കണ്ണൂര്‍ ജില്ലയിലെ പ്രമുഖ മലയോരപട്ടണമായ ചെറുപുഴയില്‍ നിന്നും പത്തുകിലോമീറ്റര്‍ പോലുമില്ല “തിരുമേനി”യിലേയ്ക്ക്. നാലുചുറ്റും കുന്നുകളാല്‍ വലയം ചെയ്യപ്പെട്ട ഈ ചെറുഗ്രാമത്തിനെങ്ങനെ തിരുമേനിയെന്ന പേരുവന്നുവെന്ന് എനിയ്ക്കറിയില്ല. ഞാനും ഭാര്യയും പത്തുവയസ്സുകാരി മോള്‍ ശ്രീക്കുട്ടിയും അവിടെ ബസിറങ്ങുമ്പോള്‍ സമയം ഉച്ചയ്ക്ക് രണ്ടര. കിഴക്കും വടക്കുമായി നെടുങ്കന്‍ മലകള്‍ തലയുയര്‍ത്തിനില്‍ക്കുന്നു. വടക്കു വശത്ത് മസ്തകം വിരിച്ച പോലെ നില്‍ക്കുന്ന ആ മലയുണ്ടല്ലോ അതാണു കൊട്ടത്തലച്ചി മല. പണ്ടുകാലത്ത് ആരോ ഇട്ട പേര്. ആ മലയുടെ അടിവാരത്ത്, ഭാര്യയുടെ മൂത്തചേച്ചിയും കുടുംബവുമുണ്ട്. അടിവാരമെന്നു പറഞ്ഞാല്‍ തിരുമേനിയില്‍ നിന്നും ആയിരമടിയെങ്കിലും ഉയരമുണ്ടാകും. “ചട്ടിവയല്‍“ എന്നാണ് അവിടം അറിയപ്പെടുന്നത്. ഞങ്ങള്‍ ഒരു ഓട്ടോറിക്ഷ വിളിച്ചു. അങ്ങുവരെ ടാര്‍ റോഡുള്ളതിനാല്‍ യാത്ര സുഖമായിരുന്നു. പ്രകൃതിയുടെ അപാര ചാരുത.
 |
അകലെ കൊട്ടത്തലച്ചി |
വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിയ്ക്കാന്‍ ചേച്ചിയും മക്കളും. വീട്ടുമുറ്റത്തു നിന്നു നോക്കിയാല്‍ കാണാം മാനം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന കൊട്ടത്തലച്ചിമല.
“ഇന്നെന്തായാലും കൊട്ടത്തലച്ചിയുടെ ഉച്ചിയില്‍ കയറണം. ഏറെക്കാലമായുള്ള ആഗ്രഹമാണ്..” ഞാന്‍ ചേച്ചിയോടു പറഞ്ഞു.
“ഞാനുമുണ്ട്..” ഭാര്യ. അതു കേട്ട മോളും പറഞ്ഞു: “ഞാനും വരും..”
“യ്യോ.. ഈ മലയുടെ നെറുക വരെ കയറാന്‍ മോളെക്കൊണ്ടാവില്ല.. മോളു വരണ്ട..” ഭാര്യ തടഞ്ഞു.
“ഞാന്‍ കേറും.. എന്നേം കൊണ്ടു പോകണം..” അവള്‍ നിര്‍ബന്ധം പിടിച്ചു.
“ശരി പോര്.. മടുത്തെന്നു പറഞ്ഞാല്‍ അപ്പോള്‍ താഴേയ്ക്ക് ഇറക്കി വിടും..” ഞാന്‍ പറഞ്ഞു. മോളു തലകുലുക്കി. ഞാന്‍ വേഗം ക്യാമറയും ബാഗുമൊക്കെ റെഡിയാക്കി. ഞങ്ങളുടെ ഈ ഒരുക്കം കണ്ട് ചേച്ചി പറഞ്ഞു. “ഉച്ച കഴിഞ്ഞാല്‍ കൊട്ടത്തലച്ചിയില്‍ മഴപെയ്യും.. ഇന്നു പോണോ..? നാളെ രാവിലെയാണെങ്കില്‍ കുഴപ്പമില്ല..”
“സാരമില്ലന്നേ.. അതിന്റെ മുകളില്‍ നിന്ന് അസ്തമയം കാണണം..” ഞാന്‍ പറഞ്ഞു.
