പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday, 19 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 2

നെയ്യാര്‍ ഡാമും ശംഖുമുഖം ബീച്ചും.

പതിനൊന്നു മണിയോടെ ഞങ്ങളുടെ ഇന്നോവ കാര്‍ നെയ്യാര്‍ ഡാം ലക്ഷ്യമാക്കി പ്രയാണം ആരംഭിച്ചു. തിരുവനന്തപുരം നഗരത്തില്‍ നിന്നും ഏകദേശം 35 കിലോമീറ്ററുണ്ട് അങ്ങോട്ട്. വീഥികളാകെ മഴനനഞ്ഞു കുതിര്‍ന്നിരിയ്ക്കുന്നു. കാലാവസ്ഥ കണ്ടിട്ട് വല്ലാത്ത നിരാശയായി. മഴയത്ത് എങ്ങനെ ഡാം കാണാനാണ്? അപ്പോള്‍ ഹേമ നെയ്യാര്‍ ഭാഗത്തുള്ള ഏതോ പരിചയക്കാരെ വിളിച്ചന്വേഷിച്ചു, അവിടെ മഴയുണ്ടോ എന്ന്. ഭാഗ്യം അവിടെ മഴ പെയ്തിട്ടില്ലത്രേ..! ഉത്സാഹത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. നഗരം വിട്ടതോടെ ഗ്രാമക്കാഴ്ചകളായി. കണ്ണൂരില്‍ ഞങ്ങള്‍ക്കു പരിചയമുള്ള അതേ മലയോരക്കാഴ്ചകള്‍. ഇടയ്ക്ക് കാട്ടാക്കടയില്‍ ഭക്ഷണം കഴിയ്ക്കാനിറങ്ങി. മുതിര്‍ന്നവര്‍ക്ക് ചോറാണ് ഇഷ്ടമെങ്കില്‍ മക്കള്‍ക്കെല്ലാം ചിക്കന്‍ ബിരിയാണി മതിയത്രെ. ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പുറത്ത് നല്ലൊരു മഴ പെയ്തു തോര്‍ന്നിരിയ്ക്കുന്നു.. റോഡിലാകെ വെള്ളം..

മനോഹരക്കാഴ്ചകള്‍ സമ്മാനിച്ച് യാത്ര നെയ്യാര്‍ ഡാം പരിസരത്തെത്തി. ചെല്ലുന്ന വഴിയില്‍ ആദ്യം കാണുന്ന ഗേറ്റ് കടന്നാല്‍ ഉദ്യാനത്തിലേയ്ക്കും ഗസ്റ്റ് ഹൌസിലേയ്ക്കുമാണെത്തുക. എന്നാല്‍ ഗേറ്റിനു വെളിയിലെ റോഡുവഴി കുറച്ചു കൂടി പോയാല്‍ ഡാമിന്റെ മുകള്‍ ഭാഗത്തെത്താം. ഞങ്ങള്‍ ആ വഴിയെ വിട്ടു. കുറെ വളവും തിരിവും കയറ്റവും കടന്നെത്തിയപ്പോള്‍ ചെറിയൊരു ടോള്‍ ബൂത്ത്, ഇവിടെ നിന്നു ടിക്കറ്റെടുത്ത് ഉള്ളിലേയ്ക്കു പോകാം. ഒരാള്‍ക്ക് വെറും അഞ്ചു രൂപമാത്രം.
അവിടുന്നു ഞങ്ങളുടെ വാഹനം എത്തിയത് നെയ്യാര്‍ ഡാമിന്റെ മേല്‍ത്തട്ടില്‍. എന്നുവെച്ചാല്‍ ഡാമിനേക്കാള്‍ മുകളില്‍. വൌ..! എത്ര മനോഹരമായ കാഴ്ച..! വിശാലമായ തടാകം പോലെ റിസര്‍വോയര്‍. അകലെ പച്ചക്കുന്നുകള്‍. അതിലൊന്നു “ലയണ്‍ സഫാരി പാര്‍ക്കാ”ണ്. പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അവിടെ നിന്നും സിംഹത്തിന്റെ അലര്‍ച്ച..! ആളെ പറ്റിയ്ക്കാന്‍, വല്ല ലൌഡ് സ്പീക്കര്‍ വഴി കേള്‍പ്പിയ്ക്കുന്നതാണോ എന്നു ഞാന്‍ സംശയിച്ചു. “അല്ല, തിരുവനന്തപുരം മൃഗശാലയില്‍ നിന്നും രണ്ട് സിംഹങ്ങളെ ഇവിടെ തുറന്നു വിട്ടിട്ടുണ്ട്. സഫാരി നടത്താന്‍ താല്പര്യമുള്ളവര്‍ ടിക്കറ്റെടുത്ത് ബോട്ടില്‍ അക്കരെ എത്തിയാല്‍ വാഹനങ്ങളില്‍ അതിലെയെല്ലാം സഞ്ചരിയ്ക്കാം..” ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വിവരിച്ചു തന്നു.








ഞങ്ങളെത്തുമ്പോള്‍ നൂല്‍ വണ്ണത്തില്‍ മഴ പൊഴിയുന്നുണ്ട്. ക്യാമറ വെളിയിലെടുക്കാന്‍ പറ്റില്ലല്ലോ എന്നായി എന്റെ സങ്കടം. വാഹനം നിര്‍ത്തിയതിനു സമീപം വലിയൊരു വാച്ച് ടവറുണ്ട്. അതിന്റെ മുകളില്‍ നിന്നാല്‍ കുറച്ചുകൂടി മനോഹരമായി കാഴ്ചകള്‍ ആസ്വദിയ്ക്കാം. ഞാനും ഉണ്ണിയും അതിന്റെ മുകളിലേയ്ക്ക് കയറി. മറ്റുള്ളവര്‍ താഴെ ഡാമിലേയ്ക്കും പോയി.
വാച്ച് ടവറിന്റെ മുകളില്‍ ചെല്ലുമ്പോള്‍ ചില ഇണക്കിളികള്‍ അതിനകത്തിരുന്നു കൊക്കുരുമ്മലും കിന്നാരവും. റിസര്‍വോയറിന്റെ ഒന്നു രണ്ടു സ്നാപ്പുകള്‍ എടുത്തിട്ട്  ഞാന്‍ മോനെയും വിളിച്ചു താഴേയ്ക്കു പോന്നു.
ക്യാമറ ഒരു പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞു പിടിച്ച് ഞങ്ങള്‍ മഴയത്തേയ്ക്കിറങ്ങി. കുറച്ചു നടകളിറങ്ങിയാല്‍ ഡാമിന്റെ മുകള്‍ നിരപ്പാണ്. ഗേറ്റു കടന്നാല്‍ അതിലെ നടന്നു പോകാം. പത്തടിയോളമുണ്ട് വീതി. ഡാമിനെകുറിച്ചല്‍പ്പം വിശദമായി പറയാം. 184 അടി - (56 മീ.) ഉയരം,  965 അടി- (294 മീ.) നീളം. 91 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇതിന്റെ റിസര്‍വോയര്‍ പരന്നുകിടക്കുന്നു. പ്രധാനമായും ജലസേചനത്തിനായുള്ള ഈ ഡാമിന്റെ സ്പില്‍ വേയില്‍ കൂടി ഒരു സെക്കന്‍ഡില്‍ 28,570 ഘനയടി വെള്ളം തുറന്നുവിടാനാകും. നെയ്യാറ്റിന്‍‌കര താലൂക്കിലെ കള്ളിക്കാട് പഞ്ചായത്തിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യകൂടപര്‍വതം ഈ ഡാമിനു സമീപമാണ്. തിരുവിതാംകൂര്‍ മഹാരാജാവ് മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രവുമായി വളരെ അടുപ്പമുണ്ട് കള്ളിക്കാട് പഞ്ചായത്തിന്. ഭരണം ലഭിയ്ക്കുന്നതിനു മുന്‍പ്  എട്ടുവീട്ടില്‍ പിള്ളമാരുമായുള്ള ഏറ്റുമുട്ടല്‍ കാലത്ത് ഇവിടെയൊക്കെ അദ്ദേഹം വേഷപ്രച്ഛന്നനായി അലഞ്ഞിരുന്നു. അഗസ്ത്യകൂടമലയിലെ ആദിവാസികള്‍ അദ്ദേഹത്തെ സംരക്ഷിച്ചിരുന്നത്രേ. അതിനു പ്രതിഫലമായി, ഭരണമേറിയ ശേഷം അദ്ദേഹം അവര്‍ക്ക് 36,000 ഏക്കര്‍ ഭൂമി ദാനമായി നല്‍കി. പില്‍ക്കാലത്ത് അത് മറ്റുള്ളവരുടെ കൈവശമായി. അതിലൊരാളായ കരുവഞ്ചിയില്‍ കൃഷ്ണപ്പണിക്കര്‍ നല്‍കിയ ഭൂമിയിലാണ് ഈ ഡാം പണിതിരിയ്ക്കുന്നത്.

