പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Friday 28 May 2010

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍


ആലക്കോടന്‍ വിശേഷങ്ങള്‍ -5
അത് കാലം 1997. അക്കാലത്താണ് ഫൈസല്‍ കോം‌പ്ലക്സിലേയ്ക്ക് 
പുതിയൊരു സ്ഥാപനം കൂടി വന്നണഞ്ഞത്. ഞങ്ങളുടെ തൊട്ടു മുകളിലത്തെ നിലയില്‍ . ഏതോ ലൊട്ടുലൊടുക്ക് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കമ്പ്യൂട്ടര്‍  കോളേജെന്നൊക്കെയാണ് പറച്ചിലെങ്കിലും സംഗതി ഒരു സാദാ കമ്പ്യൂട്ടര്‍ സെന്റര്‍ . ഒരു കസേരയും മേശയുമിട്ട അഡ്മിനിസ്ട്രേറ്റീവ് ഓഫീസും , പത്ത്  തടിബെഞ്ചുകളും അത്രയും പ്ലൈവുഡ് ഡെസ്കുകളുമിട്ട ലെക്ചര്‍ ഹാളും , മൂന്ന് കമ്പ്യൂട്ടറുകളുള്ള ഒരു അത്യന്താധുനിക ലാബുംചേര്‍ന്നാല്‍ പ്രസ്തുത കോളേജായി.
 നാല്പതുകളില്‍ വിഹരിയ്ക്കുന്ന  അന്നാമ്മ ടീച്ചറാണ് ഓണര്‍ കം പ്രിന്‍സിപ്പാള്‍ .ടീച്ചറെന്നുവിളിയ്ക്കുമെങ്കിലും പുള്ളിക്കാരി ആരെയും പഠിപ്പിച്ചിട്ടുമില്ല “ഓണ്‍ -ഓഫ്“ എന്നതില്‍ കവിഞ്ഞ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമില്ല. എങ്കിലും ഒരു പി.ജി.ക്കാരി ആയതിനാല്‍ ടീച്ചറെന്നു വിളിയ്ക്കുന്നതില്‍ തെറ്റില്ലല്ലോ. അന്നാമ്മ ടീച്ചറിന്റെ ഹസ്ബന്‍ഡ് പത്താം ക്ലാസ് തോറ്റതാന്നാണ് ലോക വര്‍ത്തമാനം. ഇവരു തമ്മില്‍ കലഹിയ്ക്കുമ്പോള്‍ ടീച്ചര്‍ അച്ചായനെ “യൂഫൂള്‍ “ എന്നു ചീത്തവിളിയ്ക്കുമെന്നും “ചുണയുണ്ടെങ്കില്‍ മലയാളത്തില്‍ വിളിയ്ക്കടീ..” എന്നു അച്ചായന്‍ തിരിച്ചടിയ്ക്കുമെന്നും ചില വിവരദോഷികള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. അതെന്തോ ആകട്ടെ നമ്മുടെ വിഷയമല്ല.

മേല്‍ കോളേജിലേയ്ക്ക് കയറിപ്പോകുന്നത് ഫൈസല്‍ കോം‌പ്ലക്സിലെ ഞങ്ങളുടെ ഇടനാഴിയില്‍ നിന്നാണ്. ഏകദേശംപതിനഞ്ച് സ്റ്റെപ്പ് കയറണം. കോളേജ് വരുന്നതു വരെ ഈ സ്ഥലം മറ്റു പല കലാപരിപാടികള്‍ക്കും വേദിയായിരുന്നു. രണ്ടുചെറിയ മുറികളും ഒരു ഹാളും ഉള്ളതിനാല്‍ സംഗതികളൊക്കെ ആര്‍ഭാടമായി നടത്താനുള്ള സൌകര്യമുണ്ട്. പ്രധാനകലാപരിപാടി സുനില്‍ സാറിന്റെയും മറ്റ് ചില ബു.ജി.കളുടെയും വെള്ളമടിയായിരുന്നു. പുള്ളിയ്ക്കാണെങ്കില്‍ സ്വന്തംസ്ഥാപനത്തില്‍ നിന്ന് നേരെ കയറി വരുകയും ചെയ്യാം. കോളേജിന്റെ രംഗപ്രവേശം ഇവരെ സംബന്ധിച്ചിടത്തോളം വലിയൊരു പാരയായി മാറി.

