പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 20 February 2011

അമ്മാവചരിതം. 2

നല്ല വീതിയില്‍ കിഴക്കുനിന്നും ഒഴുകിവരുന്ന മീനച്ചിലാറ് വല്യാട്ടില്‍ വച്ച് രണ്ടായി പിരിയുന്നു. ഒരെണ്ണം വടക്ക് പടിഞ്ഞാറോട്ട്, മറ്റൊന്ന് തെക്ക് പടിഞ്ഞാറോട്ട്. ഈ പിരിയുന്ന ഭാഗത്താണ് വല്യാട്ടിലെ അമ്പലം. അതിന്റെ വിശാലമായ മൈതാനത്താണ് ഞങ്ങള്‍ നാടന്‍ പന്തും ക്രിക്കറ്റും കളിച്ചത്. മീനച്ചിലാറിന്റെ തെക്കുപടിഞ്ഞാറന്‍ ശാഖ വല്യാടിനെ രണ്ടായി പകുക്കുന്നു. ആറിനക്കരെയാണ് വല്യാട്ടിലെ മൂന്നാലു കടകളും രണ്ട് ചായക്കടയുമുള്ളത്. ഇക്കരെ ഒരു മുറുക്കാന്‍ കട മാത്രമെയുള്ളു. പണ്ടു മുതലെ അക്കരെ കടക്കാനായി വലിയൊരു തടിപ്പാലം അവിടെയുണ്ട്. താഴെക്കൂടി കെട്ടുവള്ളങ്ങള്‍ക്കും മറ്റും കടന്നുപോകാവുന്നത്ര ഉയര്‍ത്തിയാണ് ആ പാലം പണിതിരുന്നത്. ആ പാലത്തെ പറ്റി  മറക്കാത്ത ഒരോര്‍മ്മയുണ്ട്. ഒരിയ്ക്കല്‍ ഞാന്‍ അതുവഴി അക്കരെയ്ക്കു പോകുമ്പോള്‍ എതിരെ അന്നത്തെ എം.എല്‍.എ.യും കൂട്ടരും വരുന്നുണ്ടായിരുന്നു. അദ്ദേഹം  അടുത്തെത്തിയപ്പോള്‍ എന്റെ തലയില്‍ ഒന്നു തലോടാനും വീര്‍ത്ത വയറിന്മേല്‍ ഒന്നു തട്ടാനും മറന്നില്ല. എനിയ്ക്ക് വലിയ സന്തോഷമായി. ഇത്രേം വലിയ ആള്‍ എന്നെ തൊട്ടല്ലോ.!

അമ്മാവന്റെ വരവോടെ എനിയ്ക്കും കുറച്ച് ഗമയൊക്കെ തോന്നി. അയലത്തെ അജിയോടും റെജിയോടും  പിന്നെ മറ്റു പലരോടും അമ്മാവനെ പറ്റി പൊടിപ്പും തൊങ്ങലും വച്ച് താങ്ങാന്‍ കിട്ടിയ ഒരവസരവും ഞാന്‍ പാഴാക്കിയില്ല. അമ്മാവന്‍ നല്ല സുന്ദരനാണ്. വെളുവെളാ വെളുത്തിട്ട്.  മുഖത്തെ താടി ആ സൌന്ദര്യം കൂട്ടുന്നേയുള്ളു. അമ്മാവന്റെ സംസാരമോ അതിലും സുന്ദരം. ഒരാള്‍ക്കും അമ്മാവനോട് പറഞ്ഞു ജയിയ്ക്കാന്‍ പറ്റില്ല. എന്തുകാര്യത്തെ പറ്റിയും അമ്മാവന് നന്നായറിയാം. അമ്മാവന്റെ മുന്നില്‍ അമ്മായി ഒന്നുമല്ല. എന്തു കണ്ടിട്ടാണ് അമ്മാവന്‍ അമ്മായിയെ പ്രേമിച്ച് കെട്ടിയതെന്ന് ഇടയ്ക്ക് ഞാനും ചിന്തിച്ചിട്ടുണ്ട്.

