പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 18 November 2013

ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ : യാഥാര്‍ത്ഥ്യങ്ങളെന്ത്?

സാമ്പത്തിക വികസത്തിന്റെ പേരിലാണു പ്രകൃതിവിഭവ ചൂഷണം ന്യായീകരിയ്ക്കപ്പെടുന്നത്. ഇന്നു സമ്പന്നരാണു വികസനത്തിന്റെ ഗുണഭോക്താക്കള്‍. അതെ സമയം കെടുതികളൊക്കെ ദരിദ്രര്‍ക്കും ഭാവിതലമുറയ്ക്കും.”

[അല്പം നീണ്ടുപോയ താഴത്തെ കുറിപ്പ് മൊത്തം വായിച്ച ശേഷം ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകരെയും സാധാരണക്കാരെയും എങ്ങനെയാണു ബാധിയ്ക്കുക എന്നു ഓരോ ആളും വിലയിരുത്തുക. ആരുടെയെങ്കിലും കുപ്രചരണങ്ങളെയല്ല, സ്വന്തം ബോധ്യങ്ങളെ മാത്രം വിശ്വസിയ്ക്കുക.]

“ഈ ഭൂമി ഒറ്റപ്പെട്ട വ്യക്തികളുടെ സ്വത്തല്ല, ഒരു സമൂഹത്തിന്റെയോ ഒരു രാഷ്ട്രത്തിന്റെയോ സ്വത്തല്ല. എന്തിന് ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെയും കൂട്ടുസ്വത്തുമല്ല. ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണു നമ്മള്‍. നമുക്ക് ലഭിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ വരും തലമുറകള്‍ക്കു അതു കൈമാറാന്‍ ബാധ്യതപ്പെട്ടവരാണു നമ്മള്‍, ഒരു നല്ല തറവാട്ടുകാരണവരെപ്പോലെ” : കാള്‍ മാര്‍ക്സ്.

ഇക്കഴിഞ്ഞ ദിവസം ഇരിട്ടിയിലുള്ള ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ കൊട്ടിയൂരിനു സമീപമുള്ള പ്രദേശമാണു ഇരിട്ടി. ബന്ധുവീട്ടിലെ അമ്മ സംസാരത്തിനിടയില്‍ ആശങ്കയോടെ ചോദിച്ചു: “മോനെ ഇവിടെമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് കാട്ടുമൃഗങ്ങളെ കൊണ്ടുവിടാന്‍ പോകുകയാണെന്നാണല്ലോ പലരും പറയുന്നത്. നേരാണോ?”

എന്താണു ഗാഡ്ഗില്‍ - കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെപ്പറ്റി സാമാന്യജനങ്ങള്‍ക്കുള്ള അറിവ് എന്നു വെളിപ്പെടുത്തുന്നതായിരുന്നു ആ അമ്മയുടെ ആശങ്ക. തെറ്റുപറയാന്‍ പറ്റില്ല. കാരണം പശ്ചിമഘട്ടത്തിന്റെ സംരക്ഷണാര്‍ത്ഥം തയ്യാറാക്കിയ ഈ റിപ്പോര്‍ട്ടുകളെ പറ്റി ജനങ്ങളെ ബോധ്യപ്പെടുത്താനോ ചര്‍ച്ചകള്‍ സംഘടിപ്പിയ്ക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. വിവാദങ്ങള്‍ മാത്രം ആഹരിയ്ക്കുന്ന മാധ്യമങ്ങള്‍ക്കും അതിനു സമയമുണ്ടായില്ല. പലതവണ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷമാണു നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളില്‍ ചിലതു നടപ്പാക്കുന്ന കരടു വിജ്ഞാപനം പുറപ്പെടുവിച്ചത് (അന്തിമ വിജ്ഞാപനം വരാനിരിയ്ക്കുന്നതേയുള്ളു). കടന്നല്‍ കൂട്ടില്‍ കല്ലിട്ട അനുഭവമാണു ഇതു മലയോരമേഖലകളില്‍ സൃഷ്ടിച്ചത്. വന്‍‌കിട കൈയേറ്റക്കാരെയും ഖനിമാഫിയയെയും സംരക്ഷിയ്ക്കാന്‍ താല്പര്യമുള്ള ചില മതമേധാവികളും അവരുടെ വോട്ടു ബാങ്ക് ഉന്നം വെയ്ക്കുന്ന രാഷ്ട്രീയപാര്‍ടികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. എന്താണു ഈ  റിപ്പോര്‍ട്ടെന്നോ വിജ്ഞാപനമെന്നോ ചുക്കും ചുണ്ണാമ്പും അറിയാത്തവരാണു പ്രതിഷേധക്കാരെ നയിയ്ക്കുന്നവരില്‍ ചിലരെങ്കിലും.

