പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday, 22 August 2011

ബസുകാരു പറ്റിച്ച പണി..!

ഒരാള്‍ക്ക്, പരിചയമില്ലാത്ത മറ്റൊരാളോട് എന്തെങ്കിലും ചോദിയ്ക്കാനോ പറയാനോ ഉണ്ടെന്നു കരുതുക. വിദേശികള്‍ ആണെങ്കില്‍ രണ്ടു വഴികളാണ് സ്വീകരിയ്ക്കുക. ഒന്നുകില്‍ “എക്സ്ക്യൂസ് മീ..” എന്നു പറഞ്ഞിട്ട് കാര്യം പറയും. ചിലപ്പോള്‍ “ഹലോ” എന്നോ “ഹായ്” എന്നോ പറഞ്ഞിട്ടും കാര്യം പറയും. ഇതു വളരെ പരിഷ്കൃതമായ ഒരു രീതിയായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്.

എന്നാല്‍ നമ്മള്‍ മലയാളികളുടെ കാര്യം ബഹു വിശേഷമമാണ്. ഓരോ നാട്ടിലും ഓരോ രീതിയാണ് ഇക്കാര്യത്തില്‍. കോട്ടയം പാലാ പ്രദേശത്തൊക്കെ ഇങ്ങനെയായിരിയ്ക്കും പരിചയപ്പെടല്‍:

“പൂ....യ്..അവടെ നിന്നേ ഒരു കാര്യം ചോദിയ്ക്കട്ടെ..”  മറ്റേയാളും കോട്ടയംകാരനാണെങ്കില്‍ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ല.

കണ്ണൂര്‍ ഭാഗത്തൊക്കെ “പൂ....യ്” എന്നതിനു പകരം “കൂ...യ്” എന്നാണ് പ്രയോഗം. എന്നാല്‍ ചില പ്രദേശങ്ങളിലെ രീതി  “ശൂ..ശൂ..” എന്നോ  “ശ്..ശ്” എന്നോ ആണ്. ഒറ്റപ്പെട്ട സ്ഥലത്തു നിന്നാണ് ഇതു കേള്‍ക്കുന്നതെങ്കില്‍ പാമ്പ് ചീറ്റുകയാണോ എന്നു സംശയിച്ചു പോയേക്കാം.

മറ്റു ചിലയിടത്ത്  ഉച്ചത്തില്‍ “കൈ” കൊട്ടിവിളിച്ചാണ് കാര്യം പറയുക. അതു സഹിയ്ക്കാം, എന്നാല്‍ ചിലവന്മാര്‍ പട്ടിയെ വിളിയ്ക്കുന്ന പോലെ കൈ ഞൊടിച്ചു വിളിച്ചു കളയും. ദേഷ്യം കടിച്ചമര്‍ത്തുകയേ രക്ഷയുള്ളു, കാരണം അവര്‍ “മാന്യമായ“ രീതിയില്‍ നമ്മളെ വിളിയ്ക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ബസു തൊഴിലാളികള്‍ കണ്ടുപിടിച്ച ഒരു ശൈലിയുണ്ട്. അതെഴുതിക്കാണിയ്ക്കാന്‍ പ്രയാസമാണ്. ചുണ്ടുകള്‍ കൂര്‍പ്പിച്ച് ചൂളം വിളിപോലൊരു സൌണ്ട് കേള്‍പ്പിച്ചാണ് വിളി. സാധാരണ ചൂളം വിളിയ്ക്ക് വായു പുറത്തേയ്ക്ക് വിടുകയാണെങ്കില്‍ ഇവിടെ വായു ഉള്ളിലേയ്ക്ക് വലിയ്ക്കുകയാണ്. വീര്‍പ്പിച്ച ബലൂണില്‍ കൈയോടിച്ചാല്‍ കേള്‍ക്കുന്ന ഒരു ഒച്ചയില്ലേ, അതിനോട് സാമ്യമുള്ള ഒരു ശബ്ദം. ഞങ്ങളുടെ ആലക്കോട്ടും രയറോത്തുമൊക്കെ യുവാക്കള്‍ക്കിടയില്‍ ഈ “വിളി” ഹിറ്റായി. ക്രമേണ ഞാനും ആ ശൈലിക്കാരനായി. ആരെയെങ്കിലും വിളിയ്ക്കണമെങ്കില്‍ ആ ഒച്ചയേ ചുണ്ടില്‍ വരൂ.

