“ഓണമായിട്ട് അളിയന് ചെലവൊന്നും ചെയ്യുന്നില്ലേ..?”
ഹാളിലെ കസേരയില്‍ പത്രം മറിച്ചുകൊണ്ടിരുന്ന അളിയനെ പാളിനോക്കിക്കൊണ്ട് പ്രിയതമ എന്നെ തോണ്ടി. ഈ സന്ധ്യാനേരത്ത് പത്രം വായിയ്ക്കുന്നത്, ചുമ്മായിരുന്നു അളിയനു ബോറഡിച്ചിട്ടാണെന്ന് എനിയ്ക്കറിയാം.
“കോഴിയെ മേടിച്ചില്ലെ.. പിന്നെ നല്ല കള്ളപ്പോം. അതു പോരേടീ..” ഞാന്‍ അവളുടെ ചെവിയില്‍ പിറുപിറുത്തു.
"ഹും, നിങ്ങടെ കോഴിക്കറീം കള്ളപ്പോം ! അളിയനൊരു കുപ്പി മേടിച്ചുകൊടുക്ക്..!”
ഞാനൊന്നു ഞെട്ടി, അവളെ തുറിച്ചു നോക്കി. ഇവളിതെന്നോടുതന്നെ പറഞ്ഞല്ലോ. പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ ഞാനാകെ കഴിച്ചിട്ടുള്ളത് പത്തോ പതിനഞ്ചോ പെഗ് മാത്രം. അന്നൊക്കെ മണം പിടിച്ച് മോന്തവീര്‍പ്പിക്കുകയും വഴക്കു കൂടുകയും ചെയ്തവളാണ്, എന്നോട് കുപ്പി മേടിച്ചുകൊടുക്കാന്‍ പറയുന്നത്..! എന്റെ പെങ്ങളുടെ - അവളുടെ നാത്തൂന്റെ - മുന്‍പില്‍ മേനി ചമയാനുള്ള തന്ത്രമല്ലേ ഇതെന്നു തോന്നിയെങ്കിലും ഞാന്‍ അവളുടെ ഡിമാന്റ് അംഗീകരിയ്ക്കാന്‍ തീരുമാനിച്ചു. ഓണത്തലേന്ന് ഭാര്യാവീട്ടിലെത്തിയ അളിയനെ ഒന്നു സന്തോഷിപ്പിച്ചേക്കാം.
“ഞാനൊന്ന് ആലക്കോട്ട് പോയിട്ടു വരാം.” ഒരു കള്ളച്ചിരിയോടെ ഞാന്‍ അളിയനെ നോക്കിപ്പറഞ്ഞു. ചിരിയുടെ അര്‍ത്ഥം മനസ്സിലായതു പോലെ പുള്ളി തലയാട്ടി.
ഞാന്‍ രയറോത്തേയ്ക്കു നടന്നു. ഇരുട്ടു വീണിട്ടുണ്ട്. രയറോത്തു നിന്നും ഇനി ഒരു ബസുമാത്രമേ ആലക്കോടിനുള്ളു. അതു വരാന്‍ ഒരു മണിക്കൂറോളം ഉണ്ടുതാനും. ഒരു ഓട്ടോ പിടിച്ച് പോയാല്‍ ആലക്കോട്ടെ ബിവറേജസ് ഷോപ്പില്‍ നിന്നു “സാധനം“ വാങ്ങി അതിനു തന്നെ തിരികെ പോരാമല്ലോ എന്ന ചിന്തയില്‍ ഓട്ടോ സ്റ്റാന്‍ഡിലേയ്ക്കു ചെന്നു. മാളത്തില്‍ നിന്നു പാമ്പു തലനീട്ടും പോലെ ഓട്ടോകളില്‍ നിന്നും തലകള്‍ പുറത്തേയ്ക്കു നീണ്ടു വന്നു.
“ആലക്കോട്..” ഞാന്‍ പറഞ്ഞുംകൊണ്ട് ഉള്ളിലേയ്ക്കു കയറാന്‍ ഒരുങ്ങി.
“വെയിറ്റിങ്ങുണ്ടെങ്കില്‍ വരാന്‍ പറ്റില്ല..”
“ഒരു പത്തുമിനുട്ട് വെയിറ്റിങ്ങ് മതി..”
“ഇല്ല. നിങ്ങള്‍ വേറെ ഓട്ടോ നോക്കിക്കൊള്ളു..!”
