പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday, 18 July 2010

ടിന്റുമോന്റെ മൊബൈല്‍ - (ചെറുകഥ)

“ടിന്റു മോനേ, ഇതെന്നാ കിടപ്പാ..വാ.. വന്നു വല്ലതും കഴിച്ചേ..”

“ഇല്ല..എനിയ്ക്കു വേണ്ടാ..”

“ഹ..ഇങ്ങനെ വാശി പിടിയ്ക്കാതെ..ന്റെ മോന്‍ പട്ടിണി കിടക്കാതെ”.

“ങാ ഞാന്‍ പട്ടിണി കെടന്ന് ചാവാമ്പോണു..നിങ്ങള് കാശും കെട്ടിപ്പിടിച്ചിരുന്നൊ”. ടിന്റു മോന്‍ തിരിഞ്ഞു കിടന്നു.
മമ്മി ഹാളിലേയ്ക്കു നോക്കി വിളിച്ചു പറഞ്ഞു:

“ദേ.. നിങ്ങളിതു കണ്ടോ..എന്റെ മോനിന്നു പച്ചവെള്ളം കുടിച്ചിട്ടില്ല..നിങ്ങളിങ്ങു വന്നേ..”

“ങും..എന്താ..? അവനു വെശക്കുമ്പം തന്നെ  കഴിച്ചോളും. നീ മറ്റു വല്ല പണീം നോക്ക്.”

“എന്നു പറഞ്ഞാലെങ്ങനെയാ..ന്റെ മോന്‍ വെശന്ന് കിടക്കുമ്പം എനിയ്ക്ക് തൊണ്ടേന്നെറങ്ങുകേലാ..നിങ്ങള്‍ അവനെയൊന്ന് ആശ്വസിപ്പിയ്ക്ക്..”

“എന്തോന്നാശ്വസിപ്പിയ്കാനാടീ..ചെറുക്കന്റെ ആവശ്യം ചില്ലറയാണോ? അവന്‍ പറയുന്ന മൊബൈലിന് രൂപാ പതിനയ്യായിരം ആകും. ഈ മാസത്തെ ചിട്ടിയ്ക്കടയ്ക്കണ്ട കാശെങ്ങെനെയാ ഒണ്ടാക്കുന്നേന്നും വിചാരിച്ച് ഞാന്‍ തലപുകയുവാ..അപ്പോഴാ മൊബൈല്‍ ? പിള്ളേര്‍ക്കെന്തിനാ ഇത്രേം വെലയുള്ള മൊബൈല്?”

“നിങ്ങളങ്ങനെയൊക്കെ പറയും. എനിയ്ക്കാകെ അവന്‍ മാത്രേയുള്ളു ആണായിട്ടും പെണ്ണായിട്ടും. കൊച്ചിന്റെ ഒരാഗ്രഹം സാധിച്ചു കൊടുക്കാമ്പറ്റിയില്ലേ പിന്നെന്തിനാ പപ്പയാന്നും പറഞ്ഞ് നടക്കുന്നേ?”

“എടീ നമ്മുടെ ചെറുപ്പത്തില്‍ ഇതു വല്ലോം ഉണ്ടായിരുന്നോ? നല്ല ഒരു തുണി ഉണ്ടായിരുന്നോ? എന്നിട്ടും നമ്മളിത്രേം ആയില്ലേ?”

“അതിനു നമ്മടെ കാലമല്ലാ മനുഷ്യാ ഇത്. എല്ലാ പിള്ളേര്‍ക്കും ബൈക്കും മൊബൈലുമൊണ്ടിപ്പോ. നിങ്ങളു തുണീം കഞ്ഞീം ഇല്ലാതാ വളന്നെന്നും പറഞ്ഞ് ഇന്നത്തെ പിള്ളേരും അങ്ങനെ വേണോന്നാ?”

“എടീ പോത്തേ, പിള്ളേര് വീട്ടിലെ ഇല്ലായ്മേം വല്ലായ്മേം അറിഞ്ഞു വേണം വളരാന്‍ .എങ്കിലെ ഭാവിയില്‍ കുറെ വിഷമം വന്നാലും അവരു പിടിച്ചു നിക്കത്തൊള്ളു. അറിയാവോ നെനക്ക്?”

“എന്റെ കൊച്ചങ്ങനെ ഇല്ലായ്മേ വളരണ്ടാ..”

