പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 15 February 2011

ടോയിലറ്റ് ലിറ്ററേച്ചര്‍ അഥവാ കക്കൂസ് സാഹിത്യം

തികച്ചും ശാന്തമായ ജലപ്പരപ്പിന് തിരമാലകളുടെ സൌന്ദര്യമില്ല. കാറ്റടിയ്ക്കാത്ത മുളങ്കൂട്ടത്തില്‍ നിന്നു മര്‍മരം ഉതിരില്ല. വിറകൊള്ളാത്ത തന്ത്രികളില്‍ നിന്നു സംഗീതം പൊഴിയില്ല. അതുപോലെ അസ്വസ്ഥമാകാത്ത മനസ്സില്‍ നിന്നു സാഹിത്യം വരില്ല. ലോകത്തെ എല്ലാ മികച്ച എഴുത്തുകാരും ജീവിതത്തോടും മനുഷ്യരോടും ചുറ്റുപാടുകളോടും കലഹിച്ചാണ് നല്ല രചനകള്‍ നടത്തിയിരിയ്ക്കുന്നത്. പൂര്‍ത്തീകരിയ്ക്കാത്ത എന്തൊക്കെയോ തൃഷ്ണകള്‍ അവരെ അലട്ടിയതിന്റെ പ്രകോപനമാവാം മികച്ച രചനകള്‍ക്കവരെ പ്രേരിപ്പിച്ചത്.

എന്നാല്‍ അതി ഭാവനാസമ്പന്നരായ ചിലര്‍ തങ്ങളുടെ മനസ്സിലെ അസ്വസ്ഥതകളില്‍ നിന്നുല്‍ഭൂതമാകുന്ന രചനകള്‍ക്ക് പിറവി നല്‍കാന്‍ മറ്റൊരു വേദി കണ്ടെത്തിയിട്ടുണ്ട്. നാട്ടിലെ അറിയപ്പെടുന്ന പ്രസാധകരൊന്നും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിയ്ക്കില്ല എന്ന സംശയം കൊണ്ടാവാം ഒരു ബദല്‍ വേദി അവര്‍ സ്വീകരിച്ചത്. ഇത്തരം രചനകള്‍ പൊതുവെ അറിയപ്പെടുന്നത് “ടോയിലറ്റ് ലിറ്ററേച്ചര്‍“ അഥവാ “കക്കൂസ് സാഹിത്യം“ എന്നാണ്. ഇവ അധികവും പ്രസിദ്ധീകൃതമായിരിയ്ക്കുന്നത് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകള്‍ ‍, കെ.എസ്.ആര്‍.ടി.സി. ബസ്‌സ്റ്റാന്‍ഡ് കക്കൂസുകള്‍, ചില ലോഡ്ജുകളിലെ കക്കൂസുകള്‍, ട്രെയിനിലെ കക്കൂസുകള്‍,  മുതലായ ഇടങ്ങളിലാണ്. ട്വിറ്റര്‍ “ട്വീറ്റും”, ഫേസ്‌ബുക്ക് “സ്റ്റാറ്റസും” കണ്ടുപിടിയ്ക്കും മുന്‍പേ, എതാനും വരികളില്‍ ഒതുങ്ങുന്ന മെസ്സേജിങ്ങ് ശൈലിയുടെ സാധ്യത അവര്‍ തിരിച്ചറിഞ്ഞിരുന്നു.

മറ്റു സാഹിത്യങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ മേഖലയിലെ ഊന്നല്‍ ഒരൊറ്റ വിഷയത്തില്‍ മാത്രമാണ്. ആ വിഷയത്തിലെ പല ഉപമേഖലകളിലേയ്ക്കും ഈ രചനകള്‍ ആഴ്ന്നിറങ്ങുന്നുണ്ട്. എന്നു മാത്രമല്ല, ഒരു നീണ്ട കഥയില്‍ പറയേണ്ടുന്ന ആശയങ്ങള്‍ ഏതാനും വരകളില്‍ സ്വാംശീകരിച്ചിരിയ്ക്കുന്ന  മികച്ച രേഖാചിത്രങ്ങളും ഈ മേഖലയില്‍ കണ്ടു വരുന്നു. പൊതുവെ എം.എഫ്. ഹുസൈന്‍ ശൈലി ആണ് ചിത്രകാരന്മാര്‍ സ്വീകരിച്ചിരിയ്ക്കുന്നത്.  ആ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും, ആ കര്‍മ്മത്തിലൂടെ ചിത്രകാരന്‍ അനുഭവിച്ച നിര്‍വൃതി.

