പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 25 December 2010

ഹാപ്പി ക്രിസ്തുമസ് !

ഇന്ന് ക്രിസ്തുമസ് നാള്‍. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകന്റെ തിരുപിറവി നാള്‍. “മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി“ എന്ന ഗുരുവചനത്തില്‍ വിശ്വസിയ്ക്കുന്നതിനാല്‍ എക്കാലവും ക്രിസ്തുമസ്, മനസ്സുകൊണ്ടെങ്കിലും ആഘോഷിയ്ക്കാതിരുന്നിട്ടില്ലല്ലോ..

ടീപ്പോയിലിരുന്ന മൊബൈലില്‍ സമയം 7.00 AM. ഓഫീസില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കു സമയമായി. അതിനു മുന്‍പായി, വര്‍ഷങ്ങളായ പ്രവാസജീവിതത്തില്‍ തെറ്റിയ്ക്കാത്ത ഒരു പതിവുണ്ട്; ഒരഞ്ചു  മിനിട്ട് വീട്ടിലേയ്ക്ക് വിളിച്ച് വിശേഷങ്ങള്‍ തിരക്കുകയെന്ന പതിവ്.

ഇന്ന് “ഹാപ്പി ക്രിസ്തുമസോ“ടെയാവട്ടെ തുടക്കം.  ഈയിടെയായി പ്രിയതമയോടുള്ള സംസാരങ്ങള്‍ അല്പം യാന്ത്രികമായി പോകുന്നില്ലേ  എന്നൊരു സംശയം. നടന്നുകൊണ്ടിരിയ്ക്കുന്ന വീടുപണിയുടെ കാര്യങ്ങള്‍ പറയുക എന്നതിനപ്പുറം സ്നേഹ സംഭാഷണം കുറഞ്ഞു പോയില്ലേ? പ്രവാസത്തിന്റെ നരയും മരവിപ്പും വാക്കുകളെയും ബാധിച്ചു തുടങ്ങിയോ?  ഇന്നേതായാലും അല്പം റൊമാന്റിക്കായി സംസാരിയ്ക്കണം.

വീട്ടിലെ നമ്പര്‍ മൊബൈലില്‍ അമര്‍ന്നു. റിങ്ങ് ചെയ്യുന്നുണ്ട്.

“ഹലോ..”

ഏഴാംക്ലാസുകാരനായ വിഷ്ണുവെന്ന ഉണ്ണി .

“ഹലോ..ഹാപ്പി ക്രിസ്ത്‌മസ്...! എന്തൊക്കെയുണ്ട് ഉണ്ണീ, ക്രിസ്തുമസ് വിശേഷങ്ങള്‍..?

“ഇന്നലെ രാത്രി ഞാന്‍ കരോളുകാരുടെ കൂടെ പോയി അച്ഛേ..കൊറേ വീടുകളില്‍ കയറി. അടുത്ത വീട്ടിലെ ജയിംസ് ചേട്ടനും മോനും ഒക്കെ ഉണ്ടായിരുന്നു. രാത്രി പത്തുമണിയായി വന്നപ്പോള്‍. ഒത്തിരി പടക്കം പൊട്ടിച്ചു..നല്ല രസമുണ്ടായിരുന്നു..”

മോനും എന്റെ ചിന്താഗതിക്കാരനാണല്ലോ..! സ്വന്തം ജാതി, സ്വന്തം മതം എന്നു കുട്ടികള്‍ പോലും ചിന്തിയ്ക്കുന്ന ഇക്കാലത്ത് കരോള്‍ സംഘത്തില്‍ പോകാന്‍ മനസ്സുള്ള അവനെ ഓര്‍ത്ത് അഭിമാനം തോന്നി.

“ആഹാ...കൊള്ളാമല്ലോ. എവിടെ ശ്രീക്കുട്ടി ?”

“ഇതാ, അവള്‍ടെ കൈയില്‍ കൊടുക്കാം..”

“ഹലോ..”

നാലാം ക്ലാസുകാരിയായ മോള്‍.

“ഹലോ..ശ്രീക്കുട്ടീ, ഹാപ്പി ക്രിസ്തുമസ്..”

“സെയിം ടു യു അച്ഛേ.. എന്തൊക്കെയുണ്ട് വിശേഷം ?”

“അച്ഛയ്ക്കിവിടെ സുഖാണ്. ക്രിസ്തുമസിനു കേക്ക് മേടിച്ചോ..?”