എന്നാല്‍ മറ്റൊരു സൌഭാഗ്യം വന്നത് പറയാതിരിയ്ക്കാനാവില്ല. അതായത്,  ഫൈസല്‍ കോം‌പ്ലക്സില്‍ വസന്തം വിരിഞ്ഞു! അതേ,പലവര്‍ണങ്ങളിലുള്ള പനന്തത്തകള്‍ ഞങ്ങളെ കടക്കണ്ണെറിഞ്ഞുകൊണ്ട് കോളെജിലേയ്ക്കുള്ള സ്റ്റെപ്പുകള്‍ കയറി.  ഉച്ചയ്ക്കായിരുന്നു കൂടുതല്‍ മനോഹരം. ലഞ്ച് സമയത്ത് കൈ കഴുകാനും മറ്റുമായി അടുത്തുള്ള മുസ്ലീം പള്ളിയിലേയ്ക്ക്  തത്തക്കിളികള്‍ കൂട്ടം കൂട്ടമായി പോകും. അതായത്  ഞങ്ങളുടെയെല്ലാം സ്ഥാപനങ്ങളുടെ മുന്‍പില്‍ കൂടെ! (ഞാന്‍ കമ്പ്യൂട്ടര്‍ മേടിച്ച കാലമാണ്. പുതിയ വിന്‍ഡോസ്-95 ഇന്‍സ്റ്റാള്‍ ചെയ്ത സൊയമ്പന്‍ കമ്പ്യൂട്ടറ്. രൂപാ മുപ്പത്താറായിരം ലോണെടുത്താ കൊടുത്തത്. ) ഞാനപ്പോള്‍ ഫുള്‍ കമ്പ്യൂട്ടര്‍  “പ്രോഗ്രാമിംഗി”ലായിരിയ്ക്കും.(എന്തോന്ന് ? ചുമ്മാ എക്സലൊക്കെ എടുത്ത് അവിടെയുമിവിടെയും കുത്തും അത്ര തന്നെ) സുന്ദരികളൊക്കെ ഒന്നു കാണട്ടെ,സ്വന്തം കമ്പ്യൂട്ടറുള്ളവനാ ഞാനെന്ന്!
സംഗതി ഏശുന്നുണ്ടായിരുന്നു. മിക്കവളുമാരും നമ്മുടെ ആപ്പീസിലേയ്ക്കെത്തി നോക്കും.പോരേ കാശു മുതലായില്ലേ!
എന്താ..ആണ്‍കുട്ടികളില്ലേ എന്നോ? ആ...ആരിതൊക്കെ ശ്രദ്ധിയ്ക്കുന്നു! കുറച്ചെണ്ണമുണ്ടെന്നു തോന്നുന്നു. ഒക്കെ നമ്മളേക്കാളുംജൂനിയേഴ്സാ, കിളികളെ കണ്ണുവച്ചുവെന്നും പറഞ്ഞ് ഒടക്കാനുള്ള ധൈര്യമൊന്നും ഒരുത്തനുമില്ല. തന്നെയുമല്ല സ്വന്തം കമ്പ്യൂട്ടറൊക്കെ ഒള്ള ആളായതു കൊണ്ട് ആളു മാസ്റ്ററുമായിരിയ്ക്കുമെന്നുള്ള കണ്‍സിഡറേഷന്‍ കൊണ്ടാണോ എന്തോ ആണ്‍കുട്ടികളും അങ്ങോട്ടൊക്കെ എത്തിനോക്കും. ശല്യങ്ങള്‍ ! ഞാന്‍ തീരെ ഗൌനിയ്ക്കില്ല. മൈന്‍ഡാക്കിയാല്‍ പിന്നെഇങ്ങോട്ടു കയറി വന്നേക്കും.ഇടയ്ക്ക് നമ്മുടെ സുനില്‍ സാറും വരും. കക്ഷിയ്ക്കും ബില്ലടിയ്ക്കുന്നതിനപ്പുറമുള്ള നോളജ് ഒന്നുമില്ല. ഞങ്ങളിങ്ങനെ ഒരോരൊകഥകള്‍ പറഞ്ഞിരിയ്ക്കുന്ന ഏതോ സമയത്താണ് ആ ഒരാശയം തലയില്‍ വന്നത്. നമുക്കൊരു കോഴ്സിനു ചേര്‍ന്നാലോ! രണ്ടുപേര്‍ക്കും കമ്പ്യൂട്ടറുണ്ട്. ഒരു പ്രോഗ്രാമിംഗ് പഠിച്ചാലെന്താ?

