്‍ക്കുന്നു‍. കൌണ്ടറില്‍ രണ്ടു പേര്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നു. അല്പ നേരത്തിനു ശേഷം അവിടെ ബസറിന്റെ ശബ്ദം മുഴങ്ങി. അപ്പോള്‍ കൌണ്ടറിലിരുന്ന യുവാവ് ആ യുവതികളെ നോക്കി അകത്തെയ്ക്ക് ചെല്ലാന്‍ ആംഗ്യം കാണിച്ചു.

കൂളിങ്ങ് ഫിലിം ഒട്ടിച്ച ഗ്ലാസ് ഡോര്‍ തുറന്ന് അവര്‍ അകത്തു കയറി. അവിടെ കറങ്ങുന്ന ഒന്നാന്തരം കസേരയില്‍ പി.പി. ട്രാവെത്സിന്റെ ഉടമയും മാനേജറുമായ നസീര്‍ ഇരിപ്പുണ്ടായിരുന്നു.

“വരൂ വരൂ..ഇരിയ്ക്കൂ...” അയാള്‍ അവരെ പുഞ്ചിരിയോടെ സ്വാഗതം ചെയ്തു.

“ഞങ്ങള്‍ ചന്ദ്രേട്ടന്‍ പറഞ്ഞിട്ടു വന്നതാണ്..” അല്പം പ്രായമുള്ള  യുവതി പറഞ്ഞു.

“ഓ..അതു ശരി, ചന്ദ്രന്‍ എന്നോട് സൂചിപ്പിച്ചിരുന്നു. എങ്ങനെ താല്പര്യമുണ്ടോ?”

“ഞാന്‍ വളരെ പാവപ്പെട്ട വീട്ടിലേതാണ് സാര്‍. ഇവിടെ കൂലിവേലയ്ക്കു പോകാന്‍ വയ്യ. അതാണ് ചന്ദ്രേട്ടന്‍ പറഞ്ഞപ്പോള്‍ താല്പര്യം തോന്നിയത്..”

“അതെ..ഇവിടെ കഷ്ടപെട്ട് പണിയെടുത്താല്‍ എന്തു കിട്ടാനാ.? ആ സമയം ഗള്‍ഫില്‍ രണ്ടു വര്‍ഷം ജോലിചെയ്താല്‍ നല്ലൊരു തുക ബാക്കിയാകും. കുട്ടികളുടെ പഠിത്തം, കുറച്ച് സ്വര്‍ണം അങ്ങനെ പലകാര്യങ്ങളും നടത്താം..”

“എന്തു ശമ്പളം കിട്ടും സാര്‍ ?”

“ശമ്പളവും ഓവര്‍ ടൈമും എല്ലാംകൂടി ആയി ഏറ്റവും ചുരുങ്ങിയത് ഇരുപതിനായിരം രൂപ കിട്ടും. താമസവും ഭക്ഷണവും ഫ്രീയാണ്. രണ്ടുവര്‍ഷം കഴിയുമ്പോള്‍ ഫ്രീ ടിക്കറ്റ്. എങ്ങനെ ആയാലും ശമ്പളം അതേപടി ബാക്കിയാകും. അഞ്ചു വിസ വന്നതില്‍ നാലെണ്ണത്തിനും ആളായി. ഇനി ഈ ഒരെണ്ണമേ ബാക്കിയുള്ളു. ” നസീര്‍ അവരോട് പറഞ്ഞു.

“താല്പര്യമുണ്ട്. ഇതു വേറെ ആര്‍ക്കും കൊടുക്കണ്ട സര്‍. എങ്ങനെയും നല്ലൊരു ജോലി കിട്ടിയേ മതിയാകൂ. എന്തൊക്കെയാണ് വേണ്ടത് ?”

“ഒരു മിനുട്ട്..” നസീര്‍ മേശയില്‍ നിന്നും ഒരു ഫയലെടുത്തുകൊണ്ടു പറഞ്ഞു. അതു തുറന്ന് താളുകള്‍ മറിച്ച് നോക്കി.
“സാധാരണ ഇത്രയും ശമ്പളമുള്ള വിസയ്ക്ക് ഒരു ലക്ഷം രൂപ വരെ മേടിയ്ക്കും. എന്നാല്‍ ഞങ്ങള്‍ വളരെ ചുരുങ്ങിയ കാശേ മേടിയ്ക്കുന്നുള്ളു. അന്‍പതിനായിരം രൂപ സര്‍വീസ് ചാര്‍ജ്ജാകും..” നസീര്‍ അവരോട് പറഞ്ഞു.

“അത് കൂടുതലാണ് സര്‍. തീരെ നിവൃത്തിയില്ലാതെയാണ് ഗള്‍ഫില്‍ പോകാന്‍ നോക്കുന്നത്. അല്പം കൂടി കുറയില്ലേ..?”

“ഹ ഹ.. ഇനിയെന്തു കുറയാന്‍? ഈ കാശിന് വേറൊരിടത്തും നിങ്ങള്‍ക്ക് വിസകിട്ടില്ല. ങാ പേരു പറഞ്ഞില്ലല്ലോ..?”

“എന്റെ പേര് നഫീസ. ഇതെന്റെ ഒരു സുഹൃത്താണ്. അവള്‍ കൂട്ടിനു വന്നു എന്നേയുള്ളു. ഇങ്ങനെ ഗള്‍ഫില്‍ വീട്ടുവേലയ്ക്കു പോകുന്നവര്‍ക്കു പല ബുദ്ധിമുട്ടൊക്കെ ഉണ്ടാകുന്നൂന്നു കേള്‍ക്കുന്നതു നേരാണോ സാര്‍?”

“എന്തു ബുദ്ധിമുട്ട്? ഇതൊക്കെ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്നതല്ലേ..! ചില പെണ്ണുങ്ങള്‍ അവിടെ പോയി തിന്നും കുടിച്ചും മടിപിടിച്ച് പണിയൊന്നുമെടുക്കില്ല. അങ്ങനെ വരുമ്പോള്‍ അറബികള്‍ വഴക്കു പറഞ്ഞൂന്നൊക്കെ വരും. അതിവിടെ ആയാലും അങ്ങനെ തന്നെ. എത്രയോ ലക്ഷക്കണക്കിനു പേര് ഗള്‍ഫില്‍ പണിയെടുക്കുന്നു. അങ്ങനെയെന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ആരെങ്കിലും അവിടെ നില്‍ക്കുമോ? പിന്നെ കാശുണ്ടാക്കാന്‍ അല്പം കഷ്ടപെടണം.  ഞാന്‍ നിര്‍ബന്ധിയ്ക്കുന്നില്ല, താല്പര്യമുണ്ടെങ്കില്‍ മാത്രം നോക്കിയാല്‍ മതി..”

“അതല്ല സാര്‍, സംശയം ചോദിച്ചെന്നേയുള്ളു, എനിയ്ക്ക് ഈ വിസ വേണം..” നഫീസ പറഞ്ഞു.

“ശരി. പാസ്പോര്‍ട്ടൊക്കെ ഉണ്ടല്ലോ അല്ലേ? പ്രായം മുപ്പതിനു മുകളില്‍ വേണം..”

“പാസ്പോര്‍ട്ടിന് അപേക്ഷിച്ചിട്ടെ ഉള്ളു സര്‍. ഗള്‍ഫില്‍ പോകാനുള്ള പരിപാടിയൊന്നും ഇല്ലായിരുന്നു. പ്രായം മുപ്പത്തിരണ്ടുണ്ട് ”
“പ്രായം ഓകെ. പാസ്പോര്‍ട്ട് ഉടന്‍ കിട്ടുമോ? ഇല്ലെങ്കില്‍ അല്പം കാശുകൂടി മുടക്കാമെങ്കില്‍ സാധനം പെട്ടെന്ന് സംഘടിപ്പിയ്ക്കാം.“ നസീര്‍ പറഞ്ഞു.

“ഒരു മാസമായി അപേക്ഷിച്ചിട്ട്. ഉടനെ കിട്ടുമെന്നാണ് പറഞ്ഞത്.”

“ഉം..എങ്കില്‍ പിന്നെ അഡ്വാന്‍സ് കൊടുത്തോളു. മെഡിയ്ക്കലും എടുത്തുകൊള്ളു..”

“അഡ്വാന്‍സ് ഇപ്പോള്‍ തന്നെ തരാം. മെഡിയ്ക്കല്‍ ഉടനെ എടുക്കുന്നുണ്ട് സാര്‍..”

നഫീസ ഹാന്‍ഡ് ബാഗ് തുറന്ന് പതിനായിരം രൂപ എടുത്ത് നസീറിനെ ഏല്പിച്ചു.

“ആവട്ടെ, ഉടനെ പാസ്പോര്‍ട്ട് ഇവിടെ എത്തിയ്ക്കണം മറക്കരുത് കേട്ടോ..” കാശ് വാങ്ങിക്കൊണ്ട് നസീര്‍ പറഞ്ഞു.

“സൌദിയില്‍ ആണെന്നെ ചന്ദ്രേട്ടന്‍ പറഞ്ഞുള്ളു. സൌദിയില്‍ എവിടെ ആണ് ജോലി..?”

“റിയാദില്‍ തന്നെ. അവിടെ നല്ല കാശുകാരനായ ഒരു അറബിയുടെ വീട്ടിലാണ്. സത്യത്തില്‍ കാര്യമായ ജോലിയൊന്നുമില്ല. അവിടെയൊക്കെ എല്ലാം മെഷീനല്ലേ.. എല്ലാം സ്വിച്ചിടുക.. ഓഫാക്കുക. അവര്‍ക്കിഷ്ടപെട്ടാല്‍ കാശായും സ്വര്‍ണമായും ഒക്കെ സഹായിയ്ക്കുകേം ചെയ്യും..”

“റിയാദില്‍ എത്തിയാല്‍ ഞാനെങ്ങനെ അവരെ കണ്ടുപിടിയ്ക്കും? എനിയ്ക്കാണെങ്കില്‍ മലയാളമല്ലാതെ മറ്റൊന്നും അറിയുകയുമില്ല..” നഫീസ ഉത്കണ്ഠയോടെ ചോദിച്ചു.

“ഹേയ്, അതൊന്നും പേടിയ്ക്കണ്ട. നിങ്ങളെ സഹായിയ്ക്കാന്‍ നമ്മുടെ തന്നെ ആള്‍ക്കാര്‍ അവിടെയുണ്ട്. അവര്‍ അറബിയുടെ അടുത്ത് നിങ്ങളെ എത്തിയ്ക്കും.”

“ആരെയെങ്കിലും ഒന്നുപരിചയപെടുത്താമോ സാര്‍?”

“നിങ്ങള്‍ പേടിയ്ക്കണ്ടന്നേ, വിസയുടെ കാര്യങ്ങള്‍ ശരിയാകട്ടെ. നിങ്ങളെ സുരക്ഷിതമായി അവിടെ എത്തിയ്ക്കും ധൈര്യമായിരിയ്ക്കൂ. പാസ്പോര്‍ട്ട് കിട്ടിയാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്ലാം ശരിയാകും..”

“ശരി സാര്‍..എന്നാല്‍ അതു പോലെ ചെയ്യാം..”

നഫീസയും കൂട്ടുകാരിയും ഇറങ്ങി.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നഫീസ വീണ്ടും വന്നു. കൈയില്‍ മെഡിയ്ക്കലി ഫിറ്റ് ആണെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു.

“സര്‍, മെഡിയ്ക്കല്‍ കുഴപ്പമില്ല. പാസ്പോര്‍ട്ട് അല്പം കൂടി താമസിയ്ക്കുമെന്നു തോന്നുന്നു. സാര്‍ അന്നു പറഞ്ഞ പോലെ പെട്ടെന്നു കിട്ടാന്‍ വല്ല വഴിയുമുണ്ടോ..?”

“അതൊക്കെ കിട്ടും. അയ്യായിരം രൂപ ആകും എന്നുമാത്രം. അങ്ങനെയാണെങ്കില്‍ അധികം താമസിയ്ക്കാതെ കയറി പോകുകയും ചെയ്യാം. ”

“എന്നാല്‍ അങ്ങനെ ആകട്ടെ, ഇതാ സാര്‍ പതിനയ്യായിരം രൂപ കൂടി. ബാക്കി വിസ വരുമ്പോള്‍ തന്നാല്‍ മതിയല്ലോ.”

നഫീസ ബാഗ് തുറന്ന് പതിനയ്യായിരം രൂപ കൂടി അയാളെ ഏല്‍പ്പിച്ചു.

“പാസ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ ശരിയാകും. മൂന്നാലു ഫോട്ടോ തന്നേക്കൂ. ബാക്കി കാശ് കൂടി റെഡിയാക്കിക്കോ, രണ്ടാഴ്ചയ്ക്കകം വിമാനം കയറാം..” നസീര്‍ പണം എണ്ണിയ്ക്കൊണ്ടു പറഞ്ഞു.

“എനിയ്ക്ക് അവിടെ എത്തിയ ശേഷമുള്ള കാര്യത്തിലാണു പേടി. ഒരു പരിചയവുമില്ലാത്തിടത്ത് എന്തു ചെയ്യും? ആരെയെങ്കിലും ഒരു പരിചയമുണ്ടെങ്കില്‍ എന്തെങ്കിലുമൊരു സഹായത്തിനൊന്നു വിളിയ്ക്കാമായിരുന്നു.”

“നഫീസ പേടിയ്ക്കണ്ടാന്നു ഞാന്‍ പറഞ്ഞില്ലേ. അവിടെ നമ്മുടെ ആള്‍ക്കാരുണ്ട്. അവര്‍ നഫീസയെ അറബിയുടെ വീട്ടിലെത്തിയ്ക്കും. ഞാനല്ലേ ഉറപ്പു തരുന്നത്..?”

“എന്നാലും ആരുടെയെങ്കിലും ഒരു നമ്പരെങ്കിലും തരൂ സാര്‍, ഒന്നു പരിചയപ്പെട്ടു പോയാല്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിയ്ക്കാമല്ലോ.. ഞാനാണെങ്കില്‍ ദൂരെയെങ്ങും ഒറ്റയ്ക്കു പോയിട്ടുമില്ല..”

നഫീസയുടെ മുഖത്ത് വല്ലാത്ത ഉത്കണ്ഠ തളം കെട്ടി നിന്നിരുന്നു.

“ശരി, ഒരു നമ്പര്‍ തരാം. വേണമെങ്കില്‍ ഒന്നു വിളിച്ചു പരിചയപ്പെട്ടോളൂ, നഫീസയുടെ പേടി മാറട്ടെ. സാധാരണ ഞാന്‍ ആര്‍ക്കും ഒരു നമ്പരും കൊടുക്കില്ല. അവിടെ എത്തിയിട്ട് എന്തു സഹായത്തിനും ആളെ ഏര്‍പ്പെടുത്തുകയേ ഉള്ളു.”

നസീര്‍ ഒരു തുണ്ടു കടലാസില്‍  നമ്പര്‍ കുറിച്ചു കൊടുത്തു. ഒരു സൌദി നമ്പരാണത്.

“ഇതാ ഇതു കൈയില്‍ വച്ചുകൊള്ളൂ. ഉടന്‍ പോകാന്‍ വേണ്ട കാര്യങ്ങള്‍ നോക്കിക്കോ..” നസീര്‍ അവരോടു പറഞ്ഞു.

സഹായത്തിനായി ഒരു നമ്പര്‍ കിട്ടിയതോടെ നഫീസയുടെ ആശങ്ക അല്പം കുറഞ്ഞു. അവര്‍ നസീറിന് നന്ദി പറഞ്ഞ് ഇറങ്ങി.

************** ***************** ********************

റിയാദിലെ ഒലയ റോഡിലൂടെ പായുകയാണ് ഉസ്മാന്റെ കാരവന്‍ വാന്‍. വാനില്‍ നാലുപേര്‍ ഇരിപ്പുണ്ട്. തികച്ചും പരിക്ഷീണിതരാണവര്‍. പെട്ടെന്ന് ഉസ്മാന്റെ മൊബൈല്‍ ശബ്ദിച്ചു തുടങ്ങി. അയാള്‍ മൊബൈല്‍ ഡിസ്‌പ്ലേയില്‍ നോക്കി. പരിചയമില്ലാത്ത നമ്പര്‍. കട്ട് ചെയ്ത് ഫോണ്‍ പോക്കറ്റിലിട്ടു, ഡ്രൈവിങ്ങിനിടയില്‍ അത്യാവശ്യമില്ലാത്ത കോളുകള്‍ എടുക്കാറില്ല. അല്പസമയത്തിനകം വീണ്ടും റിങ്ങിങ്ങ്.. ഉസ്മാന്‍ വണ്ടി ഒരു സൈഡിലേയ്ക്കൊതുക്കി. മൊബൈല്‍ കാതോടു ചേര്‍ത്തു. “ഹലോ”

“ഹലോ.. ഞാന്‍ സിദ്ധീക്ക് ആണ്. താങ്കള്‍ എവിടെയാണെന്ന് ഒന്നു പറയാമോ?”

“ഏതു സിദ്ധീക്ക്?”

“നമ്മള്‍ മുന്‍‌പരിചയം ഇല്ല. നസീര്‍ഭായി പറഞ്ഞിട്ടാണ് വിളിയ്ക്കുന്നത്..”

“ആര്, നാട്ടിലെ നസീര്‍ഭായിയോ..?

“അതേ, ഭായി ആണ് നിങ്ങളുടെ നമ്പര്‍ തന്നത്. ഞാനിപ്പോള്‍ ബത്തയിലാണ്. ഒന്നു കാണാന്‍ പറ്റുമോ?”

“ഞാന്‍ ഒലയയില്‍ ആണുള്ളത്. എന്താണ് കാര്യം ?”

“ഒരു കാര്യം സംസാരിയ്ക്കാനായിരുന്നു. ഫോണില്‍ കൂടി പറയുന്നതിലും നല്ലത് നേരിട്ട് പറയുന്നതാണ്. ഞാന്‍ ബത്തയില്‍ വെയിറ്റ് ചെയ്യാം, പ്ലീസ് ഒന്നു വരൂ..”

“ശരി, വൈകിട്ട് എട്ടരയ്ക്കു ബത്തയില്‍ കാണാം. ഞാനിപ്പോള്‍ ഒരു ഓട്ടത്തിലാണ്.”

“ഓകെ..ആയിക്കോട്ടെ, ഞാന്‍ ഷാര ഖദീമില്‍ ഉണ്ടാകും..”

ഓട്ടമെല്ലാം കഴിഞ്ഞ് ഉസ്മാന്‍ ബത്തയിലെത്തുമ്പോള്‍ രാത്രി എട്ടര കഴിഞ്ഞു. ഷാര ഖദീമിലെ ചെറിയൊരു ബൂഫിയയില്‍ സിദ്ധീക്ക് അയാളെ കാത്തു നില്‍പ്പുണ്ടായിരുന്നു. ബൂഫിയയിലെ ചെറിയ മേശയ്ക്കിരുവശവും അവര്‍ ഇരുന്നു. ഉസ്മാന്‍, സിദ്ധീക്കിനെ തുറിച്ചു നോക്കി. അയാള്‍ക്കിതു വരെ സിദ്ധീക്കിനെ മനസ്സിലായിട്ടില്ല.

“എന്റെ നമ്പര്‍ ആരു തന്നൂന്നാണ് പറഞ്ഞത് ?” അല്പസമയത്തെ മൌനത്തിനു ശേഷം ഉസ്മാന്‍ ചോദിച്ചു.

“നമ്മുടെ നസീര്‍ ഭായ്, കൊച്ചീലെ. പുള്ളിക്കാരനെ എനിയ്ക്കു പരിചയമുണ്ട്..”

“ശരി പറയൂ, എന്താണ് കാര്യം?”

“എന്റെ ഖഫീലിന്റെ വീട്ടിലേയ്ക്ക് ഗദാമയെ വേണം, കിട്ടുമോ?”

“അതെന്താ അയാള്‍ക്ക് ഗദാമ വിസയെടുത്താല്‍ പോരെ..?”

“അതിനൊക്കെ വലിയ പൊല്ലാപ്പല്ലേ, എംബസി അറ്റസ്റ്റേഷനും മറ്റും. ഇതാകുമ്പോള്‍ റിസ്കില്ലല്ലോ..”

“ഇതൊക്കെ ബഡാഭായിയുടെ കാര്യങ്ങളാണ്. ഞാന്‍ അദ്ദേഹത്തോട് പറയാം.”

“മതി അതുമതി, അധികം താമസിയ്ക്കാതെ അറിഞ്ഞിരുന്നെങ്കില്‍ എനിയ്ക്ക് ഖഫീലിന് വാക്കു കൊടുക്കാമായിരുന്നു.“

“രണ്ടു ദിവസത്തിനകം പറയാം..” ഉസ്മാന്‍ എണീറ്റു.

സൌദിയിലെ അറബിവീടുകളില്‍ വേലയെടുക്കാന്‍ വിദേശങ്ങളില്‍ നിന്നു റിക്രൂട്ട് ചെയ്ത് കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഗദാമ എന്ന് അറബിയില്‍ പറയുന്നത്. ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്  എന്നിവിടങ്ങളില്‍ നിന്നാണ് ഗദാമമാര്‍ അധികവും എത്തുന്നത്. മിക്കവാറും തുച്ഛശമ്പളത്തിന് എത്തുന്ന ഇവര്‍ പലവിധ ചൂഷണങ്ങള്‍ക്ക് ഇരയായപ്പോള്‍ വിദേശ ഗവണ്മെന്റുകള്‍ ചില നിബന്ധനകള്‍ വച്ചു. അതനുസരിച്ച് ഇന്ത്യയില്‍ നിന്നും മുപ്പതു വയസ്സു കഴിഞ്ഞവരെ മാത്രമേ ഗദാമ ജോലിയ്ക്ക് റിക്രൂട്ട് ചെയ്യാന്‍ പറ്റുകയുള്ളു. ഒരു നിശ്ചിതതുക കെട്ടിവയ്ക്കുകയും തൊഴില്‍ കരാര്‍ എംബസിയില്‍ സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്തരം നിബന്ധനകളോട് താല്പര്യമില്ലാത്ത അറബികള്‍ മറ്റു തരത്തില്‍ ഗദാമമാരെ സംഘടിപ്പിയ്ക്കാന്‍ തുടങ്ങി. അങ്ങനെ സംഘടിപ്പിച്ചു കൊടുക്കുന്ന ഒരാളാണ് ബഡാഭായി എന്നാണ് ഉസ്മാന്‍ പറഞ്ഞത്.

രണ്ടുദിവസത്തിനു ശേഷം സിദ്ധീക്ക്, ഉസ്മാനെ ഫോണില്‍ വിളിച്ചു.

“ഉസ്മാന്‍ ഭായി, ഗദാമയുടെ കാര്യം ശരിയായോ? ഖഫീല്‍ ചോദിച്ചു കൊണ്ടിരിയ്ക്കുന്നു...”

“ഞാന്‍ സംസാരിച്ചിരുന്നു. ഉണ്ട്, ആളുണ്ട്. രണ്ട് ഇന്തോനേഷ്യയും ഒരു മലയാളിയും. ഏതാണ് വേണ്ടതെന്ന് ചോദിയ്ക്ക്..”

“മലയാളി മതി. ഖഫീലിന്റെ വീട്ടില്‍  ഇന്തോനേഷ്യക്കാരി ഒരാളുണ്ട്. എങ്ങനെ ആണ് അതിന്റെ മറ്റു ഏര്‍പ്പാടുകള്‍ ?”

“രണ്ടായിരം റിയാല്‍ കമ്മീഷന്‍ ആകും. ശമ്പളം മാസം ആയിരം റിയാല്‍. അത് ഓരോ മാസവും ഇവിടെ ഓഫീസില്‍ ഏല്‍പ്പിയ്ക്കണം. സമ്മതമാണെങ്കില്‍ ആളെ അവിടെ എത്തിയ്ക്കാം..”

“ശരി, ഭായി ഞാന്‍ ഖഫീലിനോട് പറഞ്ഞ് കാശുമായി വരാം..” സിദ്ധീക്ക് പറഞ്ഞു.