എന്താണു തെറ്റിദ്ധരിപ്പിയ്ക്കലും മുതലെടുപ്പും എന്നറിയാന്‍ മുല്ലപ്പെരിയാര്‍  പ്രക്ഷോഭത്തെ പറ്റി മനസ്സിലാക്കിയാല്‍ മാത്രം മതി. “ഡാം ഇപ്പോള്‍ തകരും, കേരളം ഒലിച്ചുപോകും” എന്നൊക്കെ പ്രചരണം നടത്തി, ജനങ്ങളെ ഭയചകിതരാക്കി തെരുവിലിറക്കിയവരില്‍ ഇന്നത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിരുദ്ധര്‍ തന്നെയായിരുന്നു മുന്നില്‍. ഡാമിനു തല്‍ക്കാലം കാര്യമായ ഭീഷണിയില്ലെന്നു പറഞ്ഞ സാങ്കേതിക വിദഗ്ദ്ധരെ ആക്ഷേപിയ്ക്കാന്‍ ഇപ്പറഞ്ഞവര്‍ അന്നും മറന്നില്ല.

എന്തുകൊണ്ടു പശ്ചിമ ഘട്ടം സംരക്ഷിയ്ക്കപ്പെടണം?

ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ 1500 കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പര്‍വത നിരകളാണു പശ്ചിമഘട്ടം. ഹിമാലയം കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണിതിന്. കേരളത്തെ സംബന്ധിച്ച് വടക്കുമുതല്‍ തെക്കുവരെ ഒരു സംരക്ഷണഭിത്തിയായി ഈ മലനിരകള്‍ നിലകൊള്ളുന്നു. നമ്മുടെ കൃഷിയും സംസ്കാരവും ജീവിതമൊന്നാകെയും ഇതിനോടു ബന്ധപ്പെട്ടാണു കിടക്കുന്നത്. കേരളത്തിന്റെ പച്ചപ്പിനും ആര്‍ദ്രതയ്ക്കുമെല്ലാം കാരണം പശ്ചിമഘട്ടമാണു. പാലക്കാട് ഭാഗത്ത് 40-45 കിലോമീറ്റര്‍ നീളത്തില്‍ ഈ മലനിരയില്‍ ഒരു വിടവുണ്ട്. ആയതിനാല്‍ കേരളത്തില്‍ എറ്റവും ചൂടുള്ളതും പാലക്കാടാണ്. മറ്റൊരു വിടവായ ആര്യങ്കാവ് മൂലം പുനലൂരിലും ചൂടുകൂടുതല്‍.

ലോകമാകെയെടുത്താല്‍ പ്രധാനപ്പെട്ട 35 ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നാണു പശ്ചിമഘട്ടം.
ഇന്നും തിരിച്ചറിയപ്പെടാത്ത അനേകം ഔഷധസസ്യങ്ങളുടെ കലവറയാണിവിടം. വൈദ്യശാസ്ത്രം ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നു തേടുന്നത് ഇവിടെയാണ്. കാരണം രാസ ഔഷധങ്ങളില്‍ നിന്നും സസ്യ ഔഷധങ്ങളിലേയ്ക്ക് ലോകം മാറുകയാണ്. ഇതുകൂടാതെ കേരളത്തിന്റെ ജലസമൃദ്ധിയ്ക്കും അടിസ്ഥാനം പശ്ചിമഘട്ടമാണ്. ഭാവിയിലെ അമൂല്യസ്വത്താണു ശുദ്ധജലം. പശ്ചിമഘട്ടത്തില്‍ മഴപെയ്താല്‍ 48 മണിക്കൂറിനുള്ളില്‍ അതൊഴുകി കടലിലെത്തും. ഇതു സംഭരിച്ചു ഭലപ്രദമായി വിതരണം ചെയ്താല്‍, പെട്രോ ഡോളറിനെക്കാള്‍ വരുമാനമുണ്ടാകും. ഇനിയുമിനിയുമേറെ കാരണങ്ങള്‍ പറയാനുണ്ട് ഈ മലനിരകളുടെ പ്രാധാന്യത്തെപറ്റി.

മനുഷ്യന്റെ അനിയന്ത്രിതമായ കടന്നു കയറ്റം മൂലം ഗോവയിലും മഹാരാഷ്ട്രയിലുമടക്കം പശ്ചിമഘട്ടത്തിനു വലിയ നാശമാണു സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇതു തടയാനാണു പശ്ചിമഘട്ട സംരക്ഷണം അടിയന്തിരപ്രാധാന്യത്തോടെ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി 2010 മാര്‍ച്ചില്‍ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി എന്ന പേരില്‍ പ്രൊ. മാധവ ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ 14 അംഗസമിതിയെ നിയോഗിച്ചു. 2011 സെപ്തംബറില്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിനെ പറ്റി “ആശങ്ക” ഉയര്‍ന്ന സാഹചര്യത്തില്‍ പുതിയ ശുപാര്‍ശകള്‍ സമര്‍പ്പിയ്ക്കാന്‍ ഡോ:കസ്തൂരി രംഗന്‍ അധ്യക്ഷനായി 7 അംഗങ്ങളുടെ ഹൈലെവല്‍ വര്‍ക്കിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര വനം മന്ത്രാലയം അംഗീകരിയ്ക്കുകയും ചെയ്തു.

ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍:

പരിസ്തിതി ലോലത അനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്നായി തിരിച്ചു. അതീവലോലം - സോണ്‍-1,  ലോലം - സോണ്‍-2, സാമാന്യേന ലോലത കുറഞ്ഞ - സോണ്‍-3.
പശ്ചിമഘട്ടത്തിന്റെ 90% വും പരിസ്ഥിതി ലോലമെന്നാണു ഗാഡ്ഗില്‍ കണ്ടെത്തിയത്.

സോണ്‍ -1 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 5 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. കര്‍ശന നിബന്ധനകളോടെ ഔഷധസസ്യ ശേഖരണം ആവാം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ അനുവദിയ്ക്കില്ല. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ കര്‍ശന നിയന്ത്രണത്തോടെ അനുവദിയ്ക്കാം. 10 മെഗാവാട്ട് വരെയുള്ള ചെറുകിട പവര്‍ പ്രോജക്ടുകള്‍ ആവാം. പുതിയ ഹൈവേകള്‍, റെയില്‍ ലൈനുകള്‍ എന്നിവ ഒഴിവാക്കണം. പരമാവധി പരിസ്ഥിതി ആഘാതം കുറച്ചുള്ള ടൂറിസം ആകാം.

സോണ്‍ - 2 : ഭൂമിയെ മറ്റാവശ്യങ്ങള്‍ ഉപയോഗിയ്ക്കാന്‍ പാടില്ല. 8 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ അനുവദിയ്ക്കില്ല. ചുവപ്പ്/ഓറഞ്ച് വിഭാഗത്തില്‍ പെട്ട വ്യവസായങ്ങള്‍ നിയന്ത്രണങ്ങളോടെ ആകാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. 15 മെഗാവാട്ടിനു മേലുള്ള പവര്‍ പ്രോജക്ടുകള്‍ പാടില്ല. താപോര്‍ജനിലയങ്ങളും അനുവദിയ്ക്കില്ല. റോഡുകള്‍ അപ്ഗ്രേഡ് ചെയ്യാം. പുതിയ റെയില്‍ ലൈനുകള്‍ പരിസ്ഥിതി ആഘാത പഠനത്തിനു വിധേയമായി അനുവദിയ്ക്കാം. ടൂറിസം പദ്ധതികള്‍ നിയന്ത്രണത്തോടെ ആകാം.

സോണ്‍ - :3 :  ഭൂമിയുടെ ഉപയോഗം അനുവദീയം. 10 വര്‍ഷം കൊണ്ട് കീടനാശിനി ഉപയോഗം സമ്പൂര്‍ണമായി ഒഴിവാക്കുക. പാറഖനനത്തിനു കര്‍ശന നിയന്ത്രണം. ഖനനത്തിനു പുതിയ ലൈസന്‍സുകള്‍ കര്‍ശനനിയന്ത്രണത്തോടെ അനുവദിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വ്യവസായങ്ങള്‍ ആവാം. അന്തരീക്ഷമലിനീകരണം ഉണ്ടാക്കാത്ത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കാം. കര്‍ശനനിയന്ത്രണത്തോടെ വന്‍‌കിട പവര്‍ പ്രോജക്ടുകള്‍ അനുവദിയ്ക്കാം. പ്രദേശത്തിനു താങ്ങാവുന്ന ടൂറിസം അനുവദിയ്ക്കാം.