അന്നൊക്കെ പ്രോഗ്രാമിംഗ് പഠിച്ചവര്‍ക്ക് നല്ലതൊഴില്‍  സാധ്യതയാണെന്നൊക്കെയാണ് പറച്ചില്‍ . പിന്നെ, അങ്കവും കാണാം താളിയുമൊടിക്കാം.

ഫൈസല്‍ കോം‌പ്ലക്സില്‍ “കമ്പ്യൂട്ടര്‍ പഠിക്കാന്‍ മാത്രമുള്ള തല ഞങ്ങള്‍ക്കേ ഒള്ളൂ എന്ന അഹങ്കാരത്തോടെ ഞങ്ങള്‍ അന്നാമ്മ ടീച്ചറെ പോയിക്കണ്ടു. ടീച്ചറിനു പെരുത്തു സന്തോഷം. ഇപ്പോ നടക്കുന്നത് പി.ജി.ഡി.സി.എ രണ്ടു വര്‍ഷ കോഴ്സ്.ഞങ്ങളെ മൂന്നുമാസത്തേയ്ക്ക് തിരുകി കയറ്റും C++ ന്. ഫീസ് മൂവായിരം. സുനില്‍ സാറിന്അതൊരു തുകയല്ലെങ്കിലും ബിജുകുമാറിന് ഇച്ചിരി കടുപ്പം തന്നെയാണ്. ആ..എന്തുമാവട്ടെ ചേര്‍ന്നു കളയാം.
അങ്ങനെ ഞങ്ങള്‍ ലാസ്റ്റ് ബഞ്ചിലെ ചെക്കന്മാരുടെ കൂടെ സ്റ്റുഡന്റായികൂടി. അധ്യാപകന്‍ ഒരു കൊച്ചു പയ്യന്‍ . നമ്മളു വല്ലോം ചോദിച്ചാല്‍ പയ്യന്‍ നിന്നു വിറക്കും, അമ്മാതിരി ടൈപ്പ്. എതായാലും മൂന്നുനാലു ദിവസം കൊണ്ട് ഒരു കാര്യം ബോധ്യമായി, C++ നമുക്ക് പറഞ്ഞിട്ടുള്ളതല്ല!  പിന്നെ ആകെ ലാഭമുള്ളത് ലാബാണ്. അതായത് ഒരു കമ്പ്യൂട്ടറിന് രണ്ടു പേര്. അതാണ് കണക്ക്. ഒരു സമയം ആറു പേരുണ്ടാവും. മിക്കവാറും നമുക്ക് കൂടെ കിട്ടുന്നത് ഏതെങ്കിലും ഒരു കിളിയെ ആവും. തട്ടിയും മുട്ടിയും ഇരിയ്ക്കാം. അതു കൊണ്ടെന്താ, ഒരു വസ്തുവും നമ്മളു പഠിച്ചില്ല, കോണ്‍സെന്‍‌ട്രേഷന്‍ കിട്ടണ്ടെ?