റിയാദിലെ “പ്രവാസജീവിതം” പ്രവര്‍ത്തകര്‍, കാണാതായ ഉഷയെ അന്വേഷിയ്ക്കുന്നതോടൊപ്പം പുതുതായി  ചില ദൌത്യങ്ങള്‍ കൂടി ഏറ്റെടുത്തിരുന്നു. ഉദ്ദേശം രണ്ടുമാസത്തോളം ഉഷയെ അന്വേഷിച്ചിട്ടും കാര്യമായ ഒരു ഫലവും കിട്ടാതെ വന്നതോടെ സ്വഭാവികമായും അതിന്റെ ആവേശം ചോര്‍ന്നുപോയി. അപ്പോഴെയ്ക്കും ഒരു  ആതുര സഹായാപേക്ഷ അവരെ തേടിയെത്തി. 

റിയാദിലെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ മേസനായി ജോലിചെയ്യുന്ന തോമസ് എന്നയാളിന്റേതായിരുന്നു അപേക്ഷ. മതിയായ സേഫ്റ്റി സംവിധാനങ്ങള്‍ ഇല്ലാത്ത ഒരു നിര്‍മ്മാണ സൈറ്റിലെ രണ്ടാം നിലയില്‍ നിന്നും താഴെ വീണ് ഗുരുതരമായ പരിക്ക് പറ്റി ആശുപത്രിയിലാണ് തോമസിപ്പോള്‍. ശരീരം അരയ്ക്കു താഴേയ്ക്ക് തളര്‍ന്നു പോയി. . ആരോരുമില്ലാത്ത ആ മനുഷ്യനെപറ്റി ആരോ “പ്രവാസജീവിതം” കൂട്ടായ്മയെ അറിയിയ്ക്കുകയായിരുന്നു.
 സുബൈറും വിജയും ബാബുവും കൂടി തോമസിനെ കാണാനെത്തി. റിയാദിലെ പ്രമുഖമായ ഒരു ആശുപത്രിയായിരുന്നു അത്. അത്യാധുനിക സംവിധാനങ്ങളെല്ലാമുണ്ട്. അവിടെ ഒരു മുറിയില്‍ ഏകാന്തനായി തോമസ് കിടക്കുന്നു. മുഖമൊഴിച്ച് ശരീരമാകെ മൂടിയിരിയ്ക്കുകയാണ്. മൂക്കില്‍ കൂടി ട്യൂബിട്ടിട്ടുണ്ട്. മരുന്നുകളുടെയും മൂത്രത്തിന്റെയും വിസര്‍ജ്യത്തിന്റെയും സമ്മിശ്രഗന്ധം അവിടെ തങ്ങി നില്‍ക്കുന്നു. തന്നെ കാണാനെത്തിയ അപരിചിതരെ കണ്ടപ്പോള്‍ നിര്‍ജീവമായിരുന്ന ആ കണ്ണുകള്‍ നിറഞ്ഞു.
 കണ്ണീര്‍ ധാര ധാരയായി ഒഴുകാന്‍ തുടങ്ങി..

“തോമസ്.” സുബൈര്‍ അയാളുടെ തലയില്‍ മൃദുവായി തൊട്ടു.

തോമസിന്റെ ചുണ്ടുകള്‍ വിറച്ചുകൊണ്ടിരുന്നു. മുഖമാകെ ചുളുങ്ങി ഇത്തിരിയോളമായി. അതുവരെ കെട്ടി നിര്‍ത്തിയ സങ്കടമെല്ലാം പുറത്തേയ്ക്കൊഴുകി.

“കരയാതിരിയ്ക്കൂ.. എല്ലാം ശരിയാകും. ഞങ്ങള്‍ ഇപ്പോള്‍ അറിഞ്ഞതേയുള്ളു..” സുബൈര്‍ വീണ്ടും മെല്ലെ പറഞ്ഞു.
“എത്ര നാളായി ഇവിടെ..?”

“ഒന്നരമാസമായി സാറെ.. എങ്ങനെയെങ്കിലും എന്റെ വീട്ടിലൊന്നെത്തിയ്ക്കാമോ..? അവിടെ കിടന്ന് ഞാന്‍ മരിച്ചോളാം. എല്ലാവരെയും ഒന്നു കണ്ടാല്‍ മതിയെനിയ്ക്ക്..” അമര്‍ത്തിയ കരച്ചിലിനിടയില്‍ ഒരു വിധം അയാള്‍ പറഞ്ഞൊപ്പിച്ചു.

“എത്തിയ്ക്കാം..എത്തിയ്ക്കും. എന്തായിരുന്നു സംഭവിച്ചത് ?”

“സ്കാഫോള്‍ഡില്‍ നിന്നു കാലുതെറ്റി വീണതാണ്. നിലത്തു വീണിട്ട് രണ്ടു മണിക്കൂര്‍ അവിടെ കിടന്നു. ഒരാളും തിരിഞ്ഞു നോക്കിയില്ല. ഫോര്‍മാന്‍ സമ്മതിച്ചില്ല. അവനു പണിയായിരുന്നു മുഖ്യം. അവസാനം ഒരു മലയാളി എഞ്ചിനീയര്‍ കണ്ടിട്ടാണ് അടുത്തൊരു ആശുപത്രിയിലാക്കിയത്.  അവിടുന്ന് ഇവിടെ കൊണ്ടു വന്നു. അരയ്ക്കു താഴോട്ട് എനിയ്ക്കൊന്നും അറിയില്ല. എഴുനേല്‍ക്കാനോ തിരിഞ്ഞു കിടക്കാനോ പറ്റില്ല. ആദ്യത്തെ കുറച്ചു ദിവസം കമ്പനിയുടെ ആള്‍ക്കാരുണ്ടായിരുന്നു. പിന്നെ ആരെയും കണ്ടിട്ടില്ല. കാശില്ലാത്തതോടെ ശരിയായ ചികിത്സയൊന്നുമില്ല.  കുറച്ചു മലയാളി നേഴ്സുമാര് പിള്ളേര്‍ വരുമ്പോള്‍ എന്തെങ്കിലുമൊക്കെ മരുന്നു തരും. എന്നെ തിരിച്ചു കിടത്തും. അല്ലാത്തപ്പോള്‍ ഇതേ കിടപ്പു തന്നെ. ആശുപത്രി ബില്ലടയ്ക്കാതെ ഇവിടുന്നു വിടുകയില്ലല്ലോ. നിങ്ങള്‍ എങ്ങനെയെങ്കിലും എന്നെ ഒന്നു നാട്ടിലെത്തിയ്ക്കാന്‍ കരുണയുണ്ടാകണെ..” ഒട്ടേറെ സമയമെടുത്ത് ഒരു വിധം തോമസ് പറഞ്ഞു.

അവരുടെയെല്ലാം കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഇത്തരം പല അനുഭവങ്ങളും ഇതിനു മുന്‍പും കണ്ടിട്ടുണ്ട്. മിക്കവാറും കമ്പനികളിലൊന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാവില്ല. തൊഴിലാളിയ്ക്ക് എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ ഏതെങ്കിലും ആശുപത്രിയില്‍ തള്ളി അവര്‍ കൈകഴുകും. ഉയര്‍ന്ന ആശുപത്രിചിലവ് സാധാരണക്കാരന് താങ്ങാനാവില്ല. ഒന്നുകില്‍ ആള്‍ മരിയ്ക്കും. അല്ലെങ്കില്‍ ആരുടെയെങ്കിലും കാരുണ്യം കാത്തു കിടക്കും, ശരിയായ യാതൊരു ചികിത്സയും ലഭിയ്കാതെ.

അവര്‍ തോമസിനെ തിരിച്ചു കിടത്തി. ശരീരം തുടച്ചു കൊടുത്തു. ആ മനുഷ്യന് എന്തെന്നില്ലാത്ത ആശ്വാസമാണ് അവരുടെ സന്ദര്‍ശനം നല്‍കിയത്.  പിന്നെ, അവര്‍ ഹോസ്പിറ്റല്‍ കൌണ്ടറില്‍ തോമസിന്റെ ബില്ലിനെക്കുറിച്ച് അന്വേഷിച്ചു. നാല്പതിനായിരം റിയാല്‍ അടയ്ക്കണം. ഏതാണ്ട് അഞ്ചു ലക്ഷം രൂപ..! ആ മനുഷ്യന്‍ ആയുഷ്കാലം പണിയെടുത്താലും സ്വരൂപിയ്ക്കാനാവത്ത തുക. ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാനും ജോസഫിനെ എത്രയും വേഗം നാട്ടിലെത്തിയ്ക്കാനും അവര്‍ ഉറപ്പിച്ചു.

ഇത്തരം ആവശ്യങ്ങള്‍ക്ക് അവര്‍ സുമനസ്സുകളില്‍ നിന്നും സംഭാവന സ്വീകരിയ്ക്കുകയാണ് പതിവ്. ധാരാളം മനുഷ്യ സ്നേഹികള്‍ അവരെ ഇതില്‍ സഹായിയ്ക്കാറുണ്ട്. അതില്‍ എടുത്തു പറയേണ്ട ആളാണ് അബ്ദുല്‍  സലാം റാവുത്തര്‍ എന്ന സലാംഭായി. നീണ്ട ഇരുപത്തഞ്ചു വര്‍ഷമായി  ഇവിടെ ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള അദ്ദേഹം ഇവിടെയെത്തി വളരെക്കാലം കഷ്ടപ്പെട്ട്, അവസാനം സ്വപ്രയത്നത്താല്‍ വളര്‍ന്നു. ഇന്ന് വിവിധ ബിസിനസ് സ്ഥാപനങ്ങള്‍  നടത്തുന്നു. നാട്ടിലും ധാരാളം ബിസിനസ്സുണ്ട്. മാസം നല്ലൊരു തുക ഇങ്ങനെ സേവനത്തിനായി അദ്ദേഹം മാറ്റി വയ്ക്കുന്നു. റിയാദിലെ കേരളീയരുടെ പൊതുരംഗത്തും അദ്ദേഹം സജീവമാണ്.

“നമുക്ക് സലാംഭായിയെ കാണാം. അദ്ദേഹം നല്ലൊരു തുക തരാതിരിയ്ക്കില്ല.” സുബൈര്‍ മറ്റുള്ളവരോടു പറഞ്ഞു. അക്കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പുണ്ട്. അടുത്തൊരു ദിവസം തന്നെ അവര്‍ ഭായിയെ കാണാന്‍ പുറപ്പെട്ടു.

(തുടരും)

Wednesday, 9 February 2011

മരുഭൂമിയിലെ നീരാളികള്‍ - 4

ഭാഗം-4

അല്‍-സലൈസിയയില്‍ നിന്നും തിരിച്ചെത്തിയ ശേഷം റിയാദിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകര്‍ വീണ്ടും ഒരു ആലോചനാ യോഗം ചേര്‍ന്നു. ഇനിയും ഈ അന്വേഷണം മുന്നോട്ടുകൊണ്ടു പോകണോ എന്നതാണ് മുഖ്യ വിഷയം. ഇപ്പോള്‍ തന്നെ എകദേശം ഒരു മാസത്തോളം സമയവും കാശും ചിലവഴിച്ച് അന്വേഷണം നടത്തിയിട്ടും ആശാവഹമായ ഒരു തുമ്പും ലഭിച്ചിട്ടില്ല. നാലു വര്‍ഷം മുന്‍പ് ഏതോ ഒരു മലയാളി നല്‍കിയ വിസ വഴി ഉഷസൌദിയില്‍ എത്തി എന്നുമാത്രമേ അറിയാനായിട്ടുള്ളൂ. അവരിപ്പോള്‍ എവിടെ, ജീവിച്ചിരിയ്ക്കുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യാതൊരുത്തരവും ഇല്ല.

“സുബൈര്‍ക്കാ, നമുക്കാവുന്ന പോലൊക്കെ നമ്മള്‍ അന്വേഷിച്ചില്ലെ, ഇനിയും വെറുതെ മെനക്കെടണോ..? ആ സമയത്ത് നമുക്ക് മറ്റെന്തെങ്കിലും ദൌത്യം ഏറ്റെടുക്കാമല്ലോ..” ബാബു നിരാശയോടെ പറഞ്ഞു.

“ശരിയാണ് ഇക്ക.. ഇനിയിത് മുന്നോട്ട് കൊണ്ടു പോകാന്‍ നമുക്കാവുമെന്ന് തോന്നുന്നില്ല. പോലീസില്‍ പറഞ്ഞിട്ടും കാര്യമില്ല. നമുക്കിത് തല്‍ക്കാലം അവസാനിപ്പിയ്ക്കാം..” വിജയിന്റെ അഭിപ്രായവും അതു തന്നെ.

“നിങ്ങളുടെ അഭിപ്രായം തന്നെയാണ് എനിയ്ക്കും. നമ്മള്‍ ഏറ്റെടുത്ത എല്ലാ പ്രശ്നങ്ങളിലും നമുക്ക് വിജയിയ്ക്കാന്‍ കഴിഞ്ഞിരുന്നു, ഇതൊഴിച്ച്. വല്ലാത്തൊരു നിരാശാ ബോധമുണ്ട്. നമുക്കൊരൊറ്റ മാര്‍ഗം കൂടി നോക്കിയിട്ട് ഇത് അവസാനിപ്പിയ്ക്കാം. ..” സുബൈര്‍ എല്ലാവരുടെയും മുഖത്തു നോക്കി.

“പറ ഇക്കാ, എന്താണ്..?” വിജയ് ചോദിച്ചു.

“ഊഹം വച്ചൊരു അന്വേഷണം. ഈശ്വരന്‍ തുണച്ചാല്‍ എന്തെങ്കിലും തുമ്പു കിട്ടിയേക്കും. നമുക്കറിയാമല്ലോ, സൌദിയില്‍ നിന്നു കേരളത്തിലേയ്ക്കുള്ള വിസകള്‍ വക്കാലത്ത് എഴുതുന്നത് ഇവിടെ  മൂന്നോ നാലോ ട്രാവല്‍ ഏജന്‍സികളാണ്. അവര്‍ക്ക് ഒരു പക്ഷെ അറിയാന്‍ സാധ്യതയുണ്ട്, ആരാണ് ഈ വിസ വക്കാലത്ത് എഴുതിച്ചതെന്ന്. പക്ഷെ, നാലു വര്‍ഷമായതിനാല്‍ എങ്ങനെയാണ് സാധ്യതയെന്നു പറയാനാവില്ല. എങ്കിലും നമുക്ക് അവരെ ഒന്നു സമീപിച്ചു നോക്കാം. കിട്ടിയാല്‍ കിട്ടി, അത്ര മാത്രം... “

“സാധ്യത കുറവാണ് ഇക്ക. അവിടെ ആരെല്ലാം വക്കാലത്ത് എഴുതിയ്ക്കാന്‍ വരുന്നു. നാലു വര്‍ഷം മുന്‍പ് ആരാണ് ഇതെഴുതിയ്ക്കാന്‍ വന്നതെന്ന് അവര്‍ എങ്ങനെ അറിയാനാണ്..? “ ബാബു ചോദിച്ചു.

“അതേ..എനിയ്ക്കറിയാം, സാധ്യത കുറവാണ്. എന്നാല്‍ തീരെയില്ല എന്നല്ലല്ലോ അര്‍ത്ഥം? കുറവാണെന്നല്ലേ ഉള്ളൂ. ഒന്നന്വേഷിച്ചിട്ട് സാധ്യതയില്ല എങ്കില്‍ വിട്ടേക്കാം..”

“ആവട്ടെ, ഇക്ക.. ആ ഒരു വഴികൂടി നോ‍ക്കിയില്ല എന്ന് ഖേദിയ്ക്കാനിട വേണ്ട. നമുക്ക് നാളെ തന്നെ അന്വേഷിയ്ക്കാം. ആ ഏജന്‍സികളുടെ പേരൊക്കെ അറിയാമല്ലോ അല്ലേ? “ വിജയ് അന്വേഷിച്ചു.

“അറിയാം, നാളെ ഡ്യൂട്ടിയ്ക്ക ശേഷം വൈകിട്ട് നമുക്ക് തുടങ്ങാം..” സുബൈര്‍ പറഞ്ഞു.

ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാണ് സൌദിയിലെ വിസ സംവിധാനം. മറ്റിടങ്ങളില്‍ വിസ അനുവദിയ്ക്കുന്നത്, അവിടേയ്ക്ക് വരാനാഗ്രഹിയ്ക്കുന്ന വ്യക്തിയുടെ പേരിലാണ്. അതിനായ് മുന്‍‌കൂര്‍ പാസ്പോര്‍ട്ട് കോപ്പിയും മറ്റും നല്‍കി അപേക്ഷ സമര്‍പ്പിയ്ക്കണം. നടപടിക്രമങ്ങള്‍ക്കു ശേഷം അയാളുടെ പേരില്‍ വിസ അനുവദിയ്ക്കും. അതിന്റെ ഒരു കോപ്പിയുമായി അയാള്‍ക്ക് ആ രാജ്യത്തേയ്ക്ക് വരാം. ഒറിജിനല്‍ വിസ പിന്നീട് പാസ്പോര്‍ട്ടില്‍ അടിയ്ക്കും. ആരുടെ പേരിലാണോ വിസ അനുവദിച്ചത്, അയാള്‍ക്കു മാത്രമേ ഇപ്രകാരം വരാനാകൂ.

 എന്നാല്‍ സൌദിയിലെ രീതി മറ്റൊന്നാണ്. ഓരോ തൊഴിലിനായാണ് വിസ അനുവദിയ്ക്കുന്നത്. അത്, പ്രത്യേക ഫോമില്‍ അതാതു രാജ്യത്തെ സൌദി എംബസിയ്ക്കുള്ള അറിയിപ്പായി എഴുതിയ്ക്കും. ഇതിനെ ആണ് “വക്കാലത്ത്“ എന്നു പറയുക. ഈ വക്കാലത്ത് നാട്ടില്‍ എത്തിച്ച് അനുയോജ്യരായവരെ തിരഞ്ഞെടുത്ത ശേഷം മുംബായിലെ സൌദി കോണ്‍സുലേറ്റിലേയ്ക്ക് പാസ്പോര്‍ട്ട് സഹിതം അയയ്ക്കുന്നു. അവിടെ വച്ച് പാസ്പോര്‍ട്ടില്‍ ഒറിജിനല്‍ വിസ തന്നെ സ്റ്റാമ്പ് ചെയ്യും. ഈ രീതിയുടെ പ്രത്യേകത വിസ എന്തു തന്നെ ആയാലും വ്യാജം ആയിരിയ്ക്കില്ല എന്നതാണ്.

സൌദിയില്‍ വക്കാലത്ത് ചെയ്തു കൊടുക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ ധാരാളമുണ്ട്. തീര്‍ച്ചയായും ഒരു വിസ കരസ്ഥമാക്കിയ ആരും ഇതിലേതെങ്കിലും ഒരു സ്ഥാപനത്തില്‍ നിന്ന് വക്കാലത്ത് എഴുതിച്ചിട്ടുണ്ടാകും. റിയാദിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയാണ് “അല്‍-സഫര്‍“. ഇന്ത്യയിലെയ്ക്കുള്ള ഒട്ടുമിക്ക വിസകളും വക്കാലത്ത് എഴുതുവാന്‍  വന്നു പോകുന്നത് ഇവിടെയാണ്. പിറ്റേന്ന് മഗ്രിബ് നിസ്കാരശേഷം സുബൈറും  ബാബുവും  ജോസഫും അവിടെയെത്തി.  “അല്‍-സഫര്‍“ നടത്തുന്നത് മലയാളിയാണ്. ജീവനക്കാര്‍ എല്ലാവരും മലയാളികള്‍. 

ഓഫീസില്‍ തിരക്ക് ആയിട്ടില്ല.

“മാനെജരെ ഒന്നു കാണാനാവുമോ? “സുബൈര്‍ കൌണ്ടറില്‍ ഇരുന്ന ചെറുപ്പക്കാരനോട് ചോദിച്ചു.

“എന്താണ് സര്‍, ആരാണെന്നു പറയണം..?”

“എനിയ്ക്ക് ആളെ മുന്‍പരിചയമില്ല. ഇവിടുത്തെ ഒരു സോഷ്യല്‍ വര്‍ക്കര്‍ ആണെന്നു പറഞ്ഞാല്‍ മതി. ഒരു അത്യാവശ്യ കാര്യം ചോദിയ്ക്കനാണ്..”

ആ ചെറുപ്പക്കാരന്‍ സുബൈറിനെ അല്പ നേരം നോക്കി. പിന്നെ സാവകാശം എഴുനേറ്റ് മാനേജരുടെ മുറിയിലേയ്ക്ക് പോയി.
ഉടനെ തന്നെ വെളിയില്‍ വന്നു.

“ചെല്ലൂ..” അയാള്‍ പറഞ്ഞു.

സുബൈറും മറ്റുള്ളവരും കൂടി മാനേജറുടെ ക്യാബിനില്‍ ചെന്നു. മധ്യവയസ്ക്കനായ അയാള്‍ അവരെ നോക്കി ചിരിച്ചു.

“ഇരിയ്ക്കൂ.. എന്താണ് പ്രശ്നം?”

“ഒന്നുമില്ല സര്‍, ഒരു സഹായം കിട്ടുമോ എന്നറിയാനാണ് വന്നത്. ഞങ്ങള്‍ “പ്രവാസജീവിതം” കൂട്ടായ്മയുടെ ഇവിടുത്തെപ്രവര്‍ത്തകരാണ്. നാലു വര്‍ഷം മുന്‍പ് ഒരു സ്ത്രീ ഇവിടെ മിസ്സിംഗായ ഒരു കേസില്‍ ഞങ്ങള്‍ ഒരു മാസമായി അന്വേഷിയ്ക്കുകയാണ്.”

“പ്രവാസജീവിതം... ഓ ഞാന്‍ കേട്ടിട്ടുണ്ട്. ആ ചാനലില്‍ ആഴ്ച തോറും ഈ പേരില്‍ ഒരു പരിപാടിയുണ്ടല്ലോ. അതല്ലേ..? എന്തു സഹായമാണ് ഞാന്‍ ചെയ്യേണ്ടത് ?”

“ആ സ്ത്രീയുടെ കഫീലിനെ ഞങ്ങള്‍ കണ്ടുപിടിച്ചു. അവര്‍ കഫീലിന്റെ അടുത്ത് എത്തിയിട്ടേ ഇല്ല. അയാള്‍ വിസയെടുത്ത് ഒരു മലയാളിയ്ക്ക് മറിച്ചു വില്‍ക്കുകയാണ് ചെയ്തത്. അതാര്‍ക്കാണെന്ന് അയാള്‍ക്കറിയില്ലത്രേ. വിസയെടുത്ത ആള്‍ വക്കാലത്തെഴുതാന്‍ ഇവിടെ വന്നിട്ടുണ്ടോ, ഉണ്ടെങ്കില്‍ ആളെ അറിയാനാകുമോ എന്നറിഞ്ഞാല്‍ ഉപകാരമായിരുന്നു.”

“ഇവിടെ എത്രയോ പേര്‍ വന്നു പോകുന്നു..! അതും നാലുവര്‍ഷം മുന്‍പ് ഇവിടെ ആരൊക്കെ വന്നു എന്ന് എങ്ങനെ അറിയാനാണ്..സുഹൃത്തേ..?”

“അറിയാം സാര്‍, അതു ബുദ്ധിമുട്ടാണ്. എങ്കിലും വിസക്കച്ചവടം ഉള്ളവര്‍ മിക്കവാറും വരാന്‍ സാധ്യതയുണ്ടല്ലോ.. അങ്ങനെ വല്ല പരിചയവും..?”

“ഒരു മിനിട്ട്, കഫീലിന്റെ പേരുണ്ടല്ലോ..? അങ്ങനെ ഒരു വിസ ഇവിടെ വക്കാലത്തെഴുതിയോ എന്നു നോക്കാം..” അയാള്‍ ബസറില്‍ വിരലമര്‍ത്തി. അപ്പോള്‍ ഒരു യുവാവ് അങ്ങോട്ട് വന്നു.

“റഫീക്ക്, ഇവരുടെ കൈയിലെ പേരിലുള്ള അറബിയുടെ ഏതെങ്കിലും വിസ ഇവിടെ വക്കാലത്ത് എഴുതിയിട്ടുണ്ടോ എന്ന് നമ്മുടെ കമ്പ്യൂട്ടറില്‍ നോക്കൂ..ശരി നിങ്ങള്‍ അവന്റെ കൂടെ ചെല്ലൂ. അവന്‍ ചെക്ക് ചെയ്യും.” മാനേജര്‍ പറഞ്ഞു.