ഒരു മാസംകൊണ്ട് അമ്മാവനെ നല്ല പരിചയമായി. പുള്ളിയുടെ നടപ്പും സ്റ്റൈലുമൊക്കെ ഞാന്‍ ഇടയ്ക്കിടെ അനുകരിച്ചു നോക്കും. വന്ന് അധികം താമസിയാതെ അമ്മാവന് വല്യാട്ടില്‍ കുറേ കൂട്ടുകാരുണ്ടായി.  ചില ദിവസങ്ങളില്‍ അവരോടൊപ്പം പോകും. വൈകിട്ട്  തിരിച്ചെത്തുമ്പോള്‍ കള്ളിന്റെ നല്ല മണവും കണ്ണിനു ചുവപ്പും ഉണ്ടാവും, ഒപ്പം അമ്മായിയുടെ കണ്ണീരും.

ഒരിയ്ക്കല്‍ അദ്ദേഹം കോട്ടയത്തിനു പോയപ്പോള്‍ എന്നെയും കൂട്ടി. അവിടെ എത്തിയപ്പോഴാണ് അമ്മാവന്റെ സ്വാധീനം എത്ര വലുതാണെന്നെനിയ്ക്ക് മനസ്സിലായത്. മാര്‍ക്കറ്റിലെ കച്ചവടക്കാരൊക്കെ അമ്മാവന്റെ പരിചയക്കാര്‍. വളരെ ബഹുമാനത്തോടെയാണ് “അശോകാ” എന്നു വിളിയ്ക്കുന്നത്. ആപ്പിളും ഓറഞ്ചും വില്‍ക്കുന്ന ഒരു പരിചയക്കാരനോട് അമ്മാവന്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍, എന്റെ നോട്ടം മുഴുവന്‍ കൂട്ടിവച്ച ആപ്പിളിന്മേലും ഓറഞ്ചിന്‍മേലുമായിരുന്നു. അവയൊന്നിന്റെയും രുചി അതു വരെ അറിഞ്ഞതായി  ഓര്‍മ്മയിലില്ല. എന്റെ ആ നില്‍പ്പ് കണ്ടിട്ടാവും കച്ചവടക്കാരന്‍ ചോദിച്ചു:

“ഇവനേതാ അശോകാ..?”

“ചേച്ചീടെ മോനാ..” അമ്മാവന്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.

ഉടനെ അയാള്‍ രണ്ട് ഓറഞ്ചും ഒരാപ്പിളും എടുത്ത് എനിയ്ക്ക് തന്നു. “തിന്നോടാ മോനെ ”

അന്ന് അമ്മാവന്റെ ഏതൊക്കെയോ കൂട്ടുകാരെ കാണാന്‍ പോയി. പിന്നെ ആര്യഭവനില്‍ നിന്ന് മസാലദോശയും കാപ്പിയും മേടിച്ചു തന്നു. അന്നത്തെ ദിവസം എനിയ്ക്ക് ഒട്ടും മറക്കാന്‍ പറ്റാത്തതായിരുന്നു. ഹോട്ടലില്‍ കയറി മസാലദോശയൊക്കെ തിന്നുക എന്നത് സ്വപ്നത്തില്‍ മാത്രമേ ചിന്തിച്ചിരുന്നുള്ളു അതുവരെ. അമ്മാവനോടുള്ള സ്നേഹം ഇരട്ടിയായി.

ഇത്രയും കാലം  എവിടെ ആയിരുന്നുവെന്നോ, എന്തെടുക്കുക ആയിരുന്നുവെന്നോ ഒന്നും അമ്മാവന്‍  പറഞ്ഞില്ല. എന്നാല്‍ അമ്മായി വീട്ടില്‍ പറഞ്ഞതില്‍ നിന്ന് ഏകദേശ ധാരണ കിട്ടി. ഹൈറേഞ്ച് ഭാഗത്തെവിടെയോ കെട്ടിടങ്ങളുടെ കരാറുപണിയായിരുന്നു അമ്മാവന്. മേസ്ത്രിപ്പണി, വാര്‍പ്പിനുള്ള തട്ടടിയ്ക്കല്‍ ഇതിലൊക്കെ അഗ്രഗണ്യനത്രെ ആള്‍. പിന്നെപ്പിന്നെയാണ് കരാറെടുത്ത് പണി തുടങ്ങിയത്. അങ്ങനെ കുറച്ച് കാശൊക്കെ ആയപ്പോഴാണ് വീട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന് തോന്നിയത്. അമ്മായി ശരിയ്ക്കും കുട്ടനാട്ടിലെ എടത്വാ സ്വദേശിനിയാണ്. എങ്ങനെയാണ് അവര്‍ തമ്മില്‍ കണ്ടുമുട്ടിയതെന്നോ പ്രേമം തുടങ്ങിയതെന്നോ  ചോദിയ്ക്കാന്‍ എനിയ്ക്ക് പറ്റില്ലല്ലോ.