ഇങ്ങനെ പോയിട്ട് കാര്യമില്ലന്നായതോടെ ഞങ്ങള് തലയൂരാനുള്ള മാര്‍ഗം നോക്കി.അവസാനം ടീച്ചറെ കണ്ട് കാര്യം പറഞ്ഞു. ഞങ്ങള്‍ക്ക് പണിത്തിരക്കു കാരണം ഒട്ടും സമയമില്ലന്നും ഈ സീസണൊന്നുകഴിഞ്ഞാല്‍ ഉടന്‍ ക്ലാസ്സു തുടരാമെന്നും പറഞ്ഞ് അഡ്വാന്‍സ് കൊടുത്ത ആയിരം രൂപ  ഗോപി വരച്ചു കൊണ്ട് ഞങ്ങള്‍ കോളേജിന്റെ പടിയിറങ്ങി. പിന്നെ പിന്നെ ടീച്ചറെ കാണുമ്പോള്‍ നമുക്ക് മരണ തിരക്കാണെന്നു ഭാവിച്ചുകൊണ്ട് എന്തെങ്കിലും ചൊറിഞ്ഞു കൊണ്ടിരിയ്ക്കും.

അങ്ങനെയിരിയ്ക്കെയാണ് ആഗസ്റ്റ് 15 ആഗതമാവുന്നത്. സ്വാതന്ത്ര്യദിനമാണല്ലോ. അന്നതിന് ഒരു പ്രത്യേകതയുമുണ്ട്.സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വര്‍ഷമാണ്. നാടെങ്ങും പ്രത്യേക പരിപാടികള്‍ . മൊത്തത്തില്‍ ഒരു ആഘോഷമാണ്.

അങ്ങനെ ഞങ്ങള്‍ ഫൈസല്‍ കോം‌പ്ലക്സുകാരും ഒരു കാര്യം തീരുമാനിച്ചു. അന്‍പതാം വാര്‍ഷികം അടിച്ചുപൊളിയ്ക്കണം.പതിവു പോലെ സോജന്‍ ആണ് മുഖ്യ സംഘാടകന്‍ . പിന്നെ സുനില്‍ സാറുള്‍പ്പെടെ ഞങ്ങളെല്ലാം.

എന്തൊക്കെയാണ് കാര്യ പരിപാടി? ആഗസ്റ്റ് 14 രാത്രി കൃത്യം പന്ത്രണ്ടിന് ദേശീയഗാനാലാപനത്തോടെ പതാക ഉയര്‍ത്തുക. (എന്തിനാ രാത്രിയില്‍ ദേശീയ ഗാനവും പതാകയുമെന്ന് ചോദിക്കല്ല്, അന്നങ്ങനെ തോന്നി) പിന്നെയാണ് മുഖ്യഅജണ്ട. അതിനു വേണ്ട ഐറ്റംസ്. കോഴി നാലു കിലോ. കപ്പ എട്ടു കിലോ. പിന്നെ “ജിന്‍ “ രണ്ട് ഫുള്‍ ബോട്ടില്‍ . ജിന്ന് തിരഞ്ഞെടുത്തതിനു പിന്നില്‍ ഒരു സിമ്പിള്‍ ലോജിക് ഉണ്ട്. സാധാരണ എല്ലാവരും ബ്രാന്‍ഡി, വിസ്കി, റം എന്നിവയാണ് അടിയ്ക്കുക. അതുകൊണ്ട് തന്നെ ആഘോഷവേളകളില്‍
ആലക്കോട്ടെ വിദേശമദ്യക്കടയില്‍ , മേല്‍പ്പടിയാന്മാരുടെ വ്യാജനായിരിയ്ക്കും കൂടുതല്‍ . ജിന്ന് അങ്ങനെ ചിലവുള്ള സാധനമല്ല, അതു കൊണ്ടു തന്നെ വ്യാജനുമില്ല.