“വളരെ ഉപകാരം സാര്‍..” അവര്‍ എഴുനേറ്റു.

റഫീക്ക്,  “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേര് കമ്പ്യൂട്ടറില്‍ സെര്‍ച്ച് ചെയ്തു.

“ഇല്ല ഭായി, അങ്ങനെയൊരു പേരില്‍ ഇതേ വരെ ഇവിടെ ആരും വക്കാല എഴുതിയിട്ടില്ല..” റഫീക്ക് അവരോട് പറഞ്ഞു.

സുബൈറും കൂട്ടരും നിരാശയോടെ എഴുനേറ്റു.

അടുത്ത ദിവസം “അല്‍-ഹിന്ദ്” ട്രാവെത്സില്‍ പോയപ്പൊഴും നിരാശയായിരുന്നു ഫലം. എന്നിട്ടും അവര്‍ അന്വേഷണം തുടര്‍ന്നു. അവസാനം അതിനു ഫലമുണ്ടായി. “അല്‍-സലഫിയ” ഏജന്‍സിയിലെ കമ്പ്യൂട്ടറില്‍ “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേരുണ്ടായിരുന്നു, ഒന്നിലേറെ തവണ. നാലു വര്‍ഷം മുന്‍പ് പല മാസങ്ങളിലായി അയാളുടെ പേരില്‍  ഇന്ത്യയിലേയ്ക്കുള്ള  മൂന്ന് വിസകള്‍ അവിടെ വക്കാലത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഒരെണ്ണം ഹൌസ് ഡ്രൈവര്‍ വിസ, ഒരെണ്ണം ആട്ടിടയന്റെ വിസ, ഇനിയൊരെണ്ണം വേലക്കാരിയുടെ വിസ..!

വല്ലാത്ത ആവേശമായി സുബൈറിനും കൂട്ടര്‍ക്കും. ഇവിടെ കൊണ്ടു വന്ന് എഴുതിച്ച ആളെക്കൂടി മനസ്സിലായാല്‍ അന്വേഷണം എളുപ്പമാകും.

“സര്‍, ഈ വിസ ഇവിടെ വക്കാലത്ത് എഴുതിയ്ക്കാന്‍ വന്ന ആളെപറ്റി അറിയാമോ?” സുബൈര്‍, “അല്‍-സലഫിയ” മാനേജരോട് അന്വേഷിച്ചു.

“എന്റെ ഓര്‍മ്മയിലില്ല സുഹൃത്തേ, തന്നെയുമല്ല ഞാന്‍ കക്ഷികളെ നേരിട്ടു കാണാറുമില്ല. കൌണ്ടറില്‍ ഇരിയ്ക്കുന്നവരില്‍ ഒരാളൊഴിച്ച് എല്ലാവരും പുതിയ പിള്ളേരാണ്. മറ്റേയാളോട് ചോദിച്ചു നോക്കാം..” അയാള്‍ ബസര്‍ പ്രസ്സ് ചെയ്തു. വാതില്‍ക്കല്‍ അറ്റ‌ഡര്‍ തല കാണിച്ചു.

“അഹമ്മദിനോടു വരാന്‍ പറയൂ..”

അല്പസമയത്തിനകം അഹമ്മദ് കയറി വന്നു. ഒരു മെലിഞ്ഞ മധ്യവയസ്കന്‍. അയാള്‍ സംശയത്തോടെ അവരെ നോക്കി.

“അഹമ്മദ്, “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന ഒരറബിയുടെ പേരില്‍ വക്കാലത്ത് എഴുതിയ്ക്കാന്‍ വന്ന മലയാളികള്‍ ആരെയെങ്കിലും ഓര്‍മ്മയുണ്ടോ? നാലു വര്‍ഷം മുന്‍പത്തെ കാര്യമാണ്..” മാനേജര്‍ അയാളോട് ചോദിച്ചു.

“ഇല്ല സാര്‍, ഞാനോര്‍ക്കുന്നില്ല...” അഹമ്മദ് പറഞ്ഞു.

“ഒന്നു കൂടി ഓര്‍ത്തു നോക്കൂ...” മാനേജര്‍ പറഞ്ഞു.

“ഇല്ല, ഇവിടെ എത്ര പേര്‍ ദിവസവും വരുന്നു. നാലു വര്‍ഷം മുന്‍പ് ആരാണു വന്നതെന്ന് എങ്ങനെ ഓര്‍ക്കാനാണ് സര്‍..?”

“അപ്പോള്‍ സുഹൃത്തുക്കളെ, ഇനിയെന്തു ചെയ്യും? “ മാനേജര്‍ അവരോടു ചൊദിച്ചു.

“അന്ന് ഇവിടെ ജോലിചെയ്തിരുന്ന മറ്റുള്ളവര്‍ എവിടെ ആണെന്ന് സാറിന് അറിയാമോ ?” സുബൈര്‍ ചോദിച്ചു.

“അന്നിവിടെ മൂന്നു പേരാണുണ്ടായിരുന്നത്. അതില്‍ ഒരാള്‍ നാട്ടിലെയ്ക്ക് തിരികെ പോയി, മറ്റേയാള്‍ ഇവിടെ റിയാദില്‍ എവിടെയോ ഉണ്ട്. അഹമ്മദിനറിയോ അയാള്‍ എവിടെ ആണെന്ന് ?” മാനേജര്‍ അഹമ്മദിനെ നോക്കി.

“ജാഫര്‍ അല്ലേ, അയാളുടെ നമ്പര്‍ എനിയ്ക്കറിയാം. നിങ്ങള്‍ അന്വേഷിച്ചു നോക്കൂ..” അയാള്‍ തന്റെ മൊബൈലില്‍ നിന്നും ജാഫറിന്റെ നമ്പര്‍ എടുത്ത് സുബൈറിനു നല്‍കി.

അവര്‍ക്ക് നന്ദി പറഞ്ഞ് സുബൈറും ബാബുവും ജോസഫും ഇറങ്ങി. കാറിലിരുന്ന് സുബൈര്‍, ജാഫറിന്റെ മൊബൈല്‍ നമ്പര്‍ ഡയല്‍ ചെയ്തു.

“ഹലോ, ജാഫര്‍ അല്ലേ..?”

“അതേ.. ആരാണ്?”

“താങ്കളെ ഒന്നു കാണണമായിരുന്നു. ഒരു സംശയം ചോദിയ്ക്കാനായിരുന്നു. എവിടെയാണെന്നു പറഞ്ഞാല്‍ ഞങ്ങള്‍ അങ്ങോട്ടു വരാം.”

“ആരാണ് വിളിയ്ക്കുന്നത് ?”

“ഞങ്ങള്‍ പ്രവാസ ജീവിതം” പ്രവര്‍ത്തകരാണു ഭായി‍. അത്യാവശ്യമായ ഒരു സഹായം വേണമായിരുന്നു. കാര്യങ്ങളെല്ലാം നേരില്‍ പറയാം..”

“ഞാനിപ്പോള്‍ ബത്തയില്‍ ആണുള്ളത്. പാരഡൈസ് റെസ്റ്റോറന്റില്‍ . അരമണിയ്ക്കൂറിനകം എത്താമെങ്കില്‍ കാണാം..”

“ആകട്ടെ ഭായി, ഞങ്ങളുടന്‍ എത്താം..”

ഏതാണ്ട് പതിനഞ്ചു മിനിട്ടിനകം അവര്‍ ബത്തയില്‍ പാരഡൈസ് റെസ്റ്റോറന്റില്‍, ജാഫറിനെ കണ്ടുമുട്ടി.

“ജാഫര്‍ ഭായി, ഞങ്ങളാണ് വിളിച്ചത്, താങ്കളുടെ ഒരു സഹായമുണ്ടാകുമോ ?” സുബൈര്‍ ചോദിച്ചു.

“എന്തു സഹായം..?”

“ഭായി, അല്‍-സലഫിയ ട്രാവത്സില്‍ നേരത്തെ ഉണ്ടായിരുന്നല്ലോ. ഒരു നാലു വര്‍ഷം മുന്‍പ് അവിടെ സ്ഥിരമായി വക്കാലത്ത് എഴുതിയ്ക്കാനും ടിക്കറ്റെടുക്കാനുമൊക്കെ വന്നിരുന്ന മലയാളികളെ ആരെയെങ്കിലും ഓര്‍മ്മയുണ്ടോ ?”

“വിഷമമാണല്ലോ സുഹൃത്തേ..”

“പ്ലീസ്, ഒന്നോര്‍ത്തു നോക്ക്യേ.. ഒരു നല്ല കാര്യത്തിനാണ്..” സുബൈര്‍ അയാളുടെ കൈയില്‍ സ്പര്‍ശിച്ചു.

അയാള്‍ സുബൈറിന്റെ മുഖത്തേയ്ക്ക് നോക്കി. പിന്നെ അല്പനേരം ആലോചിച്ചു.

“എന്റെ ഓര്‍മ്മയില്‍ മൂന്നു നാലു പേരുണ്ട്. എന്നാല്‍ അവരെക്കുറിച്ച് കൂടുതലൊന്നും എനിയ്ക്കറിയില്ല. എന്നാല്‍ അന്ന് സലഫിയയില്‍ പണിയെടുത്തിരുന്ന നാസീറിന് അവരെയെല്ലാം അറിയാം. ഒരര്‍ത്ഥത്തില്‍ അവന്‍ അവരുടെ വലംകൈ ആയിരുന്നു. പക്ഷെ അവനിപ്പോള്‍ ഇവിടെ നിന്നു നിര്‍ത്തി നാട്ടില്‍ ട്രാവല്‍ ഏജന്‍സി ഇട്ടിരിയ്ക്കുകയാണ്..”

“ആ ഏജന്‍സിയെക്കുറിച്ച് വിവരം തരാമോ ?”

“തരാം.. പക്ഷെ എന്നെ ഇതിലൊന്നും വലിച്ചിഴയ്ക്കരുത്. എനിയ്ക്ക് എന്റെ കുടുംബം നോക്കി ജീവിയ്ക്കണം..”

“ഹേയ് ഇതില്‍ ഭയപ്പെടാനൊന്നുമില്ല. താങ്കളെ ഞങ്ങള്‍ കണ്ടിട്ടുമില്ല, സംസാരിച്ചിട്ടുമില്ല. ഒരു പാവം സ്ത്രീയെ കണ്ടുപിടിയ്ക്കാനല്ലേ, ഭായിയെ ഈശ്വരന്‍ അനുഗ്രഹിയ്ക്കും..”

“കൊച്ചി പനമ്പിള്ളി നഗറില്‍ പി.പി. ട്രാവെത്സ്.. ഇനിയൊന്നും എന്നോട് ചോദിയ്ക്കണ്ട..” അയാള്‍ എഴുനേറ്റു.

പതിവുപോലെ റിയാദ് നഗരം രാത്രി ദീപക്കാഴ്ചകളില്‍ മുങ്ങി നിന്നു. തലങ്ങും  വിലങ്ങും പായുന്ന ആഡംബര വാഹനങ്ങള്‍. ഭാഗ്യം ചെയ്തവരായ അറബികള്‍ അതിനുള്ളിലെ ശീതളിമയില്‍, അറബിക് പോപ്പിന്റെ ചടുല താളത്തില്‍ ലയിച്ച് മതിമറന്നിരിയ്ക്കുമ്പോള്‍, അവര്‍ക്ക് വിടുപണി ചെയ്യാന്‍ വിധിയ്ക്കപെട്ട അഭിശപ്ത ജന്മങ്ങള്‍ ഉഷ്ണക്കാറ്റിന്റെ കാഠിന്യത്തില്‍ മനസ്സും ശരീരവും തളര്‍ന്ന് ഉറക്കത്തിലേയ്ക്കു നീങ്ങുകയായിരുന്നു. അടുത്ത പ്രഭാതത്തിലും പതിവു പോലെ നേരത്തെ ഉണരണമല്ലോ...

(തുടരും)

Monday, 7 February 2011

മരുഭൂമിയിലെ നീരാളികള്‍ - 3

ഭാഗം-3

“അല്‍-ഖസീമില്‍ നമ്മുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ ഉണ്ടോ?“ സുബൈര്‍ മറ്റുള്ളവരോട് ചോദിച്ചു.

“അവിടെ “പ്രവാസ ജീവിതം” യൂണിറ്റ് ഇല്ലെന്നാണ് തോന്നുന്നത് സുബൈര്‍ക്കാ, എന്നാല്‍ എനിയ്ക്ക് പരിചയമുള്ള ഒരാളുണ്ട്. ഒരു മജീദ് ഭായി. വല്ലപ്പോഴും വിളിയ്ക്കാറുണ്ട്. ഞാന്‍ ഒന്നു  സംസാരിച്ചു നോക്കാം. ഈ അല്‍-സലൈസിയ എവിടെ ആണോ ആവോ..!” വിജയ് പറഞ്ഞു.

വിജയ് അപ്പോള്‍ തന്നെ മജീദ് ഭായിയുടെ നമ്പര്‍ ഡയല്‍ ചെയ്തു. അല്പസമയത്തിനകം മറുതലയ്ക്കല്‍ മജീദ് ഭായി.

“ഹലോ വിജയ്..”

“ഹായ് മജീദ് ഭായി, സുഖമല്ലേ..?”

“ആ..ഇങ്ങനെ പോണൂ, എന്തൊക്കെ റിയാദ് വിശേഷങ്ങള്‍ ? നിങ്ങളുടെ “പ്രവാസജീവിതം” എങ്ങനെ ?”

“അതിന്റെ  കാര്യം സംസാരിയ്ക്കാനാണ് ഭായി, ഇപ്പോള്‍ വിളിച്ചത്. ഞങ്ങള്‍ ഒരു വലിയ ഇഷ്യൂ ഏറ്റെടുത്തിരിയ്ക്കുകയാണ്. ഒരു സ്ത്രീയെ കാണാതായ വിഷയം. നേരത്തെ നമ്മുടെ ചാനലില്‍ വന്നിരുന്നു, കണ്ടോ ആവോ..? കുറേ ആഴ്ചകള്‍ മെനക്കെട്ട് അവരുടെ സ്പോണ്‍സറുടെ വിവരം സംഘടിപ്പിച്ചിട്ടുണ്ട്. അയാള്‍ അല്‍-ഖസീം ഏരിയയിലാണ്. അല്‍-സലൈസിയ എന്ന ദീരയില്‍. ഞങ്ങള്‍ക്ക് ഭായിയുടെ ചെറിയ സഹായം വേണം..”

“ഞാനിവിടെ ബുറൈദയിലാണ് വിജയ്. ഈ അല്‍-സലൈസിയ എന്ന സ്ഥലത്തെപ്പറ്റി ഞാന്‍ കേട്ടിട്ടേ ഇല്ലല്ലോ..?”

ബുറൈദ, അല്‍-ഖസീം പ്രവിശ്യയുടെ തലസ്ഥാനമാണ്. സാമാന്യം വലിയ നഗരം. അവിടെ താമസിയ്ക്കുന്ന ഒരാള്‍ക്ക് ഉള്‍പ്രദേശത്തെവിടെയോ ഉള്ള ഒരു ഗ്രാമത്തെപറ്റി എന്തറിയാനാണ്?

“മജീദ് ഭായി ഇക്കാര്യത്തില്‍ ഒന്നു സഹായിയ്ക്കണം. ഖസീമില്‍ എവിടെയോ ആണ്  ഈ സലൈസിയ. പരിചയക്കാര്‍ ആരോടെങ്കിലും ഒന്നന്വേഷിച്ചാല്‍ ഉപകാരമായിരുന്നു..”

“ഉം..ഞാന്‍ നോക്കാം.. ഖസീമില്‍ ഒട്ടാകെ വണ്ടിയില്‍ സ്റ്റേഷനറി സപ്ലൈ ചെയ്യുന്ന ഒന്നു രണ്ടു പേരെ എനിയ്ക്കറിയാം, ഞാന്‍ അവരോടൊന്നു അന്വേഷിയ്ക്കട്ടെ..”

“ശരി ഭായി..”

അന്നു വൈകുന്നേരം മജീദ് ഭായിയുടെ ഫോണെത്തി. ഒരു വണ്ടിക്കാരനില്‍ നിന്നും അല്‍-സലൈസിയയെ സംബന്ധിച്ച് വിവരം കിട്ടിയിട്ടുണ്ട്. ബുറൈദയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ “അല്‍-റാസ്” മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള ഒരു കൊച്ചു ബദുവിയന്‍ ഗ്രാമമാണ് സലൈസിയ. മറ്റു വിവരങ്ങള്‍ അവിടെ പോയി അന്വേഷിയ്ക്കേണ്ടിയിരിയ്ക്കുന്നു.

കാര്യങ്ങള്‍ വിജയ്, സുബൈറിനെയും മറ്റുള്ളവരെയും അറിയിച്ചു.  റിയാദില്‍ നിന്നും മുന്നൂറ്റന്‍പത് കിലോമീറ്റര്‍ അകലെയാണ് ബുറൈദ. വ്യാഴാഴ്ച വൈകിട്ട് ഒരു കാറില്‍ പുറപ്പെട്ടാല്‍ വെള്ളിയാഴ്ച അന്വേഷണം നടത്തി രാത്രിയോടെ തിരിച്ചെത്താം. ആ നിര്‍ദ്ദേശം എല്ലാവര്‍ക്കും സ്വീകാര്യമായി. കാറില്‍ മൂന്നൊ നാലോ പേര്‍ക്കു പോകാനാകും.  സുബൈര്‍, വിജയ്, ബാബു, ജോസഫ് ഇത്രയും പേര്‍ യാത്രയ്ക്ക് തയ്യാറായി.

വ്യാഴാഴ്ച  വൈകുന്നേരം അവരുടെ കാര്‍ ബുറൈദ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. വിജയ് ഡ്രൈവിങ്ങില്‍ മിടുക്കനാണ്.  വിജനമായ മരുഭൂമിയില്‍ നീണ്ടു കിടക്കുന്ന റിയാദ്- മദീന എക്സ്പ്രസ് ഹൈവേയില്‍ കൂടി അവരുടെ കാര്‍ പാഞ്ഞു. മൂന്നു മണിക്കൂര്‍ കൊണ്ട് ബുറൈദയെത്താം.

അറേബ്യന്‍ മരുഭൂമിയുടെ ഉള്ളറയിലെവിടെയോ മറഞ്ഞിരിയ്ക്കുന്ന, തങ്ങള്‍ ഇന്നേവരെ കാണുകയോ പരിചയപ്പെടുകയോ ചെയ്യാത്ത അജ്ഞാത സഹോദരിയ്ക്കു വേണ്ടി ആ പ്രവാസികള്‍ അന്വേഷണം ആരംഭിച്ചിട്ട് ഇരുപത്തിയഞ്ച് ദിവസങ്ങളായി. ഇപ്പോഴും അവര്‍ എവിടെയാണ്, ജീവനോടെ ഉണ്ടോ എന്നൊന്നും യാതൊരറിവുമില്ല. തങ്ങളുടെ ഈ അധ്വാനം ഫലവത്താകുമോ എന്നും ഉറപ്പില്ല. എങ്കിലും മനുഷ്യസ്നേഹം എന്ന ഒരേയൊരു വികാരം, യാതൊരു പ്രതിഫലവുമില്ലാത്ത ഈ ജോലി തുടരാന്‍ അവരെ പ്രേരിപ്പിയ്ക്കുകയാണ്. ഒരു പക്ഷെ സ്വന്തം നാട്ടിലായിരുന്നെങ്കില്‍ ഇതിനൊന്നും മെനക്കെടാന്‍ തയ്യാറാവുമായിരുന്നില്ല. എന്നാല്‍ ഈ അന്യരാജ്യത്ത്, ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും തീവ്രത ശരിയ്ക്കും മനസ്സിലാക്കിയതു കൊണ്ടാവാം ഉള്ളിലെ സഹജീവി സ്നേഹം അവരെക്കൊണ്ടിതൊക്കെ ചെയ്യിയ്ക്കുന്നത്.

രാത്രി ഒന്‍പതു മണിയോടെ ബുറൈദയിലെത്തി. അവിടെ അവരെ കാത്ത് മജീദ് ഭായി ഉണ്ടായിരുന്നു. പ്രാന്തപ്രദേശത്തുള്ള ഒരു പഴയ കെട്ടിടത്തിലാണ് അദ്ദേഹത്തിന്റെ താമസം. ബുറൈദയില്‍ ചെറിയൊരു കട നടത്തുകയാണയാള്‍. തന്റെ താമസ സ്ഥലത്തേയ്ക്ക് അദ്ദേഹം അവരെ കൂട്ടിക്കൊണ്ടു പോയി. സാമാന്യം വലിയ ആ മുറിയില്‍ നാലു കട്ടിലുകള്‍ ഉണ്ട്. അയാളടക്കം നാലുപേര്‍ താമസിയ്ക്കുന്നു എന്നര്‍ത്ഥം. ഇന്നത്തെയ്ക്ക് മറ്റുള്ളവരെ മറ്റു ചിലയിടത്തെയ്ക്ക് മാറ്റി റിയാദില്‍ നിന്നു വന്ന അതിഥികള്‍ക്ക് സൌകര്യമൊരുക്കിയിരിയ്ക്കുന്നു.

“സൌകര്യങ്ങള്‍ ഒക്കെ കുറവാണ്...” മജീദ് ഭായി സങ്കോചത്തോടെ പറഞ്ഞു.

“ഹേയ്.. ഇതൊക്കെ ധാരാളം ഭായി. പാവം, ഇവിടുത്തെ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടായി അല്ലേ..?”

“ഇല്ലില്ല.. നിങ്ങള്‍ എന്തിനാണു വരുന്നതെന്നറിഞ്ഞപ്പോള്‍ അവര്‍ സ്വയം ഒഴിഞ്ഞതാണ്. നിങ്ങളെപോലുള്ളവരെ സഹായിച്ചില്ലെങ്കില്‍ പിന്നെയാരെയാണു സഹായിയ്ക്കേണ്ടതെന്നാണ് അവര്‍ ചോദിച്ചത്..”

“ഓ ഇതൊന്നും വലിയ കാര്യമല്ല ഭായി, മറ്റുള്ളവരോട് നമുക്കുള്ള ഒരു കടമ, അത്രയേ ഉള്ളൂ. ഇക്കാര്യത്തില്‍ ആരെയെങ്കിലും ആദരിയ്ക്കണമെങ്കില്‍ ഇതാ ഈ സുബൈറിക്ക മാത്രമാണ് അതിനു യോഗ്യന്‍. ഞങ്ങളെയെല്ലാം ഇതില്‍ പിടിച്ചു നിര്‍ത്തുന്നത് ഇക്കായാണ്. കിട്ടുന്ന ശമ്പളത്തില്‍ നല്ലൊരു പങ്ക് ഇതിനു വേണ്ടി മാറ്റി വയ്ക്കുകയാണ് ഇക്ക..”

“ഓ..നീയൊന്നു നിര്‍ത്തൂ വിജയ്, എന്നെയിങ്ങനെ പൊക്കാതെ.. നിങ്ങളൊന്നുമില്ലാതെ ഞാന്‍ തനിയെ എന്തു ചെയ്യാന്‍..? മിക്കവാറും എല്ലാവരിലും  നല്ല ഒരു മനസ്സുണ്ട്. പല സാഹചര്യങ്ങളാലും അതു വെളിയില്‍ വരുന്നില്ല എന്നു മാത്രം. അതിനെ വെളിയിലേയ്ക്കു കൊണ്ടുവരുക എന്നതാണ് നമ്മളെ പോലുള്ളവരുടെ കടമ. ഇപ്പോള്‍ നമ്മളിവിടെ വരാന്‍ കാരണം മജീദ് ഭായിയുടെ സന്മനസ്സല്ലേ..”

“സുബൈര്‍ ഭായ്, നിങ്ങളെപ്പോലുള്ള നല്ല മനുഷ്യര്‍ക്ക് എന്ത് സഹായം ചെയ്യാനും എനിയ്ക്കു സന്തോഷമേ ഉള്ളു. വരൂ ഭക്ഷണം കഴിച്ച് കിടക്കാം. രാവിലെ നമുക്ക് അന്വേഷണം തുടങ്ങാം. ഞാന്‍ ആ വണ്ടിക്കാരനോട്  പറഞ്ഞിട്ടുണ്ട്..”

