പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Thursday 14 April 2011

മാഞ്ഞുപോകുന്നവര്‍...

കണ്ണൂരില്‍ നിന്നുള്ള “ഇമ്പീരിയല്‍” ബസ് രയറോത്തെത്തുമ്പോള്‍ രാത്രി ഏഴുമണിയാകും. ഞാന്‍ ക്ലാസു കഴിഞ്ഞ് പതിവായി ആ ബസിനാണ് എത്താറുള്ളത്. അക്കാലത്ത്  രയറോത്ത് നിന്നും എന്റെ വീട്ടിലേയ്ക്ക് ഒരു കിലോമീറ്റര്‍ മിച്ചം മലകയറണം .  ഇരുട്ടുവീണ ചെമ്മണ്‍പാതയിലൂടെ വര്‍ത്തമാനം പറഞ്ഞ് കയറിപ്പോകാന്‍ അക്കാലത്തെനിയ്ക്ക് ഒരു സുഹൃത്തുണ്ടായിരുന്നു, പ്രായത്തില്‍ മുതിര്‍ന്ന രാജേട്ടന്‍. പുള്ളിയുടെ കൈയില്‍ ചെറിയ ഒരു ടോര്‍ച്ചുണ്ട്. എന്റെ വീടിന്റെ മൂന്നു വീടുകള്‍പ്പുറമാണ് രാജേട്ടനും പ്രായമായ അമ്മയും താമസിച്ചിരുന്നത്. ചെത്തുകാരനാണ് രാജേട്ടന്‍, അവിവാഹിതനും. നടപ്പിനിടയില്‍ പലകാര്യങ്ങളും ഞങ്ങള്‍ സംസാരിയ്ക്കും. രാഷ്ട്രീയം, നാട്ടുകാര്യങ്ങള്‍, വ്യക്തിപരമായ കാര്യങ്ങള്‍, അങ്ങനെ പലതും. അന്നു ചാറ്റല്‍ മഴ തൂളുന്നുണ്ടായിരുന്നു.

ഞാന്‍ ചോദിച്ചു: “രാജേട്ടനെന്താ ഇതു വരെ വിവാഹം കഴിയ്ക്കാത്തത്?”

“ഹ ഹ ഹ.” പതിവിനു വിപരീതമായി പുള്ളി പൊട്ടിച്ചിരിച്ചു. “ഓരോന്നിന്നും അതിന്റേതായ സമയമുണ്ടെടാ.. ജനിയ്ക്കാന്‍, കല്യാണം കഴിയ്ക്കാന്‍, മരിയ്ക്കാന്‍..“ പിന്നെ കുറെ നേരം നിശബ്ദനായിരുന്നു. അതുകഴിഞ്ഞ് മറ്റെന്തോ വിഷയത്തിലേയ്ക്ക് ഞങ്ങള്‍ വഴിമാറുകയും ചെയ്തു.

പിറ്റേ ദിവസം അങ്ങേരെ കൂട്ടിനു കണ്ടില്ല. നേരത്തെ പോയതാവാം. അന്നു മെഴുകുതിരി വെട്ടത്തില്‍ ഞാന്‍ വീട്ടില്‍ പോയി. പിറ്റേന്നും കണ്ടില്ല. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ശനിയാഴ്ച എനിയ്ക്കവധിയാണല്ലോ. രയറോത്ത് പോയപ്പോള്‍ പതിവില്ലാതെ പോലീസു വണ്ടി. ചില അടക്കം പറച്ചിലുകള്‍.  ഒരാളില്‍ നിന്നും അതെന്റെ ചെവിയിലുമെത്തി. രണ്ടു ദിവസമായി രാജേട്ടനെ കാണുന്നില്ലത്രെ. അമ്മ പോലീസില്‍ പരാതി കൊടുത്തിരിയ്ക്കുന്നു..