പപ്പയുടെയും മമ്മിയുടെയും ഈ ഫൈറ്റിനിടയില്‍ തനിയ്ക്കനുകൂലമായ വല്ല തീരുമാനവും ഉരുത്തിരിഞ്ഞു വരുന്നുണ്ടോ എന്നു കാതോര്‍ത്തു കിടക്കുകയാണ് ടിന്റു മോന്‍ . ക്ലാസിലെ ഫാരിസിന്റെ കൈയില്‍ “നോക്കിയ മ്യൂസിക്ക് എക്സ്പ്രസ്“ കണ്ടപ്പോള്‍  തുടങ്ങിയ ചൊറിച്ചിലാണ്. അവന്റപ്പന്‍ ഗള്‍ഫിലാണെങ്കില്‍ തന്റപ്പന്‍ വില്ലേജോഫീസറാണ്. രണ്ടും തമ്മില്‍ വരുമാനത്തിന്റെ കാര്യത്തില്‍ അത്ര വലിയ വ്യത്യാസമൊന്നുമില്ല. സംഗതി നടക്കണമെങ്കില്‍ അമ്മയെ കൈയിലെടുക്കണം. അതിനുള്ള എളുപ്പവഴിയാണ് നിരാഹാരം. ഇതിനു മുന്‍പും പലപ്പോഴും വിജയകരമായി ഈ മുറ പരീക്ഷിച്ചിട്ടുണ്ടെങ്കിലും അതൊക്കെ താരതമ്യേന ചെറിയ ആവശ്യങ്ങളായിരുന്നു. ഇപ്പോള്‍ പ്ലസ് വണ്‍ . തല്‍ക്കാലം മൊബൈല്‍ മതി. പ്ലസ് ടൂ ആകുമ്പോള്‍ ബൈക്കിനു വേണ്ടി ഒരു സമരം കൂടി ആവശ്യമായി വരും.

എന്തിനേറെ പറയുന്നു, മമ്മിയുടെ വീറുറ്റ വാദങ്ങള്‍ക്കും കള്ളക്കണ്ണീരിനും മുന്‍പില്‍ വില്ലേജോഫീസര്‍ കീഴടങ്ങി. നിര്‍ഭാഗ്യവാന്മാരായ പൊതുജനങ്ങളുടെ മേല്‍ അധിക ഭാരം ഏല്‍പ്പിച്ചു കൊണ്ട് ടിന്റു മോന്‍ “നോക്കിയ മ്യൂസിക്ക് എക്സ്പ്രസ്“ തന്നെ നേടിയെടുത്തു.

സാധനം കൈയില്‍ കിട്ടിയപ്പോള്‍ കുറച്ചു നേരത്തേയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ അന്തിച്ചു നിന്നു പോയി ടിന്റു മോന്‍ . ഹായ്! ഫുള്‍ ടച്ച് സ്ക്രീന്‍ . നല്ല മിനു മിനാന്നുള്ള ബോഡി. ഡെമോ മ്യുസിക്ക് ഇട്ടപ്പോള്‍ ആകെ ഒരിത്. എട്ട് ജി.ബി.യുണ്ട് മെമ്മറി കാര്‍ഡ്. മൊത്തം കാലി. ഇനി വല്ലതുമൊക്കെ നിറയ്ക്കണം.

ടിന്റു മോനും ഉറ്റ ചങ്ങാതി ടുട്ടു മോനും കൂടി സ്കൂളിനടുത്തുള്ള മൊബൈല്‍ ഷോപ്പില്‍ പോയി. അവിടുത്തെ ചേട്ടന്‍ നിറഞ്ഞ ചിരിയോടെ രണ്ടുപേരെയും എതിരേറ്റു.

“ചേട്ടോ.നല്ല കൊറെ പാട്ടു വേണോല്ലോ..പുതിയ മൊബൈലില്‍ കേറ്റാന്‍ ..”

മ്യൂസിക്ക് എക്സ്പ്രസ് നീട്ടിപ്പിടിച്ചു കൊണ്ട് ടിന്റുമോന്‍ പറഞ്ഞു.

“അതിനെന്താ..കൊണ്ടു വാ. ഏതു പാട്ടാ വേണ്ടേന്നു പറഞ്ഞാ മതി.” ചേട്ടന്‍ മൊബൈല്‍ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടു പറഞ്ഞു.

“ഇപ്പൊഴത്തെ ലേറ്റസ്റ്റ് ഹിന്ദി, തമിഴ്, മലയാളം.. എല്ലാം പോരട്ടെ..”