ഭക്ഷണശേഷം, അതിഥികളെ കട്ടിലില്‍ കിടത്തി മജീദ് ഭായി താഴെ കിടന്നു. യാത്രക്ഷീണത്താല്‍ അവരെല്ലാം പെട്ടെന്ന് ഉറങ്ങിപ്പോയി.

വെള്ളിയാഴ്ച ദിവസം പ്രവാസികളെ സംബന്ധിച്ച്, മതിമറന്നുറങ്ങാനുള്ളതാണ്. പലരും ഒരാഴ്ചത്തെ കുടിശ്ശിക ഉറക്കം തീര്‍ക്കുന്നത് അന്നാണ്. രാവിലെ ഒന്‍പതു മണിയ്ക്ക് മുന്‍പേ എഴുനേല്‍ക്കുന്നവര്‍ അപൂര്‍വം. എന്നാല്‍ സുബൈറിനും കൂട്ടര്‍ക്കും അതിനാവുമായിരുന്നില്ല. രാവിലെ ഏഴുമണിയ്ക്കു തന്നെ എല്ലാവരും എഴുനേറ്റ് കുളിച്ച് റെഡിയായി. അവര്‍ അഞ്ചുപേരും കൂടി സലൈസിയയെ പറ്റി അറിയാവുന്ന ആ വണ്ടിക്കാരന്റെ റൂമിലേയ്ക്കു പോയി. അവിടെ ആരും എഴുനേറ്റിട്ടുണ്ടായിരുന്നില്ല.

മജീദ് ഭായി അയാളുടെ റൂമിന്റെ വാതിലില്‍ തട്ടി. അല്പ സമയത്തിനു ശേഷം ഉറക്കച്ചടവോടെ ഒരാള്‍ വാതില്‍ തുറന്നു. ശല്യപ്പെടുത്തിയതിന്റെ ഈര്‍ഷ്യ ആ മുഖത്തു കാണാം.

“ക്ഷമിയ്ക്കണം, രവി, ഞാന്‍ ഇന്നലെ പറഞ്ഞിരുന്നില്ലേ.. ആ കാര്യത്തിനു റിയാദില്‍ നിന്നും വന്നവരാണിവര്‍..” മജീദ് ഭായി അയാളോട് പറഞ്ഞു.

“സാരമില്ല മജീദ്, വഴി ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ നേരെ അല്‍-റാസ് എത്തുക. അവിടെ നിന്നും തെക്കോട്ട് ഉള്ളത് അഫീഫ് ഹൈവേ ആണ്. നൂറ് കിലോമീറ്റര്‍ ചെല്ലുമ്പോള്‍ ദരിയയ്ക്കു തിരിയുന്ന റോഡ്. ആ വഴി  പത്തു കിലോ മീറ്റര്‍ ചെല്ലുമ്പോള്‍ വീണ്ടും തിരിയും. അതിലെ ഇരുപത്തഞ്ചു കിലോമീറ്റര്‍ ചെന്നാല്‍ അല്‍-സലൈസിയ ആയി. തീരെ ചെറിയ ഒരു ഗ്രാമമാണ്. എട്ടോ പത്തോ കടകളേ അവിടെ ഉള്ളൂ. മുഴുവന്‍ ബദുക്കളാണ്. അവിടെ ഞാന്‍ സാധനം സപ്ലൈ ചെയ്യുന്ന ഒരു മലയാളി കടയുണ്ട്. ഒരു ഹമീദിന്റേത്. നമ്പര്‍ തരാം. അയാളെ കണ്ട് കാര്യങ്ങള്‍ അന്വേഷിയ്ക്കൂ. എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നെ വിളിച്ചാല്‍ മതി...”

“വളരെ നന്ദി രവിയേട്ടാ.. ഞങ്ങള്‍ രാവിലെ തന്നെ അങ്ങോട്ട് പുറപ്പെടുകയാണ്..” സുബൈര്‍ അയാളോട് പറഞ്ഞു.

അവര്‍ തിരികെ മജീദ് ഭായിയുടെ റൂമിലെത്തി. അയാളെ അവിടെ ഇറക്കി.

“അപ്പോള്‍ ഞങ്ങള്‍ പുറപ്പെടുകയാണ് ഭായ്.. വൈകുകയാണെങ്കില്‍ നേരെ റിയാദിനു പോകും. പിന്നീട് നമുക്കു കാണാം..”

സുബൈര്‍ അയാളുടെ കൈകള്‍ പിടിച്ചു കൊണ്ടു പറഞ്ഞു.

“അല്പം ഇരിയ്ക്കാമെങ്കില്‍ ഞാന്‍ ചായ ഇടാം. ഭക്ഷണം കഴിച്ചു പോകാം..”

“വേണ്ട ഭായി, ഭക്ഷണം ഞങ്ങള്‍ ഹോട്ടലില്‍ നിന്നു കഴിച്ചുകൊള്ളാം. സലൈസിയയില്‍ എത്തുക എന്നതാണ് ഇപ്പോള്‍ അത്യാവശ്യം..”

അങ്ങനെ മജീദ് ഭായിയോട് യാത്ര പറഞ്ഞ് അവര്‍ സലൈസിയ ലക്ഷ്യമാക്കി നീങ്ങി. ആദ്യം അല്‍-റാസ്, പിന്നെ അഫീഫ് ഹൈവേ, പിന്നെ ദരിയ റോഡ്, അവസാനം അല്‍-സലൈസിയ. ഒന്നരമണിക്കൂര്‍ യാത്ര. ഇടയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ അല്‍-റാസില്‍ അരമണിയ്ക്കൂര്‍. മൊത്തം രണ്ടുമണിക്കൂര്‍ കൊണ്ട് അല്‍-സലൈസിയ എത്തി.

സമയം ഒന്‍പതര ആകുന്നു. വളരെ ചെറിയ ഒരു കുഗ്രാമം. ഏതാനും ചിലതൊഴിച്ചാല്‍ എല്ലാം പഴയ വീടുകള്‍. വെള്ളിയാഴ്ച ആയതിനാല്‍ റോഡില്‍ ബദുക്കളുടെ പഴയ പിക്കപ്പുകള്‍ ധാരാളമുണ്ട്. റോഡുകള്‍ക്കിരുവശവും മരുഭൂമി അനന്തമായി കിടക്കുന്നു. ഇവിടെ ആണോ ആ പാവം സ്ത്രീ വന്നു പെട്ടത് !

അവര്‍ മലയാളിയുടേതെന്നു തോന്നിയ്ക്കുന്ന പഴയ ഒരു കട കണ്ടു. ബക്കാല അഥവാ പലചരക്കു കട. അരികില്‍ കാര്‍ നിര്‍ത്തി അവിടേക്കു ചെന്നു. രണ്ടു ബദുക്കള്‍ സാധനം മേടിയ്ക്കാന്‍ അവിടെ നില്‍പ്പുണ്ട്. അവര്‍ പോകും വരെ നിശബ്ദരായി കാത്തു നിന്നു.

“ഹമീദിക്കയാണോ..?” ബദുക്കള്‍ പോയിക്കഴിഞ്ഞപ്പോള്‍ സുബൈര്‍ അയാളോട് ചോദിച്ചു.

“അതേ..ആരാണു മനസ്സിലായില്ലല്ലോ..?” ഹമീദ് ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഞങ്ങള്‍ റിയാദില്‍ നിന്നു വരുന്നവരാണ്. “പ്രവാസ ജീവിതം” എന്ന ഒരു കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍. ബുറൈദയിലുള്ള രവിയേട്ടനില്ലെ, ഇവിടെ വണ്ടിയില്‍ സാധനങ്ങള്‍ സപ്ലൈ ചെയ്യുന്നയാള്‍, അങ്ങേരാണ് ഇക്കായുടെ കാര്യം പറഞ്ഞത്. ഞങ്ങള്‍ ഒരാളെ അന്വേഷിച്ച് വന്നതാണ്. ഹമീദിക്ക ഞങ്ങളെ ഒന്നു സഹായിയ്ക്കണം..”

“ആരെയാണ് നിങ്ങള്‍ അന്വേഷിയ്ക്കുന്നത്..?”

“ഒരു സ്ത്രീയെ ... നാലു വര്‍ഷം മുന്‍പ് കാണാതായ.. ”

അതു കേട്ടതോടെ അയാള്‍ അവരെ തുറിച്ചു നോക്കി.

“പൊന്നു സഹോദരന്മാരെ, നിങ്ങളു പോയാട്ടെ, ഞാനിവിടെ ഈ ചെറിയ കച്ചവടവുമായി കുടുംബം പുലര്‍ത്തുന്നയാളാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ അന്വേഷിച്ച് അകത്താകാന്‍ എന്നെക്കൊണ്ടാവൂലാ..” അയാള്‍ അവരെ ശ്രദ്ധിയ്ക്കാതെ കടയിലെ സാധനങ്ങള്‍ അടുക്കിവെയ്ക്കാന്‍ തുടങ്ങി.

“ഇക്കാ..അങ്ങനെയല്ല അതിന്റെ കാര്യങ്ങള്‍.. നാലു വര്‍ഷം മുന്‍പ് അവര്‍ റിയാദില്‍ വന്നിറങ്ങിയതാണ്. ഇവിടെയുള്ള ഒരു അറബിയാണ് വിസ കൊടുത്തിരിയ്ക്കുന്നത്. വന്നതിനു ശേഷം അവരെക്കുറിച്ച് ഒരു വിവരവുമില്ല. ആ അറബിയെ കണ്ടെത്താനായാല്‍, അവര്‍ക്കെന്തു പറ്റി എന്നറിയാന്‍ പറ്റും...”

“ഇതൊന്നും എന്നോട് പറയേണ്ട, എനിയ്ക്കിതിലൊന്നും താല്പര്യവുമില്ല. നിങ്ങള്‍ക്കറിയാമോ ഇവിടെ മുഴുവന്‍ ബദുക്കളാണ്. അവരുടെ വീട്ടില്‍ വേലക്കാരിയുണ്ടോ പെണ്ണുങ്ങളുണ്ടോ എന്നൊക്കെ അന്വേഷിയ്ക്കാന്‍ പോയാല്‍ തല കാണില്ല. നിങ്ങള്‍ എന്നെ ഉപദ്രവിയ്ക്കാതെ പോയേ...”

“ഇക്കാ ഒരൊറ്റ ഉപകാരം ചെയ്താല്‍ മതി, അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി എന്നൊരാള്‍ ഇവിടെ ഉണ്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി.”

“നിങ്ങളോടല്ലേ പോകാന്‍ പറഞ്ഞത്..എനിക്കൊരു ഖലീലിയെയും അറിയില്ല..” ഹമീദിക്ക അവരോട് പൊട്ടിത്തെറിച്ചു.

അയാളോട് ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ അവര്‍ തിരികെ കാറിലേയ്ക്കു വന്നു. എന്തൊരു കഷ്ടമാണ്, ഒരു സഹജീവിയെ സഹായിയ്ക്കാന്‍ ഇറങ്ങി പുറപ്പെട്ടിട്ട് സ്വന്തം നാട്ടുകാരന്റെ ദുര്‍മുഖം കാണേണ്ടി വരുക..!

“സുബൈര്‍ക്ക, നിങ്ങള്‍ ആ രവിയേട്ടനെ ഒന്നു വിളിച്ചേ.. അയാള്‍ പറഞ്ഞാല്‍ ഒരു പക്ഷേ ഈ ചങ്ങാതി സമ്മതിച്ചേക്കും..” വിജയ് പറഞ്ഞു. സുബൈര്‍ ഉടനെ രവിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

“രവിയേട്ടാ.. ഹമീദിക്ക ഒട്ടും അടുക്കുന്നില്ലല്ലോ.. ഞങ്ങളോട് സംസാരിയ്ക്കാന്‍ പോലും അയാള്‍ സമ്മതിയ്ക്കുന്നില്ല. ഒന്നു വിളിച്ച് കാര്യങ്ങള്‍ പറയാമോ..?”

“ഓഹോ..ഞാനൊന്നു സംസാരിയ്ക്കാം. അയാള്‍ ആളു ശുദ്ധനാ. നിങ്ങളെ മനസ്സിലാകാത്തതു കൊണ്ടായിരിയ്ക്കും. പിന്നെ അയാളവിടെ ഒറ്റയ്ക്കല്ലേ. ബദുക്കളുടെ കാര്യമായതു കൊണ്ട് അങ്ങനെയൊന്നും അന്വേഷിച്ചു കൂടാ.. ഏതായാലും അല്പം വെയിറ്റ് ചെയ്യ്..”

അല്പസമയത്തിനകം കടയില്‍ ഹമീദിക്കയുടെ മൊബൈല്‍ ശബ്ദിയ്ക്കുന്നതും അയാള്‍ സംസാരിയ്ക്കുന്നതും കണ്ടു. രവിയായിരിയ്ക്കും. ആ സംഭാഷണ ശേഷം അയാള്‍ കടയില്‍ നിന്ന് അവരെ കൈയാട്ടി വിളിച്ചു. സുബൈറും വിജയും അങ്ങോട്ട് ചെന്നു.

“നിങ്ങള്‍ ഒന്നും വിചാരിയ്ക്കരുത്, ആരാ എന്താ എന്നൊന്നും അറിയാതെ ഇത്തരം കാര്യങ്ങളില്‍ തലയിട്ടാല്‍ കുഴപ്പമാകും അതുകൊണ്ടാണ് നേരത്തെ അങ്ങനെ പറഞ്ഞത്. ഇപ്പോള്‍ രവി വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. എന്താ നിങ്ങള്‍ക്ക് അറിയേണ്ടത്..?”

“സാരമില്ല ഇക്കാ, “അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി“ എന്ന പേരുള്ള ഒരു അറബി ഇവിടെ ഉള്ളതായി അറിയാമോ..?”

“ഇവിടെ ഖലീലി കുടുംബക്കാര്‍ നാലെണ്ണമുണ്ട്. അതില്‍ അബ്ദുള്ളമാര്‍ രണ്ടു പേരും. ഇതിലാരെയാണ് നിങ്ങള്‍ അന്വേഷിയ്ക്കുന്നത് ?”

“അതാണ് പ്രശ്നം. ഇതിലാരെയാണെന്ന് ഞങ്ങള്‍ക്കും അറിയില്ല. ആ സ്ത്രീ വന്നിരിയ്ക്കുന്നത് ഈ പേരിലുള്ള ഒരു അറബിയുടെ വിസയിലാണ്. വീട്ടു വേലയ്ക്കായിരിയ്ക്കും. ഇവിടെ മലയാളി ഗദാമമാര്‍ ആരെങ്കിലുമുള്ളതായി അറിയാമോ..?” സുബൈര്‍ ചോദിച്ചു.

“ഞാനിവിടെ കട തുടങ്ങിയിട്ട് പതിനൊന്നു വര്‍ഷമായി. ഇന്നേ വരെ ഇവിടെ മലയാളി ഗദാമയുള്ളതായി അറിഞ്ഞിട്ടില്ല. നിങ്ങള്‍ക്കു സ്ഥലം തെറ്റിയോ..?”

“ഏയ്, ജവാസാത്തില്‍ നിന്നും കിട്ടിയതാണ് ഈ അറബിയുടെ അഡ്രസ്. തെറ്റാകാന്‍ വഴിയില്ല. ഈ അറബിയെ ഒന്നു കണ്ടു പിടിയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ?”

“ഈ നാലു കുടുംബക്കാരുടെ വീട് ഞാന്‍ പറഞ്ഞു തരാം. നിങ്ങള്‍ അന്വേഷിച്ചു കൊള്ളണം. എന്നെ ഇക്കാര്യത്തിലൊന്നും വലിച്ചിഴയ്ക്കരുത്. എനിയ്ക്കിനിയും ഇവിടെ ജീവിയ്ക്കാനുള്ളതാണ്..” ഹമീദിക്ക പറഞ്ഞു.

“ആവട്ടെ ഇക്ക, ആ വീട് പറഞ്ഞു തരൂ. ഞങ്ങള്‍ അന്വേഷിച്ചുകൊള്ളാം...”

ഹമീദിക്ക ആ നാലു വീടുകളുടെയും അടയാളങ്ങള്‍ പറഞ്ഞു കൊടുത്തു. നാലും അടുത്തടുത്താണ്. അയാള്‍ക്ക് നന്ദി പറഞ്ഞ് അവര്‍ കാര്‍ മുന്നോട്ടെടുത്തു. ആ വീടുകള്‍ ഒന്നു കണ്ടു കളയാം.

വഴിയുടെ ഇരു വശത്തുമായി രണ്ടു വീടുകള്‍ വീതം. അല്പം പഴക്കമുണ്ട്. ഏകദേശം ഒരേ വലിപ്പവും രൂപവും. വലിയ കനത്ത മതില്‍ എല്ലാത്തിന്റെയും മുന്‍പില്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. തുറന്ന ഗേറ്റില്‍ കൂടി ഒരു വീട് അല്പം കാണാം. ആകെ വിജനമായിരുന്നു അവിടം. അവര്‍ വളരെ പതുക്കെ അവയുടെ മുന്‍പില്‍ കൂടി കാറോടിച്ച് അല്പദൂരം പോയി. വീണ്ടും തിരിച്ച് അതേ പോലെ വന്നു.  ആ വീടുകളുടെ മു‌ന്‍‌വശത്തെത്തിയതും ഒരു മുതിര്‍ന്ന അറബിയും നാലു ചെറുപ്പക്കാരും കൂടി കാറിനു മുന്നിലേയ്ക്കു ചാടി വീണു. അറബികളുടെ തലയില്‍ കെട്ടുന്ന  കയര്‍ പോലുള്ള കറുത്ത ബട്ട് ഊരി കൈയില്‍ പിടിച്ചിരുന്നു അവര്‍. വിജയ് ഭയന്ന് കാര്‍ നിര്‍ത്തി.

“എന്തിനാടാ വീട്ടിനുള്ളിലേയ്ക്ക് നോക്കിയത്..? “ പ്രായം ചെന്ന അറബി സൈഡ് ഗ്ലാസിനുള്ളില്‍ കൂടി അലറി.

“ക്ഷമിയ്ക്കണം അബു..ഞങ്ങള്‍ നോക്കിയില്ല..”

“എന്തിനാണ് ഇതിലെ കാറുമായി നടക്കുന്നത്..?”

“ക്ഷമിയ്ക്കണം അബു, ഒരു ഹിന്ദിയെ നോക്കുകയായിരുന്നു..” വിജയ് വീണ്ടും താഴ്മയോടെ പറഞ്ഞു.

“നുണ..ഇവിടെ ഹിന്ദികളാരുമില്ല..” അയാള്‍ വീണ്ടും അലറി.

“ക്ഷമിയ്ക്കണേ..ഞങ്ങളിനി ഇതിലെ വരുകയില്ല, വഴി തെറ്റിപ്പോയതാണ്..” സുബൈറും താഴ്മയായി പറഞ്ഞു.

“മേലാല്‍ ഇവിടെ കണ്ടു പോകരുത്..” അയാള്‍ കൈയിലിരുന്ന ബട്ട് കാറിന്റെ ബോണറ്റില്‍ ആഞ്ഞടിച്ചു. ആ ചെറുപ്പക്കാരും അടിയ്ക്കാനോങ്ങുന്നതു കണ്ടതോടെ വിജയ് കാര്‍ അതിവേഗം മുന്നോട്ടെടുത്തു. ഒരു വിധത്തില്‍ അവിടെ നിന്നു രക്ഷപെട്ടു. ഇനി ഇവിടെ തങ്ങി അന്വേഷിയ്ക്കുന്നത് അത്ര നല്ലതായിരിയ്ക്കില്ല. ബദുക്കളുടെ ശ്രദ്ധയില്‍ പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് എത്രയും വേഗം സ്ഥലം വിടുന്നതാണ് സുരക്ഷിതം.

അവര്‍ അഫീഫ് റോഡിലെത്തി. കാര്‍ ഒരു സൈഡില്‍ നിര്‍ത്തി. എല്ലാവരുടെയും മുഖത്ത് ഭയവും നിരാശയും തെളിഞ്ഞു നിന്നു. ഇവിടെ വരെ എത്തിയിട്ട് വെറുംകൈയോടെ എങ്ങനെ തിരികെപ്പോകും ? ഇത്രദിവസം കഷ്ടപെട്ടിട്ട് യാതൊരു ഫലവുമില്ലാതെ അന്വേഷണം എങ്ങനെ നിര്‍ത്തും?

“നമുക്കൊരു കാര്യം ചെയ്താലോ..? മുഹമ്മദ് സാലെയെ വിളിച്ച് കാര്യം പറഞ്ഞാലോ. അദ്ദേഹം സഹായിച്ചേക്കു- മെന്നെനിയ്ക്ക് തോന്നുന്നു..” ബാബുവാണ് പറഞ്ഞത്.

“റിയാദിലിരിയ്ക്കുന്ന അയാള്‍ ഈ കുഗ്രാമത്തിലെ ഒരു ബദുവിന്റെ കാര്യത്തില്‍ എങ്ങനെ ഇടപെടാനാണ് ബാബു ?” സുബൈര്‍ ചോദിച്ചു.

“അതെനിയ്ക്കുമറിയില്ല ഇക്ക. എങ്കിലും നമുക്കൊന്നു ശ്രമിയ്ക്കാം. നടന്നാല്‍ നടക്കട്ടെ..ഈശ്വരന്‍ തുണയ്ക്കും..”

“എന്നാല്‍ ശരി വിളിച്ച് നോക്കൂ, നമ്മള്‍ എല്ലാവഴിയും നോക്കണമല്ലോ..”

“ഇന്ന് വെള്ളിയാഴ്ചയല്ലേ..ഇപ്പോള്‍ വിളിച്ചിട്ടു കാര്യമില്ല, പള്ളിയിലാവും. ഉച്ചയ്ക്കു ശേഷമാകട്ടെ..നമുക്ക് അല്‍-റാസിലേയ്ക്ക് പോകാം..”

അവര്‍ അല്‍-റാസിലെയ്ക്കു പോയി.

ഉച്ചയ്ക്ക് രണ്ടു മണിയായപ്പോള്‍ ബാബു, മുഹമ്മദ് സാലെയ്ക്കു ഫോണ്‍ ചെയ്തു.

“ക്ഷമിയ്ക്കണം, അബു സാലെ, ഞാന്‍ അല്‍-റാസിലാണുള്ളത്. ആ സ്ത്രീയെ അന്വേഷിച്ച് അല്‍-സലൈസിയയില്‍ പോയി. അവരുടെ ഖഫീലിന്റെ വീടും കണ്ടു. എന്നാല്‍ അവിടെ അന്വേഷിയ്ക്കാന്‍ പറ്റിയില്ല. ഞങ്ങളെ അവര്‍ ഓടിച്ചു. ദയവായി അങ്ങ് എന്തെങ്കിലും ചെയ്യണെ..”

“ഓഹോ..നീയൊരു കാര്യം ചെയ്യ്, ഞാന്‍  അല്‍-റാസ് ബലദിയ റാ‌ഈസി (മേധാവി)നോട്  സംസാരിയ്ക്കാം. നാളെ നീ ബലദിയയില്‍ ചെല്ലൂ. അദ്ദേഹം സഹായിയ്ക്കും..” നല്ലവനായ മുഹമ്മദ് സാലെ പറഞ്ഞു.

അദ്ദേഹത്തിന്റെ മറുപടി അവരില്‍ വീണ്ടും പ്രതീക്ഷകള്‍ കിളിര്‍പ്പിച്ചു. ഇന്ന് ഇവിടെ തങ്ങണം. നാളെ ബലദിയയില്‍ പോയി റാ‌ഈസിനെ കണ്ടാല്‍ അറിയാം എന്താണ് അടുത്ത നടപടി എന്ന്. അന്ന് അവര്‍ വീണ്ടും ബുറൈദയ്ക്ക് തിരിച്ചു. മജീദ് ഭായിയുടെ അടുത്തു തന്നെ തങ്ങി, രാവിലെ എട്ടരയോടെ അല്‍-റാസ് ബലദിയ ഓഫീസിലെത്തി.

