പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 3 July 2011

ഒരു മോഷണം.

അയ്മനം കവലയില്‍ നിന്നു നോക്കിയാല്‍ നരസിംഹസ്വാമി ക്ഷേത്രം കാണാം. ക്ഷേത്രമൈതാനിയ്ക്ക് ഒരു വിളിപ്പാടകലെയാണ് കല്ലുമട പി.ജോണ്‍ മെമ്മോറിയല്‍ യു.പിസ്കൂള്‍. ഹെഡ്‌മാസ്റ്റര്‍ ഉഗ്രശാസനനായ കോര സാര്‍. തീയില്‍ വാട്ടി, തവിട്ടുനിറമാക്കിയ വള്ളിച്ചൂരല്‍ സാറിന്റെ ഇടതുകൈയുടെ ഒരു ഭാഗമായിരുന്നു. അപൂര്‍വമായി മാത്രമേ അവ തമ്മില്‍ വേര്‍പെടാറുള്ളു. ഏറ്റവും വെറുക്കപ്പെട്ട കണക്കും ഇംഗ്ലീഷുമാണ് സാറിന്റെ വിഷയങ്ങള്‍. ഞാനന്ന് ഏഴാം ക്ലാസില്‍.

ചാണകത്തില്‍ ചവിട്ടുക, കാക്ക കുളിയ്ക്കുന്നതു കാണുക ഇതൊക്കെ എന്റെ പേടിസ്വപ്നങ്ങളായിരുന്നു. കാരണം ഇവയിലേതു സംഭവിച്ചാലും അടികിട്ടും എന്നുറപ്പ്, അത്രയ്ക്കു ദുശ്ശകുനമാണ് രണ്ടും. എന്നാല്‍ ഇതിനൊരു മറുക്രിയ ഉണ്ട്, പാണലിന്റെ ഇല തമ്മില്‍ കെട്ടിയിടുക. വല്യാട്ടിലെ വീട്ടില്‍ നിന്നിറങ്ങി പൂന്ത്രക്കാവ് വരെയുള്ള നടപ്പിനിടയില്‍ ദുശ്ശകുനങ്ങള്‍ സംഭവിച്ചാലും സാരമില്ല,  ധാരാളം പാണല്‍ വഴിനീളെയുണ്ട്. പൂന്ത്രക്കാവിനപ്പുറമാണെങ്കില്‍ ഒരു രക്ഷയുമില്ല, അടി ഉറപ്പ്. 

അയ്മനം കവലയിലെ മിഠായിക്കടയില്‍ ധാരാളം “ബാലരമ“കളും “പൂമ്പാറ്റ“കളും “ലാലുലീല“കളും തൂക്കിയിട്ടിട്ടുണ്ടാകും. മിഠായിയേക്കാള്‍ കൊതിയോടെ ഞാനവയുടെ വര്‍ണതാളുകള്‍ നോക്കാറുണ്ട്. മേടിയ്ക്കുക എന്നത് നമ്മുടെ പരിധിയില്‍ ഒതുങ്ങാത്തതാണല്ലോ. എന്നാല്‍ ഒരു  ദിവസം അവിടെ തൂക്കിയിട്ട “അമര്‍ചിത്രകഥ“ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു. ഒന്നര രൂപയാണ് വില. പത്തുപൈസ പോലും പോക്കറ്റിലില്ലാത്ത ഞാന്‍ അതു മേടിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത് കടന്ന കൈയാണെങ്കിലും,  ഒരെണ്ണം മേടിയ്ക്കണമെന്ന ചിന്ത എന്നിലേയ്ക്ക് വല്ലാതെ തള്ളിക്കയറി വന്നു.

അടുത്തൊരു ദിവസം,  തേങ്ങ വിറ്റുകിട്ടിയ രൂപ വല്യച്ഛന്‍ മേശയുടെ വലിപ്പില്‍ ഇടുന്നതു  കണ്ടു. അന്നേ വരെ മോഷണമൊന്നും ചെയ്തിട്ടില്ല. നേരത്തേയൊരിയ്ക്കല്‍ മൂത്ത അമ്മാവന്റെ പോക്കറ്റില്‍ നിന്നും,  ഇരുപതു രൂപ കാണാതെപോയി. അതു വലിയ ഭൂകമ്പമുണ്ടാക്കുകയും കുഞ്ഞമ്മാവനില്‍ നിന്നും കണ്ടെടുക്കപ്പെടുകയും ചെയ്തതോടെ “ഇരുപത്” എന്നൊരു അപരനാമം കുഞ്ഞമ്മാവനു കിട്ടി. പിന്നീട് അടികൂടുമ്പോള്‍ ആന്റിമാര്‍ കുഞ്ഞാമ്മാവനെ തോല്‍പ്പിയ്ക്കാന്‍ പ്രയോഗിയ്ക്കുന്ന വാക്കായി മാറി “ഇരുപത്”. ഇക്കഥകളൊക്കെ അറിയാമെങ്കിലും അന്നേരം അമര്‍ച്ചിത്രകഥയുടെ മോഹനവര്‍ണം മാത്രമേ മനസ്സില്‍ വന്നുള്ളു.