ഉടനെ ചേച്ചി രണ്ടു കുടയും ഒരു കുപ്പിയില്‍ വെള്ളവും പിന്നെ കുറച്ച് പഴം, ചെറുകടികള്‍ ഇവയെല്ലാം പൊതിയാക്കിയതും കൂടി തന്നു. എല്ലാം ബാഗിലാക്കി പിന്നില്‍ മാറാപ്പുകെട്ടിത്തൂക്കി ഞങ്ങള്‍ ഇറങ്ങി. അധികം താമസിച്ചില്ല, മാനം ഇരുണ്ടു തുടങ്ങി. കൊട്ടത്തലച്ചിയ്ക്കു മുകളില്‍ കൊള്ളിയാന്‍ പാഞ്ഞു. മഴക്കോളാണ്. ഞങ്ങളുടെ പുറപ്പാടു കണ്ട ഒരു വഴിപോക്കന്‍ ചോദിച്ചു: “ എന്തിനാ ഈ നേരം കെട്ട നേരത്ത് മലകയറാന്‍ പോകുന്നെ? കൊട്ടത്തലച്ചി പുകഞ്ഞാല്‍ മഴ ഉറപ്പാ...”
“അല്പം കയറി നോക്കീട്ടു പറ്റില്ലെങ്കില്‍ ഇറങ്ങിപ്പോരും ചേട്ടാ..” ഞാന്‍ അയാള്‍ക്കുറപ്പു കൊടുത്തു.
മല വെട്ടിച്ചായിച്ച മണ്‍പാതയിലൂടെ ഞങ്ങള്‍ കയറ്റം തുടങ്ങി. ഇരു വശവും കാട്ടു വൃക്ഷങ്ങളും പന്തലിച്ച ചൂരല്‍ വള്ളികളും. തെക്കു വശത്ത് കീഴ്ക്കാംതൂക്കായ അടിവാരം, മുന്‍പില്‍ പുകയുന്ന കൊട്ടത്തലച്ചി.
മാനത്തിന്റെ ഇരുളിമ കൂടി വരുന്നു. എന്നിട്ടും കൊട്ടത്തലച്ചി ഞങ്ങളെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. കുറച്ചുകൂടി കയറിയപ്പോള്‍ വെട്ടു വഴി അവസാനിച്ചു. അവിടെ ഒരു വീടുകണ്ടു. ഞങ്ങളെ കണ്ടാവാം അവരെല്ലാം മുറ്റത്തുവന്നു ഞങ്ങളെ തന്നെ നോക്കി:
“നല്ല മഴയാ വരുന്നത്.. ഇനി കയറണ്ട കേട്ടോ..” ഒരു ചേച്ചി വിളിച്ചു പറഞ്ഞു.
“മഴ പെയ്യുകയാണെങ്കില്‍ ഞങ്ങള്‍ കയറില്ല. അല്പം കൂടി നോക്കട്ടെ..” അവരോടു ഉച്ചത്തില്‍ പറഞ്ഞു ഞങ്ങള്‍ മുന്നിലെ ഒറ്റയടിപ്പാതയിലേയ്ക്കു കയറി. അവിടെ വലിയൊരു കോണ്‍ക്രീറ്റ് കുറ്റി. ഫോറസ്റ്റ് തുടങ്ങുന്നതിന്റെ അടയാളം.
ഇട തിങ്ങിയ മരങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ കയറ്റം തുടങ്ങിയതും ആര്‍ത്തലച്ചു മഴയെത്തി. ഇലകളില്‍ മഴ പെയ്തിറങ്ങുന്നതിന്റെ വന്യശബ്ദം. ഞങ്ങള്‍ ഒരു വള്ളിക്കൂട്ടത്തിലേക്കു കയറി. അവിടെ ചില തുള്ളികള്‍ മാത്രമേ വീഴുന്നുള്ളു. വിജനമായ കാട്ടില്‍ മുഖത്തോടുമുഖം നോക്കി ഞങ്ങള്‍ ചിരിച്ചു. മോള്‍ വലിയ സന്തോഷത്തില്‍. മഴ നനയുന്നത് പണ്ടേ അവള്‍ക്കിഷ്ടമാണല്ലോ..
“എന്താ ചെയ്ക..? തിരിച്ചു പോയാലോ..?” ഞാന്‍ ഭാര്യയോടു ചോദിച്ചു.
“ഈ മഴ പെട്ടെന്നു മാറും. നമുക്കല്പനേരം കൂടി നോക്കാം..” അവള്‍ പറഞ്ഞു. കാട്ടില്‍ വെളിച്ചം തീരെ മങ്ങി. മഴ പെയ്തുകൊണ്ടേയിരുന്നു. ഞാന്‍ വാച്ചു നോക്കി. മൂന്നര ആയതേയുള്ളു. പക്ഷേ കണ്ടാല്‍ ആറു മണിയുടെ പടുതി.
