പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Monday 31 May 2010

ഓര്‍മ്മയുടെ സുഗന്ധം.

കടപ്പാട്: yathrayil.blogspot.coml
ജൂണ്‍ -1. പള്ളിക്കൂടത്തില്‍ പോയിട്ടുള്ള ഏതുമലയാളിയുടേയും ജീവിതത്തില്‍ പുതിയൊരു പ്രയാണത്തിലേയ്ക്കുള്ള ആദ്യ ചവിട്ടു പടി. ഒരിയ്ക്കലും മരിയ്ക്കാത്ത, മായാത്ത ഓര്‍മകളില്‍ ഒന്ന്.  ഒപ്പം, മേടച്ചൂടില്‍ കരിഞ്ഞുണങ്ങിയ കന്നിമണ്ണിലേയ്ക്ക് കാലത്തിന്റെ കനിവര്‍ഷം പെയ്തിറങ്ങാന്‍ തുടങ്ങുന്ന ദിവസവും.

രാവിലെ തന്നെ മൂടികെട്ടിയിട്ടുണ്ട്. തെക്കുപടിഞ്ഞാറ് മാനം കറുത്തിരുണ്ടു കിടക്കുന്നു.
ഓ എന്തൊരിരമ്പല്‍ !അക്കരെനിന്നും പെയ്തു വരുന്ന ഇടവപ്പാതിയുടേതാണ് . തണുത്ത  കാറ്റ്.
അല്ലാ അതാ മഴയിങ്ങെത്തിയല്ലോ!
പൊന്നിന്‍ കുടത്തിനെ രാവിലെ തന്നെ കുളിപ്പിച്ച്, പുത്തന്‍ ഷര്‍ട്ടും നിക്കറും ഇടുവിച്ച്, തലമുടി ചീവി പൌഡറിട്ട്, കവിളത്തൊരു മറുകും തൊട്ട് അമ്മ ഒരുക്കി നിര്‍ത്തിയിരിയ്ക്കുകയാണ്.

കാലം ഇപ്പൊഴൊന്നുമല്ല. ഒരു മുപ്പത്തഞ്ചു വര്‍ഷം മുന്‍പ്. അന്ന് ഇന്നത്തെ പോലെ പടിയ്ക്കല്‍ വന്നു ഹോണടിയ്ക്കുന്ന വണ്ടിയൊന്നുമില്ല നടന്നു തന്നെ പോകണം. വലിയച്ചനാണ് സ്കൂളില്‍ കൊണ്ടാക്കിയത്. ഞാനൊരു വഴക്കാളിയൊന്നുമല്ലാത്തതു കൊണ്ട് പിറ്റേന്ന് മുതല്‍ മുതിര്‍ന്നവരുടെയൊന്നും കൂട്ടാവശ്യമില്ല.

നമുക്കുണ്ടല്ലോ ഒരു കളിക്കൂട്ടുകാരി. അയലത്തെ ലൌലി മോള്‍ .  ഞങ്ങളൊന്നിച്ചാണ് പോക്കും വരവും.
 കൈയിലൊരു പ്ലസ്റ്റിക് മെടഞ്ഞ സഞ്ചി.(അന്നിന്നത്തെ പോലെ മാറാപ്പു ബാഗൊന്നുമില്ല). സഞ്ചിയിലോ പുത്തന്‍ സ്ലേയ്റ്റ്, ഒടിയാത്ത രണ്ടു കല്ലുപെന്‍സില്‍ (സ്ലേയ്റ്റ് പെന്‍സില്‍ ) പിന്നെ, അഞ്ചാറ് മഷിത്തണ്ട്. ഇന്നലെ വൈകിട്ട് മുറ്റത്തിനു താഴെ നിന്നും പറിച്ചെടുത്തു വച്ചതാണ്.

വീട്ടില്‍ നിന്നു വിട്ടാല്‍ ഒരു മണ്‍ നിരത്ത്. കുറച്ചങ്ങു ചെല്ലുമ്പോള്‍ കാണാം ചെറിയൊരു തോട്.  വെള്ളമൊക്കെ കലങ്ങിയിരിയ്ക്കുന്നു. (മഴയില്ലാത്തപ്പോള്‍ ,നല്ല കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തില്‍ കല്ലേമുട്ടിയും വാഴക്കാ വരയനും അങ്ങനെ തട്ടി തട്ടി പോകും. വെള്ളത്തിലാശാന്മാര്‍ നിര്‍ത്താതെ തുള്ളിക്കൊണ്ടേയിരിയ്ക്കും. ചിലപ്പോള്‍ ഞണ്ടിനേയും കാണാം.) 

