പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 27 March 2010

തമോദ്വാരങ്ങള്‍ക്ക് കേരളത്തിലെ പ്രസക്തി.

ഭൌതികശാസ്ത്രത്തിലെ ഒരു പ്രധാന കണ്ടെത്തലാണ് തമോദ്വാരങ്ങള്‍ (BLACK HOLES). നക്ഷത്രങ്ങള്‍ക്കും ബാല്യ-യൌവന-വാര്‍ധക്യ കാലം ഉണ്ടെന്നും വാര്‍ധക്യത്തിലെത്തിയ ഒരു നക്ഷത്രം വെള്ളക്കുള്ളന്‍ (WHITE DWARF) അവസ്ഥയിലെത്തുമെന്നും തുടര്‍ന്ന് തമോദ്വാര അവസ്ഥയിലെത്തുമെന്നുമാണ് കണ്ടെത്തല്‍ . ഈ അവസ്ഥയിലെത്തിയ നക്ഷത്രം പ്രകാശത്തെ പുറത്തേയ്ക്ക് അല്‍പം പോലും വിടാതെ സ്വയം തമസ്സാകുന്നു!
ഈ കണ്ടെത്തല്‍ കേരളീയ സമൂഹത്തെ നിര്‍വചിയ്ക്കുന്നതില്‍ വലിയ സംഭാവനയാണ് നല്‍കിയത്.
ഇതു മാത്രമല്ല, ഒറ്റപ്പെടല്‍ (Singularity), അങ്ങനെയും ഇങ്ങനെയും  (Duality), നിശ്ചയമില്ലായ്ക/ഉറപ്പില്ലായ്ക  (Uncertainty Principle ), പൊതുവായ ആപേക്ഷികത, പ്രത്യേക ആപേക്ഷികത (Both General theory of Reatlivity and Special theory of Relativity),  പൊട്ടിത്തെറിയ്ക്കല്‍  (Bing Bang), മുതലായ ഭൌതികശാസ്ത്ര സിദ്ധാന്തങ്ങളും നമ്മുടെ സമൂഹത്തെ സംബന്ധിച്ച പല സമസ്യകളും വിശദമാക്കാന്‍ സഹായകമാണ്. പായ്ക്കറ്റ് സിദ്ധാന്തം (Quantum Mechanics) ഇന്ന് വളരെ ഏറെ പ്രസക്തമായിരിയ്ക്കുന്നു.
അവ വിശദമായി പിന്നീട് വിവരിക്കാം.
നമുക്ക് തമോദ്വാരങ്ങളെ മാത്രം ഇപ്പോള്‍ പരിഗണിയ്ക്കാം. കേരളീയ സമൂഹത്തെ ഒരു നക്ഷത്രമായി സങ്കല്പിച്ചാല്‍ , അതിന് തിളക്കമാര്‍ന്ന ഒരു യൌവനകാലമുണ്ടായിരുന്നു എന്നു മനസ്സിലാക്കാം. അക്കാലത്ത് കുറച്ചുകൂടി സഹിഷ്ണുതയുണ്ടായിരുന്നു, സൌഹൃദമുണ്ടായിരുന്നു, മനുഷ്യത്വമുണ്ടായിരുന്നു. അക്കാലത്ത് വയലാര്‍ രാമവര്‍മ്മ എഴുതി:
“മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു,
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു,
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചൂ
മനസ്സു പങ്കു വച്ചു.
ഹിന്ദുവായി മുസല്‍‌മാനായി കൃസ്ത്യാനിയായി
നമ്മള്‍ കണ്ടാലറിയാതായി...
തെരുവില്‍ മനുഷ്യന്‍ മരിയ്ക്കുന്നു;
മതങ്ങള്‍ ചിരിയ്ക്കുന്നു..
ഇന്നിങ്ങനെ ഒരു വരി എഴുതാനാവുമോ? യൌവനകാലം കഴിഞ്ഞ നക്ഷത്രം വെള്ളക്കുള്ളനായി തമോദ്വാരമായി മാറും. ആ അവസ്ഥയാല്‍ സഹിഷ്ണുതയാകുന്ന, സൌഹൃദമാകുന്ന ഒരു തരി വെട്ടം പോലും പുറത്തുവരില്ല. അദൃശ്യമായി നിന്ന് സകലതിനേയും തന്നിലേക്കാകര്‍ഷിച്ച് ഒടുക്കം ഒന്നായി നശിയ്ക്കും. നമ്മുടെ സമൂഹം ഇന്നിപ്പോള്‍ വെള്ളക്കുള്ളന്റെ അവസ്ഥയിലെത്തിയിരിയ്ക്കുന്നു. പുറമേ കാണുന്ന തിളക്കം നാശത്തിലേയ്ക്കുള്ള പടിയാണ്.
മുകളിലെ വാര്‍ത്ത വായിച്ചുകാണുമല്ലോ? കാമ്പസിലെ ഏതാനും വിദ്യാര്‍ത്ഥികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ചോദ്യപ്പേപ്പറിലെ ചെറിയൊരു ചൊദ്യത്തിന് ഇത്രയും ചെയ്തുകൂട്ടാമെങ്കില്‍ നമ്മുടെ സമൂഹം തമോദ്വാരത്തിലേയ്ക്ക് കടക്കാന്‍ ഇനിയെത്ര സമയം ബാക്കി? നിങ്ങള്‍ പറയൂ.
ഒടുക്കത്തെ പാര:
ഞാന്‍ മേല്‍ പറഞ്ഞ ചൊദ്യത്തെയോ ചോദ്യകര്‍ത്താവിനെയോ ന്യായീകരിച്ചിട്ടില്ല. അതുസംബന്ധിച്ച് ആരും എന്നെ ചീത്ത പറയരുത്.
ഗോഡ്ഫാദര്‍ സിനിമയില്‍, മുകേഷിനെ തല്ലിയവനെ പിടിക്കാന്‍ എത്തിയ ചേട്ടന്മാരെ കണ്ട് , വെറുതെ ഓടിയ ജഗദീഷിനെ പിടിച്ച് അവര്‍ പൊതിരെ തല്ലുന്നു. തുടര്‍ന്നാണ് അറിഞ്ഞത് കക്ഷി മുകേഷിന്റെ കൂട്ടുകാരനാണെന്ന്.
അപ്പോള്‍ ഒരു ചേട്ടനായ ഇന്നസെന്റ് ജഗദീഷിനെ വിളിച്ചിട്ട്: “എന്തിനാ പഠിയ്ക്കുന്നേ ?
ജഗദീഷ്: എല്ലെല്‍‌ബീക്ക്...
ഇന്നച്ചന്‍ :- “അതല്ലടാ.. നീയൊക്കെ എന്തിനാ പഠിക്കുന്നേന്ന് !”

No comments:

Post a Comment

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.