പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Wednesday, 12 October 2011

നിരപരാധിയുടെ ചോര...

ഒന്നര പവന്റെ മോതിരം ബാങ്കില്‍ പണയം വെച്ചെടുത്ത 19,500 രൂപ, ശമ്പളമായി കൈയിലുള്ള 12,000 രൂപ, പിന്നെ അമ്മയോട് കടമായി വാങ്ങിയ 4000 രൂപയും ചേര്‍ത്ത് 35,000 ത്തോളം രൂപയുമായാണ് ആ യുവാവ് ബസില്‍ കയറിയത്. ഗുജറാത്തിലുള്ള ഭാര്യയ്ക്ക് അയച്ചു കൊടുക്കാനുള്ളതാണ് ഈ തുക. തന്റെ ജോലിസ്ഥലമായ പെരുമ്പാവൂരില്‍ അടുത്തദിവസം എത്തുന്ന ബന്ധുവശം ഈ തുക കൊടുത്തുവിടാനായിരുന്നു പരിപാടി.

എന്നാല്‍ യാത്രയ്ക്കിടയില്‍ അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്റെ മൊബൈല്‍ കാണാതായതിന്റെ പേരില്‍ ആ യുവാവിന് ചെറിയ മര്‍ദ്ദനമേറ്റു. കണ്ടക്ടര്‍ ഇടപെട്ട് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ച് ബസ് പെരുമ്പാവൂരിലെത്തി. എന്നാല്‍ അപ്പോഴും കലിപ്പു തീരാത്ത സഹയാത്രികനും ബസ്സിലുണ്ടായിരുന്ന പോലീസ് കോണ്‍സ്റ്റബിളും മറ്റു ചിലരും ചേര്‍ന്ന് ആ യുവാവിനെ പിടികൂടി. പരിശോധനയില്‍ 35,000 രൂപ കണ്ടെത്തിയതോടെ ആള്‍ പോക്കറ്റടിക്കാരനാണെന്ന് “ഉറപ്പായി”. അതോടെ അവര്‍ “കുറ്റവാളി”യ്ക്ക് മേല്‍ കര്‍ശനശിക്ഷ നടപ്പാക്കി. പോലീസുകാരന് തന്റെ കര്‍ത്തവ്യബോധം സടകുടഞ്ഞെണീറ്റതിനാല്‍ ആ യുവാവിന്റെ കൈകള്‍ പിന്നോട്ടാക്കി നെഞ്ചിനും തലയ്ക്കുമൊക്കെ ആവുന്നത്ര പെരുമാറി. അവശനായ യുവാവ് അല്പം വെള്ളത്തിനു കരഞ്ഞപ്പോള്‍ നിയമപാലകന്‍ അതും വിലക്കി. ആദ്യമൊക്കെ കണ്ടുനിന്ന ജനം അതോടെ ഇടപെട്ട് യുവാവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും ആ ഹതഭാഗ്യന്റെ ജീവന്‍ പൊലിഞ്ഞിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഏമാനെയും മര്‍ദ്ദനത്തിനു മുന്‍പില്‍ നിന്ന സഹയാത്രികനെയും തടഞ്ഞുവെച്ചു. പോലീസെത്തി അവരെ കൊണ്ടു പോയി. അപ്പോഴാണ് ഏമാന്‍ ആക്രോശിച്ചത്: “ഞാന്‍ കെ.സുധാകരന്റെ ഗണ്മാനാണ്. നെടുമ്പാശ്ശേരിയിലെത്തുന്ന സുധാകരന് അകമ്പടി സേവിയ്ക്കാനാണ്  പോകുന്നത്..” അതോടെ പോലീസ് പിന്‍‌വാങ്ങിയെങ്കിലും ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടതിനാല്‍ കേസൊതുക്കാനായില്ല. ഇപ്പോള്‍ മൂന്നുപേര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്. രണ്ടുപേരാണ് പിടിയിലുള്ളത്.   പോക്കറ്റടി ആരോപിയ്ക്കപ്പെട്ട, പാലക്കാട് പെരുവെമ്പ് തങ്കയം വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ രഘു (37) നിരപരാധിയാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ ബോധ്യമായിട്ടുമുണ്ട്.
(ഇപ്പറഞ്ഞ വിവരങ്ങള്‍ മുഴുവന്‍ മാതൃഭൂമി, കേരളകൌമുദി, മംഗളം, ദേശാഭിമാനി എന്നീ പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നു ശേഖരിച്ചതാണ്.)