അങ്ങനെയിരിയ്ക്കെയാണ് നമുക്ക് വിസകിട്ടിയത്. ഗള്‍ഫിലേയ്ക്കുള്ള ആദ്യ വിമാനയാത്ര. എയര്‍ ഇന്ത്യയുടെ റിയാദ് വിമാനമാണ്. അത്ര കിളുന്തല്ലാത്ത “വായൂഅതിഥേയ“കള്‍. ആദ്യയാത്രയുടെ അമ്പരപ്പും അത്ഭുതവുമൊക്കെ ഈയുള്ളവനില്‍ കുമിഞ്ഞു കൂടിയിട്ടുണ്ട്. വിമാനം പൊന്തിപ്പറന്ന് അല്പം കഴിഞ്ഞപ്പോള്‍ “തീറ്റയും കുടിയും“ വിതരണമാരംഭിച്ചു. അതിഥേയകള്‍ തലങ്ങും പാഞ്ഞ് ഓരോരോ സാധനങ്ങള്‍ യാത്രക്കാര്‍ക്ക് കൊടുക്കുന്നു.

ആദ്യ റൌണ്ട് ഭക്ഷണം കഴിഞ്ഞപ്പോള്‍ എനിയ്ക്ക് അല്പം വെള്ളം കൂടി വേണമെന്നു തോന്നി. വല്ലാത്ത ദാഹം. ഏതെങ്കിലും ഒരുവള്‍ എന്റെ നേരെ നോക്കും എന്ന പ്രതീക്ഷയോടെ ആതിഥേയകളെ കുറേ നേരം ശ്രദ്ധിച്ചു. അങ്ങോട്ടും ഇങ്ങോട്ടും തിരക്കിട്ടു പോകുന്നവളുമാരൊന്നും തീരെ മൈന്‍ഡാക്കുന്നേയില്ല. അവസാനം സഹികെട്ട് ഒരുവളെ വിളിച്ചു.  കഷ്ടകാലത്തിന് അന്നേരം എന്റെ ചുണ്ടില്‍ വന്നത് ആ “ബലൂണ്‍ ഉരയ്ക്കുന്ന” ശബ്ദം..!

അതുകേട്ട പാടെ പാഞ്ഞു പോയവള്‍ ബ്രേയ്ക്കിട്ടപോലെ നിന്നു. അപ്പോള്‍ ഞാന്‍ ചുണ്ടുകോട്ടി ഒന്നു കൂടി ആ ശബ്ദം കേള്‍പ്പിച്ചു. പെട്ടെന്നവള്‍ തീ പാറുന്ന കണ്ണുകളോടെ  ഒരു നോട്ടം..! പിന്നെ എന്റെ നേരെ നോക്കി കടുപ്പിച്ചു പറഞ്ഞു :

“ദിസ് ഈസ് നോട്ട് ദ വേ ഓഫ് കോളിങ്ങ്..! അണ്ടര്‍ സ്റ്റാന്‍ഡ്..? “

എന്റെ സകല ദാഹവും ആവിയായിപ്പോയി. അടുത്തിരുന്ന പുല്ലന്മാരുടെ പരിഹാസച്ചിരിയായിരുന്നു സഹിയ്ക്കാന്‍ വയ്യാത്തത്. കണ്ണൂരിലെ മുഴുവന്‍ ബസുകാരെയും ശപിച്ചുകൊണ്ട് ഞാന്‍ സീറ്റിലേയ്ക്ക് ചാരിയിരുന്നു.

18 comments:

  1. അവള്‍ അത്രയല്ലേ പറഞ്ഞുള്ളൂ മാഷേ.. നല്ല കുട്ടിയായിരിക്കും .. അതുകൊണ്ടാ.. ക്ഷമിച്ചേക്ക് ..:-)

    ReplyDelete
  2. ഹ ഹ സത്യം പറ. പിന്നീട് അവള്‍ ടോയിലറ്റിന്‍റെ അടുത്തു വച്ച് ചേട്ടനെ ചാമ്പീലെ?

