പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 20 December 2011

കഷണ്ടിയും ബുദ്ധിയും.

ഏകദേശം പത്തുവര്‍ഷം മുന്‍പൊരു ദിവസമാണത് ശ്രദ്ധിച്ചത്. തലചീകിയ ചീര്‍പ്പിന്മേല്‍ നിറയെ മുടി..! ആ ഒരു നിമിഷത്തെ അമ്പരപ്പും വേവലാതിയും പറഞ്ഞറിയിയ്ക്കാന്‍ വയ്യ. മുടി കൊഴിയലിനെ പറ്റി ധാരാളം കേട്ടിരിയ്ക്കുന്നു.
കൊഴിഞ്ഞ് കൊഴിഞ്ഞ് അതു കഷണ്ടിയിലേയ്ക്കെത്തുമോ എന്ന പേടി ഉള്ളിലൂടെ പാഞ്ഞു പോയി. പരിചയത്തില്‍ ധാരാളം കഷണ്ടിത്തലയന്മാര്‍ ഉണ്ട്. മിക്കവര്‍ക്കും അതുകൊണ്ടുള്ള മനപ്രയാസം അടുത്തു സംസാരിച്ചാല്‍ മനസ്സിലാക്കാം . ചിലരെ കളിയാക്കാനൊക്കെ കൂടിയിട്ടുണ്ട്. മുറ്റുതലമുടിയുള്ള അക്കാലത്ത് ഞാനൊരു കഷണ്ടി ക്കാരനാകുമോ എന്ന വിദൂര സംശയം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലം അതിന്റെ വിചിത്രവേലകള്‍ എന്റെ തലയിലും പ്രയോഗിയ്ക്കാന്‍ മറന്നില്ല. എന്റെ കുഞ്ഞമ്മമാരുടെ കരിനാക്ക് ഫലിച്ചതാണോയെന്നു സത്യമായും എനിയ്ക്ക് സംശയമുണ്ട്. 

ചെറുപ്പത്തില്‍  മിക്ക കുഞ്ഞമ്മമാരുടെയും നേരമ്പോക്ക് തലയില്‍ പേന്‍ നോക്കലാണ്. ടി.വിയോ സീരിയലോ ഒന്നുമില്ലാത്ത അക്കാലത്ത് അത്യാവശ്യം പരദൂഷണവും നാട്ടുവിശേഷവുമൊക്കെ കൈമാറുന്നത് ഈ സമയത്താണ്. അന്നൊക്കെ എന്റെ തലയില്‍ ജഡ കെട്ടിയപോലെ മുടിയാണ്. ശോഷിച്ച ശരീരവും, സാമാന്യം വലുപ്പമുള്ള തലയും ആയതിനാല്‍ സ്വതവേ തന്നെ, മച്ചിങ്ങയില്‍ ഈര്‍ക്കിലി കുത്തിയപോലാണ് എന്റെ സ്വരൂപം. അതിന്റെ കൂടെ കാടുപോലെ ജഡപിടിച്ച മുടികൂടി  ആയാലത്തെ കാര്യം പറയണ്ടല്ലോ. ആ കാട്ടില്‍ അനേകം പേനുകള്‍ കുഞ്ഞുകുട്ടി പരാധീനങ്ങളോടെ സകുടുംബം പാര്‍ത്തുവന്നു. അവര്‍ ഇരതേടുന്ന അവസരങ്ങളില്‍  ഞാന്‍ തല ചൊറിയും. എന്റെ ഈ തലചൊറിച്ചില്‍ കാണുന്നതിനാല്‍ സമയം കിട്ടുമ്പോഴൊക്കെ ഏതെങ്കിലും കുഞ്ഞമ്മ എന്നെ ബലമായി പിടികൂടും. എന്നിട്ട് എന്റെ തല മടിയിലേയ്ക്കു വയ്ക്കും. പിന്നെ അരിവാളിന്റെ ചുണ്ട് ഉപയോഗിച്ച് പേനുകളെ സെര്‍ച്ച് ചെയ്യലാണ്. ഇടയ്ക്കിടെ കിട്ടുന്ന പേനിനെ, അവരുടെ നഖവും അരിവാള്‍ ചുണ്ടും ചേര്‍ത്ത് ഒരു ഞെരിയ്ക്കല്‍. അപ്പോള്‍ “ക്ടിക്ക്” എന്നൊരു ഒച്ച കേള്‍ക്കാം. ഞാനപ്പോള്‍ വേദന കൊണ്ടു പുളഞ്ഞുപോകും. ബലത്തില്‍ പിടിച്ചിരിയ്ക്കുന്നതിനാല്‍ തലവലിച്ച് രക്ഷപെടാന്‍ ഒരു നിര്‍വാഹവുമില്ല. അരമണിക്കൂര്‍ നേരത്തെ ഈ പീഡനത്തിനു ശേഷം അവര്‍ ഒരു ഡയലോഗുണ്ട്..

