പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday, 26 July 2012

“ആപേക്ഷികതാ സിദ്ധാന്ത“ത്തെ പറ്റി..

ഒരുമാതിരിപ്പെട്ട മനുഷ്യരുടെ തലച്ചോറിനു ഉള്‍ക്കൊള്ളാവുന്ന ഒന്നല്ല ഐന്‍സ്റ്റീന്റെ “ആപേക്ഷികതാ സിദ്ധാന്തം“ അഥവാ Theory of Relativity. എന്നെപ്പോലെ എട്ടാം ക്ലാസും ഗുസ്തിയും മാത്രം വിദ്യാഭ്യാസമുള്ളവരുടെ കാര്യം പറയുകയും വേണ്ട.
ഭൂമിയില്‍ ജനിച്ച് ജീവിച്ച് മരിയ്ക്കുന്ന നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊന്നും അറിയേണ്ട കാര്യമേ ഇല്ല. കണ്ണൂരു നിന്നും ആലക്കോടിനു നേരെ പോയാല്‍ 50 കിലോമീറ്റര്‍ എന്നു പറഞ്ഞാല്‍ എങ്ങനെ അളന്നാലും അമ്പതു കിലോമീറ്റര്‍ തന്നെ. മണിക്കൂറില്‍ 60 കിലോമീറ്റര്‍ സ്പീഡില്‍ എങ്ങും നിര്‍ത്താതെ പോയാല്‍ 50 മിനുട്ട് യാത്ര.
അതായത് 50KM/ (60km/hr) = 50 മിനുട്ട്. സംഗതി സിമ്പിള്‍.

എന്നാല്‍ ഭൂമിയില്‍ നിന്നു വെളിയില്‍ കടന്നു ശൂന്യാകാശത്തേയ്ക്കു പോയാല്‍ സംഗതിയെല്ലാം തെറ്റും. ഒരുദാഹരണം പറയാം. ഒരു റെയില്‍ പാളത്തിന്റെ സൈഡിലെ റോഡില്‍ നാലു കാറുകള്‍ ഓടുന്നു എന്നു കരുതുക. കാര്‍ (a)യുടെ വേഗത മിനുട്ടില്‍ 1 കിലോമീറ്റര്‍, (b) മിനുട്ടില്‍ 1.50 കിലോമീറ്റര്‍. (c)യുടെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. (d)യുടെ വേഗത മിനുട്ടില്‍ 2.50 കിലോമീറ്റര്‍. അപ്പോള്‍ ഒരു ട്രെയിന്‍ കാറുകള്‍ ഓടൂന്ന ദിശയിലേയ്ക്കു തന്നെ കടന്നു വരുന്നു. അതിന്റെ വേഗത മിനുട്ടില്‍ 2 കിലോമീറ്റര്‍. ട്രെയിനിന്റെ നീളം 1 കിലോമീറ്റര്‍. ഓരോ കാറിനെയും കടന്നു പോകാന്‍ ട്രെയിന്‍ എത്ര സമയം എടുക്കും? ഈ നാലുപേരും തമ്മില്‍ തമ്മില്‍ ഇതിനെ പറ്റി സംസാരിച്ചാല്‍ വലിയ തര്‍ക്കമാകും.
(a)യെ സംബന്ധിച്ച് വെറും അരമിനിട്ടുകൊണ്ട് ട്രെയിന്‍ കടന്നു പോകും. (b)യ്ക്ക്  മുക്കാല്‍ മിനിട്ടു വേണ്ടിവരും. (c)യെ സംബന്ധിച്ച് ട്രെയിന്‍ കടന്നു പോകുകയേ ഇല്ല. (d)യാകട്ടെ ട്രെയിനിനെ കാണുകപോലും ഇല്ല.

ഇതാണു പ്രപഞ്ചത്തെ സംബന്ധിച്ച് നമ്മുടെയും അവസ്ഥ. നമ്മള്‍ ചുറ്റിലും ആകാശത്തുമൊക്കെ കാണുന്നതു നമ്മളെ സംബന്ധിച്ചു മാത്രമുള്ള കാഴ്ചകളാണ്. അതല്ല യാഥാര്‍ത്ഥ്യം. പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും ചലിച്ചുകൊണ്ടിരിയ്ക്കുന്നു. അവയ്ക്കോരോന്നിനും മറ്റുള്ളവയുമായി വ്യത്യസ്തമായ ആപേക്ഷിക ബന്ധമാണുള്ളത്. നമ്മളും സദാ ചലിയ്ക്കുകയാണ്. അനന്തമായ പ്രപഞ്ചത്തില്‍ സ്ഥിരവേഗമുള്ളത് എന്ന അര്‍ത്ഥത്തില്‍ പ്രകാശത്തെയാണ് ആശ്രയിയ്ക്കാവുന്നത്. ഒരു സെക്കന്‍ഡില്‍ ഏകദേശം 3,00,000 കിലോമീറ്റര്‍. സൂര്യനില്‍ നിന്നും പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ 8 മിനുട്ടെടുക്കും. അതായത് നമ്മള്‍ കാണുന്നത് 8 മിനുട്ട് പഴക്കമുള്ള പ്രകാശത്തെയാണ്. നക്ഷത്രങ്ങളെ സംബന്ധിച്ച് വര്‍ഷങ്ങള്‍ പഴക്കമുള്ളവയെ ആണു നാം കാണുന്നത്.  ആ പ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോള്‍ നമ്മളുടെയും  സൂര്യന്റെയും (നക്ഷത്രത്തിന്റെയും)  സ്ഥാനം യഥാര്‍ത്ഥത്തില്‍ മറ്റൊരിടത്താണ്..!

ഒരു ബലൂണ്‍ വീര്‍ക്കുന്നതു സങ്കല്‍പ്പിയ്ക്കുക. അനുനിമിഷം അതു വലുതായി വരും. അതുപോലെയാണ് സ്പേസിലെ ഒരു ബിന്ദുവില്‍ നിന്നു പ്രകാശം പ്രസരിയ്ക്കുന്നത്. അനുനിമിഷം ആ പ്രസരണ “ഗോളം” വലുതാകും. ഒരു സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വച്ച് വ്യാസാര്‍ദ്ധം (Radius) കൂടി വരും. ആ ബിന്ദു പ്രപഞ്ചത്തില്‍ ചലിയ്ക്കുന്നതിനാല്‍ അതിന്റെ സ്ഥാനവും മുന്നോട്ടു നീങ്ങിക്കൊണ്ടേയിരിയ്ക്കും. ഇതിനെ ഒരു ഗ്രാഫ് രൂപത്തിലാക്കിയതു കാണുക.