എന്റെ അറിവില്‍ പുരുഷ രചയിതാക്കള്‍ ഈ മേഖലയില്‍ സ്ത്രീകളെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ്. ചില ഹോസ്റ്റലുകളില്‍ ഒഴിച്ച് വനിതകള്‍ ഈ രംഗത്തോട് വിമുഖത കാണിയ്ക്കുന്നതായിട്ടാണ് തോന്നുന്നത്. കേരളത്തില്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുള്ള ഒരാളെന്ന നിലയില്‍ , മിക്കവാറും എല്ലാ നഗരങ്ങളിലും ഈ സാഹിത്യശാഖ ഒരേപോലെ പുഷ്ടിപ്രാപിച്ചതായി ഉറപ്പിച്ചു പറയാനാകും. എങ്കിലും, എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ ഒരു കക്കൂസ് ചുവരില്‍ കണ്ട രചനയാണ് ഞാനിന്നേ വരെ വായിച്ചതില്‍ ഏറ്റവും “തീക്ഷ്ണ“മെന്നു ഞാന്‍ പറയും. ആറോ ഏഴോ വരികളിലായി പടര്‍ന്നു കിടക്കുന്ന ആ കൃതിയിലെ ഓരോ പദവും രചയിതാവിന്റെ പ്രതിഭയും ഭാവനയും രചനാ വൈഭവവും വിളിച്ചോതുന്നതായിരുന്നു. അതു വായിച്ചതിന്റെ ആഘാതത്താല്‍ അന്നത്തെ പ്രഭാതഭക്ഷണം ഉപേക്ഷിയ്ക്കേണ്ടി വന്നു എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിയ്ക്കുമോ? വായനക്കാരനിലേയ്ക്ക് തറച്ചിറങ്ങാന്‍ ആ ശൈലിയ്ക്കുള്ള കഴിവ് അപാരം തന്നെ.

സ്ത്രീകള്‍ ഈ രംഗത്ത് അപൂര്‍വമാണെങ്കിലും മിക്ക രചനകളിലും കഥാപാത്രങ്ങളായി ധാരാളമുണ്ട്. ചിലരുടെയൊക്കെ മൊബൈല്‍ നമ്പരും അതോടൊപ്പം കാണും. വൈരാഗ്യമുള്ള നാരീജനങ്ങളെ മനപ്പൂര്‍വം അപമാനിയ്ക്കുക എന്ന ലക്ഷ്യമാണിതിനു പിന്നിലെന്ന് ചില വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും, അത് രചനയുടെ ആധികാരികതയ്ക്ക് ബലമേകുന്നു എന്നാണ് മറ്റു ചിലരുടെ പക്ഷം.

ഇതു കേരളീയര്‍ക്കു മാത്രമുള്ള അപൂര്‍വ സിദ്ധിയൊന്നുമല്ല. സൌദി അറേബ്യയിലും ഖത്തറിലും ഞാനിതേ  മാതിരി രചനകള്‍ കണ്ടിട്ടുണ്ട്. ഖത്തറിലെ കര്‍വാ ബസ് സ്റ്റേഷനിലെ കക്കൂസ് രചനകള്‍ ആഗോള വൈവിധ്യം ഉള്‍ക്കൊള്ളുന്നവയാണ്. വിവിധ രാജ്യക്കാരോടൊപ്പം മലയാളിയും തന്റെ സംഭാവന,  രേഖാചിത്രമായി അവിടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അഭിമാനാര്‍ഹമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു. (അതിനോടൊപ്പമുള്ള അടിക്കുറിപ്പാണ് മലയാളിത്തം തിരിച്ചറിയാനിടയാക്കിയത്)