ചേട്ടന്‍ മെമ്മറികാര്‍ഡൂരി കമ്പ്യൂട്ടര്‍ സ്ലോട്ടിലോട്ട് തിരുകി കയറ്റി. എന്നിട്ട് കുറെ പാട്ടുകള്‍ കോപ്പി ചെയ്തു.

“പിന്നേയ്. നല്ലൊരു കോളര്‍ ട്യൂണും വേണം..”

“ഇതാ.. ഇതു പോരെ.” ചേട്ടന്‍ പ്ലേ ചെയ്തു കേള്‍പ്പിച്ചു :
“ഫോണെടുക്കടാ..ഫോണെടുക്കടാ..ഒന്നു ഫോണെടുക്കടാ.” ഒരു സുന്ദരിയുടെ മദാലസ ശബ്ദം! അതു തന്നെ മതി.

“അല്ല ചേട്ടാ..മറ്റേതുണ്ടോ?” ടിന്റു മോന്‍ ചുറ്റും നോക്കിക്കൊണ്ട് ശബ്ദം കുറച്ച് ചോദിച്ചു.

“ഏതാ വേണ്ടത്? ഫോറിനോ നാടനോ? നാടനു കാശു കൂടും..” ചേട്ടനും ഒച്ച കുറച്ചു പറഞ്ഞു.

“രണ്ടും കേറ്റിയ്ക്കോ ചേട്ടാ..”

അങ്ങനെ ചേട്ടന്‍ കുറെ ഇംഗ്ലീഷ്, നാടന്‍   “മറ്റേ” വീഡിയോകളും കയറ്റിക്കൊടുത്തു.

“കൊച്ചനെ..സൂക്ഷിച്ചോണം. വീട്ടുകാരുടെ കൈയില്‍ പെടരുത്. ഇവിടുന്നാ കേറ്റിയെന്നും പറഞ്ഞേയ്ക്കല്ല്.”

“അതു പിന്നെ എനിയ്ക്കറിയില്ലേ ചേട്ടാ..”

അങ്ങനെ ടിന്റു മോനും ടുട്ടുമോനും കൂടി വയറു നിറഞ്ഞ സംതൃപ്തിയോടെ ക്ലാസില്‍ പോയി. മൊബൈലിനു ക്ലാസില്‍ നിരോധനമെന്നു പറയുമെങ്കിലും, സാധനം കാശുള്ള എല്ലാ പിള്ളേരുടെ കൈയിലും ഉണ്ട്. ക്ലാസിലെ ഇടവേളകളിലും ഇന്റെര്‍വെല്ലിനും ടിന്റുമോനും ടുട്ടുമോനും കൂടി ഉള്ളിലാക്കിയ വീഡിയോ ആര്‍ത്തിയോടെ കുറേശ്ശെ കണ്ടു. അന്നേരം അവരുടെ ശ്വാസഗതി വല്ലാതെ ഉയരുകയും മുഖമാകെ വിയര്‍ക്കുകയും ചെയ്തു.

ഉച്ചയ്ക്ക് രണ്ടുപേരും കൂടി ഫോട്ടോയെടുക്കാനും വീഡിയോ ഷൂട്ടു ചെയ്യാനും പഠിച്ചു. ക്ലാസിലെ കാണാന്‍ കൊള്ളാവുന്ന മൂന്നാലു പെണ്‍കുട്ടികളുടെ ഫോട്ടോ ടിന്റുമോന്‍ ഒളിച്ചും പതുങ്ങിയും എടുത്തു. നല്ല അടുപ്പമുള്ള ഒരു കുട്ടി സംസാരിയ്ക്കുമ്പോള്‍ നേരെ മുഖത്തേയ്ക്കു പിടിച്ച് ക്ലോസപ്പിലൊരെണ്ണം എടുക്കാനും പറ്റി.

വീഡിയോ എടുത്തത് ബയോളജി ടീച്ചര്‍ കൈയുയര്‍ത്തി ബോര്‍ഡില്‍ എഴുതുമ്പോളായിരുന്നു. ടീച്ചര്‍ അറിയാതെ സാരി ഒരല്പം താഴ്ന്ന് വയര്‍ നന്നായി കാണാമായിരുന്നു. ക്ലാസു തീരുമ്പോഴേയ്ക്കും വിവിധ ആംഗിളുകളിലുള്ള മൂന്നാലു വീഡിയോകള്‍ ഷൂട്ട് ചെയ്ത് പ്രാവീണ്യം തെളിയിച്ചു ടിന്റു മോന്‍ .