സോജന്‍ തരികിട മാത്രമല്ല നല്ലൊരു കുക്കുമാണ്. ജോര്‍ജിന്റെ വീട്ടിലാണു പാചകം. ജോര്‍ജിന്റെ ഭാര്യ പ്രസവിക്കാന്‍ പോയതുകൊണ്ട് അടുക്കള ഒഴിഞ്ഞുകിട്ടി. വൈകിട്ട് ഏഴുമണിയോടെ കപ്പ വേവിച്ചത്, കോഴിക്കറി എന്നിവ എത്തി. സംഗതി കഴിക്കണമെങ്കില്‍ നമ്മുടെ കോളേജിന്റെ അവിടെയെ സൌകര്യമുള്ളു. കോളേജ് ഓഫീസുമുറിയുടെയും സ്റ്റെയര്‍കേസിന്റെയും ഇടയ്ക്ക് അതിനുള്ള സംവിധാനമുണ്ടാക്കി. നാലഞ്ച് മനോരമ പത്രം നിലത്തു വിരിച്ചതോടെ സംഗതി റെഡി. പട്ടിയും പൂച്ചയും തലയിടാതെ ഇന്ധനങ്ങള്‍ ഒളിപ്പിച്ചു.

രാത്രിയായതോടെ ടൌണില്‍  ആളു കുറഞ്ഞു. അനില്‍ സാറ് കാര്യങ്ങള്‍ എല്ലാം ശാസ്ത്രീയമായി പഠിച്ച ശേഷം പറഞ്ഞു;
 “രണ്ടു കുപ്പി എന്നാ  കാണിക്കാനാ,  മൂക്കിലൊഴിക്കാനോ? ഒന്നൂടെ മേടിയ്ക്ക്!”
ശരി ഒന്നൂടെ മേടിച്ചു. അങ്ങനെ ജിന്ന് മൊത്തം മൂന്ന്.പന്ത്രണ്ട് മണി വരെ സാറിന്റെ അസംസ്കൃതകഥകള്‍ കേട്ട് സമയം പോയതറിഞ്ഞില്ല. കൃത്യം പന്ത്രണ്ടിന്  സാറിനെക്കൊണ്ട് തന്നെ പതാക ഉയര്‍ത്തിച്ചു. അപ്പോള്‍ ഞങ്ങളെല്ലാവരും അറ്റന്‍ഷനായി നിന്ന്ദേശീയ ഗാനം പാടി, തികഞ്ഞ ദേശഭക്തിയോടെ തന്നെ. ചടങ്ങു കഴിഞ്ഞതോടെ ഞങ്ങള്‍ സ്റ്റെപ്പുകള്‍ കയറുകയും ഷട്ടര്‍ താഴ്ത്തി, പുറത്തു നിന്ന്ഉണ്ടായേക്കാവുന്ന കടന്നുകയറ്റം   പ്രതിരൊധിയ്ക്കുകയും ചെയ്തു.

നിരന്നിരിയ്ക്കുന്ന കുപ്പികള്‍ കണ്ടപ്പോള്‍ സുനില്‍ സാറ്, പാപ്പച്ചന്‍ എന്നിവരുടെ മുഖങ്ങള്‍ അത്യധികശോഭയാല്‍  വിളങ്ങുകയും ഞങ്ങളുടേത് മീഡിയം തോതില്‍ തിളങ്ങുകയും ചെയ്തു. മൊത്തം എട്ടുപേരുണ്ട്. മേല്പടിയാന്മാര്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ ചെറിയ കപ്പാസിറ്റിക്കാരാണ്.