ഞാനും ഉണ്ണിയുംഡാമിന്റെ മറുകരയോളം നടന്നു. അവിടെ ഒരു ഗസ്റ്റ് ഹൌസുണ്ട്. അതിനോട് ചേര്‍ന്ന് മനോഹരമായ ഉദ്യാനം. നല്ല രീതിയില്‍ പരിപാലിയ്ക്കപ്പെടുന്നുണ്ട് അത്. നമ്മുടെ പല പൊതുസ്ഥലങ്ങളിലും കാണാത്ത കാഴ്ച. അവിടെ  നിന്നു നോക്കിയാല്‍ ഡാമിന്റെ സുന്ദരമായ കാഴ്ചയാണു ലഭിയ്ക്കുന്നത്.
ഞങ്ങള്‍ പിന്നെ അക്കരയ്ക്കു കടന്നു. ഹേമയും മിനിയും മോളും അനന്തരവനും ഹേമയുടെ കുട്ടിയായ സൌരവും കൂടി എതിലെയോ അലഞ്ഞു തിരിയുന്നുണ്ടാവും. ഞങ്ങള്‍ അവരെ കണ്ടിട്ട് ഒരുമണിക്കൂറായല്ലോ. മഴ മാറി, വെയില്‍ മെല്ലെ തെളിഞ്ഞു. ഞങ്ങള്‍ വാഹനത്തിനടുത്തെത്തിയപ്പോള്‍ ഹേമയും മിനിയും കുട്ടികളും എത്തിയിരുന്നു.
ഞാനും ഉണ്ണിയും കൂടി ഡാമിന്റെ സ്പില്‍‌വേ ഭാഗത്തേയ്ക്കു പോയി. അവിടെ കൂറ്റന്‍ പൈപ്പിലൂടെ തൂവെള്ള നിറത്തില്‍ വെള്ളം കുതിച്ചു ചാടുന്നു. വെള്ളം ഒഴുകിപ്പോകുന്ന കനാലിന്റെ ചെറിയ കലുങ്കിന്മേല്‍ നിന്നു സ്പില്‍‌വേയിലേയ്ക്കു നോക്കി. വെള്ളത്തിന്റെ ശക്തിയില്‍ വായു തള്ളിവരുന്നു. നേരെ നില്‍ക്കാന്‍ ഞങ്ങള്‍ ബുദ്ധിമുട്ടി. അവിടെ നിന്നു നോക്കുമ്പോഴാണ് ഡാമിന്റെ ഭീമാകാരത ശരിയ്ക്കും ബോധ്യമാകുന്നത്.














ഇനി ഞങ്ങള്‍ക്കു കാണാനുള്ള നെയ്യാറിലെ മുതലവളര്‍ത്തു കേന്ദ്രമാണ്. ഇന്നോവ അങ്ങോട്ടേയ്ക്ക് തിരിച്ചു. ശരിയ്ക്കും ഞങ്ങള്‍ ആദ്യം കയറിവന്ന വഴിയ്ക്കു തന്നെയാണ് ഇതുള്ളത്. വനം വകുപ്പിന്റെ കൌണ്ടറില്‍ നിന്നു ടിക്കറ്റെടുത്തു വേണം കയറാന്‍. സംഗതി പേരുപോലെ അത്ര ഗംഭീരമൊന്നുമല്ല. മുതലകളെ അടുത്തു കാണാത്തവര്‍ക്ക് ഒരവസരം, അത്രയേ ഉള്ളു. ഉയര്‍ത്തിക്കെട്ടിയ കുറേ സിമന്റു ടാങ്കുകള്‍. അതിനുള്ളില്‍ ഒന്നും രണ്ടും വീതം മുതലകള്‍. ചിലത് വലുത്, മറ്റു ചിലത് ചെറുത്. അത്ര നന്നായി പരിപാലിയ്ക്കപ്പെടുന്ന ഒന്നാണ് ഈ സംഗതിയെന്നെനിയ്ക്കു തോന്നിയില്ല.
1977 ലാണ് ഇത് സ്ഥാപിച്ചത്.ആദ്യം ഇതിന്റെ പേര് The Crocodile Rehabilitation and Research Centre  എന്നായിരുന്നുവത്രേ. ഇപ്പോള്‍ Steve Irwin National Park.




കുട്ടികള്‍ കൌതുകപൂര്‍വം എല്ലാം നടന്നു കണ്ടു. കാലാവസ്ഥ നന്നായി തെളിഞ്ഞതിനാല്‍ ഉദ്യാനത്തില്‍ ഒന്നു കയറിയിട്ടു പോകാം എന്നു തീരുമാനിച്ചു. ഞങ്ങള്‍ ആദ്യം കണ്ട താഴെയുള്ള ഗേറ്റിലൂടെ കടന്ന് ഉദ്യാനത്തിലെത്തി. അതിമനോഹരം. ഭംഗിയായി വെട്ടി നിര്‍ത്തിയ ചെടികള്‍. പച്ച വിരിച്ച പുല്‍ത്തകിടി. ഇടയ്ക്കിടെ വലിയ കൂണുകള്‍ പോലെ മേല്‍ക്കൂടിട്ട ഇരിപ്പിടങ്ങള്‍. പൂച്ചെടികളും ശലഭങ്ങളും. പശ്ചാത്തലത്തില്‍ തംബുരുനാദം പോലെ ഡാമില്‍ നിന്നൊഴുകുന്ന ജലപാതത്തിന്റെ ഹുങ്കാരം. എത്ര നേരം നിന്നാലും മതിയാവില്ല. കുട്ടികള്‍ അതിലെയെല്ലാം ചാടിയും മറിഞ്ഞും കളിച്ചു. സമയം ഏകദേശം നാലുമണിയായി. ഷെഡ്യൂളനുസരിച്ച് ഇനി പോകേണ്ടത് ശംഖുമുഖത്തേയ്ക്ക്.


നഗരത്തില്‍ തിരക്കേറിയിരുന്നു. തലസ്ഥാന നഗരിയുടെ ഭംഗി ഇപ്പൊഴാണു ശരിയ്ക്കും കണ്ടത്. റോഡിനിരുവശവും ടൈത്സ് പാകി മനോഹരമാക്കിയിരിയ്ക്കുന്നു. വന്‍‌വൃക്ഷങ്ങളുടെ സമൃദ്ധി കുളിര്‍മ്മയോടൊപ്പം ഗാംഭീര്യവും നല്‍കുന്നുണ്ട്.
നഗരം പിന്നിട്ട് ശംഖുമുഖത്തെത്തിയപ്പോള്‍ അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്.
കടല്‍ തീരമാകെ പൂരത്തിനുള്ള ആള്‍ക്കൂട്ടം.  അറബിക്കടല്‍ ആര്‍ത്തലച്ചു തീരം തല്ലിതകര്‍ക്കുന്നു. എന്തൊരു വലുപ്പമാണ് തിരകള്‍ക്ക്. വൈകുന്നേരമായതിനാലാവാം ഈ ക്ഷോഭം. അപ്പോള്‍ പടിഞ്ഞാറ് ചെന്തീനിറം ചാര്‍ത്തി സൂര്യന്‍ കടലിനെ ചുംബിയ്ക്കാന്‍ തയ്യാറെടുക്കുകയാണ്. ഞങ്ങള്‍ തീരത്തേയ്ക്ക് ചെന്നു. പ്രതീക്ഷിയ്ക്കാത്ത നേരത്തായിരിയ്ക്കും വമ്പന്‍ തിരകള്‍ കയറി വരുന്നത്. മുട്ടോളം വെള്ളം.. എന്റെ ഷൂസ് നിറയെ വെള്ളവും മണലും. ഓരോ അടിയും പറിച്ചുവെച്ചു നടക്കാന്‍ മാത്രം കനം..! ഞാന്‍ രണ്ടും ഊരി കൊണ്ടു പോയി വണ്ടിയില്‍ വെച്ചു. നഗ്നപാദനായി തീരത്തുകൂടി നടന്നു. കുട്ടികളുടെ കാര്യം ബഹുരസമാണ്. എവിടെ എത്തിയാലും പുതിയ എന്തെങ്കിലും കളികള്‍ അവര്‍ കണ്ടെത്തും. ഇവിടെ തീരം കയറിവരുന്ന തിരയുടെ നുരപ്പതയില്‍ ചവിട്ടി എന്തോ കളിയാണവര്‍ കളിയ്ക്കുന്നത്. തീരത്ത് ഒട്ടകവും കുതിരയുമൊക്കെ കളര്‍ വസ്ത്രമണിഞ്ഞ് നില്‍ക്കുന്നതു കണ്ടു. സവാരി ചെയ്യാന്‍ താല്പര്യമുള്ളവരെ കാത്തു നില്‍ക്കുകയാണ്.