രണ്ട് ദിവസം കൊണ്ട് ഏഴു ജി.ബിയും നിറഞ്ഞു. തരാതരം പാട്ടുകള്‍ ,വിവിധ ദേശങ്ങളെ പ്രതിനിധാനം ചെയ്യുന്ന ചൂടന്‍ ഫോട്ടോകള്‍ , അതിനെ വെല്ലുന്ന വീഡിയോകള്‍ .പിന്നെ  ധാരാളം ഐറ്റങ്ങള്‍ ബ്ലൂടൂത്ത് വഴി, ഫ്രണ്ട്സിന്റെ കൈയില്‍ സ്റ്റോക്കുള്ളതും കിട്ടി.

അന്നു വൈകുന്നേരം ടിന്റു മോന്‍ , ടുട്ടുമോന്റെ ബൈക്കിന്റെ പുറകിലിരുന്നു പറക്കുകയായിരുന്നു. ബീച്ചിലേയ്ക്കായിരുന്നു രണ്ടു പേരും. ടിന്റു മോന്റെ ചെവിയില്‍ മൊബൈലിന്റെ ഹെഡ് ഫോണ്‍ . ടുട്ടുമോന്റതുമങ്ങനെ തന്നെ. അങ്ങനെ പോകുമ്പോള്‍ ഒരു വളവില്‍ ...

ഏതോ വലിയ വണ്ടിയിടിച്ച് തകര്‍ന്ന് കിടക്കുന്ന ഒരു സ്കൂട്ടര്‍ . റോഡിന്റെ അരുകില്‍ രണ്ടുപേര്‍ ചോരയില്‍ കുളിച്ചു കിടക്കുന്നു. ഒരാള്‍ ആകെ ഛിന്നഭിന്നമായി പോയിരുന്നു. ഒന്നും തിരിച്ചറിയാന്‍ വയ്യാത്തവിധം ഒരു മാംസ പിണ്ഡം.നീലനിറമുള്ള ഷര്‍ട്ട് ചോരയില്‍ മുങ്ങിയ കാരണം ഡിസൈന്‍ വ്യക്തമല്ല. മറ്റേയാളുടെ തലയില്‍ ഹെല്‍മറ്റുള്ളതു കൊണ്ട് മുഖം കണ്ടുകൂടാ. എന്നാല്‍ അയാളുടെ പ്രാണ വേദനയോടെയുള്ള കരച്ചില്‍ കേള്‍ക്കാം. ഒടിഞ്ഞു തൂങ്ങിയ കൈയും കാലും ഇളക്കി അയാള്‍ പിടഞ്ഞു കൊണ്ടിരുന്നു.

“എടാ..ടിന്റു മോനെ, അതു കണ്ടോ? ആക്സിഡന്റാണെന്നു തോന്നുന്നു”

“അതേ..നിര്‍ത്തടാ..”

“ദേ ഇവിടെ നിര്‍ത്തിയാ ബീച്ചിലെത്തുമ്പോള്‍ സമയം പോകുവേ..”

“രണ്ടു മിനിട്ടു മതിയടാ..നീ നിര്‍ത്ത്.”

ബൈക്കു നിന്നു. ടിന്റുമോന്‍ അവിടെയ്ക്ക് ഓടിച്ചെന്നു. എന്നിട്ട് മൊബൈല്‍ എടുത്തിട്ട് ആ രംഗം ചുറ്റും നടന്ന് ഭംഗിയായി ഷൂട്ട് ചെയ്തു. കുറെ ഭാഗം നന്നായി സൂം ചെയ്തു വിശദാംശങ്ങള്‍ നഷ്ടമാകാതെ പിടിച്ചു. എന്നിട്ട് തിരിച്ചോടി ബൈക്കില്‍ കയറി.

“വേഗം..വിട്. വല്ല വണ്ടീം വരുന്നതിനു മുന്‍പ്..”

“ഇപ്പോഴത്തെ ട്രെന്‍ഡ് ആക്സിഡന്റ് സീനാടാ. രക്തത്തില്‍ കുളിച്ച് പ്രാണവേദനയോടെ നിലവിളിയ്ക്കുന്ന സീന്‍ ..ഹോ..ഇറ്റ്സ് എ ഫന്റാസ്റ്റിക് സീന്‍ ..ഇതു പോലൊരെണ്ണം കിട്ടാന്‍ ഞാന്‍ നോക്കിയിരിയ്ക്കുകയായിരുന്നു.”