എന്തായാലും പത്തുമിനിട്ടു നേരത്തെ പെയ്തിനുശേഷം മഴയടങ്ങി. മരപ്പെയ്ത് മാത്രമേയുള്ളു. ഞങ്ങള്‍ വള്ളിക്കൂട്ടത്തില്‍ നിന്നിറങ്ങി കയറ്റം തുടങ്ങി. അപ്പോഴതാ മുകളില്‍ നിന്നും എന്തോ പുകഞ്ഞിറങ്ങുന്നു..! കോട മഞ്ഞ്..!
നിമിഷ നേരം കൊണ്ട് കാട്ടിലാകെ മഞ്ഞു മൂടി. ഏറിയാല്‍ പത്തോ പതിനഞ്ചോ അടി കാണാം.. എന്നാലും അതിന്റെയൊരനുഭൂതി അപാരമായിരുന്നു.
മഞ്ഞിനെ വകഞ്ഞുമാറ്റി ഞങ്ങള്‍ കയറിതുടങ്ങി. കാട്ടുവള്ളിയിലും ചാഞ്ഞ മരക്കൊമ്പുകളിലും തൂങ്ങിയും ആടിയുമാണ് കയറ്റം. മഴ വീണു ചെരിപ്പു നനഞ്ഞതിനാല്‍ വഴുക്കലുണ്ടല്ലോ.
അരമണിക്കൂര്‍ കൊണ്ട് ഫോറസ്റ്റ് അവസാനിച്ചു. തെളിഞ്ഞ ഒരു പ്രദേശത്താണെത്തിയത്. അവിടെ ഞങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് വലിയൊരു കുരിശ്. കൂടെയൊരു ബോര്‍ഡും.
“കൊട്ടത്തലച്ചി കുരിശുമല”.
ഇവിടുന്നങ്ങോട്ട് മുകളിലേയ്ക്ക് മരങ്ങളൊന്നുമില്ലാതെ പുല്ലുമൂടിയ മലയാണ്. ഈസ്റ്ററിനുശേഷമുള്ള പുതു ഞായറാഴ്ച ദിവസം ക്രൈസ്തവ വിശ്വാസികള്‍ ഈ മലകയറാനെത്തും. താഴെ കാണുന്ന ഈ കുരിശുമുതല്‍ പതിനാലു കുരിശുകള്‍ മുകളിലേയ്ക്കുള്ള വഴിയില്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ പീഡാനുഭവയാത്രയില്‍ പതിനാലിടത്തു വീണുപോയതിന്റെ സ്മരണാര്‍ത്ഥമാണ് ഈ കുരിശുകള്‍.
ഞങ്ങള്‍ ആ വഴിയിലൂടെ നടന്നു. എങ്ങും തീര്‍ത്തും വിജനമാണ്. മുന്നിലെ തെളിഞ്ഞ മണ്‍പാതയിലൂടെ കയറ്റം. മോള്‍ കുരിശുകള്‍ എണ്ണിതുടങ്ങി. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... പെട്ടെന്നു വീണ്ടും മഴച്ചാറല്‍. ചെറിയ കാറ്റുമുണ്ട്.
ഞങ്ങള്‍ കുട നിവര്‍ത്താന്‍ നോക്കിയെങ്കിലും കാറ്റ് സമ്മതിച്ചില്ല. വീണ്ടും കോട മഞ്ഞ് ഇറങ്ങി വന്നു.. അത് കവിളില്‍ തട്ടുമ്പോള്‍ കുളിര്‍... ഞാന്‍ മോളെ നോക്കി. അവള്‍ മഞ്ഞിനെ കൈയില്‍ പിടിച്ചെടുക്കാന്‍ നോക്കുകയാണ്. ഇരുകൈ കൊണ്ടും കോരിയെടുത്ത് മുഖത്തോടു ചേര്‍ത്തു വെച്ചിട്ട് എന്തോ കളികള്‍.
മഴയുടെ കുളിരില്‍ മലകയറ്റത്തിന്റെ ക്ഷീണം അലിഞ്ഞു പോയിരുന്നു. മഞ്ഞില്‍ മുങ്ങിയ വലിയ പാറകള്‍ കണ്ടാല്‍ കാട്ടാനക്കൂട്ടമാണെന്നു തോന്നും. മഴയെ അവഗണിച്ച്, കുരിശെണ്ണി കയറ്റം തുടര്‍ന്നു. പതിനൊന്ന്.. പന്ത്രണ്ട്, പതിമൂന്ന്... അതാ അവ്യക്തമായ ചെറിയൊരു മന്ദിരം.