പൊതുശുപാര്‍ശകള്‍: ജനറ്റിക് വിളകളും ജീവജാലങ്ങളും അനുവദനീയമല്ല. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. പരിസ്ഥിതി സൌഹൃദ കെട്ടിടനിര്‍മ്മാണം അനുവര്‍ത്തിയ്ക്കണം. നീര്‍ത്തടങ്ങള്‍ സംരക്ഷിയ്ക്കണം. മറ്റുസ്ഥലങ്ങളില്‍ നിന്നും കടന്നു കയറി പാരിസ്ഥിതികപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ജീവജാലങ്ങളെ ഒഴിവാക്കുക. അപകടകരമായ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിയ്ക്കുക. പ്രാദേശിക ഭരണകൂടങ്ങളുടെ തലത്തില്‍ ജലവിഭവങ്ങളുടെ പരിപാലന പദ്ധതികള്‍ ഉണ്ടാക്കുക. ജലസംരക്ഷണ നടപടികള്‍ നടപ്പാക്കുക. ജൈവകൃഷി പ്രോത്സാഹിപ്പിയ്ക്കുക. ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നതിനു പൊതുജനങ്ങളുടെ സഹകരണത്തോടെയുള്ള സസ്യപ്രജനനം പ്രോത്സാഹിപ്പിക്കുക. ജൈവകൃഷിയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക. നാടന്‍ ഇനങ്ങളുടെ സംരക്ഷണത്തിനു സര്‍വീസ് ചാര്‍ജ് നല്‍കുക. തോട്ടയിടീല്‍ പോലുള്ള മത്സ്യബന്ധനം നിരോധിയ്ക്കുക. യൂക്കാലിപോലുള്ള ഏകവിള കൃഷി പൂര്‍ണമായും ഒഴിവാക്കുക. അനധികൃത ഖനനം ഉടന്‍ നിരോധിയ്ക്കുക.സൌരോര്‍ജം പ്രോത്സാഹിപ്പിയ്ക്കുക. ജനകീയ ജൈവ-വൈവിധ്യ രജിസ്ടര്‍ തയ്യാറാക്കുക. വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ജൈവവൈവിധ്യ അവബോധം വര്‍ധിപ്പിയ്ക്കുക. പുതിയ പദ്ധതികള്‍ക്ക് പരിസ്ഥിതി ആഘാത പഠനശേഷം മാത്രം അനുമതി നല്‍കുക. ഹരിത സാങ്കേതികവിദ്യകള്‍ അനുവര്‍ത്തിയ്ക്കുക. ജലനിരപ്പിനെ സംബന്ധിച്ച ഡാറ്റാ ബേസ് സൂക്ഷിയ്ക്കുക.

കസ്തൂരിരംഗന്‍ കമ്മിറ്റി ശുപാര്‍ശകള്‍:
പശ്ചിമ ഘട്ടത്തെ രണ്ടായി തിരിയ്ക്കുന്നു. പ്രകൃത്യാ ഉള്ള പ്രദേശവും (40%), കൃഷിയും തോട്ടവും മനുഷ്യവാസവുമുള്ള പ്രദേശവും (60%). പശ്ചിമഘട്ടത്തിന്റെ 37% മാണു പരിസ്ഥിതി ലോല പ്രദേശമെന്നാണു കസ്തൂരിരംഗന്റെ കണ്ടെത്തല്‍.

പശ്ചിമഘട്ട പരിസ്ഥിതിയ്ക്കുമേല്‍ പരമാവധി നശീകരണവും ആഘാതവും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനു ഒരു സംവിധാനം ഉണ്ടാക്കണം. ഖനനം, പാറപൊട്ടിയ്ക്കല്‍, മണലെടുപ്പ് എന്നിവയ്ക്ക് പൂര്‍ണ നിരോധനം ഉണ്ടാകണം. താപനിലയങ്ങള്‍ അനുവദനീയമല്ല. നിബന്ധനകള്‍ക്കു വിധേയമായി ജലവൈദ്യുത പദ്ധതികള്‍ അനുവദിയ്ക്കാം. കാറ്റില്‍ നിന്നുമുള്ള വൈദ്യുതോല്പാദനം കൂടി ഉള്‍പ്പെടുത്തണം. എല്ലാ ചുവപ്പുകാറ്റഗറി വ്യവസായങ്ങളും നിരോധിയ്ക്കണം. പരിസ്ഥിതി ആഘാതം കുറവുള്ള വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കണം. 2,00,000 സ്ക്വയര്‍ഫീറ്റിനും അതിനുമെലുമുള്ള കെട്ടിടങ്ങള്‍ അനുവദിയ്ക്കരുത്. ടൌണ്‍ഷിപ്പുകള്‍ നിരോധിയ്ക്കണം. പശ്ചിമഘട്ടത്തിനു 10 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വികസന പദ്ധതികള്‍ക്കും പാരിസ്ഥിതിക ക്ലീയറന്‍സ് നേടിയിരിയ്ക്കണം. ജൈവ കൃഷിമുറകളിലൂടെ സുസ്ഥിരകൃഷിവികസനം പ്രോത്സാഹിപ്പിയ്ക്കണം. പാരിസ്ഥിതിക സേവനങ്ങള്‍ക്ക് പ്രതിഫലം നല്‍കണം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്വത്തില്‍ അംഗീകരിച്ചാണു കേന്ദ്രസര്‍ക്കാര്‍ കരടു വിജ്ഞാപനം പുറപ്പെടുവിച്ചിരിയ്ക്കുന്നത്. പലര്‍ക്കുമൊരു സംശയമുണ്ട്, പാരിസ്ഥിതിക ശാസ്ത്രജ്ഞനായ ഗാഡ്ഗിലിനു പകരം ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരിരംഗനെ എന്തിനു സര്‍ക്കാര്‍ നിയോഗിച്ചു എന്ന്. അതിനുള്ള ഉത്തരം, പാരിസ്ഥിതികശാസ്ത്രം ആധുനിക ബഹിരാകാശ ശാസ്ത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നതാണു. കാലാവസ്ഥാപ്രവചനം മുതല്‍, ജലലഭ്യത, ഭൌമശാസ്ത്രം, ഭൂമാപ്പുകള്‍ തുടങ്ങിയവയെല്ലാം ബഹിരാകാശശാസ്ത്രവുമായി ബന്ധപ്പെട്ടാണിരിയ്ക്കുന്നത്. പശ്ചിമഘട്ടത്തിലെ ലോലപ്രദേശങ്ങള്‍ നിര്‍ണയിയ്ക്കാന്‍ ഗാഡ്ഗില്‍ താലൂക്കുതല മാപ്പുകളെയാണു ആശ്രയിച്ചതെങ്കില്‍ കസ്തൂരി രംഗന്‍ ഉപഗ്രഹചിത്രങ്ങളെയാണു ആശ്രയിച്ചത്. എറ്റവും കൃത്യതയാര്‍ന്ന ഈ ചിത്രങ്ങള്‍ കാര്യക്ഷമമായി ഉപയോഗിയ്ക്കാന്‍ ബഹിരാകാശ ശാസ്ത്രജ്ഞനു മാത്രമാണു കഴിയുക. എന്നാല്‍ കസ്തൂരിരംഗനെ കൂടാതെ മറ്റ് ആറു അംഗങ്ങള്‍ കൂടി സമിതിയിലുണ്ട് എന്നും ഓര്‍ക്കുക.