അടുത്ത ഓട്ടോക്കാരനും ഒട്ടും സൌഹൃദമില്ലാതെ ഇതു തന്നെ പറഞ്ഞു. ശ്ശെടാ..ഓട്ടോക്കാര്‍ക്കൊക്കെ ഇപ്പോ പൂത്ത കാശായോ..? എണ്‍പതു രൂപയുടെ ഓട്ടമാണ് ഇവന്മാര്‍ വേണ്ടാന്നു വെയ്ക്കുന്നത്..! എല്ലാവനെയും മനസ്സില്‍ നാലു തെറി പറഞ്ഞ് ഞാന്‍ ബസ് സ്റ്റോപ്പിലേയ്ക്ക് തന്നെ നടന്നു.
നിന്നുനിന്നു നീണ്ട കാലുകഴപ്പിനൊടുവില്‍ ലാസ്റ്റ് ബസെത്തി. റോഡെന്ന പേരിലറിയപ്പെടുന്ന കുഴിക്കൂട്ടത്തില്‍ ചാടിമറിഞ്ഞ് അത് ആലക്കോടെത്തിയപ്പോള്‍ മണി എട്ടര. ഓണത്തലേന്നായതിനാല്‍ ടൌണിലെ കടകളിലൊന്നും ഉത്രാടത്തിരക്കൊഴിഞ്ഞിട്ടില്ല. സി.എഫ്.എല്ലുകളുടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്നു എല്ലായിടവും. ഞാന്‍ ലിങ്ക് റോഡിലേയ്ക്ക് വലിഞ്ഞു നടന്നു. അവിടെയാണല്ലോ ബിവറേജസ്..
ലിങ്ക് റോഡ് ഇരുണ്ടു കിടന്നു. അങ്ങേമൂലയില്‍ മാത്രം ബള്‍ബുകളുടെ ചെറിയ വെളിച്ചം. അവിടെ ചക്കപ്പഴത്തില്‍ മണിയനീച്ചകള്‍ പൊതിയും പോലെ ഓണക്കുപ്പിയ്ക്കായി ഇരമ്പിയാര്‍ക്കുന്ന ജനക്കൂട്ടം..! അതു കണ്ടതോടെ എന്റെ സകല പ്രതീക്ഷയും പോയി. രാത്രി ആയതിനാല്‍ തിരക്കില്ലായിരിയ്ക്കുമെന്നും “സാധനം“മേടിച്ച് പത്തുമിനുട്ടിനുള്ളില്‍, വന്ന ഓട്ടോയ്ക്കു തന്നെ തിരികെ പോകാമെന്നുമുള്ള എന്റെ “മനപ്ലാന്‍” രയറോത്തെ ഓട്ടോക്കാര്‍ കൃത്യമായി വായിച്ചിരുന്നുവെന്ന് എനിയ്ക്കിപ്പോള്‍ മനസ്സിലായി.
തിരിച്ചുപോയാലോ എന്നു ചിന്തിച്ചെങ്കിലും, അളിയനെ നോക്കി ചിരിച്ചിട്ടാണല്ലോ ഇറങ്ങിപ്പോന്നതെന്നോര്‍ത്തപ്പോള്‍ ആ പരിപാടി വേണ്ടാന്നു വെച്ചു. മൂന്നു മുഖങ്ങള്‍ കറുക്കാനുള്ള ചാന്‍സുണ്ട്. അളിയന്റെ, കെട്ട്യോള്‍ടെ പിന്നെ പെങ്ങളുടേതും.