അന്നു വൈകുന്നേരം വിവരമെത്തി. വീമ്പുംകാട് മലയുടെ മുകളില്‍ ഒരു കശുമാവിന്‍ കൊമ്പില്‍ രാജേട്ടന്‍ തൂങ്ങിക്കിടപ്പുണ്ട്..! വല്ലാത്തൊരു ഞെട്ടലായിരുന്നു എനിയ്ക്ക്. രയറോംകാരെല്ലാം വീമ്പുംകാട് മല കയറി, ഒപ്പം ഞാനും. കയറ്റത്തിനിടയില്‍, ഇറങ്ങിവന്ന ഒരാളോട് ഞാന്‍ ചോദിച്ചു സംഗതി സത്യമാണോന്ന്.

“സത്യമാണ്. തൂങ്ങീട്ട് രണ്ടുദിവസമായി കാണും. മേലാകെ ചീര്‍ത്ത് പുഴുക്കള്‍ നുരയ്ക്കുന്നുണ്ട്..” അയാള്‍ കാറിത്തുപ്പി.

ഇതു കേട്ടതോടെ ഞാന്‍ മലകയറ്റം അവസാനിപ്പിച്ചു തിരികെ പോന്നു. രാജേട്ടനെ ആ രൂപത്തില്‍ എനിയ്ക്കു കാണേണ്ട. എനിയ്ക്കിന്നും മനസ്സിലായിട്ടില്ല, എന്തിനാണ് രാജേട്ടന്‍ ആത്മഹത്യ ചെയ്തെന്ന്. അന്ന് രാത്രിയും  ഒന്നിച്ചാണല്ലോ ഞങ്ങള്‍ വീട്ടില്‍ പോയത്.

ഇത്രയും കാലത്തിനിടയില്‍ പരിചയമുള്ള പലരുടെയും ആത്മഹത്യകള്‍ കണ്ടും കേട്ടും അറിഞ്ഞിട്ടുണ്ട്. ആലക്കോട്ട് പരിചയമുള്ള ഒരു യുവവ്യാപാരി ഉണ്ടായിരുന്നു. നല്ല കച്ചവടം, ആര്‍ഭാട ജീവിതം. ഒരു സുപ്രഭാതത്തില്‍ കേട്ടത് അയാളുടെ ആത്മഹത്യ ആയിരുന്നു. അതുപോലെ കുടുംബത്തെയാകെ കൊലചെയ്ത് ആത്മഹത്യ ചെയ്ത ഒരു വ്യാപാരിയെയും അറിയാം. മരണത്തിന്റെ വായിലേയ്ക്ക് എടുത്തുചാടുന്ന അന്നുവരെ സാധാരണപോലെ പെരുമാറിയിരുന്നു ഇവരൊക്കെ. സ്വന്തം ജീവിതം തകര്‍ത്തെറിയാന്‍ മാത്രം, ഇത്ര വലിയ പ്രകോപനം എന്തായിരുന്നു ഇവര്‍ക്കുണ്ടായത്?. ജീവിതത്തിന്റെ നല്ലവശങ്ങള്‍ കാണാന്‍ കഴിയാതെ പോയതാവുമോ കാരണം?

ഒരാള്‍ മരിയ്ക്കാന്‍ തീരുമാനമെടുക്കുന്ന നിമിഷങ്ങള്‍ എങ്ങനെ ആയിരിയ്ക്കുമെന്ന്  പലപ്പോഴും ആലോചിട്ടുണ്ട്.
മിക്കവാറും രണ്ടു സാധ്യത ആണുള്ളത്. ഒന്ന്, നിസഹായമായി പോകുന്ന അവസ്ഥ. എല്ലാവരാലും ഒറ്റപ്പെട്ട്, അപമാനിയ്ക്കപ്പെട്ട് ജീവിച്ചിരുന്നിട്ടു കാര്യമില്ല എന്നു ചിന്തിച്ചു പോകുന്ന അവസ്ഥ. മറ്റൊന്ന്, പ്രതികാര സംതൃപ്തി. തന്റെ ഇഷ്ടങ്ങള്‍ അംഗീകരിയ്ക്കാത്തവരെ സ്വന്തം മരണത്തിലൂടെ വേദനിപ്പിച്ച് പ്രതികാരം ചെയ്യുക.
ആര്‍ഭാടത്തില്‍ ജീവിച്ച പലരെയും സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുന്നത്. ഇന്നു വരെ ജീവിച്ച നിലയില്‍ നിന്നും അല്പമെങ്കിലും താഴുന്നതിനേക്കാള്‍ നല്ലത് മരണമാണെന്ന് അവര്‍ വിചാരിയ്ക്കുന്നു.