വാല്‍ക്കഷണം: കേരളത്തിലെ കത്തോലിയ്ക്ക സഭ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും ഒരേപോലെ എതിര്‍ക്കുമ്പോള്‍ സി.എസ്.ഐ സഭ രണ്ടു റിപ്പൊര്‍ട്ടിനെയും സ്വാഗതം ചെയ്യുന്നു. എന്തായിരിയ്ക്കും കാരണം?

8 comments:

 1. Very good post. This is similar to Jan Lokpal Bill. No one understands what it is and every one makes hue and cry over it.

  ReplyDelete
 2. രാഷ്ട്രീയക്കാര്‍ക്കും മതമേധാവികള്‍ക്കും നിക്ഷിപ്തതാല്പര്യങ്ങളുണ്ട്. പൊതുനന്മ അവരുടെ ലക്ഷ്യങ്ങളിലില്ല.

  ReplyDelete
 3. ഇതിങ്ങനെ വിശദമായി എഴുതിയത് നന്നായി ബിജൂ..... ഇതെങ്ങിനെയെങ്കിലും ജനങ്ങളിലെക്കെതിക്കേണ്ടിയിരിക്കുന്നു ................

  ReplyDelete
 4. മലയോര കർഷകരുടെ യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്കാന്‍ സർക്കാരും അധികാരികളും തയ്യാറാകണം .

  കസ്തൂരിരംഗൻ റിപ്പോർട്ട്‌ നടപ്പാക്കിയാൽ ...............