ലോകം ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് മാറിയതോടെ കക്കൂസ് സാഹിത്യശാഖയും ഡിജിറ്റലായി. ഫേസ്‌‌ബുക്ക്, ഓര്‍ക്കൂട്ട്, ഗൂഗിള്‍ ബസ് മുതലായവ പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ആണ് ഇവിടെ ടോയിലറ്റിന്റെ സ്ഥാനം അലങ്കരിയ്ക്കുന്നത്. ടോയിലറ്റിനു ചുമരെന്നപോലെ ഫേസ്‌ബുക്കിനുമുണ്ട് ചുമര്‍. ഈയടുത്ത കാലത്തായി മികച്ച ധാരാളം രചനകള്‍ ഫേസ്‌ബുക്കില്‍ ഉണ്ടായിട്ടുണ്ട്. നാട്ടിലെ ഒറിജിനല്‍ കക്കൂസ് സാഹിത്യമേഖലയ്ക്കു വിരുദ്ധമായി, ഇവിടെ ചില സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം എത്താന്‍ കാര്യമായി പരിശ്രമിയ്ക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ടതാണ്. ഇപ്പോള്‍ സ്ത്രീ-പുരുഷ സമത്വത്തിന്റെ കാലമാണല്ലോ.

പൊതുവെ അപരിഷ്കൃതരെന്നു കരുതുന്ന നാടന്‍ കക്കൂസ് സാഹിത്യകാരന്മാര്‍ക്കും, പരിഷ്കൃതരെന്നു കരുതുന്ന ഫേസ്‌ബുക്കാദി കക്കൂസ് സാഹിത്യകാരന്മാര്‍ക്കും രചനാശൈലിയില്‍ ഒരേ മനസ്സും നിലവാരവുമെന്നത് അത്ഭുതകരമായ അറിവാണ്. അല്ലെങ്കിലും പരിഷ്കാര ആവരണം ഊരിമാറ്റിയാല്‍ പ്രകൃതിചോദനകള്‍ എല്ലാവരിലും ഒരേപോലാണല്ലോ.  കക്കൂസില്‍ എല്ലാവരും ഒറ്റയ്ക്കാണ്. കമ്പ്യൂട്ടറിനു മുന്‍പിലും ഒറ്റയ്ക്കാണ്. അപ്പോള്‍ ഭാവന ഉണരും. രചനകള്‍ പിറക്കും. മലയാളത്തില്‍ മാത്രമല്ല ലോകമൊട്ടാകെ ഈ സാഹിത്യശാഖയ്ക്കു വേരുകളുണ്ട്.

ഇനിമുതല്‍ Ph.D യ്ക്കും മറ്റും ഗവേഷണ പ്രബന്ധങ്ങള്‍ക്ക് ഈ മേഖല കൂടി പരിഗണിയ്ക്കാവുന്നതാണ്.  “കക്കൂസ് രചനകളില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന സാംസ്കാരിക വൈവിധ്യം”, “കക്കൂസ് സാഹിത്യത്തിലെ നൂതന പ്രവണതകള്‍” എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സ്വീകരിയ്ക്കാം.

ഈ മേഖലയില്‍ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് എന്റെ അപേക്ഷ. കേരള സാഹിത്യ അക്കാദമി ഓരോ വര്‍ഷവും മികച്ച “കക്കൂസ് സാഹിത്യ രചന“യ്ക്ക് അവാര്‍ഡ് നല്കണം. കേന്ദ്രത്തില്‍ ജ്ഞാനപീഠം പോലെ,
“കക്കൂസ്‌പീഠ”മെന്നോ മറ്റോ പേരില്‍ യൂറോപ്യന്‍ ക്ലോസറ്റിന്റെ മാതൃകയിലുള്ള ഒരു ശില്പവും കാശും അവാര്‍ഡായി ഏര്‍പ്പെടുത്താം. ആഗോള തലത്തില്‍ നോബല്‍ സമ്മാന സമിതിയ്ക്കും ഇക്കാര്യം ആലോചിയ്ക്കാം.