അവര്‍ ബീച്ചില്‍ നിന്നു തിരിച്ചു വരുമ്പോഴേയ്ക്കും അപകടസ്ഥലത്ത് ഒന്നുമുണ്ടായിരുന്നില്ല. എല്ലാം പെറുക്കികെട്ടി പോലീസ് കൊണ്ടു പോയിരുന്നു.

ബൈക്കു പിന്നെയും ഓടി.

“ഫോണെടുക്കടാ..ഫോണെടുക്കടാ..ഒന്നു ഫോണെടുക്കടാ..!”

സുന്ദരിയുടെ ശബ്ദം ഒഴുകി വന്നു. അതു കേള്‍ക്കുമ്പോള്‍ തന്നെ ടിന്റുമോനൊരു രോമാഞ്ചമാണ്. ആത്മാവിലേയ്ക്ക് കുളിരു കോരിയിടുന്ന ശബ്ദം!

“ഹലോ..അതേ ടിന്റു മോനാണ്..ങേ....ഞാനിതാ വരുന്നു.” ഫോണ്‍ കട്ടായി.

“എന്താടാ..ടിന്റൂ?”

“അറിയില്ല.. അമ്മാവന്‍ പറഞ്ഞു ഉടനേ വീട്ടിലേയ്ക്കു ചെല്ലാന്‍ . നീ ബൈക്ക് എന്റെ വീട്ടിലേയ്ക്കു വിട് “.

അകലെ നിന്നേ ടിന്റു മോന്‍ കണ്ടു വീട്ടിലാകെ ആള്‍ക്കൂട്ടം. ആംബുലന്‍സ്. മമ്മിയുടെ ഉച്ചത്തിലുള്ള നിലവിളി. അല്പം തുറന്ന പിന്‍ വാതിലിലൂടെ അംബുലന്‍സിനുള്ളില്‍ കിടന്ന, ചോരയില്‍ കുതിര്‍ന്ന ഒരു നീല ഷര്‍ട്ട് ഞെട്ടലോടെ ടിന്റു മോന്‍ കണ്ടു.

25 comments:

  1. ..
    ഇതു പോലൊരെണ്ണം വായിച്ചിട്ടുണ്ട്, ഈയടുത്ത കാലത്ത് :)

    തുടരുക, ആശംസകള്‍
    ..

    ReplyDelete
  2. തുടക്കം ഒട്ടും ഇഷ്ട്ടായില്ലാ... കാരണം ആ പേര് തന്നെ. ടിന്റു ഒരു കൂതറ ചെക്കനല്ലേ... (അവന്‍ വായ തുറന്നാല്‍ കേള്‍ക്കുന്നവര്‍ ചിരിക്കണമത്രേ)
    അവസനം ഇത്തിരി നടുക്കം തോന്നി
    (ചതഞ്ഞരഞ കാലുമായി ഒത്തിരികാലം ജീവിച്ചവായതിനാല്‍ ഒത്തിരി സങ്കടായി)

    ReplyDelete
  3. @ രവി: ദയവായി ആ ലിങ്ക് തരുമോ? സന്ദര്‍ശിച്ചതിനു നന്ദി.
    @ ഹാഷിം : ടിന്റുമോന്‍ എന്നാല്‍ ഇപ്പോള്‍ കേരളീയ കൌമാരം എന്നാണല്ലോ അര്‍ത്ഥം! വളരെ നന്ദി.

    ReplyDelete
  4. നന്നായിരിക്കുന്നു.

    ReplyDelete
  5. ..
    :)
    ക്ഷമിക്കുക, ഓര്‍ക്കുന്നില്ല മാഷെ.
    ഒരുപക്ഷെ ക്ലൈമാക്സ് ആണോ എന്നും സംശയമൂണ്ട് കേട്ടൊ.

    നന്ദി
    ..

    ReplyDelete
  6. ഹാഷിം പറഞ്ഞത് പോലെ ടിന്റുമോന്‍ എന്നാ പേര് ഒരു യോജിപ്പില്ലാതെ തോന്നി. കഥക്ക് വിഷയത്തിന്റെ ഗൌരവം വരാത്തത് പോലെ തോന്നി.
    ആശംസകള്‍.

    ReplyDelete
  7. കഥാന്ത്യം വളരെ വേദനാജനകമായി. നമ്മുടെ യുവതലമുറയുടെ മൂല്യത്തകര്‍ച്ച വ്യക്തമാക്കുന്ന കഥ നന്നായിട്ടുണ്ട്.