കടല്‍ തീരത്തു നിന്നുകൊണ്ട് പടിഞ്ഞാറേ അനന്തതയിലേയ്ക്ക് നോക്കുക ഒരു അപൂര്‍വ അനുഭവമാണ്. തിരയുടെ ഇരമ്പവും അകലെ കൂടി നീങ്ങിപ്പോകുന്ന ബോട്ടുകളും മുകളില്‍ പറക്കുന്ന കടല്‍‌പക്ഷികളും നമ്മെ ഏതോ ജന്മത്തിലെ അവ്യക്തസ്മൃതികളിലേയ്ക്ക് തള്ളിയിടും. കടല്‍ കണ്ടാല്‍ എനിയ്ക്കോര്‍മ്മ വരുന്ന പാട്ട് ഒന്നേയുള്ളു, അനശ്വരനായ ബാബുരാജിന്റെ, “അകലെ അകലെ നീലാകാശം......”

ശംഖുമുഖത്തിന്റെ പ്രാധാന്യം ശ്രീ പത്മനാഭസ്വാമി  ക്ഷേത്രവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ദേവന്റെ “ആറാട്ടുകടവാ“ണ് ഇവിടം. ആറാട്ടിന്‍ നാള്‍ തിരുവിതാംകൂര്‍ മഹാരാജാവും കുടുംബാംഗങ്ങളും പരിവാരവും ഉടവാളുമേന്തി ഇവിടെ ദേവനെ ആറാടിയ്ക്കാന്‍ എത്തും. ആണ്ടുബലിതര്‍പ്പണത്തിനായി പതിനായിരക്കണക്കിനാള്‍ക്കാര്‍ ഇവിടെ എത്തിച്ചേരുന്നുണ്ട്. കൂടാതെ രാഷ്ട്രീയപാര്‍ടികളുടെ സമ്മേളനങ്ങളും നടത്താറുണ്ട്.
ഒന്നുപറയാതിരിയ്ക്കാന്‍ വയ്യ, മലയാളിയുടെ പരിസ്ഥിതി ബോധം..! ഇത്രമനോഹരമായ ഈ തീരം നിറയെ ചപ്പും ചവറും പ്ലാസ്റ്റിയ്ക്കും വാരി വിതറി എങ്ങനെയൊക്കെ വൃത്തികേടാക്കാനാവും എന്ന പരീക്ഷണത്തിലാണ് ഇവിടെയെത്തുന്നവര്‍. ഇതു നന്നായി പരിപാലിയ്ക്കണമെന്ന് അധികാരികള്‍ക്കും താല്പര്യമില്ല.

പിന്നെ ഞങ്ങള്‍ ബീച്ചിനോടു ചേര്‍ന്നു തന്നെയുള്ള കുട്ടികളുടെ പാര്‍ക്കിലേയ്ക്ക് പോയി. കുട്ടികള്‍ നാലും മുന്‍പേ പാഞ്ഞുപോയി. ഞാനെത്തുമ്പോള്‍ അവര്‍, അവിടെയുള്ള പിരമിഡ് രൂപത്തിലുള്ള വലിയൊരു മേല്‍ക്കൂരയുടെ ഉച്ചിയില്‍ ഇരിയ്ക്കുകയാണ്. എങ്ങനെ വലിഞ്ഞുകയറിയോ ആവോ ! പാര്‍ക്കില്‍ കുട്ടികള്‍ക്കുല്ലസിയ്ക്കാന്‍ ഇഷ്ടം പോലെ സംഗതികള്‍ ഉണ്ട്. എല്ലാത്തിനും പ്രത്യേകം കാശുകൊടുക്കണമെന്നു മാത്രം. ഒന്നുരണ്ടെണ്ണത്തില്‍ അവര്‍ കയറി.














ശംഖുമുഖത്തു വന്നാല്‍ ജലകന്യകയെ കാണാതെ പോകുകയോ..? ഞങ്ങള്‍ അവളുടെ അടുത്തേയ്ക്കു നടന്നു.  പാര്‍ക്കില്‍ നിന്നും പുറത്തിറങ്ങി നടക്കണം അവളെ കാണാന്‍. ചെറിയൊരു തിട്ട കടന്നു ചെന്നപ്പോള്‍ കണ്ടു, ആകാശം നോക്കി കിടക്കുന്ന ജലകന്യകയെ. എന്തൊരു സൌന്ദര്യം..! പ്രശസ്ത ശില്പി കാനായികുഞ്ഞിരാമന്റെ സൃഷ്ടിയാണ് ഇവള്‍. തൂവെള്ള നിറത്തില്‍ നഗ്നയായി ഏതാണ്ട് 35 മീറ്റര്‍ നീളത്തില്‍ അവള്‍ ശയിയ്ക്കുന്നു. അതിന്റെ പരിസരമാകെ കുണ്ടും കുഴിയുമായി കിടക്കുന്നു. കരിഞ്ഞ പുല്ലുകളും. ഇതൊന്നു ഭംഗിയാക്കിയിടണമെന്ന് എന്തേ അധികാരികള്‍ക്ക് തോന്നുന്നില്ല? ചെറിയൊരു ഫീസ് മേടിച്ചിട്ടായാലും മനോഹരമാക്കിയിട്ടു കൂടെ? ഇക്കാര്യത്തില്‍ കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനെ കണ്ടു പഠിയ്ക്കണം. തുച്ഛമായ രണ്ടു രൂപ ടിക്കറ്റെടുത്താല്‍ അതിമനോഹരമായ ഉദ്യാനത്തിലിരുന്ന് കടല്‍കാഴ്ചകള്‍ ആസ്വദിയ്ക്കാം. കുട്ടികള്‍ക്കു കളിയ്ക്കാനും മുതിര്‍ന്നവര്‍ക്ക് വൃക്ഷഛായയില്‍ കടല്‍ കാറ്റേറ്റ് സൊറപറഞ്ഞിരിയ്ക്കാനും എല്ലാ സൌകര്യങ്ങളുമുണ്ട്. സര്‍വോപരി ചപ്പും ചവറും ഇല്ല.








ശംഖുമുഖത്ത് നേരം ഇരുണ്ടു തുടങ്ങി. സൂര്യന്‍ കടലില്‍ താണിരിയ്ക്കുന്നു. തിരമാലകള്‍ക്ക് വീര്യം കൂടി. കടല്‍കാറ്റില്‍ തണുപ്പ് അരിച്ചുകയറാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ വീട്ടിലേയ്ക്ക് തിരിച്ചു. ഇന്നത്തെ യാത്ര കഴിഞ്ഞിരിയ്ക്കുന്നു. നാളെ ഞങ്ങള്‍ പോകുന്നത് തെന്മലയിലേയ്ക്ക്.

(തുടരും)





Sunday, 17 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം. - 1

ജീവിതത്തിലെ മനോഹരവും അവിസ്മരണീയവുമായ ചില നിമിഷങ്ങള്‍ സമ്മാനിയ്ക്കുന്നതില്‍ യാത്രകള്‍ക്കുള്ള പങ്ക് അപാരമാണ്. പ്രവാസജീവിതത്തിന്റെ ഊഷരതയില്‍ നിന്നു താല്‍ക്കാലിക വിടുതല്‍ ലഭിയ്ക്കുന്ന അവധി ക്കാലത്ത് സകുടുംബം എങ്ങോട്ടെങ്കിലും പുറപ്പെട്ടു പോകുന്നത് എനിയ്ക്ക് വലിയ ഇഷ്ടം തരുന്നൊരു കാര്യമാണ്. ഇത്തവണ യാത്ര അനന്തപുരിയിലേയ്ക്കാകാം എന്നു തീരുമാനിച്ചുറപ്പിച്ചു. അതിനൊരു പ്രധാന കാരണം, ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നും എനിയ്ക്കു കിട്ടിയ സുന്ദരമായൊരു സൌഹൃദമാണ്. ഇത്തവണ നാട്ടിലെത്തുമ്പോള്‍ തിരുവന്തപുരം കാണാനെത്തണമെന്ന ആ സുഹൃത്തിന്റെ ക്ഷണം സസന്തോഷമാണു സ്വീകരിച്ചത്. യാത്രയെക്കുറിച്ചറിഞ്ഞപ്പോള്‍ മക്കള്‍ക്കും ഭാര്യയ്ക്കും വലിയ ആവേശം. മക്കള്‍ക്ക് സ്ഥലം കാണാനുള്ള ആവേശമെങ്കില്‍ ഭാര്യയ്ക്ക് അനന്തപത്മനാഭ സന്നിധിയിലൊന്നു തൊഴാന്‍ കിട്ടുന്ന അവസരമോര്‍ത്താണ് സന്തോഷം.