 “എന്തുമാത്രം മുടിയാ ഈ ചെറുക്കന്..! അതൊന്നു എണ്ണ തേച്ചു വൃത്തിയാക്കി നടക്കില്ല...”

ഞാനതൊന്നും ശ്രദ്ധിയ്ക്കാതെ എങ്ങനെയും തലയുമായി രക്ഷപെടും.  അവരുടെ അന്നത്തെ ആ ഡയലോഗിന്റെ പ്രത്യാഘാതം ഞാനിപ്പോഴാണ് അനുഭവിയ്ക്കുന്നത്.

മുടികൊഴിയുന്നു എന്ന നഗ്നസത്യം ബോധ്യമായതോടെ അടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു. ആയിടെ പത്രങ്ങളിലൊക്കെ വലിയ പരസ്യകോലാഹലത്തോടെ “ബദരീസ് കേശി” എന്നൊരു എണ്ണ മാര്‍ക്കറ്റിലുണ്ടായിരുന്നു. അതുപയോഗിച്ച് മുടിതഴച്ചു വളര്‍ന്നവരുടെ ഫോട്ടോ അടക്കമാണ് പരസ്യം. ഉടന്‍ തന്നെ, തളിപ്പറമ്പില്‍ അലഞ്ഞു തിരിഞ്ഞ് ആ എണ്ണ സംഘടിപ്പിച്ചു. മൂന്നുമാസം പുരട്ടി. എണ്ണ തീര്‍ന്നതിനേക്കാള്‍ വേഗത്തില്‍ മുടി കൊഴിഞ്ഞു.

അതോടെ മുടി ചീകുക എന്നതൊരു പേടി സ്വപ്നമായി. എന്റെ മനോഹരമായ മുടികള്‍ ചീര്‍പ്പിന്റെ പല്ലുകള്‍ക്കിടയില്‍ തിങ്ങിയിരുന്ന്  നിസഹായതയോടെ നോക്കി. ഞാന്‍ നീളന്‍ ചീര്‍പ്പ് മാറ്റി, വട്ടച്ചീര്‍പ്പ് മേടിച്ചു നോക്കി. നീളത്തില്‍ പൊഴിഞ്ഞിരുന്ന മുടികള്‍ വട്ടത്തിലായി എന്നുമാത്രം.