വല്യാട്ടിലെ പാലത്തിന്റെ ഇങ്ങേക്കരയിലെ ചുവടു ഭാഗത്ത് രണ്ടു സെന്റ് സ്ഥലം വിശാലമായി കിടപ്പുണ്ട്. ഒരു ദിവസം രാവിലെ അവിടുത്തെ കടവില്‍ വലിയൊരു കെട്ടുവള്ളം അടുപ്പിച്ചു. അതിന്മേല്‍ സാമാന്യം വലിയ ഒരു മാടം. (പെട്ടിക്കടയുടെ വലിയ രൂപം. തടിയില്‍ പണിതത്). അമ്മാവന്റെ നിര്‍ദേശപ്രകാരം നാലഞ്ചുപേര്‍ ചേര്‍ന്ന് വലിയ കഴകള്‍ തോളില്‍ താങ്ങി,  മാടം അവിടെ ഇറക്കി. എന്നിട്ട് ആ രണ്ടു സെന്റില്‍ കൊണ്ടു വച്ചു. കുറേപ്പേര്‍ കാഴ്ചക്കാരായി ചുറ്റും നില്‍പ്പുണ്ട്.

“എന്താ പൊന്നപ്പാ പരിപാടി ?”

ആരോ അമ്മാവനോട് ചോദിച്ചു. ചോദിച്ചയാളെ പുള്ളി രൂക്ഷമായി നോക്കി. പൊന്നപ്പനല്ല, അശോക് കുമാറാണെന്ന് അയാളോട് പറയണമെന്നെനിയ്ക്കുണ്ടായിരുന്നു. എങ്കിലും ഞാന്‍ മിണ്ടിയില്ല.

“ഇവിടെ കൊള്ളാവുന്ന ഒരു പലചരക്കു കടയുണ്ടോ..? നല്ല സാധനം വല്ലതും വേണമെങ്കില്‍ കോട്ടയത്തു പോകണ്ടെ..” അമ്മാവന്‍  എല്ലാവരും കേള്‍ക്കാനായി ഉച്ചത്തില്‍ പറഞ്ഞു. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. അമ്മാവന്‍ ഇവിടെ പലചരക്കു കട തുടങ്ങാന്‍ പോണു.

അന്ന് വൈകിട്ട് വീട്ടില്‍ ഞങ്ങളെല്ലാം ഇരിയ്ക്കുമ്പോള്‍ അമ്മാവന്‍ പറഞ്ഞു:

“ഇരുപത്തയ്യായിരം രൂപ മുടക്കിയാ ഞാന്‍ കടതുടങ്ങാന്‍ പോണത്..”

അന്ന്  പണികാര്‍ക്ക് പതിമൂന്നു രൂപയാണ് കൂലി.  ഒത്തിരി കടന്നു ചിന്തിയ്ക്കുകയും തന്മൂലമുണ്ടാകുന്ന മണ്ടത്തരം വിളിച്ചു പറയുകയും ചെയ്യുന്ന സ്വഭാവം, ഇന്നത്തേതു പോലെ അന്നും എനിയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് എനിയ്ക്കിങ്ങനെ ചോദിയ്ക്കാതിരിയ്ക്കാന്‍ കഴിഞ്ഞില്ല.

“കട പൊട്ടിപ്പോയാല്‍ അമ്മാവനെന്തു ചെയ്യും ?”

വളരെ ആത്മാര്‍ത്ഥമായിട്ടാണ് ഞാനതു ചോദിച്ചതെങ്കിലും അമ്മാവന് അതത്ര പിടിച്ചെന്നു തോന്നുന്നില്ല.

“നീയാളു കൊള്ളാമല്ലോടാ.. പൊട്ടിപ്പോയാല്‍ പോകട്ടേന്നു വയ്ക്കും. അത്ര തന്നെ. ആ മഠത്തിക്കാരുടെ വക്രബുദ്ധി അതേ പടി കിട്ടിയിട്ടുണ്ടല്ലോടാ നിനക്ക്..” മഠത്തില്‍ , എന്റെ അച്ഛന്റെ വീട്ടുപേരാണ്.