ട്രെയിന്‍ ടിക്കറ്റ് കിട്ടുക എന്ന കടമ്പകടക്കാന്‍ കുറച്ചു പണിപ്പെടേണ്ടി വന്നു. ഏതായാലും ഒരു സുഹൃത്ത് തത്കാല്‍ സ്കീം പ്രകാരം അഞ്ച് ടിക്കറ്റ് സംഘടിപ്പിച്ചു തന്നു. ഞങ്ങളോടൊപ്പം യാത്രയ്ക്കുള്ള എന്റെ അനന്തരവന്‍ കുട്ടിയ്ക്കാണ് അഞ്ചാമത്തെ ടിക്കറ്റ്. രാവിലെ ആറരയ്ക്ക് കണ്ണൂര്‍ നിന്നും പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസിലാണു ടിക്കറ്റ് കിട്ടിയത്. റെയില്‍‌വേസ്റ്റേഷനില്‍ നിന്നും അറുപത് കിലോമീറ്റര്‍ അകലെ, ആലക്കോടെന്ന മലയോരമേഖലയില്‍ താമസിയ്ക്കുന്ന ഞങ്ങള്‍ക്ക് ആ നേരത്ത് കണ്ണൂരെത്തണമെങ്കില്‍ വെളുപ്പിനെ നാലരയ്ക്കെങ്കിലും പുറപ്പെടണം. അത്ര വെളുപ്പിനെ ബസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഒരു ജീപ്പ് പറഞ്ഞുവെച്ചു.

യാത്രയ്ക്കുള്ള ത്രില്‍ നിമിത്തം മക്കളും ഞാനും രാത്രി ഒട്ടും തന്നെ ഉറങ്ങിയിട്ടില്ല. വെളുപ്പിനു മൂന്നുമണിയ്ക്കു തന്നെ തട്ടിക്കുടഞ്ഞെഴുനേറ്റ് കുളിയും ചായകുടിയും കഴിച്ചു. സാധനങ്ങള്‍ (തുണികളാണേ) നിറച്ച രണ്ടു ട്രോളിപ്പെട്ടികളുമായി ഞങ്ങള്‍ അടുത്തുതന്നെയുള്ള ജീപ്പുഡ്രൈവരുടെ വീട്ടിലെത്തി. ആശാന്‍ അപ്പോഴും ഉണര്‍ന്നിട്ടില്ല. അയാളെ വിളിച്ചെഴുനേല്‍പ്പിച്ച് റെഡിയാക്കി യാത്ര തുടങ്ങിയപ്പോള്‍ സമയം നാലേമുക്കാല്‍.
അഞ്ചരമണിയ്ക്ക് തളിപ്പറമ്പെത്തി. അവിടെ നിന്നു ഇഷ്ടം പോലെ ബസുണ്ടല്ലോ. ഒരു തട്ടുകടച്ചായയും കഴിച്ച് ഞങ്ങള്‍ കണ്ണൂരെത്തിയപ്പോള്‍ ആറുമണിയായതേയുള്ളു. അവിടെ വിസ്തരിച്ചൊരു പ്രാതല്‍. പിന്നെ ഓരോട്ടോറിക്ഷ പിടിച്ച് ആറരയ്ക്കു മുന്‍പു തന്നെ ഞങ്ങള്‍ കണ്ണൂര്‍ റെയില്‍‌വേ സ്റ്റേഷനിലെത്തി.

വണ്ടിയുടെ സമയവും കോച്ചിന്റെ പൊസിഷനുമൊക്കെ ഒന്നുകൂടെ ഉറപ്പിയ്ക്കാനായി ഡിസ്പ്‌‌ളേ ബോര്‍ഡില്‍ നോക്കിയ എന്റെ കണ്ണുതള്ളിച്ചുക്കൊണ്ട് ഒരു അറിയിപ്പ് സ്ക്രോള്‍ ചെയ്യുന്നു “നേത്രാവതി എക്സ്പ്രസ് എത്തുന്ന സമയം 8.45 AM "..! “അന്വേഷണം” എന്നെഴുതിയ കൌണ്ടറില്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ സമയം 9.00 AM. ഇനിയിപ്പോള്‍ എന്തുചെയ്യാനാണ്, പ്ലാറ്റ്ഫോറത്തില്‍ പോയിരുന്ന് നേരം കളയുക തന്നെ. ഞങ്ങള്‍ പെട്ടിയും തൂക്കി ബ്രിഡ്ജ് കയറി മൂന്നാം പ്ലാറ്റ്ഫോമില്‍ പോയി ആഘോഷമായി കുത്തിയിരുന്നു. മക്കളുടെ പിടിയും വലിയും തോണ്ടലുമൊക്കെ ശമിപ്പിച്ച വഴിയില്‍ ചിപ്സായും, ചോക്കലേറ്റായും, ഡ്രിംഗ്ഗ്സായും കാശു കുറെ പോയികിട്ടി. എന്തായാലും ഒന്‍പതുമണിയായപ്പോള്‍ പ്ലാറ്റ്ഫോം കുലുക്കി അലറിവിളിച്ച് നേത്രാവതിയെത്തി. പകല്‍ യാത്രയായതുകൊണ്ട്, ഉറക്കമൊന്നും ശരിയാവില്ല. എന്തായാലും ഉണ്ണിയും അനന്തരവന്‍ കുട്ടിയും കൂടി മുകളിലെ ബര്‍ത്തില്‍ കയറി കിടന്നു. ഞങ്ങള്‍ താഴെ ചാരിയിരുന്നു ഉറക്കം തൂങ്ങി.

കേരളത്തിലെ വിവിധ ദേശങ്ങളിലെ സവിശേഷകാഴ്ചകള്‍ ഞങ്ങളുടെ മുന്നില്‍ വന്നും പോയുമിരുന്നു. ഉച്ചയ്ക്കു റെയില്‍‌വേയുടെ ചോറുകിട്ടി. ഉള്ളകാര്യം പറഞ്ഞാല്‍ പുറത്തുകിട്ടുന്നതിനേക്കാള്‍ സ്വാദുള്ള ഭക്ഷണം. ഇടയ്ക്കിടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ടുമെന്റില്‍ തിരക്കു കൂടുന്നു. സര്‍ക്കാര്‍ ജോലിക്കാരും മറ്റുമാണ്. അതിനിടയില്‍ കൂടി യാചകന്മാരുടെ നുഴഞ്ഞുകയറ്റം. ഒന്നും കൊടുക്കാത്തവരെ രൂക്ഷമായി നോക്കാനും ചിലപ്പോള്‍ ആക്രോശിയ്ക്കാനും അവര്‍ മടിയ്ക്കുന്നില്ല. നോക്കണം, കാശുമുടക്കി യാത്രചെയ്യുന്നവരെയാണ് ഇക്കൂട്ടര്‍ അപമാനിയ്ക്കുന്നത്. ഇതൊന്നും നോക്കാനോ ചോദിയ്ക്കാനോ റെയില്‍‌വേയുടെ ഒരുദ്യോഗസ്ഥന്‍ പോലും ആ വഴി വന്നില്ല. ചുമ്മാതല്ല ഗോവിന്ദചാമിമാര്‍ വിഹരിയ്ക്കുന്നത്.