15 comments:

 1. കക്കൂസ് സാഹിത്യം എഴുതുന്നവരും മനുഷ്യരാണ് എന്നതിനാലും,ഇന്റെര്‍ നെറ്റിലോ മറ്റു പരമ്പരാഗത മാധ്യമങ്ങളിലോ എത്തിനോക്കാന്‍ സാഹചര്യം ലഭിക്കാത്തതുകൊണ്ട് തങ്ങള്‍ക്കു ലഭ്യമായ ടൊയ്ലറ്റ് സ്വകാര്യ ഇടങ്ങളില്‍ കലാസാഹിത്യ രചനകള്‍ നടത്തുന്ന മനുഷ്യരെ തള്ളിക്കളയേണ്ടതില്ല.
  ഒരു പക്ഷേ, കുലിനമായ ചവറു ബുജി പ്രസിദ്ധീകരണങ്ങളില്‍ കലാസാഹിത്യ രചന നടത്തുന്നവരേക്കാള്‍ സത്യസന്ധത പുലര്‍ത്തുന്നവരാണ്
  കുളിമുറി സാഹിത്യകാരന്മാര്‍.ആ ജനകീയ കലയെക്കുറിച്ച് പഠനം നടത്തുന്നത് എന്തുകൊണ്ടും നമ്മുടെ സമൂഹത്തിന്റെ അഗാധ ഗര്‍ത്തങ്ങളെക്കുറിച്ചും,ഉന്നതമായ ഗിരിശൃഘങ്ങളെക്കുറിച്ചും സത്യത്തിലുള്ള അറിവുകള്‍ ലഭിക്കാന്‍ ഉപകരിക്കും.

  ReplyDelete
 2. ഒക്കെ ശരിതന്നെ ബിജുവേട്ടാ .. എന്നാലും ഒരു ഉറപ്പിനു ഒന്ന് രണ്ടു ഉദാഹരണങ്ങള്‍ കൊടുക്കാമായിരുന്നു!!
  (ബ്ലോഗിലും ഈ സാഹിത്യം കടന്നു കയറി വരുന്നത് ഒന്ന് രണ്ടു വട്ടം കാണാന്‍ ഇടയായി)

  ReplyDelete
 3. അശ്ലീല സാഹിത്യം എഴുതുന്നവരുടെ ആത്മാര്‍ഥത യെ കണ്ടില്ലെന്നു നടിക്കരുത്..
  എഴുതുന്നവനും വായിക്കുന്നവനും ഒരു പോലെ അനുഭവിക്കുന്ന എഴുത്താണത് ...
  സൊ കാള്‍ഡ് സാഹിത്യകാരന്മാര്‍ക്ക് പലപ്പോഴും ഇല്ലാത്തതും ഈ ആത്മാര്തതയാണ് ..:)

  ReplyDelete
 4. കക്കൂസ് സാഹിത്യം നീനാൾ വാഴട്ടെ

  ReplyDelete
 5. വായനക്കാർക്കുണ്ടാവുന്ന ഞെട്ടൽ അത് അവർക്ക് അവാർഡ് തന്നെയാണ്.

  ReplyDelete
 6. കക്കൂസ് സാഹിത്യത്തിന്റ്റെ പുതിയ ‘രൂപ പരിണാമം‘ വായിച്ചപ്പോള് അത്ഭുതപ്പെട്ട് പോയി.
  നാലഞ്ച് തരം സുഗന്ധ തൈലങ്ങള് പുരട്ടിയും സ്പ്രേ ചൈയ്തും നടക്കുന്ന മാന്യന് അര്ദ്ധരാത്രിയില് കക്കൂസ് സാഹിത്യം വിളമ്പിയതിന്റ്റെ ഞെട്ടലില് നിന്ന് ഞാനിപ്പോയും മുക്തനായിട്ടില്ല.
  കക്കൂസ് സാഹിത്യത്തിന് ഇത്രയും മാന്യത സമൂഹത്തിലുണ്ടെന്ന വിവരം വളരേ അലോസരമുണ്ടാക്കുന്നു.

