പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Sunday 28 March 2010

മരുപ്പച്ചകള്‍

ഖത്തറിലെ സുഖകരമായ താമസസ്ഥലത്ത്, മനോഹരമായ ഈ വില്ലയിലിരിയ്ക്കുമ്പോള്‍ എന്റെ മനസ്സ് സൌദി അറേബ്യയിലെ ആ പഴയ ഓര്‍മ്മകളിലേയ്ക്ക് പോകുകയാണ്. സൌദിയുടെ മധ്യപ്രവിശ്യയായ അല്‍ ഖസീം കൃഷിസ്ഥലങ്ങള്‍ക്ക് പേരുകേട്ടതാണ്. ഈന്തപ്പന, പുല്ല്, ഗോതമ്പ് തുടങ്ങിയവയൊക്കെ വ്യാപകമായി കൃഷിചെയ്യുന്നുണ്ട് അവിടെ. തദ്ദേശീയരായ ബദവികളാണ് ഏറെപ്പേരും. അവരെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. പൊതുവെ ഇരുണ്ട നിറവും കരുത്തുറ്റ ശരീരവുമാണവര്‍ക്ക്. മരുഭൂമിയുടെ വന്യത അവരില്‍ തെളിഞ്ഞുകാണാം. ഒന്നിനെയും കൂസാത്തവര്‍ . 
അല്‍ ഖസീമില്‍ ധാരാളം  ബദവി ഗ്രാമങ്ങളുണ്ട്. സൌദിയിലെ ഗ്രാമങ്ങള്‍ കാണുക രസകരമാണ്. പരന്നുകിടക്കുന്ന മരുഭൂവില്‍ അങ്ങിങ്ങായി ചില പച്ചപ്പുകള്‍ കാണാം. അവയുടെ ചുറ്റിലുമായി ചിതറിക്കിടക്കുന്ന ബദൂവിയന്‍ പാര്‍പ്പിടങ്ങള്‍ . ഉറപ്പായും ചെറിയൊരു പള്ളിയുടെ മിനാരവും കാണാനുണ്ടാവും. അലഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആടുകളും ഉണ്ടായേക്കും. പിന്നെ പ്രതീക്ഷിയ്ക്കേണ്ടത് ഒരു മലയാളിയെ!
ഞാന്‍ സൌദിയില്‍ ജോലി ചെയ്തിരുന്ന മുനിസിപ്പാലിറ്റി(മുജമ)  തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ളതായിരുന്നു. അക്കാലത്ത് വികസനത്തിന്റെ ആദ്യ ഘട്ടത്തിലാണ് അവിടം. അതിന്റെ വിസ്തീര്‍ണം കേരളത്തിലെ ഏതു ജില്ലയെക്കാളും അധികമുണ്ട്. അല്‍ ദരിയ (റിയാദിലുള്ള ദരിയ വേറെയാണ്) എന്ന ആ മുജമയുടെ കീഴില്‍ അറുപതിലധികം ഗ്രാമങ്ങള്‍ അഥവാ “ധീര”കള്‍ ഉണ്ട്. എല്ലാം പിന്നോക്കാവസ്ഥയിലാണ് അന്ന്.
ദരിയയില്‍ നിന്നും നൂറ്റന്‍പതിലധികം കിലോമീറ്റര്‍ അകലെയുള്ള “രഫായ അല്‍ നജാജ്” എന്നൊരു ഗ്രാമത്തില്‍ ഒരിയ്ക്കല്‍ എനിയ്ക്ക് ഔദ്യാഗിക ആവശ്യത്തിന് പോകേണ്ടി വന്നു. അന്നവിടെ റോഡുകള്‍ ഒന്നും ടാര്‍ ചെയ്തിട്ടില്ല. വൈദ്യുതി എത്തിയിട്ടേ ഒള്ളൂ. പോയ അന്ന്  മടങ്ങാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് താമസിക്കാന്‍ ഒരിടം അന്വേഷിച്ചു. അടുത്തു തന്നെ താമസിയ്ക്കുന്ന കുറച്ച് മലയാളികളെ കണ്ടെത്തി. വളരെ സന്തോഷത്തോടെയാണ് അവര്‍ സ്വീകരിച്ചത്.തൃശ്ശൂര്‍കാരനായ ഒരു ജയന്‍ ചേട്ടന്‍ . തയ്യല്‍കാരനാണ്. പിന്നൊരു അബ്ദുള്ള, വാനില്‍ തുണിത്തരങ്ങള്‍ വില്‍പനയാണ് ജോലി. രണ്ടുപേരും ഒന്നിച്ച് താമസിയ്ക്കുന്നു.അവരുണ്ടാക്കിയ ഭക്ഷണത്തിന് എന്തൊരു രുചി!