വല്യച്ചന്‍ മുറിയില്‍ നിന്നു പോയപാടെ ഞാന്‍ മേശവലിപ്പ് തുറന്നു. അഞ്ചിന്റെയും പത്തിന്റെയും കുറെ നോട്ടുകള്‍ ചുരുട്ടി വച്ചിരിയ്കുന്നു. അതില്‍ നിന്നും അഞ്ചിന്റെ ഒരു നോട്ട് ഊരിയെടുത്തു. കുറേ നോട്ടുകള്‍ ഉള്ളതിനാല്‍ ഒരെണ്ണം എടുത്താലും പെട്ടെന്ന് അറിയാന്‍ പോകുന്നില്ല. പിന്നെയെപ്പൊഴെങ്കിലും മനസ്സിലായാല്‍ തന്നെ, എവിടെ പോയെന്നോ ആരെടുത്തെന്നോ കണ്ടുപിടിയ്ക്കാനാവില്ല. കാശെടുത്തപാടെ, നിക്കറിന്റെ പോക്കറ്റില്‍ തിരുകി. സ്കൂളില്‍ പോകാനുള്ള ഒരുക്കം തുടങ്ങി. അടുക്കളയില്‍ പോയി കഞ്ഞികുടിയ്ക്കുമ്പോഴും, മടങ്ങിവന്ന് വസ്ത്രം മാറുമ്പോഴും, പോക്കറ്റില്‍ വലിയൊരു കനം തൂങ്ങുന്നതു പോലെ തോന്നി. നെഞ്ചില്‍ എന്തോ ഭാരം എടുത്തു വെച്ചമാതിരി.. ഓരോ ശ്വാസോച്ഛ്വാസവും അതിന്റെ വേഗവും എനിയ്ക്ക് അനുഭവപ്പെട്ടു. എല്ലാവരും എന്നെയാണൊ ശ്രദ്ധിയ്ക്കുന്നത് ?

ഒരു വിധത്തില്‍ പുസ്തകവുമെടുത്ത് പുറപ്പെട്ടു. വല്യാട്ടിലെ കടത്തുതോണിയില്‍ കയറുമ്പോള്‍ പതിവില്ലാതെ കാലു വിറച്ചു. കടത്തുകാരന്‍ രാജുച്ചേട്ടന്‍ പിടിച്ചില്ലായിരുന്നെങ്കില്‍ വെള്ളത്തില്‍ വീണേനെ.

“എന്താടാ കൊച്ചാ, നിനക്ക് കണ്ണും മൂക്കുമില്ലേ..” രാജുച്ചേട്ടന്‍ എന്നെ ശാസിച്ചു.

ഞാനൊന്നും മിണ്ടിയില്ല. പോക്കറ്റില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കാശെങ്ങാനും  വീണുപോകുമോ എന്ന പേടി. വഴിയില്‍ ചാണകത്തില്‍ ചവിട്ടാതിരിയ്ക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അതു പോലെ രാത്രിമഴയില്‍ ബാക്കിയായ വെള്ളക്കെട്ടുകളില്‍ നോക്കാതിരിയ്ക്കാനും. വല്യാട്ടിലും അയ്മനത്തുമൊക്കെ കാക്കകള്‍ ധാരാളമുണ്ട്. ഇത്തരം വെള്ളക്കെട്ട് കണ്ടാല്‍ അവറ്റകള്‍ കൂട്ടമായി വരും കുളിയ്ക്കാന്‍...