ശ്രീ.കെ.സുധാകരന് ഈ സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ട് എന്നും, മര്‍ദ്ദിച്ച പോലീസുകാരന് രഘുവിനെ കൊല്ലണമെന്ന് ഉദ്ദേശമുണ്ടായിരുന്നു എന്നും ആരും പറയാന്‍ സാധ്യതയില്ല. എന്നാല്‍ സംഭവത്തിനു ശേഷം കെ.സുധാകരന്റേതായി വന്ന പ്രസ്താവന ഇതാണ്.: “തന്റെ ഗണ്മാന്‍ നിരപരാധിയാണ്. അയാള്‍ രഘുവിനെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തുക മാത്രമാണുണ്ടായത്. സി.പി.എമ്മുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗണ്മാനെതിരെ കേസെടുത്തത്..!”

തന്റെ ഗണ്മാന്‍ തെറ്റു ചെയ്തെങ്കില്‍ ശിക്ഷിയ്ക്കപ്പെടട്ടെ എന്നായിരുന്നു ശ്രീ.സുധാകരന്‍ പറഞ്ഞിരുന്നതെങ്കില്‍ എത്ര മാന്യമായ  നിലപാടാകുമായിരുന്നു..! സുധാകരന്റെ ഗണ്‍‌മാന്മാര്‍ കൊലക്കേസില്‍ പ്രതിയാകുന്നത് ആദ്യമായല്ല. നാല്‍പ്പാടി വാസു കൊലക്കേസില്‍ ആദ്യം ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്ന സുധാകരന്റെ പേരു വെട്ടി പകരം ചേര്‍ത്തത് അന്നത്തെ ഗണ്മാനെ ആയിരുന്നു. അതെന്തുമാകട്ടെ, പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.

നമ്മുടെ സമൂഹത്തിനെന്താണ് സംഭവിയ്ക്കുന്നത് ? നാമെല്ലാവരും സ്വയം വിധികര്‍ത്താക്കളും ശിക്ഷ നടപ്പാക്കുന്നവരുമായി തീര്‍ന്നിരിയ്ക്കുന്നു. അപരിചിതരായ ഒരു സ്ത്രീയെയും പുരുഷനെയും ഒന്നിച്ചു കണ്ടാല്‍ അതു അവിഹിതമാണെന്നും സമൂഹത്തിന് കൈകാര്യം ചെയ്യാമെന്നും തീരുമാനിക്കുന്നു. സംശയം ആരോപിയ്ക്കപ്പെട്ട ഒരു വ്യക്തിയുടെ കൈയില്‍ കുറച്ചധികം രൂപ കണ്ടാല്‍ അത് മോഷണവസ്തുവാണെന്നും അയാളെ കൈകാര്യം ചെയ്യാമെന്നും ഉറപ്പിയ്ക്കുന്നു. വഴിവക്കില്‍ ഒരാള്‍ തളര്‍ന്നു കിടന്നാല്‍ “വെള്ളമടിച്ചു” കിടക്കുകയാണെന്നു നാം വിധിയ്ക്കുന്നു.  ഏതെങ്കിലും ഒരു സ്ത്രീ പുരുഷനു നേരെ കൈ ചൂണ്ടിയാല്‍ വേട്ടപ്പട്ടികളെ പോലെ അയാളുടെ മേല്‍ ചാടി വീണ് കൈകാര്യം ചെയ്യുന്നു.  ടോയിലറ്റിലും ബാത്ത് റൂമിലും ഒളിക്യാമറ വയ്ക്കാന്‍ മടിയ്ക്കാത്ത, അവസരമൊത്താല്‍ സ്ത്രീരൂപമുള്ള ആരെയും തോണ്ടാന്‍ മടിയ്ക്കാത്ത, വഴിവക്കില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നവന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി അതിവേഗം സ്ഥലം കാലിയാക്കുന്ന, കാശ് ഇരട്ടിയ്ക്കുമെന്നറിഞ്ഞാല്‍ ഏത് ഏടാകൂടത്തിലും തലവെയ്ക്കാന്‍ മടിയ്ക്കാത്ത, കുടിവെള്ളത്തെക്കാള്‍ അധികം മദ്യം സേവിയ്ക്കുന്ന നമ്മുടെ സമൂഹമാണ് ഇത്തരം കട്ടപ്പഞ്ചായത്ത് വേലകള്‍ കാട്ടുന്നതെന്നോര്‍ക്കണം.

