പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday, 27 August 2011

ഒപ്പുവിശേഷങ്ങള്‍.

ജീവിതത്തില്‍ വിലപ്പെട്ട അഞ്ചു കാര്യങ്ങള്‍ ഏതൊക്കെ എന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അതിലൊന്ന്  സാക്ഷാല്‍ “ഒപ്പ്“ തന്നെയായിരിയ്ക്കും. ആ ഒരു സാധനത്തിന് ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ മാറ്റിമറിയ്ക്കാന്‍ തന്നെ സാധിയ്ക്കും. ലോകത്തെ എല്ലാ കാര്യങ്ങളും ഔദ്യോഗിക തീരുമാനമാക്കപ്പെടുന്നത് ബന്ധപ്പെട്ടവര്‍ അതില്‍ ഒപ്പുവെയ്ക്കുമ്പോഴാണല്ലോ. ഒപ്പു വിശേഷങ്ങളെ പറ്റി എത്ര പറഞ്ഞാലും തീരില്ല.

ഒരാളുടെ ഒപ്പില്‍ അയാളുടെ വ്യക്തിത്വം പതിഞ്ഞു കിടപ്പുണ്ട്. അതിനെ പറ്റി ഒരു പഠനശാഖ തന്നെയുണ്ടത്രെ. ചിലരുടെ ഒപ്പുകണ്ടാല്‍ നമ്മള്‍ അതിന്റെ വടിവിലും ഭംഗിയിലും മയങ്ങിപ്പോകും, അത്ര സുന്ദരമായിരിയ്ക്കും അത്. ആ ഒപ്പിന്റെ ഉടമസ്ഥനും ആകര്‍ഷകമായ വ്യക്തിത്വം ഉള്ള ആളായിരിയ്ക്കുമത്രെ.
ചില ഒപ്പുകണ്ടാല്‍ ആകെ വീര്‍ത്തുകെട്ടിയമാതിരിയുണ്ടാകും. ഒപ്പിടാനുള്ള സ്ഥലവും കവിഞ്ഞ് അത് പരന്നുകിടക്കും. പൊങ്ങച്ചം, ഡംഭ്, ജാഡ ഇതൊക്കെയുള്ളവരുടെ ഒപ്പാണത്രെ അത്.
മറ്റു ചിലത് നേരെ വിപരീതം. വളരെ ചെറിയ, കുനുകുന്നാന്നുള്ള ഒപ്പ്. സങ്കുചിത ചിന്താഗതിക്കാരാണത്രെ ഇത്തരം ഒപ്പിടുന്നത്. കടലാസില്‍ വല്ലാതെ അമര്‍ത്തി ഒപ്പിടുന്നവര്‍ ക്രൂര മനസ്സുള്ളവരാണ്. ചിലരുടെ ഒപ്പ് എത്ര പ്രാവശ്യം ഇട്ടാലും ഒരേ അച്ചില്‍ വാര്‍ത്തപോലെയാവും. ദൃഡമായ മനസ്സുള്ളവര്‍ക്കേ അതു കഴിയൂ. ഓരോ ഒപ്പും കുറേശ്ശേ വ്യത്യാസപ്പെട്ടിരിയ്ക്കുന്നവര്‍ ചഞ്ചലമനസ്കരും ഭീരുക്കളും ആയിരിയ്ക്കുമത്രേ. ഇതൊക്കെ ഒപ്പുശാസ്ത്രം, ഒട്ടൊക്കെ ശരിയായിരിയ്ക്കാം.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ അമ്മച്ചിമാരും കാര്‍ന്നോന്മാരുമൊക്കെ ജീവിതത്തില്‍ വല്ലപ്പോഴും ഒപ്പിടേണ്ടി വന്നിരിയ്ക്കുക, മുദ്രപ്പത്രങ്ങളിലാവും, ആധാരം, എഗ്രിമെന്റ് എന്നിത്യാദി കാര്യങ്ങള്‍ക്കു വേണ്ടി. അവരുടെ ഒപ്പുകള്‍ പരിശോധിച്ചാല്‍ അത്ഭുതകരമായ പ്രത്യേകത കാണാം. “ചു”, “ശു” എന്നിവയോടു സാമ്യമുള്ളവയായിരിയ്ക്കും പലരുടേയും ഒപ്പുകള്‍. അതുകൊണ്ട് തന്നെ ഒപ്പിനോടൊപ്പം വിരലടയാളം കൂടി പതിപ്പിയ്ക്കാറുണ്ട്. ഈ വിരലടയാളത്തിന് അത്ഭുതകരമായ ഒരു പേരാണ് മലബാറുകാര്‍ നല്‍കിയിരിയ്ക്കുന്നത്:
“ചുണ്ടൊപ്പ്”..!
പണ്ട് കോട്ടയത്തു നിന്നു കുടിയേറി മലബാറില്‍ സ്ഥലം മേടിച്ച ഒരച്ചായനോട്, സബ് രജിസ്ത്രാര്‍ ചുണ്ടൊപ്പിടാന്‍ പറഞ്ഞപ്പോള്‍ ചുണ്ടില്‍ മഷി പുരട്ടി ഒപ്പിടാന്‍ ശ്രമിച്ച കഥ സത്യം തന്നെയാണ്. മലബാറുകാര്‍ക്ക്  എങ്ങനെ ഈ പേര് കിട്ടിയെന്ന് ഒരു പിടിപാടുമില്ല.