ഇരുള്‍ പറ്റി, ലിങ്ക് റോഡിന്റെ ഒരു മൂലയിലേക്കു ഞാന്‍ മാറിനിന്നു. വല്ലവനുമൊക്കെ കാണണ്ട. ബിവറേജസിന്റെ മങ്ങിയ പരിസരത്താകെ ആളുകൂടി നില്‍പ്പുണ്ട്. മിക്കവന്മാരും നല്ല ഫോമില്‍. ഒന്നാന്തരം അസംസ്കൃത മലയാളത്തിലാണ് പരസ്പരസംഭാഷണം. ആദ്യം കഴിച്ചതു പോരാഞ്ഞിട്ടായിരിയ്ക്കും അടുത്ത കുപ്പിയ്ക്കു കാത്തുനില്‍ക്കുന്നത്. ഇടയ്ക്കിടെ ലിങ്ക് റോഡിലെയ്ക്ക് ഓട്ടോകള്‍ വന്ന് മൂന്നും നാലും പേരെ ഛര്‍ദിച്ചിട്ടു പോകുന്നു. ഇറങ്ങുന്നവന്മാര്‍ എല്ലാവരും തികഞ്ഞ പ്രൊഫഷണലുകളാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. ഒരു മടിയുമില്ലാതെ തിരക്കിനിടയിലേയ്ക്ക് അവര്‍ ഇടിച്ചു കയറി. ബിവറേജസിനു മുന്‍പിലത്തെ ക്യൂവില്‍ ഉണ്ടെന്നു പറയുന്ന ജനാധിപത്യം വൈകുന്നേരം ആറുമണി വരെയേ ഉള്ളുവെന്ന് എനിയ്ക്കു മനസ്സിലായി. അതുകഴിഞ്ഞാല്‍ തികഞ്ഞ ഫ്യൂഡലിസമാണവിടെ. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ നിന്നിട്ടും തിരക്ക് അല്പം പോലും കുറഞ്ഞില്ല. നില്‍ക്കണോ പോകണോ എന്നു പലവട്ടം മനസ്സില്‍ ടോസ് ചെയ്തു നോക്കി. അവസാനം ഞാനതു തീരുമാനിച്ചു. അളിയനു വേണ്ടി, പ്രിയതമയുടെ മാനം പെങ്ങളുടെ മുന്‍പില്‍ താഴാതിരിയ്ക്കാന്‍ വേണ്ടി, അല്പം കൂതറയാകുക. ഒന്നും നോക്കാതെ ഇടിച്ചു തള്ളുന്ന ക്യൂവിലേയ്ക്കു ഞാനും തിരുകി കയറി. അല്പം മുന്‍പിലുള്ള കമ്പിയഴിയ്ക്കുള്ളില്‍ കയറിപ്പറ്റിയാല്‍ രക്ഷപെട്ടു പിന്നെ തള്ളല്‍ സഹിയ്ക്കണ്ട. മനുഷ്യ ശരീരത്തിലെ ചില അവയവങ്ങളുടെ പേരുകള്‍ നാടന്‍ ഭാഷയില്‍ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ഒന്നും ശ്രദ്ധിയ്ക്കാതെ, മുഖം ഒളിപ്പിച്ചു പിടിച്ച് ഞാന്‍ അഴികള്‍ക്കു നേരെ തള്ളിക്കൊണ്ടിരുന്നു. രയറോത്തെ പരിചയക്കാരെ ആരെയും കാണാതിരുന്നാല്‍ മതിയായിരുന്നു.
എങ്ങനെയൊക്കെയൊ അഴികള്‍ക്കുള്ളില്‍ കയറിക്കിട്ടി. അവിടെയും ശുദ്ധഫ്യൂഡലിസം. തണ്ടും തടിയുമുള്ളവന്മാര്‍ അഴികള്‍ക്കിടയിലൂടെ നൂഴ്‌ന്നു നേരെ കയറി വന്നു. അവനോടൊക്കെ തര്‍ക്കിക്കാന്‍ പോയാല്‍ ഓണാഘോഷം വീട്ടിലായിരിയ്ക്കില്ല എന്നു നിശ്ചയമുള്ളതിനാല്‍ ഒന്നും കണ്ടില്ലാന്നു നടിച്ചു. കമ്പിയഴിയ്ക്കു വെളിയില്‍ നല്ല മേളമാണ്. പുറത്തു നിന്ന് പലരും കാശു നീട്ടിക്കൊണ്ട്, ഒരു ഹെല്പ് ചോദിയ്ക്കുന്നു. മുഖം കാണിയ്ക്കാന്‍ വയ്യാത്തതുകൊണ്ട് അങ്ങോട്ട് നോക്കിയതേയില്ല.
“സുഹൃത്തെ.. ഒരു ഒ.സി,ആറ് ഫുള്ള് മേടിക്ക്വോ..?”
നല്ല പരിചയമുള്ള ശബ്ദം. അറിയാതെ നോക്കിപ്പോയി. രയറോത്തെ ഒന്നാന്തരമൊരു കുടികാരന്‍. സന്ധ്യയായാല്‍, ഒരു ഗഡു രയറോത്തും ബാക്കി വീട്ടിലുമായി എന്നും ഭരണിപ്പാട്ട് നടത്തുന്ന ദേഹം. അങ്ങേരെ ഒരിയ്ക്കല്‍ മദ്യപാനത്തിന്റെ ദോഷത്തെക്കുറിച്ചൊന്ന് ഉപദേശിച്ചത് ഒരു നിമിഷം മനസ്സില്‍ കൂടി പാഞ്ഞു. എന്നെ കണ്ടു അയാളും ഞെട്ടിയെന്നു വ്യക്തം. ആ മുഖത്തെ ചിരിയ്ക്ക് ഒരുപാട് അര്‍ത്ഥങ്ങളുണ്ടെന്ന് ഏതു പൊട്ടനും മനസ്സിലാകും.