നമുക്ക് ജീവിതത്തില്‍ എന്തെല്ലാം പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്.! ഇനി ജീവിയ്ക്കേണ്ട എന്നു തോന്നിയ  നിമിഷങ്ങള്‍ പോലും ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍ അല്പം സമചിത്തതയോടെ ചിന്തിച്ചാല്‍ നമുക്കറിയാം, വഴികള്‍ വേറെയും ഉണ്ടായിരുന്നു എന്ന്. ഏതു പ്രശ്നത്തിനും മുന്‍‌ഗണനാ ക്രമത്തില്‍ പല പരിഹാര സാധ്യതകള്‍ ഉണ്ടാകും. എന്നാല്‍ ആദ്യത്തെ ഒരൊറ്റ സാധ്യതയ്ക്കപ്പുറം അധികമാരും  ശ്രദ്ധിയ്ക്കാറേ ഇല്ല. കച്ചവടം പൊളിഞ്ഞ്, മരിയ്ക്കാനായി കിണറ്റില്‍ ചാടിയിട്ട് അവസാനം ഒരു വള്ളിയില്‍ പിടിച്ചുകിടന്ന് രക്ഷപെടുകയും, പിന്നെ അതേ കച്ചവടത്തിലൂടെ ഉയരുകയും ചെയ്ത ഒരാള്‍ ഇന്നും എന്റെ നാട്ടിലുണ്ട്.

ജീവിതത്തിലെ സന്തോഷം, പുറമേ കാട്ടുന്ന ജാഡയിലോ നാട്യങ്ങളിലോ അല്ല എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.  നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് എറ്റവും വലിയ സന്തോഷം. ചെറിയ കാര്യങ്ങളുടെ സൌന്ദര്യം ആസ്വദിയ്ക്കാന്‍ കഴിഞ്ഞാല്‍ ദു:ഖത്തിനുള്ള കാരണങ്ങളും കുറയും. നമ്മള്‍ ജീവിയ്ക്കുന്നത് ആര്‍ക്കൊക്കെയോ വേണ്ടിയാണെന്ന്  സ്വയം ധരിച്ചു വച്ചിരിയ്ക്കുന്നു. ഒരു പരിധി വരെയേ അതില്‍ ശരിയുള്ളു. സ്വയം ജീവിയ്ക്കാന്‍ മറന്നുകൊണ്ട്, മറ്റുള്ളവര്‍ക്കായി “ജീവിയ്ക്കു“ന്നത് അബദ്ധമാണ്. കൈയിലുള്ള സമ്പാദ്യമെടുത്ത് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്ന പോലെയാണത്. സമ്പാദ്യം തീര്‍ന്നാല്‍ ദാനം മേടിച്ച ആരും പിന്നെ തിരിഞ്ഞു നോക്കില്ല. എന്നാല്‍ സമ്പാദ്യം സൂക്ഷിച്ചുകൊണ്ട്, അതില്‍ നിന്നുള്ള വരുമാനമെടുത്ത് ദാനം ചെയ്യാം. അപ്പോള്‍ സമ്പാദ്യം സുരക്ഷിതം. ദാനം നിലനില്‍ക്കുകയും ചെയ്യും. പലരും മറക്കുന്ന സത്യമാണിത്.

10 comments:

 1. >>> നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് എറ്റവും വലിയ സന്തോഷം. ചെറിയ കാര്യങ്ങളുടെ സൌന്ദര്യം ആസ്വദിയ്ക്കാന്‍ കഴിഞ്ഞാല്‍ ദു:ഖത്തിനുള്ള കാരണങ്ങളും കുറയും <<<
  ഇത്രയും മതി..!