ഇനിയെന്തു വേണ്ടു എന്നാലോചിച്ചിരുന്നപ്പോഴാണ് ഒരു ഹോമിയോ മരുന്നിന്റെ പരസ്യം കണ്ടത്. അവര്‍ പറയുന്നത്, മുടികൊഴിച്ചിലിന്റെ കാരണം, തലയിലല്ല, ശരീരത്തിനുള്ളിലാണ് എന്നാണ്. അവരുടെ മരുന്ന് ഉള്ളില്‍ കഴിച്ചാല്‍ കൊഴിച്ചില്‍ മാറുമത്രെ. മുടിഞ്ഞ വിലയാണ് ആ മരുന്നിന്. എന്തുമാകട്ടെ, ഹോമിയോ ഉള്ളില്‍ ചെലുത്താമെന്നു കരുതി. മൂന്നുമാസം കൊണ്ട് പോക്കറ്റു കീറിയെങ്കിലും, മുടി പൂര്‍വാധികം ശക്തിയോടെ കൊഴിഞ്ഞുകൊണ്ടിരുന്നു.

ഇത്രയുമായപ്പോള്‍, എന്റെ ഉച്ചിയില്‍ കാറ്റു സ്പര്‍ശിയ്ക്കുന്നതു പോലെ തോന്നി. തൊട്ടുനോക്കി. ദൈവമേ..! തലയോട്ടി തെളിഞ്ഞിരിയ്ക്കുന്നു..! പത്തുപൈസാ വട്ടത്തിലേ ഉള്ളുവെങ്കിലും കഷണ്ടി മുഖം കാണിച്ചു..!!! അന്നെനിയ്ക്ക് കലശലായ നിരാശയായിരുന്നു. അതുവരെ കളിയാക്കിയ കഷണ്ടിക്കാരോട് ആദ്യമായി എനിയ്ക്ക് സഹതാപം തോന്നി. താമസിയാതെ ഞാനും ആ കൂട്ടത്തില്‍ പെട്ടേക്കും..

അതിനിടെ ഒരു അലോപ്പതി ഡോക്ടറുടെ ലേഖനം വായിയ്ക്കാനിടയായി. മുടികൊഴിച്ചില്‍ എന്നത് ചില വിറ്റാമിന്റെ കുറവുകള്‍ കൊണ്ടാണെന്നും, അതു പരിഹരിച്ചാല്‍ മാറുമെന്നുമൊക്കെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. അതിന്‍ പ്രകാരം ഒരു ത്വക്ക് രോഗവിദഗ്ധനെ പോയി കണ്ടു. എന്റെ വിഷമങ്ങള്‍ കേട്ടിട്ട് അയാള്‍ എന്നെ ഒന്നു തുറിച്ചു നോക്കി. പിന്നെ ഒരു കള്ളച്ചിരിയോടെ എന്തോ ഗുളികയും കുറിച്ചു, മൂന്നുമാസം കഴിച്ചു നോക്കാന്‍ പറഞ്ഞു.
അറ്റകൈയ്ക്ക് ആ പ്രയോഗവും ചെയ്തു. പിന്നെയും, കാശും പോയി മുടിയും പോയി. ഇപ്പോള്‍ കഷണ്ടി ഏതാണ്ട് ചെറിയ പപ്പട വട്ടത്തിലായിട്ടുണ്ട്.

അങ്ങനെയിരിയ്ക്കെയാണ് എന്റെയൊരു ബന്ധുവിനെ കണ്ടത്. അധ്യാപകനായ അങ്ങേര് ഒന്നാംതരം കഷണ്ടിയാണ്. എന്നാല്‍ ആ കഷണ്ടിക്കൊരു ഐശ്വര്യവും ഗാംഭീര്യവും ഉണ്ട്. വിശാലമായ നെറ്റി. ഉച്ചിയില്‍ ഏതാനും മുടികള്‍, അതു പുറകോട്ടു നീളത്തില്‍ ചീകി വെച്ചിരിയ്ക്കുന്നു. ഞാന്‍ അങ്ങേരോട് നിരാശയോടെ പറഞ്ഞു.

“മാഷേ.. എന്റെ മുടിയെല്ലാം കൊഴിയുന്നു. പലപരിപാടികളു നോക്കിയിട്ടും രക്ഷയില്ല....“

“ഹ ഹ എടാ മണ്ടാ, അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ലാ എന്നു കേട്ടിട്ടില്ലേ...?”