സാധാരണ ദിവസങ്ങളില്‍ വഴിയോരത്തുള്ള വീട്ടുമുറ്റങ്ങളിലെ ചെമ്പരത്തികളും റോസാപ്പൂക്കളുമൊക്കെ കണ്ടാസ്വദിച്ചാണ് ഞാന്‍ പോകാറ്. തെയ്യാമ്മ ടീച്ചറിന്റെ മുറ്റത്തെ പേര മതിലും കടന്ന് റോഡിലേയ്ക്ക് തലനീട്ടി നില്‍ക്കുന്നു. ചിലപ്പോള്‍ മൂത്ത പേരയ്ക്ക കാണും. അവസരമൊത്താല്‍ അതില്‍ നിന്ന് ഒന്നുരണ്ടെണ്ണം പറിയ്ക്കാറുള്ളതാണ്. ഇന്നതൊന്നും ശ്രദ്ധിച്ചില്ല.

ക്ലാസ്സിലെത്തിയിട്ടും ശ്രദ്ധ ഉറച്ചില്ല. ഇടതുകൈ എപ്പോഴും നിക്കറിന്റെ പോക്കറ്റിനുപുറത്ത് മെല്ലെ പരതിക്കൊണ്ടിരുന്നു. അതവിടെ ഉണ്ടോ..? ഉച്ചയ്ക്ക് സ്കൂള്‍ വിട്ടനേരം ഞാന്‍ അയ്മനം കവലയില്‍ വന്ന്, കടയില്‍ നോക്കി.

“ചേട്ടാ, അമര്‍ചിത്രകഥയില്ലേ..?”

“തീര്‍ന്നുപോയല്ലോ മോനെ..” കടക്കാരന്‍ ചെറിയ ചിരിയോടെ പറഞ്ഞു.

നിരാശകൊണ്ട് കണ്ണിരുണ്ടു പോയി. ഇത്രയും കൊതിച്ചുവന്നിട്ട് വെറുതെയായിപ്പോയല്ലോ.

“ബാലരമ എടുക്കട്ടെ..?” കടക്കാരന്‍ ചോദിച്ചു.

“വേണ്ട..” ഞാനിറങ്ങിപ്പോന്നു.

 കീശയില്‍ കിടന്ന രൂപയ്ക്ക് കനം പെരുകുകയായിരുന്നു. ഇനിയെന്തു ചെയ്യും? ഈ കാശ് തിരികെ വെച്ചാലോ..? അതോ ഇനി ചിത്രകഥ വരുമ്പോള്‍ മേടിയ്ക്കാനായി സൂക്ഷിച്ചുവെയ്ക്കണോ? എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല.
അന്ന് സ്കൂള്‍ വിട്ട് വീട്ടിലേയ്ക്കു നടക്കുമ്പോള്‍ പൂന്ത്രക്കാവിലെ  തീപ്പെട്ടിക്കമ്പനിയുടെ വാതില്‍ക്കല്‍ കിടന്ന ചാണകം ഞാന്‍ കണ്ടില്ല. ഇടതുകാല്‍ ചവിട്ടിപ്പോയി..! വല്യാട്ടിലെത്തും മുന്‍പ് എവിടെയെങ്കിലും പാണലിന്റെ ഇല കൂട്ടികെട്ടണമെന്ന് ഞാന്‍ ഉറപ്പിച്ചു. കടവുകടക്കുമ്പോള്‍ കാല്‍ തെന്നാതെ ശ്രദ്ധിച്ചു. ഐക്കരച്ചിറ പള്ളിയ്ക്കു മുമ്പിലൂടെ കടന്നുപോരുമ്പോള്‍ പുണ്യാളന് ഒരു മെഴുകുതിരി നേരാന്‍ മറന്നില്ല, കുഴപ്പമൊന്നും ഉണ്ടാകാതിരിയ്ക്കാന്‍.

 വീട്ടിലെത്തി വസ്ത്രം മാറി . ഉച്ചയ്ക്ക് വച്ച തണുത്ത ചോറ് കഴിച്ചു. ആരും ഒന്നും എന്നോട് ചോദിച്ചില്ല. എങ്കിലും എന്തോ ഒരു പന്തികേടില്ലേ...? പെട്ടെന്ന് ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു, പാണലിന്റെ ഇല കൂട്ടിക്കെട്ടാന്‍ മറന്നു..!

ചോറുണ്ടു കൈയും കഴുകി തിണ്ണയിലേയ്ക്കു ചെല്ലുമ്പോള്‍ വല്യച്ഛന്‍..! എന്റെ നെഞ്ച് പടാപടാ അടിച്ചു. ശരീരത്തു നിന്നും വസ്ത്രമെല്ലാം ഊരിപ്പോകുന്നതു പോലെ.. അദ്ദേഹം എന്റെ കണ്ണുകളിലേയ്ക്കു സൂക്ഷിച്ചു നോക്കി. പിന്നെ ശബ്ദം താഴ്ത്തി എന്നോടു ചോദിച്ചു:

“എവിടെ രൂപ..?”