അധികം താമസിയാതെ അമ്മാവന്റെ കട ഉദ്ഘാടനം ചെയ്തു. ഗംഭീരന്‍ കട. വല്യാട്ടിലെ ലൊട്ടുലൊടുക്കു കടകള്‍ പോലെയൊന്നുമല്ല. മാടത്തിനു മുന്‍പിലും സൈഡുകളിലും പന്തല്‍ കെട്ടി അവിടെയും  സാധനങ്ങള്‍ വച്ചിട്ടുണ്ട്. എന്തൊക്കെയുണ്ട് എന്നു പറയുന്നതിലും എളുപ്പം, എന്തൊക്കെയില്ല എന്നു പറയുന്നതാവും.  “ഇവിടെ വരുന്നവര്‍ ഒരു സാധനവും കിട്ടാതെ പോകരുത്“, അതാണ് അമ്മാവന്റെ പോളിസി. കട ഉദ്ഘാടനം ചെയ്യിച്ചത്, അമ്മമ്മയെ കൊണ്ട് നിലവിളക്ക് കത്തിച്ചാണ്. കടയുടെ പേര് “കേളന്‍സ്”. ഈ “കേളന്‍” എന്നയാള്‍ വല്യച്ഛന്റെ അച്ഛനാണത്രേ...

അമ്മാവന്‍ കരുതിയതു പോലെ തന്നെ, പൊടിപൂരം കച്ചവടമാണ് കടയില്‍. അന്ന് ദിവസം ആയിരം രൂപയുടെ കച്ചവടം എന്നു പറഞ്ഞാന്‍ വന്‍‌കച്ചവടം തന്നെയാണ്. സ്കൂള്‍ വിട്ടു വന്നാല്‍ ഞാന്‍ ഇടയ്ക്ക് കടയില്‍ പോകും. അവിടെ തട്ടിയും മുട്ടിയും കുറേ നേരം നിന്നാല്‍ അമ്മാവന്‍ രണ്ടൊ മൂന്നോ മിഠായി എടുത്തു തരും. അതു കിട്ടിയാലുടന്‍ വീട്ടിലേയ്ക്കും പോരും.

അമ്മാവന്‍ കോട്ടയത്തോ മറ്റോ പോകുന്ന ദിവസങ്ങളില്‍ അമ്മമ്മയെ കടയിലിരുത്തും. അമ്മമ്മയ്ക്ക് എഴുത്തും വായനയുമൊക്കെ വശമുണ്ട്. മന:ക്കണക്കില്‍ അഗ്രഗണ്യ. വീട്ടിലേയ്ക്കുള്ള പലവ്യജ്ഞനങ്ങള്‍ മേടിയ്ക്കുമ്പോള്‍ ഓരോന്നിന്റെയും വില മനസ്സില്‍ കണക്കുകൂട്ടിയിട്ട്, കൊടുത്തുവിട്ടതില്‍ എത്ര പൈസ ബാക്കിയുണ്ടെന്ന് കൃത്യമായി അമ്മമ്മ പറയും. കണക്കില്‍ തിരിമറി കാണിച്ച് പത്തോ ഇരുപതോ പൈസ ഒപ്പിയ്ക്കാനുള്ള കുഞ്ഞമ്മാവന്റെയും ആന്റിമാരുടെയും തന്ത്രം, അങ്ങനെ കൈയോടെ പൊളിയ്ക്കാന്‍ അമ്മമ്മയ്ക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

അങ്ങനെ അമ്മമ്മ, കടയിലിരിയ്ക്കുന്ന ഒരു ദിവസം ഞാനും അവിടെയുണ്ട്. അമ്മമ്മയുടെ കണ്ണുവെട്ടിച്ച് ഒന്നോ രണ്ടോ മിഠായി അടിച്ചുമാറ്റുക എന്നതാണ് എന്റെ ലക്ഷ്യം. അമ്മാവനെപോലെ, പുള്ളിക്കാരി മനസ്സറിഞ്ഞ് തരികയില്ലല്ലോ.. അപ്പോഴൊരു പച്ചപരിഷ്കാരി കടയില്‍ വന്നു. നല്ല തിളങ്ങുന്ന കറുപ്പു നിറം. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതി ബെല്‍ട്ട്, ഷൂ. അന്ന് അമ്മാവന്‍ വന്നപോലെ തന്നെ. വന്നയാള്‍ അമ്മമ്മയോട് നല്ല സ്ഫുടതയില്‍ പറഞ്ഞു:

“ഒരു പായ്ക്കറ്റ് മിക്സ്ചര്‍ വേണം..”