സന്ധ്യയായപ്പോള്‍ എനിയ്ക്ക് ചില സന്ദര്‍ശകരെത്തി. അടുത്ത് തന്നെ താമസിയ്ക്കുന്ന ചില മലയാളികള്‍ . (ഇത്രയും മലയാളികള്‍ അവിടെ ഉണ്ടെന്നു ഞാന്‍ കരുതിയതേയില്ല.) അവരുടെ സന്തോഷം കണ്ടപ്പോള്‍ എനിയ്ക്ക് അല്‍ഭുതമായിരുന്നു. അതില്‍ വെളുത്തുമെലിഞ്ഞ ഒരു മുഹമ്മദിക്കയുടെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹം അഞ്ചു വര്‍ഷമായി നാട്ടില്‍ പോയിട്ട്. ഇനി ഉടനെ പോകണം. മകളുടെ കല്യാണമായി. ആ ഒരു സന്തോഷമാണ് ആ മനുഷ്യന്. എന്നെ അങ്ങേരുടെ താമസസ്ഥലത്തേയ്ക്ക് ക്ഷണിയ്ക്കുകയും ചെയ്തു.
ജയേട്ടന്റെ റൂമില്‍ സൌകര്യമില്ലാത്തതിനാല്‍ അടുത്ത റൂമിലെ ഒരു ആന്ധ്രക്കാരന്റെ റൂമിലാണ് കിടക്കാന്‍ സൌകര്യമാക്കിയത്. അയാള്‍ക്ക് ഹിന്ദിയും തെലുങ്കുമേ അറിയൂ, എനിക്കവ രണ്ടും അറിയുകയുമില്ല. സ്നേഹത്തിന് ഭാഷ തടസ്സമല്ലെന്ന് ആ മനുഷ്യനില്‍ നിന്നും എനിയ്ക്കു മനസ്സിലായി. എതെല്ലാമോ രീതിയില്‍ ഞങ്ങള്‍ “സംസാരിച്ചു”! വിശേഷങ്ങള്‍ പങ്കു വെച്ചു. രാവിലെ എഴുനേറ്റ് എനിക്ക് പാല്‍ചായ ഒരുക്കിത്തരാനും ആ മനുഷ്യന്‍ മറന്നില്ല.
തികഞ്ഞ കഷ്ടപ്പാടിലും ഒറ്റപ്പെടലിലും മരുഭൂമിയില്‍ കഴിയുന്ന ആ മനുഷ്യര്‍ക്ക് പുറത്തു നിന്നൊരാള്‍ വരുന്നത് വലിയ സന്തോഷമാണ്. അവിടെ നിന്നും മടങ്ങുമ്പോള്‍ അവരുടെ സ്നേഹവും ആഥിത്യമര്യാദയും എന്റെ മനസ്സില്‍ തിളങ്ങിനിന്നു.
 മറ്റൊരിയ്ക്കലും, ഇതേ പോലെ ഞാന്‍ ഉള്‍ഗ്രാമത്തില്‍ എത്തിപ്പെട്ടു. വളരെ ചെറിയൊരു ഗ്രാമം. മലയാളികളുടെ ഒരു ലാഞ്ചന പോലുമില്ല. വേനല്‍ക്കാലത്തെ ഉച്ച സമയമാണ്. ഭക്ഷണം കിട്ടാന്‍ ഒരു മാര്‍ഗവുമില്ല.  ഒരു ചെറിയ ബക്കാല (കട) ഉണ്ടെങ്കിലും ഉച്ചയായതിനാല്‍ അതു അടച്ചിരിയ്ക്കുകയാണ്. അതിന്റെ പുറകില്‍ ആള്‍താമസത്തിന്റെ ലക്ഷണമുണ്ട്. ഞാനും എന്റെയൊപ്പമുള്ള യു.പി. സ്വദേശിയും അങ്ങോട്ടെയ്ക്കു നടന്നു. ചാരിയിട്ട വാതിലില്‍ മുട്ടി. ഒരാള്‍ ഇറങ്ങി വന്നു. കഷണ്ടി കയറിയ തല. നീട്ടിവളര്‍ത്തിയ താടി. കുഴിയിലാണ്ട കണ്ണുകള്‍ . ആകെ ഒരു പ്രാകൃത രൂപം.
എന്നെ കണ്ടാവാം അയാള്‍ ചോദിച്ചു: “ആരാ?!“
മലയാളി തന്നെ! ഞങ്ങള്‍ കാര്യം പറഞ്ഞു. ആ മനുഷ്യന്‍ ഞങ്ങളെ ഉള്ളിലേയ്ക്ക് വിളിച്ചു. കക്ഷി കുറച്ച് കുബുസ് ചൂടാക്കി ഒരു കിഴങ്ങു കറിയൊക്കെ റെഡിയാക്കി തന്നു. തുടര്‍ന്ന് വിശേഷങ്ങള്‍ പറഞ്ഞു. മലപ്പുറംകാരനായ സെയ്ദ്. ആ ഗ്രാമത്തില്‍ സൌദിക്കാരനല്ലാത്ത ഏക ആള്‍ അയാള്‍ മാത്രമാണ്. വല്ലപ്പോഴും അതിലെ വരുന്ന മലയാളികള്‍ ആണ് പുറം ലോകവുമായുള്ള ബന്ധം. പിന്നെ ഡിഷ് ആന്റിനയില്‍ കൂടി കിട്ടുന്ന മലയാളം ചാനലുകളും.