ഓഫീസില്‍ അറബികള്‍ എത്തിത്തുടങ്ങുന്നു. ഒന്‍പതു മണിയായപ്പോള്‍ ബലദിയ മേധാവി ഓഫീസിലെത്തി. ഉടന്‍ ബാബു, റിയാദിലേയ്ക്ക്  മുഹമ്മദ് സാലെയെ വിളിച്ചു. അദ്ദേഹം റാ‌ഈസിനോട് സംസാരിയ്ക്കാമെന്നു സമ്മതിച്ചു.  ഏതാണ്ട് അരമണിക്കൂറിനു ശേഷം അവര്‍ ബലദിയ റാഈസിന്റെ ഓഫീസിലേയ്ക്ക് വിളിപ്പിയ്ക്കപ്പെട്ടു. അവിടെ അവര്‍ കാര്യങ്ങളെല്ലാം പറഞ്ഞു. അല്‍-സലൈസിയയില്‍ തങ്ങള്‍ സംശയിയ്ക്കുന്ന അറബികളുടെ പേരും വീടുകളും പറഞ്ഞു കൊടുത്തു.

റാഈസ് അപ്പോള്‍ തന്നെ അല്‍-സലൈസിയ ദീര അമീറിനെ (ഗ്രാമ മുഖ്യന്‍) ഫോണില്‍ വിളിച്ചു. വീട്ടില്‍ ഗദാമയുള്ള “അബ്ദുള്ള  ബിന്‍ ആലി അല്‍  ഖലീലി“ എന്ന ആളെയും കൂട്ടി ഉച്ചയ്ക്ക് തന്റെ ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടു.

“ശരി നിങ്ങള്‍ ഉച്ചയ്ക്ക് നിസ്കാരശേഷം വരൂ..” റാഈസ് അവരെ അറിയിച്ചു.

വീണ്ടും കാത്തിരുപ്പ്. ഉച്ചയ്ക്ക് ഒന്നരയോടെ അവര്‍ വീണ്ടും റാഈസിന്റെ ഓഫീസിലെത്തി. അവിടെ അപ്പോള്‍ മൂന്ന് അറബികള്‍ കൂടി ഉണ്ടായിരുന്നു.  പ്രായമുള്ള രണ്ടു പേരും താരതമ്യേന ചെറുപ്പക്കാരനായ ഒരാളും. അവര്‍ കടന്നു ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ അവരെ തുറിച്ചു നോക്കി.

“ഇവന്മാര്‍ ആണോ എന്നെ അന്വേഷിച്ചത്?“ അയാള്‍ റാഈസിനു നേരെ തിരിഞ്ഞു ചോദിച്ചു.

“അതേ..” റാഈസ് പറഞ്ഞു. “ നിന്റെ വീട്ടില്‍ ഒരു ഹിന്ദി ഗദാമ ഉണ്ടോ..?”

“ഇല്ല അബു ഫായീസ്, എന്റെ വീട്ടില്‍ ഇതേ വരെ ഹിന്ദി ഗദാമ ഇല്ല. ഇന്തോനീഷി ആണുള്ളത്...” അയാള്‍ കൈ മലര്‍ത്തിക്കാണിച്ചു.

“ക്ഷമിയ്ക്കണം മുദീര്‍, ഈ പാസ്പോര്‍ട്ടിലുള്ള ഗദാമ താങ്കളുടെ വിസയില്‍ നാലു വര്‍ഷം മുന്‍പ് വന്നതായി ജവാസാത്തിലുണ്ട്. അവരെക്കുറിച്ച് ഒരു വിവരവും അറിയില്ല..” സുബൈര്‍ വിനയപൂര്‍വം പറഞ്ഞു.

“ആഹാ..നീയാരാണെന്നെ ചോദ്യം ചെയ്യാന്‍ ഹിന്ദിക്കഴുതേ..?” അയാള്‍ ചാടിയെഴുനേറ്റു.

“അബ്ദുള്ള അവിടെയിരിയ്ക്കൂ.. അയാള്‍ ചോദിച്ചതിനു മറുപടി പറയൂ..” റാഈസ് കര്‍ക്കശമായി പറഞ്ഞു. അതോടെ അയാള്‍ അടങ്ങിയിരുന്നു.

“അള്ളയാണെ സത്യം, എന്റെ വീട്ടില്‍ ഇതേവരെ ഹിന്ദി ഗദാമ ഇല്ല.” അബ്ദുള്ള വീണ്ടും പറഞ്ഞു.

“പിന്നെയെങ്ങനെ നിന്റെ വിസയില്‍ ഗദാമ വന്നു?” റാഈസ് അയാളെ തുറിച്ചു നോക്കി.

“നാലുവര്‍ഷം മുന്‍പ് ഞാന്‍ കുറച്ചു വിസയെടുത്തിരുന്നു. അത് ഒരു ഹിന്ദിക്കാരന് കൊടുത്തു. അവന്‍ എനിയ്ക്ക് കുറേ കാശ് തന്നു. പിന്നെയൊന്നും എനിയ്ക്കറിയില്ല..സത്യം..” അയാള്‍ നിസഹായനായി തലയാട്ടിക്കാണിച്ചു.

“ക്ഷമിയ്ക്കണം മുദീര്‍, ആര്‍ക്കാണ് കൊടുത്തതെന്നു പറയാന്‍ ദയവുണ്ടാകുമോ?” സുബൈര്‍ വിനയത്തോടെ വീണ്ടും അബ്ദുള്ളയോട് ചോദിച്ചു.

“ഞാനോര്‍ക്കുന്നില്ല, നാലു വര്‍ഷം മുന്‍പത്തെ കാര്യമാണ്. നിന്റെ നാട്ടുകാരന്‍ തന്നെ, ഒരു കേരളാക്കാരന്‍..” അയാള്‍ പറഞ്ഞു.

“കേട്ടല്ലോ, നിങ്ങള്‍ അന്വേഷിയ്ക്കുന്ന ഗദാമ ഇവിടെയില്ല. ശരി ഇനി പൊയ്ക്കൊള്ളൂ..” റാഈസ് അവരോടു പറഞ്ഞു.

പുറത്തുവന്ന് അവര്‍ നാലുപേരും പരസ്പരം നോക്കി. അന്വേഷണം ഏറെക്കുറെ അവസാനിച്ചിരിയ്ക്കുന്നു. അവര്‍ അല്‍-സലൈസിയയില്‍ ഉള്ളതായി കരുതേണ്ടതില്ല. വര്‍ഷങ്ങളായി അവിടെയുള്ള ഹമീദിക്കയ്ക്കും അവിടെ ഒരു മലയാളി ഗദാമ ഉള്ളതായി അറിവില്ല.

“സുബൈര്‍ക്കാ.. ഇനിയെന്താ നമ്മള്‍ ചെയ്യുക..?“ ബാബു നിസഹായതയോടെ സുബൈറിനെ നോക്കി ചോദിച്ചു.

“ഞാനും അതാണ് ചിന്തിയ്ക്കുന്നത്.. ഇനിയെന്താണ് നമ്മള്‍ ചെയ്യുക? എനിയ്ക്ക് തോന്നുന്നത്, അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലിയുടെ കൈയില്‍ നിന്നും വിസ മേടിച്ച ആളാണ് ഉഷയെ ഇവിടെ വരുത്തിയിരിയ്ക്കുന്നത്. അയാള്‍ തന്നെയാവും അവരെ കൂട്ടിക്കൊണ്ടു പോയതും. എന്നാല്‍ അതാരാണെന്ന് എങ്ങനെ അറിയാന്‍ ?വര്‍ഷങ്ങള്‍ ഇത്രയും ആയ സ്ഥിതിയ്ക്ക് അയാളിപ്പോള്‍ എവിടെ ആണെന്നു തന്നെ ആര്‍ക്കറിയാം..? പോലീസില്‍ പരാതി കൊടുത്താലും കാര്യമില്ല. അവര്‍ അറബിയ്ക്ക് അനുകൂലമാ‍യേ നില്‍ക്കുകയുള്ളു... എന്തായാലും നമുക്ക് റിയാദിനു തിരിച്ചു പോകാം. അവിടെ എത്തിയിട്ട് ചിന്തിയ്ക്കാം, എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന്..”

എല്ലാവരുടെയും അഭിപ്രായം അതു തന്നെയായിരുന്നു. അധികം താമസിയാതെ അവര്‍ റിയാദിലേയ്ക്കു തിരിച്ചു.

(തുടരും)

Sunday, 6 February 2011

മരുഭൂമിയിലെ നീരാളികള്‍ - 2

ഭാഗം-2

അവര്‍ പ്രതീക്ഷിച്ചിരുന്ന വിവരം തന്നെയാണ് സാഹിബിന് നല്‍കാനുണ്ടായിരുന്നത്. ഐ.ജിയുടെ പ്രത്യേക താല്പര്യാര്‍ത്ഥം നടത്തിയ അന്വേഷണത്തിനൊടുവില്‍ ഉഷയുടെ പാസ്പോര്‍ട്ട് നമ്പര്‍ കണ്ടു പിടിയ്ക്കാനായി. പാസ്പോര്‍ട്ട് ഓഫീസിലെ രേഖകള്‍ ചികഞ്ഞാണ് അത് കണ്ടെത്തിയത്. ഒപ്പം, എമിഗ്രേഷന്‍ വകുപ്പില്‍ നടത്തിയ അന്വേഷണത്തില്‍ 2006 മാര്‍ച്ച് 17 നാണ് അവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും റിയാദിലേയ്ക്ക് പോയതെന്നും മനസ്സിലായി. മറ്റു കാര്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല.

“ഇപ്പോള്‍ നമ്മുടെ കൈയിലുള്ളത് ഉഷയുടെ പാസ്പോര്‍ട്ട് നമ്പരും അവര്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും കയറിയ തീയതിയും, പിന്നെ അവരുടെ പഴയ ഒരു ഫോട്ടോയുമാണ്. ഇത്രയും വിവരങ്ങള്‍ വച്ചു വേണം നമുക്ക് അന്വേഷണം തുടങ്ങാന്‍. പറയൂ നിങ്ങളുടെ നിര്‍ദേശങ്ങള്‍..” “പ്രവാസ ജീവിതം” പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിയ്ക്കുന്ന റിയാദിലെ കൂട്ടായ്മയുടെ സെക്രട്ടറി സുബൈര്‍ മറ്റുള്ളവരോടായി പറഞ്ഞു.

റിയാദിലെ ഒരു കണ്‍സള്‍ട്ടിങ്ങ് ഓഫീസില്‍ കോര്‍ഡിനേറ്ററാണ് സുബൈര്‍. റിയാദില്‍ പത്തു വര്‍ഷത്തിലധികമായി. നാട്ടിലുള്ള കാലം മുതലെ ഉണ്ടായിരുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ഇവിടെയും തുടരുന്നു. അതുകൊണ്ടു തന്നെയാവാം രണ്ടു വര്‍ഷത്തിലൊരിയ്ക്കലാണു നാട്ടില്‍ പോകാനാവുന്നത്. കിട്ടുന്ന ശമ്പളത്തിന്റെ ഒരു ഭാഗം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുകയാണ് സുബൈര്‍.

“2006 മാര്‍ച്ച് 17-18 തീയതികളിലെ  റിയാദ് എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ രേഖകള്‍ പരിശോധിയ്ക്കാനായാല്‍ അവര്‍ ഇവിടെ ഇറങ്ങിയ സമയവും വിസയുടെ വിവരവും കിട്ടിയേക്കും. എന്നാല്‍ ഇക്കാര്യങ്ങള്‍ നമ്മുടെ കഴിവിന് അപ്പുറത്താണ്. ഏതെങ്കിലും സ്വാധീനമുള്ള അറബിയുടെ സഹായം തേടല്‍ മാത്രമേ രക്ഷയുള്ളു. അങ്ങനെ ആരെയെങ്കിലും വല്ല പരിചയമുണ്ടോ നമുക്ക് ആര്‍ക്കെങ്കിലും?” കൂട്ടായ്മയുടെ മറ്റൊരു പ്രവര്‍ത്തകനായ വിജയ്  ചോദിച്ചു.

ഈ രാജ്യത്ത് തൊഴിലെടുക്കാനായി വന്ന വിദേശികള്‍ക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് ഓഫീസിലൊന്നും പോയിക്കൂടാ. അങ്ങനെ എന്തെങ്കിലും ചോദിച്ചു കൊണ്ട് അങ്ങോട്ട് ചെന്നാല്‍ ഒന്നാന്തരം ചീത്തയും മേടിച്ച് തിരികെ പോരാം. അതുകൊണ്ട്  ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സുമനസ്സുകളായ അറബികളുടെ സഹായം തേടല്‍ മാത്രമെ രക്ഷയുള്ളു. പക്ഷേ അതും അത്ര എളുപ്പമായ കാര്യമല്ലല്ലോ. സഹായമനസ്ഥിതിയുള്ളവരെ കണ്ടെത്താന്‍ പ്രയാസം. കണ്ടെത്തിയാല്‍ തന്നെ,  പുതിയ  മോഡല്‍ കാറിനെക്കുറിച്ചും ലേറ്റസ്റ്റ് മൊബൈലിനെ പറ്റിയും ഒട്ടക ഓട്ടമത്സരത്തില്‍ ആര്‍ക്കു പന്തയം വെക്കണമെന്നതിനെ പറ്റിയും ഭാര്യയുമായി രാവിലെ വഴക്കിട്ടതിനെപറ്റിയുമൊക്കെ ഗഹനമായി ചിന്തിച്ചിരിയ്ക്കുന്നതിനിടയില്‍ നിന്നും, അവരെ പിടിച്ചു വലിച്ച് ഇത്തരം ചെറിയ കാര്യങ്ങളിലേയ്ക്ക് കൊണ്ടു വരുക അതിലും പ്രയാസം.

“എനിയ്ക്ക് തോന്നുന്നത്, നമുക്കാദ്യം ഇന്ത്യന്‍ എംബസിയെ സമീപിയ്ക്കാം. അവരുടെ സഹായം ഉണ്ടെങ്കില്‍  ഈ വിവരങ്ങള്‍ കിട്ടാന്‍ പ്രയാസമില്ല. നമ്മള്‍ മെനക്കെട്ട് അറബികളുടെ പുറകേ നടക്കുന്നതിലും ഭേദം അതാണ്..” മറ്റൊരാളുടെ നിര്‍ദേശം.

“ശരിയാണ് ജോസഫ് പറഞ്ഞത്, നമുക്ക് ആദ്യം ഇക്കാര്യം ഇന്ത്യന്‍ എംബസിയില്‍ അറിയിയ്ക്കാം. അവര്‍ സഹായിക്കണമല്ലോ..” സുബൈറിന് ആ നിര്‍ദേശം ഇഷ്ടമായി. എംബസിയുടെ സഹായമുണ്ടെങ്കില്‍ കാര്യങ്ങള്‍ പെട്ടെന്നു നീങ്ങും.

പിറ്റേദിവസം രാവിലെ സുബൈറും വിജയും കൂടി റിയാദ് ഇന്ത്യന്‍ എംബസിയിലേയ്ക്ക് തിരിച്ചു. സുബൈര്‍ ഒരു ദിവസത്തെ ലീവെടുത്തിരിയ്ക്കുകയാണ്. വിജയിന് നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ ലീവെടുക്കേണ്ടി വന്നില്ല. എന്നാല്‍ അന്നത്തെ ഉറക്കം കുളമാകുമെന്നു മാത്രം. റിയാദ് നഗരമധ്യത്തില്‍ നിന്നും അല്പം വടക്കു പടിഞ്ഞാറേക്ക് നീങ്ങിയാണ് എംബസി കെട്ടിടം സ്ഥിതി ചെയ്യുന്ന ഡിപ്ലോമാറ്റിക് ഏരിയ. നഗരത്തിലെ ട്രാഫിക്കില്‍  ഇഴഞ്ഞും സിഗ്നലുകളില്‍ കാത്തുകിടന്നും അവരുടെ പഴയകാര്‍ എംബസി ലക്ഷ്യമാക്കി ഓടി.

അവരെത്തുമ്പോള്‍ ഒരു പൂരത്തിനുള്ള ആളുണ്ട്. എന്നും തിരക്കാണിവിടെ. പാസ്പോര്‍ട്ട് പുതുക്കാനും, രേഖകള്‍ അറ്റസ്റ്റു ചെയ്യിയ്ക്കാനും മറ്റുമാണ് ഭൂരിപക്ഷം പേരും എത്തുന്നത്. പലരും വിദൂര പ്രദേശങ്ങളില്‍ നിന്നും തലേദിവസം രാത്രി പുറപ്പെട്ട് എത്തുന്നവരാണ്. നമ്മുടെ നാടിന്റെ വൈവിധ്യപൂര്‍ണമായ എല്ലാ സവിശേഷതകളും ആ കെട്ടിടവളപ്പിലും പ്രതിഫലിയ്ക്കുന്നു. മലയാളിയും തമിഴനും തെലുങ്കനും ഹിന്ദിക്കാരനുമെല്ലാമുണ്ട്. ദരിദ്രതൊഴിലാളിയും കാശുള്ള ജോലിക്കാരനുമുണ്ട്. എംബസി വളപ്പിനു വെളിയില്‍ ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ കുറേപ്പേര്‍ മേശയിട്ടിരിയ്ക്കുന്നു. അവരെ വളഞ്ഞ് വിദ്യാഭ്യാസം കുറഞ്ഞ തൊഴിലാളികള്‍. അവര്‍ക്കിടയിലൂടെ ചില ഏജന്റുമാര്‍ ഇരകളെ അന്വേഷിച്ച് നടക്കുന്നു. ഓഫീസില്‍ സ്വാധീനം ചെലുത്തി രേഖകള്‍ പെട്ടെന്നു സംഘടിപ്പിച്ചു കൊടുക്കാമെന്നാണവരുടെ വാഗ്ദാനം. അവരെയെല്ലാം പിന്നിട്ട് സുബൈറും വിജയും കൂടി കെട്ടിടത്തിലേയ്ക്കു ചെന്നു. അവിടെയും നിറയെ ആളുകള്‍. ചിലര്‍ ക്യൂവില്‍, മറ്റുചിലര്‍ മാറി നിന്നു കലപിലാ സംസാരിയ്ക്കുന്നു.

എംബസിയിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ വിംഗിലാണ് ഇവിടുത്തെ ഇന്ത്യന്‍ പൌരന്മാരുടെ പ്രശ്നങ്ങള്‍  അവതരിപ്പിയ്ക്കേണ്ടത് . കൌണ്ടറുകള്‍ കടന്ന്, കമ്യൂണിറ്റി വെല്‍ഫയര്‍ വിംഗിലെ  സെക്രട്ടറിയുടെ ഓഫീസ് ലക്ഷ്യമാക്കി നടന്നു. അവിടെ ബോര്‍ഡ് കാണാം. “അബ്ദുള്‍ റസാക്ക്. ഫസ്റ്റ് സെക്രട്ടറി.”  സെക്രട്ടറിയുടെ അടഞ്ഞ ഓഫീസിനു വെളിയില്‍ നിരത്തിയിട്ട കസേരകളില്‍ ചിലര്‍ ഇരിപ്പുണ്ട്. അവരൊക്കെ നേരത്തെ എത്തിയവരാണ്. ഒരു അറ്റന്‍ഡര്‍ അവിടെയുണ്ടായിരുന്നു. എഴുതി തയ്യാറാക്കിയ അപേക്ഷ അയാളുടെ കൈയില്‍ ഏല്പിച്ച് അവര്‍ ഒഴിഞ്ഞ രണ്ടു കസേരകളില്‍ ഇരുന്നു.

ഒച്ചിഴയുന്ന വേഗതയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരുന്നു. ഏതാണ്ട് ഒന്നര മണിക്കൂറിനു ശേഷം അവര്‍ക്കു പ്രവേശനം കിട്ടി. ശീതീകരിച്ച മനോഹരമായ ഓഫീസിലെയ്ക്ക് അവര്‍ കയറിച്ചെന്നു.  സെക്രട്ടറി ആരോടോ മൊബൈലില്‍ സംസാരമാണ്. ആള്‍ ഉത്തരേന്ത്യക്കാരനാണെന്ന് കാണുമ്പോഴെ മനസ്സിലാകും. തങ്ങള്‍ കടന്നു ചെന്നതു ഗൌനിയ്ക്കാതെ ഫോണ്‍ സംഭാഷണം തുടരുന്ന അദ്ദേഹം പറയാതെ എങ്ങനെ ഇരിയ്ക്കും എന്ന് ശങ്കിച്ച് അവര്‍ അല്പനേരം നിന്നു.

അഞ്ച് മിനുട്ടിനു ശേഷം, ഫോണ്‍ മേശയില്‍ വച്ചിട്ട് അദ്ദേഹം അവര്‍ കൊടുത്ത കടലാസില്‍ കൂടി ഒന്നോടിച്ചു നോക്കി.

“നാലു വര്‍ഷമായ  കേസാണല്ലോ..? ഇത്രകാലമായിട്ടും ഒരന്വേഷണവും നടത്തിയില്ലേ..?“  ചോദ്യത്തില്‍ ഗൌരവം.

“സര്‍, ഈ സ്ത്രീയ്ക്ക് അമ്മയും രണ്ടു കുട്ടികളും മാത്രമേ ബന്ധുക്കള്‍ ഉള്ളു. അവര്‍ ആദ്യം എപ്പോഴോ പോലീസില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ കാര്യമായ അന്വേഷണം ഒന്നും നടന്നില്ല. പിന്നീട്  ഒരു ന്യൂസ് ചാനലിലെ പരിപാടിയില്‍ അവരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ് ഞങ്ങള്‍ അറിയുന്നത്. ആ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞപ്പോള്‍ ഇക്കാര്യത്തില്‍ അവരെ സഹായിയ്ക്കണമെന്ന് തോന്നി ഞങ്ങള്‍ ഇടപെട്ടതാണ്. നാട്ടില്‍ പോലീസ് അന്വേഷണത്തില്‍ അവരുടെ പാസ്പോര്‍ട്ട് നമ്പരും, അവിടെ നിന്ന് റിയാദിലേയ്ക്ക് പുറപ്പെട്ട തീയതിയും കണ്ടുപിടിച്ചിട്ടുണ്ട്. ആ അപേക്ഷയില്‍ അത് എഴുതിയിട്ടുണ്ടല്ലോ. ഇവിടെ അവരെത്തിയോ എന്നും, അവരുടെ സ്പോണ്‍സര്‍ ആരാണ് എന്നും അറിഞ്ഞാല്‍ കൂടുതല്‍ അന്വേഷിയ്ക്കാമായിരുന്നു. ദയവായി എംബസി ഇടപെട്ട് സൌദി ഇമിഗ്രേഷനില്‍ നിന്നും ഇക്കാര്യങ്ങള്‍ അറിയുവാന്‍ സഹായിയ്ക്കണം..” സുബൈര്‍  സെക്രട്ടറിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു.

“ഉം..ഞാന്‍ ശ്രമിയ്ക്കാം. ഇത്രയും പഴക്കമുള്ള ഒരു കേസല്ലേ, അത്ര പെട്ടെന്നു  നടക്കുമോ എന്നറിയില്ല. ഇവിടെ ഇതു പോലെ അനേകം പരാതികള്‍ കിടപ്പുണ്ട്. ഏതായാലും നിങ്ങള്‍ ഒരാഴ്ച കഴിഞ്ഞു വരൂ..” സെക്രട്ടറി ആ കടലാസെടുത്തു മാറ്റി വച്ചു. അയാള്‍ക്കിതിലെന്ത് പുതുമ? ഇങ്ങനെ എന്തെല്ലാം കേസുകള്‍ ഇവിടെ നടക്കുന്നു. ഇതിന്റെയെല്ലാം പുറകേ പോകാനാണെങ്കില്‍ അതിനേ നേരം കാണൂ..

“പ്ലീസ് സര്‍..ഇക്കാര്യത്തില്‍ അങ്ങ് ഒന്നു താല്പര്യമെടുക്കണം. അവരുടെ സ്പോണ്‍സറുടെ വിവരമെങ്കിലും കിട്ടിയാല്‍ ബാക്കി ഞങ്ങള്‍ എങ്ങനെയും അന്വേഷിയ്ക്കാം..” സുബൈര്‍ വീണ്ടും അയാളോടപേക്ഷിച്ചു.