അല്പം കുഴങ്ങി നിന്നിട്ട് അമ്മമ്മ പറഞ്ഞു: “അതിവിടെയില്ലല്ലോ..”

അയാള്‍ കടയാകെ ഒന്നു നോക്കിയിട്ട് പറഞ്ഞു: “അതായിരിയ്ക്കുന്നു..”

“ഓ അതോ..”. അമ്മമ്മ അവിടെയിരുന്ന ഒരു പായ്ക്കറ്റ് മിക്സ്ചര്‍ എടുത്തു കൊടുത്തു. അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ പുച്ഛത്തോടെ എന്നോട് പറഞ്ഞു: “ഹും.. ഒരു കൂട് മിച്ചറിനാ, അവന്‍ വന്നിട്ട് “ഒരു പായ്ക്കറ്റ് മിക്സ്ചര്‍“ തരാമ്പറഞ്ഞത്..!

എനിയ്ക്കും അതേ അഭിപ്രായമായിരുന്നു, ഞങ്ങളിന്നേവരെ മിച്ചറെന്നേ പറഞ്ഞിട്ടുള്ളൂ. എന്തായാലും അമ്മമ്മ എങ്ങോട്ടോ തിരിഞ്ഞ നേരം നോക്കി ഞാന്‍ മൂന്നാല് മിഠായി കീശയിലാക്കി, പിന്നെ അധികം നില്‍ക്കാതെ വീട്ടിലേയ്ക്കു പോരുകയും ചെയ്തു.

വല്യാട്ടില്‍ രണ്ടു ക്രിസ്ത്യന്‍ പള്ളികളുണ്ട്. ഒന്ന് കത്തോലിക്ക വിഭാഗത്തിന്റേത്. മറ്റേത് യാക്കോബായ വിഭാഗത്തിന്റേത്. കത്തോലിയ്കരുടേത് “ഐക്കരച്ചിറപ്പള്ളി“യെന്നും യാക്കോബായക്കാരുടേത് “കല്ലുങ്കത്ര പള്ളി“യെന്നും വിളിയ്ക്കപ്പെടുന്നു. രണ്ടും പാലത്തിനക്കരെയാണ്. വല്യാടിന്റെ ഒരു സാമൂഹ്യഘടന എന്നു പറയുന്നത്, സമ്പന്നരായ ക്രൈസ്തവര്‍, ഇടത്തരക്കാരും തൊഴിലാളികളുമായ ഹിന്ദുക്കള്‍, ഹൈന്ദവരും ക്രൈസ്തവരുമായ കുറച്ച് ദളിതര്‍ എന്ന തരത്തിലാണ്. പള്ളികളില്‍ എല്ലാവര്‍ഷവും പെരുന്നാള്‍ ഉണ്ടാകും. അന്ന് ബാന്‍ഡ് മേളത്തോടെ വല്യാട്ടിലേയ്ക്ക് കഴുന്ന് എഴുന്നെള്ളിപ്പും  കാണും. പിന്നെ വൈകിട്ട് നാടകം, മറ്റുകലാപരിപാടികള്‍. വല്യാട്ട്കാരെല്ലാം ഇതിലൊക്കെ പങ്കെടുക്കും. എന്നാല്‍ എടുത്തു പറയേണ്ടത്, വൈകിട്ടത്തെ വെടിക്കെട്ടാണ്. കൂടുതലൊന്നുമില്ല, ഒരു പത്തു മിനിട്ടേ ഉള്ളുവെങ്കിലും എല്ലാവര്‍ക്കും വലിയ ഹരമാണത്. ഇക്കരെ അമ്പലത്തിലാകട്ടെ ചതയദിനത്തില്‍ കലാപരിപാടികള്‍ ഉണ്ടെങ്കിലും വെടിക്കെട്ടൊന്നുമില്ല. പള്ളിക്കാരുടെതിനെ അപേക്ഷിച്ച് പൊലിമ കുറവാണ് ഉത്സവത്തിന്.