“ഇതു കൂടിയില്ലായിരുന്നെങ്കില്‍ എനിയ്ക്കു ഭ്രാന്തു പിടിച്ചേനെ!” ആ മനുഷ്യന്റെ ഈ വാക്കുകള്‍ ഒരിയ്ക്കലും മറക്കാനാവില്ല.
അയാള്‍ക്ക് ഒരു കൊച്ചു മകളുണ്ട്. കഴിഞ്ഞയിടെ കിട്ടിയ ഫോട്ടോ എന്നെ കാണിച്ചു. അപ്പോള്‍ ആ കണ്ണുകള്‍ നിറയുന്നത് എനിയ്ക്ക് വ്യക്തമായി കാണാമായിരുന്നു. സഹോദരിമാരെ കെട്ടിച്ചയച്ച കടങ്ങള്‍ തീരാന്‍ ഒരഞ്ചുവര്‍ഷമെങ്കിലും കഴിയണം. അതു വരെ എങ്ങെനെ ഇവിടെ കഴിയും? പക്ഷെ മറ്റെന്തു വഴി? അരമണിക്കൂര്‍ നേരത്തെ പരിചയം മാത്രമുള്ള എന്നോട് അയാളുടെ വിഷമങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ ആ മനസ്സിന് കുറച്ചൊരാശ്വാസം കിട്ടിയിരിയ്ക്കാം.
മനുഷ്യനിലെ നിഷ്കളങ്കതയും നിസ്സഹായതയും തെളിഞ്ഞുകാണുക ഇത്തരം മുഹൂര്‍ത്തങ്ങളിലാണ്.
ഞാനീപ്പറഞ്ഞപോലുള്ള ധാരാളം അനുഭവം പിന്നീടും എനിയ്ക്കുണ്ടായിട്ടുണ്ട്.  യഥാര്‍ത്ഥ മനുഷ്യസ്നേഹം ഇത്തരം ദുരിതങ്ങളില്‍ ജീവിയ്ക്കുന്ന മനുഷ്യരിലാണ് നാം കാണുക. സ്വയം എരിഞ്ഞു തീരുമ്പോഴും മറ്റുള്ളവരെ സ്നേഹിയ്ക്കാനുള്ള മനസ്സവര്‍ക്കുണ്ട്.
ഇന്ന് ഗള്‍ഫിലെ സൌകര്യങ്ങളില്‍ കഴിയുമ്പോള്‍ , നമ്മുടെ ആശങ്ക, കാറിനും മദ്യത്തിനും വിലകൂടുന്നതിനെക്കുറിച്ചും വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലിനെക്കുറിച്ചും വീടിന്റെ പ്ലാനില്‍ വന്ന ചില പോരായ്മകളെക്കുറിച്ചുമൊക്കെമാണ്.
തങ്ങളെക്കാള്‍ സ്റ്റാറ്റസ് കുറഞ്ഞവരെ ഗൌനിയ്ക്കാത്തവര്‍‌‌ , സ്വന്തം കാര്യത്തിനപ്പുറം മറ്റുള്ളവരുടെ വേദന കാണാത്തവര്‍ അങ്ങനെ പല വിശേഷണങ്ങളും നമുക്ക് ചേരില്ലേ? കഷ്ടപ്പാടിലും ദുരിതത്തിലും കഴിയുമ്പോള്‍ മാത്രമേ നമുക്ക് മനുഷ്യത്വം ഉണ്ടാവുകയുള്ളോ?
നമ്മുടെയെല്ലാം മനസ്സാകുന്ന ആ മരുഭൂമിയിലെ കാരുണ്യത്തിന്റെ നീറുറവ തൊട്ടടുത്തു നില്‍ക്കുന്ന വേദനിയ്ക്കുന്ന സഹോദരന്റെ നേര്‍ക്ക് ഒഴുകേണ്ടതല്ലേ?
മണല്‍ക്കാറ്റടിയ്ക്കുന്ന സൌദിമരുഭൂമിയില്‍ , എനിയ്ക്ക് ഒരു നേരത്തെ ഭക്ഷണമായിട്ടാണെങ്കിലും സ്നേഹം പകര്‍ന്ന ആ സഹോദരങ്ങളുടെ ഓര്‍മ്മ എന്റെ മനസ്സില്‍ ഇന്നും ഒരു മരുപ്പച്ചയായി നില്‍ക്കുന്നു.
(26-03-2010 -ലെ ഗള്‍ഫ് മാധ്യമം “ചെപ്പ് “ സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ച ലേഖനം)

No comments:

Post a Comment

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.