അനുനിമിഷം വലുതായിവരുന്ന വൃത്തം സൂചിപ്പിയ്ക്കുന്നത് സ്പേസി(Space)ലുള്ള പ്രകാശത്തിന്റെ സഞ്ചാരമാണ്. ഇതു നീളം, വീതി, ഉയരം (3D) ഇവയിലെല്ലാം ഒരു പോലെയാണല്ലോ. സമയം കൂടും തോറും വലുതാകുന്ന വൃത്തങ്ങളെ അടുക്കിവെച്ചാല്‍ ഒരു സ്തൂപിക(Cone)യുടെ രൂപം കിട്ടും. ഈ സ്തൂപികയുടെ നീളം അഥവാ ഉയരമാണു സമയം (Time). അപ്പോള്‍ ഗ്രാഫ് 4D ആയി മാറി. അതായത് പ്രപഞ്ചത്തെ നിര്‍വചിയ്ക്കുന്നത് 3D യിലല്ല, 4Dയിലാണ്. ഇതാണു സ്ഥലകാലം (SpaceTime)

നമ്മളിപ്പോള്‍ കാണുന്ന കാഴ്ച ഒരു ഫോട്ടെയെടുത്താല്‍ കിട്ടുന്നൊരു ഫ്രെയിമാണ്. അതിന്റെ അളവുകളും ബന്ധങ്ങളും നമ്മളെവിടെ നില്‍ക്കുന്നോ ആ സ്ഥലകാലത്തേ ബാധകമാവൂ. മറ്റൊരിടത്ത് മറ്റൊരു ഫ്രെയിമില്‍ (സ്ഥലകാലത്ത്) മറ്റൊരു അളവായിരിയ്ക്കും. ഇങ്ങനെയുള്ള അനന്തമായ ഫ്രെയിമുകളാണ് പ്രപഞ്ചം. അവയിലോരോന്നിലെയും സ്ഥലകാലബന്ധങ്ങള്‍ ആപേക്ഷികമായിരിയ്ക്കും. (കാര്‍-ട്രെയിന്‍ ഓര്‍ക്കുക) ഇതാണു ആപേക്ഷികതയുടെ രത്നച്ചുരുക്കം. അതുകൊണ്ട് നിങ്ങള്‍ കാണുന്നതെല്ലാം നിത്യസത്യമാണെന്നൊന്നും വിചരിയ്ക്കരുത് കേട്ടോ. ഒന്നും സത്യമല്ല, കേവലം ആപേക്ഷികം മാത്രം. വല്ലതും മനസ്സിലായോ? ഇല്ലേ..? എനിയ്ക്കും ഒന്നും മനസ്സിലായിട്ടില്ല....

Tuesday, 24 July 2012

ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍ (നോവല്‍)

സ്വന്തം ജീവിതത്തെ ധീരതയുടെയും ത്യാഗത്തിന്റെയും ഇതിഹാസമാക്കി മാറ്റിയ ഒരു കൂട്ടം പൂര്‍വപിതാക്കള്‍. ഇന്നിന്റെ പ്രായോഗിക രാഷ്ട്രീയത്തോടു സന്ധിചെയ്യാന്‍ വിസമ്മതിയ്ക്കുന്ന ഒരു സഖാവ് അവരുടെ ജീവിതത്തിലൂടെ നടത്തുന്ന മായാസഞ്ചാരമാണീ നോവല്‍. കണ്ണൂരിന്റെ മണ്ണില്‍ 1940-50 കാലഘട്ടത്തില്‍ നടന്ന പോരാട്ടങ്ങളുടെ ചോരപൊടിയുന്ന ആവിഷ്കാരം. സ്വന്തം രക്തം ഒരു ജനതയുടെ മോചനത്തിനായി സമര്‍പ്പിച്ച അനേകം ധീര രക്തസാക്ഷികള്‍ക്കായി ഈ പുസ്തകം സമര്‍പ്പിച്ചു കൊള്ളുന്നു..
കേരളത്തിലെ ചുവന്ന മണ്ണാണു കണ്ണൂര്‍. കാലമേറെ കഴിഞ്ഞിട്ടും, സംസ്കാരവും മൂല്യങ്ങളും ഏറെ മാറിയിട്ടും, കണ്ണൂരിന്റെ ചുവപ്പിനു നരപറ്റാത്തതിനു കാരണം ഈ മണ്ണിലൊഴുകിപ്പരന്ന,അനേകം ധീരരുടെ ചോരച്ചാലുകളാണ്. 1935 ജൂലൈ 13 നു കണ്ണൂരിലെ കൊളച്ചേരി എന്ന സ്ഥലത്ത് മുപ്പതോളം പേര്‍ ചേര്‍ന്നു കൊളുത്തിയ ദീപശിഖയാണ് പിന്നീട് “കര്‍ഷകസംഘം“ എന്ന പേരില്‍ മലബാറിനെയാകെ പിടിച്ചു കുലുക്കിയ കാട്ടുതീയായി പടര്‍ന്നത്. 1939 ല്‍ കണ്ണൂരിലെ പിണറായി പാറപ്രത്ത് കമ്യൂണിസ്റ്റു പാര്‍ടിയുടെ കേരള ഘടകം രൂപീകൃതമായി.  എന്നിട്ടും കോണ്‍ഗ്രസിന്റെയും കര്‍ഷകസംഘത്തിന്റെയും ലേബലിലാണ് അന്ന് പാര്‍ടി പ്രവര്‍ത്തിച്ചത്. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ 1940 സെപ്തംബര്‍-15 നു മൊറാഴയില്‍ ചേര്‍ന്ന മര്‍ദ്ദനപ്രതിഷേധ യോഗത്തോടെയാണ് കമ്യൂണിസ്റ്റുപാര്‍ടി പരസ്യമായി രംഗത്തു വന്നത്. അന്നു നടന്ന ഏറ്റുമുട്ടലില്‍ വളപട്ടണം പോലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോനും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. പിന്നീട് നരനായാട്ടിന്റെയും മര്‍ദ്ദനങ്ങളുടെയും നാളുകള്‍. എന്നിട്ടും വിപ്ലവവീര്യം ചോരാതെ സഖാക്കള്‍ പിടിച്ചു നിന്നു. സഖാവ് കൃഷ്ണപിള്ളയും, കെ.പി.ആറും, നായനാരും നേതൃത്വം നല്‍കി. 
കാവുമ്പായി രക്തസാക്ഷി മണ്ഡപം.
മലബാറിലെ ജന്മിമാരില്‍ ക്രൂരത കൊണ്ടും പ്രതാപം കൊണ്ടും കുപ്രസിദ്ധരായിരുന്നു ഇരിക്കൂര്‍ ഫര്‍ക്കയിലെ കരക്കാട്ടിടം നായനാരും കല്യാട്ട് യെശമാനനും. ഇവരുടെ കൊടുംക്രൂരതകള്‍ക്കെതിരെ കര്‍ഷകസംഘവും കമ്യൂണിസ്റ്റു പാര്‍ടിയും ഐതിഹാസികമായ പോരാട്ടമാണു നടത്തിയത്. അതായിരുന്നു കാവുമ്പായി കലാപം. പോലീസും പാര്‍ടിയും നേര്‍ക്കുനേര്‍ ആയുധമേന്തി നടത്തിയ ഏറ്റുമുട്ടല്‍. എന്നാല്‍ മെഷീന്‍ ഗണ്ണുകള്‍ക്കു മുന്‍പില്‍ നാടന്‍ തോക്കും വാരിക്കുന്തവും പരാജയപ്പെട്ടു. അഞ്ചു രക്തസാക്ഷികള്‍. പിന്നെയും നരനായാട്ടും ഗുണ്ടാവിളയാട്ടവും അടിച്ചമര്‍ത്തലും. കമ്യൂണിസ്റ്റുകാരനെന്നു പറഞ്ഞാല്‍ അടിയും തലയില്‍ മോസ്കോ റോഡും. എന്നാല്‍ സഖാക്കള്‍ പിന്തിരിഞ്ഞില്ല. ഒളിവിലിരുന്ന് ശക്തമായി പ്രതിരോധിച്ചു. പോലീസിന്റെ സകല പിന്തുണയുണ്ടായിട്ടും ജന്മിയുടെ ഗുണ്ടാത്തലവന്‍ കൊല്ലപ്പെട്ടു.
അടിച്ചമര്‍ത്തലുകള്‍ക്ക് തിരിച്ചടി കിട്ടിയപ്പോള്‍ പോലീസും കോണ്‍ഗ്രസ് ഭരണാധികാരികളും ചേര്‍ന്ന് നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ പരിപാടിയിട്ടു. അങ്ങനെയാണ് മൂന്നു കമ്യൂണിസ്റ്റുകാരെ പിടികൂടി പാടിക്കുന്നില്‍ വെടിവെച്ചു കൊന്നത്. അതിനുമെത്രയോ കാലങ്ങള്‍ക്കു ശേഷമാണു വയനാട്ടില്‍ സഖാവ് വര്‍ഗീസ് അതേ രീതിയില്‍ കൊല്ലപ്പെട്ടത്.
പാടിക്കുന്ന് രക്തസാക്ഷി മണ്ഡപം.
ഈ കാലഘട്ടത്തിലെ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കരുത്തനായ ഒരു സഖാവുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ വാസമനുഷ്ടിച്ച കമ്യൂണിസ്റ്റ്. പാടിപ്പതിഞ്ഞ കഥകളിലൊന്നും അദ്ദേഹത്തെ കാണാനില്ല. മൊറാഴയില്‍ ഇന്‍സ്പെക്ടറെ ആദ്യം നേരിട്ടത് കേവലം 22 വയസ്സുണ്ടായിരുന്ന അദ്ദേഹമാണ്. സഖാവ് കെ.പി.ആറിന്റെ വലംകൈ, വളണ്ടിയര്‍ ക്യാപ്റ്റന്‍. സഖാവ് അറാക്കല്‍ കുഞ്ഞിരാമന്‍. ചിറയ്ക്കല്‍ താലൂക്കില്‍ വളണ്ടിയര്‍ സൈന്യത്തെ വളര്‍ത്താന്‍ അദ്ദേഹം ഓടി നടന്നു. കാവുമ്പായി കലാപകാലത്തും പിന്നണിയില്‍ അദ്ദേഹമുണ്ടായിരുന്നു. അടിഅയ്ക്ക് തിരിച്ചടി. പോലീസും ഗുണ്ടകളും ഒരേ പോലെ ആ പേരിനെ ഭയപ്പെട്ടു. അറാക്കലിനെ കൊന്നുകളയാനാണു പാടിക്കുന്ന് വെടിവെപ്പ്  ആസൂത്രണം ചെയ്തതെങ്കിലും  പിടികിട്ടാത്തതിനാല്‍ രക്ഷപെട്ടു. ഈ ഉജ്വല പോരാട്ടങ്ങള്‍ക്കിടയില്‍ ജീവിതത്തില്‍ ഒട്ടേറെ തിരിച്ചടികള്‍ നേരിടേണ്ടി വന്നു അദ്ദേഹത്തിന്.