  1.കേരളത്തിൽ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുമോ ?
  2.റിപ്പോർട്ട്‌ നടപ്പാക്കപ്പെടുന്ന സ്ഥലങ്ങളിലെ ഭൂമി വില കുറയുമോ?
  3. ബാധിക്കുന്ന പ്രദേശങ്ങളിൽ എന്തു തരം വികസനമാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് ?
  4. വികസ്വര ടൌണുകൾ വികസിക്കില്ലേ ?
  5.മെഡിക്കൽ കോളേജുകൾ മറ്റു വിദ്യാഭ്യാസ ആരോഗ്യ ഐ .ടി സ്ഥാപനങ്ങൾ ഉണ്ടാകില്ലേ?
  6.ഇഞ്ചി , മഞ്ഞൾ ,പച്ചക്കറികൾ ,നെല്ല് ,വാഴ ,കരിമ്പ്‌ ,കിഴങ്ങ് വർഗങ്ങൾ മുതലായ കൃഷികൾ നടത്താൻ പറ്റുമോ?
  7.ഫലപ്രദമായ ജൈവ കീടനാശിനികൾ ഉണ്ടാകുന്നതു വരെ കീടനാശിനികൾ ഉപയോഗിക്കാൻ പറ്റില്ലേ?
  8.വീടുകൾ നിർമിക്കാൻ സ്വന്തം പുരയിടത്തിൽ ഉള്ള പാറകൾ പൊട്ടിക്കാമോ?
  9. കോണ്‍ക്രീറ്റ് വീടുകൾ നിർമ്മിക്കാൻ സാധിക്കുമോ ?
  10. ടൂറിസം മേഖലകളിൽ ടൌണ്‍ഷിപിനു നിരോധനമുണ്ടോ ?
  11 . ബാങ്കുകൾ ലോണ്‍ അനുവദിക്കുമോ ?
  12 . കാർ ഷിക ഉത്പന്നങ്ങൾ ആ സ്ഥലത്ത് തന്നെ സംസ്കരിക്കാനുള്ള സംവിധാനങ്ങൾക്ക് നിരോധനം ഉണ്ടോ?
  13 . ഈ മേഖലകളിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാൻ മാതാപിതാക്കൾ തയ്യാറാകുമോ?
  14 . ആട് ,കോഴി ,പന്നി ,പോത്ത് മറ്റു മൃഗങ്ങൾ .ഇവയെ വ്യാവസായിക അടിസ്ഥാനത്തിൽ വളർത്താനും കൊല്ലാനും മാംസം വിൽക്കാനും സാധിക്കുമോ ?
  15 . ശബരിമല ,മറ്റു തീർഥാടനങ്ങൾ എന്നിവക്കുള്ള അടിസ്ഥാന വികസനങ്ങൾ നടക്കുമോ ?
  16 .കൃഷിക്കാരനു സ്വന്തം സ്ഥലത്തു കൃഷിയോടോപ്പമെങ്കിലും മറ്റു വ്യവസായങ്ങൾ നടത്താൻ സാധിക്കുമോ ?
  17 . ഇതുവരെ കൈവശാവകാശ രേഖ കിട്ടാത്ത കർഷകരെ കുടിയൊഴിപ്പിക്കുമോ ?
  18 . വന്യ മൃഗങ്ങൾ കൃഷി സ്ഥലത്ത് പ്രവേശിക്കാതെ വേലിയെങ്കിലും കെട്ടാൻ സാധിക്കുമോ
  19 . കൃഷിക്കാരൻ പരമ്പരകളായി കൃഷി മാത്രമേ ചെയ്യാൻ പാടുള്ളോ ?
  20 . ഏതെങ്കിലും ഡാം കാലഹരണ പ്പെട്ടാൽ പുന :നിർമ്മിക്കാൻ സാധിക്കുമോ ?
  21. വസ്തു കൈമാറ്റം ചെയ്യുന്നതിനു എന്തെങ്കിലും നിയന്ത്രണം ഉണ്ടോ ?

  ഈ കസ്തൂരി രംഗന്‍ മൂലം പ്രചരിക്കപ്പെടുന്ന സംശയങ്ങള്‍

  1. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്ള വീടുകള്‍ക്ക് മുഴുവന്‍ പച്ച പെയിന്റ് അടിക്കണം ... വീടിന്റെ മേല്‍ക്കൂരയില്‍ വള്ളിപ്പടര്‍പ്പുകള്‍ കയറ്റി കാടിന്റെ ഭാഗമാണെന്നു കാണിക്കണം. ഇതൊക്കെ ശരിയാണോ

  2. മോനെ ഇവിടെമെല്ലാം സര്‍ക്കാര്‍ ഏറ്റെടുത്ത് കാട്ടുമൃഗങ്ങളെ കൊണ്ടുവിടാന്‍ പോകുകയാണെന്നാണല്ലോ പലരും പറയുന്നത്. നേരാണോ? പിന്നെ ഞങ്ങള്‍ എങ്ങിനെ ജീവിക്കും ?

  3. ഈ ലോലഭാഗങ്ങളില്‍ താമസ്സിക്കുന്നവര്‍ക്ക് ഇനി മുതല്‍ ഭൂനികുതി, കെട്ടിട നികുതി ഒന്നും അടക്കേണ്ടി വരില്ല. അതിനര്‍ത്ഥം ഞങ്ങള്‍ അവിടുന്ന് ഇറങ്ങിപ്പോയ്ക്കോണം എന്നല്ലേ ?

  4. ഈ ലോലഭാഗങ്ങളില്‍ ആസ്പത്രി പോലും പാടില്ല...റെഡ് കാറ്റഗറി ആണ് പോലും , ഞങ്ങളുടെ മക്കളെ ഇനി ലാടവൈദ്യം പഠിപ്പിക്കണോ ?

  5. ഒരു കിലോയില്‍ കൂടുതല്‍ കനമുള്ള ഇരുമ്പ്, ഉരുക്ക് എന്നിങ്ങനെയുള്ള ലോഹങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ആയുധങ്ങള്‍ പാടില്ല.... അമ്പും വില്ലും ഉപയോഗിക്കണമോ ?

  ReplyDelete
 5. ഗാഡ്ഗില്‍ ആയിരുന്നാലും ഇപ്പോള്‍ കസ്തൂരി രംഗന്‍ ആയിരുന്നാലും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിച്ചപ്പോള്‍ കുറെ ജനവാസപ്രദേശങ്ങള്‍ കൂടി അതിലുള്‍പ്പെട്ടു. ഇതെങ്ങനെ സംഭവിച്ചു?