“എങ്കിലും മാഷേ.. ഇത്ര നേരത്തെ...........”

“നീ ലോകത്തെ വല്യവല്യ ആള്‍ക്കാരെ നോക്ക്.. ബഹുഭൂരിപക്ഷവും കഷണ്ടിക്കാരല്ലെ? നമ്മുടെ ഗാന്ധിജി, നെഹൃ മുതല്‍ എത്രയെത്ര പേര്‍.. എടാ നിനക്കൊരു കാര്യം അറിയാമോ, ബുദ്ധിയുള്ളവരുടെ മുടി മാത്രേ കൊഴിയൂ. കൂടുതല്‍ ചിന്തിയ്ക്കുന്നതു കാരണം, തലച്ചോറില്‍ നിന്നുള്ള ചൂടേറ്റാണ് മുടി കൊഴിയുന്നത്. നിന്റെ മുടി കൊഴിയുന്നുവെങ്കില്‍ നീയത്രയ്ക്കും ബുദ്ധിമാനാണെന്നര്‍ത്ഥം..”

ഞാനാലോചിച്ചു നോക്കി, സംഗതി ശരിയായിരിയ്ക്കാന്‍ വഴിയുണ്ട്. തലച്ചോറില്‍ ഇലക്ട്രിസിറ്റി പാസു ചെയ്യുമ്പോഴാണല്ലോ നമ്മള് ഓരോന്നു ചിന്തിയ്ക്കുന്നത്. സ്വാഭാവികമായും ബുദ്ധിമാന്മാരുടെ തലയില്‍ അതു കൂടുതലാവും. അങ്ങനെ മുടിവേരുകള്‍ ഇളകിപോകാനുള്ള സാധ്യതയുണ്ട്.  അതോടെ മുടികൊഴിച്ചിലിനെ പറ്റിയുള്ള ചിന്ത ഞാന്‍ ഉപേക്ഷിച്ചു.. ഹാ.. ഇപ്പോ എന്തൊരു മനോസുഖം..!

അടിക്കുറിപ്പ്: സ്ത്രീകള്‍ക്ക് ബുദ്ധിയില്ല എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഫെമിനിസ്റ്റുകള്‍ വഴക്കിനു വരരുത്.

8 comments:

  1. ഹും... എന്തായാലും വേണ്ടാത്ത ചിന്ത തലയില്‍ നിന്ന് നീകിയത് നന്നായി...


    ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

    ReplyDelete
  2. നേരെ വാ നേരെ പോ എന്ന ചിന്താഗതി ഉള്ളവര്‍ക്ക് (പുരുഷന്മാര്‍) നെറ്റിയുടെ മുകള്‍ ഭാഗത്ത്‌ മുടി പെട്ടെന്ന് കൊഴിഞ്ഞു പോകും.
    അതല്ല കൂര്‍മ്മബുദ്ധിയാണ് ഉള്ളതെങ്കില്‍ തലമണ്ടയിലാവും കൊഴിച്ചില്‍ ആരംഭിക്കുക.
    അസൂയയും കഷണ്ടിയും ഒന്നിച്ചു വാഴാത്തതിനാല്‍ സ്ത്രീകള്‍ക്ക് കഷണ്ടി ഉണ്ടാവാറില്ല.
    പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്നാണു പഴമൊഴി എന്നതിനാല്‍ സ്ത്രീകള്‍ക്ക് തലയുടെ പിന്‍ഭാഗത്തെ മുടി അല്പം കൊഴിയാന്‍ ചാന്‍സ്‌ ഉണ്ട് .
    പിന്നെ, എന്തിനു കഷണ്ടിയെകുറിച്ച് വ്യാകുലപ്പെടുന്നു !! തലയോട്ടിക്കു മുകളില്‍ എന്ത് എന്നതിനെ കുറിച്ചല്ല; അതിനു താഴെ എന്ത് എന്നതാണ് നമ്മുടെ വിഷയം..