തികഞ്ഞ സാഹോദര്യത്തോടെ ഞങ്ങള്‍ ഒരേ പാത്രത്തില്‍ നിന്നും ഭക്ഷിയ്ക്കുകയും ഒരേ ഗ്ലാസില്‍ നിന്നു പാനം ചെയ്യുകയും ചെയ്തു.(രണ്ടും ഓരോന്നേ ഉണ്ടായിരുന്നുള്ളു).
ഈ ജിന്നിന്റെയൊരു കാര്യം? വെറും സോഡാ കുടിയ്ക്കുന്നമാതിരി! (അരമണിക്കൂര്‍ കഴിഞ്ഞാല്‍ വിവരമറിയുമെന്ന് പിന്നീടല്ലേ തിരിഞ്ഞത്) ഒന്നരകുപ്പി ഞങ്ങള്‍ ആറു പേരും ബാക്കി ഒന്നരകുപ്പി സുനില്‍ സാറ്, പാപ്പച്ചന്‍ എന്നിവരും കൈകാര്യം ചെയ്തു.രാത്രി ഒന്നരയോടെ സുനില്‍ സാറൊഴിച്ച് ഞങ്ങളെല്ലാം എഴുനേറ്റു. (ഇതിനു ശേഷമുള്ള എന്റെ അവസ്ഥ മറ്റൊരു പോസ്റ്റിനുള്ള വിഷയമായതിനാല്‍ ഇവിടെ വിശദീകരിയ്ക്കുന്നില്ല). സുനില്‍ സാറ് ഒരു ചിരിയൊക്കെ ചിരിച്ച് അവിടെ ഇരുന്നതേയുള്ളൂ. വീട് അടുത്തായതുകൊണ്ട് സാവകാശം പോയാല്‍ മതിയല്ലോ! നമ്മളൊക്കെ കുഴയാന്‍ തുടങ്ങിയിട്ടും കക്ഷിയ്ക്കൊരു കുലുക്കോമില്ല. എന്തൊരു കപ്പാസിറ്റി! നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണല്ലോ ചൊല്ല്. അഴകൊഴാന്നെങ്ങനെയോ നമ്മളു സ്റ്റെപ്പിറങ്ങി.

പിറ്റേന്ന് രാവിലെ എട്ടര മണി. ചെറിയ തലവേദനയുണ്ടായിരുന്നിട്ടും ഞാന്‍ ആപ്പീസ് തുറക്കാനെത്തി. നമ്മുടെ കഞ്ഞിയല്ലേ. നോക്കുമ്പോള്‍ എല്ലാവന്മാരും അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ് കൂട്ടിലിട്ട കുറുക്കന്റെ മാതിരി. ഇടയ്ക്ക് സ്റ്റെപ്പിലേയ്ക്ക് നോക്കുന്നുമുണ്ട്. ഞാനും എത്തിനോക്കി. അതാ മുകളില്‍ നിന്നും താഴെ വരെ ഒഴുകിപ്പരന്നു കിടക്കുന്നു, കപ്പ, ചിക്കന്‍ , ജിന്ന് എല്ലാം കൂടിചേര്‍ന്ന ഒരു മിക്സ് ഓഫ് വൊമിറ്റിങ്ങ്!