  ReplyDelete
 7. "ഖത്തറിലും ഞാനിതേ മാതിരി രചനകള്‍ കണ്ടിട്ടുണ്ട്. ഖത്തറിലെ കര്‍വാ ബസ് സ്റ്റേഷനിലെ കക്കൂസ് രചനകള്‍ ആഗോള വൈവിധ്യം ഉള്‍ക്കൊള്ളുന്നവയാണ്. വിവിധ രാജ്യക്കാരോടൊപ്പം മലയാളിയും തന്റെ സംഭാവന, രേഖാചിത്രമായി അവിടെ
  സമര്‍പ്പിച്ചിട്ടുണ്ട് എന്നത് "100% ശരി ആണ്.ഭാവുകങ്ങള്‍....

  ReplyDelete
 8. ഈ കക്കൂസ് സാഹിത്യം ചില ബോറടിക്കുന്ന യാത്രകളില്‍ ഒക്കെ വയിചിരിക്കാരുന്ദ് അവര്‍ നമ്മള്‍ കുറ്റം പറയരുത് അവര്‍ക്കും ഇല്ലേ ഒരു "ഭാവന "

  ReplyDelete
 9. ഫേസ് ബുക്കിലൊക്കെ വിളമ്പിയ കക്കൂസ് സാഹിത്യം വായിച്ചാല്‍ നിങ്ങളുടെയൊക്കെ തലമരവിച്ചു പോകും. ചിലതൊക്കെ പി.ഡി.എഫായി പലരും സൂക്ഷിച്ചിരിയ്ക്കുന്നു. അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ അറിയപ്പെടുന്ന ഒരു എഴുത്തുകാരനും ഉണ്ടായിരുന്നു എന്നതാണ് ഖേദകരം.

  ReplyDelete
 10. കക്കൂസ് സാഹിത്യമെന്ന് അടച്ചാക്ഷേപിക്കേണ്ട.ചില സ്ഥലത്തെഴുതിവച്ചിരിക്കുന്നതൊക്കെ വായിച്ചാല്‍ ശരിയ്ക്കും വണ്ടറടിച്ചുപോകും.എന്താ ഭാവന.ഞാനൊരിക്കല്‍ തിരുവനന്തപുരത്തുവച്ചു (പിടിച്ചുനില്‍ക്കാന്‍ പറ്റില്ലെന്നു ബോധ്യമായപ്പോള്‍) കംഫര്‍ട്ട് സ്റ്റേഷനില്‍ കയറി.ആശ്വാസത്തിന്റെ നെടുവീര്‍പ്പുമായി തലയൊന്നുയര്‍ത്തിയപ്പോള്‍ ചുമരിലെഴുതിവച്ചിരുന്ന ഒരു സാധനം കണ്ണില്‍ പെട്ടു.സത്യത്തില്‍ മനസ്സറിയാതെ ആര്‍ത്തുചിരിച്ചുപോയി ഞാന്‍.ഒടുവില്‍ പുറത്തിറങ്ങുമ്പോള്‍ അവിടെ നിന്നിരുന്ന ചിലര്‍ എന്നെ വല്ലാണ്‍റ്റുനോക്കുന്നതുകണ്ട് ചമ്മി നാശമായീന്നു പറഞ്ഞാല്‍ മതിയല്ലോ...

  ReplyDelete
 11. വിഷയം പരിഗണനീയം തന്നെ!

  ReplyDelete
 12. തെചികൊടന്റെ കമന്റിനു അടിയില്‍ ഒരു ഒപ്പ്

  ReplyDelete
 13. വിവിധ രാജ്യക്കാരോടൊപ്പം മലയാളിയും തന്റെ സംഭാവന, രേഖാചിത്രമായി അവിടെ സമര്‍പ്പിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം അഭിമാനാര്‍ഹമാണെന്ന് പറയേണ്ടിയിരിയ്ക്കുന്നു

  :D

  ReplyDelete
 14. ഭാവനക്ക് തെറ്റില്ല, പക്ഷെ കക്കൂസ് സാഹിത്യം !! ശരിക്കും ഞരമ്പ് സാഹിത്യമല്ലെ? ടോയ്ലറ്റ് സാഹിത്യത്തിലൂടെ ഞരമ്പ് രോഗികളെ കുറിച്ച് പഠിക്കാം.

  മലയാളികൾക്കിടയിലാണ് ഇത്തരം ഞരമ്പ് രോഗം കൂടുതലെന്ന് തോന്നുന്നു.

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.