കാവുമ്പായി കലാപത്തിന്റെ നേതാക്കളില്‍ ഒരാള്‍ സഖാവ് തളിയന്‍ രാമന്‍ നമ്പ്യാരായിരുന്നു.
കാവുമ്പായിക്കുന്നില്‍ പോലീസുമായി ഏറ്റുമുട്ടിയ പാര്‍ടി വളണ്ടിയര്‍മാരെ നയിച്ചത് അദ്ദേഹം.
പിടിയിലായ ആ സഖാവ് പിന്നീട് സേലം ജയിലില്‍ വെടിയേറ്റു മരിച്ചു. പാടിക്കുന്നില്‍ വെടിയേറ്റുമരിച്ച മൂന്നുപേരിലൊരാള്‍, സഖാവ് രൈരു നമ്പ്യാര്‍ അറാക്കലിന്റെ ബന്ധുവായിരുന്നു. പാര്‍ടിയെ അടിച്ചമര്‍ത്തിയ അക്കാലത്ത് പോലീസിനെ വെല്ലുവിളിച്ച് പാര്‍ടിപ്രകടനം നടത്തി ഞെട്ടിച്ച ധീരന്‍.
പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണൂരിന്റെ വിപ്ലവ കഥകള്‍.

ജീവിതം ആഘോഷമായ ഈ ഡിജിറ്റല്‍ കാലത്തെ ഒരു സഖാവ്, ആ പഴയകാലത്തിലേയ്ക്കു നടത്തുന്ന യാത്രയില്‍ കാണുന്ന ചോരയിറ്റുന്ന പോരാട്ടങ്ങളാണ്, “ഒരു സഖാവിന്റെ വിപ്ലവാന്വേഷണങ്ങള്‍” എന്ന നോവലില്‍ വരച്ചു ചേര്‍ത്തിരിയ്ക്കുന്നത്. മുകളില്‍ സൂചിപ്പിച്ച മൂന്നു സഖാക്കളെയും ഈ യാത്രയില്‍ നിങ്ങള്‍ കണ്ടുമുട്ടും. വായനയ്ക്കൊടുവില്‍ നിങ്ങളുടെ മനസ്സില്‍ “ഇങ്ക്വിലാബ് സിന്ദാബാദ്” എന്നൊരു മുദ്രാവാക്യം തിക്കിതള്ളി വരുന്നുവെങ്കില്‍ എഴുത്തുകാരന്‍ കൃതാര്‍ത്ഥനായി.
സൈകതം ബുക്സ് പ്രസിദ്ധീകരിയ്ക്കുന്ന ഈ നോവല്‍ ഓഗസ്റ്റ് ആദ്യം ബുക്ക് സ്റ്റാളുകളില്‍ ലഭ്യമാകും.

Sunday, 24 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 4

തെന്മല, അരുവിക്കര. (തുടര്‍ച്ച).

കൊണോപ്പി ചെന്നവസാനിച്ചത് ഒരു മണ്‍പാതയില്‍. ചുറ്റും തിങ്ങിനിറഞ്ഞ വനഭംഗി. ഇരുട്ടിനു പോലും പച്ചനിറം. കുളിരിറ്റുന്ന ചെറുകാറ്റ്. മരങ്ങളില്‍ അവിടവിടെയായി കുരങ്ങുകളുടെ സംഘങ്ങള്‍ ഓടുകയും ചാടുകയും ചെയ്യുന്നുണ്ട്. അവിടെ ഇരിയ്ക്കാന്‍ ചെറുബഞ്ചുകളുണ്ട്. അല്പനേരം ആ കുളിര്‍മ്മയില്‍ ചീവീടുകള്‍ക്ക് ചെവിയോര്‍ത്തിരുന്നു. പിന്നെ നടന്നു.