    ReplyDelete
  8. നന്നായിരിക്കുന്നൂ

    ReplyDelete
  9. നന്നായിരിക്കുന്നു.

    ReplyDelete
  10. നടുക്കം തോന്നിയ ഒടുക്കം.നന്നായിരിക്കുന്നു,ബിജു...

    ReplyDelete
  11. SUNIL KUMAR YADAV അയച്ച കമന്റ്:
    ഇപ്പോഴുള്ള പല ചെറുപ്പക്കാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ടിന്റു മോനാ.. എന്തു കണ്ടാലും പ്രതികരിയ്ക്കാന്‍ പറ്റാത്ത ഒരു കൂട്ടം..
    സ്വറ്ന്തം കാര്യം മാത്രം........

    SATHEESH. K. MENON ,Abudhabi അയച്ച കമന്റ്:
    a nice short story....

    ReplyDelete
  12. മിനി ടീച്ചര്‍, റാംജി ഭായി, കുഞ്ഞൂസ്, Ix's wOrld, നൌഷു, കൃഷ്ണകുമാര്‍, സുനില്‍ കുമാര്‍, സതീഷ് : അഭിപ്രായങ്ങള്‍ക്ക് നന്ദി.
    ടിന്റുമോനെന്ന കഥാപാത്രത്തിന്റെ പേര് പലര്‍ക്കും ഇഷ്ടമായില്ല എന്നു മനസ്സിലാക്കുന്നു. ഞാന്‍ ബോധപൂര്‍വം ആ പേര് തിരഞ്ഞെടുത്തതാണ്. കാരണം ഇന്ന് കേരളീയ കൌമാര യുവത്വത്തിന്റെ മാതൃകയായി ആ പേര്‍ കൊണ്ടാടപ്പെടുകയാണ്. ആ യുവത്വത്തിന് സംഭവിച്ച അപചയത്തെ ചൂണ്ടിക്കാണിയ്ക്കാന്‍ ഉചിതമെന്നു തോന്നിയതുകൊണ്ടാണ് ഈ പേര്‍ സ്വീകരിച്ചത്. അത് വായനയുടെ ഗൌരവം കുറച്ചോ? എങ്കില്‍ എന്റെ തിരഞ്ഞെടുപ്പ് തെറ്റിയെന്നു വേണം കരുതാന്‍ ...

    ReplyDelete
  13. ബിജു, കഥ നന്നായി. ടിന്റുമോൻ എന്ന പേരും. എല്ലാറ്റിനെയും ആഘോഷിക്കുന്ന ഒരു ജെനറേഷൻ വരാൻ പോകുന്നതും വന്നുകൊണ്ടിരിക്കുന്നതും വന്നുകഴിഞ്ഞതുമായ ദുരന്തങ്ങളെ തിരിച്ചറിയില്ലല്ലോ. സ്വന്തം ജീവിതത്തിലേക്ക് തിരക്കിട്ട് വരുന്ന ദുരന്തങ്ങളെ ഇവർ ഒരിക്കലും കാണാതെ പോകുന്നത് അവർ ജീവിതമെന്നാൽ എന്ത് എന്നറിയാത്തതു കൊണ്ടാണ്.
    ടിന്റുമോൻ വെറും തമാശ പറയുന്ന ഒരു കഥാപാത്രത്തിനപ്പുറം ഏവർക്കും പറയാനുള്ള പൊളിറ്റിക്കൽ കമന്റ്സ് വരെ ഇപ്പോൾ ടിന്റുമോന്റ്റ്റെ വായിലാണ് തിരുകിക്കൊടുക്കുന്നത്.

    മാതൃഭൂമിയിൽ വന്ന ഒരു ഫോട്ടോയിൽ നിന്നാണ് ടിന്റുമോന്റെ ആക്സിഡ്ന്റ് ഷൂട്ടിംഗ് വന്നത് എന്നു തോന്നുന്നു.

    കൂതറ പറഞ്ഞ പോലെ ഇത്രയധികം ദീർഘിച്ച ഒരു ആമുഖം വേണ്ടായിരുന്നു. ഒന്നുകൂടി മുറുകിയിരുന്നെങ്കിൽ അവസാനത്തെ നടുക്കം ഒരു ഭൂകമ്പത്തിന്റെ ഇഫക്റ്റ് ഉണ്ടാക്കുമായിരുന്നു.

    ഒന്നു തിരുത്തിയെഴുതാൻ ശ്രമിക്കൂ. കഥയുടെ മൂഡ് ഒന്നുകൂടി തെളിയട്ടെ.