“ഓകെ..ഓകെ..ഞാന്‍ ശ്രമിയ്ക്കാം. നിങ്ങള്‍ ചെല്ലൂ...”

കൂടുതല്‍ പറഞ്ഞിട്ടു കാര്യമില്ലെന്നു മനസ്സിലായതോടെ അവര്‍ ഇറങ്ങി.

“സുബൈര്‍ക്കാ, അയാള്‍ എന്തെങ്കിലും ചെയ്യുമോ..? വിജയ് സംശയം പ്രകടിപ്പിച്ചു.

“നമുക്കു നോക്കാം വിജയ്. എന്തു ചെയ്യാനാണ്, ഇത്തരം നോര്‍ത്ത് ഇന്ത്യന്‍ താപ്പാനകളെയാണ് നമ്മുടെ സര്‍ക്കാര്‍ ഇങ്ങോട്ട് കെട്ടിയെഴുന്നെള്ളിച്ചിരിയ്ക്കുന്നത്. അവന്മാര്‍ക്ക് ശമ്പളം മേടിയ്ക്കുക എന്നതില്‍ കവിഞ്ഞ് എന്തു ബാധ്യത..?  അയാളുടെ മട്ടും ഭാവവും കണ്ടിട്ട് എനിയ്ക്കും സംശയമുണ്ട്. ഏതായാലും നമുക്ക് ഒരാഴ്ച ക്ഷമിയ്ക്കാം...”

ഒരാഴ്ച കഴിഞ്ഞു. വീണ്ടും  സുബൈറും വിജയും എംബസിയിലെത്തി. നീണ്ട കാത്തിരിപ്പിനൊടുവില്‍  സെക്രട്ടറിയെ മുഖം കാണിച്ചു.

“ഹാ..നിങ്ങളുടെ റിക്വസ്റ്റ് ഞാന്‍ അംബാസിഡര്‍ക്ക് ഫോര്‍വേഡ് ചെയ്തിരിയ്ക്കുകയാണ്. അംബാസിഡറുടെ ഇടപെടലില്ലാതെ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല. നിങ്ങള്‍ അദ്ദേഹത്തെ ഒന്നു കാണു.ഞാന്‍ ഒരു ലെറ്റര്‍ തരാം.”

ഏറെക്കുറെ ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചിരുന്നതിനാല്‍ വലിയ നിരാശ തോന്നിയില്ല. അംബാസിഡറെ പോയിക്കാണുക അത്ര എളുപ്പമല്ല. എങ്കിലും പരമാവധി ശ്രമിയ്ക്കുക തന്നെ. ഒരു തെലുങ്കനാണത്രേ അംബാസിഡര്‍. അങ്ങേര് വിചാരിച്ചാല്‍ നടക്കാവുന്ന കാര്യമേ ഉള്ളൂ.

അവര്‍ അംബാസിഡറുടെ ഓഫീസ് തേടിപ്പോയി. വിശാലമായ ഒരു ഹാളിനോട് ചേര്‍ന്നാണ് ആ ഓഫീസ്. അവിടെ കോട്ടും സ്യൂട്ടും ധരിച്ച ചില മാന്യന്മാര്‍ ഇരിപ്പുണ്ട്. ചെറിയൊരു ക്യാബിനില്‍ പി.എ.യും. അല്പം സങ്കോചത്തോടെ സുബൈറും വിജയും പി.എ.യുടെ അടുത്തേയ്ക്കു ചെന്നു. കമ്യൂണിറ്റി വെല്‍ഫയര്‍ വിംഗിലെ സെക്രട്ടറിയുടെ ലെറ്റര്‍ അവിടെ ഏല്‍പ്പിച്ചു. അയാള്‍ അതു വായിച്ച ശേഷം പറഞ്ഞു:

“മൂന്ന് ദിവസത്തേയ്ക്ക് ഒഴിവില്ല. ഇന്നേയ്ക്ക് നാലാം ദിവസം രാവിലെ പതിനൊന്നു മണിയ്ക്ക് വരൂ...”

കൂടുതലൊന്നും പറയാനില്ലാത്തതിനാല്‍ അവര്‍ അവിടെ നിന്നും പോന്നു.

“നമ്മളെ പോലെ സാധാരണക്കാര്‍ ചെന്നാലൊന്നും അംബാസിഡറെ പെട്ടെന്നു കാണാനാവില്ല. അവിടെയിരിയ്ക്കുന്ന മാന്യന്മാരെ കണ്ടോ, അതു പോലെ കോട്ടും സ്യൂട്ടും ഇട്ടവരാണെങ്കില്‍ ചെല്ലുമ്പൊഴേ കാര്യം സാധിച്ചു പോരാം..” വിജയ് നിരാശയോടെ പറഞ്ഞു.

“സാരമില്ല വിജയ്, അംബാസിഡര്‍ ചെറിയ ഒരാളല്ല, ഓടിച്ചെന്നു കാണാന്‍. അവര്‍ക്ക് അനേകം ഔദ്യോഗിക തിരക്കുകളുണ്ട്. എല്ലാം മുന്‍‌കൂട്ടി തീരുമാനിച്ചവയാകും. അതിനിടയില്‍ നമ്മള്‍ ഇതു പോലുള്ള ചെറിയ പ്രശ്നങ്ങളുമായി ചെന്നാല്‍ അവരെ ഉടനെ കണ്ടെന്നു വരില്ല. ഏതായാലും മൂന്നു ദിവസം കഴിയട്ടെ. നമുക്ക് വീണ്ടും വരാം. എനിയ്ക്കിപ്പോള്‍ രണ്ടു ദിവസത്തെ ലീവായി. ഇനിയൊന്നു കൂടി കിട്ടുമോയെന്നു സംശയമാണ്. അതാണൊരു പ്രശ്നം..”

“ശരിയാണ് സുബൈര്‍ക്കാ, പക്ഷേ നിങ്ങളെയല്ലാതെ മറ്റാരെയെങ്കിലും കൂട്ടിയിട്ടു കാര്യമില്ല. അല്ലെങ്കില്‍ ഞാന്‍ നോക്കി ക്കൊള്ളാമായിരുന്നു..”

“ഓ..അതൊന്നും പ്രശ്നമില്ല , നമുക്ക് ഇങ്ങനെയൊക്കെയല്ലേ എന്തെങ്കിലും ചെയ്യാനാവൂ..എങ്ങനെയും ഒരു ദിവസം കൂടി ലീവെടുക്കാം..”

നാലാം ദിവസം വീണ്ടും അവരെത്തി, അംബാസിഡറുടെ ഓഫീസില്‍. പ്രൈവറ്റ് സെക്രട്ടറിയെ മുഖം കാണിച്ചു.

“സര്‍, മൂന്നു ദിവസം മുന്‍പ് ഞങ്ങള്‍ അംബാസിഡറെ കാണാന്‍ അപ്പോയിന്റ്മെന്റ് എടുത്തിരുന്നു. ഇന്നു കാണാമല്ലോ അല്ലേ..?

“സോറി ജെന്റില്‍മെന്‍, അടുത്തയാഴ്ച ഫോറിന്‍ മിനിസ്റ്റര്‍ ഡെല്‍ഹിയില്‍ നിന്നു വരുന്നുണ്ട്. അംബാസിഡര്‍ അതിന്റെ തിരക്കിലാണ്. ഇനി അതു കഴിഞ്ഞേ കാണാന്‍ പറ്റൂ. നിങ്ങള്‍ ഒരു പത്തു ദിവസം കഴിഞ്ഞു വരൂ..”

സുബൈറും വിജയ്‌യും മുഖത്തോടു മുഖം നോക്കി. ഇന്നൊരു ദിവസത്തെ ലീവൊപ്പിച്ചെടുക്കാന്‍ പെട്ട ബദ്ധപ്പാടിനെ പറ്റി സുബൈര്‍ ഒരു നിമിഷം ചിന്തിച്ചു പോയി. ഉള്ളില്‍ തികട്ടി വന്ന ദേഷ്യമെല്ലാം തൊണ്ടക്കുഴിയില്‍ പിടിച്ചു നിര്‍ത്തി ചിരിച്ചതു പോലെ വരുത്തി അവര്‍ ഇറങ്ങിപ്പോയി.

ഈ രാജ്യത്തെ ഇന്ത്യാക്കാരുടെ ക്ഷേമം അന്വേഷിയ്ക്കാന്‍ ഉത്തരവാദപ്പെട്ടവരുടെ കര്‍ത്തവ്യബോധം എത്ര ഉന്നതം ! അല്പനേരം മിനക്കെട്ടാല്‍ ചെയ്തു തരാവുന്ന ഒരു കാര്യം, ഒരു പക്ഷെ, ഒരു ജീവിതത്തെ കഷ്ടതയില്‍ നിന്നു മോചിപ്പിയ്ക്കുവാന്‍ നിമിത്തമായേക്കാവുന്ന ചെറിയൊരു കാര്യം, അതു നിര്‍വഹിച്ചു തരാന്‍ അവര്‍ക്കു സമയമോ സന്മനസ്സോ ഇല്ല. ഈ രാജ്യത്ത് കഷ്ടതയിലും ദുരിതത്തിലും കഴിയുന്ന ലക്ഷോപലക്ഷം സാധാരണ ഇന്ത്യന്‍ പൌരന്മാര്‍ അവരെ സംബന്ധിച്ച് ഒരു വിഷയമേ ആകുന്നില്ല. ആരോടു പരാതി പറയും..?

അന്ന് വീണ്ടും “പ്രവാസജീവിതം” പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്നു. പാസ്പോര്‍ട്ടു നമ്പരും ഉഷ പുറപ്പെട്ട ദിവസവും അറിവായിട്ട് രണ്ടാഴ്ചയോളമാകുന്നു. ഒരിഞ്ച് മുന്നോട്ട് നീങ്ങാനായിട്ടില്ല. എംബസിയെ സമീപിയ്ക്കാന്‍ തോന്നിയ നിമിഷത്തെ അവര്‍ ശപിച്ചുപോയി.

“നല്ല സ്വാധീനമുള്ള എതെങ്കിലും അറബിയെ കണ്ടെത്താന്‍ എന്താണു വഴി..? കണ്ടെത്തിയാല്‍ തന്നെ സഹായിയ്ക്കാനുള്ള സന്മനസ്സുണ്ടാകുമോ അവര്‍ക്ക്..?”

“എന്റെ ഖഫീലിന്റെ  ഒരു സുഹൃത്തുണ്ട്, ജവാസാത്ത് ഉദ്യോഗസ്ഥനാണ്. അങ്ങേരെ ഒന്നു ബന്ധപ്പെടാനായാല്‍  കാര്യം നടന്നേക്കുമെന്നു തോന്നുന്നു. അവിടെയിരുന്നവരില്‍ ബാബു എന്നയാള്‍ പറഞ്ഞു.

“തീര്‍ച്ചയായും നമുക്ക് ആ വഴിയ്ക്കൊന്നു ശ്രമിച്ചു നോക്കാം. ബാബുവിന്റെ ഖഫീലെങ്ങനെ, സഹായിയ്ക്കുന്നവനാണോ..?” സുബൈര്‍ ചോദിച്ചു.

“വലിയ കുഴപ്പമില്ലാത്തവനാണ്. നല്ല മൂഡുള്ള സമയമാണെങ്കില്‍ രക്ഷപെട്ടു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമേ പുള്ളിയെ കാണാന്‍ പറ്റൂ. നിങ്ങള്‍ ഒന്നോ രണ്ടൊ പേര്‍ എന്റെ കൂടെ വന്നാല്‍ മതി. ഞാനൊന്നു സംസാരിച്ചു നോക്കാം. ഭാഗ്യമുണ്ടെങ്കില്‍ കാര്യം നടക്കും..”

ബുധനാഴ്ച ദിവസം സൌദികള്‍ക്കു പൊതുവെ സന്തോഷകരമാണ്.  അടുത്ത രണ്ടു ദിവസം അവധിയാണല്ലോ. പൊതുവെ എല്ലാ കാര്യങ്ങളിലും അലസന്മാരാണ് അറബികള്‍. എവിടെയും അവര്‍ക്കു വേണ്ട ജോലികള്‍ ചെയ്യാന്‍ തുച്ഛശമ്പളത്തിന് ആളുണ്ടല്ലോ. ആഴ്ചയുടെ അവസാനമായ വ്യാഴം വെള്ളി ദിവസങ്ങളില്‍ ഒത്തു ചേര്‍ന്നും യാത്ര പോയും ഷോപ്പിങ്ങുമൊക്കെയായി അവര്‍ അടിച്ചു പൊളിയ്ക്കും.

ആ ബുധനാഴ്ച തന്നെ ബാബുവിന്റെ ഖഫീലിനെ കാണാന്‍ അവര്‍ തീരുമാനിച്ചു.

റിയാദ് ബലദിയയിലെ ഒരുദ്യോഗസ്ഥനാണ് ബാബുവിന്റെ ഖഫീലായ “മുഹമ്മദ് ബിന്‍ സാലെ അല്‍ ഖത്തീരി”. അദ്ദേഹത്തിന്റെ കുടുംബം വകയായ ഒരു ഷോപ്പിങ്ങ് മാളിലെ അക്കൌണ്ടന്റാണ് ബാബു. ഇടയ്ക്കിടെയുള്ള സന്ദര്‍ശനം വഴി മുഹമ്മദ് സാലെയുമായി ബാബുവിന്  പരിചയമുണ്ട്. ജോലിയില്‍ സമര്‍ത്ഥനെന്നും വിശ്വസ്ഥനെന്നുമുള്ള ഒരു മതിപ്പ് അറബികളില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ അറബികള്‍ക്ക് മലയാളികളെ പൊതുവെ ഇഷ്ടമാണ്. ഭാഗ്യവശാല്‍ ബാബു അത്തരത്തില്‍ പെട്ട ആളായിരുന്നു.

റിയാദിന്റെ പ്രാന്തപ്രദേശത്തെ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് മുഹമ്മദ് സാലെയുടെ വീട്. സുന്ദരമായ മതില്‍ കെട്ടിനുള്ളില്‍ ഒരുക്കിയ ഉദ്യാനത്തിനു നടുവിലാണ് ആ വീട് വെച്ചിരിയ്ക്കുന്നത്. മതിലിനോട് ചേര്‍ന്ന് സെക്യൂരിറ്റിയുടെ മുറി. അതിനടുത്തായി സന്ദര്‍ശകരെ സ്വീകരിയ്ക്കാനും സുഹൃത്തുക്കളോടൊത്ത് ഉല്ലസിയ്ക്കാനുമായി പണികഴിപ്പിച്ച ഒരു ഔട്ട് ഹൌസുണ്ട്. ഒഴിവു സമയങ്ങളില്‍ മുഹമ്മദ് സാലെ അവിടെയാകും ഉണ്ടാകുക.

ബാബുവും സുബൈറും വിജയും തങ്ങളുടെ പഴയകാറില്‍ അവിടെയെത്തുമ്പോള്‍ പുറത്ത് ആഡംബര കാറുകളുടെ വലിയ ഒരു നിര തന്നെയുണ്ട്. മുഹമ്മദ് സാലെയും കൂട്ടുകാരും അവിടെയുണ്ടെന്നര്‍ത്ഥം. എന്നാല്‍ അദ്ദേഹം വല്ല തിരക്കിലുമാണെങ്കില്‍ കാണല്‍ ബുദ്ധിമുട്ടാകും. എന്തായാലും വന്ന സ്ഥിതിയ്ക്ക് ഒന്നു ശ്രമിയ്ക്കാം എന്നു തന്നെ അവര്‍ കരുതി. വണ്ടി നിര്‍ത്തി ബാബു ഇറങ്ങി സെക്യൂരിറ്റിയുടെ റൂമിലേയ്ക്ക് ചെന്നു. സുഡാനിയായ സെക്യൂരിറ്റിക്കാരന്‍ ബാബുവിനെ തടഞ്ഞു:

“ഉള്ളിലേയ്ക്കു പോകാന്‍ പറ്റില്ല..”

“ഞാന്‍ അബു സാലെയുടെ ജോലിക്കാരന്‍ ആണ്. എനിയ്ക്കദ്ദേഹത്തെ ഒന്നു കണ്ടേ തീരു..വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്..” ബാബു സെക്യൂരിറ്റിക്കാരനോട് കെഞ്ചി.

“ഇപ്പോള്‍ എന്തായാലും പറ്റില്ല. അബു സാലെയുടെ സുഹൃത്തുക്കള്‍ എല്ലാവരുമുണ്ട്. അവരുടെ മജ്‌ലിസ് സമയമാണ്. കുറേ കഴിഞ്ഞു വരൂ. അപ്പോള്‍ നോക്കാം..”  സുഡാനി പുറത്തേയ്ക്ക് കൈയാട്ടി കാണിച്ചു. കൂടുതല്‍ സംസാരിച്ചിട്ടു കാര്യമില്ല. മജ്‌ലിസ് കഴിയുന്നതു വരെ കാത്തിരിയ്ക്കുക തന്നെ. ബാബു തിരികെ കാറില്‍ വന്നിരുന്നു..

“അവിടെ പാര്‍ട്ടി നടക്കുകയാണ്, അതു കഴിഞ്ഞാലേ കാണാന്‍ പറ്റൂ. എന്താ സുബൈര്‍ക്കാ, വെയിറ്റു ചെയ്യുന്നോ..?”

“വെയിറ്റു ചെയ്യാം.. അല്ലാതെ നമ്മള്‍ തിരികെ പോയിട്ടെന്തു ചെയ്യാന്‍..ഏതായാലും കാര്‍ കുറച്ചങ്ങു മാറ്റിയിട്ടേര്..”

രണ്ടു മണിക്കൂര്‍ നേരം അവര്‍ കാറില്‍ കാത്തിരുന്നു. ഒടുവില്‍ അറബികള്‍ പുറത്തേയ്ക്കു വന്നു കാറുകളില്‍ കയറാന്‍ തുടങ്ങി. കുറേപ്പേര്‍ സ്ഥലം വിട്ടതോടെ അവര്‍ വീണ്ടും സെക്യൂരിറ്റിക്കാരന്റെ അടുത്തെത്തി.

“പ്ലീസ് ഒന്നു കയറ്റി വിടൂ..” ബാബു വീണ്ടും സുഡാനിയോട് പറഞ്ഞു.

“ഇവിടെ നില്‍ക്കൂ..ഞാന്‍ അബു സാലെയോട് ചോദിയ്ക്കട്ടെ.. പേര് പറയൂ..”

ബാബു തന്റെ പേരും മറ്റു വിവരങ്ങളും സുഡാനിയെ അറിയിച്ചു. അയാള്‍ ഔട്ട് ഹൌസിലേയ്ക്കു കയറിപ്പോയി. അല്പ സമയത്തിനകം അയാള്‍ തിരികെ വന്നു.

“അബു സാലെ പുറത്തു പോകുകയാണ്. ഇന്ന് കാണാന്‍ പറ്റില്ല..”

കഷ്ടം..! രണ്ടു മണിക്കൂര്‍ കാത്തു കിടന്നതു വെറുതെയായല്ലോ. ഇനി അയാളെ കാണണമെങ്കില്‍ അടുത്ത ബുധനാഴ്ച വരെ കാത്തിരിയ്ക്കണം. അന്നും കാണാമെന്ന ഉറപ്പൊന്നുമില്ല. അവര്‍ ആകെ നിരാശരായി. എന്തുചെയ്യണമെന്ന് കുഴങ്ങി നില്‍ക്കുമ്പോഴാണ് ഗേറ്റു വഴി തടിച്ച ഒരു അറബി ഇറങ്ങി വരുന്നതു കണ്ടത്. പുറത്ത് നിര്‍ത്തിയിട്ടിരിയ്ക്കുന്ന ലാന്‍ഡ് ക്രൂസറിനു നേരെയാണ് അയാള്‍ നടന്നത്.

“മുഹമ്മദ് സാലെ..! ” ബാബു പറഞ്ഞു. അയാള്‍ വേഗം അറബിയുടെ നേരെ ഓടിച്ചെന്നു.

“അസലാമു അലൈക്കും..അബു സാലെ..”

“വ.. അലൈക്കു മുസലാം.. ഓ ബാബു..നീയെന്താ ഇവിടെ..?”

“ഓ അബു സാലെ, ഞാന്‍ അങ്ങയെ ഒന്നു കാണാന്‍ വന്നതാണ്..” ബാബു വിനയത്തോടെ പറഞ്ഞു.

“എന്തു പറ്റീ..എന്താ നിന്റെ പ്രശ്നം..?”

“അബു സാലെ, എനിയ്ക്കൊരു സഹായം വേണം..വിശദമായി പറയുവാന്‍ ദയവായി അനുവദിയ്ക്കുമോ..?”

“ഇപ്പോള്‍ സമയമില്ലല്ലോ..നീ ശനിയാഴ്ച ബലദിയയില്‍ വരൂ, അവിടെ വച്ചു കാണാം.. ഇതാ എന്റെ നമ്പര്‍ ഈ കാര്‍ഡിലുണ്ട്. വിളിച്ചിട്ടു വരൂ ” മുഹമ്മദ് സാലെ ലാന്‍ഡ് ക്രൂസര്‍  മുന്നോട്ടെടുത്തു. ബാബു തിരികെ കാറിലെത്തി.

“എന്താ ബാബു അയാള്‍ പറഞ്ഞത്? “ സുബൈര്‍ ഉത്കണ്ഠയോടെ ചോദിച്ചു.

“ശനിയാഴ്ച ബലദിയയില്‍ വച്ചു സംസാരിയ്ക്കാമെന്നാണ് പറഞ്ഞത്. നമ്പര്‍ തന്നിട്ടുണ്ട്. ഏതായാലും നമുക്കു പോയി നോക്കാം..”

“എനിയ്ക്ക് ഇനിയും ഒരു ലീവു കൂടി എടുക്കാന്‍ പറ്റില്ല. വിജയ് നീ കൂടി ബാബുവിനൊപ്പം പോകണം..”

“ശരി സുബൈര്‍ക്കാ, ഞങ്ങള്‍ പോയി സംസാരിയ്ക്കാം..” വിജയ് പറഞ്ഞു.

ശനിയാഴ്ച ഒന്‍പതു മണിയോടെ ബാബുവും വിജയും കൂടി ബലദിയ ഓഫീസിലെത്തി. ആഴ്ചയിലെ ആദ്യ ദിവസമായതിനാല്‍ അവിടെ നല്ല തിരക്കുണ്ട്. അതി ബൃഹത്തായ കെട്ടിട സമുച്ചയമാണ് ബലദിയ അഥവാ മുനിസിപ്പല്‍ ഓഫീസ്. അവിടെ ഹെല്‍ത്ത് സെക്ഷനിലാണ് മുഹമ്മദ് സാലെ ജോലി ചെയ്യുന്നത്. ബാബു അവിടെ നിന്ന് സാലെയുടെ മൊബൈലിലേയ്ക്കു വിളിച്ചു:

“അബു സാലെ.. ബാബുവാണ്. ഞാന്‍ ബലദിയയില്‍ എത്തിയിട്ടുണ്ട്. അങ്ങയെ കാണാനാവുമോ?“

“ഹാ..ബാബു.. ഞാനിവിടെ തിരക്കിലാണ്. നീ കുറച്ചു സമയം കാത്തിരിയ്ക്കൂ...” അയാള്‍ ഫോണ്‍ കട്ടു ചെയ്തു.

വീണ്ടും കാത്തിരിപ്പ്. ധാരാളം അറബികളും അല്ലാത്തവരും ബലദിയയില്‍ വന്നും പോയും ഇരുന്നു. ഏകദേശം പതിനൊന്നര ആയപ്പോള്‍ ബാബുവിന്റെ മൊബൈലില്‍ സാലെയുടെ കോള്‍ വന്നു.