 നൂല്‍ വണ്ണത്തില്‍ മഴയിങ്ങിനെ ചറു പിറാ പെയ്യുകയാണല്ലോ.  അതിനെന്താ നമ്മുടെ കൈയിലുണ്ടല്ലോ പുത്തന്‍ കുടയൊരെണ്ണം! നല്ല കറുത്ത കോട്ടന്‍ ശീലയുള്ള, അറ്റത്ത് പളുങ്കുപോലത്തെ പ്ലാസ്റ്റിക് പിടിയുള്ള നീളന്‍ കുട. ആ പളുങ്കു പിടിയുടെ ഉള്ളില്‍ നല്ല ചുവന്ന പൂക്കള്‍ കാണാം.
അവിടം കഴിഞ്ഞാന്‍ ചാണ്ടിച്ചന്റെ പറമ്പില്‍  കേറി,  അവരുടെ വീട്ടുമുറ്റത്തു കൂടി എളുപ്പത്തില്‍ കാഞ്ഞിരമറ്റത്തെയ്ക്കുള്ള വഴിയിലെത്താം.

 വഴിലൊക്കെ കാട്ടുചേമ്പുകള്‍ തലയുയര്‍ത്തി നില്‍ക്കും. മഴത്തുള്ളികള്‍ ഇങ്ങനെ പെയ്യുമ്പം ഇലമേലെ വീണ് പളുങ്കു ഗോലികള്‍ പോലെ ഉരുണ്ടു താഴേയ്ക്ക് വീഴും. അപ്പോള്‍ ചേമ്പിന്‍ തലപ്പുകള്‍ ഇളകി ചിരിയ്ക്കും.
താഴെ ചേമ്പിന്‍ ചുവട്ടില്‍ വലിയ മാക്കാച്ചി തവളകള്‍ പതുങ്ങിയിരുപ്പുണ്ട്. എന്നിട്ട് അവരിങ്ങനെ ഇടവിട്ട് “പേക്രോം പേക്രോം“ എന്നു പറഞ്ഞുകൊണ്ടിരിയ്ക്കും.. ചിലപ്പോള്‍ ഞങ്ങളു വരുമ്പോള്‍ എടുത്തൊരു ചാട്ടം.
 “അമ്പട.. നിനക്കിരിയ്ക്കട്ടെ ഒരേറ്! ഓ..കൊണ്ടില്ല.“
അപ്പോള്‍ കാണാം ഒരുപ്പന്‍ പക്ഷി നനഞ്ഞു വിറച്ച് ഒരു മരത്തിന്റെ ചുവടു പറ്റിയിരിയ്ക്കുന്നു.
ഞങ്ങളെ കണ്ടപ്പോള്‍ അവനു വലിയ നാ‍ണം. താഴ്ന്നു നിന്ന ഒരു കൊമ്പിലേയ്ക്കു ചാടിക്കളഞ്ഞു. കള്ളന്‍ !

മഴയിങ്ങനെ തൂളി തൂളി പെയ്തുകൊണ്ടേയിരുപ്പാണ്. ഇതാ നമ്മളാകെ നനഞ്ഞു കേട്ടോ. ലൌലിയും നനഞ്ഞിട്ടുണ്ട്. അവളൊരു ചിരിക്കുടുക്കയാണ്. അവള്‍ക്കും പുതിയ ഉടുപ്പാണല്ലോ?
ഹൂ.. ആ കാറ്റത്തെന്റെ കുട പാറിപ്പോയേനെ..ച്ഛേ മൊത്തം നനഞ്ഞു. അവളതു കണ്ടു ചിരിയ്ക്കുന്ന കണ്ടില്ലേ! ഓരൊ പറമ്പില്‍ നിന്നും ഒഴുകിയിറങ്ങി വരുന്നുണ്ട് പെയ്ത്തു വെള്ളം. നല്ല  ചായയുടെ നിറമുള്ള വെള്ളം. ആ വെള്ളമിങ്ങനെ നമ്മുടെ കാല്പാദം മൂടി ഒഴുകുമ്പോള്‍ കാലിനടിയില്‍ ആരോ ഇക്കിളിയിടുന്ന പോലെ..
ഏതോ വീട്ടിലെയാണെന്നു തോന്നുന്നു ഒരു ചാവാലിപ്പട്ടി ചെവിയൊക്കെ ഒതുക്കി കണ്ണുരണ്ടും ഇറുക്കി പിടിച്ചു കൊണ്ട് ഓടിപ്പോയി.

വേലിയ്ക്കരുകിലെ ചെമ്പരത്തിയില്‍ നിറച്ചും പൂക്കള്‍ .
“കുട്ടായി..എനിയ്ക്ക് രണ്ടു പൂ പറിച്ചു തരാവോ?”
പിന്നെന്താ നിന്റെ ആഗ്രഹം സാധിച്ചു തരാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ഞാനെന്തിനാ. നിലത്തു നിന്നും രണ്ടു ചാട്ടം ചാടി ആ കൊമ്പിലെത്തിപ്പിടിച്ചു. രണ്ടിനു പകരം അഞ്ചാറ് പൂക്കള്‍ !  കാലേലിച്ചിരെ ചെളി പറ്റി. സാരമില്ല.

നടക്കുമ്പം പകുതി തമ്മിലും പകുതി മഴയോടുമായി ഞങ്ങളങ്ങനെ എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു.
ഇളം ചുവപ്പാര്‍ന്ന മോണകള്‍ കാട്ടിയുള്ള ലൌലിയുടെ ചിരി കാണാനെന്തു രസമാണ്!
മുടി പുറകോട്ട് പിന്നി റിബണ്‍ കെട്ടിയിരിയ്ക്കുന്നു. ഞങ്ങളു കഞ്ഞീം കറീം കളിയ്ക്കുമ്പോള്‍ അവളെ കാണാനിത്ര രസമില്ലായിരുന്നല്ലോ.