ആ വര്‍ഷത്തെ ഉത്സവസമയമായപ്പോള്‍ അമ്മാവന്‍ കമ്മിറ്റിക്കാരെ സമീപിച്ചു.

“ഇത്തവണ ഉത്സവം ഗംഭീരമാക്കണം...”

“അതിനൊക്കെ കാശെത്ര വേണം അശോകാ... നമുക്കതിനും മാത്രം പിരിവൊന്നും കിട്ടാനില്ല..” കമ്മിറ്റി പ്രസിഡണ്ട് “അശോകാ“ എന്ന് മന:പൂര്‍വം വിളിച്ചതല്ലേ എന്നു തോന്നാതിരുന്നില്ല.

“ഒന്നാന്തരമൊരു വെടിക്കെട്ട് ഞാന്‍ നടത്തിക്കോളാം. പിന്നെ ഒരു “ബാലെ“യ്ക്കുള്ള കാശിന്റെ പകുതിയും. പോരേ..?”

അമ്മാവന്‍ നിസ്സാരമായി പറഞ്ഞു. കമ്മിറ്റി പ്രസിഡണ്ടിന് ഒന്നും ആലോചിയ്ക്കാനുണ്ടായിരുന്നില്ല. അങ്ങനെ അത്തവണത്തെ ഉത്സവം കേമമാക്കാനുള്ള ഒരുക്കങ്ങള്‍ ആയി. ഉത്സവദിവസം ഉച്ചയായപ്പോള്‍ അമ്മാവന്റെ സില്‍ബന്ധികളായ കുറേപ്പേര്‍ അമ്പലമുറ്റത്തെത്തി. മുറ്റത്തിന്റെ ഒരതിരില്‍ മീനച്ചിലാറാണ്. അവിടെ മുറ്റം കല്ലുകൊണ്ട് നന്നായി കെട്ടിയിട്ടുണ്ട്. വന്ന സില്‍ബന്ധികളുടെയെല്ലാം തോളില്‍ ഓരോ വാഴപ്പിണ്ടികള്‍ ഉണ്ടായിരുന്നു. അവര്‍  ആറ്റിന്‍‌കരയോട് ചേര്‍ന്ന് മുറ്റത്ത് നിരനിരയായി വാഴപ്പിണ്ടികള്‍ നാട്ടി. പിന്നെ അവിടെയൊക്കെ തോരണങ്ങള്‍ ചാര്‍ത്തി. ഞങ്ങള്‍ കുട്ടികളും തോരണം ഒട്ടിക്കാനും കെട്ടാനുമൊക്കെ കൂടി.

അന്നു സന്ധ്യ ആയപ്പോള്‍ വല്യാട്ടിലെ ജനസഞ്ചയം ഒന്നാകെ അമ്പലത്തിലേയ്ക്കൊഴുകി. അമ്പലമുറ്റത്ത് അവിടവിടെ കെട്ടിയ ഉച്ചഭാഷിണികളിലൂടെ ഭക്തിഗാനം ഒഴുകിക്കൊണ്ടിരുന്നു. ബലൂണ്‍ കച്ചവടക്കാര്‍, കുപ്പിവളയും ചാന്തും പാവകളും തോക്കും വില്‍ക്കുന്ന ചിന്തിക്കടക്കാര്‍, കിലുക്കികുത്തുകളിക്കാര്‍ അങ്ങനെ പലരും എത്തിയിട്ടുണ്ട്. കോട്ടയംകാരുടെ ബാലെട്രൂപ്പിന്റെ ചുവന്ന കര്‍ട്ടന്‍ നേരത്തെ സ്റ്റേജില്‍ കെട്ടിരിയ്ക്കുന്നു. അതില്‍ വലിയ വെള്ള അക്ഷരത്തില്‍ എഴുത്ത്, “സല്‍ക്കലാ തീയേറ്റേഴ്സ്”