പെരുമ്പാവൂരില്‍ കാട്ടാളനീതിയ്ക്കിരയായി ജീവന്‍ വെടിഞ്ഞ ആ യുവാവിന്റെ ചോരയുടെ നിലവിളി നമ്മളെ ഓരോരുത്തരെയും അസ്വസ്ഥമാക്കേണ്ടതാണ്.

8 comments:

  1. ആ സതീശനോടുള്ളതിനേക്കാൾ രോഷം തോന്നുന്നത് ആ സുധാകരനോടാണ്.

    സുധാകരന്റെ ഗീർവാണം കേട്ടാൽ ഓനും കൂടി അവിടെ ഉണ്ടായിരുന്നത് പോലെയുണ്ട്.

    ReplyDelete
  2. ആ സതീശനോടുള്ളതിനേക്കാൾ രോഷം തോന്നുന്നത് ആ സുധാകരനോടാണ്

    ReplyDelete
  3. കണ്ണൂർ സിംഗത്തിന്റെ തോക്കുതാങ്ങിക്കഥ http://baijuvachanam.blogspot.com/2011/10/blog-post_12.html

    ReplyDelete
  4. നമ്മുടെ നാട് വളരെ ന്നു.അധ:പതിച്ചു കൊണ്ടിരിക്കുന്നു...

    ReplyDelete
  5. നമ്മുടെ നാടും നാട്ടാരും കടുത്ത മത്സരത്തിലാണ് - ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ കവച്ചുവെയ്ക്കാൻ!! എവിടെ ചെന്ന് നിൽക്കുമോ എന്തോ..

    ReplyDelete
  6. വളരെ ദുഖകരമായ സംഭവം,..

    http://lekhaken.blogspot.com/2011/10/blog-post_12.html

    ReplyDelete
  7. കൊന്നവനോടുള്ളതിനേക്കാള്‍ രോഷം അതിനെ ന്യായീകരിച്ചവനോടു തോന്നുന്നത് സ്വാഭാവികം. രാഷ്ട്രീയക്കാരുടെ തണല്‍ ലഭിക്കുമെന്ന തോന്നല്‍ നമ്മുടെ നാട്ടിലെ ക്രിമിനലുകളെ തെല്ലൊന്നുമല്ല ഉശിരന്മാരാക്കുന്നത്.
    ആരോടും കണക്കുബോധിപ്പിക്കാനില്ലെന്ന തോന്നല്‍ രാഷ്ട്രീയക്കാരേയും നയിക്കുന്നു.
    കുറിപ്പിനു നന്ദി.

    ReplyDelete
  8. -(തന്റെ ഗണ്മാന്‍ തെറ്റു ചെയ്തെങ്കില്‍ ശിക്ഷിയ്ക്കപ്പെടട്ടെ എന്നായിരുന്നു ശ്രീ.സുധാകരന്‍ പറഞ്ഞിരുന്നതെങ്കില്‍ എത്ര മാന്യമായ നിലപാടാകുമായിരുന്നു.) -
    അന്ന വാര്‍ത്ത‍ കണ്ടപ്പോള്‍ ഞാനും ആഗ്രഹിച്ചു പോയ ഒരു കാര്യം ആണത്...പിന്നെ ഞെട്ടണ് അസ്വസ്തമാകാനും മറന്നു പോയ ഒരു സമൂഹത്തിനു മുന്നില്‍ എന്ത് പറഞ്ഞാലും അവര് നാളെ അത് മറന്നു കൊല്ലും എന്ന് അങ്ങേര്‍ക്കും തോന്നിക്കാനും...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.