ഓ.. വഴിയെല്ലാം നടന്നു തീര്‍ന്നിരിയ്ക്കുന്നു! അതാ സ്കൂളിന്റെ മുറ്റംകാണാനായല്ലോ. ഇങ്ങെത്തിയത് അറിഞ്ഞില്ല. മഴയും പെയ്തു തീര്‍ന്നു കേട്ടോ. എന്നാലും അടുത്ത കോളിനുള്ള കാറ്റു വീശുന്നുണ്ട്.

അല്ലെങ്കിലും ഞങ്ങളെ വിട്ട് മഴയെവിടെ പോകാന്‍ !

11 comments:

  1. കൊള്ളാം നന്നായിട്ടുണ്ട് .ലളിതമായ ഭാഷ , മനോഹരമായ ആവിഷ്കാരം

    ReplyDelete
  2. കുട്ടിയുടെ മനസ്സിലൂടൊരു സ്കൂള്‍ കാലം. നന്നായിട്ടുണ്ട്.

    ReplyDelete
  3. വളരെ ഭംഗിയായി എഴുതിയിരിക്കുന്നു ബിജൂ. തീര്‍ച്ചയായും ആ സ്കൂള്‍ കാലത്തിലേക്ക് കൂടികൊണ്ടുപോകും.

    ReplyDelete
  4. പഴയകാലം വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    ReplyDelete
  5. പഴയ കാലത്തിലേക്ക് നടന്നുപോയി.

    ReplyDelete
  6. നൂല്‍ വണ്ണംത്തില് പെയ്യുന്ന മഴയും വഴിയരികിലെ കാട്ട്ചേംബുകളും നനഞ്ഞു വിറച്ച ഉപ്പന്‍ പക്ഷിയും വേലിക്കരികിലെ പൂത്തുനില്‍കുന്ന ചെമ്പരത്തിയും ഒരുപാടു വര്‍ഷങ്ങള്‍ പിന്നിലേക്ക്‌ കൊണ്ടു പോയി

    ReplyDelete
  7. രവീണാ രവീന്ദ്രന്‍ , കുമാരന്‍ , ചെറുവാടി , നൌഷു, മിനി ടീച്ചര്‍ , രാഘവന്‍ അഭിപ്രായങ്ങള്‍ക്കു വളരെ നന്ദി.
    സ്കൂള്‍ തുറക്കുന്ന ഈ ദിനത്തില്‍ ആ പഴയ കാലത്തേയ്ക്കൊരു സഞ്ചാരം. മനസ്സില്‍ തോന്നിയത് കുത്തിക്കുറിച്ചതാണ്. ആ കളിക്കൂട്ടുകാരി നാലാം ക്ലാസു വരെ ഒപ്പമുണ്ടായിരുന്നു. പിന്നെ ഇന്നേ വരെ കണ്ടിട്ടില്ല. ആ പിരിയല്‍ തികച്ചും നാടകീയമായിരുന്നു. അതു പിന്നെ എഴുതാം.
    എല്ലാവര്‍ക്കും ഒരിയ്ക്കല്‍ കൂടി നന്ദി.

    ReplyDelete
  8. നനഞ്ഞു കുളിച്ചു, സ്കൂളിന്റെ പടികള്‍ കയറിയ കുട്ടിക്കാലത്തേക്ക് കൊണ്ട് പോയതിനു നന്ദി

    ReplyDelete
  9. നല്ല ഭാഷ , ചില നിമിഷങ്ങലെങ്കിലും ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചതിനു വളരെ നന്ദി, ഏതു സ്കൂളിലാ പഠിച്ചത്? രയരോം? ഞാന്‍ നെല്ലിപ്പാര ആയിരുന്നു പഠിച്ചത്.

    ReplyDelete
  10. >>ഒറ്റയാന് അഭിപ്രായത്തിന് നന്ദി. എല്ലാവര്‍ക്കുമുണ്ടാകും ഇങ്ങനെയൊരു കുട്ടിക്കാലം. പിന്നെ തിരക്കിനിടയില്‍ ആരോര്‍മ്മിക്കാന്‍ ?
    >>എബിന്‍, നന്ദി; വായനയ്ക്കും അഭിപ്രായത്തിനും. ഞാന്‍ പഠിച്ചത്, കോ‍ട്ടയം പാലായ്ക്കടുത്തുള്ള കാഞ്ഞിരമറ്റം സ്ക്കൂളില്‍ , നാലാം ക്ലാസു വരെ. പിന്നെ അയ്മനത്താണ് പഠിച്ചത്.

    ReplyDelete
  11. നന്ദി പറയാതിരിക്കാന്‍ കഴിയുനില്ല ... പളുങ്ക് പിടിക്കുള്ളിലെ ചുവന്ന പൂകളെയും .... ചായവെള്ളവും .... നന്ദി...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.