എന്തുപറയാനാണ്, അളിയന് ഒരു ഗ്രീന്‍ലേബലും, മറ്റേയാള്‍ക്ക് ഒരു ഓസിയാറും മേടിച്ചിറങ്ങുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും ഞാന്‍ തളര്‍ന്നിരുന്നു.
“ഞാന്‍ കരുതിയത് നിങ്ങളൊന്നും കഴിയ്ക്കില്ലാന്നാ...” ഓസിയാര്‍ ഫുള്ള് കൈമാറുമ്പോള്‍ രയറോംകാരന്‍ ചിരിമായ്ക്കാതെ പറഞ്ഞു. എനിയ്ക്കു വേണ്ടിയല്ലാന്നു പറഞ്ഞാലും ആരു വിശ്വസിയ്ക്കാന്‍? ഞാനൊന്നും മിണ്ടിയില്ല.
അളിയനൊപ്പമിരുന്നു ഗ്ലാസ് നിറച്ചപ്പോള്‍ അകത്തെ മുറിയില്‍ നിന്ന് കെട്ട്യോള്‍ കണ്ണും കലാശവും കാണിച്ചെങ്കിലും മൈന്‍ഡാക്കിയതേയില്ല.
(ഇക്കഴിഞ്ഞ ഓണത്തലേന്ന് സംഭവിച്ചത്).
" ബിവറേജസിനു മുന്‍പിലത്തെ ക്യൂവില്‍ ഉണ്ടെന്നു പറയുന്ന ജനാധിപത്യം വൈകുന്നേരം ആറുമണി വരെയേ ഉള്ളുവെന്ന് എനിയ്ക്കു മനസ്സിലായി. അതുകഴിഞ്ഞാല്‍ തികഞ്ഞ ഫ്യൂഡലിസമാണവിടെ "
ReplyDeleteഅതൊരു പുതിയ അറിവാണ്.
നാട്ടില്‍ പോകുമ്പോള്‍ പലപ്പോഴും പലര്‍ക്കും "സാധനം" വാങ്ങിച്ചു കൊടുക്ക് പതിവുണ്ട്.
പക്ഷെ മാനഹാനി, ജീവഹാനി, എന്നിവ ഓര്‍ത്ത് അരുദീന്കിലും കയ്യില്‍ കാശുകൊടുത്തുവിടുകയാണ് ഇപ്പൊ കുറച്ചു കാലമായിട്ടു പതിവ്.
കൊള്ളാം!
ReplyDeleteഎനിക്ക് എല്ലാ ഓണവും മദ്യരഹിത, മാംസരഹിത ആഘോഷങ്ങളാണ് ഇതു വരെ.
നോക്കിക്കോ ഒരു ഓണനാൾ ഞാനും മലയാളിയാവും!
nannaayi
ReplyDeleteഇടക്കൊക്കെ ഒന്ന് തട്ടിക്കോ കുഴപ്പമില്ല
ReplyDelete"അകത്തെ മുറിയില്‍ നിന്ന് കെട്ട്യോള്‍ കണ്ണും കലാശവും കാണിച്ചെങ്കിലും മൈന്‍ഡാക്കിയതേയില്ല."
ReplyDeleteഅത് നന്നായി, മൈന്‍ഡ് ആക്കരുത്. നീറ്റായ കെട്യോനെ പറഞ്ഞുവിട്ടുകുപ്പിമേടിപ്പിച്ചുകുടിപ്പിക്കുന്ന ...
"ഹും, നിങ്ങടെ കോഴിക്കറീം കള്ളപ്പോം ! അളിയനൊരു കുപ്പി മേടിച്ചുകൊടുക്ക്..!” അപ്പോള്‍ പുരോഗതി ഉണ്ട് ... നല്ല കാര്യം ...
ReplyDeleteThis comment has been removed by the author.
ReplyDeleteബിജുവെ.....കൊള്ളാം..കൊള്ളാം....:)
ReplyDeleteഅങ്ങിനെ ഓണത്തലേന്ന് കുശാലായി അല്ലെ... :-)
ReplyDelete