സന്ധ്യ ആയപ്പോള്‍ അമ്മാവന്‍ ഫുള്‍സ്യൂട്ടില്‍ എത്തി. ബെല്‍ബോട്ടം പാന്റ്, ഫുള്‍ക്കൈ ഷര്‍ട്ട്, വീതിയുള്ള ബെല്‍ട്ട്, കറുത്ത ഷൂവ്. കൂളിങ്ങ് ഗ്ലാസ് വെച്ചിട്ടില്ല. അമ്മാവന്റെ രണ്ടു സില്‍ബന്ധികള്‍ വലിയ ഒരു പെട്ടി താങ്ങിപ്പിടിച്ചിട്ടുണ്ട്. നേരത്തെ നാട്ടിയിരിയ്ക്കുന്ന വാഴപ്പിണ്ടികളുടെ അടുത്ത് അവര്‍ പെട്ടി താഴ്തി വച്ചു. അപ്പോള്‍ ജനസഞ്ചയത്തിന്റെ കണ്ണുകള്‍ അങ്ങോട്ടായി. അമ്മാവന്‍ സിഗററ്റൊക്കെ വലിച്ച് നല്ല സ്റ്റൈലില്‍ അങ്ങനെ നിന്നു.

സില്‍ബന്ധികള്‍ പെട്ടി പൊട്ടിച്ചു. അതില്‍ നിന്ന് ചുവന്ന നിറമുള്ള മാലപ്പടക്കത്തിന്റെ വലിയൊരു ചുരുള്‍ നിവര്‍ത്തി. അത് നാട്ടിനിര്‍ത്തിയ വാഴപ്പിണ്ടികളില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നെടുനീളത്തില്‍ അവര്‍ കൊളുത്തിയിട്ടു. ഒരു ഇരുപത്തഞ്ചു മീറ്റര്‍ നീളമെങ്കിലും കാണും. പിന്നെ പെട്ടിയില്‍ നിന്നെടുത്തത് ഉഗ്രന്‍ ഗുണ്ടുകളാണ്. ഓരോന്നും പൊതിച്ച തേങ്ങയുടെ വലിപ്പം വരും. അവ മാലപ്പടക്കങ്ങളുടെ ഇടയില്‍ തൂക്കിയിട്ടു. ഏറ്റവും അവസാനം അമറന്‍ രണ്ടെണ്ണം വേറെയും.  ഗുണ്ടിന്റെ വലിപ്പം കണ്ടതോടെ ആള്‍ക്കാര്‍ അല്പം അകന്നു നിന്നു. അടുത്തു വരാന്‍ നോക്കിയവരെ അമ്മാവന്‍ വിറപ്പിയ്ക്കുന്നുമുണ്ട്.

 “അങ്ങോട്ട് മാറി നിക്കടാ.. എങ്ങാനും പൊട്ടിയാല്‍ നിന്റെയൊക്കെ പൊടി പോലും കിട്ട്വേല..”

അരമണിക്കൂര്‍ കൊണ്ട് വെടിക്കെട്ടിനുള്ള സജ്ജീകരണം റെഡിയായി. ആള്‍ക്കാരെല്ലാം അമ്പമുറ്റത്തോട് ഒതുങ്ങിനിന്നു. ഇനി വെടിക്കെട്ട് ആരംഭിയ്ക്കാം. അമ്മാവന്‍ പതുക്കെ തൂക്കിയിട്ടിരിയ്ക്കുന്ന പടക്കത്തിന്റെ അടുത്തേയ്ക്ക് ചെന്നു. ചുണ്ടില്‍ എരിയുന്ന സിഗററ്റ്. പടക്കമാലയുടെ ഒരറ്റത്തു ചെന്ന് അതിന്റെ തിരി പതുക്കെ കൈയില്‍ എടുത്തു. എന്നിട്ട് ചുണ്ടിലിരുന്ന സിഗററ്റു കൊണ്ട് അതില്‍ പതുക്കെ മുട്ടിച്ചു. തിരി ഒന്നു മടിച്ചിട്ട് തീപ്പൊരി ചിതറി കത്താന്‍ തുടങ്ങി. അപ്പോള്‍ അമ്മാവന്‍ പതുക്കെ നടന്നു പോന്നു..