എന്തൊരു നാറ്റം! കടക്കാരന്‍ മാത്തപ്പന്‍ ചേട്ടന്‍ തെറിയും പറഞ്ഞ് നടക്കുന്നു. നമുക്കു കാര്യം മനസ്സിലായെങ്കിലും മിണ്ടാന്‍പറ്റുമോ? പ്രശ്നമതല്ല. കോളേജ് തുറക്കാന്‍ ടീച്ചറിപ്പോള്‍ വരും. അവരു വല്ല പ്രശ്നവുമാക്കിയാല്‍...?
ഞങ്ങളെല്ലാം ഒന്നുമറിയാത്തവരെപ്പോലെ അങ്ങുമിങ്ങും മാറിനിന്നു. 
ഒന്‍പതരയായി, ടീച്ചറെത്തി. സ്റ്റെപ്പിലേയ്ക്കു നോക്കിയതും ഒരു ശീല്‍ക്കാരത്തോടെ പുറകോട്ടുമാറി. അല്പനേരം അന്തിച്ചു നിന്ന ശേഷം ഛര്‍ദ്ദില്‍ വീഴാത്ത ചില ഗ്യാപ്പുകള്‍ നോക്കി കാല്‍ നീട്ടി കുത്തി ചെറിയൊരു ട്രപ്പീസു വിദ്യയോടെ കയറിപ്പോയി. ഇനിയെന്തായിരിയ്ക്കും അടുത്ത പ്രതികരണം? വല്ല പോലീസെങ്ങാനും ഇടപെട്ടാല്‍ കുശാലായി!
അപ്പോഴതാ ആ പാവം ടീച്ചര്‍ ഒരു ബക്കറ്റ്, ഒരു ചൂല്‍ ഇവയുമായി വന്നിട്ട് അടുത്തുള്ള ടാപ്പില്‍ പോയി വെള്ളം കൊണ്ടു വന്ന് അടിച്ചു വാരി വൃത്തിയാക്കുന്നു.  ഞങ്ങളാരുമല്ല ഇതിനുത്തരവാദിയെന്നവര്‍ക്കുറപ്പുണ്ട്. (പാവം!)
എന്തായാലും വലിയ പ്രശ്നമൊന്നുമില്ലാതെ ആ അധ്യായം  അവസാനിച്ചല്ലോ. ആശ്വാസം.
എകദേശം നാലുമണിയായി. തലേന്നത്തെ കെട്ട് പൂര്‍ണമായും മാറാതെ സുനില്‍ സാര്‍ കോം‌പ്ലക്സിലേയ്ക്ക് കയറി വന്നു.വന്നപാടെ സ്റ്റെപ്പിലേയ്ക്ക് പാളി നോക്കി. ഞങ്ങളു സാറിനേം നോക്കി. പരസ്പരം കാര്യം മനസിലായതുകൊണ്ട് ആരും ഒന്നും മിണ്ടിയില്ല.
അപ്പോള്‍ ടീച്ചര്‍ പടികള്‍ ഇറങ്ങി വന്നു.
“എന്താ ടീച്ചറെ ഇവിടെയൊക്കെ ആരോ ഛര്‍ദിച്ചെന്നു കേട്ടല്ലോ?”
സാറ് ഒന്നുമറിയാത്ത പോലെ ചൊദിച്ചു.
“എന്നാ പറയാനാ സുനിലേ. എന്റെ ഓഫീസിന്റെ അവടേം ഉണ്ടായിരുന്നു. ഏതോ തന്തയില്ലാത്ത ....@##$...ന്മാരുടെ പണിയാ.. !”
ഹോ..! ഒരു   പി.ജി.ക്കാരി അതും ടീച്ചര്‍  അത്രേം പറയുമെന്ന്  കരുതിയില്ല സുനില്‍ സാറിന്റെ മുഖത്തേയ്ക്ക് നോക്കാതെ ഞങ്ങളു പറഞ്ഞു പോയി: “ശരിയാ ടീച്ചറേ”

വാല്‍ക്കഷണം: ജിന്നിനൊന്നും പഴയ ക്വാളിറ്റി ഇല്ലായെന്നും, ഞങ്ങള്‍ ഇറങ്ങിയതിനു ശേഷം കീശയില്‍ കരുതിയിരുന്ന ഒരു ഹാഫ് ബ്രാന്‍ഡി കൂടി അടിച്ചതാണ് സ്റ്റെപ്പില്‍ വാളുവെക്കാന്‍ കാരണമായതെന്നും സുനില്‍ സാര്‍ പിന്നീട് ഞങ്ങളോട് പറഞ്ഞു.