“നീ ഓഫീസിലേയ്ക്കു വരൂ..“

ഉടനെ ബാബുവും വിജയും കൂടി ബലദിയയിലെ ഹെല്‍ത്ത് സെക്ഷന്‍ അന്വേഷിച്ചു പോയി. അവിടെ കണ്ട ഒരു ബംഗ്ലാദേശി  തൂപ്പുകാരന്‍ അവര്‍ക്കു വഴികാണിച്ചു കൊടുത്തു. അതി വിശാലവും കമനീയവുമാണ് മുഹമ്മദ് സാലെയുടെ ഓഫീസ്. അവിടെയുണ്ടായിരുന്ന സൌദിക്കാരന്‍  സെക്രട്ടറിയോട് കാര്യം പറഞ്ഞു. അവന്‍ അകത്തു പോയി സാലെയോട് അനുവാദം മേടിച്ച ശേഷം അവരെ ഉള്ളിലേയ്ക്കു വിട്ടു.

“അസലാമു അലൈയ്ക്കും, അബു സാലെ..”

“സലാം.. എന്താണ് നിന്റെ പ്രശ്നം ?” സാലെ ബാബുവിനെയും വിജയിനെയും നോക്കി.

“എന്റെ നാട്ടില്‍ നിന്നും ഒരു സ്ത്രീ സൌദിയിലേയ്ക്കു വീട്ടു ജോലിയ്ക്കായി വന്നിട്ട് നാലു വര്‍ഷമായി. ഇതു വരെ അവരെക്കുറിച്ച് ഒരു വിവരവും അറിയില്ല. വളരെ ദരിദ്രമായ അവരുടെ കുടുംബം പട്ടിണിയിലാണ്. അവര്‍ക്കെന്തു പറ്റി എന്നറിയാന്‍ ഞങ്ങള്‍ അന്വേഷിയ്ക്കുകയാണ്.  2006 മാര്‍ച്ച് 17 നു അവര്‍ റിയാദിലേയ്ക്കു വിമാനം കയറിയിട്ടുണ്ട്.  അവര്‍ ഇവിടെ എത്തിയോ, ആരാണവരുടെ ഖഫീല്‍ എന്ന്  ജവാസാത്തില്‍ അന്വേഷിച്ചാല്‍ അറിഞ്ഞേക്കും. അങ്ങ് ഒന്നു സഹായിച്ചാല്‍ ഇക്കാര്യങ്ങള്‍ സാധിയ്ക്കുമായിരുന്നു...” ബാബു വിവരങ്ങള്‍ ചുരുക്കി പറഞ്ഞു.

മുഹമ്മദ് സാലെ കസേരയിലേയ്ക്കു ചാരിക്കിടന്നു. അല്പനേരം എന്തോ ചിന്തിച്ചു.

“നിന്റെ ആരാണ് ഈ സ്ത്രീ..?”

“എന്റെ ആരുമല്ല അബു സാലെ, ഒരു പാവം സ്ത്രീ. അവരുടെ കുടുംബത്തെ സഹായിയ്ക്കാന്‍ ആരുമില്ല. പ്രായമുള്ള അമ്മയും രണ്ടു കുട്ടികളും മാത്രമാണ് അവര്‍ക്കുള്ളത്. ആരുമില്ലാത്തവരെ സഹായിയ്ക്കേണ്ടതു നമ്മുടെ കടമയല്ലേ..”

“കൊള്ളാം നീ നല്ല പണിക്കാരന്‍ മാത്രമല്ല, നല്ല മനുഷ്യനുമാണല്ലോ.. ഞാന്‍ ഒന്നാലോചിയ്ക്കട്ടെ. നീയിപ്പോള്‍ പോയ്ക്കൊള്ളു. ഞാന്‍ പിന്നീട് വിളിയ്ക്കാം..”

“നന്ദി അബു സാലെ..ഈശ്വരന്‍ അങ്ങയെ അനുഗ്രഹിയ്ക്കട്ടെ..”

അവര്‍ തിരികെ പോന്നു.

“ബാബു, അയാള്‍ എന്തെങ്കിലും ചെയ്യുമോ, അതോ മറന്നു പോകുമോ..?”

“നമുക്കു നോക്കാം.“ ബാബുവിന്റെ വാക്കുകളില്‍ ചെറിയ നിരാശ ഇല്ലാതിരുന്നില്ല. വലിയ വലിയ കാര്യങ്ങള്‍ക്കിടയ്ക്ക് ഇതൊക്കെ അവര്‍ ഓര്‍ത്തിരിയ്ക്കുമോ..?

യാതൊരു പ്രതികരണവുമില്ലാതെ രണ്ടു ദിവസങ്ങള്‍ പിന്നെയും കടന്നു പോയി. ആ വഴിയും അടഞ്ഞതായി അവര്‍ക്കു തോന്നി. ഇനിയാരെ ആണ് സമീപിയ്ക്കുക.. വീണ്ടും എംബസിയിലേയ്ക്കു പോയാലോ? എങ്ങനെയും അംബാസിഡറെ ഒന്നു കാണാനായാല്‍ ഒരു പക്ഷെ അദ്ദേഹം ഇടപെട്ടേക്കും. എന്നാല്‍ ലീവെടുത്തുള്ള പോക്കാണ് വലിയ പ്രശ്നം. എംബസിയില്‍ പോകുക എന്നു പറഞ്ഞാല്‍ ഒരു ദിവസം നഷ്ടം എന്നര്‍ത്ഥം. ഒരു പരിധിയിലധികം ലീവെടുത്താല്‍ ഉള്ള ജോലിയില്‍ മണ്ണു വീഴും.

ഇത്രയും ദിവസങ്ങള്‍ മെനക്കെട്ടിട്ടും ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാനാവാത്തതില്‍  “പ്രവാസ ജീവിതം” പ്രവര്‍ത്തകര്‍ക്കെല്ലാം വല്ലാത്ത നിരാശ തോന്നി. മുന്‍പ് ഇടപെട്ടിട്ടുള്ള പല പ്രശ്നങ്ങളിലും ഈ സമയത്തിനുള്ളില്‍ ആളെ കണ്ടുപിടിയ്ക്കാനോ അല്ലെങ്കില്‍ ആളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനോ കഴിഞ്ഞിട്ടുണ്ട്. അടുത്ത വഴികളെ കുറിച്ച് ആലോചിയ്ക്കാന്‍ അവര്‍ വീണ്ടും സന്ധ്യയ്ക്ക് ഒത്തുകൂടി. പലര്‍ക്കും പഴയ ഉത്സാഹം നഷ്ടമായതു പോലെ. ഇത്രയേറെ പഴയ ഒരു കേസില്‍ ഒരു അന്യരാജ്യത്ത് ഇതിനപ്പുറം എന്തു ചെയ്യാന്‍ എന്ന് ചിലര്‍ക്കു തോത്താതിരുന്നില്ല.
ആ സമയത്ത് ബാബുവിന്റെ മൊബൈല്‍ റിംഗ് ചെയ്തു. മുഹമ്മദ് സാലെയുടെ നമ്പര്‍..! ബാബു ഉദ്വേഗത്തോടെ ഫോണ്‍ ചെവിയില്‍ വച്ചു.

“ഹലോ അബു സാലെ..”

“ഹാ..ബാബു.. നീ വേഗം എന്റെ വീട്ടിലേയ്ക്കു വരൂ..” ഫോണ്‍ കട്ടായി.

“അബു സാലെ വീട്ടിലെയ്ക്ക് വേഗം ചെല്ലാന്‍ പറഞ്ഞിരിയ്ക്കുന്നു..! സുബൈര്‍ക്കാ, വിജയ് , പറ്റാവുന്നവര്‍ വരൂ. നമുക്ക് പോയി നോക്കാം...”ബാബു എല്ലാവരോടുമായി പറഞ്ഞു.

അവര്‍ അഞ്ചുപേര്‍ മുഹമ്മദ് സാലെയുടെ വീട്ടിലേയ്ക്കു പറന്നു. അവിടെ വീടിനു വെളിയില്‍ രണ്ടു കാറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സെക്യൂരിറ്റി സുഡാനി അധികം തടസ്സം പറയാതെ ബാബുവിനെയും സുബൈറിനെയും ഉള്ളിലേയ്ക്കു കടത്തി വിട്ടു.

ഔട്ട് ഹൌസിന്റെ ഹാളില്‍ നല്ല ഒന്നാന്തരം കാര്‍പെറ്റ് വിരിച്ചിരുന്നു. പിന്നെ ഭിത്തിയോട് ചേര്‍ന്ന് നെടുനീളത്തില്‍ സ്പോഞ്ച് ഇരിപ്പിടങ്ങള്‍ നിലത്ത് സജ്ജീകരിച്ചിരുന്നു. വെല്‍‌വെറ്റ് ഉരുളന്‍ തലയിണകള്‍ ഇരിപ്പിടങ്ങളില്‍ കിടപ്പുണ്ട്. അതിലൊന്നില്‍ കൈമുട്ട് താങ്ങി മുഹമ്മദ് സാലെ ചരിഞ്ഞ് കിടക്കുന്നു. തൊട്ടടുത്തു തന്നെ മറ്റൊരു അറബിയും അതു പോലെ കിടക്കുന്നു. അവരുടെ മുന്‍പില്‍ സ്വര്‍ണനിറമുള്ള താലത്തില്‍ രണ്ടു ജഗുകള്‍, കുറച്ച് ഗ്ലാസുകള്‍, ഈത്തപ്പഴം, മറ്റു ചില വിഭവങ്ങള്‍ ഇവയെല്ലാമുണ്ട്. ഏലത്തിന്റെയും ചുക്കിന്റെയും മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയും ഗന്ധം അവിടെ തങ്ങി നില്‍ക്കുന്നു. അറബികളുടെ ഇഷ്ടപാനീയമായ “ഗാവ”യുടെ മണമാണത്.

“അസലാമു അലൈക്കും..” ബാബുവും സുബൈറും ഒന്നിച്ചു പറഞ്ഞു.

“സലാം..ഇരിയ്ക്ക്..” മുഹമ്മദ് സാലെ കൈകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. “ ഇത് എന്റെ സുഹൃത്ത് അബു റാഷിദ് ജവാസാത്തിലാണ് ജോലി. ഇദ്ദേഹത്തിനു നിന്നെ സഹായിയ്ക്കാന്‍ പറ്റും.” അദ്ദേഹം മറ്റേ അറബിയെ ചൂണ്ടി പറഞ്ഞു.

“ഹാ പറയൂ..എന്താണ് നിനക്ക് വേണ്ടത്..?”

“സലാം അബു റാഷിദ്. എന്റെ നാട്ടിലെ ഒരു സ്ത്രീ 2006 മാര്‍ച്ച് 17 ന് റിയാദിലെയ്ക്ക് വന്നതാണ്. പിന്നെ ഇതേ വരെ ഒരു വിവരവുമില്ല. ദയവായി അങ്ങ്, അവള്‍ ഇവിടെ എത്തിയോ, ആരാണ് അവളുടെ കഫീല്‍ എന്ന്  ജവാസാത്തില്‍ അന്വേഷിച്ച് പറയാമോ..?”

“പാസ്പോര്‍ട്ട് നമ്പര്‍ ഉണ്ടോ.. എയര്‍പോര്‍ട്ട് ഇമിഗ്രേഷന്‍ കമ്പ്യൂട്ടര്‍ ഡോക്യുമെന്റ്സ് നോക്കിയാല്‍ അറിയാം. നീ നാളെ ജവാസാത്തില്‍ വരൂ. ഞാന്‍ നോക്കട്ടെ. അബു സാലെ പറഞ്ഞാല്‍ ഒരു കാര്യം എനിയ്ക്കു ചെയ്യാതിരിയ്ക്കാന്‍ പറ്റുമോ..!”

“വളരെ നന്ദി അബു റാഷിദ്, അങ്ങയെ ഈശ്വരന്‍ അനുഗ്രഹിയ്ക്കട്ടെ..” ബാബു അദ്ദേഹത്തിനു നേരെ തലകുനിച്ചു.

“ബാബൂ, നീ നാളെ ബലദിയയില്‍ വരൂ, ഞാനും വരാം നിന്നോടൊപ്പം ജവാസാത്തിലേയ്ക്ക്..! “ അബുസാലെ പറഞ്ഞു.

“നന്ദി നന്ദി അബു സാലെ, അവിടുത്തെ ഈശ്വരന്‍ ആയിരം വട്ടം അനുഗ്രഹിയ്ക്കും..” ബാബുവിനും സുബൈറിനും സന്തോഷം അടക്കാനായില്ല. അവസാനം ഈശ്വരന്‍ കനിഞ്ഞിരിയ്ക്കുന്നു. സ്വന്തം നാടിന്റെ ഉത്തരവാദിത്വപെട്ടവര്‍ ചെയ്യാത്ത സഹായമാണ് ഈ അറബികള്‍ ചെയ്യാമെന്നേറ്റിരിയ്ക്കുന്നത്.

പിറ്റേന്ന് ബാബുവും വിജയും കൂടി ബലദിയയിലെത്തി മുഹമ്മദ് സാലെയെ കണ്ടു. അദ്ദേഹം ഉടന്‍ തന്നെ അവരെ തന്റെ കാറില്‍ കയറ്റി ജവാസാത്ത് ഓഫീസിലേയ്ക്ക് പോയി. പാസ്പോര്‍ട്ട്-വിസകാര്യ വകുപ്പിന്റെ പേരാണ് ജവാസാത്ത്. സൌദിയിലെത്തുന്ന എല്ലാ വിദേശികളുടെയും വിവരങ്ങള്‍ അവരുടെ കമ്പ്യൂട്ടറില്‍ ഉണ്ടാകും.

ജവാസാത്ത് ഓഫീസിലെ സ്വീകരണ മുറിയില്‍ അവരെ ഇരുത്തിയ ശേഷം മുഹമ്മദ് സാലെ അകത്തേയ്ക്കു പോയി. ഉഷയുടെ പാസ്പോര്‍ട്ട് നമ്പര്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്നു. അദ്ദേഹം അബു റാഷിദിനെ പോയിക്കണ്ടു, പാസ്പോര്‍ട്ട് നമ്പര്‍ ഏല്‍പ്പിച്ചു. അബു റാഷിദ് അത് അവിടുത്തെ കമ്പ്യൂട്ടര്‍ സെക്ഷനില്‍ ഏല്‍പ്പിച്ചിട്ട്, ഈ പാസ്പോര്‍ട്ട് നമ്പരില്‍ ആരെങ്കിലും ഇവിടെ എത്തിയോ എന്നു നോക്കാന്‍ പറഞ്ഞു. അവിടെയിരുന്ന അറബി യുവാവ് നമ്പര്‍ കമ്പ്യൂട്ടറില്‍ എന്റെര്‍ ചെയ്ത് സെര്‍ച്ച് കൊടുത്തു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കൂടി മിന്നല്‍ പോലെ അക്ഷരങ്ങള്‍ പോയി ക്കൊണ്ടിരുന്നു. ഏതാനും സെക്കന്‍ഡുകള്‍ക്കകം ഒരു പേര്‍ തെളിഞ്ഞു നിന്നു.

“ഉഷ രാജന്‍, 31 വയസ്സ്, ഇന്ത്യന്‍ സിറ്റിസണ്‍, 2006 മാര്‍ച്ച് 17 രാത്രി 7.35ന് റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്നും എന്‍‌ട്രി ക്ലീയറന്‍സ് നല്‍കിയിട്ടുണ്ട്. സ്പോണ്‍സര്‍: അബ്ദുള്ള ബിന്‍ ആലി അല്‍  ഖലീലി., അല്‍- സലൈസിയ, അല്‍-ഖസീം പ്രോവിന്‍സ്. ഇക്കാമ ഇല്ല. അനധികൃത താമസക്കാരി.“

കിട്ടിയ ഇത്രയും വിവരങ്ങള്‍ പ്രിന്റൌട്ട് എടുത്തു മുഹമ്മദ് സാലെയ്ക്ക് കൊടുത്തു. മുഹമ്മദ് സാലെ ആ കടലാസ് സ്വീകരണ മുറിയിലിരിയ്ക്കുകയായിരുന്ന ബാബുവിനെയും വിജയിനെയും ഏല്‍പ്പിച്ചു.

“ഇതാ നീ പറഞ്ഞ വിവരങ്ങള്‍. പക്ഷെ ഇവള്‍ ജീവനോടെ ഉണ്ടെങ്കില്‍  ജയിലില്‍ പോകുമല്ലോ? ഇക്കാമയൊന്നും അടിച്ചിട്ടില്ല. എന്തായാലും അന്വേഷിയ്ക്കൂ. വിവരങ്ങള്‍ എന്നെയും അറിയിയ്ക്കണം..”

ഒരു വലിയ പര്‍വതം കീഴടക്കിയ സന്തോഷമായിരുന്നു അവര്‍ക്കപ്പോള്‍. ഇത്രയും വിവരങ്ങള്‍ കിട്ടാനാണ് രണ്ടു മൂന്നാഴ്ചയായി അലയുന്നത്. നല്ലവരായ രണ്ട് അറബികള്‍ സഹായിച്ചപ്പോള്‍ എത്ര പെട്ടെന്നു കാര്യം നടന്നു..! ഇന്ത്യന്‍ എംബസിയെക്കുറിച്ചോര്‍ത്തപ്പോള്‍ മനസ്സില്‍ വന്ന വാക്കുകള്‍ വെളിയിലേയ്ക്കു വരാതെ അവര്‍ പിടിച്ചു നിര്‍ത്തി.

(തുടരും)

Friday, 4 February 2011

മരുഭൂമിയിലെ നീരാളികള്‍

പുതിയ നോവല്‍ എഴുതുന്നു. കുടുംബത്തെ കരകയറ്റാനായി ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ടുവേലയ്ക്ക് പോകാന്‍ വിധിയ്ക്കപ്പെട്ട അനേകം സ്ത്രീകള്‍ ഉണ്ട്. അപൂര്‍വം ചിലരൊഴിച്ച് കൊടിയ പീഡനങ്ങളിലേയ്ക്കാണ് ഇവര്‍ എടുത്തെറിയപ്പെടുന്നത്.  മാനസിക പീഡനം, ശാരീക പീഡനം, ലൈംഗീക പീഡനം എന്നിവയെല്ലാം ഇവര്‍ സഹിയ്ക്കേണ്ടി വരുന്നു. പീഡനം മടുത്ത് ഓടിപ്പോകുന്നവര്‍ സെക്സ് റാക്കറ്റുകളുടെ പിടിയില്‍ പെടാനും ഇടയാകാറുണ്ട്. അതുപോലെ തന്നെ സെക്സ് റാക്കറ്റുകള്‍ സ്ത്രീകളെ വീട്ടുജോലിയ്ക്കെന്നും പറഞ്ഞ് വിസ നല്‍കി കൊണ്ടുപോയി സെക്സ് മാര്‍ക്കറ്റില്‍ വില്‍ക്കുന്ന സംഭവങ്ങളും ഉണ്ട്. ഇത്ര ഭീകരമായ ഈ സംഭവങ്ങള്‍ ഇന്നും വേണ്ടത്ര ജനശ്രദ്ധയില്‍ പെട്ടിട്ടില്ല. സര്‍ക്കാരുകള്‍ ഇത്തരം പീഡനങ്ങള്‍ക്കിരയാവുന്നവരെ സംരക്ഷിയ്ക്കാനായി ഒന്നും  ചെയ്യുന്നുമില്ല.

ഇത്തരം ഒരു കുരുക്കില്‍ പെട്ട് കാണാതായ ഒരു യുവതിയെ കണ്ടെത്താന്‍ ഒരു കൂട്ടം പ്രവാസികള്‍ നടത്തുന്ന അന്വേഷണം, അതില്‍ കൂടി തെളിയുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങള്‍.  അതാണ് ഈ നോവലിന്റെ വിഷയം. തികച്ചും വസ്തുതകള്‍ മാത്രമാണ് ഈ നോവലില്‍ അവതരിപ്പിയ്ക്കപെടുന്നത്. 


ഭാഗം- 1.

ചാനല്‍ സ്റ്റുഡിയോയിലെ എ.സി.യുടെ നേര്‍ത്ത തണുപ്പിലും അവര്‍ വിയര്‍ക്കുന്നുണ്ട്. ഉള്ളിലെ വേവിന്റെ ചൂടുകൊണ്ടാണത്. അല്പമകലെ മധ്യവയസ്കനായ ഒരാള്‍ ഇരിയ്ക്കുന്നു. അബ്ദുള്ള സാഹിബ്. എല്ലാവെള്ളിയാഴ്ചകളിലും “പ്രവാസജീവിതം” എന്ന ചാനല്‍ പരിപാടിയിലൂടെ ലോകമാകെ പരിചിതമായ മുഖം. സഹതാപം സ്ഫുരിയ്ക്കുന്ന മുഖഭാവത്തോടെ അദ്ദേഹം അവരെ ഉറ്റുനോക്കി. ഇന്നത്തെ എപ്പിസോഡിനായി എത്തിയതാണല്ലോ അവര്‍..

പ്രായം ചെന്ന ഒരു സ്ത്രീയും പതിനാലു വയസ്സുള്ള ഒരു പെണ്‍കുട്ടിയും പന്ത്രണ്ട് വയസ്സുള്ള ഒരാണ്‍കുട്ടിയും. മുഖമാകെ ചുക്കിച്ചുളിഞ്ഞ്, മെലിഞ്ഞ് ഞരമ്പുകള്‍ എഴുന്നു നിന്നിരുന്നു ആ സ്ത്രീക്ക്.  ദൈന്യത അതിന്റെ എല്ലാ ഭാവങ്ങളോടും കൂടി ആ മുഖത്ത് തേരോട്ടം നടത്തിയിരിയ്ക്കുന്നു. അവര്‍ ആ കുട്ടികളുടെ അമ്മൂമ്മ തന്നെ. പാവം കുട്ടികള്‍. രണ്ടു പേരും മെലിഞ്ഞുണങ്ങിയിരിയ്ക്കുന്നു. ഇരു നിറക്കാരായ  അവരുടെ മുഖത്ത് പക്ഷേ, പ്രത്യാശയുടെ ചില കണികകള്‍ കാണാം.

“എന്താ അമ്മയുടെ പേര് ?” അബ്ദുള്ള സാഹിബ് ചോദിച്ചു.

“ഭവാനിയമ്മ..”

“മകളെയാണ് കാണാതായിരിയ്ക്കുന്നത് അല്ലേ..? എന്താ മകളുടെ പേര്..?”

“ഉഷയെന്നാണ് സാറെ.”

“ഉഷയുടെ കുട്ടികളാണിത് അല്ലേ..? മക്കളുടെ പേരെന്താ..?”

“എന്റെ പേര് രമ്യ..അനിയന്‍ അപ്പു..” ആ പെണ്‍കുട്ടി ശബ്ദം താഴ്ത്തി പറഞ്ഞു.

“ഉഷ എത്ര വര്‍ഷമായി ഗള്‍ഫില്‍ പോയിട്ട്..? പോയിട്ടിതു വരെ വീട്ടിലേയ്ക്ക് കത്തയയ്ക്കുകയോ വിളിയ്ക്കുകയോ ചെയ്തിട്ടില്ല ?”

ഭവാനിയമ്മ മുഖം കുനിച്ച് അല്പനേരം വിതുമ്പി. സാഹിബ് നിശബ്ദനായി നോക്കിയിരുന്നു. അമ്മൂമ്മ കരയുന്നതു കണ്ടതോടെ കുട്ടികള്‍ക്കും കരച്ചില്‍ വന്നു. അല്പസമയത്തിനകം അവര്‍ സമനില വീണ്ടെടുത്തു.