ഞങ്ങള്‍ തിരുവനന്തപുരം സെന്‍‌ട്രല്‍ സ്റ്റേഷനിലെത്തുമ്പോള്‍ രാത്രി എട്ടുമണിയായി. തിരക്കിനിടയിലൂടെ നൂഴ്ന്നിറങ്ങി പുറത്തെത്തിയപ്പോള്‍ ഞങ്ങളുടെ ആതിഥേയ, ഹേമ കാറുമായി കാത്തു നില്‍ക്കുന്നു. നഗരത്തില്‍ തന്നെ, വെള്ളയമ്പലത്താണ് ഹേമയുടെ വീട്. വീട്ടിലെത്തി കുളിച്ച് ഭക്ഷണമൊക്കെ കഴിച്ച് സുഖമായി ഉറങ്ങി.
രാവിലെ ഉണരുമ്പോള്‍ നല്ല മഴക്കോളുണ്ട്. ഹേമയുടെ ഭര്‍ത്താവും കുട്ടിയും ഞങ്ങളെ പരിചയപ്പെടാന്‍ കാത്തിരിയ്ക്കുന്നു. കഴിഞ്ഞ രാത്രി ഞങ്ങളെത്തുമ്പോള്‍ അവര്‍ ഒരു ക്ഷേത്ര ഉത്സവത്തില്‍ സംബന്ധിയ്ക്കാന്‍ പോയിരിയ്ക്കുകയായിരുന്നു. കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് ഞങ്ങള്‍ അന്നത്തെ യാത്രയെ പറ്റി പ്ലാന്‍ ചെയ്തു. ആദ്യ ലക്ഷ്യം ഏതെന്നതിനു സംശയമില്ലല്ലോ, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തന്നെ. തുടര്‍ന്ന് നെയ്യാര്‍ ഡാം, വൈകിട്ട് ശംഖുമുഖം ബീച്ച്. അങ്ങനെ ആദ്യത്തെ ഷെഡ്യൂള്‍ ആയി. യാത്രയില്‍ ഞങ്ങള്‍ക്കു വഴികാട്ടിയായി ഹേമയും കുട്ടിയും ഉണ്ടാകും. ഒരു പ്രമുഖ പത്രത്തിലെ റിപ്പോര്‍ട്ടറും മുന്‍ കോര്‍പറേഷന്‍ കൌണ്‍സിലറുമൊക്കെയായ പ്രേം കുമാറിന് (ഹേമയുടെ ഭര്‍ത്താവിനു) തിരക്കുകള്‍ കൊണ്ട് ഇന്ന് വരാനാവില്ല. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാവിലെ നേരം കഴിഞ്ഞാല്‍ ഉള്ളില്‍ ദര്‍ശനം നടത്തുക ബുദ്ധിമുട്ടാണ്. അതുകൊണ്ട് പ്രേം കുമാര്‍ ക്ഷേത്രത്തിലെ പൂജാരിയെ വിളിച്ച് ഞങ്ങള്‍ക്ക് അതിനുള്ള സൌകര്യമൊരുക്കി. ക്ഷേത്രത്തിലെത്തി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടു കാര്യം പറഞ്ഞാല്‍ മതിയെന്നും നിര്‍ദേശിച്ചു.  അദ്ദേഹം തന്നെ ഒരു വാഹനവും വിളിച്ച് ഏര്‍പ്പാടാക്കി തന്നു.

ഞങ്ങള്‍ ക്ഷേത്രാങ്കണത്തില്‍ എത്തുമ്പോള്‍ പത്തുമണി കഴിഞ്ഞു. അമ്പലത്തില്‍ കയറണമെങ്കില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. പുരുഷന്മാര്‍ മുണ്ട് മാത്രമേ ഉടുക്കാവൂ. ഷര്‍ട്ട് പാടില്ല. അംഗവസ്ത്രമാവാം. സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാനാവില്ല. എനിയ്ക്ക് ഒരു മുണ്ട് ഹേമയുടെ വീട്ടില്‍ നിന്നും കരുതിയിരുന്നു. അംഗവസ്ത്രമൊന്നുമില്ലാത്തതിനാല്‍ ഒരു വെള്ളതോര്‍ത്ത് സംഘടിപ്പിച്ചു. പെരുവഴിയില്‍ നിന്നു ജീന്‍സ് ഊരാന്‍ മടിയായതിനാല്‍ ചുരുട്ടികയറ്റി വെച്ചിട്ട് മുണ്ടുടുത്തു. സ്ത്രീകളും ചുരിദാറിനു പുറത്ത്  മുണ്ടുടുത്ത് പ്രശ്നം പരിഹരിച്ചു.

ക്ഷേത്രപരിസരത്തൊക്കെ വലിയ പോലീസ് കാവല്‍. ശ്രീ പത്മനാഭന്‍ പഴയ ആളല്ലല്ലോ, വിശ്വകോടീശ്വരരില്‍ ഒരാളല്ലേ. പടിഞ്ഞാറേ നടയിലുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുറിയില്‍ ചെന്നു.
“തിരുമേനി പറഞ്ഞിട്ടു വന്നതാണ്. തൊഴാന്‍ സൌകര്യം ചെയ്തു തരാമെന്നു പറഞ്ഞിരുന്നു..”
പ്രേം കുമാര്‍ പഠിപ്പിച്ച ഡയലോഗ് ഞാന്‍ കാച്ചി. ഉടനെ എന്നോട് ഇരിയ്ക്കാന്‍ പറഞ്ഞു, വലിയ ബഹുമാനം. അയാള്‍ അപ്പോള്‍ തന്നെ ഫോണെടുത്ത് ക്ഷേത്രത്തിലേയ്ക്കു വിളിച്ച് തൊഴാനുള്ള സൌകര്യമുണ്ടോ എന്നന്വേഷിച്ചു. പിന്നെ അടുത്തു നിന്ന ആളോടു പറഞ്ഞു “ഇവരു തിരുമേനിയ്ക്ക് വേണ്ടപ്പെട്ട ആള്‍ക്കാരാണ്, വേണ്ടതു ചെയ്തു കൊടുക്കു..!” ഞാനങ്ങു കോരിത്തരിച്ചു. സ്വന്തം നാട്ടിലെ ചെറിയ അമ്പലത്തില്‍ പോലും നമ്മളെ ആരും മൈന്‍ഡാക്കില്ല, ഇവിടെ ഇത്രേം വലിയ ക്ഷേത്രത്തില്‍ വി ഐ പി പരിഗണന ! എല്ലാം അനന്തപത്മനാഭന്റെ തിരുകൃപ..! അല്ലാതെന്താ..
“തിരുമേനിയുടെ ആരായിട്ടു വരും ?”
ഓഫീസറുടെ ചോദ്യം കേട്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ കൈയും തൊഴുത് വേഗം എഴുനേറ്റു. അതിനു മറുപടി കൊടുക്കാന്‍ പോയാല്‍ ചിലപ്പോള്‍ ഉള്ള കഞ്ഞിയില്‍ പാറ്റ വീണുകൂടായ്കയില്ലല്ലോ.

ക്ഷേത്രത്തിനുള്‍വശം മറ്റൊരു ലോകം തന്നെ..! ഫോട്ടോഗ്രാഫി നിഷിദ്ധമായതിനാല്‍ പറഞ്ഞുതരാന്‍ മാത്രമേ നിര്‍വാഹമുള്ളു.
ഏതാണ്ട് ആയിരം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. പാലാഴിയില്‍ അനന്തനെന്ന അഞ്ചുതലയുള്ള നാഗരാജാവിന്റെ മേല്‍ കിടക്കുന്ന വിഷ്ണുവാണ് ഇവിടുത്തെ ദേവന്‍. അദ്ദേഹത്തിന്റെ വലതു കൈ ഒരു ശിവലിംഗത്തിന്മേലാണ്. നാഭിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന താമരയില്‍ ബ്രഹ്മാവും കുടികൊള്ളുന്നു. ചുരുക്കത്തില്‍ സൃഷ്ടി, സ്ഥിതി സംഹാരമൂര്‍ത്തികള്‍ മൂന്നും സമ്മേളിയ്ക്കുന്നു. 1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, താന്‍ വെട്ടിപ്പിടിച്ച തിരുവിതാംകൂര്‍ രാജ്യം ഒന്നാകെ ശ്രീപത്മനാഭനു അടിയറ വയ്ക്കുകയുണ്ടായി. പിന്നീടുള്ള രാജാക്കന്മാരെല്ലാം ശ്രീ പത്മനാഭദാസന്മാരായാണു രാജ്യം ഭരിച്ചത്. ഈയടുത്ത കാലത്ത് ക്ഷേത്രത്തിലെ നിധി നിലവറകള്‍ സുപ്രീംകോടതി വിധിപ്രകാരം തിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ വിസ്മയങ്ങളുടെ വേലിയേറ്റമാണുണ്ടായത്. ഇന്നു ലോകത്തെ ഏറ്റവും സമ്പന്ന ക്ഷേത്രമാണിത്. നിധിയുടെ മൂല്യം ഏകദേശം 50,000 കോടിയോളം വരുമത്രെ.! പൌരാണിക മൂല്യം കൂടി കണക്കിലെടുക്കുമ്പോള്‍ വില കണക്കുകൂട്ടാന്‍ കഴിയില്ല.