(ഇഷ്ടപെട്ടെങ്കില്‍ ഒരു വോട്ട് കുത്തിയേക്ക്)

11 comments:

 1. good............kure arumadichu alle nattil.......
  (pavanayi-koottam)

  ReplyDelete
 2. ഞാന്‍ ആദ്യമായാണ്‌ ഇവിടെ എന്ന് തോന്നുന്നു.
  ഒറ്റയിരുപ്പില്‍ ശ്വാസം വിടാതെ വായിപ്പിക്കുന്ന ശൈലി.
  സന്ദര്‍ഭത്തിനനുസരിച്ച് നര്‍മ്മങ്ങള്‍ അതിന്റെ ശേല് നഷ്ടപ്പെടാതെ അവതരിപ്പിക്കാന്‍ കഴിയുന്നത് വളരെ ഭംഗിയാക്കി.
  എനിക്ക് വളരെ ഇഷ്ടായി.
  ഇനിയും കാണാം.

  ReplyDelete
 3. സ്വാതന്ത്ര്യമല്ലെ അന്ന് കിട്ടിയത്; എല്ലാറ്റിനും ഉള്ള സ്വാതന്ത്ര്യം. ഇതല്പം കൂടിപ്പോയി.

  ReplyDelete
 4. >>പവനായി, നന്ദി വന്നതിനും മിണ്ടിയതിനും.അന്നങ്ങനെയൊക്കെ നടന്നൂന്നു പറഞ്ഞാ മതിയല്ലോ!
  >>റാംജി സാബ്, ഇനി സ്ഥിരം പോരു. നമ്മളിവിടെയുണ്ട്. വന്നതിന് നന്ദി.
  >>മിനി ടീച്ചറെ, ടീച്ചറിനെപ്പോഴും "ടീച്ചറി"ന്റെ മനസ്സാ അല്ലേ... അന്നങ്ങിനെയൊക്കെ നടന്നതു കൊണ്ടല്ലേ ഇന്നിപ്പോ ഇങ്ങ്നെ എഴുതാന്‍ പറ്റിയത്! ഹ..ഹ..ഹ. വന്നതില്‍ നന്ദി.

  ReplyDelete
 5. ഇനി ആലക്കോട് വന്നാല്‍ ശരിയായ വാളികളെ കാണാന്‍ എവിടെ പോവണം എന്നുമനസ്സിലായി.....സസ്നേഹം

  ReplyDelete
 6. അയ്യേ.. വെള്ളമടിച്ച് വാളുവെച്ചവന്‍ ഹീറോ
  അത് ക്ലീന്‍ ചെയ്ത് ദേശ്യത്തില്‍ തെറി പറഞ്ഞ ടീച്ചര്‍ ഇപ്പോ പ്രതി.. കൊള്ളാം

  ReplyDelete
 7. കൊള്ളാം.. നന്നായിട്ടുണ്ട്.

  ReplyDelete
 8. >>യാത്രികന്‍ : ഏയ് അങ്ങനെയൊന്നുമില്ല കേട്ടോ.
  >>കൂതറ :പൊന്നു സാറെ, ആ ടീച്ചറെ നമ്മള്‍ നമിക്കുകയാ. മറ്റു വല്ലവരുമായിരുന്നെങ്കില്‍ നമ്മള്‍ ഇടി മേടിച്ചേനെ..
  >> നൌഷു: നന്ദി.

  ReplyDelete
 9. സഖാവേ ഞങ്ങടെ മനോരമ വിരിച്ചു തന്നെ വെള്ളമടിക്കണം ല്ലേ :(
  ദോഷൈകദൃക്കെന്ന് വിളിക്കല്ലേ.. ചുമ്മാ തമാശിച്ചതാ ബിജുവേട്ടാ..

  പിന്നെ പി.ജിക്കാരിയില്‍ നിന്ന് ഇത്രേം പ്രതീക്ഷിച്ചില്ല.സുനില്‍ സാറിനു അത്രയെങ്കിലും കിട്ടിയില്ലെങ്കി ശരിയാകില്ലല്ലോ :)

  രസിച്ചു വായിച്ചു.ആശംസകള്‍..

  ReplyDelete
 10. കുത്തി.

  നല്ല പോസ്റ്റ്‌!

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.