    ReplyDelete
  14. പ്രിയ ബിജുകുമാര്‍, നന്നായിരിക്കുന്നു. ടിന്റു ട്രെന്ടു മനസ്സിലാക്കിയത്‌ സമൂഹത്തില്‍ നിന്നാണ് അതിനാല്‍ ഫോട്ടോ എടുക്കുന്നതില്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തണം എന്ന് തോനി.

    ReplyDelete
  15. @ എന്‍.ബി.സുരേഷ് : വളരെ പ്രാധാന്യമുള്ള ഈ കമന്റിനു പ്രത്യേക നന്ദി സര്‍ . ഈ കഥയുടെ സെന്‍സ് മനസ്സിലാക്കിയതിന് കഥാകാരന്റെ പ്രണാമം. ജീവിതത്തിലെ കഷ്ടതകളോ ബുദ്ധിമുട്ടുകളോ അറിയാതെ വളര്‍ന്നു വരുന്ന ഈ “ലഗോണ്‍ “ തലമുറയില്‍ നിന്നും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും നനവ് വറ്റി വരണ്ടുകൊണ്ടിരിയ്ക്കുന്നു. എല്ലാം നേടാന്‍ മാത്രം. ചുറ്റുപാടുമുള്ള ദൈന്യതയെ ഭംഗിയായി അവഗണിയ്ക്കാന്‍ അവര്‍ പഠിച്ചിരിയ്ക്കുന്നു. എങ്ങും സ്വാര്‍ത്ഥതയും ഭോഗതൃഷ്ണയും മാത്രം. ഈയവസ്ഥയിലാണ് ടിന്റു മോന്മാര്‍ ഉണ്ടാകുന്നത്. നമ്മുടെയൊക്കെ ചെറുപ്പത്തില്‍ ഈ പ്രായത്തില്‍ ആദര്‍ശശാലികളായ മഹത് വ്യക്തികളായിരുന്നു പൂജാബിംബങ്ങള്‍ . വായനയും എഴുത്തും പരീക്ഷിയ്ക്കല്‍ , സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകല്‍ അങ്ങനെ പലതിലേയ്ക്കും ചുവടുവയ്ക്കല്‍ തുടങ്ങുമായിരുന്നു അക്കാലത്ത്. എന്നാലിന്നോ..?
    ശരിയ്ക്കും ടിന്റു മോന്‍ ഇന്നത്തെ കൌമാര യുവത്വത്തിന്റെ പ്രതിനിധി തന്നെയാണ്. കാരണം നിരര്‍ത്ഥക “തമാശ”കളാണ് അവരുടെ മുഖമുദ്ര. മൂല്യച്യുതിയുടെ ആഴം വെളിവാക്കുന്നതാണ് അവരുടെ മൊബൈല്‍ പ്രയോഗങ്ങള്‍. ഇവിടെ ചിത്രീകരിച്ച ഓരോ സംഭവവും പച്ചയാഥാര്‍ത്ഥ്യം മാത്രമാണ്. ഈ ആക്സിഡന്റ് ഷൂട്ടിങ്ങ് ഇന്ന് വ്യാപകമാണെന്നു പത്ര റിപ്പൊര്‍ട്ടുകള്‍ പറയുന്നു.
    കഥയുടെ റീപോസ്റ്റിങ്ങില്‍ തിരുത്തലുകള്‍ പരിഗണിയ്ക്കാം.
    ‌@ അനോണി: ടിന്റു ഒരു പ്രതീകമാണ്. ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. അഭിപ്രായത്തിന് നന്ദി.

    ReplyDelete
  16. ശരിയാണ്, ഇയ്യിടെ വേണ്ടിടത്തും വേണ്ടാത്തിടത്തും കേട്ട്കേട്ട് ശര്‍ദ്ദിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു ആ പേര്!!!
    കഥയുടെ അവസാനഭാഗം വളരെ നന്നായി.

    ReplyDelete
  17. ടിന്‍റു മോന്‍റെ മൊബൈല്‍ എന്നു കണ്ടപ്പോള്‍ ഒരു കോമാളികഥയാവും എന്നു കരുതിയാ വായന തുടങ്ങിയത് . പക്ഷെ കഥയില്‍ വല്ലാത്ത ഒരു ആശയം നിറഞ്ഞു നിലിക്കുന്നു.