അങ്ങോട്ടടുക്കും തോറും ഇതാണു പറുദീസ എന്നു തോന്നിപ്പോയി. അവിടവിടെ ചാരിവെച്ച കുറേ കുരിശുകള്‍.. ചെറിയൊരു കരിങ്കല്‍ കെട്ട്. അതിന്റെ നടകള്‍ കയറിയെത്തിയപ്പോള്‍ ചെഞ്ചായം പൂശിയ കപ്പേള.. ഹോ..! ആ നിമിഷങ്ങളെ വര്‍ണിക്കാന്‍ എനിയ്ക്കറിയില്ല..
ഞാന്‍ കഴിയുന്നത്ര ഫോട്ടോയെടുത്തു. പ്രകാശം നന്നെ കുറവാണെങ്കിലും മഞ്ഞിന്റെ മനോഹാരിത പകര്‍ത്താന്‍ അതു ധാരാളമായിരുന്നു.
ഭാര്യ അവിടെ കണ്ട ഭണ്ഡാരപ്പെട്ടിയില്‍ കുറെ ചില്ലറ നിക്ഷേപിച്ച് കൈകൂപ്പി പ്രാര്‍ത്ഥന നടത്തി. ക്രിസ്തുവായാലെന്ത്, കൃഷ്ണനായാലെന്ത് എല്ലാം അവള്‍ക്കൊരുപോലെ തന്നെ.
ചെങ്കുത്തായ വക്കില്‍ കെട്ടിയ ഇരുമ്പു വേലിയില്‍ ചാരിനിന്ന് ഞാന്‍ ഭാര്യയുടെ കണ്ണിലേയ്ക്കു നോക്കി, അവള്‍ എന്റേതും. ഈ നിമിഷങ്ങളില്‍ ആര്‍ക്കാണു പ്രണയം വിരിയാത്തത്.
പിന്നെ ഞങ്ങള്‍ മൂവരും ആ നടക്കെട്ടിന്മേല്‍ ഇരുന്നു. കൈയില്‍ കരുതിയ പഴങ്ങളും പലഹാരവും വെള്ളവുമൊക്കെ എടുത്ത് നറും മഞ്ഞ് മെമ്പൊടി ചേര്‍ത്തുകഴിച്ചു. അപ്പോള്‍ മഴ അടങ്ങിയിരുന്നു, കാറ്റും. എന്നാലും മഞ്ഞ് കനത്തില്‍ തന്നെ.
കുറേ നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. മഴ വീണു നനഞ്ഞ വസ്ത്രങ്ങള്‍ മെല്ലെ ഉണങ്ങി. മലഞ്ചെരുവിലെ നേര്‍ത്ത കാറ്റില്‍ രോമക്കുത്തുകളില്‍ കുളിരു വീണു. സമയം പോയതറിഞ്ഞില്ല. വാച്ചില്‍ നോക്കിയപ്പോള്‍ അഞ്ചര..! തിരിച്ചിറങ്ങാന്‍ സമയമായി.
കൊട്ടത്തലച്ചിയെ ഒരിയ്ക്കല്‍ കൂടി തിരിഞ്ഞു നോക്കി ഞങ്ങള്‍ മലയിറങ്ങി. താഴെക്കു വരും തോറും മഞ്ഞിന്റെ കനം കുറഞ്ഞു വന്നു. അരമണിക്കൂര്‍ കൊണ്ട് ഫോറസ്റ്റ് താണ്ടി.
ഞങ്ങള്‍ നോക്കുമ്പോള്‍ ആ വീട്ടുകാര്‍ മുറ്റത്തു തന്നെയുണ്ട്. ഞാന്‍ അവരെ നോക്കി ചിരിച്ചു..“ഞങ്ങള്‍ മലകയറി..”
അവരും ആശ്വാസത്തോടെ ചിരിച്ചു.
ആറര മണിയോടെ വീട്ടിലെത്തി. എല്ലാവരും വിഷമിച്ചിരിയ്ക്കുകയായിരുന്നു. മോളും കൂടിയുണ്ടായതിനാല്‍ ഞങ്ങളാകെ ബുദ്ധിമുട്ടിക്കാണുമെന്നാണവര്‍ വിചാരിച്ചത്. എന്നാല്‍ അവള്‍ അല്പം പോലും ക്ഷീണിച്ചില്ല എന്നതായിരുന്നു സത്യം. പലവിധയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രകൃതിയെ തൊട്ടറിഞ്ഞ അപൂര്‍വമായൊരു യാത്രയായിരുന്നു ഇത്, മഴനനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....