    ReplyDelete
  3. പാവം..! മുടിയൊക്കെ കൊഴിഞ്ഞൂല്ലെ? ഇപ്പൊ തലക്കു പുറവും അകവും ഒരു പോലെ ശൂന്യായി എന്ന് തോന്നുന്നു..തലക്കകത്ത് വല്ലോം ഉണ്ടാരുന്നെങ്കില്‍ മാഷ് "നിന്റെ മുടി കൊഴിയുന്നുവെങ്കില്‍ നീയത്രയ്ക്കും ബുദ്ധിമാനാണെന്നര്‍ത്ഥം..” ഇങ്ങിനൊരു കള്ളം പറഞ്ഞപ്പഴേക്കും അങ്ങ് വിശ്വസിച്ചില്ലെ? കഷ്ടം..! പറ്റിയതൊ പറ്റി..ഇപ്പൊ എല്ലാരും അറിയേം ചെയ്ത്...ഹ്മ്മ്ം..!!
    അടിക്കുറിപ്പ് വേണ്ടാരുന്നു...

    ReplyDelete
  4. അടിക്കുറിപ്പ് എഴുതിയത് കൊണ്ട് "വെറുതെ വിടുന്നു " അല്ലെങ്കില്‍ "ഞങ്ങള്‍ " പ്രതിഷേധവുമായി വന്നേനെ !

    ഇതുപോലത്തെ ചില അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട് .(മുടി കൊഴിച്ചിലിനും അകാല നരയ്ക്കും മരുന്ന് അന്വേഷിച്ചു നടന്നതും ഒക്കെ ഓര്‍ത്തു പോയി )



    അനുഭവങ്ങള്‍ വളരെ രസകരമായിരുന്നു ബിജു .ഗൌരവമേറിയ വിഷയങ്ങള്‍ക്കൊപ്പം ഇടയ്ക്ക് ഇങ്ങിനെ എഴുതുന്നതും വളരെ നല്ലത് തന്നെ .



    അഭിനന്ദനങ്ങള്‍

    ReplyDelete
  5. രസമുള്ള വായനയായിരുന്നു..കഷണ്ടിയൊക്കെ നന്നായി നടക്കുന്നുണ്ടല്ലോ അല്ലേ :)

    ReplyDelete
  6. സ്വന്തമായി ഒരു 'ലാന്‍ഡ്‌ മാര്‍ക്ക്‌' കിട്ടി അല്ലെ. അതുകൊണ്ട് മറ്റുള്ളവരോട് നിങ്ങളെ കുറിച്ച് ചോദിച്ചറിയാന്‍ എളുപ്പമായി

    ബിജുകുമാര്‍ നെ അറിയോ?
    ഇല്ല.
    ഹ.. ആ ബ്ലോഗ്‌ എഴുതുന്ന ആള്.
    ഹും....
    എടോ ആ കഷണ്ടി ഉള്ള...
    ഓ.... മനസ്സിലായി.....മനസ്സിലായി.....

    (വെരി ഫാസ്റ്റ് ന.....)
    എഴുതിഷ്ട്ടമായി...

    ReplyDelete
  7. മാഷ് പറഞ്ഞത് ശരിയാ. അതായിരിക്കും മീശയിലും താടിയിലുമുള്ള മുടി പൊഴിയാത്തത്?

    ഇത്രയും ആലോചിച്ചു കണ്ടുപിടിച്ച എന്റെ മുടി കൊഴിയാന്‍ തുടങ്ങുമോ ആവോ?

    ReplyDelete
  8. സന്തോഷമായി... ബുദ്ദികൂടിയതുകൊണ്ട് എനിക്ക് തലയില്‍ മുടി ഇനി എണ്ണിതിട്ടപ്പെടുത്താം :)

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.