അല്പം കൂടി പ്രായം കുറഞ്ഞ സാധാരണക്കാരുടെ ഒപ്പുകള്‍ അധികവും സ്വന്തം പേരു തന്നെയായിരിയ്ക്കും. ഇംഗ്ലീഷില്‍ പേരെഴുതി അടിയില്‍ ഒരു വരയിട്ടാല്‍ ഒപ്പായി. പണ്ട് SSLC ബുക്കിലാണ് പലരും ആദ്യമായി ഒപ്പിടുന്നത്. എങ്ങനെ ഒപ്പിടണമെന്ന് നിശ്ചയമില്ലാത്ത കുട്ടികള്‍ക്ക് അധ്യാപകര്‍ പറഞ്ഞു കൊടുക്കുന്ന എളുപ്പവഴിയാണിത്. ഉന്നത വിദ്യാഭ്യാസത്തിനൊന്നും പോകാത്തവര്‍ ആ ഒപ്പില്‍ തന്നെ ശിഷ്ടകാലം കഴിച്ചു കൂട്ടും.

അക്കാലത്തെ പല കുട്ടികള്‍ക്കും സ്വന്തം ഒപ്പിടാന്‍ അറിയില്ലെങ്കിലും അച്ഛന്റെയോ അമ്മയുടെയോ ഒപ്പ് നല്ല വശമായിരിയ്ക്കും. പ്രോഗ്രസ് കാര്‍ഡില്‍ ഒപ്പിടേണ്ടതിലേയ്ക്കായി അധികം പേരും ഇതു നേരത്തെ പഠിച്ചു വെച്ചിരിയ്ക്കുമല്ലോ. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ ചുമന്ന മാര്‍ക്ക് വീണപ്പോഴൊക്കെ ഞാനും ഈ വിദ്യ പയറ്റിയിട്ടുണ്ട്. ലോക്കല്‍ രക്ഷകര്‍ത്താവായിരുന്ന വല്യച്ഛന്റെ ഒപ്പ്  “ശ്ര” എന്ന അക്ഷരത്തോട് സാമ്യമുള്ളതായിരുന്നതിനാല്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നു.

ഏകദേശം പത്തുവര്‍ഷത്തോളമായി പേനകൊണ്ടുള്ള എഴുത്ത് നിലച്ചിട്ട്. അതിന്റെ ഫലമായി എന്റെ ഏറ്റവും വലിയ വിഷമമാണ്  ഒപ്പിടല്‍. വല്ലപ്പോഴും മാത്രമേ അതിന്റെ ആവശ്യമുള്ളൂവെങ്കിലും, അടുപ്പിച്ച് ഒന്നിലേറെ ഒപ്പിടേണ്ട സാഹചര്യം വന്നാല്‍ കുഴങ്ങിയതു തന്നെ. ഓരോന്നും തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടാകും. ചിലതിന്റെ തല മടങ്ങിയിരിയ്ക്കും, ചിലതിന്റെ വാലു നീണ്ടു പോകും അങ്ങനെയങ്ങനെ. പ്രധാന രേഖകളിലൊക്കെ പലവിധത്തില്‍ ഒപ്പുവന്നാലുള്ള പൊല്ലാപ്പ് ആലോചിച്ചു നോക്കു. ചെക്കുകളില്‍ ഒപ്പിടേണ്ടി വരുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് ഇടാറ്.

എന്നെ ഏറ്റവും ആകര്‍ഷിച്ച ഒപ്പുകളിലൊന്നാണ് ഞങ്ങളുടെ അസി. പ്രൊജക്ട് മാനേജരുടേത്. പ്രത്യേകമായ ഒരു വടിവില്‍, അച്ചടിച്ച പോലെ മനോഹരമായ, വലിയ ഒപ്പ്.  ഞാന്‍ മിക്കവാറും ദിവസങ്ങളില്‍ ആ ഒപ്പ് കാണാറുണ്ട്. ഓരോ പ്രാവശ്യവും ആരാധനയോടെയും അസൂയയോടെയും നോക്കി നില്‍ക്കും. ആ ഒപ്പു പോലെ തന്നെ ആളും ഗംഭീരന്‍.