ഞങ്ങളോടൊപ്പം വന്ന ജീവനക്കാരന്‍ ഞങ്ങളെ ശ്രീകോവില്‍ ചുറ്റമ്പലത്തിലേയ്ക്കു കയറ്റിവിട്ടിട്ട് തിരികെ പോയി. വലിയ തിരക്കില്ല. ഭക്തിപാരവശ്യത്തില്‍ മുങ്ങിയ കുറേപേര്‍ ഉച്ചത്തില്‍ ശ്രീപത്മനാഭനെ വിളിയ്ക്കുന്നു. ചിലര്‍ നിലത്തു സാഷ്ടാംഗം നമസ്കരിയ്ക്കുന്നു. കവിത വഴിഞ്ഞൊഴുകുന്ന കല്‍ശില്പങ്ങളാണെങ്ങും. വ്യാളീമുഖങ്ങള്‍ കൊത്തിയ അനേകം സ്തൂഭങ്ങള്‍. എല്ലാം ഒരേ പോലുള്ളവ. തറയില്‍ നിന്നും രണ്ടര അടി ഉയരത്തിലാണ് അനന്തപത്മനാഭന്‍ ശയിയ്ക്കുന്ന മണ്ഡപം. ദര്‍ശന സൌകര്യാര്‍ത്ഥം ആ മണ്ഡപം മുന്നോട്ടു തള്ളി നില്‍ക്കുന്നുണ്ട്.ഇതിന്റെ പേരാണ് “ഒറ്റക്കല്‍ മണ്ഡപം“. തിരുമലയില്‍ നിന്നും കൊണ്ടുവന്ന ഒരൊറ്റ കല്ലില്‍ കൊത്തിയെടുത്തതാണ് ഇത്. 20 നീളവും 20 വീതിയും 2.5 അടി ഉയരവുമുണ്ട്. നല്ല തിരക്ക്. ക്യൂപാലിച്ചു വേണം കയറാന്‍. മനസ്സ് മറ്റൊരു ലോകത്തെത്തിയ്ക്കും ശ്രീകോവില്‍. വിവിധയിനം ക്ഷേത്ര വിളക്കുകള്‍ പ്രഭ തൂകി നില്‍ക്കുന്നു അവിടെയെമ്പാടും. ഏതൊരാളും അത്ഭുതം കൊണ്ടു കണ്ണുമിഴിച്ചു പോകും. ക്യൂനിന്ന് ഞങ്ങള്‍ ഒറ്റക്കല്‍ മണ്ഡപത്തിലെത്തി. കൂടിയാല്‍ രണ്ടോമൂന്നോ സെക്കന്‍ഡ്, അപ്പോഴേയ്ക്കും നമ്മളെ പുറത്തേയ്ക്ക് ഉന്തിവിടും. എന്തായാലും ഒരു നോക്കു കണ്ടു. കുട്ടികളെ പൊക്കിയെടുത്തു കാണിയ്ക്കുകയും ചെയ്തു. ഭാര്യ തിരക്കിനിടയില്‍ പിന്നെയും പിന്നെയും നൂഴ്ന്ന് കുറെ നേരം തൊഴുതു. തറയും തൂണുകളും മേല്‍ക്കൂരയുമെല്ലാം കരിങ്കല്ല്. എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, രാജാക്കന്മാരുടെ പാദസ്പര്‍ശമേറ്റ തറയിലാണു ഞാന്‍ നില്‍ക്കുന്നതെന്നോര്‍ത്തപ്പോള്‍ രോമാഞ്ചമുണ്ടായി.

പിന്നെ ഞങ്ങള്‍ ശ്രീകോവിലിനു വെളിയിലെത്തി. പുറത്ത് തകര്‍പ്പന്‍ മഴ..! സമയം കളയാതെ ക്ഷേത്രമാകെ ചുറ്റി നടന്നു. നിധി നിലവറകള്‍ ഉള്ള ഭാഗത്തേയ്ക്ക് ഇപ്പോള്‍ പ്രവേശനമില്ല. ബാക്കിയെല്ലായിടവും കണ്ടു. 365 കരിങ്കല്‍ തൂണുകളിലാണ് ക്ഷേത്രം നില്‍ക്കുന്നത്. എല്ലാം ഒരേപോലുള്ളവ. കിഴക്കു വശത്തെ കരിങ്കല്‍ പാകിയ വിശാലമായ മണ്ഡപം നാടകശാല എന്നറിയപ്പെടുന്നു. അത്ഭുതജനകമായ ഒരു വാസ്തുശില്പം തന്നെ ഈ ക്ഷേത്രം. എത്ര കണ്ടാലും മതിവരില്ല. 

 വെളിയിലിറങ്ങി. കിഴക്കേ നട. അതിനു മുന്‍പിലായി അതി വിശാലമായ പത്മതീര്‍ത്ഥക്കുളം. മുന്‍പിലെ രാജവീഥിയില്‍ കൂടി നടന്നു. ഒരു വശത്ത് പാലസ് മ്യൂസിയം, കുതിരമാളിക, മേത്തന്‍ മണി അങ്ങനെ ചരിത്ര സ്മാരകങ്ങള്‍. മറു വശത്ത് പത്മതീര്‍ത്ഥം. അവിടെ നിന്ന് ക്ഷേത്ര ഗോപുരത്തിലേയ്ക്കു നോക്കി. ശില്പവിസ്മയവും പേറി അതങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു. AD 1566 ലാണു ഇതിന്റെ ശിലാസ്ഥാപനം നടന്നത്. നൂറടി ഉയരമുണ്ട് ഇതിന്. ഒന്‍പതു മകുടങ്ങളാണുള്ളത്. മഴവീണു നനഞ്ഞ രാജവീഥിയിലൂടെ ആളുകള്‍ വരുകയും പോകുകയും ചെയ്യുന്നു. വിദേശികളുമുണ്ട് സകുടുംബം ക്ഷേത്ര ദര്‍ശനത്തിന്. വീണ്ടും ഞങ്ങള്‍ പടിഞ്ഞാറേ നടയിലൂടെ വെളിയിലിറങ്ങി.

ലക്ഷ്യത്തിലേയ്ക്ക്
 

പുറം കാഴ്ചകളിലൂടെ

പത്മതീര്‍ത്ഥം



 


 
കുതിരമാളിക

മേത്തന്‍ മണി
കിഴക്കേ നട


ഇനി യാത്ര നെയ്യാര്‍ ഡാമിലേയ്ക്ക്.

(തുടരും)

Tuesday, 22 May 2012

കൊച്ചീ, നീ അതിസുന്ദരി.

മലബാര്‍ എക്സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തുമ്പോള്‍ സമയം വെളുപ്പിന് നാലര. ഉറക്കച്ചടവോടെ പെട്ടിതൂക്കിയും അല്ലാതെയും ജനം തിക്കിത്തിരക്കിയിറങ്ങി, ഒപ്പം  ഞാനും. വളരെ വേഗം പ്ലാറ്റ്ഫോം ശൂന്യമായി. സ്വന്തമായി കിടപ്പാടമില്ലാത്ത കുറച്ചു ഭാരത പൌരന്മാര്‍ മാത്രം ഇരുണ്ട കോണുകളില്‍ ഉടുമുണ്ട് പുതച്ചുറങ്ങുന്നു. വേറെ ചിലര്‍ കുത്തിയിരുന്ന് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിയ്ക്കുന്നുണ്ട്. ഞാന്‍ പുറം സഞ്ചിയും തൂക്കി ഒരു ചായ കുടിയ്ക്കാന്‍ വല്ല പാങ്ങുമുണ്ടോയെന്നു നോക്കി നടന്നു. അല്പം ചെന്നപ്പോള്‍ ഒരു വെജിറ്റേറിയന്‍ ടീസ്റ്റാള്‍ കണ്ടു. വായും മുഖവും കഴുകി വന്നപ്പോള്‍ ഹിന്ദിക്കാരന്‍ പയ്യന്‍ വന്നു ചോദിച്ചു:
“ക്യാ ചയ്യേ സാര്‍ ? “.
ഉള്ള കാര്യം പറയണമല്ലോ അവന്‍ കൊണ്ടു വന്ന ചായ ഒന്നാംതരമായിരുന്നു. ചായകുടിയൊക്കെ കഴിഞ്ഞിറങ്ങിയതോടെ ഒരു ടോയിലറ്റ് കം ബാത് റൂം കൂടി കണ്ടെത്തേണ്ടത് ആവശ്യമായി. അതും പരിസരത്തു തന്നെയുണ്ടായിരുന്നു. പതിനഞ്ചു രൂപാ മുടക്കില്‍ കുളിയടക്കം എല്ലാം കഴിഞ്ഞു വെളിയിലെത്തുമ്പോള്‍ നേരം നന്നായി വെളുത്തിട്ടുണ്ട്. വീണ്ടും സസ്യഭോജന ശാലയിലേയ്ക്ക്. വെള്ളയപ്പവും കറിയും ചായയും മോശമല്ലാത്ത രീതിയില്‍ അകത്താ‍ക്കി.