“ഇല്ലച്ഛേ..ഇവിടെ പണിത്തിരക്കാന്നും പറഞ്ഞ് അമ്മ മേടിച്ചു തന്നില്ല. അമ്മയോടു പറയച്ഛേ ഒരു ക്രീം കേക്ക് മേടിച്ചു തരാന്‍. പ്ലീസ് അച്ഛേ..”

“അമ്മ തിരക്കിലായതു കൊണ്ടല്ലേ..സാരമില്ല. എവിടെ അമ്മ ? ഞാന്‍ പറയാം..”

“ദാ കൊടുക്കാം..”

എങ്ങനെ തുടങ്ങണം, പതിവില്‍ നിന്നു വിപരീതമായി?  ഹാപ്പി ക്രിസ്തുമസ്? മെറി ക്രിസ്തുമസ് ? അതോ അല്പം  റൊമാന്റിയ്ക്കായി “ഹലോ മൈ ഡാര്‍ലിങ്ങ്”?

“ഓ...”

ഫോണിന്റെ മറുതലയ്ക്കല്‍ ജീവനില്ലാത്ത ശബ്ദം. വിരസത മുറ്റിയ പോലെ. വല്ലാത്ത ദേഷ്യവും നിരാശയും ഇരച്ചു കയറി.

“ഫോണ്‍ വിളിച്ചാല്‍ ഇങ്ങനെയാണോ സംസാരിയ്ക്കേണ്ടത്?  നല്ലൊരു ദിവസമായിട്ട് രാവിലെ വിളിച്ചപ്പോള്‍ അവളുടെയൊരു “ഓ..!” നീയിത്ര വിഷമിച്ച് ഫോണെടുക്കണ്ട. ഞാന്‍ പിള്ളേരോട് സംസാരിച്ചു കൊള്ളാം.“

“................”

കുറേ നേരത്തേയ്ക്ക് നിശ്ശബ്ദത.

“നീയെന്താ മിണ്ടാത്തത്? ഞാനിവിടെ അന്യ നാട്ടില്‍ കിടന്ന് കഷ്ടപെടുമ്പോള്‍ ഒരു നല്ല വാക്കു കേള്‍ക്കാനാ വിളിയ്ക്കുന്നത്. മനസ്സിലായില്ലേ..”

പിന്നെയും കോപം നിന്നു കത്തി. അപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് തേങ്ങല്‍. മറ്റൊന്നും കേള്‍ക്കാനില്ല.

“ഉം..എന്തു പറഞ്ഞാലുമൊരു കരച്ചില്‍..!”

കലി മൂത്ത് ഫോണ്‍ കട്ട് ചെയ്ത് ടീപ്പോയിലേയ്ക്കെറിഞ്ഞു. നല്ലൊരു ദിനം. ആകെ നാശമായി. മനസ്സിന്റെ സ്വസ്ഥതയും നശിച്ചു. ഓഫീസില്‍ പോകാന്‍ വൈകുമെന്നതിനാല്‍ വേഗം ബാത്തുറൂമിലേയ്ക്കോടി. ചെറുചൂടുള്ള വെള്ളം മേലാകെ പരക്കുമ്പോഴും ഉള്ളു പുകഞ്ഞുകൊണ്ടിരുന്നു. ഈ ക്രിസ്തുമസ് ദിനം ഇങ്ങനെ ആയല്ലോ..!

ഓഫീസിലിരുന്നിട്ടും മനസ്സ് ഉഴറിക്കൊണ്ടിരുന്നു. സഹപ്രവര്‍ത്തകരുടെ ക്രിസ്തുമസ് ആശംസകള്‍ക്ക് യാന്ത്രികമായി മറുപടി പറഞ്ഞൊഴിഞ്ഞു. സ്നേഹപ്രവാചകന്റെ തിരുപ്പിറവിദിനം, അങ്ങനെ ആയിരുന്നോ ഞാന്‍ പ്രതികരിയ്ക്കേണ്ടിയിരുന്നത്? അത്ര പെട്ടെന്ന് കോപിക്കേണ്ടിയിരുന്നോ? അവളുടെ തേങ്ങല്‍ മനസ്സിനെ നീറ്റാന്‍ തുടങ്ങി. ഒന്നു വിളിച്ചാലോ..?
അല്ലെങ്കില്‍ വേണ്ട. അല്പം പഠിയ്ക്കട്ടെ...