    ReplyDelete
  18. ബിജു. കഥക്ക് ഉപയോഗിച്ച പ്രമേയം കാലീകമെങ്കിലും കഥയുടെ പേരിൽ അതിന്റെ എല്ലാ സീരിയസ്നെസ്സും നഷ്ടപ്പെട്ടു എന്ന് പറയട്ടെ. വേറെ എത്രയോ പേരുകൾ ബിജുവിന് ഉപയോഗിക്കാമായിരുന്നു. എന്തോ എനിക്ക് അതിനോട് യോജിക്കാൻ കഴിയുന്നില്ല. എങ്കിലും വ്യത്യസ്തത കൊണ്ട് വരുന്നത് നല്ലത് തന്നെ.

    ReplyDelete
  19. @ അനില്‍കുമാര്‍, ഹംസ, മനോരാജ് : അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
    ടിന്റുമോന് മറ്റൊരു പരിവേഷം കൊടുക്കാമെന്നേ ഈ തിരഞ്ഞെടുപ്പിലൂടെ കരുതിയുള്ളു. മനോരാജിന്റെ അഭിപ്രായത്തിന് പ്രത്യേകം നന്ദി.

    ReplyDelete
  20. ചേട്ടാ ആ പേര് തന്നാ എനിക്കും തോന്നിയ ഒരേ ഒരു പ്രശ്നം. ടിന്റു മോന്‍. നമ്മുടെ പട്ടേപ്പാടം പറഞ്ഞതിനും അപ്പുറത്തേക്ക് അതിനെപ്പറ്റി ഒരു കമന്റ് പറയാന്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഒരു തമാശക്കഥ എന്ന് തന്നെയായിരിക്കും തുടങ്ങുമ്പോള്‍ ആരുടെയും മനസ്സില്‍. എന്നാല്‍ പോലും കൈകാര്യം ചെയ്ത വിഷയത്തെയും, പറഞ്ഞു വന്ന രീതിയും പ്രശംസിക്കാതെ വയ്യ, 'ഇന്നില്‍' അതിനുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍.
    @ കൂതറ - ടാ കൂതറെ..... നീ വിഷമിക്കാതെടാ. എനിക്കാ കരച്ചില്‍ വരുന്നേ.

    ReplyDelete
  21. ഹര്‍ത്താലിനിടയില്‍ അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്ന ജീപ്പ് തടയുന്ന മകനെ ഏതോ സിനിമയില്‍ കണ്ടിരുന്നു... ടിന്റു മോനായാതിനാല്‍ ഒരു സീരിയസ്നെസ്സ് ഇല്ല... ;)

    ReplyDelete
  22. നല്ല വിഷയം ആണു ബീജൂ.ഒരു കത എന്നതിൽ ഉപരി പുത്തൻ തലമുരക്കെ ഒരു സന്ദെശാമ്മ്നു

    ReplyDelete
  23. ബിജു,
    കഥ നന്നായി. ഖത്തറിലാണെന്ന് കാണുന്നു. ഞാനും ഖത്തറില്‍ തന്നെ. 55891237 പരിചയപ്പെടാമായിരുന്നു.

    ReplyDelete
  24. സംഭവം കൊള്ളാം... നല്ലൊരു സന്ദേശം പകരുന്നുണ്ട്. കൊച്ചു പിള്ളേര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊടുക്കുമ്പോള്‍ അവന്‍ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് മനസിലാക്കാവുന്നതെ ഉള്ളൂ . പല ദുരന്ത സ്ഥലങ്ങളിലും പ്രായഭേദമന്യേ ഒരു വികാരവുമില്ലാതെ മൊബൈലില്‍ ഷൂട്ട്‌ ചെയുന്നതു വളരെ കഷ്ടം തന്നെ .അത് ക്രൂരതയല്ല അധപതനമാണ് .

    ReplyDelete
  25. ടിന്റുമോന്‍ ഒരിക്കലും യുവാവായി വളരാത്ത കുട്ടിയാണ്. ടിന്റു മോന്‍ ഇന്നത്തെ കൌമാര യുവത്വത്തിന്റെ പ്രതിനിധിയാണ് എന്ന നിലപാട് യുവാക്കളോടുള്ള പരിഹാസമായി തോന്നുന്നു.
    യുവതലമുറയുടെ മൂല്യത്തകര്‍ച്ച നൂറ്റാണ്ടുകളായി എല്ലാ കാലത്തും മുതിര്‍ന്ന പൌരന്മാരുടെ ആകുലതയാണ്. ഇന്നും അത് തുടരുന്നു...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.