മരൈന്‍ ഡ്രൈവ്
എട്ടുമണിയോടടുത്ത് ഒരു ഓട്ടോയില്‍ നേരെ മറൈന്‍ ഡ്രൈവിലേയ്ക്കു വിട്ടു. ഞാന്‍ എറണാകുളത്തെത്തുമ്പോഴെല്ലാം സന്ദര്‍ശിയ്ക്കാറുള്ളതാണ് അവിടം. നാലു വര്‍ഷം മുന്‍പാണ് അവസാനമായി എത്തിയത്. അന്നത്തേക്കാള്‍ വളരെ മാറിയിരിയ്ക്കുന്നു. ടൈത്സിട്ട പാതകള്‍. പൂത്തു നില്‍ക്കുന്ന വാകമരങ്ങള്‍. അരികുപറ്റി കുഞ്ഞലകളിളക്കുന്ന കൊച്ചിക്കായല്‍, കായലോരം നിറയെ ബോട്ടുകളും. തിരക്ക് വളരെ കുറവ്, പ്രഭാതമായതല്ലേയുള്ളു. എങ്കിലും ചില യുവമിഥുനങ്ങള്‍ കൈകോര്‍ത്ത് അതിലെ നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിലെയെല്ലാം കുറേ നേരം നടന്നു. എല്ലാം കൊള്ളാം ഒന്നൊഴികെ. കായലോരത്തുനിന്നും ഉയരുന്ന ഗന്ധം അസഹ്യമാണ്. അക്കാര്യത്തില്‍ അധികാരികള്‍ ഒന്നു മനസ്സുവെച്ചിരുന്നെങ്കില്‍.

കായല്‍ കാഴ്ച
കുറേനേരം ഒരു ബഞ്ചിലിരുന്ന് കായല്‍ കാഴ്ചകള്‍ ആസ്വദിച്ചു. ദൂരെ മെല്ലെ കടന്നു പോകുന്ന ബോട്ടുകള്‍. അക്കരെ ബോള്‍ഗാട്ടി തുരുത്ത്. എന്റെ തൊട്ടു താഴെ ഒരു നീര്‍ക്കാക്ക ഏറെ നേരെമായി മുങ്ങാം കുഴിയിടുന്നുണ്ട്, പാവത്തിനു രാവിലത്തെ  വിശപ്പ് കലശലാണെന്നു തോന്നുന്നു.


പിന്നീട് പോയത് മട്ടാഞ്ചേരിയിലേയ്ക്കാണ്. അവിടുത്തെ പ്രധാന കാഴ്ച ജൂതത്തെരുവാണ്. പണ്ടിവിടെ യഹൂദര്‍ തിങ്ങിപ്പാര്‍ത്തിരുന്നു. അധികം പേരും ഇസ്രായേലിലേയ്ക്കു തിരികെ പോയി. അപൂര്‍വം പേര്‍ മാത്രമേ ഇപ്പോളിവിടെയുള്ളു. ജൂതത്തെരുവിലെ റോഡുകളെല്ലാം ഇടുങ്ങിയതെങ്കിലും മനോഹരം.
 
ജൂതത്തെരുവില്‍
 സുഗന്ധലേപനങ്ങളുടെ നറും ഗന്ധം അവിടെയെല്ലാം പരന്നു കിടന്നു. അതിനു കാരണമുണ്ട്. റോഡിനിരുവശവും കടകളാണ്. അവിടെ സുഗന്ധ വസ്തുക്കള്‍, പെര്‍ഫ്യൂമുകള്‍, കരകൌശല സാധനങ്ങള്‍, വിഗ്രഹങ്ങള്‍, മാലകള്‍, എന്നു വേണ്ട ഈ ലോകത്തുള്ള സകല കൌതുകവസ്തുക്കളും വില്‍പ്പനയ്ക്കായി വച്ചിരിയ്ക്കുന്നു. ഖത്തറിലെ ഹെരിട്ടേജ് വില്ലേജില്‍ കണ്ടതിനേക്കാള്‍ മനോഹരമാണ് ഈ തെരുക്കാഴ്ചകള്‍.

എന്നെപ്പോലെ ധാരാളം സഞ്ചാരികള്‍ വേറെയുമുണ്ടായിരുന്നു, പ്രത്യേകിച്ചും സായിപ്പന്മാരും മദാമ്മമാരും. തെരുവില്‍ കൂടി നടന്ന് ഞാന്‍ സിനഗോഗിനടുത്തെത്തി. ജൂതപ്പള്ളിയുടെ പേരാണ് സിനഗോഗ്. അഞ്ചുരൂപയുടെ ടിക്കറ്റെടുത്താല്‍ പള്ളിയും അതിനോടു ചേര്‍ന്നുള്ള മ്യൂസിയവും കാണാം. എന്നാല്‍ ഫോട്ടോഗ്രാഫി നിഷിദ്ധം. ക്യാമറ കൌണ്ടറില്‍ ഏല്പിച്ചാലേ പ്രവേശനമുള്ളു. യഹൂദരുടെ ഇന്ത്യയിലേയ്ക്കുള്ള ആഗമനവും മറ്റും വിവരിയ്ക്കുന്ന മ്യൂസിയം കാഴ്ചകള്‍ക്കു ശേഷം ഞാന്‍ സിനഗോഗില്‍ കയറി. ഇടത്തരം മുറിയുടെ വലുപ്പം. പഴയ കുറച്ചു ബഞ്ചുകള്‍. മധ്യത്തില്‍ അള്‍ത്താര പോലൊരു സ്ഥലം. അത് ഒരു കണ്ണാടി ദീപക്കൂടുകൊണ്ട് മനോഹരമാക്കിയിരിയ്ക്കുന്നു. അല്പനേരത്തിനു ശേഷം ഞാന്‍ അവിടെ നിന്നിറങ്ങി. ഒരു കൂട്ടം യൂറോപ്യന്മാര്‍ അങ്ങോട്ടു കയറി. അപ്പോള്‍ മദാമ്മയെ പോലുള്ള ഒരു യുവതി നല്ല മലയാളം സംസാരിച്ചുകൊണ്ട് അവിടെ നിന്നും തെരുവിലേയ്ക്കിറങ്ങിപ്പോകുന്നതു കണ്ടു. ജൂതപ്പെണ്ണാവും.

തെരുവില്‍ കൂടി നടക്കുമ്പോള്‍ ഒരു വീട്ടുവാതില്‍ക്കല്‍ ഹീബ്രുവിലെഴുതിയ ഫലകം കണ്ടു. ഉള്ളില്‍ വെളുത്തവരായ യഹൂദര്‍ സംസാരിച്ചിരിയ്ക്കുന്നു. അല്പം കൂടി നടന്നപ്പോള്‍ ജൂതരുടെ സിമിത്തേരി കണ്ടു. പുല്ലുമൂടിക്കിടക്കുന്ന അവിടെ കുറെ കല്ലറകള്‍. നടന്നു ക്ഷീണിച്ച ഞാന്‍ ജൂതതെരുവിലെ ഒരു റസ്റ്റാറന്റില്‍ കയറി. റസ്റ്റാറെന്റെന്നു പറഞ്ഞുകൂടാ, വലിയൊരു കരകൌശലക്കട. ഒപ്പം ചായയും കാപ്പിയുമൊക്കെ. ഒരു ചായയും കേക്കും കഴിച്ചു. ബില്ലു വന്നത് 75 രൂപ..!





സിനഗൊഗ്




ജൂതസെമിത്തേരി
ജൂത സെമിത്തേരി
ജൂതക്കല്ലറകള്‍


ജൂതതെരുവിനോടു ചേര്‍ന്നു തന്നെ കേരള പോലീസിന്റെ ഒരു മ്യൂസിയം ഉണ്ട്. അവിടെ പ്രവേശനം സൌജന്യമാണ്. പോലീസിന്റെ ചരിത്രവും പ്രാചീന ആയുധങ്ങളുടെ പ്രദര്‍ശനവുമൊക്കെ അവിടെയുണ്ട്. വളരെ വിജ്ഞാനദായകമാണ് ഈ മ്യൂസിയം.