വെടിക്കെട്ട് തുടങ്ങി. ഇടയ്ക്കിടെ ഊക്കന്‍ ഗുണ്ടും പൊട്ടി. ഗുണ്ട് പൊട്ടുമ്പോള്‍ നെഞ്ചിന് കൂടം കൊണ്ടടിയ്ക്കുന്ന പോലെ . സംഗതി കത്തിക്കയറിയതോടെ എല്ലാവരും ചെവി പൊത്തിപ്പോയി. ഒരു പതിനഞ്ച് മിനിട്ടോളം തീയും പുകയും വെടിയും മാത്രം. അവസാനത്തെ അമറന്‍ അമിട്ടുകള്‍ പൊട്ടിയപ്പോള്‍ മണല്‍ത്തരികള്‍ പറക്കുന്ന പോലെ തോന്നി. എല്ലാം തീര്‍ന്നപ്പോള്‍ അവിടെയാകെ കട്ടിപ്പുക . ഇടയ്ക്കിടെ, പൊട്ടാന്‍ വൈകിയ കുറെ പടക്കങ്ങളുടെ തുമ്മലും ചീറ്റലും. എന്തായാലും സംഗതി ജോറായി. പള്ളിയിലെ വെടിക്കെട്ടിനെക്കാളും അഞ്ചുമിനിട്ടോളം കൂടുതലാണ് അമ്മാവന്റെ വെടിക്കെട്ട്. ഞങ്ങള്‍ക്കെല്ലാം വലിയ അഭിമാനം തോന്നി.

ഉത്സവമെല്ലാം കഴിഞ്ഞ് കണക്കുകൂട്ടിയപ്പോള്‍ അമ്മാവന്റെ കൈയില്‍ നിന്ന് ആറായിരത്തോളം രൂപ ചിലവായിട്ടുണ്ട്.അതത്ര ചെറിയ തുകയൊന്നുമല്ല. അതിന്റെ ക്ഷീണം കടയ്ക്കനുഭവപ്പെടാന്‍ തുടങ്ങി. സ്റ്റോക്ക് അല്പാല്പം കുറഞ്ഞു വന്നു.എന്തുകൊണ്ടോ പിന്നെ, അമ്മാവന്‍ അധികം കടയില്‍ ഇരിയ്ക്കാതായി. അമ്മമ്മയാണ് മിക്കവാറും ഇരിയ്ക്കല്‍..

ഇക്കാലത്തൊക്കെയും വല്യച്ഛന്‍ അമ്മാവന്റെ ഒരു കാര്യവും അന്വേഷിയ്ക്കുകയോ ചോദിയ്ക്കുകയോ ചെയ്തിരുന്നില്ല. പണ്ടു മുതലേ അദ്ദേഹം ഒരു സാധനവും വീട്ടിലേയ്ക്കു മേടിയ്ക്കാറില്ല. കാശ് അമ്മമ്മയെ ഏല്‍പ്പിയ്ക്കുകയേ ഉള്ളു. അതുകൊണ്ട് തന്നെ അമ്മാവന്റെ കടയിലും വല്യച്ഛന്‍ ഒന്നിനും പോകാറില്ല. അദ്ദേഹത്തിനു വേണ്ട ഒരേ ഒരു സാധനം ചുരുട്ടാണ്. അതാകട്ടെ കോട്ടയത്തെ കിട്ടുകയുള്ളു. രണ്ടാഴ്ചയിലൊരിയ്ക്കല്‍ കോട്ടയത്തു പോകുമ്പോള്‍ അതു മേടിയ്ക്കുകയും ചെയ്യും.

(അവസാനിയ്ക്കുന്നില്ല)

7 comments:

 1. ഇതും മുന്‍ പോസ്റ്റിനെ പോലെ തന്നെ നന്നായി അവതരിപ്പിച്ചു..
  നേരില്‍ കാണുന്ന ഒരു ഫീലിങ്ങുണ്ടായിരുന്നു...
  ബാക്കി കൂടി പോരട്ടെ...

  ReplyDelete
 2. കൊള്ളാം.. ബാക്കി പോരട്ടെ..

  ReplyDelete
 3. ammaavacharitham super. some problem in malayalam

  ReplyDelete
 4. വളരെ നന്നായിരിക്കുന്നു.
  നിറുത്താതെ വായിച്ചു പോകുന്ന എഴുത്ത്‌,
  കാത്തിരിക്കുന്നു ബാക്കി വായിക്കാന്‍.

  ReplyDelete
 5. അമ്മാവനും കൊള്ളാം മരുമകനും കൊള്ളാം അടിച്ചു മാറ്റാന്‍ പണ്ടേ മിടുക്കനാ അല്ലെ
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 6. അമ്മാവചരിതം ശോഭിക്കുന്നുണ്ട്.
  പോരട്ടെ അടുത്ത ഭാഗം...

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.