എന്നാല്‍ എന്നെ ഞെട്ടിച്ച ഒരൊപ്പാണ് ഇക്കഴിഞ്ഞ ദിവസം കണ്ടത്. സത്യത്തില്‍ ഈ കുറിപ്പ് എഴുതാന്‍ തന്നെ കാരണം ആ ഒപ്പാണ്. ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റ് മേധാവിയായി പുതിയൊരാള്‍ ഏതാനും മാസം മുന്‍പ് ചാര്‍ജെടുക്കുകയുണ്ടായി. പ്രോജക്ടിലെ രണ്ടാം നിരയിലുള്ള അദ്ദേഹം പ്രതിമാസം പത്തുലക്ഷം രൂപയോളം ശമ്പളം മേടിയ്ക്കുന്നയാള്‍. എന്റെ വാര്‍ഷികാവധിയ്ക്ക് അന്തിമ അംഗീകാരം മേടിയ്ക്കുന്നതിനായി അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. കാര്യങ്ങളെല്ലാം ചോദിച്ച ശേഷം അദ്ദേഹം അടിയില്‍ തന്റെ ഒപ്പിട്ടു.
"T" എന്ന അക്ഷരം തലകുത്തി നിര്‍ത്തിയാലെന്താണോ അതാണ് ഒപ്പ്..! ബുര്‍ജ് ഖലീഫയെ അനുസ്മരിപ്പിച്ചു അത്.

അദ്ദേഹം ഒപ്പിട്ടതാണോ അതോ മറ്റുവല്ലതുമാണോ എന്നു  സംശയിച്ചെങ്കിലും ചോദിയ്ക്കാന്‍ ധൈര്യം വന്നില്ല. ആശങ്കയോടെ ഞാന്‍ അഡ്മിനിസ്ട്രേഷന്‍ സെക്രട്ടറിയുടെ അടുത്തേയ്ക്ക് പാഞ്ഞ് കാര്യം അന്വേഷിച്ചു. അദ്ദേഹം ചിരിയോടെ പറഞ്ഞു:

“ പേടിയ്ക്കേണ്ട, ഇതു തന്നെയാ അങ്ങേരുടെ ഒപ്പ്..”

ഒപ്പുശാസ്ത്രത്തിന്റെ തിയറികളൊക്കെ തെറ്റാണെന്ന് എനിയ്ക്കു തോന്നി. ഈ ഒപ്പു വെച്ച് ഒരാളെ എങ്ങനെ അളക്കും?

15 comments:

  1. Baiju എന്നെഴുതി അടിയിലൊരു വര...
    അതായിരുന്നു എന്റെ ആദ്യ ഒപ്പ്..

    ഇപ്പോളത് എന്തോ ഒരു വരയും കുറിയുമായി രൂപാന്തരം വന്നിട്ടുണ്ട്.

    ReplyDelete
  2. വായിച്ച് ഞാനും ഒപ്പിട്ടു താഴെ. :-)
    ഒപ്പ് വിശേഷം നന്നായി

    ReplyDelete
  3. ഒപ്പ് പുരാണം നന്നായി... ini ഒപ്പ് nokki karyangal manasilakkam ... medhavi blogu vayichal karyam Kattapukayakum ..........

    ReplyDelete
  4. ഇവിടെ ഓരോരുത്തർ അറബിയിൽ ഇടുന്ന ഒപ്പാണ് ഒപ്പ്... തല വട്ടം കറങ്ങിപ്പോകും...

    ReplyDelete
  5. എന്റെയും വക കിടക്കട്ടെ ഒരൊപ്പ് !!

    ReplyDelete
  6. enteyoppilum vannu othiri mattangal aadyathethilum ninnum..

    ennu

    swantham..
    --------
    oppu :)

    ReplyDelete
  7. അപ്പോള്‍ ഒരൊപ്പിലൊത്തിരി കാര്യങ്ങള്‍ ഉണ്ടല്ലേ?

    ഒപ്പില്‍ മാറ്റങ്ങള്‍ വരുന്നത് മിക്കപ്പോഴും സ്ഥിരമായി ഒപ്പിടേണ്ടി വരുമ്പോഴാണ്. എനിക്കറിയുന്ന ഒരാളുടെ ഒപ്പ്‌, അയാള്‍ക്ക്‌ സ്ഥിരമായി ഒപ്പിടേണ്ടിവരുന്ന പോസ്റ്റില്‍ എത്തിയതോടെ ഭീകരമായി മാറി, ഒരുമാസം കഴിഞ്ഞപ്പോള്‍ ബാങ്കില്‍ നിന്ന് ചെക്ക്‌ മടങ്ങി, ഒപ്പ് മാച്ചാവുന്നില്ലെന്നു പറഞ്ഞ്. ഇതില്‍ പറഞ്ഞ 'വര' ഒപ്പും കണ്ടിട്ടുണ്ട്. ചിലര്‍ ചിത്രം വരച്ചാണ് ഒപ്പിടുന്നത്, സാധാരണക്കാര്‍ രണ്ടു സെക്കന്റ് കൊണ്ട് ഇടേണ്ട ഒപ്പിടാന്‍ അവര്‍ മിനിമം പത്തുപന്ത്രണ്ടുസെക്കന്റ് എടുക്കും.