“നാലു വര്‍ഷമായി അവള്‍ പോയിട്ട്. സൌദിയിലെത്തി എന്ന വിവരമറിയിച്ച് ഒരു കത്തല്ലാതെ പിന്നെ യാതൊരു വിവരവും ഇന്നേ വരെ കിട്ടിയിട്ടില്ല. എനിയ്ക്കെന്റെ മോളെ ഒന്നു കണ്ടാല്‍ മതിയായിരുന്നു ഈശ്വരാ..” തിങ്ങിവന്ന വേദനയില്‍ സമനില വിട്ട് അവര്‍ അല്പ നേരം വീണ്ടും കരഞ്ഞു. “അവളുടെ ഭര്‍ത്താവ് മരിച്ചിട്ട് ആറുവര്‍ഷമായി.  നാട്ടില്‍ ചെറിയ ജോലികള്‍ക്കൊക്കെ പോകുമായിരുന്നു. എന്നാല്‍ അതില്‍ നിന്നുള്ള കൂലികൊണ്ട്  ഈ രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്താനും അവരുടെ പഠിത്ത കാര്യങ്ങള്‍ നോക്കാനും പറ്റില്ല എന്നു തോന്നിയപ്പോഴാണ് അവള്‍ ഗള്‍ഫിനു പോകാനൊരുങ്ങിയത്. വേണ്ടാന്നു ഞാന്‍ പറഞ്ഞിട്ടും അവള്‍ കേട്ടില്ല. നാട്ടില്‍ പരിചയമുള്ള ഒരു സ്ത്രീ പറഞ്ഞതു കേട്ട്, ടൌണിലൊള്ള ഒരു എജന്‍സീന്നാണ് അവള്‍ക്ക് വിസ കിട്ടിയത്. മുപ്പതിനായിരം രൂപ, ഉണ്ടായിരുന്നതൊക്കെ വിറ്റു കൊടുക്കേണ്ടി വന്നു. പതിനയ്യായിരം രൂപ മാസം ശമ്പളം കിട്ടുമെന്നും പറഞ്ഞാ അവള്‍ പോയത്. എന്റെ കുഞ്ഞു പോയിട്ടിന്നേ വരെ ഒരു ചില്ലിക്കാശ് അയച്ചിട്ടില്ല. അവളുടെ ഒരു വിവരവും ഇല്ല..”

“എങ്ങും പരാതിയൊന്നും കൊടുത്തില്ലേ..?”

“നാട്ടില്‍ പലരോടും ഞാന്‍ പറഞ്ഞു. ഒരിയ്ക്കല്‍ പോലീസിലും കൊടുത്തു. ഒരു കാര്യവുമില്ല. പിന്നെ, വീട്ടില്‍ ആണുങ്ങളാരുമില്ല. ഞാനും ഈ കുഞ്ഞുങ്ങളും ഇതിനൊക്കെ പുറകേ എങ്ങനെ നടക്കും? ഈയിടെ ചിലര്‍ പറഞ്ഞാണ് ഈ പരിപാടിയെ പറ്റി അറിഞ്ഞത്...”

“അമ്മ സമാധാനപ്പെടൂ..ലോകം മുഴുവന്‍ ഈ പരിപാടി കാണുന്നുണ്ട്. സൌദിയില്‍ നമുക്ക് അന്വേഷിയ്ക്കാം. എവിടെയെങ്കിലും ഉണ്ടാകും. നമ്മള്‍ കണ്ടുപിടിയ്ക്കും. അമ്മയുടെ മകള്‍ തിരിച്ചു വരും..’

ക്യാമറ ആ അമ്മൂമയുടെയും മക്കളുടെയും മുഖങ്ങളില്‍ കൂടി മെല്ലെ സഞ്ചരിച്ച് അവതാരകനില്‍ ഫോക്കസ് ചെയ്തു:

“പ്രിയ പ്രേക്ഷകരോട് ഞാന്‍ ചില വിവരങ്ങള്‍ പങ്കു വയ്ക്കുകയാണ്. ഗള്‍ഫെന്നു കേട്ടാല്‍ ഇന്നും ബഹുഭൂരിപക്ഷം ആളുകള്‍ക്കും സ്വപ്നഭൂമിയാണ്. തങ്ങളുടെ കഷ്ടപ്പാടുകള്‍ മാറ്റാനുള്ള ഒറ്റമൂലിയായി പലരും കാണുന്നത് ഒരു വിസയാണ്. ഗള്‍ഫില്‍ പോയി കച്ചവടം ചെയ്തും ഉയര്‍ന്ന ജോലികള്‍ നോക്കിയും സമ്പത്തുണ്ടാക്കിയ വിരലിലെണ്ണാവുന്ന ഒരു കൂട്ടം ആളുകളെ നോക്കിയാണ് എല്ലാവരും ഗള്‍ഫ് സ്വര്‍ണഖനിയാണെന്ന് കരുതുന്നത്. എന്നാല്‍ സത്യമെന്താണ് ?

ഇവിടെ ഈ പ്രായമായ അമ്മയും രണ്ടു കുഞ്ഞുങ്ങളും വന്നിരിയ്ക്കുന്നത് ഇതേപോലെ നിധി തേടിപ്പോയ ഒരു സ്ത്രീയെ അന്വേഷിച്ചാണ്. അകാലത്തില്‍ വിധവയാകേണ്ടി വന്ന ഉഷ, തന്റെ കുടുംബം മാന്യമായി പുലര്‍ത്താനാണ് ഒരു തൊഴില്‍ തേടി ഗള്‍ഫിലേയ്ക്ക് പോയത്. എനിയ്ക്കു മനസ്സിലാകുന്നത്, അവര്‍ അറബി വീട്ടില്‍ വീട്ടുവേലയ്ക്കാണ് പോയത് എന്നാണ്. എന്നാല്‍ നാലുവര്‍ഷമായിട്ടും ഒരേ ഒരു കത്തല്ലാതെ മറ്റൊരു വിവരവും ഉഷയെക്കുറിച്ച് ഇവര്‍ക്കു കിട്ടിയിട്ടില്ല. അവര്‍ എവിടെയാണ്, അവര്‍ക്കെന്തു പറ്റി, ജീവിച്ചിരിപ്പുണ്ടോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇവര്‍ ജോലി തേടിപ്പോയ സൌദി അറേബ്യ വളരെ വലിയ ഒരു രാജ്യമാണ്. അവിടെ പെട്ടെന്നൊരാളെ കണ്ടെത്തുക വിഷമമാണ്. വീട്ടുവേലയ്ക്കെന്നും പറഞ്ഞ് സ്ത്രീകളെ ഗള്‍ഫിലെയ്ക്കു കടത്തുന്ന ഒരു വലിയ അധോലോകം തന്നെ ഇവിടെ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഈ സ്ത്രീകള്‍ ഗള്‍ഫില്‍ എത്തിച്ചേര്‍ന്നാല്‍ പലവിധ പീഡനങ്ങള്‍ക്കിരയാകുന്നു.

ഒരു കണക്ക് കേള്‍ക്കൂ:  കേരളത്തിലെ ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍  മാത്രം 2000 സ്‌ത്രീകളില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്‌.  2008-09 കാലയളവില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ 309 സ്‌ത്രീകള്‍ വ്യത്യസ്ഥ രീതിയിലുള്ള പീഡനങ്ങള്‍ക്കിരയായ തായി വനിതാ കമ്മീഷനും കോര്‍പ്പറേഷനും നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 155 പേര്‍ ശാരീരിക പീഡനങ്ങള്‍ക്കും 130 പേര്‍ മാനസിക പീഡനങ്ങള്‍ക്കും 33 പേര്‍ സാമ്പത്തിക പീഡനങ്ങള്‍ക്കും ഇരയായതായി സര്‍വേ ചൂണ്ടികാട്ടുന്നു. 98 ശതമാനവും ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരായിരുന്നു. കടുത്ത ദാരിദ്ര്യം, ഭര്‍ത്താവിന്റെ അസുഖം, വിധവകള്‍, ഭര്‍ത്താക്കന്‍മാരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരായിരുന്നു ഭൂരിഭാഗവും. 750 പേര്‍ സ്വകാര്യ ഏജന്‍സി വഴിയും 70 പേര്‍ സര്‍ക്കാര്‍ സഹായത്തോടെയുമായിരുന്നു ഗള്‍ഫിലേക്ക്‌ പറന്നത്‌. 42 പേരെ വിസയില്ലാതെയും ഏജന്‍സികള്‍ കയറ്റി അയച്ചു. 219 പേര്‍ യാത്രക്കിടെ വിവിധ കബളിപ്പിക്കലിനിരയായി. 123 പേര്‍ക്ക്‌ മാത്രമെ ഇന്ത്യന്‍ എംബസിയുടെ സഹായം ലഭ്യമായുള്ളൂ. 1836 പേര്‍ പോയതും  വീട്ടുജോലിക്കായിരുന്നു. ഇതില്‍ 1684 പേര്‍ക്കും പതിനായിരത്തില്‍ താഴെമാത്രമെ ശമ്പളം ലഭിച്ചുള്ളൂ. ഒരു കോര്‍പറേഷന്‍ പരിധിയില്‍ നിന്നുമാത്രം 2000 സ്‌ത്രീകള്‍ ഇത്തരത്തില്‍  വിദേശങ്ങളില്‍ ജോലി തേടി പോയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ നിന്ന്‌ എത്രപേര്‍ പോയിട്ടുണ്ടാകണം?  അവരില്‍ എത്രപേര്‍ക്ക്‌ വിവിധതരത്തിലുള്ള പീഡനങ്ങള്‍ക്ക്‌ ഇരയാകേണ്ടി വന്നിട്ടുണ്ടാകണം..?

ഇനിയെങ്കിലും ഗള്‍ഫ് എന്നു കേള്‍ക്കുന്നപാടെ ചാടിയിറങ്ങും മുന്‍പ് വിവരങ്ങള്‍ കൃത്യമായി അന്വേഷിയ്ക്കുകയും അധികൃതരുമായി ബന്ധപ്പെടുകയും ചെയ്യണം..എനിയ്ക്ക് സൌദിയിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകരോട് പറയാനുള്ളത്, നിങ്ങള്‍ ഉഷയുടെ ഈ തിരോധാനം സംബന്ധിച്ച വിഷയം ഗൌരവമായി എടുക്കണം. കഴിയാവുന്നിടത്തെല്ലാം അന്വേഷിയ്ക്കണം. അവരെ എങ്ങനെയും കണ്ടെത്തി നാട്ടിലെത്തിയ്ക്കാന്‍ ശ്രമിയ്ക്കണം. ഈ അമ്മയുടെയും കുട്ടികളുടെയും സങ്കടം നമ്മള്‍ കാണാതെ പോകരുത്..”
സുദീര്‍ഘമായ വിവരണത്തിനു ശേഷം അദ്ദേഹം അല്പം നിര്‍ത്തി. പിന്നെ തുടര്‍ന്നു: “അമ്മ സമാധാനമായി പോകൂ. .ഞങ്ങള്‍ എങ്ങനെയും ഉഷയെ കണ്ടെത്തും. മക്കളെ വിഷമിയ്ക്കണ്ട കേട്ടോ...”

ഈ ഉറപ്പില്‍ തോന്നിയ വിശ്വാസത്തിന്റെ ആശ്വാസത്തോടെ ആ അമ്മൂമ്മയും പേരക്കുട്ടികളും ചാനലിന്റെ പടിയിറങ്ങി.

ഗള്‍ഫില്‍ പോയിട്ട് വീടുമായി ബന്ധമില്ലാത്ത പലരെയും കണ്ടെത്താനും തിരികെയെത്തിയ്ക്കാനും ഈ പരിപാടികൊണ്ട് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അതു നടക്കുമോ എന്ന് സാഹിബിനു സംശയമുണ്ടായിരുന്നു. അവരെ ആശ്വസിപ്പിയ്ക്കാന്‍ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും യാതൊരു അടിസ്ഥാന വിവരവുമില്ലാതെ, പഴയ ഒരു ഫോട്ടോ മാത്രം വച്ചുകൊണ്ട് എങ്ങനെ അവരെ കണ്ടെത്തും? സൌദിയല്ലാതെ മറ്റേതെങ്കിലും രാജ്യമാണെങ്കില്‍ അല്പമെങ്കിലും പ്രതീക്ഷിയ്കാമായിരുന്നു. നിഗൂഡമായ മരുഭൂമികള്‍ പോലെ നിഗൂഡമാണ് അവിടുത്തെ ജീവിതവും. അതിനുള്ളില്‍ പെട്ടുപോയാല്‍ വലിയ കടല്‍ ചുഴിയില്‍ പെട്ടതു പോലെയാണ്. അടിയിലേയ്ക്ക്  വലിച്ചു താഴ്ത്തും. രക്ഷപെടുക എളുപ്പമല്ല.

ആ കുഞ്ഞുങ്ങളുടെയും അമ്മൂമ്മയുടെയും ദൈന്യമുഖമോര്‍ത്തപ്പോള്‍, ഇക്കാര്യത്തില്‍ എന്തെങ്കിലും മുന്‍‌കൈ എടുത്തു ചെയ്യാനാകുമോ എന്നദ്ദേഹം ചുഴിഞ്ഞു ചിന്തിച്ചു. രാത്രി ഭക്ഷണശേഷം റൂമിലിരുന്ന് സാഹിബ് തന്റെ മൊബൈലില്‍ സൌദിയിലെയ്ക്കുള്ള ഒരു നമ്പര്‍ ഡയല്‍ ചെയ്തു. അല്പസമയത്തിനകം അങ്ങേ തലക്കല്‍ “ഹലോ” മുഴങ്ങി.

“ഹലോ..സുബൈറല്ലേ..ഇന്നത്തെ പ്രവാസജീവിതം പരിപാടി കണ്ടില്ലായിരുന്നോ..?”

“കണ്ടിരുന്നു സാഹിബ്..ഞങ്ങള്‍ ഇന്ന്  അക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ കൃത്യമായ വിവരങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടാവുമല്ലോ സാഹിബ്..”

“ഞാന്‍ അക്കാര്യം ഓര്‍ക്കാതെയല്ല. അവര്‍ ആ പ്രായമായ സ്ത്രീയും കുഞ്ഞുങ്ങളുമേ ഉള്ളൂ. നാലുകൊല്ലം മുന്‍പെടുത്ത ഒരു ഫോട്ടോയല്ലാതെ മറ്റൊന്നും അവരുടെ കൈയില്‍ ഇല്ല...”

“ആ സ്ത്രീ എന്നാണ് ഇവിടെ വിമാനമിറങ്ങിയതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സ്പോണ്‍സറെ സംബന്ധിച്ച് എന്തെങ്കിലും തുമ്പു കിട്ടുമോ എന്നു നോക്കാമായിരുന്നു. സാഹിബ് ഒരു കാര്യം ചെയ്യാമോ..പരിചയമുള്ള ഏതെങ്കിലും പോലീസുകാരുമായി ഒന്നു മുട്ടിനോക്കിക്കേ..അവര്‍ ശ്രമിച്ചാല്‍ ഒരു പക്ഷെ പാസ്പോര്‍ട്ടിന്റെ വിവരങ്ങള്‍ വല്ലതും കിട്ടും. അതല്ലെങ്കില്‍ ആ അമ്മയെ കൊണ്ടൊരു പരാതി കൊടുപ്പിച്ചാലും മതി...”

“അതു നല്ലൊരു ഐഡിയ ആണു സുബൈറേ..ഞാന്‍ ആ വഴിയ്ക്കൊന്നു നീങ്ങാം..”

സാഹിബ് ഉടന്‍ തന്നെ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടര്‍ അനഘയെ മൊബൈലില്‍ വിളിച്ചു.

“മോളെ, നീ നാളെത്തന്നെ നമ്മുടെ പ്രവാസജീവിതം പരിപാടിയ്ക്ക് വന്ന ആ അമ്മയെയും കുഞ്ഞുങ്ങളെയും പോയിക്കാണണം. എന്നിട്ട് അവരെ കൂട്ടി പോലീസില്‍ ഒരു പരാതി, നമ്മുടെ വനിതാ ഐ.ജി.യ്ക്കു തന്നെ ആയിയ്ക്കോട്ടെ, കൊടുക്കണം. ഞാന്‍ അവരെ വിളിച്ചോളാം..”

“ശരി സര്‍..” അനഘ സമ്മതിച്ചു.

സാഹിബ് വിളിച്ചതു കൊണ്ടാവാം ഐ.ജി.യുടെ ഓഫീസിനുമുമ്പില്‍ അധികം കാത്തു നില്‍ക്കാതെ ഉള്ളിലേയ്ക്കു പ്രവേശനം കിട്ടി. വിശാലമായ ഓഫീസിന്റെ അറ്റത്ത്, മനോഹരമായ ഓഫീസ് സംവിധാനത്തില്‍ പ്രശസ്തയായ വനിതാ ഐ.ജി. ഇരിയ്ക്കുന്നു. കടന്നു വന്നവരെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് ഇരിയ്ക്കാന്‍ ആംഗ്യം കാണിച്ചു.

“വിവരങ്ങള്‍ സാഹിബ് പറഞ്ഞ് അറിഞ്ഞു. ഇക്കാര്യത്തില്‍ പോലീസിനു ചെയ്യാവുന്ന എല്ലാ സഹായവും ചെയ്യാം. ആ പരാതി ഇങ്ങു തരൂ...”

രമ്യമോള്‍ കൈയിലിരുന്ന കടലാസ് അവരെ ഏല്‍പ്പിച്ചു. അവര്‍ അത് ഒന്നോടിച്ച് വായിച്ച് മേശയില്‍ വച്ചു. എന്നിട്ട് അനഘയെ നോക്കി.

“നിങ്ങളുടെ ചാനല്‍ വളരെ നല്ല ഒരു സേവനം ആണു ചെയ്യുന്നത്. പോലീസിനോ മറ്റു സംവിധാനങ്ങള്‍ക്കോ കഴിയാത്ത പലതും നിങ്ങള്‍ക്കു സാധിയ്ക്കുന്നുണ്ട്. ഇക്കാര്യത്തിലും പോലീസിനെക്കാളും അധികം നിങ്ങള്‍ക്കാവും സാധിയ്ക്കുക. എനിവേ, നമുക്ക് നല്ലതു പ്രതീക്ഷിയ്ക്കാം. അമ്മയും കുട്ടികളും ധൈര്യമായിരിയ്ക്കൂ...”

“മാഡം  സൌദിയിലുള്ള ഞങ്ങളുടെ  പ്രവര്‍ത്തകര്‍ ഇക്കാര്യം ഗൌരവമായി എടുത്തിട്ടുണ്ട്. ഉഷയുടെ പാസ്പോര്‍ട്ടിന്റെയും മറ്റും വിവരങ്ങള്‍ അറിയാനായാല്‍ അവര്‍ക്ക് അന്വേഷണങ്ങള്‍ക്ക് എളുപ്പമാകും. മാഡം ഒന്നു മനസ്സുവെച്ചാല്‍ അതു വളരെ പെട്ടെന്നു കിട്ടും..’

“ഓക്കെ, ഇക്കാര്യത്തില്‍ എനിയ്ക്കു കഴിയാവുന്നതെല്ലാം ഞാന്‍ ചെയ്യാം..’ ഐ.ജി ഉറപ്പുകൊടുത്തു.

അങ്ങ് അറബിക്കടലിനക്കരെ അറേബ്യന്‍ മണ്ണില്‍ സൂര്യന്‍ അസ്തമയത്തോടടുത്തു. ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും പുളപ്പില്‍ റിയാദ് നഗരം ചെങ്കതിരുകള്‍ വാരിയണിഞ്ഞു നിന്നു. മിനുമിനാ തിളങ്ങുന്ന വീതിയേറിയ റോഡുകളിലൂടെ ചലിയ്ക്കുന്ന കൊട്ടാരങ്ങള്‍ നിലയ്ക്കാതെ ഒഴുകി കൊണ്ടിരുന്നു. മുഷിഞ്ഞ, നാറുന്ന ലേബര്‍ യൂണിഫോമിട്ട ഇരുണ്ട മനുഷ്യര്‍ റോഡരുകിലെ ചപ്പും ചവറും പെറുക്കിക്കൊണ്ടിരുന്നു.  അങ്ങ് പടിഞ്ഞാറന്‍ മരുഭൂമിയില്‍ നിന്നും, പിന്നെ നഗരമനുഷ്യരെ കുളിര്‍പ്പിയ്ക്കാന്‍ അവിരാമം പ്രവര്‍ത്തിയ്ക്കുന്ന എയര്‍കണ്ടീഷണറുകളില്‍  നിന്നും ചൂടുകാറ്റ് അവിടെ എപ്പൊഴും വീശിയടിച്ചു. ആ കാറ്റില്‍  അവരുടെ വിയര്‍പ്പുകണങ്ങള്‍ നിലം തൊടും മുന്‍പ് ആവിയായിപ്പോയി. ഉള്ളിലെ ആരും കാണാ നിലവിളി മാത്രം അവശേഷിച്ചു.

നഗര പ്രൌഡിയില്‍ നിന്നും വിട്ട് പ്രാന്തപ്രദേശത്തെ വിദേശികളുടെ താമസ സ്ഥലങ്ങളിലൊന്നിലെ, ഒരു റൂമില്‍  പന്ത്രണ്ടു പേര്‍ ഒന്നിച്ചു കൂടി. നാടും വീടും വിട്ട്, ജീവിതത്തില്‍ എന്നെങ്കിലും കഷ്ടപ്പാടുകള്‍ ഒഴിഞ്ഞ ഒരു നല്ല കാലം വരുമെന്ന പ്രതീക്ഷയോടെ അറേബ്യന്‍ മണ്ണില്‍ എത്തിയവരാണവര്‍. വര്‍ഷങ്ങള്‍ നീണ്ട പ്രവാസത്തിനൊടുവിലും കാര്യമായൊന്നും ബാക്കിയാക്കാനാവാതെ പിന്നെയും നുകം ചുമലിലേറ്റുന്നവര്‍. നഗരത്തിലെ വ്യത്യസ്ത മേഖലകളില്‍ ജോലിചെയ്യുന്ന അവരെ ഒന്നിച്ചു ചേര്‍ക്കുന്ന ഘടകം സഹജീവി സ്നേഹം മാത്രം. തിരക്കിട്ട ജീവിതത്തിലെ ഏതാനും മണിക്കൂറുകള്‍, കഷ്ടപെടുകയും ദു:ഖിയ്ക്കുകയും ചെയ്യുന്നവര്‍ക്കായി മാറ്റിവയ്ക്കാനുള്ള വിശാലഹൃദയത്വമാണവരെ ആ റൂമിലെത്തിച്ചത്.റിയാദിലെ “പ്രവാസ ജീവിതം” പ്രവര്‍ത്തകരാണവര്‍.  സൌദിയില്‍ കാണാതാകുന്ന പ്രവാസികളെ പറ്റിയുള്ള ചാനല്‍ പ്രോഗ്രാമുകള്‍ക്കു ശേഷം അവരിങ്ങനെ ഒത്തുകൂടാറുണ്ട്. ആ ഒത്തുകൂടലിനിടയില്‍ പ്രശ്നം വിശദമായി ചര്‍ച്ച ചെയ്യുകയും പരിഹാരമാര്‍ഗങ്ങളെ പറ്റി ആലോചിയ്ക്കുകയും ചെയ്യും. പലരെയും കണ്ടെത്താനും രക്ഷപെടുത്തി നാട്ടിലെത്തിയ്ക്കാനും അവര്‍ക്കു സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസമായി അവര്‍ പരസ്പരം സംസാരിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്യുന്നത് കാണാതായ ഉഷയെ പറ്റി തന്നെയാണ്. എന്നാല്‍ അവരെ സംബന്ധിയ്ക്കുന്ന കൃത്യമായ വിവരങ്ങള്‍ ഒന്നിമില്ലാത്തതിനാല്‍ അന്വേഷണം മുന്നോട്ടു പോകുന്നില്ല. ഉഷയുടെ അമ്മയും കുട്ടികളും പോലീസില്‍ പരാതി നല്‍കിയതും, പോലീസ് അവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതും സാഹിബ് വഴി അറിഞ്ഞു. അവരുടെ പാസ്പോര്‍ട്ട് സംബന്ധമായ വിവരം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്നും അവര്‍ ഒത്തു ചേര്‍ന്നിരിയ്ക്കുന്നത്. നന്മയുടെ ഇനിയും വറ്റാത്ത ഉറവ ഉള്ളില്‍ സൂക്ഷിയ്ക്കുന്ന ആ മനുഷ്യരിലൊരാളുടെ മൊബൈലില്‍ അപ്പോള്‍ സാഹിബിന്റെ കോള്‍ വന്നു..

(തുടരും)

കുറിപ്പ്: ഇതില്‍ ചേര്‍ത്ത ചില വിവരങ്ങള്‍ക്ക് ശ്രീ.ഹംസ ആലുങ്ങലിന്റെമരുഭൂമിയില്‍ നിന്ന്‌ മടങ്ങിയെത്തിയത്‌ ഈ ജീവനുകള്‍ മാത്രം…“ എന്ന ലേഖനത്തോട് കടപ്പാട്.