    ReplyDelete
  3. കണ്ണൂരിൽ നിന്നും പഠിച്ചത് കണ്ണൂരിൽ തന്നെ പയറ്റണം,
    പിന്നെ വിളിപുരാണം കണ്ണൂരിൽ തന്നെ പലതരമാണ്.

    ReplyDelete
  4. ഹഹഹഹാഹഹ്!

    അത് പോര!

    ReplyDelete
  5. "പാഞ്ഞു പോയവള്‍ ബ്രേയ്ക്കിട്ടപോലെ നിന്നു' എന്നതില്‍ നിന്ന് ആ വിളി എത്ര ഭീകരമായിരുന്നെന്നു ഊഹിക്കാം. എന്തായാലും എത്ര പായുന്നവനും നിന്നുപോകുന്ന വിളിയല്ലേ?

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ചുണ്ടുകൾ കൊണ്ട് ബലൂണ് ഉരയ്ക്കുന്ന ശബ്ദം ഉണ്ടാക്കി വിളിക്കുന്ന രീതി ഇവിടെയും കണ്ടിട്ടുണ്ട് ഓട്ടോറിക്ഷ വിളിക്കാനാൺ അത് സാധാരണയായി പ്രയോഗിച്ചു കണ്ടിരിക്കുന്നത്

    ReplyDelete
  8. കണ്ണൂരിലെ ബസുകാര്‍ക്ക് ഈ രീതിയില്‍ വിളിക്കാമെങ്കില്‍ എയര്‍ ഇന്ത്യയില്‍ കയറി നമുക്കും അവരെ അങ്ങനെ വിളിക്കാം. സര്‍വീസിന്‍റെയും മര്യാദയുടെയും കാര്യമെടുത്താല്‍ ആ ബസുകാര്‍ ആയിരിക്കും തമ്മില്‍ ഭേദം !!!!

    ReplyDelete
  9. എന്നാലും നമ്മുടെ കണ്ണൂരിലെ ബസ്സുകാരെ മൊത്തം ശപിച്ചത് ശരിയായില്ല ബിജുവേട്ടാ... അവരെങ്ങാനും ഈ വിവരമറിഞ്ഞാൽ ‘കണ്ണൂർ മീറ്റി’ന്റെ അന്ന് സമരം പ്രഖ്യാപിച്ചേക്കും... ജാഗ്രതൈ!!

    അല്ല, എന്നിട്ട് ആ എയറിന്ത്യൻ അമ്മച്ചി വെള്ളവും കൊണ്ടുവന്നോ??

    ReplyDelete
  10. ജഗദീഷ് പറഞ്ഞപോലെ "എച്ച്യൂസ് മീ" ആണ് അടി കിട്ടാതെ സംഗതി വെളുപ്പെടുത്താന്‍ പറ്റിയ രീതീന്നാ തോന്നണെ.
    പിന്നെ എയര്‍ ഹോസ്റ്റ്സ് അതിപ്പോ ഇംഗ്ലീഷില്‍ വിളിച്ചാലും
    മലയാളത്തില്‍ ഊതിയാലും കിട്ടാന്‍ പോണ സര്‍വ്വീസ് കണക്കാ.

    ReplyDelete
  11. .. oru viliyil enthirikkunnu... ippol manasilayi..

    ReplyDelete
  12. ഉള്ളിലേക്ക് ‘ബ്രാ’ ന്ന് പറയണ സൌണ്ടല്ലേ ? :)

    ReplyDelete
  13. അതു പരീക്ഷിച്ചു നോക്കാന്‍ കിട്ടിയ നിമിഷം പാഴാക്കിയില്ലല്ലോ..! അതുനന്നായി....ഇല്ലങ്കില്‍ വലിയ നഷടമായേനേം..!!

    ReplyDelete
  14. അപ്പൊ ചേട്ടത്തി എത്ര ക്ഷമയുള്ളവള്‍ ആയിരിക്കും !!

    ReplyDelete
  15. നല്ലത് . അനുഭവം ഗുരുനാ‌ഥ‌ൻ. മേലാൽ ആവർത്തിക്കുകയില്ലല്ലോ...? മലയാളത്തന്മാരുടെ ഓരോ സ്റ്റൈലേ.....!

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.