 



താഴേയ്ക്ക് ചെന്നാല്‍ കുളമുണ്ട്, മറ്റു സാഹസികവിനോദങ്ങളുമുണ്ട്. കല്ലിങ്കൂട്ടത്തിനിടയിലെ ഒറ്റയടിപ്പാതയിലൂടെ ഞങ്ങള്‍ താഴേയ്ക്കിറങ്ങി. അവിടെ ചെന്നപ്പോള്‍ വിനോദ സഞ്ചാരികളുടെ തിരക്ക്. അധികം ഉത്തരേന്ത്യന്‍ സഞ്ചാരികളാണെന്നു തോന്നുന്നു. കുട്ടികള്‍ ഉത്സാഹത്തോടെ അതിലെയെല്ലാം ഓട്ടവും ചാട്ടവും. സാഹസിക വിനോദങ്ങളില്‍ കയറേണി കൊണ്ടുള്ള "പാലം കടക്കല്‍" കൊള്ളാം. മാതാപിതാക്കള്‍ നിര്‍ബന്ധിച്ചിട്ടും പലകുട്ടികളും അതില്‍ കയറാന്‍ മടികാണിച്ചു നില്ക്കുന്നു. നഗരത്തിലും ഫ്ലാറ്റുകളിലും വളര്‍ന്ന അവര്‍ക്ക് ഇതില്‍ കയറാനുള്ള ധൈര്യം പോരാ. ആലക്കോട്ടെ മലഞ്ചെരുവുകളില്‍ ഓടിയും ചാടിയും വളര്‍ന്ന എന്റെ മക്കളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല. ഉണ്ണിയും അനന്തിരവന്‍ കുട്ടിയും വളരെ നിസ്സാരമായി കയറേണി കടന്നുപോകുന്നത് മറ്റുകുട്ടികള്‍ നോക്കി നിന്നു. എന്നാല്‍ ശരിയായ സാഹസിക സഞ്ചാരം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളു. കുളത്തിനു കുറുകെ ഒരു ഇരുമ്പുവടം കെട്ടിയിട്ടുണ്ട്. അരയില്‍ ബന്ധിച്ച ഒരു കൊളുത്ത് വടത്തില്‍ ഘടിപ്പിച്ച ശേഷം കൈകള്‍ കൊണ്ട് വടത്തില്‍ പിടിച്ചു പിടിച്ച് അക്കരെ പോയി തിരികെ വരണം. കൈകള്‍ കുഴഞ്ഞു പോകുന്നവരെ വലിച്ച് കരയിലെത്തിക്കാന്‍ മറ്റൊരു കയറും ഉണ്ട്. ധാരാളം പേര്‍ ഇതില്‍ സാഹസികത പരീക്ഷിയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. മിക്കവാറും എല്ലാവരും കുളത്തിനു മധ്യേ എത്തുമ്പോള്‍ തളര്‍ന്നവശരാകുകയാണ്. പിന്നെ അവരെ  വലിച്ച് കയറ്റുന്നു. ഉണ്ണിയ്ക്ക് അതില്‍ കയറാന്‍ നിര്‍ബന്ധം. ഞാന്‍ തടഞ്ഞില്ലെങ്കിലും അവന്‍ കുളം കടക്കുമോ എന്ന് എനിയ്ക്ക് സംശയമുണ്ടായിരുന്നു. എന്തായാലും അരയില്‍ കൊളുത്തിട്ട് അവന്‍ വടത്തില്‍ തൂങ്ങി. പിന്നെ നടന്നത് എന്നെയും മറ്റു കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു. കേവലം അരമിനിട്ടിനുള്ളില്‍ അക്കരെ പോയി അതേ സ്പീഡില്‍ തിരിച്ചെത്താന്‍ അവനു കഴിഞ്ഞു. കണ്ടു നിന്നവര്‍ എല്ലാം കൈയടിച്ച് അവനെ അഭിനന്ദിച്ചു. ചെറുപ്പത്തിലെ കരാട്ടെ പഠനവും ഫുട്ബോള്‍ കളിയുമാണ് അവന് ഇതു സാധ്യമാക്കിയത്. കുട്ടികളെ ഓടാനും ചാടാനും വിടാതെ വളര്‍ത്തുന്നവര്‍ ഓര്‍ക്കുക, അവരോടു ചെയ്യുന്ന വലിയ അനീതിയാണത്.











അടുത്തതായി പോയത് ഷൂട്ടിങ്ങ് റേഞ്ചിലേയ്ക്കാണ്. അഞ്ചുവെടിയ്ക്ക് 10 രൂപ. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഒരു പയ്യന്‍ ഷൂട്ട് ചെയ്യുന്നുണ്ട്. മിക്കവാറും എല്ലാ വെടിയും അവന്‍ ബോര്‍ഡില്‍ കൊള്ളിച്ചു. ഒരെണ്ണം കൃത്യം സെന്റര്‍ പോയിന്റില്‍ തന്നെ കൊള്ളിയ്ക്കുകയും ചെയ്തു. അടുത്ത ഊഴം ഉണ്ണിയായിരുന്നു. അഞ്ചുവെടിയും ബോര്‍ഡിനു മുകളില്‍ കൂടി അന്തരീക്ഷത്തില്‍ പറന്നു പോയി..! അതോടെ ആ പരിപാടി നിര്‍ത്തി. കുളത്തിലെ പെഡല്‍ ബോട്ടില്‍ കയറണമെന്നുണ്ടായിരുന്നെങ്കിലും വെള്ളത്തിന്റെ അവസ്ഥ കണ്ടപ്പോള്‍  അതുവേണ്ടായെന്നു വെച്ചു. ആ തടാകക്കരയിലൂടെ ഞങ്ങള്‍ കുറെ നടക്കുകയും ഇരിയ്ക്കുകയും ഒക്കെ ചെയ്തു. സമയം രണ്ടുമണി കഴിഞ്ഞിരിയ്ക്കുന്നു. എല്ലാവര്‍ക്കും നല്ല വിശപ്പ്. ഞങ്ങള്‍ മുകളിലേയ്ക്കു നടന്നു. പിന്നെ കൊണോപ്പിയില്‍ കൂടി താഴെയെത്തി. അവിടെ ഞങ്ങളുടെ ഡ്രൈവര്‍ ചേട്ടന്‍ വണ്ടിയുമായി തയ്യാര്‍.



അടുത്തുകണ്ട ഒരു കാന്റീനില്‍ ചെന്നപ്പോള്‍ അവിടെ ചോറില്ല. വണ്ടി മറ്റൊരു ഭാഗത്തെയ്ക്കു വിട്ടു. അവിടെ വനത്തിന്റെ അരികത്ത് ഒരു നാടന്‍ ഹോട്ടല്‍. ചോറു ലഭ്യം. ആറ്റുമീന്‍ വറുത്തതും, ചിക്കന്‍ പൊരിച്ചതും ഒക്കെ കൂട്ടി മോശമല്ലാത്ത ഊണ്‍. അപ്പോഴെയ്ക്കും മഴ തൂളാന്‍ തുടങ്ങി. വനപ്രദേശത്ത് പെയ്യുന്ന മഴയ്ക്ക് പ്രത്യേക താളമുണ്ട്. ഏതോ ആദിവാസിക്കൂട്ടങ്ങളുടെ അനുഷ്ഠാന നൃത്തത്തിന്റെ തമ്പേറടി പോലെ വന്യവും എന്നാല്‍ സുന്ദരവുമാണത്. മഴത്തൂളലില്‍ നനഞ്ഞ് ഞങ്ങള്‍ വണ്ടിയില്‍ കയറി. “ഡീയര്‍ പാര്‍ക്കി“ല്‍ ചെന്നെങ്കിലും മഴയുള്ളതിനാല്‍ കയറാന്‍ അനുമതി കിട്ടിയില്ല. അധികം നേരം കളയാതെ ഞങ്ങള്‍ തെന്മല വിട്ടു. അല്പനേരത്തിനകം മഴ മാറുകയും ചെയ്തു. കാര്‍ കുറച്ച് ഓടിയപ്പോള്‍ തെന്മല റിസര്‍വോയറിന്റെ ഒരു ഭാഗം കണ്ടു. വണ്ടി അങ്ങോട്ടു വിട്ടു. വിശാലമായ റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. എങ്കിലും കാഴ്ചയുടെ അപാര ഭംഗി.