എങ്കിലും...?

“ദൈവം നിരുപമ സ്നേഹം..
സ്നേഹം നിറയും നിര്‍ഝരിയല്ലോ..“
പഴയൊരു ഭക്തിഗാനത്തിന്റെ വരികള്‍ മനസ്സിലെവിടെയോ മുഴങ്ങി. മനസ്സില്‍ വല്ലാത്തൊരു തിരതള്ളല്‍. മൊബൈല്‍ കൈയിലെടുത്തു. നമ്പര്‍ അമര്‍ത്തി. ചെവിയോടു ചേര്‍ത്തു.

“ഹലോ..”

ഇനിയുമടങ്ങാത്ത തേങ്ങലിന്റെ അലകള്‍ ഉള്ളിലൊളിപ്പിച്ച ശബ്ദം.

“ഹലോ ഞാനാണ് ”

നേരിയ തേങ്ങല്‍.

“കരയണ്ട..എനിയ്ക്കന്നേരം വല്ലാത്ത ദേഷ്യം വന്നതു കൊണ്ടു പറഞ്ഞതാണ്.”

“..ന്നാലും എന്നോടെന്തൊക്കെയാ പറഞ്ഞത്? എനിയ്ക്കു സഹിയ്ക്കിണില്ല. ഇന്നലെ ഗ്യാസുമില്ല, വിറകുമില്ല. എന്നിട്ട് ഞാന്‍ മേലേപറമ്പില്‍ നിന്നും ഒരു കെട്ട് വിറക് തലയിലെടുത്തു കൊണ്ടാ വന്നത്. പണിക്കാരുടെം മറ്റും കാര്യങ്ങള്‍ക്കായി ഓട്ടമായിരുന്നു. രാത്രിയില്‍ പനിയും തലവേദനയുമായി ഒരു പോള കണ്ണടച്ചില്ല. ഏട്ടന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ കിടക്കയില്‍ നിന്നെഴുനേറ്റു വരുകയായിരുന്നു. എന്നിട്ടും..”

ഞാനൊന്നും മിണ്ടിയില്ല. വെയിലേറ്റ മഞ്ഞുപോലെ ഞാനപ്പോള്‍ ഉരുകിത്തീരുകയായിരുന്നു.

"ഹലോ, എന്താ ഒന്നും മിണ്ടാത്തെ? മന:പൂര്‍വമല്ല ഏട്ടാ..“

“സോറി മോളെ..കാര്യമറിയാതെ ഞാന്‍...”

“സാരമില്ല ഏട്ടാ..ഹാപ്പി ക്രിസ്തുമസ്..! ”

“ഹാപ്പി ക്രിസ്തുമസ്..”

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു, മുഖം കുനിച്ചിരുന്നു. പുല്‍തൊട്ടിയില്‍ കിടക്കുന്ന ഒരു പിഞ്ചുബാലന്റെ മുഖം എന്നെ നോക്കി പുഞ്ചിരിച്ചു. അപ്പോള്‍ ആ ഈരടികള്‍ വീണ്ടും മുഴങ്ങി.

“ദൈവം നിരുപമ സ്നേഹം “
സ്നേഹം നിറയും നിര്‍ഝരിയല്ലോ..”

8 comments:

 1. ഒരു നല്ല വായനാനുഭവം. മനസ്സിൽ തട്ടുന്നത്

  ReplyDelete
 2. സ്നേഹമസൃണം....

  ReplyDelete
 3. മനസ്സിൽ തട്ടിയ അവതരണം...വായിച്ചു കഴിഞ്ഞപ്പോഴേക്കും കണ്ണുകൾനനഞ്ഞിരുന്നു!

  ReplyDelete
 4. അച്ചായോ കുറച്ച് ഒക്കെ ഒന്ന് കന്റ്രോള്‍ ചെയ്ത് കൂടെ

  ReplyDelete
 5. sarikkum sathyasandhamaya avatharanam......

  manassil thatti ezuthiyathanennu manassilayi...

  nannayirikkunnu.

  aatayum ottakamayum manushyanayum enna 15 bakathinekkal kooduthal ithu jeevithagandhi anu.

  ReplyDelete
 6. സാരമില്ലെന്നേയ്.പിണക്കമൊക്കെ മാറിയില്ലേ!

  ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.