  നല്ല പോസ്റ്റ്‌..

  ReplyDelete
 2. നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് എറ്റവും വലിയ സന്തോഷം. ചെറിയ കാര്യങ്ങളുടെ സൌന്ദര്യം ആസ്വദിയ്ക്കാന്‍ കഴിഞ്ഞാല്‍ ദു:ഖത്തിനുള്ള കാരണങ്ങളും കുറയും

  Really true

  ReplyDelete
 3. ബിജുവേട്ടാ...

  വിഷു ആശംസകൽ...

  നല്ല ഒരു പോസ്റ്റ്... ഇടക്കു ഒരു മോഹനേട്ടൻ കയറി വന്നിട്ടുൺറ്റ് ഒന്നു നോക്കുമല്ലൊ ..??

  "എന്റെ വീടിന്റെ മൂന്നു വീടുകള്‍പ്പുറമാണ് മോഹനേട്ടനും പ്രായമായ അമ്മയും താമസിച്ചിരുന്നത്."

  ReplyDelete
 4. ~ex-pravasini* & vimalrajkappil - നന്ദി, വായനയ്ക്ക്.
  @ ദേവാസുരം ; വളരെ നന്ദി തെറ്റ് ചൂണ്ടിക്കാണിച്ചതിന്. അതൊരു എഡിറ്റിങ്ങ് മിസ്റ്റേക്കായിരുന്നു. ശരിയാക്കി. വിഷു ആശംസകള്‍..

  ReplyDelete
 5. ഓരോ ആത്മഹത്യാ വാർത്തകളും കേൾക്കുമ്പോൾ ആലോച്ചിച്ചിരുന്ന വിഷയം..! തലേന്ന് വരെ ചിരിച്ചുല്ലസിച്ച് കൂടെയുണ്ടായിരുന്ന ഒരു സുഹ്രുത്ത്, ഇന്നും അജ്ഞാതമായ ഏതോ കാരണങ്ങൾകൊണ്ട് തീവണ്ടിയുടെ മുന്നിൽ ചാടി ജീവിതമവസാനിപ്പിച്ചപ്പോൾ അനുഭവിച്ച ഒരു മരവിപ്പ്.. ഇന്നും ഓർക്കാൻ പേടിയാകുന്നു.

  ReplyDelete
 6. "ജീവിതത്തിലെ സന്തോഷം, പുറമേ കാട്ടുന്ന ജാഡയിലോ നാട്യങ്ങളിലോ അല്ല എന്നു നാം തിരിച്ചറിയേണ്ടതുണ്ട്."

  ഈ സത്യം തിരിച്ചറിയാതെ പോകുന്നതാണോ പല ആത്മഹത്യകളുടെയും പിന്നില്‍....??

  ReplyDelete
 7. നല്ല കുറിപ്പ്. ചിന്തയനീയം..
  ആശംസകൾ

  ReplyDelete
 8. എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല

  ഉയര്‍ന്ന ഒരു ചിന്തക്ക് ഈ പോസ്റ്റ്‌ വക നല്‍കി നമ്മള്‍ കാണുന്നതല്ല യാതാര്ത്യങ്ങള്‍

  ReplyDelete
 9. ബിജുവിന്റെ മനസ്സിൽ നിന്നും രാജേട്ടൻ മാഞ്ഞുപോയിട്ടില്ല അല്ലെ ?
  അനുഭവക്കുറിപ്പ് നന്നായിരിക്കുന്നു.

  ReplyDelete
 10. നല്ല കുറിപ്പ്..അവസാനത്തെ മൂന്ന് പാരഗ്രാഫ് വല്ലാതെ ചിന്തിപ്പിച്ചു..
  എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ക്കാനുള്ള ശ്രമത്തിലാണ്..:)
  ആശംസകള്‍..

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.