യാത്ര തുടര്‍ന്നു. “സമയം മൂന്നര ആകുന്നതേയുള്ളു. അരുവിക്കര ഡാം കാണാനുള്ള സമയമുണ്ട്..” ഡ്രൈവര്‍ ചേട്ടന്‍ പറഞ്ഞു. “ശരി അങ്ങോട്ടു തന്നെ..” ഞങ്ങള്‍ അരുവിക്കരയിലേയ്ക്കു വണ്ടി തിരിച്ചു.
താരതമ്യേന ചെറിയ ഡാമാണ് അരുവിക്കരയിലേത്. ഇതും ജലസേചന ആവശ്യത്തിനുള്ളതാണ്. ഡാമിനോടു ചേര്‍ന്ന് ചെറിയൊരു പാര്‍ക്കുണ്ട്. വൈകുന്നേരങ്ങളില്‍ മാനസികോല്ലാസം ലഭിയ്ക്കാന്‍ ഏറെ സഹായകമാണിവിടം. കുട്ടികളും മുതിര്‍ന്നവരുമൊക്കെ ഏറെ നേരം അവിടെ ഉല്ലസിച്ചു. കനത്ത പാറക്കെട്ടുകളാണ് ഡാമിനു താഴെ. പാറക്കെട്ടിനോടു ചേര്‍ന്ന് ഒരു ക്ഷേത്രവുമുണ്ട്. ഞങ്ങളെത്തുമ്പോള്‍ അവിടെ സന്ധ്യാപൂജ നടക്കുകയാണ്. പാറക്കെട്ടില്‍ നല്ല വഴുക്കല്‍. ഇറങ്ങുന്നത് അപകടകരമാണെന്ന് മുന്നറിപ്പ് എഴുതിവച്ചിരിയ്ക്കുന്നു. എങ്കിലും സൂക്ഷ്മതയോടെ ഞങ്ങള്‍ അതിന്മേല്‍ അല്പനേരം ഇറങ്ങിയിരുന്നു.






സുന്ദരമായ ഒരു സന്ധ്യ കൂടി എത്തിച്ചേര്‍ന്നിരിയ്ക്കുന്നു. ദിവസം മുഴുവന്‍ നീണ്ട യാത്രയില്‍ എല്ലാവരും ക്ഷീണിതര്‍. അവിടെ കണ്ട ഒരു ടീഷോപ്പില്‍ നിന്നും ചായയും കടിയും ഐസ്ക്രീമുമൊക്കെ കഴിച്ച് തല്‍ക്കാലം ക്ഷീണമകറ്റി. അപ്പോഴേയ്ക്കും ഇരുട്ടു വീണിരുന്നു. ക്ഷേത്രത്തില്‍ മണിയടിയും ഭക്തരുടെ പ്രാര്‍ത്ഥനകളും, അതിനോടൊപ്പം ഡാമിലെ വെള്ളത്തിന്റെ കുത്തൊഴുക്കു പാട്ടും. മനസാകെ നിറഞ്ഞു. 



 രണ്ടാം ദിവസത്തെ യാത്രയ്ക്കു തിരശ്ശീലയിട്ടുകൊണ്ട് ഞങ്ങള്‍ വീടുലക്ഷ്യമാക്കി തിരിച്ചു.

(തുടരും)


Thursday, 21 June 2012

അനന്തപുരി വിശേഷങ്ങള്‍ - യാത്രാവിവരണം - 3

കുളത്തൂപ്പുഴ, തെന്മല, അരുവിക്കര.

തിരുവനന്തപുരത്തെ രണ്ടാമത്തെ ദിവസം. ഇന്നു വളരെ വിപുലമായ ഒരു ട്രിപ്പാണ് ഉദ്ദേശിയ്ക്കുന്നത്. പ്രധാനലക്ഷ്യം തെന്മല ഇക്കോ ടൂറിസം. ഞങ്ങളോടൊപ്പം വരാനായി പ്രേംകുമാര്‍ ഇന്നത്തേയ്ക്ക് അവധിയെടുത്തിരിയ്ക്കുകയാണ്. നല്ല തെളിഞ്ഞ കാലാവസ്ഥ. രാവിലെ തന്നെ പുറപ്പെട്ടാലേ എല്ലായിടവും നന്നായി കാണാനൊക്കൂ. അടുക്കളയില്‍ ഹേമയോടൊപ്പം എന്റെ സഹധര്‍മ്മിണിയും കൂടി. ഏഴുമണിയായപ്പോള്‍ ചൂട് ഇഡലിയും സാമ്പാറും ചായയും റെഡി. വയറുനിറയെ തട്ടി. ഏഴരയ്ക്ക് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. കുടിയ്ക്കാനുള്ള വെള്ളം, അത്യാവശ്യം ലഘുഭക്ഷണം എന്നിവയൊക്കെ ഹേമ ഒരു സഞ്ചിയിലാക്കി തൂക്കിയെടുത്തു.  ഇന്നോവ  റെഡിയായി റോഡില്‍ നില്‍ക്കുന്നു.

വണ്ടിയ്ക്കരുകിലേയ്ക്ക് നടക്കുമ്പോഴാണ് തൊട്ടടുത്ത ഫ്ലാറ്റിന്റെ മുന്‍പില്‍ നില്‍ക്കുന്ന ഒരു സുന്ദരി വൃക്ഷം ശ്രദ്ധയില്‍ പെട്ടത്. അക്ഷരാര്‍ത്ഥത്തില്‍ അടിമുടി പൂക്കള്‍ ചൂടിയ സുന്ദരി. “നാഗവൃക്ഷം” എന്നോ മറ്റോ ഒരു പേര് ഹേമ പറഞ്ഞു. ഈ മരത്തിനു പാമ്പുകളെ ആകര്‍ഷിയ്ക്കാന്‍ പ്രത്യേക കഴിവുണ്ടത്രേ. ആയതിനാല്‍ ഐശ്വര്യദായിനി. എന്തായാലും നമ്മുടെ കണ്ണുകള്‍ക്കൊരു വിരുന്നുതന്നെ ഈ വൃക്ഷം.
നാഗവൃക്ഷം
തെന്മല ലക്ഷ്യമാക്കി വാഹനം ഓടിത്തുടങ്ങി. നഗരം പിന്നിട്ടതോടെ നാട്ടിന്‍പുറ കാഴ്ചകള്‍. പാലോട് വഴി തിരുവനന്തപുരം - ചെങ്കോട്ട റോഡിലൂടെയാണു യാത്ര. കുറെയങ്ങെത്തിയതോടെ വനമേഖലയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഉദ്ദേശം ഒരുമണിക്കൂര്‍ യാത്ര കഴിഞ്ഞപ്പോള്‍ ചെറിയൊരു പുഴകണ്ടു, സമീപത്തായി ഒരു ബോര്‍ഡും.
“കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രം”. ശബരിമല തീര്‍ത്ഥാടനകാലത്ത് ഏറെ കേള്‍ക്കുന്ന ഒരു പേരാണല്ലോ കുളത്തൂപ്പുഴയിലെ ബാലശാസ്താവ്. ഇറങ്ങികാണുക തന്നെ.  തിരുവനന്തപുരത്തു നിന്നും 60 കിലോമീറ്റര്‍  അകലമുണ്ട് ഇങ്ങോട്ടേയ്ക്ക്. അമ്പലപരിസരത്ത് വാഹനം പാര്‍ക്കു ചെയ്തശേഷം ഞങ്ങളിറങ്ങി.  ഭക്തശിരോമണിയായ സഹധര്‍മ്മിണിയ്ക്കു വലിയ സന്തോഷം. നീണ്ടനേരത്തെ യാത്രയ്ക്കു ശേഷം കുറച്ചുനേരം മടുപ്പുമാറ്റാമല്ലോ എന്നോര്‍ത്തപ്പോള്‍ എനിയ്ക്കും സന്തോഷം. ഞങ്ങളെല്ലാവരും അമ്പലത്തിലേയ്ക്കു പോയി. അമ്പലപരിസരം ശൂന്യം. ഒന്നോ രണ്ടോ ജീവനക്കാര്‍ അതിലെ നടന്നു പോയി.