പോലീസ് മ്യൂസിയം
അവിടെ നിന്നിറങ്ങിയാല്‍ അടുത്തായി കൊച്ചിരാജാക്കന്മാരുടെ ഒരു കൊട്ടാരമുണ്ട്. ടിക്കറ്റെടുത്ത് കയറിയാല്‍ കൊട്ടാരവും അവിടുത്തെ മ്യൂസിയവും കാണാം. കാണേണ്ടതു തന്നെയാണ്. അതിനോടു ചേര്‍ന്നുള്ള മനോഹരമായ കുളം അനാഥമായിക്കിടക്കുന്നതു കണ്ടാല്‍ സങ്കടം വരും. ഇതൊന്നും പുറം ലോകം അറിയാതിരിയ്ക്കാനാവും ഇവിടെയും പടം പിടുത്തം വിരോധം. എങ്കിലും കുളത്തിന്റെ ചിത്രം ഞാനെടുത്തു. കൊട്ടാരം ചെറുതെങ്കിലും അവിടെ ഒരുക്കിവെച്ചിരിയ്ക്കുന്ന വിജ്ഞാനശേഖരം അതി വിപുലം.


അടുത്തതായി പോയത് ഫോര്‍ട്ട്കൊച്ചിയിലേയ്ക്കാണ്. ചീനവലകളുടെ സ്വന്തം ഫോര്‍ട്ടുകൊച്ചി. ഉച്ചയായിട്ടും നല്ല തിരക്ക്. അപ്പോള്‍ ഒരു ചീനവല കായലില്‍ നിന്നുയരുന്നുണ്ട്. നാലഞ്ചുപേര്‍ തൂങ്ങിക്കിടന്നു വലിച്ചാണ് അതുയര്‍ത്തുന്നത്. വെള്ളത്തില്‍ നിന്നുയര്‍ന്ന വലയില്‍ പത്തിരുപതു മത്സ്യങ്ങള്‍ പിടയ്ക്കുന്നു. ഒരാള്‍ ഒരു കോരുവലയുമായി നീണ്ടമരക്കാലിന്റെ അറ്റത്തോളം ചെന്ന് അവയെ കോരിയെടുത്തു.
കായലോരത്തുകൂടി കുറേ നടന്നു. അപ്പോള്‍ പുറം കടലില്‍ നിന്നും ചരക്കു കപ്പല്‍ ഹാര്‍ബര്‍ ലക്ഷ്യമാക്കി പോകുന്നു. മനോഹരമാണ് ആ കാഴ്ചകള്‍ കണ്ടിരിയ്ക്കാന്‍.

ആവോളം കണ്ടിരുന്ന ശേഷം വെല്ലിംഗ്ടന്‍ ഐലണ്ടിലേയ്ക്കാണു പോയത്. പോകുന്ന വഴി ഒരു വെജിറ്റേറിയന്‍ ശാപ്പാടും കഴിച്ചു. ഐലണ്ട് ഏറെക്കുറെ വിജനവും ശാന്തവുമാണ്. വൈപ്പിനിലേയ്ക്കും എറണാകുളത്തേയ്ക്കുമുള്ള ബോട്ടുകള്‍ക്കായി ബോട്ടുജെട്ടിയുണ്ട്. പിന്നെ കായലോരത്തെ നടപ്പാതകള്‍. ഇടയ്ക്കിടെ കടന്നു പോകുന്ന ബോട്ടുകളും പിന്നെ വലിയ കപ്പലുകളും. അവയുടെ സൈറണ്‍ വിളി, ഡിനോസറിന്റെ അലര്‍ച്ച പോലെ തോന്നിച്ചു. കായല്‍ കാറ്റേറ്റ് കുറേ നേരം ഇരുന്നു.

ഫോര്‍ട്ട് കൊച്ചി





വെല്ലിംഗ്ടന്‍ ഐലണ്ട്




അടുത്ത യാത്ര വൈപ്പിനിലേയ്ക്ക്. നേരത്തെ ബോട്ടുമാത്രമായിരുന്നു ആശ്രയമെങ്കില്‍ ഇപ്പോള്‍ ഗോശ്രീ പാലവുമുണ്ട്. യാത്ര ഗോശ്രീ വഴിയാക്കി. വൈപ്പിനിലെത്തിയ എന്നെ സ്വാഗതം ചെയ്തത് നെറ്റിപ്പട്ടം കെട്ടിയ മൂന്നു ഗജവീരന്മാരാണ്..! പിന്നെയാണു കാര്യം മനസ്സിലായത്, അവിടെ ഒരുത്സവം നടക്കുന്നു. പിന്നാലെ രണ്ട് ആനകള്‍ കൂടി വന്നതോടെ മൊത്തം അഞ്ചാനകള്‍. റോഡിനിരുവശവും നല്ല ജനക്കൂട്ടം. മനോഹരമായ ആ കാഴ്ച എന്റെ ക്യാമറ ഒപ്പിയെടുത്തു.
ആനകളെ പിന്നിട്ട് ഞാന്‍ കായല്‍ തീരത്തേയ്ക്കു പോയി. അവിടെയും ചീനവലകള്‍. കായലോരത്തെ ഓടുപാകിയ നടപ്പാതയില്‍ സൊറ പറഞ്ഞിരിപ്പുണ്ട് കുറേ പേര്‍. സമയം സായന്തനത്തോടടുത്തു. കൊച്ചിക്കായലില്‍ സ്വര്‍ണം കലക്കിയൊഴിച്ച പോലെ.. അങ്ങകലെ നിരനിരയായി കപ്പലുകള്‍.. വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനല്‍ അകലെ കാണാം. കണ്ണിനെ കുളിരണിയിയ്ക്കുന്ന കാഴ്ചകള്‍.

വൈപ്പിന്‍






പിന്നെ ഞാന്‍ കൊച്ചിയിലെ തിരക്കിലേയ്ക്കു മുങ്ങി. തലങ്ങും വിലങ്ങും വാഹനങ്ങളും ജനങ്ങളും കൂടിക്കലര്‍ന്ന കൊളാഷ്. ഒരു ചായയും കടിയുമൊക്കെ കഴിച്ച് മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ നേരമിരുട്ടിയിരുന്നു.
വര്‍ണവിളക്കുകകളില്‍ തിളങ്ങി റെയിന്‍ബോ പാലം. അപ്പോഴാണ് പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ബോട്ട് കണ്ടത്. അന്‍പതു രൂപ മുടക്കിയാല്‍ ഒരു മണിക്കൂര്‍ നേരം കൊച്ചിക്കായലില്‍ സവാരി ചെയ്യാം. സന്തൊഷത്തോടെ ടിക്കറ്റെടുത്ത് ഞാനും കയറി. ബോട്ടിന്റെ മുകളില്‍ നിരത്തിയിട്ട കസേരയിലൊന്നില്‍ സ്ഥാനം പിടിച്ചു. ഏകദേശം ഇരുപത്തഞ്ചു പേരായപ്പോള്‍ ബോട്ട് മെല്ലെ കായലിലേയ്ക്കു നീങ്ങി. മനോഹരമാണ് കാഴ്ചകള്‍. കൊച്ചി ദീപങ്ങളാല്‍ തിളങ്ങുന്നു. കായലോളങ്ങളില്‍ വര്‍ണം വാരിവിതറിയപോലെ അവ പ്രതിഫലിച്ചു. കുളിര്‍ത്ത കായല്‍ കാറ്റ്. ഡക്കിലിരിയ്ക്കുന്ന ജീന്‍സിട്ട സുന്ദരി എന്തോ പാട്ടു പാടി. അവളാകെ ഹരത്തില്‍. ഫോര്‍ട്ട് കൊച്ചിയെയും വൈപ്പിനെയും ബോള്‍ഗാട്ടിയെയും ചുറ്റി ബോട്ട് തിരികെ മറൈന്‍ ഡ്രൈവിലെത്തി. ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല.






വൈകിട്ടത്തെ മാവേലി എക്സ്പ്രസില്‍ കണ്ണൂര്‍ക്ക് തിരിയ്ക്കുമ്പോള്‍ കഴിഞ്ഞ ഒരു പകലിലെ നഗരക്കാഴ്ചകള്‍ മനസ്സില്‍ വര്‍ണം പൊഴിയ്ക്കുന്നുണ്ടായിരുന്നു. കൊച്ചീ, നീ അതിസുന്ദരി.