  ചില “വിദഗ്ധന്മാര്‍ പ്രചരിപ്പിച്ചത് കസ്തൂരി രംഗന്‍ ചുമ്മാ ഓഫീസില്‍ കുത്തിയിരുന്ന് ഗൂഗിള്‍ എര്‍ത്തില്‍ അവിടവിടെ തോന്നിയ പോലെ അടയാളപ്പെടുത്തുകയായിരുന്നു എന്നാണ്. ഇതൊക്കെ സത്യമാണോ?

  പ്രൊഫസര്‍ ഗാഡ്ഗില്‍ പശ്ചിമഘട്ടത്തെ മൂന്നുമേഖലകളായി തരം തിരിച്ചത് താലൂക്ക് തലത്തിലുള്ള മാപ്പിന്റെ അടിസ്ഥാനത്തിലാണ്. മാപ്പുകളില്‍ അടയാളപ്പെടുത്താന്‍ ഗ്രിഡ് സംവിധാനമാണു ഉപയോഗിയ്ക്കുക, അതായത് നെടുകെയും കുറുകെയുമുള്ള വരകളുപയോഗിച്ച് കളങ്ങളാക്കിയിട്ട്. ഒരു കളത്തിനു എട്ടുകിലോമീറ്റര്‍ നീളവും വീതിയുമാണുള്ളത്. പരിസ്ഥിതി ലോലപ്രദേശം അടയാളപ്പെടുത്തിയത് ഇത്തരം കളങ്ങളായിട്ടാണു. തീര്‍ച്ചയായും ചിലപ്പോള്‍ ഒരു കളത്തിലെ ചില ഭാഗങ്ങളില്‍ മാത്രമേ വനം ഉണ്ടാകൂ, ചില ഭാഗം ജനവാസമുള്ളയിടമാകാം.

  കസ്തൂരി രംഗനാകട്ടെ, റിമോട്ട് സെന്‍സിങ് ഉപഗ്രഹത്തില്‍ നിന്നുള്ള ഏറ്റവും പുതിയ മാപ്പാണുപയോഗിച്ചത്. താലൂക്കിനു പകരം വില്ലേജുകളായി പരിഗണിച്ചു. അങ്ങനെയാണു കേരളത്തിലെ 123 വില്ലേജുകള്‍ സംരക്ഷിത പട്ടികയില്‍ വരുന്നത്. ഇവിടെയും ഗ്രിഡിന്റെ കളങ്ങളുടെ മേല്‍പ്പറഞ്ഞ പ്രശ്നമുണ്ട്.

  ഗ്രാഫില്‍ ഉള്‍പ്പെട്ട ജനവാസ പ്രദേശങ്ങളെ ഒഴിവാക്കാനുള്ള നടപടി ഉണ്ടാവേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ കാര്യവിവരമുള്ളവര്‍ ഉന്നയിയ്ക്കുന്നതിനു പകരം തെരുവില്‍ തീക്കളി നടത്തുന്നത് അപലപനീയമാണ്.

  ReplyDelete
 6. കസ്തൂരി രംഗന്‍ റിപ്പോര്ട്ടി ലെ പ്രധാന നിര്ദേടശങ്ങള്‍
  1. പശ്ചിമഘട്ടം സംബന്ധിച്ച് പഠനം നടത്തിയ സമിതിയുടെ കണ്ടെത്തല്‍ അനുസരിച്ച് കേന്ദ്ര സര്ക്കാചര്‍ പരിസ്ഥിതി ദുര്ബലല പ്രദേശം(ESA) ഉടന്‍ തന്നെ പ്രഖ്യാപിക്കണം. പശ്ചിമഘട്ടത്തിലെ ജൈവ വൈവിധ്യം സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.
  2. പശ്ചിമഘട്ടത്തിലെ പ്രകൃതി ദത്തമായ സ്ഥലം 41 ശതമാനം ആണ്. അതില്‍ 37 ശതമാനം ആണ് പരിസ്ഥിതി ദുര്ബ്ല പ്രദേശം. അതിനാല്‍ തന്നെ ഈ പ്രദേശം സംരക്ഷിക്കാന്‍ അടിയന്തിര നടപടി വേണം എന്ന് വ്യക്തമാണ്.
  3. പശ്ചിമഘട്ടത്തിലെ എല്ലാ വന്കിപട നിര്മ്മാ ണ പ്രവര്ത്തീനങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ് നിയന്ത്രണത്തിനു വിധേയമാക്കുന്ന രീതിയില്‍ സംസ്ഥാന സര്ക്കാരര്‍ നിയമം നടപ്പില്‍ വരുത്തണം.
  4. പ്ലാനിംഗ് കമീഷന്‍ പശ്ചിമഘട്ടം വികസന ഫണ്ട് ഉപയോഗപ്പെടുത്തുകയും, അവിടത്തെ പ്രകൃതി സംരക്ഷണം ത്വരിതപ്പെടുത്തുകയും വേണം.
  5. കേന്ദ്ര പരിസ്ഥിതി മന്ദ്രാലയം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക ദുര്ബെല മേഖലയെ സംബന്ധിച്ച് നോട്ടിഫിക്കേഷന്‍ നടത്തണം. പൊതു ചര്ച്ചുകള്ക്ക്ന ഈ നോട്ടിഫിക്കേഷന്‍ വിധേയമാക്കുകയും വേണ്ടതാണ്.
  6. പാരിസ്ഥിതിക ദുര്ബ ല പ്രദേശത്തിന്റെ പത്തു കിലോമീട്ടരിനുള്ളില്‍ ഉള്ള എല്ലാ നിര്മ്മാഥണ പ്രവര്ത്തപനങ്ങള്ക്കും പരിസ്ഥിതി അനുമതി പത്രം (environment clearance (EC)) ആവശ്യമാണ്‌.
  7. പാരിസ്ഥിതിക ദുര്ബ ല പ്രദേശത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമങ്ങളിലെ ഗ്രാമ സഭകളുടെ അനുമതിയോടെ മാത്രമേ ഏതൊരു നിര്മ്മാ ണ പ്രവര്ത്തളനങ്ങളും അനുവദിക്കാവൂ. ഇവിടങ്ങളില്‍ വന സംരക്ഷണ നിയമവും കര്ശരനമായി നടപ്പിലാക്കണം.