“ശബരിമല കാലത്ത് ഇവിടെ കാലുകുത്താന്‍പറ്റാത്തത്ര തിരക്കായിരിയ്ക്കും..” പ്രേം കുമാര്‍ പറഞ്ഞു. മലകയറാന്‍ പോകുന്നവരെല്ലാം ഇവിടെയിറങ്ങി തൊഴുതിട്ടേ പോകുകയുള്ളു. അമ്പലത്തിനുള്ളില്‍ ഒന്നു വലം വെച്ചു. അപ്പോള്‍ ഇടതുവശത്ത് ഒരു കാവു കണ്ടു. ഞങ്ങള്‍ അങ്ങോട്ടു നടന്നു. വള്ളിപ്പടര്‍പ്പുകള്‍ മേലാപ്പിട്ട ഹരിതകൂടാരം. എന്തൊരു കുളിര്‍മ്മ..! പ്രകൃതിയുടെ എയര്‍കണ്ടീഷനിങ്..! അവിടെ നിന്നിറങ്ങിയപ്പോള്‍ ചെറിയ ഒരു ദേവതാക്ഷേത്രമുണ്ട് മുന്‍പില്‍. അതിന്റെ ചുറ്റുപാടും കൊച്ചു കൊച്ചു തൊട്ടിലുകള്‍..! അതേ, കുട്ടികളില്ലാത്തവരുടെ വഴിപാടാണ്. അനപത്യതാദു:ഖത്തിന്റെ കണ്ണീര്‍ ആ ഓരോ തൊട്ടിലിനെയും നനച്ചിരുന്നു.

അമ്പലമതിലിനു വെളിയില്‍ വന്നപ്പോഴാണ് മറ്റൊരു ബോര്‍ഡ് കണ്ടത് ,“തിരുമക്കള്‍ക്കുള്ള മീനൂട്ട് വഴിപാട്”. “ഇവിടെ പുഴയില്‍ വമ്പന്മാരു മീനുകളുണ്ട്. ദേവന്റെ മക്കളായതു കൊണ്ട് ആരും പിടിയ്ക്കില്ല. അവര്‍ക്കു തീറ്റ കൊടുക്കുന്നത് ഇവിടുത്തെ വഴിപാടാണ്..” പ്രേംകുമാര്‍ വിശദീകരിച്ചു തന്നു. അപ്പോള്‍ മക്കള്‍ക്കവയെ കാണണമെന്നു നിര്‍ബന്ധമായി. അവിടെ രണ്ടു മാടക്കടകളുണ്ട്. ദേവസ്വം വകയാണത്രെ. ഞങ്ങള്‍ അവിടെ പോയി പറഞ്ഞു “എല്ലാവര്‍ക്കും ഓരോ മീനൂട്ട് വഴിപാട്..” കടയിലിരുന്ന പെണ്‍കുട്ടി ഓരോ പായ്ക്കറ്റ് “വഴിപാട്” തന്നിട്ട് പത്തുരൂപ വീതം മേടിച്ചു. സംഗതി വേറെയൊന്നുമല്ല, പച്ച നിലക്കടല (കപ്പലണ്ടി). ഞങ്ങള്‍ അതുമായി പുഴക്കടവിലേയ്ക്കു പോയി.

വീതികുറഞ്ഞ പുഴയിലെ വെള്ളം അല്പം കലങ്ങിയിട്ടുണ്ട്. ഇന്നലെയൊക്കെ നല്ല മഴയായിരുന്നല്ലോ.. “എവിടെ മീനുകള്‍..?” ഞാന്‍ ചോദിച്ചു.
“ഈ കടല ഒന്നിട്ടു നോക്കൂ..” പ്രേം കുമാര്‍ ചിരിച്ചു. ഞങ്ങള്‍ കടല വെള്ളത്തിലേയ്ക്കു വിതറി. പെട്ടെന്നതാ വെള്ളം ഇളക്കിമറിച്ച് കുറേ മീനുകള്‍. അവരുടെ മുതുകിലെ ചിറക് വെള്ളത്തിനു മേലെ കാണാം. നാലോ അഞ്ചോ കിലോയെങ്കിലും തൂക്കമുണ്ടാകുമെന്നു തോന്നുന്നു. “പണ്ടൊരിയ്ക്കല്‍ ഒരാള്‍ ഇവിടെ നിന്നും ഒരു മീനിനെ പിടിച്ചു കൊണ്ടുപോയി. വീട്ടിലെത്തിയിട്ട് അയാള്‍ക്ക് നില്‍ക്കാനും ഇരിയ്ക്കാനും പറ്റുന്നില്ല. ആകെ കുഴപ്പം. അപ്പോള്‍ ആരോ പറഞ്ഞു, ശാസ്താവിന്റെ തിരുമത്സ്യത്തെ പിടിച്ചതാണു കാരണമെന്ന്. അയാള്‍ ഓടി ക്ഷേത്രത്തില്‍ വന്നു മാപ്പിരന്നത്രേ. അന്നു മുതല്‍ ആരും ഈ പുഴയില്‍ നിന്നും മീനുകളെ പിടിയ്ക്കില്ല.“ പ്രേംകുമാര്‍ ആരാധനയുടെ ചരിത്രം പറഞ്ഞു.
തിരുമക്കളെ ആവോളം കണ്ടശേഷം ഞങ്ങള്‍ കടവ് കയറി.  അവിടെ ഒരു നാട്ടുമാവില്‍ നിന്നും മാങ്ങ പറിയ്ക്കുന്നുണ്ട്. നിലത്താകെ പച്ചമാങ്ങ. എല്ലാവര്‍ക്കും അതുകണ്ടപ്പോള്‍ നാവില്‍ വെള്ളമൂറി. മാങ്ങപെറുക്കിക്കൂട്ടുന്ന അമ്മച്ചിയോട് കുറച്ചു മാങ്ങാ തരാമോ എന്നു ചോദിച്ചു. ‘ആവശ്യം പോലെ എടുത്തുകൊള്ളു മക്കളെ..” അവര്‍ പറഞ്ഞു. എല്ലാവരും കൈയില്‍ കൊള്ളാവുന്നിടത്തോളം മാങ്ങയെടുത്തു. കടിച്ചും പൊട്ടിച്ചുമൊക്കെ പറ്റുന്നത്ര അകത്താക്കി.
കുളത്തൂപുഴ ക്ഷേത്രം