    ReplyDelete
  8. പേരെഴുതി അടിവരയിട്ടാണ് ഞാനും ഒപ്പിന്റെ ഹരിശ്രീ കുറിച്ചത്.. അതും ‘S S എത്സീടെ’ ബുക്കിൽ.. പാസ്പോർട്ടിൽ ഒപ്പിടാൻ മാത്രം വളർന്നപ്പോൾ ഇത്തിരി പരിഷ്കാരിയായി.. കാലാനുസൃതമായ ചില മാറ്റങ്ങൾ വന്നു എന്നതൊഴിച്ചാൽ ഞാനിപ്പോളൂം ആ പഴയ ‘അടിവരയൻ’ തന്നെ..

    ഒപ്പിന്റെ കാര്യത്തിൽ എന്റെ 'യമനിക്കാക്കയും' മോശക്കാരനല്ല.. ഒറ്റനോട്ടത്തിൽ നമ്മുടെ ‘ഇ-കാരം (വള്ളി)‘ വലിച്ചുനീട്ടി തറയിൽ കിടത്തിയതുപോലെ തോന്നും.. ഏത് കൊച്ചുകുഞ്ഞിനും എളുപ്പത്തിൽ അനുകരിക്കാവുന്ന ഒപ്പ്!!

    ഒപ്പ് മാഹാത്മ്യത്തിൽ ഞാനും ഒപ്പിടുന്നു...

    ReplyDelete
  9. ഒപ്പുശാസ്ത്രത്തിന്റെ തിയറികളൊക്കെ തെറ്റാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്!

    മനോഹരമായ ഒപ്പുള്ള കുടിലർ...
    വൃത്തികെട്ട ഒപ്പുള്ള നല്ല മനസ്സുകാർ...
    അപാര ‘കൺസ്ട്രക്ഷൻ’ ഉള്ള ഒപ്പിടുന്ന പക്കാ ഉഴപ്പന്മാർ...
    (അവർ ചെയ്യുന്ന എക അധ്വാനം ആ ഒപ്പു നിർമ്മാണമാണ്!)

    ReplyDelete
  10. ഞാനും വായിച്ച് ഒപ്പിട്ടു....

    ReplyDelete
  11. ഒരൊപ്പിനകത്തു ഇത്രയധികം കാര്യങ്ങളുണ്ടോ ഈശ്വരാ....:P

    ReplyDelete
  12. സ്വന്തമായി ഒരു ഒപ്പ് സമ്പാദിക്കാ‍നായി പഠിക്കുന്ന കാലത്ത് വല്ലാതെ പ്രയന്തിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആ ഒപ്പിനെ ഇപ്പോഴും സ്നേഹത്തോടെ കൂടെ കൊണ്ട് നടക്കുന്നു.ഇത് വരെയും ഒരു കുഞ്ഞു മാറ്റവും കൂടെ വന്നിട്ടില്ല.
    -‌ഒപ്പ്

    ReplyDelete
  13. എന്റെ ഒരു മൂത്താപ്പയുടെ കുട്ടിയുണ്ട്.
    ലവന് അഞ്ചാം ക്ലാസ്സില്‍ വച്ച് ഒരു പ്രത്യേക സാഹചര്യത്തില്‍ ഗള്‍ഫില്‍ പോവേണ്ടി വന്നു.. അന്ന് പാസ്പോര്‍ട്ടില്‍ അവനിട്ട ആ ഒപ്പ് തന്നെയാണ് ഇപ്പോഴും..
    അവനിപ്പോ ഇരുപത്തിരണ്ടു വയസ്സായി..ഒപ്പൊന്നു മാറ്റാനും പറ്റില്ലത്രെ ഇനി..
    ഒരു മാതിരി പാമ്പ് പത്തി വിടര്‍ത്തിയ പോലുള്ള ആ ഒപ്പ് നോക്കി അവനിപ്പോഴും അന്തം വിട്ടു നില്‍ക്കും ..
    പാവം..

    ReplyDelete
  14. ഒപ്പ്‌ വിശേഷങ്ങള്‍ ഇഷ്ടായി

    ReplyDelete
  15. അമ്പമ്പോ ..എന്റെ ഒപ്പേ, മാപ്പ് ..

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.