  അതുപോലെ ഈ മേഖലയിലെ അൻപത് വർഷത്തിന് മുകളിൽ പ്രായമുള്ള അണക്കെട്ടുകൾ പ്രവർത്തനമവസാനിപ്പിക്കണമെന്ന നിർദ്ദേശത്തോടും കസ്തൂരിരംഗൻ സമിതി വിയോജിച്ചു. അവ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാവുന്നവയാണെന്ന അഭിപ്രായമാണ് ഈ സമിതി പ്രകടിപ്പിച്ചത്. എന്നാൽ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയെഎതിർത്തുകൊണ്ടുള്ള ഗാഡ്ഗിൽ സമിതി ശുപാർശയെ ഈ സമിതിയും പിൻതാങ്ങിയെങ്കിലും പുതിയ പഠന റിപ്പോർട്ടുമായി അംഗീകാരത്തിനായി അപേക്ഷിക്കണമെന്നു കേരള സർക്കാരിനോടു നിർദ്ദേശിക്കുകയും ചെയ്തു.
  വാസ്തവത്തില്‍ ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ വെള്ളം ചേര്ത്താ ണ് കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്ട്ട് അവതരിപ്പിച്ചത്.

  റിപ്പോര്ട്ടി നെ കുറിച്ച് വനം കൊള്ളക്കാരും, കയ്യേറ്റക്കാരും, അവര്ക്ക് ഒത്താശ പാടുന്ന ക്രൈസ്തവ സഭകളും തെറ്റായ വാര്ത്ത്കള്‍ ആണ് പ്രചരിപ്പിക്കുന്നത്. ഈ റിപ്പോര്ട്ട് ഒരിക്കലും
  • നിലവില്‍ ഉള്ള താമസക്കാരെ പരിസ്ഥിതി ദുര്ബ ല പ്രദേശത്തു നിന്നും ഇറക്കി വിടില്ല.
  • വലിയ നിര്മ്മാ ണ പ്രവര്തനങ്ങല്ക്കില്ലാതെ വേറെ നിയന്ത്രണങ്ങള്‍ ഇല്ല.
  • വന്‍ കിട വ്യവസായ സംരംഭങ്ങള്ക്ക്ി‌ അല്ലാതെ വേറെ നിയന്ത്രണം ഇല്ല.
  (കടപ്പാട് : Thekkille Sreedharan Unni)

  ReplyDelete
 7. ee mekhalayile vikasana pravarthangal nilakkille....ivide quarrykalo manal varalo onnum illa ..mannine ponnakunna karshakar mathram ellarum adwanichu jeevikkunnavar....pravasi malayalikal mathram anivide adhuiu sambannar thangalk ariyavunnathalle ee karyngal....ivide arengilum prakrithiye nashippikkunnathu kandittundo...poru square kilometeril ekadhesham 1000 ytholam kudumbangal und ithra janasndratha koodiya meghalayil ithu pravarthika makumbol karshakark kure ashankakal und athu pariharikkan sarkar thayyar akanam....ivide akramangal nadathiyavar polum purame ninnu vannavar anu..kannuril 8000 tholam jangal samadhanathode samaram nadathi..arum arinjilla ippo kottiyoorine kalapa bhoomi ayi chthrikarikkukayanu..ividuthe jangalude vikaram manassilakanam..

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.