മീനൂട്ട്

ദൈവമക്കള്‍


ഇനി നേരെ തെന്മലയിലേയ്ക്കാണ് യാത്ര. പന്ത്രണ്ട് കിലോമീറ്റര്‍ കൂടി മതിയാകും അങ്ങോട്ട്. കുളത്തൂപുഴയും തെന്മലയും കൊല്ലം ജില്ലയുടെ തെക്കു കിഴക്കു ഭാഗമാണ്. തികഞ്ഞ വനപാതയിലൂടെയായിരുന്നു യാത്ര. വിസ്തൃതമായ തേക്കു തോട്ടം. നിറഞ്ഞ പ്രകൃതിഭംഗി. എല്ലാവര്‍ക്കും ഉത്സാഹം.

 ഞങ്ങള്‍ തെന്മല ഇക്കോ ടൂറിസം കവാടത്തിലെത്തി. എങ്ങും നിറഞ്ഞു നില്‍ക്കുന്ന വന്യഭംഗി. വാഹനം പാര്‍ക്ക് ചെയ്ത്  ടിക്കറ്റ് കൌണ്ടറില്‍ വന്നു. അവിടെ നിന്നും തെന്മല ഡാം കാണാനുള്ള ടിക്കറ്റ് കിട്ടും. ഇവിടെ ക്യാമറ നിരോധിച്ചിരിയ്ക്കുന്നതിനാല്‍ ഫോട്ടോയൊന്നുമില്ല. വിശാലമായ പാതയിലൂടെ ഞങ്ങള്‍ ഡാമിനടുത്തേയ്ക്കു നടന്നു. അല്പം അകലെ ഡാം തലയെടുപ്പോടെ നില്‍കുന്നതു കാണാം. വഴിയരുകിലെ മരങ്ങളില്‍ കുരങ്ങന്മാര്‍ ഞങ്ങളെ സാകൂതം വീക്ഷിയ്ക്കുന്നു. പെട്ടെന്നാണ് ഒരു ആണ്‍കുരങ്ങ് വഴിതടഞ്ഞ് പാതയ്ക്കു കുറുകെ നിന്നത്..! എല്ലാവരും അമ്പരന്നു പോയി. അവന്റെ നോട്ടം മോളുടെ കൈയിലിരുന്ന പൊതിയിലേയ്ക്കാണ്. അവള്‍ പേടിച്ച് എന്റെ പിന്നില്‍ മറഞ്ഞു നിന്നെങ്കിലും കുരങ്ങന്‍ അവളുടെ നേരെ തന്നെ ചെന്നു. അപ്പോള്‍ ഒരു ജീവനക്കാരന്‍ വന്ന് കുരങ്ങനെ ഓടിച്ചു വിട്ടു. “ഇവരുടെ മുന്‍പില്‍ കൂടി ഭക്ഷണസാധനങ്ങളുമായി നടക്കരുത്..” അയാള്‍ ഉപദേശിച്ചു.

ഞങ്ങള്‍ ഡാമിന്റെ മുകളിലേയ്ക്കുള്ള റോഡുവഴിയെ കയറി. കുറെ എത്തിയപ്പോള്‍ പിന്നെ പടികളാണ്. പത്തിരുനൂറു പടികള്‍ കയറേണ്ടി വന്നു മുകളിലെത്താന്‍. മടുത്തു പോയി. എങ്കിലും മുകളില്‍ നിന്നും ചുറ്റും നോക്കിയപ്പോള്‍ കണ്ട കാഴ്ചകള്‍ മടുപ്പിനെ വീശിയകറ്റിക്കളഞ്ഞു. കല്ലടയാറിനു കുറുകെ കെട്ടിയിരിയ്ക്കുന്ന ഈ ഡാമിന്റെയും ഉദ്ദേശം ജലസേചനമാണ്. വേനലായതുകൊണ്ടാവാം റിസര്‍വോയറില്‍ വെള്ളം വളരെ കുറവ്. ഡാമിനു മുകളില്‍ ഗാര്‍ഡുമാര്‍ കാവലുണ്ട്. അവിടെ നിന്നും ടിക്കറ്റ് പരിശോധിച്ചശേഷമേ കടത്തി വിടുകയുള്ളു. ഡാമിന്റെ സുരക്ഷയെ കരുതിയാവാം ഈ നിയന്ത്രണങ്ങള്‍. (എന്നാല്‍ നെയ്യാര്‍ ഡാമില്‍ ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലായിരുന്നു.)

ഞങ്ങള്‍ ഡാമിന്റെ അങ്ങേകരയിലെത്തി. അവിടെ നിബിഡവനമാണ്. വനത്തിലൂടെ താഴേയ്ക്ക് റോഡുണ്ട്. റോഡിന്റെ ആരംഭസ്ഥലത്ത് ചെറിയൊരു കട. അവിടെ ചില വിശിഷ്ട വിഭവങ്ങള്‍ വില്പനയ്ക്ക് വച്ചിരുന്നു. ഉപ്പിലിട്ട നെല്ലിക്കയും മാങ്ങാചീളുകളും..! ഞങ്ങള്‍ കുറേ മേടിച്ചു. അതും നുണഞ്ഞ് കാട്ടുവഴിയെ താഴേയ്ക്കു നടന്നു. വഴിയരുകില്‍ കുരങ്ങന്മാര്‍ ചാടിക്കളിയ്ക്കുന്നു. മുകള്‍ സൈഡില്‍ കറുത്തിരുണ്ട വനം. താഴെ കല്ലടയാറ് ഒഴുകുന്ന ശബ്ദം. എന്തൊരു കുളിര്‍മ്മയാണ് അവിടെയെല്ലാം...! ക്യാമറ എടുക്കാന്‍ പറ്റാത്തതിന്റെ വിഷമം.