മേലാകെ ഒരു വിറച്ചു. ഒരക്ഷരം വായില്‍ നിന്നും പുറത്തേയ്ക്കു വന്നില്ല. എല്ലാം അറിഞ്ഞിരിയ്ക്കുന്നു.. ഞാന്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും ആ അഞ്ചു രൂപ എടുത്ത് വല്യച്ഛന്റെ കൈയിലേയ്ക്കു കൊടുത്തു. എന്നിട്ട് അടിയ്ക്കായി കാതോര്‍ത്തു. ആന്റിമാരെയൊക്കെ നന്നായി തല്ലുന്നതു ഞാന്‍ കണ്ടിട്ടുള്ളതാണല്ലോ..

എന്റെ കൈയില്‍ നിന്നും രൂപാ മേടിച്ച് നിശബ്ദനായി വല്യച്ചന്‍ അകത്തേയ്ക്കുപോയി. ഞാന്‍ കുറെ കാത്തിരുന്നിട്ടും വേറൊന്നും സംഭവിച്ചില്ല. വല്യച്ഛന്റെ ആ നിശബ്ദത എന്നെ വല്ലാതെ നീറ്റാന്‍ തുടങ്ങി. ഒന്നു തല്ലുകയോ വഴക്കു പറയുകയോ ചെയ്തിരുന്നെങ്കില്‍ ഇത്രയും വിഷമം തോന്നില്ലായിരുന്നു..
ഞാന്‍ തെക്കുവശത്തെ കൈത്തോടിന്റെ അടുത്തേയ്ക്കുപോയി. അവിടെ വെളിഞ്ചേമ്പുകള്‍ക്കിടയില്‍ ഇരുന്ന് അല്പനേരം കരഞ്ഞു, ആരും കാണാതെ. പിന്നെ മുഖം കഴുകി തിരിച്ചു പോന്നു.

8 comments:

  1. എന്നാലും ഈ വല്യച്ചന്‍ ഇതെങ്ങനെ കണ്ടു പിടിച്ചു? എനിക്കതാണ്....

    ReplyDelete
  2. അമ്പട കള്ളാ .....ആളവന്താന്‍ ചോദിച്ചത് പോലെ വലിയച്ചന്‍ എങ്ങന അത് കണ്ടു പിടിച്ചു? ഹിഡന്‍ ക്യാമറ? ഞാന്‍ കരുതി ഇതും പാവം കുഞ്ഞമ്മാവന്റെ അക്കൗണ്ട്‌ ല്‍ പോകുമെന്ന് :-) എഴുത്ത് ഇഷ്ടായി.

    ReplyDelete
  3. @ആളവന്‍താന്‍ : നമ്മുടെ ബുദ്ധിയാണോ മുതിര്‍ന്നവരുടേത്? അന്ന് കാശ് വയ്ക്കുമ്പോള്‍ ഞാന്‍ മാത്രമേ ആ പരിസരത്തുണ്ടായിരുന്നുള്ളു. കാശ് പോയതറിഞ്ഞപ്പോള്‍ വീട്ടില്‍ ഒരന്വേഷണം നടന്നുകാണുമല്ലോ.. അന്ന് തന്നെ എന്തോ ആവശ്യത്തിന് കാശ് എടുക്കേണ്ടിവന്നതിനാലാവാം പെട്ടെന്‍ തന്നെ മോഷണം അറിഞ്ഞത്... പിന്നീട് നമ്മള്‍ ഇപ്പരിപാടിയ്ക്ക് നിന്നിട്ടില്ല...:-))))

    ReplyDelete
  4. നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌,
    നന്നായി അവതരിപ്പിച്ചു.
    ആശംസകള്‍.

    ReplyDelete
  5. ഇതെനിക്കിഷ്ടായി

    ഇതേ കഥ എന്റെ ജീവിതത്തിലുമുണ്ടായിട്ടുണ്ട്
    വല്യച്ഛന്റെ ഭാഗത്ത് അച്ഛനാണെന്ന് മാത്രം..
    ഇത് പോലാണ്..
    ഒരൊറ്റ ചോദ്യം..
    അതില്‍ അടങ്ങിയിരിക്കും എല്ലാം..

    ReplyDelete
  6. നന്നായി അവതരിപ്പിച്ചു..അഭിനന്ദനങ്ങള്‍.

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.