ഏതാണ്ട് ഒരു കിലോമീറ്റര്‍ നടന്നപ്പോള്‍ താഴെ മെയിന്‍ റോഡിലെത്തി. ഇരുന്നൂറ് മീറ്ററോളം നടന്നാല്‍ ഞങ്ങള്‍ വാഹനം പാര്‍ക്കു ചെയ്ത സ്ഥലത്തെത്താം. അപ്പോഴാണ്, ഇരുസൈഡിലും തൂക്കിയിട്ട കരിമ്പനക്കുലകളും പുറകില്‍ പ്ലാസ്റ്റിക്ക് കുടവും പിന്നെ തൊങ്ങല്‍ പോലെ നിറയെ പ്ലാസ്റ്റിക്കു കുപ്പികള്‍ വെച്ചുകെട്ടിയതുമായ M80 മോപഡുമായി ഒരു തമിഴന്‍ ഞങ്ങളുടെ അടുത്തെത്തിയത്..
”നൊങ്ക് വേണമാ സാര്‍..നൊങ്ക്..”
ഞാനിതേവരെ ഈ സാധനം തിന്നിട്ടില്ല, ആയതിനാല്‍ ഒന്നു ട്രൈ ചെയ്യാമെന്നു വെച്ചു. അയാള്‍ ഉത്സാഹത്തോടെ വണ്ടി നിര്‍ത്തി. “നല്ല കരിമ്പനക്കള്ളുണ്ട് സാര്‍..തേങ്ങവെള്ളവുമുണ്ട് സാര്‍...”
എല്ലാം എടുക്കാന്‍ പറഞ്ഞു. പനയോല വളച്ചുകൂട്ടി അയാള്‍ കരിമ്പനത്തേങ്ങാവെള്ളവും കള്ളും ഒഴിച്ചു തന്നു. രണ്ടും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല, നല്ല മധുരം. കുടിയ്ക്കാന്‍ നല്ല സുഖം. എല്ലാവരും ആവശ്യം പോലെ കുടിച്ചു. പിന്നെ നൊങ്ക് പൊട്ടിച്ച് അകത്തേ കാമ്പും എടുത്തു തന്നു. അത്ര രുചിയൊന്നുമില്ലെങ്കിലും തിന്നാം. “എത്ര കാശായി?“ ഞാന്‍ ചോദിച്ചു.
 “അഞ്ഞൂറ്റിമുപ്പതു രൂപ സാര്‍..!”
എന്തു പറയാനാണ്, കള്ളിന്റെ മധുരത്തിനു വല്ലാത്ത കയ്പ് തോന്നി. ഞങ്ങള്‍ പാര്‍കിംഗ് ഏരിയയിലേയ്ക്കു നടന്നു.

ഇനി തെന്മല ഇക്കോ ടൂറിസത്തിലെ കാഴ്ചകളിലേയ്ക്കാണ് പോകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതിവിനോദസഞ്ചാര മേഖലയാണിത്. അഡ്വഞ്ചര്‍ സോണ്‍, ലെഷര്‍ സോണ്‍, കള്‍ച്ചര്‍ സോണ്‍, മാന്‍ സംരക്ഷണ കേന്ദ്രം, സഫാരി ട്രെക്കിംഗ്, ബോട്ടിംഗ്, അക്വേറിയം അങ്ങനെ കാണാന്‍ അനവധി. എല്ലായിടവും കാണണമെങ്കില്‍ ദിവസങ്ങള്‍ വേണ്ടി വരും. ഞങ്ങളുടെ പരിമിതമായ സമയത്തിനുള്ളില്‍ അക്വേറിയവും അഡ്വഞ്ചര്‍ സോണും മാത്രം കാണാം എന്നു വിചാരിച്ചു. പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലത്ത്, ഉയര്‍ന്ന പ്രദേശത്താണ് ഇതു രണ്ടും. അങ്ങോട്ട് പോകും മുന്‍പ് ഒരു ചായകുടിയാവാം. (കരിമ്പനക്കള്ളും നൊങ്കുമൊക്കെ എങ്ങോട്ടു പോയെന്നറിയില്ല). അവിടെ കുറെ അമ്മച്ചിമാര്‍ തട്ടുകട നടത്തുന്നുണ്ട്. സമോവറില്‍ ചായയും അടുപ്പത്ത് എണ്ണയില്‍ പൊരിയുന്ന ഉള്ളിവടയും. എന്തൊരു നല്ല ചായ..! ചൂടു ഉള്ളിവടയും കൂടെ ആയപ്പോള്‍ അപാര സുഖം. ഇത്രയും നല്ല ചായയും കടിയും കഴിച്ചിട്ട് എത്രയോ കാലമായി. കുറച്ച് ഉള്ളിവട പൊതിഞ്ഞു മേടിച്ച് ഞങ്ങള്‍ അഡ്വഞ്ചര്‍ സോണിലേയ്ക്കു നടന്നു.

ആദ്യം കണ്ടത് അക്വേറിയമാണ്. പത്തുരൂപ ടിക്കറ്റിന്. അത്ര വലുതൊന്നുമല്ലങ്കിലും ഉള്ളവ കാണാന്‍ നല്ല ഭംഗിയുണ്ട്. അതു കണ്ടു നടക്കുന്ന നേരത്തു തന്നെ കറന്റു പോയി, ഉള്ളിലാകെ ഇരുട്ട്. അഞ്ചുമിനിട്ടു അതില്‍ തപ്പിതടഞ്ഞു. അപ്പോഴേയ്ക്കും കറന്റെത്തി. അതു കണ്ടിറങ്ങി.
തെന്മലയിലെ ഉള്ളിവടയുടെ രുചിയില്‍

അക്വേറിയം






ഇനി അഡ്വഞ്ചര്‍ സോണാണ്. അങ്ങോട്ട് കയറാന്‍ പ്രത്യേക ടിക്കറ്റെടുക്കണം. പിന്നെ ഓരോ ഐറ്റത്തിനും വെവ്വേറെ ടിക്കറ്റ്.  വലിച്ചുകെട്ടിയ ഇരുമ്പുവടത്തില്‍ തൂങ്ങിക്കിടന്ന് താഴെയുള്ള തടാകക്കരയില്‍ പോയിറങ്ങുന്ന ഒരു സൂത്രം കണ്ടു. നല്ല തിരക്കാണവിടെ. ഒരാള്‍ക്ക് 75 രൂപ. എന്തായാലും കയറാമെന്നു കരുതി ഞങ്ങള്‍ ക്യൂ നിന്നു. ദൈവസഹായം കൊണ്ട് ഞങ്ങളുടെ ഊഴമെത്തിയപ്പോള്‍ വടം ബ്ലോക്കായി. അതിന്റെ മോട്ടോര്‍ സംവിധാനം കേടായത്രെ..! ക്യൂ നിന്നതു മിച്ചം.

കൌണ്ടറിനടുത്തുള്ള ഡെക്ക് പ്ലാസായില്‍ നിന്നും മുകളില്‍ ഡാം നിരപ്പിലേയ്ക്ക് വനത്തിനുമുകളിലൂടെ നടന്നു പോകാവുന്ന ഇരുമ്പുപാതയുണ്ട്. “കൊണോപ്പി വാക് വേ” (Canopy Walk Way)  എന്നാണിതിന്റെ പേര്. 120 മീറ്റര്‍ നീളം. 11 കൊണോപ്പികളിലായി 109 സ്റ്റെപ്പുകളുണ്ട്. അതിന്റെ മുകളില്‍ കൂടി നടക്കുക വല്ലാതൊരനുഭൂതിയാണ്. നമ്മുടെ കാലടിയ്ക്കു താഴെ വന്‍ വൃക്ഷങ്ങള്‍. ചുറ്റും പ്രകൃതിയുടെ ഹരിതാഭ. ചീവീടുകളുടെ മര്‍മ്മരഗീതം. കുളിര്‍മ്മയുള്ള കാറ്റ്. തെന്മലയിലെ എനിയ്ക്കേറ്റവും ഇഷ്ടപെട്ടത് ഈ കൊണോപ്പി സഞ്ചാരമാണ്. 
കൊണോപ്പി വാക്ക് വേ






 തെന്മല ഇക്കോ ടൂറിസത്തെ പറ്റി അറിയാന്‍ ഈ വീഡിയോയുംസൈറ്റും സന്ദര്‍ശിയ്ക്കു
 തെന്മലയിലെ വിശേഷങ്ങള്‍ അവസാനിച്ചിട്ടില്ല.

(തുടരും)